ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
കീഴമർത്തുന്ന കരുത്തുള്ള നിഹന്താവും അഹിംസിതനുമായ പുരുഹൂതനുണ്ടല്ലോ; ആ ഇന്ദ്രനെത്തന്നെ നീ സ്തുതിയ്ക്കുക – കീഴമർത്തപ്പെടാത്തവനും കീഴമർത്തുന്നവനും മനുഷ്യർക്കു വൃഷാവുമായ ഉഗ്രനെ ഈ സ്തുതികൾകൊണ്ടു വളർത്തുക.1
പെരികെപ്പൊടി പൊങ്ങിച്ച് ആർത്തുപൊരുതുന്ന യോദ്ധാവും, ബലവാനും, ദാതാവും, വളരെ വസ്തുക്കൾക്കു സ്നിഗ്ദ്ധത വരുത്തുന്നവനും, ഋജീഷിയുമായ ആ ഏകൻ മനുഷ്യപ്രജകളിൽ ചെല്ലും; ഒപ്പം മത്താടിയ്ക്കും!2
ആ ഏകനായ ഭവാൻ ദസ്യുക്കളെ അടക്കി; കർമ്മിയ്ക്കു് ആൾക്കാരെ കൊടുത്തു – ഇന്ദ്ര, അങ്ങയ്ക്കുണ്ടോ, ആ വീര്യം? ഇല്ലായിരിയ്ക്കും! അത് അവസരത്തിലവസരത്തിൽ അരുളിചെയ്താലും!3
ബലവാനേ, വളരെയിടങ്ങളിൽ പിറന്ന, ദ്രോഹിയ്ക്കുന്നവനെ ഹനിയ്ക്കുന്ന, ഉഗ്രനായ, പ്രവൃദ്ധനായ, വശപ്പെടാത്ത, വശത്താക്കേണ്ടുന്നവരെ വധിയ്ക്കുന്ന നിന്തിരുവടിയ്ക്കു് ആ ഉഗ്രവും ഉയർന്നതുമായ ബലം ഉണ്ടെന്നുതന്നേ ഞാൻ വിചാരിയ്ക്കുന്നു!4
‘അങ്ങും ഞങ്ങളും തമ്മിലുള്ള ആ സഖ്യം നീണാൾ നില്ക്കട്ടെ’ എന്നുരിയാടുന്ന അംഗിരസ്സുകളോടുകൂടി, ദർശനീയ, വീഴാത്തവയെയും വീഴ്ത്തുന്ന ഭവാൻ പൊരുതുന്ന വലനെ വധിച്ചു; അവന്റെ പുരികളും വാതിലുകളുമെല്ലാം പൊളിച്ചു!5
വമ്പിച്ച പോരിൽ സ്തുതിച്ചു വിളിയ്ക്കപ്പെടേണ്ടവനാകുന്നു, ആ ശേഷിനല്കുന്ന ഉഗ്രൻ; അങ്ങനെതന്നേ, പുത്രപൗത്രലാഭത്തിന്നും. യുദ്ധങ്ങളിൽ വിശേഷിച്ചും വന്ദനീയനാണ്, ആ വജ്രപാണി!6
അദ്ദേഹം കുമ്പിടുവിയ്ക്കുന്ന അക്ഷയബലംകൊണ്ടു മനുഷ്യജാതിയെ അതിശയിച്ചിരിയ്ക്കുന്നു; നേതൃമുഖ്യനായ അദ്ദേഹം യശസ്സിലും, അദ്ദേഹം സമ്പത്തിലും, അദ്ദേഹം വീര്യത്തിലും ഒരുപോലെ മേന്മയുള്ളവനാകുന്നു!7
ഇന്ദ്രൻ മോഹാലസ്യപ്പെടില്ല; വെറുതേ വല്ലതും ചെയ്യില്ല. ആ പ്രഖ്യാതനാമാവു പുരികളെ ക്ഷിപ്രം പൊളിപ്പാനും ഉറക്കാനുമായി, ചുമുരി, ധുനി, പിപ്രു, ശംബരൻ, ശുഷ്ണൻ എന്നിവരെ പൊതുക്കി!8
ഇന്ദ്ര, മെലിയിയ്ക്കുന്ന അതിസ്തുത്യമായ കെല്പുയർന്ന നിന്തിരുവടി വൈരിവധത്തിന്നു തേരിൽക്കേറുക: വലംതൃക്കയ്യിൽ വജ്രമെടുക്കുക; വളരെസ്സമ്പത്തുള്ളവനേ, നേരിട്ടു മായകളെ കൊന്നൊടുക്കുക!9
ഇന്ദ്ര, കൊടിയ ഇടിത്തിയ്യിന്നൊത്ത ഭവാൻ, അഗ്നി ഉണക്കക്കാടിനെയെന്നപോലെ, രക്ഷസ്സിനെ ആയുധംകൊണ്ടു ചുട്ടെരിച്ചാലും: ആ ദുർദ്ധർഷമായ മാഹാവജ്രംകൊണ്ടു ചതയ്ക്കുകയും, അലറുകയും, ദുരിതങ്ങളെ പിളർത്തുകയും ചെയ്തവനാണല്ലോ, ഭവാൻ!10
ബഹുവിത്ത, ബലപുത്ര, ഇന്ദ്ര, നിന്തിരുവടി കെല്പേറിയ ഒരായിരം വാഹനങ്ങളിലൂടെ ഇങ്ങോട്ടെഴുന്നള്ളിയാലും: പുരുഹൂത, ഒരസുരനും ആളാകില്ലല്ലോ, അങ്ങയെ പിന്മാറ്റാൻ!11
ആ വളർന്ന ധർഷകനായ ബഹുവിത്തന്റെ മഹിമാവു വിണ്ണിനെയും മന്നിനെയും കവിച്ചിരിയ്ക്കുന്നു: കീഴമർത്തുന്ന മഹാപ്രജ്ഞനായ അവിടെയ്ക്കു് ഒരു ശത്രുവില്ല, തുല്യനില്ല ആശ്രയമില്ല!12
അവിടുന്ന് അച്ചെയ്തത് ഇന്നും പ്രസിദ്ധമാണ്: കുത്സനെയും ആയുവിനെയും ദിവോദാസനെയും രക്ഷിച്ചുവല്ലോ; ഭൂമിയിൽ പാഞ്ഞലഞ്ഞ ദിവോദാസനെ വജ്രംകൊണ്ടു കരയേറ്റി, അനേകായിരം നല്കുകയുംചെയ്തു!13
ദേവ, ഇപ്പോൾ സ്തോതാക്കളെല്ലാം, മേഘത്തെപ്പിളർത്താൻ വേണ്ടി, കവികളിൽവെച്ചു മഹാകവിയായ നിന്തിരുവടിയെ സ്തുതിച്ചുപോരുന്നു: പുകഴ്ത്തപ്പെടുന്ന നിന്തിരുവടി ദുഃഖിതനായ സ്തോതാവിന്നും മകന്നും ധനം കല്പിച്ചുനല്കിയല്ലോ!14
ഇന്ദ്ര, ഭവാന്റെ ആ ബലത്തെ ദ്യാവാപൃഥിവികളും അമർത്ത്യരായ ദേവകളും അനുസരിച്ചുപോരുന്നു. ബഹുകർമ്മാവേ, ഇനി, ഭവാൻ ചെയ്തിട്ടില്ലാത്തതു കല്പിച്ചു ചെയ്യുക – യജ്ഞങ്ങളിൽ ഒരു പുതിയ സ്തോത്രം ഉളവാക്കുക!15
[1] തന്നോടുതന്നേ പറയുന്നത്: ഉഗ്രൻ = ഓജസ്വി.
[2] സ്നിഗ്ദ്ധത – മഴയാൽ.
[3] ദസ്യുക്കൾ – കർമ്മരഹിതർ. ആൾക്കാർ – പുത്രഭൃത്യാദികൾ. ഇന്ദ്രനെസ്തുതിച്ചിട്ടും കണ്ടുകിട്ടാഞ്ഞതിനാൽ ഋഷി സംശയിച്ചു ചോദിയ്ക്കുന്നു:
[4] ഋഷി സ്വയം തീർച്ചപ്പെടുത്തുന്നു: വളരെയിടങ്ങളിൽ പിറന്ന – അനേകയജ്ഞങ്ങളിൽ ആവിർഭവിച്ച. വശപ്പെടാത്ത – ശത്രുക്കൾക്ക്. വശത്താക്കേണ്ടുന്നവർ – ശത്രുക്കൾ.
[5] സഖ്യം – സ്തുത്യസ്തോതൃരൂപമായ മൈത്രി.
[6] പുത്രപൗത്രലാഭത്തിന്നും വിളിയ്ക്കപ്പെടേണ്ടവനാകുന്നു.
[7] കുമ്പിടുവിയ്ക്കുന്ന – എതിരാളികളെ.
[8] മോഹാലസ്യപ്പെടില്ല – യുദ്ധത്തിൽ. പുരികൾ – ശത്രുക്കളുടെ. ഉറക്കുക – കൊല്ലുക. ചുമുരിമുതൽ അഞ്ചുപേരും അസുരന്മാരാണ്.
[9] മെലിയിയ്ക്കുന്ന – ശത്രുക്കളെ ശോഷിപ്പിയ്ക്കുന്ന. മായകൾ – അസുരന്മാർ എന്നർത്ഥം.
[10] ചതയ്ക്കുകയും – ശത്രുക്കളെ.
[11] ബലപുത്ര – ഓജസ്സിൽനിന്നു ജനിച്ചവനേ.
[12] ആശ്രയമില്ല – താനാണ്, എല്ലാറ്റിന്നും ആശ്രയം.
[13] ആയു – പുരൂരവഃപുത്രൻ. അനേകായിരം – ശംബരന്റെ ധനം.
[14] മേഘത്തെപ്പിളർത്താൻ – മഴപെയ്യാൻ. ദുഃഖിതൻ – ദാരിദ്ര്യാദികളാൽ.
[15] ഇതുവരെ ചെയ്തതൊക്കെ സ്തുതിക്കപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.