ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഒരു രാജാവുപോലെ ആളുകളുടെ അഭീഷ്ടം പൂരിപ്പിയ്ക്കുന്ന മഹാനായ ഇന്ദ്രൻ വന്നണയട്ടെ: ബലങ്ങളാൽ ഹിംസിയ്ക്കപ്പെടാത്ത ആ ഇരുലോകത്തലവൻ നമുക്കുവേണ്ടി വീരകർമ്മത്തിനു മുതിരും; തടിച്ചു തഴച്ച തന്തിരുവടിയെ കർമ്മികൾ പരിചരിയ്ക്കുന്നു!1
മഹാൻ, ഗമനശീലൻ, അജരൻ, യുവാവ്, അമർത്തപ്പെടാത്ത ബലംകൊണ്ടു വളർന്നവൻ – ഇങ്ങനെയുള്ള ഇന്ദ്രനിൽത്തന്നെയാണ്, സ്തുതി ദാനാർത്ഥം ചെല്ലുന്നത് പിറന്നപ്പോൾത്തന്നെ തികച്ചും വളർന്നുവല്ലോ, താൻ!2
ഇന്ദ്ര, നിന്തിരുവടി തടിച്ച, പണിയെടുക്കുന്ന, വളരെ കൊടുക്കുന്ന തൃക്കൈകൾ, അന്നം തരാൻ ഞങ്ങളുടെ നേർക്കു നീട്ടിയാലും; ദാനതൽപരനായ അവിടുന്നു യുദ്ധത്തിൽ ഞങ്ങളെ, ഒരിടയൻ മാടിൻകൂട്ടത്തെയെന്നപോലെ മുമ്പോട്ടു തെളിയ്ക്കണം!3
ശത്രുസൂദനനായി, തന്റെ ശക്തരോടു ചേർന്നുവനായിരിയ്ക്കുന്ന ആ ഇന്ദ്രനായ നിന്തിരുവടിയെ ഇപ്പോൾ ഇവിടെ അന്നകാംക്ഷികളായ ഞങ്ങൾ സ്തുതിച്ചുകൊള്ളുന്നു: പണ്ടേത്തെ സ്തോതാക്കൾ അനിന്ദ്യരും അനവദ്യരും അനുപദ്രവരുമായിത്തീർന്നുവല്ലോ!4
കർമ്മവാനും, സോമംകൊണ്ടു വളർന്നവനും, വരണീയമായ ശ്രേഷ്ഠധനം നല്കുന്നവനും, ബഹ്വന്നനുമാണല്ലോ, തന്തിരുവടി: തന്തിരുവടിയിൽതന്നെയാണ്, വേണ്ടുന്ന സമ്പത്തുകൾ, നദികൾ സമുദ്രത്തിലെന്നപോലെ ചെന്നുചേരുന്നത്!5
ശൂര, കീഴമർത്തുന്നവനേ, അവിടുന്നു ഞങ്ങൾക്കു ബലിഷ്ഠമായ ബലവും, കടുത്ത ഓജിഷ്ഠമായ ഓജസ്സും കൊണ്ടുവരിക; ഹര്യശ്വ, മനുഷ്യർക്കു വീര്യമുളവാക്കുന്ന വിഭൂതികൾ എവയോ, അവയെല്ലാം തന്നു ഞങ്ങളെ ആഹ്ലാദിപ്പിയ്ക്കുക!6
ഇന്ദ്ര, പടയെ കീഴമർത്തുന്ന അഹിംസിതമായ ഒരിമ്പമുണ്ടല്ലോ, അങ്ങയുടെപക്കൽ; പ്രവൃദ്ധമായ അതു ഞങ്ങൾക്കു കൊണ്ടുവന്നാലും: ഇതൊന്നുകൊണ്ടു, ഞങ്ങൾ ഭവാനാൽ രക്ഷിയ്ക്കപ്പെട്ടു വിജയം നേടി, പുത്രപൗത്രലബ്ധിയ്ക്കായി സ്തുതിയ്ക്കുമാറാകണം!7
ഇന്ദ്ര, വർഷകവും ധനരക്ഷകവും പ്രവൃദ്ധവും നല്ല ശേഷിയുള്ളതുമായ ബലം ഞങ്ങൾക്കു കൊണ്ടുവരിക: എന്നാൽ ഞങ്ങൾക്കു ഭവാന്റെ രക്ഷകൾകൊണ്ടു യുദ്ധങ്ങളിൽ ശത്രുക്കളെ ഹനിയ്ക്കാം – ബന്ധുക്കളെയും അബന്ധുക്കളെയും പാട്ടിൽനിർത്താം!8
ഇന്ദ്ര, അങ്ങയുടെ വർഷകമായ ബലം പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ, തെക്കുനിന്നോ, കിഴക്കുനിന്നോ വന്നെത്തട്ടെ – എല്ലാദ്ദിക്കിൽനിന്നും ഇങ്ങോട്ടു വരട്ടെ: അവിടുന്നു ഞങ്ങൾക്ക് സുഖകരമായ ധനം തരിക!9
ഇന്ദ്ര, ആൾക്കാരും യശസ്സും ചേർന്ന ധനവും, തുലോം ത്രാണിയുള്ള രക്ഷയും ഭവാങ്കൽനിന്നു ഞങ്ങൾക്കു കിട്ടുമാറാകണം: തമ്പുരാനേ, ഇരുസമ്പത്തിന്റെയും ഉടമയാണല്ലോ, അവിടുന്ന്; വിപുലവും വിശിഷ്ടവും മഹത്തുമായ രത്നം കല്പിച്ചുതന്നാലും!10
മരുത്ത്വാനും, വൃഷാവും, തഴച്ചവനും, കൊള്ളാവുന്നവരോടു പൊരുതുന്നവനും, തേജസ്വിയും ശാസിതാവും, ഉലകടക്കിയവനും, ഉഗ്രനും, ബലപ്രദനുമായ ആ ഇന്ദ്രനെ ഞങ്ങൾ ഇവിടെ പുതിയ രക്ഷയ്ക്കായി സ്തുതിയ്ക്കുന്നു.11
വജ്രിൻ, ഞാൻ യാവചിലരിൽ പെട്ടവനോ, ആ മനുഷ്യരിൽ മീതേ ഗണിയ്ക്കപ്പെടുന്ന ആളെ അങ്ങ് പാട്ടിലാക്കണം: ഇനി, ഭൂമിയിൽ യുദ്ധം വന്നാൽ, ഞങ്ങൾ മകന്നും ഗോക്കൾക്കം വെള്ളത്തിന്നുംവേണ്ടി അങ്ങയെ വിളിയ്ക്കും!12
പുരുഹൂത, ഈ സംഖ്യംകൊണ്ടു ഞങ്ങൾ അങ്ങയോടൊന്നിച്ച് ഇരുവൈരികളെ വിധിച്ചു, ശത്രുവിനെ ശത്രുവിനെ കവിച്ചുനില്ക്കുമാറാകണം; ശൂര, ഞങ്ങൾ ഭവാനാൽ രക്ഷിയ്ക്കപ്പെട്ടു, വമ്പിച്ച സമ്പത്തിനാൽ മത്തടിയ്ക്കുമാറാകണം!13
[1] ഇരുലോകത്തലവൻ – വിണ്ണിന്റെയും മന്നിന്റേയും മേലാൾ. തഴച്ച – ഗുണപ്രവൃദ്ധനായ.
[2] അമർത്തപ്പെടാത്ത ശത്രുക്കളാൽ. ദാനാർത്ഥം – ധനം കിട്ടാൻ. താൻ തന്തിരുവടി.
[4] തന്റെ ശക്തർ – മരുത്തുക്കൾ. പണ്ടേത്തെ സ്തോതാക്കൾക്കു കിട്ടിയ നന്മ ഞങ്ങൾക്കും കിട്ടട്ടേ എന്നു ധ്വനി.
[6] ബലിഷ്ഠം, ഓജിഷ്ഠം എന്നിവയ്ക്കു തുലോം മികച്ച എന്നർത്ഥം.
[7] പടയെ – ശത്രുസേനയെ. ഒരിമ്പം – ലഹരിപിടിച്ച ഒരു വീര്യം. ഇതു് – അങ്ങ് കൊണ്ടുവരുന്ന ഇമ്പം.
[8] ശേഷി = ത്രാണി. ബലം – സേന. എന്നാൽ – അതു കിട്ടിയാൽ.
[9] ഇരുസമ്പത്ത് – ഭൗമ – ദിവ്യസമ്പത്തുകൾ.
[10] കൊള്ളാവുന്നവരോട് – മോശക്കാരോടു പൊരുതില്ല.
[13] ഇരുവൈരികൾ – ബന്ധുക്കളും അബന്ധുക്കളുമായ ശത്രുക്കൾ. ശത്രുവിനെ ശത്രുവിനെ – ഓരോ ശത്രുവിനെയും.