ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ഗായത്രിയും ജഗതിയും ഛന്ദസ്സുകൾ; വിശ്വദേവതകൾ ദേവത.
അതു ദ്യോവിനോടോ, ഭൂവിനോടോ, യജ്ഞത്തോടോ, ഈ കർമ്മങ്ങളോടോ ചേർന്നതാണെന്നു ഞാൻ സമ്മതിയ്ക്കില്ല: അയാളെ വമ്പിച്ച പർവതങ്ങൾ ചതയ്ക്കട്ടെ; അതിയാജനെ യജിപ്പിയ്ക്കുന്നവൻ അധമനായിത്തീരട്ടെ!1
മരുത്തുക്കളേ, ഞങ്ങളെക്കാൾ മീതെയാണെന്നഭിമാനിയ്ക്കുന്നവൻ ആരോ; ഞങ്ങളുടെ സ്തോത്രത്തെ നിന്ദിപ്പാൻ ആർ മുതിരുമോ; അവനെ തേജസ്സുകൾ വലയ്ക്കട്ടെ – ആ ബ്രഹ്മദ്വേഷിയെ സൂര്യൻ ദഹിപ്പിയ്ക്കട്ടെ!2
സോമമേ, അങ്ങ് കർമ്മരക്ഷകനാണെന്നു പറയുന്നു; ഞങ്ങളെ പഴിക്കാരിൽനിന്നു രക്ഷിയ്ക്കുന്നവനാണെന്നു പറയുന്നു. എന്നാൽ ഞങ്ങൾ നിന്ദിയ്ക്കപ്പെടുന്നതു കാണിന്നില്ലേ? ബ്രഹ്മദ്വേഷിയുടെ നേർക്കു പൊള്ളിയ്ക്കുന്ന ആയുധം ചാട്ടുക!3
ഉദിയ്ക്കുന്ന ഉഷസ്സുകൾ എന്നെ രക്ഷിയ്ക്കട്ടെ; തടിച്ച നദികൾ എന്നെ രക്ഷിയ്ക്കട്ടെ; അനക്കമില്ലാത്ത മലകൾ എന്നെ രക്ഷിയ്ക്കട്ടെ; യജ്ഞത്തിലെ പിതൃക്കളും എന്നെ രക്ഷിയ്ക്കട്ടെ!4
ഞങ്ങളുടെ മനസ്സു സദാ നന്നായിരിയ്ക്കുണം; ഞങ്ങൾ ഉദിയ്ക്കുന്ന സൂര്യനെ കാണുകയുംചെയ്യണം. ഉൽക്കൃഷ്ടധനാധിപതി ഹവിസ്സു ദേവന്മാർക്കു കൊണ്ടുകൊടുപ്പാൻ ശരിയ്ക്കു വന്നിട്ട്, അപ്രകാരം ചെയ്തരുളട്ടെ!5
രക്ഷയോടുകൂടി ഇന്ദ്രനും, സലിലസമൃദ്ധയായ സരസ്വതിയും തൊട്ടടുക്കൽ വന്നണയട്ടെ; പർജ്ജന്യൻ ഓഷധികളോടുകൂടി നമ്മെ സുഖിപ്പിയ്ക്കട്ടെ; അഗ്നി, അച്ഛനെപ്പോലെ സുഖസ്തുത്യനും സുഖാഹ്വാതവ്യനുമായിബ്ഭവിയ്ക്കട്ടെ!6
ദേവന്മാരേ, നിങ്ങളെല്ലാവരും വരുവിൻ; എന്റെ ഈ വിളികേൾക്കുവിൻ; ഈ ദർഭവിരിപ്പിലിരിയ്ക്കുവിൻ!7
ദേവന്മാരേ, നിങ്ങളെ ആർ നെയ്യു തൂകിയ ഹവിസ്സുകൊണ്ടു പരിചരിയ്ക്കുമോ; അവങ്കൽ ചെല്ലുമല്ലോ, നിങ്ങളെല്ലാവരും.8
മരണരഹിതന്റെ മക്കൾ നമ്മുടെ സ്തുതി കേൾക്കട്ടെ; നമുക്കു നല്ല സുഖം തന്നരുളട്ടെ!9
യജ്ഞം വർദ്ധിപ്പിയ്ക്കുന്ന, സമയങ്ങളിൽ സ്തോത്രം കേൾക്കുന്ന ദേവന്മാരെല്ലാം തയിർ ചേർത്ത ചുടുപാൽ നുകരട്ടെ!10
ഇന്ദ്രനും, മരുദണവും, ത്വഷ്ടാവും, മിത്രനും, അര്യാമാവും നമ്മുടെ സ്തോത്രവും ഈ ഹവിസ്സും ആസ്വദിയ്ക്കട്ടെ!11
ഹോതാവായ അഗ്നേ, ദേവഗണത്തെ അറിയുന്ന ഭവാൻ ഞങ്ങളുടെ ഈ യജ്ഞം അറിയപ്പെട്ട ക്രമത്തിൽ നടത്തിയാലും!12
വിശ്വദേവന്മാരേ, നിങ്ങൾ എന്റെ ഈ വിളി കേൾക്കുവിൻ: അന്തരിക്ഷത്തിലും, അന്തികത്തിലും, വാനിലും വസിയ്ക്കുന്ന അഗ്നിജിഹ്വരായ യജനീയർ സഭയിലിരുന്ന് ഇമ്പം കൊള്ളുവിൻ!13
യജ്ഞാർഹരായ ദേവന്മാരെല്ലാവരും ദ്യാവാപൃഥിവികളും ജലപുത്രനും എന്റെ സ്തോത്രം കേട്ടരുളട്ടെ: നിങ്ങൾക്കു രുചിയ്ക്കാത്തതൊന്നും ഞാൻ ചൊല്ലരുതേ; ഞങ്ങൾ തുലോം അടുത്തു, നിങ്ങളുടെ സുഖങ്ങളിൽതന്നേ മത്താടുമാറാകണം!14
മഹന്മാരായ, മന്നിലും വിണ്ണിലും അന്തരിക്ഷത്തിലും പിറന്ന, നിശിതജ്ഞാനരായ ദേവന്മാർ നമ്മുടെ പുത്രാദികൾക്ക് എല്ലാ അന്നവും രാപ്പകൽ തന്നരുളട്ടെ!15
അഗ്നിപർജ്ജന്യന്മാരേ, നിങ്ങൾ എന്റെ കർമ്മത്തെ രക്ഷിയ്ക്കുവിൻ; സുഖാഹ്വാതവ്യരേ, ഈ യജ്ഞത്തിൽ ഞങ്ങളുടെ നല്ല സ്തുതി കേൾക്കുവിൻ. ഒരാൾ അന്നം ഉൽപാദിപ്പിയ്ക്കുന്നു; മറ്റാൾ ഗർഭവും. ആ നിങ്ങൾ അന്നവും സന്തതിയും ഞങ്ങൾക്കു തരുവിൻ!16
വിശ്വദേവന്മാരേ, ഞാൻ ദർഭ വിരിച്ച്, അഗ്നിയെ ജ്വലിപ്പിച്ചു, സൂക്തംകൊണ്ടും വലിയ നമസ്കാരംകൊണ്ടും പരിചരിച്ചുവല്ലോ: യജനീയരേ, നിങ്ങൾ ഇന്നു ഞങ്ങളുടെ ഈ യജ്ഞത്തിൽ ഹവിസ്സുകൊണ്ട് ഇമ്പംകൊള്ളുവിൻ!17
[1] അതിയാജൻ എന്നൊരു ഋഷി, ഋജിശ്വാവിനെക്കാൾ മീതെയാകണമെന്നു നിശ്ചയിച്ചു, യാഗം തുടങ്ങി. ആയാഗത്തെ ഋജിശ്വാവു നിരസിയ്ക്കുന്നു: അതു – അതിയാജന്റെ യജനം. ദ്യോവിനോടോ ഭൂവിനോടോ – ദിവ്യ – ഭൗമദേവന്മാരോടോ. യജ്ഞത്തോടോ – ഞാനനുഷ്ഠിച്ചിട്ടുള്ള യാഗത്തോടോ. ചേർന്നത് – യുക്തം, സദൃശം. പർവതങ്ങൾ – ഇന്ദ്രനാലയയ്ക്കപ്പെട്ട ഗിരികൾ.
[3] പറയുന്നു – പഴമക്കാർ.
[4] തടിച്ച – വെള്ളം പരന്ന. പിതൃക്കൾ – പിതൃദേവതകൾ.
[5] ഉൽകൃഷ്ടധനാധിപതി – അഗ്നി. അപ്രകാരം – മുൻവാക്യങ്ങളിൽ പറയപ്പെട്ടത്.
[6] സരസ്വതി – നദി
[9] മരണരഹിതന്റെ മക്കൾ – പ്രജാപതിയുടെ പുത്രന്മാർ, ദേവന്മാർ.
[10] സമയങ്ങളിൽ – യജ്ഞാവസരങ്ങളിൽ.
[12] ക്രമത്തിൽ – ഇന്നിന്ന ദേവന്മാർക്ക് ആദ്യമാദ്യം എന്ന മുറയ്ക്കു്.
[13] ആന്തികം – അന്തരിക്ഷത്തിന്നടുത്ത സ്ഥാനം, ഭൂലോകം.
[14] ജലപുത്രൻ – വൈദ്യുതാഗ്നി. നിങ്ങളുടെ – നിങ്ങൾ തന്ന.
[16] ഒരാൾ – പർജ്ജന്യൻ; മഴകൊണ്ട് അന്നം ഉൽപാദിപ്പിയ്ക്കുന്നു. മറ്റാൾ – അഗ്നി ഗർഭം ഉൽപാദിപ്പിയ്ക്കുന്നു: പുരുഷനാൽ ഭുജിയ്ക്കപ്പെട്ട അന്നം ജാരാഗ്നിയാൽ ദഹിപ്പിയ്ക്കപ്പെട്ടു, ശുക്ലമായി പരിണമിച്ചു, സ്ത്രീകളിൽ സംക്രമിച്ചു ഗർഭമായിത്തീരുന്നു.
[17] സൂക്തം – സ്തോത്രം.