ഋജിശ്വാവ് ഋഷി; ത്രിഷ്ടുപ്പും ഉഷ്ണിക്കും അനുഷ്ടുപ്പും ഛന്ദസ്സുകൾ; വിശ്വദേവകൾ ദേവത.
കണ്ണായ, മഹത്തായ, മിത്രവരുണന്മാർക്കു പ്രിയമായ, അബാധിതമായ, സ്വച്ഛമായ, ദർശനീയമായ സൂര്യതേജസ്സ് എമ്പാടും ഉയരുന്നു: ഉദയത്തിൽ ദ്യോവിന്ന് ഒരാഭരണമെന്നപോലെ വിളങ്ങുന്നു.1
മേധാവിയായ സൂര്യൻ മൂന്നിടങ്ങളെയും, ഈ ദേവന്മാരുടെ നിഗൂഢമായ പിറവിയെയും അറിയുന്നു; മനുഷ്യരിലെ നന്മതിന്മകൾ നോക്കിക്കാണുന്നു; അധിപതിയായിനിന്നു പ്രാപ്തവ്യങ്ങളെ പ്രകാശിപ്പിയ്ക്കുന്നു.2
മഹത്തായ യജ്ഞത്തെ രക്ഷിയ്ക്കുന്ന നിങ്ങളെ ഞാൻ സ്തുതിയ്ക്കുന്നു – സുജാതരായി അബാധിതകർമ്മാക്കളായി ധനികരായി പരിപാവനമായിരിയ്ക്കുന്ന അദിതിരുണമിത്രന്മാരെയും ആര്യമഭഗന്മാരെയും ഞാൻ നേരിട്ടു വാഴ്ത്തുന്നു.3
ദ്രോഹികളെത്തട്ടിനീക്കുന്ന, സജ്ജനപാലകരായ, അബാധിതരായ, മഹാരാജന്മാരായ, നല്ല പാർപ്പിടം നല്കുന്നവരായ, യുവാക്കളായ, ശോഭനബലരായ, ഈശ്വരരായ, ദ്യോവിന്റെ നേതാക്കന്മാരായ, (നമ്മുടെ) പരിചരണമിച്ഛിയ്ക്കുന്ന ആദിത്യന്മാരെയും ആദിതിയെയും ഞാൻ അഭിഗമിയ്ക്കുന്നു.4
പിതാവായ ദ്യോവേ, കനിവുറ്റ മാതാവായ ഭൂവേ, ഭ്രാതാവായ അഗ്നേ, വസുക്കളേ, നിങ്ങൾ ഞങ്ങളെ സുഖിപ്പിച്ചാലും; ആദിത്യന്മാരേ, ആദിതേ, നിങ്ങളെല്ലാം ഒപ്പം പ്രസാദിച്ചു ഞങ്ങൾക്കു വലിയ ഗൃഹം തന്നാലും!5
യജനീയരേ, നിങ്ങൾ ഞങ്ങളെ ചെന്നായയ്ക്കോ, പെൺചെന്നായയ്ക്കോ – ഏതൊരു ഹിംസകന്നും – വിട്ടുകൊടുക്കരുതേ: ഞങ്ങളുടെ ശരീരത്തിന്റെ നേതാക്കളാണല്ലോ, നിങ്ങൾ; ബലത്തിന്റെയും വാക്കിന്റെയും നേതാക്കളാണല്ലോ, നിങ്ങൾ!6
വസുക്കളേ, നിങ്ങളുടെ ഞങ്ങൾക്കു് അന്യർ ചെയ്ത പാപം അനുഭവപ്പെടരുത്; നിങ്ങളെ കോപിപ്പിയ്ക്കുന്നതൊന്നും ഞങ്ങൾ ചെയ്തു പോകരുത് വിശ്വേദേവന്മാരേ, വിശ്വേശന്മാരാണല്ലോ, നിങ്ങൾ; ശത്രു താൻതന്നേ സ്വശരീരം നശിപ്പിയ്ക്കട്ടെ!7
നമസ്കാരംതന്നെ ബലവത്തരമാണ്; ഞാൻ നമസ്കാരത്തെ പരിചരിക്കുന്നു. നമസ്കാരമാണ്, വാനൂഴികളെ താങ്ങുന്നത്. ദേവന്മാർക്കു നമസ്കാരം! നമസ്കാരം ഇവരെ കീഴടക്കും! ചെയ്തുപോയ പാപവും ഞാൻ നമസ്കാരംകൊണ്ടു നീക്കുന്നു.8
യജനീയരേ, നിങ്ങളുടെ യജ്ഞത്തിന്റെ നേതാക്കളായ, യജനഗൃഹത്തിലിരിയ്ക്കുന്ന, വിശുദ്ധബലരായ, അബാധിതരായ, കാഴ്ചയേറിയ, തലവന്മാരായ, മഹാന്മാരായ ആ നിങ്ങളെ ഞാൻ നേരിട്ടു നമസ്കാരങ്ങൾകൊണ്ടു വണങ്ങുന്നു.9
മികച്ച തേജസ്സും നല്ല ഓജസ്സുമുള്ളവരും, സത്യകർമ്മാക്കളും, സ്തോതാക്കൾക്കു യഥാർത്ഥഭൂതരുമാണല്ലോ, വരുണനും മിത്രനും അഗ്നിയും; അവർ നമ്മുടെ ദുരിതമെല്ലാം മറവിയിലാക്കട്ടെ!10
ഇന്ദ്രനും പൃഥിവിയും പൂഷാവും ഭഗനും അദിതിയും പഞ്ചജനങ്ങളും നമ്മുടെ വാസഭൂമിയെ വർദ്ധിപ്പിയ്ക്കട്ടെ; നല്ല സുഖവും നല്ല അന്നവും നല്ല നടപ്പും നല്കട്ടെ; നമ്മെ നന്നായി രക്ഷിച്ചു, നന്നായി കാക്കട്ടെ!11
ദേവന്മാരേ, സ്തുതിയ്ക്കുന്ന ഭാരദ്വാജൻ വേഗത്തിൽ ദിവ്യസ്ഥാനമടയട്ടെ: തിരുവുള്ളം തെളിയണമെന്നപേക്ഷിയ്ക്കുന്നു; ഇരിയ്ക്കുന്ന യജ്ഞാർഹരോടൊന്നിച്ചു യാഗമനുഷ്ഠിച്ചുകൊണ്ടു ദേവഗണത്തെ ധനലബ്ധിയ്ക്കായി വന്ദിയ്ക്കുന്നു.12
അഗ്നേ, ആ പാപംചെയ്യുന്ന കുടിലനെ – ദുരാശയനായ ദ്രോഹിയെ – അങ്ങ് അതിദൂരെത്തെയ്ക്കു തള്ളണം; സജ്ജനപാലക, സുഖം തരിക!13
സോമമേ, ഞങ്ങളുടെ അമ്മികൾ സഖ്യമിച്ഛിയ്ക്കുന്നു. കൊടുക്കാത്ത തിന്മനെ ഭവാൻ മുടിയ്ക്കുക: തട്ടിയെടുക്കുന്നവനാണല്ലോ, അവൻ!14
ശോഭനദാനന്മാരേ, കഴിവുള്ളവരാണല്ലോ, തേജസ്സിയന്ന ഇന്ദ്രാദികളായ നിങ്ങൾ: വഴിയിൽ ഞങ്ങളെ കൂടെനിന്നു കാത്തു, സുഖപ്പെടുത്തിവിൻ!15
യാതൊന്നിലൂടേ നടന്നവൻ വിദ്രോഹികളെയെല്ലാം പോക്കി, ധനം നേടുമോ; ഞങ്ങൾ ആ സുഗമവും അനഘവുമായ മാർഗ്ഗത്തിലെത്തിച്ചേർന്നു!16
[2] മൂന്നിടങ്ങൾ – ത്രിലോകങ്ങൾ. പ്രാപ്തവ്യങ്ങൾ = ലഭിയ്ക്കേണ്ടുന്നവ.
[4] അഭിഗമിയ്ക്കുക – മുമ്പിൽച്ചെല്ലുക.
[5] ഭ്രാതാവായ – സ്നേഹമുള്ള.
[7] നിങ്ങളുടെ – ഭവദീയരായ.
[8] നിങ്ങളുടെ മാഹത്മ്യം ഇരിയ്ക്കട്ടെ: നിങ്ങളെ നമസ്കരിയ്ക്കുന്നതുതന്നെ അത്യുൽകൃഷ്ടമാകുന്നു!
[9] നിങ്ങളുടെ – നിങ്ങൾക്കായിചെയ്യപ്പെടുന്ന.
[11] പഞ്ചജനങ്ങൾ – ദേവന്മാർ, ഗന്ധർവർ, അപ്സരസ്സുകൾ, മനുഷ്യർ, പിതൃക്കൾ.
[12] ഭരദ്വാജൻ – ഋജിശ്വാവായ ഞാൻ. ഇരിക്കുന്ന – സത്രോപവിഷ്ടരായ. യജ്ഞാർഹർ – മറ്റു യജമാനന്മാർ.
[14] സഖ്യം – ഭവാന്റെ സഖ്യം. കൊടുക്കാത്ത – ദാതൃത്വമില്ലാത്ത. തിന്മൻ – സ്വയം തിന്നുന്നവൻ.
[16] അന്യദിക്കിൽനിന്നു തിരിച്ചെത്തിയാൽ ജപിയ്ക്കേണ്ടുന്ന മന്ത്രമത്രേ, ഇത്.