ഭരദ്വാജൻ ഋഷി, ത്രിഷ്ടുപ്പും ഏകപദാത്രിഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികൾ ദേവത.
യാതൊന്നു നാസത്യരെ ഇങ്ങോട്ടു കൊണ്ടുവന്നിരുന്നുവോ; ആ ഹവിർര്യക്തമായ സ്തോത്രം, ഒരു ദൂതനെന്നപോലെ, ആ അഴകുറ്റ പുരുഹൂതന്മാരെ ഇപ്പോൾ എവിടെ കണ്ടെത്തും? ഇയ്യാളുടെ സ്തോത്രം തുലോം പ്രിയമാണെല്ലോ, നിങ്ങൾക്ക്.1
എന്റെ ഈ വിളിയ്ക്കു തികച്ചും വന്നെത്തുവിൻ: സ്തുതിയ്ക്കപ്പെടുന്ന നിങ്ങൾ സോമം കുടിയ്ക്കുവിൻ. ദ്രോഹിയുടെ ആ ഗൃഹം വളയുവിൻ: അകലത്തുള്ളവനോ അയൽപക്കത്തുള്ളവനോ ഉപദ്രവിയ്ക്കരുത്!2
നിങ്ങൾക്കു സോമം യഥാവിധി പിഴിയപ്പെട്ടിരിക്കുന്നു; ഏറ്റവും പതുപ്പുള്ള ദർഭയും വിരിയ്ക്കപ്പെട്ടിരിക്കുന്നു. ഭവൽകാമൻ കൈക്കൂപ്പിസ്തുതിയ്ക്കുന്നു; നിങ്ങളിലണഞ്ഞ് അമ്മികൾ എമ്പാടും നീരൊഴുക്കിക്കഴിഞ്ഞു!3
അഗ്നി നിങ്ങൾക്കായി എഴുന്നേറ്റു ചെല്ലുന്നു; നെയ്യുപസ്തരിച്ച സ്രുക്ക് ധനമെടുക്കുന്നു. നാസത്യരെ വിളിച്ച ഹോതാവു വളരെ കർമ്മങ്ങളിൽ ഉദ്യുക്തനായിരിയ്ക്കുന്നു.4
കൈ തടിച്ചവരേ, സൂര്യപുത്രി ചേരാൻവേണ്ടി, ബഹുപ്രയാണമായ തേരിൽ വന്നുകേറിയല്ലോ: പ്രാജ്ഞരായ നേതാക്കളേ, നിങ്ങൾ കൗശലംകൊണ്ട് ഈ ദേവന്മാരുടെ മുമ്പിൽ നൃത്തംവെപ്പിൻ!5
നിങ്ങൾ ഈ ദർശനീയമായ സൗന്ദര്യം സൂര്യപുത്രിയുടെ നന്മയ്ക്കു പൂർത്തിപ്പെടുത്തി; അശ്വങ്ങൾ ശോഭയ്ക്കു നിങ്ങളെ അനുവർത്തിച്ചു. സ്തുത്യർഹരേ, നന്നായി ചൊല്ലപ്പെട്ട സ്തുതി നിങ്ങളിലണിഞ്ഞു!6
നാസത്യരേ, അതിധുരീണങ്ങളായ അശ്വങ്ങൾ നിങ്ങളെ ഹവിസ്സിലെയ്ക്കു കൊണ്ടുവരട്ടെ: നിങ്ങളുടെ മനോജവമായ രഥം തേടേണ്ടവയും കിട്ടേണ്ടവയുമായ വളരെ അന്നങ്ങൾക്കായി അയയ്ക്കാറുണ്ടല്ലോ!7
കൈ തടിച്ചവരേ, നിങ്ങളുടെ പക്കൽ വളരെയുണ്ടല്ലോ, ധനം; വിട്ടുപോകാത്ത ഒരു സ്പൃഹണീയയായ പയ്യിനെ ഞങ്ങൾക്കു തരുവിൻ. ആഹ്ലാദകരേ, സ്തോതാക്കളുണ്ട്, നല്ല സ്തുതിയുണ്ട്; നിങ്ങളുടെ ദാനത്തെ കാംക്ഷിച്ചു വന്ന സോമരസങ്ങളുമുണ്ട്!8
പുരയങ്കൽനിന്നു നേർനടയുള്ള രണ്ടു ഗതിവേഗിനികളും സുമീള്ഹങ്കൽനിന്നു നൂറും, പേരുകങ്കൽനിന്നു പക്വാന്നങ്ങളും എനിയ്ക്കു കിട്ടി; ശാണ്ഡൻ പൊന്നണിഞ്ഞ പ്രശസ്തരൂപങ്ങളെയും, വശഗരും കീഴമർത്തുന്നവരുമായ പത്തു ദർശനീയന്മാരെയും തന്നു!9
നാസത്യന്മാരേ, നിങ്ങളെ സ്തുതിച്ചവന്നു നൂറുമായിരവും അശ്വങ്ങളെ പുരുപന്ഥാവ് കൊടുത്തുവരുന്നു; വീരന്മാരേ, സ്തുതിയ്ക്കുന്ന ഭരദ്വാജന്നും വേഗത്തിൽ തരട്ടെ! ബഹുകർമ്മാക്കളേ, രക്ഷസ്സുകൾ വധിയ്ക്കപ്പെടണം!10
ഞാൻ സൂരികളോടുകൂടി ഞങ്ങളുടെ വിശാലമായ സുഖത്തിലെത്തുമാറാകണം!11
[1] പുരുഹൂതരെ – വളരെയാളുകളാൽ വിളിയ്ക്കപ്പെട്ട അശ്വികളെ. ഇയ്യാളുടെ – ഈ സ്തോതാവിന്റെ. ഒടുവിലെ വാക്യം പത്യക്ഷം.
[2] ഉപദ്രവിയ്ക്കരുത് – ഞങ്ങളെ.
[3] പതുപ്പ് = മാർദ്ദവം. നീര് – സോമരസം.
[4] നിങ്ങൾക്കായി – നിങ്ങളെ യജിപ്പാൻ. ചെല്ലുന്നു – ആഹവനീയസമീപത്തെയ്ക്ക്. ധനം – ഹവിസ്സ്. ഒടുവിലെ വാക്യം പരോക്ഷം:
[5] ചേരാൻവേണ്ടി – നിങ്ങളോട്.
[6] ചൊല്ലപ്പെട്ട – ഋഷിമാരാൽ.
[7] അന്നങ്ങൾ – സോമങ്ങൾ.
[8] സ്തോതാക്കളുണ്ട് – നിങ്ങൾ സ്തോതാക്കളുടെ നല്ല സ്തുതി കേട്ടു, സോമനീർ കുടിച്ചു, സ്തോതാക്കൾക്ക് അഭീഷ്ടങ്ങൾ നല്കുവിൻ എന്നു ഭാവം.
[9] പുരയൻ – ഒരു രാജാവ്. ഗതിവേഗിനികൾ – പെൺകുതിരകൾ. സുമീള്ഹൻ – മറ്റൊരു രാജാവ്. നൂറും – നൂറുഗോക്കളും. പേരുകനും രാജാവുതന്നെ. ശാണ്ഡൻ – രാജാവ്. പ്രശസ്തരൂപങ്ങൾ – അഴകൊത്ത രഥങ്ങളോ, അശ്വങ്ങളോ. കീഴമർത്തുന്നവർ – ശത്രുക്കളെ. ദർശനീയന്മാർ – സുരൂപരായ ഭടന്മാർ. തന്നു – അശ്വികളെ സ്തുതിച്ച എനിയ്ക്കു്.
[10] പുരുപന്ഥാവ് – ഒരു രാജാവ്.
[11] സൂരികൾ – വിദ്വാന്മാരായ പുത്രാദികൾ. നിങ്ങളുടെ – നിങ്ങൾ തന്ന.