ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മരുത്തുക്കൾ ദേവത.
കുമ്പിടുവിയ്ക്കുന്നതും സന്തോഷിപ്പിയ്ക്കുന്നതും സഞ്ചരിയ്ക്കുന്നതും ഒരേ മട്ടിലുള്ളതുമായ ആ രൂപം വിജ്ഞന്നു ക്ഷിപ്രം വെളിപ്പെടട്ടെ: അതു മനുഷ്യലോകത്തിൽ മറ്റു വസ്തുക്കളെ, കറക്കാൻതക്കവണ്ണം തഴപ്പിയ്ക്കുന്നു; അന്തരിക്ഷം ഒരിക്കൽ ശുഭ്രജലം ചുരത്തുന്നു!1
ഈ മരുത്തുക്കൾ, വളർത്തപ്പെട്ട അഗ്നികൾപോലെ തിളങ്ങും; രണ്ടും മൂന്നും ഇരട്ടി വലുപ്പംവെയ്ക്കും; പൊടിപറ്റാത്തവയും പൊന്നണിഞ്ഞവയുമാണ്, ഇവരുടെ (തേരുകൾ). സ്വത്തോടും കരുത്തോടും കൂടിയത്രേ, ഇവർ പിറന്നത്!2
സേക്താവായ രുദ്രന്റെ പുത്രന്മാരാണിവർ. ഇവരെ അന്തരിക്ഷമേ താങ്ങൂ. ഈ മഹാന്മരുടെ അമ്മയായ മഹതി വിദിതയാണല്ലോ; നന്മയ്ക്കുവേണ്ടിയത്രേ, ആ പൃശ്നി ഗർഭം ധരിച്ചത്.3
ഇവർ വാഹനത്തിൽ ആളുകളുടെ അടുക്കലേയ്ക്കു പോകാറില്ല: ഹൃദയത്തിലിരുന്നു പാപങ്ങൾ നീക്കുന്നു. ഈ ഉജ്ജ്വലന്മാർ ഇഷ്ടാനുസാരേണ ചുരത്തും; ശോഭയോടെ പരക്കെ നനയ്ക്കും!4
ഇവരെ സമീപിച്ചു, പ്രധർഷകമായ മാരുതം ചൊല്ലുന്നവർക്ക് അഭീഷ്ടം വേഗത്തിൽ കൈവരും: കട്ടെടുത്തു കടന്നുകളയുന്ന വമ്പന്മാരെവരോ, ആ ഉഗ്രന്മാരെ ഹവിർദ്ദാതാവ് അടക്കിക്കൊള്ളും.5
ഈ ബലമിയന്ന ധർഷകസൈന്യരായ ഉഗ്രന്മാർ സുരൂപികളായ ദ്യാവാപൃഥിവികളെ തമ്മിലിണക്കുന്നു. രോദസി ഇവരിൽ സ്വയം വിളങ്ങുന്നു: ഈ കരുത്തരെ ആരും ഉപദ്രവിയ്ക്കില്ല!6
മരുത്തുക്കളേ, നിങ്ങളുടെ പള്ളിത്തേർ, പാപം നീങ്ങുമാറു പ്രാദുർഭവിയ്ക്കട്ടെ; ഇതു സൂതനില്ലാതെയും തെളിയ്ക്കപ്പെടുന്നു; കുതിരയും കടിഞ്ഞാണും വഴിത്തീറ്റയുമില്ലാതെയും, വെള്ളം തൂകി നിറവേറ്റിക്കൊണ്ടു, വാനൂഴിമാർഗ്ഗങ്ങളിൽ നടക്കുന്നു!7
മരുത്തുക്കളേ, യുദ്ധത്തിൽ ആരെ നിങ്ങൾ രക്ഷിയ്ക്കുമോ അവരെ ആരും വെല്ലുവിളിയ്ക്കില്ല, ദ്രോഹിയ്ക്കില്ല; അവൻ പുത്രന്നോ പൗത്രന്നോ ഗോക്കൾക്കോ വെള്ളത്തിനോവേണ്ടി പൊരുതിയാൽ, ഉജ്ജ്വലന്റെയും തൊഴുത്തു തുറന്നുകളയും!8
അഗ്നേ, വെമ്പൽ പൂണ്ടിരമ്പുന്ന കരുത്തരായ മരുത്തുക്കൾക്കു നിങ്ങൾ ദർശനീയമായ ഹവിസ്സൊരുക്കുവിൻ: ബലത്താൽ (ശത്രു)ബലത്തെ അമർത്തുന്നവരാണല്ലോ, ഇവർ; ഈ പൂജനീയർമൂലം ഭൂമിവിറകൊള്ളുന്നു!9
അധ്വരത്തിന്നെന്നപോലെ വിദ്യോതിയ്ക്കുന്നവരും, അഗ്നിരശ്മികൾപോലെ തിളങ്ങുന്നവരും, ശീഘ്രഗമനരും, പൂജനീയരും, വീരന്മാർപോലെ വിറപ്പിക്കുന്നവരും, ദീപ്തശരീരരും, അധർഷിതരുമാകുന്നു, മരുത്തുക്കൾ!10
ആ വർദ്ധിക്കുന്ന, ചുരിക മിന്നുന്ന രുദ്രപുത്രന്മാരെ ഞാൻ സ്തുതിച്ചു പരിചരിയ്ക്കുന്നു. ഈ മരുദ്ബലത്തെക്കുറിച്ചു സ്തോതാവുച്ചരിച്ച പരിശുദ്ധസ്തുതികൾ, നീർകൊണ്ട കാർകൊണ്ടലുകൾപോലെ ഉശിർ പിടിച്ചു മത്സരിയ്ക്കുന്നു!11
[1] കുമ്പിടുവിയ്ക്കുന്നതും – ഉറപ്പേറിയവയെപ്പോലും – കുനിയിയ്ക്കുന്നതും. രൂപം – മരുത്തുക്കളുടെ. വിജ്ഞാൻ – വിദ്വാനായ സ്തോതാവ്. മറ്റുവസ്തുക്കൾ – വൃക്ഷസസ്യാദികൾ. കറക്കാൻ – പൈക്കളിൽനിന്നു പാലെന്നപോലെ, അഭീഷ്ടം കറന്നെടുക്കാൻ. ഒരിക്കൽ – ആണ്ടിലൊരിയ്ക്കൽ, മഴക്കാലത്ത്. ചുരത്തുന്നു – മരുത്തുക്കളുടെ നിർദ്ദേശത്താൽ.
[3] സോക്താവ് – വീര്യസേചനം ചെയ്തവൻ. നന്മയ്ക്കുവേണ്ടി – മനുഷ്യരുടെ.
[4] ഹൃദയത്തിലിരുന്നു – മനുഷ്യരുടെ ഹൃദയത്തിൽ പ്രണങ്ങളായി വർത്തിച്ചു. ഇഷ്ടാനുസാരേണ – സ്കോതാക്കളുടെ. ചുരത്തും – ജലം വർഷിയ്ക്കും. പരക്കെ – ഭൂമി മുഴുവൻ.
[5] മാരുതം – മരുച്ഛസ്ത്രം, സ്തോത്രം. അടക്കിക്കൊള്ളും – മരുൽപ്രസാദത്താൽ.
[6] രോദസി – രുദ്രപത്നി, ഉപദ്രവിയ്ക്കില്ല – ദ്രോഹിപ്പാനാളാകില്ല.
[7] തെളിയ്ക്കപ്പെടുന്നു – സ്തോതാവിനാൽ. വെള്ളം – വർഷജലം. നിറവേറ്റിക്കൊണ്ടു – സ്തോതാക്കളുടെ അഭിലാഷങ്ങളെ.
[8] ഉജ്ജ്വകന്റെയും – വീര്യംകൊണ്ടു കത്തുന്ന ശത്രുവിന്റെപോലും. തുറന്നുകളയും – ഗോക്കളെ സ്വന്തമാക്കും.
[9] ഒരുക്കുവിൻ – അങ്ങും ഋത്വിക്കുകളുംകൂടി. വിറകൊള്ളുന്നു – പേടിച്ച്.
[11] മത്സരിയ്ക്കുന്നു – ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്നു സ്പർദ്ധിയ്ക്കുന്നു.