ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; മിത്രാവരുണന്മാർ ദേവത.
നല്ലവരിലെല്ലാംവെച്ചു മികച്ച മിത്രാവരുണന്മാരേ, ഞാൻ നിങ്ങളെ സ്തുതികൊണ്ടു വളർത്താം: ഈ ഒരേ വടിവിലല്ലാത്ത രണ്ടു മുഖ്യയന്താക്കൾ ജനങ്ങളെ സ്വന്തം കൈകൊണ്ടു, കടിഞാണുകൊണ്ടെന്നപോലെ നിയന്ത്രിയ്ക്കുന്നു!1
അരുമപ്പെട്ട മിത്രാവരുണന്മാരേ, എന്റെ ഈ സ്തുതി നിങ്ങളെ മൂടുന്നു; ഹവിസ്സോടേ യജ്ഞത്തിലണയുകയും ചെയ്യുന്നു. ശോഭനദാനന്മാരേ, മറവുള്ള അധൃഷ്യമായ ഗൃഹമുണ്ടല്ലോ, നിങ്ങളുടെ പക്കൽ; അതു ഞങ്ങൾക്കു തരുവിൻ!2
മിത്രാവരുണന്മാരേ, അതിശോഭനമായി സ്തുതിച്ചു വിളിയ്ക്കപ്പെടുന്ന പ്രിയരായ നിങ്ങൾ ഇവിടെ വന്നെത്തുവിൻ: യശഃകാമരായ ജനങ്ങളോടു, കർമ്മാധികൃതൻ കർമ്മത്തോടെന്നപോലെ ചേരുന്നവരാണല്ലോ, മഹത്വമുള്ള നിങ്ങൾ!3
രണ്ടു കുതിരകൾ പോലെ ബലിഷ്ഠരും, പരിശുദ്ധസ്തോത്രരും, സത്യശീലരുമാണിവർ. ഇവരെ അദിതി ഗർഭത്തിൽ വഹിച്ചു – ജനിച്ചപ്പോൾത്തന്നേ വളരെ വളർന്നു,ശത്രുവായ മനുഷ്യന്നു ഘാതകരായിത്തീർന്ന ഇവരെ ധരിച്ചു.4
പ്രീതിപൂണ്ട ദേവന്മാരെല്ലാം നിങ്ങളെ മഹത്ത്വംമൂലം സ്തുതിച്ചതിനാലത്രേ, ബലം നേടിയത്; നിങ്ങൾ വലിയ വാനൂഴികളെയും കീഴടക്കി. അഹിംസിതരും അമൂഢരുമായ ചാരന്മാരുണ്ട്, നിങ്ങൾക്ക്!5
നാൾതോറും കെല്പെടുക്കുന്നവരാണല്ലോ, നിങ്ങൾ. നിങ്ങൾ അന്തരിക്ഷത്തിന്റെ മേൽബ്ഭാഗത്തെ തൂണുപോലെ താങ്ങുന്നു: മേഘം അന്തരിക്ഷത്തിലണയുന്നു; സൂര്യനും മനുഷ്യന്റെ ഹവിസ്സശിച്ചു, ഭൂദ്യോവുകളെ പരത്തുന്നു!6
നിങ്ങൾ തിരുവയർ നിറപ്പാൻ പ്രാജ്ഞനെ താങ്ങുന്നു: സഹമർമ്മികൾ യാഗശാല നിറയ്ക്കുന്നു. വിശ്വത്തെ പ്രീതിപ്പെടുത്തുന്നവരേ, നിങ്ങളുടെ ജലത്താൽ, യുവതികൾ പൊടിയമർന്നു, വരൾച്ച വിട്ടു വളരുന്നു!7
ആ നിങ്ങളോടു മേധാവി ഇതു നിത്യം നാവുകൊണ്ട് യാചിയ്ക്കുന്നു. നിങ്ങളിലണഞ്ഞവൻ യാഗത്തിൽ നിഷ്കപടനായിത്തീരും; അന്നവാന്മാരേ, നിങ്ങളുടെ ആ മഹത്ത്വം നിലനില്ക്കട്ടെ! നിങ്ങൾ ഹവിർദ്ദാതാവിന്റെ പാപം നശിപ്പിയ്ക്കുവിൻ – 8
മിത്രാവരുണന്മാരേ, യാവചിലർ ഭവൽകൃതങ്ങളായ പ്രിയകർമ്മങ്ങളെ സ്പർദ്ധമൂലം തള്ളുന്നുവോ; യാവചില ദേവന്മാരോ മനുഷ്യരോ സ്തോത്രം ചൊല്ലില്ലയോ; യാവചില കർമ്മികൾ യജ്ഞമനുഷ്ടിയ്ക്കില്ലയോ; യാവചിലർ പുത്രന്മാരല്ലയോ; അവരെയും!9
മേധാവികൾ സ്തോത്രമുച്ചരിയ്ക്കുകയും, ചിലർ സ്തുതിച്ചു നിവിത്തുകൾ ചൊയ്യുമ്പോൾ, ഞങ്ങൾ നിങ്ങളെപ്പറ്റി യഥാർത്ഥങ്ങളായ ഉക്ഥങ്ങൾ ഉരുവിടും: മഹിമാവുകൊണ്ടു നിങ്ങൾ ദേവകളോടും ചേരില്ല!10
മിത്രാവരുണന്മാരേ, സ്തോത്രങ്ങൾ പുറപ്പെടുകയും, യജ്ഞത്തിൽ ഋജൂഗാമിയും ധർഷകവും വർഷകവുമായ സോമം ഒരുക്കപ്പെടുകയും ചെയ്യുമ്പോൾ, രക്ഷിതാക്കളായ നിങ്ങളെ ഗൃഹത്തിന്നായി ഉപഗമിച്ചവരിൽ നിങ്ങളുടെ (ആ ദാനം) മുറിയാറില്ല, വാസ്തവം!11
[1] രണ്ടാംവാക്യം പരോക്ഷം: കടിഞ്ഞാണുകൊണ്ടെന്നപോലെ – കടിഞ്ഞാണുകൊണ്ടു കുതിരകളേ എന്നപോലെ.
[4] പരോക്ഷകഥനം: ധരിച്ചു – വയറ്റിൽ.
[5] പ്രത്യക്ഷോക്തി: അഹിംസിതർ – ആരാലും ഉപദ്രവിയ്ക്കപ്പെടാത്തവർ. അമൂഢർ = വിദ്വാന്മാർ.
[6] മേഘം – ഇതൊക്കെ ഞങ്ങളുടെ ഏർപ്പാടാലാണ്!
[7] പ്രാജ്ഞനെ – സോമനീരർപ്പിയ്ക്കുന്ന യജമാനനെ. നിറയ്ക്കുന്നു – ഹവിസ്സുകൊണ്ട്. യുവതികൾ – ദിക്കുകൾ.
[8] ഇതു – ജലം.
[9] പുത്രന്മാരല്ലയോ – പുത്രകൃത്യമനുഷ്ഠിയ്ക്കുന്നില്ലയോ – അവരെയും നശിപ്പിയ്ക്കുവിൻ.
[10] സ്തുതിച്ചു – അഗ്ന്യാദികളെ. നിവിത്തുകൾ – ഒരുതരം സ്തോത്രങ്ങൾ. ദേവകളോടു ചേരില്ല – അവരെക്കൾ മഹത്ത്വമേറിയവരാണ്, നിങ്ങൾ!
[11] ഗൃഹത്തിന്നായി – ഗൃഹശ്രേയസ്സിന്നുവേണ്ടി. മുറിയാറില്ല – നിരന്തരമുണ്ടാകും.