ഭരദ്വാജൻ ഋഷി; ത്രിഷ്ടുപ്പും ജഗതിയും ഛന്ദസ്സുകൾ; വൈശ്വാനരാഗ്നി ദേവത.
വിണ്ണിന്റെ തല, മന്നിന്റെ ഉടമസ്ഥൻ, കവി, സമ്രാട്ട്, ജനങ്ങളുടെ അതിഥി, തിരുവായിലെടുക്കുന്നവൻ – ഇങ്ങനെയുള്ള വൈശ്വാനരാഗ്നിയെ ഋത്വിക്കുകൾ യാഗത്തിന്നുവേണ്ടി ഉൽപാദിപ്പിച്ചു.1
യജ്ഞങ്ങളുടെ മുരട്, ധനങ്ങളുടെ ഈടുവെപ്പ്, ഒരു വലിയ കുട്ടകം, യാഗങ്ങളുടെ തേരാളി, അധ്വരത്തിന്റെ കൊടിമരം – ഇങ്ങനെ സംസ്തൂയമാനനായ വൈശ്വാനരനെ ഋത്വിക്കുകൾ ഉൽപാദിപ്പിച്ചു.2
അഗ്നേ, അന്നവാൻ അങ്ങയിങ്കൽനിന്നു മേധാവിയായിച്ചമയുന്നു; അങ്ങയിങ്കൽനിന്നു, കീഴമർത്തുന്ന വീരന്മാർ പിറക്കുന്നു. വൈശ്വാനര, തമ്പുരാനേ, അവിടുന്നു സ്പൃഹണീയങ്ങളായ ധനങ്ങൾ ഞങ്ങളിൽ വെച്ചാലും!3
അമൃത, പിറക്കുമ്പോഴെയ്ക്കും ഭാവാങ്കൽ രശ്മികളെല്ലാം, ഒരു കിടാവിങ്കലെന്നപോലെ വന്നുചേരുന്നു. വൈശ്വാനര, അങ്ങനെ അച്ഛനമ്മമാരുടെ ഇടയിൽ വിളങ്ങുന്ന അങ്ങയ്ക്കായി കർമ്മങ്ങളനുഷ്ഠിച്ചവർ അമൃതത്വമടയുന്നു!4
അഗ്നേ, വൈശ്വാനര, അങ്ങയുടെ ആ വമ്പിച്ച കർമ്മങ്ങളെ ആരും എതിർക്കില്ല: അങ്ങ് അച്ഛനമ്മമാരുടെ ഇടയിൽ നടന്നു, കതിരവനെ കണ്ടുപിടിച്ചുവല്ലോ!5
വർഷസൂചകമായ വൈശ്വാനരന്റെ തേജസ്സിനാൽ വാനിന്റെ മുകൾവശങ്ങൾ വിരചിയ്ക്കപ്പെട്ടു; ഭുവനങ്ങളെല്ലാം തന്തിരുവടിയുടെതന്നെ മൂർദ്ധാവിൽ കുടികൊള്ളുന്നു; ശാഖകൾപോലെ സപ്തനദികളും മുളയ്ക്കുന്നു.6
യാതൊരു സുകർമ്മാവായ കവി ജലങ്ങളെയും, വാനിന്റെ തിളക്കങ്ങളെയും വിരചിച്ചുവോ; യാതൊരുവൻ ഭുവനമെല്ലാം തഴപ്പിച്ചുവോ; ആ വൈശ്വാനരൻ ബാധയെന്നിയേ ഒരു കാവല്ക്കാരനായി, അമൃതം രക്ഷിച്ചുപോരുന്നു!7
[1] ജനങ്ങൾ – യജമാനർ. തിരുവായിലെടുക്കുന്നവൻ – ഹവിസ്സിനെ. ഉൽപാദിപ്പിച്ചു – അരണി കടഞ്ഞ്.
[2] കുട്ടകം – മഴവെള്ളത്തിന്നു മുറ്റത്തു വെയ്ക്കുന്ന ഒരുതരം പാത്രം; അതു മഴവെള്ളത്തെ എന്നപോലെ, അഗ്നി ആഹുതികളെ ഉൾക്കൊള്ളുന്നു. തേരാളി – നേതാവ്, കൊണ്ടുനടക്കുന്നവൻ.
[3] അന്നവാൻ – അങ്ങേയ്ക്കു ഹവിസ്സർപ്പിച്ചവൻ മേധാവിയായിച്ചമയുന്നു; അവന്നു വീരപുത്രന്മാർ പിറക്കുന്നു.
[4] ഒരു കിടാവിങ്കലെന്നപോലെ – കുട്ടിയെ കാണാൻ ബന്ധുക്കൾ ചെല്ലുന്നതുപോലെ. അച്ഛനമ്മമാർ – ദ്യാവാപൃഥിവികൾ. അമൃതത്വം = ദേവത്വം.
[5] കതിരവനെ – രാഹുവിനാൽ മറയ്ക്കപ്പെട്ട സൂര്യനെ.
[6] വാനിന്റെ മുകൾവശങ്ങൾ – നക്ഷത്രഗോളങ്ങൾ; അല്ലെങ്കിൽ, ധൂമത്തിന്റെ വികാരമായ മേഘങ്ങൾ. ഭുവനങ്ങൾ = ജലങ്ങൾ. മൂർദ്ധാവിൽ – മേഘമായി പരിണമിച്ച ധൂമത്തിൽ. ഭുവനങ്ങൾ (ലോകങ്ങൾ) വൈശ്വാനരനാകുന്ന പരബ്രഹ്മത്തിന്റെ ഉപരിഭാഗത്തു കുടികൊള്ളുന്നു എന്നും അർത്ഥം കല്പിയ്ക്കാം. ശാഖകൾപോലെ – വൃക്ഷത്തിന്മേൽ കൊമ്പുകൾ മുളയ്ക്കുന്നതുപോലെ. മുളയ്ക്കുന്നു – മഴമൂലം ഉദ്ഭവിയ്ക്കുന്നു.
[7] വാനിന്റെ തിളക്കങ്ങൾ – നക്ഷത്രങ്ങൾ. അമൃതം = ജലം.