ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
അന്നവാനായി വൃഷാവായി വിളങ്ങുന്ന ജാതവേദസ്സിന്റെ ബലം ഞാൻ യജ്ഞത്തിൽ ചിക്കെന്നു വർണ്ണിക്കാം; വൈശ്വാനരാഗ്നിയെപ്പറ്റി, പരിശുദ്ധവും മനോജ്ഞവുമായ ഒരതിനൂതനസ്തവവും, സോമനീർപോലെ ഇറ്റിറ്റു വീഴും.1
കർമ്മപാലകനായ വൈശ്വാനരാഗ്നി പരമവ്യോമത്തിൽ പ്രാദുർഭവിച്ചു, കർമ്മങ്ങളെ സംരക്ഷിയ്ക്കുന്നു. അന്തരിക്ഷത്തെയും വിരചിച്ച ആ സുകർമ്മാവു മഹത്ത്വംകൊണ്ടു സ്വർഗ്ഗത്തെ സ്പർശിച്ചു!2
മിത്രനായ, അദ്ഭുതരൂപനായ വൈശ്വാനരൻ ദ്യാവാപൃഥിവികളെ ഉറപ്പിച്ചു; വെളിച്ചംകൊണ്ട് ഇരുളിനെ കുഴിച്ചുമൂടി; വാനൂഴികളെ, രണ്ടു തോലുകളെപ്പോലെ പരത്തി. എല്ലാ വീര്യവുമുണ്ട്, അവിടെയ്ക്കു്!3
വൈശ്വാനരാഗ്നിയെ അന്തരിക്ഷത്തിൽ മരുത്തുക്കൾ കണ്ടറിഞ്ഞു; പ്രജകൾ പരിപൂജ്യനായ തമ്പുരാനെ സ്തുതിച്ചു. അദ്ദേഹത്തെ ദൂതനായ വായു ദൂരത്തുനിന്ന് – സൂര്യങ്കൽനിന്ന് – ഇങ്ങോട്ടു കൊണ്ടുപോന്നു.4
അഗ്നേ, യജ്ഞാർഹനായ ഭവാനെ കാലേ കാലേ പുതുമയിൽ സ്തുതിയ്ക്കുന്നവർക്കു് ധനവും പുകൾപ്പെടുന്ന പുത്രനെയും കല്പിച്ചു നല്കുക; ജരയേശാത്ത തമ്പുരാനേ, അനർത്ഥം പുലമ്പുന്നവനെ, ഒരു മരത്തെയെന്നപോലെ, അവിടുന്നു തേജസ്സുകൊണ്ടു, വജ്രംകൊണ്ടെന്നപോലെ വെട്ടി കമിഴ്ത്തിവീഴിച്ചാലും!5
അഗ്നേ, ഹവിര്യുക്തരായ ഞങ്ങളിൽ അവിടന്നു് ഇടിവും മുടിവും വരാത്ത സുവീര്യമായ ധനം നിക്ഷേപിച്ചാലും. അഗ്നേ, വൈശ്വാനര, ഞങ്ങൾ ഭവാന്റെ രക്ഷയാൽ നൂറുമായിരവുമായി അന്നം നേടുമാറാകണം!6
യജനീയ, മൂന്നിടങ്ങളിലിരിയ്ക്കന്നവനേ, അവിടുന്നു് അഹിംസിതങ്ങളായ സ്വരക്ഷകൾകൊണ്ടു ഞങ്ങളുടെ സ്തോതാക്കളെ പാലിച്ചാലും; അഗ്നേ, വൈശ്വാനര, സ്തുതിയ്ക്കപ്പെടുന്ന നിന്തിരുവടി ഞങ്ങളുടെ ബലം നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്താലും!7
[1] ഇറ്റിറ്റുവീഴും – ഞാൻ ഒരു സ്തവവും ചൊല്ലാം.
[2] പരമവ്യോമം = ഉൽകൃഷ്ടാകാശം. അന്തരിക്ഷത്തെയും – മൂന്നു ലോകത്തെയും എന്നർത്ഥമെടുക്കണം. മഹത്ത്വംകൊണ്ട് – വൈശ്വാനരന്റെ മഹത്ത്വം (തേജസ്സ്) സ്വർഗ്ഗത്തിലെത്തി.
[3] മിത്രൻ – എല്ലാവർക്കും സുഹൃത്തു്.
[4] കണ്ടറിഞ്ഞു – വൈദ്യുതാഗ്നി ഇതുതന്നെയാണെന്ന്. സൂര്യന്റെ അടുക്കലായിരുന്നു, വൈശ്വാനരൻ.
[5] പുതുമയിൽ സ്തുതിയ്ക്കുന്നവർക്കു – പുതിയ സ്തോത്രം ചൊല്ലുന്ന ഞങ്ങൾക്കു.
[7] മൂന്നിടങ്ങൾ – ത്രിലോകങ്ങളോ, ആഹവനീയാദിസ്ഥാനങ്ങളോ.