ഭരദ്വാജൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; സവിതാവ് ദേവത.
ആ സുകർമ്മാവായ ദേവൻ സവിതാവ് ദാനത്തിനായി പൊന്നുതൃക്കൈകൾ പൊക്കുന്നു – മഹനീയനും സുയജ്ഞനും ഉലകത്തെത്താങ്ങുന്നവനുമായ ആ യുവാവു ജലപൂർണ്ണങ്ങളായ കൈപ്പടങ്ങൾ നീട്ടുന്നു! 1
സവിതൃദേവന്റെ അനുജ്ഞയ്ക്കും ശ്രേഷ്ഠമായ ധനദാനത്തിനും നാം പാത്രീഭവിയ്ക്കുക: നിന്തിരുവടിയാണല്ലോ, എല്ലാ ഇരുകാലികളെയും വളരെ നാല്ക്കാലികളെയും നിലനിർത്തുന്നതും, അനുജ്ഞ നല്കുന്നതും!2
സവിതാവേ, നിന്തിരുവടി അഹിംസിതവും സുഖകരവുമായ തേജസ്സുകൊണ്ട് ഇപ്പോൾ ഞങ്ങളുടെ ഗൃഹം പരിപാലിച്ചാലും. ഹിതരമ്യഭാഷിയായ ഭവാൻ പുതിയ സുഖം തന്നു രക്ഷിച്ചാലും; അനർത്ഥം നേരുന്നവൻ ഞങ്ങളെ കീഴ്പെടുത്തരുത്!3
പൊന്നുകൈപ്പടവും പൊന്നണക്കടയും, മധുരഭാഷണവും ചേർന്ന ദാനതൽപരനായ സവിതൃദേവൻ രാവറുതിതോറും പള്ളിയുണരട്ടെ: ഈ യജനീയനാണല്ലോ, ഹവിർദ്ദാവിന്നു വളരെദ്ധനം കല്പിച്ചയയ്ക്കുന്നതു്!4
യാതൊരുവൻ ഭൂമിയിൽനിന്ന് അന്തരിക്ഷത്തിന്റെ മുകളിലേയ്ക്കു കേറുകയും, യാത്രയിൽ വലുതിനെയെല്ലാം രമിപ്പിയ്ക്കുകയും ചെയ്യുന്നുവോ; ആ സവിതാവ്, ഒരു വക്കീൽപോലെ, അഴകൊത്ത പൊന്നുതൃക്കൈകൾ പൊക്കട്ടെ!5
സവിതാവേ, ഭവാൻ ഞങ്ങൾക്കു ധനം ഇന്നും, ധനം നാളെയും, ധനം നിച്ചലും അനുവദിയ്ക്കണം: ദേവ, വളരെ പൊറുപ്പുമുതലുണ്ടല്ലോ, അങ്ങയ്ക്ക്; അതിനാൽ, ഞങ്ങൾ ഈ സ്തുതികൊണ്ടു ധനവാന്മാരാകണം! 6