ഭരദ്വാജൻ ഋഷി; ജഗതി ഛന്ദസ്സ്; ദ്യാവാപൃഥിവികൾ ദേവത.
തിളങ്ങുന്നവർ, ജീവജാലത്തിന്നാധാരഭൂതകൾ, വിശാലകൾ, പ്രഥിതകൾ, ജലം പൊഴിയ്ക്കുന്നവർ, സുരൂപകൾ, വരുണൻ താങ്ങുകയാൽ ഉറപ്പുറ്റവർ, ജരാരഹിതകൾ, രേതസ്സേറിയവർ – ഇങ്ങനെയുള്ളവരാകുന്നു, ദ്യാവാപൃഥിവികൾ.1
വേറിട്ടുനില്ക്കുന്ന, ധാരകളേറിയ, ശുചിവ്രതകളായ ഈ പയസ്വിനികൾ ശോഭനകർമ്മാവിന്നു ജലം ചുരത്തുന്നു. ദ്യവാപൃഥിവികളേ, ഈ ഭുവനത്തിന്റെ റാണിമാരായ നിങ്ങൾ ഞങ്ങളിൽ മനുഷ്യഹിതമായ രേതസ്സു പകരുവിൻ!2
ധിഷണകളായ ദ്യാവാപൃഥിവികളേ, നിങ്ങളുടെ സുഖഗമനത്തിന്നു യാതൊരു മനുഷ്യൻ (ഹവിസ്സു) നില്ക്കുന്നുവോ, അവൻ സിദ്ധകാമനാകും; സന്താനങ്ങളെക്കൊണ്ടു വളരും. കർമ്മത്തിന്നുമേൽ, നിങ്ങൾ പകർന്ന (രേതസ്സുകൾ) നാനാവർണ്ണങ്ങളായി സമാനകർമ്മങ്ങളോടെ ജനിയ്ക്കുന്നു.3
ഉദകം ചൂഴുന്നവരും, ഉദകത്തിൽ നില്ക്കുന്നവരും, ഉദകത്തോടു ചേർന്നവരും, ഉദകത്തെ വർദ്ധിപ്പിയ്ക്കുന്നവരുമാകുന്നു, വിശാലപ്രഥിതകളായ ദ്യാവാപൃഥിവികൾ; യജ്ഞത്തിൽ പുരസ്കരിയ്ക്കപ്പെട്ട ഇവരോടു തന്നെയാണ്, പ്രാജ്ഞന്മാർ യജനത്തിന്നായി സുഖം യാചിയ്ക്കുന്നത്!4
ജലമുണ്ടാക്കുന്ന, ജലം ചുരത്തുന്ന,ജലം പൊഴിയ്ക്കുന്ന ദ്യാവാ പൃഥിവികൾ – നമുക്കു യജ്ഞവും ധനവും വലിയ യശസ്സും അന്നവും നല്ല വീര്യവും നല്ക്കുന്ന ഇരുദേവതകൾ – നമ്മളിൽ ജലം പകരട്ടെ!5
അച്ഛനും അമ്മയുമായ ദ്യോവും ഭൂവും നമുക്ക് അന്നം തരട്ടെ – വിശ്വജ്ഞകളായി, വിശിഷ്ടവ്രതകളായി, വിശ്വോൽപാദികകളായി വിളയാടുന്ന ദ്യാവാപൃഥിവികൾ നമുക്കുവേണ്ടുന്ന ബലവും ധനവും അയയ്ക്കട്ടെ!6
[1] രേതസ്സേറിയവർ – വളരെ പ്രജകളെ ഉൽപാദിപ്പിയ്ക്കുന്നവർ എന്നർത്ഥം.
[2] ധാരകൾ – ദ്യോവിൽ വൃഷ്ടിധാര, ഭൂവിൽ രസ(ആവി)ധാര. പയസ്വിനികൾ – നല്ല പയസ്സു (ജലം, പാൽ) ള്ളവർ. രണ്ടംവാക്യം പ്രത്യക്ഷോക്തി: മനുഷ്യഹിതമായ – പ്രജോൽപാദനശക്തമായ.
[3] സമനകർമ്മങ്ങളോടെ ജനിയ്ക്കുന്നു – ഒരേമട്ടിൽ പ്രാണികളായി പിറക്കുന്നു.
[4] സുഖം യാചിയ്ക്കുന്നത് – സുഖാവസരത്തിലേ യാഗം നടക്കുകയുള്ളുവല്ലോ.