അഗ്നിപുത്രൻ കുമാരനോ വസിഷ്ഠനോ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; പർജ്ജന്യൻ ദേവത.
ഈ മധു ചുരത്തുന്ന അകിടിനെ ഏവ കറക്കുമോ, ആ അഗ്രം തിളങ്ങുന്ന മൂന്നു വാക്കുകൾ നീ ഉച്ചരിയ്ക്കുക: ആ വൃഷഭൻ വത്സനെ ഓഷധികളുടെ ഗർഭമാക്കിക്കൊണ്ടു, ജനിച്ചപ്പോൾത്തന്നെ മുക്രയിടുന്നു!1
ആർ ഓഷധികളെ, ആർ ജലങ്ങളെ തഴപ്പിയ്ക്കുമോ, ആർ ഉലകിന്നെല്ലം ഉടയവനോ; ആ ദേവൻ നമുക്കു മൂന്നുനിലയുള്ള ഗൃഹവും, തേടേണ്ടുന്ന തേജസ്സും തന്നരുളട്ടെ!2
തന്തിരുവടിയുടെ ഒരു രൂപം പേറു മാറിയ പയ്യാണു്; മറ്റൊരു രൂപം പെറ്റ പയ്യും. ശരീരം യഥേഷ്ടമാക്കും, അവിടുന്നു്: അമ്മ അച്ഛങ്കൽനിന്നു തണ്ണീർ വാങ്ങുന്നു; അതുകൊണ്ടു് അച്ഛനും, അതുകൊണ്ടുതന്നെ മക്കളും വളരുന്നു!3
എല്ലാബ്ഭവനവും മൂന്നു വിണ്ണുലകും ആരിൽ നില്ക്കുന്നുവോ; ആരിൽനിന്നു ജലം മൂന്നായി പുറപ്പെടുന്നുവോ; ആ മഹാനു ചുറ്റും സേക്താക്കളായ മൂന്നുതരം മേഘങ്ങൾ തണ്ണീർ പൊഴിയ്ക്കുന്നു!4
ഈ സ്തോത്രം സ്വയംപ്രകാശനായ പർജ്ജന്യന്ന് ഉള്ളുൽത്തട്ടട്ടെ; അവിടുന്നു സ്വീകരിയ്ക്കട്ടെ. നമുക്കു സുഖകരമായ മഴയുണ്ടാകട്ടേ; ദേവൻ രക്ഷിച്ചുപോരുന്ന സസ്യങ്ങൾ ഫലസമൃദ്ധങ്ങളാകട്ടെ!5
ആ വൃഷഭൻ വളരെപ്പേരിൽ രേതസ്സു തൂകുന്നു. അവങ്കലാണു്, ചരാചരങ്ങളുടെ ശരീരം. ആ ജലം എന്നെ നൂറ്റാണ്ടു ജീവിപ്പാൻ രക്ഷിയ്ക്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’6
[1] ഋഷി, തന്നോടുതന്നെ പറയുന്നു: മധു – ജലം. അകിട് – മേഘം. അഗ്രം തിളങ്ങുന്ന – പ്രണവപൂർവ്വകങ്ങളായ. മൂന്നു വാക്കുകൾ – ഋഗ്യജ്ജൂസ്സാമസൂക്തങ്ങൾ; ഇവയാൽ പ്രസാദിച്ച പർജ്ജന്യൻ മേഘത്തെക്കൊണ്ടു് മഴ പെയ്യിയ്ക്കുമെന്നർത്ഥം. ആ വൃഷഭൻ – വർഷിതാവായ പർജ്ജന്യൻ. വത്സനെ – വൈദ്യുതാഗ്നിയെ. ഓഷധികളുടെ ഗർഭമാക്കിക്കൊണ്ടു് – സസ്യങ്ങളിൽ പ്രവേശിപ്പിച്ചുകൊണ്ട് – മുക്രയിടുന്നു – ഇടിവെട്ടുന്നു; വൃഷഭം (കാള) മുക്രയിടുമല്ലോ.
[2] ആ ദേവൻ – പർജ്ജന്യൻ.
[3] പേറു മാറിയ പയ്യ് പാൽ കൊടുക്കില്ലല്ലോ; അതുപോലെ, വെള്ളമില്ലാത്തതാണു്, പർജ്ജനുന്യന്റെ ഒരു രൂപം. പെറ്റ പയ്യും – വെള്ളമുള്ളതു്. യഥേഷ്ടമാക്കും – നിർജ്ജലവുമാക്കും, സജലവുമാക്കും. അമ്മ – ഭൂവ്. അച്ഛൻ – ദ്യോവ്. അതു ഹവിസ്സായി കിട്ടി അച്ഛൻ (ദ്യോവു) വളരുന്നു. അതുകൊണ്ടുതന്നെ – ആ തണ്ണീരിനാൽത്തന്നെ. മക്കൾ – ഭൂവിലെ പ്രാണികൾ.
[4] മൂന്നായി – കിഴക്കോട്ടും, പടിഞ്ഞാട്ടും, കിഴ്പോട്ടുമായി. സേക്താക്കൾ – വെള്ളം പാറ്റുന്നവ. മൂന്നുതരം – പൗരസ്ത്യ – പാശ്ചാത്യോ – ദീച്യങ്ങൾ.
[5] ദേവൻ – പർജ്ജന്യൻ.
[6] ഒരു കാള പൈക്കളിൽ രേതസ്സു (ശുക്ലം) തൂകുന്നതുപോലെ പർജ്ജന്യൻ വളരെപ്പേരിൽ (ഓഷധികളിൽ) ജലം പൊഴിയ്ക്കുന്നു.ആ – പർജ്ജന്യൻ തന്ന.