വസിഷ്ഠൻ; ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിഷ്ണു ദേവത.
ആർ ഉരുഗേയനായ വിഷ്ണുവിന്ന് (ഹവിസ്സു) നല്കമോ; ആർ ഇത്രയുംപ്പോന്ന മനുഷ്യഹിതനെ കൂടെചെല്ലുന്ന സ്തോത്രംകൊണ്ടു പൂജിയ്ക്കുകയും പരിചരിയ്ക്കുകയും ചെയ്യുമോ; ആ മനുഷ്യൻ ഇച്ഛിച്ച ധനം നേടൂം!1
വിഷ്ണോ, കിട്ടേണ്ടതു കിട്ടിയ്ക്കുന്നവനേ, അങ്ങ് വിശ്വജനീനവും നിരവദ്യവുമായ നന്മനസ്സരുളിയാലും: ഞങ്ങൾ വഴിപോലെ നേടേണ്ടുന്ന, വളരെപ്പേരെ ആഹ്ലാദിപ്പിയ്ക്കുന്ന, അശ്വയുക്തമായ ഭൂരിസമ്പത്തോടു ചേരട്ടെ!2
ഈ ദേവൻ ഒരുനൂറൂരശ്മികളുള്ള ലോകങ്ങളെ മഹിമാവിനാൽ മൂന്നടികൊണ്ടളന്നുവല്ലോ. വളർന്നവനെക്കാൾ വളർന്നവനായ വിഷ്ണു നമ്മുടെ സ്വാമിയായി വരട്ടെ; തിളങ്ങുന്ന ഒന്നാണല്ലോ, ഈ പ്രവൃദ്ധന്റെ തിരുനാമം!3
ദേവകൾക്കു പാർക്കാൻ കൊടുക്കാനത്രേ, വിഷ്ണു ഈ ലോകമെല്ലാം അളന്നത്. തന്തിരുവടിയെ സ്തുതിയ്ക്കുന്നവർക്ക് ഇളക്കം വരില്ല: സുജന്മാവായ അവിടുന്നു വലിയ പാർപ്പിടം കല്പിച്ചുകൊടുക്കും!4
ശിപിവിഷ്ട, അങ്ങയുടെ ആ തിരുനാമത്തെ, ജ്ഞാതവ്യങ്ങളറിഞ്ഞ ഉടമസ്ഥനായ ഞാൻ ഇപ്പോൾ കീർത്തിച്ചുകൊള്ളുന്നു: ഈ ഉലകിന്റെ അകലത്തു വസിയ്ക്കുന്ന ആ വലിയവനായ നിന്തിരുവടിയെ എളിയവനായ ഞാൻ പുകഴ്ത്തിപ്പാടുന്നു.5
വിഷ്ണോ, ‘ഞാൻ ശിപിഷ്ടനാണെ’ന്നല്ലേ, ഭവാൻ അരുളിച്ചെയ്തതു്; ആ പേര് പറയാൻ കൊള്ളാമോ? ആ തിരുവുരു ഞങ്ങളിൽ നിന്നു മറയ്ക്കരുതു്: മറ്റൊരു രൂപം പൂണ്ടാണല്ലോ, അങ്ങ് യുദ്ധത്തിൽ വന്നതു്!6
വിഷ്ണോ, അങ്ങയ്ക്കു ഞാൻ വഷ്ട്കാരം ഉച്ചരിയ്ക്കുന്നു: ശിപിവിഷ്ട, അങ്ങ് എന്റെ ഈ ഹവിസ്സു കൈക്കൊണ്ടാലും. എന്റെ നല്ല സ്തുതിവാക്യങ്ങൾ അങ്ങയെ വളർത്തട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’ 7
[2] കിട്ടിയ്ക്കുന്നവനേ – സ്തോതാക്കൾക്ക്. അരുളിയാലും – ഞങ്ങളിൽ.
[3] നാമത്തിനു രൂപമെന്നും അർത്ഥമുണ്ട്.
[5] ഉടമസ്ഥൻ – ഹവിസ്സുകളുടെ.
[6] പണ്ടൊരിയ്ക്കൽ, വിഷ്ണു വേഷപ്രച്ഛന്നനായി വസിഷ്ഠനെ യുദ്ധത്തിൽ സഹായിച്ചു. ഇതറിഞ്ഞു വസിഷ്ഠൻ വിഷ്ണുവിനോടു് പറയുന്നു: ആ പേര് പറയാൻ കൊള്ളാമോ? – ശിപിവിശിഷ്ടൻ എന്നതിന്ന് അശ്ലീലമായ ഒരർത്ഥമുണ്ടു്. ആ തിരുവുരു – വൈഷ്ണവരൂപം.