വസിഷ്ഠൻ ഋഷി; അനുഷ്ടുപ്പും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; മണ്ഡുകങ്ങൾ ദേവത.
വ്രതമനുഷ്ഠിയ്ക്കുന്ന ബ്രാഹ്മണർപോലെ, ഒരാണ്ടു് ഉറങ്ങിക്കിടന്ന തവളകൾ പർജ്ജന്യനെ പ്രീതിപ്പെടുത്തുന്ന വാക്കുകൾ ഉച്ചരിയ്ക്കുന്നു!1
തോൽത്തുരുത്തികൾപോലെ ചുങ്ങി, പൊയ്കയിൽ കിടക്കുന്ന ഈ തവളകൾ, മഴവെള്ളം ദേഹത്തിൽ വീഴുന്നതോടേ, കന്നുകളോടു ചേർന്ന പൈക്കളുടെ ഉമ്പവിളിയ്ക്കൊത്ത ശബ്ദം പുറപ്പെടുവിച്ചുതുടങ്ങും.2
വർഷാരംഭത്തിൽ മഴ പെയ്താൽ, ദാഹിച്ചു കൊതിയ്ക്കുന്ന ഈ തവളകൾ ‘അക്ഖല’ എന്നു കരയുകയായി – ഒന്നു ശബ്ദിയ്ക്കുന്ന മറ്റൊന്നിന്റെ അടുക്കൽ, മകൻ അച്ഛങ്കലെന്നപോലെ ചെല്ലും.3
വർഷത്താൽ ഹർഷം പൂണ്ട ഇരുവരിൽ, ഒന്നു മറ്റൊന്നിനെ പിന്തുടർന്നു പിടിയ്ക്കുന്നു; മഴയേറ്റു കുതിച്ചുചാടുന്ന ഒരു തവിട്ടുതവള ഒരു പച്ചത്തവളയോടു സല്ലപിയ്ക്കുന്നു!4
ഈ നിങ്ങളിൽ ഒന്നു മറ്റതിന്റെ വാക്കിനെ, ശിഷ്യൻ ഗുരുവിന്റേതിനെയെന്നപോലെ ചൊല്ലുന്നു. വെള്ളത്തിൻമീതെ ചാടുന്ന ശോഭനവചനരായ നിങ്ങളുടെ മുഴച്ചിരുന്ന ദേഹമെല്ലാം തഴച്ചുകഴിഞ്ഞു!5
ഇവയിൽ ഒന്നിന്റെ ഒച്ച പയ്യിന്റേതുപോലെ; മറ്റൊന്നിന്റെ ഒച്ച ആടിന്റേതുപോലെ. ഒന്നു തവിട്ടുനിറത്തിൽ, മറ്റൊന്നു പച്ചനിറത്തിൽ ഇങ്ങനെ നാനാരൂപരെങ്കിലും ഒരേപേർ വഹിയ്ക്കുന്ന ഇവ പലേടങ്ങളിലും ഒലിക്കൂട്ടിക്കൊണ്ടു വെളിപ്പെടുന്നു!6
തവളകളേ, അതിരാത്രമെന്ന സോമയാഗത്തിൽ ബ്രാഹ്മണരെന്നപോലെ, നിറപൊയ്കയ്ക്കു ചുറ്റും നിലവിളി കൂട്ടുന്ന നിങ്ങൾ ഒരാണ്ടിൽ വർഷകാല ദിവസങ്ങളിൽ പരക്കെ കാണായിവരുന്നു.7
സാംവത്സരികസ്തോത്രം ചൊല്ലുന്ന സോമയുക്തരായ ബ്രാഹ്മണർ പോലെ, ഇവ ശബ്ദം മുതിർക്കുന്നു; ചിലവ, പ്രവർഗ്ഗ്യമനുഷ്ഠിയ്ക്കുന്ന അധ്വര്യുക്കൾപോലെ വിയർത്തുകൊണ്ടു്, ഇപ്പോൾ മറവിൽനിന്നു വെളിയിൽ വരുന്നു.8
ഈ നേതാക്കൾ ദേവകളുടെ ഏർപ്പാടിനെ രക്ഷിച്ചുപോരുന്നു – ഒരാണ്ടിലെ ഋതുക്കളെ തട്ടിനീക്കുന്നില്ല; ഒരാണ്ടു തികഞ്ഞു മഴക്കാലം വന്നാൽ, വേനൽച്ചൂടിൽ വലഞ്ഞ ഇവ വിടുതി നേടും9
പയ്യൊച്ചക്കാരനും, ആടൊച്ചക്കാരനും, തവിട്ടുനിറക്കാരനും, പച്ചനിറക്കാരനും നമുക്കു ധനങ്ങൾ നല്കട്ടെ; മഴക്കാലത്തു മണ്ഡൂകങ്ങൾ നൂറുനൂറു ഗോക്കളെ തരട്ടെ; ആയുസ്സും വർദ്ധിപ്പിയ്ക്കുട്ടെ!10
[1] ഈ സൂക്തം ജപിച്ചാൽ മഴകിട്ടും: വ്രതം – സംവത്സരസത്രം. ഒരാണ്ടു് – ശരത്തുമുതൽ വർഷർത്തുവരെ. തവളകളുടെ ശബ്ദം പർജ്ജന്യസ്തുതിയാക്കി കല്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
[2] പൊയ്ക – വേനലിൽ വെള്ളം വറ്റിയ സരസ്സ്.
[3] കൊതിയ്ക്കുന്ന – വെള്ളം കിട്ടാൻ. ‘അക്ഖല’ – ശബ്ദാനുകരണം. ഒന്നു – ഒരു തവള.
[4] ഇരുവരിൽ – രണ്ടു തവളകളിൽ. തവിട്ടുതവള = തവിടിൻ നിറത്തിലുള്ള തവള. പച്ച – പച്ചനിറം. സല്ലപിയ്ക്കുന്നു – രണ്ടിന്റെയും ഒച്ച ഒന്നുപോലെയാകയാൽ, അതിന്നു സല്ലാപത്വം കല്പിച്ചിരിയ്ക്കയാണു്.
[5] ഋഷി തവളകളോടായി പറയുന്നു: വാക്കു് – ഒച്ച.
[8] ഇവ – തവളകൾ. പ്രവർഗ്ഗ്യം – മഹാവീരമെന്ന കുലം പഴുപ്പിയ്ക്കൽ, മയക്കൽ. ഇപ്പോൾ – മഴ പെയ്ക്കപ്പോൾ. മറവിൽനിന്നു് – അനങ്ങാതെ കിടക്കുകയായിരുന്ന മടയിൽനിന്നു്.
[9] ഈ നേതാക്കൾ – മണ്ഡൂകങ്ങൾ. ഏർപ്പാടിനെ—ഇന്ന ഋതുവിൽ ഇന്ന മാതിരി എന്ന നിശ്ചയത്തെ. തട്ടിനീക്കുന്നില്ല – ഓരോ ഋതുവിന്നും വഴങ്ങുന്നു. വിടുതി നേടും – മടയിൽനിന്നു പുറത്തിറങ്ങും.