വസിഷ്ഠൻ ഋഷി; ജഗതിയും ത്രിഷ്ടുപ്പും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രസോമാദികൾ ദേവത.
വൃഷാക്കളായ ഇന്ദ്രാസോമന്മാരേ, നിങ്ങൾ ഇരുട്ടിൽ വളരുന്ന രാക്ഷസരെ തപിപ്പിയ്ക്കണം, ഹിംസിയ്ക്കണം, അടിച്ചമർത്തണം – മൂഢരെ പിന്തിരിപ്പിയ്ക്കണം; ചുട്ടെരിയ്ക്കണം; കൊല്ലണം; ആട്ടിപ്പായിയ്ക്കണം; തിന്മന്മാരെ ചടപ്പിയ്ക്കണം!1
ഇന്ദ്രസോമന്മാരേ, കുറ്റം പറഞ്ഞു തട്ടിക്കേറുന്നവനെ നിങ്ങൾ കീഴമർത്തണം: അവൻ, തിയ്യിൽ വെച്ച ചരുപോലെ തിളച്ചുകുറുകട്ടെ. ‘ഇനിയെന്ത്’‘ എന്നിങ്ങനെ നടക്കുന്ന ഘോരാകാരനെ, ബ്രാഹ്മണ ദ്വേഷിയായ ഇറച്ചിതീനിയെ നിങ്ങൾ നിരന്തരമായ അരിശത്തിന്നു ലക്ഷ്യമാക്കുവിൻ!2
ഇന്ദ്രസോമന്മാരേ, നിങ്ങൾ ദുഷ്കർമ്മികളെ നിരാലംബമായ ഇരുട്ടിൽപ്പെടുത്തി പ്രഹരിയ്ക്കുവിൻ: അതിൽ നിന്ന് ഒരുത്തനും പുറത്തുപോകരുതു് കീഴമർത്തുന്നതായിത്തീരട്ടെ, നിങ്ങളുടെ ക്രോധം കലർന്ന ബലം!3
ഇന്ദ്രാസോമന്മാരേ, നിങ്ങൾ വിണ്ണിൽ നിന്നു കൊലയായുധം ഉണ്ടാക്കുവിൻ: കുറ്റം പുലമ്പുന്നവനെ കൊല്ലാൻ മിന്നിൽനിന്നും ഉണ്ടാക്കുവിൻ. രാക്ഷസത്തടിയനെ വധിയ്ക്കാൻ മേഘങ്ങളിൽനിന്നു് ഇടിവാളെടുക്കുവിൻ!4
ഇന്ദ്രസോമന്മാരേ, നിങ്ങൾ വാനത്തുനിന്നു് എമ്പാടും ചാട്ടുവിൻ: ഏറ്റാൽപ്പൊള്ളുമാറു തിയ്യിൽപ്പഴുപ്പിച്ച, തുരുമ്പുപിടിയ്ക്കാത്ത ഇരിമ്പായുധങ്ങൾകൊണ്ടു് തിന്മന്റെ വാരിഭാഗം തുളയ്ക്കുവിൻ; അവർ ഒച്ചയിടാതെ ഓടിപ്പോകട്ടെ!5
ഇന്ദ്രാസോമന്മാരേ, ഞാൻ ബുദ്ധിയാൽ നിങ്ങൾക്കയയ്ക്കുന്ന ഈ സ്തോത്രം ബലവാന്മാരായ നിങ്ങളെ വാറു കുതിരയെയെന്നപോലെ എമ്പാടും ചുറ്റട്ടെ: നിങ്ങൾ ഈ സ്തവങ്ങളെ, രണ്ടു രാജാക്കന്മാരെന്നപോലെ നിറയ്ക്കുവിൻ!6
ഇന്ദ്രാസോനന്മാരേ, നിങ്ങൾ കുതിച്ചോടുന്ന കുതിരകളിലൂടേ ഇങ്ങോട്ടു വരുവിൻ: മുടിച്ചു ദ്രോഹിയ്ക്കുന്ന രാക്ഷസന്മാരെ വധിയ്ക്കുവിൻ. ഞങ്ങളെ യാതൊരു ദ്രോഹി വല്ലപ്പോഴും ഉപദ്രവിയ്ക്കുമോ, ആ പാപിയ്ക്കു സുഖമുണ്ടാക്കരുതു്!7
ഇന്ദ്ര, മനശുദ്ധിയോടേ പെരുമാറുന്ന എങ്കൽ അസത്യവാദിത്വം ചുമത്തുന്നതെവനോ; ആ നുണയൻ, മുഷ്ടിയിലെടുത്ത വെള്ളം പോലെ ഉതിർന്നുപോകട്ടെ!8
പരിപക്വവചനനെ എവർ സ്വാർത്ഥപരതയാൽ പഴിയ്ക്കുമോ, നല്ലവനെ പ്രബലരായ എവർ ദുഷിയ്ക്കുമോ, അവരെ സോമൻ പാമ്പിന്നു കൊടുക്കട്ടെ; അല്ലെങ്കിൽ നിര്യതിയുടെ മടിയിലിരുത്തട്ടെ!9
ആഗ്നേ, ആർ നമ്മുടെ അന്നത്തിന്റെ, ആർ കുതിരകളുടെ, ആർ ഗോക്കളുടെ, ആർ ശരീരത്തിന്റെ സത്തു കെടുത്താൻ നോക്കുമോ, ആ കക്കുന്ന കള്ളനായ ദ്രോഹി കൊല്ലപ്പെടട്ടെ; അവന്റെ ദേഹവും മകനും നശിച്ചുപോകട്ടെ!10
ആർ ഞങ്ങളെ അഹസ്സിൽ, ആർ രാത്രിയിൽ കൊല്ലാൻ നോക്കുമോ, അവൻ ദേഹത്തോടും പുത്രനോടും വേർപെടട്ടെ; ദേവന്മാരേ, അവന്റെ യശസ്സ് ഉണങ്ങിപ്പോകട്ടെ!11
ഇതു് അഭിജ്ഞർക്കു് എളുപ്പത്തിൽ അറിയാം: നേരും നുണയും തമ്മിൽ മത്സരിയ്ക്കയാണ്; അവയിൽ സത്യവും സരളവുമായിട്ടുള്ള വാക്കിനെ സോമൻ രക്ഷിയ്ക്കും; അസത്യത്തെ തള്ളും!12
പാപിയെയും, ഭോഷ്കു പറയുന്ന ബലവാനെയും സോമൻ വിട്ടയയ്ക്കില്ല; അരക്കനെ ഹനിയ്ക്കും, നുണയനെ ഹനിയ്ക്കും. ഇരുവരും ഇന്ദ്രന്റെ തടവിൽ കിടക്കും!13
അഗ്നേ, ഞാൻ അസത്യവാദിയാണെങ്കിൽ, ദേവന്മാരെ ഉപഗമിയ്ക്കുന്നതു വെറുതെയാകുമല്ലോ; ജാതവേദസ്സേ, അവിടുന്നു ഞങ്ങളിൽ അരിശപ്പെടുന്നതെന്തിന്? നുണയന്മാരെ വേണം, ഭവാൻ കൊല്ലുക!14
ഞാൻ ഒരരക്കനാണെങ്കിൽ – മനുഷ്യന്റെ ആയുസ്സു കെടുത്തവനാണെങ്കിൽ – ഇന്നു മരിച്ചുകൊള്ളാം! എന്നെ ആർ വെറുതേ അരക്കനെന്നു വിളിച്ചുവോ, അവൻ ഒരു പത്തുപുത്രന്മാരോടു വേർപെടണം!15
ആർ അരാക്ഷസനായ എന്നെ രാക്ഷസനെന്നു വിളിയ്ക്കുമോ, ഏതു രാക്ഷസൻ, ‘ഞാൻ പരിശുദ്ധനാണെ’ന്നു പുലമ്പുമോ, അവനെ ഇന്ദ്രൻ വലിയ വജ്രംകൊണ്ടു വിധിയ്ക്കട്ടെ; അവൻ എല്ലാ പ്രാണികളിലുംവെച്ചു് അധമനായി കീഴ്പതിയ്ക്കട്ടെ!16
യാതൊരുവൾ രാത്രിയിൽ ദ്രോഹിപ്പാൻ കോലം വെളുപ്പെടുത്തിക്കൊണ്ടു്, ഒരു മൂങ്ങപ്പിടപോലെ നടക്കുമോ, അവൾ അറ്റമില്ലാക്കുഴികളിൽ കമിഴ്‌ന്നുവീഴട്ടെ! അമ്മിക്കുഴകൾ ശബ്ദംകൊണ്ടു് അരക്കരെ ഹനിയ്ക്കട്ടെ!17
മരുത്തുക്കളേ, നിങ്ങൾ പ്രജകളിൽ സ്ഥിതിചെയ്യുവിൻ: യാവ ചിലർ രാത്രികളിൽ പക്ഷികളായി പറന്നുവരുമോ, യാവചിലർ ഉജ്ജ്വലമായ യാഗത്തിൽ ഉപദ്രവിയ്ക്കുമോ, ആ രാക്ഷസരെ നിങ്ങൾ ഒരുങ്ങിപ്പിടിച്ചരയ്ക്കുവിൻ!18
ഇന്ദ്ര, അങ്ങു് അന്തരിക്ഷത്തിൽനിന്ന് ഇടിവാൾ ചാട്ടുക; മഘവാവേ, സോമോത്തേജിതനെ വിശുദ്ധിപ്പെടുത്തുക; രാക്ഷസരെ കിഴക്കുനിന്നും പടിഞ്ഞാറു നിന്നും തെക്കുനിന്നും വടക്കുനിന്നും വജ്രമെയ്തു് ആട്ടിപ്പായിയ്ക്കക!19
ഇതാ, അവർ നായ്ക്കളുമായി വന്നടുക്കുന്നു: യാവചില ഹിംസാശീലർ അഹിംസ്യനായ ഇന്ദ്രനെ ഹിംസിപ്പാൻ നോക്കുമോ, ആ കള്ളന്മാർക്കു ശക്രൻ ആയുധമണയ്ക്കും – തീർച്ചയായും, ഇടിവാൾ കൊലയാളികളിൽ വീഴ്ത്തും!20
ഹവിസ്സു നശിപ്പിയ്ക്കാൻ നേരിട്ടണഞ്ഞ രാക്ഷസരെ ഇന്ദ്രൻ കൊലപ്പെടുത്തി: വന്ന രക്ഷസ്സുകളെ ശക്രൻ, മഴു മരങ്ങളെയെന്നപോലെ, മൺപാത്രങ്ങളെയെന്നപോലെ, പിളർത്തുകൊണ്ടെതിർക്കും!21
മൂങ്ങയുടെ, ചെറുമൂങ്ങയുടെ, ശ്വാവിന്റെ, ചക്രവാകത്തിന്റെ, പരുന്തിന്റെ, കഴുകിന്റെ രൂപം ധരിച്ച രക്ഷസ്സിനെ ഇന്ദ്ര, അങ്ങ് ഹനിച്ചാലും – കല്ലുകൊണ്ടെന്നപോലെ ചതച്ചാലും!22
രക്ഷസ്സു ഞങ്ങളോടടുക്കരുതു്: ‘ഇതെന്ത്, ഇതെന്തെ’ന്നു നോക്കുന്ന രാക്ഷസമിഥുനങ്ങളെ (ഉഷസ്സ്) അകറ്റട്ടെ! ഞങ്ങളെ ഭൂമി ഭൂമിയിലെ പാപത്തിൽനിന്നു പാലിയ്ക്കട്ടെ; ഞങ്ങളെ അന്തരിക്ഷം വാനിലെ പാപത്തിൽനിന്നു പാലിയ്ക്കുട്ടെ!23
ഇന്ദ്ര, ആണായ അരക്കനെയും മായകൊണ്ടു വലയ്ക്കുന്ന പെണ്ണിനെയും അവിടുന്നു കൊല്ലണം: കൊലക്കളിക്കാർ കഴുത്തു മുറിഞ്ഞു നിലവിളിയ്ക്കട്ടെ; ഉദിയ്ക്കുന്ന സൂര്യനെ അവർ കാണരുതു്!24
സോമ, അങ്ങു ഇന്ദ്രനും വെവ്വേറെ നോക്കണം, പലതരത്തിൽ നോക്കണം, ഉണർന്നിരിയ്ക്കണം: കൊലയാളികളായ രാക്ഷസരുടെ നേർക്കു നിങ്ങൾ ഇടിവാളാകുന്ന ആയുധം ചാട്ടണം!25
[1] തപിപ്പിയ്കണം = പൊള്ളിയ്ക്കണം. മൂഢൻ, തിന്മന്മാർ എന്നിവ രാക്ഷസവിശേഷങ്ങൾതന്നെ.
[2] ചരു – ഒരുതരം പായസം. ‘ഇനിയെന്തു്’ എന്നിങ്ങനെ – ഒന്നിനും കൂസലില്ലാതെ.
[3] അതു് – ഇരുട്ട്.
[5] ചാട്ടുവിൻ – ആയുധങ്ങൾ, അവർ – തിന്മന്മാർ, രാക്ഷസർ.
[6] വാറു് – ബന്ധനരജ്ജു. നിറയ്ക്കുവിൻ – ഫലങ്ങൾകൊണ്ടു്.
[9] പരിപക്വവചനൻ – സത്യഭാഷി. പാമ്പിന്നു കൊടുക്കട്ടെ – പാമ്പിനെക്കൊണ്ടു കടിപ്പിയ്ക്കട്ടെ. നിര്യതി – പാപദേവത.
[11] വേർപെടട്ടെ – ചാകട്ടെ. യശസ്സ് = കീർത്തിയോ, അന്നമോ.
[12] ഒരു രാക്ഷസൻ വസിഷ്ഠന്റെ നൂറുപുത്രന്മാരെ വധിച്ചിട്ടു, വസിഷ്ഠന്റെ രൂപം ധരിച്ചു, ‘നീ രാഷസനാകുന്നു, ഞാനാണ്, വസിഷ്ഠൻ’ എന്നും പറഞ്ഞു. വസിഷ്ഠനെ കൊല്ലാനൊരുങ്ങി. അപ്പോൾ അവനോടു വസിഷ്ഠൻ ചെയ്ത ശപഥമാണു്, ഈ ഋക്ക് മുതൽ: നേര് – സത്യവചനം.
[15] പുത്രന്മാരോടു – ബന്ധുക്കളോടൊക്കെ എന്നു ഹൃദയം.
[17] അവൾ – ആ രാക്ഷസി. അമ്മിക്കുഴകൾ-സോമലത ചതയ്ക്കുന്ന.
[19] സോമോത്തേജിതൻ = സോമത്താൽ മൂർച്ചകൂട്ടപ്പെട്ടവൻ, യജമാനൻ.
[20] അവർ – രാക്ഷസർ. കള്ളന്മാർക്കു – കള്ളന്മാരെ കൊല്ലാൻ. അണയ്ക്കും = മൂർച്ചകൂട്ടും.
[23] മിഥുനങ്ങൾ – സ്ത്രീപുരുഷർ.
[24] കൊലക്കളിക്കാർ – കൊല്ലുക എന്ന കളി കളിയ്ക്കുന്നവർ.
[25] നോക്കണം – രാക്ഷസരെ.