വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; അഗ്നി ദേവത.
യാതൊരു ദേവൻ മനുഷ്യരിൽ എന്നെന്നും കുടികൊള്ളുന്നവനും, പൊള്ളിയ്ക്കുന്ന തേജസ്സുള്ളവനും, അന്നവാനും, പാവകനുമാകുന്നുവോ; ആ മികച്ച യഷ്ടാവിനെ – അഗ്നികളോടു സഹിതനായ അഗ്നിയെ – നിങ്ങൾ അധ്വരത്തിൽ ദൂതനാക്കുവിൻ!1
തീറ്റ തിന്നു ചിനയ്ക്കുന്ന ഒരു കുതിരപോലെ, അദ്ദേഹം വലിയ തടവു വിട്ടു സ്ഥിതിചെയ്യുമ്പോൾ, അദ്ദേഹത്തിന്റെ ജ്വാല പടരുകയായി; ഉടനേ, അങ്ങയുടെ മാർഗ്ഗം കറുത്തിരുളും!2
ആഗ്നേ, പുതുതായി വെളിപ്പെട്ട ഭവാന്റെ തളരാത്ത ജ്വാലകൾ ഉയരുന്നതെപ്പൊഴോ, അപ്പോൾ നിറന്ന പുക ആകാശത്തണയും; അഗ്നേ, അവിടുന്നു ദൂതനായി ദേവന്മാരെ പ്രാപിയ്ക്കുകയും ചെയ്യും!3
അങ്ങയുടെ തേജസ്സു നിലത്തു പടർന്നിട്ട്, അന്നങ്ങളെ പല്ലുകൾകൊണ്ട് ചിക്കെന്നു കടിച്ചുതിന്നും; അങ്ങയുടെ ജ്വാല, ഒരുങ്ങിയ ഒരു സേനപോലെ നടക്കും. ദർശനീയ, ഭവാൻ യവമെന്നപോലെ, ജ്വാലകൊണ്ടു ഭക്ഷിയ്ക്കുന്നു!4
ആ അതിയുവാവായ, അതിഥിയായ അഗ്നിയെത്തന്നേ മനുഷ്യർ ഇരവുപകൽ തൽസ്ഥാനത്ത് ഉജ്ജ്വലിപ്പിച്ച്, അജസ്രഗാമിയായ ഒരശ്വത്തെയെന്നപോലെ പരിചരിച്ചുപോരുന്നു; ആഹുതനായ വൃഷാവിന്റെ ജ്വാല തിളങ്ങുകയുംചെയ്യുന്നു!5
സുതേജസ്ക, പൊന്നുപോലെ അരികത്തു വിളങ്ങുമ്പോൾ, നിന്തിരുവടിയുടെ രൂപം എത്ര ദർശനീയം! അങ്ങയുടെ ബലം, വാനിൽനിന്ന് ഇടിവാൾപോലെ പുറപ്പെടും. അങ്ങ്, വിചിത്രനായ സൂര്യൻപോലെ പ്രഭ പരത്തുന്നു!6
അഗ്നിയായ നിന്തിരുവടിയ്ക്കു സ്വാഹാ! ഞങ്ങൾ പാലും നെയ്യും ചേർന്ന ഹവിസ്സുകൾകൊണ്ടു പരിചരിയ്ക്കുമാറാകണം. അഗ്നേ അതിന്നു നിന്തിരുവടി എണ്ണമില്ലാത്ത തേജസ്സുകൾകൊണ്ടു, നൂറുപൊന്നിൻപുരികൾകൊണ്ടെന്നപോലെ ഞങ്ങളെ സംരക്ഷിച്ചാലും!7
ബലത്തിന്റെ മകനേ, ജാതവേദസ്സേ, ദാതാവായ അവിടെയ്ക്കു് അപ്രധർഷിതങ്ങളായ ജ്വാലകളുണ്ട്; പ്രജകളെ പാലിയ്ക്കുന്ന അരുളപ്പാടുകളുമുണ്ട് അവകൊണ്ടു, സ്തുതിയ്ക്കുന്ന പ്രശസ്തസൂരികളെയും ഞങ്ങളെയും ഭവാൻ സംരക്ഷിയ്ക്കണം!8
തന്റെ തഴച്ച കാന്തികൊണ്ടു തിളങ്ങുന്ന ശൂചി, അണയ്ക്കപ്പെട്ട മഴുപോലെ പുറത്തെയ്ക്കു പോന്നാൽ ദേവയജനത്തിന്നുള്ളവനായി: രണ്ടമ്മമാരിൽനിന്നു ജനിച്ചവനാണല്ലോ, കമനീയനും സുകർമ്മവുമായ ഈ പാവകൻ!9
അഗ്നേ, അങ്ങ് ഈ സൗഭാഗ്യങ്ങൾ ഞങ്ങൾക്കു തന്നരുളുക. കർമ്മിയായ ശോഭനജ്ഞാനൻ ഞങ്ങൾക്കു ജനിയ്ക്കണം. സകലവും ഉണ്ടായിവരട്ടെ, പുകഴ്ത്തുന്നവർക്കും പാടുന്നവർക്കും. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’10
[1] ദേവന്മാരോട്: അഗ്നികൾ – മറ്റഗ്നികൾ.
[2] സ്ഥിതിചെയ്യുമ്പോൾ – വൃക്ഷങ്ങളിൽ ദാവാഗ്നിയായി വത്തിയ്ക്കുമ്പോൾ. ഒടുവിലെ വാക്യം പ്രത്യക്ഷസ്തുതി.
[3] നിറന്ന – നിറമിയന്ന.
[4] അന്നങ്ങളെ – മരത്തടി മുതലായവയെ. പല്ലുകൾ – ജ്വാലകൾ. ഭക്ഷിയ്ക്കുന്നു – വനത്തെ; യവം തിന്നുന്നതുപോലെ.
[5] തൽസ്ഥാനത്ത് – ആഹവനീയസ്ഥാനത്ത്. വൃഷാവ് – അഭീഷ്ടവർഷിയായ അഗ്നി.
[7] നൂറ് – അസംഖ്യങ്ങളായ.
[9] ശുചി = അഗ്നി. പുറത്തെയ്ക്കു പോന്നാൽ – മരത്തടികളെ വിട്ടുപോന്നാൽ. രണ്ടമ്മമാർ – രണ്ടരണികൾ.
[10] ശോഭനജ്ഞാനൻ – നല്ല ജ്ഞാനമുള്ള പുത്രൻ.