വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; സമിദ്ധാദ്യഗ്നികൾ ദേവത.
അഗ്നേ, അങ്ങ് ഇപ്പോൾ ഞങ്ങളുടെ ചമതയിലിരുന്നാലും: യജനീയമായ രമണീയധൂമം പ്രസരിപ്പിച്ച് ഏറ്റവും ഉജ്ജ്വലിച്ചാലും; ചൂടുനാളങ്ങൾകൊണ്ട് ആകാശം സ്പർശിച്ചാലും; സൂര്യരശ്മികളോടു ചേർന്നാലും!1
സുപ്രജ്ഞരായ, തേജസ്വികളായ, കർമ്മങ്ങളെ നിലനിർത്തുന്നവരായ യാവചിലർ രണ്ടുതരം ഹവിസ്സുകളും ആസ്വദിക്കുമോ; ആ ദേവന്മാരിൽവെച്ചു യജ്ഞാർച്ചനീയരായ നരാശംസന്റെ മഹിമാവിനെ ഞങ്ങൾ സ്തുതിയ്ക്കുന്നു.2
സ്തുത്യനും, ബലവാനും, സുപ്രജ്ഞനും, വാനൂഴികൾക്കിടയിൽ ദൂതനും, മനുഷ്യരാലെന്നപോലെ മനുവിനാൽ വളർത്തപ്പട്ടവനുമായ സത്യഭാഷിയെ നിങ്ങൾ യാഗത്തിനായി സദാ പൂജിയ്ക്കുവിൻ!3
സപര്യാതൽപരർ കാൽമുട്ടുകൾ മടക്കിനിന്ന്, അഗ്നിയിൽ ദർഭയും ഹവ്യവും പ്രക്ഷേപിയ്ക്കുന്നു – അധ്വര്യുക്കളേ, നിങ്ങൾ നൈ തളിച്ചതായ, പുള്ളികൾ വീണ ദർഭയും ഹവിസ്സും ഹോമിച്ചു പരിചരിയ്ക്കുവിൻ!4
രഥമിച്ഛിയ്ക്കുന്ന സുകർമ്മാക്കളായ ദേവകാമന്മാർ യാഗശാലയുടെ വാതില്ക്കലെത്തി. തുമ്പു കിഴക്കോട്ടായ (ഇരുസ്രുക്കുകൾ), തള്ളപൈക്കൾ കുട്ടിയെ എന്നപോലെ, (അഗ്നിയെ) നക്കുന്നു; നദികൾ പോലെ, (അധ്വര്യുക്കൾ) നൈ പുരട്ടിയ്ക്കുന്നു.5
യുവതികളായി, ദിവ്യകളായി, മഹതികളായി, ദർഭസ്ഥിതകളായി, ബഹുസ്തുതകളായി, യജ്ഞാർഹകളായി, ധനവതികളായിരിക്കുന്ന അഹോരാത്രികൾ നല്ല കറവപ്പയ്യുപോലെ, നമ്മളിൽ നന്മയ്ക്കായിചേർന്നുനില്ക്കട്ടെ!6
മേധാവികളായ ജാതവേദസ്സുകളേ, മനുഷ്യരുടെ യാഗങ്ങളിൽ കർമ്മം ചെയ്യുന്ന നിങ്ങളിരുവരെയും ഞാൻ യജനത്തിനായി സ്തുതിയ്ക്കുന്നു: ആ നിങ്ങൾ സ്തുതിയ്ക്കുന്ന ഞങ്ങളുടെ യാഗത്തെ മേല്പോട്ടു കൊണ്ടുപോകുവിൻ; ദേവന്മാരുടെ ധനം നിങ്ങൾക്കധീനമാണല്ലോ!7
ഭാരതികളോടൊന്നിച്ചു ഭാരതിയും, മനുഷ്യദേവന്മാരോടൊന്നിച്ച് ഇളയും, അഗ്നിയും, സാരസ്വതരോടൊന്നിച്ചു സരസ്വതിയും ഇങ്ങോട്ടെഴുന്നള്ളട്ടെ; ദേവിമാർ മുവ്വരും ഈ ദർഭയിൽ ഉപവേശിയ്ക്കട്ടെ!8
ദേവ, ത്വഷ്ടാവേ, വിളയാടുന്ന ഭവാൻ ആ താരകമായ പോഷകം പകർന്നാലും: എന്നാൽ, വീരനും കർമ്മകുശലനും ബലവാനും അമ്മിക്കുഴയെടുക്കുന്നവനുമായ ദേവകാമൻ പിറക്കുമല്ലോ!9
വനസ്പതേ, ഭവാൻ ദേവകളെ ഇവിടെ വരുത്തുക. അഗ്നിയും പശുവിനെ സംസ്കരിച്ചു, ഹവിസ്സു ദേവകൾക്കെത്തിയ്ക്കട്ടെ. ആ സത്യസ്വരൂപനായ ഹോതാവുതന്നെ ജയിയ്ക്കട്ടെ; അവിടെയ്ക്കറിയാമല്ലോ, ദേവന്മാരുടെ ജനനങ്ങൾ!10
അഗ്നേ, സമുജ്ജ്വലനായ ഭവാൻ ഇന്ദ്രനോടും സത്വരരായ ദേവന്മാരോടുംകൂടി ഒരേതേരിൽ ഇങ്ങോട്ടു വന്നാലും! പുത്രസഹിതയായ അദിതി ഞങ്ങളുടെ ദർഭയിലിരിയ്ക്കട്ടെ! സ്വാഹാ, അമർത്ത്യരായ ദേവന്മാർ ഇമ്പംകൊള്ളട്ടെ!11
[1] സമിദ്ധാഗ്നിയോട്:
[2] രണ്ടുതരം ഹവിസ്സുകൾ – സോമനീരും പുരോഡാശവും. യജ്ഞാർച്ചനീയൻ – യജ്ഞങ്ങൾ (ഹവിസ്സോ, സ്തോത്രമോ) കൊണ്ടു പൂജനീയൻ. നരാശംസൻ – ഒരഗ്നി.
[3] മനുഷ്യരാലെന്നപോലെ – ഇപ്പോൾ മനുഷ്യർ ചെയ്യുന്നതുപോലെ, പണ്ടു മനു വളർത്തിയവനും. സത്യഭാഷി – അഗ്നി.
[5] നദികൾപോലെ – നദികൾ വയലിനെ നനയ്ക്കുന്നതുപോലെ.
[7] രണ്ടു ദൈവ്യാഗ്നികളെപ്പറ്റി: മേല്പോട്ടു – ദേവന്മാരുടെ അടുക്കലെയ്ക്കു്. നിങ്ങൾക്കധീനമാണല്ലോ – അതു ഞങ്ങൾക്കു തരുവിൻ എന്നു ഹൃദയം.
[8] ഇതുമുതൽ 4 ഋക്കുകൾ രണ്ടാമഷ്ടകം എട്ടാമധ്യായത്തിലുണ്ട്; അതിനാൽ, ഇവിടെ ടിപ്പിണി എഴുതേണ്ടതില്ല.