വസിഷ്ഠൻ ഋഷി ത്രിഷ്ടുപ്പ് ഛന്ദസ്സ്: വിശ്വേദേവകൾ ദേവത.
യജ്ഞസദനത്തിൽനിന്നു സ്തോത്രം ചെന്നണയട്ടെ: സൂര്യൻ രശ്മികൾകൊണ്ടു വെള്ളം പൊഴിയ്ക്കുന്നു; പൃഥിവി ഉയർന്ന പ്രദേശങ്ങളോടേ പരന്നുകിടക്കുന്നു; അഗ്നി വിശാലമായ ഭൂഭാഗത്തിൽ ജ്വലിയ്ക്കുന്നു.1
ബലവാന്മാരായ മിത്രാവരുണന്മാരേ, നിങ്ങൾക്കു ഞാൻ ഹവിസ്സെന്നപോലെ ഈയൊരു പുതുസ്തോത്രവും വിരചിയ്ക്കാം: നിങ്ങളിലൊരുവൻ, അഹിംസിതനായ പ്രഭു, സ്ഥാനം കല്പിയ്ക്കുന്നു; സ്തുതിയ്ക്കപ്പെടുന്ന മിത്രൻ പ്രാണികളെ പ്രവർത്തിപ്പിയ്ക്കുന്നു!2
സഞ്ചരിഷ്ണുവായ വായുവിന്റെ ഗതികൾ എമ്പാടും വിളയാടുന്നു; ചുരത്തുന്ന പൈക്കൾ പുളയ്ക്കുന്നു. മഹാനായ സൂര്യന്റെ മാർഗ്ഗത്തിൽ പിറക്കുന്ന വൃഷഭൻ അവിടെ മുക്രയിടുന്നു!3
ശൂര, ഇന്ദ്ര, നല്ല നടയുള്ള ധുരീണരായ ഭവാന്റെ ഈ പ്രിയഹരികളെ ഇദ്ദേഹം സ്തുതിയാൽ പൂട്ടിയല്ലോ! വിദ്രോഹിയുടെ അരിശം ആർ കെടുത്തുമോ, ആ സുകർമ്മാവായ ആര്യമാവിനെ ഞാൻ ഇങ്ങോട്ടു തിരിയിയ്ക്കാം!4
ഹവിഷ്മാന്മാർ സ്വന്തം യജ്ഞസദനത്തിൽ പെരുമാറിക്കൊണ്ട് ആരുടെ സഖ്യത്തിനായി യജിയ്ക്കുന്നുവോ, നേതാക്കളിൽ സ്തുയമാനനായ ആർ അന്നം കിട്ടിയ്ക്കുമോ; ആ രുദ്രന്ന് ഇതാ, പ്രിയതരമായ നമസ്സ്!5
ഏഴാമത്തവളായ യാതൊരു സരസ്വതിയാണോ, നദികളുടെ അമ്മ; സ്വന്തം പയസ്സുകൊണ്ടു തടിച്ച യാവചില സുദുഘകൾ അഴകിൽ ഒഴുകുന്നുവോ; ആ തൽപരകളായ യശ്വസിനികൾ ഒപ്പം വന്നണയട്ടെ!6
ആ വേഗികളായ മരുത്തുക്കൾ തുഷ്ടിപൂണ്ടു നമ്മുടെ കർമ്മത്തെയും മകനെയും രക്ഷിയ്ക്കട്ടെ; ചരിയ്ക്കുന്ന അക്ഷരയും നമ്മെ വിട്ട് (അന്യരെ) തൃക്കണ്പാർക്കരുത് അവർ തക്കതായ നമ്മുടെ ധനം പെരുപ്പിയ്ക്കട്ടെ!7
നിങ്ങൾ അനന്തയായ ഭൂമിയെയും യജ്ഞാർഹനും വീരനുമായ പൂഷാവിനെയും, നമ്മുടെ ഈ കർമ്മം കാത്തുരക്ഷിയ്ക്കുന്ന ഭഗനെയും, യജ്ഞത്തിൽ ദാനനിരതനും പുരധാരകനുമായ വാജനെയും വിളിയ്ക്കുവിൻ.8
മരുത്തുക്കളെ, ഈ ശ്ലോകം നിങ്ങളിലും, പകർന്നതു കുടിയ്ക്കുന്ന രക്ഷസമേതനായ വിഷ്ണുവിങ്കലും ശരിയ്ക്കെത്തട്ടെ; അദ്ദേഹം സ്തോതാവിന്നു സന്താനത്തെയും അന്നവും നല്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’9
[1] സ്തോത്രം – ‘സൂര്യൻ’ ഇത്യാദി. ചെന്നണയട്ടെ – ദേവകളിൽ. ഭൂഭാഗം – യജ്ഞസ്ഥലം.
[3] വൃഷഭൻ മുക്രയിടുന്നു – പർജ്ജന്യൻ ഇടിമുഴക്കുന്നു.
[4] ഇദ്ദേഹം – യജമാനൻ. ഇദ്ദേഹത്തിന്റെ യാഗത്തിൽ വരിക എന്നു ഹൃദയം. തിരിയിയ്ക്കാം – സ്തുതികൊണ്ടു വരുത്താം.
[5] നമസ്സ് = നമസ്കാരമോ, ഹവിസ്സോ.
[6] സുദുഘകൾ – സുഖേന കറക്കാവുന്ന പൈക്കൾപോലുള്ള നദികൾ. പയസ്സിന്നു പാലെന്നും ജലമെന്നും അർത്ഥമെടുക്കാം. തൽപരകൾ – യജ്ഞകാംക്ഷിണികൾ. യശസ്വിനികൾ – സരസ്വതിയും മറ്റു നദികളും.
[7] അക്ഷര – വാഗ്ദേവത. അവർ – മരുത്തുക്കളും വാഗ്ദേവതയും.
[8] സ്തോതാക്കളോട്: പുരധാരൻ – പുരികളെ നിലനിർത്തുന്നവൻ. വാജൻ – ഋഭുക്കളിൽ മൂന്നാമൻ.
[9] ശ്ലോകം – സ്തോത്രം. പകർന്നതു – ചമസങ്ങളിൽ പകർന്ന സോമം