ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഋഭുക്കളേ, ഋഭുക്ഷാക്കളേ, വഹനശക്തവും സ്തുത്യവും പീഡയേല്ക്കാത്തതുമായ രഥം നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരട്ടെ: ശോഭനഹനുക്കളേ, നിങ്ങളെ ഇങ്ങോട്ടു കൊണ്ടുവരട്ടെ: ശോഭനഹനുക്കളേ, നിങ്ങൾ സവനങ്ങളിൽ മത്തിന്നായി, മൂന്നു കൂട്ടിയ മഹാസോമംകൊണ്ടു വയർ നിറയ്ക്കുവിൻ!1
ഋഭുക്ഷാക്കളേ, സ്വർഗ്ഗം കണ്ട നിങ്ങൾ ഹവിഷ്മാന്മാർക്കായി, പീഡയേല്ക്കാത്ത രത്നം എടുക്കുവിൻ; ബലവാന്മാരായ നിങ്ങൾ യജ്ഞങ്ങളിൽ വഴിപോലെ കുടിയ്ക്കുവിൻ; സ്തുതിയ്ക്കുന്ന ഞങ്ങൾക്കു ധനവും തരുവിൻ!2
മഘവാവേ, വലുതും ചെറുതുമായ ധനം വീതിച്ചു കൊടുപ്പാൻ വകയുണ്ടല്ലോ, അവിടെയ്ക്കു്: ധനംകൊണ്ടു നിറഞ്ഞതാണ്, തൃക്കൈ രണ്ടും; അങ്ങയുടെ സൂനൃതോക്തി സമ്പത്തിനെ പിടിച്ചുനിർത്തില്ല!3
ഇന്ദ്ര, അസാമാന്യയശസ്സുള്ള ഋഭുക്ഷാവായ ഭവാൻ, സാധകമായ അന്നമെന്നപോലെ, സ്തോതാവിന്റെ ഗൃഹത്തിൽ വന്നാലും: ഹര്യശ്വ, വസിഷ്ഠരായ ഞങ്ങൾ അങ്ങയ്ക്കു (ഹവിസ്സു) നല്കി സ്തുതിയ്ക്കുമാറാകണം!4
ഇന്ദ്ര, ഹരിഹയ, ഈ സ്തുതികളാൽ പരിവൃതനായ ഭവാൻ ഹവിർദ്ദാതാവിന്നും സമ്പത്തു നല്കും; എന്നായിരിയ്ക്കും ഞങ്ങൾക്കു ധനം തരിക? ഞങ്ങൾ അങ്ങയുടെ തക്ക രക്ഷകൾകൊണ്ടു സേവിയ്ക്കുമാറാകണം!5
ഇന്ദ്ര, ഭവാൻ എന്നു കേൾക്കും, ഞങ്ങളുടെ സ്തുതി? ചൊല്ലുന്ന ഞങ്ങളെ ഭവാൻ ഇപ്പോൾ പാർപ്പിക്കുന്നുണ്ടല്ലോ. കെല്പുള്ള പള്ളിക്കുതിര ഇടവിടാതെ സ്തുതിയ്ക്കുന്ന ഞങ്ങളുടെ ഗൃഹത്തിൽ ധനവും നല്ല വീരന്മാരെയും അന്നവും കൊണ്ടുവരട്ടെ!6
കഴിവുള്ള ഭൂദേവിയും, ശോഭനാന്നങ്ങളായ സംവത്സരങ്ങളും ഇന്ദ്രങ്കൽ അണയുന്നു; മനുഷ്യർ അദ്ദേഹത്തെ സ്വഗൃഹത്തിലിരുത്തില്ല; നല്ല ദഹനശക്തിയുണ്ട്, ആ ത്രിലോകബന്ധുവിന്ന്!7
സവിതാവേ, സ്തുത്യമായ സമ്പത്തു ഞങ്ങളിലെത്തട്ടെ; പർവതനും ധനം തരട്ടെ. ദിവ്യനായ രക്ഷകൻ ഞങ്ങളെ സദാ കാത്തരുളട്ടെ നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8
[1] ഋഭുക്ഷാക്കൾ – വിശാലമായ തേജസ്സിന്നിരിപ്പിടമായിട്ടുള്ളവർ. ശോഭനഹനുക്കൾ = നല്ല അണക്കടയുള്ളവർ. മുന്നു കൂട്ടിയ – പാലും തയിരും മലർപ്പൊടിയും ചേർത്ത.
[2] പീഡ – ചോരാദ്യുപദ്രവം. കുടിയ്ക്കുവിൻ – സോമം.
[3] സൂനൃതോക്തി = സത്യവാക്ക്; സ്തോതാക്കൾക്കു ധനം ധാരാളം കൊടുക്കുമെന്ന പ്രതിജ്ഞ. ഈ പ്രതിജ്ഞയനുസരിച്ചു, ഭവാൻ കയ്യഴച്ചുകൊടുക്കുകതെന്നെ ചെയ്യുന്നു.
[4] ഋക്ഷോവ് = ഋഭുക്കളുടെ സ്വാമീ. സാധകം – എന്തും സാധിപ്പിയ്ക്കുന്നത്.
[6] ചൊല്ലുന്ന – സ്തുതി. വീരന്മാർ = പുത്രന്മാർ.
[7] മനുഷ്യർ – സ്തോതാക്കൾ. ഇരുത്തില്ല – യാഗത്തിൽ വരുത്തിക്കൊണ്ടിരിയ്ക്കും. ദഹനശക്തിയുണ്ട് – ഹവിസ്സ് എത്ര ഭുജിച്ചാലും ദഹിയ്ക്കും.
[8] പർവതൻ – ഇന്ദ്രന്റെ ഒരു സഖാവ് രക്ഷകൻ – ഇന്ദ്രൻ.