വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വിശ്വേദേവകൾ ദേവത.
അഗ്നി ഉയർന്നു സ്തോതാവിന്റെ സ്തുതി കേൾക്കട്ടെ: ഉഷസ്സ് നേരെ യജ്ഞത്തിലെത്തുകയായി. രണ്ടു ശ്രദ്ധായുക്തന്മാർ, ഇരുതേരാളികൾപോലെ മാർഗ്ഗമണയുന്നു; പ്രേരിതനായ നമ്മുടെ ഹോതാവു യാഗം നടത്തട്ടെ!1
ഇവരുടെ നല്ല അന്നത്തോടുകൂടിയ ദർഭ വിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇപ്പോൾ, നിയുത്സഹിതനായ വായുവും പൂഷാവുമാകുന്ന പ്രജാപാലകന്മാർ പ്രജകളുടെ ക്ഷേമത്തിന്നായി, രാത്രിയുടെ ഉഷസ്സിൽനിന്നു, മുൻവിളി കേട്ട് അന്തരിക്ഷത്തിലെത്തിച്ചേർന്നു!2
വസുധയിലെ വസുക്കൾ ഇതിങ്കൽ വിളയാടട്ടെ: വിശാലമായ അന്തരിക്ഷത്തിലെ തേജസ്വികളും പരിചരിയ്ക്കപ്പെടുന്നു. അതിവേഗന്മാരേ, നിങ്ങൾ യാത്ര ഇങ്ങോട്ടാക്കുവിൻ: അഭിഗതനായ ഞങ്ങളുടെ ഈ ദൂതന്റെ (വിളി) കേൾക്കുവിൻ!3
യജ്ഞങ്ങളിൽ യജനീയരും രക്ഷകരുമായ ആ ദേവന്മാരെല്ലാം ഒപ്പം ഇരിപ്പിടത്തിലെത്തിയിരിയ്ക്കുന്നുവല്ലോ: അഗ്നേ, യജ്ഞകാമരായ അവരെല്ലാം – ഭഗൻ, അശ്വികൾ, ഇന്ദ്രൻ എന്നിവരെയും ഭവാൻ ശീഘ്രം യജിയ്ക്കുക!4
അഗ്നേ, ഭവാൻ വിണ്ണിൽനിന്നും മന്നിൽനിന്നും സ്തോതവ്യരെ – മിത്രൻ, വരുണൻ, ഇന്ദ്രൻ, അഗ്നി, അര്യമാവ്, അദിതി, വിഷ്ണു എന്നിവരെ – ഇവർക്കുവേണ്ടി വിളിച്ചുവരുത്തുക; സരസ്വതി, മരുത്തുക്കൾ എന്നിവരും ഇമ്പംകൊള്ളട്ടെ!5
യജ്ഞാർഹർക്കു ഹവിസ്സും സ്തോത്രവും അർപ്പിയ്ക്കപ്പെടുന്നു! മനുഷ്യരുടെ മനോരഥം തടയാതെ (അഗ്നി) വന്നെത്തട്ടെ. നിങ്ങൾ അക്ഷയ്യവും സദാ സേവ്യവുമായ ധനം തരുവിൻ. ഞങ്ങൾ കൂറ്റുകാരോടെന്നപോലെ ദേവന്മാരോടു ചേരുമാറാകണം.6
ഇപ്പോൾ വസിഷ്ഠന്മാർ ദ്യാവാപൃഥിവികളെയും, യജ്ഞസമേതരായ വരുണമിത്രാഗ്നികളെയും നേരിട്ടു സ്തുതിച്ചു: ആഹ്ലാദകാരികൾ ഞങ്ങൾക്ക് ഉൽകൃഷ്ടമായ അന്നം നല്കട്ടെ. നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!7
[1] രണ്ടു ശ്രദ്ധായുക്തന്മാർ – യജമാനനും പത്നിയും. മാർഗ്ഗം – യജ്ഞപഥം.
[2] ഇവർ – യജമാനന്മാർ. നിയുത്സഹിതൻ – നിയുത്തുക്കളോട്, തന്റെ പെൺകുതിരകളോടുകൂടിയവൻ. രാത്രിയുടെ – രാത്രിയുടെ അന്ത്യയാമമായ.
[3] വസുധ = ഭൂമി. വസുക്കൾ – വസുക്കളെന്ന ദേവന്മാർ. ഇതിങ്കൽ – യജ്ഞത്തിൽ. അന്തരിക്ഷത്തിലെ തേജസ്വികൾ – മരുത്തുക്കൾ. അതിവേഗന്മാരേ എന്നു തൂടങ്ങുന്ന വാക്യങ്ങൾ വസുക്കളോടും മരുത്തുക്കളോടുമുള്ളവയകുന്നു. അഭിഗതൻ – നിങ്ങളുടെ മുമ്പിൽ വന്നവൻ. ഈ ദൂതൻ – അഗ്നി.
[4] ഇരിപ്പിടത്തിൽ – യാഗശാലയിൽ സ്വസ്ഥാനങ്ങളിൽ.
[5] സ്തോതവ്യർ = സ്തുത്യർ. അഗ്നി – ദേവതാരൂപേണ സ്വർഗ്ഗത്തിൽ വസിയ്ക്കുന്ന അഗ്നി. ഇവർ – യജമാനന്മാർ. ഇമ്പംകൊള്ളട്ടെ – ഞങ്ങളുടെ സ്തോത്രങ്ങൾ കൊണ്ടും ഹവിസ്സുകൾകൊണ്ടും.
[6] യജ്ഞാർഹർ – ദേവന്മാർ. മൂന്നും നാലും വാക്യങ്ങൾ പ്രത്യക്ഷകഥനം: നിങ്ങൾ ദേവന്മാർ.
[7] ആഹ്ലാദകാരികൾ – ആഹ്ലാദിപ്പിയ്ക്കുന്നവരായ ദേവന്മാരെല്ലാം.