വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; വൈശ്വാനരാഗ്നി ദേവത.
ആർ എല്ലാ അമർത്ത്യരുടെയും ഇരിപ്പിടത്തിൽ, ആ ജാഗരൂകരോടൊപ്പം വളരുന്നുവോ; വാനിലും മന്നിലും നടക്കുന്ന ബലവാനായ ആ വൈശ്വാനരാഗ്നിയെ നിങ്ങൾ സ്തുതിയ്ക്കുവിൻ!1
നദികളെ നയിയ്ക്കുന്നവനും ജലങ്ങളെ പൊഴിയ്ക്കുന്നവനുമായ യാതൊരഗ്നി ദ്യോവിലും ഭൂവിലും വച്ചു പൂജിക്കയ്ക്കപ്പെടുന്നുവോ; ആ വൈശ്വാനരൻ ഹവിസ്സുകൊണ്ടു വളർന്നു, മനുഷ്യപ്രജകൾക്കായി പ്രകാശിയ്ക്കുന്നു! 2
വൈശ്വാനരാഗ്നേ, അങ്ങ് പൂരുവിനുവേണ്ടി പുരികൾ പൊളിച്ചു. കത്തിജ്ജ്വയ്ക്കയുണ്ടായല്ലോ; അന്ന് അങ്ങയെപ്പേടിച്ചു കറുമ്പന്മാർ വേറുപിരിഞ്ഞു, മുതലും വെടിഞ്ഞു, കുതിച്ചുപാഞ്ഞു!3
വൈശ്വാനരാഗ്നേ, അങ്ങയ്ക്കായുള്ള കർമ്മത്തെ അന്തരിഷവും ഭൂവും ദ്യോവും ആദരിയ്ക്കുന്നു. നിത്യാതേജസ്സുകൊണ്ടു വിളങ്ങുന്ന ഭവാൻ ശോഭകൊണ്ടു വാനൂഴികൾക്കു വീതി കൂട്ടുന്നു!4
അഗ്നേ, പ്രജകളുടെ സ്വാമിയും, ധനങ്ങളുടെ നേതാവും, ഉഷസ്സിന്റെയും പകലിന്റെയും കൊടിമരവും, വൈശ്വാനരനുമായ അങ്ങയെ അശ്വങ്ങൾ സ്പൃഹയോടെ സേവിക്കുന്നു; (പാപത്തെ) പറപ്പിയ്ക്കുന്ന, നെയ്യോടുകൂടിയ സ്തുതികളും!5
മിത്രങ്ങളെ പൂജിയ്ക്കുന്ന അഗ്നേ, അങ്ങയിലാണ്, ദേവന്മാർ ബലം വെച്ചിരിക്കുന്നത്: അവർ അങ്ങയ്ക്കുള്ള കർമ്മത്തിൽ ചേർന്നുവന്നല്ലോ. അങ്ങു കർമ്മവാന്നു കനത്ത തേജസ്സുളവാക്കി, കർമ്മഹീനരെ സ്ഥാനത്തുനിന്നോടിച്ചു!6
ആ ഭവാൻ അത്യുന്നതമായ ആകാശത്തുദിച്ചു, വായുപോലെ ജലം ഉടനടി നുകരുന്നു; ജാതവേദസ്സേ, അങ്ങ് തണ്ണീരുകളെ ഉൽപാദിപ്പിച്ച്, ഉണ്ണിയ്ക്കു വേണ്ടതു കൊടുപ്പാൻ ഇടിമുഴക്കുന്നു!7
വൈശ്വാനരാഗ്നേ, വിശ്വവരേണ്യ, ജാതവേദസ്സേ, ഭവാൻ യാതൊന്നുകൊണ്ടു ധനവും, ഹവിർദ്ദാതാവായ മനുഷ്യന്നു വിപുലമായ യശസ്സും നിലനിർത്തുന്നുവോ, ആ തിളങ്ങുന്ന മഴയെ ഞങ്ങൾക്കയച്ചാലും! 8
അഗ്നേ, ആ അന്നസമൃദ്ധമായ ധനവും, കേൾവിയ്ക്കുതകുന്ന ബലവും ഭവാൻ ഹവിർദ്ധനരായ ഞങ്ങളിൽ ചേർത്തുവെച്ചാലും; അഗ്നേ, വൈശ്വാനര, അങ്ങ് രുദ്രരോടും ദേവകളോടുംകൂടി, ഞങ്ങൾക്കു മഹത്തായ സുഖം തന്നാലും!9
[1] സ്തോതാക്കളോട് ഇരിപ്പിടം – യാഗശാല. ആ ജാഗരൂകർ – ഉണർവു പൂണ്ട അമർത്ത്യന്മാർ.
[3] പൂരു – രാജാവ്. പുരികൾ – ശത്രുനഗരികൾ. കറുമ്പന്മാർ – രാക്ഷസർ.
[5] നെയ്യ് – ഹവിസ്സ്.
[7] ഉദിച്ച് – സൂര്യത്മനാ. വായുപോലെ – വായു യജ്ഞത്തിൽ ഒന്നാമത്തെ സോമം നുകരുന്നതുപോലെ. ജലം – ഭൂമിയിലെ വെള്ളം. ഉണ്ണിയ്ക്കു – പുത്രൻ പോലെ പാലനീയനായ യജമാനന്ന്. ഇടിമുഴക്കുന്നു – വൃഷ്ടിയ്ക്കൊരുങ്ങുന്നു.