ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
പിളർത്തവനെ ഞാൻ വന്ദിയ്ക്കുന്നു: വന്ദിച്ചുകൊണ്ടു, പ്രവൃദ്ധനും ബലവാനും വീര്യവാനും ആളുകൾക്കു സ്തുത്യനുമായ ആ സാമ്രാട്ടിന്റെ പ്രശസ്തിയും പ്രവൃത്തിയും, ഇന്ദ്രന്റേതെന്നപോലെ വർണ്ണിയ്ക്കുന്നു.1
കവിയും, കൊടിമരവും, ആദരിയ്ക്കുന്നവനെ താങ്ങുന്നവനും, പ്രകാശകനും, സുഖപ്രദനുമായ വാനൂഴിപ്പെരുമാളിനെ (ആളുകൾ) പ്രീതിപ്പെടുത്തുന്നു. ആ പുരന്ദരനായ അഗ്നിയുടെ വമ്പിച്ച പൂർവകർമ്മങ്ങളെ ഞാൻ പുകഴ്ത്തട്ടെ!2
തൊഴിലും യജ്ഞവുമില്ലാത്ത, തെറി പുലമ്പുന്ന, അവിശ്വാസികളായ, വളർത്താത്ത ഹുണ്ടികക്കാരെ – ആ ദസ്യുക്കളെ – അഗ്നി ആട്ടിപ്പായിയ്ക്കും; മുമ്പനായിനിന്നു യജ്ഞഹീനരെ ഇടിച്ചുതാഴ്ത്തും!3
യാതൊരു മികച്ച നേതാവ് ഇരുണ്ട തമസ്സിൽ മയങ്ങിയവരെ, ബോധം നല്കി നേരേ നടത്തിയോ; ആ ധനപതിയായ അഗ്നിയെ തലകുനിയ്ക്കാത്തവനെ, യുദ്ധക്കൊതിയരെ അടക്കിനിർത്തുന്നവനെ ഞാൻ സ്തുതിച്ചുകൊള്ളുന്നു. 4
ആർ തടിച്ചവയെ ആയുധങ്ങൾകൊണ്ടു കുനിയിച്ചുവോ, ആർ സൂര്യപത്നികളായ ഉഷസ്സുകളെ ഉദിപ്പിച്ചുവോ; ആ മഹാനായ അഗ്നിപ്രജകളെ ബലംകൊണ്ടടക്കി, നഹുഷന്നു കപ്പം കൊടുപ്പിച്ചു!5
ആളുകളെല്ലാം സുഖത്തിനായി, ആരുടെ നന്മമനസിനെ പ്രാർത്ഥിച്ചു, ഹവിസ്സുമായി അരികേ നില്ക്കുന്നുവോ; ആ വൈശ്വാനരാഗ്നി അച്ഛനമ്മമാരായ ദ്യാവോപൃഥിവികളുടെ മികച്ച മടിത്തട്ടിൽ ഇരുന്നരുളുന്നു!6
ദേവനായ വൈശ്വാനരാഗ്നി സൂര്യോദയത്തിൽ അന്തരിക്ഷത്തിലെ ഇരുട്ടു നീക്കുന്നു: അന്തരിക്ഷത്തിൽനിന്നും താഴത്തുനിന്നും നീക്കുന്നു – ദ്യോവിൽനിന്നും ഭൂവിൽനിന്നും നീക്കുന്നു!7