വസിഷ്ഠൻ ഋഷി; ത്രിഷ്ടുപ്പു് ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.
ശത്രുഹന്താക്കളായ ഇന്ദ്രാഗ്നികളേ, ഒരു പരിശുദ്ധമായ പുതുസ്തോത്രം നിങ്ങൾ ഇപ്പോൾ വെക്കം കേൾക്കണം: സുഖാഹ്വാതവ്യരായ നിങ്ങളിരുവരെയും ഞാൻ പേർത്തുപേർത്തു വിളിയ്ക്കുന്നുണ്ടല്ലോ. ആ നിങ്ങൾ കാമയമാനന്ന് അപ്പോൾത്തന്നെ ബലം നല്കുവിൻ.1
ഒപ്പം വളർന്ന, കെല്പുകൊണ്ടു തഴയ്ക്കുന്ന, സേവനീയരായ നിങ്ങൾ ഒരു ബലം തന്നെയായിരുന്നുവല്ലോ; ധനത്തിന്റെയും വളരെ ഭോജ്യത്തിന്റെയും ഉടമസ്ഥരായ നിങ്ങൾ ധർഷകമായ അന്നം ധാരാളം തന്നരുളുവിൻ!2
യാവചില ഹവിഷ്മാന്മാരായ മേധാവികൾ തിരുവുള്ളമിച്ഛിച്ചു, ബുദ്ധിയാൽ യാഗത്തിലേർപ്പെടുന്നുവോ; അ നേതാക്കന്മാർ, കുതിരകൾ പോർക്കളത്തിലെന്നപോലെ പെരുമാറി, ഇന്ദ്രാഗ്നികളെ പേർത്തുപേർത്തു വിളിയ്ക്കുന്നു.3
ഇന്ദ്രാഗ്നികളേ, തിരുവുള്ളമിച്ഛിയ്ക്കുന്ന മേധാവി, മുമ്പുതന്നേ നേടേണ്ടിയിരുന്ന പുകഴ്‌ന്ന സമ്പത്തിനായി സ്തുതികൾ പാടുന്നു: വൃത്രഘ്നരേ, വജ്രികളേ, നിങ്ങൾ പുതിയ ധനങ്ങൾകൊണ്ടു് ഞങ്ങളെ തഴപ്പിച്ചാലും!4
തമ്മിൽ ആർത്തലറി, ദേഹബലത്താൽ മത്സരിച്ചു പൊരുതുന്ന പെരിയ ഇരുകൂട്ടരെന്നപോലെ, നിങ്ങൾ അദേവകാമന്മാരെ ദേവകാമന്മാരെക്കൊണ്ടും, സോമം പിഴിയാത്തവരെ പിഴിഞ്ഞവരെക്കൊണ്ടും യുദ്ധത്തിൽ കൊല്ലിയ്ക്കണം!5
ഇന്ദ്രാഗ്നികളേ, ഞങ്ങളുടെ ഈ പിഴിഞ്ഞ സോമത്തിന്നുതന്നേ നിങ്ങൾ മാനം തെളിയുമാറു് വന്നെത്തിയാലും; ഞങ്ങളെ വെടിയരുതേ! നിങ്ങളെ ഞാൻ വളരെ അന്നങ്ങൾകൊണ്ടു് ഇങ്ങോട്ടു വരുത്തുന്നു.6
അഗ്നേ, അങ്ങ് ഈ ഹവിസ്സുകൊണ്ടുജ്ജ്വലിച്ചിട്ടു, മിത്രനോടും വരുണനോടും ഇന്ദ്രനോടും പറയണം: ഞങ്ങൾ എങ്ങാനും പിഴചെയ്തുപോയിട്ടുണ്ടെങ്കിൽ, അതിൽനിന്നു ഭവാൻ വഴിപോലെ രക്ഷിയ്ക്കണം; അതു് അര്യമാവു്, അദിതി എന്നിവരും വിടുർത്തട്ടെ!7
അഗ്നേ, ഈ യജ്ഞങ്ങൾ ശീഘ്രം അനുഷ്ഠിയ്ക്കുന്ന ഞങ്ങൾ നിങ്ങളിൽനിന്ന് അന്നങ്ങൾ ഒപ്പം നേടുമാറാകണം: ഇന്ദ്രനും വിഷ്ണുവും മരുത്തുക്കളും ഞങ്ങളെ ത്യജിച്ചേയ്ക്കരുത് നിങ്ങൾ ‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’8
[1] കാമയമാനൻ – യജമാനൻ.
[2] ഒരു ബലം – ശത്രുനാശനമായ ശക്തി. ധർഷകം – ശത്രുക്കളെ ആക്രമിയ്ക്കുന്നതു്.
[3] തിരുവുള്ളം—ഇന്ദ്രാഗ്നിപ്രസാദം.
[4] മേധാവി – വസിഷ്ഠൻ, ഞാൻ.
[5] ഇരുകൂട്ടരെന്നപോലെ – രണ്ടു സൈന്യങ്ങളിൽ അശക്തരെ ശക്തർപോലെ.
[6] അന്നങ്ങൾ – ഹവിസ്സുകൾ.
[7] പറയണം – ‘ഇയ്യാൾ നമ്മുടെ ആളാണു്, രക്ഷണീയനാണെ’ന്നു്. അതു് – പിഴ.