കണ്വപുത്രൻ സോദരി ഋഷി; ബൃഹതിയും സതോബൃഹതിയും കകുപ്പും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അഗ്നിയും മരുത്തുക്കളും ദേവത.
കർമ്മങ്ങളിൽ ആരിൽ വെയ്ക്കപ്പെട്ടിരിയ്ക്കുന്നുവോ, ആ മുന്തിയമാർഗ്ഗജ്ഞൻ കാണായിവന്നിരിയ്ക്കുന്നു; വഴിപോലെ വെളിപ്പെട്ട ശ്രേഷ്ഠവർണ്ണവർദ്ധനനായ അഗ്നിയെ പ്രാപിയ്ക്കും, നമ്മുടെ സ്തുതികൾ!1
ദിവോദാസന്റെ അഗ്നിയെ ദേവന്മാർക്കുവേണ്ടി, അമ്മയായ ഭൂമിയിലേയ്ക്കു, ബലംമൂലം ഇറങ്ങിയില്ല; സ്വർഗ്ഗത്തിന്റെ മുകളിലിരുന്നതേ ഉള്ളു.2
കർത്തവ്യമനുഷ്ഠിയ്ക്കുന്നവനെ ആളുകൾ പേടിയ്ക്കുമല്ലോ; അതിനാൽ നിങ്ങൾ ആയിരം നല്കുന്ന അഗ്നിയെ സ്വയം യജ്ഞത്തിൽ കർമ്മങ്ങൾകൊണ്ട് പരിചരിയ്ക്കുവിൻ!3
അഗ്നേ, വസോ, ഭവാൻ ആരെ ധനത്തിന്നു കൊണ്ടുപോകുമോ, യാതൊരു മനുഷ്യൻ ഭവാനു (ഹവിസ്സു) നല്കുമോ; അവന്നു് ഉക്ഥം ചൊല്ലുന്നവനും, സ്വയം ആയിരം പേരെ പോറ്റുന്നവനുമായ പുത്രൻ പിറക്കും!4
സമ്പത്തേറിയവനേ, അവൻ ഉറപ്പുള്ളേടത്തിലെ അന്നവും അശ്വത്താൽ നശിപ്പിയ്ക്കും; അക്ഷീണമായ ഭോജ്യം കൈക്കലാക്കും. ദേവനായ ഭവാങ്കൽനിന്നു് ഞങ്ങൾക്കും വരണീയമെല്ലാം സദാ കിട്ടുമാറാകണം.5
യാതൊരു ഹോതാവു പ്രീതി തോന്നിയാൽ ധനമെല്ലാം ആളുകൾക്കു നൽകുമോ; ആ അഗ്നിയിൽച്ചെല്ലുന്നു, പ്രധാന മധുപാത്രങ്ങൾ പോലെ സ്തോത്രങ്ങൾ!6
ദർശനീയ, പ്രജാപതേ, ശോഭനദാനന്മാരായ ദേവകാമന്മാർ (അങ്ങയെ), ഒരു തേർക്കുതിരയെന്നപോലെ പുകഴ്ത്തിപരിചരിയ്ക്കുന്നുണ്ടല്ലോ; ആ നിന്തിരുവടി പുത്രന്നും പൗത്രന്നും – രണ്ടുപേർക്കും – ധനവാന്മാരുടെ സമ്പത്തു കല്പിച്ചു തന്നാലും !7
സ്തോതാക്കന്മാരേ, നിങ്ങൾ അതിദാതാവും, യജ്ഞവാനും, മഹാനും, ദീപ്തതേജസ്സുമായ അഗ്നിയെപ്പറ്റി പാടുവിൻ!8
ജ്വലിപ്പിച്ചു ഹോമിച്ചാൽ, പുകൾപ്പെട്ട മഘവാവു വീരസമേതമായ അന്നം നല്കുമല്ലോ; അദ്ദേഹത്തിന്റെ അതിനൂതനമായ നന്മനസ്സ് അന്നങ്ങളുമായി പലവുരു നമ്മളിൽ വന്നെത്തട്ടെ!9
സ്തോതാവേ, ഭവാൻ പ്രിയരിൽവെച്ചു പ്രിയതമനും, അതിഥിയും, തേർ തെളിയ്ക്കുന്നവനുമായ അഗ്നിയെ സ്തുതിച്ചാലും: 10
ഉന്നതങ്ങളും വിശ്രുതങ്ങളുമായ വിത്തങ്ങളെ കൊണ്ടുവരുന്നവനാണല്ലോ, ഈ വിപശ്ചിത്തായ യജ്ഞാർഹൻ; യുദ്ധോദ്യതനായ തന്റെ (ജ്വാലകൾ), കീഴ്പോട്ടു പായുന്ന തിരമാലകൾപോലെ ദുസ്തരങ്ങളുമാണല്ലോ!11
അതിഥി, വസു, ബഹുജനസ്തുതൻ, നല്ല ഹോതാവ്, സുയജ്ഞൻ – ഇങ്ങനെയുള്ള അഗ്നി നമുക്കു തടയപ്പെടാതിരിയ്ക്കട്ടെ!12
വസോ, അഗ്നേ, യാവചിലർ നേരേ സ്തുതിയ്ക്കുകയും നേരേ സുഖകരമാംവണ്ണം വരികയും ചെയ്യുന്നുവോ, അവർ ദ്രോഹിയ്ക്കപ്പെടരുതു്; ഹവിസ്സർപ്പിച്ച സുയജ്ഞനായ സ്തോതാവും ദൂതിന്നായി ഭവാനെ പുകഴ്ത്തുന്നു.13
അഗ്നേ, മരുത്തുക്കളുടെ സഖാവായ ഭവാൻ യജ്ഞത്തിൽ സോമം കുടിപ്പാൻ രുദ്രപുത്രന്മാരോടൊന്നിച്ചു വന്നാലും സോഭരിയുടെ ശോഭനസ്തുതി കേട്ടു മത്തടിച്ചാലും!14
[1] ശ്രേഷ്ഠവർണ്ണവർദ്ധനൻ – ഉത്തമജാതികളെ വളർത്തുന്നവൻ.
[2] ദേവന്മാർക്കുവേണ്ടി – ഹവിസ്സുകൊണ്ടുപോകാൻ. ബലംമൂലം – ദിവോദാസൻ ബലാൽക്കാരേണ വിളിച്ചതിനാൽ. സ്വർഗ്ഗത്തിന്റെ മുകളിൽ – സ്വന്തം ഇരിപ്പിടത്തിൽ.
[3] ആളുകളോടു്:
[5] അവൻ – യജമാനൻ. ഉറപ്പുള്ളേടത്തിലെ – ശത്രുപുരത്തിലെ. അശ്വത്താൽ – കുതിരപ്പോരുകൊണ്ടു്. വരണീയം – ധനം.
[6] ഹോതാവു് – ദേവാഹ്വാതാവു്.
[7] പ്രത്യക്ഷോക്തി:
[9] മഘവാവ് = ധനവാൻ, അഗ്നി.
[11] വിപശ്ചിത്ത് = വിദ്വാൻ.
[12] തടയപ്പെടാതിരിയ്ക്കട്ടെ – ആരാലും നിവാരിതനാകാതെ നമുക്കു് അഭീഷ്ടം നല്കട്ടെ.
[13] ദൂതിന്നായി—ദേവകൾക്കു ഹവിസ്സുകൊണ്ടു പോകാനും മറ്റും.