വൈവസ്വതമനു ഋഷി; ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; വിശ്വേദേവകൾ ദേവത.
ഉക്ഥമയമായ അധ്വരത്തിൽ അഗ്നിയും അമ്മിയും ദർഭയും മുമ്പിൽ വെയ്ക്കപ്പെട്ടുകഴിഞ്ഞു. ഞാൻ ഋക്കുകൊണ്ടു മരുത്തുക്കളോടും ബ്രഹ്മണസ്പതിയോടും ദേവകളോടും വരണീയമായ രക്ഷ യാചിയ്ക്കുന്നു.1
പശു, പൃഥിവി, വൃക്ഷങ്ങൾ, ലതകൾ, ഉഷസ്സ്, രാത്രി എന്നിവയെ ഭവാൻ സ്തുതിയ്ക്കുക. വസുക്കളേ, വിശ്വവേദസ്സുകളേ, നിങ്ങളെല്ലാവരും ഞങ്ങളുടെ കർമ്മങ്ങളെ സംരക്ഷിച്ചാലും!2
ഞങ്ങളുടെ മുഖ്യമായ യജ്ഞം അഗ്നിയിങ്കലും, ദേവന്മാരിലും – ആദിത്യർ, സകർമ്മാവായ വരുണൻ, വ്യാപ്തതേജസ്കരായ മരുത്തുക്കൾ എന്നിവരിലും – വഴിപോലെ ചെന്നെത്തട്ടെ!3
വിശ്വവേദസ്സുകളായ, രിപുകർശനരായ വിശ്വോദേവകൾ മനുവിനെ കൈവളർത്തട്ടെ: വിശ്വവേദസ്സുകളേ, നിങ്ങൾ അഭംഗങ്ങളായ രക്ഷകളോടേ, ഞങ്ങൾക്കു് ഉപദ്രവരഹിതമായ ഗൃഹം കല്പിച്ചുതന്നാലും!4
സമചിത്തന്മാരേ, നിങ്ങളെല്ലാവരും ഒത്തൊരുമിച്ചു്, ഋക്കുകേൾപ്പാൻ ഇന്നു ഞങ്ങളുടെ അടുക്കൽ വന്നാലും! മരുത്തുക്കളേ, മഹതി, അദിതിദേവി, നിങ്ങൾ ഞങ്ങളുടെ ഗൃഹത്തിലിരുന്നാലും!5
മരുത്തുക്കളേ, നിങ്ങളുടെ അരുമക്കുതിരകളെ ഇങ്ങോട്ടു തെളിയ്ക്കുവിൻ; മിത്ര, ഹവിസ്സു കൈക്കൊള്ളുക; ഇന്ദ്രനും, വരുണനും, വെമ്പൽകൊള്ളുന്ന നേതാക്കളായ ആദിത്യന്മാരും ഞങ്ങളുടെ ദർഭയിൽ വന്നണയട്ടെ!6
വരുണ, ഞങ്ങൾ ദർഭ മുറിച്ചു്, അന്നങ്ങൾ പകർന്നുവെച്ചു, സോമം പിഴിഞ്ഞ്, അഗ്നിയെ ജ്വലിപ്പിച്ചു, നിങ്ങളെ മനുവെന്നപോലെ വിളിച്ചുകൊള്ളുന്നു.7
മരുത്തുക്കളേ, വിഷ്ണോ, അശ്വികളേ, പൂഷാവേ, നിങ്ങൾ എന്റെ സ്തുതിയാൽ വന്നുചേരുവിൻ; യാതൊരു വൃക്ഷാവിനെ സേവനേച്ഛുക്കൾ വൃത്രഹന്താവെന്നു വാഴ്ത്തുന്നിവോ, ആ ഒന്നാമനായ ഇന്ദ്രനും വന്നെത്തട്ടെ!8
ദ്രോഹിയ്ക്കാത്ത, വസുക്കളായ ദേവന്മാരെ, നിങ്ങൾ ഞങ്ങൾക്കു നിർബാധമായ – ദൂരത്തുനിന്നോ ചാരത്തുനിന്നോ ആരും ആക്രമിയ്ക്കാത്ത – വരണീയമായ ഗൃഹം തന്നരുളുവിൻ!9
രിപുകർശനന്മാരായ ദേവന്മാരേ, സജാതീയത്വമുണ്ടല്ലോ, നിങ്ങൾക്കു്; ചാർച്ചയുമുണ്ടു്. ഞങ്ങൾക്കു് ഒന്നാമതഭ്യുദയവും, നൂതനതരമായ ധനവുമുണ്ടാകാൻ വെക്കം അരുളിച്ചെയ്യുവിൻ!10
വിശ്വവേദസ്സുകളേ, അന്നകാമനായ ഞാൻ നിങ്ങളെക്കുറിച്ചു് ഇപ്പോൾത്തന്നെ, അന്യാദൃശ്യമായ ഒരു സ്തോത്രം, ഇപ്പോൾതന്നെ ധനം ലഭിപ്പാനായി നിർമ്മിയ്ക്കുന്നു.11
ശോഭനസ്തോത്രന്മാരേ, നിങ്ങളിൽവെച്ചു് ഉപരിഗന്താവായ, വരേണ്യനായ ആ സവിതാവു് എപ്പോൾ ഉദിയ്ക്കുമോ: അപ്പോൾ, ഇരുകാലികളും നാല്കാലികളും പറവകളും സ്വസ്വകർമ്മങ്ങളിൽ ഏർപ്പെടുകയായി!12
ഞങ്ങൾ ഉജ്ജ്വലസ്തവം പാടിക്കൊണ്ടു, നിങ്ങളിൽ ദേവനെ ദേവെനെ രക്ഷയ്ക്കു, ദേവനെ ദേവനെ അഭീഷ്ടസിദ്ധിയ്ക്കു, ദേവനെ ദേവനെ അന്നലബ്ധിയ്ക്കു വിളിച്ചുകൊള്ളുന്നു.13
ഒരേ മനസ്സുകാരായ ദേവകളെല്ലാം ഒന്നിച്ചുതന്നെ മനുവിന്നു തന്നരുളട്ടെ: അവർ ഞങ്ങൾക്ക് ഇന്നും, അവർ നാളെയും, അവർ ഞങ്ങളുടെ മകന്നും ധനം കിട്ടിയ്ക്കട്ടെ!14
അദ്രോഹികളേ, നിങ്ങളെ ഞങ്ങൾ സ്തോത്രസ്ഥാനത്തു സ്തുതിച്ചുകൊള്ളുന്നു: മിത്ര, വരുണ, ആർ നിങ്ങളുടെ തേജസ്സുകളെ പരിചരിയ്ക്കുമോ, ആ മനുഷ്യന്നു ശത്രുബാധയുണ്ടാകില്ല!15
ആർ ധനത്തിന്നായി നിങ്ങൾക്കു് നല്കുമോ, അവൻ ഗൃഹവും വലിയ അന്നങ്ങളും വർദ്ധിപ്പിയ്ക്കും; കർമ്മംമൂലം സന്താനങ്ങളാൽ പരിവൃതനായിത്തീരും. എല്ലാവരും നിർബ്ബാധം വളരും!16
ആര്യമാവു്, മിത്രൻ, വരുണൻ എന്നീ സമാനദാനന്മാർ ഒന്നിച്ചു് ആരെ രക്ഷിയ്ക്കുമോ, അവൻ യുദ്ധം കൂടാതെ നേടും; നല്ല കുതിരകളാൽ യാത്രചെയ്യും!17
നിങ്ങൾ ഇവന്നു് അധൃഷ്യത്തിലും പ്രവേശവും, ദുർഗ്ഗത്തിലും സുഖഗമനവും ഉളവാക്കുവിൻ: ഈ ഇടിവാൾ ഇവങ്കൽനിന്നു് വെക്കം പിന്തിരിയ്ക്കട്ടെ; അതു പരിക്കേല്പിയ്ക്കാതെ പൊലിഞ്ഞുപോകട്ടെ!18
പ്രീതിപ്പെടുത്തുന്ന ബലമുള്ളവരേ, വിശ്വാവേദസ്സുകളേ, ഇന്നു സൂര്യൻ ഉണരുമ്പോഴോ, ഉദിയ്ക്കുമ്പോഴോ, അകലെപ്പോകുമ്പോഴോ, പകലിന്റെ നടുവിലോ നിങ്ങൾ ഗൃഹം കൊടുക്കുമല്ലോ;19
വസുക്കളേ, വിശ്വവേദസ്സുകളേ, അഥവാ നിങ്ങൾ സന്നിഹിതരാകുമ്പോൾ, ഹവിസ്സർപ്പിയ്ക്കുന്ന യഷ്ടാവിന്നു ഭവനം നല്കുമല്ലോ. ഞങ്ങൾ അതിനകത്തു് ഉപാസിയ്ക്കുമാറാകണം!20
വിശ്വവേദസ്സുകളേ, ഇന്നു സൂര്യൻ ഉദിയ്ക്കുമ്പോഴോ, മറയുമ്പോഴോ, ഉച്ചനേരത്തോ, ഹോമിയ്ക്കുന്ന മഹത്തരജ്ഞാനനായ മനുവിന്നു നിങ്ങൾ ധനം നല്കുമല്ലോ;21
അതു ഞങ്ങൾ വരിച്ചുകൊള്ളുന്നു. പെരുമാക്കന്മാരേ, മക്കളെപ്പോലുള്ള ഞങ്ങൾ വളരെപ്പേർക്കനുഭവിയ്ക്കാവുന്ന ധനം നിങ്ങളിൽ നിന്നു നേടുമാറാകണം. ഹവിസ്സു ഹോമിയ്ക്കുന്ന ഞങ്ങൾ ധനികന്മാരായിത്തീരണം!22
[1] ഉക്ഥമയം – സ്തോത്രശസ്ത്രാത്മകം.
[2] സ്തോതാവിനോടു്: വസുക്കളേ എന്നു തുടങ്ങുന്ന വാക്യം വിശ്വേദേവക്കളോടു്: വിശ്വവേദസ്സുകൾ – എല്ലാദ്ധനവും, അഥവാ എല്ലാ ജ്ഞാനവുമുള്ളവർ.
[4] രിപുകർശനർ = ശത്രുക്കളെ ക്ഷയിപ്പിയ്ക്കുന്നവർ, മനുവിനെ – എന്നെ. അടുത്ത വാക്യം പ്രത്യക്ഷം:
[5] ഋക്ക് – മന്ത്രസ്തുതി.
[6] വെമ്പൽക്കൊള്ളുന്ന – ശത്രുക്കളെ വധിപ്പാൻ.
[7] ഋത്വിഗ്വാക്യം: അന്നങ്ങൾ – ഹവിസ്സുകൾ.
[8] ഒന്നാമൻ – ദേവന്മാരിൽ മുഖ്യൻ.
[9] ദ്രോഹിയ്ക്കാത്ത – നേരെമറിച്ചു, സ്തോതാക്കളെ സ്നേഹിയ്ക്കുന്ന.
[10] സജാതീയത്വം = ഒരേ ജാതി എന്ന നില. ചാർച്ച – സ്തോതാവും സ്തുത്യരും തമ്മിലെസ്സംബന്ധം; ഞാൻ സ്തോതാവ്, നിങ്ങൾ സ്തുത്യർ. അരുളിച്ചെയ്യുവിൻ – അഭ്യുദയവും ധനവും തരുവിൻ എന്നർത്ഥം.
[12] ഉപരിഗന്താവു് = മുകളിൽ ഗമിയ്ക്കുന്നവൻ. ഇരുകാലികൾ – മനുഷ്യർ.
[13] ഓരോ ദേവനെയും വിളിയ്ക്കുന്നു എന്നർത്ഥം.
[14] തന്നരുളട്ടെ – ധനവും മറ്റും.
[15] സ്തോത്രസ്ഥാനത്തു് – യാഗശാലയിൽ ദേവസ്തുതിയ്ക്കുള്ള സ്ഥലത്തു്.
[16] നല്കുമോ – ഹവിസ്സ്. നിങ്ങൾക്കു ഹവിസ്സർപ്പിച്ചാൽ എല്ലാവരും വളരും.
[17] നേടും – ധനം. യാത്രയ്ക്കു് നല്ല കുതിരകളുണ്ടാകും.
[18] ഇവന്ന് – എനിയ്ക്ക്. അധൃഷ്യത്തിലും – ആക്രമിയ്ക്കാവതല്ലാത്ത ശത്രു നഗരത്തിൽപ്പോലും. ഇടിവാൾ – ശത്രു ചാട്ടുന്ന ആയുധം.
[19] അകലെപ്പോകുമ്പോഴോ – സായംകാലത്തോ.
[20] ഉപാസിയ്ക്കുമാറാകണം – ഹവിസ്സു നല്കി നിങ്ങളെ സേവിയ്ക്കുമാറാകണം.