അംഗിരോഗോത്രൻ വ്യശ്വനോ, വിശ്വമനസ്സോ ഋഷി; ഉഷ്ണിക്കും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അശ്വികളും വായുവും ദേവത.
അബാധിതബലന്മാരേ, വൃഷാക്കളേ, വർഷകധനന്മാരേ, നിങ്ങളിരുവരുടെ രഥത്തെ ഞാൻ, സൂരികളുടെയിടയിൽ ഒപ്പം സ്തുതിപ്പാൻവേണ്ടി വഴിപോലെ വിളിച്ചുകൊള്ളുന്നു.1
പരോ, (പറയൂ): – ‘വൃഷാക്കളെ, വർഷകധനന്മാരേ, നാസത്യരേ, നിങ്ങൾ സുംഷാമാവിന്നു വമ്പിച്ച സമ്പത്തു നല്കാൻ രക്ഷകളുമായി വരികയുണ്ടായല്ലോ!’2
അന്നയുക്തധനവാന്മാരേ, വളരെയന്നം തേടുന്ന ആ നിങ്ങളെ, ഞങ്ങൾ ഇന്നു പുലർകാലത്തു, ഹവിസ്സൊരുക്കി വിളിച്ചുകൊള്ളുന്നു.3
നേതാക്കളായ അശ്വികളേ, വൻഭാരം വഹിയ്ക്കുന്നതായ നിങ്ങളുടെ പുകഴ്‌ന്ന രഥം വന്നെത്തട്ടെ: നിങ്ങൾ വെമ്പുന്നവന്റെ സ്തോത്രങ്ങൾ സമ്പദ്ദാനത്തിന്നായി മനസ്സിലാക്കുവിൻ!4
വർഷകധനന്മാരായ അശ്വികളേ, വഞ്ചകന്മാരെയും നിങ്ങൾ നോക്കിയറിയണം: കരയിയ്ക്കുന്നവരേ, ആ ദ്രോഹികളെ അങ്ങേഅറ്റത്തോളം വലയ്ക്കുകയും ചെയ്യുവിൻ!5
ദസ്രന്മാരേ, കർമ്മങ്ങളെ പ്രീതിപ്പെടുത്തുന്ന, മയക്കുന്ന മെയ്യൊളിയുള്ള, ഉദകപാലകരായ നിങ്ങൾ ജവനാശ്വങ്ങളിലൂടേ, നിരന്തരം(ഞങ്ങളുടെ) യജ്ഞത്തിൽത്തന്നെ വന്നെത്തുവിൻ!6
അശ്വികളേ, വിശ്വപോഷകമായ വിത്തത്തോടുകൂടി ഞങ്ങളുടെ അടുക്കൽ എഴുന്നള്ളുവിൻ: നിങ്ങൾക്ക് മുന്തിയ മുതലുണ്ടു്; നല്ല മിടുക്കുണ്ടു്; ഇടിച്ചിൽ വരില്ലതാനും!7
ഇന്ദ്രാശ്വിദേവന്മാരേ, തുലോം സേവ്യമാനരായ നിങ്ങൾ ദേവകളോടുകൂടി, ഇന്നു് ഈ എന്റെ യാഗത്തിൽ എഴുന്നള്ളുവിൻ!8
വൃഷാക്കളെ തേടുന്ന ഞങ്ങൾ, വ്യശ്വനെന്നപോലെ നിങ്ങളെത്തന്നേ വിളിയ്ക്കുന്നു: മേധാവികളേ, നിങ്ങൾ അനുഗ്രഹബുദ്ധിയോടേ ഇങ്ങെഴുന്നള്ളുവിൻ!9
ഋഷേ, അശ്വികളെ നന്നായി സ്തുതിയ്ക്കുക: അവർ നിന്റെ വിളി പലവുരു കേൾക്കട്ടെ; അയല്ക്കാരെയും പണികളെയും ഹനിയ്ക്കട്ടെ!10
നേതാക്കളേ, വ്യശ്വപുത്രനായ എന്റെ (വിളി) കേൾക്കുവിൻ, സ്വീകരിയ്ക്കുവിൻ; വരുണൻ, മിത്രൻ, ആര്യമാവു് എന്നിവരും ഒന്നിച്ചു (കേൾക്കട്ടെ!)11
സ്തുത്യർഹരായ വൃഷാക്കളേ, നിങ്ങൾ സ്തോതാക്കൾക്കു കൊടുക്കാറുള്ളതും, നിങ്ങൾ കൊണ്ടുവരുന്നതും, യാതൊന്നോ; അതു നാളിൽ നാളിൽ എനിയ്ക്കു കല്പിച്ചുതരുവിൻ!12
ആർ നിങ്ങൾക്കുള്ള യാഗം, ഒരു സ്ത്രീ മേലാടപോലെ ധരിയ്ക്കുമോ; അവനെ പൂജിച്ചു്, അശ്വികൾ നല്ലതിൽ കൊണ്ടാക്കും!13
അശ്വികളേ, പാത്രങ്ങളിൽ ധാരാളം പകർന്ന നേതൃപേയം നല്കാൻ ആർക്കറിയാമോ; ഞങ്ങളിൽ കനിവുള്ള നിങ്ങൾ അവന്റെ ഗൃഹത്തിൽ എഴുന്നള്ളുവിൻ!14
വർഷകധനന്മാരേ, നിങ്ങൾ നേതൃപേയത്തിന്നു ഞങ്ങളുടെ ഗൃഹത്തിൽ വഴിപോലെ എഴുന്നള്ളുവിൻ: ഒരു ശരംപോലെ, യജ്ഞത്തെ എത്തിയ്ക്കുന്നവരാണല്ലോ, നിങ്ങൾ!15
നേതാക്കളായ അശ്വികളേ, സ്തുതികളിൽവച്ചു് (എന്റെ) സ്തോത്രം, ഒരു ദൂതനായി തുലോം സമീപിച്ചു, നിങ്ങളെ വിളിയ്ക്കട്ടെ; നിങ്ങളെ പ്രീതിപ്പെടുത്തട്ടെ!16
അമർത്ത്യന്മാരേ, നിങ്ങൾ വിണ്ണിന്റെ തണ്ണീരിടത്തിലോ, കാമയമാനന്റെ ഗൃഹത്തിലോ തിമിർക്കുകയായിരിയ്ക്കാം; എന്നാൽ എന്റെ (സ്തോത്രം) കേൾക്കുകതന്നെ വേണം!17
ഇതാ, കരകളിൽ കനകമുള്ള ശ്വേതയാവരീസരിത്തു നദികളിൽ വെച്ചു നിങ്ങളെ തുലോം സമീപിയ്ക്കുന്നു!18
ശോഭനഗമനന്മാരായ അശ്വികളേ, ഈ പോറ്റിപ്പോരുന്ന വെൺനദി നിങ്ങളെ വഴിപോലെ പാടിപ്പുകഴ്ത്തുന്നു!19
വായോ, തേർക്കുതിരകളെ ഭാവൻതന്നെ പൂട്ടുക – വസോ, തിരുമ്മി ചേർക്കുക. എന്നിട്ടു ഞങ്ങളുടെ മധു കുടിയ്ക്കുക: ഞങ്ങളുടെ സവധങ്ങളിൽ വരിക!20
യജ്ഞപതേ, ബ്രഹ്മാവിന്റെ ജാമാതാവേ, വിചിത്രകർമ്മാവേ, വായോ, അങ്ങയുടെ രക്ഷകളെ ഞങ്ങൾ വരിയ്ക്കുന്നു!21
ബ്രഹ്മാവിന്റെ ജാമാതാവായ, ഈശ്വരനായ വായുവിനോടു്, ഞങ്ങൾ സോമം പിഴിഞ്ഞു, ധനം യാചിയ്ക്കുന്നു: ഇയ്യുള്ളവർക്കു് സമ്പത്തുണ്ടാകട്ടെ!22
വായോ, നിന്തിരുവടി വിണ്ണുലകിന്നു നന്മ വരുത്തുക. നല്ല കുതിരക്കൂട്ടത്തെ നടത്തുക; മഹാനായ അവിടുന്നു വാരിഭാഗങ്ങൾ തടിച്ച രണ്ടെണ്ണത്തെ തേരിനു പൂട്ടുക!23
ഏറ്റവും അഴകുള്ള മഹത്ത്വത്താൽ വ്യാപ്തദേഹനായ നിന്തിരുവടിയെത്തന്നേ, ഞങ്ങൾ യാഗങ്ങളിൽ അമ്മിയെയെന്നപോലെ വിളിച്ചുകൊള്ളുന്നു.24
വായുദേവ, പുരോഗനായ നിന്തിരുവടി മനംകനിഞ്ഞു ഞങ്ങൾക്കു മഴയും അന്നവും കർമ്മങ്ങളും കല്പിച്ചുതരിക!25
[2] പറയൂ – അശ്വികളോടു്. സുഷാമാവ് – എന്റെ അച്ഛൻ. വരികയുണ്ടായല്ലോ – അതുപോലെ എനിയ്ക്കും ധനം തരാൻ വരുവിൻ.
[4] വെമ്പുന്നവൻ – സത്വരനായ സ്തോതാവു്. സമ്പദ്ദാനത്തിന്നായി – അവന്നു ധനം നല്കാൻ.
[5] കരയിയ്ക്കുന്നവരേ – യുദ്ധത്തിൽ ശത്രുക്കളെ.
[6] മയക്കുന്ന = മാദകമായ.
[9] വൃക്ഷാക്കളെ – ധനാദികൾ വർഷിക്കുന്ന നിങ്ങളിതുവരെ.
[10] തന്നോടുതന്നെ: അയല്ക്കാർ – അടുത്തുള്ള ശത്രുക്കൾ. പണികൾ – അസുരന്മാർ.
[12] അതു് – ആ ധനം.
[13] രണ്ടാംവാക്യം പരോക്ഷം: പൂജിച്ചു് – അഭീഷ്ടം നല്കി. നല്ലതിൽ – സമ്പത്തിൽ.
[14] നേതൃപേയം – നേതാക്കളായ നിങ്ങൾ പാനം ചെയ്യേണ്ടുന്ന സോമം. ഞങ്ങളിൽ – എങ്കിൽ.
[15] ഒരു ശരംപോലെ – വേടന്റെ അമ്പു മൃഗത്തെ ഉദ്ദിഷ്ടസ്ഥാനത്തണയ്ക്കുന്നതുപോലെ, യജ്ഞത്തെ സമാപ്തിയിലെത്തിയ്ക്കുന്നവരാണല്ലോ, നിങ്ങൾ.
[17] കാമയമാനൻ – ഭവൽക്കാമൻ, യജമാനൻ.
[18] ശ്വേതയാവരീസരിത്ത് = ശ്വേതയാവരി എന്ന നദി. ഈ നദി നിങ്ങൾക്കു് പ്രിയപ്പെട്ടതാകയാലാണ് ഇതിന്റെ തീരത്തുവച്ചു ഞാൻ നിങ്ങളെ സ്തുതിച്ചതു്.
[19] അലയൊലിയെ സ്തുതിഗാനമാക്കിയിരിയ്ക്കുയാണു്.
[20] തിരുമ്മി – കുതിരകളുടെ കഴുത്തിൽ. ചേർക്കുക – ഞങ്ങളുടെ യജ്ഞത്തിലണച്ചാലും. മധു – സോമം. സവനങ്ങളിൽ – മൂന്നുസവനത്തിലും.
[21] ബ്രഹ്മാവിന്റെ പുത്രിയുടെ ഭർത്താവത്രേ, വായു.
[23] രണ്ടെണ്ണത്തെ – രണ്ടശ്വങ്ങളെ.
[24] സോമലത ചതയ്ക്കാനുള്ള അമ്മിയെ സ്തുതിച്ചു വിളിയ്ക്കുക ചടങ്ങുകളിലൊന്നാണു്.
[25] പുരോഗൻ – ദേവകളിൽ മുമ്പൻ.