മനു ഋഷി; ഗായത്രിയും അനുഷ്ടുപ്പും പംക്തിയും പാദനിചൃത്തും ഛന്ദസ്സുകൾ; യജ്ഞവും യഷ്ടാവും ദമ്പതിമാരും ദേവത.
യജിച്ചവൻ വീണ്ടും യജിയ്ക്കും: പിഴിയും, പചിയ്ക്കും; ഇന്ദ്രസ്തുതിയിൽത്തന്നെ ഇച്ഛവെയ്ക്കും!1
പുരോഡാശവും പാൽ പകർന്ന സോമവും ശക്രന്ന് ആർ നല്കുമോ, അവനെ തന്തിരുവടി പാപത്തിൽ നിന്നു രക്ഷിയ്ക്കുകതന്നെ ചെയ്യും!2
അവന്നു തിളങ്ങുന്ന തേർ ദേവന്മാരയച്ചുകൊടുക്കും: അവൻ ശത്രുബാധയെല്ലം ശമിപ്പിച്ചു്, അഭിവൃദ്ധിയടയും!3
അവന്റെ ഗൃഹത്തിൽ, സന്താനങ്ങളോടും കറവപൈക്കളോടും കൂടിയ ഇള വിടാതെനിന്നു നാളിൽനാളിൽ ചുരത്തും!4
ദേവന്മാരേ, ഏതു ദംപതിമാർ ഒരേ മനസ്സോടെ പിഴിയുകയും അരിയ്ക്കുകയും, പതിവായി പാൽ പകർന്നു (നൽകുകയും ചെയ്യുമോ),5
അവരിരുവരും ഭക്ഷ്യങ്ങൾ നേടും; ഒന്നിച്ചു് യാഗംചെയ്യും; അവർ അന്നങ്ങളിൽനിന്നകലുകയില്ല!6
അവർ ദേവന്മാരിൽ വാക്കുമാറില്ല; തിരുവുള്ളം മറയ്ക്കില്ല; മഹത്തായ അന്നം നിവേദിയ്ക്കും!7
അവരിരുവരും പുത്രന്മാരോടു – കുമാരന്മാരോടു – കൂടി, പൊന്നണിഞ്ഞു, പൂർണ്ണായുസ്സു നേടും!8
അവർ പ്രീതികരമായ യജ്ഞംകൊണ്ടു ദേവകളെ സുഖിപ്പിയ്ക്കും, പരിചരിയ്ക്കും, ധനം നല്കും; നിലനില്പിന്നായി ലിംഗം യോനിയോടു ചേർക്കും!9
ഞങ്ങൾ പർവതങ്ങളുടെയും, നദികളുടെയും, (ദേവ) സഹിതനായ വിഷ്ണുവിന്റെയും സുഖം വരിച്ചുകൊള്ളുന്നു.10
ധനം നല്കി തുലോം പോറ്റിപ്പോരുന്ന സേവനീയനായ പൂഷാവു സുഖേന വന്നെത്തട്ടെ: മഹത്തായ മാർഗ്ഗം ക്ഷേമം വരുത്തട്ടെ!11
എതിരില്ലാത്ത പൂഷദേവനെ എല്ലാവരും ശ്രദ്ധവച്ചു മതിയാംവരെ സ്തുതിയ്ക്കും: ആദിതേയന്മാരുടെ (ദാനം) അനഘമാണല്ലോ!12
മിത്രൻ, അര്യമാവു്, വരുണൻ എന്നിവർ നമ്മെ കാത്തരുളുമാറു, യജ്ഞമാർഗ്ഗം സുഗമമായിത്തീരട്ടെ!13
നിങ്ങളിൽ മുമ്പനും, പുരുപ്രിയനും, ഒരു സുഹൃത്തെന്നപോലെ കർമ്മസാധകനുമായ അഗ്നിദേവനെ ഞങ്ങൾ ധനലബ്ധിയ്ക്കായി പരിചരിച്ചു സ്തുതിയ്ക്കുന്നു.14
ദേവഭക്തന്റെ രഥം, ഒരു ശൂരൻ വല്ല പടയിലുമെന്നപോലെ പായും. യാതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിയ്ക്കാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും!15
യഷ്ടാവേ, ഭവാന്നും, പിഴിയുന്നവനേ, ഭവാന്നും, ദേവകാമ, ഭവാന്നും ക്ഷയം വരില്ല: യാതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിയ്ക്കാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും!16
യാതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിയ്ക്കാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും; അവനോടു കർമ്മംകൊണ്ടു് ആരും അടുക്കില്ല; അവന്നു വേറുപാടോ വീതംവെപ്പോ സംഭവിയ്ക്കില്ല!17
അവനു നല്ല വീര്യവും കുതിച്ചോടുന്ന കുതിരക്കൂട്ടവും കൈവരും; യതൊരു യഷ്ടാവു ദേവന്മാരെ പ്രസാദിപ്പിപ്പാൻ നോക്കുമോ, അവൻ അയഷ്ടാക്കളെ കീഴമർത്തും!18
[1] വീണ്ടും യജിയ്ക്കും – ദേവന്മാരിൽനിന്നു ധനം കിട്ടുകയാൽ. പിഴിയും – സോമം. പചിയ്ക്കും – പശുപൂരോഡാശാദി.
[4] ഇള – ഗോദേവത. ചുരത്തും – സന്താനങ്ങളെയും കറവപ്പൈക്കളെയും കൊടുക്കും.
[7] വാക്കു മാറില്ല – ഹവിസ്സു നല്കാമെന്നു നേർന്നിട്ടു, നല്കാതിരിയ്ക്കില്ല. തിരുവുള്ളം (നിങ്ങളുടെ പ്രസാദം) മറയ്ക്കില്ല; നേരെമറിച്ചു, വെളിവിൽ സ്തുതിയ്ക്കും.
[8] കുമാരന്മാർ – പതിനാറോളം വയസ്സു ചെന്ന ഉണ്ണികൾ.
[9] ധനം നല്കും – ദാനയോഗ്യർക്ക്. നിലനില്പ് – വംശസ്ഥിതി, സന്താനാഭിവൃദ്ധി.
[10] പർവതങ്ങളുടെ സുഖം സ്ഥിരത; നദികളുടെ സുഖം തീരത്തു മുനികളുടെയും മറ്റും ജപാനുഷ്ഠാനം; വിഷ്ണുവിന്റെ സുഖം ശത്രുവധം.
[11] മാർഗ്ഗം – പൂഷാവു വന്നാൽ, മാർഗ്ഗം ക്ഷേമകരമായി!
[14] ദേവന്മാരോടു പ്രത്യക്ഷോക്തി:
[15] അയഷ്ടാക്കൾ – യജ്ഞംചെയ്യാത്തവർ.
[16] പിഴിയുന്നവർ – സോമം.
[17] വേറുപാട് – സ്വസ്ഥാനവിയോഗം. വീതംവെപ്പ് – പുത്രാദികളുമായി സ്വത്തു ഭാഗിയ്ക്കൽ.