കണ്വഗോത്രൻ മേധ്യാതിഥി ഋഷി; ബൃഹതിയും ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രൻ ദേവത.
വൃത്രഹന്താവേ, പിഴിഞ്ഞ ഞങ്ങൾ ഭവാങ്കൽ, തണ്ണീരുകൾ പോലെ (അണയുന്നു); സ്തോതാക്കളും ദർഭ മുറിച്ചു, സോമനീരരിച്ചു ഭവാനെ പര്യുപാസിയ്ക്കുന്നു.1
വസോ, നേതാക്കൾ സോമം പിഴിഞ്ഞ്, അങ്ങയെ പുറപ്പെടുവിയ്ക്കാൻ ഉക്ഥങ്ങൾ ഉച്ചരിയ്ക്കുന്നു: ഇന്ദ്ര, അവിടുന്നു നീരിന്നു ദാഹിച്ചുകൊണ്ടു്, ഒരു മുക്രയിടുന്ന കാളപോലെ എപ്പോൾ സ്ഥാനത്തു വന്നെത്തും?2
ധൃഷ്ണോ, ഒരായിരം കൂസലില്ലാത്ത അന്നം കണ്വന്മാർക്കു തിരിക: കാഴ്ച തെളിഞ്ഞ മഘവാവേ, മഞ്ഞച്ച അന്നവും ഗോക്കളെയും ഞങ്ങൾ ഭവാനോടു ശീഘ്രം യാചിയ്ക്കുന്നു!3
മേധ്യാതിഥേ, നീ സോമം കുടിയ്ക്കുക, അതിന്റെ മത്തിൽ ഇന്ദ്രനെപ്പറ്റി പാടുക: പൊന്നിൻ തേരിൽ ഇരുഹരികളെ പൂട്ടുന്നവനും, പിഴിഞ്ഞാൻ തുണയ്ക്കുന്നവനുമാണല്ലോ, ഈ വജ്രി!4
നല്ല ഇടംവലംകൈകളുള്ളവൻ, ഈശ്വരൻ, ശോഭനപ്രജ്ഞൻ, ആയിരം ചെയ്തവൻ, ബഹുധനൻ, പുരികൾ പിളർത്തവൻ, സുസ്ഥിരൻ – ഇപ്രകാരമുള്ള ഇന്ദ്രനെ ഞങ്ങൾ സ്തുതിയ്ക്കുന്നു.5
ധർഷകൻ, എതിർക്കപ്പെടാത്തവൻ, പടകളിൽ പയറ്റിയവൻ, സമ്പത്തേറിയവൻ, പിഴിയിയ്ക്കുന്നവൻ – ഇപ്രകാരമുള്ള പുരുസ്തുതൻ കർമ്മശക്തന്ന് ഒരു പയ്യുപോലെയാണു്!6
പിഴിഞ്ഞാൽ ഒപ്പം കുടിയ്ക്കുന്ന തന്തിരുവടിയെ ആരറിയും? എന്തൊരന്നം തിരുവയറ്റിലാക്കും? നല്ല അണക്കടയുള്ള അവിടുന്നു സോമത്തിന്റെ മത്തിൽ പുരികൾ ബലേന പിളർത്തും!7
മാറ്റാനെത്തേടുന്ന മതംഗജം മദനീരെന്നപോലെ, താൻ വളരെയിടങ്ങളിൽ മത്തുകൊള്ളും. അങ്ങയെ അരും പിടിച്ചുനിർത്തില്ല: സോമത്തിന്നു വരിക, കെല്പോടെ ചുറ്റിനടക്കുന്ന മാഹാനാണല്ലോ അവിടുന്നു്!8
യാതൊരുഗ്രൻ ദുസ്തരനായി, ഉറപ്പോടേ, പോരിന്നു കോപ്പണിയുമോ; ആ മഘവാവായ ഇന്ദ്രൻ സ്തോതാവിന്റെ വിളി കേട്ടാൽ വിട്ടുപോകില്ല, വരും!9
ഉഗ്ര, തീർച്ചയായും ഭവാൻ ഇങ്ങനെ വർഷിയ്ക്കും; വൃഷാക്കളാൽ ഞങ്ങളിൽ എത്തിയ്ക്കപ്പെടും. ദൂരത്തു വൃഷാവെന്നു കേൾവിപ്പെട്ടവനാണല്ലോ, ഭവാൻ; ചാരത്തും വൃഷാവെന്നു വിശ്രുതൻതന്നെ!10
മഘവാവേ, ഭവാന്റെ കടിഞ്ഞാണുകൾ വൃഷാക്കളാണു്; പൊന്നിൻചമ്മട്ടി വൃഷാവാണു്; പള്ളിത്തേർ വൃഷാവാണു്; ഹരികൾ വൃഷാക്കളാണു്; ശതക്രതോ, ഭവാനും വൃഷാവാണു്!11
വൃഷാവേ, അങ്ങയ്ക്കായി പിഴിയുന്നവൻ വൃഷാവായി പിഴിയട്ടെ: ഋജീഷിൻ, കൊണ്ടുവന്നാലും. ഹരികളുടെ മുന്നിൽ നില്ക്കുന്നവനേ, അങ്ങയ്ക്കായി വൃഷാവു വൃഷാവിനെ വെള്ളത്തിലിട്ടിരിയ്ക്കുന്നു!12
ഇന്ദ്ര, മഹാബല, അങ്ങ് സോമമധു നുകരാൻ വന്നാലും: (വരാഞ്ഞാൽ) സുകർമ്മാവായ മഘവാവു സ്തുതികളും സ്തോത്രങ്ങളും ശസ്ത്രങ്ങളും നേരേ കേൾക്കില്ലല്ലോ!13
വൃത്രഘ്ന, ശതക്രതോ, തേരിലിരിയ്ക്കുന്ന സ്വാമിയായ ഭവാനെ തേർക്കുതിരകൾ അന്യസവനങ്ങളെത്തള്ളി, ഇങ്ങോട്ടു കൊണ്ടുപോരട്ടെ!14
മഹാമഹ, അവിടുന്നു ഞങ്ങളുടെ തുലോം അടുത്ത സ്തോത്രം ഉൾക്കൊണ്ടാലും: തിളങ്ങുന്നവനേ, സോമപായിൻ, അങ്ങയുടെ മത്തിന്നായി ഞങ്ങൾ പിഴിഞ്ഞതു് ഏറ്റവും സുഖമുളവാക്കട്ടെ!15
ആർ നമ്മെ നയിച്ചുപോന്നുവോ, ആ വീരന്നു നിന്നെയോ എന്നെയോ അന്യനെയോ ശാസിയ്ക്കുന്നതു പ്രിയമല്ല!16
ഇന്ദ്രൻതന്നെ അരുളിച്ചെയ്തിരിക്കുന്നു: – ‘സ്ത്രീയുടെ മനസ്സ് അടക്കിനിർത്താവുന്നതല്ല.’ ബുദ്ധിയ്ക്കു കനമില്ലെന്നും പറയുകയുണ്ടായി!17
അശ്വങ്ങളും മത്തിന്നായി നടകൊള്ളുമ്പോൾ രണ്ടെണ്ണം ചേർന്നാണു്, വൃഷാവിന്റെ തേർ വലിയ്ക്കുന്നതു്; ഇത്രമേലുണ്ടു, കനം!18
‘നീ കീഴ്പോട്ടു നോക്കൂ, മേല്പോട്ടരുതു് കാലടികൾ ചേർത്തുവയ്ക്കുക. നിന്റെ കണങ്കാലുകൾ കാണപ്പെടരുതു്: ഒരു ബ്രാഹ്മണനായിരുന്ന നീ പെണ്ണായിപ്പോയല്ലോ!’19
[1] തണ്ണീരുകൾ താന്നേടത്തെന്നപോലെ. പര്യപാസിയ്ക്കുന്നു = സമീപിയ്ക്കുന്നു.
[2] നീരിന്നു ദാഹിച്ചുകൊണ്ട് – സോമനീരിൽ തൃഷ്ണയോടെ. സ്ഥാനത്തുള്ള – യജ്ഞസദനത്തിൽ.
[3] കൂസലില്ലാത്ത – നിർഭയമായ.
[4] തന്നോടുതന്നെ പറയുന്നു.
[5] ആയിരം – അസംഖ്യകർമ്മങ്ങൾ. സുസ്ഥിരൻ – കർമ്മങ്ങളിൽ.
[6] പയ്യു പാൽ കൊടുക്കുന്നതുപോലെ, ഇന്ദ്രൻ കർമ്മശക്തന്നു് (യഷ്ടാവിന്നു്) അഭീഷ്ടങ്ങൾ നല്കും.
[7] ഒപ്പം – ഋത്വിക്കോടുകൂടി. എന്തൊരന്നം തിരുവയറ്റിലാക്കും – എന്തൊരന്നമായിരിയ്ക്കും, അവിടെയ്ക്കു പ്രിയം? പുരികൾ – അസുരനഗരികൾ.
[8] മതംഗജം = ആന. താൻ = ഇന്ദ്രൻ. അടുത്ത വാക്യം പ്രത്യക്ഷോക്തി;
[9] പരോക്ഷോക്തി.
[10] പ്രത്യക്ഷോക്തി: വർഷിയ്ക്കും – അഭീഷ്ടങ്ങളെ. വൃഷാക്കൾ – യുവാശ്വങ്ങൾ.
[11] എല്ലാ വൃഷശബ്ദത്തിന്നും, വർഷി എന്നുതന്നെയാണർത്ഥം.
[12] കൊണ്ടുവന്നാലും – ഞങ്ങൾക്കു ധനം. വൃഷാവ്—പിഴിയുന്നവൻ. വൃഷാവിനെ – സോമത്തെ.
[13] രണ്ടാംവാക്യം പരോക്ഷം:ശസ്ത്രങ്ങൾ – ഉക്ഥങ്ങൾ.
[15] മഹാമഹ – മഹാന്മാരിൽവെച്ചു മഹാനേ.
[16] പരോക്ഷോക്തി: ശാസിയ്ക്കുന്നതു പ്രിയമല്ല – രക്ഷിയ്ക്കുന്നതേ പ്രിയമാകൂ.
[17] മേധ്യാതിഥിയ്ക്കു ധനം കൊടുത്തുപോന്ന പ്രയോഗപുത്രൻ ആസംഗൻ പുരുഷത്വം വിട്ടു സ്ത്രീയായിപ്പോയി. അപ്പോൾ ഇന്ദ്രൻ പറഞ്ഞതാണു്, ഈ ഋക്കിലെ വിഷയം.
[18] മത്തിന്നായി – സോമം കുടിപ്പാൻ.
[19] സ്ത്രീയായിത്തീർന്ന പ്രയോഗപുത്രനോടു് ഇന്ദ്രൻ പറഞ്ഞതു്. ചേർത്തുവെയ്ക്കുക – പുരുഷനെപ്പോലെ അകത്തി വെയ്ക്കരുതു്. കാണപ്പെടരുതു് – കണങ്കാലുകൾ മറയത്തക്കവണ്ണം വേണം, വസ്ത്രമുടുക്കുക.