ശ്യാവാശ്വൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രാഗ്നികൾ ദേവത.
ഇന്ദ്രാഗ്നികളേ, യജ്ഞത്തിന്റെ ഋത്വിക്കുകളാണല്ലോ, പരിശുദ്ധരായ നിങ്ങൾ: യുദ്ധങ്ങളിലും കർമ്മങ്ങളിലും (സംബന്ധിയ്ക്കുന്ന) നിങ്ങൾ ഇവനെ അറിയുവിൻ!1
ഇന്ദ്രാഗ്നികളേ, നിഹന്താക്കളും തേരിലെഴുന്നള്ളുന്നവരും വൃതസൂദനരും തോല്മ പറ്റാത്തവരുമായ നിങ്ങൾ ഇവനെ അറിയുവിൻ!2
ഇന്ദ്രാഗ്നികളേ, ഇതാ, നേതാക്കൾ നിങ്ങൾക്കായി, മത്തുണ്ടാക്കുന്ന മധു അമ്മികൊണ്ടു പിഴിഞ്ഞിരിയ്ക്കുന്നു: നിങ്ങൾ ഇവനെ അറിയുവിൻ!3
ഇന്ദ്രാഗ്നികളേ, ഒപ്പം സ്തുതിയ്ക്കപ്പെടുന്ന നേതാക്കളായ നിങ്ങൾ യജ്ഞത്തിലെഴുന്നള്ളുവിൻ – യാഗത്തിനായി പിഴിഞ്ഞ സോമത്തിന്നു വരുവിൻ!4
ഇന്ദ്രാഗ്നികളേ, നേതാക്കളായ നിങ്ങൾ ഹവിസ്സു സ്വീകരിച്ചു പോരുന്ന ഈ സവനങ്ങളിൽ സംബന്ധിയ്ക്കുവിൻ – വരുവിൻ!5
ഇന്ദ്രാഗ്നികളേ, നേതാക്കളായ നിങ്ങൾ എന്റെ ഈ നല്ല ഗായത്ര സ്തുതി കേൾക്കുവിൻ: വരുവിൻ!6
സമ്പത്തടക്കുന്ന ഇന്ദ്രാഗ്നികളേ, നിങ്ങൾ പുലർകാലത്തു പോരുന്ന ദേവന്മാരോടുകൂടി, സോമം കുടിപ്പാൻ വരുവിൻ!7
ഇന്ദ്രാഗ്നികളേ നിങ്ങൾ പിഴിയുന്ന ശ്യാവാശ്വന്റെ ഋത്വിക്കുകളുടെ വിളി കേൾക്കുവിൻ, സോമം കുടിപ്പാൻ!8
ഇന്ദ്രാഗ്നികളെ, രക്ഷിപ്പാനും സോമം കുടിപ്പാനുമായി നിങ്ങളെ ഞാൻ, പ്രാജ്ഞന്മാർ വിളിച്ചുപോന്നതിൻവണ്ണം വിളിച്ചുകൊള്ളുന്നു!9
ഏവർക്കായി ഗായത്രം ഉച്ചരിയ്ക്കപ്പെടുന്നുവോ, ആ സ്തുതിയുക്തരായ ഇന്ദ്രാഗ്നികളോടു് ഞാൻ രക്ഷ യാചിയ്ക്കുന്നു!10