ബാലഖില്യസൂക്തം 8.
കണ്വപുത്രൻ പൃഷധ്രൻ ഋഷി; ഗായത്രിയും പംക്തിയും ഛന്ദസ്സുകൾ; ഇന്ദ്രനും അഗ്നിസൂര്യന്മാരും ദേവതകൾ.
അരികളെ അരിയുന്നവനേ, ഭവാന്റെ പ്രഗല്ഭമായ ധനം കൊള്ളക്കാരന്നിണങ്ങാത്തതായിട്ടേ കണ്ടിട്ടുള്ളൂ: വിണ്ണുപോലെ വിശാലമാണു്, ഭവാന്റെ ബലം!1
ആദിതിപുത്ര, അനശ്വരനായ അവിടുന്നു് എനിയ്ക്കുവേണ്ടി പതിനായിരം കൊള്ളക്കാരെ അരിഞ്ഞുവല്ലൊ; അവർ ധനം (എനിയ്ക്കു)വിട്ടുതന്നു – 2
നൂറു കഴുതകൾ; നൂറു ചെമ്മരിയാടുകൾ; നൂറു ദാസന്മാർ; മികച്ച മാലകൾ.3
ഒരശ്വക്കൂട്ടത്തെ വിവിധഗമനൻ അവിടെ അദിതിയ്ക്കും കൊണ്ടുകൊടുത്തു.4
സ്വയം സഞ്ചരിയ്ക്കുന്ന ഹവ്യവാഹനായ അഗ്നി യഷ്ടാവിനെ അറിയുന്നു: ആ മഹാൻ തെളിഞ്ഞ തേജസ്സോടെ പ്രേരകനായി (രാത്രിയിൽ ഭൂവിൽ) വിളങ്ങുന്നു; (പകൽ) സൂര്യൻ ദ്യോവിൽ വിളങ്ങുന്നു.5
[1] പ്രഗല്ഭം – ശത്രുവധത്തിൽ പ്രഗല്ഭം. ഇണങ്ങാത്തതു് – തട്ടിയെടുത്താലും ഉപകാരപ്പെടാത്തതു്.
[2] വിട്ടുതന്നു – അങ്ങയെപ്പേടിച്ചു്.
[3] എന്തൊക്കെ വിട്ടുതന്നു എന്നു്:
[4] വിവിധഗമനൻ – നാനാദേശസഞ്ചാരിയായ ഇന്ദ്രൻ. അവിടെ – സ്വർഗ്ഗത്തിൽ.
[5] പ്രേരകനായി – ലോകത്തെ വ്യാപരിപ്പിച്ചുകൊണ്ടു്.