ബാലഖില്യസൂക്തം 11.
കണ്വഗോത്രൻ സുപർണ്ണൻ ഋഷി; ജഗതി ഛന്ദസ്സ്; ഇന്ദ്രാവരുണന്മാർ ദേവത.
ഇന്ദ്രാവരുണന്മാരേ, ഈ പങ്കുകൾ നിങ്ങളിലെത്താൻ കൊതിയ്ക്കുന്നു. അതിനാൽ ഞാൻ സോമം പിഴിഞ്ഞു നിങ്ങളെ പൂജിയ്ക്കുന്നു: നിങ്ങൾ യജ്ഞത്തിൽ സവനങ്ങൾക്കു വരാറുണ്ടല്ലോ; പിഴിഞ്ഞ യഷ്ടാവിന്നു നല്കാറുമുണ്ടല്ലോ!1
ഇന്ദ്രാവരുണന്മാരേ, നിങ്ങളുടെ ഏർപ്പാടാലാണു്, അതിശോഭനങ്ങളായ സസ്യങ്ങളും ജലങ്ങളും പെരുമ നേടുന്നതു്. നിങ്ങൾ അന്തരിക്ഷപഥത്തിന്റെ അപ്പുറത്തു സഞ്ചരിയ്ക്കുന്നു; ഒരസുരനുമുണ്ടെന്നു തോന്നുന്നില്ല, നിങ്ങളെ എതിർക്കാൻ!2
ഇന്ദ്രാവരുണന്മാരേ, നിങ്ങളെ സപ്തവാണികൾ കൃശന്റെ മധുരരസത്താൽ സംതൃപ്തരാക്കി എന്നതു സത്യമാണല്ലോ. അവകൊണ്ടു് തന്നേ, ഉദകപാലകരായ നിങ്ങൾ ഹവിർദ്ദാതാവിനെ രക്ഷിയ്ക്കുവിൻ: ഇദ്ദേഹം അഹിംസിതനായിട്ടു, നിങ്ങളെ സശ്രദ്ധം ശുശ്രൂഷിയ്ക്കുന്നുണ്ടല്ലോ!3
ഇന്ദ്രാവരുണന്മാരേ, സോമരസമൊഴുക്കുന്ന സോമാർഹകളായ, ക്ഷിപ്രപ്രദാനകളായ ഏഴുവാണികളുണ്ടല്ലോ, യാഗശാലയിൽ: ഇവ നിങ്ങൾക്കു നൈ തൂകുന്നു; അതിനാൽ, നിങ്ങൾ യഷ്ടാവിനെ പുലർത്തുവിൻ, കൊടുക്കുവിൻ!4
ഇന്ദ്രാവരുണന്മാരേ, തേജസ്വികളായ നിങ്ങളുടെ സത്യവും ഈശ്വരത്വദ്യോതകളായ മഹിമാവിനെ ഞങ്ങൾ വലിയ സൗഭാഗ്യത്തിന്നായി വർണ്ണിയ്ക്കാം: സോമനീരൊഴുക്കുന്ന ഞങ്ങളെ ഉദകപാലകരായ നിങ്ങൾ മൂന്നു കുതിരക്കൂട്ടത്തെക്കൊണ്ടു സംരക്ഷിച്ചാലും!5
ഇന്ദ്രവരുണന്മാരേ, യാവചിലർ യജ്ഞമനുഷ്ഠിച്ചു മനശ്ശുദ്ധിനേടി, മുമ്പേത്തെ ഗൃഹാദികൾ ത്യജിച്ചുവോ, ആ ഋഷിമാർക്കു നിങ്ങൾ മനീഷയും വാക്കുകളും മനനവും ശാസ്ത്രവും കല്പിച്ചികൊടുത്തതു ഞാൻ തപസ്സാൽ കണ്ടിരിയ്ക്കുന്നു!6
ഇന്ദ്രാവരുണന്മാരേ, നിങ്ങൾ യജമാനർക്കു മനഃപ്രസാദവും, ഊറ്റംതോന്നാത്ത ധനസമൃദ്ധിയും കല്പിച്ചുകൊടുക്കുവിൻ; ഞങ്ങൾക്കു സന്തതി – സമ്പൽ – പുഷ്ടികൾ തരുവിൻ; ഞങ്ങൾക്കു വളരെക്കാലം ജീവിച്ചിരിപ്പാൻ ആയുസ്സു വർദ്ധിപ്പിയ്ക്കുവിൻ! 7
[1] പങ്കുകൾ – സോമാംശങ്ങൾ. നല്കാറുമുണ്ടല്ലോ – അഭീഷ്ടം.
[3] സപ്തവാണികൾ – ഏഴു സ്തുതികൾ. കൃശൻ – ഋഷി. മധുരരസം – സോമനീർ. അവകൊണ്ടു – സപ്തവാണികൾ കേട്ടു, കനിഞ്ഞ്.
[4] കൊടുക്കുവിൻ – അഭീഷ്ടം.
[6] ത്യജിച്ചു – സന്യാസിച്ചു എന്നർത്ഥം. മനീഷ – ജഡാജഡവിവേചന ബുദ്ധി. വാക്കുകൾ – ഉപനിഷത്തുകൾ. തപസ്സാൽ – ജ്ഞാനദൃഷ്ടിയാൽ.