പ്രഗാഥപുത്രൻ ഭർഗ്ഗൻ ഋഷി: ബൃഹതിയും സതോബൃഹതിയും ഛന്ദസ്സുകൾ; അഗ്നി ദേവത.
അഗ്നേ, അഗ്നികളോടൊന്നിച്ചു വരിക: ഹോതാവായ ഭവാനെ ഞങ്ങൾ വരിയ്ക്കുന്നു. പിടിയ്ക്കപ്പെട്ട സ്രൂക്കു് മികച്ച യജ്വാവായ ഭവാനെ ദർഭയിലിരുത്തി നെയ്യു തേപ്പിയ്ക്കട്ടെ!1
ബലപുത്ര, അംഗിരസ്സേ, യാഗത്തിൽ സ്രുക്കുകൾ അങ്ങയുടെ മുമ്പിലെയ്ക്കു വരുന്നുണ്ടല്ലോ. മിന്നുന്ന തലമുടിയുള്ള അന്നപാലകനെ – പുരാതനനായ അഗ്നിയെ – ഞാൻ യജ്ഞങ്ങളിൽ സ്തുതിയ്ക്കുന്നു.2
അഗ്നേ, കവിയായ ഭവാൻ വിധാതാവാകുന്നു; പാവക, ഹോതാവായ ഭവാൻ യജനീയനാകുന്നു? ഉജ്ജ്വല, മത്തുപിടിപ്പിയ്ക്കേണ്ടുന്ന മഹായഷ്ടാവായ ഭവാൻ യാഗങ്ങളിൽ മേധാവികൾക്കു മന്ത്രങ്ങൾകൊണ്ടു സ്തുതിയ്ക്കപ്പെടേണ്ടവനാകുന്നു!3
അതിയുവാവേ, അനശ്വര, അവിടുന്നു് അദ്രോഹിയുടെ അടുക്കലേയ്ക്കു, കൊതിയുള്ള ദേവകളെ അമറേത്തിനു കൊണ്ടുവന്നാലും. വസോ, ഭവാൻ നേരെ വെയ്ക്കപ്പെട്ടിട്ടുള്ള അന്നങ്ങളിലെയ്ക്കു വരിക; ഇരുത്തപ്പെട്ടു സ്തുതികളാൽ മത്തുകൊള്ളുക!4
അഗ്നേ, രക്ഷക, സത്യരൂപനെന്നും കവിയെന്നും സർവത്ര പ്രഥിതനാണ് ഭവാൻ. കത്തിജ്ജ്വലിയ്ക്കുന്നവനേ, അങ്ങയെ മേധാവികൾ സ്തുതിച്ചുകൊണ്ടു പരിചരിയ്ക്കുന്നു!5
തുലോം പ്രകാശിപ്പിയ്ക്കുന്നവനേ, അങ്ങ് കത്തുക, ജ്വലിയ്ക്കുക. സ്തുതിയ്ക്കുന്ന മനുഷ്യനു സുഖം നല്കുക. എന്റെ സ്തോതാക്കൾ ദേവന്മാരുടെ സുഖത്തിലെത്തട്ടെ; ശത്രുക്കളെ കീഴമർത്തുട്ടെ; അഗ്നിയെ പരിചരിയ്ക്കുട്ടെ!6
അനുകൂലതേജസ്തനായ അവിടുന്നു ഭൂമിയിൽ ഉണക്കുവിറക് എരിയ്ക്കാറുണ്ടല്ലോ; അതുപോലെ, ഞങ്ങളെ ദ്രോഹിയ്ക്കുന്നവനെയും ദ്രോഹിപ്പാൻ നോക്കുന്ന ദുരാത്മാവിനെയും ചുട്ടെരിച്ചാലും!7
ഹേ യുവതമ, അവിടുന്നു ഞങ്ങളെ ശത്രുമർത്ത്യന്നും, കരുത്തന്നും കുറ്റം പറയുന്നവന്നും കീഴ്പെടുത്തരുതു്: വലയ്ക്കാതെ മറുകരയണയ്ക്കുന്ന സുഖകരമായങ്ങളായ രക്ഷകൾകൊണ്ടു കാത്തരുളിയാലും!8
അഗ്നേ, നിന്തിരുവടി ഞങ്ങളെ ഒരു ഋക്കുകൊണ്ടു രക്ഷിച്ചാലും; രണ്ടുകൊണ്ടു രക്ഷിച്ചാലും; അന്നാധിപതേ, മൂന്നുകൊണ്ടു രക്ഷിച്ചാലും; വസോ, നാലുകൊണ്ടു രക്ഷിച്ചാലും!9
പിശുക്കനായ അരക്കനിൽനിന്നെല്ലാം രക്ഷിച്ചാലും; ഞങ്ങളെ യുദ്ധങ്ങളിൽ കാത്തരുളിയാലും. യജ്ഞസിദ്ധിയ്ക്കും അഭിവൃദ്ധിയ്ക്കും ഞങ്ങൾ അങ്ങനെതന്നെയാണല്ലോ, അടുത്ത ബന്ധുവാക്കിയിരിയ്ക്കുന്നതു്!10
അഗ്നേ, പാവക, അവിടുന്നു ഞങ്ങൾക്കു് അന്നവർദ്ധകമായ ശ്ലാഘ്യസംപത്തു കൊണ്ടുവരിക. അരികിൽവച്ചെണ്ണുന്നവനേ, വഴിപോലെ കൊണ്ടുനടക്കുന്നതിനാൽ പുരുകാമ്യവും പുകളേറിയതുമായ (ധനം) ഞങ്ങൾക്കു തരികയും ചെയ്യുക:11
എന്നാൽ, ഞങ്ങൾക്കു, യുദ്ധങ്ങളിൽ പാഞ്ഞണഞ്ഞെയ്യുന്ന പററലരെ പിന്നിട്ടു വധിയ്ക്കാമല്ലോ! കർമ്മധന, ആ നിന്തിരുവടി ഞങ്ങളെ വർദ്ധിപ്പിച്ചാലും; ഹവിസ്സുകൊണ്ടു ധനം കൈവരുത്തുന്ന കർമ്മങ്ങൾ നിറവേറ്റിയാലും!12
അഗ്നി, കൊമ്പണയ്ക്കുന്ന ഒരു കാളപോലെ തല കുടയുന്നു: നല്ല പല്ലുകളുള്ള ഈ ബലപുത്രന്റെ അണക്കടകൾക്കൊത്ത ജ്വാലകൾ അധൃഷ്യങ്ങളാകുന്നു!13
അഗ്നേ, വൃഷാവേ, അധൃഷ്യങ്ങളാണല്ലോ, അങ്ങയുടെ പല്ലുകൾ; അങ്ങു കത്തിപ്പടരുന്നു. ഹോതാവേ, ആ നിന്തിരുവടി ഞങ്ങളുടെ ഹവിസ്സിന്നു നന്മ വരുത്തിയാലും, ഞങ്ങൾക്കു വേണ്ടതു ധാരാളം തന്നാലും!14
അവിടുന്നു കാട്ടിൽ ഇരുമാതാക്കളിലിയ്ക്കുന്നു; അങ്ങയെ മനുഷ്യർ വളർത്തുന്നു. ഭവാൻ മടിയ്ക്കാതേ ഹവ്യകാരന്റെ ഹവിസ്സുകൾ വഹിയ്ക്കുന്നു; ഉടൻ തന്നെ ദേവന്മാരുടെ ഇടയിൽ വിളങ്ങുന്നു!15
അഗ്നേ, നല്ല ദാതാവും അക്ഷീണനുമായ ഭവാനെ ഏഴുഹോതാക്കൾ സ്തുതിയ്ക്കുന്നു. അങ്ങ് ചൂടുതേജസ്സുകൊണ്ടു് മേഘത്തെ പിളർത്തുന്നു. അഗ്നേ, അവിടുന്നു് ആളുകളെ പിന്നിട്ടു നടകൊണ്ടാലും!16
വിട്ടുപോകാത്ത അഗ്നിയെ, അഗ്നിയെ, ദർഭമുറിച്ച ഞങ്ങൾ നിങ്ങൾക്കുവേണ്ടി വിളിയ്ക്കാം – വളരെയിടങ്ങളിൽ വാഴുന്ന ഹോതാവായ അഗ്നിയെ ഹവിസ്സൊരുക്കിയ ഞങ്ങൾ മനുഷ്യർക്കുവേണ്ടി വിളിയ്ക്കാം.17
അഗ്നേ, സാമം പാടുന്ന ധാമത്തിൽ എഴുന്നള്ളിയ നിന്തിരുവടിയെ വിദ്വജ്ജനങ്ങൾ സ്തുതിയ്ക്കുന്നു. അവിടുന്നു് ഞങ്ങൾക്കു്, അരികേ വർത്തിയ്ക്കുന്ന വിവിധാന്നം രക്ഷയ്ക്കായി കനിഞ്ഞു കൊണ്ടുവന്നാലും!18
സ്തുത്യനായ അഗ്നേ, ദേവ, പ്രജാപാലകനും അരക്കരെ എരിയ്ക്കുന്നവനും, വിട്ടുപോകാത്ത ഗൃഹപതിയും സ്വർഗ്ഗരക്ഷകനും, യാഗശാലയിലെഴുന്നള്ളുന്നവനും, മഹാനുമാണ,വിടുന്ന്!19
ദീപ്തിധന, അഗ്നേ, അരക്കനും രാക്ഷസപീഡയും ഞങ്ങളിൽ കടക്കരുതു്. വറുതി, വിശപ്പു്, കരുത്തേറിയ രക്ഷസ്സുകൾ എന്നിവയെ അങ്ങ് രണ്ടുനാഴികയപ്പുറത്തേയ്ക്കു് നീക്കിയാലും!20
[1] തേപ്പിയ്ക്കട്ടേ – ധാരാളം ഹോമിയ്ക്കട്ടെ എന്നർത്ഥം.
[2] ഉത്തരാർത്ഥം പരോക്ഷം: തലമുടി – ജ്വാല.
[3] വിധാതാവു് – ഫലകർത്താവു്.
[4] അദ്രോഹിയുടെ – ദ്രോഹിയല്ലാത്ത എന്റെ. ഇരുത്തപ്പെട്ടു – ഞങ്ങളാൽ.
[11] അരികിൽ വെച്ചുണ്ണുന്നവനേ – ഞങ്ങളുടെ അടുക്കൽ വെച്ചു് എണ്ണിനോക്കിയിട്ട് എന്നർത്ഥം.
[12] എയ്യുന്ന – ആയുധം പ്രയോഗിയ്ക്കുന്ന.
[14] നന്മ – അവിടുന്നു് സ്വീകരിച്ചാലേ ഹവിസ്സു നന്നാകൂ. വേണ്ടതു – ധനം.
[15] ഇരുമാതാക്കളിൽ – രണ്ടരണികളിൽ. ഹവ്യകാരൻ – യജമാനൻ.
[16] അക്ഷീണൻ – പ്രവൃദ്ധൻ. നടകൊണ്ടാലും – ഹവിസ്സെടുത്തു, ദേവന്മാരുടെ അടുക്കലെയ്ക്കു്.
[17] വിട്ടുപോകാത്ത – സദാ നമ്മുടെ ഗൃഹത്തിൽ വസിയ്ക്കുന്ന അഗ്നിപദാവൃത്തി ആദരാതിശയത്താലാകുന്നു.
[18] ധാമം – യജ്ഞസദനം.
[20] ദീപ്തിധന – ദീപ്തി(പ്രകാശം)യാകുന്ന ധനത്തോടുകൂടിയവനേ. രണ്ടു നാഴികയപ്പുറത്തേയ്ക്കു് – അതിദൂരത്തെയ്ക്കു് എന്നു ഹൃദയം.