കുരുസുതി ഋഷി; ഗായത്രിയും ബൃഹതിയും സതോബൃഹതിയും ഛന്ദസ്സകൾ; ഇന്ദ്രന്‍ ദേവത.
ജനിച്ചപ്പോൾത്തന്നെ ശതക്രതു അമ്മയോട് ഇങ്ങനെ ചോദിച്ചു: – ‘എവർക്കുള്ളൂ, വലിയ ബലം? വിളിപ്പെട്ടവര്‍ എവർ?’ 1
ഉടനേ അമ്മ പറഞ്ഞു: – ‘ഔർണ്ണവാഭന്‍, അഹീശുവൻ – മകനേ, നിനക്കു പിന്നിടാവുന്നവരായിത്തീരട്ടെ!’ 2
വൃത്രഘ്യന്‍ അവരെ ഒപ്പം, ചക്രകൂടത്തില്‍ ഏർക്കാലുകളെ കയർകൊണ്ടെന്നപോലെ വലിച്ചുമുറുക്കി; ദസ്യുക്കളെ വധിച്ചു, വളര്‍ച്ചയും പൂണ്ടു! 3
അഴകുറ്റ മുപ്പതു സോമനീര്‍പ്പൊയ്കുകൾ ഒപ്പം ഇന്ദ്രന്‍ ഒരു മോന്തല്‍കൊണ്ടു കുടിച്ചുതീർത്തു! 4
കാല്‍വെപ്പാനിടമില്ലാത്ത പ്രദേശത്തു നീര്‍മുകിലിനെ ഇന്ദ്രന്‍ ബ്രാഹ്മണാഭിവൃദ്ധിയ്ക്കായി പിളർത്തി: 5
ഇന്ദ്രന്‍ അന്നം വിളയിപ്പാൻ, ശരം വിരിയെത്തൊടുത്തു, മേഘങ്ങളെ ആഞ്ഞെയ്തു! 6
ഇന്ദ്ര, ഭവാന്‍ യാതൊന്നിനെ കൂട്ടകാരനാക്കിയോ, ഭവാനന്റെ ആ ഒറ്റശ്ശരത്തിന്നു നൂറ മുനയുണ്ടു്; ആയിരം ചിറകുണ്ട്! 7
ജനിച്ചപ്പോൾത്തന്നെ വളർന്ന് ഉറപ്പുനേടിയ ഭവാന്‍ ആ ശരംകൊണ്ടു, സ്നോതാക്കൾക്കും മക്കൾക്കും സ്ത്രീകൾക്കും ആഹാരത്തിന്നു മതിയാകുന്ന ധനം കൊണ്ടുവന്നാലും! 8
അങ്ങ് നിനച്ചുറച്ചതിന്‍വണ്ണം, അങ്ങയാല്‍ നിർമ്മിയ്ക്കപ്പെട്ട പാരിച്ചവയും പരിണതങ്ങളുമായ ബലങ്ങളാണിവ! 9
അങ്ങയാല്‍ അയയ്ക്കപ്പെട്ട ഉരുക്രമനായ വിഷ്ണു അവയെല്ലാം – നൂറുപോത്തുകളെയും പാല്‍പായസവും – കൊണ്ടുപോന്നു; ഇന്ദ്രന്‍ മോഷ്ടാവായ വരാഹനെ (പിളർത്തി)! 10
ഭവാന്റെ വില്ലു പലതരത്തിലെയ്യുന്നതും ഭംഗിയില്‍ നിർമ്മിയ്ക്കപ്പെട്ടതും സുഖഭരിതവുമാകുന്നു; സ്വർണ്ണമയമാണ്, സാധചമായ സായകം. ഭവാന്റെ ഇരുകൈകൾ രമണീയങ്ങളാണ്, സുഭൂഷിതങ്ങളാന്ന്, അടിച്ചുനോവിയ്ക്കുന്നവയാണ്, മര്‍മ്മത്തെയ്യുന്നവയാണു്! 11
[2] മറ്റുള്ളവരും പിന്നിടാവു(ജയിയ്ക്കാവു)ന്നവരായിത്തീരട്ടെ. ഔര്‍ണ്ണവാരാദികളെയെല്ലാം നീ ജയിയ്ക്കണം.
[5] പ്രദേശത്ത് – അന്തരിക്ഷത്തില്‍.
[6] ആഞ്ഞെയ്തു – അങ്ങനെ മഴ പെയിച്ചു.
[8] വളർന്ന് – ഞങ്ങളുടെ സോമംകൊണ്ട്. ഉറപ്പ് യുദ്ധസ്ഥൈര്യം.
[9] ഇവ – ഭൂമിയെത്താങ്ങുന്ന പര്‍വ്വതങ്ങളും മറ്റും.
[10] അയയ്ക്കപ്പെട്ട – വരാഹാസുരന്‍ കട്ടുവെച്ച ധനങ്ങൾ എടുത്തുകൊണ്ടു വരാന്‍. അവയെല്ലാം – ധനങ്ങളൊക്കെ. വരാഹവധേതിഹാസത്തിന്‍െറ ചുരുക്കമാണിത്.
[11] സാധകം – കാര്യം സാധിയ്ക്കുന്നത്. അടിച്ചുനോവിയ്ക്കുന്നവ – ശത്രുക്കളെ.