ഭൃഗുഗോത്രൻ കൃത്നു ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; സോമം ദേവത.
കർത്താവും, പിടിയിൽപ്പെടാത്തതും, വിശ്വജിത്തും, ഉദ്ഭിത്തും, ജ്ഞാനിയും, മേധാവിയും, സ്തുത്യവുമാണു്, ഈ സോമം!1
ഇതു നഗ്നത്തെ പുതപ്പിയ്ക്കും; എല്ലാ രോഗിയെയും ചികിത്സിയ്ക്കും. കണ്ണില്ലെങ്കിലും കാണും; കാലില്ലെങ്കിലും നടക്കും!2
സോമമേ, നീ മാറ്റാന്റെ മെലിയിയ്ക്കുന്ന മാട്ടുകളിൽ നിന്നു മഹത്തായ രക്ഷ നല്കും!3
ഋജീഷിൻ, നീ നിന്റെ ബുദ്ധികൊണ്ടും ശക്തികൊണ്ടും ദ്രോഹിയുടെ മാട്ടിനെ വാനിൽനിന്നും മന്നിൽനിന്നും തട്ടിനീക്കിയാലും!4
അർത്ഥികൾ ധനത്തിന്നായി ചെല്ലും; ദാതാവിന്റെ ദാനവും നേടും; (നീ അനുഗ്രഹിച്ചാൽ) യാചകന്റെ അഭിലാഷം നിറവേറും!5
മുമ്പു പോയതു കിട്ടിയാൽ, അതവനെ യജ്ഞത്തിന്നു പ്രേരിപ്പിയ്ക്കും; യജ്ഞം തുടങ്ങിയവന്നു് ആയുസ്സു വർദ്ധിയ്ക്കും!6
സോമമേ, സുസുഖമായ—സുഖകരമായ—നീ ഞങ്ങളുടെ ഹ്യദയത്തിൽ ബുദ്ധിപ്രമാദമെന്നിയേ ഇളകാതെനിന്നു സുഖം കിട്ടിച്ചാലും!7
സോമമേ, അവിടുന്നു ഞങ്ങൾക്കു മൈവിറയലുണ്ടാക്കരുതു്; രാജാവേ, ഭീതി വരുത്തരുതു്; കത്തൽകൊണ്ടു ഞങ്ങളുടെ കരൾ വേവിയ്ക്കരുതു്!8
രാജാവേ, ഞാൻ സ്വന്തം പാർപ്പിടത്തിൽ ദേവകളുടെ ദുർബുദ്ധി കാണുന്നതെപ്പൊഴോ, അപ്പോൾ അവിടുന്നു ദ്രോഹികളെ തട്ടിനീക്കണം – വർഷക, ഹിംസകരെ തട്ടിനീക്കണം!9