നോധസ്സിന്റെ പുത്രൻ എകദ്യൂവ് ഋഷി; ഗായത്രിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; ഇന്ദ്രനും ദേവന്മാരും ദേവത.
ശതക്രതോ, സത്യം: മറ്റൊരു സുഖപ്രദനെ ഞാൻ കണ്ടിട്ടില്ല; ഇന്ദ്ര, അങ്ങ് ഞങ്ങളെ സുഖിപ്പിയ്ക്കുക!1
ഭവാൻ മുമ്പു ഞങ്ങളെ കഷ്ടപ്പെടുത്താതെ അന്നം തന്നു രക്ഷിച്ചുപോന്നുവല്ലോ; ഇന്ദ്ര, അതുപോലെ എന്നും ഞങ്ങളെ സുഖിപ്പിയ്ക്കുക!2
ഹേ ഇന്ദ്ര, ആരാധകനെ പ്രേരിപ്പിയ്ക്കുന്ന നിന്തിരുവടിതന്നെയാണു്, പിഴിയുന്നവന്നു രക്ഷിതാവ്; അതിനാൽ ഞങ്ങളിൽ തുലോം ത്രാണി കാണിച്ചാലും!3
ഇന്ദ്ര, വജ്രിൻ, ഞങ്ങളുടെ രഥം അവിടുന്നു രക്ഷിയ്ക്കണം: എന്റെ തേർ പിന്നിലായിപ്പോയാലും, അവിടുന്നു മുന്നിലാക്കണം!4
ഹേ, അവിടുന്നു മിണ്ടാതിരിയ്ക്കുന്നതെന്താണു്? ഞങ്ങളുടെ രഥം ഒന്നാമത്തതാക്കുക: ഇതാ, ആഹാരകാംക്ഷിയായ അന്നം(അങ്ങയുടെ)അരികിൽ!5
ഞങ്ങളുടെ ആഹാരകാംക്ഷിയായ രഥം നിന്തിരുവടി രക്ഷിയ്ക്കണം: എങ്ങും എന്തും, സുകരമാണല്ലോ, അവിടെയ്ക്ക്; ഞങ്ങളെ നന്നായി ജയിപ്പിച്ചാലും!6
ഇന്ദ്ര, ഭവാൻ ഉറച്ചുനില്ക്കുക: ഒരു പുരിയാണ,വിടുന്നു്. പകരം, ഇതാ, നല്ല യഥാകാലകർമ്മം ഭവാങ്കലണയുന്നു!7
(ഞങ്ങൾക്കു്) ഒരേടത്തും തിന്മ പറ്റരുതു്. അപ്പുറത്തു പരപ്പിൽ വെയ്ക്കപ്പെട്ടിട്ടുണ്ടു്, ധനം; ശത്രുക്കൾ തിരിഞ്ഞോടട്ടെ!8
അവിടുന്നു യജ്ഞസംബന്ധിയായ നാലാമത്തെപ്പേർ വഹിയ്ക്കുണമെന്നു ഞങ്ങൾ ആഗ്രഹിയ്ക്കുന്നതെപ്പൊഴോ, അപ്പോൾത്തന്നെ, രക്ഷിതാവായ നിന്തിരുവടി ഞങ്ങൾക്കു കിട്ടിയ്ക്കാറുണ്ടു്!9
മരണമില്ലാത്ത ദേവന്മാരേ, നിങ്ങളെയും ദേവിമാരെയും ഏകദ്യുവ് വർദ്ധിപ്പിയ്ക്കുന്നു, തൃപ്തിപ്പെടുത്തുന്നു; അവന്നു നിങ്ങൾ സമ്പത്തു പെരുപ്പിയ്ക്കുവിൻ! കർമ്മധനൻ പ്രഭാതത്തിൽ വെക്കം വന്നെത്തട്ടെ!10
[3] പിഴിയുന്നവന്നു് – സോമം. ത്രാണി – രക്ഷണശക്തി.
[4] രക്ഷിയ്ക്കണം – യുദ്ധത്തിൽ.
[5] അഹാരകാംക്ഷിയായ അന്നം – ഞങ്ങൾക്കാഹാരം കിട്ടണമെന്നു കാംക്ഷിയ്ക്കുന്ന ഞങ്ങളുടെ ഹവിസ്സ്.
[7] നില്ക്കുക – യുദ്ധത്തിൽ. പുരി – പുരിപോലെ നിശ്ചലൻ. കർമ്മം – ഞങ്ങളുടെ.
[8] ധനം – ശത്രുക്കളുടെ; അവരെ ഓടിച്ച്, അതു ഞങ്ങൾക്കു തന്നാലും.
[9] നാലാമത്തെപ്പേര് – സോമയാജി എന്നതു്. കിട്ടിയ്ക്കാറുണ്ടു് – സോമയാജിത്വം.
[10] ഏകദ്യുവു് – ഞാൻ. വർദ്ധിപ്പിയ്ക്കുന്നു – സ്തുതികൊണ്ടു്. തൃപ്തിപ്പെടുത്തുന്നു – സോമംകൊണ്ടു്. കർമ്മധനൻ – ഇന്ദ്രൻ.