വിശ്വാമിത്രപുത്രൻ മധുച്ഛന്ദസ്സ് ഋഷി; ഗായത്രി ഛന്ദസ്സ്; പവമാനസോമം ദേവത.
സോമമേ, ഇന്ദ്രന്നു കുടിപ്പാൻ പിഴിയപ്പെട്ട ഭവാൻ ഇനിപ്പേറിയ, മത്തുണ്ടാക്കുന്ന ധാരയായി ഒഴികിയാലും! 1
എല്ലാം ദർശിയ്ക്കുന്ന രക്ഷോഹന്താവു കനകത്താൽ കുഴിയ്ക്കപ്പെട്ട കലശസമേതമായ സ്വസ്ഥാനത്തെയ്ക്കു ചെല്ലുന്നു. 2
അങ്ങ് വളരെദ്ധനം തരിക – വലിയ ദാതാവാവുക; ശത്രുക്കളെ തുലോം ഹനിയ്ക്കുക; ആ ധനവാന്മാരുടെ ധനം (ഞങ്ങൾക്കു) നല്കുക! 3
അങ്ങ് ഭക്ഷ്യങ്ങളോടേ മഹാന്മാരായ ദേവന്മാരുടെ അമീത്തിൽ വരിക; ബലവും അന്നവും കൊണ്ടുവരിക! 4
ഇന്ദോ, ഞങ്ങൾ ഭവാങ്കലെയ്ക്കു നടക്കാം: നാളിൽ നാളിൽ അതൊന്നേ വേണ്ടു; ഭവാങ്കൽത്തന്നെയാണു്, ഞങ്ങളുടെ ആശകൾ! 5
സോമമേ, അങ്ങയുടെ നീർ സൂര്യപുത്രി നിവുർത്തിയ ഈടുറ്റ രോമംകൊണ്ടരിയ്ക്കും. 6
ഇദ്ദേഹത്തെ യാഗത്തിൽ അഭിഷവദിനത്തിൽ, സോദരിമാരായ പത്തു പെണ്ണുങ്ങൾ – കരാംഗുലികൾ – എടുക്കും. 7
വിരലുകൾ ഇദ്ദേഹത്തെ – ഒരു ഭാസുരമായ തോൽത്തുരുത്തിയെ – കൊണ്ടുചെന്നു പിഴിയും; (ശത്രു)നിവാരകമായ നീർ മൂന്നുപാത്രങ്ങളിലാക്കും. 8
ഈ കിടാവായ സോമത്തിൽ, അവധ്യകളായ പൈക്കൾ, ഇന്ദ്രന്നു കുടിപ്പാൻ, പാൽ കൂട്ടും. 9
ഇതിന്റെ ലഹരിയിലത്രേ, ശൂരനായ ഇന്ദ്രൻ വൈരികളെയെല്ലാം വധിയ്ക്കുന്നതും (യജമാനർക്കു) ധനങ്ങൾ കല്പിച്ചുകൊടുക്കുന്നതും! 10
[1] ഈ 9-ാം മണ്ഡലത്തിൽ മുഴുവൻ പവമാനസോമസ്തുതിയാണു്. ദേവന്മാരുടെ – വിശേഷിച്ചും ഇന്ദ്രന്റെ – ഗുണങ്ങളെല്ലാം സോമത്തിൽ ഉപചരിയ്ക്കപ്പെട്ടിരിക്കുന്നു. പിഴിയപ്പെട്ടതെന്നോ അരിയ്ക്കപ്പെട്ടതെന്നോ ആണു്, പവമാനപദത്തിനർത്ഥം.
[2] രക്ഷോഹന്താവു് – സോമം. കനകത്താൽ – പരന്ന പൊന്മോതിരമിട്ട കരത്താൽ; പൊന്നണിഞ്ഞ കൈകൊണ്ടു വേണമത്രേ, കുഴിയ്ക്കുക. സ്വസ്ഥാനം – പിഴിയുന്ന സ്ഥലം.
[3] ആ ധനവാന്മാർ – ശത്രുക്കൾ.
[4] ദേവന്മാരുടെ അമീത്ത് – യാഗം; അമീത്തും അമറേത്തും ഒന്നുതന്നെ.
[5] അത് – ഭവത്സേവനം.
[6] സൂര്യപുത്രി – ശ്രദ്ധ എന്നവൾ. രോമംകൊണ്ടു് – ആട്ടിൻരോമംകൊണ്ടുള്ള അരിപ്പയാൽ.
[7] ഇദ്ദേഹം – സോമം. അഭിഷവദിനം = പിഴിയുന്ന ദിവസം.
[8] സോമത്തെ വെള്ളം നിറച്ച തോൽത്തുരുത്തിയാക്കിയിരിയ്ക്കയാണു്.
[9] കിടാവായ – തള്ള കുട്ടിയ്ക്കു പാൽ കൊടുക്കുന്നതുപോലെ.