കണ്വപുത്രൻ മേധാതിഥി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ.
സോമമേ, ദേവകാമനായ ഭവാൻ വേഗത്തിൽ വിശുദ്ധമാം വണ്ണം ഒഴുകുക; ഇന്ദോ, വൃഷാവായ ഭവാൻ ഇന്ദ്രങ്കൽ ചെല്ലുക! 1
ഇന്ദോ, മഹാനായ, വൃഷാവായ, യശസ്സേറിയ, ധർത്താവായ നിന്തിരുവടി പാനീയം കൊണ്ടുവന്നാലും; സ്വസ്ഥാനത്തിരുന്നാലും! 2
പിഴിയപ്പെട്ട യാതൊരഭീഷ്ടദായിയുടെ ധാര അരിമപ്പെട്ട മധുവിനെ ചുരത്തിയോ, ആ സുകർമ്മാവു തണ്ണീരുകളുടുത്തു! 3
അങ്ങ് ഗോരസമുടുപ്പിയ്ക്കപ്പെടുന്നതെപ്പൊഴോ, അപ്പോൾ പെരിയ തണ്ണീരുകൾ പെരിയ ഭവാങ്കലെയ്ക്കു് ഒഴുകിവരും! 4
രസഭരിതനും, വിണ്ണിനെ താങ്ങുന്ന ഊന്നും, നമ്മെ സ്നേഹിയ്ക്കുന്നവനുമായ സോമം അരിപ്പയിൽ വെള്ളത്തിലെയ്ക്കരിയ്ക്കപ്പെടുന്നു. 5
ഒലിക്കൊള്ളുന്ന, പച്ചനിറമിയന്ന, ഒരു മിത്രമെന്നപോലെ ദർശനീയനായ, മഹാനായ വൃഷാവ് സൂര്യനോടുകൂടി വാനിൽ വിളങ്ങുന്നു! 6
ഇന്ദോ, കർമ്മേച്ഛയുടെ കഥനങ്ങൾ അങ്ങയുടെ ഓജസ്സിനാൽ ശുദ്ധീകരിയ്ക്കപ്പെടുന്നു: ഇവയാണല്ലോ, മത്തുപിടിപ്പിയ്ക്കുന്ന ഭവാനെ അണിയിയ്ക്കുന്നതു്! 7
നിന്തിരുവടിയുടെ പെരിയ പ്രശസ്തികൾ ധർഷകന്നുതന്നെയാണല്ലോ; ആ ലോകകർത്താവായ നിന്തിരുവടിയോടു ഞങ്ങൾ മത്തിന്നായി യാചിയ്ക്കുന്നു. 8
ഇന്ദോ, ഇന്ദ്രനെ കാംക്ഷിയ്ക്കുന്ന ഭവാൻ, പർജ്ജന്യൻ മഴയെന്നപോലെ, ഞങ്ങൾക്കു മധുധാര പൊഴിച്ചാലും! 9
ഇന്ദോ, പണ്ടേ യാഗത്തിന്റെ ആത്മാവായ നിന്തിരുവടി ഗോക്കളെ തരും, ആൾക്കാരെ തരും, അശ്വങ്ങളെ തരും, അന്നങ്ങളെ തരും! 10
[2] ധർത്താവു് = ധാരകൻ, ലോകത്തെ താങ്ങുന്നവൻ. പാനീയം – പേയവസ്തു.
[3] മധു – മധുരരസം. തണ്ണീരുകളുടുത്തു – വെള്ളത്തിലൊഴിയ്ക്കപ്പെട്ടു എന്നു സാരം.
[4] സോമരസത്തിൽ പാലും വെള്ളവും ചെർക്കുന്നു.
[6] വൃഷാവു് – അഭിഷ്ടവർഷിയായ സോമം.
[7] കർമ്മേച്ഛയുടെ കഥനങ്ങൾ – സ്തുതികൾ.
[8] ധർഷകൻ – ത്വൽപ്രസാദത്താൽ ശത്രുക്കളെ ആക്രമിയ്ക്കുന്നവൻ, യജമാനൻ.