ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇതാ, ഇന്ദ്രന്ന് ഒരു വജ്രവും, വപ്താവെക്കാൾ മുന്തിയ വപ്താവുമായ മധുമാൻ കലശത്തിൽ ഒലിമുഴക്കുന്നു: ഈ സത്യരൂപന്റെ നന്നായി ചുരത്തുന്ന, തണ്ണീരുതിർക്കുന്ന (ധാരകൾ), ഉമ്പയിടുന്ന കറവപ്പൈക്കൾപോലേ നേരിട്ടുചെല്ലുന്നു. 1
അയയ്ക്കപ്പെട്ട പരുന്തു (മൂന്നാം) ലോകത്തെ വകവെയ്ക്കാതെ യാതൊരുവനെ കവർന്നുവോ, ആ പുരാതനൻ വാനിൽനിന്നൊഴുകുന്നു: കീഴ്പോട്ടിറങ്ങിയ അവിടുന്നുതന്നെയാണു്, കൃശാനുവിന്റെ എയ്ത്തു പേടിച്ചു മധുരനീർ വേർപെടുത്തിയതു്! 2
മന്ത്രത്തെ മന്ത്രത്തെ, ഹവിസ്സിനെ ഹവിസ്സിനെ ആർ കൈക്കൊള്ളുന്നുവോ, പണ്ടും ഇന്നുമുള്ള ആ ദർശനീയൻ – ഒരു സ്ത്രീപോലെ അഴകുറ്റ ഇന്ദു – നമുക്കു വളരെ അന്നത്തിന്നും ഗോക്കൾക്കുമായി വന്നെത്തട്ടെ! 3
ഈ പുരുസ്തുതനായ ഇന്ദു നമ്മെ ദ്രോഹിയ്ക്കൻ നോക്കുന്നവരെ, കൂടെ നടക്കുന്ന മനസ്സുകൊണ്ടറിഞ്ഞു നിഹനിയ്ക്കട്ടെ: അവിടുന്നാണെല്ലോ, അഗ്നിസദനത്തിൽ വർത്തിച്ചു ഗർഭം ധരിപ്പിയ്ക്കുന്നതും, വളരെപ്പാലുള്ള പൈക്കൂട്ടത്തിൽ ചെല്ലുന്നതും! 4
കർത്താവും, കർമ്മപടുവും, മഹാനും, അഹിംസ്യനുമായ വരുണൻ പരിചാരകന്നായി നീർ വാനിൽനിന്നൊഴുക്കുന്നു: ഒരശ്വം കാമത്താൽ കൂട്ടത്തിലെന്നപോലെ ഒച്ചയിടുന്ന ഈ സുഹൃത്തായ യജ്ഞാർഹനെ പിഴിഞ്ഞതു്, അരിഷ്ടശാന്തിയ്ക്കാണല്ലോ! 5
[1] വപ്താവ് – ബീജാവാപം ചെയ്യുന്നവൻ. മധുമാൻ – സോമം. ഈ സത്യരൂപൻ – സോമം.
[2] അയയ്ക്കപ്പെട്ട – തന്റെ അമ്മയാൽ. മൂന്നാംലോകം – സ്വർഗ്ഗം. ആ പുരാതനൻ – സോമം. കൃശാനു – സോമക്കാവല്ക്കാരനായ വില്ലാളി. വേർപെടുത്തിയതു് – സ്വർഗ്ഗത്തോടു്; സ്വർഗ്ഗത്തിൽനിന്നു കൊണ്ടുപോന്നതു്.
[4] അഗ്നിസദനം – വേദി. ധരിപ്പിയ്ക്കുന്നതും – ഓഷധികളെ. പൈക്കൂട്ടത്തിൽ – ശത്രുക്കളാൽ അപഹൃതമായ നമ്മുടെ ഗോവൃന്ദത്തെ വീണ്ടെടുക്കാൻ.
[5] വരുണൻ – ശത്രുനിവാരകനായ സോമം. വാന് – അരിപ്പ. കൂട്ടത്തിൽ – പെൺകുതിരകളുടെ ഇടയിൽ. സുഹൃത്ത് – സർവാനുകൂലൻ.