ഭൃഗുപുത്രൻ കവി ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.
താങ്ങായ, ദേവകൾക്കു ബലകരനായ, നേതാക്കളാൽ അഭിനന്ദ്യനായ ഹരിദ്വർണ്ണൻ വാനിൽനിന്ന്, അരിയ്ക്കപ്പെടേണ്ടുന്ന നീരൊഴുക്കുന്നു; സലിലസിക്തനായിട്ട്, ആളുകളാൽ തെളിയ്ക്കപ്പെടുന്ന ഒരു കുതിരപോലെ നിഷ്പ്രയാസം കെല്പെടുക്കുന്നു! 1
ഇന്ദു, ഒരു ശൂരൻപോലെ ഇരുകൈകളിലും ആയുധമെടുക്കുന്നു; ഗോക്കളെത്തിരയുമ്പോൾ, സ്വർഗ്ഗത്തിലെയ്ക്കു പോകാൻ തേരിൽ കേറുന്നു; ഇന്ദ്രന്നു ബലം കൂട്ടുന്നു. കർമ്മകാംക്ഷികളായ മനീഷികളാൽ പിഴിയപ്പെടുന്നു, തേപ്പിയ്ക്കപ്പെടുന്നു. 2
പവമാനസോമമേ, അങ്ങ് ഇന്ദ്രന്റെ വയറ്റിലെയ്ക്കു, തടിപ്പിയ്ക്കാൻ ഓളംവെട്ടി കടന്നാലും! ഞങ്ങൾക്കായി, മിന്നൽമേഘങ്ങളെയെന്നപോലെ വാനൂഴികളെ കറന്നാലും: ഇപ്പോൾ വളരെയന്നം അവിടുന്നു കല്പിച്ചുണ്ടാക്കാറുണ്ടു്! 3
അതുല്യകർമ്മാവായ യാതൊരു സ്തുതിപാലകൻ സൂര്യരശ്മിയാൽ തുടയ്ക്കപ്പെടുന്നുവോ, ആ ഋഷിശ്രേഷ്ഠനായ വിശ്വപ്പെരുമാൾ വിണ്ണുതൃക്കൺപാർക്കുന്ന സത്യരൂപനെ ആരാധിപ്പാനായി നീരൊഴുക്കുന്നു! 4
അന്തരിക്ഷത്തിൽ ഒച്ചയിടുന്ന വൃഷഭനായ ഭവാൻ, ഒരു വൃഷഭം കൂട്ടത്തിലെയ്ക്കെന്നപോലെ, കലശത്തിലെയ്ക്കിറങ്ങുന്നു: ഏറ്റവും മത്തുപിടിപ്പിയ്ക്കുന്ന ആ ഭവാൻ ഇന്ദ്രന്നായിട്ടാണല്ലോ, നീരൊഴുക്കുന്നതു്; അങ്ങയുടെ രക്ഷയാൽ ഞങ്ങൾ യുദ്ധത്തിൽ ജയിയ്ക്കുമാറാകണം! 5
[1] താങ്ങ് – എല്ലാറ്റിന്നും. ഹരിദ്വർണ്ണൻ – സോമം. വാന് – അരിപ്പ. ആളുകൾ – സാദികൾ.
[2] ഗോക്കളെ – യജമാനന്നു കൊടുക്കാൻ. തേപ്പിയ്ക്കപ്പെടുന്നു – ഗോരസങ്ങൾകൊണ്ടു്.
[3] വാനൂഴികളെ കറന്നാലും – വേണ്ടതൊക്കെ കറന്നുതന്നാലും.
[4] വിശ്വപ്പെരുമാൾ – സോമം. സത്യരൂപൻ – ഇന്ദ്രൻ.
[5] കൂട്ടം – പൈക്കൂട്ടം.