ഭരദ്വാജപുത്രൻ വസു ഋഷി; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.
നേതാക്കളെ നോക്കുന്ന സോമത്തിന്റെ നീരുകൾ ഒഴുകുന്നു; സമുദ്രങ്ങൾപോലെ സവനങ്ങളിൽ പരക്കുന്നു. അദ്ദേഹം യജ്ഞംകൊണ്ടു സ്വർഗ്ഗത്തിലെ ദേവന്മാരെ വിളിയ്ക്കുന്നു; മന്ത്രരക്ഷകന്റെ സ്തോത്രത്താൽ ഉജ്ജ്വലിയ്ക്കുന്നു! 1
അന്നവാനേ, പൈക്കൾ അങ്ങയെ പുകഴ്ത്തുന്നു. അങ്ങ് സ്വർണ്ണസംസ്കൃതമായ സ്ഥാനത്തു കേറി വിളങ്ങുന്നു. സോമമേ, വൃഷാവായ, മദകരനായ ഭവാൻ ഹവിഷ്മാന്മാർക്ക് ആയുസ്സും വലിയ യശസ്സും വളർത്തിക്കൊണ്ടു്, ഇന്ദ്രന്നായി അരിയ്ക്കപ്പെടുന്നു! 2
തുലോം മത്തുപിടിപ്പിയ്ക്കുന്ന, നീരുടുക്കുന്ന സുമംഗളനെ അന്നത്തിന്നായി ഇന്ദ്രന്റെ വയറ്റിൽ പകരുന്നു. ആ പച്ചനിറമിയന്ന വൃഷാവു ലോകത്തെയെല്ലാം തഴപ്പിയ്ക്കുന്നു; കളിച്ചുനടന്നൊഴുകുന്നു! 3
അതിമാധുരിയും ഒരായിരം നീർദ്ധാരകളുമുള്ള ആ അങ്ങയെ ദേവന്മാർക്കായി നേതാക്കളുടെ പത്തുവിരലുകൾ കറക്കുന്നു: സോമമേ, ആളുകൾ അമ്മിമേലിട്ടു പിഴിഞ്ഞ ഭവാൻ ആയിരമടക്കാനായി, എല്ലാ ദേവന്മാരിലെയ്ക്കും ഒഴുകിയാലും! 4
ആ മാധുര്യമാർന്ന വൃഷാവായ അങ്ങയെ ശോഭനഹസ്തന്റെ പത്തുവിരലുകൾ അമ്മികൊണ്ടു വെള്ളത്തിൽ കറക്കുന്നു; പവമാനസോമമേ, അവിടുന്ന് ഇന്ദ്രനെയും ദേവന്മാരെയും മത്തുപിടിപ്പിയ്ക്കാൻ, കടൽത്തിരപോലെ പോകുന്നു! 5
[1] മന്ത്രപാലകൻ – സ്തോതാവ്.
[2] പൈക്കൾ – നീരിലെയ്ക്കു പാൽ തരാൻ നില്ക്കുന്ന പൈക്കൾ. സ്തുതിയ്ക്കുന്നു – ഉമ്പയിടുന്നു. സ്വർണ്ണസംസ്കൃതം – പൊന്മോതിരമിട്ട കൈകൊണ്ടു ശുചീകൃതം. ഹവിഷ്മാന്മാർ – യജമാനന്മാർ.
[3] സുമംഗളൻ – സോമം. പകരുന്നു – കർമ്മികൾ.
[4] ആയിരം – ധനം.