ഭൃഗുഗോത്രൻ വേനൽ ഋഷി; ജഗതിയും ജഗതിയും ത്രിഷ്ടുപ്പും ഛന്ദസ്സുകൾ; പവമാനസോമം ദേവത.
സോമമേ, അങ്ങ് വഴിപോലെ സ്തുതിയ്ക്കപ്പെട്ട്, ഇന്ദ്രന്നായി നീരൊഴുക്കിയാലും: രോഗവും രക്ഷസ്സും വിട്ടുപോകട്ടെ. ഇരുതരക്കാർ അങ്ങയുടെ നീരാൽ മത്തടിച്ചുകൂടാ; ഇന്ദുക്കൾ ഇവിടെ ധനം വളർത്തട്ടെ! 1
പവമാനമേ, അങ്ങ് ഞങ്ങളെ പടയിലിറക്കുക: ദേവന്മാർക്കരികപ്പെട്ട മദകരിയാണല്ലോ, കഴിവുറ്റ ഭവാൻ അങ്ങ് കൂടലരെ ഓടിച്ചാലും; സ്തുതികാമരിൽ വന്നുചേർന്നാലും. ഇന്ദ്ര, നിന്തിരുവടി സോമം കുടിയ്ക്കുക. ഞങ്ങളെ രക്ഷിയ്ക്കുക; ദ്രോഹികളെ പോക്കുക! 2
ഇന്ദുവേ, തുലോം മത്തുപിടിപ്പിയ്ക്കുന്ന അഹിംസിതനായ ഭവാൻ അരിയ്ക്കപ്പെടുന്നു: ഇന്ദ്രന്റെ ആഹാരമാണല്ലോ, സ്വതവേ ശ്രേഷ്ഠനായ ഭവാൻ! ഈ ഭുവനത്തിന്റെ രാജാവിനെ വളരെ മനീഷികൾ സ്തുതിയ്ക്കുന്നു, ഭജിയ്ക്കുന്നു. 3
ആയിരംമട്ടിൽ നയിയ്ക്കുന്ന, നൂറുധാരകളുള്ള, അത്ഭുതകരനായ ഇന്ദു ഇന്ദ്രന്നായി കാമ്യമായ മധു പൊഴിയ്ക്കുന്നു. സോമമേ, നനയ്ക്കുന്നവനേ, അവിടുന്നു നിലമടക്കി, ജലമടക്കി, കേറിയാലും; ഞങ്ങൾക്കു വിശാലമായ മാർഗ്ഗം അരുളിയാലും! 4
സോമമേ, ഒച്ചയിടുന്ന ഭവാൻ കലശത്തിൽ ഗവ്യം തേപ്പിയ്ക്കപ്പെടുന്നു; അരികേ കമ്പിളിയിൽ പൂകുന്നു. അരിയ്ക്കപ്പെടുന്ന ഭവാൻ, ഒരു കുതിരപോലെ ചെന്ന്, ഇന്ദ്രന്റെ വയറ്റിലെയ്ക്കൊഴുകുന്നു! 5
മധുവോലുന്ന അഹിംസ്യനായ ഭവാൻ ദേവഗണത്തിന്നു മധുരിയ്ക്കുമാറ്, ശോഭനാഹ്വാനനാമാവായ ഇന്ദ്രന്നു മധുരിയ്ക്കുമാറ്, മിത്രന്നും വരുണന്നും വായുവിന്നും ബൃഹസ്പതിയ്ക്കും മധുരിയ്ക്കുമാറ് നീരൊഴുക്കിയാലും! 6
അശ്വത്തെ കലശത്തിൽ പത്തുവിരലുകൾ തിരുമ്മുന്നു; മേധാവികൾ സ്തുതി മുഴക്കുന്നു. മത്തുപിടിപ്പിയ്ക്കുന്ന പവമാനസോമം ശോഭനസ്തവത്തിലണയുന്നു; ഇന്ദ്രങ്കൽ പൂക്കുന്നു! 7
പവമാനസോമമേ, അങ്ങ് നല്ല വീര്യവും പരന്ന മേച്ചിൽപ്പുറവും, വിശാലമായ വലിയ ഗൃഹവും കിട്ടിച്ചാലും. ഞങ്ങളുടെ ഈ (കർമ്മം) മുടക്കാൻ ആരും ആളാകരുത്. ഞങ്ങൾ അങ്ങയെക്കൊണ്ടു് ഓരോ ധനവും വെന്നടക്കുമാറാകണം! 8
വിശേഷേണ വീക്ഷിയ്ക്കുന്ന വൃഷാവു വിണ്ണിൽ വാണരുളി; വിണ്ണിന്റെ വിളക്കങ്ങളെ വിവിധമായി പ്രകാശിപ്പിച്ചു. കവിയായ രാജാവു ശബ്ദിച്ചുകൊണ്ടു് അരിപ്പ വിടുന്നു; മനുഷ്യരെ തൃക്കൺപാർത്തു, വിണ്ണിലെ അമൃതൊഴുകുന്നു! 9
മലയിൽ വാണ വർഷകനെ യജ്ഞത്തിന്റെ സ്വർഗ്ഗത്തിൽ മധുരഭാഷികളായ വേനന്മാർ വെവ്വേറെ പിഴിയുന്നു: വെള്ളത്തിൽ വളർന്ന ആ ഇനിയ നീരിനെ അരിപ്പയിലും, കലശത്തിൽ തണ്ണീരലയിലും പകരുന്നു. 10
സ്വർഗ്ഗത്തിലെയ്ക്കു പറക്കുന്ന സുപർണ്ണനെ വേനന്മാരുടെ വളരെ വാണികൾ മോടിപ്പെടുത്തുന്നു – ഒലിയിട്ടുകൊണ്ടു നിലത്തിരിയ്ക്കുന്ന പൊൻപറവക്കുഞ്ഞിനെ സ്തുതിക്കൾ നക്കുന്നു! 11
ഉയർന്ന ഗന്ധർവൻ ആദിത്യന്റെ രൂപമെല്ലാം നോക്കിക്കൊണ്ടു്, അദ്ദേഹത്തിന്റെ കുടികൊള്ളുന്നു; മിന്നിത്തിളങ്ങുന്ന സൂര്യൻ തെളിഞ്ഞ തേജസ്സുകൊണ്ടു്, അമ്മമാരായ വാനൂഴികളെ വിളങ്ങിയ്ക്കുന്നു! 12
[1] ഇരുതരക്കാർ – പുറത്തു സത്യം, അകത്തു കപടം എന്ന മട്ടുകാർ, വഞ്ചകർ; ഇവർക്കു കുടിപ്പാൻ കിട്ടരുത്, അങ്ങയുടെ നീർ. ബാക്കി പരോക്ഷം:
[2] സ്തുതികാമരിൽ – സ്തുതിപ്പാനിച്ഛിയ്ക്കുന്ന ഞങ്ങളുടെ അടുക്കൽ.
[3] ഒടുവിലെ വാക്യം പരോക്ഷം: രാജാവിനെ – സോമത്തെ.
[4] നയിയ്ക്കുന്ന – യജമാനരെ കൊണ്ടുനടക്കുന്ന. നിലം – വയൽ. അടക്കി – ഞങ്ങൾക്കുവേണ്ടി കീഴ്പ്പെടുത്തി. കേറിയാലും – അരിപ്പയിൽ.
[6] ശോഭനാഹ്വാനനാമാവായ – ഇന്ദ്രനെ വിളിയ്ക്കുന്നതും, പേരുച്ചരിയ്ക്കുന്നതും ശ്രേയസ്കരമാണല്ലോ.
[7] അശ്വത്തെ – സോമത്തെ.
[9] വീക്ഷിയ്ക്കുന്ന – ലോകത്തെ. വിളക്കങ്ങൾ – നക്ഷത്രാദികൾ. അമൃത് – തന്റെ അതിമധുരമായ നീര്.
[10] യജ്ഞത്തിന്റെ സ്വർഗ്ഗത്തിൽ – ഹവിർദ്ധാനസ്ഥലത്ത്. മധുരഭാഷികളായ – മധുരമായി സ്തുതിയ്ക്കുന്ന. വേനന്മാർ – എന്റെ കൂട്ടർ.
[11] സുപർണ്ണനെ – സോമത്തെ: പർണ്ണത്തിന്ന് ഇല എന്നും ചിറകെന്നും അർത്ഥമുണ്ടു്. വാണികൾ – സ്തുതികൾ. നിലത്ത് – ഹവിർദ്ധാനസ്ഥലത്ത്. നക്കുന്നു – സുഖിപ്പിയ്ക്കുന്നു.
[12] ഗന്ധർവൻ – സോമം.