ആകൃഷ്ട – മാഷർ, സികത – നീവാവരികൾ, പൃശ്ന്യ – നുജർ, എന്നീ ഗണങ്ങളും, ഭൂമിപുത്രൻ അത്രിയും, ഗൃത്സമദനും ഋഷികൾ; ജഗതി ഛന്ദസ്സ്; പവമാനസോമം ദേവത.
പവമാനസോമമേ, അങ്ങയുടെ പരന്ന മനോവേഗികളായ നീരുകൾ, കുതിരക്കുട്ടികൾപോലെ നിഷ്പ്രയാസം ചാടിയോടുന്നു; വാനിൽനിന്നു് അഴകിലൊഴുകുന്ന, തുലോം മത്തുപിടിപ്പിയ്ക്കുന്ന മധുരനീരുകൾ കലശത്തിൽ കടക്കുന്നു. 1
അങ്ങയുടെ പരന്ന മദകരങ്ങളായ രസങ്ങൾ, തേർക്കുതിരകൾപോലെ അഴിച്ചുവിടപ്പെടുന്നു: ആ ഇനിയ സോമനീരുകൾ, കറവപ്പൈക്കൾ കന്നിങ്കലെയ്ക്കെന്നപോലെ, വജ്രിയായ ഇന്ദ്രങ്കലെയ്ക്ക പായുന്നു. 2
ഒരു തെളിയ്ക്കപ്പെടുന്ന കുതിര യുദ്ധത്തിലെന്നപോലെ, സർവജ്ഞനായ ഭവാൻ വാനിൽനിന്നു ജലജനകമായ കലശത്തിലിറങ്ങിയാലും! വൃഷാവായ സോമം താങ്ങായ ഇന്ദ്രന്നുവേണ്ടി, ഉയർന്ന കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെടുന്നു. 3
പവമാനമേ, ഭവാന്റെ പരന്ന, മനോവേഗമിയന്ന ദിവ്യ (ധാരകൾ) പാലോടു ചേർന്നു കലശത്തിലെയ്ക്കിറങ്ങുന്നു: ഋഷിസേവിത, അങ്ങയെ പിഴിഞ്ഞ കർമ്മികളായ ഋഷിമാർ സ്ഥൂലങ്ങളായ അവയെ പാത്രങ്ങളിൽ പകരുന്നു. 4
വിശ്വദർശിൻ, പ്രഭുവായ അങ്ങയുടെ പെരിയ അടയാളം എല്ലാത്തേജസ്സുകളിലും ചുറ്റിനടക്കുന്നു. സോമമേ, വ്യാപിയായ ഭവാൻ ധർമ്മമൊഴുക്കുന്നു. ഉലകിന്നൊക്കെ ഉടമയായ പെരുമാളാണ്, ഭവാൻ! 5
സുസ്ഥിരമായി വർത്തിയ്ക്കുന്ന സോമത്തിന്റെ അടയാളമായ രശ്മികൾ ഇങ്ങും അങ്ങും ചുറ്റിനടക്കുന്നു. അരിപ്പയിൽ അരിയ്ക്കപ്പെട്ടു കഴിഞ്ഞാൽ, ഈ ശ്യാമളവർണ്ണൻ, തന്റെ ഇരിപ്പിടത്തിൽ – കലശങ്ങളിൽ – അടങ്ങിയിരിയ്ക്കും. 6
യാഗത്തിന്റെ അടയാളമായ, സുയജ്ഞമായ സോമം പിഴിയപ്പെടുന്നു; ദേവന്മാരുടെ വെടുപ്പാർന്ന സ്ഥലത്തെയ്ക്കു പോകുന്നു. ആയിരംധാരകളോടുകൂടിയ വൃഷാവ് ഒലിയിട്ടുകൊണ്ട് അരിപ്പ വിട്ടിറങ്ങുന്നു, കലശം പൂക്കുന്നു. 7
രാജാവ് അന്തരിക്ഷത്തിൽ അംഭസ്സുകളിലിറങ്ങുന്നു; വെള്ളത്തിൽ വർത്തിച്ചു നീരലയൊഴുക്കുന്നു; സ്വർഗ്ഗത്തിന്റെ വലിയ താങ്ങായ പവമാനൻ ഭൂമിയുടെ നാഭിയിൽ, ഉയർന്ന കമ്പിളിയിൽ കേറുന്നു. 8
സോമം സ്വർഗ്ഗത്തിന്റെ മേൽവശത്തെ ഒലിക്കൊള്ളിപ്പാനെന്നപോലെ ഒച്ചയിടുന്നു. താനാണല്ലോ, വിണ്ണിന്നും മന്നിന്നും താങ്ങ്! താൻ ഇന്ദ്രന്റെ സഖ്യം നണ്ണി, നീരൊഴുക്കുന്നു; അരിയ്ക്കപ്പെട്ടിട്ടു കലശങ്ങളിലിരിയ്ക്കുന്നു. 9
യാഗത്തിന്റെ വെളിച്ചവും, ദേവന്മാരുടെ രക്ഷിതാവും, ഉൽപാദകനും, ബഹുധനനുമായ സോമം അരിയ മധുവൊഴുക്കുന്നു; തുലോം മത്തുപിടിപ്പിയ്ക്കുന്ന, ഇന്ദ്രനെ തടിപ്പിയ്ക്കുന്ന ആ നീർ വാനൂഴികളിൽ മറഞ്ഞുകിടക്കുന്ന രത്നം (സ്തോതാക്കളിൽ) നിക്ഷേപിയ്ക്കുന്നു! 10
നൂറുധാരകളുള്ള, വിണ്ണുടമയായ, വിചക്ഷണനായ വാജി ശബ്ദിച്ചുകൊണ്ടു കലശത്തിലെയ്ക്കിറങ്ങുന്നു; കമ്പിളിയരിപ്പയിൽ അരിയ്ക്കപ്പെട്ട, പച്ചനിറം പൂണ്ട വൃഷാവു മിത്രസദനങ്ങളിലിരിയ്ക്കുന്നു. 11
അഗ്ര്യനായ പവമാനൻ തണ്ണീരുകളുടെ മുകളിൽ ചെല്ലുന്നു, വാക്കിന്റെ മുകളിൽ ചെല്ലുന്നു, രശ്മികളുടെ മുകളിൽ ചെല്ലുന്നു; അന്നത്തിന്ന് അടരിലണയുന്നു. ആ ശോഭനായുധനായ വൃഷാവു പിഴിഞ്ഞവരാൽ അരിയ്ക്കപ്പെടുന്നു. 12
ഇതാ, കൊണ്ടാടപ്പെട്ട പവമാനസോമം, ഒരു വിമുക്തപക്ഷിപോലെ, നീരൊഴുക്കിക്കൊണ്ടു കമ്പിളിയിലെയ്ക്കു പോകുന്നു. കവേ, ഇന്ദ്ര, നിന്തിരുവടിയുടെ കർമ്മത്താലും, നിന്തിരുവടിയുടെ ബുദ്ധിയാലും വാനൂഴികളുടെ ഇടയിൽ പരിശുദ്ധം അരിയ്ക്കപ്പെടുന്നു ! 13
വാനിലുരുമ്മുന്ന കവചം ധരിച്ച, യജനീയനായ അന്തരിക്ഷപൂരകൻ അംഭസ്സിൽ അർപ്പിയ്ക്കപ്പെടുന്നു; സ്വർഗ്ഗത്തെ വെളിപ്പെടുത്തിക്കൊണ്ടു, വെള്ളത്തിലൂടേ നീന്തിച്ചെന്ന്, ഇതിന്റെ പുരാതനരക്ഷിതാവിനെ പരിചരിയ്ക്കുന്നു! 14
യാതൊന്നു് അദ്ദേഹത്തെ മുല്പാടു പ്രാപിച്ചുവോ, യാതൊന്ന് അത്യുന്നതമായ ആകാശത്തു കുടികൊള്ളുന്നുവോ, യാതൊന്നിനാൽ അദ്ദേഹം എല്ലാ യുദ്ധങ്ങളിലും ചെന്നണയുന്നുവോ, അത് അദ്ദേഹത്തിന്നു പ്രവേശിപ്പാൻ വലിയ സുഖം ഉളവാക്കുന്നു! 15
ഇന്ദു ഇന്ദ്രന്റെ ഉള്ളറയിൽ കേറുന്നു: സഖാവു സഖാവിന്റെ തിരുവയറിനെ നോവിയ്ക്കാറില്ല. പുരുഷൻ യുവതികളോടേന്നപോലെ, സോമം ഒരു നൂറു തുളകളുള്ള വഴിയിലൂടേ കലശത്തിൽ (തണ്ണീരുകളോടു) ചേരുന്നു! 16
അങ്ങയെ ധ്യാനിയ്ക്കുന്ന സ്തോതാക്കൾ മത്തുണ്ടാക്കുന്ന ശബ്ദത്തിന്നും സ്തുതിയ്ക്കുംവേണ്ടി യാഗശാലകളിൽ പെരുമാറുന്നു – മനസ്സടക്കിയ സ്തോതാക്കൾ സോമത്തെ സ്തുതിയ്ക്കുന്നു; പൈക്കൾ ഇതിൽ പാൽ ചേർക്കുന്നു. 17
ഇന്ദുവേ, പവമാനസോമമേ, യാതൊന്നു ഞങ്ങൾക്ക്, ഒരു നാളിൽ മൂന്നുരു തടവില്ലാതെ, യശസ്സും ഓജസ്സും മാധുര്യവുമുള്ള സുവീര്യത്തെ ചുരത്തുമോ, ആ സൂക്ഷിയ്ക്കപ്പെട്ട അന്നം ഭവാൻ ഞങ്ങൾക്കു ധാരാളം അക്ഷീണം ഒഴുക്കിയാലും! 18
സ്തോതാക്കൾക്ക് അഭീഷ്ടം വർഷിയ്ക്കുന്ന, നല്ല കാഴ്ചയുള്ള, പകലിനെയും ഉഷസ്സിനെയും ദ്യോവിനെയും കൈവളർത്തുന്ന സോമം മനീഷികളാൽ അരിയ്ക്കപ്പെടുന്നു; ഈ ഉദകോൽപാദകൻ ഇന്ദ്രന്റെ ഉള്ളിൽ കടക്കാൻ കലശം പൂകുകയുമായി – 19
പുരാതനനായ കവി മനീഷികളാൽ അരിയ്ക്കപ്പെടുന്നു; നേതാക്കളാൽ പിടിയ്ക്കപ്പെട്ടു കലശത്തിലെയ്ക്കു ശബ്ദിയ്ക്കുന്നു; യഷ്ടാവിന്നു ജലമുളവാക്കിക്കൊണ്ട്, ഇന്ദ്രനോടും വായുവിനോടും സഖ്യം ചെയ്യാൻ മധുവൊഴുക്കുന്നു! 20
ഈ സോമം അരിയ്ക്കപ്പെട്ടിട്ട് ഉഷസ്സുകളെ ഉദ്ഭാസിപ്പിയ്ക്കുന്നു. ഈ ജഗൽകർത്താവു തണ്ണീരുകളാൽ തഴയ്ക്കുന്നു. ഈ മദകരൻ മുവ്വേഴുരുകൂട്ടുദ്രവ്യം കറന്നെടുത്തു, മനം പൂകാൻ അഴകിൽ ഒഴുകുന്നു. 21
സോമമേ, ഇന്ദുവേ, അരിപ്പയിലും കലശത്തിലും വീഴ്ത്തപ്പെട്ട ഭവാൻ ദിവ്യപദങ്ങളിലെയ്ക്കൊഴുകിയാലും: ശബ്ദിച്ചുകൊണ്ടു് ഇന്ദ്രന്റെ വയറ്റിലെയ്ക്കു പോകുന്ന ഭവാനാണല്ലോ, നേതാക്കളാൽ എടുക്കപ്പെട്ടിട്ടു, സൂര്യനെ നഭസ്സിൽ കേറ്റിയത്! 22
ഇന്ദോ, അമ്മികൊണ്ടു പിഴിയപ്പെട്ട ഭവാൻ, ഇന്ദ്രന്റെ കുമ്പയിൽ കടക്കാൻ, അരിപ്പയിൽ അരിയ്ക്കപ്പെടുന്നു. വിചക്ഷണ, സോമമേ, അങ്ങു് മനുഷ്യരെ നോക്കുന്നു: അതാണല്ലോ, അംഗിരസ്സുകൾക്കു മല തുറന്നുകൊടുത്തത്! 23
പവമാനസോമമേ, സുകർമ്മാക്കളായ മേധാവികൾ രക്ഷയ്ക്കായി അങ്ങയെ സ്തുതിയ്ക്കുന്നു: ഇന്ദുവേ, സ്വർഗ്ഗത്തിൽനിന്നു പരുന്തു കൊണ്ടു വന്നവനാണല്ലോ, എല്ലാ സ്തോത്രവുമണിഞ്ഞ ഭവാൻ! 24
നീർ കമ്പിളിയിൽ അരിയ്ക്കപ്പെട്ട ഹരിതവർണ്ണനെ ഏഴു ധേനുക്കൾ സമീപിയ്ക്കുന്നു; ആ കവിയെ മഹാന്മാരായ മനുഷ്യർ അന്തരിക്ഷത്തിന്റെ മടിയിൽ, വെള്ളത്തിലിടുന്നു. 25
സോമം അരിയ്ക്കപ്പെട്ടു യഷ്ടാവിന്നു വഴിയെല്ലാം നന്നാക്കാൻ ശത്രുക്കളെ പിന്നിട്ടെഴുന്നള്ളുന്നു: തന്റെ രൂപത്തെ പാലാക്കുന്ന, കമനീയനായ കവി, ഒരശ്വംപോലെ കളിയാടിക്കൊണ്ടു കമ്പിളിയിലിറങ്ങുന്നു. 26
വെവ്വേറെ ചുഴന്ന് ആ ശതധാരകൾ വെള്ളത്തിന്നായി ഹരിതവർണ്ണങ്കലണയുന്നു. ദ്യോവിന്റെ രോചനത്തിൽ, മൂന്നാം മുകളിൽ, വസിയ്ക്കുന്ന ഗോപരീതനെ വിരലുകൾ ശുചീകരിയ്ക്കുന്നു. 27
പവമാനേന്ദുവേ, ഭവാന്റെ ദിവ്യരേതസ്സിൽനിന്നത്രേ, ഈ പ്രജകൾ (ജനിച്ചത്). പാരിന്നെല്ലാം പെരുമാളാണ്, ഭവാൻ. ഈയുലകം ഭവാന്റെ കീഴിലാകുന്നു. മുഖ്യനായ ഭവാനാണ്, ഓരോ ഇടത്തിന്നും താങ്ങ് ! 28
കവേ, ഒരു സമുദ്രമാകുന്നു, സർവജ്ഞനായ ഭവാൻ. ഈ അഞ്ചുപ്രദിക്കുകൾക്കും ഭവാനാണ്, താങ്ങ്: വിണ്ണിനെയും മന്നിനെയും ഭവാൻ ഭരിയ്ക്കുന്നു. ഭവാന്റെ തേജസ്സുകളെയത്രേ, സൂര്യൻ തഴപ്പിയ്ക്കുന്നതു് ! 29
പവമാനസോമമേ, അങ്ങ് ദേവന്മാർക്കുവേണ്ടി, പാരിന്നു താങ്ങായ അരിപ്പയിൽ അരിയ്ക്കപ്പെടുന്നു. അങ്ങയെ കാമയമാനരായ പ്രധാനർ കൈക്കൊള്ളുന്നു. അങ്ങയ്ക്കായിട്ടത്രേ, ഈ ജഗത്തെല്ലാം അടങ്ങിനില്ക്കുന്നത്! 30
പച്ചനിറം പൂണ്ട വൃഷാവു ശബ്ദിച്ചുകൊണ്ടു കമ്പിളിയിൽ കേറുന്നു; വെള്ളത്തിൽ ഒലിക്കൊള്ളുന്നു. ധ്യാതാക്കൾ കാംക്ഷിച്ചു സ്തുതിയ്ക്കുന്നു: നിലവിളിയ്ക്കുന്ന കുഞ്ഞിനെ സ്തുതികൾ നക്കുന്നു! 31
ആ പ്രജാപാലകൻ സൂര്യരശ്മികൊണ്ടു പുതയ്ക്കുന്നു. മൂവിഴനൂലിനെ മുഴുമിപ്പിയ്ക്കാൻ പരത്തുന്നു. സത്യകർമ്മാവിന്ന് അതിനൂതനാഭീഷ്ടങ്ങൾ കിട്ടിയ്ക്കാൻ, വെടുപ്പാർന്ന പാത്രത്തിൽ ചെല്ലുന്നു! 32
അംഭസ്സുകളുടെ അരചൻ നീരൊഴുക്കുന്നു; വിണ്ണിന്റെ ഉടയവൻ ഒലിയിട്ടുകൊണ്ടു യജ്ഞമാർഗ്ഗങ്ങളിലൂടേ നടക്കുന്നു; അരിയ്ക്കപ്പെട്ട, ആയിരംധാരകളോടുകൂടിയ, ധനസമേതനായ ഹരിതവർണ്ണൻ ശബ്ദിച്ചുകൊണ്ടു പകർന്നു വെയ്ക്കപ്പെടുന്നു. 33
പവമാനമേ, അങ്ങ്, പൂജനീയനായ സൂര്യൻപോലെ വളരെ വെള്ളം പൊഴിയ്ക്കുന്നു; കമ്പിളിയരിപ്പയിൽ പൂകുന്നു; നേതാക്കളാൽ അമ്മികൊണ്ടും കൈകൾകൊണ്ടും പിഴിഞ്ഞരിയ്ക്കപ്പെട്ടിട്ടു, ധനം നേടാൻ പെരുംപോരിന്നെഴുന്നള്ളുന്നു! 34
പവമാനമേ, അങ്ങ് അന്നവും ബലവും വഹിയ്ക്കുന്നു; ഒരു പരുന്തു കൂട്ടിലെന്നപോലെ, കലശത്തിലിരിയ്ക്കുന്നു. ഇന്ദ്രനെ മത്തുപിടിപ്പിയ്ക്കുന്നതും, സ്വർഗ്ഗത്തിന്ന് ഒരു മികച്ച തൂണും, വിചക്ഷണവുമാകുന്നു, പിഴിയപ്പെട്ട മാദകരസം! 35
വിദ്വാൻ, ജലോൽപാദകൻ, ഗന്ധർവൻ, ദിവ്യൻ, മനുഷ്യദർശി – ഇങ്ങനെ പുതുതായിപ്പിറന്ന ഒരു പൈതലായ സോമത്തെ, അമ്മമാരായ ഏഴു സഹോദരിമാർ, ഭുവനത്തിന്നെല്ലാം ശോഭ വരുത്താൻ (പരിചരിയ്ക്കുന്നു). 36
ഇന്ദോ, ഈശനായ നിന്തിരുവടി പച്ചപ്പെൺകുതിരകളെ പൂട്ടി ഈ ഭുവനങ്ങളിൽ സഞ്ചരിയ്ക്കുന്നു: അവ അങ്ങയുടെ മധുരമായ തെളിനീർ പൊഴിയ്ക്കട്ടെ; സോമമേ, മനുഷ്യർ ഭവാന്റെ കർമ്മത്തിൽ നില്ക്കട്ടെ! 37
പവമാനസോമമേ, ഭവാൻ സർവത്ര മനുഷ്യരെ നോക്കുന്നു; ജലം വർഷിച്ച്, അതിൽ നീന്തുന്നു. ആ നിന്തിരുവടി ഞങ്ങൾക്കു സ്വത്തും സ്വർണ്ണവും ഒഴുക്കുക: ഞങ്ങൾ ലോകത്തിൽ ജീവിച്ചുകൊള്ളട്ടെ! 38
ഇന്ദോ, അംഭസ്സിലർപ്പിയ്ക്കപ്പെട്ട ഭവാൻ ഗോക്കളെ കിട്ടിച്ച്, സ്വത്തു കിട്ടിച്ച്, സ്വർണ്ണം കിട്ടിച്ച്, രേതസ്സു കിട്ടിച്ച് ഒഴുകിയാലും. സോമമേ, സുവീര്യനും സർവജ്ഞനുമാണല്ലോ, അവിടുന്ന്; ആ നിന്തിരുവടിയെ ഇതാ, മേധാവികൾ സ്തുതിച്ചുപാസിയ്ക്കുന്നു! 39
മധുരനീര് സ്തുതികളെ പൊങ്ങിയ്ക്കുന്നു; മഹാൻ തണ്ണീരുടുത്ത് ഇറങ്ങുന്നു. അരിപ്പത്തേരിൽ കേറിയ രാജാവു പോരിലെഴുന്നള്ളുന്നു; വളരെ വളരെ ചുറ്റിനടന്നു വലിയ അന്നം കീഴടക്കുന്നു! 40
ആ സർവഗന്താവു സുഭൃതങ്ങളും സന്താനദായകങ്ങളുമായ സ്തവങ്ങളെയെല്ലാം ഇരവുപകൽ മുഴങ്ങിയ്ക്കുന്നു. ഇന്ദുവേ, കുടിയ്ക്കപ്പെട്ട ഭവാൻ ഇന്ദ്രനോടു ഞങ്ങൾക്കുവേണ്ടി പ്രജാസമേതമായ അന്നവും, വിശാലഗൃഹസഹിതമായ ധനവും യാചിച്ചാലും! 41
ആ പച്ചനിറമിയന്ന മദകരനായ മനോജ്ഞൻ പകൽപ്പിറപ്പിൽ പണ്ഡിതന്മാരുടേ സ്തുതികളാൽ പള്ളിയുണരുന്നു; രണ്ടുപേരെയും കൊണ്ടുനടന്ന്, മാനുഷവും ദൈവ്യവും നിർവാഹകന്നരുളി, നടുവിലെയ്ക്കു ഗമിയ്ക്കുന്നു! 42
ബലകരനെ തേപ്പിയ്ക്കുന്നു, പലമട്ടിൽ തേപ്പിയ്ക്കുന്നു, വഴിപോലെ തേപ്പിയ്ക്കുന്നു, ഗവ്യംകൊണ്ടു തേപ്പിയ്ക്കുന്നു. വെള്ളത്തിൻമുകളിൽ നീന്തുന്ന ഉക്ഷാവായ പശുവിനെ, അതിൽ സ്വർണ്ണംകൊണ്ടു ശുചീകരിച്ചെടുക്കുന്നു. 43
നിങ്ങൾ പണ്ഡിതനായ പവമാനന്നായി പാടുവിൻ: അദ്ദേഹം, മഹത്തായ മഴപോലെ അന്നം വളർത്തുന്നു. പച്ചനിറം പൂണ്ട വൃഷാവ്, ഒരു പാമ്പുപോലെ ഉറയൂരുന്നു; ഒരു കുതിരപോലെ കളിയാടിക്കൊണ്ടു നടകൊള്ളുന്നു! 44
മുമ്പേ നടക്കുന്ന രാജാവ്, വെള്ളത്തിൽ ശുചീകരിയ്ക്കപ്പെട്ട സോമം, ദിവസങ്ങളെ സൃഷ്ടിയ്ക്കുന്നവൻ സ്തുതിയ്ക്കപ്പെടുന്നു: ഹരിതവർണ്ണനും, ജലമുതിർക്കുന്ന ഉദകവാനും, ശുഭദർശനനും, നിവാസഹിതനുമായ ആ ജ്യോതീരഥൻ ധനം കിട്ടിപ്പാൻ ഒഴുകുന്നു! 45
വിണ്ണിന്നു നാട്ടിയ ഒരൂന്നായ മദകരൻ പിഴിയപ്പെടുന്നു; മൂന്നിടങ്ങളുള്ള താൻ വെള്ളത്തിലിറങ്ങുന്നു. സ്തോതാക്കളാൽ സ്തുതിക്കപ്പെടുമ്പോൾ ഒലിക്കൊള്ളുന്ന സുരൂപനായ സോമത്തെ പൂജകന്മാർ നുകരുന്നു! 46
ഇന്ദോ, ഭവാന്റെ അരിയ്ക്കുമ്പോൾ നിർത്തപ്പെട്ട ധാരകൾ കമ്പിളിയിൽനിന്നു പാഞ്ഞൊഴുകുന്നു. സോമമേ, ഇരുപലകകളിൽ വെള്ളം തളിച്ചു പിഴിയപ്പെട്ട ഭവാൻ കലശങ്ങളിൽ ഇരിയ്ക്കുന്നു. 47
സോമമേ, സ്തുത്യനും സ്തുതിജ്ഞനുമായ ഭവാൻ ഒഴുക്കിയാലും – കമ്പിളിയിൽ അരുമത്തേൻ ഒഴുക്കിയാലും. ഇന്ദോ, അങ്ങ് തിന്മന്മാരായ രാക്ഷസരെയെല്ലാം പായിയ്ക്കുക. ഞങ്ങൾ സൽപുത്രസമേതരായി യാഗത്തിൽ വളരെച്ചൊല്ലുമാറാകണം! 48
ആകൃഷ്ടർ എന്നും മാഷർ എന്നും രണ്ടു പേരുകളുള്ള ഒരു ഗണവും, സികതർ എന്നും നീവാരികൾ എന്നും രണ്ടു പേരുകളുള്ള മറ്റൊരു ഗണവും, പൃശ്നികൾ എന്നും അനുജർ എന്നും രണ്ടു പേരുകളുള്ള വെറേ ഒരു ഗണവുമാണു്, ഈ സൂക്തത്തിൽ ആദ്യംമുതൽ പതിപ്പത്ത് ഋക്കുകൾക്കു യഥാക്രമം ഋഷികൾ. 31 മുതൽ 10 ഋക്കുകൾക്കും, ആകൃഷ്ട – മാഷർതന്നെ ഋഷികൾ. 41 മുതൽ 5 ഋക്കുകൾക്ക് അത്രി; ബാക്കി മൂന്നിന്നു ഗൃത്സമദൻ.
[1] വാനിൽനിന്ന് – അരിപ്പയിൽനിന്ന്.
[2] രണ്ടാംവാക്യം പരോക്ഷം:
[3] ദ്വിതീയവാക്യം പരോക്ഷം:
[4] അവ – ധാരകൾ.
[5] അടയാളം – രശ്മികൾ.
[6] ഇങ്ങും അങ്ങും – ഭൂമിയിലും, ആകാശത്തും.
[8] രാജാവ് – സോമം. ഭൂമിയുടെ നാഭി – ഹവിർദ്ധാനസ്ഥലം.
[10] ഉൽപാദകൻ – സർവസ്രഷ്ടാവ്. നിക്ഷേപിയ്ക്കുന്നു – കൊടുക്കുന്നു.
[11] മിത്രസദനങ്ങൾ – യജ്ഞഗൃഹങ്ങൾ.
[12] വാക്ക് – അന്തരിക്ഷശബ്ദം. വൃഷാവ് – സോമം.
[13] വിമുക്തപക്ഷിപോലെ – വിട്ടയയ്ക്കപ്പെട്ട പക്ഷി വെക്കം പറന്നുപോകുന്നതുപോലെ. പരിശുദ്ധം – സ്വതശ്ശുദ്ധമായ സോമം.
[14] കവചം – തേജസ്സ് എന്നർത്ഥം. അന്തരിക്ഷപൂരകൻ – അന്തരിക്ഷത്തെ വെള്ളംകൊണ്ടു നിറയ്ക്കുന്ന സോമം. ഇതിന്റെ – വെള്ളത്തിന്റെ. പുരാതന രക്ഷിതാവിനെ – ഇന്ദ്രനെ.
[15] അദ്ദേഹത്തെ – ഇന്ദ്രനെ. മുല്പാടു – മറ്റു ദേവന്മാരെ പ്രാപിയ്ക്കുന്നതിന്നുമുമ്പു്. അതു് – ആ സോമം.
[16] ഉള്ളറ – ഉദരമെന്നർത്ഥം. സഖാവിന്റെ – ഇന്ദ്രന്റെ.
[17] പ്രത്യക്ഷോക്തി: ഇതിൽ – സോമനീരിൽ.
[18] സുവീര്യത്തെ – സത്സന്താനത്തെ.
[20] കലശത്തിലെയ്ക്കു – കലശം പൂകാൻ.
[21] മുവ്വേഴുരു – ഇരുപത്തൊന്നു പൈക്കളിൽനിന്ന്. കൂട്ടുദ്രവ്യം – പാൽ. കറന്നെടുത്തു – ഋത്വിക്കുകളുടെ കറക്കൽ സോമത്തിന്റെതാക്കി ഉപചരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മനം – ഇന്ദ്രഹൃദയം.
[22] വീഴ്ത്തുക = പകരുക. ദിവ്യപദങ്ങളിലെയ്ക്ക് – ദേവന്മാരുടെഇടയിലെയ്ക്ക്. എടുക്കപ്പെട്ടിട്ടു – ഹോമിയ്ക്കപ്പെട്ടിട്ട് എന്നർത്ഥം.
[23] മല – പൈക്കളെ ഒളിപ്പിച്ച പർവതഗുഹ.
[25] ധേനുക്കൾ – കറവപൈക്കൾ; അല്ലെങ്കിൽ നദികൾ.
[26] പാലാക്കുന്ന – സ്വാദൂകരിയ്ക്കുന്ന.
[27] ശതധാരകൾ – സൂര്യരശ്മികൾ. മൂന്നാം മുകളിൽ – സ്വർഗ്ഗത്തിൽ. ഗോപരീതനെ – പൈക്കളാൽ പരിവൃതനായ സോമത്തെ.
[29] സമുദ്രം – വൃഷ്ടിഹേതു എന്നർത്ഥം. അഞ്ചുപ്രദിക്കുകൾ – നാലു ദിക്കുകളും, ആകാശവും. സൂര്യൻ തഴപ്പിച്ചുപോരുന്ന തേജസ്സ് ഭവാന്റേതാകുന്നു.
[30] പാരിന്നു താങ്ങായ – സോമനീരരിയ്ക്കുക എന്നതില്ലെങ്കിൽ, ലോകം നീരാധാരമായിപ്പോകും! പ്രധാനർ – ഋത്വിക്കുകൾ.
[31] കാംക്ഷിച്ചു – യജ്ഞകാമരായി. നക്കുന്നു – പൈക്കൾപോലെ എന്ന് ഉപമ വ്യഞ്ജിയ്ക്കുന്നു.
[32] പ്രജാപാലകൻ – സോമം. മൂവിഴനൂൽ – സവനത്രയോപേതമായ യജ്ഞം. പരത്തുന്നു – നെയ്യുന്നു. സത്യകർമ്മാവ് – യജ്വാവ്.
[35] ഇന്ദ്രനെ എന്നാദിയായ വാക്യം പരോക്ഷം: വിചക്ഷണം – നന്നായി കാണുന്നതു്.
[36] ഗന്ധർവൻ – ഉദകധരൻ. ഏഴു സഹോദരിമാർ – സപ്തനദികൾ.
[37] പച്ചപ്പെൺകുതിരകൾ – തന്റെ ചെടികൾ.
[40] പരോക്ഷോക്തി: മഹാൻ – സോമം. ഇറങ്ങുന്നു – കലശത്തിൽ.
[41] ആ സർവഗന്താവ് – എല്ലാവരിലും ചെല്ലുന്ന സോമം. രണ്ടാംവാക്യം പ്രത്യക്ഷം:
[42] രണ്ടുപേരെയും – സ്തോതാവിനെയും യഷ്ടാവിനെയും. മാനുഷവും ദൈവ്യവും – മനുഷ്യരുടെ ധനവും, ദേവന്മാരുടെ ധനവും. നിർവാഹകന്നരുളി – യജമാനന്നു കൊടുത്ത്: നടുവിലെയ്ക്കു – വാനൂഴിമധ്യത്തിലെയ്ക്ക്.
[43] ഉക്ഷാവ് – സേക്താവ് എന്നും, കാള എന്നും രണ്ടർത്ഥം. പശു – ദ്രഷ്ടാവ്, സോമം.
[44] ഋത്വിക്കുകളോട്: ഉറ – തൊലി. നടകൊള്ളുന്നു – കലശത്തിലെയ്ക്ക്.
[45] ദിവസങ്ങളെ സൃഷ്ടിയ്ക്കുന്നവൻ – സോമ (ചന്ദ്ര)ക്ഷയവൃദ്ധികൾക്കധീനങ്ങളാണല്ലോ, ദിവസങ്ങൾ. ജ്യോതീരഥൻ = ജ്യോതിസ്സാകുന്ന രഥത്തോടുകൂടിയവൻ.
[48] ചൊല്ലുമാറാകണം – സ്തോത്രങ്ങൾ.