ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ.
ഇന്ദ്ര, ഇതാ, സോമം അങ്ങയ്ക്കായി പിഴിയുന്നു, അങ്ങയ്ക്കായി അരിയ്ക്കുന്നു: ഇതു ഭവാൻ കുടിച്ചാലും. അങ്ങാണല്ലോ, ഈ ഇന്ദുവിനെ നിർമ്മിച്ചതു്; അങ്ങാണല്ലോ, സോമത്തെ മത്തിന്നും തുണയ്ക്കുമായി വരിച്ചതും! 1
ഇതാ, ഒരു തേരുപോലെ വളരെച്ചുമക്കുന്ന ആ മഹത്തായ സോമം പെരുതു ധനം തരാൻ പൂട്ടപ്പെടുന്നു: പൊരുതേണ്ടുന്ന പോരിൽ മനുഷ്യജാതിയെല്ലാം ഉന്മുഖമായി ഇതിനെ പ്രാപിയ്ക്കട്ടെ! 2
സോമമേ, ഭവാൻ, നിയുത്ത്വനായ വായുപോലെ യഥേഷ്ടം നടകൊള്ളുന്നു; വിളിയ്ക്കപ്പെട്ടാൽ, അശ്വികൾപോലെ സുഖമുളവാക്കുന്നു; ദ്രവിണോദസ്സുപോലെ സകലരാലും വരിയ്ക്കപ്പെടുന്നു; സവിതാവുപോലെ കർമ്മങ്ങൾ നടത്തിയ്ക്കുന്നു! 3
സോമമേ, അങ്ങ് ഇന്ദ്രൻപോലെ വലിയ കർമ്മങ്ങൾ ചെയ്യും: വൃത്രരെ കൊല്ലും; പുരികൾ പിളർത്തും. സോമമേ, അങ്ങു് അശ്വംപോലെ അഹികളെയും, എല്ലാദ്ദസ്യുക്കളെയും നിഹനിയ്ക്കും! 4
കാട്ടിൽ കൊളുത്തപ്പെട്ട തിയ്യെന്നപോലെ, പവമാനസോമം നദികളിൽ നിഷ്പ്രയാസം കെല്പെടുക്കും; ഒരു പടയാളിപോലെ കേമനെ നിലവിളിപ്പിച്ചുകൊണ്ടു നീർ ചൊരിയും! 5
ഈ സോമനീരുകൾ, വാനിൽനിന്നു മേഘം പെയ്യുന്ന ജലങ്ങൾപോലെ അരിപ്പയിൽനിന്നു പൊഴിയുന്നു; അനായാസേന നദികൾ സമുദ്രത്തിലെയ്ക്കെന്നപോലെ, കീഴ്പോട്ടായി കലശത്തിലെയ്ക്കു പോകുന്നു! 6
ബലവാനായ ഭവാൻ, നിന്ദിയ്ക്കപ്പെടാത്ത സ്വർഗ്ഗപ്രജയായ മരുദ്ബലംപോലെ നീരൊഴുക്കിയാലും; വെള്ളംപോലെ, വെക്കം ഞങ്ങളിൽ പ്രസാദിച്ചാലും! സൈന്യത്തെ അമർത്തുന്നവൻപോലെ യജനീയനാണല്ലോ, ബഹുരൂപനായ ഭവാൻ. 7
സോമമേ, വരുണരാജാവായ ഭവാന്നു ഞാൻ കർമ്മങ്ങൾ വെക്കം (ചെയ്യാം). മഹത്തും ഗഭീരവുമാണ്, അങ്ങയുടെ തേജസ്സ്. അങ്ങ്, പ്രിയനായ മിത്രൻപോലെ പരിശുദ്ധനാകുന്നു; അര്യമാവുപോലെ ഔദാര്യവാനുമാകുന്നു! 8
[2] വളരെ – ബഹുഭാരം. പ്രാപിയ്ക്കട്ടേ – സോമത്തേര്, അതിൽ കേറിയവർക്കു യുദ്ധത്തിൽ വിജയം വരുത്തും.
[4] വൃത്രർ – വൈരികൾ. അഹികൾ – ഒരുകൂട്ടം അസുരന്മാർ.
[5] നദികളിൽ – വെള്ളത്തിൽ. കേമനെ – വമ്പിച്ച വൈരിയെപ്പോലും.
[7] പ്രത്യക്ഷോക്തി: സൈന്യത്തെ അമർത്തുന്നവൻ – ഇന്ദ്രൻ.
[8] വരുണൻ – ശത്രുനിവാരകൻ.