കവിപുത്രൻ ഉശനസ്സ് ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; പവമാനസോമം ദേവത.
അങ്ങ് വെക്കം പായുക: കലശത്തിലിരിയ്ക്കുക. നേതാക്കന്മാരാൽ അരിയ്ക്കപ്പെട്ട നിന്തിരുവടി അന്നമൊഴുക്കിയാലും. ബലവാനായ ഭവാനെ, ഒരശ്വത്തെയെന്നപോലെ തുടച്ചു, കടിഞ്ഞാണുകൾകൊണ്ടു യജ്ഞത്തിലെയ്ക്കു കൊണ്ടുപോകുന്നു! 1
ശോഭനായുധനായി, രക്ഷോഹന്താവായി, ഉപദ്രവശമനനായി, ദേവന്മാർക്കു പാലകനും ജനകനുമായി, സുബലനായി, ദ്യോവിന്നൂന്നും ഭൂവിന്നു താങ്ങുമായ ഇന്ദുദേവൻ നീരൊഴുക്കുന്നു! 2
മേധാവിയും, ആളുകൾക്ക് ഒരു പുരോഗാമിയും, അതിഭാസുരനും, ധീരനുമായ ഉശനസ്സ് എന്ന ഋഷി ഈ പൈക്കളിൽ മറച്ചുവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗോപ്യമായ ജലം കാവ്യംകൊണ്ടു കൈവരുത്തുന്നു! 3
ഇന്ദ്ര, ഇതാ, വൃഷാവായ നിന്തിരുവടിയ്ക്കു വൃഷാവും മധുരവുമായ സോമം അരിപ്പയിൽ ഒഴുകുന്നു: നൂറും ആയിരവും അധികവും നല്കുന്ന ഈ ബലവാൻ എന്നെന്നും യജ്ഞത്തിൽ സ്ഥിതിചെയ്യും! 4
ഇതാ, അനേകഗവ്യങ്ങൾ ചേർക്കാൻ അരിപ്പയിൽ അരിച്ച സോമങ്ങളെ വലിയ അന്നത്തിന്നും അമൃതിന്നുമായി, തീറ്റ തേടുന്ന യുദ്ധവിജയികളായ അശ്വങ്ങളെയെന്നപോലെ അയയ്ക്കുന്നു. 5
ഈ അരിയ്ക്കപ്പെട്ട പുരുഹൂതൻ ആളുകൾക്ക് എല്ലാ ഭോജനവും പരത്തുന്നു. പരുന്തു കൊണ്ടുവന്നവനേ, അങ്ങ് അന്നങ്ങൾ കൊണ്ടുവന്നാലും: ധനദാതാവായ ഭവാൻ അന്നമൊഴുക്കിയാലും! 6
ഇതാ, പിഴിയപ്പെട്ട, നടമിടുക്കും നിലയുറപ്പുമുള്ള സോമം, ഒരു വിടപ്പെട്ട കുതിരപോലെയും, മൂർച്ചയുള്ള കൊമ്പുകൾ അണയ്ക്കുന്ന ഒരു പോത്തുപോലെയും, ഗോക്കളെത്തേടുന്ന ഒരു ശൂരൻപോലെയും അരിപ്പയിലെയ്ക്കു പായുന്നു! 7
സോമനീര് മുകളിൽനിന്നു പോന്നു, മലയുടെ ഏതോ സ്ഥലത്തുനിന്നിരുന്ന ഗോക്കളെ കണ്ടുപിടിച്ചു. ഇന്ദ്ര, ഇതു, വാനിൽനിന്നു കാർമിന്നൽപോലെ ശബ്ദിച്ചുകൊണ്ട്, അങ്ങയ്ക്കായി ഒഴുകുന്നു! 8
സോമമേ, അരിയ്ക്കപ്പെട്ട ഭവാൻ ഇന്ദ്രനോടൊന്നിച്ച് ഒരേ തേരിൽ ഗോഗണത്തിലെയ്ക്കു പോവുകയുംചെയ്യുന്നു. ക്ഷിപ്രദാതാവേ, അന്നയുക്ത, സ്തുതിയ്ക്കപ്പെടുന്ന നിന്തുരവടി, നിന്തിരുവടിയുടെ ആ പെരിയ അങ്ങങ്ങൾ ധാരാളം തന്നാലും! 9
[1] തുടച്ചു – ശുദ്ധീകരിച്ച്. കടിഞാണുകൾ – കൈവിരലുകൾ. കൊണ്ടു പോകുന്നു – അധ്വര്യപ്രഭൃതികൾ.
[3] ഋഷി – ഞാൻ. ജലം – പാൽ. കാവ്യം – സ്തോത്രം.
[6] രണ്ടും മൂന്നും വാക്യം പ്രത്യക്ഷം:
[7] അണയ്ക്കുന്ന – മൂർച്ചകൂട്ടുന്ന.
[8] ഗോക്കളെ – അസുരന്മാരാൽ അപഹരിയ്ക്കപ്പെട്ടവയെ.
[9] ഗോഗണം – അസുരാപഹൃതമായ ഗോവൃന്ദം.