images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
ഭാഷയും സാഹിത്യവും

ഭാഷാസാഹിത്യചരിത്രത്തെ വിഷയീകരിച്ചു് നിർമ്മിക്കുന്നതായ ഒരു ഗ്രന്ഥത്തിൽ, ഭാഷയും സാഹിത്യവും തമ്മിലുള്ള ദൃഢബന്ധത്തേയും, സാഹിത്യത്തിന്റെ സ്വഭാവം, ധർമ്മം, പ്രയോജനം മുതലായവയേയും പറ്റി, സംക്ഷിപ്തമായിട്ടെങ്കിലും വിവരിക്കാതെ തരമില്ല. അതിനാൽ ആദ്യമായി ഭാഷ ​എന്നാൽ എന്തു് എന്നുള്ളതിനെപ്പറ്റി അല്പം ചിന്തിക്കാം. മനുഷ്യർ തങ്ങളുടെ അന്തർഗ്ഗതങ്ങളെ ബുദ്ധിപൂർവ്വകമായ വിധത്തിൽ പരന്മാരെ ധരിപ്പിക്കുന്നതിനു് ഉപയോഗിക്കുന്ന ഉപായമെന്നു് ഭാഷയെ വ്യാപകാർത്ഥത്തിൽ നിർവചിക്കാവുന്നതാണു്. ഈ അർത്ഥത്തിൽ ഭാഷയ്ക്കു വിവിധരൂപങ്ങൾ ഉണ്ടു്.

  1. ആംഗ്യഭാഷ: മൂകന്മാരും, ശ്രോതാവിന്റെ ഭാഷ പരിചയമില്ലാത്തവരും ആംഗ്യങ്ങളെക്കൊണ്ടാണു് തങ്ങളുടെ വിചാരങ്ങളെ അന്യന്മാരെ ധരിപ്പിക്കുന്നതു്.
  2. ചിത്രഭാഷ: ചിത്രങ്ങളുടെ സഹായത്താലും നാം ഇംഗിതങ്ങളെ മറ്റുള്ളവരെ ധരിപ്പിക്കാറുണ്ടു്.

സാഹിത്യചരിത്രകാരന്മാരോ ഭാഷാശാസ്ത്രജ്ഞന്മാരോ ഈ അർത്ഥങ്ങളിൽ ഭാഷാശബ്ദത്തെ പ്രയോഗിക്കാറില്ല. അവരുടെ ഭാഷ കേവലം വാചികമാകുന്നു. വെളിയിൽ എത്ര പ്രാവശ്യമെങ്കിലും യഥേച്ഛം പ്രകാശിപ്പിക്കാവുന്ന വികാരങ്ങളുടേയും വിചാരങ്ങളുടേയും സങ്കേതങ്ങളായ പദസമൂഹങ്ങളാണു് അവരെ സംബന്ധിച്ചിടത്തോളം ഭാഷയുടെ പ്രധാന കരുക്കൾ. മറ്റു രണ്ടു വിധ ഭാഷകളും വാചികമായ ഭാഷയെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണു്.

ഭാഷയെപ്പറ്റി പ്രതിപാദിക്കുന്ന അനേകം മാതിരി ഗ്രന്ഥങ്ങളുണ്ടു്. ഐന്ദ്രികമായോ ബൗദ്ധമായോ ഉള്ള വിവിധാനുഭൂതികളുടെ സമീചീനമായ സമ്മേളനത്തിന്റെ ഫലമായുണ്ടാകുന്ന രൂപങ്ങളേയും ഭാവങ്ങളേയും കുറിക്കുന്നതിനായി ഓരോ ദേശക്കാർ ഉപയോഗിക്കുന്ന ശബ്ദങ്ങളെ ഏതെങ്കിലും ക്രമമനുസരിച്ച് അടുക്കി അർത്ഥഗ്രഹമുണ്ടാകത്തക്കവണ്ണം വിവരിക്കുന്ന ഗ്രന്ഥങ്ങൾക്കു കോശങ്ങൾ എന്നോ നിഘണ്ടുക്കൾ എന്നോ പേർ പറയുന്നു. ഭാഷയെ ശാസ്ത്രദൃഷ്ട്യാ പരിശോധിക്കുന്ന ഗ്രന്ഥത്തിനു വ്യാകരണമെന്നു പേർ. അക്ഷരങ്ങളെ അവയുടെ സ്വഭാവമനുസരിച്ചു് വേർതിരിക്കൂ, ശബ്ദങ്ങളെ ചില ഉപാധികൾ അനുസരിച്ചു് വിഭജിക്കുക, പദങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണവികാരങ്ങൾ, പ്രക്രിയകൾ, വാക്യഘടന ഇത്യാദി പലേ സംഗതികൾ സാധാരണ വ്യാകരണത്തിന്റെ അധികാരസീമയിൽപ്പെടുന്നവയാണു്. ഓരോ ഭാഷയിലും ഉല്പത്തിമുതൽ ഏതല്ക്കാലപര്യന്തം ഉണ്ടായിട്ടുള്ള ഭേദഗതികളെ സയുക്തികം പ്രതിപാദിക്കുന്ന ഭാഷാചരിത്രവും, ഒരേ കുടുംബത്തിൽപ്പെട്ട ഭാഷകളെ താരതമ്യംചെയ്തു്, എന്തെങ്കിലും സാദൃശ്യ വൈസാദൃശ്യങ്ങൾ ഉണ്ടെന്നു കണ്ടുപിടിക്കുന്ന ഭാഷാതാരതമ്യശാസ്ത്രവും (comparative philosophy) വാസ്തവത്തിൽ വ്യാകരണത്തിന്റെ ശാഖകൾ മാത്രമാണു്. സാഹിത്യചരിത്രത്തിൽ ഇവയൊന്നും ഉൾപ്പെടുന്നില്ല.

സാഹിത്യം

വിഷയവിശേഷംകൊണ്ടും പ്രതിപാദനരീതികൊണ്ടും ജനസാമാന്യത്തിനു രോചകമായും രൂപവിശിഷ്ടത, തജ്ജന്യമായ ആഹ്ലാദജനകത്വം എന്നീ ധർമ്മങ്ങളോടു കൂടിയതായും ഇരിക്കുന്ന ഗ്രന്ഥങ്ങൾ മാത്രമേ സാഹിത്യത്തിൽ ഉൾപ്പെടുന്നുള്ളു. സാഹിത്യം മനുഷ്യാത്മാവിന്റെ ചരിത്രമാണു്. ഒരു ഉത്തമ സാഹിത്യഗ്രന്ഥം മനുഷ്യജീവിതത്തിൽ നിന്നും നേരേ അങ്കുരിക്കുന്നു. അതു വായിക്കുന്നതിനാൽ നമുക്കു് ജീവിതത്തോടു വിശാലവും, ദൃഢവും, നവ്യവുമായ വേഴ്ചയുണ്ടാകുന്നു. മനുഷ്യർ ജീവിതത്തിൽ എന്തെല്ലാം കണ്ടിട്ടുണ്ടോ, എന്തെല്ലാം അനുഭവിച്ചിട്ടുണ്ടോ, പൊതുവെ നമുക്കെല്ലാം സ്ഥായിയായ ഒരു രസം തോന്നത്തക്കവണ്ണമുള്ള അതിന്റെ അവസ്ഥാവിശേഷങ്ങളെപ്പറ്റി എന്തെല്ലാം ചിന്തിച്ചിട്ടുണ്ടോ, അവയുടെ ഒക്കെ സജീവമായ ഒരു രേഖാപ്രമാണമാണു് സാഹിത്യം.

സാഹിത്യത്തിന്റെ ഉല്പത്തിക്കു കാരണമായ പ്രേരകശക്തികൾ
  1. ആത്മാവിഷ്കരണേച്ഛ: ഇതിൽ നിന്നാണു് ഗ്രന്ഥകാരന്റെ ചിന്തകളേയും വികാരങ്ങളേയും നേരെ പ്രകാശിപ്പിക്കുന്ന ഖണ്ഡകാവ്യങ്ങളുടെ ഉല്പത്തി. സ്വസ്വവികാരങ്ങളേയും വിചാരങ്ങളേയും ഉള്ളിൽ ഒതുക്കിവെച്ചുകൊണ്ടിരിക്കുന്നതിനു് മനുഷ്യർ സ്വഭാവേന അസമർത്ഥന്മാരാകുന്നു. ആ സ്ഥിതിക്കു് ബൗദ്ധമായും മാനസികമായും ഉള്ള വിശിഷ്ടാനുഭവങ്ങളുടെ സ്ഥിതി പറവാനുണ്ടോ?
  2. ജനങ്ങളിലും അവരുടെ പ്രവൃത്തികളിലും നമുക്കു സഹജമായുള്ള കൗതുകം: സ്ത്രീപുരുഷന്മാരിലും, അവരുടെ കായികമായും മാനസികമായും ഉള്ള വ്യാപാരങ്ങളിലും, അവർ തമ്മിലുള്ള വിവിധ വേഴ്ചകളിലും നാം പ്രകൃത്യാ കുതുകികളാണു്. ആ കൗതുകത്തിന്റെ ഫലമാണു് മനുഷ്യജീവിതമാകുന്ന—മഹാനാടകത്തേ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ ആവിർഭാവം.
  3. നാം അധിവസിക്കുന്ന വാസ്തവികലോകത്തിലും മനസ്സൃഷ്ടമായ സങ്കല്പലോകത്തിലും നമുക്കുള്ള കൗതുകം: നാം മാംസചക്ഷുസ്സുകൊണ്ടോ സങ്കല്പദൃഷ്ടികൊണ്ടോ കണ്ടിട്ടുള്ള വസ്തുക്കളേപ്പറ്റി അന്യന്മാരോടു പറയുന്നതിനു് സ്വയം പ്രേരിതരായി ഭവിക്കുന്നു. ആ പ്രേരണയിൽനിന്നാണു് വർണ്ണനാപരങ്ങളായ സാഹിത്യഗ്രന്ഥങ്ങൾ ഉത്ഭവിക്കുന്നതു്.
  4. രൂപവിശേഷങ്ങളിൽ നമുക്കുള്ള പ്രതിപത്തി: രാമണീയകവിശേഷങ്ങളെക്കണ്ടു് ആസ്വദിക്കുന്നതിനു ശക്തിയുള്ളവർ തങ്ങളുടെ ആശയങ്ങൾക്കു് ചമൽക്കാരകാരകമാകുംവണ്ണം വിചിത്രവേഷങ്ങൾ നൽകുന്നതിനു പ്രേരിതരായി ഭവിക്കുന്നു. അതുകൊണ്ടാണ് സാഹിത്യം ഒരു കലയായിത്തീർന്നതു്.
സാഹിത്യത്തിന്റെ വിശിഷ്ടഗുണങ്ങൾ

ഒന്നാമതായി സാഹിത്യം സുകുമാരകലകളിൽവെച്ചു് ഏറ്റവും ഉൽകൃഷ്ടമാകുന്നു. കേവലം ലൗകികമെങ്കിലും, ശീഘ്രഗ്രാഹിയായ ഒരുവന്റെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നതുവരെ മറഞ്ഞുകിടക്കുന്ന ഏതെങ്കിലും പരമാർത്ഥ തത്വത്തിന്റേയും രാമണീയകവിശേഷത്തിന്റേയും പ്രതിഫലനത്തേയാണു് നാം കവിത എന്നു പറയുന്നതു്. കൊയ്ത്തുകഴിഞ്ഞു പാടത്തുനിന്നു ചേറുപുരണ്ടുവരുന്ന കൃഷിവലകന്യകയെ എത്രയോപേർ കണ്ടിരിക്കും. പക്ഷേ, കവിയും ചിത്രകാരനും മാത്രമേ ആ വികൃതരൂപത്തിൽ മറഞ്ഞുകിടക്കുന്ന രാമണീയകവിശേഷത്തേയും സത്യത്തേയും കാണുന്നുള്ളു. കവിയുടെ ഹൃദയത്തിൽ ആ കന്യക എങ്ങനെ പ്രതിഫലിച്ചിരിക്കുന്നുവെന്നു നോക്കുക.

മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകീ പ്രാഞ്ചിക്കിതച്ചങ്ങനെ
നാടൻ കച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴീ-
പാടത്തുന്നു വരുന്ന നിൻ വരവുകണ്ടേറെക്കൊതിക്കുന്നു ഞാൻ.

ആയിരത്തിൽ ഒരാൾ എങ്കിലും ആ സാധുസ്ത്രീയുടെ ഹൃദയത്തിൽ നിഷ്കപടമായ അദ്ധ്വാനത്തിന്റെയും, ആ വഴിക്കു ലഭിച്ച ജീവിതോപായത്തിന്റേയും ഫലമായി അങ്കുരിച്ച അലംഭാവത്തേയോ, ആനന്ദത്തേയോ, അവളിൽ നിന്നു സ്ഫുരിക്കുന്ന നിർവ്യാജമായ അദ്ധ്വാനമഹിമയേയോ കണ്ടിരിക്കുമോ?

സാഹിത്യത്തിന്റെ രണ്ടാമത്തേഗുണം അതിന്റെ വ്യഞ്ജകത്വം ആകുന്നു. “ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള?” കാളിദാസൻ ഈ ചൂർണ്ണികയാൽ നമ്മുടെ കല്പനാശക്തിക്കു പുതുതായ ഒരു ലോകത്തിലേക്കു പ്രവേശിപ്പാനുള്ള ഒരു കവാടം തുറന്നുതരുന്നു.

സാർവകാലികത്വമാണു് സാഹിത്യത്തിന്റെ മൂന്നാമത്തെ ഗുണം. മനുഷ്യർ ജീവിതമത്സരത്തിൽ കുടുങ്ങി, ഭൗതികസുഖോപകരണ സമ്പാദനശ്രമത്തിൽ എത്രതന്നെ മുഴുകിയിരുന്നാലും രമണീയമായ വസ്തുക്കളേ നശിച്ചുപോവാൻ ഒരു കാലത്തും സമ്മതിക്കയില്ല. ഓരോ ഭാഷയിൽ അസംഖ്യം പുസ്തകങ്ങളും മാസികകളും അനുക്ഷണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടു്. അവയിൽ സൗന്ദര്യാവബോധത്തിനു് ഉതകുന്ന ഉത്തമഗ്രന്ഥങ്ങളോ ലേഖനങ്ങളോ നശിച്ചുപോകുന്നതായി കാണുന്നില്ല. ഈ വിഷയത്തിൽ സാഹിത്യത്തെ കൂലങ്ങൾ കുത്തിമറിയുന്ന ഒരു നദിയിലെ ജലത്തോടു താരതമ്യപ്പെടുത്താം. ഒഴുക്കിനു ശക്തിയുള്ളപ്പോൾ ജലം കലങ്ങിപ്പോകുന്നുവെങ്കിലും, അല്പകാലത്തിനുള്ളിൽ മാലിന്യം നിശ്ശേഷം നീങ്ങി, വീണ്ടും അച്ഛസ്ഫടികസങ്കാശമായിത്തീരുന്നു. അന്തസ്സാരവിഹീനമായ ക്ഷുദ്രവസ്തുക്കൾ ഏതാനും ദിവസത്തേയ്ക്ക് പൊന്തിക്കിടന്നശേഷം എവിടയോ ചെന്നു് അടിയുന്നു. ചെളി അടിയിൽ ചെന്നു് ഉറഞ്ഞുപോകുകയും ചെയ്യുന്നു.

സാഹിത്യത്തിന്റെ നാലാമത്തെ ഗുണം സാർവ്വജനീനത്വമാണു്. നാം സംസ്കൃതസാഹിത്യം, തമിൾസാഹിത്യം എന്നിങ്ങനെ വേർതിരിച്ചു പറയാറുണ്ടെങ്കിലും നല്ല സാഹിത്യഗ്രന്ഥങ്ങൾക്കു് എല്ലാ ദേശക്കാരുടെയും ഹൃദയത്തെ ആവർജ്ജിക്കാനുള്ള ശക്തിയുണ്ടു്. ഉത്തമസാഹിത്യം നാലു എലുകകൾക്കുള്ളിൽ ഒതുങ്ങിരിക്കയില്ല; അതിനു് ജാതിഭേദമോ വർഗ്ഗഭേദമോ ഇല്ല. അത് സർവ്വലോകസാധാരണമായ രതി, ഉത്സാഹം, ശോകം ഇത്യാദി ഭാവങ്ങളെക്കൊണ്ടു് ഉപജീവിക്കുന്നതിനാൽ സർവ്വജനങ്ങളുടേയും ഹൃദയത്തിൽ അതിനു പ്രവേശമുണ്ടു്.

സാഹിത്യത്തിന്റെ പ്രയോജനം

സാഹിത്യം സുകുുമാരകലയാണെന്നു പറഞ്ഞതുകൊണ്ടു തന്നേ അതിന്റെ പരമമായ പ്രയോജനം ഹൃദയോല്ലാസമാണെന്നു് ഊഹിക്കാം. സൗന്ദര്യാവബോധത്തെ ഉത്തേജിപ്പിക്കുന്ന സകല വസ്തുക്കളും ഹൃദയാനന്ദകരങ്ങളാണു്. സാഹിത്യം നമ്മേ പുതുതായ ഒരു ലോകത്തിൽ പ്രവേശിപ്പിച്ചു് സങ്കല്പശക്തിക്കു് ഉന്മേഷം നൽകുന്നതിനാൽ അതിനു് സംസ്കാരകാരകത്വം എന്നൊരു പ്രയോജനം കൂടിയുണ്ടു്. കാന്താസമ്മിതത്വേന ഉപദേശിച്ചു് അതു നമുക്കു ധർമ്മാധർമ്മവിവേകവും നൽകുന്നു. അതിനുംപുറമേ സാഹിത്യത്തിലാണു് ഒരു ജനമണ്ഡലത്തിന്റെ ആദർശങ്ങളേയും ചിന്താവികാരാദികളേയും സൂക്ഷ്മമായി രേഖപ്പെടുത്തിക്കാണുന്നതു്. ചരിത്രത്തിൽ അവരുടെ ബാഹ്യവ്യാപാരങ്ങളെ മാത്രമേ വിവരിച്ചുകാണുകയുള്ളു. കേരളീയരുടെ ആദിമചരിത്രം വായിച്ചാൽ അവർ പരസ്പരം മത്സരിച്ചു് സ്വാധികാരസ്ഥാപനത്തിനായി ശണ്ഠ കൂടിക്കൊ​ണ്ടിരുന്ന ഒരുകൂട്ടം സ്വാർത്ഥപരന്മാരാണെന്നു മാത്രം മനസ്സിലാക്കാം. അവരെപ്പറ്റി യഥാർത്ഥ വിവരങ്ങൾ അറിയേണമെങ്കിൽ വടക്കൻപാട്ടുകളോ, നമ്പ്യാരുടെ കൃതികളോ വായിക്കണം. അവയിൽ കേരളീയജീവിതത്തിന്റെ നാനാമുഖങ്ങളും വിശദമായി പ്രതിഫലിച്ചുകാണും. അതുകൊണ്ടാണു് സാഹിത്യം ചരിത്രത്തേക്കാൾ ഗൗരവമുള്ളതും വിജ്ഞാനപ്രദവുമാണെന്നു് “അരിസ്റ്റോട്ടൽ” എന്ന മഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നതു്.

കാവ്യം യശസേഽർത്ഥകൃതേവ്യവഹാരവിദേശിവേദരക്ഷതയേ
സദ്യഃ പരനിർവൃതയേ കാന്താസമ്മിതദയോപദേശയുജേ.

എന്നിങ്ങനെ മമ്മടാചാര്യർ കാവ്യപ്രയോജനങ്ങളേ വിവരിക്കുന്നു. ഇവയിൽ യശസ്സും അർത്ഥവും കാവ്യകൃത്തുക്കളെ സംബന്ധിക്കുന്നതാണു്. ശിവേതരക്ഷതി വായനക്കാർക്കും ഉണ്ടാകാവുന്നതുതന്നെ. എന്നാൽ ലോകവ്യവഹാരജ്ഞാനവും, പരനിർവൃതിയും, ചിത്തസംസ്കാരവും ആണു് വായനക്കാർക്കുള്ള പ്രധാന പ്രയോജനങ്ങൾ. ആചാര്യർതന്നെ മുകളിൽ ഉദ്ധരിച്ചിട്ടുള്ള പദ്യത്തിന്റെ വൃത്തിയിൽ പറഞ്ഞിരിക്കുന്നതു് ഇങ്ങനെയാണു്. ‘സകല പ്രയോജന മൗലിഭൂദം സമനന്തരമേവ രസാസ്വാദനസമുൽഭൂതം വിഗളിത വേദ്യാനന്തരമാനന്ദം…’

ഇതിൽനിന്നും, കാവ്യത്തിന്റെ പരമമായ പ്രയോജനം തഛ്ശ്രവണാനന്തരമുണ്ടാകുന്ന പരമാനന്ദമാണെന്നു വ്യക്തമാകുന്നു.

സാഹിത്യത്തിന്റെ വിഷയങ്ങൾ

സാഹിത്യവിഭാഗത്തെപ്പറ്റി ആലോചിക്കുന്നതിനുമുമ്പായി അതിന്റെ വിഷയങ്ങളെപ്പറ്റി അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

  1. വ്യക്തിഗതമായ അനുഭവങ്ങൾ:അതായതു് ഒരുവന്റെ ആന്തരവും ബാഹ്യവും ആയ ജീവിതവൃത്തികളുടെ സമവായം.
  2. മനുഷ്യൻ എന്ന നിലയിൽ മനുഷ്യന്നുണ്ടാകുന്ന അനുഭവങ്ങൾ:അതായതു് ജനനമരണാദികൾ, സുകൃതദുഷ്കൃങ്ങൾ, വിധിനിശ്ചയങ്ങൾ, ഈശ്വരൻ, ഈശ്വരനുമായുള്ള ബന്ധം, ഇത്യാദി വിഷയങ്ങളേ സംബന്ധിക്കുന്ന മഹത്തരങ്ങളായ പ്രമേയങ്ങൾ.
  3. മനുഷ്യന്റെ സാമുദായികബന്ധങ്ങൾ:സമുദായാംഗമെന്നുള്ള നിലയിൽ ചെയ്യുന്ന കർമ്മങ്ങൾ മുതലായവ.
  4. ബഹിർല്ലോകവും മനുഷ്യനു് അതിനോടുള്ള ബന്ധവും.
  5. കലാനിർമ്മാണത്തിനായി മനുഷ്യൻ ചെയ്യുന്ന പ്രയത്നങ്ങൾ. ഇവയഞ്ചുമാണു് സാഹിത്യത്തിന്റെ പ്രധാനവിഷയങ്ങൾ.
സാഹിത്യവിഭാവങ്ങൾ

സാഹിത്യത്തെ രൂപമനുസരിച്ചു് ഗദ്യം, പദ്യം, മിശ്രം എന്നു് പൊതുവേ മൂന്നായി വിഭജിക്കാം. ഛന്ദോനിബദ്ധവും ചമല്ക്കാരകാരകവുമായിട്ടുള്ളതു് പദ്യസാഹിത്യം.

ഛന്ദോരഹിതവും ചമൽക്കാരകാരകവുമായ സാഹിത്യം ഗദ്യസാഹിത്യം.

ഇതു രണ്ടും കലർന്നതു് മിശ്രം.

സാഹിത്യത്തെ സ്വഭാവമനുസരിച്ചും വേർതിരിക്കാം.
  1. ആത്മാവിഷ്കാരകമായ സാഹിത്യം: ഗാനാത്മകഖണ്ഡകാവ്യങ്ങൾ (Lyrics), വിലാപകാവ്യങ്ങൾ (Elegies), ഉപന്യാസങ്ങൾ, കലാനിരൂപണങ്ങൾ ഇവയിൽനിന്നാണു് ഗ്രന്ഥകാരന്റെ സ്വാഭിപ്രായങ്ങളും വികാരങ്ങളും തെളിഞ്ഞുകാണുന്നതു്. അതായതു് അയാൾ ഇത്തരം കൃതികളിൽ ഏറെക്കുറെ അന്തർമ്മുഖനായി കാണപ്പെടുന്നു.
  2. ഗ്രന്ഥകാരൻ അന്തർമുഖനാവാതെ ബാഹ്യമായ മനുഷ്യലോകത്തേക്കു് മനസ്സിനെ വ്യാപരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന സാഹിത്യം: ചരിത്രം, ജീവനവൃത്താന്തം, ഉപാഖ്യാനം, ഇതിഹാസം, ആഖ്യായികകൾ മുതലായവ ഈ ഇനത്തിൽപ്പെടുന്നു.
  3. വർണ്ണനാപരമായ സാഹിത്യം.
സാഹിത്യത്തിന്റെ പ്രധാന അംശങ്ങൾ നാലാണു്
  1. ബൗദ്ധാംശം (ഒരു വിഷയത്തെ പ്രതിപാദിക്കുന്നതിനിടയിൽ ഗ്രന്ഥകാരൻ ചെയ്യുന്ന വിമർശനങ്ങൾ)
  2. ഭാവവിശിഷ്ടമായ അംശം. ഇതാണു് രസരൂപത്തിൽ വായനക്കാർക്കു് അനുഭവപ്പെടുന്നതു്. കവി സമാധിയിൽ ഉദ്ദീപ്തമാകുന്ന രതിശോകാദിഭാവങ്ങളത്രേ വാങ്മുഖേന ബഹിർഗ്ഗമിച്ചു് ശ്രോതാക്കളുടേയോ പാഠകന്മാരുടേയോ ഹൃദയത്തിൽ ശൃംഗാരാദിരസങ്ങളായി അനുഭവപ്പെടുന്നതു്.
  3. സാങ്കല്പികം: ഇതിനേയാണു് നാം ഭാവനാശക്തിയെന്നു വ്യവഹരിക്കുന്നതു്.
  4. സാങ്കേതികം: രചനാസാമർത്ഥ്യം, രീതി, ഗുണം ഇവയെല്ലാം സാങ്കേതികാംശങ്ങളാകുന്നു. സാങ്കേതികാംശത്തിൽ ന്യൂനത വന്നാൽ കാവ്യത്തിനു് ദോഷം സംഭവിക്കും. സന്ദേശകാവ്യത്തിനു് മന്ദാക്രാന്തവൃത്തം തിരഞ്ഞെടുത്ത കവി, ശാകുന്തളത്തിൽ, ദുഷ്യന്തൻ ആശ്രമമൃഗങ്ങളുടെ നേർക്കു ശരം പ്രയോഗിക്കുന്നതിനു് ഒരുമ്പെടുന്നതിനെ തടയാനായി വന്ന ഋഷികളെക്കൊണ്ടു പറയിക്കുന്നതു് “നഖലു നഖലു” ഇത്യാദി ദ്രുതഗതിയായ ഒരു വൃത്തത്തിലാണു്. അതിനെ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് “അതിക്രൂരം ബാണം” എന്നിങ്ങനെ ഇഴഞ്ഞവൃത്തത്തിൽ തർജ്ജിമചെയ്തിട്ടുള്ളതു് അനുചിതമായിപ്പോയി എന്നു് ചിലർ ആക്ഷേപിക്കുന്നതും പ്രസ്താവയോഗ്യമത്രേ.

മമ്മടാചാര്യർ കവിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ ഇപ്രകാരം പരിഗണിച്ചിരിക്കുന്നു.

“ശക്തിർന്നിപുണതാ ലോകശാസ്ത്രകാവ്യോദ്യവേക്ഷണാൽ
കാവ്യജ്ഞശിക്ഷയാഭ്യാസ ഇതി ഹേതുസ്തദുത്ഭവേ.”

ശക്തി, ലോകശാസ്ത്രകാവ്യാദികളുടെ അവേക്ഷണംകൊണ്ടു സിദ്ധിക്കുന്ന നിപുണത, കാവ്യജ്ഞന്മാരുടെ ഉപദേശത്താലുണ്ടാവുന്ന അഭ്യാസം ഇവ മൂന്നും കാവ്യത്തിന്റെ ഉല്പത്തിക്കുള്ള ഹേതുക്കളാണു്. ഇതിൽ ശക്തിയെന്നു പറയുന്നതു് പ്രതിഭാ വിലാസത്തെയാകുന്നു. ലോചനകാരൻ പ്രതിഭയേ,

“പ്രതിഭാ അപൂർവവസ്തുനിർമ്മാണക്ഷമാ പ്രജ്ഞ” എന്നു നിർവ്വചിച്ചിരിക്കുന്നു. ഇങ്ങനെ നോക്കിയാൽ കാവ്യകാരനു് വാസനാരൂപമായ ശക്തിയും വ്യുല്പത്തിദാർഢ്യവും അവശ്യമുണ്ടായിരിക്കേണ്ടതാണു്. ബൗദ്ധവും സാങ്കേതികവും ആയ അംശങ്ങൾ വ്യുല്പത്തിയുടെ ഫലങ്ങളാകുന്നു. ബാക്കിയുള്ളവ ശക്തിജന്യങ്ങളത്രേ. സർ വില്യം ടെമ്പിൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

“കാവ്യം പ്രതിഭാശക്തിയുടെ സന്താനമാണെന്നുവരികിലും, അതിനു് പരിപുഷ്ടിയും അവയവസന്നിവേശത്താലുണ്ടാകുന്ന സൗന്ദര്യവും വരേണമെങ്കിൽ അഭ്യാസത്താൽ നിയന്ത്രിക്കാതെ തരമില്ല.”

സാഹിത്യചരിത്രം

നാം ഒരു പുസ്തകം എടുത്താൽ, അതിന്റെ ഗ്രന്ഥകർത്താവിനെപ്പറ്റി ചിന്തിക്കുക സാധാരണമാണല്ലോ. അതുപോലെതന്നെ ഒരു ഗ്രന്ഥകർത്താവിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ വിചാരഗതി അയാൾ ജീവിച്ചിരിക്കുന്ന കാലത്തിലേക്കും, അയാൾ ഉൾപ്പെട്ട ജനമണ്ഡലത്തിലേക്കും കടക്കുന്നു. ഏതെങ്കിലും ഒരു ഭാഷയിലെ സാഹിത്യമെന്നു പറയുന്നതു്, അതു സംസാരിച്ചുവരുന്ന ജനതയുടെ മനോഗതികളുടേയും സ്വഭാവത്തിന്റേയും കാലന്തോറും ഉത്തരോത്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവിഷ്ക്കരണത്തേയാണു്. അതുകൊണ്ടു് സാഹിത്യപഠനം ഒരുമാതിരി ലോകസഞ്ചാരമാണെന്നുപറയാം. അതു ഭിന്നജനതകളുടെ മനസ്സഞ്ചയങ്ങളിൽക്കൂടി യഥേച്ഛം സഞ്ചരിക്കുന്നതിനു നമ്മെ സമർത്ഥന്മാരാക്കിത്തീർക്കുന്നു. അതുകൊണ്ടു് സാഹിത്യം ചരിത്രത്തിന്റെ ഒരു അനുബന്ധവും വ്യാഖ്യാനവുമാണെന്നു സിദ്ധിക്കുന്നു.

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.