images/rnp-1-cover-b.jpg
Landscape, an oil on canvas painting by Borkov Alexander Petrovich .
കേരളവും കൈരളിയും

സാഹിത്യത്തിനു ഭാഷയോടും അതു സംസാരിച്ചുവരുന്ന ജനമണ്ഡലത്തോടും അഭേദ്യമായ ഒരു സംബന്ധമുണ്ടെന്നു് ഒന്നാം അദ്ധ്യായത്തിൽനിന്നു വിശദമാകുന്നു. ആ സ്ഥിതിക്കു് കേരളത്തിന്റേയും കൈരളിയുടേയും ചരിത്രത്തെപ്പറ്റിയും ഇവിടെ അല്പം പ്രസ്താവിക്കാതെ തരമില്ല.

‘കേരള’ശബ്ദത്തെ കേരളൻ എന്ന ചേരരാജാവിന്റെ പേരിൽനിന്നു ചിലർ വ്യുല്പാദിപ്പിക്കുന്നു. പ്രാചീനകാലങ്ങളിൽ രാജ്യത്തിന്റെ പേരുചൊല്ലി രാജാവിനെ വിളിക്കുക പതിവായിരുന്നതല്ലാതെ [1] മറിച്ചുകണ്ടിട്ടില്ലാത്തതുകൊണ്ടു് ഈ വ്യുല്പത്തി ശരിയാണെന്നു തോന്നുന്നില്ല. കേരവൃക്ഷം ധാരാളം ഉള്ള ദേശമായതുകൊണ്ടു് കേരളമെന്നുപേർ സിദ്ധിച്ചുവെന്നാണു് ചില പണ്ഡിതന്മാരുടെ മതം.

ഏതു ശബ്ദത്തേയും സംസ്കൃതത്തിൽനിന്നു് വ്യുല്പാദിപ്പിക്കുന്നതിനു് അവർക്കു പൊതുവേ ഒരു പ്രവണതയുള്ള സ്ഥിതിക്കു് ഇതിനെപ്പറ്റി അത്ഭുതപ്പെടാനില്ല. പക്ഷേ, ചരിത്രം ഈ വ്യുല്പത്തിയെ ലേശംപോലും അനുകൂലിക്കുന്നില്ലെന്നു വ്യസനപൂർവ്വം പറയേണ്ടിയിരിക്കുന്നു. കേരവൃക്ഷം ഇവിടെ കൊണ്ടുവന്നതു് ഈഴവരാണെന്നാണു് ഐതിഹ്യം. അവർ കേരളത്തിൽ പ്രവേശിച്ചതു് ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്നു വിചാരിക്കുന്നതിനു മതിയായ ലക്ഷ്യങ്ങളുണ്ടു്. അവർക്കു് തീയ്യർ, ഈഴവർ, ചോവർ എന്നു പലേ പേരുകൾ കാണുന്നു. അവയിൽ ‘ഈഴവ’ശബ്ദം ‘സിംഹള’പദത്തിന്റെ, തത്ഭവമാണെന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടു്. തീയശബ്ദം ‘ദ്വീപർ’ എന്നതിന്റെ തത്ഭവമാണെന്നു ചിലർ പറയുന്നു. ഈ വ്യുല്പത്തി ശരിയാണെങ്കിൽ, രണ്ടു ശബ്ദങ്ങളും സംസ്കൃതത്തിൽനിന്നു നേരെ വന്നതാണെന്നു വിചാരിക്കുന്നതിനേക്കാൾ പാലിയിൽക്കൂടി കടന്നുവന്നതാണെന്നു വിചാരിക്കുന്നതാണു് അധികം യുക്തിയുക്തമെന്നുതോന്നുന്നു. ഈഴവർ ആദ്യകാലത്തു് ബുദ്ധമതാനുയായികളായിരുന്നുവെന്നാണു് ഊഹിക്കപ്പെട്ടിരിക്കുന്നതു്. ‘ചോവ’ ശബ്ദംതന്നെ ആ ഊഹത്തെ ബലപ്പെടുത്തുന്നു. ചോവൻ (ചേവൻ) എന്നതു് സേവകൻ എന്ന പദത്തിൽനിന്നും ഉത്ഭവിച്ചതായിരിക്കണം. എങ്ങനെ ആയാലും, ക്രിസ്ത്വബ്ദം ഒന്നാംനൂറ്റാണ്ടിൽ കേരളത്തിൽ കേരവൃക്ഷങ്ങൾ കണികാണ്മാൻപോലും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഗ്രീക്കുഭാഷയിൽ എഴുതപ്പെട്ട ‘പെരിപ്ലസ്’ എന്ന ഗ്രന്ഥത്തിൽ കേരളത്തെപ്പറ്റി പലേ വിവരങ്ങൾ ചേർത്തിട്ടുണ്ടു്. ഈ നാട്ടിലെ ‘കല്പവൃക്ഷ’മെന്നു സുവിഖ്യാതമായ (?) ‘കേരളത്തെ’പ്പറ്റിമാത്രം ഒന്നും പറഞ്ഞുകാണാത്തതു് എന്തുകൊണ്ടു്? ഇതുപോലെതന്നെ മറ്റുചില പാശ്ചാത്യഭൂസഞ്ചാരികളും കേരളത്തെപ്പറ്റി ഒന്നും മിണ്ടീട്ടില്ല. ആറാംശതവർഷത്തിൽ കേരളം സന്ദർശിച്ച ഒരു സഞ്ചാരി അതിനെ ‘ആർശില്യ’എന്നപേരിൽ ഭംഗിയായി വിവരിച്ചുകാണുന്നുമുണ്ടു്. കേരളോല്പത്തിയിൽ പറഞ്ഞിരിക്കുന്ന കഥ വിശ്വസിക്കാമെങ്കിൽ ഭാസ്കരരവിവർമ്മപ്പെരുമാളുടെ കാലത്തായിരിക്കണം ഈഴവർ കേരളത്തിൽ കടന്നുകൂടിയതു്. പക്ഷേ സ്ഥാണുരവിഗുപ്തപ്പെരുമാളുടെ ഒരു താമ്രശാസനത്തിൽ ഈഴവരുടെ ഒരു യോഗത്തെപ്പറ്റിയും അവരുടെ ചില അവകാശങ്ങളെപ്പറ്റിയും പ്രസ്താവിച്ചുകാണുന്നതുകൊണ്ടു്, അക്കാലത്തിനുമുമ്പുതന്നെ അവർക്കു പറയത്തക്ക പ്രാബല്യം കേരളത്തെപ്പറ്റി (???) അശോകന്റെ ലേഖനങ്ങൾ മുതലായവയിലും പ്രസ്താവങ്ങൾ കാണുന്നസ്ഥിതിക്കു് കേരശബ്ദത്തേക്കാൾ കേരളശബ്ദത്തിനു പഴക്കമുണ്ടെന്നു നിശ്ശംശയം പറയാം. കേരത്തിനു ചേരരാജ്യത്തെ മരമെന്നേ അർത്ഥമുള്ളു. ഈ ആഗമത്തെ ചെരട്ട, കരിക്കു്, ചകിരി ഇത്യാദി കേരസംബന്ധമായ പദങ്ങൾ അനുകൂലിക്കുന്നുമുണ്ടു്. മലയാളത്തിലെ ചകാരം കർണ്ണാടകത്തിലും വിരളമായി തമിഴിലും ‘ക’ കാരരൂപത്തിൽ കാണാറുമുണ്ടു്. ചീര, കീര; ചില, കെലവു; ചെറു, കെറു ഇത്യാദി ഉദാഹരണങ്ങൾ കാണുക. ഇങ്ങനെ നോക്കിയാൽ ചേരക്കായു്, കരിക്കായും; ചേരച്ചട്ട, ചെരട്ടയായും; ചേരി ചകിരിയായും പിന്നീടു കയറായും പരിണമിച്ചതാണെന്നു വിചാരിക്കുന്നതിൽ അസാംഗത്യമില്ല. തേങ്ങ എന്ന പദത്തിനു തെൻകായു് എന്നാണർത്ഥം. പ്രസ്തുതപദം തെങ്ങിന്റെ ഉല്പത്തിസ്ഥാനത്തേയാണു കാണിക്കുന്നതു്.

ഭാരതത്തിലും അശോകന്റെ ശാസനങ്ങളിലും മറ്റും കേരളശബ്ദം കണ്ടുവരാറുള്ളതുകൊണ്ടും ഈ നാടിനെ സ്ഥാണുരവിഗുപ്തപ്പെരുമാളിന്റെ കാലംവരെ ‘അളതേയം’ എന്നുവിളിച്ചുവന്നതുകൊണ്ടും ചേരദേശത്തിന്റെ അളം എന്നു് ഈ പദത്തെ വിശേഷിപ്പിക്കുന്നതാണു് യുക്തം. അളം എന്നാൽ അനൂപപ്രദേശം എന്നത്രേ അർത്ഥം. ഗുണ്ടർട്ടുസായ്പു് ചേരളം എന്നൊരുപദം തന്റെ അകാരാദിയിൽചേർത്തിട്ടുമുണ്ടു്. ചോളരാജാവായ രാജകേസരിവർമ്മൻ ‘വീരപാണ്ഡ്യ ചേരള ചോള ലങ്കാ’ദി ദേശങ്ങളെ പിടിച്ചടക്കിയതായി തഞ്ചാവൂർ ജില്ലയിൽനിന്നും കിട്ടിയ ഒരു താമ്രശാസനത്തിൽ പറഞ്ഞിരിക്കയും ചെയ്യുന്നു.

കേരളം പരശുരാമനിർമ്മിതമാണെന്നു പറയുന്ന ഐതിഹ്യത്തിൽ വല്ല സത്യവും ഉണ്ടെങ്കിൽ അതു് ഇത്രമാത്രമേയുള്ളൂ. അദ്ദേഹം ആയിരിക്കാം കേരളത്തിൽ ആര്യബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതു്. അദ്ദേഹം കൊണ്ടുവന്ന ബ്രാഹ്മണർ നാഗങ്ങളെക്കണ്ടു തിരിച്ചുപോയെന്നും, പിന്നീടു കൊണ്ടുവന്നവരും ഓടിക്കളയാതിരിപ്പാനായി അവർക്കു മുൻകുടുമവെച്ചുവെന്നും ഒരു ഐതിഹ്യമുണ്ടു്. നാഗങ്ങൾ ഇന്ത്യയുടെ എല്ലാഭാഗങ്ങളിലും വിശേഷിച്ചു് ആര്യന്മാരുടെ ആദ്യനിവേശസ്ഥാനങ്ങളിലും ഉണ്ടായിരുന്നസ്ഥിതിക്കു് അവർ പാമ്പുകളെക്കണ്ടു് ഭയപരവശരായിച്ചമഞ്ഞുവെന്നു വിചാരിക്കുന്നതിനേക്കാൾ അക്കാലത്തെ നാടുവാഴികളും, (???) പ്രബലന്മാരായിരുന്ന നായന്മാരെപേടിച്ചു് ഓടിപ്പോയതാണെന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിച്ചതു്. അല്ലാത്തപക്ഷം മുൻകുടുമവെച്ചതുകൊണ്ടുമാത്രം അവർക്കു തിരിച്ചുപോകാൻ സാധിക്കാതെ വന്നു എന്നുവരണം. വീണ്ടും മുൻകുടുമമാറ്റി പിൻകുടുമയാക്കുന്നതിനു സാധിക്കാത്തവണ്ണം അത്ര ബാലിശന്മാരായിരുന്നുവെന്നു് നമ്പൂതിരിബ്രാഹ്മണരെപ്പറ്റി അറിവുള്ളവരാരും സമ്മതിക്കയില്ല. ഇന്നും അവരുടെ ബുദ്ധിശക്തിയെ കേരളീയർ വാഴ്ത്തിക്കൊണ്ടുതന്നെ ഇരിക്കുന്നു. സംഖ്യാബലം ഇല്ലാതിരുന്ന മലയാളബ്രാഹ്മണർ ഇന്നാട്ടുകാരുടെ വേഷവിശേഷങ്ങളും ആചാരങ്ങളും സ്വീകരിച്ചതു മുതൽക്കു് അവർക്കു് ഇവിടെ താമസം സുകരമായെന്നുമാത്രമെ ആ ‘കുടുമമാറ്റ’ക്കഥകൊണ്ടു മനസ്സിലാക്കേണ്ടതായുള്ളു.

നായന്മാരെ പൂർവ്വകാലങ്ങളിൽ നാഗന്മാരെന്നു വിളിച്ചുവന്നുവെന്നു വിചാരിക്കുന്നതിലും ചില ലക്ഷ്യങ്ങളുണ്ടു്. തെക്കൻദിക്കുകളിൽ പ്രചാരമുണ്ടായിരുന്ന ചില പാട്ടുകളിൽ ‘നാകന്മാ’രുടെ രൂപം, വേഷം, ആചാരമര്യാദകൾ മുതലായവയെപ്പറ്റി വിവരിച്ചിട്ടുണ്ടു്.

“നെടുമീശൈ വിരിമാറു തിടമേനി പടവാള
നീറണി നെറ്റി നേർന്തകോളരിമേത്തടം
പൊടിച്ചിതറി വമർത്തും നെടും തിടക്കൈ”

അതുപോലെതന്നെ ഒരു പഴയ വഞ്ചിപ്പാട്ടിൽ,

“അന്തിമന്തിരമോതും വേതിയോൻ
അന്തികാലേ കുളിച്ചകംപുക്കു്
അണിന്തപൂവാരിയഭിഷേകം ചെയ്തി-
ട്ടരളിപ്പുമാലചാർത്തവേ
തിത്തിമിം തിമിനെന്നു മുത്തളം
തിമിലച്ചെണ്ടയുംകൈമണി
തിമൃത്തക വിമൃതക്കൊമ്പൊടു
വീരാളൻ കുഴലൂതവേ.
കൊടികുടതഴയെടുത്തുശീവേലി
നടത്തവേ കോവിലകം പുക്കു
ഇരുകരങ്ങളും കവിച്ചു നാകന്മാര
തെരുതെരെത്തുതിമുഴക്കവേ
തെളുതെളെ നെറ്റിത്തടത്തിൽ നീറിട്ടു
നറുമലർ വാരിച്ചൊരിയവേ” ഇത്യാദി [2]

പക്ഷേ, ഈ നാഗന്മാർ ഉത്തരഭാരതത്തിൽനിന്നു് ഉപനിവേശിച്ചവരോ, അതോ അവരുടെ വീര്യപരാക്രമങ്ങളോർത്തു് നാഗന്മാരെന്നപേരു നമ്പൂതിരിമാർ നൽകിയതോ എന്നു തീർച്ചപ്പെടുത്തുന്നതു് ഇപ്പോൾ വിഷമമായിരിക്കുന്നു. ഇതിൽ രണ്ടാമത്തെ ഊഹമാണ് കുറെക്കൂടെ സംഗതമായിട്ടുള്ളതു്.

കേരളത്തിന്റെ എലുകകളേ സംബന്ധിച്ചും പലേ അഭിപ്രായവ്യത്യാസങ്ങൾ കാണുന്നുണ്ടു്. ഒരു കേരളോൽപത്തിയിൽ ഇപ്രകാരമാണു് പറഞ്ഞിരിക്കുന്നതു്:

“കന്യാകുമാരി ഗോകർണ്ണത്തിനിട നൂറ്റിഅറുപതുകാതം വഴി മലയാളം എന്ന ഭൂമി ചമച്ചു. അതു നാലു ഖണ്ഡമാക്കി. അതിൽ ഗോകർണ്ണത്തിൽനിന്നു തുടങ്ങി തുളുനാട്ടു പെരുമ്പുഴയോളം തുളുരാജ്യം; തുളുനാട്ടുപെരുമ്പുഴയ്ക്കു തെക്കു് പുതുപ്പട്ടണത്തോളം കൂപദേശം; പുതുപ്പട്ടണത്തിനുതെക്കു് കനാറ്റിപ്പാലത്തോളം കേരളം; കന്നറ്റിയിന്നു തെക്കു് കന്യാകുമാരിയോളം മൂഷികദേശമെന്നും ചൊല്ലുന്നു.” കാളിദാസൻ വേത്രവതി, ശരാവതി, കാളിനദി എന്നീ മൂന്നുനദികൾ കേരളത്തിലുള്ളതായി വർണ്ണിച്ചിരിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ കാലത്തു് കേരളത്തിൽ തെക്കെ കന്നടയും മലയാളജില്ലയിൽ ഒരംശവും ഉൾപ്പെട്ടിരിക്കണം. മഹാകൂടശിലാലേഖനത്തിൽ, കേരളത്തെ മൂഷികദേശത്തിൽനിന്നു വേർതിരിച്ചും പറഞ്ഞുകാണുന്നു. കൈവല്യനവനീതം എന്ന പഴയഗ്രന്ഥത്തിൽ മാത്രം ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള പ്രദേശത്തിനു് കേരളം എന്ന പേർ നൽകിയിട്ടുണ്ടു്. ഈ അർത്ഥത്തിലാണു് ഇപ്പോൾ ഈ പദത്തെ ഉപയോഗിക്കാറുള്ളതും.

ആദിമകേരളീയർ ദക്ഷിണ പഥത്തിൽനിന്നും കേരളത്തിലിറങ്ങി കുടിപാർത്തവരാണ് എന്നാണു കരുതുന്നതു്. ‘നായർ’ ശബ്ദത്തെ ‘നാഗ’ ശബ്ദത്തിൽനിന്നോ ‘നായക’ ശബ്ദത്തിൽനിന്നോ വ്യുല്പാദിപ്പിക്കുന്നതു് ശരിയായിരിക്കുമോ എന്നു സംശയമാണു്. ‘നായർ’ ശബ്ദത്തിനു് ‘എജമാനൻ’ എന്നർത്ഥമേ ഉള്ളു. ഏതാണ്ടു് ഇതേ അർത്ഥം തന്നെയാണു് തമിൾ നാടുകളിലേ ‘നായ്ക്കനും’ തെലുങ്കുദേശത്തിലെ ‘നായിഡു’വിനും ഉള്ളതു്. ആര്യോപനിവേശത്തിനുമുമ്പു് നാടുവാണിരുന്നതു് ഇവരായിരുന്നതുകൊ​​ണ്ടു് ഈ പേർ സിദ്ധിച്ചതായിരിക്കണം. പേരിൽ കാണുന്ന ഈ സാദൃശ്യം അവർ ഒരുകാലത്തു് ഒരേവർഗ്ഗത്തിൽപ്പെട്ടവരായിരുന്നുവെന്നു കാണിക്കുന്നു. ഇതിനും പുറമേ മലയാളികൾ ‘കീഴു്’ ‘മേക്കു്’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നതുനോക്കിയാൽ, അവർ സഹ്യാദ്രിക്കു അപ്പുറത്തുനിന്നു വന്നവരാണെന്നു കാണാം. ഇതിനും പുറമേ വേറൊരു ലക്ഷ്യമുള്ളതും പ്രസ്താവയോഗ്യമാണു്. ആര്യന്മാർ ‘അസുരന്മാരെന്നു’ ഗണിച്ചു വന്നവരുടെ കൂട്ടത്തിൽ ദ്രാവിഡരും ഉൾപ്പെടുന്നുണ്ടെന്നു് ആധുനികചരിത്രകന്മാർ സമ്മതിക്കുന്നുണ്ടു്. ദ്രാവിഡരിൽ പലരും അസുരരാജാക്കന്മാരുടെ പേരുകൾ സ്വീകരിച്ചുവരാറുള്ളതും, കേരളത്തിൽ ‘മഹാബലി’ യെ ആരാധിക്കുന്നതും ഈ ഊഹത്തിനു് അവഷ്ടാഭകമായിരിക്കുന്നുണ്ടു്. കേരളീയരാജാക്കന്മാർ മഹാബലി വംശക്കാരെന്നും ബാണവംശക്കാരെന്നും രണ്ടുതരത്തിൽപ്പെട്ടവരായിരുന്നുതാനും. മഹാബലിയേ-സത്യസന്ധത, ദാതൃത്വം ഈ സൽഗുണങ്ങൾക്കു് വിളനിലമായിരുന്ന മഹാബലിയേ- ആര്യന്മാർ വഞ്ചിച്ച് ഓടിച്ചതിന്റെ ശേഷം കേരളത്തിൽ വന്ന പുണ്യദിനത്തിന്റെ സ്മാരകമല്ലയോ ചിങ്ങമാസത്തിൽ തിരുവോണം എന്നു ശങ്കിപ്പാനും വഴിയുണ്ടു്. മഹാബലി ഉത്രാടംനാൾ രാത്രിയിൽ വരുമെന്നാണു് എല്ലാ പഴമക്കാരായ മലയാളികളുടേയും വിശ്വാസം. അതിനായി അവർ തൂത്തുതളിച്ചു് ഗൃഹം ശുചിയാക്കിവെയ്ക്കുന്നതു് ഇന്നും നടന്നുവരുന്നതാണല്ലോ.

കേരളത്തിനു് മലയാളം എന്ന പേരാണു് ഇന്നുള്ളവർക്കു് അധികംപത്ഥ്യമായിട്ടുള്ളതു്. അവരുടെ ഭാഷയ്ക്കു് മലയായ്മ, മലയാർമ, മലയാണ്മ എന്നിങ്ങനെയൊക്കെ പേരുകളുണ്ടായിരുന്നു.‘മലനാട്ടിനെ ആളുന്ന’വരുടെ ഭാഷയായതിനാൽ ഈ പേരു് വന്നുകൂടിയതായിരിക്കണം. ഇപ്പോൾ ‘പ്രാചീന’ഭാഷയെക്കുറിക്കുന്നതിനു മാത്രമേ ‘മലയാണ്മ’ എന്ന പേരു്, അറബികളിൽനിന്നു സിദ്ധിച്ചതാണെന്നാണു് കാൽഡ്വൽ സായ്പിന്റെ മതം.

‘മലയാളഭാഷ’യുടെ ഉൽപത്തിയെപ്പറ്റിയാണു് ഇനി ചിന്തിക്കേണ്ടതു്. കോവുണ്ണിനെടുങ്ങാടി കേരളകൗമുദിയിലെ മംഗളപദ്യത്തിൽ,

“സംസ്കൃതഹിമഗിരി ഗളിതാ
ദ്രാവിഡ വാണികളിന്ദജാമിളിതാ
കേരള ഭാഷാഗംഗാ
വിഹാതുമേ ഹൃത്സരസ്വദാസംഗാ”

എന്നു പറഞ്ഞിരിക്കുന്നു: ഈ പദ്യത്തിനെ അദ്ദേഹം ഇങ്ങനെയാണു് വ്യാഖ്യാനിക്കുന്നതു്:

“സാക്ഷാൽ സംസ്കൃതമാകുന്നൊരു ഹിമവാങ്കൽനിന്നു് പുറപ്പെട്ടും, ദ്രാവിഡവാണി (എന്നാൽ, തമിഴു്, തെലുങ്കു്, കന്നടം,തുളു, മഹാരാഷ്ട്രാ ഈ പഞ്ചഭാഷകളിൽ പ്രധാനമായ തമിഴു്) ആകുന്ന കാളിന്ദിയോടും വാണിയാകുന്ന വാണി എന്നു് അന്തർഭവിച്ചിരിക്കുന്നതിനാൽ അന്തർവാഹിനിയായി മറ്റൊരു ദ്രാവിഡമാകുന്ന സരസ്വതീനദിയോടും ചേർന്നു ഇരിക്കുന്ന മലയാളഭാഷയാകുന്നൊരു ഗംഗ എന്റെ ഹൃദയമാകുന്ന സമുദ്രത്തിൽ നിരന്തരം പ്രവഹിച്ചുവിളയാടണം എന്നർത്ഥം.”

വീണ്ടും—

“ആര്യദ്രാവിഡവാഗ്ജാതാകേരളീയോക്തി കന്യകാ
ഏതൽസൂത്രവരാരോഹാ പ്രസൂതാ പ്രൗഢസമ്മതം”

എന്നു ഭാഷാഗമത്തെപ്പറ്റി ഒരു പദ്യം ചേർത്തിട്ടു് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.

“ആര്യവ്യവഹാരമെന്ന സംസ്കൃതത്തിന്റേയും ദ്രാവിഡവാക്കെന്ന തമിഴിന്റേയും കലർപ്പിൽനിന്നുണ്ടായ ഈ ദ്രാവിഡവാക്കെന്ന തമിഴിന്റേയും കലർപ്പിൽനിന്നുണ്ടായ ഈ കേരളഭാഷയാകുന്ന കന്യക ഈ വ്യാകരണമാകുന്നൊരു നേതാവിനോടുചേർന്നു് പ്രൗഢയായി മേലാൽ വിദ്വാന്മാരുടെ സന്തോഷമാകുന്നൊരു സന്തതിയെ പ്രസവിക്കേണമേ എന്നു താല്പര്യം.

ഇങ്ങനെ മലയാളഭാഷയുടെ പിതൃഭാവം സംസ്കൃതത്തിനും, മാതൃഭാവം ദ്രമിളത്തിനും അദ്ദേഹം നൽകിയിരിക്കുന്നു. ഈ അഭിപ്രായം മണിപ്രവാളത്തെ സംബന്ധിച്ചിടത്തോളം ശരിയാണെന്നല്ലാതെ ഭാഷയുടെ ഉൽപ്പത്തിയെ വിശദീകരിക്കുന്നതിനു് പര്യാപ്തമല്ല. ഗുണ്ടർട്ടുസായ്പു മലയാളഭാഷാവ്യാകരണത്തിന്റെ മുഖവുരയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അതു് തെലുങ്കു്, കർണ്ണാടകം, തുളു, കുടകു് മുതലായ ശാഖകളേക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോടു് ഒത്തുവരികയാൽ ഉപഭാഷയത്രേ.” ഏകദേശം ഈ മതത്തെത്തന്നെ ഭാഷാപരികർത്താവും സ്വീകരിക്കുന്നു.

മലയാളം സംസ്കൃതത്തിൽനിന്ന് ഉത്ഭവിച്ചതാണെന്നു വിശ്വസിക്കുന്നവർ ഇന്നു് അപൂർവ്വമാണെങ്കിലും അങ്ങനെയും ചിലരുണ്ടെന്നു പറയാതെ തരമില്ല. രണ്ടുഭാഷകളുടെ ജന്യജനകഭാവം നിർണ്ണയിക്കുന്നതിനു് ഭാഷാശാസ്ത്രജ്ഞന്മാർ നിശ്ചയിച്ചിട്ടുള്ള ഏതു തോതുകൾവെച്ചു നോക്കിയാലും ഈ വാദം നില്ക്കയില്ല. “ആദിയിൽ വാക്കുമുണ്ടായി (പ്രണവ)” എന്നിങ്ങനെ ക്രൈസ്തവവേദപുസ്തകത്തിൽ കാണുംപോലെ ‘ആദിയിൽ സംസ്കൃതമുണ്ടായി’ എന്നിങ്ങനെ ഒരു ചൂർണ്ണിക എല്ലാ ഭാഷകളുടേയും ചരിത്രത്തിന്റെ ആദിയിൽ ചേർത്തുകാണാനാഗ്രഹിക്കുന്ന ഗീർവാണീഭക്തന്മാരിൽ യുക്തിയേക്കാൾ ഭക്തിയാണു് പ്രബലമായി കാണുന്നതു്.

  1. ശരീരാവയവങ്ങളേയും, അവയുടെ വ്യാപാരങ്ങളേയും കുറിക്കുന്ന പദങ്ങൾ (കണ്ണു, ചെവി, നാക്കു്, മൂക്കു്, കാണുക, കേൾക്കു, തിന്നുക, മണക്കുക, ഇത്യാദി).
  2. നമ്മുടെ ജീവിതോപകരണങ്ങളെക്കുറിക്കുന്ന പദങ്ങൾ (വീടു്, മുറ്റം, പുര, തീയു്, അരി, ചോറു്, നെല്ലു്, ഇത്യാദി).
  3. നിത്യോപയോഗമുള്ള ജന്തുക്കളുടെ പേരുകൾ (നായ, ആടു്, മാടു്, കാള, കുതിര ഇത്യാദി).
  4. ബന്ധുനാമങ്ങൾ (അമ്മ, മകൾ, തന്ത ഇത്യാദി).
  5. സർവ്വനാമങ്ങളും അക്കങ്ങളും.
  6. സാധാരണ ക്രിയകളെ കുറിക്കുന്ന ശബ്ദങ്ങൾ.

ഇവയെല്ലാം ദ്രാവിഡ സാധാരണങ്ങളാണു്.

വ്യാകരണസംബന്ധമായി നോക്കിയാലും സംസ്കൃതത്തിനും മലയാളത്തിനും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നു.

  1. മലയാളത്തിൽ ലിംഗഭേദം അർത്ഥാനുരൂപമായിട്ടാണു് ചെയ്തിരിക്കുന്നതു്. സംസ്കൃതത്തിൽ അങ്ങനെയല്ല. സംസ്കൃതത്തിൽ ‘അസി’ശബ്ദാപുല്ലിംഗം. മലയാളത്തിലൊ ‘വാൾ’ നപുംസകമാണു്. ‘ദാരാഃ’ എന്ന ശബ്ദം സംസ്കൃതത്തിൽ പുല്ലിംഗമാണെങ്കിലും ‘ഭാര്യ’ എന്നാണർത്ഥം. അതേ അർത്ഥത്തിലുള്ള കളത്രം നപുംസകവുമാണു്.
  2. സംസ്കൃതത്തിലെപ്പോലെ മലയാളത്തിൽ ദ്വിവചനം ഇല്ല.
  3. മലയാളത്തിൽ വിശേഷണവിശേഷങ്ങൾക്കു് സംസ്കൃതത്തിലെപ്പോലെ ലിംഗവിവേചനപ്പൊരുത്തമില്ല.

‘സത്യവാൻബാലകഃ; സത്യവതിബാലികഃ; സത്യവസന്തഃ ബാലകാഃ’ ഇങ്ങനെയാണു് സംസ്കൃതത്തിൽ. മലയാളത്തിലോ ‘നേരുള്ള കുട്ടി, നേരുള്ള പെണ്ണു് ഇങ്ങനെ മതി’.

പക്ഷേ, ക്രിയയോടു് ലിംഗപ്രത്യയം ചേർക്കുന്ന പതിവു് സംസ്കൃതത്തിലില്ലെങ്കിലും മലയാളത്തിലുണ്ടു്.

‘അറിവേനഹമാർഷമാം പ്രഭാവം’ ഇത്യാദി ഉദാഹരണങ്ങൾ നോക്കുക.

  1. മലയാളത്തിൽ, ക്രിയാശബ്ദങ്ങൾക്കു സംസ്കൃതത്തിലുള്ള പദവ്യവസ്ഥയില്ല.
  2. ധാതുവിനോടു് പ്രത്യയം ചേർക്കുമ്പോൾ വികരണം ചേർക്കുന്ന സമ്പ്രദായവും സംസ്കൃതത്തിലേ ഉള്ളു.
  3. ഭാഷയിൽ കർമ്മണിപ്രയോഗവും ഭാവേപ്രയോഗവും ഇല്ല.
  4. വ്യപേക്ഷകസർവ്വനാമങ്ങളും ആര്യഭാഷയിലേ കാണ്മാനുള്ളു. ഇങ്ങനെ നോക്കിയാൽ മലയാളം സംസ്കൃതഭാഷയിൽനിന്നു് ഉത്ഭവിച്ചതല്ലെന്നു കാണാം.

ഇനി ആലോചിക്കാനുള്ളതു് അതിനു് ചെന്തമിഴുമായുള്ള വേഴ്ച ഏതു തരത്തിലാണെന്നുള്ളതാണു്.

ആദ്യമായി ചെന്തമിഴിനു മാതൃസ്ഥാനം കല്പിക്കുന്നവരുടെ യുക്തിയേപ്പറ്റി ചിന്തിക്കാം. (ഒന്നാമതായി മലയാളത്തിനു സ്വന്തമായി ഒരു വ്യാകരണമില്ലെന്നു പറയുന്നു. അതായത് മലയാളത്തിന്റെയും ചെന്തമിഴിന്റെയും വ്യാകരണനിയമങ്ങൾ ഒന്നുതന്നെയാ​ണെന്നർത്ഥം.) രണ്ടാമതായി മലയാളത്തിലെ രൂഢിശബ്ദങ്ങളെല്ലാം ചെന്തമിഴിലുള്ളവതന്നെ.

ഈ രണ്ടുയുക്തികളും സാധുവല്ല. വ്യാകരണനിയമങ്ങളെ സംബന്ധിച്ചിടത്തോളം മലയാളത്തിനു് ചെന്തമിഴിനോടുമാത്രമല്ല, കർണ്ണാടകം തുടങ്ങിയ മറ്റു ഭാഷകളോടും സാദൃശ്യമുണ്ടു്. നോക്കുക.

കർണ്ണാടകം.
സിംഹവു മൃഗരാജനൊദു കരയല്പടുത്തദെ. പൂർവ്വകാലദല്ലി അനേകദേശഗളല്ലി സിംഹഹളു ഇദ്ദവു.
മലയാളം.
സിംഹം മൃഗരാജനെന്നു പറയപ്പെടുന്നു. പൂർവ്വകാലത്തിൽ അനേകദേശങ്ങളിൽ സിംഹങ്ങൾ ഉണ്ടായിരുന്നു.

ഈ രണ്ടുവാക്യങ്ങളെ പരിശോധിച്ചാൽ കർണ്ണാടകത്തിന്റെയും മലയാളത്തിന്റെയും വാക്യബന്ധങ്ങൾക്കും പ്രത്യയങ്ങൾക്കും ധാതുക്കൾക്കും അത്യന്തം സാദൃശ്യമുണ്ടെന്നു കാണാം. ചെന്തമിഴിൽ ‘എൻറു’ കർണ്ണാടകത്തിൽ ‘എംദു’ മലയാളത്തിൽ ‘എന്നു’.

‘കര’ ധാതു എല്ലാ ദ്രാവിഡഭാഷകൾക്കും സാധാരണമാണു്. പക്ഷേ മലയാളത്തിൽ അല്പം അർത്ഥം ഭേദിച്ചിട്ടുണ്ടെന്നുമാത്രമേ വ്യത്യാസമുള്ളു. ‘പെടു’ ധാതുവിന്റെ രൂപങ്ങൾ ചേർത്താണ് മലയാളത്തിലും കണ്ണാടകത്തിലും കർമ്മണിപ്രയോഗം സാധിക്കുന്നതും.

കർണ്ണാടകത്തിൽ ‘പടു’ തമിഴിൽ ‘പടു’ മലയാളത്തിൽ ‘പെടു’. വർത്തമാനകാലത്തെ കുറിക്കുന്ന സമ്പ്രദായവും ഈ ഭാഷകളിൽ തുല്യമാണു്.

ഉദാ: (ക) ‘നാനു ഹോഗുത്തേനേ’. (ത) നാൻ പോകിന്റേൻ. (മ) ഞാൻ പോകുന്നേൻ. സപ്തമീവിഭക്തിയുടെ പ്രത്യയം നോക്കുക.

കർണ്ണാടകത്തിൽ ‘അല്ലി’ മലയാളത്തിൽ ‘ഇൽ’.

ഇനി ഹിന്ദിഭാഷയോടോ, മഹാരാഷ്ട്രഭാഷയോടോ, വംഗഭാഷയോടോ ഒന്നു സാദൃശ്യപ്പെടുത്തി നോക്കുക. ആ ഭാഷകൾക്കുതമ്മിൽ സാദൃശ്യം കാണുമെങ്കിലും അവയ്ക്കു മലയാളത്തിനോടോ കർണ്ണാടകത്തിനോടോ ലേശംപോലും സാമ്യം കാണുകയില്ല. നോക്കുക:

മറാട്ടി
ശിഷ്യ:
മഹാരാജ, ഹേ ആപ്മി തയാർ അഹോംത.
കശ്യപ:
ആപല്യാ ബഹിണീ ലാ മാർഗ്ഗദാഖ്വാ.
ഹിന്ദി
ശിഷ്യ:
മഹാരാജ! ഹം തയ്യാർ ഹൈ്ം.
കശ്യപ:
അപനി ബഹൻകോ മാർഗ്ഗദിഖാവോ.
മലയാളം
ശിഷ്യൻ:
ഗുരോ, ഞങ്ങൾ തയ്യാറായിരിക്കുന്നു.
കശ്യപൻ:
നിങ്ങളുടെ സഹോദരിക്കു വഴി കാണിക്കു.

മലയാളഭാഷയിലുള്ള രൂഢശബ്ദങ്ങളെല്ലാം ചെന്തമിഴാണെന്നു പറയുന്നതും ശരിയല്ല. അവ ചെന്തമിഴായിരിക്കുന്നിടത്തോളം കർണ്ണാടകവും തെലുങ്കുമാണെന്നും പറയാം. ലീലാതിലകത്തിന്റെ വൃത്തികാരൻ മലയാളം ചെന്തമിഴിന്റെ സന്തതിയാണെന്നുള്ള മതത്തെ നിശ്ശേഷം ഖണ്ഡിച്ചിട്ടുണ്ടു്.

“മൂന്നാമതായി സംസ്കൃതസമ്പർക്കം ഉണ്ടാകുന്നതിനു മുമ്പുണ്ടായിട്ടുള്ള ഭാഷാ കൃതികൾ എല്ലാം തമിഴിൽനിന്നു ഭിന്നമല്ല.”

“നാലാമതായി മലയാളത്തിനു് തമിൾ എന്നുകൂടി പേർ പറഞ്ഞുകാണുന്നു. തമിഴു് രാമായണം, തമിഴു് ഭാരതം ഇത്യാദി നോക്കുക.”

ഈ യുക്തികളും നിൽക്കുകയില്ല. രാമചരിതം മുതലായ കൃതികളിലേയും പട്ടയങ്ങളിൽ കാണുന്ന ഭാഷയേയും അടിസ്ഥാനപ്പെടുത്തിയാണു് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിക്കുന്നതു്. സംസ്കൃതസമ്പർക്കം ഭാഷയെ തമിഴിൽനിന്നും പൂർവ്വാധികം അകറ്റുന്നതിനു സഹായിച്ചിട്ടുണ്ടെന്നു സമ്മതിക്കാമെങ്കിലും അതിനുമുമ്പുതന്നെ മലയാളം ഒരു സ്വതന്ത്രഭാഷയായി തീർന്നിരുന്നുവെന്നു സ്ഥാപിക്കുന്നതിനു പര്യാപ്തമായ ലക്ഷ്യങ്ങളുണ്ടു്. ആധാരങ്ങൾ, പട്ടയങ്ങൾ മുതലായ പ്രാചീനരേഖകൾ ചെന്തമിഴിൽ ആയിരിക്കുന്നതിനു് പ്രത്യേക കാരണമുണ്ടു്. ഒന്നാമതായി ചെന്തമിഴു് അക്കാലത്തെ വിദ്വജ്ജനഭാഷയായിരുന്നു. ഇതിനും പുറമേ ചോളപാണ്ഡ്യരാജാക്കന്മാർ പലപ്പോഴും കേരളത്തെ ആക്രമിച്ചു കീഴടക്കിയശേഷം രക്ഷാപുരുഷന്മാരെ നിയമിച്ചിട്ടു് മടങ്ങിപ്പോയിട്ടുണ്ടു്. എഴുത്തുകുത്തുകളെല്ലാം ചെന്തമിഴിൽ ആയിരിക്കണമെന്നു് അവർ വ്യവസ്ഥചെയ്തും കാണണം. മലയാളബ്രാഹ്മണരുടെ പ്രാബല്യകാലത്തും പെരുമാക്കന്മാരായി വാഴിക്കപ്പെട്ടവർ പരദേശികളായിരുന്നതിനാൽ, ചെന്തമിഴിന്റെ പ്രാബല്യം കുറയാൻ ഇടവന്നിട്ടില്ല. മൂവരശരുടെ വാഴ്ച അസ്തമിച്ചതിനുശേഷമേ കേരളത്തിനു പറയത്തക്ക പാർത്ഥക്യം സംഭവിച്ചിട്ടുള്ളു. അതിനുമുമ്പു് വിവാഹം, യുദ്ധം മുതലായ പല കാരണങ്ങളാൽ കേരളത്തിനും ചോളപാണ്ഡ്യദേശങ്ങൾക്കും തമ്മിൽ പലപ്പോഴും അടുക്കേണ്ടതായി വന്നിട്ടുണ്ടു്. രാമചരിതത്തിൽ കാണുന്നഭാഷ മലയാളവും ചെന്തമിഴും കലർന്ന ഒരുതരം മണിപ്രവാളമാണു്. അതിന്റെ ഉല്പത്തിസ്ഥാനം തമിഴു് ദേശങ്ങളോടു് വളരെ അടുത്തിരുന്നതിനാൽ അതിൽ ചെന്തമിഴു് പ്രയോഗങ്ങൾ വളരെ അധികമായി കടന്നുകൂടിയതാണെന്നു വിചാരിക്കാനേ മാർഗ്ഗമുള്ളു.

‘തമിഴു്’ ശബ്ദത്തിന്റെ വ്യാപകമായ അർത്ഥത്തിൽ മലയാളവും കർണ്ണാടകവും തമിഴുതന്നെയാണു്. സംസ്കൃതത്തിലെ ദ്രാവിഡശബ്ദം ‘തമിഴു്’ എന്നതിന്റെ തത്ഭവമാകുന്നു. അതിനു് ‘ഭാഷാ’ എന്നേ അർത്ഥമുള്ളു. ഇപ്പോഴത്തെ സാഹിത്യഭാഷയായ ചെന്തമിഴു് ചോളനാട്ടുതമിഴിന്റെ സംസ്കരിക്കപ്പെട്ട രൂപമാണു്. ‘ചൊ’ ധാതുവിനു് നന്നാക്കുക, പരിഷ്കരിക്കുക എന്നത്രേ അർത്ഥം. ‘ചെമ്മേ’ എന്ന ഭാഷാപദത്തിൽ കാണുന്നതു് ആ ‘ചെം’ എന്ന ധാതുതന്നെയാണു്. അതുകൊണ്ടു് ചെന്തമിഴിനെ സംസ്കരിക്കപ്പെട്ട ഭാഷ എന്നർത്ഥം വന്നുകൂടുന്നു. സംസ്കൃതശബ്ദത്തിനും അതുതന്നെ അർത്ഥം. സംസ്കൃതം സംസ്കരിക്കപ്പെട്ട ആര്യഭാഷ; ചെന്തമിഴു് സംസ്കരിക്കപ്പെട്ട തമിഴുഭാഷ. ഇതാണു് അവതമ്മിലുള്ള വ്യത്യാസം. ഈ ആദിമദ്രാവിഡത്തിൽനിന്നും തെലുങ്കുഭാഷ വളരെ നേരത്തെ പിരിഞ്ഞുപോയതിനാൽ അതിനു മറ്റു ദ്രാവിഡഭാഷകളിൽനിന്നു കൂടുതൽ അകൽച്ച കാണുന്നു. കരിനാട്ടുതമിഴു് കർണ്ണാടകമായും മലൈനാട്ടുതമിഴു് മലയാളമായും വേർപിരിഞ്ഞതു് ചെന്തമിഴുഭാഷ സ്വരൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെയാണെന്നു് കാൽഡ്വെൽസായ്പും കേരളപാണിനിയും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇപ്രകാരം പാർത്ഥക്യം സമ്പാദിച്ച മറ്റു തമിഴുകളെ, ചെന്തമിഴ് വൈയ്യാകരണന്മാർ ‘കൊടുന്തമിഴ്’ ശബ്ദത്താൽ നിർദ്ദേശിച്ചതു്, അവ മുത്തമിഴ്ശാഖകളാണെന്നുള്ള സൂക്ഷ്മബോധംകൊണ്ടോ അഥവാ സ്വഭാഷാഭിമാനവിജൃംഭണത്താലോ ആയിരിക്കാം. പ്രാകൃതികളും രാഷ്ട്രീയങ്ങളുമായ കാരണങ്ങളാൽ ദ്രാവിഡജനങ്ങൾക്കു പരസ്പരസഹവാസത്തിനുള്ള സൗകര്യങ്ങൾ നശിച്ചുപോയപ്പോഴാണു് അവരുടെ ഭാഷകൾക്കു് ഈ സ്വാതന്ത്ര്യം പ്രകടമായിത്തുടങ്ങിയതു്.

ലീലാതിലകത്തിന്റെ വൃത്തികാരൻ ആരായിരുന്നാലും അദ്ദേഹം ദ്രാവിഡഭാഷാപണ്ഡിതനാണെന്നും കേരളഭാഷയിൽ അക്കാലംവരെയുണ്ടായിട്ടുള്ള ഗ്രന്ഥങ്ങളെ പരിശോധിച്ചിട്ടുള്ളവനാണെന്നും വ്യക്തമാണു്. അദ്ദേഹം കേരളഭാഷയുടെ സ്വതന്ത്രനിലയെപ്പറ്റി ദീർഘമായി ഉപന്യസിച്ചിട്ടുള്ളതിനു പുറമേ ഇങ്ങനെ ചോദിക്കുന്നു. പഴയതോ പുതിയതോ നിങ്ങൾതന്നെ ഉണ്ടാക്കിയതോ ആയ മണിപ്രവാളത്തിൽ ഏതെങ്കിലും ‘വന്താൻ’ ‘ഇരുന്താൻ’ എന്നാണോ കണ്ടിട്ടുള്ളതു്? ‘വന്നാൻ’ ‘ഇരുന്നാൻ’ എന്നല്ലേ? തേങ്ക, മാങ്ക, കഞ്ചി, പഞ്ചി എന്നൊക്കെയോ കണ്ടിരിക്കുന്നതു്? അതോ തേങ്ങ, മാങ്ങ, കഞ്ഞി, പഞ്ഞി എന്നൊക്കെയോ? ‘യാൻ’ ‘ആന’ എന്നോ ‘ഞാൻ’ ‘യാനൈ’ എന്നോ? അതനൈ, ഇതിനൈ… എന്നോ?… അതിനെ, ഇതിനേ… എന്നോ? ഉണ്ടനർ, നിന്റനർ എന്നോ?… ഉണ്ടാർ, നിന്നാർ എന്നെല്ലാമോ? ഇതിൽനിന്നു് ഒരു സംഗതി വെളിവാകുന്നുണ്ടു്.

ലീലാതിലകവൃത്തകാരന്റെ കാലത്തിനു വളരെ മുമ്പുതന്നെ കേരളഭാഷ സ്വതന്ത്രമായിത്തീർന്നിരിക്കുന്നു. എന്നിട്ടും കണ്ണശ്ശകൃതികളിൽ ചോളഭാഷാരൂപങ്ങൾ കാണുന്നതു് വിദ്യാഭ്യാസം ചെന്തമിഴു് ഭാഷവഴിക്കായിരുന്നതുകൊണ്ടും ആ ഭാഷയോടുള്ള പക്ഷപാതാതിരേകംകൊണ്ടുമാണെന്നോ ഊഹിപ്പാൻ വഴികാണുന്നുള്ളു. ചോളന്മാർ, കേരളന്മാർ, പാണ്ടിക്കാർ ഇവരെല്ലാം ദ്രാവിഡരാകയാൽ തമിഴരായിരിക്കാമെന്നും, കർണ്ണാടകരും തെലുങ്കരും ദ്രാവിഡവേദത്തിൽ പെട്ടവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതിനാൽ മലയാളത്തിനു് ചോളത്തമിഴിനോടു കർണ്ണാടകത്തേക്കാളും തെലുങ്കിനെക്കാളും അടുപ്പം അക്കാലത്തുണ്ടായിരുന്നുവെന്നു വിചാരിക്കാം. വാസ്തവത്തിൽ തെലുങ്കും പിന്നീടു് കർണ്ണാടകവും ദ്രാവിഡജനനിയിൽ നിന്നു വേർപിരിഞ്ഞശേഷവും മലയാളം പല കാരണത്താൽ ചോളത്തമിഴിനോടു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് തമിഴെന്നപേരും അതിനു കുറേക്കാലത്തേക്കുകൂടി നിലനിന്നതായിരിക്കണം. പക്ഷേ “സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും” ഇത്യാദി പദ്യത്തിലും, “തമിഴായിക്കൊണ്ടറിയിക്കിന്നേൻ” എന്ന സ്ഥലത്തും തമിൾശബ്ദത്തിനു് ശുദ്ധഭാഷ എന്നല്ലാതെ വേറൊരർത്ഥവും വിവക്ഷിച്ചിട്ടില്ലെന്നുള്ളതു സംശയമറ്റ സംഗതിയാകുന്നു. ചോളത്തമിഴിനെ ആ നാട്ടുകാർ എന്നപോലെ, മലൈനാട്ടുതമിഴിനെ ഇന്നാട്ടുകാരും നറ്റമിഴായി വിചാരിച്ചു വന്നിരിക്കാം. രണ്ടും ഒരേ മൂലഭാഷയുടെ ശാഖകളായിരുന്നതിനാൽ ഇരുകൂട്ടർക്കും ആ അഭിമാനത്തിനു വഴിയുണ്ടായിരുന്നുതാനും. ഇനി കുറേക്കൂടി പുറകോട്ടു കടന്നുനോക്കാം. രാമചരിതം വളരെ പുരാതനമായ ഒരു ഗ്രന്ഥമാണെന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അതു വെറും തമിഴു് ഗ്രന്ഥമാണെന്നു് മിസ്റ്റർ ഗോപിനാഥറാവു തുടങ്ങിയ ചില തമിഴർ ശഠിക്കത്തക്കവണ്ണം അതിൽ ചെന്തമിഴുരൂപങ്ങൾ കാണുന്നുമുണ്ടു്. മലയാളികളിൽ ചിലരാകട്ടെ, അതിൽ കാണുന്ന ഭാഷ കൈരളിയുടെ പൂർവ്വരൂപമാണെന്നും വാദിക്കുന്നു. ഏതെങ്കിലും ഗ്രന്ഥത്തിൽ തമിഴിന്റെ കലർപ്പു് അധികംകണ്ടാൽ, ആ ഗ്രന്ഥം അതിപ്രാചീനമാണെന്നാണു് ഇക്കൂട്ടരുടെ അഭിപ്രായം. പരമാർത്ഥത്തിൽ രാമചരിതം മലയാളഗ്രന്ഥംതന്നെയെന്നു് അതിൽകാണുന്ന നിരവധി മലയാളപ്രയോഗങ്ങൾ നോക്കിയാൽ അറിയാം. എന്നാൽ മലയാളത്തിന്റെ പൂർവ്വരൂപം അതിൽ കാണുന്ന ഭാഷതന്നെയോ എന്നു വളരെ ആലോചിച്ചേ തീർച്ചപ്പെടുത്താൻ സാധിക്കയുള്ളു. എഴുത്തച്ഛന്റെ കാലത്തിനപ്പുറം ദക്ഷിണതിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള കൃതികളിൽപോലും ചെന്തമിഴുരൂപങ്ങളുടെ പ്രാചുര്യം കാണ്മാനുണ്ടെന്നു് കുഞ്ചുത്തമ്പിക്കഥ മുതലായ പാട്ടുകളിൽ നിന്നുകാണാം. അങ്ങിനെ വന്നുചേരാനുള്ള ഹേതു ദക്ഷിണതിരുവിതാംകൂറിനു് തമിഴ്‌നാട്ടുകളോടുണ്ടായിരുന്ന സാമീപ്യം മാത്രമാണു്. കൊല്ലത്തിനു തെക്കുവശത്തുള്ള ദേശങ്ങളിൽ തമിഴരുടെ ആക്രമണം കൂടെക്കൂടെ ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയും തമിഴ് പ്രചാരത്തിനെ സഹായിച്ചിട്ടുണ്ടു്. കൊല്ലത്തിനു തെക്കുമുതല്ക്കു് കന്യാകുമാരിക്കിപ്പുറം പാണ്ടിക്കരയിൽ ‘കോൾക്ക’ എന്ന ദിക്കുവരെയുള്ള ദേശത്തിനു പേർ ‘പറേയില’ എന്നായിരുന്നുവെന്നും ആ ദേശം പാണ്ഡ്യരാജാവിനു് അധീനമായിരുന്നെന്നും ടോളമിയും പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും പറഞ്ഞിട്ടുണ്ടു്. കൊല്ലവർഷാരംഭത്തിനുമുമ്പു് മാരൻ ചടയൻ എന്ന പാണ്ഡ്യരാജാവിനാൽ തോല്പിക്കപ്പെട്ട കരുനന്ദനെന്ന യദുവംശ രാജാവാണു് ആദ്യമായി വിഴിഞ്ഞത്തു വന്നു് യദുവംശത്തിന്റെ സ്ഥാനം ഉറപ്പിച്ചതു്. ഇതും ക്രിസ്ത്വബ്ദം എട്ടാംശതകത്തിലായിരുന്നു. ക്രിസ്ത്വബ്ദം പത്താംശതകത്തിന്റെ അന്ത്യത്തിൽ, രണ്ടാംപരാന്തകചടയൻ തെക്കൻതിരുവിതാംകൂർ മുഴുവനും കൈവശപ്പെടുത്തി, യദുവംശരാജാവിനെ വിഴിഞ്ഞത്തുനിന്നു് ഓടിച്ചു. അങ്ങനെ വിഴിഞ്ഞത്തുനിന്നും ഓടിപ്പോവാനിടവന്ന യദുവംശരാജാവാണു് ചിറവായു് സ്വരൂപം സ്ഥാപിച്ചതു്. അക്കാലത്തും പിന്നീടും കൊല്ലം രാജാക്കന്മാർക്കു പാണ്ഡ്യരാജവംശത്തോടു വേൾച്ചയുണ്ടായിരുന്നുവെന്നു കാണുന്നു. ക്രിസ്ത്വബ്ദം പതിന്നാലാം ശതകത്തിന്റെ ആരംഭത്തിൽ, കൊല്ലം ചക്രവർത്തിയായ രവിവർമ്മ പാണ്ഡ്യചോളരാജ്യങ്ങളെ ജയിച്ചു് പാണ്ഡ്യപുത്രിയെ വിവാഹം ചെയ്തുവെന്നു് അദ്ദേഹത്തിന്റെ ഒരു ശാസനത്തിൽ പറഞ്ഞിട്ടുമുണ്ടു്.

“ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവൽ കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം
ത്രയസ്ത്രിംശദ്ദ്വർഷോ യശ ഇവ യയൌ കേരളപദം
രരക്ഷ സ്വം രാഷ്ട്രം നഗരമിവ കോളംബമധിപഃ”

ഈ രവിവർമ്മയുടെ കിരീടധാരണം ക്രിസ്തുവർഷം 1313-ൽ ആയിരുന്നെന്നു്

“ഷട്ചത്വാരിംശദബ്ദസ്തടഭുവി മകുടം ധാരയൻ വേഗവത്യാഃ
ക്രീഡാംസിംഹാസനസ്ഥശ്ചിരമകൃതമഹീകീർത്തിവാണീരമാഭീഃ”

എന്ന കാഞ്ചീപുരശാസനത്തിൽനിന്നു് ഖണ്ഡിതമായി നമുക്കു് അറിയാം. പന്തളം രാജാക്കന്മാരുടെ ആവിർഭാവവും തമിഴിന്റെ പ്രാബല്യത്തിനു കാരണമായിത്തീരുന്നു. അവർ തമിഴ്ദേശത്തുനിന്നു വന്നവരാണെന്നു ചരിത്രപ്രസിദ്ധമാണല്ലോ. വടക്കൻദിക്കുകളിലും തമിഴു് രാജഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നു. പെരുമാക്കന്മാരെല്ലാരും ചോളപാണ്ഡ്യാദിദേശങ്ങളിൽനിന്നു വന്നവരായതുകൊണ്ടും, പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചശേഷവും, ചില രാജകുടുംബങ്ങൾക്കു പാണ്ഡ്യരാജകുടുംബവുമായി വേഴ്ചയുണ്ടായിരുന്നതുകൊണ്ടും തമിഴ് സാഹിത്യം ഇതിനിടയ്ക്കു് ഒരു ഉത്തമസാഹിത്യഭാഷയായി പരിണമിച്ചുകഴിഞ്ഞിരുന്നതുകൊണ്ടും, ചെന്തമിഴിനു് ഇങ്ങനെയൊരു മാന്യപദവി ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശം എന്ന കാവ്യത്തിന്റെ 46-ാം ശ്ലോകത്തെ വ്യാഖ്യാനിക്കുന്നിടത്തു് വ്യാഖ്യാതാവു് ഇങ്ങനെ പറഞ്ഞിരിക്കുന്നു.

“അവർ മക്കത്തായാവലംബികളായി കുറെക്കാലം ഇരുന്നിരുന്നു. എന്നാൽ ഇപ്പോൾ ഏറിയകാലമായി അവർ മരുമക്കത്തായത്തെ പിന്തുടരുന്നു. കോട്ടയം രാജവംശത്തിലേക്കു് തൃപ്പൂണിത്തുറയിൽനിന്നു് ദത്തെടുത്തിട്ടുണ്ടു്…

… പണ്ടു് ആ സ്വരൂപത്തിലുള്ളവർ പരദേശത്തുനിന്നാണു് വിവാഹം കഴിച്ചുവന്നതു്.”

ഇങ്ങനെ [3] രാഷ്ട്രീയവും സാമുദായികവുമായ പല സംഗതികൾ ഒന്നിച്ചു് ഒരേ കാലത്തു പ്രവർത്തിച്ചതിനാൽ മലയാളഭാഷയിലേക്കു ചെന്തമിഴ് രൂപങ്ങൾ തെരുതെരെക്കടന്നുകൂടാൻ ഇടയായി. ചമ്പൂകാരന്മാരുടെ ഭാഷകണ്ടു് ചില പണ്ഡിതന്മാർ മലയാളം സംസ്കൃതത്തിൽ നിന്നുത്ഭവിച്ചതാണെന്നു സിദ്ധിച്ചതുപോലെ രാമചരിതാദി ഗ്രന്ഥങ്ങളിലും പല ശാസനങ്ങളിലും ചെന്തമിഴ് പ്രയോഗങ്ങളുടെ പ്രാചുര്യം കണ്ടു്, ചിലർ മലയാളഭാഷയുടെ ജനയിത്രിപദം തമിഴിനു നൽകാൻ പ്രേരിതരായെന്നേ ഉള്ളു. പിൽക്കാലത്തു സംസ്കൃതത്തിൽ നിന്നെന്നപോലെ പൂർവ്വകാലങ്ങളിൽ, അതായതു് ചെന്തമിഴ് രാജഭാഷയായിരുന്ന കാലങ്ങളിൽ, ചെന്തമിഴിൽ നിന്നു് പദങ്ങളേയും ക്രിയാരൂപങ്ങളേയും തത്തൽഭാഷാപക്ഷപാതികൾ മലയാളത്തിലേക്കു് കടത്തിവിട്ടുകാണണം. ലീലാതിലകത്തിൽനിന്നു് ഈ സംഗതി വ്യക്തമായി ഗ്രഹിക്കാം. പാട്ടിന്റെ ഉദാഹരണമായി.

“തരതലന്താനളന്തവിളന്തപൊന്നന്റരിക ചെന്താർവിരീന്തമൽവാണൻതന്നെ
കുരമരിന്തപെരുന്താനവന്മാരുടെ കരളരിന്ത പുരാനേ പുരാനേ
മുരാരികണാ ഒരു വരന്താപരന്താമാമേ… ”

ഇത്യാദി പാട്ടിനെ ചേർത്തിട്ടു്, വൃത്തികാരൻ പറഞ്ഞിരിക്കുന്നതു നോക്കുക.

“ഓ,ഉ എന്നതു രണ്ടും ഓഷ്ഠ്യമാകകൊണ്ടു് അവയ്ക്കു സാമ്യമുണ്ടു്. ചി,തി ഇതുകൾക്കു സാമ്യം അനുഭവസിദ്ധമാണു്. തര,താനവ, താമ, ഉരക, ചായീ, ആനന്ത ഇവ പാണ്ഡ്യസംസർഗ്ഗംകൊണ്ടു് ദുഷിച്ച സംസ്കൃതശബ്ദങ്ങളാകുന്നു.

ഈ കാണിച്ച പാട്ടിൽ മിക്കതും സംസർഗ്ഗംകൊണ്ടു് പാണ്ഡ്യഭാഷയോടു തുല്യമായിത്തീർന്ന കേരളഭാഷയാണു്. അതാണു് ‘അളന്ന’ ‘വിളഞ്ഞ’ എന്നല്ലാതെ ‘അളന്ത’ ‘വിളന്ത’ എന്നൊക്കെ കാണുന്നതു്.”

ഈ കാരണങ്ങളാൽ രാമചരിതത്തിലും മറ്റും കാണുന്നഭാഷ അന്നത്തെ കേരളഭാഷയാണെന്നു പറയാവുന്നതല്ല. അതിപുരാതനകാലത്തുതന്നെ നല്ല ഭാഷാഗദ്യങ്ങളും പദ്യങ്ങളും ഉണ്ടായിരുന്നുവെന്നുള്ളതിനു് പല ലക്ഷ്യങ്ങൾ ഉണ്ടു്. ഭാസ്കരരവിപ്പെരുമാളിന്റെ ദാസനായിരുന്ന തോലകവിയും യുധിഷ്ഠിരവിജയകർത്താവായിരുന്ന പട്ടത്തു വാസുദേവൻ നമ്പൂതിരിപ്പാടും നല്ല മലയാളത്തിൽ പല പദ്യങ്ങൾ രചിച്ചിരുന്നതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പുരാതന ശാസനങ്ങളിൽതന്നെ ചിലതു് നല്ല ഭാഷയിലാണു് കാണുന്നതു്.

കറുത്തുമില്ലന്നിറമെങ്കിലേറ്റം
വെളുത്തുനല്ലമ്മുലചാഞ്ഞുമില്ല
വെറുപ്പുമാകാ പടവാർത്ത കേട്ടാ-
ലൊരുത്തി പോനാളവളാകിലോതാൻ.
കുളിച്ചു കൂന്തൽപ്പുറവും തുവർത്തി-
ക്കുളുർക്കനോക്കിപ്പുനരെന്മളാരേ
ഒരുത്തി പോനാളധുനാമണന്മേ-
ലവൾക്കുപോലങ്ങിനിയെങ്ങൾ ചേതഃ

എന്നിങ്ങനെ ലീലാതിലകത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പദ്യങ്ങളിൽ പലതും ശുദ്ധകേരളഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളവയാണു്.

“കൊല്ലം 565-ാമതു മീനഞായറ്റിൽ എഴുതിയ വപ്പനോലക്കരണമാവിതു്. ചെങ്ങനാഴി നാരണി ചങ്കരനും തമ്പിമാരും കയ്യാൽ ആറ അച്ചുകൊണ്ട മണിമയിലിരവിക്കുമരനും തമ്പിമാരും കൊണ്ടാർകൊണ്ട പരിചാവിതു്. ഇക്കൊണ്ട അച്ചആറിനും കാരിയം തന്റെ വെങ്ങിലിച്ചേരി തേചത്തു മടപ്പാട എന്ന പറമ്പ. അതിലെ മേപ്പലവും കീൾപ്പലവും കൂടി ആറു അച്ചും കൊടുത്തു വെയ്പിച്ചുകൊണ്ടാൻ. ചെങ്ങനാഴി നാരണി ചങ്കരനും തമ്പിമാരും അമ്മാക്കമേ. ഇതറിയും താക്കി മണിമലേ വിളഞ്ഞൂരചക്കൻ പൊന്നനറിക.”

ഈ പുരാതനലേഖനത്തിലും ചെന്തമിൾ അധികമായി കലർന്നുകാണുന്നില്ല. ഭാഷാരീതി കാലന്തോറും മാറിമാറിക്കൊണ്ടിരിക്കുമെങ്കിലും, പെട്ടെന്നു് ഒരു രീതി മറഞ്ഞിട്ടു് അതിന്റെ സ്ഥാനത്തു മറ്റൊന്നു ആവിർഭവിക്കയില്ലെന്നു ഭാഷാശാസ്ത്രജ്ഞന്മാരെല്ലാവരും സമ്മതിക്കും. കണ്ണശ്ശന്റെ കാലത്തിനിപ്പുറംവരെ, എന്നുവേണ്ട, എട്ടാംശതകത്തിൽ പോലും ചോളഭാഷാരൂപങ്ങളെക്കൊണ്ടു് മലയാളം നിറഞ്ഞിരുന്ന സ്ഥിതിക്കു് ചെറിശ്ശേരി നമ്പൂതിരിയുടെ കൃതി ശുദ്ധമലയാളമായിത്തീർന്നതു് എങ്ങനെ? അദ്ദേഹം പുതുതായി ഒരു മലയാളം കണ്ടുപിടിച്ചതായി വരാൻ തരമില്ലല്ലോ. ഭാഷാഭിമാനിയായിരുന്ന ചെറുശ്ശേരി അന്നത്തെ മലയാളത്തിലും, കണ്ണശ്ശന്മാരും മറ്റും ചോളഭാഷാസങ്കലിതമായ തെക്കൻഭാഷയിലും അവരുടെ കൃതികൾ രചിച്ചതായിരിക്കാനേ തരമുള്ളു. പ്രാചീനതമിൾ ഗ്രന്ഥകാരന്മാരും ഏറെക്കുറെ മലയാളഭാഷയുടെ സ്വതന്ത്രനിലയെ അംഗീകരിച്ചിട്ടുണ്ടു്. തൊൽകാപ്പിയമുനി മലനാടായ കേരളത്തിലെ ഭാഷ ചെന്തമിഴിൽ നിന്നു് വ്യതിരിക്തമായ ഒരു ദ്രമിളശാഖാഭാഷയാണെന്നു വ്യക്തമായിപ്പറഞ്ഞിരിക്കുന്നു. അദ്ദേഹം ചെന്തമിൾഗ്രന്ഥങ്ങളിൽ കാണുന്ന വാക്കുകളെ ഇയർച്ചൊൽ (ശുദ്ധ ചെന്തമിൾ പദങ്ങൾ) തിരിച്ചൊൽ, (പര്യായപദങ്ങളും നാനാർത്ഥപദങ്ങളും) വടചൊൽ, (ആര്യഭാഷാശബ്ദങ്ങൾ) തിലൈച്ചൊൽ (കൊടുന്തമിൾ നാടുകളിൽ മാത്രം പ്രചാരമുള്ള പദങ്ങൾ) എന്നു് നാലായി വിഭജിച്ചിട്ടുണ്ടു്. കൊടുന്തമിൾ നാടുകളേതെല്ലാമെന്നു പറഞ്ഞിരിക്കുന്നു [4] കേരളീയനായിരുന്ന ചിലപ്പതികാരകർത്താവു്,

കുമരിവെങ്കടംകുണകുടകടലാ
മങ്ങിണിമരങ്കിറ്റന്റമിൾവരൈപ്പി-
ർച്ചെന്തമിൾ കൊടുന്തമിഴെന്റിരുപകുതിയി-
നൈന്തിണൈ മരുങ്കിനിറം പൊരുളിമ്പ.

എന്നിങ്ങനെ കന്യാകുമാരി, വെങ്കടം, പൂർവപശ്ചിമസമുദ്രങ്ങൾ, ഈ നാലു എലുകകൾക്കിടയിലുള്ള ദേശങ്ങളിൽ, ചെന്തമിൾ, കൊടുന്തമിൾ എന്നു രണ്ടു ദ്രാവിഡഭാഷകൾ സംസാരിച്ചുവന്നതായി പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ കാണുന്ന തമിൾ ശബ്ദം കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നതു് മലയാളഭാഷയെ ആയിരിക്കാനേ തരമുള്ളു. ശരി. അങ്ങനെ ആയാലും മലയാളം തമിഴിൽനിന്നു് ഉണ്ടായതുതന്നെ ആയിരിക്കണമല്ലോ എന്നു ചിലർ വാദിച്ചേക്കാം. അതിനും സമാധാനമുണ്ടു്. എന്തുകൊണ്ടെന്നാൽ കന്നടം, തെലുങ്കു്, ചെന്തമിൾ, മലയാളം ഇവയൊക്കെ മൂലദ്രാവിഡമായ തമിഴിന്റെ ശാഖകളെന്നല്ലാതെ, മലയാളം ചെന്തമിഴിൽനിന്നു് ഉണ്ടായതായി വരുന്നില്ല. കരിനാട്ടുതമിൾ കർണ്ണാടകമായും ആന്ധ്രദേശത്തമിൾ തെലുങ്കായും പരിണമിച്ചതുപോലെ, മലനാട്ടുതമിൾ മലയാളമായി രൂപാന്തരപ്പെട്ടുവെന്നേ ഉള്ളു. തമിൾ വ്യാകരണന്മാർ ചെന്തമിൾ സംസാരിച്ചുവരുന്ന ദേശങ്ങളെ ചെന്തമിൾനാടായും മൂലദ്രാവിഡശാഖകളായ കന്നടം, മലയാളം, തെലുങ്കു് മുതലായ ഭാഷകൾ സംസാരിച്ചുവരുന്ന ദിക്കുകളെ കൊടുന്തമിൾനാടുകളായും പറഞ്ഞിരിക്കുന്നതാണു്. ചെന്തമിഴു് വ്യാകരണം വ്യവസ്ഥപ്പെടുന്നതിനു മുമ്പുതന്നെ തെലുങ്കു്, കർണ്ണാടകം, മലയാളം മുതലായവ സ്വതന്ത്രങ്ങളായിത്തീർന്നു കഴിഞ്ഞിരുന്നുവെന്നും മുമ്പുദ്ധരിച്ചിട്ടുള്ള സൂത്രങ്ങളിൽ നിന്നു ഗ്രഹിക്കാം. ഒരു നിലയിൽ നോക്കിയാൽ ചെന്തമിഴിന്റെ ജനനിസ്ഥാനം പോലും കൊടുന്തമിഴുകൾക്കാണു്. ചെമ്മാക്കിയ (സംസ്കരിക്കപ്പെട്ട) കൊടുന്തമിൾ തന്നെയാണല്ലോ ചെന്തമിൾ.

ഇത്രയും പറഞ്ഞതുകൊണ്ടു് മലയാളം മൂലദ്രാവിഡത്തിന്റെ ഒരു സ്വതന്ത്രശാഖയും കന്നടം, ചെന്തമിൾ, തെലുങ്കു തുടങ്ങിയ ഭാഷകളുടെ സഹോദരിയും ആണെന്നു വ്യക്തമായിട്ടുണ്ടെന്നു വിശ്വസിക്കുന്നു. വാസ്തവത്തിൽ പ്രസ്തുത വാദത്തിനു് ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശനമില്ലാത്തതിനാൽ, ഇതിൽകൂടുതലായി ഒന്നും പറയണമെന്നു് ഉദ്ദേശിക്കുന്നില്ല.

കുറിപ്പുകൾ
[1]

മാഗധൻ, ചൈദ്യൻ, നൈഷധൻ, ചോളൻ, പാണ്ഡ്യൻ ഇത്യാദി നോക്കുക.

[2]

നാകാസ്സവേ സമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ ചതുഷഷ്ടിതമാ നാകാ വയമേവ ന സംശയഃ വരുണസ്തു പുരാസ്മാകം ദത്തവാൻ ദ്വിജസത്തമാഃ‌ കേഃമാഃ അസിഹസ്തൈഃ രക്ഷിതത്വാൽ പ്രഭുഭിന്നാകനാമകൈഃ —മലയാദ്രിമാഹാത്മ്യം നായകാഖ്യായത്ര ശൂദ്രാരാജനസ്സന്തി —സഹ്യാദ്രിഖണ്ഡം

[3]

കേരളരാജാക്കന്മാരുടെ സദസ്സുകളിൽ കപീലർ, ചാത്തനാർ തുടങ്ങി ചെന്തമിൾപണ്ഡിതന്മാർ അംഗങ്ങളായിരുന്നു.

[4]

“ചെന്തമിൾനിലത്തു വഴക്കൊടു ചിവണി- ത്തമ്പൊരുൾവാഴാമൈയിയർക്കും ചൊല്ലേ” “ഒരുപൊരുൾകുറിത്തവേറുചൊല്ലാകിനും വേറുപൊരുൾകുറിത്തവൊരു ചൊല്ലാകിനും ഇരുപാറ്റെമ്പ തിരി ചൊർക്കിളവി”

Colophon

Title: Kēraḷa bhāṣāsāhitya caritṛam (ml: കേരള ഭാഷാസാഹിത്യചരിത്രം).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 18, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape, an oil on canvas painting by Borkov Alexander Petrovich . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.