SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/rnp-6-cover.jpg
The female ascetics, a watercolor painting by anonymous .
അദ്ധ്യാ​യം 1
പന്ത​ളം കേ​ര​ള​വർ​മ്മ​ത​മ്പു​രാൻ

പന്ത​ളം രാ​ജ​കു​ടും​ബം കൊ​ടു​ങ്ങ​ല്ലൂർ കോ​വി​ല​കം​പോ​ലെ​ത​ന്നെ സകല കല​കൾ​ക്കും ശാ​സ്ത്ര​ങ്ങൾ​ക്കും വി​ള​നി​ല​മാ​യി​രു​ന്നു. പന്ത​ളം സു​ബ്ര​ഹ്മ​ണ്യ​ശാ​സ്ത്രി​കൾ, എല​ത്തൂർ രാ​മ​സ്വാ​മി​ശാ​സ്ത്രി​കൾ മു​ത​ലായ മഹാ​പ​ണ്ഡി​ത​ന്മാർ പന്ത​ള​ത്തേ ശി​ഷ്യ​ന്മാ​രാ​യി​രു​ന്നു. തൃ​ക്കേ​ട്ട​ത്തി​രു​നാൾ വീ​ര​കേ​ര​ള​വർ​മ്മ​ത​മ്പു​രാ​നും അത്തം​തി​രു​നാൾ തമ്പു​രാ​നും തർ​ക്കം, വ്യാ​ക​ര​ണം മു​ത​ലായ ശാ​സ്ത്ര​ങ്ങ​ളി​ലും, അവി​ട്ടം​തി​രു​നാൾ തമ്പു​രാൻ ന്യാ​യം, വ്യാ​ക​ര​ണം, സം​ഗീ​തം ഇവ​ക​ളി​ലും അസാ​മാ​ന്യ​പാ​ണ്ഡി​ത്യം സമ്പാ​ദി​ച്ചി​രു​ന്നു.

കേ​ര​ള​വർ​മ്മ​ത​മ്പു​രാൻ അവി​ട്ടം​തി​രു​നാൾ തമ്പു​രാ​ന്റെ അനു​ജ​നും, വീ​ര​കേ​ര​ള​വർ​മ്മ​ത​മ്പു​രാ​ന്റെ ഭാ​ഗി​നേ​യ​നും ആയി​രു​ന്നു. അവി​ടു​ന്നു് 1054 മകരം 10-ാനു മക​യി​രം നക്ഷ​ത്ര​ത്തിൽ ജനി​ച്ചു. മാ​താ​വായ തന്വം​ഗി​ത്ത​മ്പു​രാ​ട്ടി​യും, പി​താ​വായ പു​തു​പ്പ​ള്ളിൽ തൃ​ക്കോ​ത​മം​ഗ​ല​ത്തു പെ​രു​ഞ്ചേ​രി ഇല്ല​ത്തു വി​ഷ്ണു​ന​മ്പൂ​രി​പ്പാ​ടും നല്ല വൈ​ദു​ഷ്യ​മു​ള്ള​വ​രാ​യി​രു​ന്നു. മൂ​ന്നാ​മ​ത്തേ വയ​സ്സിൽ യഥാ​വി​ധി വി​ദ്യാ​രം​ഭം നട​ന്നു. അച്യു​ത​വാ​രി​യ​രാ​യി​രു​ന്നു പ്ര​ഥ​മ​ഗു​രു. സി​ദ്ധ​രൂ​പം​വ​രെ ആ ഗു​രു​വി​ന്റെ അടു​ക്കൽ പഠി​ച്ചി​ട്ടു് അദ്ദേ​ഹം ജ്യേ​ഷ്ഠ​ന്റെ അടു​ക്കൽ നി​ന്നു് ശ്രീ​കൃ​ഷ്ണ​വി​ലാ​സം തു​ട​ങ്ങി നൈ​ഷ​ധം​വ​രെ​യു​ള്ള കാ​വ്യ​ങ്ങ​ളും, മു​രാ​രി​യു​ടെ അനർ​ഘ​രാ​ഘ​വം​വ​രെ​യു​ള്ള നാ​ട​ക​ങ്ങ​ളും, കു​വ​ല​യാ​ന​ന്ദ​വും അഭ്യ​സി​ച്ചു. അപ്പോ​ഴേ​ക്കു് വയ​സ്സു പതി​മ്മൂ​ന്നു തി​ക​ഞ്ഞു.

1068-ൽ സമാ​വർ​ത്ത​നം നട​ന്നു. അന​ന്ത​രം മാ​തു​ല​നായ തൃ​ക്കേ​ട്ട​തി​രു​നാൾ തമ്പു​രാ​ന്റെ അടു​ക്കൽ നി​ന്നു് തർ​ക്ക​സം​ഗ്ര​ഹം, അന്നം​ഭ​ട്ടീ​യം, മു​ക്താ​വ​ലി, ദി​ന​ക​രം, സാ​മാ​ന്യ​നി​രു​ക്തി, വ്യുൽ​പ​ത്തി​വാ​ദം ഇവയും, അത്തം​തി​രു​നാൾ തമ്പു​രാ​ന്റെ അടു​ക്കൽ​നി​ന്നു് സി​ദ്ധാ​ന്ത​കൗ​മു​ദി തു​ട​ങ്ങി പ്രൗ​ഢ​മ​നോ​ര​മ​വ​രെ​യു​ള്ള വ്യാ​ക​ര​ണ​ഗ്ര​ന്ഥ​ങ്ങ​ളും നല്ല​തു​പോ​ലെ പഠി​ച്ചു. കവി​ക്കു് 21 വയ​സ്സാ​യ​പ്പോ​ഴേ​ക്കും ജ്യേ​ഷ്ഠൻ പര​ലോ​കം പ്രാ​പി​ച്ചു. പഠി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു​ത​ന്നെ, കേ​ര​ള​വർ​മ്മ സം​സ്കൃ​ത​ത്തിൽ കവനം ചെ​യ്തു​തു​ട​ങ്ങി​യെ​ങ്കി​ലും, രണ്ടു വർഷം കഴി​ഞ്ഞാ​ണു് ഭാ​ഷാ​ക​വ​നം ചെ​യ്വാൻ ആരം​ഭി​ച്ച​തു്. അന്നു് സു​ഭാ​ഷി​ണി പത്ര​ത്തിൽ “നന്നെ​ന്നു ചൊ​ല്വ​തി​നു കു​റ്റ​മ​ശേ​ഷ​മു​ണ്ടോ?” എന്നൊ​രു സമസ്യ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്നു. അതി​ന്റെ പൂ​ര​ണ​മാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ പ്രഥമ ഭാ​ഷാ​ക​വ​നം. അതി​നെ​ത്തു​ടർ​ന്നു് അദ്ദേ​ഹം പല പത്ര​ങ്ങ​ളി​ലും മാ​സി​ക​ക​ളി​ലും ഭാ​ഷാ​ക​വി​ത​കൾ എഴുതി പ്ര​സി​ദ്ധീ​ക​രി​ച്ചു.

1080-ൽ കവ​ന​കൗ​മു​ദി എന്നൊ​രു മാസിക സ്വ​ന്തം ഉട​മ​സ്ഥ​ത​യി​ലും പത്രാ​ധി​പ​ത്യ​ത്തി​ലും അദ്ദേ​ഹം ആരം​ഭി​ച്ചു.

“കവ​ന​കൗ​മു​ദി​യെ​ന്നും
തീയതി മാ​സ​ത്തി​ലൊ​ന്നി​ലും, പതി​ന​ഞ്ചി​ലും”

എന്നി​ങ്ങ​നെ പു​റ​പ്പെ​ടു​ന്ന തീയതി കൂടി പദ്യ​രൂ​പ​ത്തി​ലാ​യി​രു​ന്നു കൊ​ടു​ത്തി​രു​ന്ന​തു്. കത്തു​ക​ളു​ടെ മേൽ​വി​ലാ​സം പോലും, പദ്യ​ത്തിൽ എഴുതി വന്ന കാ​ല​ത്തു് അങ്ങ​നെ അല്ലാ​തെ വരാൻ തര​മി​ല്ല​ല്ലോ. കവ​ന​കൗ​മു​ദി കവി​ത​ക്കൃ​ഷി​ക്കു പറ്റിയ കണ്ട​മാ​യി​ത്തീർ​ന്നു. തനി​ച്ചു കൃഷി ചെ​യ്‍വാൻ കഴി​വി​ല്ലാ​ത്ത​വ​രും, കഴി​വു​ണ്ടാ​യി​രു​ന്ന​വർ തന്നെ​യും കൃ​ഷി​ഫ​ലം വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി ജാ​യി​ന്റ് സ്റ്റാ​ക്കു കമ്പ​നി​കൾ ഏർ​പ്പെ​ടു​ത്തി കൂ​ട്ടു​കൃ​ഷി തു​ട​ങ്ങി! ഈ കച്ച​വ​ട​ക്കാ​രിൽ അധികം പേർ​ക്കും ദ്വി​തീ​യാ​ക്ഷ​ര​പ്രാ​സ​വും തൃ​തീ​യാ​ക്ഷ​ര​പ്രാ​സ​വും ചതുർ​ത്ഥാ​ക്ഷ​ര​പ്രാ​സ​വും ഒക്കെ ഒപ്പി​ച്ചു് മധുര മധു​ര​ങ്ങ​ളായ ശബ്ദ​ങ്ങൾ അടു​ക്കി നട്ടു് പദ്യ​കൃ​ഷി ചെ​യ്‍വാ​നാ​യി​രു​ന്നു ഭ്രമം. കള​ക​ളാ​യി​രു​ന്നു അധി​ക​വും. ഇട​യ്ക്കി​ട​യ്ക്കു ചില കവിതാ ‘ശാലി’കളും കാ​ണ്മാ​നു​ണ്ടാ​യി​രു​ന്നു താനും.

പന്ത​ളം തമ്പു​രാൻ രു​ഗ്മാം​ഗ​ദ​മ​ഹാ​കാ​വ്യം സജാ​തീ​യ​ദ്വി​തീ​യാ​ക്ഷ​ര​പ്രാ​സം ഒപ്പി​ച്ചു് എഴു​തി​ത്തീർ​ത്തു. ഇനി എഴു​തി​ത്തീർ​ക്കാൻ പോ​കു​ന്ന ഉമാ​കേ​ര​ളം വെ​ളി​ക്കു വരും​വ​രെ ഭാ​ഷാ​സാ​ഹി​ത്യ ക്ഷേ​ത്ര​ത്തി​ലെ ഏക​ച്ഛ​ത്രാ​ധി​പ​ത്യ​ത്തെ ആ കാ​വ്യ​ത്തി​നു് ഇരി​ക്ക​ട്ടെ എന്നു സാ​ഹി​ത്യ ചക്ര​വർ​ത്തി വി​ധി​യും കല്പി​ച്ചു. ഇനി ഉണ്ടാ​കാൻ പോ​കു​ന്ന കാ​വ്യം അതി​നെ​ക്കാൾ മെ​ച്ച​മാ​യി​രി​ക്കു​മോ ഇല്ല​യോ എന്നു് അവി​ടു​ത്തേ​ക്കു നേ​ര​ത്തെ എങ്ങ​നെ മന​സ്സി​ലാ​യി എന്നു ചിലർ ചോ​ദ്യം ചെ​യ്തു? പക്ഷ​പാ​ത​ത്തി​നു് കാ​മ​ത്തി​നെ​ന്ന​പോ​ലെ കണ്ണി​ല്ല​ല്ലോ. ജനകീയ കോടതി ആ രാ​ജ​കീ​യ​വി​ധി​യെ അസ്ഥി​ര​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു് കാലം കുറെ ആയി​രി​ക്കു​ന്നു.

പന്ത​ളം കേ​ര​ള​വർ​മ്മ ഇതി​നി​ട​യ്ക്കു് ഒടു​വിൽ ശങ്ക​രൻ​കു​ട്ടി മേ​നോ​ന്റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​രി​യെ വി​വാ​ഹം ചെ​യ്തു ഗൃ​ഹ​സ്ഥാ​ശ്ര​മ​ത്തിൽ പ്ര​വേ​ശി​ച്ചു കഴി​ഞ്ഞു. മൂ​ലം​തി​രു​നാൾ മഹാ​രാ​ജാ​വു് അവി​ടു​ത്തെ കവി​താ​ചാ​തു​ര്യ​ത്തെ അഭി​ന​ന്ദി​ച്ചു് പ്ര​തി​മാ​സം പത്തു രൂപ കല്പി​ച്ച​നു​വ​ദി​ക്ക​യും, ശാ​സ്ത്രീ​യ​സ​ദ​സ്സി​ലെ അം​ഗ​മാ​യി സ്വീ​ക​രി​ക്ക​യും ചെ​യ്ത​തി​നു പുറമേ, അവി​ടു​ത്തെ തി​രു​വ​ന​ന്ത​പു​രം ആം​ഗ​ല​മ​ഹാ​പാ​ഠ​ശാ​ല​യി​ലെ പണ്ഡി​ത​രാ​യി നി​യ​മി​ക്ക​യും ചെ​യ്തു.

ഇത്ര​യും പറ​ഞ്ഞ​തിൽ നി​ന്നു് അവി​ടു​ന്നു ഒരു ഉറച്ച യാ​ഥാ​സ്ഥി​തി​ക​നാ​യി​രു​ന്നു എന്നു വ്യ​ക്ത​മാ​ണ​ല്ലോ. മി​ക​ച്ച പാ​ണ്ഡി​ത്യ​വും, വി​പു​ല​മായ ആശ​യ​സ​മ്പ​ത്തും, കവി​ത്വ​ശ​ക്തി​യു​ടെ തള്ളി​ച്ച​യും കൊ​ണ്ടു് അവി​ടു​ത്തെ കവി​ത​ക​ളെ​ല്ലാം അന്നു​ള്ള​വർ ആദ​ര​പൂർ​വം കൊ​ണ്ടാ​ടി. ശബ്ദ​ദാ​രി​ദ്ര്യം അദ്ദേ​ഹ​ത്തി​നെ തീ​ണ്ടു​ക​പോ​ലും ചെ​യ്തി​രു​ന്നി​ല്ല. കവിത എഴു​തു​മ്പോൾ ഉചി​ത​മായ പദ​ങ്ങൾ താനേ യഥാ​സ്ഥാ​ന​ത്തു ചെ​ന്നു് വീ​ണു​കൊ​ള്ളു​മാ​യി​രു​ന്നു. ദ്രു​ത​ക​വ​ന​ത്തി​ലും അവി​ടു​ന്നു് പി​ന്നാ​ക്ക​മാ​യി​രു​ന്നി​ല്ല. അം​ബ​രീ​ഷ​ച​രി​തം ഒരു ദ്രു​ത​ക​വ​ന​മാ​യി​രു​ന്നി​ട്ടും, അത്ത​രം കാ​വ്യ​ങ്ങൾ​ക്കു് സാ​ധാ​ര​ണ​കാ​ണാ​റു​ള്ള ദൂ​ഷ്യ​ങ്ങ​ളൊ​ന്നും അതിനെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു പറ​യേ​ണ്ടി​യി​രി​ക്കു​ന്നു. പച്ച​മ​ല​യാ​ള​പ്ര​സ്ഥാ​ന​ത്തി​ലും അവി​ടു​ന്നു വി​ജ​യ​പൂർ​വം കവനം ചെ​യ്തി​ട്ടു​ണ്ടെ​ന്നു​ള്ള​തി​നു് ‘തങ്ക​മ്മ’സാ​ക്ഷ്യം വഹി​ക്കു​ന്നു. മദ്ധ്യ​വ​യ​സ്സിൽ കഷ്ടി​ച്ചു് എത്തിയ അവ​സ​ര​ത്തിൽ അവി​ടു​ത്തേ​യ്ക്കു ദേ​ഹ​വി​യോ​ഗം സം​ഭ​വി​ക്കാ​തി​രു​ന്നെ​ങ്കിൽ ലി​റി​ക് പ്ര​സ്ഥാ​ന​ത്തി​ലു​ള്ള കാ​വ്യ​ശ​ത​ങ്ങ​ളെ​ക്കൊ​ണ്ടും കൈ​ര​ളി​യെ അവി​ടു​ന്നു് അല​ങ്ക​രി​ക്കു​മാ​യി​രു​ന്നു. നമ്മു​ടെ ഭാ​ഗ്യ​ദോ​ഷ​ത്താൽ അവി​ടു​ന്നു് 1094 ഇടവം 28-ാം തീയതി നമ്മെ​വി​ട്ടു​പി​രി​ഞ്ഞു.

പ്ര​ഭു​കുല സഞ്ജാ​ത​നെ​ങ്കി​ലും തദ്വി​ധ​ന്മാർ​ക്കു സഹജ സഹ​ചാ​രി​യാ​യി​രി​ക്കു​ന്ന ഔദ്ധ​ത്യം അദ്ദേ​ഹ​ത്തെ ബാ​ധി​ച്ചി​രു​ന്നി​ല്ല. വൈ​ദു​ഷ്യ​ല​ക്ഷ്മി​യു​ടെ നട​ന​രം​ഗ​മാ​യി​രു​ന്ന അവി​ടു​ന്നു് സദാ വി​ന​യ​മ​സൃ​ണ​മായ സൗ​ശീ​ല്യ​ത്താൽ അലം​കൃ​ത​നാ​യി​രു​ന്ന​തിൽ അത്ഭു​ത​ത്തി​ന​വ​കാ​ശ​മി​ല്ല. ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, വശ്യ​വ​ച​സ്സായ മഹാ​ക​വി, വി​നീ​ത​നായ വി​ദ്വൽ​കു​ല​കൗ​സ്തു​ഭം, സൗ​ശീ​ല്യ​സ​മ്പ​ന്ന​നായ സു​ഹൃ​ന്മ​ണി—ഇങ്ങ​നെ ഇരു​ന്ന ഈ മഹാ​നു​ഭാ​വ​ന്റെ അകാ​ല​ച​ര​മം ഭാ​ഷ​യ്ക്കു് ഒരു അപ​രി​ഹാ​ര്യ​മായ നഷ്ട​മാ​കു​ന്നു.

അവി​ടു​ന്നു് ദേവകി, പത്മി​നി, സത്യ​വ​തി, തങ്ക​മ്മ, അം​ബ​രീ​ഷ​ച​രി​തം തു​ട​ങ്ങിയ കൂ​ട്ടു​ക​വി​കൾ​ക്കു പുറമേ സും​ഭ​നി​സും​ഭ​ച​രി​തം മണി​പ്ര​വാ​ളം, രു​ഗ്മാം​ഗ​ദ​ച​രി​തം​ഭാ​ഷാ​നാ​ട​കം, (ഇവ രണ്ടും അച്ച​ടി​ച്ചി​ട്ടു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല.) വഞ്ചീ​ശ​ശ​ത​കം, വി​ജ​യോ​ദ​യം, ശ്രീ​മൂ​ല​പ്ര​കാ​ശിക, വേ​ണീ​സം​ഹാ​രം നാടകം, രു​ഗ്മാം​ഗ​ദ​ച​രി​തം മഹാ​കാ​വ്യം, കഥാ​കൗ​മു​ദി, അജാ​മി​ള​മോ​ക്ഷം ഇത്യാ​ദി നി​ര​വ​ധി കാ​വ്യ​ങ്ങൾ രചി​ച്ചി​ട്ടു​ണ്ടു്. ചില മാ​തൃ​ക​കൾ ഉദ്ധ​രി​ക്കു​ന്നു.

വഞ്ചീ​ശ​ശ​ത​കം
രമണീയ ഗു​ണോൽ​ക്ക​രൻ ധരി​ത്രീ
രമണീ ഭാ​വു​ക​മൂർ​ത്തി ഭുരി കീർ​ത്തി.
സ്വ​യ​മി​ക്ഷി​തി​പ​ന്റെ ദാ​ന​വാ​രി
വ്യ​യ​മീ​ക്ഷി​ച്ചു പരു​ങ്ങി വാർ​ദ്ധി പാടേ
നി​യ​മ​ക്ഷ​മി​രാ​ട്ടി​നു​ള്ള പാർ​ശ്വം
നയ​മ​ക്ഷ​യ്യ​മി​യ​ന്നു ചു​റ്റി​ടു​ന്നു.
മകളാം മലർ​മ​ങ്ക ശങ്ക​യെ​ന്യേ
പു​ക​ളാർ​ന്നു​ള്ള നൃ​പേ​ന്ദു​തൻ​പു​ര​ത്തിൽ
അക​ലാ​തെ വസി​ക്ക​യാ​യ് രാ-
പ്പ​ക​ലാ​വാർ​ദ്ധി​യ​ടു​ത്തു പാർ​ത്തി​ടു​ന്നു.

വി​ജ​യോ​ദ​യം (ഏഴാം സർ​ഗ്ഗ​ത്തി​ലു​ള്ള ഒരു ഭാഗം)–
സു​ര​നാ​യക സൂനു സാ​ഭി​മാ​നം
സ്വ​യ​മേ​വം സ്വ​യ​മു​ച്ച​രി​ച്ച നേരം
സു​ര​സി​ന്ധു​വി​നും വല​ത്തു​ഭാ​ഗം
ചി​ര​മ​ന്നാ​ര​ദ​നും ചലി​ച്ചി​തു​ച്ചം.
ഭു​ജ​വി​ക്രമ ശാ​ലി​യാ​ഞ്ജ​നേയ
ധ്വ​ജ​ന​ക്ഖ​ണ്ഡ​വ​മ​ഗ്നി സാൽ​ക്ക​രി​ച്ചോൻ
വിജയൻ വി​വ​രി​ച്ച വാ​ക്കു കേട്ടാ-​
ഗജ​ചർ​മ്മാ​രം​ബ​ര​നും ചി​രി​ച്ചു​ര​ച്ചാൻ.
“മതി​യേ​തു​മെ​ഴാ​തെ​യ​പ്പി​ശാ​ചാം
മതി​ചൂ​ടു​ന്ന​വ​നെ​ബ്ഭ​ജി​ച്ചി​ടു​ന്നോൻ
മതി​വം​ശ​ജ​നാം കി​രീ​ടി​യോ നീ
മതി, ചൊ​ല്ലേ​ണ്ട ധരി​ച്ചു കാ​ര്യ​മെ​ല്ലാം.
കര​തീ​ക്ഷ്ണ​ത​യേ​തു​മേ​റ്റ ദോഷാ-
കര​നാ​കു​ന്ന കള​ങ്കി​ത​ന്റെ വംശം
കരൾ​കൊ​ണ്ടു നിനയ്ക്കപോലുംമശ്രീ-​
കര​മെ​ന്നാ​ര​റി​യാ​തെ​യു​ള്ളു പാരിൽ?
കു​ല​ജാ​തി​കൾ നന്നു; മു​ക്കു​വൻ തൻ-
കു​ല​മാർ​ന്നു​ള്ളൊ​രു കന്യ​യിൽ ജനി​ച്ചോൻ
ഛല​താ​പ​സ​നൊ​ത്തു നഷ്ട​ഭർ​ത്ത്രീ
നി​ല​യാ​ളും വധു കേളി ചെ​യ്തു​പോ​ലും.
പറ​യു​ന്ന​തു​ത​ന്നെ പാപമിന്ന-​
പ്പു​റ​മാ​വേ​ളി​യി​ലുൽ​ഭ​വി​ച്ച വി​ദ്വാൻ
കു​റ​വെ​ന്നി​യെ വേട്ട മങ്ക​യിൽ ത്വൽ
പി​റ​വി​ക്കു​ള്ള ചരി​ത്ര​മോ വി​ചി​ത്രം?”

ഇത്യാ​ദി.

ഒരുൽ​പാ​ത​വി​ശേ​ഷം (ധൂ​മ​കേ​തു​വി​ന്റെ ഉദ​യ​ത്തെ​പ്പ​റ്റി)
മലർ​വാ​ടി​യിൽ വന്നു​യർ​ന്നി​ടും
ബല​മാർ​ന്നു​ള്ളൊ​രു ദീർ​ഘ​പൃ​ഷ്ഠ​നോ?
പല താ​ര​ക​ളൊ​ത്തി​ടും നഭ-
സ്ത​ല​മാർ​ന്നു​ള്ളൊ​രു ധൂ​മ​കേ​തു​വോ?
ഉരുഭംഗിമരാളിപാളിചേ-​
ർന്നൊ​രു​നൽ​പൊ​യ്ക​യി​ലാർ​ന്ന നക്ര​മോ?
തരു​ത​ല്ല​ജ​ചു​ത​രാ​ജി​യിൽ
പരുഷം മു​ള്ളു​ക​ളു​ള്ള ശാ​ഖി​യോ?
ഹരിണീനികരത്തിലാക്രമി-​
ച്ച​രി​ശം പൂ​ണ്ടൊ​രു ദു​ഷ്ട​ദം​ഷ്ട്രി​യോ?
അരി​യോ​രു നഭ​സ്സി​ലെ​ന്തു​നാം
ശരി​യാ​യ് കണ്ട​തു ദീർ​ഘ​ദീ​ധി​തി.
പെ​രു​താ​യൊ​രു ദീ​ധി​തി​ച്ഛ​ടാ
പരുഷം വസ്തു കി​ഴ​ക്കു നേ​രെ​യാ​യ്
അരുണോദയപൂർവമാവിയ-​
ത്ത​രു​വിൽ തൂ​ങ്ങി വി​ള​ങ്ങി​ടു​ന്നു തേ.

ഒരു വി​ലാ​പം

1086-ൽ തന്റെ ഗു​രു​വാ​യി​രു​ന്ന മാ​തു​ല​നു് ദേ​ഹ​വി​യോ​ഗം സം​ഭ​വി​ച്ച​തി​നെ​പ്പ​റ്റി എഴു​തി​യ​തു്.

പു​രു​ശേ​മു​ഷി​യേ​ക​മാ​തു​ലൻ
പു​രു​ഹു​താ​ല​യ​മാർ​ന്നു പോ​ക​യാൽ
ഉരു​ഖേ​ദ​ദ​വാ​ഗ്നി​യിൽ പതി-
ച്ചു​രു​കും ഹൃ​ത്തൊ​ടൊ​രു​ത്ത​നോർ​ത്തു​തേ.
ശിവനേ! മൃ​ത​നാ​യി മാ​തു​ലൻ
ഭവനേ! നന്മ​ണി ഭാ​സ്സു കെ​ട്ടു​പോ​യ്
പവനേരിതതുലപാളിപോ-​
ലി​വ​നേ​വം പത​വ​ന്നു പാ​ഴി​ലാ​യ്.
ഹി​ത​കാ​രി ബുധൻ സഹോ​ദ​രൻ
ഹത​ദൈ​വാ​ഹ​തി​യാൽ തകർ​ന്നു​പോ​യ്.
മൃ​ത​യാ​യ് ജന​യി​ത്രി ദി​ഷ്ട​ദു
ർമ്മ​ത​മെ​ന്നാ​ലു​മ​ട​ങ്ങി​യി​ല്ല​മേ.
ഒരു മാ​തു​ല​നു​ണ്ടു നൂ​ന​മെൻ
ഗു​രു​വെ​ന്നാ​യ് ഗു​രു​മോ​ദ​മാർ​ന്നു ഞാൻ
മരു​വും സമ​യ​ത്തി​ലെ​ന്തു ഹാ
മരു​ഭൂ​വാ​യി​തു മന്മ​നോ​ര​ഥം.
പരമെൻ സദ​ന​ത്തി​ലേ​ക​നാ​യ്
പര​മാർ​ത്തി​ക്കൊ​രു പാ​ത്ര​മാ​യി ഞാൻ
ചി​ര​മെ​ങ്ങി​നെ വാ​ണി​ടേ​ണ്ടു തൽ
ചര​മാ​വ​സ്ഥ​യു​മോർ​ത്തു ദൈവമേ?

പ്ര​ഭാ​ത​വാ​യു
സു​ര​ഭില സു​മ​ജാല സന്മധൂളീ-​
സു​ര​ധു​നി​യിൽ സു​ഖ​മ​ജ്ജ​നം നട​ത്തി
സര​സീ​രുഹ പരാ​ഗ​ഭൂ​തി ചാർത്തി-​
സ്സ​ര​ഭ​സ​മി​ങ്ങ​ണ​യു​ന്നു കാ​ല്യ​വാ​തം.
വി​ധു​വു​മു​ഡ​ഗ​ണ​ങ്ങ​ളും ഹത​ശ്രീ
വി​ധു​രത പൂ​ണ്ട​തു കണ്ടു കു​ണ്ഠി​ത​ത്താൽ
മധു​ര​ത​ര​മു​ഷ​സ്സി​ല​സ്സ​മീ​രൻ
മധുപ നി​നാ​ദ​മി​ഷാൽ കര​ഞ്ഞി​ടു​ന്നു.
സതി കമ​ലി​നി! കർ​മ്മ​സാ​ക്ഷി​യാം നിൻ
പതി​ജ​വ​മെ​ത്തി​ടു​മെ​ന്നു തത്വ​മാ​യി
മതി​ര​സ​മൊ​ടു​ര​യ്ക്ക​യോ പ്ര​ഭാത
പ്ര​തി​നവ വായു പത​ത്രി നി​സ്വ​ന​ത്താൽ?

വേ​ണീ​സം​ഹാ​രം നാടകം (തർ​ജ്ജിമ)
കാ​ളി​ന്ദീ​പു​ളി​ന​ത്തിൽ വെ​ച്ചു കളി​യാൽ
കോ​പി​ച്ചു ബാഷ്പോൽഗമ-​
ത്താ​ലേ കണ്ണു കല​ങ്ങി സദ്ര​സ​ഭ​രം കൈ-
ക്കൊ​ണ്ടെ​ഴും രാധയേ
ചാലേ വി​ട്ടു തി​രി​ച്ചു തൽച്ചുവടിലായ്-​
ക്കാൽ വച്ചു രോമാഞ്ചമ-​
ക്കാ​ലേ പൂ​ണ്ടു വധൂ​പ്ര​സാ​ദ​മ​രു​ളും
കണ്ണൻ കടാ​ക്ഷി​ക്ക​ണം.
കോപം കർ​ണ്ണ​നിൽ വായ്ക്കയാലിതുവരെ-​
ക്കൈ​വി​ട്ടി​തുൽ​കൃ​ഷ്ട​മെൻ
ചാപം; നി​ങ്ങൾ മരി​ച്ചു​പോ​യ് ബലികളി-​
ല്ലാ​തു​ള്ള വൻ​പോ​ര​തിൽ;
താ​പ​ത്തോ​ടു ധനുസ്സുവിട്ടമരുമ-​
ത്താ​ത​ന്റെ കേശഗ്രഹാ-​
ക്ഷേ​പ​ത്താ​ല​ണ​യു​ന്നു പാണ്ഡവചമു-​
കാ​ലാ​ഗ്നി​യാം ദ്രൗ​ണി ഞാൻ.

ശ്രീ​മൂ​ല​പ്ര​കാ​ശിക:

ഇതു് പ്ര​താ​പ​രു​ദ്രീ​യ​ത്തി​ന്റെ രീ​തി​യിൽ മൂ​ലം​തി​രു​നാൾ മഹാ​രാ​ജാ​വി​നെ നാ​യ​ക​നാ​ക്കി രചി​ച്ചി​ട്ടു​ള്ള ഒരു അല​ങ്കാ​ര​ഗ്ര​ന്ഥ​മാ​കു​ന്നു.

അഭി​മാ​നി​ക്കു പറ്റിയ ദുർ​ഘ​ടം (ഒരു ഖണ്ഡ​കാ​വ്യം)
കി​ളി​വാ​ണി​ത​ന്റെ വച​ന​ത്തെ​യി​ദ്വി​ജൻ
കളി​യാ​ക്കി​ടാ​തെ​യ​ഭി​മാ​ന​ദുഃ​സ്ഥി​തൻ
മി​ളി​താ​ഭി​മോ​ദ​മ​ശ​ന​ത്തി​നാ​യ്ത്ത​ദാ
തെ​ളി​വാർ​ന്നു രാ​ജ​സ​ദ​ന​ത്തി​ലെ​ത്തി​നാൻ.

തൃ​ണാം​ഭ​സ്
ശ്യാ​മ​കോ​മ​ള​തൃ​ണാ​ഞ്ച​ല​ങ്ങ​ളിൽ
ശ്രീ​മ​ഹ​സ്സൊ​ടു പയ​കേ​ണം ക്ഷണം
ധു​മ​ധൂ​സ​ര​ന​ഭ​സ്സി​ലുൽ​പ്ര​ഭാ
ധാ​മ​താ​ര​ക​ള​പ്ര​കാ​ശ​മാ​യ്
രാജതാച്ഛഗുളികാന്മനോജ്ഞമ-​
വ്യാ​ജ​ചാ​രു തൃ​ണ​ശീ​ക​രോൽ​ക്ക​രം
ശ്രീ​ജ​ഗൽ പ്ര​കൃ​തി തീർ​ത്തു ചാർ​ത്തി​ടും
രാ​ജ​മാ​ന​മ​ണി​ഹാ​ര​മാ​യ്വ​രാം.

അജാ​മി​ള​മോ​ക്ഷം (ഭക്തി​ര​സ​പ്ര​ചു​ര​മായ ഒരു കാ​വ്യം)

സത്യ​വ​തി: ‘പ്രാ​സ​പ്ര​യോ​ഗ​നി​യ​മം’ വെ​ടി​ഞ്ഞെ​ഴു​തിയ ഒരു കൃതി.

രു​ഗ്മാം​ഗ​ദ​ച​രി​തം: മഹാ​കാ​വ്യ​ല​ക്ഷ​ണ​ങ്ങൾ എല്ലാം ഒപ്പി​ച്ചു് ഭാ​ഷ​യിൽ എഴു​ത​പ്പെ​ട്ടി​ട്ടു​ള്ള കാ​വ്യ​ങ്ങ​ളിൽ രണ്ടാ​മ​ത്തേ​താ​കു​ന്നു ഇതു്. പത്തൊൻ​പ​തു സർ​ഗ്ഗ​ങ്ങ​ളി​ലാ​യി 1488 ശ്ലോ​ക​ങ്ങ​ളു​ണ്ടു്.

ഒന്നാം സർ​ഗ്ഗ​ത്തിൽ അയോ​ദ്ധ്യാ​പു​രി​യു​ടേ​യും നന്ദ​നോ​ദ്യാ​ന​ത്തി​ന്റേ​യും വർ​ണ്ണന, രു​ഗ്മാം​ഗ​ദ​ന്റെ പ്ര​താ​പ​വർ​ണ്ണന, സന്ധ്യാ​വ​ലീ​പ​രി​ണ​യം ഇവ വർ​ണ്ണി​ച്ചി​രി​ക്കു​ന്നു.

അന​ന്ത​സൽ​ക്കീർ​ത്തി പു​ലർ​ത്തി നിത്യ-​
മന​ന്ത​മേൽ മേ​ധ്യ​യ​യോ​ദ്ധ്യ മു​ന്നം
അന​ന്ത​ശാ​യി​പ്രിയ രാജധാനി-​
യന​ന്ത​രാ​യം വിലസീ വി​ശാ​ലം.
പു​ര​ന്ദ​രൻ​തൻ പു​രു​ഭൂ​തി വാ​യ്ക്കും
പു​ര​ന്ദ​രം പൂ​ണ്ടി​ടു​മ​പ്പു​രാ​ഗ്ര്യം
ചി​ര​ന്ദ​ള​ന്മ​ഞ്ജൂ​ള​സൂ​ന​രാ​ജി
മര​ന്ദ​ഗ​ന്ധാ​ഞ്ചി​ത​മാ​യി​രു​ന്നു.
വി​മാ​ന​മേ​റി സ്ഥി​തി​ചെ​യ്യു​വോർ​ക്കും
വി​മാ​ന​ന​യ്ക്കേ​തു​മി​ടം​പെ​ടാ​തെ
സു​മാ​ന​വ​ന്മാർ സു​മ​സാ​യ​ക​ന്നു
സമാ​ന​രാ​യ് തത്ര ലസി​ച്ചി​രു​ന്നു.
പാ​ലാ​ഴി​മാ​തിൻ നവ ലാ​സ്യ​ര​മ്യ
ലീ​ലാ​ഗൃ​ഹം തൽ​പു​ര​മെ​ന്ന​തി​കൽ
നീ​ലാ​ഭ്ര​വർ​ണ്ണൻ നര​നാ​യ് പി​റ​ന്നു
വേ​ലാ​തി​ഗ​പ്രീ​തി​യിൽ വാ​ണി​രു​ന്നു.
ഭൂ​പാ​ല​കോ​ത്തം​സ​രെ​ഴു​ന്ന ഗൗര-
ശ്രീ​പാ​ളി​ടും മാ​ളി​ക​യ​പ്പു​ര​ത്തിൽ
ആ പാ​ണ്ഡ​രാഭ സ്മ​ര​ഭിൽ പു​രി​ക്കും
താ​പാ​ഭി​മർ​ശ​ക്കറ ചേർ​ത്തി​രു​ന്നു.

രണ്ടാം​സർ​ഗ്ഗ​ത്തിൽ രാ​ജാ​വി​ന്റെ ഭര​ണ​നൈ​പു​ണി​യാൽ പ്ര​ജ​കൾ​ക്കു​ണ്ടാ​യി​ട്ടു​ള്ള ഗു​ണ​ങ്ങ​ളേ​യും സന്ധ്യാ​വ​ലി​യു​ടെ ഗർ​ഭ​ധാ​ര​ണം, ധർ​മ്മാം​ഗ​ദ​ന്റെ ജനനം, ദി​ഗ്വി​ജ​യം മു​ത​ലാ​യ​വ​യേ​യും വി​വ​രി​ക്കു​ന്നു.

കു​ടി​ല​സ്ഥി​തി നാ​രി​മാർ​ക്കെ​ഴും വാർ-
മു​ടി​യിൽ​ത​ന്നെ നി​താ​ന്ത​മു​ത്ഭ​വി​ച്ചു
ഇടി​മി​ന്ന​ലി​ന​പ്പു​റ​ത്തു മാ​ത്രം
മു​ടി​യാ​റു​ള്ള​വ​ന​ന്നു കാർ​ത്തി​കേ​യൻ.
അരി നെ​ല്ലി​ന​ക​ത്തു​ത​ന്നെ​യാ​യ്
ഹരി യോ​ഷി​ത്തി​നു​മാ​ത്ര; മന്ന്യ​സം​ഗം
പരി​ചോ​ടു നിഷേധവൃദ്ധ്യഭാവ-​
പ്പി​രി​വാ വ്യാ​ക​ര​ണ​ത്തിൽ മാ​ത്ര​മാ​യി.
കട​മെ​ന്ന​തു ഹസ്ത​മ​സ്ത​ക​ത്തിൽ,
കു​ട​യേ​ന്തു​ന്ന​വ​നാ​ണു ദണ്ഡ​ധാ​രി;
പട​ഹ​ത്തി​നു​ത​ന്നെ താഡനം; ദുർ-
ഘട​വാ​ദം ബഹു താർ​ക്കി​കർ​ക്കു​മെ​ന്നാ​യ്.

ഈ മാ​തി​രി പൂർവ കവി​ചും​ബി​ത​ങ്ങ​ളാ​യും അല്ലാ​തെ​യും ഉള്ള ആശ​യ​ങ്ങ​ളെ​ക്കൊ​ണ്ടു് വർ​ണ്ണ​ന​പൊ​ടി​ത​കൃ​തി​യാ​ക്കി​യി​രി​ക്കു​ന്നു.

മൂ​ന്നാം​സർ​ഗ്ഗ​ത്തിൽ വസ​ന്തർ​ത്തു​വി​ന്റെ​യും മദ​നോ​ത്സ​വ​ത്തി​ന്റെ​യും വർ​ണ്ണന അട​ങ്ങി​യി​രി​ക്കു​ന്നു.

പൊ​ന്ന​ണി​ക്കു​ളുർ​കു​ച​ങ്ങ​ളിൽ കല-
ർത്തു​ന്നു മു​ത്തു തരു​ണർ​ക്കു ഹൃ​ത്തി​ലും
അന്ന​ണ​ച്ചു ബഹു​മു​ത്തു, നാരിമാ-​
രെ​ന്ന​കൂ​ട്ട​രു​ടെ മോ​ടി​യ​ല്പ​മോ?
താ​ലി​മാ​ല​ക​ള​ണി​ഞ്ഞി​ടും ഗള-
ത്താ​ലി​ണ​ങ്ങി​യൊ​രു മം​ഗ​ലാം​ഗി​കൾ
തോ​ലി​രി​ഞ്ഞു തുണിയാക്കുവോർക്കുമുൾ-​
ത്തോ​ലി​ചേർ​ത്തി​തു വി​ലാ​സ​ധാ​ടി​യാൽ.
ഗൗ​ര​മാം പട​മെ​ടു​ത്തു ചു​റ്റി നൽ-
ഗൗ​ര​വ​ത്തൊ​ടു തടിൽ​സ്ഫു​ടാം​ഗി​കൾ
ശാ​ര​ദാം​ബു​ധ​ര​ചി​ത്ര​മാം വിയ-
ത്സാ​ര​കാ​ന്തി​യെ​യ​ലം കലർ​ന്നു​തേ.
മർ​ജ്ജ​നാം​ബര വിലേപനങ്ങളാ-​
ലജ്ജ​ഗ​ദ്വി​ജയ വൈ​ജ​യ​ന്തി​കൾ
സജ്ജ​മാ​യ്വി​മ​ല​വൃ​ത്തി തേ​ടി​നാർ
സജ്ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​പോ​ല​വേ.

നാലാം സർ​ഗ്ഗ​ത്തിൽ രാ​ജാ​വു് പത്നീ​സ​മേ​തം ഉദ്യാ​ന​ത്തിൽ ചെ​ന്നു് അതി​ന്റെ മഹി​മാ​നു​വർ​ണ്ണ​നം ചെ​യ്തു​കൊ​ണ്ടി​രി​ക്കെ, പത്നി പറ​യു​ന്നു:

പണ്ട​ത്തേ​ക്കഥ ഹൃദയേ ഭവാൻ നിനച്ചും-​
കൊ​ണ്ട​ത്രേ കണവ! കഥി​ച്ചി​ടു​ന്ന​തെ​ല്ലാം
കണ്ട​പ്പോ​ളി​വി​ട​മെ​നി​ക്കു ഭീ​മ​പാ​ശം
കണ്ഠ​ത്തിൽ​ക്ക​യ​റി​യ​പോ​ലെ തോ​ന്നി​ടു​ന്നു.
പേ​രാ​ളും നൃപവര വല്ല ദി​ക്കി​ലും നൽ-
ത്താ​രാ​ളും ലതകൾ കു​റ​ച്ചു നി​ല്പ​തെ​ന്യേ
ധാ​രാ​ളം പരി​മ​ള​മാർ​ന്ന സൂ​ന​സാർ​ത്ഥം
നേ​രാ​ണീ​യു​പ​വ​ന​ഭൂ​വി​ലെ​ങ്ങു​മി​ല്ല.
എങ്ങും നൽ​സു​ര​ഭി​ല​മാം പ്ര​സൂ​ന​സം​ഘം
തങ്ങും​മ​ട്ടി​വി​ടെ നി​റ​ഞ്ഞു നി​ന്നി​രു​ന്നു
മങ്ങു​ന്നു​ണ്ടി​വ​ളു​ടെ ഹൃത്തുതെല്ലുമിപ്പോ-​
ളങ്ങു​ന്നെൻ​പ്രിയ! കു​റ​വ​ത്ര കാ​ണ്മ​തി​ല്ലേ?
ആരോ​മൽ​ക്ക​ണവ! നി​ഗൂ​ഢ​മ​ത്ര വന്നി-​
ട്ടാ​രോ​മൽ കു​സു​മ​മ​റു​ത്തി​ടു​ന്നു നൂനം
നീ​രോ​മം യു​വ​തി​കൾ തൻ ശി​ര​സ്സു​പോൽ താ-
നോരോ മഞ്ജു​ള​ലത പൂ​ക്കൾ പോയി നിൽപൂ.

ഈ വാ​ക്കു​ക​ളിൽ നി​ന്നു് രാ​ജാ​വു് ഉദ്യാ​ന​വൈ​വർ​ണ്ണ്യം മന​സ്സി​ലാ​ക്കീ​ട്ടു് ഭട​ന്മാ​രെ വി​ളി​ച്ചു് അവ​രോ​ടു്,

ധി​ക്കാ​രം കഴു​ത​ക​ളെ​ന്റെ ശമ്പ​ള​ക്കാർ
മു​ക്കാ​ലും വെ​ളി​വു​പെ​ടാ​തെ ചെ​യ്ത​താ​ട്ടേ
ഇക്കാ​ര്യം ശരി​വ​രെ​യെ​ന്നൊ​ടോ​തി​ടാ​യ്കിൽ
തല്ക്കാ​ലം തല​ക​ള​റു​ത്തു താഴെ വീ​ഴ്ത്തും.

എന്നു കയർ​ക്ക​യും അവരിൽ നി​ന്നു ദേ​വ​സ്ത്രീ​ക​ളാ​ണു് പൂ​വെ​ല്ലാം അപ​ഹ​രി​ച്ചു​കൊ​ണ്ടു പോ​വു​ന്ന​തെ​ന്നു് ഗ്ര​ഹി​ക്ക​യും ചെ​യ്തി​ട്ടു് മഹി​ഷി​യെ അന്തഃ​പു​ര​ത്തിൽ കൊ​ണ്ടു​ചെ​ന്നാ​ക്കി​യ​ശേ​ഷം,

സു​മാ​പ​ഹ​ര​ണം സ്വയം സു​ധൃ​തി​പൂ​ണ്ടു കണ്ടീ​ടു​വാൻ
സു​മാ​റു​പ​വ​നാ​ന്ത​രേ വി​രു​തി​യ​ന്നു വാ​ണീ​ടി​നാൻ.

അഞ്ചാം സർ​ഗ്ഗ​ത്തിൽ കു​സു​മാ​പ​ച​യം വർ​ണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ആറാം സർ​ഗ്ഗ​ത്തിൽ അക്ഷ​മ​നായ രാ​ജാ​വി​നാൽ തട​യ​പ്പെ​ട്ട ഉർ​വ്വ​ശീ​പ്ര​മു​ഖ​രായ ദേ​വാം​ഗ​ന​മാ​രു​ടെ വി​മാ​നം നി​ശ്ച​ല​മാ​യി നി​ല​കൊ​ള്ളു​ന്നു. അവർ ശപി​ക്കാൻ ഭാ​വി​ക്ക​വേ, സഹ​ജ​മായ വാ​ഗ്വി​ലാ​സ​ധോ​ര​ണി​യാൽ, രാ​ജാ​വു് അവരെ പ്രീ​ണി​പ്പി​ക്കു​ന്നു. ശരി​യായ രീ​തി​യിൽ ഏകാ​ദ​ശീ​വ്ര​തം അനു​ഷ്ഠി​ച്ചി​ട്ടു​ള്ള ഒരാൾ തൊ​ട്ടാ​ലേ വി​മാ​നം അന​ങ്ങു​ക​യു​ള്ളു എന്നു് അവർ പറ​ക​യാൽ, അങ്ങി​നെ​യു​ള്ള ഒരാ​ളെ​ത്തേ​ടി നട​ക്കു​ന്നു. ഒടു​വിൽ ഒരു ചണ്ഡാ​ലി​യെ കണ്ടെ​ത്തു​ന്നു. അവൾ തൊട്ട മാ​ത്ര​യിൽ വി​മാ​നം ഉയർ​ന്നു് തു​ട​ങ്ങു​ന്നു. അത്ഭു​ത​പ​ര​വ​ശ​നാ​യി​ത്തീർ​ന്ന രാ​ജാ​വി​നു് അവർ ഏകാ​ദ​ശീ​മാ​ഹാ​ത്മ്യം ഉപ​ദേ​ശി​ച്ചു കൊ​ടു​ക്കു​ന്നു. ഇതു് യമ​ക​സർ​ഗ്ഗ​മാ​ണു്.

ത്വ​രി​ത​മെ​ങ്കി​ലു​മ​ബ്ഭ​ടർ പോയ് തിര-
ഞ്ഞൊ​രി​ട​മെ​ത്തി യദൃ​ച്ഛ​യി​ല​സ്ഥ​ലേ
പെരിയ തീ​ണ്ട​ലി​യ​ന്ന​വൾ വാ​ണു​തേ
ദു​രി​ത​പൂ​രിത പൂർ​ണ്ണ​വ​യ​സ്ക​യാ​യ്
മു​ടി​യു​മാ​റു​ഗ​ദ​ങ്ങൾ കലർന്നുതൻ-​
മു​ടി​ന​ര​ച്ചു, കൊ​ഴി​ഞ്ഞു രദ​ങ്ങ​ളും
വടി​യി​ലാ​ണ്ടു നടക്കുമിടയ്ക്കുമ-​
ന്ന​ടി​കൾ പേ​ടി​കൾ പേറി വി​റ​ച്ചു​പോം.
ക്ല​മ​മി​യ​ന്നു വെറും ജല​പാ​ന​വും
കിമപി നി​ദ്ര​യു​മെ​ന്നി​യെ​യേ​ക​യാ​യ്
വിമതി വാണു വഴിക്കരികത്തുത-​
ദ്യ​മ​നു​കേ​മ​നു കേളി കലർ​ത്തു​വാൻ.
നൃപതി ഭൃ​ത്യർ നടന്നുവലഞ്ഞുത-​
ന്നി​പ​തി​താം​ഗ​ന​യെ​ബ്ബത കണ്ടു​ടൻ
അപരസം നി​ക​ട​ത്തി​ല​ണ​ഞ്ഞു ഹൃ-
ദ്യു​പ​രി​ഹാ പരി​ഹാ​സ​മൊ​ട​ക്ഷ​ണം.

ഏഴാം സർ​ഗ്ഗ​ത്തിൽ വസി​ഷ്ഠ​രു​ഗ്മാം​ഗ​ദ​സം​വാ​ദ​വും വസി​ഷ്ഠർ അയോ​ദ്ധ്യാ​നി​വാ​സി​ക​ളു​ടെ ഇട​യ്ക്കു് ഏകാ​ദ​ശീ​വ്ര​തം നട​പ്പാ​ക്കു​ന്ന​തും വി​വ​രി​ക്കു​ന്നു.

എട്ടാം​സർ​ഗ്ഗ​ത്തിൽ, ഏകാ​ദ​ശീ​വ്ര​താ​നു​ഷ്ഠാ​നം നി​മി​ത്തം രു​ഗ്മാം​ഗ​ദ​ന്റെ നാ​ട്ടിൽ നി​ന്നു യമ​പു​രി​യി​ലേ​യ്ക്കു​ള്ള വരവു നി​ന്നു പോ​ക​യാൽ,

സ്വാ​ധി​കാ​ര​നില തെ​ല്ലു നട​ത്താൻ
സാ​ധി​യാ​തെ യമു​നാ​സ​ഹ​ജാ​തൻ
ആധി​യോ​ടു വി​ധു​ര​ത്വ​മി​യ​ന്നു
ഹാ​ധി​ഗാ​പ​ദ​ഖി​ലർ​ക്കു​മു​ദി​ക്കും.
ഹന്ത! കഷ്ടമഘമുള്ളവരില്ലാ-​
ഞ്ഞ​ന്ത​കാ​ല​യ​മൊ​ഴി​ഞ്ഞു​വ​ശാ​യി
അന്ത​രം​ഗ​ഭു​വി സാധു കൃ​താ​ന്തൻ
സന്ത​പി​ച്ചു സഭയിൽ സ്വ​യ​മെ​ത്തി.

അന്ത​ക​ന്റെ കണ​ക്ക​പ്പി​ള്ള​യോ?

ചി​ത്ര​ഗു​പ്ത​നു​മു​ഴ​ന്നു കണ​ക്കും
സത്ര​പം വെ​റു​തെ​യ​ങ്ങ​നെ ഭേസി
തത്ര സത്വ​ര​മ​ണ​ഞ്ഞു സഖേദം
മി​ത്ര​സൂ​നു സവി​ധ​ത്തി​ലി​രു​ന്നു.

അങ്ങ​നെ​യി​രി​ക്കെ, നാ​ര​ദ​മ​ഹർ​ഷി​യു​ടെ വര​വാ​യി.

സ്ഫീ​ത​ഭം​ഗി രവി​തൻ​ഗ​തി തിര്യഗ്-​
ഭൂ​ത​യാ​ണു, ശു​ചി​യൂർ​ദ്ധ മു​ഖൻ​താൻ
വീ​ത​സം​ശ​യ​മ​താ​ഭി​മു​ഖം ശ്രീ
പൂ​ത​ധാ​മ​മ​ണ​യു​ന്ന​തു ചി​ത്രം.
മു​ന്ന​മി​ക്കി​രണ സഞ്ച​യ​മെ​ന്നും
പി​ന്നെ​യാ​കൃ​തി തി​രി​ഞ്ഞ​തു​മൂ​ലം
മാ​ന്യ​നാം പുരുഷനെന്നുമറിഞ്ഞാ-​
രന്നു തത്ര മരു​വു​ന്ന സദ​സ്യർ.
സ്വർ​ണ്ണ​വാ​രി​രുഹ കേസരഭാസ്വ-​
ദ്വർ​ണ്ണ​മാം ജട തദീ​യ​ശി​ര​സ്സിൽ
വർ​ണ്ണ​നീയ ബഡവാനലരോചി-​
സ്സർ​ണ്ണ​വ​ത്തിൽ വി​ല​സും വി​ധ​മാർ​ന്നു.

ഇവിടെ കവി,

ഗത​ന്തി​ര​ശ്ചീ​ന​മ​ന്തൃ​രു സാ​ര​ഥേഃ
പ്ര​സി​ദ്ധ​മൂർ​ദ്ധ്വ​ജ്വ​ല​നം ഹവിർ​ഭു​ജഃ
പത​ത്യ​ധോ ധാ​മ​വി​സാ​രി സർവതഃ
കി​മേ​ദി​ത്യാ​ക​ല​മീ​ക്ഷി​തം ജനൈഃ
ചയ​സ്തി​ഷാ​മി​ത്യ​വ​ധാ​രി​തം പുരാ
തത​ശ്ശ​രീ​രീ​തി വി​ഭാ​വി​താ​കൃ​തിം
വി​ഭുർ​വി​ഭ​ക്താ​വ​യ​വം പു​മാ​നി​തി
ക്ര​മാ​ദ​മും നാരദ ഇത്യ​ബോ​ധി സഃ
ദധാ​ന​മം​ഭോ​രുഹ കേസരദ്യുതി-​
ർജ്ജ​ടാ​ശ്ശ​ര​ശ്ച​ന്ദ്ര​മ​രീ​ചി​രോ​ചി​ഷഃ
വി​പാ​ക​പി​ങ്ഗാ​ത്തു​ഹി​ന​സ്ഥ​ലീ​രു​ഹോ
ധരാ​ധ​രേ​ന്ദ്രം വ്ര​ത​തീ​ത​തീ​രിവ.

എന്ന മാ​ഘ​പ​ദ്യ​ങ്ങ​ളെ ഉപ​ജീ​വി​ച്ചി​രി​ക്കു​ന്നു. ഇതു​പോ​ലെ വേറെ പലേ സ്ഥ​ല​ങ്ങ​ളി​ലും പൂർ​വ​ക​വി​ക​ളെ അദ്ദേ​ഹം ഉപ​ജീ​വി​ച്ചി​ട്ടു​മു​ണ്ടു്. എന്നി​ട്ടും പാ​വ​പ്പെ​ട്ട അഴ​ക​ത്തു പത്മ​നാ​ഭ​ക്കു​റു​പ്പി​നു മാ​ത്രം ഭ്ര​ഷ്ടു പി​ണ​ഞ്ഞു​പോ​യി. ആൾവില കല്ലു​വില; അത്രേ പറ​യാ​നു​ള്ളു.

നാ​ര​ദ​ന്റെ ഉപ​ദേ​ശ​മ​നു​സ​രി​ച്ചു് യമൻ ‘കമ​ല​ഭൂ​വാ​സ​ഭൂ​പാർ​ശ്വ’മെ​ത്തു​ന്ന​തു​വ​രെ​യു​ള്ള കഥ​യാ​ണു് ഈ സർ​ഗ്ഗ​ത്തിൽ.

ഒൻ​പ​താം​സർ​ഗ്ഗ​ത്തിൽ ബ്ര​ഹ്മാ​വു് യമനെ ആശ്വ​സി​പ്പി​ക്കു​ന്ന​തും രു​ഗ്മാം​ഗ​ദ​ന്റെ വ്ര​ത​ഭം​ഗ​ത്തി​നു​വേ​ണ്ടി മോ​ഹി​നി​യെ സൃ​ഷ്ടി​ച്ചു് മന്ദ​ര​പർ​വ​ത​ത്തി​ലേ​ക്കു് അയ​യ്ക്കു​ന്ന​തും സര​സ​മാ​യി പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്നു. മോ​ഹി​നി​യു​ടെ വർ​ണ്ണന ‘റഗു​ലേഷ’നനു​സ​രി​ച്ചു​ത​ന്നെ ചെ​യ്തി​ട്ടു​ണ്ടു്.

മന്മ​ഥ​ര​സ​വാ​രാ​ന്നി​ധി
തന്മ​ഥ​നം ചെ​യ്തെ​ടു​ത്ത ശശി​ക​ല​പോൽ
നന്മ​ണി​ഗ​ണ​മ​ണി​യും നൽ
പെ​ണ്മ​ണി​രൂ​പം പി​ണ​ഞ്ഞു പണി​യി​ല​ജൻ
കാ​ളി​മ​ക​ച​ഭൂ​വി കമലദ
കേളി മദ​ത്തൊ​ടു മാ​റ്റി​വി​ല​സു​മ​വൾ
കാളിടുമംഗജതാപ-​
ക്കോ​ളി​ള​ക്കി​ത്തി​രി​ച്ചു സക​ല​രെ​യും
ബാലനിശാകരവൽ-​
ഫാ​ല​വു​മ​തി​ലു​ല്ല​സി​ച്ച ചി​ല്ലി​ക​ളും
കാ​ല​വി​മാ​ഥി കരി​ച്ചൊ​രു
കോ​ല​മ​തും വീ​ണ്ടെ​ടു​പ്പ​തി​ന്നു​ത​കും.
താ​വ​ള​മാ​ഭ​യ്ക്കു കരിം-
കൂ​വ​ള​മ​ള​വ​റ്റു കൂ​പ്പി​ടും മി​ഴി​യാൽ
കേ​വ​ല​മ​ച​ര​ങ്ങൾ​ക്കും
കൈ​വ​ള​രും കാ​മ​മാ​വ​ധൂ​മ​ണി​യിൽ
സ്ഫാ​ടിക മുകുരംകൂടി-​
പ്പാ​ടി​ടു​മാ​റാ​ഭ​യു​ള്ള കവി​ളു​ക​ളിൽ
ഹാ​ട​ക​വ​ജ്രാ​ദി ലസ-
ത്തോ​ട​കൾ വി​ല​സു​ന്ന​തീ​ക്ഷ​ണീ​യം താൻ
നാ​സാ​മ​ണി മൗ​ക്തി​ക​വും
ഭാസാ മാ​നി​ച്ചി​ടു​ന്ന രദ​ത​തി​യും
ഹാ​സാ​ഞ്ചി​ത​മാം ഹാവവു-​
മാ​സാ​ദിത മന്മ​ഥം വി​ള​ങ്ങി തദാ.

ഇപ്ര​കാ​രം ആകാ​ര​സു​ഷ​മ​ക​ളോ​ടു​കൂ​ടിയ ഒരു സ്ത്രീ​ര​ത്ന​ത്തെ സൃ​ഷ്ടി​ച്ച​തിൽ നാൻ​മു​ഖൻ ചരി​താർ​ത്ഥ​നാ​യി​ത്തീർ​ന്നു. എന്നാൽ ‘മന്മ​ഥ​രസ’എന്നു തു​ട​ങ്ങു​ന്ന ശ്ലോ​ക​ത്തി​ന്റെ നാ​ലാം​വ​രി​യിൽ ഒരു ‘ന്മ’ കി​ട്ടാ​ത്ത​തിൽ കവി​ക്കു കു​റെ​യൊ​ക്കെ മനഃ​ക്ലേ​ശ​മു​ണ്ടാ​യി​ക്കാ​ണ​ണം. അഥവാ ‘Exception Proves the rule’ എന്ന പഴ​മൊ​ഴി​യെ ഉദാ​ഹ​രി​പ്പാ​നാ​യി ഇങ്ങ​നെ മനഃ​പ്പൂർ​വ്വം ചേർ​ത്ത​താ​യും വരാം. ഈ സർ​ഗ്ഗ​ത്തിൽ ഇങ്ങ​നെ രണ്ടു മൂ​ന്നി​ട​ത്തു് കവി​യ്ക്കു സജാ​തീ​യ​ദ്വി​തീ​യാ​ക്ഷ​ര​പ്രാ​സ​വ്ര​ത​ഭം​ഗം വന്നു​പോ​യി​ട്ടു​ണ്ടു്. ഒരു പക്ഷേ,

‘മൂത്ത പി​താ​മ​ഹ​നും മന-
മാ​ത്ത​രു​ണീ​മൗ​ലി​യിൽ പതി​ഞ്ഞു പരം’

എന്നു കവി​ത​ന്നെ സമ്മ​തി​ച്ചി​ട്ടു​ള്ള സ്ഥി​തി​ക്കു് ആ മോ​ഹി​നി​യു​ടെ രൂ​പ​സ​മ്പ​ത്തി​യാ​യി​രി​ക്കാം അദ്ദേ​ഹ​ത്തി​ന്റെ ഈ വ്ര​ത​ഭം​ഗ​ത്തി​നു കാരണം.

പത്താം​സർ​ഗ്ഗം രാ​ജാ​വി​ന്റെ മൃ​ഗ​യാ​വർ​ണ്ണ​ന​മാ​ണു്.

കൃ​ശാം​ഗി വി​ധു​പു​ത്രി​ത​ന്നു​ടയ ഭാവി ലീ​ലാ​ര​സം
ഭൃ​ശാ​ദ​ര​മ​ണി​ഞ്ഞി​ടു​ന്ന​തി​നു മി​ശ്ര​വി​ഷ്കം​ഭ​മാ​യ്
വി​ശാ​ല​മി​ഴി കാ​ന്ത​തൻ പടു​ക​ടാ​ക്ഷ​പാ​ഥേ​യ​വും
വി​ശാം​പ​തി വഹി​ച്ചു​ടൻ വി​രു​തി​യ​ന്നെ​ഴു​ന്ന​ള്ളി​നാൻ.

തത്സ​മ​യം,

സു​മാ​സ്ത്ര​സ​മ​നാ​യി​ടും മനു​ജ​നാ​ഥ​നെ​ക്കാ​ണു​വാൻ
സു​മാം​ഗി​ക​ളി​തേ​ത​രം സു​ദൃ​ഢ​മെ​ന്നു ചി​ന്തി​ച്ചു​ടൻ
സുമാല കള​ഭാ​ദി​യും സ്വ​യ​മ​ണി​ഞ്ഞു സൗ​ധ​ങ്ങ​ളിൽ
സുമാർ നൃ​വ​ര​വീ​ഥി​ത​ന്നി​രു​പു​റ​ത്തു​മെ​ത്തീ​ടി​നാർ.
ഒരു​ത്തി നൃ​പ​ച​ന്ദ്ര​നെ​സ്സ​പ​ദി കാ​ണു​വാ​നുൾ​ഭ്ര​മം
പെ​രു​ത്തു തിലകം തദാ നയ​ന​മൊ​ന്നി​ലാ​യ്തേ​ച്ചു​ടൻ
ഗു​രു​ത്വ​മി​യ​ലും സ്തനേ മഷി​യ​ണി​ഞ്ഞു പാ​ഞ്ഞെ​ത്തി​നാൾ
ഗു​രു​ത്വ​മ​തു​കൊ​ണ്ടു തൻ മഷികൾ മാ​ഞ്ഞു ഘർ​മ്മാം​ബു​വാൽ
കലാ​പ​മ​ണി​യു​ന്ന​തിൽ​ക്ക​ന​ക​മാല നല്ക്കാ​ലി​ലും
വി​ലാ​സി​നി​യൊ​രു​ത്തി​തൻ ഗള​ത​ല​ത്തിൽ മഞ്ജീ​ര​വും
ബലാ​ലു​ട​ലി​ല​ക്ര​മം പല​തു​മേ​റ്റി കുറ്റത്തില-​
ക്ക​ലാ​നി​ധി സമാ​സ്യ​യും തദനു കൗ​തു​കം നല്കി​നാൾ.

എന്തൊ​രു കോ​ലാ​ഹ​ലം? അക്കാ​ല​മൊ​ക്കെ​യും ഇങ്ങി​നി​വ​രാ​ത​വ​ണ്ണം മാ​ഞ്ഞു​പോ​യി​രി​ക്കു​ന്നു. ഇന്നാ​രും സ്ത​ന​ത്തിൽ മഷി​യും നയ​ന​ങ്ങ​ളിൽ തി​ല​ക​വും കാലിൽ കന​ക​മാ​ല​യും മറ്റും അണി​യാ​റി​ല്ല​ല്ലോ. രാ​ജാ​വും പരി​വാ​ര​ങ്ങ​ളും മു​റ​യ്ക്കു്,

“തമാ​ല​കു​ല​നീ​ല​മാ​യ് ഭയ​ദ​സ​ത്വ​വ​ത്താ​യ് സുവി-
ദ്രു​മാ​ച്ഛ​രു​ചി​യാ​യ്പ​രം പു​രു​നി​നാ​ദ​ഗം​ഭീ​ര​മാ​യ്
അമാ​നുഷ നി​ഷേ​വ്യ​മാം വി​ഷ​മ​കാ​ന​നാ​ന്തഃ​സ്ഥ​ലം”

പ്ര​വേ​ശി​ച്ചു.

പടു​ത്വ​മൊ​ടു ഭൂ​മി​ഭൃ​ദ്ബ്ഭ​ട​ഗ​ണ​ങ്ങൾ ജന്തുക്കളെ-​
ത്ത​ടു​ത്തു​ട​നി​ള​ക്കി​നാർ തട​വു​തീർ​ന്നു പാടേ വനം
അടു​ത്തഥ കി​രാ​ത​രും പെരിയ പട്ടി​തൻ കൂ​ട്ട​വും
കടു​ത്ത രടി​ത​ങ്ങ​ളാൽ പൊ​ടി​പൊ​ടി​ച്ചു കാ​ടൊ​ക്കെ​യും.
പുരാ കടൽ മഥി​ക്ക​വേ സലി​ല​സ​ത്വ​ജാ​ലം​പ​രം
പരാ​ഭ​വ​മി​യ​ന്ന​ഹോ ബഹു വി​ര​ണ്ടു മണ്ടും വിധം
ചിരായ നി​രു​പ​ദ്ര​വം വസതി കാ​ടി​ള​ക്കീ​ട​വേ
ദു​രാർ​ത്തി​യോ​ടു കൂ​ട്ട​മാ​യ് മൃ​ഗ​ക​ല​ങ്ങൾ സം​ഭ്രാ​ന്ത​രാ​യ്
തര​ക്ഷു​മ​ഹി​ഷേ​ഭ​രാൾ​ക്കി​രി വൃ​കാ​ദി​വൃ​ന്ദ​ങ്ങൾ ദു-
സ്ത​ര​ക്ഷു​ഭിത വീ​ര്യ​വ​ത്തു​കൾ ഭയ​ന്നു ഗർ​ജ്ജി​ച്ചു​തേ
ദു​ര​ക്ഷി​വി​ഷ​യ​ത്തി​ലാ​യ് മൃ​ഗ​ഗ​ണ​ങ്ങൾ മങ്ങിബ്ഭയ-​
ന്ന​ര​ക്ഷ​ണ​മ​ട​ങ്ങി​ടാ​ത്തൊ​രു ജവ​ത്തി​ലോ​ടീ​ടി​നാർ

ഇങ്ങ​നെ വേ​ട്ട​യാ​ടി​ക്ക​ഴി​ഞ്ഞ് രാ​ജാ​വു് ഒരു പു​ണ്യാ​ശ്ര​മ​ത്തിൽ എത്തി മു​നി​യു​ടെ ആതി​ഥ്യ​വും ഏറ്റ​ശേ​ഷം,

‘ജനി​മൃ​തി​ഭ​വ​മാ​രും വീ​ണ്ടു​മേ​ല്ക്കാ​ത്ത മട്ടിൽ
തനിയെ വന​വി​ഹാ​ര​ത്തി​ന്നു കോ​പ്പി​ട്ടി​റ​ങ്ങി.’

ഒടു​വിൽ,

‘ശ്രീ​യാ​ളും മന്ദ​ര​ക്ഷ്മാ​ധ​ര​മ​തി​രു​ചി​രം
കണ്ടു തൽ​പാർ​ശ്വ​മെ​ത്തി.’

പതി​നൊ​ന്നാം സർ​ഗ്ഗം ചി​ത്ര​സർ​ഗ്ഗ​മാ​ണു്. രഥ​ഖ​ണ്ഡം, പത്മ​ബ​ന്ധം, ചക്ര​ബ​ന്ധം, ഗോ​മൂ​ത്രി​കാ​ബ​ന്ധം, അക​ണ്ഠ്യം, അതാ​ലു​ജം, നി​രൗ​ഷ്ഠ്യം, അമൂർ​ദ്ധ​ന്യം, അദ​ന്ത്യം, നി​ര​നു​നാ​സി​കം, ഗൂ​ഢ​ച​തുർ​ത്ഥം, ദ്വ്യ​ക്ഷ​രം, സർ​വ​തോ​ഭ​ദ്രം, അർ​ദ്ധ​ഭ്ര​മ​കം, അസം​യോ​ഗം, മു​ര​ജ​ബ​ന്ധം, ധനുർ​ബ​ന്ധം, ശര​ബ​ന്ധം, ശര​സ​ന്ധാ​ന​ബ​ന്ധം, ശൂ​ല​ബ​ന്ധം, മു​സ​ല​ബ​ന്ധം, ശക്തി​ബ​ന്ധം, ഫല​ബ​ന്ധം, ഖഡ്ഗ​ബ​ന്ധം, തു​ലാ​ബ​ന്ധം, നാ​ഗ​ബ​ന്ധം മു​ത​ലായ ചെ​പ്പ​ടി വി​ദ്യ​ക​ളെ​ല്ലാം ഉണ്ടു്. രാ​ജാ​വു് ഒരു കാ​വ്യ​മൃ​ഗ​വേ​ട്ട നട​ത്തി, തന്റേ​യും പരി​വാ​ര​ങ്ങ​ളു​ടേ​യും കയ്യിൽ ഉണ്ടാ​യി​രു​ന്ന ഒരോ ആയു​ധ​ത്തി​ലും ഒന്നോ രണ്ടോ വീതം കവി​താ​മൃ​ഗ​ത്തെ കു​ത്തി​യെ​ടു​ത്തു നിർ​ത്തി​യി​രി​ക്കും​പോ​ലെ തോ​ന്നു​ന്നു.

ഗൂ​ഢ​ച​തുർ​ത്ഥം,

വരാ​ര​വം വീ​ര​രേ​വം വരാം വി​ര​വിൽ വൈ​രി​വൽ
വരാവം വൻ​വി​വ​രാൽ വരും​വ​ര​വു വൈരവൽ.

അർ​ദ്ധ​ഭ്ര​മ​കം,

സര​സ്സു സരസം സാര സര​സ്വ​ത്സ​ര​സം​സ​ഭം
സത്വ​രം സത്വ​വാൻ സത്വ​സ​ത്ത​മം സത്ത​ദാർ​ന്നു​തേ.

ഈ ശ്ലോ​ക​ങ്ങ​ളു​ടെ​യൊ​ക്കെ ‘ഒറ്റി​യർ​ത്ഥം’ കവി​ത​ന്നെ ഗ്ര​ന്ഥാ​വ​സാ​ന​ത്തിൽ കൊ​ടു​ത്തി​ട്ടു​ണ്ടു്. തീ​റർ​ത്ഥം നി​ങ്ങൾ തന്നെ പ്ര​മാ​ണം നോ​ക്കി കണ്ടു​പി​ടി​ച്ചു കൊ​ള്ള​ണം. അഥവാ ജീ​വി​താ​യോ​ധ​ന​ത്തി​ന്റെ കൊ​ടു​മ​കൊ​ണ്ടു് അതിനു നി​ങ്ങൾ​ക്കു് അവ​സ​ര​മി​ല്ലെ​ന്നു വരി​കിൽ അതിനു കവി എന്തു​ചെ​യ്യും? മഹാ​കാ​വ്യ​മാ​ക​ണ​മെ​ങ്കിൽ ഇതൊ​ക്കെ വേ​ണ​മെ​ന്നു നിർ​ബ​ന്ധ​മാ​ണു്. ഒരു​പ​ക്ഷേ, വനം അനർ​ത്ഥ​കാ​രി​യാ​ക​യാൽ, അതി​ന്റെ വർ​ണ്ണന ഇങ്ങ​നെ കാ​ടാ​യി​ട്ടു​ത​ന്നെ ഇരി​ക്ക​ണ​മെ​ന്നു കവി വി​ചാ​രി​ച്ചി​രി​ക്കാം.

പന്ത്ര​ണ്ടാം​സർ​ഗ്ഗ​ത്തിൽ രാ​ജാ​വു് കാടും മേടും ഒക്കെ​ക്ക​ട​ന്നു് ഒരു പൊ​യ്ക​യ്ക്കു സമീപം എത്തു​ന്നു. അപ്പോൾ,

‘സു​ധ​യു​ടെ മദ​മാ​ശു മാ​റ്റി​നീ​ക്കും
വി​ധ​മ​തി​മാ​ധു​രി ചേർ​ന്ന ചാ​രു​ഗീ​തം.’

ശ്ര​വി​ച്ചു ചു​റ്റും നോ​ക്കു​ന്നു. അപ്പോ​ഴാ​ണു് വി​ശ്വ​വി​മോ​ഹി​നി​യായ മോ​ഹി​നി​യെ അദ്ദേ​ഹം കാ​ണു​ന്ന​തു്. അവ​ളു​ടെ രൂ​പ​ലാ​വ​ണ്യ​ത്തിൽ രാ​ജാ​വു് മു​ഗ്ദ്ധ​നാ​യി​പ്പോ​കു​ന്നു.

കന​ലൊ​ളി നി​റ​മാർ​ന്നു തമ്പി​യാൾ​തൻ
കന​ക​വി​ഭൂ​ഷി​ത​മാം വപു​സ്സ​ശേ​ഷം
ഘന​ക​തു​ക​മി​യ​ന്ന കണ്ണി​നാൽ താ-
നന​ഘ​ഗു​ണാം​ബു​ധി സാദരം നു​കർ​ന്നു.
കൃ​ശ​മു​ദ​ര​മ​തിൽ കട​ന്നു പിന്നെ-​
ബ്ദൃ​ശ​മി​ട​തി​ങ്ങു​മു​രോ​ജ​ശൈ​ല​മേ​റി
ശശ​ധ​ര​സ​മ​മാം മു​ഖ​ത്തി​ലും തൽ-
ക്കു​ശ​ല​മി​ളാ​പ​തി നേ​ത്ര​മാ​പ​തി​ച്ചു.
രു​ചി​ജല പരിപൂർണ്ണനാഭിവാപീ-​
രചി​ത​നി​മ​ജ്ജ​ന​മ​ക്ഷ​മാ​ഭൃ​ദ​ക്ഷീ
രു​ചി​ര​വ​ലി കലർ​ന്ന മദ്ധ്യ​ദേ​ശേ
സു​ചി​ര​മ​ണ​ഞ്ഞു രസി​ച്ചു വാ​ണു​പോ​യി.
വര​കു​ച​ക​ല​ശ​ത്തിൽ​നി​ന്നു ചാടി-
ത്ത​ര​മൊ​ടു കണ്ഠ​മ​തിൽ​ക്ക​ട​ന്നു​കൂ​ടി
പര​മി​ട​യിൽ മറി​ഞ്ഞ, ഞാ​ണി​ലേ​റും
നര​നു​ടെ മട്ടു, നൃ​പാ​ക്ഷി സം​ഭ്ര​മി​ച്ചു.

പതി​മൂ​ന്നാം​സർ​ഗ്ഗ​ത്തിൽ രാ​ജാ​വു മോ​ഹി​നി​ക്കു് വശ​പ്പെ​ട്ടു്,

‘ഹരി​ണാ​ക്ഷി നി​ന്റെ ഹി​ത​മേ​തു​മേഷ ഞാൻ
ഹരി​യാണ സത്യ​മു​ട​നേ നട​ത്തി​ടാം.’

എന്നൊ​രു വരവും കൊ​ടു​ത്തി​ട്ടു് അവളെ വി​വാ​ഹം കഴി​ക്കു​ന്ന​തും അവ​ളോ​ടു​കൂ​ടി മന്ദ​ര​പർ​വ​ത​ത്തിൽ രമി​ക്കു​ന്ന​തും വർ​ണ്ണി​ക്കു​ന്നു.

കള​ക​ങ്ക​ണോ​ത്ഥ​ര​ണി​താ വിവാഹമം-​
ഗള​വാ​ദ്യ​മാ​യി, മല​ത​ന്നെ പന്ത​ലാ​യ്
പു​ള​ക​ങ്ങൾ മൂ​ടു​പ​ട​മാ​യ്ത്ത​ദാ സുകോ-
മളമായ വേ​ളി​യു​ട​നേ നട​ന്നു​തേ.

പതി​ന്നാ​ലാം സർ​ഗ്ഗ​ത്തിൽ മോ​ഹി​നി​യു​ടെ ഹി​താ​നു​സ​ര​ണം രാ​ജാ​വു് രാ​ജ്യ​ത്തി​ലേ​ക്കു മട​ങ്ങു​ന്നു. സന്ധ്യാ​വ​ലി അവരെ യഥോ​ചി​തം സല്ക്ക​രി​ക്കു​ന്നു.

“കാ​ന്തൻ കാ​മി​ച്ച​ന്യ​യെ​ക്കൈ​പി​ടി​ച്ചാൽ
ശാ​ന്ത​സ്ത്രീ​യും കോ​പ​താ​പ​ങ്ങൾ തേടും.”

എന്നാൽ,

“സ്വാ​ന്തം തന്നിൽ തത്ര സന്ധ്യാവലിക്ക-​
ശ്രാ​ന്തം പ്രേ​മ​പ്രീ​തി ഭാരം ഭവി​ച്ചു.”
പു​ഷ്ട​ശ്രീ​യാം ജ്യോ​ത്സ്ന​യും രാ​ത്രി​താ​നും
സ്പ​ഷ്ടം നൽ​ത്താർ​പൊ​യ്ക​യും ഭാ​നു​ഭാ​സ്സും
ദി​ഷ്ട​ത്വം വിട്ടേറ്റമൊന്നിച്ചപോവ-​
ന്നി​ഷ്ട​പ്പെ​ട്ടാർ മോ​ഹി​നീ​രാ​ജ്ഞി​മാ​രും.

അങ്ങ​നെ രാ​ജാ​വു്,

ഗം​ഗാ​ഗൗ​രീ​കാ​ന്ത​നെ​പ്പോ​ലെ​യും ഭൂ-
സം​ഗാ​സ​ക്തൻ ശ്രീ​ശ​നെ​പ്പോ​ലെ​യും താൻ
ഭം​ഗാ​പേ​തം മോ​ഹി​നീ​രാ​ജ്ഞി​മാ​രാൽ
വൻ ഗാർ​ഹ​സ്ഥ്യം പൂ​ണ്ടു ഭൂപൻ രമി​ച്ചു.

അപ്പോൾ ഏകാ​ദ​ശി​യും അടു​ക്കു​ന്നു.

ശ്രീ​കാ​ന്തൻ തൻ വാ​സ​ര​ത്തിൽ തലേന്നാ-​
ളേ​കാ​ന്ത​ത്തിൽ ശു​ദ്ധ​നാ​യ​ദ്ധ​രേ​ശൻ
ശോ​കാ​ന്ത​ത്തെ​ച്ചേർ​ത്തി​ടും വി​ഷ്ണു​രൂ​പം
ഹാ! കാ​ന്താ​ദി ശ്ര​ദ്ധ​വി​ട്ടോർ​ത്തു വാണാൻ.

ഏകാ​ദ​ശീ​വ്ര​തം യഥാ​വി​ധി അദ്ദേ​ഹം അനു​ഷ്ഠി​ക്കു​ന്നു. ഇങ്ങ​നെ മൂ​ന്നു​കൊ​ല്ലം കഴി​യു​ന്നു.

അന്നി​മ്മ​ട്ടിൽ പോകവേ ശുക്ലപക്ഷം-​
തന്നിൽ​ച്ചാ​ന്ദ്ര​ശ്രീ​യെ​ഴും വൃ​ശ്ചി​ക​ത്തിൽ
മന്നിൽ ശ്രേ​ഷ്ഠം വി​ഷ്ണു​തൻ​വാ​സ​രം താ-
നത്ത​ന്വി​ക്കു​ള്ളിൽ ക്രൗ​ര്യ​മോ​ടൊ​പ്പ​മെ​ത്തി.

അതി​നാൽ അവൾ രാ​ജ​സ​ന്നി​ധി​യിൽ ചെ​ന്നു്,

മാ​സം​തോ​റും രണ്ടു ശു​ദ്ധോ​പ​വാ​സം
ഹാസം പാർ​ത്താൽ വ്യർ​ത്ഥ​മാ​യ് ചെ​യ്തു നാഥൻ
ഹാ! സന്താ​പം തൻ വപു​സ്സി​ന്നു ചേർത്തു-​
ച്ഛ ്വാ​സ​ക്ലേ​ശം കു​ണ്ഠ​നാ​യ് പൂ​ണ്ടി​ടു​ന്നു.
നേ​രാ​ണോ​താം നോൻപു നോറ്റിങ്ങിരുന്നാ-​
ലാ​രാ​ണേ​റ്റം പ്രീ​ത​നാ​യ് ഭൂതി ചേർ​പ്പോൻ
സൂ​രാ​ത​ങ്കം പാരമഭ്രാളിപോലുൾ-​
ത്താ​രാ​ട്ടും ഭൂ​ഭൃ​ദ്വ്ര​തം ഞാൻ മു​ട​ക്കും?

എന്നു പറ​യു​ന്നു. രാ​ജാ​വാ​ക​ട്ടെ,

ചതി​യെ​ന്നി​തു കഷ്ട​മ​നാ​ര്യ​മ​യേ
പതി​ദേ​വത നീ കരു​തീ​ട​രു​തെ.

എന്നു ഉപ​ദേ​ശി​ക്കു​ന്നു.

അടു​ത്ത രണ്ടു സർ​ഗ്ഗ​ങ്ങ​ളിൽ വസു​ദ​ന്തോ​പാ​ഖ്യാ​ന​മാ​ണു് കഥാ​വി​ഷ​യം. ഭർ​ത്താ​വി​നു ഹി​ത​മ​ല്ലാ​ത്ത​തൊ​ന്നും ചെ​യ്തു​പോ​ക​രു​തെ​ന്നു മോ​ഹി​നി​ക്കു് മന​സ്സി​ലാ​ക്കി​ക്കൊ​ടു​പ്പാ​നാ​ണു് ഈ കഥ പറ​ഞ്ഞു കേൾ​പ്പി​ക്കു​ന്ന​തു്. എന്നാൽ അതൊ​ന്നും അവളിൽ ഫലി​ക്കു​ന്നി​ല്ല.

പതി​നേ​ഴാം​സർ​ഗ്ഗ​ത്തിൽ മോ​ഹി​നി രാ​ജ​ദ​ത്ത​മായ വരം ആവ​ശ്യ​പ്പെ​ടു​ന്ന​തും, അവർ തമ്മി​ലു​ണ്ടായ വാ​ദ​പ്ര​തി​വാ​ദ​വും വി​വ​രി​ച്ചി​രി​ക്കു​ന്നു.

പതി​നെ​ട്ടാം​സർ​ഗ്ഗ​ത്തിൽ താൻ വ്രതം മു​ട​ക്കു​ക​യി​ല്ലെ​ന്നും വേറെ ഏതു വരം ആവ​ശ്യ​പ്പെ​ട്ടാ​ലും തന്നു​കൊ​ള്ളാ​മെ​ന്നും രാ​ജാ​വു് പറ​യു​ന്നു. അപ്പോൾ അവൾ,

തടി​ച്ചി​ടും ഗു​ണ​മി​യ​ലും സ്വപുത്രനെ-​
പ്പി​ടി​ച്ചു തജ്ജ​ന​നി​യു​മ​ത്ര കാൺ​ക​വേ
മടി​ക്കു​മേൽ ഝടിതി കി​ട​ത്തി വാ​ളി​നാൽ
മടി​ക്കൊ​ലാ ഗളമയി നീ മു​റി​ക്ക​ണം.
അഴു​ക്കെ​ഴും വ്ര​ത​പ​രി​നി​ഷ്ഠ, ചാപലം
മു​ഴു​ത്തി​ടും, കിതവ! മു​ട​ക്കി​ടേ​ണ്ട നീ
കൊ​ഴു​ത്ത സദ്ഗു​ണ​മി​യ​ലും സു​ത​ന്റെ നൽ-
ക്ക​ഴു​ത്തിൽ നി​ന്ന​സി പെ​രു​മാ​റി​യാൽ മതി.

എന്നു പറ​യു​ന്നു. അതു​കേ​ട്ടു്,

കന​ത്ത​തീ​ക്ക​ന​ലി​ല​ലം പഴു​ത്തി​ടും
ഘന​പ്ര​ഭം​ശി​ത​ത​ര​ശൂ​ല​മെ​ന്ന​പോൽ
നി​ന​ച്ചി​ടാ​ത്തൊ​രു കടു​വാ​ക്യ​മേ​റ്റു സ-
ജ്ജ​ന​പ്രി​യൻ നൃപതി വി​റ​ച്ചു നിർ​ഭ​രം.

എന്നു​മാ​ത്ര​മ​ല്ല,

മഹാ​ര​ഥൻ മഹി​യ​തിൽ മോ​ഹി​നീ​വ​ചഃ
പ്ര​ഹാ​ര​മേ​റ്റു​ട​ന​ടി വീണു മൂർ​ച്ഛി​തൻ
സഹാ​സ​മാ വധു​വ​തു നോ​ക്കി വാണു ഹാ;
സു​ഹാർ​ദ്ദ​മ​റ്റൊ​രു വധു കാ​ള​രാ​ത്രി​താൻ.

അദ്ദേ​ഹം പു​ത്ര​നെ ഒരി​ക്ക​ലും വധി​ക്ക​യി​ല്ലെ​ന്നു പറ​ഞ്ഞ​പ്പോൾ, മോ​ഹി​നി ചൊ​ടി​ക്കു​ന്നു. തത്സ​മ​യം സന്ധ്യാ​വ​ലി​യും പു​ത്ര​നും വന്നു് സത്യ​ത്തിൽ നി​ന്നു് വ്യ​തി​ച​ലി​ക്കു​ന്ന​തു പാ​പ​മാ​ണെ​ന്നു പറ​യു​ന്നു.

പത്തൊൻ​പ​താം​സർ​ഗ്ഗ​ത്തിൽ രാ​ജാ​വു് മഹാ​വി​ഷ്ണു​വി​നെ വി​ളി​ച്ചു കര​ഞ്ഞു​കൊ​ണ്ടു് തന്റെ കു​ട്ടി​യെ വെ​ട്ടാൻ ഭാ​വി​ക്കു​ന്ന​തും വി​ഷ്ണു​ഭ​ഗ​വാൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തും വി​വ​രി​ക്കു​ന്നു.

മഹാ​വി​ഷ്ണു​വി​ന്റെ കേ​ശാ​ദി​പാ​ദ​വർ​ണ്ണന വളരെ ഭം​ഗി​യാ​യി​ട്ടു​ണ്ടു്. മഹാ​വി​ഷ്ണു രാ​ജാ​വി​ന്റെ സ്തു​തി​യാൽ പ്ര​സ​ന്ന​നാ​യി​ട്ടു്,

‘രമാധി’കാ​സ്മൽ പ്ര​ണ​യം​പെ​ടും ഹേ!
ക്ഷ​മാ​ധവ! ത്വൽ​പ്രി​യ​പ​ത്നി​യോ​ടും
കു​മാ​ര​നോ​ടും കൃ​തി​യാം ഭവാനേ
മമാ​ല​യ​ത്തി​ങ്കൽ നയി​ച്ചി​ടു​ന്നേൻ.’

എന്ന​രു​ളി​ച്ചെ​യ്തി​ട്ടു്, അവരെ,

ഉദാ​ര​മാം പത്രി രഥ​ത്തി​ലേ​റ്റി
സദാരപുത്രക്ഷിതിഭൃത്തൊടൊത്ത-​
ഗ്ഗ​ദാ​ധ​രൻ ദ്യോ​വ​തി​ലുൽ​പ​തി​ച്ചു.

വ്യു​ല്പ​ത്തി സമ്പാ​ദി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹ​മു​ള്ള​വർ​ക്കു് അത്യ​ന്തം പ്ര​യോ​ജ​കീ​ഭ​വി​ക്കു​ന്ന ഒരു വി​ശി​ഷ്ട​കാ​വ്യ​മാ​ണി​തു്. സം​സ്കൃ​ത​ത്തിൽ മാ​ഘ​ത്തി​നു​ള്ള സ്ഥാ​നം ഭാ​ഷ​യിൽ ഇതിനു കല്പി​ക്കാം. തമ്പു​രാ​ന്റെ കവിത വാ​യി​ക്കു​മ്പോൾ, മീ​ശ​യു​ടെ രത്ന​ച്ചു​രു​ക്കം എന്നു തോ​ന്നും​വി​ധം പൊ​ടി​മീശ വച്ചു് മു​ഖ​ക്ഷൗ​രം ചെ​യ്തി​ട്ടു്, വി​സ്ത​രി​ച്ചു കു​ളി​ച്ചു​വ​ന്നു്, ശു​ഭ്ര​വ​സ്ത്ര​വും ധരി​ച്ചു്, കണ്ണാ​ടി​യു​ടെ മുൻ​പിൽ ഒരു മണി​ക്കൂർ​നേ​രം ചെ​ല​വ​ഴി​ച്ചു് തല​മു​ടി കോ​തി​മി​നു​ക്കി, സി​ന്ദൂ​ര​പ്പൊ​ട്ടും പൊ​ട്ടി​ന്മേൽ പൊ​ട്ടും​തൊ​ട്ടു്, ആർ​ക്കും ഒരു കു​റ്റ​വും പറ​യാ​നി​ല്ലാ​ത്ത​മ​ട്ടിൽ സു​വേ​ഷ​നാ​യി വെ​ളി​യിൽ വരു​ന്ന പച്ച​ര​സി​ക​ക്കു​ട്ട​ന്റെ ഓർമ്മ ഉണ്ടാ​വാ​തി​രി​ക്ക​യി​ല്ല.

സി. പി. അച്യു​ത​മേ​നോൻ ബി. ഏ.

വട​ക്കേ​ക്കു​റു​പ്പ​ത്തു വലിയ കു​ഞ്ഞൻ​മേ​നോൻ അവർ​ക​ളു​ടെ പു​ത്ര​നാ​യി​രു​ന്നു. അതി​ശോ​ഭ​ന​മായ വി​ദ്യാ​ഭ്യാ​സ​ജീ​വി​തം 1060-ൽ അവ​സാ​നി​ച്ചു. ബി. ഏ. പരീ​ക്ഷ​യ്ക്കു സം​സ്കൃ​ത​ത്തിൽ ഒന്നാ​മ​താ​യി ജയി​ച്ച​തി​നാൽ കൊ​ച്ചി​യി​ലെ കൊ​ച്ചു​ത​മ്പു​രാ​ക്ക​ന്മാ​രു​ടെ ഗു​രു​വാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. ഇങ്ങ​നെ വാ​ഴ്ച​യൊ​ഴി​ഞ്ഞ വലി​യ​ത​മ്പു​രാൻ എന്നു് അറി​യ​പ്പെ​ടു​ന്ന പ്രൗഢ വി​ദ്വാ​ന്റെ ഗു​രു​സ്ഥാ​നം വഹി​ക്കു​ന്ന​തി​നു് അദ്ദേ​ഹ​ത്തി​നു ഭാ​ഗ്യ​മു​ണ്ടാ​യി. ആ തമ്പു​രാൻ മഹാ താർ​ക്കി​ക​നും രാ​ജ്യ​ത​ന്ത്ര​ജ്ഞ​ന്മാ​രിൽ അഗ്ര​ഗ​ണ്യ​നും ആയി​രു​ന്നു. ഈ ഉദ്യോ​ഗ​ത്തിൽ അധി​ക​കാ​ലം ഇരി​ക്കാൻ ഇടം​വ​രും​മു​മ്പു് അച്യു​ത​മേ​നോൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്റെ സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1065-ൽ വി​ദ്യാ​വി​നോ​ദി​നി എന്ന മാസിക ആരം​ഭി​ച്ച​പ്പോൾ പത്രാ​ധി​പ​ത്യം വഹി​ച്ച​തു് അദ്ദേ​ഹ​മാ​യി​രു​ന്നു. കേ​ര​ള​ത്തിൽ ഇന്നാൾ വരെ​യു​ണ്ടാ​യി​ട്ടു​ള്ള മാ​സി​ക​ക​ളിൽ അഗ്ര്യ​സ്ഥാ​നം വി​ദ്യാ​വി​നോ​ദി​നി​ക്കു കല്പി​ക്കാം. ഓരോ ലക്ക​വും വിവിധ വി​ഷ​യ​ങ്ങ​ളെ അധി​ക​രി​ച്ചു് എഴു​ത​പ്പെ​ട്ട പ്രൗ​ഢ​വി​ഷ​യ​ക​ങ്ങ​ളായ ലേ​ഖ​ന​മാല അണി​ഞ്ഞു് യഥാ​കാ​ലം പു​റ​ത്തു വരാ​റു​ണ്ടാ​യി​രു​ന്നു. ലേ​ഖ​ന​ങ്ങ​ളിൽ ഒട്ടു വള​രെ​യെ​ണ്ണം അച്യു​ത​മേ​നോൻ​ത​ന്നെ എഴു​തി​യ​താ​യി​ട്ടാ​ണു് അറി​വു്. അവയിൽ പലതും ബി. വി​ക്കാ​രു​ടെ ഗദ്യ​മാ​ലിക വഴി​ക്കു് പു​നഃ​പ്ര​സാ​ധി​ത​ങ്ങ​ളാ​യി​ട്ടു​മു​ണ്ടു്.

വി​ദ്യാ​വി​നോ​ദി​നി​യു​ടെ പു​സ്ത​ക​നി​രൂ​പ​ണം ഉത്ത​മ​വി​മർ​ശ​ന​ത്തി​നു മാ​തൃ​ക​യാ​യി​രു​ന്നു. ആരുടെ കൃ​തി​യാ​യി​രു​ന്നാ​ലും ന്യൂ​ന​ത​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ വി​നോ​ദി​നി വിടുക പതി​വി​ല്ലാ​യി​രു​ന്നു. എന്നാൽ ഗു​ണ​ങ്ങ​ളെ പ്ര​ശം​സി​ക്കു​ന്ന വി​ഷ​യ​ത്തിൽ പൗ​രോ​ഭാ​ഗ്യം അവ​ലം​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല​താ​നും.

1067-ൽ കൊ​ല്ലം നാ​രാ​യ​ണ​പി​ള്ള എന്ന പ്ര​സി​ദ്ധ നട​ന​ക​കേ​സ​രി​യു​ടെ നാ​ട​കാ​ഭി​ന​യം കണ്ടു് സന്തു​ഷ്ട​നായ അച്യു​ത​മേ​നോൻ ചാ​ത്തു​ക്കു​ട്ടി മന്നാ​ടി​യാ​രു​ടെ ഒത്താ​ശ​യോ​ടു​കൂ​ടി വി​നോ​ദ​ചി​ന്താ​മ​ണി എന്നൊ​രു നാ​ട​ക​സ​മി​തി സമാ​രം​ഭി​ച്ചു. ആ സമിതി ശാ​കു​ന്ത​ളം ഭം​ഗി​യാ​യി അഭി​ന​യി​ക്ക​യും, ഉത്തര രാ​മ​ച​രി​തം തർ​ജ്ജമ ചെ​യ്വാൻ നി​യു​ക്ത​നായ മന്നാ​ടി​യാൽ എന്തോ കാ​ര​ണ​വ​ശാൽ പി​ണ​ങ്ങി​യി​രി​ക്ക​യാൽ അതി​ലേ​ക്കു ഒരു കവി​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ സം​ഘ​ത്തിൽ നടു​വ​ത്തു മഹൻ, കു​ണ്ടൂർ, വെ​ണ്മ​ണി​മ​ഹൻ, കാ​ത്തു​ള്ളി, കൂ​നേ​ഴു​ത്തു പര​മേ​ശ്വ​ര​മേ​നോൻ മു​ത​ലായ കവി​മ​ന്ന​ന്മാർ ഉൾ​പ്പെ​ട്ടി​രു​ന്നു. ഈ സമിതി പ്ര​സി​ദ്ധ​പ്പെ​ടു​ത്തിയ ഉത്ത​ര​രാ​മ​ച​രി​ത​ത്തിൽ അധി​ക​ഭാ​ഗ​വും സി. പി. അച്യു​ത​മേ​നോ​ന്റേ​താ​യി​രു​ന്നു​വെ​ന്നാ​ണു് എന്റെ അറി​വു്. കു​ണ്ടൂ​രും സി. പി. അച്യു​ത​മേ​നോ​നും​കൂ​ടി ആ പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു് എഴു​തിയ പീ​ഠി​ക​യിൽ ഇപ്ര​കാ​രം പറ​ഞ്ഞു​കാ​ണു​ന്നു.

“വി​നോ​ദ​ചി​ന്താ​മ​ണി നാ​ട​ക​സ​ഭ​യു​ടെ ആവ​ശ്യ​ത്തി​നാ​യി വേറെ ചി​ല​രു​ടെ സഹാ​യ​ത്തോ​ടു​കൂ​ടി തർ​ജ്ജമ ചെ​യ്യ​പ്പെ​ട്ട​താ​ണു് ഈ നാടകം. ഒരു സം​ഗ​തി​വ​ശാൽ സഭ​ക്കാർ വളരെ അടി​യ​ന്തി​ര​മാ​യി ആവ​ശ്യ​പ്പെ​ട്ട​തി​നാൽ ഇതു് നന്നേ ധൃ​തി​പ്പെ​ട്ടു് എട്ടു പത്തു ദി​വ​സം​കൊ​ണ്ടു് ഭാ​ഷാ​ന്ത​ര​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നു.”

മന്നാ​ടി​യാ​രു​ടെ തർ​ജ്ജമ കു​റ​ച്ചു കഴി​ഞ്ഞാ​ണു് വെ​ളി​ക്കു വന്ന​തു്. അതി​ന്റെ പ്ര​സ്താ​വ​ന​യിൽ കാ​ണു​ന്ന ചില വാ​ക്കു​ക​ളിൽ നി​ന്നു് ആദ്യ​കൃ​തി​യു​ടെ കർ​ത്തൃ​ത്വ​ത്തെ​പ്പ​റ്റി ചില സം​ശ​യ​ങ്ങൾ ജനി​ച്ചേ​ക്കാം. ഏതാ​യി​രു​ന്നാ​ലും ഏതോ ഒരു കലശൽ ഇവർ ഇരു​കൂ​ട്ട​രും തമ്മിൽ ഉണ്ടാ​യി എന്നു​ള്ള​തു വ്യ​ക്ത​മാ​ണു്. മന്നാ​ടി​യാ​രു​ടെ ഉത്ത​ര​രാ​മ​ച​രി​ത​ത്തി​ലെ ആ ഭാ​ഗം​കൂ​ടി ഇവിടെ ഉദ്ധ​രി​ച്ചു കൊ​ള്ള​ട്ടെ.

സൂത്ര:
ഭാ​ഷാ​ന്ത​ര​പ്പെ​ടു​ത്തീ​ട്ടു​ള്ള ഉത്ത​ര​രാ​മ​ച​രി​ത​ത്തെ അഭി​ന​യി​ക്ക​ണ​മെ​ന്നു് ഈ സാ​മാ​ജി​ക​ന്മാർ ആജ്ഞാ​പി​ക്കു​ന്നു.
നടി:
ഈ നാ​ട​ക​ത്തേ​യും ഭാ​ഷാ​ന്ത​ര​പ്പെ​ടു​ത്തീ​ട്ടു​ണ്ടോ?
സൂത്ര:
ഉണ്ടു്. ആ പു​സ്ത​കം എനി​ക്കു കി​ട്ടീ​ട്ടു​മു​ണ്ടു്.
നടി:
എന്നാ​ലെ​ന്തു​കൊ​ണ്ടാ​ണു് ആര്യൻ ഈ കഥ എന്നേ​ക്കൂ​ടി അറി​യി​ക്കാ​തി​രു​ന്ന​തു്?
സൂത്ര:
ആര്യേ! ഞാൻ പറയാം. ഒരു മഹാ​സ​ഭ​യിൽ വച്ചു് അഭി​ന​യി​ക്കു​ന്ന​തി​നു മു​മ്പാ​യി ഈ പു​സ്ത​ക​ത്തെ സം​ബ​ന്ധി​ച്ചു​ള്ള യാ​തൊ​രു സം​ഗ​തി​യും ആരെ​യും അറി​യി​ച്ചു പോ​ക​രു​തെ​ന്നു് ആ കവി എന്നോ​ടു പ്ര​ത്യേ​കം ആവ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.
നടി:
ആര്യ! ഇതി​നു​ള്ള കാ​ര​ണ​മെ​ന്താ​യി​രി​ക്കും?
സുത്ര:
ആര്യേ! കേ​ട്ടാ​ലും.
സീ​താ​ദേ​വി​യെ രാ​ക്ഷ​സേ​ന്ദ്ര​ന​തു​പോ​ലി​ഗ്ര​ന്ഥ​വും വ്യാജമാ-​
യേ​താ​നും ചി​ല​രോ​ടു ചേർ​ന്നൊ​രു പുമാൻ തങ്ക​യ്ക്ക​ലാ​ക്കീ​ടി​നാൻ.
നടി:
ഇതു​കൊ​ണ്ടെ​ന്താ​ണു്? അതു് അന്യ​ന്റേ​താ​കു​മോ?
സൂത്ര:
അങ്ങ​നെ വി​ചാ​രി​ച്ചി​ട്ട​ല്ല.
പി​ന്നെ​ത്ത​ന്നു​ടെ​യാ​ക്കു​വാ​മ്പ​ദ​മ​തിൽ ചേർ​ത്തീ​ടി​ലോ നിന്ദ്യമാ-​
യെ​ന്നും സീ​ത​യെ​യെ​ന്ന​പോ​ലി​തി​നെ​യും ശങ്കി​ക്കു​മ​ല്ലോ ജനം.

എന്നു ഭയ​പ്പെ​ട്ടി​ട്ടാ​ണു്.”

ഇവിടെ ‘ഒരു പുമാൻ’ എന്ന പദം​കൊ​ണ്ടു് സി. പി. അച്യു​ത​മേ​നോ​നെ​യാ​ണു് സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പ്ര​ത്യ​ക്ഷ​മാ​ണ​ല്ലോ.

ഈ നാടകം വഴി​ക്കു് രണ്ടു കക്ഷി​കൾ ആവിർ​ഭ​വി​ക്ക​യും അവർ തമ്മിൽ ദീർ​ഘ​കാ​ല​ത്തേ​ക്കു് ഒരു​മാ​തി​രി ലേ​ഖ​ന​സ​മ​രം നട​ന്നു​കൊ​ണ്ടി​രി​ക്ക​യും ചെ​യ്തു. സി. പി​യു​ടെ ഉത്ത​ര​രാ​മ​ച​രി​തം 1067 മീനം 20-ാം തീ​യ​തി​യും, മന്നാ​ടി​യാ​രു​ടേ​തു് 1067 മി​ഥു​നം 3-ാം തീ​യ​തി​യു​മാ​ണു് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​തു്. അതി​നാൽ മന്നാ​ടി​യാർ നാലോ അഞ്ചോ വർ​ഷം​കൊ​ണ്ടാ​ണു് തർ​ജ്ജമ ചെ​യ്ത​തെ​ന്നു മി: വി. കെ. രാ​മൻ​മേ​നോൻ പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​തു ശരി​യാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല. ഒരു സംഗതി പറ​ഞ്ഞേ​തീ​രു. മന്നാ​ടി​യാ​രു​ടെ തർ​ജ്ജ​മ​യ്ക്കു​ള്ള പ്ര​ചാ​രം അതിനു സി​ദ്ധി​ച്ചി​ട്ടി​ല്ല. ഓരോ​ന്നിൽ നി​ന്നും ഏതാ​നും പദ്യ​ങ്ങ​ളെ ഉദ്ധ​രി​ക്കാം.

ചൂ​ടേ​റ്റി​ട്ടൊ​ട്ടു ഞെ​ട്ട​റ്റ​ലർ​നി​ര​യെ മദി-
ച്ചാന ഗണ്ഡ​ങ്ങൾ തേച്ചി-​
ട്ടാ​ടു​മ്പോ​ളാ​ശു ഗോ​ദാ​വ​രി​യി​ലിഹ പൊഴി-
ക്കു​ന്നു തീ​ര​ദ്രു​മ​ങ്ങൾ
കൂ​ടേ​റി പ്രാ​വു പൂ​ങ്കോ​ഴി​കൾ കരയുമിവ-​
റ്റി​ന്റെ തോലിൽ ചരി​ക്കും
കീ​ട​ത്തെ​ച്ചെ​ന്നു കൊ​ത്തു​ന്നി​തു നിഴലിലിരു-​
ന്നൂ​ഴി മാ​ന്തും ഖഗ​ങ്ങൾ ചാ. മ.
മത്തേ​ഭേ​ന്ദ്രൻ തരി​ക്കും കടമുടനുരസു-​
മ്പോൾ പ്ര​ക​മ്പി​ക്ക​യാൽ വൈ-
ലത്തൊ​പ്പം ഞെട്ടിവിട്ടിട്ടുതിരുമണിസുമം-​
കൊ​ണ്ടു ഗോ​ദാ​വ​രി​ക്കാ​യ്
ഒത്തർ​ച്ചി​ക്കു​ന്നു ചി​ക്കി​പ്പു​ഴു​വി​നെ നിഴലി-​
ല്പ​ക്ഷി കൊ​ത്തു​ന്ന തോലൊ-
ത്താർ​ത്ത്യാ പൂ​ങ്കോ​ഴി മാടപ്പിടകൾകരയുമാ-​
ത്തീ​ര​നീ​ഡ​ദ്രു​മ​ങ്ങൾ. സി. പി.
വീ​ണീ​ടും ഹരി​ച​ന്ദ​ന​ത്ത​ളി​ര​തിൽ നീരോ? കശക്കിപ്പിഴി-​
ഞ്ഞേ​ണാ​ങ്ക​ന്റെ കര​ങ്ങ​ളെ ദ്രു​ത​മൊ​ഴി​ച്ചീ​ടു​ന്ന നൽ​ധാ​ര​യോ?
വേവും ജീ​വ​മ​ന​സ്സു​കൾ​ക്കു പര​മാ​ന​ന്ദ​ത്തെ നല്കി​ദ്രു​തം
ജീ​വി​പ്പി​ക്കു​മൊ​രൗ​ഷ​ധീ​ര​സ​മ​തോ മാ​റ​ത്തു ചേ​രു​ന്നു​മേ? ചാ. മ.
മന്ദ​മി​ന്നു ഹരി​ച​ന്ദ​ന​ത്ത​ളി​ര​തി​ന്റെ നീരിഹ പൊ​ഴി​ക്ക​യോ?
ചന്ദ്ര​ര​ശ്മി​യു​ടെ കാ​ത​ല​മ്പൊ​ടു പി​ഴി​ഞ്ഞു മെ​യ്യി​തു നന​യ്ക്ക​യോ?
തന്നെ വാ​ടി​യൊ​രു ജീ​വ​വൃ​ക്ഷ​മ​തി​നി​ങ്ങു തൃപ്തിയുതകിത്തളി-​
ർക്കു​ന്ന​തി​ന്നൊ​രു മരു​ന്നു മാ​ന​സ​മ​തിൽ തെ​ളി​ഞ്ഞിഹ തളി​ക്ക​യോ? സി. പി.
മു​മ്പേ താ​ന​ക്കി​ടാ​വേ സ്വ​ക​ര​ക​ലി​ത​മാം സല്ലകീപല്ലവത്തെ-​
ത്തു​മ്പി​ക്ക​യ്യാ​ട്ടി​യെ​ത്തു​ന്ന​ള​വ​വ​നിജ താ​നേ​കി നന്നാ​യ് വളർ​ത്തി
അം​ഭ​സ്സിൽ കാ​ന്ത​യോ​ടും കു​തു​ക​മൊ​ടു കളി​ക്കു​ന്ന​നേ​രം മദ​ത്താൽ
വമ്പൻ കും​ഭീ​ന്ദ്ര​ന​ന്യൻ ദ്രു​ത​മ​വ​നെ​യെ​തിർ​ക്കു​ന്നു​വ​ന്നെ​ത്തി​മു​ന്നിൽ ചാ. മ.
സീ​താ​ദേ​വി കനി​ഞ്ഞു കൈത്തളിരുകൊണ്ടീന്തൽക്കുരുന്നുംകൊടു-​
ത്തേ​താ​നും കളി കണ്ടു പോ​റ്റി​യൊ​രു​കൊ​ച്ചാ​ന​ക്കി​ടാ​വ​ല്ല​യോ?
ജാ​തോ​ല്ലാ​സ​മി​ണ​ങ്ങി​ടും പി​ടി​യൊ​ടൊ​ത്താ​റ്റിൽ കുളിക്കുമ്പൊള-​
ങ്ങേ​തോ മറ്റൊ​രു മത്ത​ഹ​സ്തി​യ​തി​നെ​ക്കു​ത്താ​ന​ടു​ക്കു​ന്നി​താ. സി. പി.
തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ-​
ത്തെല്ലൊതുക്കുന്നതിന്നാ-​
യു​ള്ള​ത്തിൽ​ത്തൽ​ക്ഷ​ണം ഞാൻ പല​വി​ധ​മിഹ ചെ-
യ്യു​ന്ന യത്ന​ത്തെ​യെ​ല്ലാം
വെ​ള്ള​ത്തിൻ വേ​ഗ​മേ​റും ഗതി മണലണയെ-​
ത്തട്ടിനീക്കുന്നപോലെ-​
ത്ത​ള്ളി​ത്ത​ള്ളി​പ്പ​ര​ക്കു​ന്നി​തു ബത വലുതാ-​
യൊരു ചേ​തോ​വി​കാ​രം. ചാ. മ.
വല്ലാ​ഭേ കണ്ടുനില്ലാതിളകിമറിയുമ-​
ള്ളൊന്നുറപ്പിപ്പതിന്നെ-​
ന്തെ​ല്ലാം പാരം പണി​പ്പെ​ട്ട​ട​ന​ക​മ​തിൽ ഞാൻ
ചെ​യ്വ​തെ​ന്നാ​ല​തെ​ല്ലാം
തള്ളി​ബ്ഭേ​ദി​ച്ചു കേ​റു​ന്നി​തു വലി​യൊ​രു ചേ-
തോ​വി​കാ​രം ബല​ത്തിൽ
തള്ളി​ച്ചാ​ടും ജലം മൺചിറയതിനെയൾ-​
ക്കു​ത്തി​നാ​ലെ​ന്ന​പോ​ലെ. സി. പി.

ഇവർ തമ്മി​ലു​ള്ള മത്സ​ര​ത്തിൽ കയ്ക്കു​ള​ങ്ങര രാ​മ​വാ​രി​യർ, കൊ​ച്ചി ഒന്നാം​മു​റ​ത്ത​മ്പു​രാൻ (കേ​ര​ള​വർ​മ്മ), ചന്തു​മേ​നോൻ മു​തൽ​പേർ മന്നാ​ടി​യാ​രു​ടെ കക്ഷി​യാ​യി​രു​ന്നു. ഇള​യ​ത​മ്പു​രാൻ തി​രു​മ​ന​സ്സു​കൊ​ണ്ടു് കൊ​ടു​ത്ത സർ​ട്ടി​ഫി​ക്ക​റ്റിൽ,

“പി​ന്നെ​ത്തേ​തിൽ മാർ​ദ്ദ​വ​മു​ള്ള ചോ​റ്റിൽ കഠി​ന​ങ്ങ​ളായ കല്ലു​കൾ കടി​ച്ചാ​ല​ത്തെ അസ​ഹ്യ​ത​പോ​ലെ മൃ​ദു​വും സര​ള​വു​മായ ഭാ​ഷ​ക​ളു​ടെ ഇട​യ്ക്കു് ആദി​വൃ​ദ്ധി​യും ഭാ​വ​പ്ര​ത്യ​യ​വും ചേർ​ന്ന പദ​ങ്ങ​ളെ​ക്കൊ​ണ്ടു വാ​യ​ന​ക്കാർ​ക്കു​ണ്ടാ​കു​ന്ന കർ​ണ്ണ​ശൂ​ല​യും കടി​ച്ചു​മു​റി​ക​ളും പാ​ദ​പൂ​ര​ണ​ത്തി​നും പ്രാ​സ​ങ്ങൾ​ക്കും മാ​ത്ര​മാ​യി ചെ​യ്യു​ന്ന​തും അനർ​ത്ഥ​ങ്ങ​ളു​മായ ഗോ​ഷ്ടി​ക​ളും ഉത്ത​ര​രാ​മ​ച​രി​ത​ത്തി​ന്റെ ഈ തർ​ജ്ജ​മ​യിൽ ഇല്ലാ​ത്ത​തി​നാൽ വാ​യി​ക്കു​വാൻ വളരെ സു​ഖ​മാ​യി​രി​ക്കു​ന്നു.” എന്ന ഭാഗം സി. പി. അച്യു​ത​മേ​നോ​നാൽ പ്ര​സാ​ധി​ത​മായ തർ​ജ്ജ​മ​യെ ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​താ​ണെ​ന്നു് ‘ഈ തർ​ജ്ജമ’ പദം​കൊ​ണ്ടു തോ​ന്നി​ച്ചേ​ക്കാ​മെ​ങ്കി​ലും അതു ചെ​ന്നു പറ്റു​ന്ന​തു് ശാ​കു​ന്ത​ളം തർ​ജ്ജ​മ​യി​ലാ​ണു്. എന്തു​കൊ​ണ്ടെ​ന്നാൽ തി​രു​മ​ന​സ്സു​കൊ​ണ്ടു് ചൂ​ണ്ടി​ക്കാ​ണി​ച്ച മാ​തി​രി പ്ര​യോ​ഗ​ങ്ങ​ളൊ​ന്നും ആദ്യ​ത്തെ ഉത്ത​ര​രാ​മ​ച​രി​ത​ത്തിൽ ഒരി​ട​ത്തും കാ​ണ്മാ​നി​ല്ല​ല്ലോ.

മഹാ​ഭാ​രത തർ​ജ്ജ​മ​യ്ക്കാ​യി ഏർ​പ്പെ​ടു​ത്ത​പ്പെ​ട്ട കവി​സം​ഘ​ത്തി​ലും സി. പി. അച്യു​ത​മേ​നോൻ ഉൾ​പ്പെ​ട്ടി​രു​ന്നു എന്നു മാ​ത്ര​മ​ല്ല അദ്ദേ​ഹം ചില ഭാ​ഗ​ങ്ങൾ തർ​ജ്ജമ ചെ​യ്ക​യും ഉണ്ടാ​യി.

അചി​രേണ സി. പി. അച്യു​ത​മേ​നോൻ കൊ​ച്ചീ​ദി​വാൻ സി​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്ക​പ്പെ​ടു​ക​യാൽ, ഭാ​ഷാ​സാ​ഹി​ത്യ വ്യ​വ​സാ​യ​ത്തിൽ നി​ന്നു പിൻ​വാ​ങ്ങി. ഞാൻ എറ​ണാ​കു​ളം കാ​ളേ​ജിൽ പഠി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു് അദ്ദേ​ഹം ഈ ഉദ്യോ​ഗ​ത്തിൽ ഇരി​ക്ക​യാ​യി​രു​ന്നു. ഉദ്യോ​ഗ​സ്ഥൻ എന്ന നി​ല​യി​ലും അദ്ദേ​ഹം നി​ത്യാം ശോ​ഭി​ച്ചി​രു​ന്നു. പി. രാ​ജ​ഗോ​പാ​ലാ​ചാ​രി ദി​വാൻ​ജി ആയി​രു​ന്ന കാ​ല​ത്തു് അവർ തമ്മിൽ പല​പ്പോ​ഴും കല​ഹി​ക്കേ​ണ്ട​താ​യി വന്നി​ട്ടു​ണ്ടു്. ഒര​വ​സ​ര​ത്തിൽ ദി​വാൻ​ജി സമാ​ധാ​നം ആവ​ശ്യ​പ്പെ​ടു​ക​യും, അദ്ദേ​ഹം ബോ​ധി​പ്പി​ച്ച സമാ​ധാ​നം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു പറ​ഞ്ഞു് ശിക്ഷ നല്കാൻ മഹാ​രാ​ജാ​വി​നെ ഉപ​ദേ​ശി​ക്ക​യും ചെ​യ്തു​വ​ത്രേ. ദി​വാൻ​ജി​യ്ക്കു യു​ക്ത​മെ​ന്നു തോ​ന്നു​ന്ന ശിക്ഷ നല്കി​ക്കൊ​ള്ളാൻ ഗം​ഭീ​രാ​ശ​യ​നായ മഹാ​രാ​ജാ​വു് കല്പി​ച്ചു​വെ​ങ്കി​ലും ശിക്ഷ ഒന്നും ഉണ്ടാ​യി​ല്ല. മറ്റൊ​രി​ക്കൽ മേനോൻ ടി. എസ്. നാ​രാ​യ​ണ​യ്യ​രെ ചാർ​ജ്ജേ​ല്പി​ച്ചി​ട്ടു് രണ്ടു മാ​സ​ത്തെ അവ​ധി​യെ​ടു​ത്തു. പ്ര​ധാ​ന​പ്പെ​ട്ട ഫയ​ലു​ക​ളെ​ല്ലാം തീർ​ച്ച​ചെ​യ്യാ​തെ കി​ട​പ്പാ​യി. അവ​ധി​യിൽ ഇരു​ന്ന മേനോൻ ചെ​ന്നാ​ണു് ഒടു​വിൽ അവ​യ്ക്കെ​ല്ലാം യഥോ​ചി​ത​മായ തീർ​ച്ച ചെ​യ്ത​തു്.

കൊ​ച്ചീ​സ്റ്റേ​റ്റു​മാ​നു​വൽ, സെൻ​സ​സ്റി​പ്പോർ​ട്ടു് എന്നീ ഗ്ര​ന്ഥ​ങ്ങ​ളിൽ നി​ന്നു് അദ്ദേ​ഹ​ത്തി​ന്റെ വി​പു​ല​മായ ചരി​ത്ര​പ​രി​ജ്ഞാ​ന​വും, ആം​ഗ​ല​ഭാ​ഷാ​പാ​ണ്ഡി​ത്യ​വും പ്ര​ക​ട​മാ​കു​ന്നു​ണ്ടു്. ഇവ​യ്ക്കു പുറമേ പ്രി​യ​ദർ​ശി​കാ​നാ​ട​ക​ത്തി​ന്റെ തർ​ജ്ജ​മ​യും ഒരു നോ​വ​ലും അദ്ദേ​ഹം എഴു​തീ​ട്ടു​ള്ള​താ​യി പറ​യ​പ്പെ​ടു​ന്നു. അവ അച്ച​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ഉദ്യോ​ഗ​ത്തിൽ നി​ന്നു് പി​രി​ഞ്ഞു് ദീർ​ഘ​കാ​ല​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം അദ്ദേ​ഹം 112 മീനം 21-ാം തീയതി ദി​വം​ഗ​ത​നാ​യി.

ചാ​ത്തു​നാ​യർ

മീ​നാ​ക്ഷി എന്ന നോ​വ​ലി​ന്റെ കർ​ത്താ​വാ​യി​രു​ന്നു. ഇന്ദു​ലേ​ഖ​യെ അനു​ക​രി​ച്ചു് എഴു​തിയ ഈ കഥയെ പറ​ങ്ങോ​ടീ​പ​രി​ണ​യ​ത്തിൽ അതി​പ​രു​ഷ​മാ​യി ആക്ഷേ​പി​ച്ചി​ട്ടു​ണ്ടു്. ചില വർ​ണ്ണ​ന​ങ്ങൾ അത്യ​ന്തം അശ്ലീ​ല​മാ​യി​രി​ക്കു​ന്നു.

പള്ളി​യിൽ ഗോ​പാ​ല​മേ​നോൻ

വി​ദ്യാ​വി​നോ​ദി​നി​യു​ടെ ഉട​മ​സ്ഥ​നും പത്രാ​ധി​പ​രു​മാ​യി കു​റേ​ക്കാ​ലം ഇരു​ന്ന​ശേ​ഷം ബി. എൽ. പരീ​ക്ഷ ജയി​ച്ചു് വക്കീൽ​പ​ണി​യിൽ ഇരു​ന്നു. വലിയ ഭക്ത​നും പരോ​പ​കാ​ര​ത​ല്പ​ര​നും ആയി​രു​ന്നു. അദ്ദേ​ഹം അനേകം വി​ദ്യാർ​ത്ഥി​കൾ​ക്കു് ധന​സ​ഹാ​യം ചെ​യ്തി​ട്ടു​ണ്ടു്. 1084-ൽ ആണെ​ന്നു തോ​ന്നു​ന്നു, ഞാൻ എറ​ണാ​കു​ളം കാ​ളേ​ജിൽ എഫ്. ഏ. ക്ലാ​സ്സിൽ പഠി​ച്ചി​രു​ന്ന കാ​ല​ത്തു് കാ​ര്യ​വ​ശാൽ അദ്ദേ​ഹ​വു​മാ​യി പരി​ച​യ​പ്പെ​ടു​ക​യും അദ്ദേ​ഹം എനി​ക്കു ചില ഒത്താ​ശ​കൾ ചെ​യ്തു തരി​ക​യും ചെ​യ്തു. ഋഷി​മാ​രു​ടെ രീ​തി​യിൽ താടി വളർ​ത്തി നീ​ട്ടി​യി​ട്ടി​രു​ന്ന ആ മു​ഖ​ത്തി​ന്റെ സാ​ത്വി​ക​ഭാ​വം ഇപ്പോ​ഴും എന്റെ ഹൃ​ദ​യ​ത്തിൽ നി​ന്നും മാ​ഞ്ഞി​ട്ടി​ല്ല.

അദ്ദേ​ഹ​ത്തി​നാൽ സ്ഥാ​പി​ത​മായ വി​ദ്യാ​വി​നോ​ദി​നി സംഘം വള​രെ​ക്കാ​ലം ഭം​ഗി​യാ​യി നട​ന്നു​കൊ​ണ്ടി​രു​ന്നു. ആ സം​ഘ​ത്തി​ന്റെ നാ​വാ​യി​രു​ന്നു വി​ദ്യാ​വി​നോ​ദി​നി. അതി​ന്റെ എല്ലാ ലക്ക​ത്തി​ലും ഇങ്ങ​നെ ഒരു പര​സ്യം കാ​ണു​മാ​യി​രു​ന്നു:

“വി​ദ്യാ​വി​നോ​ദി​നി സംഘം.”

“വി​ദ്യാ​വി​നോ​ദി​നി എന്റെ ഉദ്ദേ​ശ​പ്ര​കാ​രം നട​ത്തു​ന്ന​താ​യാൽ ആയതു സ്വ​ത​ന്ത്ര​മാ​യി​രി​ക്ക​ണം അതി​ന്നു് ഉട​മ​സ്ഥ​നും പത്രാ​ധി​പ​രും രണ്ടു​പേ​രും ആ സ്ഥി​തി​യിൽ ഉള്ള​വ​രാ​യി​രി​ക്ക​ണം. ഉപ​പ​ത്രാ​ധി​പ​ന്മാ​രാ​യി ഒരാൾ ഇം​ഗ്ലീ​ഷ് പരി​ജ്ഞാ​നം ഉള്ള​താ​യും വേറെ ഒരാൾ ഇം​ഗ്ലീ​ഷി​ന്റെ പരി​ജ്ഞാ​നം കൂ​ടാ​തെ സം​സ്കൃ​ത​പ​രി​ജ്ഞാ​നം ഉള്ള​താ​യും ഇരി​ക്ക​ണം. ലേ​ഖ​ക​ന്മാ​രിൽ ആ രണ്ടു തര​ക്കാ​രും ഉണ്ടാ​യി​രി​ക്ക​ണം. എന്നാ​ലേ വി​ദ്യാ​വി​നോ​ദി​നി​യിൽ ഉദ്ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള പ്ര​കാ​രം പൂർ​വ​നാ​ഗ​രി​ക​ത്വം കൊ​ണ്ടും പശ്ചി​മ​നാ​ഗ​രി​ക​ത്വം കൊ​ണ്ടും ഉണ്ടാ​കു​ന്ന മു​ഴു​വൻ ഗു​ണ​ങ്ങ​ളെ ഈ മാ​സി​ക​യാൽ പൊ​തു​ജ​ന​ങ്ങൾ​ക്കു് ഉണ്ടാ​ക്കി​ത്തീർ​ക്കാൻ സാ​ധി​ക്ക​യു​ള്ളു.”

ഓരോ ലക്ക​ത്തി​ലും പ്രൗ​ഢ​മായ ലേ​ഖ​ന​ങ്ങൾ, രാ​ജ്യ​ഭ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള വി​മർ​ശ​ന​ങ്ങൾ, ഗ്ര​ന്ഥ​നി​രൂ​പ​ണ​ങ്ങൾ, കവി​ത​കൾ, മറ്റു മാ​സി​ക​ക​ളി​ലെ​യും പത്ര​ങ്ങ​ളി​ലെ​യും വി​വ​ര​ക്കു​റി​പ്പു​കൾ, മാ​സ​വി​ശേ​ഷ​ങ്ങൾ, പഞ്ചാം​ഗം ഇങ്ങ​നെ പല കാ​ര്യ​ങ്ങൾ ചേർ​ത്തു​വ​ന്ന​തി​നാൽ, വി​ദ്യാ​വി​നോ​ദി​നി കേ​ര​ള​ത്തി​ലെ ഏറ്റ​വും പ്ര​സി​ദ്ധ മാ​സി​ക​യാ​യി​ത്തീർ​ന്നു. പത്രാ​ധി​പ​രായ ഗോ​പാ​ല​മേ​നോൻ തന്നെ ‘നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രു​ടെ അധി​കാ​ര​ങ്ങ​ളും അവ​കാ​ശ​ങ്ങ​ളും ബാ​ദ്ധ്യ​ത​ക​ളും,’ ‘നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ സഭ​ക​ളും വർ​ത്ത​മാ​ന​പ്പ​ത്ര​ങ്ങ​ളും,’ ‘പെൺ​കു​ട്ടി​ക​ളു​ടെ നൂ​ത​ന​മ​ട്ടു​കൾ,’ ‘നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ ഭര​ണ​കർ​ത്താ​ക്ക​ന്മാർ,’ ‘ജാ​ത്യാ​ചാ​രം,’ ‘ഒറ്റ​ശ്ലോ​ക​ങ്ങൾ,’ ‘നാ​ട്ടു​രാ​ജ്യ​ങ്ങ​ളി​ലെ ഗൂ​ഢ​ശ​ക്തി​കൾ,’ ‘സൂ​ക്ഷ്മ​ധർ​മ്മം,’ ‘തി​രു​വി​താ​കൂ​റി​ലെ കണ്ടെ​ഴു​ത്തും കൊ​ച്ചി​യി​ലെ കണ​ക്കെ​ഴു​ത്തും’ എന്നി​ങ്ങ​നെ വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളായ അനേകം ലേ​ഖ​ന​ങ്ങൾ എഴു​തീ​ട്ടു​ണ്ടു്. ജാ​ത്യാ​ചാ​രം എന്ന ലേ​ഖ​ന​ത്തി​ലെ ഒരു രസ​ക​ര​മായ ഭാഗം ഉദ്ധ​രി​ക്കാം.

“ഒരു ഈഴ​വ​ക്ഷേ​ത്ര​ത്തിൽ ഒരു ഉത്സ​വം നട​ത്തി​യാൽ കൊ​ള്ളാ​മെ​ന്നു് അവർ​ക്കു് താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ആയ​തി​നെ ചില നാ​യ​ന്മാർ വി​രോ​ധി​ച്ചു. അക്കാ​ര്യ​ത്തിൽ അവർ ഹർജി കൊ​ടു​ക്കു​ന്ന​തി​നു് ഒരു​ങ്ങി. ഹർ​ജി​ക്കു ആവ​ശ്യ​മി​ല്ല. ആഘോ​ഷ​ങ്ങൾ​ക്കു വേ​ണ്ടു​ന്ന​തെ​ല്ലാം ഒരു​ക്കി​യാൽ പബ്ളി​ക്ക്റോ​ഡിൽ കൂടി ഞാൻ കൂടെ നി​ന്നു് ആ ഘോ​ഷ​യാ​ത്ര നട​ത്തി​ക്കൊ​ടു​ക്കാം. പി​ന്ന​ത്തേ​തിൽ അവ​രു​ടെ സ്വ​ന്തം ക്ഷേ​ത്ര​ത്തിൽ അങ്ങ​നെ ചെ​യ്യാം. എന്നാൽ ഞാൻ ഒരു​മി​ച്ചു് പബ്ളി​ക്കു റോഡിൽ കൂടി പോ​കു​മ്പോൾ ബ്രാ​ഹ്മ​ണർ വന്നാൽ വഴി മാ​റു​വാൻ ഞാൻ സമ്മ​തി​ക്ക​യി​ല്ലെ​ന്നു പറ​ഞ്ഞ​പ്പോൾ, എന്റെ അടു​ക്കൽ വന്ന സം​ഘ​ക്കാർ​ക്കു് അതു സമ്മ​ത​മ​ല്ല. അവർ ആച​രി​ച്ചു വന്ന​തു് ആച​രി​ച്ചി​ല്ലെ​ങ്കിൽ ദോ​ഷ​മു​ണ്ട​ത്രെ. ‘അടി​യ​ങ്ങൾ​ക്കും ചെ​റു​മ​ക്ക​ളും മറ്റും വഴി​മാ​റി തരേ​ണ്ട​ത​ല്ലേ’ എന്നു മറു​പ​ടി പറ​ഞ്ഞു. ഞാൻ അവ​രോ​ടു് പൊ​യ്ക്കൊ​ള്ളു​വാ​നും പറ​ഞ്ഞു. ഈ വൃ​ത്താ​ന്തം അന്നു ജീ​വി​ച്ചി​രു​ന്ന ദിവാൻ ഗോ​വി​ന്ദ​മേ​നോൻ അവർ​ക​ളോ​ടു പറ​ഞ്ഞ​പ്പോൾ ആല​പ്പു​ഴെ ഉദ്യോ​ഗം വഹി​ച്ചി​രു​ന്ന ക്രോ​ഫർ​ഡു സാ​യ്പി​ന്റെ ഒരു കഥ പറ​ഞ്ഞു. ക്ഷേ​ത്ര​ത്തിൽ നി​ന്നും ഒരു നായർ ചോറു കൊ​ണ്ടു​പോ​കു​ന്ന സമയം സാ​യ്പി​ന്റെ വേ​ല​ക്കാ​ര​നാ​യി​രു​ന്ന ഒരു ഈഴവൻ തീ​ണ്ടി. ആ ഈഴവനെ നായർ ഒന്നു തല്ലി. ആ ഈഴവൻ വിവരം സാ​യ്പി​നോ​ടു പറ​ഞ്ഞ​പ്പോൾ അന്യാ​യം കൊ​ടു​ക്കു​ന്ന​തി​നു പറ​ഞ്ഞു. നായർ ഭയ​പ്പെ​ട്ടു ഏതാ​യാ​ലും ആ നാ​യർ​ക്കു തല്ക്കാ​ലം ഒരു​പാ​യം തോ​ന്നി​യ​തു് ഒരു പു​ല​യ​നെ​ക്കൊ​ണ്ടു് ആ ചോറു് എടു​പ്പി​ച്ചു​കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി​രു​ന്നു. സാ​യ്പി​ന്റെ അടു​ക്കൽ ചെ​ന്ന​പ്പോൾ, അദ്ദേ​ഹം നാ​യ​രോ​ടു് “എന്തു​കൊ​ണ്ടു് ഈഴവൻ തന്റെ അടു​ക്കൽ കൂടി പോ​യ​തി​നാൽ തനി​ക്കു് ഈ ചോറു് ഉണ്ടു​കൂ​ടെ? ഇവനും താനും തമ്മിൽ ഈ വി​ഷ​യ​ത്തിൽ എന്തു വ്യ​ത്യാ​സ​മാ​ണു​ള്ള​തു്? നി​ങ്ങൾ രണ്ടു​പേ​രു​ടേ​യും ദേ​ഹ​ത്തി​ലു​ള്ള രക്ത​ത്തി​നു് വല്ല വ്യ​ത്യാ​സ​വു​മു​ണ്ടോ?” എന്നു ചോ​ദി​ക്കു​ന്ന​തി​നെ കേ​ട്ടു് നായർ ഭയ​ന്നു് ഒരു വ്യ​ത്യാ​സ​വു​മി​ല്ലെ​ന്നു പറ​ഞ്ഞു. മേലാൽ ഈ വിധം വര​രു​തെ​ന്നു് സാ​യ്പു് താ​ക്കീ​തു ചെ​യ്തു. സമർ​ത്ഥ​നായ നായർ അപ്പോൾ സാ​വ​ധാ​ന​ത്തിൽ ആരം​ഭി​ച്ചു് ഇപ്ര​കാ​രം പറ​ഞ്ഞു: “എന്റെ ചോറു് എനി​ക്കു് ഉപ​യോ​ഗ​മി​ല്ലാ​താ​ക്കിയ ദ്വേ​ഷം നി​മി​ത്തം ഞാൻ ഇങ്ങ​നെ അബ​ദ്ധം പ്ര​വർ​ത്തി​ച്ച​താ​ണു്.” അപ്പോൾ സാ​യ്പ്: “എന്തു​കൊ​ണ്ടു്; ആ ചോറു് അയാൾ​ക്കു് ഉണ്ടു​കൂ​ടെ​യോ” എന്നു് പി​ന്നെ​യും ചോ​ദി​ച്ചു. നായർ അതി​നു​ത്ത​രം പറ​ഞ്ഞു: “ആ ചോറു് ഞാൻ ഇവിടെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ടു്. ആയതു് എന്റെ മേൽ ആവ​ലാ​തി​പ്പെ​ട്ടി​ട്ടു​ള്ള ഈ ഈഴവൻ ഉണ്ടാൽ മതി. ഞാനും ഉണ്ണാം.” സാ​യ്പ് അതു് കേ​ട്ടു് ശരി എന്നും പറ​ഞ്ഞു് തന്റെ ശി​ഷ്യ​നായ ഈഴവനെ വി​ളി​ച്ചു് ഉണ്ണ​രു​തോ എന്നു ചോ​ദി​ച്ചു. അപ്പോൾ ചോറു കയ്യിൽ വച്ചി​രു​ന്ന​തു് ഒരു ചെ​റു​മൻ ആണെ​ന്നു കണ്ട ഈഴവൻ പാ​ടി​ല്ലെ​ന്നു പറ​ഞ്ഞു. എന്തു​കൊ​ണ്ടാ​ണെ​ന്നു സാ​യ്പു ചോ​ദി​ച്ച​പ്പോൾ, “ഞങ്ങൾ തമ്മിൽ തീ​ണ്ട​ലു​ണ്ടു്. അതു​കൊ​ണ്ടു് ചെ​റു​മൻ തൊട്ട ചോറു് എനി​ക്കു​ണ്ടു​കൂ​ടാ” എന്നു് അയാൾ പറ​ഞ്ഞു. സാ​യ്പ് വേ​റൊ​ന്നും മി​ണ്ടാ​തെ നാ​യ​രോ​ടു് ചോ​റി​നു് എന്തു വി​ല​യു​ണ്ടെ​ന്നു ചോ​ദി​ച്ചു. ആ സംഖ്യ ഉടനേ പെ​ട്ടി തു​റ​ന്നു എടു​ത്തു​കൊ​ടു​ത്തി​ട്ടു് പൊ​യ്ക്കൊ​ള്ളു​വാൻ പറ​ഞ്ഞു. ശി​ഷ്യ​നോ​ടു്, “നീ എന്നോ​ടു സംഗതി മു​ഴു​വ​നും പറ​ഞ്ഞി​രു​ന്നെ​ങ്കിൽ ഞാൻ ഇങ്ങ​നെ വി​ഢ്യാ​നാ​വു​ക​യി​ല്ലാ​യി​രു​ന്നു” എന്നും പറ​ഞ്ഞു​വ​ത്രേ.

ഗോ​പാ​ല​മേ​നോൻ ഒരു തീ​യോ​ഫി​സ്റ്റ് (ബ്ര​ഹ്മ​വി​ദ്യാ​സം​ഘാ​ഗം) ആയി​രു​ന്നു. അദ്ദേ​ഹം ജാ​തി​വ്യ​ത്യാ​സ​ത്തെ തെ​ല്ലു പോലും ആദ​രി​ച്ചി​രു​ന്നി​ല്ല.

പി. കെ. കൊ​ച്ചീ​പ്പൻ​ത​ര​കൻ

1036-ൽ ജനി​ച്ചു. അദ്ദേ​ഹം കണ്ട​ത്തിൽ വർ​ഗ്ഗീ​സു​മാ​പ്പി​ള​യു​ടെ നി​ത്യ​സ​ഹ​ചാ​രി​യാ​യ​രി​രു​ന്നു. മല​യാ​ള​മ​നോ​ര​മ​യു​ടേ​യും ഭാ​ഷാ​പോ​ഷി​ണി​യു​ടേ​യും പ്ര​വർ​ത്ത​ക​ന്മാ​രിൽ പ്ര​മാ​ണി അദ്ദേ​ഹ​മാ​യി​രു​ന്നെ​ന്നു പറയാം. പതി​നാ​റാം​വ​യ​സ്സിൽ അദ്ദേ​ഹം രജി​സ്ത്രേ​ഷൻ​ഡി​പ്പാർ​ട്ടു​മെ​ന്റിൽ കയ​റു​ക​യും പന്ത്ര​ണ്ടു​കൊ​ല്ലം അതിൽ ഇരു​ന്ന​ശേ​ഷം രാ​ജി​വ​ച്ചു് പത്ര​പ്ര​വർ​ത്ത​ന​ത്തിൽ പ്ര​വേ​ശി​ക്ക​യും ചെ​യ്ത​താ​ണ് മറി​യാ​മ്മ​നാ​ട​കം, ബാ​ലി​കാ​സ​ദ​നം ഇവ അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ളാ​കു​ന്നു. 115 ഇടവം 7-ാം നു മരി​ച്ചു.

കെ. എം.

വട​ക്കേ​ക്കു​റു​പ്പ​ത്തു് കു​ഞ്ഞൻ​മേ​നോൻ ഒരു മഹാ​പ​ണ്ഡി​ത​നായ സാ​ഹി​ത്യ സേ​വ​ക​നാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ഉപ​ന്യാ​സ​ങ്ങ​ളും ‘വി​ദ്യാ​ഭ്യാസ’വും പലേ​കു​റി പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നി​ട്ടു​ണ്ടു്. വി​ദ്യാ​ഭ്യാ​സം Herbert Spencers’ Education എന്ന കൃ​തി​യു​ടെ തർ​ജ്ജ​മ​യാ​ണു്. ഇതു കൂ​ടാ​തെ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്റെ ഭക്തി​യോ​ഗം, കർ​മ്മ​യോ​ഗം, ജ്ഞാ​ന​യോ​ഗം ഇവയും അദ്ദേ​ഹം ലളി​ത​ഭാ​ഷ​യിൽ വി​വർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ടു്. എന്നാൽ ഏറ്റ​വും പ്ര​ധാ​ന​മായ കൃതി ‘ഭഗ​വ​ദ്ഗീത’യുടെ വ്യാ​ഖ്യാ​ന​മാ​ണു്. അദ്ദേ​ഹം 1118-ൽ മരി​ച്ചു.

കെ. പി. ഗോ​വി​ന്ദ​പ്പി​ഷാ​ര​ടി

അദ്ദേ​ഹം നാ​ഗാ​ന്ദം, രത്നാ​വ​ലി എന്നീ ശ്രീ​ഹർ​ഷ​കൃ​തി​കൾ തർ​ജ്ജമ ചെ​യ്തി​ട്ടു​ണ്ടു്. 1116 കർ​ക്ക​ട​ക​ത്തിൽ മരി​ച്ചു.

ആർ. വി. കൃ​ഷ്ണ​മാ​ചാ​രി

അദ്ദേ​ഹം മാ​ന​വി​ക്ര​മൻ ഏട്ടൻ തമ്പു​രാ​ന്റെ സദ​സ്യ​രിൽ ഒരാ​ളാ​യി​രു​ന്നു. അവി​ടു​ന്നു് അദ്ദേ​ഹ​ത്തി​നു് അഭിനവ ഭട്ട​ബാ​ണൻ എന്ന ബി​രു​ദം നല്കി. കേ​ര​ള​പാ​ണി​നീ​യം വി​മർ​ശം വഴി​ക്കാ​ണു് അദ്ദേ​ഹം കേ​ര​ളീ​യർ​ക്കു പരി​ചി​ത​നാ​യ​തു്. നല്ല വൈ​യാ​ക​ര​ണ​നും ആല​ങ്കാ​രി​ക​നും ആയി​രു​ന്നു. ചാ​രു​ച​ര്യാ​ശ​ത​കം മല​യാ​ള​ത്തിൽ രചി​ച്ചി​ട്ടു​ണ്ടു്. 1119-ൽ ദി​വം​ഗ​ത​നാ​യി.

പന്ത​ളം രാ​ഘ​വ​വർ​മ്മ​രാ​ജാ

രത്ന​പ്രഭ മഹാ​കാ​വ്യ​ത്തി​ന്റെ കർ​ത്താ​വായ ഇദ്ദേ​ഹം 1116-ൽ പര​ലോ​കം പ്രാ​പി​ച്ചു.

കോ​ങ്ങോ​ട്ടു കൃ​ഷ്ണൻ​നാ​യർ

പാ​ല​ക്കാ​ട്ടു​ള്ള ഒരു പു​രാ​തന ഗൃ​ഹ​മാ​ണു് കോ​ങ്ങോ​ട്ടു്. മി: കൃ​ഷ്ണൻ​നാ​യർ 1059-ൽ ജനി​ച്ചു. നല്ല കാ​ഥി​ക​നും ഗവേ​ഷ​ക​നും ജൗ​തി​ഷി​ക​നും ആയി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു് ആദ്യം വന്ന അവ​സ​ര​ത്തിൽ അദ്ദേ​ഹം എന്നോ​ടു​കൂ​ടി ഒരാ​ഴ്ച​വ​ട്ട​ത്തോ​ളം താ​മ​സി​ച്ചി​ട്ടു​ണ്ടു്. 1119 വൃ​ശ്ചി​കം 9-ാം നു മരി​ച്ചു. ചെ​റു​ക​ഥ​കൾ, ഋതു​മ​ഞ്ജ​രി, ഗവേ​ഷ​ണ​പ​ര​ങ്ങ​ളായ അനേകം ഉപ​ന്യാ​സ​ങ്ങൾ മു​ത​ലാ​യ​വ​യാ​ണു് അദ്ദേ​ഹം ഭാ​ഷ​യ്ക്കു സമ്മാ​നി​ച്ചി​ട്ടു​ള്ള​തു്.

മു​ത്തി​രി​ങ്ങോ​ട്ടു ഭവ​ത്രാ​തൻ നമ്പൂ​തി​രി​പ്പാ​ടു്

നമ്പൂ​തി​രി സമു​ദാ​യ​ത്തി​ന്റെ സമു​ദ്ധാ​ര​ണ​ത്തി​നു വേ​ണ്ടി മന​സ്സു മു​ട്ടി പ്ര​വർ​ത്തി​ച്ചു പോന്ന ഈ ധന്യൻ മം​ഗ​ളോ​ദ​യ​ത്തി​ന്റെ പത്രാ​ധി​പ​ത്യം കു​റേ​ക്കാ​ലം വഹി​ക്ക​യും ‘അഫ​ന്റെ മകൻ’ എന്ന പ്ര​സി​ദ്ധ കഥ എഴുതി പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. 1119-ൽ ദി​വം​ഗ​ത​നാ​യി.

റാ​വു​സാ​ഹി​ബ് ചെ​ങ്കു​ള​ത്തു കു​ഞ്ഞു​രാ​മ​മേ​നോൻ

കോ​ട്ട​യ്ക്കൽ സാ​ഹി​ത്യ​പ​രി​ഷ​ത്തു കാ​ല​ത്താ​ണു് ഈ മഹാ​നു​ഭാ​വ​നെ എനി​ക്കു കാ​ണ്മാ​നു​ള്ള ഭാ​ഗ്യം ലഭി​ച്ച​തു്. അന്നു് അദ്ദേ​ഹം കോ​ട്ട​യ്ക്ക​ലി​നേ സം​ബ​ന്ധി​ച്ചു​ള്ള പലേ പു​രാ​ത​നേ​തി​ഹാ​സ​ങ്ങ​ളെ സര​സ​മാ​യി വർ​ണ്ണി​ച്ചു കേൾ​പ്പി​ച്ചു. ഈ മഹാ​നു​ഭാ​വ​നെ മന​സ്സിൽ വച്ചു​കൊ​ണ്ടാ​ണു് സി. വി. പ്രേ​മാ​മൃ​ത​ത്തി​ലെ പങ്കി​പ്പ​ണി​ക്ക​രെ ചി​ത്ര​ണം ചെ​യ്ത​തെ​ന്നു​കൂ​ടി ഇവിടെ പ്ര​സ്താ​വി​ച്ചു​കൊ​ള്ള​ട്ടെ.

എന്താ​ണു് അദ്ദേ​ഹ​ത്തി​നു് സാ​ഹി​ത്യ ചരി​ത്ര​ത്തിൽ സ്ഥാ​നം എന്നു ചോ​ദി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കിൽ അവ​രു​ടെ ഉപ​യോ​ഗാർ​ത്ഥം സഞ്ജ​യ​ന്റെ ഒന്നു രണ്ടു വാ​ക്യ​ങ്ങൾ ഉദ്ധ​രി​ക്കാം.

“ആ കാ​ല​ത്തെ പത്രിക (കേ​ര​ള​പ​ത്രിക) യുടെ മു​ഖ​പ്ര​സം​ഗ​ങ്ങൾ നി​ങ്ങൾ വാ​യി​ച്ചി​ട്ടു​ണ്ടോ? പത്ര​പ്ര​വർ​ത്തന ലോ​ക​ത്തിൽ ഇട​ങ്ക​യ്യും വല​ങ്ക​യ്യും ഒരു​പോ​ലെ ഉപ​യോ​ഗി​ച്ചി​രു​ന്ന ആ സവ്യ​സാ​ചി—ഖാ​ണ്ഡ​വ​ത്തെ ദഹി​പ്പി​ച്ച​തു​പോ​ലെ ധർ​മ്മ​രാ​ജ്യ​ത്തി​ലെ അധർ​മ്മ​വ​ന​ത്തെ നശി​പ്പി​ച്ച ആ വിജയൻ–സി. വി. രാ​മൻ​പി​ള്ള​യായ മഹാ​ഭീ​ഷ്മ​രെ​പ്പോ​ലും കു​റേ​ക്കാ​ല​ത്തേ​ക്കു് ശര​ശ​യ​ന​ത്തി​ലാ​ക്കിയ ആ സു​ഭ​ദ്രാ​വ​ല്ല​ഭൻ—നൂ​റ്റു​വർ എല്ലാം പി​ടി​ച്ച​ട​ക്കി നാ​ട്ടിൽ നി​ന്നു തച്ചോ​ട്ടി​യ​പ്പോൾ കൂടി മനം പത​റാ​തി​രു​ന്ന ആ സു​ഭ​ദ്രാ​വ​ല്ല​ഭൻ—പട​ക്ക​ള​ത്തിൽ​വ​ച്ചു് പര​മാ​ത്മാ​വി​നെ​ന്ന​പോ​ലെ, പാ​ല​ക്കാ​ട്ടു വച്ചു് വന്ദ്യ​ശ്രീ​മ​തി തര​വ​ത്തു് അമ്മാ​ളു അമ്മ​യാൽ ശാ​ന്തി​മ​ന്ത്രം ഉപ​ദേ​ശി​ക്ക​പ്പെ​ട്ട ആ പാർ​ത്ഥൻ–നി​ങ്ങൾ​ക്കു് ഇനി​യും ആളെ മന​സ്സി​ലാ​യി​ല്ലെ​ന്നോ? സാറേ, നമ്മു​ടെ ഈ ‘ഠ’കാര വട്ട​മായ കേ​ര​ള​ത്തിൽ–കേ​ര​ള​ത്തിൽ അങ്ങ​നെ രണ്ടാൾ​ക്കു സ്ഥ​ല​മു​ണ്ടോ?–സാ​ക്ഷാൽ—സാ​ക്ഷാൽ. കെ. രാ​മ​കൃ​ഷ്ണ​പി​ള്ള​കൂ​ടി, പത്ര​ലോ​ക​ത്തി​ലെ ദ്രോ​ണാ​ചാ​ര്യ​രായ ഞങ്ങ​ളു​ടെ ആശാനെ തൊ​ഴു​തു കു​മ്പി​ട്ടി​ട്ടാ​ണു്–അദ്ദേ​ഹ​ത്തി​ന്റെ ആശി​സ്സോ​ടും അനു​മ​തി​യോ​ടും കൂ​ടി​യാ​ണു്—‘വൃ​ത്താ​ന്ത പത്ര​പ്ര​വർ​ത്തന’മാ​കു​ന്ന അത്ഭു​താ​വ​ഹ​മായ ആ മെ​യ്യി​റ​ക്കം പയ​റ്റി​നെ കള​രി​യിൽ വച്ചു് പയ​റ്റി കാ​ണി​ച്ച​തു്! രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ വൃ​ത്താ​ന്ത പത്ര​പ്ര​വർ​ത്ത​ന​ത്തി​നു് അത്യു​ജ്വ​ല​മായ ഒരു അവ​താ​രിക എഴു​തി​യ​തും കു​ഞ്ഞു​രാ​മ​മേ​നോ​നാ​യി​രു​ന്നു; ഞങ്ങ​ളു​ടെ ആശാൻ–ആശാ​നാ​യി​രു​ന്നു”

1884-ൽ അദ്ദേ​ഹം സ്ഥാ​പി​ച്ച​താ​ണു് കേ​ര​ള​പ​ത്രിക എന്ന പ്ര​സി​ദ്ധ പത്രം. ഒരു അൻ​പ​തു​കൊ​ല്ല​ത്തോ​ളം—എന്നു പറ​ഞ്ഞാൽ മരി​ക്കു​ന്ന​തു​വ​രെ—അദ്ദേ​ഹം തന്നെ​യാ​യി​രു​ന്നു അതി​ന്റെ മാ​നേ​ജ​രും. ആ പത്ര​ത്തി​ന്റെ ഓരോ ലക്ക​വും വി​റ​യ്ക്കു​ന്ന കൈ​ക​ളോ​ടും തു​ടി​ക്കു​ന്ന ഹൃ​ദ​യ​ങ്ങ​ളേ​ാ​ടും കൂ​ടി​യാ​ണു് അഴി​മ​തി​ക്കാ​രായ ഉദ്യോ​ഗ​സ്ഥ​ന്മാർ തു​റ​ന്നു വാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്ന​തു്. ഉത്ത​ര​ഭാ​ര​ത​ത്തിൽ അമൃ​ത​ബ​ജാർ പത്രി​ക​യു​ടെ പത്രാ​ധി​പ​രാ​യി​രു​ന്ന മോ​ത്തി​ലാൽ ഘോഷ് എപ്ര​കാ​ര​മോ അതു​പോ​ലെ കേ​ര​ള​ത്തിൽ കു​ഞ്ഞു​രാ​മ​മേ​നോൻ പത്ര​ക്കാർ​ക്കു് ഒരു ആചാ​ര്യൻ തന്നെ​യാ​യി​രു​ന്നു.

“റാ​വു​സാ​ഹേ​ബ്ബ് ചെ​ങ്കു​ള​ത്തു കു​ഞ്ഞു​രാ​മ​മേ​ന​വ​ന്നു് സ്മാ​ര​ക​സ്തം​ഭ​മൊ​ന്നും വേണ്ട. മഹാ​നായ അല​ക്സാ​ന്തർ​ക്കും ജൂ​ലി​യ​സ് സീ​സർ​ക്കും വേണം. അവർ സ്ഥാ​പി​ച്ച സാ​മ്രാ​ജ്യ​ങ്ങ​ളെ​വി​ടെ? കു​ഞ്ഞു​രാ​മ​മേ​നോൻ നട്ട വി​ത്തിൽ​നി​ന്നു് ഒരു വൻ​പി​ച്ച ഉദ്യാ​ന​മാ​ണു് ഉണ്ടാ​യി​രി​ക്കു​ന്ന​തു്. ലോ​ക​മു​ള്ളി​ട​ത്തോ​ളം കാലം മു​ന്നോ​ട്ടു പോ​കു​ന്തോ​റും അതു വർ​ദ്ധി​ക്കു​ക​യേ ഉള്ളു. ഇന്നു നി​ങ്ങൾ നാ​ടെ​ങ്ങും കാ​ണു​ന്ന വർ​ത്ത​മാ​ന​പ്പ​ത്ര​ങ്ങ​ളൊ​ക്കെ​യും അദ്ദേ​ഹ​ത്തി​ന്റെ വിജയ പതാ​ക​ക​ളാ​ണു്.” എന്നു സഞ്ജ​യൻ പറ​ഞ്ഞി​ട്ടു​ള്ള​തു് അക്ഷ​രം​പ്ര​തി പര​മാർ​ത്ഥ​മാ​ണു്.

അദ്ദേ​ഹ​ത്തി​നു് രണ്ടേ രണ്ടു ദോ​ഷ​ങ്ങ​ളേ ഉണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നു് സഞ്ജ​യൻ പറ​യു​ന്നു. ഒന്നു്–“വാർ​ദ്ധ​ക്യം ബാ​ധി​ച്ച ഞങ്ങ​ളു​ടെ ആശാ​ന്റെ കണ്ണു​കൾ മഹാ​ത്മാ​ഗാ​ന്ധി​യാ​കു​ന്ന ഹി​മാ​ല​യ​ത്തെ മൂ​ടൽ​മ​ഞ്ഞാ​ണെ​ന്നു തെ​റ്റി​ദ്ധ​രി​ച്ചു.” രണ്ടു്—“ഒരു പച്ച​ക്ക​ള​വി​ന്മേൽ, ജന​ശ്രു​തി അധി​ക​കാ​ല​ത്തേ​ക്കു നി​ല​നി​ല്ക്കു​ക​യി​ല്ലെ​ന്നു​ള്ള ന്യാ​യ​ത്തി​ന്മേൻ, വാ​സ്ത​വ​മെ​ന്നു​ത​ന്നെ വി​ശ്വ​സി​ക്കു​ന്ന തു​ഞ്ച​ത്താ​ചാ​ര്യ​രു​ടെ ഏക ദോഷം ഞങ്ങ​ളു​ടെ ആശാ​നെ​യും ബാ​ധി​ച്ചി​രു​ന്നു.”

കു​ട്ട​മ​ത്തു കവികൾ

വട​ക്കേ മല​യാ​ള​ത്തു​ള്ള ഒരു പ്ര​സി​ദ്ധ കു​ടും​ബ​മാ​ണു് കു​ട്ട​മ​ത്തു കു​ന്നി​യൂ​രു്. ആ കു​ടും​ബ​ത്തിൽ കു​ഞ്ഞു​ണ്ണി​ക്കു​റു​പ്പു് എന്നൊ​രാൾ ദേ​വീ​മാ​ഹാ​ത്മ്യം ഭാ​ഷ​യാ​യി രചി​ച്ചി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ ഭാ​ഗി​നേ​യ​നാ​യി​രു​ന്ന ചെറിയ രാ​മ​ക്കു​റു​പ്പും (1022-1081) കു​ഞ്ഞി​ക്കേ​ളു​ക്കു​റു​പ്പും കവി​ക​ളാ​യി​രു​ന്നു. ശ്രീ​രാ​മാ​വ​താ​രം ചെറിയ രാ​മ​ക്കു​റു​പ്പി​ന്റേ​യും, ഖരവധം ഓട്ടൻ​തു​ള്ളൽ കേ​ളു​ക്കു​റു​പ്പി​ന്റേ​യും കൃ​തി​ക​ളാ​ണു്. അവ​രു​ടെ ഭാ​ഗി​നേ​യ​നായ കു​ഞ്ഞ​മ്പു​ക്കു​റു​പ്പു വൈ​ദർ​ഭീ​വാ​സു​ദേ​വം, അം​ശു​മ​തീ ധർ​മ്മ​ഗു​പ്തം, കീർ​ത്തി​ഭൂ​ഷ​ണ​ച​രി​ത്രം, ഉഷാ​നി​രു​ദ്ധം ഇത്യാ​ദി പല കൃ​തി​കൾ രചി​ച്ച​ശേ​ഷം 1086-ൽ മരി​ച്ചു. കു​ഞ്ഞു​കൃ​ഷ്ണ​ക്കു​റു​പ്പു് 1056-ൽ ജനി​ച്ചു. സംഗീത സാ​ഹി​ത്യ​ങ്ങ​ളിൽ ഒരു​പോ​ലെ നി​പു​ണ​നാ​യി​രു​ന്ന അദ്ദേ​ഹം അനേകം ഖണ്ഡ​കാ​വ്യ​ങ്ങ​ളും, കാ​ളി​യ​മർ​ദ്ദ​നം ഭാ​ഷാ​യ​മ​ക​കാ​വ്യം, മൂ​കാം​ബി​കാ​പു​രാ​ണം കി​ളി​പ്പാ​ട്ടു്, ബാ​ല​ഗോ​പാ​ലം ആട്ട​ക്കഥ മു​ത​ലായ കൃ​തി​ക​ളും രചി​ച്ചു് ഭാഷയെ പരി​പോ​ഷി​പ്പി​ച്ചി​ട്ടു്, 1119-ൽ ദി​വം​ഗ​ത​നാ​യി. മാ​തൃ​ക​യ്ക്കാ​യി ഒരു പദ്യം ഉദ്ധ​രി​ക്കു​ന്നു.

അമ്മ​യും ഞാനും

  1. ആലം​ബ​മി​ല്ലാ​ത്തി​ട​ത്താ​ലം​ബ​മ​വ്യ​ക്ത​മാ​യ് ലോലംബ നീ​ലാ​കാ​ശ​വി​ഗ്ര​ഹം കൈ​ക്കൊ​ണ്ട നീ നക്ഷ​ത്ര​വൃ​ന്ദ​ങ്ങ​ളെ​ത്താ​ങ്ങു​ന്ന തൃ​ക്കൈ​ക​ളാൽ നി​ത്യ​വും തഴു​കു​ന്നി​തെ​ന്നെ​യി​മ്മാ​ഹേ​ശ്വ​രി. ഭവ്യ​മാ​മു​ഷ​സ്സ​ന്ധ്യ​തോ​റു​മേ കാ​ണു​ന്ന നി- ന്ന​വ്യ​ക്ത ഹസ്ത​ത്തി​ങ്കൽ കന​ക​ത്താ​മ്പാ​ളം ഞാൻ വൻ​ദൂ​ര​ത്തെ​ഴു​മ​തിൽ​നി​ന്നൂ​റും സമു​ജ്ജ്വല സി​ന്ദൂ​ര​ച്ചാ​റിൽ മു​ക്കി ലോ​ക​ത്തേ രഞ്ജി​പ്പു നീ. ഓരോരോ ധാരകളുമതിലജ്ജീവാമൃത-​ സാ​ര​മു​ള്ള​ട​ക്കിയ ചു​ക​ന്ന ശാ​ല​ക​കൾ വൃ​ക്ഷ​വു​മ​ശ്ശ​ലാ​ക​യേ​റ്റൊ​ട്ടൊ​ന്നു കണ്മി​ഴി​ച്ചു വി​ശ്വ​മാ​താ​വേ! നന്നാ​യ് പൊ​ഴി​പ്പു പൂ​പ്പു​ഞ്ചി​രി. എടു​ത്താ​ലൊ​ടു​ങ്ങി​ല്ല, കൊ​ടു​ത്താൽ കു​റ​യി​ല്ല, മു​ട​ക്കം വരാ​റി​ല്ല കൊ​ടു​പ്പാ​നൊ​രി​ക്ക​ലും സ്ഫു​ട​മ​ജ്ജീ​വാ​മൃ​തം നി​റ​ച്ചു തൃ​ക്ക​യ്യിൽ നീ- യെ​ടു​ത്ത പൊൻ​പാ​ത്ര​മി​തെ​ത്ര​കാ​ല​മാ​യ​മ്മേ! അത്ര​കാ​ല​വും നിൻ പൊൻ​പാ​ത്ര​സി​ന്ദൂ​ര​ത്തി​ങ്കൽ സക്ത​നാ​യ് വീ​ണു​രു​ണ്ടു ഞാ​നെ​ത്ര വാ​ണി​രി​ക്കാം.

‘മാ​ടാ​യി​ക്കു​ന്നു്’എന്ന കൃ​തി​യി​ലെ രണ്ടു പദ്യ​ങ്ങൾ,

അടി​മു​തൽ മു​ടി​യോ​ളം പൂ​ണ്ടു നൽ​പ്പു​ല്ല​രോ​മം
മു​ടി​യിൽ നെടിയ കൊ​ച്ച​ക്കാ​വി​ലേ വൃ​ക്ഷ​മാ​ക്കി
വടി​വി​ലൊ​ര​ര​യാ​ലാൽ പി​ന്നിൽ വൻ​വാ​ലു പൊക്കി-​
ത്തടി പെ​രു​കി​യി​രി​പ്പൂ നല്ല മാ​ടാ​യ് മഹീ​ധ്രം.
നി​ല​യി​ല​തി​വ​ലി​പ്പം പാ​റ​യാൽ മെ​യ്‍ക​ടു​പ്പം
ചി​ല​തിവ നി​രു​പി​ച്ചാ​ലി​ല്ല​ടു​പ്പാ​നെ​ളു​പ്പം
നല​മൊ​ട​ടി​പി​ടി​ച്ചാ​ലാ​യി; സന്മാർ​ഗ്ഗ​മ​മ്പോ!
സു​ല​ഭ​മിഹ ഗഭീ​ര​ക്ഷാ​ന്തി​മാ​ന്മാർ മഹാ​ന്മാർ.

റ്റി. എം. രാ​മൻ​ന​മ്പ്യാർ

തെ​ങ്ങൊ​ളി​മ​ഠം റ്റി. എം. രാ​മൻ​ന​മ്പ്യാർ 1043-ൽ ജനി​ച്ചു. പോർ​ലാ​തി​രി ഉദ​യ​വർ​മ്മ തമ്പു​രാ​ന്റെ സദ​സ്സി​ലെ ഒരു അം​ഗ​വും സാ​മാ​ന്യം നല്ല വാ​സ​ന​യു​ള്ള കവി​യു​മാ​യി​രു​ന്നു. മു​കു​ന്ദാ​ന​ന്ദം ഭാണം, മു​കു​ന്ദ​മാ​ലാ​സ്തു​തി, ചി​ത്ര​കേ​തു​ച​രി​തം തു​ള്ളൽ, ശ്രീ​കൃ​ഷ്ണ​ദൂ​തു് കൈ​കൊ​ട്ടി​ക്ക​ളി​പ്പാ​ട്ടു് ഇത്യാ​ദി കൃ​തി​കൾ​ക്കു പുറമേ കവ​ന​കൗ​മു​ദി, കവ​നോ​ദ​യം ഇത്യാ​ദി മാ​സി​ക​കൾ വഴി​ക്കു് അനേകം ഖണ്ഡ​കൃ​തി​ക​ളും പ്ര​സി​ദ്ധ​പ്പെ​ടു​ത്തീ​ട്ടു​ണ്ടു്. 1115-ൽ മരി​ച്ചു. മാ​തൃ​ക​യ്ക്കാ​യി പള്ളി​ക്കെ​ട്ടു​വർ​ണ്ണ​ന​യിൽ ഏതാ​നും വരികൾ ഉദ്ധ​രി​ച്ചു കൊ​ള്ളു​ന്നു.

ആർ​ക്കും നല്ല രസം മന​സ്സി​നു​ള​വാ​ക്കീ​ടു​ന്ന മട്ടൂറ്റമാ-​
യാർ​ക്കും ഘോ​ഷ​വി​ശേ​ഷ​മ​ങ്ങ​നെ ജഗ​ത്തെ​ങ്ങും മു​ഴ​ങ്ങു​ന്നു​തേ
ഓർ​ക്കു​മ്പോ​ളി​തു ചെ​ന്ന​ന​ന്ത​നി​യ​ലും രണ്ടാ​യി​രം കണ്ണി​നും
ചേർ​ക്കും കൗ​തു​ക​മെ​ന്നു തീർ​ച്ച പറ​യാ​നാ​വി​ല്ല നാ​വി​ല്ല ഞാൻ.
ആന​ന്ദം ചെ​വി​കൾ​ക്കു ചേർ​ക്കു​മ​തു​ലം നാ​ഗ​സ്വ​രം ഭാ​സ്വ​രം
ഗാനം മാ​ന​സ​മോ​ഹ​നം മൃ​ദു​മൃ​ദം​ഗാ​ദ്യ​ങ്ങൾ വാ​ദ്യ​ങ്ങ​ളും
ആന​ക്കോ​പ്പു​ക​ളെ​ത്ര​ചി​ത്ര മഴ​കേ​റീ​ടും വിതാനോജ്ജ്വല-​
സ്ഥാ​ന​ക്കാ​ഴ്ച മനോ​ഹ​രം കരി​മ​രു​ന്നോ​രോ​ത​രം മേ​ത്ത​രം
ചക്രം നല്ല സു​ദർ​ശ​ന​ത്തി​നു സമം ഘോ​രാ​ര​വം പൂ​ണ്ടു ഭു-
ചക്രം ഞെ​ട്ടി വി​റ​ച്ചി​ടും കതി​ന​യും കേമം വെ​ടി​ക്കൂ​ട്ട​വും
ശക്രൻ​ത​ന്നൊ​ട​ടു​ത്തു വാർ​ത്ത​യ​റി​യി​ച്ചീ​ടാൻ നട​ക്കും​വി​ധം
വക്രം വി​ട്ടു​യ​രു​ന്ന ബാ​ണ​ഗ​ണ​വും മറ്റും മഹാ​വി​സ്മ​യം.

മാ​വേ​ലി​ക്കര ഉദ​യ​വർ​മ്മ​രാ​ജാ ബി. ഏ.

അന​ന്ത​പു​ര​ത്തു രാ​ജ​രാ​ജ​വർ​മ്മ മൂ​ത്ത​കോ​യി​ത്ത​മ്പു​രാ​ന്റെ സീ​മ​ന്ത​പു​ത്ര​നാ​യി 1044-ൽ ജനി​ച്ചു. നല്ല പണ്ഡി​ത​നും കു​ശാ​ഗ്ര​മ​തി​യും ഗവേഷണ ചതു​ര​നും കവി​യു​മാ​യി​രു​ന്നു. ഡാക്‍ടർ കൃ​ഷ്ണൻ പണ്ടാ​ല​യും, ടി. കെ. കൃ​ഷ്ണ​മേ​നോൻ അവർ​ക​ളും ചേർ​ന്നു പ്ര​സി​ദ്ധ​പ്പെ​ടു​ത്താൻ തു​ട​ങ്ങിയ ലഘു​ശാ​സ്ത്ര പാ​ഠാ​വ​ലി​യു​ടെ ആദ്യ​പു​സ്ത​ക​മായ പ്ര​വേ​ശിക എഴു​തി​യ​തു് അവി​ടു​ന്നാ​യി​രു​ന്നു. ഹാ​ക്സി​ലി​യു​ടെ Introductory Primer എന്ന ഗ്ര​ന്ഥ​ത്തി​ന്റെ അനു​വാ​ദ​മായ പ്ര​സ്തുത കൃ​തി​യിൽ നി​ന്നു്, ശാ​സ്ത്രീയ വി​ഷ​യ​ങ്ങ​ളെ ലളി​ത​വും പ്ര​സ​ന്ന​വു​മായ ഭാ​ഷ​യിൽ പ്ര​തി​പാ​ദി​ക്കാൻ അവി​ടു​ത്തേ​ക്കു​ണ്ടാ​യി​രു​ന്ന ചാ​തു​രി നല്ല​പോ​ലെ തെ​ളി​യു​ന്നു. മാ​തൃ​ക​യ്ക്കാ​യി ഒരു ഖണ്ഡിക ഉദ്ധ​രി​ക്കാം.

“ഒരു പദാർ​ത്ഥ​ത്തി​നു് ഭാ​ര​മു​ണ്ടെ​ന്നു പറ​ഞ്ഞാൽ, ആ പദാർ​ത്ഥം തട​വി​ല്ലാ​തി​രി​ക്കു​ന്ന​പ​ക്ഷം ഭൂ​മ​ദ്ധ്യ​ത്തി​ലേ​ക്കു വീഴാൻ ഭാ​വി​ക്കു​ന്നു എന്നർ​ത്ഥ​മാ​കു​ന്നു എന്നു് നാം കണ്ട​ല്ലൊ. കർഷം എന്നു​ള്ള ശബ്ദ​ത്തെ ഭാരം എന്നു​ള്ള അർ​ത്ഥ​ത്തിൽ ആദ്യം ഉപ​യോ​ഗി​ച്ചു​വ​ന്നു അതി​നാൽ ഭാ​ര​മു​ള്ള ഒരു പദാർ​ത്ഥം ഭൂ​മ​ദ്ധ്യ​ത്തി​ലേ​ക്കു് കൃ​ഷേ​ളി​മ​മാ​കു​ന്നു എന്നു പറ​യ​പ്പെ​ട്ടു. കേവലം ഈ അർ​ത്ഥ​ത്തിൽ അല്ല ഇപ്പോൾ കർ​ഷ​ശ​ബ്ദ​ത്തെ ഉപ​യോ​ഗി​ക്കു​ന്ന​തു്. എന്തെ​ന്നാൽ മഴ​യു​ടെ ബി​ന്ദു ഭൂ​ത​ല​ത്തി​ലേ​ക്കു വീ​ഴു​ന്ന​തു​പോ​ലെ, ഏതു ഭൗ​തി​ക​പ​ദാർ​ത്ഥ​വും അന്യ​മായ ഭൗതിക പദാർ​ത്ഥ​ത്തോ​ടു് അടു​ക്കു​വാൻ ഭാ​വി​ക്കു​ന്നു എന്നും, ഒരു പദാർ​ത്ഥ​ത്തി​ന്റെ സ്വ​ഭാ​വം എന്തു​ത​ന്നെ ആയി​രു​ന്നാ​ലും അതി​ന്റെ ഏതെ​ങ്കി​ലും രണ്ടു ഭാ​ഗ​ങ്ങൾ, തട​വി​ല്ലാ​തി​രു​ന്നെ​ന്നു വരി​കിൽ വാ​സ്ത​വ​ത്തിൽ അന്യോ​ന്യം അടു​ക്കും എന്നു​മു​ള്ള സാ​മാ​ന്യ​വി​ധി​യെ അല്ലെ​ങ്കിൽ പ്ര​കൃ​തി​നി​യ​മ​ത്തെ അനേകം സൂ​ക്ഷ്മ​ങ്ങ​ളായ പ്രേ​ക്ഷ​ണ​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും കൊ​ണ്ടു് ശാ​സ്ത്ര​ജ്ഞ​ന്മാർ നിർ​ണ്ണ​യി​ച്ചി​രി​ക്കു​ന്നു.”

ഡാ​ക്ടർ ഫാ​സ്റ്റ​രു​ടെ ശരീ​ര​ശാ​സ്ത്ര​വും അവി​ടു​ന്നു ഭാ​ഷാ​ന്ത​രം ചെ​യ്തെ​ങ്കി​ലും, പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല. ഭാ​ഷാ​മു​ദ്രാ​രാ​ക്ഷ​സ​വും, നള​ച​രി​തം ആട്ട​ക്ക​ഥ​യു​ടെ നാ​ട​ക​രൂ​പ​ത്തി​ലു​ള്ള വി​വർ​ത്ത​ന​വും ആണു് അവി​ടു​ത്തേ ഇതര കൃ​തി​കൾ. ഇവ കൂ​ടാ​തെ ഭാ​ഷാ​പോ​ഷി​ണി​യി​ലും മറ്റും അവി​ടു​ന്നു് അനേകം ഉപ​ന്യാ​സ​ങ്ങൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​ക്ക​ണ്ടി​ട്ടു​ണ്ടു്. 1119-ൽ അവി​ടു​ന്നു് ദി​വം​ഗ​ത​നാ​യി.

ടി. സി. പര​മേ​ശ്വ​രൻ മൂ​സ്സു്

ചോ​ല​ക്ക​ര​യി​ല്ല​ത്തു് പര​മേ​ശ്വ​രൻ​മൂ​സ്സു് 1042-ൽ ജനി​ച്ചു. പു​ന്ന​ശ്ശേ​രി നീ​ല​ക​ണ്ഠ​ശർ​മ്മ എന്ന മഹാ​പ​ണ്ഡി​ത​ന്റെ ശി​ഷ്യ​ന്മാ​രിൽ അഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന അദ്ദേ​ഹം ഏറിയ കാലം വി​ജ്ഞാന ചി​ന്താ​മ​ണി മാ​സി​ക​യു​ടേ​യും പ്ര​സ്സി​ന്റേ​യും നട​ത്തി​പ്പിൽ ഗു​രു​വി​നെ സഹാ​യി​ച്ചു​കൊ​ണ്ടി​രു​ന്നു. ഈശ്വ​രാ​ന​ന്ദ​സ​ര​സ്വ​തി എന്ന പേരിൽ അദ്ദേ​ഹം മു​പ്പ​തിൽ​പ​രം ജ്ഞാ​ന​സം​വർ​ദ്ധ​ക​ങ്ങ​ളായ ധാർ​മ്മിക ഗ്ര​ന്ഥ​ങ്ങൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്. അവയിൽ പ്ര​ധാ​നം നാ​രാ​യ​ണീ​യം ശ്യാ​മ​സു​ന്ദ​രം വ്യാ​ഖ്യാ​നം, സന്ധ്യാ​വ​ന്ദ​നം ഭാ​ഷ്യം ഇവ​യാ​കു​ന്നു. എന്നാൽ അദ്ദേ​ഹ​ത്തി​ന്റെ യശ​സ്സു് പ്ര​ധാ​ന​മാ​യി നി​ല​നി​ല്ക്കു​ന്ന​തു് അമ​ര​കോ​ശ​ത്തി​ന്റെ വ്യാ​ഖ്യാ​നം വഴി​യാ​ണു്. ആ കൃ​തി​യെ അഭി​ന​ന്ദി​ച്ചു് മാ​ന​വി​ക്ര​മൻ ഏട്ടൻ തമ്പു​രാൻ അദ്ദേ​ഹ​ത്തി​നു അഭി​ന​വ​വാ​ച​സ്പ​തി എന്ന ബി​രു​ദം നല്കി. ത്രി​വേ​ണി എന്ന പേരിൽ അതി​ന്റെ ഒരു സം​ഗ്ര​ഹം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​സ്സിൽ കൊ​ടു​ത്തി​ട്ടു് അധി​ക​കാ​ലം കഴി​യും​മു​മ്പേ—അതാ​യ​തു് 1114 വൃ​ശ്ചി​കം 7-ാം തീയതി—അദ്ദേ​ഹം പര​ലോ​കം പ്രാ​പി​ച്ചു.

ടി. സി. അച്യു​ത​മേ​നോൻ

ഭാ​ഷാ​സം​ഗീത നാ​ട​കാ​ഭി​ന​യ​ത്തെ കേ​ര​ള​ത്തിൽ പ്ര​ച​രി​പ്പി​ച്ച​വ​രു​ടെ കൂ​ട്ട​ത്തിൽ പ്ര​ധാ​നി​കൾ ടി. സി. അച്യു​ത​മേ​നോൻ, എരുവ ചക്ര​പാ​ണി​വാ​ര്യർ, സര​സ​ഗാ​യ​ക​ക​വി​മ​ണി കെ. സി. കേ​ശ​വ​പി​ള്ള ഇവ​രാ​യി​രു​ന്നു. അവ​രു​ടെ കൃ​തി​കൾ​ക്കു​ണ്ടാ​യി​ട്ടു​ള്ളി​ട​ത്തോ​ളം പ്ര​ചാ​രം മറ്റു നാ​ട്യ​കൃ​തി​കൾ​ക്കൊ​ന്നി​നും ഉണ്ടാ​യി​ട്ടി​ല്ലെ​ന്നു നി​സ്സം​ശ​യം പറയാം.

ടി. സി. അച്യു​ത​മേ​നോൻ സാ​മാ​ന്യം വ്യു​ല്പ​ത്തി​യു​ള്ള ഒരു കവി​യും നല്ല ഗാ​യ​ക​നും നട​നു​മാ​യി​രു​ന്നു. സം​ഗീ​ത​നൈ​ഷ​ധ​ത്തിൽ കി​രാ​ത​ന്റെ പാർ​ട്ടു് അദ്ദേ​ഹ​മാ​യി​രു​ന്ന​ത്രേ അഭി​ന​യി​ക്കാ​റു​ണ്ടാ​യി​രു​ന്ന​തു്. അദ്ദേ​ഹം 1044-ൽ ജനി​ച്ചു. സം​ഗീ​ത​നൈ​ഷ​ധം, ഹരി​ശ്ച​ന്ദ്ര​ച​രി​തം എന്നീ കൃ​തി​കൾ അദ്ദേ​ഹ​ത്തി​ന്റെ വക​യാ​യി മല​യാ​ളി​കൾ​ക്കു ലഭി​ച്ചി​ട്ടു​ണ്ടു്. അവയിൽ സം​ഗീ​ത​നൈ​ഷ​ധ​ത്തി​നു് ഇരു​പ​തോ​ളം പതി​പ്പു​കൾ ഉണ്ടാ​യി​ട്ടു​ള്ള​തിൽ നി​ന്നു് അതി​നു് എത്ര​ത്തോ​ളം പ്ര​ചാ​രം അക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു എന്നൂ​ഹി​ക്കാം. ആദ്യ​ത്തെ അഞ്ചു വർ​ഷ​ങ്ങൾ​ക്കി​ട​യിൽ​ത്ത​ന്നെ പതി​നാ​യി​രു​ത്തി മു​ന്നൂ​റു പ്ര​തി​കൾ വി​റ്റു​തീർ​ന്നു. എന്നാൽ അദ്ദേ​ഹ​ത്തി​ന്റെ ഹരി​ശ്ച​ന്ദ്ര​ച​രി​തം വാ​രി​യ​രു​ടേ​തു​പോ​ലെ പ്ര​സി​ദ്ധ​മ​ല്ല. അദ്ദേ​ഹം 1117-ൽ മരി​ച്ചു. സംഗീത നൈ​ഷ​ധ​ത്തി​ലെ ഒരു ശ്ലോ​ക​വും ഗാ​ന​വും ചുവടേ ചേർ​ക്കു​ന്നു.

മാ​നേ​ലും​മി​ഴി ദു​ഷ്ട​രാ​മ​സു​ര​രും ചൊ​ല്ക്കൊ​ണ്ട ദി​ക്പാ​ല​രും
മാ​നം​ചേർ​ന്ന നരേ​ന്ദ്ര​രൊ​ക്കെ​യു​മ​ഹോ നി​ന്നേ ലഭി​ച്ചീ​ടു​വാൻ
മാ​നം​വി​ട്ട​ധി​കം പ്ര​യ​ത്ന​മ​തു​ചെ​യ്തെ​ന്നാ​കി​ലും നിന്നെയി-​
ന്നൂ​നം​വി​ട്ടൊ​രു പൂർ​വ​ജ​ന്മ​സു​കൃ​തം​കൊ​ണ്ടി​ന്നു കൊ​ണ്ടീ​ടി​നേൻ.

ചെ​ഞ്ചു​രു​ട്ടി–രൂപകം
  1. കാ​മി​നി​മ​ണേ മന​മോ​ടു​മ​നം—ചേർ​ത്തു നമ്മു​ടെ കാമം സാ​ധി​പ്പി​ച്ചോ​ര​ന്നം—ശൂ​ന്യ​മാ​ക​യാൽ. കാമി
  2. ഗരളം ശം​ഭു​ദേ​വൻ തന്റെ കര​ളി​ലെ​ന്ന​പോൽ കര​ളി​തെ​ന്റെ ഖേ​ദ​സു​ഖ​ത്തിൽ നടു​വി​ലാ​ണ​ഹോ. കാമി
  3. കു​ണ്ഡി​ന​ത്തിൽ ചെ​ന്നു നി​ന്നെ—ക്ക​ണ്ടു​ചൊ​ന്ന​തും പൂർ​ണ്ണ​മോ​ദം തി​രി​യേ വന്നു തമ്മിൽ​ച്ചേർ​ത്ത​തും. കാമി
  4. ഓരു​ന്നേ​ര​ത്ത​വ​നേ നേരേ കണ്ടി​ടാ​യ്ക​യാൽ ചേ​രു​ന്ന​ല്ല​ല​ഖി​ല​സു​ഖ​വും ദൂരെ നീ​ക്കു​ന്നു. കാ​മി​നി
നടു​വ​ത്തു മഹൻ നമ്പൂ​രി​പ്പാ​ടു്

നടു​വ​ത്തു മഹൻ​ന​മ്പൂ​രി​പ്പാ​ടു് അച്ഛ​നെ​പ്പോ​ലെ​ത​ന്നെ നല്ല വാ​സ​നാ​ക​വി​യാ​യി​രു​ന്നു. ഞാൻ എറ​ണാ​കു​ള​ത്തു് ഈയ്യാ​ട്ടിൽ​പ്പ​ണി​ക്ക​രു​ടെ വീ​ട്ടിൽ പഠി​ച്ചു താ​മ​സി​ച്ചി​രു​ന്ന കാ​ല​ത്തു് അദ്ദേ​ഹം പണി​ക്ക​രെ കാ​ണു​ന്ന​തി​ലേ​ക്കാ​യി അവിടെ കൂ​ട​ക്കൂ​ടെ വരാ​റു​ണ്ടാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ സര​സ​ഭാ​ഷ​ണ​ത്തിൽ പല​പ്പോ​ഴും ഞാൻ മു​ഗ്ദ്ധ​നാ​യി​പ്പോ​യി​ട്ടു​ണ്ടു്.

അദ്ദേ​ഹം 1043-ൽ ജനി​ച്ചു. നടു​വ​ത്ത​ച്ഛ​ന്റെ ജീ​വ​ച​രി​ത്രം നോ​ക്കുക. അദ്ദേ​ഹ​ത്തി​ന്റെ ഖണ്ഡ​കൃ​തി​കൾ സം​ഗ്ര​ഹി​ച്ചു് പു​സ്ത​ക​രൂ​പേണ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​തി​നാൽ ഇവിടെ വി​വ​രി​ക്കു​ന്നി​ല്ല. സീ​മ​ന്തി​നീ​ച​രി​തം എന്ന കൂ​ട്ടു​യാ​ദാ​സ്തു​ക​വി​ത​യു​ടെ നാലും അഞ്ചും സർ​ഗ്ഗ​ങ്ങൾ അദ്ദേ​ഹ​ത്തി​ന്റേ​താ​ണു്. അതിൽ​നി​ന്നു് ഏതാ​നും പദ്യ​ങ്ങൾ ഉദ്ധ​രി​ക്കാം.

മഹാ​രാജ! ഭാ​ഗ്യം മഹാ​ഭാ​ഗ്യ​മി​ന്നീ
മഹാ ദി​വ്യ​ലോ​കം പ്ര​വേ​ശി​ച്ച കാ​ര്യം
മഹാ​ദേ​വ​ദേ​വ​ന്റെ കാ​രു​ണ്യ​മൊ​ന്നേ
സഹായം പ്ര​പ​ഞ്ച​ത്തി​ലോർ​ക്കു​മ്പൊ​ഴാർ​ക്കും
കി​നാ​വി​ങ്ക​ലും​കൂ​ടി​യെ​ത്താ​ത്ത ലോക-
ത്ത​നാ​യാ​സ​മെ​ത്തി​ബ്ഭ​വൽ​പ്രീ​തി നേടി
മനാ​ഗോ​ന്നു​മ​ല്ലെ​ന്റെ പു​ണ്യം, സുഖാസ-​
ജ്ഞ​നാ​വാ​പ്തി​യൊ​ന്നി​ങ്ക​ലെ​ന്നാ​പ്ത​വാ​ക്യം.
ഫു​ണി​ക്കോ​പ്പു ചാർ​ത്തു​ന്ന ദേ​വ​ന്റെ ചൂഡാ-
മണി​ക്കു​ള്ള വം​ശ​ത്തി​ലാ​ണെ​ന്റെ ജന്മം
ഗണി​ച്ചാ​ലൊ​ടു​ങ്ങാ​തെ​യൂ​ഴീ​ശർ​പാ​ദം
പണി​ഞ്ഞീ​ടു​വോ​നെൻ പി​താ​വി​ന്ദ്ര​സേ​നൻ.
മുദാ താ​ത​പാ​ദ​ന്റെ ചൊല്ക്കീഴടങ്ങി-​
സ്സ​ദാ​നേ​ര​മ​ക്ഷോ​ണി രക്ഷി​ച്ചി​രി​പ്പോൻ
സദാരൻ മഹാ​രാജ! ഞാ​നോർ​ക്ക ചന്ദ്രാം-​
ഗദാ​ഖ്യൻ വിഭോ വൈ​ര​സേ​നി​ക്കു പൗ​ത്രൻ.
എനി​ക്കു​ണ്ടു പെ​റ്റ​മ്മ ഞാൻ വേണ്ട സീമ-
ന്തി​നി​ക്ക​ച്ഛ​നി​ച്ചി​ത്ര​വർ​മ്മ​ക്ഷി​തീ​ശൻ
ജനി​ച്ചി​ല്ല സന്താനമെൻതാമരാക്ഷി-​
ക്കി​നി​ക്കേൾ​ക്ക ഞാനീ നി​ല​യ്ക്കായ കാ​ര്യം.
ഒരി​മ്പം കലർ​ന്നി​ട്ടു ഞാൻ കൂട്ടർകൂടീ-​
ട്ടൊ​രി​ക്കൽ പു​റ​പ്പെ​ട്ടു കാ​ളി​ന്ദി​യാ​റ്റിൽ
തെ​രി​ക്കെ​ന്നൊ​രോ​ടം​കു​ളി​പ്പാൻ മഴക്കാ-​
റൊ​രി​മ്മി​ക്കു​മി​ല്ലാ​ത്ത നാ​ളാ​ത്ത​മോ​ദം.
ചൊ​രി​ഞ്ഞു മഹാ​മാ​രി, കാ​റ്റൂ​തി​യോ​ടം
ചെ​രി​ഞ്ഞു പി​ടി​ച്ചി​ട്ടു നി​ന്നി​ല്ല മു​ങ്ങീ
പി​രി​ഞ്ഞു തു​ണ​ക്കാർ, കി​ട​ന്നേ​റെ നട്ടം-​
തി​രി​ഞ്ഞു പരം ഞാൻ പൊ​ടു​ക്കെ​ന്നു താണൂ.

‘ഒരു സങ്ക​ടം’ അദ്ദേ​ഹ​ത്തി​ന്റെ ഖണ്ഡ​കൃ​തി​ക​ളി​ലൊ​ന്നാ​ണു്. വള്ള​ത്തോ​ളി​നു് ബാ​ധി​ര്യം ബാ​ധി​ച്ച​തി​നെ​പ്പ​റ്റി​യു​ള്ള ഒരു വി​ലാ​പ​വും അതി​ന്റെ പരി​ഹാ​ര​ത്തി​നാ​യു​ള്ള പ്രാർ​ത്ഥ​ന​യു​മാ​ണ​തു്.

നാ​ലാ​റു​പേ​രൊ​ടൊ​രു​മി​ച്ചു നി​ര​ന്നി​രു​ന്നു
കോ​ലാ​ഹ​ലം വെടി പറ​ഞ്ഞു തകർ​ത്തി​ടു​മ്പോൾ
ചേ​ലാർ​ന്നൊ​രെൻ​പ്രി​യ​വ​യ​സ്യ​നെ​ഴും വി​കാ​രം
ശൈ​ലാ​ത്മ​ജേ! വലിയ സങ്ക​ട​മൊ​ന്നു കാ​ണ്മാൻ.
ഉണ്ടാ​യ​നാൾ​മു​ത​ല​ല​ഞ്ഞ​ഴ​കു​ള്ള കേൾവി-​
യു​ണ്ടാ​യ്വ​രാൻ കരുതി നി​ങ്ക​ഴ​ലിൽ ഭജി​ക്കേ
ഉണ്ടാ​യി​രു​ന്ന നിജ കേൾ​വി​യു​മ​സ്ത​മി​ച്ചു
കണ്ടാൽ നി​ന​ക്കു സുഖമോ സു​ര​ലോ​ക​വ​ന്ദ്യേ!
ധന്വ​ന്ത​രി​ക്ക​രിയ പെ​ങ്ങൾ ഭി​ഷ​ക്ത​മ​ന്റെ
തന്വ​ദ്ധ​മംബ! സു​ര​വൈ​ദ്യർ തൊ​ഴു​ന്ന ദൈവം
മമ്പ​ന്ത​ര​ങ്ങൾ വി​ള​യും വി​ള​ഭൂ​മി, നി​യ്യേ!
തന്വം​ഗി! നി​ങ്ക​ല​മ​രാ​ത്ത ഗള​ങ്ങ​ളു​ണ്ടോ?

മഹി​ഷ​മർ​ദ്ദ​നം വഞ്ചി​പ്പാ​ട്ടു് വളരെ ഹൃ​ദ്യ​മാ​യി​ട്ടു​ണ്ടു്.

കടു​ദം​ഷ്ട്രം കടിച്ചുകൊണ്ടിടയ്ക്കിടയ്ക്കിടിനാദ-​
മി​ട​യും​മ​ട്ട​ല​റി​ബ്ഭൂ വി​ള​ങ്ങി ദേവി
വടിവോടത്രിമൂർത്തികൾക്കടിമയായടിക്കമ്പി-​
ട്ടു​ട​ന​ടി നട​ന്നു ഞാ​ണൊ​ലി മു​ഴ​ക്കി
ഉല​കു​കൾ നി​റ​ഞ്ഞു ഞാ​ണോ​ശ​യു​മ​ട്ട​ഹാ​സ​വും
മല​ക​ളു​മ​വ​നി​യും കു​ലു​ങ്ങി​യ​പ്പോൾ
ജല​ധി​ക​ളേ​ഴു​മൊ​പ്പം കല​ങ്ങി​പ്പോ​യ് ചരാ​ച​രം
നി​ല​തെ​റ്റി​ത്ത​ല​ചു​റ്റി​പ്പ​ക​ച്ചു പാരം
ഇടി​കേൾ​ക്കും സിം​ഹ​ദം​ഷ്ട്രം കടി​ച്ചു​ടൻ സട കൂർമ്പി-​
ച്ചെ​ടു​ത്തു ചാ​ടി​ടും​പ​ടി കടു​മ​ദ​ത്താൽ
ഉട​നെ​യി​ഗ്ഘോ​ഷം കേൾക്കുന്നിടംനോക്കിപ്പടകൂട്ടീ-​
ട്ട​ട​രെ​ങ്കി​ല​ട​രെ​ന്നു മഹിഷൻ പാടേ
ഓടി​യ​ങ്ങോ​ട്ട​ടു​ത്ത​പ്പോൾ കോ​ടി​സൂ​ര്യ​നി​ട​ചേർ​ന്നു
ധാ​ടി​തേ​ടി​യു​ട​വാർ​ന്ന ദേ​വി​യെ​ക്ക​ണ്ടു.

ആശ്ര​മ​പ്ര​വേ​ശം, കാ​വ്യ​ശ​ക​ല​ങ്ങൾ, ഗു​രു​വാ​യൂ​ര​പ്പൻ കഥ, പി​ഷാ​രി​യ്ക്ക​ല​മ്മ, സന്താ​ന​ഗോ​പാ​ലം ഇവ​യാ​കു​ന്നു അദ്ദേ​ഹ​ത്തി​ന്റെ മറ്റു കൃ​തി​കൾ.

നടു​വ​ത്തു മഹൻ​ന​മ്പൂ​രി​പ്പാ​ടു് 1119-ൽ ഇഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞു.

കു​മ്മ​നം ഗോ​വി​ന്ദ​പ്പി​ള്ള

1047-ൽ ജനി​ച്ചു. ഇം​ഗ്ലീ​ഷും മല​യാ​ള​വും അദ്ദേ​ഹ​ത്തി​നു നല്ല​പോ​ലെ വശ​മാ​യി​രു​ന്നു. വള​രെ​ക്കാ​ലം നസ്രാ​ണി​ദീ​പി​ക​യു​ടെ പത്രാ​ധി​പ​ത്യം പ്ര​ശ​സ്ത​മായ വി​ധ​ത്തിൽ നട​ത്തി. മു​രാ​രി​യു​ടെ സു​പ്ര​സി​ദ്ധ നാ​ട​ക​മായ അനർ​ഘ​രാ​ഘ​വ​ത്തെ ഭാ​ഷ​യി​ലേ​ക്കു വി​വർ​ത്ത​നം ചെ​യ്തി​ട്ടു​ള്ള​തി​നു പുറമേ ശ്രീ​ചി​ത്രോ​ദ​യം എന്നൊ​രു സ്വ​ത​ന്ത്ര​കൃ​തി​യും അദ്ദേ​ഹം രചി​ച്ചി​ട്ടു​ണ്ടു്.

മാ​തൃ​ക​യ്ക്കാ​യി അനർ​ഘ​രാ​ഘ​വ​ത്തി​ലെ രണ്ടു പദ്യ​ങ്ങൾ ഉദ്ധ​രി​ക്കാം.

മു​പ്പാ​രെ​ങ്ങ​നൊ​യക രാ​ക്ഷ​സ​വ​രൻ
സന്ത​പ്ത​മാ​ക്കീ പരം
കെ​ല്പാർ​ന്നെ​ങ്ങ​നെ പത്മ​നാ​ഭ​നു​ള​വാ​യ്
മാർ​ത്താ​ണ്ഡ​ഗോ​ത്ര​ത്തി​ലും
സ്വ​ഭാ​ഷാ സ്വ​യ​മേ മു​നി​പ്ര​വ​ര​നിൽ
ശോഭിച്ചതെവ്വണ്ണമി-​
ന്ന​പ്പോ​ലെ കവി​കൾ​ക്കി​തൊ​ക്കെ​യെ​ളു​താം
മു​ജ്ജ​ന്മ​പു​ണ്യ​ത്തി​നാൽ.
ആമോ​ദ​ത്തൊ​ടു​യർ​ന്നു യാ​ഗ​മ​ധി​കം
ചെ​യ്യു​ന്ന നി​ന്ന​മ്പി​യം
കാമം വാ​രി​ധി​യെ​ക്കു​ഴി​ച്ചു സഗരൻ
യാ​ഗ​ങ്ങ​ളെ​ച്ചെ​യ്ത​വൻ
ഈ മന്ദാ​കി​നി നി​ന്റെ പൂർവികചരി-​
ത്ര​ത്തിൻ കൊടിക്കൂറയാ-​
ണീ​മ​ട്ടാ​യ​തു തൻ ത്രിലോകഗുരുവിൻ-​
സാ​മർ​ത്ഥ്യ​മാ​ണൊ​ക്ക​യും.

എം. കു​ഞ്ഞൻ​വാ​രി​യർ

മി​ക​ച്ച സം​സ്കൃ​ത​ഭാ​ഷാ​പ​ണ്ഡി​ത​നും വൈ​ദ്യ​നും കവി​യു​മാ​യി​രു​ന്ന കു​ഞ്ഞൻ​വാ​രി​യർ അനവധി ഭാ​ഷാ​കാ​വ്യ​ങ്ങൾ രചി​ച്ചി​ട്ടു​ണ്ടു്. 1118-ൽ മരി​ച്ചു. ചില കൃ​തി​ക​ളിൽ നി​ന്നു മാ​ത്രം ഉദാ​ഹ​ര​ണ​ങ്ങൾ ചേർ​ക്കു​ന്നു.

  1. നമ്മു​ടെ അമ്മ–
    ചൊ​ല്ലാ​മെ​ടു​ത്തു കഥ​യൊ​ന്നിഹ ഞാനതുള്ളി-​
    ലെ​ല്ലാ​രു​മോർ​ത്തി​ടു​കി​ല​മ്മ​യെ വാ​ഴ്ത്തു​മേ​റ്റം
    വല്ലാ​തെ മൂർ​ഖ​നൊ​രു നായർ വയ​സ്സു മൂ​ത്തു്
    പല്ലാ​ടു​മ​മ്മ​യൊ​ടു​മൊ​ത്തൊ​രി​ട​ത്തു പാർ​ത്തു.
    മൂ​പ്പർ​ക്കു ശു​ണ്ഠി ചെ​റു​ത​ല്ല, വയ​സ്സി​ന​ന്നു
    മൂ​പ്പ​ത്ര ചെന്ന കി​ഴ​വി​ക്കു​മൊ​തു​ക്ക​മി​ല്ല
    ആപ്പ​ട്ട​ണ​ത്തി​ലെ​ഴു​വോ​ക്കി​വർ തമ്മി​ലു​ള്ള
    മാ​പ്പ​റ്റൊ​രാ​ക്ക​ല​ഹ​മേ​റ്റ​മു​പ​ദ്ര​വം​താൻ.
    കള്ളും​കു​ടി​ക്കു​മെ​തി​രി​ല്ലി​വ​നാ​രു​മെ​ന്നു
    ഭള്ളും നടി​ക്കു​മെ​വ​രോ​ടു​മി​വൻ ശഠി​ക്കും
    തു​ള്ളും കയർ​ക്കു​മിവ കാ​ണ്മൊ​രു തള്ള​യു​ള്ളിൽ
    തള്ളും പു​രു​പ്ര​ണ​യ​സം​ഭ്ര​മ​മാർ​ന്ന​ടു​ക്കും.
    ഉൾ​ക്കൂ​റി​യ​ന്ന​ണ​യു​മ​മ്മ ചൊടിച്ചനിഷ്ട-​
    മുൽ​ക്കൂ​ല​വ​ന്മ​ദ​മെ​ഴു​ന്ന​വ​നോ​ടു ചൊ​ല്ലും
    ആ ക്രൂ​ര​നോ കല​ശ​ലാ​യ് കലഹിക്കുമെന്ന-​
    ല്ലാ​ക്കൂ​നി​യെ ക്ഷി​തി​യി​ലി​ട്ടു ചവി​ട്ടു​മേ​റ്റും.
    പെ​റ്റ​മ്മ​യോ​ടി​തു​വി​ധം കയ​റി​ക്ക​ട​ന്നു
    കു​റ്റം നട​ത്തു​മ​വർ​തൻ​ക​ഥ​യെ​ത്ര കഷ്ടം!
    തെ​റ്റെ​ന്നെ​ണീ​റ്റഥ മുതുക്കിയൊതുക്കിയത്ത-​
    ലേ​റ്റം രസാ​ല​വ​നു ചോറു വി​ള​മ്പി​യൂ​ട്ടും.
  2. ഒരു സന്താ​പ​ദ​ശ​കം (പു​ത്ര​വി​യോ​ഗ​ത്തെ​പ്പ​റ്റി)–
    സ്മ​രി​ച്ചോർ​ക്കു​മാ​പ​ത്ത​റു​ന്ന​മ്മ​യാ​ദ്യം
    മരി​ച്ചൂ മരി​ക്കേ​ണ്ട കാലം വരാതെ
    ഇരി​ക്ക​ട്ടെ​യാ​ക്ക​ഷ്ട​മെ​ന്ന​ല്ല പിന്നെ-​
    ത്തെ​രി​ക്കു​ന്നു പോയ് ജ്യേ​ഷ്ഠ​നേ​റ്റം വി​ശി​ഷ്ടൻ
    അവാൎയ്യാൎത്ത ി ബാ​ധി​ച്ചു ബോ​ധി​ച്ചു ഹൃ​ത്തിൽ
    ഭവാം​ഘ്രി​ദ്വ​യം​വ​ച്ചു പൂ​ജി​ച്ചു നി​ത്യം
    ഭവാ​ന്ന​ത്തി​നാ​യ് മാർ​ഗ്ഗ​മോർ​ത്തോർ​ത്തു ഞാനും
    നവാ​സ്വാ​സ്ഥ്യ​മുൾ​ക്കൊ​ണ്ടു ദീ​ക്ഷി​ച്ചി​രു​ന്നേൻ.
    ഉടൻ പി​ന്നെ നേ​രി​ട്ട കഷ്ടം നിനച്ചാ-​
    ണു​ട​ഞ്ഞെ​ന്റെ ഹൃ​ത്ത​ട്ടു പൊ​ട്ടു​ന്നി​തി​പ്പോൾ
    കട​ന്നെ​ന്തു​മീ​യ​ന്ത​കൻ ഹന്ത ചെ​യ്‍വാൻ
    തു​ടർ​ന്നാ​കി​ലെ​ന്താ​ണൊ​ര​ന്തം ജഗ​ത്തിൽ.
    പഠി​പ്പി​ച്ചു പാ​സ്സാ​ക്കി​യു​ദ്യോ​ഗ​മൊ​ന്നും
    പി​ടി​പ്പി​ച്ചൊ​രു​ത്സാ​ഹ​മുൾ​ക്കാ​മ്പി​ലേ​റ്റം
    തടി​പ്പി​ച്ചു വി​ട്ടു​ള്ളൊ​രെൻ​പൈ​ത​ലെ​സ്സം
    ഘടി​പ്പി​ച്ചു തൻ കയ്യി​ല​യ്യോ കൃ​താ​ന്തൻ.
  3. ചി​ത്ര​ച​രി​ത്രം–
    ആരാജമാനസുമകോളമഗാത്രനാക-​
    മാ​രാ​ജ​മാ​ന്യ നൃ​പ​തി​പ്രി​യ​ഭാ​ഗി​നേ​യൻ
    ദൂ​രാർ​ത്ത​ന​ക്ക​ന​ക​ഗാ​ത്രി​യെ ഹൃത്തിലേന്തി-​
    യാ​രാ​ല​ണ​ഞ്ഞു ബത തൽ​പു​രി​ഭൂ​രി​യ​ന്നം.
    ഇന്നാ​ട​ശേ​ഷ​വു​മ​ട​ക്കി നയാൽ​ബ്ഭ​രി​ക്കും
    കു​ന്നാ​ഴി​നാ​ഥ​ന​ധി​കം പ്രി​യ​നി​ക്കു​മാ​രൻ
    എന്നാ​ട്ടി​ലും മഹിതനെന്തവിടേയ്ക്കസാധ്യ-​
    മെ​ന്നാ​ലു​മ​ന്നു ബത കു​ന്ദ​ശ​രാർ​ത്ത​നാ​യി
    സദ്രാമണീയകമിണങ്ങുമൊരുത്തിയെക്ക-​
    ണ്ടു​ദ്രാ​ഗ​മാ​യ്ക്ക​ര​ളി​തെ​ന്നു വെ​റു​ക്ക​യാ​ലോ
    വി​ദ്രാ​വി​തോ​രു​സു​ഖ​നാ​മ​വി​ടേ​യ്ക്കു ഹന്ത
    നി​ദ്രാ​വ​ധൂ​ടി​യ​രി​ക​ത്ത​ണ​യാ​തെ​യാ​യി.

ഇവ കൂ​ടാ​തെ ജന​കോ​പ​ദേ​ശം, ദക്ഷി​ണ​യാ​ത്ര, മു​ക്തി​സ്ഥ​ല​വി​ലാ​സം എന്നി​ങ്ങ​നെ അദ്ദേ​ഹം അനേകം കൃ​തി​കൾ രചി​ച്ചി​ട്ടു​ണ്ടു്.

ആല​ത്തൂർ അനുജൻ നമ്പൂ​രി​പ്പാ​ടു്

നല്ല ഫലി​ത​ര​സി​ക​നായ കവി​യും ഗദ്യ​കാ​ര​നും ആയി​രു​ന്നു. റാണി ഗം​ഗാ​ധ​ര​ല​ക്ഷ്മി​യാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന കൃതി. കവി​ത​ക​ളിൽ ചി​ല​തു് ഉദ്ധ​രി​ക്കാം.

  1. പണ​യ​ത്തിൽ​പ്പെ​ട്ട പാ​ഞ്ചാ​ലി–
    ഒരു വസ്ത്ര​മു​ടു​ത്തു തീണ്ടലായ്വാ-​
    ണരു​ളും പാർ​ഷ​തി​യെ​പ്പി​ടി​ച്ചി​ഴ​യ്ക്കേ
    പു​രു​കോ​പ​മി​യ​ന്നു കൺ ചുവത്തി-​
    പ്പ​രു​ഷം ധർ​മ്മ​ജ​നോ​ടു ഭീ​മ​നോ​തി.
    കരു​താ​തെ കളി​ച്ചു നാടു വി​ല്ക്കും
    പു​രു​ഷ​ന്മാർ പല​രു​ണ്ടു പാ​രി​ട​ത്തിൽ
    കരു​തീ​ടു​കി​ലേ​വ​മി​ഷ്ട​മേ​റ്റം
    പെ​രു​കും​പെ​ണ്ണി​നെ വി​റ്റ​തി​ല്ലൊ​രാ​ളും
    ഗു​ണ​മേ​റ്റ​മെ​ഴും ഭവാ​നു​മേ​വം
    പ്ര​ണ​യം​ചേർ​ന്നൊ​രു ഞങ്ങൾ നാ​ലു​പേ​രും
    പണ​യ​ത്തി​ലി​രു​ന്ന​തെ​ന്തു സാരം
    തൃ​ണ​മാ​ണാ​യ​തു ഞങ്ങൾ ദാ​സ​ര​ല്ലോ.
  2. ലക്ഷ്മീ​വി​ലാ​സ​ത്തി​ലെ പറ.
    ഘനശൈത്യമകന്നുമഞ്ഞൊഴിഞ്ഞി-​
    ട്ട​ന​ഘ​ശ്രീ​മ​ക​രാ​വ​സാ​ന​കാ​ലം
    ധന​ധാ​ന്യ​സ​മൃ​ദ്ധി​പൂ​ണ്ടു​മ​ന്നിൽ
    ജന​മാ​ന​ന്ദ​ര​സ​ത്തിൽ മു​ങ്ങി​ടു​ന്നു.
    അരു​ണാ​മ​ല​കാ​ന്തി ചിന്തുമോമൽ-​
    ത്ത​രു​ണാർ​ക്കൻ തര​മോ​ടു​ദി​ച്ചു​യർ​ന്നു
    ഒരു​പാ​ടു പര​ന്നെ​ഴു​ന്ന വിയൂ-
    രൊ​രു​പാ​ടം​ക​മ​നീ​യ​യാ​യ്ക്ക​ഴി​ഞ്ഞു.
  3. അം​ബാ​ഷ്ട​കം, യമകം.
    പുരുതപസ്വിമനോഭവജിന്മന-​
    സ്സൊ​രു​മ​യാർ​ന്നു കവർ​ന്നൊ​രു ചണ്ഡി​കേ
    ഗു​രു​പ​യോ​ധ​ര​ന​മ്ര​സു​മ​ധ്യ​മേ
    സു​രു​ചി​രോ​രു ചി​രോ​ദ​യ​മേ​ക​ണേ.
    പല​വി​ധം പത​റു​ന്നൊ​രു കാ​മ​മാം
    വല​യി​ലാ​ണ്ടു വല​ഞ്ഞൊ​രി​ട​ത്തു​മേ
    നി​ല​പൊ​റാ​ത്ത മന​സ്സി​നു നീ കൃപാ-
    നി​ല​യ​മേ ലയ​മേ​കക നിൻ​പ​ദേ.
  4. അശോ​കോ​ദ്യാ​ന​ത്തി​ലെ സീത.
    നീച! നി​ഷ്ഠുര നി​ശാ​ട​നെ​ങ്ങു നീ
    നീ ചതി​ച്ച രഘു​നാ​ഥ​നെ​ങ്ങെ​ടോ?
    കാ​ച​മെ​ങ്ങു? മണി​യെ​ങ്ങു? ചിത്തസം-​
    കോ​ച​മി​ല്ല ചെ​റു​ത​ല്ലി? രാവണ!
    പ്രാ​ണ​നാഥ രഘു​നാ​ഥ​നി​ന്നു മൽ-
    ത്രാ​ണ​ന​ത്തി​നൊ​ര​ശ​ക്ത​നെ​ങ്കി​ലോ
    പ്രാ​ണ​നി​ങ്ങു പൊ​ലി​യ​ട്ടെ, ചേതമെ
    ന്താ​ണ​തിൽ തവ നി​ശാ​ച​രാ​ധമ!
    കാടു നല്ല മണി​മേ​ട​യാം ചരൽ-
    പ്പാ​ടു​മാ​ഞ്ഞ മലർ​മെ​ത്ത​യാ​യ്വ​രും
    വാ​ടു​കി​ല്ല വെ​യി​ല​ത്തു രാമനെ-​
    ക്കേ​ടു​വി​ട്ട​നു​ച​രി​ച്ച മൈ​ഥി​ലി.

ആഞ്ജ​നേ​യ​വി​ജ​യം കൂ​ട്ടു​യാ​ദാ​സ്തു​ക​വി​ത​യി​ലെ ആറാം​ഭാ​ഗം—

മല​യൊ​ടു സമ​മാ​യി​രു​ന്ന ദേഹം
മല തനു തു​ല്യ​മ​ഹോ കനം കു​റ​ച്ചു
ബല​നി​ധി​പ​വ​മാന സു​നു​താ​നീ
നില പല​തേ​ല്പ​തി​വെ​ന്തു ചി​ത്രം?

ആല​ത്തൂർ അനുജൻ നം​പൂ​രി​പ്പാ​ടു് 1118-ൽ ദി​വം​ഗ​ത​നാ​യി.

മൂർ​ക്കോ​ത്തു കു​മാ​രൻ

1049-ൽ ജനി​ച്ചു. നല്ല സര​സ​ഗ​ദ്യ​കാ​ര​നാ​യി​രു​ന്നു. ഒൻപതു കൊ​ല്ല​ത്തോ​ളം മലബാർ വി​ദ്യാ​ഭ്യാ​സ​സ​മി​തി​യി​ലെ അം​ഗ​മാ​യി​രു​ന്നു. അതി​നും പുറമേ വട​ക്കൻ​കോ​ട്ട​യം താ​ലൂ​ക്കു ബോർ​ഡു് പ്ര​സി​ഡ​ണ്ടാ​യും, മദ്രാ​സ് സർ​വ​ക​ലാ​ശാ​ലാ​പ​രീ​ക്ഷ​ക​നാ​യും ഇരു​ന്നി​ട്ടു​ണ്ടു്. നല്ല നി​രൂ​പ​ക​നും പത്ര​പ്ര​വർ​ത്ത​ക​നും ആയി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ഇന്ദു​ലേ​ഖാ​നി​രൂ​പ​ണം ഉത്ത​മ​മായ വി​മർ​ശ​ന​ത്തി​നു മാ​തൃ​ക​യാ​യി വി​ള​ങ്ങു​ന്നു. അമ്പു​നാ​യർ, വസു​മ​തി, വെ​ള്ളി​ക്കൈ, കാകൻ, ആശാ​കുല എന്നീ കഥ​ക​ളും, നാ​ണു​ഗു​രു​സ്വാ​മി​കൾ, കു​മാ​ര​നാ​ശാൻ, ചന്തു​മേ​നോൻ, കു​ഞ്ഞു​രാ​മൻ​നാ​യ​നാർ ഇവ​രു​ടെ ജീ​വ​ച​രി​ത്ര​ങ്ങ​ളും അദ്ദേ​ഹം രചി​ച്ചി​ട്ടു​ണ്ടു്. ഫലിതം പറ​യു​ന്ന​തി​ലും എഴു​തു​ന്ന​തി​ലും അതി​വി​ദ​ഗ്ദ്ധ​നാ​യി​രു​ന്നു. 1117-ൽ മരി​ച്ചു.

ഓടാ​ട്ടിൽ കേ​ശ​വ​മേ​നോൻ

1051 മീ​ന​ത്തിൽ ജനി​ച്ചു. പി​താ​വു് മൂ​വാ​റ്റു​പുഴ മുൻ​സി​ഫ്കോ​ട​തി വക്കീ​ലാ​യി​രു​ന്ന കവ​ള​പ്പാറ ഗോ​വി​ന്ദ​മേ​നോ​നാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ലേ പി​തൃ​വി​യോ​ഗം സം​ഭ​വി​ക്ക​യാൽ ആ ബാലൻ പി​തൃ​വ്യ​നായ കു​മാ​ര​മേ​നോ​ന്റെ കൂടെ താ​മ​സി​ച്ചാ​ണു് പഠി​ത്തം നട​ത്തി​യ​തു്. കു​മാ​ര​മേ​നോൻ അന്നു് കോ​ട്ട​യം ജി​ല്ലാ​ക്കോ​ട​തി വക്കീ​ലാ​യി​രു​ന്നു. ജസ്റ്റി​സ് കെ. പി. ഗോ​പാ​ല​മേ​നോ​നും, ചൈ​ന​യി​ലെ ഇന്ത്യൻ പ്ര​തി​നി​ധി​യായ കെ. പി. എസ്. മേ​നോ​നും അദ്ദേ​ഹ​ത്തി​ന്റെ പു​ത്ര​ന്മാ​രാ​ണു്. മെ​ട്രി​ക്കു​ലേ​ഷൻ പാ​സ്സാ​യ​ശേ​ഷം കേ​ശ​വ​മേ​നോൻ തി​രു​വ​ന​ന്ത​പു​ര​ത്തു വന്നു് വക്കീൽ​പ​രീ​ക്ഷ​യ്ക്കു പഠി​ച്ചു. 1076-ൽ മൂ​വാ​റ്റു​പു​ഴെ പ്രാക്‍ടീ​സു തു​ട​ങ്ങി. സം​ഗീ​ത​ത്തി​ലും സാ​ഹി​ത്യ​ത്തി​ലും അദ്ദേ​ഹ​ത്തി​നു് ഒരു​പോ​ലെ അഭി​രു​ചി​യു​ണ്ടാ​യി​രു​ന്നു. കു​മാ​രാ​ഷ്ട​കം, ടി​പ്പു​വും മല​യാ​ള​രാ​ജ്യ​വും, കപോ​ത​സ​ന്ദേ​ശം ഇവ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന കൃ​തി​കൾ. 1121 മി​ഥു​നം 24-നു ഒറ്റ​പ്പാ​ല​ത്തു​ള്ള സ്വ​വ​സ​തി​യിൽ​വ​ച്ചു മരി​ച്ചു.

ഭാ​ഷാ​പോ​ഷി​ണി​സ​ഭ​യിൽ വച്ചു് സമ്മാ​നാർ​ഹ​മാ​യി​ത്തീർ​ന്ന ഒരു കവി​ത​യാ​ണു് ടി​പ്പു​വും മല​യാ​ള​രാ​ജ്യ​വും. അതു് 1087-ൽ പു​സ്ത​ക​രൂ​പേണ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഒന്നു​ര​ണ്ടു പദ്യ​ങ്ങൾ ഉദ്ധ​രി​ക്കാം.

കടു​ത​ര​മ​ദ​മാർ​ന്നി​ടു​ന്ന മൈസൂർ-​
ക്ക​ടുവ കൊ​ടു​മ്പി​രി​പൂ​ണ്ടു പൽ​ക​ടി​ച്ചു
കടു​കി​ട​യു​മൊ​ഴി​ച്ചി​ടാ​തെ​യോ​രോ
കഠിനത കാ​ട്ടി​ടു​വാ​നു​റ​ച്ചി​റ​ങ്ങി.
കുടകൾ കൊ​ടി​ക​ളും ദിഗന്തമെല്ലാ-​
മു​ട​നു​ട​യും വെ​ടി​യും തു​ടർ​ന്നു​കൊ​ണ്ടു്
പട​യു​ടെ നടു​വിൽ പ്ര​താ​പ​മോ​ടും
പട​ഹ​മ​ടി​ച്ചു മു​ഴ​ക്കി യാ​ത്ര​യാ​യി

1103-ൽ ആണു് ഞങ്ങൾ തമ്മിൽ ആദ്യ​മാ​യി പരി​ച​യ​പ്പെ​ട്ട​തു്. അതിനു രണ്ടു കൊ​ല്ല​ങ്ങൾ​ക്കു മു​മ്പിൽ സാ​ഹി​ത്യ​പ​ഞ്ചാ​ന​ന​ന്റെ പ്രൗ​ഢാ​വ​താ​രി​ക​യോ​ടു​കൂ​ടി കപോ​ത​സ​ന്ദേ​ശം പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു. അതിലെ നായകൻ ആദ്യ​ത്തെ ജർ​മ്മൻ മഹാ​യു​ദ്ധ​കാ​ല​ത്തു് ജർ​മ്മ​നി​യിൽ അക​പ്പെ​ട്ടു​പോയ ഒരു നായർ യു​വാ​വാ​ണു്. അയാൾ തൃ​ശ്ശി​വ​പേ​രൂർ താ​മ​സി​ച്ചി​രു​ന്ന പ്രി​യ​ത​മ​യ്ക്ക് ഒരു കപോ​തം​മു​ഖേന സന്ദേ​ശം അയ​യ്ക്കു​ന്ന​താ​ണു് ഇതി​വൃ​ത്തം. പി. കെ​യു​ടെ അഭി​പ്രാ​യ​ത്തിൽ “യഥാർ​ത്ഥ​മായ അനു​രാ​ഗം ക്ഷോ​ഭ​ണ​മായ യു​ദ്ധ​കോ​ലാ​ഹ​ല​മോ വി​ഭ്ര​മ​ക​ര​മായ പാ​ശ്ചാ​ത്യ മാ​യാ​പ്ര​പ​ഞ്ച​മോ കൊ​ണ്ടു ബാ​ദ്ധ്യ​മാ​കാ​തെ ഗി​രി​സാ​ഗ​രാ​ദി വി​ഘ്ന​ങ്ങ​ളെ അതി​ലം​ഘി​ച്ചു്, നി​ഭൃ​ത​മാ​യി സ്വാ​ശ്ര​യോ​ന്മു​ഖ​മാ​യി പ്ര​വ​ഹി​ക്കു​ന്ന രസം വളരെ ഭം​ഗി​യാ​യി ഇതിൽ പ്ര​തി​പാ​ദി​ച്ചു കാ​ണു​ന്നു.” എല്ലാ പദ്യ​ങ്ങ​ളി​ലും കേ​ര​ള​വർ​മ്മ​പ്രാ​സം ഘടി​പ്പി​ച്ചി​ട്ടു​ണ്ടു്. ഒന്നു​ര​ണ്ടു പദ്യ​ങ്ങൾ താഴെ ചേർ​ക്കു​ന്നു.

വങ്കാ​ട​ല്ല​ഗ്ഗി​രി​സു​ഗ​മ​മാം നന്ദ​നോ​ദ്യാ​ന​ല​ക്ഷ്മീ
സങ്കാ​ശ​ത്വം​ത​ട​വി​യ​ഖി​ലാ​ന​ന്ദ​സ​ന്ദാ​യ​കം​പോൽ
ശങ്കാ​ലേ​ശം കു​ലി​ശ​ഹ​തി​യാൽ ഗോത്രഭിത്തിന്നുതോന്നി-​
പ്പ​ങ്കാ​യി​ച്ചേർ​ന്ന​തു​മു​ത​ല​തി​ന്ന​പ്സ​ര​സ്സെ​ന്ന നാമം.
രീ​തി​യ്ക്കെ​ല്ലാം ശരി​വ​രെ​യൊ​രു​ക്കീ​ട്ടു മാർഗ്ഗംതളംചെ-​
യ്തു​തി​പ്പാ​ടി​പ്പ​രി​മൃ​ദു​ല​സ​ന്നൃ​ത്ത​ഭേ​ദം നട​ത്തി
വീ​തി​ച്ചോ​രോ​ച​ര​മ​ച​ര​വും പ്രാ​തി​നി​ധ്യം വഹിച്ചി-​
ട്ടാ​തി​ഥ്യം ചെ​യ്ത​വി​ടെ​യ​തു​ല​പ്രീ​തി​യേ​റ്റും ഭവാ​നിൽ.

കണ്ണ​മ്പ്ര കു​ഞ്ഞു​ണ്ണി​നാ​യർ

തൃ​ശ്ശി​വ​പേ​രൂർ പ്രാക്‍ടീ​സു കൈ​യേ​ല്ക്കും​മു​മ്പു​ത​ന്നെ ലേ​ഖ​ന​ങ്ങൾ എഴു​തി​ക്കൊ​ണ്ടി​രു​ന്നു. കൈ​ര​ളീ​പ​ത്രാ​ധി​പ​രാ​യി ദീർ​ഘ​കാ​ലം ഇരു​ന്നു. കു​ടി​ലിൽ നി​ന്നു കൊ​ട്ടാ​ര​ത്തി​ലേ​ക്കു്, ഭ്രാ​ന്തി​വി​ലാ​സം, രാ​മ​ദാ​സ​സ്വാ​മി​കൾ, വി​ദു​രൻ, പ്ര​താ​പ​സിം​ഹൻ, അഹ​ല്യാ​ഭാ​യി, വി​ല്യം​ടെൽ, വി​ദ്യാ​സാ​ഗ​ര​ച​രി​തം, ശി​വ​ഗു​രു ഗോ​വി​ന്ദ​സിം​ഹൻ, ശ്രീ​രാ​മ​കൃ​ഷ്ണ​ക​ഥാ​മൃ​തം ഇത്യാ​ദി കൃ​തി​ക​ളു​ടെ കർ​ത്താ​വാ​ണു്. അദ്ദേ​ഹം 1117-ൽ ആലു​വാ​പ്പു​ഴ​യിൽ അക​പ്പെ​ട്ടു് അകാ​ല​മൃ​ത്യു പ്രാ​പി​ച്ചു.

കവി​യൂർ വെ​ങ്കി​ടാ​ച​ല​മ​യ്യർ

ഇദ്ദേ​ഹം 1051-മുതൽ 1116-വരെ ജീ​വി​ച്ചി​രു​ന്നു. പ്രാ​സ​വ​ഴ​ക്കു​ണ്ടാ​യ​പ്പോൾ അദ്ദേ​ഹം കെ. സിയെ പരി​ഹ​സി​ച്ചു് ഒരു ഖണ്ഡ​കാ​വ്യം രചി​ച്ചു. കു​മാ​ര​നാ​ശാ​ന്റെ പേരും പ്ര​താ​പ​വും പര​ന്ന​പ്പോൾ, അദ്ദേ​ഹ​ത്തി​നെ വ്യം​ഗ്യ​മാ​യി അധി​ക്ഷേ​പി​ക്ക​യാൽ അദ്ദേ​ഹ​ത്തി​നു് ഒരു ഗം​ഗാ​ധ​ര​ശാ​സ്ത്രി​യു​മാ​യി പോ​രാ​ടേ​ണ്ടി​വ​ന്നു. തങ്ക​മ്മ, മോ​ഹി​നീ​വി​ഭ്ര​മം, മറ്റൊ​ര​ന്യാ​പ​ദേ​ശ​ശ​ത​കം, ചില ഖണ്ഡ​കാ​വ്യ​ങ്ങൾ ഇവ​യെ​ല്ലാം അദ്ദേ​ഹം കൈ​ര​ളി​ക്കു സമർ​പ്പി​ച്ചി​ട്ടു​ണ്ടു്. ചില മാ​തൃ​ക​കൾ താഴെ ചേർ​ക്കു​ന്നു.

തങ്ക​മ്മ (പച്ച മല​യാ​ള​കൃ​തി)–
ആർ​ക്കും വരാ​പി​റ​വി​യാ​ലൊ​രുയൎച്ച പൂണൂൽ-​
ക്കാർ​ക്കും തു​ലു​ക്ക​നു​മൊ​രേ​നി​ല​ത​ന്നെ​പോ​ലും
ആർ​ക്കും മി​ര​ട്ടു​ല​കി​ല​മ്പ​ല​മെ​ന്നു, നോയ-
മ്പോർ​ക്കും തു​ലോ​മെ​ളി​മ​യാ​യ​വ​ളെ​ന്തു ചെ​യ്യും?
തണ്ടാർ​മി​ഴി​ക്ക​രിയ മേനവനോടിണക്ക-​
മു​ണ്ടാ​യ് വളർ​ന്നു​വി​ള​യ​ന്ന​ത​റി​ഞ്ഞു നായർ
കൊ​ണ്ടാ​ടി​മു​ന്ന​മ​വ​ളോ​ടു മു​ഷി​ഞ്ഞ​ത​യ്യോ
വേ​ണ്ടാ​ത്ത​തെ​ന്ന​വ​നു​റ​ച്ചു തെ​ളി​ഞ്ഞി​രു​ന്നാൻ.

എം. ആർ. കെ. സി.

സി. കു​ഞ്ഞു​രാ​മ​മേ​നോൻ എന്ന പേ​രി​നെ മറി​ച്ചി​ട്ട​താ​ണു് എം. ആർ. കെ. സി. അദ്ദേ​ഹം ഒരു സര​സ​കാ​ഥി​ക​നാ​യി​രു​ന്നു് ദീർ​ഘ​കാ​ലം മം​ഗ​ളോ​ദ​യം കമ്പ​നി​മാ​നേ​ജർ സ്ഥാ​നം വഹി​ച്ചു. അനേകം ചെ​റു​ക​ഥ​കൾ​ക്കു പുറമേ വള്ളു​വ​ക്ക​മ്മാ​രൻ, ഭാർ​ഗ്ഗ​വ​രാ​മൻ, രഘു​വം​ശം ഗദ്യം, ആന​ന്ദ​മ​ഠം, ദേ​ശ​ബ​ന്ധു, ഉമ്മർ​കു​ട്ടി, കന​കാം​ഗീ​പ​രി​ണ​യം, കമ്പ​രാ​മാ​യ​ണം ഗദ്യം, സർ രാ​മ​വർ​മ്മ, ജാർ​ജ്ജൂ പട്ടാ​ഭി​ഷേ​കം മു​ത​ലാ​യ​വ​യും രചി​ച്ചി​ട്ടു​ണ്ടു്.

കവി​തി​ല​കൻ വരവൂർ ശാ​മു​മേ​നോൻ

കൊ​ല്ല​വർ​ഷം 1050 മി​ഥു​നം 12-ാം തീയതി കൊ​ച്ചി​ശ്ശീ​മ​യിൽ കി​ഴ​ക്കൻ ചി​റ്റൂ​രി​ലു​ള്ള വരവൂർ കു​ടും​ബ​ത്തിൽ മണി​യിൽ നാ​ണു​നാ​യ​രു​ടേ​യും ഏമു​അ​മ്മ​യു​ടേ​യും സീ​മ​ന്ത​പു​ത്ര​നാ​യി ജനി​ച്ചു. അഞ്ചാം​വ​യ​സ്സിൽ നാ​ട്ടു​ന​ട​പ്പ​നു​സ​രി​ച്ചു് എഴു​ത്തി​നി​രു​ന്നി​ട്ടു് കൊ​ടു​വാ​യൂർ​ക്കാ​ര​നായ താ​ച്ചു​മേ​നോ​ന്റെ കു​ടി​പ്പ​ള്ളി​ക്കൂ​ട​ത്തിൽ ചേർ​ന്നു. പത്തു പന്ത്ര​ണ്ടു വയ​സ്സാ​വും​വ​രെ പഠി​ത്ത​ത്തിൽ കഴി​ച്ചു​കൂ​ട്ടി. അപ്പൊ​ഴേ​ക്കു് വാ​ത്സ​ല്യ​നി​ധി​യാ​യി​രു​ന്ന പി​താ​വു് മരി​ച്ചു​പോ​ക​യാൽ, അനാ​ഥ​നാ​യി​ത്തീർ​ന്ന ബാലൻ വീ​ട്ടി​ലേ​ക്കു മട​ങ്ങി. അവിടെ നി​ന്നും അചി​രേണ മാ​തു​ല​നെ സഹാ​യി​പ്പാ​നാ​യി അദ്ദേ​ഹ​ത്തി​ന്റെ കൃ​ഷി​സ്ഥ​ല​മായ വേ​ലാ​ന്താ​വ​ള​ത്തി​ലേ​ക്കു പാർ​പ്പു മാ​റ്റു​ക​യും പഠി​ത്ത​ത്തി​നു തല്ക്കാ​ലം വി​രാ​മ​മി​ടു​ക​യും ചെ​യ്തു. മാ​തു​ല​നു് ഭാ​ഗി​നേ​യ​ന്റെ പഠി​ത്ത​ക്കാ​ര്യ​ത്തിൽ ലേശം താ​ല്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ഗ്യ​വ​ശാൽ അദ്ദേ​ഹം പു​ത്ര​ന്മാ​രെ പഠി​പ്പി​ക്കു​ന്ന​തി​ലേ​ക്കു അവ​രു​ടെ വാ​സ​സ്ഥാ​ന​മാ​യി​രു​ന്ന നല്ലേ​പ്പ​ള്ളി എന്ന സ്ഥ​ല​ത്തു് ഒരു ശാ​സ്ത്രി​യെ നി​യോ​ഗി​ച്ചി​രു​ന്നു. നമ്മു​ടെ ശാ​മു​ക്കു​ട്ടി ആഴ്ച​യിൽ ഒന്നു രണ്ടു​ത​വണ ഏഴെ​ട്ടു​മൈൽ നട​ന്നു് അവി​ടെ​ച്ചെ​ന്നു മാ​തു​ലേ​യ​ന്മാ​രോ​ടു​കൂ​ടി സം​സ്കൃ​തം പഠി​ക്കാൻ തു​ട​ങ്ങി. ദൈ​വ​ഗ​ത്യാ ആ പഠി​ത്ത​വും ദീർ​ഘ​കാ​ലം നി​ന്നി​ല്ല. പ്ര​സ്തുത മാ​തു​ല​ന്റെ നി​ഷ്ക​രു​ണ​മായ പെ​രു​മാ​റ്റ​ത്തിൽ നമ്മു​ടെ ബാലൻ ചി​റ്റൂ​രേ​ക്കു തി​രി​ച്ചു​പോ​ന്നു.

വീ​ട്ടിൽ വന്ന​പ്പോൾ കു​ടും​ബ​ഭാ​രം കൂടി ഈ അനാ​ഗ​ത​ശ്മ​ശ്രു​വി​ന്റെ ചു​മ​ലി​ലാ​യി. മാ​താ​മ​ഹി, മാ​താ​വു്, ഒന്നു​ര​ണ്ടു സഹോ​ദ​ര​ന്മാർ ഇവ​രെ​പ്പു​ലർ​ത്തു​ന്ന​തി​ലേ​ക്കു് അദ്ദേ​ഹം ചി​റ്റൂർ അംശം കച്ചേ​രി​യിൽ എഴു​ത്തു​പ​ണി കൈ​യ്യേ​റ്റു. എന്നാൽ ഉപ​രി​പ​ഠ​ന​ത്തി​നു് ഇവിടെ ഒരു സൗ​ക​ര്യം ലഭി​ച്ചു. ഗൃ​ഹ​ത്തി​ന​ടു​ത്തു് ചി​റ്റൂർ തോ​ല​ക്കാ​ട്ടു ഗോ​പാ​ല​മോ​നോൻ എന്നൊ​രു വി​ദ്വാൻ താ​മ​സി​ച്ചി​രു​ന്നു. ശാ​മു​മേ​നോൻ അദ്ദേ​ഹ​ത്തി​നു ശി​ഷ്യ​പ്പെ​ട്ടു് നാ​ട​കാ​ല​ങ്കാ​ര​പ​ര്യ​ന്തം പഠി​ച്ചു. അതി​നോ​ടു​കൂ​ടി ലേ​ഖ​ന​വ്യ​വ​സാ​യ​ത്തി​ലും ഏർ​പ്പെ​ട്ടു. ആദ്യ​ലേ​ഖ​ന​ങ്ങൾ ജന​ര​ഞ്ജി​നി പത്ര​ത്തി​ലാ​യി​രു​ന്നു പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​തു്. പി​ന്നീ​ടു് കവ​നോ​ദ​യ​ത്തി​ലും രസി​ക​ര​ഞ്ജി​നി​യി​ലും എഴു​തു​വാൻ ആരം​ഭി​ച്ചു. കൃ​ഷ്ണാ​വി​വാ​ഹം എന്ന കൃതി കവ​നോ​ദ​യ​ക്കാ​രാ​ണു് പു​സ്ത​ക​രൂ​പേണ പ്ര​സാ​ധ​നം ചെ​യ്ത​തു്. ഗദ്യ​മാ​ലി​ക​യിൽ കാ​ണു​ന്ന ചില പ്ര​ബ​ന്ധ​ങ്ങൾ അദ്ദേ​ഹം രസി​ക​ര​ഞ്ജി​നി​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​യാ​കു​ന്നു.

18-ാം വയ​സ്സിൽ അദ്ദേ​ഹ​ത്തി​നു് ഒരു ദി​വ്യാ​നു​ഭൂ​തി ഉണ്ടാ​യ​ത്രേ. കു​ടും​ബ​ഭാ​ര​ത്താ​ലും മറ്റും വി​ഷ​മി​ച്ചു ജീ​വി​തം ദുർ​ഭ​ര​മാ​യി​ത്തോ​ന്നിയ ഈ നവ​യു​വാ​വു് ചി​റ്റൂർ​ക്കാ​വി​ന്റെ നട​യ്ക്കൽ ചെ​ന്നു് തന്റെ ക്ലേ​ശ​ഭാ​ര​ത്തെ ശമി​പ്പി​ക്കേ​ണ​മേ എന്നു​ള്ള പ്രാർ​ത്ഥ​ന​യോ​ടു​കൂ​ടി വീണു് കു​റേ​നേ​രം കി​ട​ന്നു. തദ​വ​സ​ര​ത്തിൽ ഒരു പ്ര​ഭാ​പൂ​രം തന്റെ മു​മ്പിൽ പര​ന്ന​താ​യും അതി​നു​ള്ളിൽ പു​ഞ്ചി​രി തൂ​കി​ക്കൊ​ണ്ടു് ഒരു ദി​വ്യ​വി​ഗ്ര​ഹം: ‘മകനേ! ഞാ​ന​ല്ലേ ഇരി​ക്കു​ന്ന​തു്? നീ എന്തി​നു ക്ലേ​ശി​ക്കു​ന്നു?” എന്നു് അരു​ളി​ച്ചെ​യ്ത​താ​യും അദ്ദേ​ഹ​ത്തി​നു തോ​ന്നി. ഈ അനു​ഭൂ​തി​ക്കു​ശേ​ഷം അദ്ദേ​ഹ​ത്തി​ന്റെ ജീ​വി​ത​ത്തി​നു് ഒരു വലു​തായ പരി​വർ​ത്ത​നം സം​ഭ​വി​ച്ചു​വ​ത്രേ.

25-ാം വയ​സ്സിൽ അദ്ദേ​ഹ​ത്തെ ചി​റ്റൂർ മജി​സ്ത്രേ​ട്ടു​കോ​ട​തി​യിൽ പകർ​പ്പു ഗു​മ​സ്ത​നാ​യി നി​യ​മി​ച്ചു. ഇതി​നി​ട​യ്ക്കു അദ്ദേ​ഹം അത്ഭു​ത​രാ​മാ​യ​ണം തർ​ജ്ജമ ചെ​യ്തു കഴി​ഞ്ഞി​രു​ന്നു. അധികം കഴി​യും മു​മ്പു് മാ​തൃ​വി​യോ​ഗം സം​ഭ​വി​ച്ചു. എന്നാൽ തൽ​സ്ഥാ​നം മന​സ്വി​നി​യായ മാ​ധ​വി​അ​മ്മ—അദ്ദേ​ഹ​ത്തി​ന്റെ ധർ​മ​പ​ത്നി—സ്വയം കൈ​യ്യേ​റ്റ​തി​നാൽ ഗൃ​ഹ​ഭ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു് വലിയ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നും ഉണ്ടാ​യി​ല്ല.

അല്പ​കാ​ല​ത്തി​നു​ള്ളിൽ ക്രി​മി​നൽ ടെ​സ്റ്റു​പ​രീ​ക്ഷ​യിൽ ചേർ​ന്നു വിജയം നേ​ടു​ക​യാൽ, ഉദ്യോ​ഗം രാ​ജി​വ​ച്ചി​ട്ടു് അദ്ദേ​ഹം വക്കീൽ​പ​ണി​യിൽ പ്ര​വേ​ശി​ച്ചു. 1078-ൽ,

“എന്നെ​ക്കു​റി​ച്ചേ​റെ വാ​ത്സ​ല്യ​മേ​റ്റു​ന്ന
ധന്യൻ കരു​ണാ​ക​രാ​ഖ്യ​നെ​ന്മാ​തു​ല​ന്റെ”

ആജ്ഞാ​നു​സൃ​തം എഴു​തി​ത്തീർ​ത്ത ജ്ഞാ​ന​വാ​സി​ഷ്ഠം കേരള ഭൂ​ഷാ​ഗാ​നം പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു. ഡമ്മി 656 വശ​ങ്ങ​ളു​ള്ള ഈ ബൃ​ഹ​ദ്ഗ്ര​ന്ഥ​ത്തെ​പ്പ​റ്റി മാ​ന​വി​ക്ര​മൻ ഏട്ടൻ രാജാ ഇപ്ര​കാ​രം പ്ര​സ്താ​വി​ച്ചി​രി​ക്കു​ന്നു:

“ദു​രൂ​ഹ​മായ വാ​സി​ഷ്ഠം ഭാ​ഷ​പ്പെ​ടു​ത്തു​വാൻ സാ​മാ​ന്യ കവി​ക​ളാൽ അശ​ക്യ​മാ​ണെ​ന്നു നമു​ക്കു തീർ​ച്ച​യാ​യും പറവാൻ കഴി​യു​ന്ന​താ​ണു്. ഇങ്ങ​നെ​യു​ള്ള ഈ ഗ്ര​ന്ഥ​ത്തെ ഭാ​ഷാ​ക​വി​താ​പ​ദ്ധ​തി​ക്ക​നു​സ​രി​ച്ചു് പ്രാ​സ​പ്ര​യോ​ഗാ​ദി​ക​ളെ വി​ടാ​തെ ഇപ്ര​കാ​രം ഭാ​ഷ​പ്പെ​ടു​ത്തി​യ​തു കാ​ണു​ന്ന എല്ലാ​വർ​ക്കും ഇദ്ദേ​ഹ​ത്തി​ന്റെ ജ്ഞാ​നം അനി​ത​ര​സാ​ധാ​ര​ണ​മാ​ണെ​ന്നു് അറി​വാൻ കഴി​യു​ന്ന​താ​ണു്. മൂ​ല​വും തർ​ജ്ജ​മ​യും ഒത്തി​ട്ടു​ണ്ടെ​ന്നു​ള്ള​തി​ലേ​ക്കു് അല്പം ചില ഭാ​ഗ​ങ്ങ​ളെ ഇവിടെ എടു​ത്തു​കാ​ണി​ക്കാം.

  1. ദിവി ഭൂമൗ തഥാ​കാ​ശേ ബഹി​ര​ന്ത​ശ്ച മേ വിഭുഃ യോ വി​ഭാ​ത്യ​വ​ഭാ​സാ​ത്മാ തസ്മൈ സർ​വാ​ത്മ​നേ നമഃ
  2. ദ്യോവിലുംക്ഷിതിയിലുമാകാശദേശത്തിലു-​ മാ​വി​ധം പു​റ​മേ​യു​ള്ളി​ലു​മൊ​രു​പോ​ലെ വ്യാ​പി​ച്ചു​കൊ​ണ്ടു ശു​ദ്ധ​ജ്ഞാ​ന​മേ സ്വ​രൂ​പ​മാ​യ് ശോ​ഭി​ക്കും സർ​വാ​ത്മാ​വാ​മ​തി​ന്നു നമ​സ്കാ​രം.
സൂ​ച്യു​പാ​ഖ്യാ​ന​ഘ​ട്ട​ത്തിൽ–
  1. ദീർ​ഘ​സ്വ​പ്ന​സ്ഥി​തിം യാതഃ സം​സാ​രാ​ഖ്യോ മനോ​വ​ശാൽ അസ​മ്യ​ക് ദർ​ശ​നാൽ സ്ഥാണാ-​ വിവ പും​പ്ര​ത്യ​യോ ദൃഢഃ. നന്നാ​യി നോ​ക്കാ​യ്ക​യാൽ സ്ഥാ​ണു​വിൽ പു​മാ​നെ​ന്നു തോ​ന്ന​ലേ​റ്റ​വും ദൃ​ഢ​മാ​യി വന്നീ​ടും​പോ​ലെ ശ്രീ​രാമ മനോ​വ​ശം ഹേ​തു​വാ​യി​ട്ട​ഹോ സം- സാ​രം​താൻ ദീർ​ഘ​സ്വ​പ്ന​സ്ഥി​തി​യെ പ്രാ​പി​ച്ചി​തു.
ദാ​ശു​രാ​ഖ്യാ​നം–
അസ്യ സം​സാ​ര​ദുഃ​ഖ​സ്യ
സർ​വോ​പ​ദ്ര​വ​കാ​രി​ണഃ
ഉപായ ഏക ഏവാ​സ്തി
മനസഃ സ്വ​സ്യ നി​ഗ്ര​ഹഃ
താ​പി​ഞ്ഛ​നീ​ല​ങ്ക​ളേ​ബര കേൾ​ക്ക സ-
ർവോ​പ​ദ്ര​വ​ക​രം സം​സാ​ര​സ​ങ്ക​ടം
ദൂരെ നീ​ങ്ങീ​ടു​വാൻ തന്റെ ചേതസ്സിനെ-​
ത്തീ​രെ നശി​പ്പി​ക്ക​ത​ന്നേ വഴി​യു​ള്ളു.

ഇങ്ങ​നെ പല ഭാ​ഗ​ങ്ങ​ളും നാം പരി​ശോ​ധി​ച്ച​തിൽ എല്ലാം മൂ​ല​ത്തി​നു് ഒത്തു​ത​ന്നെ ഇരി​ക്കു​ന്നു​ണ്ടു്.”

ഇതു് എഴു​തു​ന്ന കാ​ല​ത്തു് ഈ കവി കൊ​ട്ടാ​ര​ക്ക​രെ സദാ​ന​ന്ദ​സ്വാ​മി​ക​ളു​ടെ ശി​ഷ്യ​സ്ഥാ​നം ഏറ്റു​ക​ഴി​ഞ്ഞി​രു​ന്നു എന്നു്,

‘യതി​വ​ര​നെൻ​ഗു​രു സതതം
കൃ​തി​കൾ പു​ക​ഴ്ത്തും മഹാൻ സദാ​ന​ന്ദം
മതി​യിൽ വി​ള​ങ്ങുക, തൽപദ-
മതി​ലി​ക്കൃ​തി​യെ സമർ​പ്പ​ണം ചെ​യ്തേൻ.’

എന്ന സമർ​പ്പ​ണ​പ​ദ്യ​ത്തിൽ​നി​ന്നു ഗ്ര​ഹി​ക്കാം.

1082-ൽ ശ്രു​തി​ഗീത രചി​ക്ക​പ്പെ​ട്ടു. കു​ചേ​ല​വൃ​ത്തം എട്ടു​വൃ​ത്തം കൈ​കൊ​ട്ടി​ക്ക​ളി​പ്പാ​ട്ടു്, കാ​ളി​യാർ​ക്കു്, ശി​വ​പാ​ദാ​ദി​കേ​ശ​സ്ത​വം ഈ കൃ​തി​ക​ളും ഇക്കാ​ല​ത്തി​നോ​ടു് അടു​പ്പി​ച്ചു രചി​ക്ക​പ്പെ​ട്ട​വ​യാ​ണു്.

1086-ൽ ശങ്ക​ര​വി​ജ​യ​വും, 1092-ൽ ശ്രീ​കൃ​ഷ്ണ​ചൈ​ത​ന്യ​സ്വാ​മി​ക​ളു​ടെ ജീ​വ​ച​രി​ത്ര​വും, 1093-ൽ രാ​ജ​യോ​ഗം നക്ഷ​ത്ര​മാ​ല​യും എഴു​തി​ത്തീർ​ത്തു.

1094-ൽ ദേ​വീ​ഭാ​ഗ​വ​തം എന്ന വി​ശി​ഷ്ട​കൃ​തി ഭാ​ഷാ​ഗാ​ന​രൂ​പ​ത്തിൽ ബി. വി. ബു​ക്കു​ഡി​പ്പോ​ക്കാർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ശ്രീ​രാ​മ​വർ​മ്മ​വി​ജ​യം ഭാ​ഷാ​ഗാ​ന​വും ആ കൊ​ല്ല​ത്തിൽ ഉണ്ടാ​യ​താ​ണു്.

ഇതി​നോ​ട​ടു​ത്തു​ത​ന്നെ കൊ​ച്ചീ​മ​ഹാ​രാ​ജാ​വു തി​രു​മ​ന​സ്സു​കൊ​ണ്ടു് കവി​തി​ല​കൻ എന്ന ബി​രു​ദം കല്പി​ച്ചു നല്കി.

1096-ൽ അദ്ദേ​ഹ​ത്തി​നു് പ്ര​മേ​ഹ​രോ​ഗം ആരം​ഭി​ച്ചു. രോ​ഗ​ശ​യ്യാ​വ​ലം​ബി​യാ​യി​രു​ന്നു​കൊ​ണ്ടു് എഴു​തി​യ​താ​ണു് ത്രി​പു​രാ​ര​ഹ​സ്യം. അതും തച്ഛി​ഷ്യ​നാ​യി​രു​ന്ന ഒടു​വിൽ ശങ്ക​രൻ​കു​ട്ടി മേ​നോ​ന്റെ കല്ക്കി​പു​രാ​ണ​വും ഒരു​മി​ച്ചു് ഒരേദിവസം-​അതായതു് 1101 മകരം 13-ാം തീയതി ആണു് കുറ തീർ​ന്ന​തു്. 1102 മകരം 11-ാം തീയതി അദ്ദേ​ഹം ദി​വം​ഗ​ത​നാ​വു​ക​യും ചെ​യ്തു. അദ്ദേ​ഹ​ത്തി​ന്റെ അനു​ജ​നായ വരവൂർ നാ​രാ​യ​ണ​മേ​നോ​നും ഒരു സാ​ഹി​തീ​ഭ​ക്ത​നാ​ണു്. ത്രി​പു​രാ​ര​ഹ​സ്യ​ത്തിൽ ഏതാ​നും വരി​കൾ​കൂ​ടി ഉദ്ധ​രി​ക്ക​ട്ടെ.

എന്നിൽ ശ്രീ​ഗു​രോ ഭവൽ​ക്കാ​രു​ണ്യ​മു​ണ്ടാ​ക​യാൽ
ധന്യ​നാ​യ്ത്തീർ​ന്നേൻ കൃ​ത​കൃ​ത്യ​നാ​യ് ഭവി​ച്ചു ഞാൻ
കരു​ണാ​സി​ന്ധു സാ​ക്ഷാൽ പര​മേ​ശ്വ​രൻ​ത​ന്നെ
ഗു​രു​നാ​യ​ക​നെ​ന്നു വി​ദ്വാ​ന്മാർ പറ​യു​ന്നു.
തു​ഷ്ട​നാ​യ്വ​ന്നു ഗു​രു​നാ​യ​ക​നെ​ങ്കിൽ ബ്രഹ്മ-​
പട്ടം കൂ​ടി​യും ശുദ്ധ പു​ല്ലു​പോ​ലാ​യി​ത്തീ​രും
ഉൾ​ത്തീ​രിൽ ഗു​രു​വി​ന്നു സന്തോ​ഷ​മു​ണ്ടാ​യ്‍വ​രാൻ
മൃ​ത്യു​വു​മാ​ത്മ​ത​യെ​സ്സ​മ്പ്രാ​പി​ച്ചീ​ടു​മ​ല്ലോ.

വള്ള​ത്തോൾ ഗോ​പാ​ല​മേ​നോൻ

തു​ഞ്ച​ത്താ​ചാ​ര്യ​ദേ​വ​ന്റെ ജന്മ​ഭൂ​മി​യായ വെ​ട്ട​ത്തു​നാ​ട്ടിൽ മംഗലം പ്ര​ദേ​ശ​ത്തി​നു സമീപം പു​ല്ലൂ​ന്നി ദേ​ശ​ത്താ​ണു് വള്ള​ത്തോൾ ഗൃഹം. അവിടെ കറു​ത്തേ​ട​ത്തു വി​ഷ്ണു​ന​മ്പൂ​രി​യു​ടേ​യും നാ​ണി​ക്കു​ട്ടി അമ്മ​യു​ടേ​യും പു​ത്ര​നാ​യി ഗോ​പാ​ല​മേ​നോൻ 1057 ഇട​വ​ത്തിൽ ജനി​ച്ചു. വള്ള​ത്തോൾ കവി​ക​ളിൽ കാ​ണു​ന്ന ഉച്ചാ​ദർ​ശ​ങ്ങൾ​ക്കെ​ല്ലാം കാ​ര​ണ​ഭൂത ആ ഉത്ത​മ​ഗൃ​ഹി​ണി​യാ​യി​രു​ന്നു എന്നു പറയാം. ആ മഹ​തി​യു​ടെ ഹൃദയം ആകാ​ശം​പോ​ലെ നിർ​മ്മ​ല​വും സമു​ദ്രം​പോ​ലെ വി​ശാ​ല​വു​മാ​യി​രു​ന്നു എന്നാ​ണ​റി​വു്. ആ സു​കൃ​തി​നി​യെ​പ്പ​റ്റി ഇങ്ങ​നെ കീർ​ത്തി​ച്ചി​രി​ക്കു​ന്നു.

ഗൃ​ഹ​ജോ​ലി​മു​റ​യ്ക്കു നിർ​വ​ഹി​ച്ചഥ ബാ​ക്കി​സ്സ​മ​യ​ങ്ങ​ളൊ​ക്കെ​യും
പു​രു​പു​ണ്യ​പു​രാ​ണ​കീർ​ത്ത​ന​ശ്ര​വ​ണാ​ദി​ക്രി​യ​യാൽ കഴി​ച്ചി​ടും
സക​ലോ​പ​രി ലോ​ക​രോർ​ത്ത​തി​ശ്ര​മ​മേ​തി​ന്നു നട​ത്തി​ടു​ന്നു​വോ
അവി​ടേ​യ്ക്ക​തി തു​ച്ഛ​മാ​പ്പ​ണം ഭുവി യാ​ചി​പ്പ​വ​രി​ല്ല​തെ​ങ്കി​ലോ
കളി​മ​ട്ടി​ലു​മ​ന്യ​ദൂ​ഷ​ണം പറ​യാ​തെ പെ​രു​തായ പാ​രി​തിൽ
അതി​ദുർ​ല്ല​ഭ​മാ​യെ​ഴും വി​ശു​ദ്ധ​രി​ലെ​ന്നമ മി​ക​ച്ചു​നി​ല്ക്കു​മേ.

എന്നും മു​ത്താ​ഴം കഴി​ക്ക​ണ​മെ​ങ്കിൽ അതി​ഥി​ക​ളേ​യും മറ്റും ഊട്ടി, വേ​ലി​ക്ക​രി​കെ വന്നു നി​ല്ക്കു​ന്ന അധഃ​കൃ​ത​ശി​ശു​ക്കൾ​ക്കു വല്ല​തും കൊ​ടു​ത്ത ശേഷമേ ആകാവൂ എന്നു് ആ മാ​താ​വി​നു് നിർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​ത്രേ.

ഗോ​പാ​ല​മേ​നോ​ന്റെ ശൈ​ശ​വ​ബാ​ല്യ​ങ്ങൾ അതി​ക്ലേ​ശ​ഭൂ​യി​ഷ്ഠ​മാ​യി​രു​ന്നു. പത്തു പന്ത്ര​ണ്ടു വയ​സ്സാ​യ​തി​നു​ശേ​ഷ​മേ എഴു​ത്തു പഠി​ക്കാൻ​പോ​ലും സാ​ധി​ച്ചു​ള്ളു. നാ​ട്ടെ​ഴു​ത്ത​ച്ഛ​ന്റെ അടു​ക്കൽ അക്ഷ​രാ​ഭ്യാ​സം ചെ​യ്തി​ട്ടു് പ്ര​സ്തുത ബാലൻ വെ​ള്ള​ര​ക്കാ​ട്ടു പള്ളി​യ​ത്തു ചെ​ന്നു താ​മ​സി​ച്ചു. പള്ളി​യ​ത്തു കു​ടും​ബം ചരി​ത്ര​പ്ര​സി​ദ്ധ​മാ​ണു്. ആ തായ് വഴി​യു​ടെ സ്ഥാ​പ​കൻ വെ​ട്ട​ത്തു രാ​ജാ​വി​ന്റെ സചി​വ​നും കൊ​ച്ചി ശക്തൻ​ത​മ്പു​രാ​ന്റെ മി​ത്ര​വും ആയി​രു​ന്ന കോ​ന്തി​മേ​നോൻ കാ​ര്യ​ക്കാ​രു​ടെ ഭാ​ഗി​നേ​യി​യെ​യാ​ണു് വി​വാ​ഹം ചെ​യ്തി​രു​ന്ന​തു്. പള്ളി​യ​ത്തു സന്താ​നം ഇല്ലാ​തെ വന്ന​പ്പോൾ, ആ വി​വാ​ഹ​ത്തിൽ നി​ന്നു​ണ്ടായ ഒരു സന്താ​ന​ത്തെ​യാ​ണു് ദത്തെ​ടു​ത്ത​തു്. പ്ര​സ്തുത പള്ളി​യ​ത്തു നാ​യ​രു​ടെ ദൗ​ഹി​ത്രി​യു​ടെ ദൗ​ഹി​ത്ര​നാ​യി​രു​ന്നു നമ്മു​ടെ ഗോ​പാ​ല​മേ​നോൻ.

അദ്ദേ​ഹം പള്ളി​യ​ത്ത​ടു​ത്തു​ള്ള ഒരു പ്രാ​ഥ​മിക വി​ദ്യാ​ല​യ​ത്തിൽ രണ്ടു​കൊ​ല്ല​ത്തോ​ളം പഠി​ച്ച​പ്പൊ​ഴേ​ക്കും ആ പള്ളി​ക്കൂ​ടം നി​ന്നു​പോ​യി. അതി​നാൽ അദ്ദേ​ഹം കൊ​ല്ല​ങ്കോ​ട്ടേ​യ്ക്കു താമസം മാ​റ്റി. അവി​ട​ത്തെ ഇം​ഗ്ലീ​ഷ്ഹൈ​സ്കൂ​ളിൽ ചേർ​ത്തു പഠി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മാ​തു​ല​ന്റെ ഉദ്ദേ​ശം. എന്നാൽ ആ ദി​ക്കിൽ പ്ലേ​ഗ് എന്ന മഹാ​മാ​രി അന്നു നട​പ്പി​ലി​രു​ന്ന​തി​നാൽ, അതും സാ​ധി​ക്കാ​തെ വന്ന​പ്പോൾ, മാ​തു​ലൻ അദ്ദേ​ഹ​ത്തി​നെ ഒരു വക്കീ​ലി​ന്റെ ഗു​മ​സ്ത​നാ​യി അയ​ച്ചു. ആ ഉദ്യോ​ഗ​ത്തി​ലും അധി​ക​കാ​ലം ഇരു​ന്നി​ല്ല. കാ​ര​ണ​വർ അദ്ദേ​ഹ​ത്തി​നെ വി​ളി​ച്ചു് തറ​വാ​ട്ടി​ലെ കല​വ​റ​ത്താ​ക്കോൽ​ക്കാ​ര​നാ​ക്കി നിർ​ത്തി. എന്നാൽ ആ ജോലി രു​ചി​യ്ക്കാ​യ്ക​യാൽ അദ്ദേ​ഹം കാ​വ്യ​നാ​ട​കാ​ദി വി​നോ​ദ​ങ്ങ​ളിൽ ഏർ​പ്പെ​ടു​ക​യും അചി​രേണ വള്ള​ത്തോൾ നാ​രാ​യ​ണ​മേ​നോ​ന്റെ അടു​ക്കൽ സം​സ്കൃ​തം അഭ്യ​സി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്തു.

അല്പ​കാ​ല​ത്തി​നു​ള്ളിൽ ഈ ബാലൻ ചില കാ​വ്യ​ങ്ങ​ളും നാ​ട​ക​ങ്ങ​ളും വാ​യി​ച്ചു തീർ​ത്തു. അതി​നോ​ടു​കൂ​ടി​ത്ത​ന്നെ കാ​വ്യ​ര​ച​ന​യും തു​ട​ങ്ങി. 1097-ൽ ആ ഗു​രു​കു​ല​ത്തി​ന്റെ സ്ഥാ​പ​ക​നും നാ​ട്യ​ക​ലാ​വി​ദ​ഗ്ദ്ധ​നും ആയി​രു​ന്ന ദാ​മോ​ദ​രൻ എള​യ​തു് ദി​വം​ഗ​ത​നാ​വു​ക​യാൽ വള്ള​ത്തോൾ കേ​ര​ള​ക​ല്പ​ദ്രു​മം അച്ചു​ക്കൂ​ട​ത്തി​ന്റെ ഭര​ണ​കർ​ത്തൃ​ത്വം കൈ​യേ​റ്റു് തൃ​ശ്ശി​വ​പേ​രൂർ താ​മ​സ​മാ​ക്കി. അതി​നെ​ത്തു​ടർ​ന്നു് ഗോ​പാ​ല​മേ​നോ​ന്നും പഠി​പ്പു നിർ​ത്തേ​ണ്ട​താ​യി വന്നു. എന്നാൽ അധികം താ​മ​സി​യാ​തെ അദ്ദേ​ഹ​വും വെ​ള്ള​ര​ക്കാ​ട്ടു​ള്ള ഒരു വി​ദ്യാ​ല​യ​ത്തിൽ അദ്ധ്യാ​പ​ക​വൃ​ത്തി സ്വീ​ക​രി​ച്ചു.

ആ ജോ​ലി​യിൽ ആറു സം​വ​ത്സ​ര​ത്തോ​ള​മേ ഇരു​ന്നു​ള്ളു. കവ​ന​കൗ​മു​ദി നട​ന്നു​കൊ​ണ്ടി​രു​ന്ന കാ​ല​മാ​യി​രു​ന്നു അതു്. ആ പ്ര​തി​വാ​ര​പ​ത്ര​ത്തി​ന്റെ കു​ന്നം​കു​ളം ലേഖകൻ ഗോ​പാ​ല​മേ​നോ​നാ​യി​രു​ന്നു.

1083-ൽ അദ്ദേ​ഹം വള്ള​ത്തോ​ളി​ന്റെ ധർ​മ്മ​പ​ത്നി​യു​ടെ അനു​ജ​ത്തി​യായ ചി​റ്റ​ഴി നാ​ണി​ക്കു​ട്ടി അമ്മ​യെ വി​വാ​ഹം കഴി​ച്ചു. ഒരു വ്യാ​ഴ​വ​ട്ട​ത്തെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നു​ശേ​ഷം ആ സാ​ധ്വി 1096 തുലാം പതി​ന​ഞ്ചാം​തീ​യ​തി ഇഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞു. നാലു സന്താ​ന​ങ്ങൾ ഉണ്ടാ​യ​തിൽ രണ്ടു പു​രു​ഷ​പ്ര​ജ​ക​ളും മരി​ച്ചു​പോ​യി. ആ സം​ഭ​വ​ത്തെ​പ്പ​റ്റി​യാ​ണു് കവി ഇങ്ങ​നെ വി​ല​പി​ച്ചി​രി​ക്കു​ന്ന​തു്.

“പി​ട​യു​ന്നി​തു നെ​ഞ്ചു, സന്ധിബ-​
ന്ധ​ന​മെ​ല്ലാ​മ​ഴി​യു​ന്നു ദൈവമേ
തള​രു​ന്നു തകർ​ന്നി​ടു​ന്നു, ഹാ
പി​ള​രു​ന്നൂ, വര​ളു​ന്നു​മേ ജഡം.
പു​ലർ​വേ​ള​യി​ലേ​റ്റു ചേറ്റുതൻ-​
ഗൃ​ഹ​കൃ​ത്യ​ങ്ങൾ സമാ​ച​രി​ച്ചു താൻ
കു​തു​കേന കു​ളി​ക്കു​വാൻ ഗമി-
ച്ചൊ​രു​മൽ​പ്രേ​യ​സി ഹാ പ്ര​പ​ഞ്ച​മേ.
അധി​തോ​യ​മു​ദ​ഗ്ര​മൂർ​ഛ​യാൽ
സഹസാ ഹന്ത, പതി​ച്ചി​തോ​മ​ലാൾ
കടു​ശാ​പ​ഭ​യാൽ നഭസ്സിൽനി-​
ന്നൊ​രു ദി​വ്യാം​ഗ​ന​യെ​ന്ന​പോ​ല​വേ.
സു​പ​യ​സ്സിൽ നി​മ​ഗ്ന​യാ​യൊ​രെൻ
മധു​ര​സ്നി​ഗ്ദ്ധ​മ​ദാ​ല​സാ​ഗി​യെ,
മമജീവതസർവസൗഖ്യമോ-​
ടൊ​രു​വാ​യ​യ്ക്കു​വി​ഴു​ങ്ങി ഹാ വിധി.
സു​ര​പാ​ദ​പ​സൂ​ന​വാർ​മ​ണം
തി​ര​ളും ദി​വ്യ​സ​രോ​വ​ര​ങ്ങ​ളിൽ
കളിയാടുകയല്ലി-​യുല്ക്കളം
കു​ളി​രും​മാ​റ​തി​പു​ണ്യ​ശാ​ലി​നി?
സുഭഗേ! തവ ചേർച്ചമൂലമി-​
സ്സു​ര​ഗം​ഗാ​ത​ട​മ​പ്സ​രോ​വൃ​തം
വി​ല​സു​ന്നി​ത​ഭൂ​ത​പൂർ​വ്വ​മാം
സു​ഷ​മാ​വൈ​ഭ​വ​മാർ​ന്നു സാ​മ്പ്ര​തം.
നിജ മാ​തൃ​സ​മാ​ഗ​മോ​ത്സ​വം
ചെ​റു​ത​ണ്ടാ​രി​രു​ളാൽ നു​കർ​ന്ന​ലം
മൃദുവാംകഴൽവെപ്പിനാൽപുതു-​
ത്ത​ളിൽ​മാർ​ഗ്ഗ​ത്തിൽ വി​ത​ച്ചു നീളവേ,
കുളുർ നന്ദനസീമ്നികേളിചെ-​
യ്തവർ നിൻ നന്ദ​ന​രോ​ടി​വ​ന്നി​താ
ഭുജവല്ലികളിൽത്തളിർപ്പൊടി-​
പ്പ​രു​ളു​ന്നൂ തവ ദേ​വ​താർ​ച്ചി​തേ. യു​ഗ്മ​കം
ഗു​രു​ഹർ​ഷ​മൊ​ടോ​ടി​യെ​ത്തി​ടും
ചെ​റു​പൈ​ത​ങ്ങ​ളെ രണ്ടു​പേ​രെ​യും
പെ​രു​തുൾ​പ്ര​ണ​യം​ചു​ര​ത്തി​ടും
തി​രു​മാ​റിൽ​ത്തവ ചേർ​ക്കു​കൊ​പ്പ​മേ.”

1088-ൽ പ്രി​യ​ജ​ന​നി മരി​ച്ചു കഴി​ഞ്ഞി​രു​ന്നു. തു​ടർ​ന്നു് പു​ത്ര​വി​യോ​ഗ​ങ്ങൾ—ഇപ്പോൾ ഇതാ ബഹിർ​ഗ്ഗ​ത​പ്രാ​ണ​യായ പത്നി​യു​ടെ പ്രാ​ണ​വി​യോ​ഗം–ഇതിൽ കവി​ഞ്ഞു ഒരു മനു​ഷ്യ​നെ ക്ലേ​ശി​പ്പി​ക്കാൻ മറ്റെ​ന്തു​വേ​ണം? ഇതി​നി​ട​യ്ക്കു് വള്ള​ത്തോൾ കു​ടും​ബ​ത്തി​ലെ ഭാഗം കഴി​യു​ക​യും കാ​ര​ണ​വർ മരി​ക്കു​ക​യും ചെ​യ്ക​യാൽ, കാ​ര​ണ​വ​സ്ഥാ​നം ഗോ​പാ​ല​മേ​നോൻ തന്നെ വഹി​ക്കേ​ണ്ട​താ​യും വന്നു.

കു​ടും​ബ​ഭ​ര​ണ​ക്ലേ​ശ​ങ്ങൾ​ക്കി​ട​യ്ക്കും അദ്ദേ​ഹ​ത്തി​നു് കവി​താ​ര​ച​ന​യിൽ ഏർ​പ്പെ​ടാൻ കഴി​ഞ്ഞ​തു് വള്ള​ത്തോ​ളി​ന്റെ സാ​ഹ​ച​ര്യ​ത്താൽ മാ​ത്ര​മാ​ണു്. അദ്ദേ​ഹം 1115 തു​ലാ​മാ​സ​ത്തിൽ ഇഹ​ലോ​ക​വാ​സം വെ​ടി​ഞ്ഞു.

ധന​തൃ​ഷ്ണ​യു​ടെ അഭാവം, അനാ​ഡം​ബ​ര​ജീ​വി​തം—ഇവ രണ്ടും സ്വ​മാ​താ​വിൽ​നി​ന്നു ലഭി​ച്ച അമൂ​ല്യ​സ​മ്പ​ത്തു​ക​ളാ​യി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ ഹൃദയം സര​ള​വും മധു​ര​വും ആയ ഭാ​വ​ങ്ങ​ളു​ടെ ഒരു ഉറ​വ​യാ​യി​രു​ന്ന​തി​നാൽ അതിൽ​നി​ന്നു് ഊറി​വ​ന്ന കവി​ത​ക​ളും മാ​ധു​ര്യ​സാ​രള ്യാദി ഗു​ള​ഭൂ​യി​ഷ്ഠ​മാ​യി​രി​ക്കു​ന്നു. ഒരു കവി​യ്ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട പ്ര​ധാന ഗുണം ആത്മാർ​ത്ഥ​ത​യാ​ണു്. ആ ഗുണം ഒന്നു​കൊ​ണ്ടു മാ​ത്ര​മാ​ണു് വള്ള​ത്തോൾ കവികൾ കേ​ര​ളീ​യ​രു​ടെ ആരാ​ധ​ന​യ്ക്കു പാ​ത്രീ​ഭ​വി​ച്ചി​ട്ടു​ള്ള​തു്.

ഒരു സ്ത്രീ​യു​ടെ ക്രൗ​ര്യം.

ഇതു് 1091-ൽ രചി​ക്ക​പ്പെ​ട്ട ഒരു ഖണ്ഡ​കൃ​തി​യാ​ണു്.

“രാ​വാ​യ്ക്ക​ഴി​ഞ്ഞി​ത​ധു​നാ​പ​കൽ​പോ​യി​വീ​ണ്ടും
രാ​വാ​ശു​നീ​ങ്ങി​യ​ണ​യും പകൽ​താ​നി​വ​ണ്ണം
ചാവാനെഴുന്നദിവസത്തൊടടുത്തുചെല്ല-​
മീ​വാ​സ്ത​വം മനു​ജ​രി​ങ്ങ​റി​യു​ന്ന​തു​ണ്ടോ?
ചേരാ നമു​ക്കു മൃതി, ചത്ത​വർ മൂത്തതൊങ്ങ-​
ന്മാ​രാ​ണി​വ​ണ്ണ​മൊ​രു​കൂ​ട്ടർ നടി​ച്ചി​ടു​ന്നു
പാ​രാ​യൊ​രി​പ്പെ​രിയ രാഗമണഞ്ഞവേഷ-​
ക്കാ​രാം നര​ക്കു​ടയ നാ​ട്യ​മ​തീവ ചി​ത്രം.”

ഇതു് പഴയ കേ​ര​ള​വർ​മ്മ​പ്ര​സ്ഥാ​ന​മ​നു​സ​രി​ച്ചു രചി​ച്ച ഒരു കൃ​തി​യാ​ണു്. അനു​ഭ​വ​സ​മ്പ​ന്ന​രായ ഒരു കവി​യേ​യ​ല്ല നാം ഇതിൽ കാ​ണു​ന്ന​തു്. കവി​ത്വ​ശ​ക്തി​യു​ടെ തള്ളി​ച്ച​യേ​ക്കാൾ പ്രാ​സ​മൊ​പ്പി​ച്ചു പദ​ങ്ങ​ളെ നി​ര​ത്തു​ന്ന​തി​ലു​ള്ള ശ്ര​മ​ക്കൂ​ടു​തൽ ഇതിൽ പ്ര​ക​ട​മാ​യി​രി​ക്കു​ന്നു.

രാ​വി​ലെ,

“മു​ള്ളാ​ളും ചെ​ടി​ക​ളിൽ മഞ്ജു​ള​മ​ഞ്ജ​രി​ക​ളും
വെ​ള്ളാ​രം കല്ലു​ക​ളിൽ കാ​ന്തി​ക​ന്ദ​ള​ങ്ങ​ളും
ചാർ​ത്തിയ തൃ​ക്ക​യ്യി​നാൽ മനു​ക്കു​പ​ണി​ചെ​യ്തു
തീർ​ത്തോ​രി​പ്ര​പ​ഞ്ചം ഹാ! മധു​ര​മ​ന്യാ​ദൃ​ശം!
തളിർ​ത്ത​ല​ത​യ്ക്കോ​മൽ​ത്താ​ര​മി​യി​ച്ചീ​ടു​ന്നു
തളിർ​ത്തൊ​ത്ത​രു​ളു​ന്നു തന്ന​നു​ജ​ത്തി​ക്കു​മേ,
കാ​റൊ​ത്ത കു​യി​ലി​ന്റെ കണ്ഠ​നാ​ള​ത്തിൽ നറും
കാ​ക​ളീ​വി​പ​ഞ്ചിക മീ​ട്ടു​ന്നി​തൊ​രു​ക​യ്യാൽ,
മറു​ക​യ്യി​നാൽ കോ​ക​വി​സ്വ​ര​മി​യ​ലു​ന്ന
മയി​ലിൻ മണി​മെ​യ്യിൽ മഴ​വി​ല്ലെ​ഴു​തു​ന്നു,
കോ​ഴി​തൻ​ത​ല​യിൽ​പ്പൂ​ന്ത​ല​പ്പാ​വ​ണി​ഞ്ഞ​തും,
കോ​മ​ള​ത്ത​ത്ത​ച്ചു​ണ്ടിൽ കു​ങ്കു​മം​തേ​പ്പി​ച്ച​തും,
ശല​ഭ​ച്ചി​റ​കി​ന്മേൽ​ച്ചി​ത്ര​ങ്ങൾ കു​റി​ച്ച​തും
കല​മാൻ​കൊ​മ്പു​കൾ​ക്കു ചി​ന​പ്പം​പൊ​ട്ടി​ച്ച​തും
ശി​ല്പ​കൗ​ശ​ല​മേ​റും തൻ​തി​രു​ക്ക​ര​ത്തി​ന്റെ
കല്പ​നാ​വൈ​ചി​ത്ര്യ​ങ്ങൾ കവി​താ​ര​ച​ന​കൾ.”
“ജാ​ല​ക​പ്പ​ഴു​തി​ങ്ക​ലൂ​ട​വേ​യ​ക​ത്തേ​ക്കു
ബാ​ല​ഭാ​സ്ക​രൻ​ചി​ന്നും തു​ടു​ത്ത പഞ്ചാ​ര​യേ
കു​ഞ്ഞു​ങ്ങൾ​കു​രു​ന്നു​കൈ​ക്കു​ട​ന്ന​കൊ​ണ്ടു​വാ​രി
മഞ്ജു​പു​ഞ്ചി​രി നീ​ട്ടു​മ​മ്മ​യ്ക്കു കാ​ട്ടീ​ടു​ന്നു.
തയിരിൻകണങ്ങളെക്കാപ്പണിക്കരങ്ങളി-​
ലു​യർ​ത്തി​ത്തെ​റി​പ്പി​ച്ചും പൊ​ള്ള​കൾ പൊ​ങ്ങി​ച്ചു​മേ
ചഞ്ച​ത്താം കട​ക്കോ​ലിൻ ചു​റ്റു​മു​ളി​യി​ട്ട​ങ്ങു
ചഞ്ച​ലാ​ക്ഷി​തൻ കണ്ണാൽ കളി​പ്പൂ​വെ​ണ്ണ​പ്പൈ​തൽ.
മേ​ല്ക്കു​മേൽ ദു​ര​കേ​റും പ്ര​ഭു​ക്ക​ന്മാർ​ക്കാ​യി​ത്തൻ
പാൽ​ക്കു​ടം വാ​റ്റി​ക്കൊ​ടു​ത്തീ​ടിന പശു​വൃ​ന്ദം
തൻ​കി​ടാ​ങ്ങ​ളെ നക്കി​യാ​ശ്വ​സി​പ്പി​ച്ചീ​ടു​ന്നു
സങ്ക​ടം ചവ​ച്ചി​റ​ക്കീ​ടു​ന്നി​തി​പ്പാ​വ​ങ്ങൾ.”

ഒരു​മാ​തി​രി പ്ര​സാ​ദാ​ത്മ​ക​ത്വം കവി​യു​ടെ എല്ലാ കൃ​തി​ക​ളി​ലും വ്യാ​പി​ച്ചി​രി​ക്കു​ന്നു. പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തിൽ മു​ഗ്ദ്ധ​നായ കവി ഈ വർ​ണ്ണ​ന​വ​ഴി​ക്കു് അതിനെ അപ്പാ​ടെ വാ​യ​ന​ക്കാർ​ക്കു പകർ​ന്നു കൊ​ടു​ക്കുക മാ​ത്ര​മ​ല്ല ചെ​യ്തി​രി​ക്കു​ന്ന​തു്. പാ​ഠ​ക​ന്മാ​രു​ടെ ഹൃ​ദ​യ​ങ്ങ​ളേ​യും ആ സൗ​ന്ദ​ര്യ​ത്തിൽ മു​ഗ്ദ്ധ​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം, അവിടെ അഗാ​ധ​മായ ചില തത്വ​ചി​ന്ത​ക​ളും അങ്കു​രി​പ്പി​ക്കു​ന്നു. ഒടു​വി​ല​ത്തെ നാലു വരി​ക​ളിൽ അന്തർ​ഭ​വി​ച്ചി​രി​ക്കു​ന്ന തത്വ​ത്തെ ‘ചങ്ങൻ​പുഴ’യുടെ വാ​ഴ​ക്കു​ല​യി​ലെ അവ​സാ​ന​ഭാ​ഗ​ത്തേ​ാ​ടു സാ​ദൃ​ശ്യ​പ്പെ​ടു​ത്തി നോ​ക്കുക. പൂർവ കവി ചും​ബി​ത​ങ്ങ​ള​ല്ലാ​ത്ത പലേ ആശയ വി​ശേ​ഷ​ങ്ങ​ളും ഉല്ലേ​ഖ​ങ്ങ​ളും ഇതിൽ അട​ങ്ങി​യി​രി​ക്കു​ന്നു എന്നു​കൂ​ടി പ്ര​സ്താ​വി​ച്ചു​കൊ​ള്ള​ട്ടെ.

എന്തി​തു മംഗളകർപ്പൂരധാരപോ-​
ലെ​ന്മി​ഴി​ര​ണ്ടും കു​ളുർ​പ്പി​ക്കു​ന്നു,
മാ​ലി​ന്യ​മേ​ലാ​തെ പ്രാ​ലേ​യ​തോ​യ​ത്തിൽ
ചാ​ലി​ച്ചു വെ​ച്ചു​ള്ള ചന്ദ​ന​മോ?
കോ​മ​ള​മാ​കു​മീ​യ​ന​ന​പ്പും​തി​ങ്കൾ
തു​മ​യിൽ തൂ​കു​ന്ന വെ​ണ്ണി​ലാ​വോ?
ശോ​ണാ​ധ​ര​പ്പ​നി​നീർ​പ്പൂ​വിൽ​നി​ന്നി​റ്റു
വീ​ണി​ടും തു​മ​ധു​ത്തു​ള്ളി​ക​ളോ?
സാ​ര​മാം സൗഭാഗ്യദേവതാപൂജയ്ക്കു-​
ള്ളാ​രോ​മ​ന്മ​ന്ദാ​ര​പ്പൂ​നി​ര​യോ?
ഉൾ​പ്രേ​മ​മാ​കിയ പാൽക്കടലിങ്കൽനി-​
ന്നു​ല്പ​ന്ന​മാ​യു​ള്ള പീ​യൂ​ഷ​മോ?
ചാ​രി​ത്ര​ല​ക്ഷ്മി​യാം ധേ​നു​വിൻ​മാ​ധു​ര്യം
പാ​രി​ക്കും പാ​വ​ന​പ്പാ​ല്ക്കു​ഴ​മ്പോ?

ഈ ഉല്ലേ​ഖ​ങ്ങ​ളിൽ കവി​യ്ക്കു സ്ത്രീ​ജ​ന​ങ്ങ​ളോ​ടു് ഉണ്ടാ​യി​രു​ന്ന ബഹു​മാ​നാ​തി​ശ​യം നല്ല​പോ​ലെ പ്ര​സ്ഫു​രി​ക്കു​ന്നു. ഇന്ന​ത്തെ ചില യു​വ​ക​വി​കൾ യു​വ​തി​ക​ളെ തങ്ങ​ളു​ടെ കാ​മ​പ്പേ​ക്കൂ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളാ​യി മാ​ത്രം കരു​തു​ന്നു. അവരും സമു​ദാ​യോ​ദ്ധാ​ര​ക​ന്മാ​രാ​ണെ​ന്നു സ്വയം അഭി​മാ​നി​ക്കു​ന്ന​താ​ണു് വി​ചി​ത്ര​മാ​യി​രി​ക്കു​ന്ന​തു്.

ആരാ​ലെ​ഴു​ന്നൊ​ര​ഗ്ഘോ​ര​മ​ര​ണ​ത്തിൻ
നീ​ര​സ​മാ​യു​ള്ള ദൃ​ശ്ച​രി​ത്രം
മാ​ച്ചു​ക​ള​ഞ്ഞു​ടൻ നീ മർ​ത്ത്യ​ചി​ത്ര​ത്തെ
തേ​ച്ചു​മി​നു​ക്കി​പ്പു​തു​ക്കീ​ടു​ന്നു.
ചേ​ലാ​ളും സം​സാ​ര​വാ​ളി​ന്നു വായ്ത്തല-​
പ്പാ​ലാ​പ​പ്പാ​ലി​ന്നു പഞ്ച​സാര
ഈ ലോ​ക​യാ​ത്ര​യിൽ ക്ലേ​ശി​ക്കും പാന്ഥർക്കു-​
ദ്വേ​ല​സ​ന്തോ​ഷ​ദ​മാ​കു​മർ​ഘ്യം
ഉല്ലാ​സ​ജീ​വി​ത​ഗീ​താ​മൃ​തം തൂകും
വല്ല​കീ​ര​ത്ന​ത്തിൻ വെ​ള്ളി​ക്ക​മ്പി,
ഭവ്യ​ക​വീ​ന്ദ്ര​ന്മാർ​ക്കീ​ശ്വ​രൻ നൽകിയ
സർ​വാ​തി​ശാ​യി​യാം സൽ​പ്ര​മേ​യം
മു​റ്റു​മി​സ്സം​സാ​ര​മാ​കും മര​ത്തി​ന്മേൽ
ചു​റ്റിയ ജീ​വി​ത​വ​ല്ല​രി​യിൽ
ആന​ന്ദ​ത്തൂ​മ​ണം തൂകി പ്ര​ണ​യ​മാം
തേ​ന​ഞ്ചി​ബ്ഭം​ഗ്യാ​വി​ടർ​ന്ന​പു​ഷ്പം,
ദോ​ഷ​മ​റ്റീ​വി​ധ​മാ​ന​ന്ദ​പീ​യൂഷ
യൂഷം ചൊ​രി​ഞ്ഞു നീ നി​ന്നി​ടു​മ്പോൾ
ദുഃ​ഖ​ഭൂ​യി​ഷ്ഠ​മി​സ്സം​സാ​ര​മെ​ന്നു​ള്ള
ശു​ഷ്ക​വാ​ദ​ത്തി​ന്നൊ​രർ​ത്ഥ​മു​ണ്ടോ?

ഇങ്ങ​നെ​യാ​ണു് പ്ര​കൃ​തി കവി​യു​ടെ ദൃ​ഷ്ടി​യിൽ ഒരു സു​ന്ദ​രി പ്ര​തീ​ത​യാ​കു​ന്ന​തു്. അഹോ! എന്തൊ​രു വ്യ​ത്യാ​സം?

പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തെ ആസ്വ​ദി​ക്കാ​നു​ള്ള ശക്തി ശര​ദ്ഗീ​ത​യിൽ കു​റേ​ക്കൂ​ടി പ്ര​സ്ഫു​ട​മാ​യി കാ​ണു​ന്നു.

“അരി​പ്പൊൻ നൂ​ലിൽ​ക്കോർ​ത്തു തത്ത​വർ​ണ്ണ​മാം​പ​ട്ടു
വി​രി​പ്പിൽ വരി​യാ​യി​വ​ച്ച മു​ത്തു​കൾ​പോ​ലെ
ഇള​വെ​യ്ലേ​റ്റം​കൊ​ണ്ടു പച്ച​പ്പുൽ​ത്ത​കി​ടി​യിൽ
കു​ളിർ​നീർ​ശ്ശീ​ക​ര​ങ്ങൾ തി​ള​ങ്ങും മൈ​താ​ന​ത്തിൽ
പുല്ലണിനാനാവർണ്ണപൂക്കളിൽപ്പാറിപ്പറ-​
ന്നു​ല്ല​സി​ക്കു​ന്നു ചി​ത്ര​ശ​ല​ഭ​ക​ദം​ബ​കം
വി​ള​ഞ്ഞു​ചാ​ഞ്ഞു​വീണ നെ​ല്ക​ളാൽ ശര​ല​ക്ഷ്മി
ലളി​ത​പീ​താം​ബ​രം നി​വർ​ത്തീ​വ​യൽ​തോ​റും
ശ്രീ​മാ​നാം ശര​ദൃ​തു ചാർത്തിയവിഭൂതിയാൽ-​
പ്പേ​മാ​രി​ബാ​ധ​യൊ​ഴി​ഞ്ഞാ​ന​ന്ദ​ഭ​രി​ത​രാ​യ്
ഉല്ല​ളൽ​ക​ള​ക​ളം ചി​ല​ച്ചു മര​ങ്ങൾ​തൻ
ചി​ല്ലി​കൾ​തോ​റും കി​ളി​ക്കു​ഞ്ഞു​ങ്ങൾ കളി​ക്കു​ന്നു.”

കവി മധു​രോ​ത്ത​ര​മായ വള്ള​ത്തോൾ പ്ര​സ്ഥാ​ന​ത്തിൽ കാ​ലൂ​ന്നി​ക​ഴി​ഞ്ഞ​ശേ​ഷം ഉണ്ടായ ഒരു കൃ​തി​യാ​ണി​തെ​ന്നു് ഈ വരികൾ തെ​ളി​യി​ക്കു​ന്നു.

എന്റെ പൊ​യ്പോയ പ്രാ​ണൻ.

വി​ര​ഹി​ഹൃ​ദ​യ​ത്തി​ന്റെ വി​ലാ​പ​മാ​ണു് നാം ഇതിൽ കേൾ​ക്കു​ന്ന​തു്. അപ​സ്മാ​ര​രോ​ഗ​ത്താൽ നദി​യിൽ വീണു് അകാ​ല​മ​ര​ണം പ്രാ​പി​ച്ച സ്വ​പ്രേ​യ​സി​യാ​ണു് പൊ​യ്പോയ പ്രാ​ണൻ എന്നു പറ​യേ​ണ്ട​തി​ല്ല​ല്ലോ. ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യാ​യ​തി​നാ​ലാ​യി​രി​ക്ക​ണം ഇതിൽ ദ്വി:പ്രാ​സം കാ​ണാ​ത്ത​തു്. പക്ഷേ–അതു​കൊ​ണ്ടു് ഒരു ന്യൂ​ന​ത​യും ഇക്ക​വി​ത​യ്ക്കു​ണ്ടാ​യി​ട്ടി​ല്ല. ഈ ഘോ​ര​സം​ഭ​വ​ത്തി​നോ​ടു​കൂ​ടി നമ്മു​ടെ കവി​യു​ടെ സു​ഖ​സ്വ​പ്നം ശി​ഥി​ല​മാ​യി​പ്പോ​യി. പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തിൽ മാ​ത്രം രമി​ച്ചു​കൊ​ണ്ടി​രു​ന്ന കവി​ചി​ത്തം ജീ​വി​ത​ത്തി​ന്റെ അഗാ​ധ​ത​യി​ലേ​ക്കു കു​റേ​ക്കൂ​ടി ചു​ഴി​ഞ്ഞു നോ​ക്കാൻ തു​ട​ങ്ങി. അതി​നു​ദാ​ഹ​ര​ണ​മാ​ണു് മഞ്ഞു​തു​ള്ളി​കൾ.

‘വെ​ള്ളി​മാ​മ​ല​യി​ങ്കൽ​പ്പാ​ല​ഭി​ഷേ​കം ചെ​യ്തു
തു​ള്ളി​തു​ള്ളി​യാ​യി​പ്പാ​റും.’

ആ പാ​വ​നോ​ദ​ക​ങ്ങൾ, ക്ഷ​ണ​നേ​ര​ത്തേ​ക്കു്

“തെ​ളി​വോ​ടെ​ഴു​ന്ന​ള്ളു​മു​ഷ​സ്സിൽ തിരുമുഖ-​
ത്ത​ളി​രിൽ​പ്പാ​ടേ നി​ങ്ങൾ പനി​നീർ​ത​ളി​ക്കു​ന്നു.
കു​ശ​ല​വി​ഭാ​ത​ത്തിൻ കു​ങ്കു​മ​ക്കു​റി​ക്കൂ​ട്ടിൽ
കു​ളിർ​ച​ന്ദ​ന​തൈ​ല​ക​ണ​ങ്ങ​ളി​റ്റി​ക്കു​ന്നു.
കൂ​രി​രുൾ​ച്ച​ളി​യാ​കെ​ക്ക​ഴു​കി​ക്ക​ള​ഞ്ഞെ​ങ്ങും
പാ​രി​തിൽ​പ്പു​തു​വെ​ള്ള വീ​ശു​ന്നു വീ​ണ്ടും​വീ​ണ്ടും.”

അതു​കേ​ട്ടു്,

നി​ങ്ങ​ളെ​ക്കോർ​ത്തി​ടാ​നോ കൊ​ന്ന​പ്പൂ​ങ്ക​ര​ങ്ങ​ളാൽ
നിർ​മ്മ​ല​പ്പൊൻ​ക​മ്പി​കൾ​നീ​ട്ടു​ന്നു കു​ട്ടി​സ്സൂ​ര്യൻ

എന്നു കവി ചോ​ദി​ക്കു​ന്നു. എന്നാൽ അടു​ത്ത നി​മി​ഷ​ത്തിൽ എന്തു സം​ഭ​വി​ക്കു​ന്നു എന്നു നോ​ക്കുക.

പൂ​ന്ത​യ്യൽ​കു​ളിർ​തെ​ന്നൽ പതു​ക്കെ​ത്ത​ലോ​ടു​ന്നു
കാ​ന്ത​രൂ​പ​ന്മാർ നി​ങ്ങൾ പു​ള​ച്ചു ചലി​ക്ക​വേ
അയ്യ​യ്യോ നട​ങ്ങു​ന്നു ഞങ്ങൾ ഈ മണിത്തങ്ക-​
മെ​യ്യ​ഹോ! പൊ​ടി​യൊ​ല്ലേ പാ​ര​തിൽ പതി​ച്ചു​ടൻ
സൂ​ചി​ത​ന്മു​ന​പോ​ലാം പി​ടി​വി​ട്ടി​താ ഇതാ
സൂ​ക്ഷി​ച്ചു​കൊൾ​വിൻ–അമ്മേ താ​ങ്ങു​കീ രത്ന​ങ്ങ​ളെ.

അതി​നാൽ,

ഹാ ഹന്ത പതി​ച്ചി​തോ ഹാ ഹന്ത പതി​ച്ചി​തോ
ദേ​ഹ​ഭൃ​ത്തു​കൾ​ക്കെ​ഴും സ്ഥി​തി ഹാ! മഹാ​മോ​ശം.

എന്നു് കവി വി​ല​പി​ക്കു​ന്നു.

“ഈയ​ത്യാ​ഹി​തം​മൂ​ലം തപി​പ്പു ലോകം ഹാ ഹാ
തയ്യൽ​പൂം​കി​ളി​ക​ളും താ​രാ​ട്ടു​മ​തി​യാ​ക്കി.”

”അന്തി​യാ​കു​മ്പോൾ” ഇക്ക​വി​ത​യിൽ കവി ഒരു പടി​കൂ​ടി​ക്ക​യ​റി​യി​രി​ക്കു​ന്നു.

പാ​ടി​സ്തു​തി​പ്പിൻ പി​ക​ങ്ങ​ളേ കീർ​ത്തി​പ്പിൻ
പാ​രി​തു​തീർ​ത്തോ​നെ​ത്ത​ത്ത​ക​ളേ
ആക​മ്ര​സ്നി​ഗ്ദ്ധ​മാം സാന്ധ്യതേജസ്സിനാൽ-​
നൈ​ക​വർ​ണ്ണ​ങ്ങ​ളാം മേ​ഘ​ങ്ങ​ളേ
ആകാ​ശ​ഭി​ത്തി​മേൽ പേർ​ത്തും വര​യ്ക്ക​വിൻ
ലോ​കാ​ധി​നാ​ഥ​ന്റെ നാ​നാ​രൂ​പം
ഹാ മർ​ത്ത്യ​ലോ​ക​ത്തെ​സ്സൂ​ഷി​ച്ചു നോ​ക്കീ​ടും
കോ​മ​ള​കോ​ര​ക​താ​രൗ​ഘ​മേ.
വ്യോ​മ​ക്ക​രി​ങ്ക​ല്ലിൽ കൊ​ത്തു​വിൻ നിങ്ങളാ-​
പ്രേ​മ​സ്വ​രൂ​പ​ന്റെ പേ​രോ​രോ​ന്നും.

എന്തെ​ല്ലാം ക്ലേ​ശ​ങ്ങ​ളും നേ​രി​ട്ടി​ട്ടും, അവ​യ്ക്കൊ​ന്നി​നും കവി​യു​ടെ സു​ഖാ​പ്തി​വി​ശ്വാ​സ​ത്തി​ന്റെ ദാർ​ഢ്യ​ത്തെ നശി​പ്പി​ക്കാൻ കഴി​ഞ്ഞി​ല്ല. ആദ്യ​കാ​ല​ങ്ങ​ളിൽ അദ്ദേ​ഹ​ത്തി​ന്റെ ഹൃദയം പ്ര​കൃ​തി​യു​ടെ ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തിൽ മു​ഴു​കി​യി​രു​ന്നെ​ങ്കിൽ, ഉത്ത​ര​കാ​ല​ത്തു് അതു് ആന്ത​രിക ലാ​വ​ണ്യോൻ​മു​ഖ​മാ​യി​ത്തീർ​ന്നു​വെ​ന്നേ​യു​ള്ളു.

ഒരു മദ്ധ്യാ​ഹ്ന​യാ​ത്ര എന്ന കൃ​തി​യിൽ കവി പറ​ഞ്ഞി​രി​ക്കു​ന്ന​തു നോ​ക്കുക.

‘ഏവം സു​ഖ​മ​യ​മായ ലോ​ക​ത്തി​ലും
പാവമേ ദുഃ​ഖി​പ്പു പാ​ഴ്മ​നു​ഷ്യൻ.’

ഇതു​കൂ​ടാ​തെ വാടിയ പൂവു്, ഒരു മഹാ​സ​ങ്ക​ടം, ഞാൻ മൂ​ഷി​ക​നാ​യ​തു്—മു​ത​ലാ​യി ഒട്ടു വളരെ കൃ​തി​കൾ അദ്ദേ​ഹം പ്രി​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്. ‘മധു​മ​ഞ്ജ​രി’ എന്ന പു​സ്ത​കം അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ളു​ടെ ഒരു സം​ഗ്ര​ഹ​മാ​കു​ന്നു. ഗോ​പാ​ല​കൃ​ഷ്ണൻ എന്നൊ​രു കൃ​തി​യും അച്ച​ടി​ച്ചു കണ്ടി​ട്ടു​ണ്ടു്.

കെ. പി. കറു​പ്പൻ

1060-ൽ വാ​ല​ജാ​തി​യിൽ ജനി​ച്ചു. സ്ഥാ​ന​ത്യാ​ഗം ചെയ്ത കൊ​ച്ചീ​മ​ഹാ​രാ​ജാ​വി​ന്റെ കൃ​പാ​തി​രേ​ക​ത്താൽ കാ​വ്യ​നാ​ട​കാ​ല​ങ്കാ​ര​ങ്ങൾ​വ​രെ പഠി​ച്ചി​ട്ടു് കൊ​ച്ചി​യി​ലെ ഫിഷറി ഡി​പ്പാർ​ട്ടു​മെ​ന്റിൽ പ്ര​വേ​ശി​ച്ചു. ഇം​ഗ്ലീ​ഷ് തന്ന​ത്താൻ പഠി​ച്ചു് ഒരു​വി​ധം വശ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒരു കൊ​ല്ലം ഈ ഉദ്യോ​ഗം വഹി​ച്ച ശേഷം എറ​ണാ​കു​ളം ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളിൽ സം​സ്കൃ​ത​പ​ണ്ഡി​ത​രാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1097-ൽ അധഃ​കൃ​ത​സം​ര​ക്ഷ​ക​നും, അസി​സ്റ്റ​ന്റു​സൂ​പ്ര​ണ്ടും, കൊ​ച്ചി സെൻ​ട്രൽ കോ ആപ്പ​റേ​റ്റീ​വു​ബാ​ങ്കി​ന്റെ ഡയ​റ​ക്ട​രും ആയി. ഒന്നാ​മ​ത്തെ നി​യ​മ​നിർ​മ്മാ​ണ​സ​ഭ​യിൽ വാ​ല​സ​മു​ദാ​യ​ത്തി​ന്റെ പ്ര​തി​നി​ധി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും അദ്ദേ​ഹ​മാ​യി​രു​ന്നു. കേ​ര​ള​വർ​മ്മ വലിയ കോ​യി​ത്ത​മ്പു​രാൻ അദ്ദേ​ഹ​ത്തി​ന്റെ കവ​ന​കൗ​ശ​ല​ത്താൽ പ്ര​സ​ന്ന​നാ​യി​ട്ടു് വി​ദ്വാൻ​സ്ഥാ​ന​വും, കൊ​ച്ചീ​സ്ഥാ​ന​ത്യാ​ഗം ചെയ്ത തമ്പു​രാൻ കവി​തി​ലക സ്ഥാ​ന​വും കല്പി​ച്ചു നല്കി.

അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​കൾ—ബാ​ലാ​ക​ലേ​ശം നാടകം, ജാ​തി​ക്കു​മ്മി, ഭൈ​മീ​പ​രി​ണ​യം നാടകം, അനേകം ഖണ്ഡ​ക​വ​ന​ങ്ങൾ ചില ലേ​ഖ​ന​ങ്ങൾ ഇവ​യാ​കു​ന്നു. മല​യാ​ള​ത്തി​ലെ ജന​കീ​യ​ഗാ​ന​ങ്ങ​ളെ ശേ​ഖ​രി​ച്ചു് പു​സ്ത​ക​രൂ​പേണ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​മു​ണ്ടു്. ഒടു​വിൽ അദ്ദേ​ഹം എറ​ണാ​കു​ളം കാ​ളേ​ജിൽ സീ​നി​യർ പണ്ഡി​ത​രാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1122-ൽ മരി​ച്ചു.

മാ​തൃ​ക​യ്ക്കാ​യി ‘ദശ​പു​ഷ്പം’ എന്ന കവി​ത​യെ ഉദ്ധ​രി​ക്കു​ന്നു.

അഹി​മ​ക​രൻ ദേവതയാ-​
ണഹി​വ​ര​ശ​യ​നാ​ഭ​മായ ‘കറു​ക​യ്ക്കു് ’
മഹി​താ​ദ​ര​മ​തു ചൂ​ടു​കിൽ
മഹിളേ! ഭവ​തി​ക്ക​രോ​ഗ​വ​തി​യാ​കാം.
പൂ​ന്തി​ങ്കൾ​മു​ഖീ ‘കൃഷ്ണ-​
ക്രാ​ന്തി’മലർ​ക്കാ​ഴി​വർ​ണ്ണ​നാ​ണീ​ശൻ
എന്തി​ടു​ക​തു കഴലിൽ, ശ്രീ-
ശാ​ന്തി​ക​മ​ണ​യാൻ വരോരു! ശാ​ന്തി വരാൻ.
മലർ​മാ​നി​നി ദേവതയാ-​
മല​ര​ല്ലോ മഹി​മ​യു​ള്ള ‘തി​രു​താ​ളി’
പു​ലർ​കാ​ല​ത്ത​തു ചൂടുക
പു​ല​രും ഭവ​തി​യ്ക്ക​നി​ന്ദി​തൈ​ശ്വ​ര്യം.
ഹാ​ലാ​സ്യാ​ധി​പ​ന​ധി​പൻ
നാ​ലാം​പൂ​വായ ‘കു​റു​നില’യ്ക്കാ​ര്യേ!
നീ​ലാ​ള​ക​മ​തി​ല​മ്മ​ലർ
നീ ലാ​ളി​ച്ചാൽ വരി​ല്ല ദാ​രി​ദ്ര്യം.
വഞ്ചു​ള​മു​കു​ളാ​ധ​രീ! മിക-
വഞ്ചും “കയ്യു​ണ്ണി”മലർ ശി​വാ​ധീ​നം
അഞ്ചു​വി​ധം പാ​ത​ക​വു
പി​ഞ്ചു​ത​ളിർ​ച്ചാർ​ത്തി​നാ​ല​തു ഹനി​ക്കും.
അണി​യു​ക​യേ ‘മു​ക്കു​റ്റി’യെ-
യണി​മു​ടി​യിൽ, ശൈ​ല​ക​ന്യ​ദേ​വ​ത​യാം
ഗു​ണി​യാം വര​നു​ണ്ടാം സൻ-
മണികൾ സു​ത​ന്മാ​രു​മു​ത്ഭ​വി​ച്ചീ​ടും.
കള​മൊ​ഴി ‘നി​ല​പ്പ​ന​യ്ക്കാ’-
ങ്ങ​ള​യാ​കും ദേവി ചാ​രു​ദേ​വ​ത​യാം
ദളമതിനുള്ളതണിഞ്ഞാ-​
ലു​ള​വാ​കും സാ​ധ്വി! സാ​ധു​ബോ​ധം തേ.
ദേ​വ​ത​യി​ന്ദ്ര‘നു​ഴി​ഞ്ഞ’-
യ്ക്ക​വ​തം​സം​പോ​ലെ നീ​യ​തേ​ന്തി​ടു​കിൽ
ഹേ വര​വർ​ണ്ണി​നി നിന്നുൾ-​
പ്പൂ​വ​ണ​യും മോ​ഹ​മൊ​ക്കെ​യും നേടാം.
ചെ​റു​തേൻ​ചൊ​ല്ലാ​ളേ! നൽ-
‘ചെ​റു​പോള’യ്ക്കു​ള്ള​ത​ന്ത​കൻ​ത​ന്നെ
കു​റു​നി​ര​മോ​ളിൽ​ച്ചേർ​ക്കുക
കറു​കാ​ത്താ​യു​സ്സി​നാ​യ്ത​ദീയ ദളം.
കന്ദർപ്പദേവതാകം-​
സു​ന്ദ​രി! കേ​ട്ടാ​ലു​മാ‘മു​യൽ​ച്ചെ​വി​യൻ’
സൗ​ന്ദ​ര്യ​ത്തി​നു പാരം
നന്ന​തു ചൂ​ടു​ന്ന​ത​ന്ന​ന​ട​യാ​ളേ!

ഇരു​വ​നാ​ട്ടു് കെ. സി. നാ​രാ​യ​ണൻ നമ്പ്യാർ

സ്വ​ദേ​ശം വട​ക്കേ മല​യാ​ള​മാ​യി​രു​ന്നെ​ങ്കി​ലും ജീ​വി​ത​ത്തി​ന്റെ ഏറി​യ​കൂ​റും തി​രു​വി​താ​കൂ​റിൽ കോ​ട്ട​യ​ത്താ​ണു കഴി​ച്ചു​കൂ​ട്ടി​യ​തു്. അദ്ദേ​ഹം ചി​ര​കാ​ലം ഭാ​ഷാ​പോ​ഷി​ണി​സ​ഭ​യു​ടെ കാ​ര്യ​ദർ​ശി​യാ​യി​രു​ന്നു. സം​സ്കൃ​ത​ജ്ഞാ​നം വള​രെ​യൊ​ന്നും ഇല്ലാ​യി​രു​ന്നെ​ങ്കി​ലും, അദ്ദേ​ഹ​ത്തി​ന്റെ കവിത വാ​യി​ക്കു​ന്ന​വർ​ക്കു് മറി​ച്ചേ തോ​ന്നു​ക​യു​ള്ളു. മി​ക​ച്ച കവി​താ​വാ​സ​ന​യും നല്ല ഫലി​ത​വും—ഇവ​യാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന ഗു​ണ​ങ്ങൾ. ഉദ​യാ​ല​ങ്കാ​രം അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​യാ​ണു്. മാ​തൃ​ക​യ്ക്കാ​യി ഒരു പദ്യം ഉദ്ധ​രി​ക്കാം.

വാ​ടീ​ടും മു​ഖ​മെ​ന്തി​നാ​ണു മു​ടി​യാൽ മൂ​ടു​ന്നു മു​ഗ്ദ്ധോ​ക്ഷ​ണേ
വാടീ, കൊ​ങ്ക​യൊ​ളി​ച്ചു​വ​ച്ച​തു വെ​ളി​ച്ച​ത്താ​ക്കു​കെ​ന്നോ​ത​വേ
ഓടീ നാ​ര​ദ​നെ​ങ്കി​ലും ദ്രുതമണഞ്ഞാലിംഗനംചെയ്യുമാ-​
റാ​ടീ​ടും ബല​ഭ​ദ്ര​മ​ദ്യ​ല​ഹ​രീ​മ​ത്തി​ന്റെ സത്തേ തുണ.

ഇരു​വ​നാ​ട്ടു കി​ഴ​ക്കേ​ട​ത്തു കു​ഞ്ഞി​ക്ക​ണ്ണൻ നമ്പ്യാർ

അഗാ​ധ​മായ പാ​ണ്ഡി​ത്യ​വും അപ്ര​തി​ഹ​ത​മായ കവി​ത്വ​ശ​ക്തി​യും തി​ക​ഞ്ഞ ഈ പ്രൗ​ഢ​ക​വി മല​യാ​ള​ഭാ​ഷാ​പോ​ഷ​ണ​ത്തിൽ സദാ ജാ​ഗ​രൂ​ക​നാ​യി​രു​ന്നു. ഭാ​ര​ത​മ​ഞ്ജ​രി​യു​ടെ ആവിർ​ഭാ​വ​കാ​ല​ത്തു്, അതി​ന്റെ പ്ര​വർ​ത്ത​ക​സ​മി​തി​യിൽ അദ്ദേ​ഹ​വും ഉൾ​പ്പെ​ട്ടി​രു​ന്നു. സം​സ്കൃ​ത​പു​രാ​ണേ​തി​ഹാ​സ​ങ്ങ​ളു​ടേ​യും ശാ​സ്ത്ര​ങ്ങ​ളു​ടേ​യും പഠ​ന​ത്തിൽ ആയു​ഷ്കാ​ലം മു​ഴു​വ​നും വി​നി​യോ​ഗി​ച്ച ഈ കവി​യു​ടെ കൃ​തി​ക​ളിൽ കവി​ത്വ​ത്തെ​ക്കാൾ പ്ര​ക​ട​മാ​യി​രു​ന്ന​തു് പാ​ണ്ഡി​ത്യ​മാ​ണെ​ന്നു പറയാം. ഭാ​വ​വൈ​ചി​ത്ര്യ​ങ്ങ​ളെ പ്ര​കാ​ശി​പ്പി​ക്കു​ന്ന വി​ഷ​യ​ത്തി​ലും അല​ങ്കാ​ര​പ്ര​യോ​ഗ​ത്തി​ലും അദ്ദേ​ഹം അസാ​മാ​ന്യ​മായ പാടവം പ്ര​കാ​ശി​പ്പി​ച്ചി​ട്ടു​ണ്ടു്.

എം. സി. നാ​രാ​യ​ണ​പി​ള്ള ബി. എ.

തി​രു​വി​താം​കൂർ സർ​ക്കാർ സർ​വ്വീ​സിൽ ചി​ര​കാ​ലം പ്ര​ശ​സ്ത​സേ​വ​നം നട​ത്തി​യ​ശേ​ഷം, പെൻഷൻ പറ്റി സ്വ​ഗൃ​ഹ​ത്തിൽ അദ്ദേ​ഹം സ്ഥി​ര​വാ​സ​മു​റ​പ്പി​ച്ച​തി​നു​ശേ​ഷം, ഏതാ​ണ്ടു് 1096-​ാമാണ്ടിടയ്ക്കാണു് ഞങ്ങൾ തമ്മിൽ പരി​ച​യ​പ്പെ​ടാ​നി​ട​യാ​യ​തു്. സം​സ്കൃ​ത​ത്തി​ലും ഇം​ഗ്ലീ​ഷി​ലും അദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന പാ​ണ്ഡി​ത്യം അത്യ​ഗാ​ധ​മാ​യി​രു​ന്നു. അദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഉപ​ന്യാ​സ​ങ്ങ​ളെ​ല്ലാം പരി​ണ​ത​പ്ര​ജ്ഞ​യു​ടെ പരി​പ​ക്വ​ഫ​ല​ങ്ങ​ളാ​യി​രു​ന്നു. പഠി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു തന്നെ അദ്ദേ​ഹം മല​യാ​ള​ഭാ​ഷാ ചരി​ത്ര​കർ​ത്താ​വി​നെ തദ്ഗ്ര​ന്ഥ​നിർ​മ്മാ​ണ​ത്തിൽ സഹാ​യി​ച്ചു​കൊ​ണ്ടി​രു​ന്നു. അദ്ദേ​ഹം കു​റേ​ക്കാ​ലം​കൂ​ടി ജീ​വി​ച്ചു​രു​ന്നെ​ങ്കിൽ നമു​ക്കു് അന്യൂ​ന​മായ ഒരു ഇം​ഗ്ലീ​ഷ് മല​യാ​ളം നി​ഘ​ണ്ടു ലഭി​ക്കു​മാ​യി​രു​ന്നു; ഭാ​ഷാ​ച​രി​ത്രം പു​തു​ക്കി​എ​ഴു​ത​ണ​മെ​ന്നു​ള്ള അദ്ദേ​ഹ​ത്തി​ന്റെ മനോ​ര​ഥ​വും സാ​ധി​ത​പ്രാ​യ​മാ​യി​ത്തീർ​ന്നേ​നെ. എന്തു ചെ​യ്യാം! അതി​നു​മു​മ്പു് വാ​ത​രോ​ഗം പി​ടി​പെ​ട്ടു് അദ്ദേ​ഹം ദി​വം​ഗ​ത​നാ​യി​പ്പോ​യി. ഒരു ഉപ​ന്യാ​സ​മാല പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്.

ശ്രീ​ക​ണ്ഠേ​ശ്വ​രം ജി. പത്മ​നാ​ഭ​പി​ള്ള

ഭാ​ഷാ​ച​രി​ത്ര​കർ​ത്താ​വായ “ഗോ​വി​ന്ദ​പ്പി​ള്ള സർ​വാ​ധി​പ​രു​ടെ ഭഗി​നീ​പു​ത്ര”നായി കൊ​ല്ല​വർ​ഷം 1040 വൃ​ശ്ചി​കം 12-ാം തീയതി തി​രു​വ​ന​ന്ത​പു​ര​ത്തു് ശ്രീ​ക​ണ്ഠേ​ശ്വ​രം കു​ള​വ​റ​വി​ളാ​ക​ത്തു​വീ​ട്ടിൽ ജനി​ച്ചു. പി​താ​വു് മേൽ​ക​ങ്ങാ​ണം തഹ​ശീൽ​ദാ​രാ​യി​രു​ന്ന പരു​ത്തി​ക്കാ​ട്ടു നാ​രാ​യ​ണ​പി​ള്ള​യും, മാ​താ​വു് ഗോ​വി​ന്ദ​പ്പി​ള്ള സർ​വ്വാ​ധി​കാ​ര്യ​ക്കാ​രു​ടെ മൂത്ത സഹോ​ദ​രി നാ​രാ​യ​ണി​പ്പി​ള്ള​യും ആയി​രു​ന്നു. തി​രു​മ​ധു​ര​പ്പേ​ട്ട​യിൽ ഈ രാ​മൻ​പി​ള്ള ആശാ​ന്റെ അടു​ക്കൽ പ്ര​ഥ​മ​പാ​ഠ​ങ്ങ​ളും വാ​ഞ്ചീ​ശ്വ​ര​ശാ​സ്ത്രി​ക​ളു​ടെ അടു​ക്കൽ​നി​ന്നു സം​സ്കൃ​ത​വും അഭ്യ​സി​ച്ചു. എം. സി. നാ​രാ​യ​ണ​പി​ള്ള, ആയുർ​വേ​ദ​പ​ണ്ഡി​തർ പര​മേ​ശ്വ​രൻ മൂ​സ്സ്, രാ​മ​ക്കു​റു​പ്പു മുൻഷി മു​ത​ലാ​യ​വ​രെ​ല്ലാം ഇദ്ദേ​ഹ​ത്തി​ന്റെ ഗു​രു​ക്ക​ന്മാ​രാ​യി​രു​ന്ന​ത്രേ. മെ​ട്രി​ക്കു​ലേ​ഷൻ​പ​രീ​ക്ഷ​യ്ക്കു വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു പി​താ​വു മരി​ച്ചു​പോ​ക​യാൽ, പഠി​ത്തം പൂർ​ത്തി​യാ​ക്കു​ന്ന​തി​നു അദ്ദേ​ഹ​ത്തി​നു സാ​ധി​ക്കാ​തെ വന്നു.

ബാ​ല്യ​ത്തിൽ​ത​ന്നെ കവി​താ​വാ​സന പ്ര​ക​ടി​പ്പി​ച്ചു​തു​ട​ങ്ങി. ഒരി​ക്കൽ അദ്ദേ​ഹം,

മു​ന്നം സ്വർ​ലോ​ക​നാ​ഥാ​ത്മ​ജ​ന​തി​ബ​ല​വാൻ സപ്തസാലപ്രഹാരി-​
ക്ക​ന്നം​ഭോ​രാ​ശി​മർ​ദ്ദി​ച്ച​ള​വു കര​ഗ​താ​കാ​ബ​ലാ​ക​ല്യേ​ബു​ദ്ധേ
വന്ദ്യ​ന്മാ​രാം ജടായൂവനിലസുതനുമാരിന്ദ്രനാരാസനംഹേ-​
ധന്യാ​ത്മൻ ചൊല്ക യു​ക്തി​ക്കു​ചി​ത​ത​ര​മ​താ​മർ​ത്ഥ​മി​ന്നർ​ത്ഥ​യേ​ഹം.

എന്നൊ​രു പദ്യ​മെ​ഴു​തി മാ​തു​ല​നു് അയ​ച്ചു​കൊ​ടു​ത്തു​വ​ത്രെ. അതിലെ ചോ​ദ്യ​ങ്ങൾ​ക്കു​ത്ത​ര​ങ്ങ​ളായ താര, പക്ഷി, ചൊ​ക്കൻ, വാരണം എന്നീ പദ​ങ്ങ​ളു​ടെ ഒടു​വി​ല​ത്തെ അക്ഷ​ര​ങ്ങൾ എടു​ത്തു യഥാ​ക്ര​മം ചേർ​ത്താൽ രക്ഷി​ക്ക​ണം എന്ന വാ​ക്കു വരു​ന്നു. ബാ​ല​ക​വി​യു​ടെ ഉദ്ദേ​ശം അറി​ഞ്ഞു് മാ​തു​ലൻ ഉചി​ത​മായ സമ്മാ​നം നൽ​കു​ക​യു​ണ്ടാ​യി.

ജി. പത്മ​നാ​ഭ​പി​ള്ള​യു​ടെ പ്ര​ഥ​മ​കൃ​തി ബാ​ലി​വി​ജ​യം തു​ള്ള​ലാ​യി​രു​ന്നു. എന്നാൽ കഥ​ക​ളി​യി​ലാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​നു് അധികം ഭ്രമം. 1061-ൽ എഴു​തി​യ​താ​ണു് ധർ​മ്മ​ഗു​പ്ത​വി​ജ​യം ആട്ട​ക്കഥ. അതിലെ വന്ദ​ന​ശ്ലോ​ക​ങ്ങ​ളിൽ ഒന്നായ

“സ്യാ​ന​ന്ദൂ​ര​പു​രേ സമ​സ്ത​വി​ഭ​വൈ​രൗ​ദാ​ര്യ​ശീ​ലൈർ​ഭൃ​ശം
സാ​ന​ന്ദം​നിജ സർ​വ​മാ​നു​ഷ​ഗ​ണാൻ ക്ഷേ​മാ​ഭി​വൃ​ദ്ധ്യൈ​സ്സ​ദാ
നിർ​വ്യാ​ജം പരി​ര​ക്ഷ​ചെ​യ്ത​രു​ളു​മീ ക്ഷോ​ണീ​പ​തേർ​ദ്ദാ​സ​നാം
ഗോ​വി​ന്ദം മമ മാ​തു​ലം പ്ര​തി​ദി​നം വന്ദേ വി​വേ​കാം​ബു​ധിം.”

എന്ന പദ്യ​ത്തിൽ സം​സ്കൃ​ത​ഭാ​ഷാ​പ​രി​ച​യ​ത്തി​ന്റെ ദാർ​ഢ്യ​ക്കു​റ​വി​നോ​ടൊ​പ്പം നല്ല കവി​താ​വാ​സ​ന​യും സ്ഫു​രി​ക്കു​ന്നു​ണ്ടു്. അതിൽ നി​ന്നു് ഒരു ശ്ലോ​ക​വും ഗാ​ന​വും ഉദ്ധ​രി​ക്കാം.

വി​ണ്ണോർ​നാ​ഥ​പ്ര​താപ പ്രഥിതതരശുഭപ്രൗഢശോഭാംജയിക്കും-​
വണ്ണം മാർ​ത്താ​ണ്ഡ​തു​ല്യ​പ്ര​ഭ​യൊ​ടൊ​രു നൃപൻ കു​ണ്ഡി​നേ മു​ന്ന​മാ​സീൽ
പു​ണ്യൈർ​ധ​ന്യാ​ത്മ​മൗ​ലിർ​ന്നി​ഖി​ല​നൃ​പ​ശി​രോ​ര​ത്ന​മാം സാർ​വ​ഭൗ​മൻ
മാ​ന്യ​ശ്രീ രാ​മ​രാ​ജ​പ്ര​വ​ര​സ​മ​വി​ദർ​ഭാ​ഖ്യ​ലോ​കൈ​ക​വീ​രൻ.
ഉല്ലാ​സ​വാ​രാ​ന്നി​ധി​യാ​മുർ​വ്വീ​ശ്വ​ര​മൗ​ലി
ഫു​ല്ലാം​ഭോ​ജാ​യ​ത​നേ​ത്രൻ ഭൂരി നീ​തി​ശാ​ലി
കല്യാ​ണാ​ല​യ​നാ​യീ​ടും കാ​മി​താ​നു​കൂ​ലൻ
സ്വർ​ലോ​കാ​ധി​പ​സ​മാ​നൻ സാ​ധു​ത​ര​ശീ​ലൻ
പല്ല​വാ​ധ​രി​മാ​രാ​കും ഭാ​ര്യ​മാ​രോ​ടൊ​ത്തു
അല്ല​ലെ​ന്യേ കു​ണ്ഡി​ന​ത്തി​ലാ​മോ​ദേന പാർ​ത്തു.

അടു​ത്ത കൃ​തി​യായ സു​ന്ദോ​പ​സു​ന്ദ​യു​ദ്ധം 1063-ൽ രചി​ക്ക​പ്പെ​ട്ടു. അതു് കു​റേ​ക്കൂ​ടി നന്നാ​യി​രി​ക്കു​ന്നു​വെ​ന്നു പറയാം.

ജൃം​ഭോ​ജ്ജൃം​ഭി​ത​ഭം​ഭ​ക​മ്പ​ലു​ഠി​താ​ഹം​ഭാ​വ​സ​മ്പാ​ടന
പ്രോ​ദ്യൽ കീർ​ത്തി​ത​വ​ജ്ര​ഹ​സ്ത​മ​കു​ടീ​ര​ത്ന​പ്ര​ഭാ​ഭാ​സു​രം
ഭക്താ​ഭീ​ഷ്ട​ദ​മ​ത്ര പൂ​രി​ത​ഘൃ​ണാ​സ​ന്ദോ​ഹ​മാ​ധ്വീ​ര​സം
ശ്രീ​ക​ണ്ഠേ​ശ്വ​ര​പാ​ദ​പ​ങ്ക​ജ​യു​ഗം സം​ഭാ​വ​യേ സാദരം.

ഇതു അതിലെ വന്ദ​ന​ശ്ലോ​ക​മാ​ണു്.

1067-ൽ കന​ക​ല​താ​സ്വ​യം​വ​രം സം​ഗീ​ത​നാ​ട​ക​വും രാ​മാ​നു​ജ​ച​രി​തം തി​രു​വാ​തി​ര​പ്പാ​ട്ടും എഴുതി. 1068-ൽ പാ​ണ്ഡ​വ​വി​ജ​യം നാടകം പ്ര​സി​ദ്ധീ​ക​രി​ച്ചു. അതിലെ പദ്യ​ങ്ങ​ളി​ലൊ​ന്നായ,

മണ്ടയിടികൊണ്ടുതലമണ്ടപിളരുന്നെ-​
ന്റി​ണ്ട​ലി​വൾ കണ്ട​ഴ​ലു​കൊ​ണ്ടു വല​യു​ന്നു
വേണ്ട പനി​യു​ണ്ടു​കു​ളി​രു​ണ്ടു​ജ​ല​ദോ​ഷം
രണ്ടു​ദി​ന​മു​ണ്ട​തൊ​ഴി​യാ​ണ്ടി​ഹ​വ​ശാ​യി.

എന്ന ശ്ലോ​കം ഒരു അറ​മാ​യി​ത്തീർ​ന്നു​വ​ത്രേ. ഈ കൃ​തി​യേ​പ്പ​റ്റി ലക്ഷ്മീ​പു​ര​ത്തു രവി​വർ​മ്മ കോ​യി​ത്ത​മ്പു​രാൻ ഇങ്ങ​നെ അഭി​പ്രാ​യ​പ്പെ​ട്ടി​രി​ക്കു​ന്നു.

മു​ദ്രാ​ല​ങ്കാ​ര​രീ​ത്യാ മു​ഹു​ര​പി നടു​വ​ത്ത​ച്ഛ​നേ​യും വി​ശേ​ഷാൽ
ഭദ്രാ​കാ​രം​വി​ള​ങ്ങും സു​മ​ഹി​ത​ഭ​വ​ഗ​ദ്ദ​തി​നേ​യും പു​ക​ഴ്ത്തി
നൽ​ദ്രാ​ക്ഷാ​പാ​ക​മാർ​ന്നി​സ്സ​ര​സ​ക​വി​വ​രൻ തീർ​ത്ത​ഭാ​ഗ​ത്തെ​വീ​ണ്ടും
മു​ദ്രാ​ഹീ​ന​പ്രേ​മോ​ദ​ത്തൊ​ടു വി​ബു​ധ​വ​ര​ന്മാ​രു കൊ​ണ്ടാ​ടി​വാ​ഴ്ത്തും.

എന്നാൽ ഈ കവി​ത​ക​ളെ ആശ്ര​യി​ച്ച​ല്ല, ജി. പത്മ​നാ​ഭ​പി​ള്ള​യു​ടെ പ്ര​ശ​സ്തി നി​ല​നി​ല്ക്കു​ന്ന​തു്. അവ ഒരു​കാ​ല​ത്തു പ്ര​സി​ദ്ധ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ഇപ്പോൾ പ്രാ​യേണ നാ​മാ​വ​ശേ​ഷ​മാ​യി​ത്തീർ​ന്നു​വെ​ന്നു പറയാം. കഥ​ക​ളി​കൾ രണ്ടും ശ്രീ​രാ​മ​വി​ലാ​സം പ്ര​സ്സു​കാർ പ്ര​സി​ദ്ധ​പ്പെ​ടു​ത്തീ​ട്ടു​ള്ള ആട്ട​ക്ക​ഥ​ക​ളു​ടെ കൂ​ട്ട​ത്തിൽ ചേർ​ത്തി​ട്ടു​ണ്ടു്. അങ്ങി​നെ അവ​ജീ​വി​ക്കു​മെ​ന്നു വി​ശ്വ​സി​ക്കാം. എന്നാൽ മാ​തു​ല​ന്റെ ചു​വ​ട്ട​ടി​ക​ളെ പിൻ​തു​ടർ​ന്നു് 1072-ൽ അദ്ദേ​ഹം ഒരു ഭാ​ഷാ​നി​ഘ​ണ്ടു രചി​ക്കാൻ തു​ട​ങ്ങി. ആദ്യ​മാ​യി, പ്ര​സാ​ധി​ത​ങ്ങ​ളും അപ്ര​സാ​ധി​ത​ങ്ങ​ളു​മായ കൃ​തി​കൾ ഓരോ​ന്നാ​യി വാ​യി​ച്ചു നോ​ട്ടു​കൾ കു​റി​ച്ചു. ഇതി​നി​ട​യ്ക്കു് കണ്ടെ​ഴു​ത്തിൽ ഒരു ചെറിയ ഉദ്യോ​ഗം ഉണ്ടാ​യി​രു​ന്ന​തി​നാൽ പ്ര​സ്തുത ജോലി മു​ന്നോ​ട്ടു നീ​ങ്ങാ​തെ വന്നു. 1081-ൽ ആ ജോലി രാ​ജി​വ​ച്ചി​ട്ടു് ക്രി​മി​നൽ വക്കീൽ​പ​ണി സ്വീ​ക​രി​ച്ചു. അതു് അദ്ദേ​ഹ​ത്തി​നു കു​റേ​ക്കൂ​ടി സ്വാ​ത​ന്ത്ര്യം നല്കി. മാർ​ക്ക​ണ്ഡ​ച​രി​തം തി​രു​വാ​തി​ര​പ്പാ​ട്ടും ഹരി​ശ്ച​ന്ദ്ര​ച​രി​തം കി​ളി​പ്പാ​ട്ടും നി​ഘ​ണ്ടു​നിർ​മ്മാ​ണ​ത്തിൽ ഏർ​പ്പെ​ട്ടി​രു​ന്ന കാ​ല​ത്തു രചി​ക്ക​പ്പെ​ട്ട​വ​യാ​ണു്. 1092-ൽ നി​ഘ​ണ്ടു പൂർ​ത്തി​യാ​യി. ശീ​ലാ​വ​തി മു​ത​ല്ക്കു് ഭാ​ഗ​വ​തം വരേ​യു​ള്ള കൃ​തി​ക​ളെ​ല്ലാം പരി​ശോ​ധി​ച്ചു് അവ​യിൽ​നി​ന്നൊ​ക്കെ ഉദാ​ഹ​ര​ണ​ങ്ങൾ കാ​ണി​ച്ചു് രചി​ച്ചി​ട്ടു​ള്ള ഈ ശബ്ദ​താ​രാ​വ​ലി സകല കേ​ര​ളീ​യ​രു​ടേ​യും സവി​ശേ​ഷ​മായ പ്ര​ശം​സ​യ്ക്കു പാ​ത്രീ​ഭ​വി​ച്ച​തിൽ അത്ഭു​ത​പ്പെ​ടാ​നി​ല്ല​ല്ലോ. വാ​സ്ത​വ​ത്തിൽ സാ​ഹി​ത്യ​പ​ഞ്ചാ​ന​നൻ അഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ള്ള​തു​പോ​ലെ ‘ജി. പത്മ​നാ​ഭ​നാ​മാ ഹി പാ​പീ​യാൻ സർ​വ​ഭാ​ഷാ​മ​ചൂ​ചു​രൽ’ എന്നു പ്രൗ​ഢ​വി​ദ്വാ​ന്മാർ​ക്കു​പോ​ലും അസൂയ ജനി​പ്പി​ക്കു​മാ​റു​ള്ള ഒരു മാ​ന്യ​പ​ദ​വി ആ ബൃ​ഗ​ദ്ഗ്ര​ന്ഥം അദ്ദേ​ഹ​ത്തി​നു സമ്പാ​ദി​ച്ചു​കൊ​ടു​ത്തു.

1098 ഇടവം എട്ടാം​തീ​യ​തി ശ്രീ​മൂ​ലം​തി​രു​നാൾ മഹാ​രാ​ജാ​വു തി​രു​മ​ന​സ്സു​കൊ​ണ്ടു് അദ്ദേ​ഹ​ത്തി​ന്റെ മഹോ​ദ്യ​മ​ത്തെ അഭി​ന​ന്ദി​ച്ചു് ഒരു അട്ട​ത്തോ​ടൻ വീ​ര​ശൃം​ഖല സമ്മാ​നി​ച്ചു. അതി​നു​ശേ​ഷം വള​രെ​ക്കാ​ലം കഴി​ഞ്ഞു മലയാള സാ​ഹി​തീ​ഭ​ക്ത​പ്ര​മു​ഖ​ന്മാ​രു​ടെ അസൂ​യ​യ്ക്കു തെ​ല്ലു ശമനം വന്ന​പ്പോൾ സാ​ഹി​ത്യ​പ​രി​ഷ​ത്തു വക​യാ​യി ഒരു സ്വർ​ണ്ണ​മെ​ഡ​ലും അദ്ദേ​ഹ​ത്തി​നു സമ്മാ​നി​ക്ക​പ്പെ​ട്ടു.

ഭാ​ഷാ​സാ​ഹി​ത്യ​ത്തി​ന്റെ സമ്പൂർ​ണ്ണം–എന്നു​വ​ച്ചാൽ–‘ബ്ര​ഹ്മ​ത്തെ​പ്പോ​ലെ പൂർ​ണ്ണാൽ പൂർ​ണ്ണ​ത​മം’ ആയ ഒരു ചരി​ത്രം എഴു​തി​വ​ച്ചി​ട്ടു​ള്ള മഹാ​ക​വി പര​മേ​ശ്വ​ര​യ്യ​ര​വർ​ക​ളു​ടെ അടു​ക്കൽ നി​ന്നു​പോ​ലും,

“What is now required is the skeleton of a comprehensive Malayalam Dictionary and I am glad to say that Mr. Padmanabha Pillai’s publication is valuable as a skeleton and goes a long way towards satisfying a public demand” എന്നി​ങ്ങ​നെ കഷ്ടി​യായ ഒരു പ്ര​ശംസ ലഭി​ച്ച​താ​ണു് ഇതി​ലൊ​ക്കെ വലിയ ഭാ​ഗ്യം. അദ്ദേ​ഹം നിർ​ദ്ദേ​ശി​ക്കു​ന്ന മാ​തി​രി ഒരു നി​ഘ​ണ്ടു നമ്മു​ടെ ഭാ​ഷ​യിൽ ഇനി ഉണ്ടാ​കു​മോ എന്തോ? മി: പര​മേ​ശ്വ​ര​യ്യർ​ക്കു വാർ​ദ്ധ​ക്യ​മാ​യി​പ്പോ​യ​ല്ലോ.

ഈ മഹനീയ പരി​ശ്ര​മ​ത്തി​നു പുറമേ, ഒരു ആം​ഗ​ല​മ​ല​യാള നി​ഘ​ണ്ടു​വും സാ​ഹി​തീ​ര​ത്ന​ങ്ങ​ളു​ടേ​യും തൽ​ക്കർ​ത്താ​ക്ക​ന്മാ​രു​ടേ​യും സം​ക്ഷി​പ്ത​ച​രി​ത്രം ഉൾ​പ്പെ​ടു​ന്ന ഒരു ഗ്ര​ന്ഥ​പ​ര​മ്പ​ര​യും അദ്ദേ​ഹം പ്രി​സി​ദ്ധീ​ക​രി​ച്ചു തു​ട​ങ്ങി. പക്ഷേ പൂർ​ത്തി​യാ​കും മു​മ്പേ അദ്ദേ​ഹ​ത്തി​നെ ഹത​വി​ധി അപ​ഹ​രി​ച്ചു​ക​ള​ഞ്ഞു.

മര​ണ​ശ​യ്യ​യെ പ്രാ​പി​ക്കും​വ​രെ അദ്ദേ​ഹ​ത്തിൽ ഒരു നവ​യു​വാ​വി​ന്റെ ഉന്മേ​ഷം കളി​യാ​ടി​ക്കൊ​ണ്ടി​രു​ന്നു. വാർ​ദ്ധ​ക്യ​ത്തി​ന്റെ ചി​ഹ്ന​ങ്ങ​ളൊ​ന്നും അദ്ദേ​ഹ​ത്തി​നെ ബാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്നു പറ​ഞ്ഞാൽ അതിൽ ലേശം അതി​ശ​യോ​ക്തി​യി​ല്ല. അതാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ വി​ജ​യ​ഹേ​തു. കഴി​ഞ്ഞ കൊ​ല്ലം അതാ​യ​തു് 1121 കുംഭം 21-ാം തീ​യ​തി​യാ​ണു് അദ്ദേ​ഹം നമ്മെ വി​ട്ടു​പി​രി​ഞ്ഞ​തു്. ചില പത്ര​ങ്ങൾ എന്തോ ചി​ല​തൊ​ക്കെ പറ​ഞ്ഞെ​ങ്കി​ലും, പൊ​ട്ട​ക്ക​വി​ക​ളു​ടെ ദേ​ഹ​വി​യോ​ഗ​ത്തിൽ​പോ​ലും അനു​ശോ​ച​നാ​യോ​ഗ​ങ്ങൾ വി​ളി​ച്ചു കൂ​ട്ടി വി​ല​പി​ക്കാ​റു​ള്ള കേ​ര​ളീ​യ​ജ​നത ‘കമാ’ എന്നു മി​ണ്ടീ​ട്ടി​ല്ല. അത്ര​യ്ക്കു​ണ്ടു് അയൂ​യ​യു​ടേ​യൊ അഥവാ കൃ​ത​ഘ്ന​ത​യു​ടേ​യോ ആഴം.

ജി. പത്മ​നാ​ഭ​പി​ള്ള​യു​ടെ മറ്റു കൃ​തി​കൾ: മദ​ന​കാ​മ​ച​രി​തം നാടകം, കീ​ച​ക​വ​ധം തു​ള്ളൽ, കേ​ര​ള​വർ​മ്മ​ച​രി​തം മണി​പ്ര​വാ​ളം, കാ​ളി​യ​മർ​ദ്ദ​നം മണി​പ്ര​വാ​ളം, കം​സ​വ​ധം വഞ്ചി​പ്പാ​ട്ടു്, കു​ചേ​ല​വൃ​ത്തം, മാർ​ക്ക​ണ്ഡ​ച​രി​തം, പൂ​ത​നാ​മോ​ക്ഷം എന്നീ താ​രാ​ട്ടു​കൾ, നാ​ളാ​യ​ണീ​ച​രി​തം ഊഞ്ഞാൽ​പാ​ട്ടു് ഇവ​യാ​കു​ന്നു.

ശീ​വൊ​ള്ളി നാ​രാ​യ​ണൻ നമ്പൂ​തി​രി

വെ​ണ്മ​ണി​യു​ടെ ശൈ​ലി​യിൽ കവിത രചി​ച്ചു വിജയം നേ​ടീ​ട്ടു​ള്ള കവി​ക​ളിൽ അദ്വി​തീ​യൻ ശീ​വൊ​ള്ളി നമ്പൂ​തി​രി​യാ​കു​ന്നു.

കു​ന്നി​ക്കും കു​റ​യാ​തെ കു​ന്നൊ​ടു കു​ശു​മ്പേ​റും കു​ചം​പേ​റി​ടും
കു​ന്നിൻ​ന​ന്ദി​നീ കു​ന്ദ​ബാ​ണ​നു കു​ല​ക്കേ​സ്സൊ​ന്നു പാ​സ്സാ​യ​തിൽ
ഒന്നാം​സാ​ക്ഷി​ണി​യായ നീ കനി​വെ​ഴും​വ​ണ്ണം കടക്കണ്ണെടു-​
ത്തൊ​ന്നെ​ന്നിൽ​പെ​രു​മാ​റ​ണേ പെ​രു​മ​ന​ത്ത​പ്പ​ന്റെ​തൃ​പ്പെൺ​കൊ​ടീ!

എന്ന പദ്യം വെ​ണ്മ​ണി​യു​ടെ,

‘വീ​താ​ത​ങ്കം​വി​ധു​സ്ത്രീ​വ​ടി​വു വി​ധു​ധ​രൻ കണ്ടു കാമിച്ചണഞ്ഞി-​
ട്ടേ​താ​ണ്ടൊ​ക്കെ​പ്ര​വർ​ത്തി​ച്ച​ള​വ​വ​ത​ര​ണം​ചെ​യ്തു ചൈ​ത​ന്യ​മൂർ​ത്തി?’

എന്ന ശ്ലോ​ക​ത്തെ അനു​സ്മ​രി​പ്പി​ക്കു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​ക​ളും വെ​ണ്മ​ണി​യു​ടേ​തു​പോ​ലെ പ്രാ​യേണ അപൂർ​ണ്ണ​ങ്ങ​ളാ​ണു്. ദാ​ത്യു​ഹ​സ​ന്ദേ​ശം സര​സ​മായ ഒരു ഹാ​സ്യ​ക​വ​ന​മാ​ണു്. മാതൃക കാ​ണി​പ്പാ​നാ​യി ‘ഒരു ചര​മ​വൃ​ത്തം’ എന്ന കൃ​തി​യി​ലെ ഏതാ​നും ശ്ലോ​ക​ങ്ങൾ ഉദ്ധ​രി​ക്കാം.

കളകോമളസൽഗുണക്കളി-​
ക്ക​ള​രി​ത്ത​ട്ടു, ഗൃ​ഹ​സ്ഥ​ന​ന്ത​ണൻ,
വള​രെ​പ്പു​കൾ​പൂ​ണ്ടു രാ​മ​നാം
വള​വ​ല്ലൂർ​എ​ഴു​തു​ന്ന​തെ​ങ്ങ​നെ?
ഒരു മൂ​ന്നു ദി​ന​ങ്ങൾ മുമ്പിലാ-​
ത്തി​രു​വൈ​യ്ക്ക​ത്തു സു​ഹൃൽ​സ​മേ​ത​നാ​യ്
പുരുമോദമൊടഷ്ടമിക്കണ-​
ഞ്ഞൊ​രു​വി​ദ്വാൻ… തക​രു​ന്നു മന്മ​നം.
പുകവണ്ടിയിലാലുവായിലാ-​
പ്പകൽ തീ​രു​മ്പൊ​ഴു​തി​ന്ന​ലെ​സ്സു​ഖം
അക​ള​ങ്ക​മ​ന​സ്സി​റ​ങ്ങി വ-
ന്ന​ക​ലാ​ത​പ്പൊ​ള​ടു​ത്തു നിൽപു ഞാൻ.
ദി​വ​സേ​ശ്വ​ര​ന​സ്ത​മി​ക്കി​ലും
ശിവ ഞാൻ പോ​വു​ക​യാ​യി സത്വ​രം
ഇവ​നോ​ടി​തു​മ​ട്ടു ചൊല്ലിയോ-​
രവ​സാ​നോ​ക്തി നി​ന​യ്ക്കു​വ​യ്യ​മേ.
സതതം ശിവസല്പദാഖിലാ-​
ദൃത ‘ദാ​മോ​ദര’യു​ക്ത​നാ​കി​ലും
ബത! ദുർ​വ്വി​ഷ​മൂ​ല​മാർ​ത്ത​നാ​യ്
നി​ത​രാ​മാ​ദ്വി​ജ​വ​ര്യ​ന​ത്ഭു​തം!
അതിമാത്രമുരപ്പെതെന്തിനി-​
പ്പ​തി​നേ​ഴാം​ദി​ന​മർ​ദ്ധ​രാ​ത്രി​യിൽ
ക്ഷി​തി​വി​ട്ടു വി​ശി​ഷ്ട​ന​പ്പു​രം
മതി​കൂ​ടാ​ത്ത നഭ​സ്സു​പോ​ലെ​യാ​യ്.
നന്നാ​യ്ത്താൻ​ചെ​യ്ത പു​ണ്യോ​ല്ക്കര വിമലഫലോ-​
പേ​ത​നാ​യ്സാ​ധു തൊണ്ണൂ-​
റ്റൊ​ന്നാ​മാ​ണ്ടിൽ​പെ​ടും വൃ​ശ്ചി​ക​മൊ​രു പതിനേ-​
ഴാം​ദി​ന​ത്തിൽ തര​ത്തിൽ
അന്നാ​നാ​ന​ന്മ​തി​ങ്ങും കൃ​തി​മ​ണി ‘വളവ-
ല്ലൂർ​ദ്വി​ജൻ, തോഷമുൾക്കൊ-​
ണ്ടെ​ന്നാ​ളും നാ​ശ​മേ​ല്ക്കാ​ത്തൊ​രു പര​മ​പ​ദം
പൂ​കി​നാൻ പൂ​ത​ചി​ത്തൻ.

വർ​ഷാ​വ​സ്ഥ:
വമ്പി​ച്ചോ​രാ​ക്കൊ​ടു​ങ്കാ​റ്റ​ടി​ല​ഹ​ള​മ​ഹാ​വൃ​ക്ഷ​സം​ഘ​ങ്ങൾ​പോ​ലും
കമ്പി​ച്ചീ​ടു​ന്നു​വാ​നിൽ പെ​രി​യ​ക​രി​മു​കിൽ​ച്ചാർ​ത്തി​ട​ഞ്ഞാർ​ത്തി​ടു​ന്നു
തു​മ്പി​ക്കൈ​വ​ണ്ണ​മെ​ല്ലാ​യ്പൊ​ഴു​മൊ​രു​മ​ഴ​യും വൻ​ത​ണു​പ്പോ വി​റ​യ്ക്കും
തു​മ്പി​ല്ലാ​ക്കാ​ല​മർ​ക്കൻ ചെ​റു​ത​വ​ധി​യി​ലാ​ണെ​ന്നു തോ​ന്നു​ന്നി​തെ​ങ്ങോ?
ആല​ങ്ങാ​ടാ​കു​മി​ന്നാ​ട​രി​യൊ​രു പെരിയാറാകൂമിച്ചിന്ദ്രജാലം-​
പോ​ല​യ്യോ മു​ക്കി​മു​ക്കാ​ലു​മി​തൊ​രു പകൽ​കൊ​ണ്ടാ​ണിഹ പ്രാ​ണി​ജാ​ലം
ആലംബം വി​ട്ടു കഷ്ടം! മുടിയുമൊരുകടൽപ്രായമിപ്പാരിതാക-​
ണ്ടാ​ല​ത്യാ​ശ്ച​ര്യ​മെ​ന്നോ പ്ര​കൃ​തി​യു​ടെ​വി​കാ​ര​ങ്ങൾ​വി​ശ്വോ​ത്ത​ര​ങ്ങൾ.

പട്ടം എൻ. കൊ​ച്ചു​കൃ​ഷ്ണ​പി​ള്ള

അദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്കിൽ പട്ടം എന്ന ദേ​ശ​ത്തു് 1061 മേ​ട​മാ​സ​ത്തി​ലെ ചി​ത്രാ​ന​ക്ഷ​ത്ര​ത്തിൽ ജനി​ച്ചു. രാ​ജ​കീയ ഹൈ​സ്കൂ​ളിൽ മെ​ട്രി​ക്കു​ലേ​ഷൻ ക്ലാ​സു​വ​രെ പഠി​ച്ചി​ട്ടു് തൃ​ശ്ശി​നാ​പ്പ​ള്ളി ഹൈ​സ്കൂ​ളിൽ ചേർ​ന്നു. പ്ര​സ്തുത പരീ​ക്ഷ​യിൽ പാ​സ്സാ​യ​ശേ​ഷം തൃ​ശ്ശി​നാ​പ്പ​ള്ളി സെ​ന്റ്ജോ​സ​ഫ്സ്കാ​ളേ​ജിൽ ചേർ​ന്നു് ഇന്റർ​മീ​ഡി​യ​റ്റും തി​രു​വ​ന​ന്ത​പു​രം രാ​ജ​കീയ കാ​ളേ​ജിൽ ചേർ​ന്നു് ബി. ഏ. യും ജയി​ച്ചു. എം. ഏ. പരീ​ക്ഷ​യ്ക്കു പ്രൈ​വ​റ്റാ​യി​ച്ചേർ​ന്നു് ഒന്നാം​ക്ലാ​സ്സിൽ പാ​സ്സാ​യി. 1088-​ാമാണ്ടിലാണെന്നു തേ​ാ​ന്നു​ന്നു–ഞാൻ നി​യ​മ​പ​ഠ​നാർ​ത്ഥം എഫ്. എൽ. ക്ലാ​സ്സിൽ ചേർ​ന്ന​പ്പോൾ അദ്ദേ​ഹ​വും ആ ക്ലാ​സ്സിൽ ചേർ​ന്നു. ഞങ്ങൾ തമ്മിൽ പരി​ചി​ത​രായ കഥ രസാ​വ​ഹ​മാ​ണു്. പ്രാ​സ​വ​ഴ​ക്കു​കാ​ല​ത്തു് ഞാൻ എന്റെ ഗു​രു​ദേ​വ​ന്റെ പക്ഷ​ത്തു ചേർ​ന്നു് ചില ലേ​ഖ​ന​ങ്ങൾ എഴു​തി​ക്കൊ​ണ്ടി​രു​ന്നു. ദക്ഷി​ണ​ദീ​പ​ത്തിൽ അക്കാ​ല​ത്തു് കാ​ണാ​റു​ണ്ടാ​യി​രു​ന്ന ലേ​ഖ​ന​ങ്ങ​ളിൽ ഏറി​യ​കൂ​റും എന്റേ​താ​യി​രു​ന്നു​വെ​ന്നു് പലർ​ക്കും അറി​യാ​മാ​യി​രു​ന്നു. ആ ലേ​ഖ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തിൽ ‘കവി​ക​ളും കൃ​തി​ക​ളും’ എന്നൊ​രു ഉപ​ന്യാ​സം മാ​ത്രം കുറെ ഒച്ച​പ്പാ​ടു​ണ്ടാ​ക്കി. പാ​ലി​യ​ത്തു കു​ഞ്ഞു​ണ്ണി അച്ഛൻ അക്കാ​ല​ത്തു പ്ര​ശ​സ്ത​മായ രീ​തി​യിൽ നട​ത്തി​വ​ന്ന ഒരു മാ​സി​ക​യിൽ ആ ലേ​ഖ​ന​ത്തെ പകർ​ത്തി​യി​ട്ടു് അതിനെ മു​ക്ത​ക​ണ്ഠം സ്തു​തി​ച്ചു. പന്ത​ളം കേ​ര​ള​വർ​മ്മ​ത​മ്പു​രാൻ ക്ലാ​സ്സിൽ ആ ലേഖനം വാ​യി​ച്ചു് ഇന്ന​ത്തെ കവികൾ അതു വാ​യി​ച്ചി​രി​ക്കേ​ണ്ട​താ​ണെ​ന്നു് ഒരു അഭി​പ്രാ​യ​വും തട്ടി​വി​ട്ടു. പര​മേ​ശ്വ​ര​യ്യ​ര​വർ​കൾ​ക്കു് അതു രസി​ച്ചി​ല്ലെ​ന്നും അല്പ​കാ​ല​ത്തേ​ക്കു് അദ്ദേ​ഹം അവി​ടു​ത്തോ​ടു് നീ​ര​സ​ഭാ​വ​ത്തിൽ കഴി​ഞ്ഞു​കൂ​ടി എന്നും ആണു് എന്റെ അറി​വു്. ഏതാ​യി​രു​ന്നാ​ലും തമ്പു​രാൻ പ്ര​സ്തുത ലേ​ഖ​ന​ത്തെ ക്ലാ​സ്സിൽ വാ​യി​ച്ച അവ​സ​ര​ത്തിൽ എന്റെ ഏറ്റ​വും അടു​ത്ത ഒരു ബന്ധു​വും ഇപ്പേ​ാൾ ഉയർ​ന്ന ഒരു ഉദ്യോ​ഗ​ത്തിൽ ഇരി​ക്കു​ന്ന ആളു​മായ ഒരാൾ ക്ലാ​സ്സി​ലു​ണ്ടാ​യി​രു​ന്ന​തി​നാൽ ആ സം​ഗ​തി​യെ​പ്പ​റ്റി സം​ശ​യ​മേ ഇല്ല. അന്നു് കൊ​ച്ചു​കൃ​ഷ്ണ​പ്പി​ള്ള അവർകൾ പര​മേ​ശ്വ​ര​യ്യ​ര​വർ​ക​ളു​ടെ ആശ്രി​ത​ന്മാ​രിൽ ഒരാ​ളാ​യി കഴി​ഞ്ഞു​കൂ​ടു​ക​യാ​യി​രു​ന്നു. അദ്ദേ​ഹം എനി​ക്കു് ദീ​പ​ത്തേ​ാ​ടു​ള്ള ബന്ധം മന​സ്സി​ലാ​ക്കീ​ട്ടു്, അതു് ആരുടെ കൃ​തി​യാ​ണെ​ന്നു് എന്നോ​ടു ചോ​ദി​ച്ചു മന​സ്സി​ലാ​ക്കി യഥാ​സ്ഥാ​നം അറി​വു​കൊ​ടു​ത്തു. ഇങ്ങ​നെ ആയി​രു​ന്നു ഞങ്ങൾ തമ്മിൽ പരി​ച​യ​പ്പെ​ട്ട​തു്. കു​റേ​ക്കാ​ലം കഴി​ഞ്ഞ​പ്പോൾ, മഹാ​ക​വി​യും കൊ​ച്ചു​കൃ​ഷ്ണ​പ്പി​ള്ള​യും തമ്മി​ലു​ണ്ടാ​യി​രു​ന്ന ദൃ​ഢ​ബ​ന്ധം കുറെ അയ​ഞ്ഞു​പോ​യി​രി​ക്ക​ണ​മെ​ന്നു ശങ്കി​ക്കു​ന്നു. അദ്ദേ​ഹം മരി​ക്കു​ന്ന​തി​നു മു​മ്പു് എഴു​തി​വ​ച്ചി​രു​ന്ന​തും അതിനു ശേഷം ഭാ​ഷാ​വി​ലാ​സം വി​ശേ​ഷാൽ​പ്ര​തി​യിൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​തു​മായ ലേഖനം അങ്ങി​നെ ഒരു ശങ്ക​യ്ക്കു് അവ​കാ​ശം നൽ​കു​ന്നു​ണ്ടു്.

പരീ​ക്ഷ​യിൽ പാ​സ്സാ​യി​ട്ടു് അല്പ​കാ​ലം എക്സൈ​സ്ഇൻ​സ്പെ​ക്ട​രാ​യി​രു​ന്നു. നല്ല വാ​സ​നാ​ക​വി​യാ​യി​രു​ന്ന​തി​നാൽ ഉദ്യോ​ഗ​ത്തി​ലി​രി​ക്കു​ന്ന കാ​ല​ത്തും അദ്ദേ​ഹം തു​ട​രെ​ത്തു​ട​രെ കവി​ത​കൾ എഴു​തി​ക്കൊ​ണ്ടാ​ണി​രു​ന്ന​തു്. അച്ച​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മേ​ഘ​സ​ന്ദേ​ശ​വി​വർ​ത്ത​ന​ത്തി​നും ബാ​ല​സാ​ഹി​ത്യ​ത്തി​നും പുറമെ മാ​സി​ക​ക​ളിൽ അനേകം ഖണ്ഡ​ക​വ​ന​ങ്ങൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഗദ്യ​ലേ​ഖ​ന​ങ്ങ​ളിൽ പ്ര​ധാ​ന​മാ​യു​ള്ള​തു് കവിത, വള്ള​ത്തോൾ​പ്ര​സ്ഥാ​നം ഇവ​യാ​കു​ന്നു.

1097-ൽ മു​പ്പ​ത്തി​ആ​റാ​മ​ത്തെ വയ​സ്സിൽ സന്നി​പാ​ത​ജ്വ​രം പി​ടി​പെ​ട്ടു് അദ്ദേ​ഹം പര​ലോ​കം പ്രാ​പി​ച്ചു. മാ​തൃ​ക​കാ​ണി​പ്പാ​നാ​യി ഏതാ​നും പദ്യ​ങ്ങ​ളെ ഉദ്ധ​രി​ക്കാം.

ദി​വ്യ​കഥ

ഇതു് പട്ടം കൊ​ച്ചു​കൃ​ഷ്ണ​പി​ള്ള​യും പട്ടം ഗോ​വി​ന്ദ​പ്പി​ള്ള​യും ചേർ​ന്നെ​ഴു​തിയ കൂ​ട്ടു​ക​വി​ത​യാ​ണു്.

വഴി​ഞ്ഞ സൗ​ഖ്യം ജന​ത​യ്ക്കു ചേർ​ത്തു ത-
ന്മി​ഴി​ക്കു മാ​ധു​ര്യ​മൊ​ഴി​ക്ക ഹേ​തു​വാൽ
വഴി​ക്കു നാമം മധുരേതിയപ്പുരി-​
യ്ക്ക​ഴി​ഞ്ഞൊ​രു​ള്ളോ​ട​വർ നല്കി മു​ന്ന​മേ.
ലോ​ലം​ബ​ചാ​രു​ചി​ക​രാഭ ചിരായകണ്ടി-​
ട്ടാ​ലം​ബ​മ​റ്റു ചി​കു​ര​ത്വ​മി​യ​ന്ന ശി​ഷ്യൻ
വെ​യി​ല​ത്തു വെ​ണ്ണ​വി​ധ​മാ വധു​വി​ന്റെ കാന്തി-​
ജാ​ല​ത്തി​ലു​ള്ള​മു​രു​കീ​ട്ട​വ​ശൻ വശായി.

വലിയ കോ​യി​ത്ത​മ്പു​രാ​നു നല്കിയ മം​ഗ​ള​പ​ത്രം.

പേ​രാ​ളും കൈ​ര​ളി​പ്പെൺ​കൊ​ടി​യു​ടെ വര​രാ​യി​ന്നു വാണീടുമെല്ലാ-​
പേ​രാ​ലും പൂ​ജ്യ​നാ​യീ ശാ​ശൂ​ര​നി​വ​വ​ഹി​ച്ച​മ്പു​മെൻ തമ്പു​രാ​നേ
നേ​രാ​ളി​ല്ലാ​ത്ത​മ​ട്ടാ​യ​റി​വെ​ഴു​മ​വി​ടേ​യ്ക്കു​ള്ള തൃ​പ്പാ​ദ​പ​ത്മം
നേ​രാ​യ്ക​ണ്ടൊ​ന്നു കൂ​പ്പാ​ന​ടി​യ​ന​ഭി​ല​ഷി​ച്ചെ​ത്ര​നാ​ളോ കഴി​പ്പൂ.

വി. സി. ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ

ഈ കവി​ര​ത്ന​ത്തി​ന്റെ കഥ ഓർ​ക്കു​ന്ന മാ​ത്ര​യിൽ ഏതു കേ​ര​ളീ​യ​ന്റേ​യും ഇട​നെ​ഞ്ഞു പൊ​ട്ടാ​തി​രി​ക്ക​യി​ല്ല. നി​ഷ്പ​ക്ഷ​പാ​തി​യായ ഗ്ര​ന്ഥ​സ​മാ​ലോ​ച​കൻ, ഒന്നാം​ത​രം കാ​വ്യ​കൃ​ത്തു്, ഉത്ത​മ​പ​ത്ര​പ്ര​വർ​ത്ത​കൻ എന്നീ നി​ല​ക​ളി​ലെ​ല്ലാം പരി​ശോ​ഭി​ച്ചു്, ഇന്ന​ത്തെ ചില പ്രൗ​ഢ​ക​വി​കൾ​പോ​ലും പദ​ങ്ങൾ പെ​റു​ക്കി​നി​ര​ത്തി പദ്യ​നിർ​മ്മി​തി​യി​ലെ പ്ര​ഥ​മ​പാ​ഠം പഠി​ച്ചു​കൊ​ണ്ടി​രു​ന്ന ആ ഇളം​പ്രാ​യ​മായ 26-ാം വയ​സ്സിൽ, ലോ​ക​യ​വ​നി​ക​യ്ക്കു​ള്ളിൽ തി​രോ​ധാ​നം ചെയ്ത ആ മഹാ​നു​ഭാ​വ​നെ നമു​ക്കും അശ്രു​പ്ര​വാ​ഹം​കൂ​ടാ​തെ എങ്ങ​നെ സ്മ​രി​ക്കാൻ കഴി​യും. ഹാ! അദ്ദേ​ഹം കു​റേ​ക്കാ​ലം​കൂ​ടി ജീ​വി​ച്ചി​രു​ന്നെ​ങ്കിൽ... എത്ര എത്ര സൽ​ക്കാ​വ്യ​ങ്ങൾ നമു​ക്കു ലഭി​ക്കു​മാ​യി​രു​ന്നു! ഒൻപതേ ഒൻപതു കൊ​ല്ല​ങ്ങൾ​ക്ക​കം അദ്ദേ​ഹം എന്തെ​ല്ലാം സാ​ധി​ച്ചു!

ഏറ​നാ​ട്ടു താ​ലൂ​ക്കി​ന്റെ തെ​ക്കേ​ഖ​ണ്ഡ​ത്തിൽ കോ​ട്ട​യ്ക്കൽ​നി​ന്നും അഞ്ചാ​റു നാഴിക വട​ക്കു​ള്ള ഊരകം എന്ന നാ​ട്ടും​പ്ര​ദേ​ശ​ത്തിൽ വെ​ള്ളാ​ട്ടു ചെ​മ്പ​ല​ശ്ശേ​രി എന്നൊ​രു പ്രാ​ചീന നാ​യർ​കു​ടും​ബം സ്ഥി​തി​ചെ​യ്യു​ന്നു. ആ കു​ടും​ബ​ത്തി​ലെ ഒരു സ്ത്രീ​ര​ത്ന​ത്തെ കപ്പേ​ട​ത്തു കൃ​ഷ്ണ​നു​ണ്ണി​നാ​യർ വി​വാ​ഹം ചെ​യ്തു. ആ വി​ശി​ഷ്ട​ദ​മ്പ​തി​കൾ​ക്കു് 1064 കുംഭം ചതയം നക്ഷ​ത്ര​ത്തിൽ ഉണ്ടായ പു​ത്ര​നാ​യി​രു​ന്നു. വി. സി. ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ. പഴയ ധന​സ്ഥി​തി​യെ​ല്ലാം നശി​ച്ചു് ആഭി​ജാ​ത്യം​മാ​ത്രം ശേ​ഷി​ച്ചി​രു​ന്ന ഒരു കു​ടും​ബ​മാ​യി​രു​ന്ന​തി​നാൽ ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ വളരെ അരി​ഷ്ടി​ച്ചാ​ണു് വളർ​ന്ന​തു്. ഒരു നാ​ട്ടാ​ശാ​ന്റെ അടു​ക്കൽ പ്രാ​ചീ​ന​രീ​തി അനു​സ​രി​ച്ചു് എഴു​ത്തും വാ​യ​ന​യും പഠി​ച്ച​ശേ​ഷം കറു​പ്പൻ ആശാരി എന്നൊ​രാ​ളി​ന്റെ അടു​ക്കൽ കുറെ സം​സ്കൃ​തം വാ​യി​ച്ചു. അങ്ങി​നെ കാ​വ്യ​പ​രി​ശീ​ല​നം ചെ​യ്തു​കൊ​ണ്ടി​രി​ക്ക​വേ തന്നെ അദ്ദേ​ഹ​ത്തി​ന്റെ കവി​താ​വാ​സന താനെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു തു​ട​ങ്ങി. വർ​ത്ത​മാ​ന​ക്ക​ട​ലാ​സു​ക​ളോ മാ​സി​ക​ളോ കട​ന്നി​ട്ടി​ല്ലാ​ത്ത ആ ഗ്രാ​മ​ത്തിൽ പ്രേ​ര​ണാ​ശ​ക്തി പ്ര​യോ​ഗി​പ്പാൻ​പോ​ലും ആരും ഇല്ലാ​തി​രി​ക്ക​വേ കവിത എഴു​തി​ത്തു​ട​ങ്ങിയ ഈ ബാലനെ വാ​ഗ്ദേ​വി കടാ​ക്ഷി​ച്ചു തു​ട​ങ്ങി​യ​തു് പൂർ​വ്വ​ജ​ന്മ​കൃ​ത​മായ പു​ണ്യ​ത്തി​ന്റെ ഫലം തന്നെ​യാ​യി​രി​ക്ക​ണം.

ഇങ്ങ​നെ​യി​രി​ക്കെ കു​ട്ടി​യെ ഏതു വി​ധ​ത്തി​ലെ​ങ്കി​ലും സം​സ്കൃ​തം പഠി​പ്പി​ച്ചേ മതി​യാ​വൂ എന്നു് കൃ​ഷ്ണ​നു​ണ്ണി​നാ​യർ​ക്കു് തോ​ന്നു​ക​യാൽ അദ്ദേ​ഹം അവനെ കോ​ഴി​ക്കോ​ട്ടു പടി​ഞ്ഞാ​റേ കോ​വി​ല​ക​ത്തു് വി​ദ്വാൻ ഏട്ടൻ​ത​മ്പു​രാൻ എന്നു പ്ര​സി​ദ്ധ​നാ​യി​രു​ന്ന സാ​മൂ​തി​രി​പ്പാ​ട്ടി​ലെ അടു​ക്കൽ കൊ​ണ്ടു​ചെ​ന്നാ​ക്കി. അവിടെ മൂ​ന്നു നാലു കൊ​ല്ലം താ​മ​സി​ച്ചു് വേണ്ട ശാ​സ്ത്ര​പ​രി​ച​യ​വും നല്ല ശബ്ദ​വ്യു​ല്പ​ത്തി​യും സമ്പാ​ദി​ച്ചു. സാ​മാ​ന്യം നല്ല ഇം​ഗ്ലീ​ഷ് പരി​ച​യ​വും അവിടെ നി​ന്നു​ത​ന്നെ കി​ട്ടി.

ഇത്ര​യും ആയ​പ്പോൾ ഇനി സ്വ​ന്തം കാ​ലിൽ​ത​ന്നെ നി​ല്ക്ക​ണ​മെ​ന്നു് ഈ ബാ​ല​കൃ​ഷ്ണ​നു തോ​ന്നി. അന്നു ശ്രീ​മാൻ പി. ഐ കൃ​ഷ്ണ​ന​വർ​കൾ തൃ​ശ്ശൂ​രിൽ​നി​ന്നു് കേ​ര​ള​ചി​ന്താ​മ​ണി എന്നൊ​രു പത്രം പു​റ​പ്പെ​ടു​വി​ക്കാൻ ഉദ്യ​മി​ക്ക​യാ​യി​രു​ന്നു. അതി​ന്റെ ആധി​പ​ത്യം കഷ്ടി​ച്ചു പതി​നെ​ട്ടു വയ​സ്സാ​യി​രു​ന്ന ഈ ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ കര​സ്ഥ​മാ​ക്കി. ആ നി​ല​യിൽ അദ്ദേ​ഹം അന്ന​ത്തെ ഭര​ണാ​ധി​കാ​രി​ക​ളോ​ടും, കൊ​ച്ചി​യി​ലെ ചില ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടും പൗ​രു​ഷ​പൂർ​വ്വം പോ​രാ​ടി​യെ​ന്നു മാ​ത്ര​മ​ല്ല കൊ​ച്ചി​രാ​ജ്യ​ത്തു കട​ന്നു​കൂ​ടി വന​ച​ക്ര​വർ​ത്തി എന്ന കു​പ്ര​സി​ദ്ധി നേടിയ ചെ​ട്ടി​യാ​രെ നാ​ട്ടിൽ​നി​ന്നു് ആട്ടി​പ്പാ​യി​ക്ക​പോ​ലും ചെ​യ്തു. അത്ര ശക്തി​യേ​റിയ തൂ​ലി​ക​യാ​യി​രു​ന്നു ആ യു​വാ​വു പ്ര​യോ​ഗി​ച്ചി​രു​ന്ന​തു്.

ഇങ്ങ​നെ കൊ​ല്ലം മൂ​ന്നു കഴി​ഞ്ഞു. പി​ന്നെ നാം അദ്ദേ​ഹ​ത്തി​നെ കാ​ണു​ന്ന​തു് മല​ബാ​റി​യു​ടെ പത്രാ​ധി​പ​രാ​യി​ട്ടാ​ണു്. അതു് അല്പ​കാ​ല​മേ ജീ​വി​ച്ചി​രു​ന്നു​ള്ളു​വെ​ങ്കി​ലും അക്കാ​ല​മ​ത്ര​യും അഴി​മ​തി​ക്കാ​രായ ഉദ്യോ​ഗ​സ്ഥ​ന്മാർ​ക്കു നി​ദ്രാ​ഭം​ഗം വരു​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഇരു​ന്നു.

ജന്മ​നാ ദുർ​ബ​ല​നാ​യി​രു​ന്ന പണി​ക്കർ​ക്കു് ഇപ്പോ​ഴേ​യ്ക്കു രാ​ജ​യ​ക്ഷ്മാ​വി​ന്റെ പൂർ​ണ്ണ​ല​ക്ഷ​ണ​ങ്ങൾ കണ്ടു​തു​ട​ങ്ങി. ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യ്ക്കൽ വൈ​ദ്യ​ശാ​ല​യെ അഭയം പ്രാ​പി​ച്ചു. പി. എസ്. വാ​രി​യർ എന്ന വൈ​ദ്യ​ര​ത്ന​ത്തി​ന്റെ ചി​കി​ത്സാ​നൈ​പു​ണ്യം​കൊ​ണ്ടു് രോഗം നി​ശ്ശേ​ഷം മാറി. എന്നാൽ കു​റേ​ക്കാ​ല​ത്തേ​യ്ക്കു് ആയാ​സ​ക​ര​മായ പണി​ക​ളി​ലൊ​ന്നി​ലും ഏർ​പ്പെ​ട​രു​തെ​ന്നു് വൈ​ദ്യൻ നി​ഷ്കർ​ഷി​ച്ചി​രു​ന്നു.

ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ അതി​നാൽ സ്വ​ദേ​ശ​ത്തു പോയി താ​മ​സി​ച്ചു അങ്ങ​നെ കു​റേ​ക്കാ​ലം കഴി​ഞ്ഞ​പ്പോൾ, അല​സ​ജീ​വി​ത​ത്തിൽ വി​ര​ക്ത​നാ​യി​ത്തീർ​ന്ന പണി​ക്കർ കോ​ട്ട​യ്ക്കൽ ചെ​ന്നു് മി: പി. വി. കൃ​ഷ്ണ​വാ​രി​യ​രു​മാ​യി യോ​ജി​ച്ചു് ദി​ന​വൃ​ത്താ​ന്ത​ദീ​പിക എന്നൊ​രു പത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നു​റ​ച്ചി​ട്ടു് പി​രി​ഞ്ഞു. അദ്ദേ​ഹം അവി​ടെ​നി​ന്നും നേരെ കൊ​ച്ചി​ക്കാ​ണു് പോ​യ​തു്. അവിടെ ചില സ്നേ​ഹി​ത​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു് ചക്ര​വർ​ത്തി എന്നൊ​രു അച്ചു​ക്കൂ​ടം സ്ഥാ​പി​ച്ചു് ആപേ​രിൽ​ത​ന്നെ ഒരു പത്ര​വും പു​റ​പ്പെ​ടു​വി​ച്ചു​തു​ട​ങ്ങി. പത്രാ​ധി​പ​ത്യ​ജീ​വി​തം ആയാ​സ​ക​ര​മായ ഒരു ജോ​ലി​യാ​ണ​ല്ലോ. അതി​നാൽ രോഗം വീ​ണ്ടും ആരം​ഭി​ച്ചു. പല ദി​ക്കു​ക​ളിൽ സഞ്ച​രി​ച്ചു ചി​കി​ത്സ നട​ത്തി​നോ​ക്കി. ഒരു ഫലവും ഉണ്ടാ​കാ​യ്ക​യാൽ അദ്ദേ​ഹം നാ​ട്ടി​ലേ​യ്ക്കു പു​റ​പ്പെ​ട്ടു. കൃ​ഷ്ണ​നു​ണ്ണി​നാ​യർ മകനെ ഒരു മഞ്ച​ലിൽ എടു​പ്പി​ച്ചു​കൊ​ണ്ടാ​ണു പോ​യ​തു്. വഴി​ക്കു് ആ മഞ്ചൽ ഏതോ ഒരു കു​റ്റി​യിൽ തട്ടി പണി​ക്കർ​ക്കു് തൽ​ഫ​ല​മാ​യി ഒരു വി​ല​ക്കം ഉണ്ടാ​യി. വീ​ട്ടിൽ ചെ​ന്നി​ട്ടും അതു മാ​റി​യി​ല്ല. ഇരു​പ​ത്തി​യാ​റാം വയ​സ്സിൽ ആ യു​വ​സാ​ഹി​ത്യ​കാ​രൻ കേ​ര​ളീ​യ​രെ സന്താ​പ​ക്ക​ട​ലിൽ ആറാ​ടി​ക്കു​മാ​റു് ഈ ലോ​ക​ത്തോ​ടു യാ​ത്ര​പ​റ​ഞ്ഞു.

ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​രു​ടെ കൃ​തി​കൾ:

(1) കു​മാ​ര​സ്തോ​ത്ര​മാല (2) ഇന്ദു​മ​തീ​സ്വ​യം​വ​രം നാടകം (3) നാ​ഗാ​ന​ന്ദം മണി​പ്ര​വാ​ളം (4) കു​മാ​ര​ച​രി​ത്രം നാടകം (5) ഭാ​ഷാ​സൂ​ക്തി​മു​ക്താ​മ​ണി​മാല (6) മാ​ന​വി​ക്ര​മീ​യം. ഇവ ആറും പതി​നാ​റു വയ​സ്സു തി​ക​യും​മു​മ്പു് എഴു​തീ​ട്ടു​ള്ള​വ​യാ​ണു്. അവയിൽ ആദ്യ​ത്തേ​തു രണ്ടും അച്ച​ടി​ച്ചി​ട്ടു​ണ്ടോ എന്തോ? നാ​ഗാ​ന​ന്ദം എഴു​തു​ന്ന കാ​ല​ത്തു് കവി​ക്കു പതി​ന​ഞ്ചു വയ​സ്സേ ഉണ്ടാ​യി​രു​ന്നു​ള്ളു.

എന്നാൽ–

പൂ​മാ​തി​നു​ള്ള പു​തു​മാ​തി​രി നാട്യരംഗ-​
മാ​മാ​യ​വ​ന്റെ നി​ല​യ​ത്തി​ന​ക​ത്തു​നി​ന്നു
സീമാവിഹീനമഹിമാവിയലുന്നതാകു-​
മാ മാ​ന്യ​ക​ല്പ​ക​മ​രം നി​ല​നി​ന്നി​രു​ന്നു.
ഇക്ക​ണ്ട​ടി​ടു​ന്ന തനു​തൊ​ട്ട പദാർത്ഥജാത-​
മൊ​ക്കെ​ബ്ഭ​വ​ക്ക​ട​ലി​ലെ​ത്തി​ര​മാ​ല​യ​ല്ലോ
കത്തു​ന്ന ദീ​പ​നിര കാറ്റിനകത്തുപെട്ടാ-​
ലെ​ത്തു​ന്ന​തേ​തു ദശ ഭൂ​തി​യ​തി​ങ്ക​ലെ​ത്തും
പാർ​ത്ത​ട്ടി​ലി​ങ്ങ​നെ​യി​രി​പ്പൊ​രു ഭൂതികിട്ടാ-​
നോർ​ത്ത​ങ്ങു യു​ദ്ധ​മെ​വ​നേ​ല്ക്കു​മ​വൻ സു​നി​ന്ദ്യൻ.

ഈ ശ്ലോ​ക​ങ്ങൾ വാ​യി​ക്കു​മ്പോൾ, അവ ഒരു ബാ​ല​ന്റെ കൃ​തി​യാ​ണെ​ന്നു വി​ശ്വ​സി​പ്പാൻ കഴി​യാ​തെ വരു​ന്നു. ഇന്ദു​മ​തീ സ്വ​യം​വ​രം അഞ്ച​ങ്ക​ത്തി​ലു​ള്ള ഒരു നാ​ട​ക​മാ​ണു്. നാ​ഗാ​ന​ന്ദ​ത്തെ​പ്പോ​ലെ ഈ കൃ​തി​യും കവ​ന​കൗ​മു​ദി​യിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണു്.

“മാ​മ്പൂ​മ​ഞ്ജ​രി​യാ​യി​ടും മു​ല​കു​ലു​ക്കി​ക്കൊ​ണ്ടു നൽത്താമര-​
പ്പൊ​മ്പൂ​വാം മു​ഖ​മ​ങ്ങു​യർ​ത്തി ലതയാം തങ്ക​യ്യി​ള​ക്കി​ത്തു​ലോം
വമ്പാ​ളു​ന്ന വസ​ന്ത​ല​ക്ഷ്മി കു​യി​ലിൻ​പാ​ട്ടായ സംഗീതമി-​
ട്ടെ​മ്പാ​ടും പൊടി പാ​റ്റി​യ​ങ്ങി​നെ മി​ര​ട്ടീ​ടു​ന്നു നാ​ടൊ​ക്കെ​യും”
ചീ​ര​ത്ത​യ്യു​ക​ളി​ങ്ങു വെ​ട്ടി വള​രെ​ബ്ഭേ​ഷാ​ക്കി​യോ​രേ തരം
സാ​ര​സ്യ​ത്തൊ​ടു വെ​ച്ചു മട്ടു പു​തു​താ​ക്കീ​ടു​ന്നി​തുൾ​പ്രീ​തി​മേ
വാ​ര​സ്ത്രീ​വര ദേഹവർണ്ണമിയലുന്നോരിപ്പനീർച്ചെമ്പക-​
ത്താ​ര​ത്യ​ന്ത​സു​ഗ​ന്ധ​മേ​കി​യി​വ​നെ​സ്വാ​ധീ​ന​മാ​ക്കു​ന്നു​തേ.
തങ്ക​ത്താ​രി​നു നാ​ണ​മേ​കി വി​ല​സും തങ്കാ​ന്തി​യാം നീരിനാ-​
ലെ​ങ്കൽ ചേർ​ന്നൊ​രു ദുഃ​ഖ​മാം ചളി കള​ഞ്ഞീ​ടേ​ണ്ടൊ​ര​പ്പു​രു​ഷൻ
തങ്ക​യ്യാൽ തട​വീ​ടു​മെ​ന്റെ പുളകം ചേ​രു​ന്ന​താ​കും മുഖ-
ത്തി​ങ്കൽ ചും​ബ​ന​മാ​ശു ചെ​യ്തി​ടു​ക​യെ​ന്നാ​കു​ന്നു രത്ന​പ്ര​ഭൻ.
എന്നാ​ണെൻ​പ്രി​യ​നി​ങ്ങു​വ​ന്നു തളി​രും തോ​ല്ക്കു​ന്ന തൻകയ്യിനാ-​
ലെ​ന്നാ​ത്മ​പ്രി​യ​യെ​ന്നു ചൊ​ല്ലി മമ കൈ​യ​മ്പിൽ ഗ്ര​ഹി​ക്കു​ന്ന​തും
എന്നാ​ലോ​ചന പൂ​ണ്ടു കാ​മ​വ​ശ​യാ​യ് ദുഃ​ഖി​ച്ചു വാഴുന്നൊരീ-​
പൊ​ന്നോ​മൽ പ്രി​യ​യെ​ന്റെ​യി​ദ്ദ​ശ​യ​ഹോ കേ​ട്ടാൽ പൊ​റു​ത്തീ​ടു​മോ?
കൂ​ട്ടി​ത്ത​ന്നു​ടെ കയ്യി​ലു​ള്ള കു​ട​യെ​പ്പി​ന്നിൽ പി​ടി​ച്ചെ​ത്ര​യും
മു​ട്ടിൽ കീറിയ മു​ണ്ടു ചു​റ്റി​യ​തു​പോ​ലൊ​ന്നി​ട്ടു തൻ​തോ​ളി​ലും
വെ​ട്ടി​ത്തെ​ല്ലു വി​രു​ത്തി​വെ​ച്ച കു​ടു​മ​ക്കൂ​ട്ട​ത്തെ മാടാതെക-​
ണ്ടി​ട്ടി​ങ്ങ​നെ​യാർ വരു​ന്നു വഷ​ളാ​യീ​ടു​ന്ന വേ​ഷ​ത്തൊ​ടും.
വന്നീ​ട​ട്ടേ കടു​പ്പം കല​രു​മൊ​രു​ക​രം തന്നി​ലാ വജ്രമേന്തീ-​
ട്ടി​ന്നീ​ടാർ​ന്നീ​ടു​മി​ന്ദ്രൻ പട​യി​ല​റിക ഞാ​നി​ട്ടു വട്ടം തി​രി​ക്കും
പി​ന്നീ​ടാ​രാ​ണു പോരിൽ പര​മ​ര​നി​മി​ഷം​പോ​ലു​മെൻ​മു​മ്പി​ല​യ്യോ
നി​ന്നീ​ടാൻ തക്ക മർ​ത്ത്യൻ വരനൃപ പടു​കീ​ട​ങ്ങ​ളി​ങ്ങെ​ന്തു​സാ​രം?

ഈ ഉദ്ധാ​ര​ണ​ത്തിൽ നി​ന്നു് നമ്മു​ടെ ബാ​ല​ക​വി​യ്ക്കു് സാ​മാ​ന്യം എല്ലാ രസ​ങ്ങ​ളേ​യും പ്ര​തി​പാ​ദി​ക്കാൻ ഇന്ന​ത്തെ പ്രൗ​ഢ​ഭാ​ഷാ​നാ​ട്യ​കാ​ര​ന്മാ​രോ​ടൊ​പ്പം ശക്തി​യു​ണ്ടാ​യി​രു​ന്നു എന്നു തെ​ളി​യു​ന്നി​ല്ലേ?

സര​സ​ക​വി​യാ​യി​രു​ന്ന കെ. സി. നാ​രാ​യ​ണൻ​ന​മ്പ്യാർ കട​ത്ത​നാ​ട്ടു് പോർ​ളാ​തി​രി ഉദ​യ​വർ​മ്മ​രാ​ജാ​വി​നെ നാ​യ​ക​നാ​ക്കി ഉദ​യാ​ല​ങ്കാ​രം എന്നൊ​രു കൃതി കവ​നോ​ദ​യ​ത്തിൽ പ്രി​സി​ദ്ധ​പ്പെ​ടു​ത്തി​യി​രു​ന്ന​തു കണ്ടി​ട്ടു് പണി​ക്കർ മാ​ന​വി​ക്ര​മ​നെ നാ​യ​ക​നാ​ക്കി പ്ര​താ​പ​രു​ദ്രീ​യ​ത്തി​ന്റെ രീ​തി​യിൽ രചി​ച്ച ഒരു കൃ​തി​യാ​ണു് മാ​ന​വി​ക്ര​മീ​യം.

ഈ കൃ​തി​കൾ കൂ​ടാ​തെ പണി​ക്കർ സാ​മ്രാ​ജ്യ​ഗീത, സാ​മ്രാ​ജ്യ​ഗാഥ, ഭൂ​പാ​ല​മം​ഗ​ളം, ഹാ​നോ​വർ രാ​ജ​വം​ശാ​വ​ലി, ദേ​വീ​സ്ത​വം, ദുർ​ഗ്ഗാ​ഷ്ട​കം, ദേ​വീ​സ്ത​വം നിശ, ഒരു വി​ലാ​പം, വി​ശ്വ​രൂ​പം, മങ്കി​ഗീ​താ കി​ളി​പ്പാ​ട്ടു്, അനേകം ഒറ്റ ശ്ലോ​ക​ങ്ങൾ, മം​ഗ​ള​പ​ദ്യ​ങ്ങൾ, ശൃം​ഗാ​ര​പ​ദ്യ​ങ്ങൾ ഇവ ചമ​ച്ചി​ട്ടു​ണ്ടു്.

ചിൽ​പൂ​മാ​ധ്വീ​ക​സാ​രേ ചിണി ചിണി നിനദം ചിന്തുമാറഗ്ര്യഹാസ-​
ർക്കുൾ​പ്പൂ​മോ​ദം വളർ​ത്തും ഭവതി ഭവ​മു​ഖാ​ബ്ജ​ത്തി​ലെ ഭം​ഗി​യാ​കും
പൊൽ​പൂ​മാ​തിൻ​മ​ണാ​ളൻ മലർ​മ​ക​നി​വ​രാൽ പൂ​ജ്യ​പാ​ദാ​ബ്ജ​യാ​യും
നി​ല്പൂ മീ​നാ​ക്ഷി​തൻ​മാ​ന​സ​മ​ഹിമ വെറും ചണ്ടി ഞാ​നെ​ന്ത​റി​ഞ്ഞു?
കാ​ലാ​ഗ്നി​ജ്വാ​ല​പോ​ലേ കരുമന കളി​യാ​ടു​ന്ന കൈ​വാ​ളു​ല​ച്ചും
ഹേലാ ഹു​ങ്കാ​ര​മാർ​ന്നും മൃ​ദു​ള​മ​ണി​മ​യ​പ്പൊ​ഞ്ചി​ല​മ്പൊ​ച്ച​പൂ​ണ്ടും
നീ​ലാ​ളി​പ്പൂ​ങ്കു​ഴൽ​ക്കെ​ട്ട​ണി​മ​ലർ വി​ത​റും​മ​ട്ടു യു​ദ്ധ​ക്ക​ള​ത്തിൽ
ചേ​ലാ​യ് നൃ​ത്തം ചവി​ട്ടും നട​വ​ര​ദ​യി​തേ ദേ​ഹി​മേ ദേ​ഹ​സൗ​ഖ്യം. ദേ​വി​സ്ത​വം

കവി​താ​ന​താം​ഗി​യു​ടെ “മൃ​ദു​ള​മ​ണി​മ​യ​പ്പൊൻ​ചി​ല​മ്പൊ​ച്ച”യല്ലേ നാം ഈ പദ്യ​ങ്ങ​ളിൽ കേൾ​ക്കു​ന്ന​തു്? ആ ശി​ഥി​ല​ശീർ​ണ്ണ ശരീ​ര​ത്തിൽ കു​ടി​കൊ​ണ്ടി​രു​ന്ന​തു് ജീ​വി​ത​യാ​ത്രാ​ക്ലി​ഷ്ട​വും, അനു​ഭ​വ​ജ്ഞാ​ന​സ​മ്പ​ന്ന​വു​മായ ഒരു വൃ​ദ്ധാ​ത്മാ​വാ​ണെ​ന്നു്,

ഒന്നാ​യ്കാ​ണും പ്ര​പ​ഞ്ച​ച്ചെ​ടി​യു​ടെ മു​ര​ടാ​ണെ​ങ്കി​ലും ശാ​ഖ​തോ​റും
ഭി​ന്നാ​കാ​രം ഭജി​ക്കും പ്ര​കൃ​തി, സകൃ​തി​കൾ​ക്കി​ഷ്ട​സി​ദ്ധി​സ്വ​രൂ​പേ
ഇന്നാ​കെ​ത്തീർ​ത്തു കാ​ക്കും ത്രി​ഗു​ണ​മാ​യി മു​ടി​യ്ക്കു​ന്ന​തും​പി​ന്നെ നീയാ-
ണെ​ന്നാ​ലെ​ന്നാ​ട​ലാ​റ്റി​ഗ്ഗു​ണ​ഗ​ണ​മ​രു​ളി​ക്കാ​ക്കു​വാൻ ദണ്ഡ​മു​ണ്ടോ? ദേ​വീ​സ്ത​വം
സു​വ്യ​ക്ത​നാ​യ് സു​സു​ഖി​യാ​യ് സു​ഖ​മാ​യ് സുരർക്കു-​
മവ്യ​ക്ത​നാ​യ​ധി​ക​നാ​യ​ണു​വാ​യ​മ​ന്ദം
ദി​വ്യ​പ്ര​ദീ​പ്തി​യൊ​ടു ദി​ക്ക​ഖി​ലം വി​ള​ക്കും
ഭവ്യ​പ്ര​ദാ​യക! ഭവാൻ ഭവുകം തരേണം വാ​സു​ദേ​വാ​ഷ്ട​കം

ഇത്യാ​ദി പദ്യ​ങ്ങൾ വ്യ​ക്ത​മാ​യി കാ​ണി​ക്കു​ന്നു. ഈ ചെ​റു​പ്രാ​യ​ത്തിൽ​ത​ന്നെ പ്ര​പ​ഞ്ച​ത്തി​ന്റെ യഥാർ​ത്ഥ സ്ഥി​തി​യെ കര​ത​ലാ​മ​ല​കം​പോ​ലെ ദർ​ശി​ക്കു​ന്ന​തി​നും

ദേഹാദിയിങ്കലഭിമാനമിയന്നപാര-​
മോ​ഹാ​ഗ്നി​കൊ​ണ്ടു കരി​യു​ന്ന മമാ​ന്ത​രം​ഗം
ഹാഹാ വിഭോ കരു​ണ​യു​റ്റു ഭവൽകടാക്ഷ-​
നീ​ഹാ​ര​ധാ​ര​യ​തി​നാൽ കു​ളുർ​മ​പ്പെ​ട​ട്ടേ.

എന്നു പ്രാർ​ത്ഥി​ക്കു​ന്ന​തി​നും ശക്തി​യു​ണ്ടാ​യ​തോർ​ക്കു​മ്പോൾ, അദ്ദേ​ഹം പൂർ​വ്വ​ജ​ന്മ​ത്തി​ലെ തപസ്യ പൂ​രി​പ്പി​ക്കാ​നാ​യി അല്പ​കാ​ല​ത്തേ​ക്കു് ഉടൽ ധരി​ച്ച പു​ണ്യാ​ത്മാ​വാ​യി​രി​ക്ക​ണം എന്നു് ഏവനും തോ​ന്നാ​തി​രി​ക്ക​യി​ല്ല. ആ മാ​തി​രി ഒരു​വ​ന്റെ ഹൃ​ദ​യ​ത്തിൽ നി​ന്നേ,

മറ്റി​പ്പൊ​ഴി​ല്ല​ടി​യ​നർ​ത്ഥന നിൻ​പ​ദ​ത്താർ
പറ്റി​പ്പ​രാ​ത്മ​ത​ര​ഭ​ക്തി മു​ഴു​ത്തു പാരം
മു​റ്റി​പ്പെ​ത്തൊ​രു ഭവ​ഭു​മ​മ​റ്റു​മോ​ക്ഷം
പറ്റി​പ്പ​രം പര​മ​മാം പദ​മേ​റ​ണം ഞാൻ.

എന്ന പ്രാർ​ത്ഥന പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​യു​ള്ളു. സാ​മ്രാ​ജ്യ​ഗാഥ, ഭൂ​പാ​ല​മം​ഗ​ളം, ഹാ​നോ​വർ​വം​ശാ​വ​ലി ഇവ രാ​ജ​ഭ​ക്തി​പ്ര​ചു​ര​ങ്ങ​ളാ​യി​രി​ക്കു​ന്നു. അവയിൽ സാ​മ്രാ​ജ്യ​ഗാഥ മാ​ത്രം കി​ളി​പ്പാ​ട്ടാ​കു​ന്നു.

കയ്യൂ​ക്കു​കൂ​ടു​ന്ന​വൻ കാരിയക്കാരനെന്നോർ-​
ത്തു​ഴി​യെ​ല്ലാം മു​ടി​ഞ്ഞ​മ്പു​മാ​റോ​രോ​നൃ​പർ
തങ്ങൾ തങ്ങൾ​ക്കു​ചേ​രും ധർ​മ്മ​ങ്ങൾ തി​രി​യാ​തെ
തങ്ങ​ളിൽ തച്ചും കൊ​ന്നും നാ​ടു​വാ​ണി​തു​മു​ന്നം.
ആയവസ്ഥകളൊന്നുമിങ്ങിനിവാരാതെക-​
ണ്ടാ​യ​തു ജനാ​ശ്വാ​സ​നി​ശ്വാ​സ​ഹേ​തു​ത​ന്നെ
ഉള്ള വസ്തു​വും തറ​ക്ക​ല്ലു​മേ പൊളിച്ചൊക്കെ-​
ക്കൊ​ള്ള​ചെ​യ്തെ​ല്ലാ​ട​വും കൊ​ള്ളി​വെ​ച്ചെ​രി​ക്കു​വാൻ
കള്ള​ന്മാർ വരു​ന്നു​വെ​ന്നു​ള്ള പേടികൊണ്ടുട-​
ലു​ള്ള​ത്തിൽ കവി​ഞ്ഞി​പ്പോ​ളി​രി​പ്പോ​രി​ല്ല​യ​ല്ലോ
വെ​ള്ള​ക്കാ​രു​ടെ രാ​ജ്യ​ത്തെ​ങ്ങു​മേ വാ​നോ​ര​ഞ്ചും
വെ​ള്ള​ത്താർ​മ​കൾ വി​ള​യാ​ടു​ന്നു വേ​ണ്ടും​വ​ണ്ണം.
വീ​ര്യ​വും വി​ഖ്യാ​തി​യും ചേ​രു​മീ ബ്രിട്ടീഷായ-​
സൂ​ര്യ​നി​ങ്ങു​ദി​ച്ചു​യർ​ന്നു​ജ്ജ്വ​ലി​ക്കു​ക​യാ​ലേ
ദു​ഷ്പ്ര​ഭു​ക്ക​ളും ദു​രാ​ചാ​ര​രാൽ പര​ന്മാ​രും
നി​ഷ്പ്ര​ഭ​ന്മാ​രാ​യ് വന്നു ശഷ്പ​സ​ഞ്ച​യം​പോ​ലെ.
അന്ധ​വി​ശ്വാ​സ​ങ്ങ​ളു​മ​ന്ധ​കാ​ര​വും കല-
ർന്ന​ന്ധ​താ​മി​സ്രം​പോ​ലെ കി​ട​ന്നോ​ര​വ​നി​യിൽ
വി​ദ്യ​യും വെ​ളി​ച്ച​വും ഹൃ​ദ്യ​മാ​മു​ത്സാ​ഹ​വും
സദ്യ​ശ​സ്സ​മൃ​ദ്ധി​യും ശാ​ന്തി​യും വള​ര​ട്ടെ. സാ​മ്രാ​ജ്യ​ഗാഥ.

ഖണ്ഡ​മ​ണ്ഡ​ലാ​ധി​പ​തി​ക​ളു​ടെ ഭര​ണ​കാ​ല​ത്തു് നാ​ട്ടി​നു നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന കഷ്ട​ത​ക​ളും ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യോ​ദ​യ​ത്തി​ന്റെ ഫല​മാ​യി ഭാ​ര​ത​ഖ​ണ്ഡ​മൊ​ട്ടു​ക്കു വി​രാ​ജി​ച്ചു​തു​ട​ങ്ങിയ ശാ​ന്തി​യും മാ​ത്ര​മേ ഈ യു​വ​ക​വി​യ്ക്കു് അന്നു കാ​ണ്മാൻ കഴി​ഞ്ഞി​രു​ന്നു​ള്ളു.

ഭൂ​പാ​ല​മം​ഗ​ള​ത്തി​ലും ഇതേ ആശ​യം​ത​ന്നെ കാ​ണു​ന്നു. നോ​ക്കുക:

നാ​ട്ടിൽ പരി​ഷ്കാര രസ​പ്ര​വാ​ഹം
കൂ​ട്ടി​പ്പു​ള​യ്ക്കു​ന്ന ഫല​ങ്ങ​ളോ​ടും
ബ്രിട്ടീഷുസാമ്രാജ്യമതാസമൃദ്ധി-​
പ്പെ​ട്ടി​ന്നു മി​ന്നു​ന്നു വി​ലാ​സ​പൂർ​ണ്ണം.
എതിർക്കുവാനാരുമടുത്തിടാത്ത-​
സ്ഥി​തി​ക്കു​റ​പ്പോ​ടു​മു​യർ​ച്ച​യോ​ടും
ഇതി​ന്റെ ശാ​ഖാ​വ​ലി നാലുപാടു-​
മതിർ​ത്തി നോ​ക്കാ​തെ പടർ​ന്നി​രി​പ്പൂ.
കല്പ​ദ്രു​മം​പോ​ലെ ബു​ധ​ക്ക​ശേ​ഷം
കാമം വളർ​ക്കു​ന്നൊ​രി​തി​ന്നു കീഴിൽ
കാ​ല​ത്തു വി​ശ്രാ​ന്തി ലഭി​ക്കു​മൂ​ലം
കാ​ളു​ന്ന താപം കള​യു​ന്നു ലോകം.
സാ​മ​ന്ത​ഭൂ​പാ​ല​രി​തിൻ ചു​വ​ട്ടിൽ
കാമം സമാ​ധാ​ന​മി​യ​ന്നി​ടു​ന്നു
സീ​മ​ന്തി​നീ​ദൃ​ഷ്ടി​ശ​ര​ങ്ങ​ളാൽ താ-
നീ​മ​ന്ന​വർ​ക്കി​ന്ന​ഭി​മാ​ന​ഭം​ഗം.

ഫാ​നോ​വർ വം​ശാ​വ​ലി​യിൽ ട്യൂ​ഡർ​വം​ശ​പ്ര​ദീ​പ​മാ​യി​രു​ന്ന എലി​സ​ബ​ത്തി​ന്റെ കാലം മു​ത​ല്ക്കു​ള്ള ചരി​ത്രം സം​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.

കല്യ​ശ്രീ​യും കര​ളി​ന​ലി​വും കാ​ന്തി​യും ചേർ​ന്ന നാലാം-​
വി​ല്യം വീ​രാ​ഗ്ര​ണി വി​ധി​വ​ശാ​ല​ന്ത​രി​ച്ചോ​രു​ശേ​ഷം
ശല്യം​കൂ​ടാ​ത​ധി​പ​തി​പ​ദം പ്രാ​പ്ത​യാ​യ് പ്രാ​പ്തി​മൂ​ലം
തു​ല്യ​ത്വം വി​ട്ടൊ​രു ഗു​ണ​വ​തീ​റാ​ണി വി​ക്ടോ​റി​യാ​ഖ്യാ.
ക്ഷാ​മാ​പേ​തം ക്ഷ​മ​യെ മു​ഴു​വൻ കാ​ക്കു​വാൻ വന്ന സാ​ക്ഷാൽ
പൂ​മാ​താ​കും പരിചു പു​രു​പു​ണ്യ​ങ്ങ​ളാൽ പൂർ​ണ്ണ​യാ​യി
സാ​മാ​ന്യം വി​ട്ടൊ​രു കരു​ണ​പൂ​ണ്ടി​ജ്ജ​ന​ങ്ങൾ​ക്കു​ശേ​ഷം
കാ​മാ​വാ​പ്തി​ക്ക​മ​ര​ത​രു​വാ​യ് വാണതീ റാ​ണി​യ​ല്ലോ.

ദുർ​ഗ്ഗാ​ഷ്ട​കം ഒരു യമ​ക​കാ​വ്യ​മാ​ണു്.

തവ രമേശ വിധാതൃമുഖാമര-​
പ്ര​വ​ര​മേ​ദുര മാനസ ഹം​സി​കേ
സവ​ര​മേ​കു​വ​തി​ന്നി​വ​ന​മ്പെ​ഴും
ശി​വ​ര​മേ വര​മേ​നി വണ​ങ്ങു​വാൻ.
വി​കൃ​തി​വി​ട്ടു ഭവല്പദസേവക-​
പ്ര​കൃ​തി​യാ​യ് കൃ​തി​യാ​യ് ചതി​യ​റ്റി​വൻ
സ്വകൃതപാപമൊഴിക്കുകിവീശസൽ-​
സു​കൃ​ത​മേ കൃ​ത​മേ​തു​മ​ഹോ മയാ.
വിമല മാ​മ​ല​മാ​നി​നി ബാ​ല​നാം
മമ​ഹി​തം മഹി​ത​ത്തിൽ വി​ള​ങ്ങു​വാൻ
എനി​ഭ​വാ​നി ഭവാ​ഭി​ധ​സി​ന്ധു​തൻ
സുതരണ തരണം തവ നോ​ക്കു​കൾ.

ചില നീ​തി​സാ​ര​ങ്ങൾ: നീ​തി​യെ​പ്പ​റ്റി പ്ര​തി​പാ​ദി​ക്കു​ന്ന നൂറു അനു​ഷ്ടു​പ്ശ്ലോ​ക​ങ്ങ​ളാ​ണു്. ആ കൃ​തി​യു​ടെ​യും അവ​സാ​ന​ത്തിൽ കവി​യു​ടെ പ്രാർ​ത്ഥന ഇങ്ങ​നെ​യാ​ണു്.

ഭവ​ക്ക​ട​ലിൽ ശംഭോ ശിവ ഞാ​നാ​ണ്ടി​ടും​വി​ധൗ
ഭവൽ​ക്ക​രു​ണ​യാം കപ്പ—ലവ​ന​ത്തി​ന​യ​യ്ക്ക​ണേ
മാ​യ​കൊ​ണ്ടു ചമ​ച്ചൊ​ട്ടും മാ​യ​മെ​ന്യേ ജഗ​ത്തി​നെ
നീ​യ​മേ​യ​ന​സം​ഗാ​ത്മാ​വാ​യ​ഹോ വി​ല​സു​ന്നു​തേ.
ബാ​ല​നാ​മെ​ന്നെ​യും നി​ന്റെ കാ​ല​ടി​യ്ക്ക​ല​ണ​യ്ക്ക​ണേ
ഇത്യാ​ദി​സ്തു​തി​യെ​ക്കൊ​ണ്ടും നി​ത്യാ​ന​ന്ദം വരും ശുഭം.

പര​മാർ​ത്ഥ​മ​ല്ലെ? കവി​യ്ക്കു് എത്ര വേ​ഗ​ത്തിൽ നി​ത്യാ​ന​ന്ദ​പ​ദ​വി ലഭി​ച്ചി​രി​ക്കു​ന്നു.

മങ്കി​ഗീത

കി​ളി​പ്പാ​ട്ടാ​ണു്. ഈ ഖണ്ഡ​കൃ​തി രണ്ടു ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. പ്രാ​പ​ഞ്ചിക ക്ലേ​ശ​ങ്ങ​ളെ തരണം ചെ​യ്യു​ന്ന​തി​നു​ള്ള മാർ​ഗ്ഗ​ത്തെ ഈ കൃ​തി​വ​ഴി കവി നമു​ക്കു് ഉപ​ദേ​ശി​ച്ചു തരു​ന്നു. പണ്ടു് ‘പണം നേ​ടു​വാൻ ദുര പൂ​ണ്ടു് മങ്കി​യെ​ന്നൊ​രാൾ മനോ​രാ​ജ്യ​മാർ​ന്നു്’ ഉണ്ടാ​യ്‍വ​ന്നു. എത്ര ക്ലേ​ശി​ച്ചി​ട്ടും പണം ലഭി​യ്ക്കാ​യ്ക​യാൽ ദു​ര​നി​മി​ത്തം,

നി​ല്ക്കു​വാ​ന​രു​താ​ഞ്ഞു നീളവേ തി​ര​ഞ്ഞ​വൻ
വല്ല​തും വരു​മെ​ന്നു നിർ​ണ്ണ​യി​ച്ച​വ​സാ​നം
നല്ല​താ​യു​ള്ള രണ്ടു കാ​ള​യെ​ക്ക​ടം​വാ​ങ്ങി
ശേ​ഷ​ക്കാ​രെ​ല്ലാം ഗു​ണ​ദോ​ഷി​ച്ചു തടു​ക്കി​ലും
ശേ​ഷി​ച്ച പണം​കൊ​ണ്ടു ഗോ​ഷ്ഠ​വും പണി​ചെ​യ്തു.
ഘോ​ഷ​ത്തോ​ട​തി​നു​ള്ളിൽ കാളകൾ തമ്മെക്കെട്ടി-​
ബ്ഭോ​ഷ​ച്ചാ​ര​വ​റ്റ​യ്ക്കു തീ​റ്റി​യു​മേ​റ്റം നല്കി.
ശോ​ഷി​ച്ച കാള രണ്ടും പോ​ഷി​ച്ച​താ​യി​ക്ക​ണ്ടു
തോ​ഷി​ച്ചു തു​ലോ​മ​വൻ ഭാ​ഷി​ച്ചു പലതരം
കണ്ട​ത്തി​ലൊ​രു​ദി​നം കൊ​ണ്ടു​പോ​യ് കനംവീണ-​
കണ്ട​ത്തിൽ നു​കം​വ​ച്ചു കു​ണ്ഠി​തം കൈ​വി​ട്ട​യാൾ
പൂ​ട്ടു​വാൻ മു​തിർ​ന്ന​പ്പോൾ കാളകൾ പി​ടി​വി​ട്ടു
കൂ​ട്ടു​കാ​ര​നെ​ത്ത​ള്ളി​ക്കു​തി​ച്ചാ​രെ​ന്നേ വേ​ണ്ടൂ.
പാപി ചെ​ല്ലു​ന്ന ദി​ക്കി​ലൊ​ക്കെ​യും പാതാളമാ-​
ണാ​പ​ത്താ​യ് കലാ​ശി​ച്ചു​വെ​ന്നോർ​ത്തു മട​ങ്ങി​നാൻ.
മാർ​ഗ്ഗ​ണം​ചെ​യ്തു​കൊ​ണ്ടു പി​ന്നാ​ലെ പോമ്പോളവ-​
മാർ​ഗ്ഗ​മ​ദ്ധ്യ​ത്തിൽ നില്ക്കമൊട്ടകത്തോടുമുട്ടി-​
ക്കെ​ട്ടിയ നുകം കവി​ഞ്ഞൊ​ട്ട​ക​ത്തി​ന്റെ തോളിൽ-​
പ്പെ​ട്ട​വാ​റ​തും ദേഹേ മണ്ടി​നാ​നു​ഷ്ട്രേ​ശ്വ​രൻ.
പോ​കു​ന്ന വേഗം കണ്ടു ചാവുമക്കന്നെന്നുറ-​
ച്ചാ​കു​ല​പ്പെ​ട്ടു ശു​ദ്ധൻ മങ്കി​യി​ങ്ങ​നെ ചൊന്നാൻ-​
ഇച്ഛ​യെ ശ്ര​ദ്ധ​യോ​ടു വെ​ച്ചി​രി​ക്കി​ലും ധന-
മി​ച്ഛി​ച്ച​വ​ണ്ണം വരാ​നീ​ശ്വ​രാ​ധീ​നം വേണം.
ആവോ​ള​മാ​ശി​ച്ചി​രു​ന്നെ​പ്പൊ​ഴും ചി​ന്തി​ച്ചാ​ലും
ദൈ​വ​ക​ല്പി​തം​പോ​ലെ മാ​ത്ര​മേ ഗുണം വരൂ.

ഇങ്ങ​നെ ബോധം വീണ മങ്കി,

തന്നോ​ടു​കൂ​ടി​യേ​ഴാ​മ​ത്ത​താം കാമനെ-​
വെ​ന്നു​ഞാൻ വല്ലാ​ത്ത​വൈ​രി​യെ​പ്പോ​ലെ​താൻ
നിർ​ബാ​ധ​നായ നൃ​പ​ശ്രേ​ഷ്ഠ​സ​മാ​ന​നാ​യ്
സൽ​ബ്ര​ഹ്മ​പ​ത്ത​ന​ത്തി​ങ്കൽ സു​ഖി​ക്കു​വാൻ.

എന്നു് ഉറ​യ്ക്കു​ന്നു. ഇതാ​ണു് കഥ.

വി​ലാ​പം—തന്റെ ‘പ്രാ​ണ​പ്രേ​ഷ്ഠ​പ്ര​ണ​യി​നി’ വി​ഷു​ചി​ക​ബാ​ധ​യാൽ അകാ​ല​മ​ര​ണം പ്രാ​പി​ച്ച​തി​നെ​പ്പ​റ്റി ഒരു യു​വാ​വു ചെ​യ്യു​ന്ന വി​ലാ​പ​മാ​ണു്.

ഈ കവി​ത​യിൽ പണി​ക്ക​രു​ടെ കവി​ത്വ​ശ​ക്തി ഉച്ച​കോ​ടി​യിൽ എത്തി​യി​രി​ക്കു​ന്നു. ആ ഇരു​പ​ത്തി​ഏ​ഴു പദ്യ​ങ്ങ​ളും എല്ലാ​വ​രും കാ​ണാ​തെ പഠി​ച്ചി​രി​ക്കേ​ണ്ട​താ​ണു്.

ഓമൽ​പ്പൂ​വെ​ണ്ണി​ലാ​വിൽ​ക്കു​ളുർ​മ​യൊ​ടു​കു​ളി​ച്ചൊ​ട്ടു​മൂ​ടും പ്രസൂന-​
ക്ഷൗ​മം ചാർ​ത്തി​സ്സു​ഗ​ന്ധ​പ്പൊ​ടി വിതറി വി​ള​ങ്ങു​ന്ന മല്ലീ​മ​ത​ല്ലീ
ആ മട്ടു​ച്ച​യ്ക്കി​ണ​ങ്ങി​ക്ക​രി​യു​മു​ട​ലു​ല​ഞ്ഞെ​ന്നു​റ​ച്ചി​റ്റു​വീ​ഴും
തൂ​മ​ഞ്ഞിൻ​തു​ള്ളി​യാ​ലേ വി​മ​ല​മ​തി വൃ​ഥാ​ത​ന്നെ ബാ​ഷ്പം പൊ​ഴി​ച്ചു.
നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോർത്താലുമിന്നെൻ-​
വേ​ദാ​ന്ത​ക്കൺ​വെ​ളി​ച്ചം വി​ര​ഹ​മ​ഷി​പി​ടി​ച്ചൊ​ന്നു മങ്ങു​ന്നു​വെ​ങ്കിൽ
വാ​ദാർ​ത്ഥം ദണ്ഡ​മേ​ന്തും യതി​ക​ളു​ടെ വെറും കാവിമുണ്ടഗ്രസംഗ-​
ത്തീ​ദാ​ഹം​കൊ​ണ്ടു നീ​ട്ടും രസ​ന​ക​ളെ മു​റ​യ്ക്കെ​ത്ര​നാൾ മൂ​ടി​വ​യ്ക്കും?
പാ​തി​വ്ര​ത്യ​പ്ര​താ​പ​ക്കൊ​ടി​യു​ടെ ചരടേ ദുർ​വ്വി​ധി​ക്കാ​റ്റു തട്ടി-​
പ്പാ​തി​ത്യം വന്ന നി​ന്മെ​യ്യി​ള​കു​വ​തി​നി​നി​സ്സാ​ദ്ധ്യ​മ​ല്ലെ​ന്നി​രി​ക്കേ
പാ​തി​പ്പെ​ട്ടു ഭവ​ച്ച​ങ്ങ​ല​വ​ലി​യി​ല​ക​പ്പെ​ട്ടു കാ​ലാ​ല​യ​ത്തിൽ
വാ​തി​ല്ക്കൽ​പ്പോ​യി മു​ട്ടി​ത്തി​രി​യെ വരു​മൊ​രെൻ​ജീ​വി​തം ഭാ​ര​ഭൂ​തം.
നീ​ല​ക്കാർ മുടി മങ്ങു​ന്നി​തു മതി​കൊ​ടു​താം മി​ന്നൽ പാ​യു​ന്നു നാഡീ-
ജാ​ല​ത്തിൽ​ക്കൂ​ടി ദീർ​ഘ​ശ്വ​സ​ന​നി​ള​ക​വേ ബാ​ഷ്പ​വർ​ഷം​വ​രു​ന്നൂ
പാ​ല​ഞ്ചും​വാ​ണി​യാ​ളേ തവ വി​ര​ഹ​വി​ചാ​രാം​ബു​ധി​ക്കോ​ളി​ള​ക്കം
കാ​ല​ത്തി​ന്നൊ​ത്തി​രി​പ്പൂ കണ​വ​നു​ടെ കരൾ​ക്കെ​ട്ടി​താ പൊ​ട്ടി​യ​ല്ലോ.

ഇതു ഭാ​ഷാ​വി​ലാ​പ​കാ​വ്യ​ഹീ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തിൽ കോ​ഹി​നൂർ തന്നെ​യാ​ണു്.

വി​ശ്വ​രൂ​പം മാ. സച​ക്ഷു​സ്സു​കൊ​ണ്ടു് കാ​ണാ​വു​ന്ന പ്ര​കൃ​തി​വി​ലാ​സ​ങ്ങ​ളു​ടെ മനോ​ഹ​ര​മായ ചി​ത്ര​മാ​കു​ന്നു. പണി​ക്ക​രു​ടെ കൃ​തി​ക​ളു​ടെ കൂ​ട്ട​ത്തിൽ അത്യു​ത്ത​മം ഇതു​ത​ന്നെ​യാ​കു​ന്നു.

ഈ മട്ടിൽ പൂ​നി​ലാ​പ്പു​ഞ്ചി​രി വിതറി വി​ള​ങ്ങു​ന്ന വെൺ​തി​ങ്ക​ളും വി-
ണ്ണാ​കെ​ച്ചു​റ്റു​ന്ന താ​രാ​ഗ​ണ​വു​മു​രു​ജ​വം​പൂ​ണ്ടു വീ​യു​ന്ന കാ​റ്റും
കല്ലോ​ല​ത്ത​ല്ലി​നാ​ലേ പടു​പ​ട​ഹ​മ​ടി​ക്കു​ന്ന വാ​രാ​ശി​താ​രം
ചൊ​ല്ലീ​ടു​ന്നെ​ന്തു സർ​വേ​ശ്വ​ര​മ​ഹിമ പു​ക​ഴ്ത്തു​ന്ന​തൊ​ന്ന​ല്ലെ​യ​ങ്കിൽ.
വീയും കാ​റ്റേ​റ്റു പട്ടു​ക്കൊ​ടി​ക​ളി​ള​ക​വേ മർ​മ്മ​രം പൂണ്ട തെങ്ങിൻ-​
തയ്യും തന്നെ​ച്ച​മ​ച്ചോ​രു​ട​യ​വ​നെ നി​ന​ച്ചു​റ്റ​മ​ന്ത്രം ജപി​പ്പു
പയ്യ​ത്തൻ പക്ഷ​നാ​ള​ത്തൊ​ടു കി​ളി​ക​ളി​താ ഭം​ഗി​യാ​മ്മാ​റു ഗാനം
ചെ​യ്യു​ന്നൂ പാർ​ത്തു കണ്ടീ​ടു​കി​ല​തു​മ​വി​ടു​ത്തേ​ക്കു​റി​ച്ചാ​യി​രി​ക്കാം.
പാ​രാ​വാ​രം കരേ​റി​ക്ക​രൾ മു​ഴു​വ​നും മു​ക്കി​മൂ​ടാ​ത്ത​തെ​ന്തോ?
താ​രാ​വൃ​ന്ദ​ങ്ങൾ​ത​മ്മിൽ സ്വ​യ​മു​ര​സി​മ​റി​ഞ്ഞ​ത്ര വീ​ഴാ​ത്ത​തെ​ന്തോ?
നേ​രാ​യാ​രാ​ഞ്ഞു നോ​ക്കീ​ടുക മദ​മി​യ​ലും മർ​ത്ത്യ​രേ നിങ്ങളെന്നാ-​
ലാരാൽ കണ്ടെ​ത്തു​മെ​ല്ലാ​റ്റി​നു​മു​പ​രി വി​ള​ങ്ങു​ന്നു വി​ശ്വേ​ശ​രൂ​പം.

ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്ക​രു​ടെ ഗദ്യ​വും ശക്തി​യേ​റി​യ​താ​യി​രു​ന്നു​വെ​ന്നു് അദ്ദേ​ഹ​ത്തി​ന്റെ പത്ര​ലേ​ഖ​ന​ങ്ങൾ വാ​യി​ച്ചി​ട്ടു​ള്ള​വർ​ക്കൊ​ക്കെ അറി​യാം. ആ ലേ​ഖ​ന​ങ്ങൾ എല്ലാം ദേ​ശാ​ഭി​മാ​നോ​ജ്വ​ല​ങ്ങ​ളാ​യി​രു​ന്നു. ആ നി​ല​യിൽ അദ്ദേ​ഹം രാ​മ​കൃ​ഷ്ണ​പി​ള്ള​യെ​പ്പോ​ലും അതി​ശ​യി​ച്ചി​രു​ന്നു​വെ​ന്നു പറയാം. രാ​മ​കൃ​ഷ്ണ​പി​ള്ള തി​രു​വി​താം​കൂ​റു വി​ട്ട​തി​നു ശേ​ഷ​വും തി​രു​വി​താ​കൂ​റി​നേ​യും പി. രാ​ജ​ഗോ​പാ​ലാ​ചാ​രി​യേ​യും പറ്റി മാ​ത്ര​മാ​ണു് എഴു​തി​ക്കൊ​ണ്ടി​രു​ന്ന​തു്. “ നി​ങ്ങൾ​ക്കു് ഈ വി​ഷ​യ​ങ്ങ​ളേ എഴു​താ​നു​ള്ളോ” എന്നു ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ അവർ തമ്മിൽ കണ്ടു​മു​ട്ടിയ ഒര​വ​സ​ര​ത്തിൽ ചോ​ദി​ക്ക​യും അതി​നെ​പ്പ​റ്റി ദീർ​ഘ​മായ വാ​ദ​പ്ര​തി​വാ​ദം നട​ക്കു​ക​യും ഒടു​വിൽ പി​ണ​ങ്ങി​പ്പി​രി​ക​യും ആണു ചെ​യ്ത​തു്.

കാ​വ്യ​വി​മർ​ശന വി​ഷ​യ​ത്തി​ലും പണി​ക്കർ രാ​മ​കൃ​ഷ്ണ​പി​ള്ള​യിൽ​നി​ന്നു് തുലോം വ്യ​ത്യ​സ്ത​മായ ഒരു സര​ണി​യേ​യാ​ണു് അവ​ലം​ബി​ച്ച​തു്. കവി​ത​യു​ടെ ദൂ​ഷ്യ​ഭാ​ഗ​ങ്ങ​ളെ മാ​ത്രം—അതു കർ​ക്ക​ശ​മായ ഭാ​ഷ​യിൽ—ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നു് അദ്ദേ​ഹം ഒരി​ക്ക​ലും ഒരു​മ്പെ​ട്ടി​ട്ടി​ല്ല.

പ്രാ​സ​വാ​ദ​കാ​ല​ത്തു് ബാ​ല​കൃ​ഷ്ണ​പ്പ​ണി​ക്കർ മല​ബാ​റി​പ​ത്രാ​ധി​പ​രാ​യി​രു​ന്നു. അദ്ദേ​ഹം ഉള്ളൂ​രി​നു് എതി​രാ​യി നി​ന്നു. പ്രാ​സ​വാ​ദ​ത്തിൽ എതിർ​പ​ക്ഷ​ത്തു ചേർ​ന്ന​വ​രെ​ല്ലാം തന്റെ​യും എതി​രാ​ളി​ക​ളാ​ണെ​ന്നു് എങ്ങ​നെ​യോ​ധ​രി​ച്ചു വച്ചി​രു​ന്ന കേ​ര​ള​വർ​മ്മ വലി​യ​കോ​യി​ത്ത​മ്പു​രാൻ അതു​മൂ​ലം മല​ബാ​റി​യോ​ടും സു​ദർ​ശ​ന​ത്തി​നോ​ടും പി​ണ​ങ്ങി; ആ പത്ര​ങ്ങ​ളെ ഉപേ​ക്ഷി​ക്ക​പോ​ലും ചെ​യ്തു. ഏ. ആർ. കോ​യി​ത്ത​മ്പു​രാ​നും കേ. സി. യും തന്റെ ശത്രു​ക്ക​ളാ​ണെ​ന്നു് ആ ശു​ദ്ധ​ഹൃ​ദ​യ​ന്റെ ഉള്ളിൽ താ​ല്ക്കാ​ലി​ക​മായ ഒരു വി​ചാ​രം ജനി​പ്പി​ക്ക​ത്ത​ക്ക​വ​ണ്ണ​മു​ള്ള ഒരു മാ​ന്ത്രിക മോ​ഹ​ന​ശ​ക്തി അദ്ദേ​ഹ​ത്തെ വലയം ചെ​യ്തി​രു​ന്നു. അതി​നാൽ കെ. സി. യെ പരി​ഹ​സി​ച്ചു് ലേഖനം എഴു​തി​യ​വ​രെ അഭി​ന​ന്ദി​ക്കു​ന്ന​തി​നു സദാ സന്ന​ദ്ധ​നാ​യി​രു​ന്ന​തു​പോ​ലെ, പ്ര​തി​പ​ക്ഷ​ത്തെ സ്തു​തി​ക്ക​യോ സ്വ​പ​ക്ഷ​ത്തു​നി​ന്നു പോ​രാ​ടാ​തി​രി​ക്കു​ക​യോ ചെ​യ്തു​വ​ന്ന​വ​രെ സർ​വ്വ​ശ​ക്തി​ക​ളും പ്ര​യോ​ഗി​ച്ചു് അമർ​ത്താൻ ശ്ര​മി​ക്കു​ന്ന​തി​ലും അദ്ദേ​ഹ​ത്തി​നു് ഒരു കൂ​സ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. മല​ബാ​റി നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോൾ, പണി​ക്ക​രിൽ​നി​ന്നു പു​റ​പ്പെ​ട്ട ഒരു പ്ര​ശ്നം വലി​യ​കോ​യി​ത്ത​മ്പു​രാ​നു് സന്തോ​ഷ​മോ സന്താ​പ​മോ എന്താ​ണു് ജനി​പ്പി​ച്ച​തെ​ന്നാർ​ക്ക​റി​യാം? ആ ശ്ലോ​ക​ത്തെ ഉദ്ധ​രി​ച്ചു​കൊ​ള്ള​ട്ടെ.

മു​ന്നാ​ണ​ങ്ങേ​യ്ക്കു​പ​ണ്ടേ ദയി​ത​ക​ള​വ​രിൽ​സ്വ​സ്ഥ​യാ​യേക കഷ്ടം
പി​ന്നീ​ടു​ള്ളോൾ പു​കൾ​പ്പെ​ണ്ണ​വ​ള​പ​ര​പു​രാ​ന്ത​ങ്ങ​ളിൽ സഞ്ച​രി​പ്പു;
ഭാ​ഷാ​യോ​ഷി​ത്തു​പെ​റ്റി​പ്ര​ജ​കൾ വളരെയായങ്ങനർത്ഥത്തിലായീ-​
വാർ​ദ്ധ​ക്യം​കൊ​ണ്ട​വ​റ്റിൽ ചി​ല​തി​നു ചെ​ല​വേ​കാ​നു​മാ​കാ​തെ​യാ​യോ?

ദ്വി​പ്രാ​സ​ത്തി​നു് ഐക്യം വരു​ത്തി പ്ര​യോ​ഗി​ക്കാൻ യാ​തൊ​രു പ്ര​യാ​സ​വും ഇല്ലാ​തി​രു​ന്ന ഈ കവി പ്ര​സ്തുത ശ്ലോ​ക​ത്തിൽ അതു​പേ​ക്ഷി​ച്ച​തു​ത​ന്നെ തന്നോ​ടു് അവ​ജ്ഞാ​സൂ​ച​ക​മാ​ണെ​ന്നു് അവി​ടു​ന്നു ധരി​ച്ചു കാണണം. അതി​നാൽ പ്ര​ഥ​മ​ദൃ​ഷ്ടി​യിൽ സ്ഫു​രി​ക്കു​ന്ന പ്ര​ശം​സ​യേ​ക്കാൾ വി​പ​രീ​താർ​ത്ഥ​മാ​ണു് ശക്തി​യാ​യി​രി​ക്കു​ന്ന​തെ​ന്നു ധ്വ​ന്യ​ദ്ധ്വാ​വിൽ ബഹു​ദൂ​രം സഞ്ച​രി​ച്ചി​ട്ടു​ള്ള ആ മഹാ​ത്മാ​വു് ധരി​ച്ചു​കാ​ണാ​തി​രി​ക്ക​യി​ല്ല. തി​രു​മ​ന​സ്സി​ലേ​ക്കു് മൂ​ന്നു പത്നി​ക​ളാ​ണു​ള്ള​തു്. അവരിൽ ലക്ഷ്മീ​ഭാ​യി തി​രു​മ​ന​സ്സു​കൊ​ണ്ടു് സ്വർ​ഗ്ഗ​സ്ഥ​യാ​യി എന്നൊ​രർ​ത്ഥം സ്ഫു​ടം. ആ സതീ​ര​ത്നം അവി​ടു​ത്തെ പത്നി​യു​ടെ നി​ല​യിൽ വളരെ കഷ്ട​പ്പെ​ട്ടു കാണണം, മരണം കൊ​ണ്ടു് ആ സു​കൃ​തി​നി​യ്ക്കു സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വ്യം​ഗ്യം. കഷ്ടം എന്ന വാ​ക്കു് ആ വ്യം​ഗ്യാർ​ത്ഥ​ത്തെ ബല​പ്പെ​ടു​ത്തു​ന്നു. പു​ക​ഴാ​കു​ന്ന പെ​ണ്ണു​ണ്ടു്. അവൾ അപ​ര​പു​രാ​ന്ത​ങ്ങ​ളിൽ—ദേ​ശ​വി​ദേ​ശ​ങ്ങ​ളിൽ എല്ലാം സഞ്ച​രി​ക്കു​ന്നു. അവി​ടു​ന്നു് വി​ശ്വ​വി​ശ്രു​ത​നെ​ന്നു വാ​ച്യം. അവ​ളി​പ്പോൾ അന്യ​ന്റെ പു​രാ​ന്ത​ങ്ങ​ളിൽ ചു​റ്റി​ത്തി​രി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. അവി​ടു​ത്തെ കീർ​ത്തി​യെ​ല്ലാം അസ്ത​മി​ച്ചി​രി​ക്കു​ന്നു എന്നു വ്യം​ഗ്യം. അവി​ടു​ത്തെ കാ​രു​ണ്യ​ത്തെ അവ​ലം​ബി​ച്ചു് അനേകം കവികൾ എഴു​തി​ത്ത​ള്ളി​ത്തു​ട​ങ്ങി. ഇപ്പോൾ അവരിൽ ചിലർ തന്നെ അവി​ടു​ത്തേ​യ്ക്കു് അനർ​ത്ഥ​കാ​രി​ക​ളാ​യി​ത്തീർ​ന്നി​രി​ക്കു​ന്നു എന്നു സ്തു​തി. ഭാ​ഷ​യാ​കു​ന്ന തൃ​തീ​യ​പ​ത്നി തെ​രു​തെ​രെ പ്ര​സ​വി​ച്ചു കൂ​ട്ടു​ക​യാൽ അവി​ടു​ന്നു് അർ​ത്ഥ​ശൂ​ന്യ​മായ അവ​സ്ഥ​യേ പ്രാ​പി​ച്ചു പോ​യി​രി​ക്കു​ന്നു. അങ്ങേ​യ്ക്കു് വാർ​ദ്ധ​ക്യ​വും ബാ​ധി​ച്ചി​രി​ക്കു​ന്നു. അതു​കൊ​ണ്ടു് ആ മക്കൾ​ക്കു ചെ​ല​വി​നു​കൊ​ടു​ക്കാ​നു​ള്ള കാശു് (വരി​സം​ഖ്യ) പോലും കൊ​ടു​പ്പാൻ അവി​ടു​ത്തേ​യ്ക്കു ശക്തി​യി​ല്ലാ​തെ വന്നു​പോ​യോ? എന്നു വ്യം​ഗ്യം.

എം. ശേ​ഷ​ഗി​രി​പ്ര​ഭു

തല​ശ്ശേ​രി​യി​ലെ ഒരു പ്ര​സി​ദ്ധ കോ​ങ്ക​ണ​ബ്രാ​ഹ്മ​ണ​കു​ടും​ബ​ത്തിൽ മാ​ധ​വ​പ്ര​ഭു​വി​ന്റെ പു​ത്ര​നാ​യി 1855 ആഗ​സ്റ്റ് 3-ാം തീയതി ജനി​ച്ചു. ധന​സ്ഥി​തി തുലോം മോ​ശ​മാ​യി​രു​ന്നെ​ങ്കി​ലും, കു​ലീ​ന​ത​യി​ലും സദാ​ചാ​ര​നി​ഷ്ഠ​യി​ലും മാ​തൃ​ക​യാ​യി​രു​ന്ന പി​താ​വി​ന്റെ കാ​ല​ടി​ക​ളെ പി​ന്തു​ടർ​ന്നു പ്ര​സ്തുത ബാ​ല​നും ആസ്തി​ക​ത്വ​ത്തി​ലും സദ്ഗു​ണ​സ​മ്പ​ത്തി​ലും അദ്വി​തീ​യ​നാ​യി​ത്തീർ​ന്നു. പത്താം​വ​യ​സ്സു​വ​രെ കു​ടി​പ്പ​ള്ളി​ക്കൂ​ട​ത്തിൽ പഠി​ച്ച ശേഷം 1865-ൽ കോ​ഴി​ക്കോ​ട്ടെ പ്രൊ​വിൻ​ഷ്യൽ സ്കൂ​ളിൽ ചേർ​ന്നു് ഇം​ഗ്ലീ​ഷ് പഠി​ക്കാൻ തു​ട​ങ്ങി. പല​പ്പോ​ഴും ആഹാരം കഴി​ക്കാ​തെ​യാ​യി​രു​ന്നു ബാ​ല​ന്റെ വി​ദ്യാ​ല​യ​ഗ​മ​നം. ഒരു കൊ​ല്ലം കഴി​ഞ്ഞ​പ്പൊ​ഴേ​ക്കും സ്നേ​ഹ​നി​ധി​യായ പി​താ​വും മരി​ച്ചു. എന്നി​ട്ടും നി​രാ​ശ​പ്പെ​ടാ​തെ പഠി​ച്ചു് 1875-ൽ മെ​ട്രി​ക്കു​ലേ​ഷ​നു ചേർ​ന്നു് ഒന്നാ​മ​നാ​യി ജയി​ച്ചു. രണ്ടു​കൊ​ല്ലം​കൊ​ണ്ടു് എഫ്. ഏ. പരീ​ക്ഷ​യും ജയി​ച്ചു. പി​ന്നീ​ടു് പഠി​ത്തം പൂർ​ത്തി​യാ​കും​മു​മ്പു​ത​ന്നെ 1879-ൽ 15 രൂപാ ശമ്പ​ള​ത്തിൽ മല​യാ​ളം മുൻ​ഷി​യാ​യി ഉദ്യോ​ഗ​ജീ​വി​തം ആരം​ഭി​ക്ക​യും അധികം താ​മ​സി​യാ​തെ വടകര ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ലെ അദ്ധ്യാ​പ​ക​നാ​യി 30 രൂപ ശമ്പ​ള​ത്തിൽ നി​യ​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 1891-ൽ ബി. ഏ. പരീ​ക്ഷ​യ്ക്കു് പ്രൈ​വ​റ്റാ​യി​ചേർ​ന്നു് ജയി​ച്ച​തി​നാൽ അടു​ത്ത കൊ​ല്ല​ത്തിൽ​ത​ന്നെ ഡപ്യൂ​ട്ടി ഇൻ​സ്പെ​ക്ട​രാ​യി കയ​റ്റം ലഭി​ച്ചു. ആ ഉദ്യോ​ഗ​ത്തിൽ ഇരി​ക്ക​വേ അദ്ദേ​ഹം മം​ഗ​ലാ​പു​രം കാ​ളേ​ജി​ലെ ആചാ​ര്യ​നാ​യി നി​യ​മി​ക്ക​പ്പെ​ടു​ക​യും 1903-ൽ മല​യാ​ളം ഐച്ഛി​ക​മാ​യെ​ടു​ത്തു് എം. ഏ. പരീ​ക്ഷ​യിൽ വിജയം നേ​ടു​ക​യും ചെ​യ്തു. ആറു കൊ​ല്ല​ങ്ങൾ​ക്കു​ള്ളിൽ അദ്ദേ​ഹം പ്ര​സ്തുത മഹാ​പാ​ഠ​ശാ​ല​യു​ടെ പ്രിൻ​സി​പ്പാ​ളാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. അവിടെ നി​ന്നും രാ​ജ​മ​ഹേ​ന്ദ്രി​യി​ലെ ട്രെ​യി​നിം​ഗ്കോ​ളേ​ജി​ലേ​യ്ക്കു മാറി 1914 വരെ ഉദ്യോ​ഗ​ത്തി​ലി​രു​ന്ന ശേഷം പെൻ​ഷൻ​പ​റ്റി​യെ​ങ്കി​ലും 1916-ൽ കൊച്ചീ-​തിരുമല ദേ​വ​സ്വം ഹൈ​സ്കൂൾ ഹെ​ഡ്മാ​സ്റ്റർ ഉദ്യോ​ഗം ഏറ്റി​ട്ടു് സമു​ദാ​യ​സേ​വ​നം നട​ത്തി​ക്കൊ​ണ്ടു് കു​റേ​ക്കാ​ലം ജീ​വി​ച്ചു. 1919-ൽ ആ ഉദ്യോ​ഗ​ത്തിൽ നി​ന്നും പി​രി​ഞ്ഞു. 1924-ൽ പ്ര​മേ​ഹ​രോ​ഗ​ബാ​ധി​ത​നാ​വു​ക​യും അധി​ക​കാ​ലം കഴി​യും മു​മ്പു് സ്വർ​ല്ലോ​കം പ്രാ​പി​ക്ക​യും ചെ​യ്തു. 1091 ഇടവം 11-ാം തീയതി കോ​ഴി​ക്കോ​ട്ടു​ള്ള സ്വ​വ​സ​തി​യിൽ​വ​ച്ചാ​യി​രു​ന്നു മരണം.

ശേ​ഷ​ഗി​രി​പ്ര​ഭു മല​യാ​ള​ഭാ​ഷാ​പ്ര​ണ​യി​ക​ളിൽ അദ്വി​തീ​യ​നാ​യി​രു​ന്നു. കേ​ര​ള​പാ​ണി​നീ​യ​ത്തെ​പ്പ​റ്റി അദ്ദേ​ഹം തുടരെ എഴു​തി​യി​ട്ടു​ള്ള പ്രൗ​ഢ​വി​മർ​ശം പഠ​ന​യോ​ഗ്യ​മാ​കു​ന്നു. വത്സ​രാ​ജ​ച​രി​തം, ശ്രീ​ഹർ​ഷ​ച​രി​തം, നാ​ഗാ​ന​ന്ദം, വേ​ദ​വ്യാ​സൻ, സീത, സാ​വി​ത്രി, ഉമ, വ്യാ​ക​ര​ണ​മി​ത്രം, വ്യാ​ക​ര​ണാ​ദർ​ശം, ബാ​ല​വ്യാ​ക​ര​ണം, ബാ​ലാ​മൃ​തം, ശി​ശു​മോ​ദ​കം ഇവ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന ഭാ​ഷാ​കൃ​തി​കൾ.

കഥാ​സ​രി​ത്സാ​ഗ​രം, പ്രി​യ​ദർ​ശിക, രത്നാ​വ​ലി എന്നീ ഗ്ര​ന്ഥ​ത്ര​യ​ത്തെ ഉപ​ജീ​വി​ച്ചും എന്നാൽ സ്വ​ത​ന്ത്ര​മാ​യും രചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വത്സ​രാ​ജ​ച​രി​തം വാ​യി​ക്കാൻ രസ​മു​ള്ള​തും ധർ​മ്മോ​പ​ദേ​ശ​നിർ​ഭ​ര​വു​മാ​കു​ന്നു. രണ്ടാ​മ​ത്തെ ഗ്ര​ന്ഥം പേ​രു​കൊ​ണ്ടു​ത​ന്നെ ബാ​ണ​ഭ​ട്ട​ന്റെ ശ്രീ​ഹർ​ഷ​ച​രി​ത​ത്തെ​യും ഹർ​ഷ​ന്റെ നാ​ഗാ​ന​ന്ദ​നാ​ട​ക​ത്തെ​യും ആധാ​ര​മാ​ക്കി രചി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നു കാണാം.

വേ​ദ​വ്യാ​സൻ എന്ന പ്ര​ബ​ന്ധം ഗ്ര​ന്ഥ​കാ​ര​ന്റെ അന​ന്യ​സാ​ധാ​ര​ണ​മായ പാ​ണ്ഡി​ത്യ​ത്തി​നും വാ​ഗ്വൈ​ഭ​വ​ത്തി​നും ഉത്ത​മ​ല​ക്ഷ്യ​മാ​യി വി​ള​ങ്ങു​ന്നു. സീത, സാ​വി​ത്രം, ഉമ ഈ ഗ്ര​ന്ഥം സത്യ​നാ​ഥ​ന്റെ ഒരു ഇം​ഗ്ലീ​ഷ് കൃ​തി​യു​ടെ ഭാ​ഷാ​വി​വർ​ത്ത​ന​മാ​ണു്.

മറ്റു​ള്ളവ വ്യാ​ക​ര​ണ​ഗ്ര​ന്ഥ​ങ്ങ​ളാ​ണു്. ഞങ്ങ​ളെ​പ്പോ​ലു​ള്ള​വർ ഗാർ​ത്തു​വെ​യി​റ്റി​ന്റെ വ്യാ​ക​ര​ണം പഠി​ച്ചു മന​സ്സു​മ​ടു​ത്തു​കൊ​ണ്ടി​രു​ന്ന കാ​ല​ത്താ​ണു് വ്യാ​ക​ര​ണ​മി​ത്രം പ്ര​സി​ദ്ധീ​കൃ​ത​മാ​യ​തു്. പി​ന്നീ​ടു് കേ​ര​ള​പാ​ണി​നി​യു​ടെ മധ്യ​മ​വ്യാ​ക​ര​ണം നട​പ്പി​ലാ​കും​വ​രെ ഈ പു​സ്ത​കം തന്നെ​യാ​ണു് തി​രു​വി​താം​കൂ​റി​ലെ പാ​ഠ​ശാ​ല​ക​ളിൽ പഠി​പ്പി​ച്ചു​പോ​ന്ന​തു്.

1918-ൽ കൊ​ച്ചീ​മ​ഹാ​രാ​ജാ​വു് സാ​ഹി​ത്യ​കു​ശ​ലൻ എന്ന ബി​രു​ദം നല്കി ശേ​ഷ​ഗി​രി​പ്ര​ഭു​വി​നെ ആദ​രി​ച്ചു എന്നു​ള്ള​തും പ്ര​സ്താ​വ​യോ​ഗ്യ​മാ​കു​ന്നു.

വി. കൃ​ഷ്ണൻ​ത​മ്പി

തി​രു​വ​ന​ന്ത​പു​ര​ത്തു് പാൽ​ക്കു​ള​ങ്ങ​ര​ക്ഷേ​ത്ര​ത്തി​നു പടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള രാ​ജ​പാ​ത​യു​ടെ പടി​ഞ്ഞാ​റു​ഭാ​ഗ​ത്തു് ഇപ്പോൾ എൻ. എസ്സ്. എസ്സ്. ഹൈ​സ്ക്കൂൾ ഇട്ടി​രി​ക്കു​ന്ന പു​ര​യി​ട​ത്തി​നോ​ട​ടു​ത്തു ‘കയ്പ​ള്ളി’ എന്നൊ​ര​മ്മ​വീ​ടു് സ്ഥി​തി​ചെ​യ്യു​ന്നു. മാർ​ത്താ​ണ്ഡ​വർ​മ്മ മഹാ​രാ​ജാ​വി​ന്റെ കാ​ലം​മു​ത​ല്ക്കേ പ്ര​ശ​സ്ത​നി​ല​യിൽ ഇരു​ന്നി​രു​ന്ന ഈ കു​ടും​ബ​ത്തിൽ ലക്ഷ്മി​ക്കു​ട്ടി​യ​മ്മ എന്നൊ​രു സ്ത്രീ​ര​ത്നം ജനി​ച്ചു. ആ മഹ​തി​യെ ആയി​ല്യം തി​രു​നാൾ മഹാ​രാ​ജാ​വി​ന്റെ​യും അവി​ടു​ത്തെ അമ്മ​ച്ചി​യാ​യി​രു​ന്ന ശ്രീ​മ​തി കല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടേ​യും കാ​ര്യ​സ്ഥ​നാ​യി​രു​ന്ന കൊ​ച്ചീ നട​വ​ര​മ്പ​ത്തു കൃ​ഷ്ണൻ​നാ​യർ (പി​ന്നീ​ടു് കൃ​ഷ്ണ​പി​ള്ള) വി​വാ​ഹം ചെ​യ്തു. ആ വി​വാ​ഹ​ത്തിൽ കാർ​ത്ത്യാ​യ​നി​യ​മ്മ, കല്യാ​ണി​യ​മ്മ, ഭാ​ഗീ​ര​ഥി​യ​മ്മ എന്നി​ങ്ങ​നെ മൂ​ന്നു സന്താ​ന​ങ്ങ​ളും കൃ​ഷ്ണൻ എന്നൊ​രു പു​രു​ഷ​സ​ന്താ​ന​വും ജനി​ച്ചു. ആ സന്താ​ന​ങ്ങ​ളിൽ കാർ​ത്ത്യാ​യ​നി​യ​മ്മ​യേ​യാ​യി​രു​ന്നു മൂ​ലം​തി​രു​നാൾ പട്ടും പരി​വ​ട്ട​വും ഇട്ട​തു് അപ്പോൾ ആ കു​ടും​ബ​ത്തി​ലു​ള്ള​വ​രെ വട​ശ്ശേ​രി അമ്മ​വീ​ട്ടി​ലേ​യ്ക്കു ദത്തെ​ടു​ത്തു.

കൃ​ഷ്ണൻ ജനി​ച്ച​തു് 1065 ധനു​മാ​സം ആയി​ല്യം നക്ഷ​ത്ര​ത്തിൽ ആയി​രു​ന്നു. എല്ലാ​വ​രും ഈ കു​ട്ടി​യെ “കു​ട്ടൻ” എന്നു വാ​ത്സ​ല്യ​പൂർ​വം വി​ളി​ച്ചു​വ​ന്നു. “കു​ട്ടൻ​ത​മ്പി” എന്ന പേരു് മര​ണം​വ​രെ നി​ല​നി​ന്നു. അഞ്ചാ​മ​ത്തെ വയ​സ്സിൽ കാ​രാ​ളി കു​ടി​പ്പ​ള്ളി​ക്കൂ​ട​ത്തിൽ പഠി​ത്തം തു​ട​ങ്ങി. വീ​ട്ടിൽ​വ​ച്ചു പ്ര​ത്യേ​കം മല​യാ​ളം പഠി​പ്പി​ക്കാൻ ദിവാൻ നാ​ണു​പി​ള്ള​യു​ടെ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രു​ന്ന രാ​മ​കൃ​ഷ്ണ​പി​ള്ള​യെ​ക്കൂ​ടി നി​യ​മി​ച്ചി​രു​ന്നു.

1074-ൽ കു​ട്ട​ന്റെ സഹോ​ദ​രി അമ്മ​ച്ചി​പ​ദം പ്രാ​പി​ച്ച​പ്പോൾ കു​ട്ടൻ തി​രു​മ​ന​സ്സി​ലെ വാ​ത്സ​ല്യ​ഭാ​ജ​ന​മാ​യി. അവി​ടു​ന്നു് നാ​ടു​നീ​ങ്ങും​വ​രെ ആ വാ​ത്സ​ല്യം നി​ല​നി​ന്നു.

പ്രാ​ഥ​മിക വി​ദ്യാ​ല​യ​ത്തി​ലെ പഠി​ത്തം തീർ​ന്നി​ട്ടു് കു​ട്ടൻ മാർ​ത്താ​ണ്ഡൻ​ത​മ്പി​യു​ടെ വക നേ​റ്റീ​വു് ഹൈ​സ്കൂ​ളിൽ ചേർ​ന്നു മൂ​ന്നാം​ഫാ​റം വരെ പഠി​ച്ചു. അന​ന്ത​രം രാ​ജ​കീയ ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളിൽ ചേർ​ന്നു. അവിടെ വച്ചു് അദ്ദേ​ഹം പ്ര​സി​ദ്ധ വാ​ഗ്മി​യും ഗദ്യ​കാ​ര​നും ആയി​രു​ന്ന ഓ. എം. ചെ​റി​യാ​ന്റെ വാ​ത്സ​ല്യ​ഭാ​ജ​ന​മാ​യി​ത്തീർ​ന്നു. അഞ്ചാം​ഫാ​റ​ത്തിൽ പഠി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു് അദ്ദേ​ഹം സഹ​പാ​ഠി​ക​ളും മി​ത്ര​ങ്ങ​ളും ആയി​രു​ന്ന സി. എസ്സ്. സു​ബ്ര​ഹ്മ​ണ്യൻ​പോ​റ്റി, എൻ. നീ​ല​ക​ണ്ഠ​പ്പി​ള്ള മു​ത​ലാ​യ​വ​രെ ചേർ​ത്തു് ഒരു ഈവ​നിം​ഗ് ക്ലബ് ഏർ​പ്പെ​ടു​ത്തി. കവിത എഴു​ത്താ​യി​രു​ന്നു അവ​രു​ടെ പ്ര​ധാന വി​ഹാ​രം. ഒരു സാ​യാ​ഹ്ന​ത്തി​ലെ നി​ശ്ച​യ​ത്തി​ന്റെ ഫല​മാ​യി​രു​ന്നു സി. എസ്സ്. സു​ബ്ര​ഹ്മ​ണ്യൻ​പോ​റ്റി​യു​ടെ ഋഷി​കു​മാ​രൻ എന്ന കവിത.

ഭാ​ഗി​നേ​യ​നായ ശ്രീ വേ​ലാ​യു​ധൻ​ത​മ്പി​യെ പഠി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സര​സ​ഗാ​യക കവി​മ​ണി കെ. സി. കേ​ശ​വ​പി​ള്ള കൊ​ട്ടാ​രം അദ്ധ്യാ​പ​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​തു് കു​ട്ടൻ​ത​മ്പി​യു​ടെ ഭാ​ഗ്യ​മാ​യി. ശ്രീ വേ​ലാ​യു​ധൻ​ത​മ്പി​ക്കു പഠി​ത്ത​ത്തിൽ വലിയ ജാ​ഗ്ര​ത​യൊ​ന്നും ഉണ്ടാ​യി​രു​ന്നി​ല്ല. വാ​സ്ത​വ​ത്തിൽ പഠി​ച്ച​തു് കു​ട്ടൻ​ത​മ്പി​യാ​യി​രു​ന്നു. കെ. സി. കൊ​ട്ടാ​ര​ത്തിൽ എത്തി​യാൽ തമ്പി നി​ഴൽ​പോ​ലെ അടു​ത്തു കൂടുക പതി​വാ​യി. സം​സ്കൃത കാ​വ്യ​ങ്ങ​ളു​ടെ രസാ​നു​ഭ​വ​ത്തി​നും സം​ഗീ​ത​ര​സാ​സ്വാ​ദ​ന​ത്തി​നും തന്നെ ശക്ത​നാ​ക്കി​ത്തീർ​ത്ത​തു് കെ. സി. ആയി​രു​ന്നു എന്നു പി​ല്ക്കാ​ല​ത്തു് അദ്ദേ​ഹം പല​പ്പോ​ഴും എന്നോ​ടു പറ​ഞ്ഞി​ട്ടു​ണ്ടു്. കൃ​ഷ്ണാ​വ​താ​രം എന്ന സം​ഗീ​ത​കൃ​തി​യു​ടെ പ്രാ​രം​ഭ​ത്തിൽ ചേർ​ക്കു​ന്ന​തി​നു​വേ​ണ്ടി ഗു​രു​പ്ര​ശം​സാ​രൂ​പ​മാ​യി രചി​ക്ക​പ്പെ​ട്ട ഏതാ​നും സം​സ്കൃ​ത​ശ്ലോ​ക​ങ്ങൾ തൽ​ഗ്ര​ന്ഥം അച്ച​ടി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു് എന്നെ ചൊ​ല്ലി​ക്കേൾ​പ്പി​ച്ചി​രു​ന്നു. ആ പു​സ്ത​കം പ്രൂ​ഫ് തി​രു​ത്തി​ക്കൊ​ണ്ടി​രു​ന്ന​തു ഞാ​നാ​യി​രു​ന്നു. അച്ച​ടി തീർ​ന്നു് ഒരു പു​സ്ത​കം എനി​ക്കു സമ്മാ​നി​ച്ച​പ്പോൾ ആ ശ്ലോ​ക​ങ്ങൾ കാ​ണ്മാ​നി​ല്ലാ​തെ​യാ​യി. ആരുടെ ഉപ​ജാ​പ​ഫ​ല​മോ എന്തോ? ഏതാ​യി​രു​ന്നാ​ലും ആ മരണം അദ്ദേ​ഹ​ത്തി​നു് കെ. സി-​യോടും തൽ​കു​ടും​ബ​ത്തോ​ടും അള​വ​റ്റ സ്നേ​ഹം ഉണ്ടാ​യി​രു​ന്നു എന്നു​ള്ള​തി​നു സം​ശ​യ​മി​ല്ല.

കൊ​ട്ടാ​രം ഗ്ര​ന്ഥ​ശാ​ല​യെ ഇക്കാ​ല​മ​ത്ര​യും തമ്പി നല്ല​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. അന്ന​ന്നു വാ​യി​ക്കു​ന്ന ഓരോ പു​സ്ത​ക​ത്തി​ന്റേ​യും സം​ക്ഷേ​പം എഴു​തി​ക്കാ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു, കൃ​ത്യ​നി​ഷ്ഠ​യു​ടെ അവ​താ​രം എന്ന​പോ​ലെ വി​ള​ങ്ങി​യി​രു​ന്ന ആ രാ​ജർ​ഷി​യു​ടെ കല്പന; അങ്ങി​നെ ചെ​യ്തു​വ​ന്ന​തു​കൊ​ണ്ടു് കൃ​ഷ്ണൻ​ത​മ്പി​ക്കു് അക്കാ​ല​ത്തു​ത​ന്നെ ഇം​ഗ്ലീ​ഷ് നല്ല​പോ​ലെ വശ​മാ​യി.

പി​ന്നീ​ടു് വെ​ങ്കി​ട്ട​രാമ അയ്യ​ങ്കാർ ഇം​ഗ്ലീ​ഷ് അദ്ധ്യാ​പ​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. 1078-ൽ പി​താ​വു് ദി​വം​ഗ​ത​നാ​യി.

കെ. സി. യുടെ നി​ര​ന്തര സാ​ഹ​ച​ര്യ​ത്താൽ സം​ഗീ​ത​സാ​ഹി​ത്യ​ങ്ങ​ളിൽ അഭി​രു​ചി വളർ​ന്നു​കൊ​ണ്ടേ​യി​രു​ന്നി​രു​ന്നു. 18-ാം വയ​സ്സിൽ കന്യാ​കു​മാ​രി കടൽ​പ്പു​റ​ത്തു​വ​ച്ചു് അദ്ദേ​ഹം ദേ​വീ​പ​ര​മാ​യി രചി​ച്ച കു​മ്മി​യു​ടെ ഒരു ഭാഗം താഴെ ചേർ​ക്കു​ന്നു.

കന്യാ​കു​മാ​രി​യിൽ മേ​വി​ടു​ന്ന
ധന്യേ ഭഗവതി ലോ​ക​നാ​ഥേ!
സു​ര​ജ​ന​വ​ന്ദ്യേ–ഭുവി ദുഷ്ട–ഹരേ—നര​ക​ന്യേ
പര​മു​രു ദു​രി​ത​മ​തെ​ന്യേ ഞങ്ങ​ളെ നീ
പരി​പാ​ലയ–പരി​പാ​വ​നി—-​പരിതാപമതൊരുകാലവു-
മരികിലണഞ്ഞിടാതുള്ളവണ്ണം-​നന്നായ്
പെ​രു​കിയ മോദേന കാ​ത്തി​ടേ​ണം.

1083-ൽ അദ്ദേ​ഹം മെ​ട്രി​ക്കു​ലേ​ഷൻ പരീ​ക്ഷ​യിൽ ജയി​ച്ചു് കാ​ളേ​ജിൽ ചേർ​ന്നു. അവി​ടെ​വ​ച്ചു ലഭി​ച്ച കൂ​ട്ടു​കാ​രിൽ രണ്ടു​പേർ പ്ര​ത്യേ​കം പ്ര​സ്താ​വ​യോ​ഗ്യ​രാ​ണു്. ഒരാൾ കവി​യാ​യി​രു​ന്ന പട്ടം എൻ. കൊ​ച്ചു​കൃ​ഷ്ണ​പി​ള്ള​യും, മറ്റേ ആൾ ഇല​ത്തൂർ രാ​മ​സ്വാ​മി ശാ​സ്ത്രി​ക​ളു​ടെ പൗ​ത്ര​നായ രാ​മ​സ്വാ​മി ശാ​സ്ത്രി​ക​ളും ആയി​രു​ന്നു. മൂ​ന്നു​പേ​രും സം​സ്കൃ​ത​മാ​യി​രു​ന്നു ഐച്ഛി​ക​മാ​യി എടു​ത്തി​രു​ന്ന​തു്. അതിൽ പട്ടം ആണു് ‘ആദ്യം’ മരി​ച്ച​തു്. 96-ൽ ഞാൻ സം​സ്കൃ​ത​കാ​ളേ​ജിൽ അദ്ധ്യാ​പ​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട കാലം രാ​മ​സ്വാ​യി അയ്യർ കൃ​ഷ്ണൻ​ത​മ്പി​യു​ടെ വല​ത്തു​കൈ​യ്യാ​യി ശോ​ഭി​ച്ചി​രു​ന്നു. അദ്ദേ​ഹ​വും അകാ​ല​മ​ര​ണം പ്രാ​പി​ച്ചു​പോ​യി.

ഞാൻ എറ​ണാ​കു​ളം കാ​ളേ​ജു് വി​ട്ടു് ബി. ഏ. ക്ലാ​സ്സിൽ പഠി​ക്കാൻ തി​രു​വ​ന​ന്ത​പു​ര​ത്തു വന്ന​പ്പോൾ അദ്ദേ​ഹം സീ​നി​യർ ഇന്റർ​മീ​ഡി​യ​റ്റു​ക്ലാ​സ്സിൽ വാ​യി​ക്ക​യാ​യി​രു​ന്നു. ഒരു സംഘം പാർ​ഷ​ദ​ന്മാ​രാൽ പരീ​ത​നാ​യി അദ്ദേ​ഹം കാ​ളേ​ജിൽ വരു​ന്ന​തും പോ​കു​ന്ന​തും കണ്ടി​ട്ടു​ള്ള​ത​ല്ലാ​തെ അന്നു ഞങ്ങൾ​ത​മ്മിൽ സം​ഭാ​ഷ​ണം ചെ​യ്ക​യു​ണ്ടാ​യി​ട്ടി​ല്ല. അന്നെ​നി​ക്കു് ‘തമ്പി​അ​ങ്ങ​ത്ത’മാ​രോ​ടു് എന്തോ ഒരു അവ​ജ്ഞ​യാ​ണു് തോ​ന്നി​യി​രു​ന്ന​തു്. കൃ​ഷ്ണൻ​ത​മ്പി​ക്കു് സാ​ധാ​രണ തമ്പി​മാ​രിൽ അന്നു കണ്ടു​വ​രാ​റു​ണ്ടാ​യി​രു​ന്ന ഒരു​മാ​തി​രി പ്ര​ഭു​മ​നഃ​സ്ഥി​തി കാ​ണ്മാ​നി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും, എനി​ക്കു് അദ്ദേ​ഹ​ത്തി​നോ​ടും പു​ച്ഛം​ത​ന്നെ തോ​ന്നി.

പഠി​ക്കു​ന്ന കാ​ല​ത്തു് അദ്ദേ​ഹം ഏ. ആർ. തി​രു​മേ​നി​യു​ടെ വാ​ത്സ​ല്യ​ഭാ​ജ​ന​മാ​യി​രു​ന്നു. തി​രു​മേ​നി​യു​ടെ ലോ​ക​യാ​ത്ര അവ​സാ​നി​ക്കു​ന്ന കാ​ലം​വ​രെ ആ സ്നേ​ഹ​ബ​ന്ധം നി​ല​നി​ന്നു​താ​നും. ഭാ​ഗ്യ​ദോ​ഷ​ത്താൽ അദ്ദേ​ഹം ഒടു​വി​ല​ത്തെ എഫ്. ഏ. പരീ​ക്ഷ​യ്ക്കു ഒരി​ക്കൽ തോ​റ്റു​വെ​ങ്കി​ലും, ഇന്റർ​മീ​ഡി​യ​റ്റി​നു പ്ര​ശ​സ്തി​പൂർ​വം വി​ജ​യി​യാ​യി​ത്തീ​രു​ക​യും ഒരു സ്കാ​ളർ​ഷി​പ്പി​നു് അവ​കാ​ശി​യാ​യി ഭവി​ക്ക​യും ചെ​യ്തു. എന്നാൽ ആ സ്കാ​ളർ​ഷി​പ്പു​പ​ണം മു​ഴു​വ​നും അദ്ദേ​ഹം നിർ​ദ്ധ​ന​നായ ഒരു ബ്രാ​ഹ്മ​ണ​വി​ദ്യാർ​ത്ഥി​ക്കു കൊ​ടു​ക്കു​ക​യാ​ണു് ചെ​യ്ത​തു്. ചി​ല​പ്പ​പ്പോൾ സ്വ​ന്തം ഫീ​സി​നാ​യി കൊ​ണ്ടു​വ​രു​ന്ന പണം​പോ​ലും സാ​ധു​ക്കൾ​ക്കു കൊ​ടു​ത്തി​ട്ടു് അദ്ദേ​ഹം ‘ഡി​ഫാൾ​ട്ട​റ​ന്മാ​രി’ൽ മു​മ്പ​നാ​കാ​റു​ണ്ടാ​യി​രു​ന്നു. വെ​റു​തേ​യ​ല്ല അദ്ദേ​ഹം സതീർ​ത്ഥ്യ​ന്മാ​രു​ടേ​യും ‘കു​ട്ട​നാ’യി​ത്തീർ​ന്ന​തു്.

1086-ൽ പഠി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു​ത​ന്നെ അദ്ദേ​ഹം വി​വാ​ഹ​ബ​ന്ധ​ത്തിൽ ഏർ​പ്പെ​ട്ടു. തി​രു​വ​ട്ടാ​റ്റ​മ്മ​വീ​ട്ടിൽ രു​ഗ്മി​ണി​പ്പി​ള്ള​ക്കൊ​ച്ച​മ്മ​യ്ക്കാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ സഹ​ധർ​മ്മി​ണീ​പ​ദം പ്രാ​പി​ക്കാ​നു​ള്ള ഭാ​ഗ്യം സി​ദ്ധി​ച്ച​തു്. 1088-ൽ ബി. ഏ. പരീ​ക്ഷ​യ്ക്കു് പാ​സ്സാ​യി​ട്ടു് ഹജു​രിൽ ‘അറ്റാ​ഷേ’ എന്ന നി​ല​യിൽ അല്പ​കാ​ലം ഉദ്യോ​ഗം വഹി​ച്ചു; എന്നാൽ സ്വാ​ത​ന്ത്ര്യ​ലോ​ലു​പ​നായ അദ്ദേ​ഹ​ത്തി​നു ആ ജോലി തീരെ രസി​ച്ചി​ല്ല. രണ്ടു​കൊ​ല്ലം ഒരു വിധം കഴി​ച്ചു​കൂ​ട്ടി. ഇതി​നി​ട​യ്ക്കു് 1089-ൽ സര​സ്വ​തി എന്നൊ​രു പു​ത്രി ജനി​ച്ചു. ആ കു​ട്ടി​യെ ഒരു​കു​റി കണ്ടി​ട്ടു​ള്ള​വർ​ക്കു മറ​ക്കാൻ പ്ര​യാ​സം. എത്ര​യോ കുറി കയ്പ​ള്ളി അമ്മ​വീ​ട്ടിൽ​വ​ച്ചു് ഞാൻ ആ ചെ​റു​പൈ​ത​ലി​നെ ഊഞ്ഞാ​ലാ​ട്ടി​ക്ക​ളി​പ്പി​ച്ചി​രി​ക്കു​ന്നു. മാ​താ​വി​ന്റെ സൗ​ശീ​ല്യാ​ദി ഗു​ണ​ങ്ങൾ എല്ലാം തി​ക​ഞ്ഞി​രു​ന്ന ആ ബാ​ലി​ക​യെ ഹത​വി​ധി അപ​ഹ​രി​ച്ചു​ക​ള​ഞ്ഞു.

1090-ൽ ഉപ​രി​പ​ഠ​നാർ​ത്ഥം കൃ​ഷ്ണൻ​ത​മ്പി ശീ​മ​യ്ക്കു​പോ​യി. കൊ​ള​മ്പിൽ നി​ന്നു സ്വ​പ​ത്നി​ക്ക​യ​ച്ച കത്തി​ലെ ഒരു പദ്യം ഉദ്ധ​രി​ക്കു​ന്നു.

ഇം​ഗ്ല​ണ്ടിൽ​പോ​യ് ബി​രു​ദു പല​താർ​ന്ന​ങ്ങു​ഞാ​നെ​ത്തു​വോ​ളം
രണ്ടോ മൂ​ന്നോ വരി​ഷ​മ​യി നീ കണ്ണ​ട​ച്ചാ​ന​യി​ച്ചാൽ
പി​ന്നീ​ടാ​വാം വി​ര​ഹ​ക​ദ​ന​ത്തി​ങ്കൽ നാം തി​ങ്ക​ളാ​സ്യേ
പേർ​ത്തും പേർ​ത്തും പലതു നി​രു​പി​ക്കു​ന്ന​തോ​രോ​ന്നു മാമേ!

ഒന്നാം ലോ​ക​മ​ഹാ​യു​ദ്ധം ആരം​ഭി​ച്ചു കഴി​ഞ്ഞി​രു​ന്നു. എന്നി​ട്ടും അദ്ദേ​ഹം ഇം​ഗ്ല​ണ്ടി​ലേ​യും മറ്റും ചരി​ത്ര​പ്ര​സി​ദ്ധ​ങ്ങ​ളായ സ്ഥ​ല​ങ്ങ​ളെ​ല്ലാം ചു​റ്റി​ക്ക​ണ്ടു. ആ യാ​ത്ര​യ്ക്കി​ട​യിൽ അനേകം ഉത്ത​മ​മി​ത്ര​ങ്ങ​ളേ​യും സമ്പാ​ദി​ച്ചു. ‘ഹേവൻ’ എന്ന പൊ​തു​വി​ശ്ര​മ​സ്ഥ​ലം സന്ദർ​ശി​ച്ച അവ​സ​ര​ത്തിൽ അവി​ട​ത്തെ സന്ദർ​ശ​ക​ക്കു​റി​പ്പു പു​സ്ത​ക​ത്തിൽ അദ്ദേ​ഹം ഇങ്ങ​നെ ഒരു പദ്യം രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

From Sconces, proctors, Bulls infernal
From boiled Beef and Buns eternal
‘A Heaven’ indeed wert thou mightly named
And though generations be thou jusly famed
Of bashfal Freshers unfledged, unhatched
Who here may wing their maiden flights un-​watched
And here O! Solitude, Thy charms are found
And the Sweetest Hostess, Sure, For miles around.

1915-ൽ അദ്ദേ​ഹം ആക്സ്ഫോർ​ഡി​ലെ ബാ​ലി​യോൾ കാ​ളേ​ജിൽ ചേർ​ന്നു് അദ്ധ്യ​യ​നം ആരം​ഭി​ച്ചു. എൽ. എൽ. ബി. ബി​രു​ദം സമ്പാ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉദ്ദേ​ശം. ആദ്യ​ത്തെ പബ്ളി​ക്കു് പരീ​ക്ഷ​യിൽ വിജയം നേടി. അതി​നോ​ടു​കൂ​ടി സം​സ്കൃ​ത​ത്തിൽ ഉപ​രി​പ​ഠ​നം നട​ത്തു​ന്ന​തി​നും ബാർ അറ്റ്ലാ ബി​രു​ദം നേ​ടു​ന്ന​തി​നും അദ്ദേ​ഹം ഉദ്യ​മി​ച്ചു.

അങ്ങി​നെ ഇരി​ക്കെ ഐർ​ല​ണ്ടു​കാ​രു​ടെ സ്വാ​ത​ന്ത്ര്യ​പ്ര​ക്ഷോ​ഭ​ണം ഇം​ഗ്ല​ണ്ടിൽ മൂർ​ദ്ധ​ന്യ​ദ​ശ​യെ പ്രാ​പി​ച്ചു കഴി​ഞ്ഞി​രു​ന്നു. ഭാ​ര​തീ​യ​നായ തമ്പി​യ്ക്കു് ആ പ്ര​ക്ഷോ​ഭ​ണ​ത്തോ​ടു വലു​തായ അനു​ക​മ്പ ഉദി​ച്ച​തിൽ അത്ഭു​ത​പ്പെ​ടാ​നി​ല്ല​ല്ലോ. അന്നു് Mother India (ഭാ​ര​ത​മാ​താ) എന്ന പേരിൽ എഴു​തിയ ആം​ഗ​ല​ഗാ​നം അദ്ദേ​ഹ​ത്തി​ന്റെ മനോ​ഭാ​വ​ത്തെ നല്ല​പോ​ലെ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ടു്.

Queen, enthroned in three hundred
Million Hearts, O! mother mine
There’s no beauty, there’s no strength can
Rival thine O! mother mine.
Chorus. Thou’rt the fairest, thou’rt the ratest
Thou’rt the Dearest. Mother mine
Every drop of my sad heart’s blood
I’ll shed for thee, mother mine.
Thy soft smile so clear and content
Soaks my soul in sweet sunshine
Yet upon thy lips so tender
Lurks a frown O! mother mine.
Chorus. We’re not stocks, O we’re not stones
We’re not cattle led and blind
Hearts do bleed and hands do speed thy
Hest to do, O mother mine.
Chorus. Come the whole world, come the fates all
And against thy wish combine
We’ll shock them all or to a man fall
In thy service mother mine.

ഐറിഷ് പ്ര​ക്ഷോ​ഭ​ണ​ത്തിൽ നേ​രി​ട്ടു് അദ്ദേ​ഹം പങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും, അതി​നോ​ടു​ള്ള സഹാ​നു​ഭൂ​തി പല​വി​ധ​ത്തിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഈ വി​പ്ല​വ​മ​നഃ​സ്ഥി​തി, അദ്ദേ​ഹ​വും അധി​കാ​ര​വർ​ഗ്ഗ​വും തമ്മിൽ ഇട​ച്ചി​ലി​നു് ഇട​വ​രു​ത്തി. ഭാ​ര​തീയ വി​ദ്യാർ​ത്ഥി​ക​ളു​ടെ ഉപ​ദേ​ശക സം​ഘ​ത്തി​ന്റെ അദ്ധ്യ​ക്ഷ​നായ മി. ഗ്രേ അദ്ദേ​ഹ​ത്തി​നെ ഉപ​ദേ​ശി​ച്ചു​നോ​ക്കി. പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. സാ​യ്പു് പറ​ഞ്ഞു:

“Mr. Tampi I am old enough to be your father”

തമ്പി–(തന്റെ കഷ​ണ്ടി​യെ തട​വി​ക്കൊ​ണ്ടു്) “I am enough old your grand father”

1916-ൽ ഐറി​ഷ്ക​ലാ​പം അത്യു​ച്ച​സ്ഥി​തി​യി​ലെ​ത്തി. തമ്പി​യ​ദ്ദേ​ഹം അക്കൊ​ല്ലം ഈസ്റ്റ​റി​നു യാ​തൊ​രു ബി​രു​ദ​വും സമ്പാ​ദി​ക്കാ​തെ കാ​ളേ​ജു വി​ട്ടു് ഐർ​ല​ണ്ടി​ലേ​ക്കു തി​രി​ച്ചു. ഡബ്ളി​നി​ലെ ഒരു മാ​ളി​ക​യിൽ ഇരി​ക്ക​വേ, അടു​ത്തു​ള്ള ഒരു ഗൃ​ഹ​ത്തിൽ ബം​ഭ​രാ​സ്ത്രം പതി​ച്ചു്, അതു നി​ലം​പ​തി​ച്ചു. സൈ​നി​കോ​ദ്യോ​ഗ​സ്ഥ​ന്മാർ തുർ​ക്കി​ത്തൊ​പ്പി ധരി​ച്ചി​രു​ന്ന മി. കൃ​ഷ്ണൻ​ത​മ്പി​യെ സം​ശ​യി​ച്ചു പി​ടി​കൂ​ടി. പക്ഷേ രക്ഷ​പ്പെ​ട്ടു​വെ​ന്നേ​യു​ള്ളു.

ഇക്കാ​ല​ങ്ങ​ളിൽ അദ്ദേ​ഹ​ത്തി​നു പണ​ച്ചു​രു​ക്കം നല്ല​പോ​ലെ​യു​ണ്ടാ​യി​രു​ന്നു. വളരെ ഞെ​രു​ങ്ങി​യി​രു​ന്ന ഒരു ഘട്ട​ത്തിൽ അദ്ദേ​ഹം ചീ​ഫ്സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മി. വി​യ​റാ​യ്ക്കു് കു​റെ​രൂ​പാ ആവ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു് കമ്പി അടി​ച്ചു. “ഞാൻ എന്തു ചെ​യ്യ​ട്ടേ” എന്നു് അദ്ദേ​ഹം മറു​പ​ടി കൊ​ടു​ത്ത​പ്പോൾ, മി. തമ്പി “അടു​ത്ത മര​ത്തിൽ തൂ​ങ്ങി​ച്ചാ​വൂ” എന്നു് വീ​ണ്ടും കമ്പി അയ​ച്ചി​ട്ടു് മൗനം അവ​ലം​ബി​ച്ചു.

മൂ​ലം​തി​രു​നാൾ മഹാ​രാ​ജാ​വി​ന്റേ​യും വി​യ​റാ​സാ​യ്പി​ന്റേ​യും നയ​കൗ​ശ​ല​ത്താൽ തമ്പി അക്കൊ​ല്ലം​ത​ന്നെ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.

1093-ൽ അദ്ദേ​ഹം സം​സ്കൃ​ത​കാ​ളേ​ജി​ലെ പ്രിൻ​സി​പ്പൽ ഉദ്യോ​ഗ​ത്തിൽ നി​യ​മി​ക്ക​പ്പെ​ട്ടു. ഡാ​ക്ടർ ഗണ​പ​തി​ശാ​സ്ത്രി​കൾ തു​ട​ങ്ങിയ പണ്ഡി​ത​വ​രേ​ണ്യ​ന്മാ​രാൽ സമ​ലം​കൃ​ത​മാ​യി​രു​ന്ന ഈ പാ​ഠ​ശാ​ല​യിൽ മി. തമ്പി​യെ ഇരു​ത്തി​യ​തു് അത്ര ഭം​ഗി​യാ​യി​ല്ലെ​ന്നു പറ​ഞ്ഞ​വർ​ക്കെ​ല്ലാം പി​ന്നീ​ടു മറി​ച്ചു പറ​യേ​ണ്ടി​വ​ന്നി​ട്ടു​ണ്ടു്. തമ്പി ഒരു നിത്യ വി​ദ്യാർ​ത്ഥി​യാ​യി​രു​ന്നു. ഉറ​ക്കം നന്നേ കു​റ​വാ​യി​രു​ന്നു എന്നു​ത​ന്നെ പറയാം. ഒരി​ക്കൽ കട​പ്പു​റ​ത്തു​ള്ള അദ്ദേ​ഹ​ത്തി​ന്റെ ബം​ഗ്ലാ​വിൽ വള്ള​ത്തോൾ, നാ​ല​പ്പാ​ടൻ, തമ്പി എന്നി​വ​രും ഞാ​നും​കൂ​ടി രാ​ത്രി രണ്ട​ര​മ​ണി​വ​രെ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒടു​വിൽ മി. തമ്പി മാ​ത്രം അവി​ടെ​നി​ന്നു ശയ്യാ​ഗാ​ര​ത്തി​ലേ​ക്കു പോയി. എനി​ക്കു വെ​ളു​പ്പി​നേ തി​രി​ച്ചു പോ​രേ​ണ്ടി​യി​രു​ന്ന​തി​നാൽ, ഞാൻ അഞ്ച​ര​മ​ണി​ക്കു് ഒരു വി​ദ്യു​ദ്ദീ​പി​ക​യു​മാ​യി വെ​ളി​യിൽ വന്ന​പ്പോൾ മി. തമ്പി വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണു് കണ്ട​തു്. പല രാ​ത്രി​കൾ അദ്ദേ​ഹം ഇങ്ങ​നെ കഴി​ച്ചു​കൂ​ട്ടീ​ട്ടു​ള്ള​താ​യ​റി​യാം. സം​സ്കൃ​ത​ത്തിൽ അദ്ദേ​ഹം വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹി​ത്യ​ഗ്ര​ന്ഥ​ങ്ങൾ കു​റ​യു​മാ​യി​രു​ന്നു. വ്യാ​ക​ര​ണ​വും നി​ഷ്കർ​ഷി​ച്ചു പഠി​ച്ചി​രു​ന്നു. അദ്ദേ​ഹ​ത്തി​നെ​പ്പോ​ലെ സര​സ​വും ലളി​ത​വും ഹൃ​ദ്യ​വു​മാ​യി സം​സ്കൃ​ത​ഗ​ദ്യം എഴു​താൻ മറ്റാർ​ക്കെ​ങ്കി​ലും കഴി​യു​മാ​യി​രു​ന്നോ എന്നു് എനി​ക്കു സം​ശ​യ​മാ​ണു്.

96 ഇട​വ​ത്തി​ലാ​ണു് ഞാൻ സം​സ്കൃ​ത​കാ​ളേ​ജ് അദ്ധ്യാ​പ​ക​നാ​യി നി​യ​മി​ക്ക​പ്പെ​ട്ട​തു്. അന്നു മു​ത​ല്ക്കു് അദ്ദേ​ഹ​ത്തി​നോ​ടു വളരെ അടു​ത്തു പെ​രു​മാ​റു​ന്ന​തി​നു് എനി​ക്കു് ഭാ​ഗ്യം ലഭി​ച്ചു. കയ്പ​ള്ളി അമ്മ​വീ​ടു് അന്നു് ഒരു സത്ര​മാ​യി​രു​ന്നു. സം​ഗീ​തം, സാ​ഹി​ത്യം, നാടകം, ഓട്ട​ന്തു​ള്ളൽ, കഥകളി, ബ്രി​ഡ്ജു​ക​ളി–എല്ലാം ഒരു കോ​ലാ​ഹ​ലം​ത​ന്നെ. രാ​ത്രി രണ്ടു​മ​ണി​ക്കാ​യി​രി​ക്കും ചി​ല​പ്പോൾ “വേ​ലു​ക്കു​ട്ടീ, പത്തു​പേർ​ക്കു് തേയില കൊ​ണ്ടു​വ​രൂ” എന്നാ​ജ്ഞാ​പി​ക്കു​ന്ന​തു്. അപ്പോൾ അയാൾ അതു തയ്യാ​റാ​ക്കി​ക്കൊ​ണ്ടു​വ​ന്നു​കൊ​ള്ളും. പണ​ത്തി​നു് അതു​നി​മി​ത്തം വളരെ ക്ലേ​ശ​ങ്ങൾ നേ​രി​ട്ടു​കാ​ണ​ണം; എന്നാൽ മഹാ​രാ​ജാ​വു​തി​രു​മ​ന​സ്സി​ലേ​യും ശങ്ക​രൻ​ത​മ്പി​യു​ടേ​യും സ്യാ​ല​നു പണ​ത്തി​നു ഞെ​രു​ക്കം നേ​രി​ടു​ക​യോ? എന്നു ചിലർ സം​ശ​യി​ച്ചേ​ക്കാം. എന്നാൽ സ്വതേ സ്വ​ത​ന്ത്ര​ബു​ദ്ധി​യാ​യി​രു​ന്ന അദ്ദേ​ഹം ആരെ​യും ആശ്ര​യി​ക്ക പതി​വി​ല്ലാ​യി​രു​ന്നു.

ഈ കോ​ലാ​ഹ​ല​ങ്ങൾ​ക്കി​ട​യിൽ ഒരു പര​മ​ര​ഹ​സ്യം അന്തർ​ഭ​വി​ച്ചി​രു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ പ്രേ​മ​സ്വ​രൂ​പി​ണി​യായ സഹ​ധർ​മ്മി​ണി ഇതി​നി​ട​യ്ക്കു് യശഃ​ശ​രീ​രി​ണി​യാ​യി​ത്തീർ​ന്നി​രു​ന്നു. ആ സാ​ധ്വി, രോ​ഗ​ശ​യ്യാ​വ​ലം​ബി​യാ​യി​രി​ക്കു​ന്ന കാ​ല​ത്തു തന്നെ അനു​ജ​ത്തി​യായ ഭഗ​വ​തി​പ്പി​ള്ള​ക്കൊ​ച്ച​മ്മ​യെ പത്നി​യാ​യി സ്വീ​ക​രി​ച്ചു​കൊ​ള്ളു​ന്ന​തി​നു് അദ്ദേ​ഹ​ത്തെ നിർ​ബ​ന്ധി​ച്ചു. ആ നിർ​ബ​ന്ധ​ത്തെ അദ്ദേ​ഹം അനു​സ​രി​ച്ചു​വെ​ങ്കി​ലും “തള്ളി​ത്തി​ങ്ങി​ക്ക​ല​ങ്ങി​പ്പെ​രു​കു​മ​ഴ​ലി​നെ​ത്തെ​ല്ലൊ​തു​ക്കു​ന്ന​തി​ന്നാ​യ്” ചെയ്ത പ്ര​യ​ത്ന​ങ്ങ​ളെ​ല്ലാം വി​ഫ​ല​മാ​യ​തേ ഉള്ളു. ആ ദുഃ​ഖാ​തി​രേ​ക​ത്തി​നു തെ​ല്ലൊ​രു​പ​ശാ​ന്തി വരു​ത്തു​ന്ന​തി​നു് അദ്ദേ​ഹം കൈ​ക്കൊ​ണ്ട ഒരു​പാ​യ​മാ​യി​രു​ന്നു ഈ സു​ഹൃൽ​സ​മ്മേ​ള​ന​ങ്ങ​ളെ​ല്ലാം. അതിൽ​നി​ന്നു വലു​തായ ആശ്വാ​സം അദ്ദേ​ഹ​ത്തി​നു ലഭി​ക്കാ​തെ​യി​രു​ന്നു​മി​ല്ല. അക്കാ​ല​ത്തു് അദ്ദേ​ഹം എഴു​തിയ ശ്രീ​കൃ​ഷ്ണാ​വ​താ​രം ഗാ​ന​പ്ര​ബ​ന്ധ​ത്തി​ന്റെ സമർ​പ്പ​ണ​പ​ദ്യ​ങ്ങൾ വാ​യി​ച്ചു​നോ​ക്കി​യാൽ ഈ സംഗതി ആർ​ക്കും മന​സ്സി​ലാ​വും.

ക്ര​മേണ സ്ഥി​തി​ഗ​തി​കൾ ആക​പ്പാ​ടെ ഒന്നു മാറി. ഭര​ണ​കു​ശ​ല​യും ഭർ​തൃ​ഗ​ത​പ്രാ​ണ​യും ആയ ഭഗ​വ​തി​പ്പി​ള്ള​ക്കൊ​ച്ച​മ്മ കൈ​പ്പ​ള്ളി​യിൽ വന്നു ഭരണം സ്വയം കൈ​യേ​റ്റ​തോ​ടു​കൂ​ടി അവി​ട​ത്തെ അവ്യ​വ​സ്ഥി​തി​യൊ​ക്കെ മാറി. അനി​യ​ത്തി​യെ​ന്നാ​ണു് അദ്ദേ​ഹം അവരെ വി​ളി​ച്ചു​വ​ന്ന​തു്. ഈ അനി​യ​ത്തി വാ​സ്ത​വ​ത്തിൽ അദ്ദേ​ഹ​ത്തി​ന്റെ ഗൃ​ഹ​ത്തി​നു് ഒരു ലക്ഷ്മി​ത​ന്നെ​യാ​യി​രു​ന്നു.

മി. തമ്പി​യു​ടെ ദീർ​ഘ​കാ​ല​ത്തെ ഭര​ണ​ത്തി​നി​ട​യ്ക്കു് സം​സ്കൃ​ത​പാ​ഠ​ശാ​ല​യി​ലെ പാ​ഠ​പ​ദ്ധ​തി​കൾ ഒക്കെ മാ​റു​ക​യും ശമ്പ​ള​ങ്ങൾ പരി​ഷ്ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. സക​ല​ക​ല​ക​ളി​ലും പ്ര​ത്യേ​കി​ച്ചു് നാ​ട്യ​ക​ല​യിൽ, വലിയ അഭി​രു​ചി ഉണ്ടാ​യി​രു​ന്ന കൃ​ഷ്ണൻ​ത​മ്പി ബാ​ല​ഭാ​ര​ത​സ​മാ​ജം എന്നൊ​രു സംഘടന ഉണ്ടാ​ക്കി. സമാ​ജാം​ഗ​ങ്ങ​ളെ​ക്കൊ​ണ്ടു പ്ര​തി​വർ​ഷം രണ്ടും മൂ​ന്നും നാ​ട​ക​ങ്ങൾ അഭി​ന​യി​പ്പി​ച്ചു​വ​ന്നു. അതി​ന്റെ ആവ​ശ്യ​ത്തി​ലേ​ക്കു് സം​സ്കൃ​ത​ത്തി​ലും മല​യാ​ള​ത്തി​ലും ഇദാ​നീ​ന്ത​ന​ന്മാർ​ക്കു് രു​ചി​ക്കു​ന്ന രീ​തി​യി​ലു​ള്ള നാ​ട​ക​ങ്ങൾ പലതും അദ്ദേ​ഹം തന്നെ രചി​ച്ചി​ട്ടു​ണ്ടു്. ഇബ്സൻ, മേ​റ്റർ​ലി​ങ്ക്, ബെർ​ണാ​ഡ്ഷാ മു​ത​ലാ​യ​വ​രു​ടെ നാ​ട​ക​ങ്ങ​ളെ​ല്ലാം അദ്ദേ​ഹം വാ​യി​ച്ചി​രു​ന്നു. അവ​രു​ടെ മാ​തൃ​ക​യ​നു​സ​രി​ച്ചു് നാ​ട്യ​പ്ര​ബ​ന്ധ​ങ്ങൾ രചി​ച്ചു് ഭാഷയെ പരി​പോ​ഷി​പ്പി​ക്കാ​നാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ ശ്രമം. നാ​ട​ക​ത്ര​യം എന്ന സം​സ്കൃ​ത​നാ​ട​ങ്ങ​ളും, ശ്രീ​രാ​മ​കൃ​ഷ്ണ​ച​രി​തം സം​സ്കൃ​ത​ക​ഥാ​കാ​ല​ക്ഷേ​പ​വും, നളിനി, വിധി, യന്ത്ര​ത്തി​രി​പ്പു്, കന്നി​ക്കേ​സ്സ് മു​ത​ലായ ഗദ്യ​നാ​ട​ക​ങ്ങ​ളും ഈ ഘട്ട​ത്തിൽ രചി​ക്ക​പ്പെ​ട്ട​വ​യാ​ണു്.

കഥകളി പരി​ഷ്കാ​ര​ത്തി​ലും അദ്ദേ​ഹം നി​ര​ന്ത​രം പ്ര​യ​ത്നി​ച്ചു​കൊ​ണ്ടി​രു​ന്നു. ‘വല്ലീ​കു​മാ​രം’ കു​റേ​ക്കാ​ല​ത്തി​നു​മു​മ്പേ എഴു​ത​പ്പെ​ട്ട​താ​ണു്. അതു​കൊ​ണ്ടു് പ്രാ​ചീന രീ​തി​യേ​യാ​ണു് അതിൽ അദ്ദേ​ഹം പി​ന്തു​ടർ​ന്നി​രി​ക്കു​ന്ന​തു്. 1109-ൽ അദ്ദേ​ഹം ആർ​ട്ട്സ് കാ​ളേ​ജി​ലെ പൗ​ര​സ്ത്യ​ഭാ​ഷാ​സൂ​പ്ര​ണ്ടാ​യി നി​യ​മി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം കഥ​ക​ളി​ക്ല​ബ്ബ് ആരം​ഭി​ക്ക​യും, മര​ണ​പ​ര്യ​ന്തം വി​ജ​യ​പൂർ​വ്വം അതിനെ നട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്തു. സന്ധ്യ​യ്ക്കു തു​ട​ങ്ങി ഒൻ​പ​ത​ര​മ​ണി​ക്കു കൃ​ത്യ​മാ​യി അവ​സാ​നി​ക്ക​ത്ത​ക്ക​വ​ണ്ണം നല്ല കഥകളെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തി​യി​ട്ടു്, കേ​ര​ള​ത്തി​ലെ ഉത്ത​മ​ന്മാ​രായ നട​ന്മാ​രെ​ക്കൊ​ണ്ടു് അഭി​ന​യി​പ്പി​ച്ചു വന്ന​തി​നാൽ, അഭ്യ​സ്ത​വി​ദ്യ​ന്മാ​രു​ടെ ഇട​യ്ക്കു കഥ​ക​ളി​യെ​പ്പ​റ്റി വലിയ ബഹു​മാ​നം ജനി​ച്ചു​വെ​ന്നു പറയാം. ഈ കഥ​ക​ളി​ക്ല​ബ്ബി​ലെ ആവ​ശ്യ​ത്തി​ലേ​യ്ക്കു രചി​ക്ക​പ്പെ​ട്ട താ​ട​കാ​വ​ധം കാ​വ്യ​ദൃ​ഷ്ടി​യിൽ അത്യു​ത്ത​മ​വും, നാ​ട്യ​മെ​ന്ന നി​ല​യിൽ അന​വ​ദ്യ​വും ആകു​ന്നു. “അവ​ളെ​പ്പേ​ടി​ച്ചാ​രും നേർ​വ​ഴി നട​പ്പീല” എന്നു് എഴു​ത്ത​ച്ഛ​നാൽ വർ​ണ്ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന താടക ഈ കഥയിൽ അതി​രൂ​പ​വ​തി​യും “രാ​മ​മ​ന്മ​ഥ​ശ​രേണ താഡിത”യും ആയ ഒരു​ത്തമ നാ​യി​ക​യാ​യി​ട്ടു രൂ​പാ​ന്ത​ര​പ്പെ​ട്ടി​രി​ക്കു​ന്നു. ആര്യ​ദ്രാ​വി​ഡ​സം​സ്കാ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തെ​യാ​ണു് അതിൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തു്. ചൂ​ഡാ​മ​ണി​യെ​ന്ന കഥ അഭി​ന​യി​ച്ചു കണ്ടി​ട്ടു​ള്ള​വർ​ക്കു് പി​ന്നീ​ടു അത​ല്ലാ​തെ മറ്റു​ക​ഥ​കൾ ആടി​ക്കാ​ണ്മാൻ ആഗ്ര​ഹം കാ​ണു​മോ എന്നു​ത​ന്നെ സം​ശ​യ​മാ​ണു്.

സമു​ദാ​യ​പ​രി​ഷ്ക​ര​ണ​ത്തി​ലും മി. തമ്പി അത്യുൽ​സു​ക​നാ​യി​രു​ന്നു. പാ​ല്ക്കു​ള​ങ്ങ​രെ കര​യോ​ഗം സൃ​ഷ്ടി​ച്ച​തു​ത​ന്നെ കട​പ്പു​റ​ത്തു് ഒരു മാ​തൃ​കാ​കാ​ള​ണി സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ഉദ്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു. നവീ​ന​രീ​തി​യി​ലു​ള്ള കെ​ട്ടി​ട​ങ്ങൾ സ്ഥാ​പി​ച്ചു് ആ പ്ര​ദേ​ശ​ത്തെ ഒരു സു​ഖ​വാ​സ​സ്ഥാ​ന​മാ​ക്കി എടു​പ്പാൻ അദ്ദേ​ഹം കാം​ക്ഷി​ച്ചു. അതു​പോ​ലെ​ത​ന്നെ കര​തോ​റും അഗ​തി​മ​ന്ദി​ര​ങ്ങൾ സ്ഥാ​പി​ക്കേ​ണ്ട ആവ​ശ്യ​ത്തെ​പ്പ​റ്റി​യും അദ്ദേ​ഹം പല​പ്പോ​ഴും സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ലോ​ക​ത്തി​ന്റെ ദു​രി​ത​ശ​മ​ന​ത്തി​നു് സ്ഥി​തി​സ​മ​ത്വം അത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നു് അദ്ദേ​ഹം ദൃ​ഢ​മാ​യി വി​ശ്വ​സി​ച്ചു. തൽ​പു​ത്ര​നായ ശങ്ക​രൻ​ത​മ്പി​യെ​ന്ന ബാലൻ മോ​ടി​യു​ള്ള ഒരു ഉടു​പ്പു വേ​ണ​മെ​ന്നു് ആവ​ശ്യ​പ്പെ​ട്ട​പ്പോൾ അദ്ദേ​ഹം ഉപ​ദേ​ശി​ച്ച​തി​ങ്ങ​നെ​യാ​ണു്. “അനിയാ, അഗ​തി​ക​ളായ സഹ​പാ​ഠി​കൾ​ക്കു കൊ​ടു​പ്പാൻ വല്ല​തും നീ എന്നോ​ടു് ആവ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കിൽ ഞാൻ എത്ര​മാ​ത്രം സന്തോ​ഷി​ക്കു​മാ​യി​രു​ന്നു! സമ​സൃ​ഷ്ടി​ക​ളെ നീ നി​ന്നെ എന്ന​പോ​ലെ സ്നേ​ഹി​ക്കു​ന്ന​തി​നും അവർ നി​ന​ക്കും, നീ അവർ​ക്കും പര​സ്പ​രം ഉപ​ക​രി​ക്ക​ത്ത​ക്ക​വ​ണ്ണം ജീ​വി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​യി​രി​ക്ക​ണം നി​ന്റെ ശ്ര​മ​മെ​ല്ലാം ആമാ​തി​രി മധുര ജീ​വി​ത​ത്തിൽ നി​ന്നു ലഭി​ക്കു​ന്ന സമാ​ധാ​ന​മാ​ണു് നീ സമാർ​ജ്ജി​ക്കേ​ണ്ട സമ്പ​ത്തു്. അതാ​ണു് നി​ന​ക്കു തയ്പി​ക്കാ​നു​ള്ള പുതിയ ഉടു​പ്പു്.”

ആർ​ട്ട്സ് കാ​ളേ​ജി​ലെ വി​ദ്യാർ​ത്ഥി​കൾ​ക്കു് മി. തമ്പി​യോ​ടു തോ​ന്നി​യി​രു​ന്ന സ്നേ​ഹ​ത്തി​നും ബഹു​മാ​ന​ത്തി​നും അള​വു​നിർ​ണ്ണ​യി​പ്പാൻ പ്ര​യാ​സം അദ്ദേ​ഹം അവ​രു​ടെ മാ​ത്ര​വും ഉപ​ദേ​ഷ്ടാ​വും തത്വ​ചി​ന്ത​ക​നും ആയി​രു​ന്നു. ഗ്ര​ന്ഥ​കാ​ര​ന്മാ​രെ​പ്പ​റ​റി അവജ്ഞ തോ​ന്നി​ക്കും​വ​ണ്ണ​മു​ള്ള ഖണ്ഡ​ന​പ​ര​മായ വി​ഷ​യ​വി​മർ​ശ​ന​ങ്ങൾ​കൊ​ണ്ടും മറ്റു​മാ​ണു് മറ്റു​ചില പൗ​ര​സ്ത്യ​ഭാ​ഷാ​പ​ണ്ഡി​ത​ന്മാർ തങ്ങ​ളു​ടെ ക്ലാ​സ്സു​ക​ളെ നി​യ​ന്ത്രി​ച്ചു​വ​ന്ന​തു്. മി. തമ്പി​യ്ക്കു് ആരോ​ടും അവ​ജ്ഞ​യു​ണ്ടാ​യി​രു​ന്നി​ല്ല. പാ​ത​ഞ്ജ​ലി ഭാ​ഷ്യം അബ​ദ്ധ​പ്പ​ഞ്ചാം​ഗ​മാ​ണെ​ന്നും, നമ്പ്യാർ കവിയേ അല്ലെ​ന്നും, ഏ. ആറി​ന്റെ വ്യാ​ക​ര​ണം പ്ര​മാ​ദ​ജ​ടി​ല​മെ​ന്നും പക്വ​മാ​കാ​ത്ത ഇളം​മ​ന​സ്സു​ക​ളിൽ ബോധം ജനി​പ്പി​ച്ചു​വ​ന്ന പണ്ഡി​ത​ന്മാർ അന്നും ഇന്നും കാ​ളേ​ജിൽ ഉണ്ടു്. അതു​പോ​ലെ​ത​ന്നെ യു​വ​ക​വി​ക​ളു​ടെ സമാ​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു പകരം, അവരെ ഭഗ്നോ​ത്സാ​ഹ​രാ​ക്കി​ത്തീർ​ക്കു​ന്ന​വ​രും അവിടെ കാണാം. എന്നാൽ മി. തമ്പി ആ കൂ​ട്ട​ത്തി​ലാ​യി​രു​ന്നി​ല്ല. ഇട​പ്പ​ള്ളി രാ​ഘ​വൻ​പി​ള്ള ജീ​വി​ച്ചി​രു​ന്നു​വെ​ങ്കിൽ ഒരു മഹാ​ക​വി ആവു​ക​യി​ല്ലാ​യി​രു​ന്നു എന്നു് ആർ​ക്ക​റി​യാം. ‘ചങ്ങ​മ്പുഴ’ കൃ​ഷ്ണ​പി​ള്ള—ഇവിടെ ഉദ്യോ​ഗം ലഭി​ക്കാ​തെ നാ​ടു​വി​ട്ടു പോ​കേ​ണ്ടി​വ​ന്ന ആ കൃ​ശ​ഗാ​ത്രൻ—ഇപ്പോൾ​ത​ന്നെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആരാ​ധ​ന​യ്ക്കു പാ​ത്ര​മാ​യി കഴി​ഞ്ഞി​ല്ലേ? ഏതു പു​സ്ത​ക​വ്യാ​പാ​രി​യു​ടെ കടയിൽ ചെ​ന്നി​രു​ന്നാ​ലും “രമ​ണ​നു​ണ്ടോ?” എന്ന ചോ​ദ്യ​മേ കേൾ​പ്പാ​നു​ള്ളു. ഇന്ന​ത്തെ മഹാ​ക​വി​ക​ളു​ടെ കൃ​തി​കൾ​ക്കൊ​ന്നി​നും ഇത്ര വേ​ഗ​ത്തിൽ ഇത്ര വളരെ പതി​പ്പു​കൾ ഉണ്ടാ​യി​ട്ടി​ല്ലെ​ന്നു​ള്ള​തു തീർ​ച്ച​യാ​ണു്. ഈമാ​തി​രി യു​വ​ക​വി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​യ​ല്ലാ​തെ ഭഗ്നോ​ത്സാ​ഹ​രാ​ക്കു​ന്ന​തു ഹിം​സ​യാ​കു​ന്നു. മി. തമ്പി അങ്ങ​നെ ഒരി​ക്ക​ലും ചെ​യ്തി​ട്ടി​ല്ല. സഹൃ​ദ​യ​മാ​സി​ക​യു​ടെ നിർ​വാ​ഹക സം​ഘ​ത്തിൽ നി​ന്നു് അദ്ദേ​ഹം രാജി കൊ​ടു​ത്ത​തു് ആ മാ​സി​ക​യു​ടെ ഏതാ​ദൃ​ശ​മായ പ്ര​വ​ണത ഒന്നു​കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു.

തി​രു​വി​താം​കൂർ സർ​വ​ക​ലാ​ശാ​ല​യു​ടെ ആവിർ​ഭാ​വ​ത്തോ​ടു​കൂ​ടി നാ​ട്ടു​കാർ അദ്ദേ​ഹ​ത്തിൽ നി​ന്നു പലതും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഏ. ആർ. തി​രു​മേ​നി​യു​ടെ ദേ​ഹ​വി​യോ​ഗാ​ന​ന്ത​രം ഒഴി​ഞ്ഞു​കി​ട​ന്ന കസാ​ല​യിൽ മി. തമ്പി പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടും എന്നു് എല്ലാ​വ​രും വി​ശ്വ​സി​ച്ചു. എന്നാൽ “കാ​ഞ്ച​നം കി​ട്ടി​യാ​ലും ആകാ​ശ​ത്തി​ലെ പക്ഷി ആകാ​ശ​ത്തി​ലേ രമി​യ്ക്കു” പര​ത്തിൽ ദത്ത​ദൃ​ഷ്ടി​യാ​യി ഇഹ​ത്തിൽ ജീ​വി​ച്ച ആ കർ​മ്മ​യോ​ഗി​യു​ടെ ആത്മാ​വു് പെ​ട്ടെ​ന്നു പറ​ന്നു​പോ​യ്ക്ക​ള​ഞ്ഞു. ഈ. വി. കൃ​ഷ്ണ​പി​ള്ള പറ​ഞ്ഞി​ട്ടു​ള്ള​തു​പോ​ലെ,

“ദി​വ​സ​ങ്ങൾ ഇത്ര​യാ​യി. അദ്ദേ​ഹം നമ്മെ വി​ട്ടു​പി​രി​ഞ്ഞി​ട്ടു് കാ​ല​മി​ത്ര​യും കഴി​ഞ്ഞു. എന്നി​ട്ടും അതൊരു യഥാർ​ത്ഥ​സം​ഭ​വ​മാ​ണെ​ന്നു വി​ശ്വ​സി​ച്ചു സ്വ​ന്തം കൈ​കെ​ാ​ണ്ടു കട​ലാ​സ്സിൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ശക്തി ലഭി​ക്കു​ന്നി​ല്ല. ആ നി​താ​ന്ത​സ്മി​ത​വും, വി​ശാ​ല​ന​യ​ന​ങ്ങ​ളി​ലെ സ്നേ​ഹ​പ്ര​ചു​രി​മ​യും, തല​ക്കെ​ട്ടും, വെ​റ്റി​ല​ച്ചെ​ല്ല​വും, സല്ക്കാ​ര​ത്തി​നാ​യു​ള്ള ക്ഷ​ണ​വും ഒക്കെ​യാ​യി പെ​ട്ടെ​ന്നു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു് നമ്മെ ആന​ന്ദി​പ്പി​ക്കു​ന്ന​തി​നു് ആ കാ​രു​ണ്യ​മൂർ​ത്തി എവി​ടെ​യോ മറ​ഞ്ഞു നി​ല്ക്കു​ക​യാ​ണെ​ന്നാ​ണു് തോ​ന്നു​ന്ന​തു്. അല്ലാ​തെ നമ്മെ ഇനി​യൊ​രി​ക്ക​ലും കാ​ണാ​തെ നമ്മു​ടെ ഹൃ​ദ​യ​ങ്ങ​ളിൽ അണ​യാ​ത്ത തീ കോ​രി​യി​ടു​ന്ന​തി​നു് നമ്മു​ടെ തമ്പി​യ​ങ്ങു​ന്നു് ഒരു​മ്പെ​ടു​ക​യി​ല്ല. അവി​ടു​ന്നു് എത്ര കാ​രു​ണ്യ​വാ​രി​ധി​യാ​ണു്.” പി​ന്നെ​യും തു​ട​രു​ന്നു: “എന്റേ​തു​പോ​ലെ എത്ര​പേ​രു​ടെ ജന്മ​മാ​ണു് തമ്പി​യ​ദ്ദേ​ഹം സഫ​ല​മാ​ക്കീ​ട്ടു​ള്ള​തു്! ഔദാ​ര്യ​ത്തി​ന്റെ പാ​ര​മ്യം, സൗ​ഹാർ​ദ്ദ​ത്തി​ന്റെ മഹശോഭ, വി​ന​യ​ത്തി​ന്റെ ഔന്ന​ത്യം, സ്നേ​ഹ​ത്തി​ന്റെ അവർ​ണ്ണ്യ​ഗ​രിമ, ഈ മഹാ​പു​രു​ഷ​നിൽ കണ്ടു. മനു​ഷ്യ​ത്വ​ത്തി​നു ശ്ര​മി​ക്കു​വാൻ കഴി​വു​ള്ള മഹാ​രാ​ജ്യ​ത്തെ​പ്പ​റ്റി ആന​ന്ദ​മുൾ​ക്കൊ​ണ്ടി​ട്ടു​ള്ള എത്ര എത്ര ആളു​ക​ളാ​ണു് ആ സാ​ന്നി​ദ്ധ്യ​ത്തിൽ നി​ന്നു വെ​ളി​യി​ലേ​ക്കു കട​ന്നി​ട്ടു​ള്ള​തു്.”

വി. കൃ​ഷ്ണൻ​ത​മ്പി സാ​ഹി​ത്യ​കാ​രൻ എന്ന നി​ല​യിൽ അത്യു​ന്ന​ത​മായ ഒരു സ്ഥാ​ന​ത്തെ അർ​ഹി​ക്കു​ന്നു. നവ്യ​മായ എന്തെ​ങ്കി​ലും ആശ​യ​വി​ശേ​ഷം സ്ഫു​രി​ക്കാ​ത്ത ഒരു വരി​യും അദ്ദേ​ഹം എഴു​തി​യി​ട്ടി​ല്ല. താ​ട​ക​വ​ധം ഭാ​വി​യിൽ ആട്ട​ക്ക​ഥ​കൾ അവ​ലം​ബി​ക്കേ​ണ്ട രൂ​പ​ത്തി​നു് ഒരു നി​ദർ​ശ​ന​മാ​ണെ​ങ്കിൽ, ധ്രു​വ​ച​രി​തം, ദ്രൗ​പ​ദീ​വി​ജ​യം, അജ്ഞാ​ത​വാ​സം, ലോ​ക​സ​ന്യാ​സി, ലളിത മു​ത​ലാ​യവ ഭാ​വി​യി​ലെ നാ​ട​ക​ങ്ങൾ​ക്കു് ഉത്ത​മ​മാ​തൃക നൽ​കു​ന്നു. സര​സ​മായ ഗദ്യം എഴു​തു​ന്ന വി​ഷ​യ​ത്തി​ലും അദ്ദേ​ഹം നല്ല സാ​മർ​ത്ഥ്യം പ്ര​കാ​ശി​പ്പി​ച്ചി​ട്ടു​ണ്ടു്. കപാ​ല​കു​ണ്ഡല തർ​ജ്ജി​മ​യി​ലും, മൃ​ണാ​ളി​നി സ്വ​ത​ന്ത്ര കഥാ​നിർ​മ്മാ​ണ​ത്തി​ലും അദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ചാ​തു​ര്യ​ത്തി​നു സാ​ക്ഷ്യം വഹി​ക്കു​ന്നു. കമ​ല​ത്തി​ന്റെ കന്നി​ക്കേ​സ്സ്, നളിനി, വി​ധി​യ​ന്ത്ര​ത്തി​രി​പ്പു് ഇത്യാ​ദി അദ്ദേ​ഹം എഴു​തി​യി​ട്ടു​ള്ള പ്ര​ഹ​സ​ന​ങ്ങ​ളും പണ്ഡി​ത​ന്മാ​രു​ടെ സവി​ശേ​ഷ​മായ പ്ര​ശം​സ​യ്ക്കു പാ​ത്ര​മാ​യി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ ഏതാ​നും ഗാ​ന​ങ്ങ​ളെ ഇവിടെ ഉദ്ധ​രി​ക്കു​ന്നു

ധന്വാ​സി–ആദി
പല്ല— കണ്ണൻ​തി​രു​മെ​യ് കു​ളി​രെ​ക്കാ​ണ്മാൻ കണ്ണാ​യി​രം​വേ​ണ്ടു
അ—പല്ല—പെ​ണ്മ​ണി​മാ​ര​ണി രു​ഗ്മി​ണി തന്നണി-​
പ്പൊൽ​ക്കു​ച​യു​ഗ​മ​ണി​യാ​യ് പി​റ​ന്നു​ള്ളോ​രു​ണ്ണി (കണ്ണൻ)
ച— ഘന​നീ​ല​നീ​ര​ദാ​ളി ശ്യാ​മ​ളം–ദിവ്യ
കന​ക​മ​ണി മകു​ട​കോ​മ​ളം താവും
പീ​താം​ബ​ര​ശ്രീ മഞ്ജു​ളം വന്നു
ദേ​വൻ​മി​ഴി​ക്ക​മൃ​ത​ശീ​ത​ളം
ശം​ഖ​ച​ക്ര​ഗ​ദാ​ക​മ​ല​ങ്ങൾ
തം​കി​ടും​ക​ര​ങ്ങൾ നാ​ലു​മ​വി​രള
കുംകുമാങ്കിതമുരസ്സുമരുണതര-​
പങ്ക​ജം പണി​യും ചര​ണ​വു​മെ​ഴും
അളി​കു​ല​വി​ലോ​ല​മ​ള​ക​ങ്ങ​ളും—ഫാല
ഗഗ​ന​ശോ​ഭി തി​ല​ക​ത്തി​ങ്ക​ളും
ഉല​കാ​കെ​യാ​ളും പു​രി​ക​ങ്ങ​ളും—കൃപാ-
ലഹ​രീ​വി​ഹാ​രി നയ​ന​ങ്ങ​ളും
കു​ന്ദ​ദ​ന്ത​രു​ചി കൗ​സ്തു​ഭ​ഗ​ള​രു​ചി
മി​ന്നി​ടും ശ്രീ​വ​ത്സ​സു​ഷമ—യഥ
പൂ​നി​ലാ​വൊ​ളി​യിൽ മു​ഴു​കു​മ​ഴ​കു​മെ​ഴും (കണ്ണ) കൃ​ഷ്ണാ​വ​താ​രം

ഭൂരികല്യാണി-​ചായ്പു്
നിനദം സു​ഖ​ദ​മേ—മു​ര​ളീ​നി​ന​ദം സു​ഖ​ദ​മേ
മധു​ര​മു​ര​ളീ​നി​ന​ദം സു​ഖ​ദ​മേ
മധു​രി​പു​മ​ധുര മു​ര​ളീ​നി​ന​ദം സു​ഖം​മേ
വി​ധു​ര​മ​ധു​രി​പു മധു​ര​മു​ര​ളീ​നി​ന​ദം സു​ഖ​ദ​മേ
സു​മ​ധു​ര​വി​ധു​ര​മ​ധു​രി​പു മധു​ര​മു​ര​ളീ നിനദം സു​ഖ​ദ​മേ.
ചതു​ര​സു​മ​ധുര വി​ധു​ര​മ​ധു​രി​പു മധു​ര​മു​ര​ളീ​നി​നാ​ദം സു​ഖ​ദ​മേ.
ശൃ​ണു​തം ശ്ര​വ​ണേ! സതതം വി​ഗ​ത​ക​ദ​നം നിനദം സു​ഖ​ദ​മേ. കൃ​ഷ്ണാ​വ​താ​രം

ശീ​മ​യിൽ​നി​ന്നു് തന്റെ പ്രി​യ​പ​ത്നി​ക്ക​യ​ച്ച ശ്ലോ​ക​രൂ​പ​മായ കത്തിൽ ഒരു ഭാഗം–

‘കാ​ല​ത്തേ സര​സ​മ്മ തന്റെ സര​സാ​ലാ​പാ​ലു​ണർ​ന്നു​ള്ള​തും
നീ​രാ​ടീ​ട്ടു ജനാർ​ദ്ദ​ന​ന്റെ പദതാർ കൂ​പ്പാ​ന​ണ​ഞ്ഞു​ള്ള​തും
തൊ​ണ്ണൂ​റാം​പ​ടി കേറവേ കഴൽ​ക​ഴ​പ്പു​ണ്ടാ​യൊ​ര​ക്കു​ന്ന​തും
കണ്ണൻ​ചേ​വ​ടി കണ്ട​നേ​ര​മ​ഖി​ലം മണ്ടി​പ്പ​റ​ന്നു​ള്ള​തും
ഹും​കാ​ര​ത്തൊ​ട​ടി​ച്ചു് തീ​ര​മ​ഖി​ലം ഭസ്മീ​ക​രി​ക്കും​വി​ധം
ഗാം​ഭീ​ര്യം പെ​രു​കു​ന്നൊ​രം​ബു​ധി​യ​തിൻ​തീ​ര​ത്തു നാം നി​ന്ന​തും
അപ്പോ​ഴാ​യ​തി​നോ​ടു സാ​മ്യ​മി​യ​ലാൻ നമ്മൾ​ക്കെ​ഴും രൂ​ഢ​മാം
പ്രേ​മം​താ​നൊ​രു​വ​സ്തു കണ്ട​തു​മ​യേ മയ്ക്ക​ണ്ണി​യോർ​ക്കു​ന്നു​വോ?
നമ്മൾ​ക്കു​ള്ള​നു​രാ​ഗ​മ​ങ്ങു​ട​ലെ​ടു​ത്തു​ണ്ടാ​യൊ​ര​പ്പു​ത്രി​തൻ
തേൻ​ചോ​രും നറും​കൊ​ഞ്ചൽ കാ​തി​നു സദാ സാ​ഫ​ല്യ​മേ​കീ​ട​വേ
സ്വർ​ഗ്ഗം ഭാ​വി​യി​ലെ​ന്നു മൂഢർ മു​റ​യി​ട്ടീ​ട​ട്ടെ​യോർ​ത്താ​ലി​തേ
സ്വർ​ഗ്ഗം​താ​നി​തി നാം നി​ന​ച്ച​തു​മ​യേ മയ്ക്ക​ണ്ണി​യോർ​ക്കു​ന്നു​വോ?

താ​ട​ക​വധ ആട്ട​ക്ക​ഥ​യേ​പ്പ​റ്റി ഒന്നു​ര​ണ്ടു വാ​ക്കു പറ​യാ​തി​രി​ക്കാൻ തര​മി​ല്ല. മി. തമ്പി താ​ട​കാ​വ​ധം കഥയിൽ ആര്യ​ന്മാർ​ക്കും ദ്രാ​വി​ഡ​ന്മാർ​ക്കും തമ്മി​ലു​ള്ള മത്സ​ര​ത്തേ​യാ​ണു് ചി​ത്രീ​ക​രി​ച്ചു കാ​ണി​ക്കു​ന്ന​തു്. അദ്ദേ​ഹ​ത്തി​ന്റെ താടക മഹാ പരാ​ക്ര​മ​ശാ​ലി​നി​യും ‘സു​ര​വ​ധൂ​വ​പുർ​മ്മാ​ധു​രീ​സ​മം സമ​ഭാ​വി​നി’യും സകല യാ​തു​ധാ​നേ​ശ്വ​രി​യു​മാ​കു​ന്നു.

ദേ​വ​ന്മാർ

തുഛം ദാ​ന​വ​ബ​ല​മെ​ന്നു കരുതി നിൻ​കാ​ടു​കൾ
സ്വ​ഛ​ന്ദ​മ​വർ പൂ​കു​ന്നു.

എന്നു കേ​ട്ടി​ട്ടു്, ‘ഗോ​നി​ധ​നാ​ദി​ത​ന്ത്ര​ങ്ങൾ ഗൂഢതര ദു​ഷ്കർ​മ്മ​ങ്ങൾ’ അനു​ഷ്ഠി​ക്കു​ന്ന​വ​രായ അവ​രു​ടെ,

‘കടു​നി​ണം കു​ടി​ക്കാ​തെ
കടു​കോ​ളം കൊ​ടു​ക്കി​ല്ലെൻ
കടു​കോ​പ​മി​തു സത്യം’

എന്നു ശപഥം ചെ​യ്തു​കൊ​ണ്ടു യു​ദ്ധ​ത്തി​നു പു​റ​പ്പെ​ടു​ന്നു. അവൾ ധർ​മ്മ​നി​ഷ്ഠ​യും ‘പശു​വ​ധം’ ചെ​യ്യാ​ത്ത​വ​ളും ആകു​ന്നു. എന്നാൽ ശത്രു​വാ​യ്വ​ന്ന രാ​മ​ച​ന്ദ്ര​നെ കണ്ട​മാ​ത്ര​യിൽ മദ​ന​പ​ര​വ​ശ​യാ​യ് തീർ​ന്നി​ട്ടു പറ​യു​ന്നു:

പല്ല​വി–കമ​നീ​യാം​ഗ​നി​താ​രോ കവ​രു​ന്നു കണ്ണിണ
അ–പ–കാ​ന​ന​നീ​ലി​മ​യിൽ പൂ​നി​ലാ​വൊ​ളി പൂശി
നീ​ര​ദ​നി​ക​ര​നി​ലീന നവോ​ദിത
പൂർ​ണ്ണ​സോമ സാർ​വ്വ​ഭൗമ
സദൃ​ശാ​തി​ശേ​ാ​ഭി​ത​ത​നു കമ​നീ​യാംഗ
ചര— കാ​ക​പ​ക്ഷ​സു​ന്ദ​രം–ബിം​ബാ​ധ​ര​മ​ധു​രം
ഗണ്ഡം​മു​കു​രോ​ജ്വ​ലം–മന്ദ​സ്മേ​ര​വ​ദ​നം
കോ​ദ​ണ്ഡ​ശ്രീ​മ​ഞ്ജു​ളം–സിം​ഹ​സം​ഹ​ത​ഗാ​ത്രം
രൂപം നി​രു​പ​മം–ദു​രു​പ​മി​ത​മ​വ​നി​യിൽ
പണ്ടു​ക​ണ്ടു​മി​ല്ല​തെ​ല്ലു​മി​വ​നോ​ടു തുല്യരൂപി-​
മു​ദി​ത​മെൻ മാനസ–മതം​ഗ​ജ​മ​തി​ലേ​റി കമനീ
മദ​ന​മ​ഹാ വി​ജ​യ​മ​ഹാ​മ​ഹിമ കൊ​ണ്ടാ​ടി
മരു​വു​കി​ലൊ​രു​കു​റി മമതനു ജീവിത-​
മഖി​ല​മി​ന്നു സഫ​ല​മെ​ന്നു
കരു​തു​ന്നു ഞാൻ സപദി. കമനീ

എന്നാൽ യു​ദ്ധം ചെ​യ്വാൻ ഒരു​ങ്ങി​പ്പു​റ​പ്പെ​ട്ട താടക അഭി​മാ​ന​പു​ര​സ്സ​രം തന്റെ അഭി​ലാ​ഷ​ത്തെ അട​ക്കി​നിർ​ത്താൻ ശ്ര​മി​ക്കു​ന്നു. ശ്രീ​രാ​മ​നും അവ​ളു​ടെ രൂ​പ​ലാ​വ​ണ്യ​ത്താൽ വി​ജി​ത​നാ​യി​ത്തീ​രു​ന്നു. അവളെ എങ്ങ​നെ വധി​പ്പൂ എന്നു് അദ്ദേ​ഹം സം​ശ​യി​ച്ചു നി​ല്ക്കു​ന്നു.

‘സ്ത്രീ​വ​ധ​വും ചെ​യ്യു​മാ​റു’ ഞാൻ എന്ത​പ​രാ​ധം ചെ​യ്തു? എന്നി​ങ്ങ​നെ മദ​ന​ക്ലി​ഷ്ട​യായ താടക ചോ​ദി​ക്ക​വേ, അദ്ദേ​ഹം വല്ലാ​തെ വി​ഷ​മി​ച്ചു​പോ​കു​ന്നു. എന്നാൽ പു​രോ​ഹി​ത​നായ വി​ശ്വാ​മി​ത്ര​നു യാ​തൊ​രു സങ്കോ​ച​വു​മി​ല്ല. അദ്ദേ​ഹം അവളെ വധി​ക്കു​ന്ന​തി​നു​ള്ള ന്യാ​യ​ങ്ങൾ എടു​ത്തു​പ​റ​ഞ്ഞു് രാ​മ​നെ​ക്കൊ​ണ്ടു് സ്ത്രീ​ഹ​ത്യ എന്ന മഹാ​പാ​ത​കം ചെ​യ്യി​ക്കു​ന്നു.

രാമ! ഞാ​ന​പ​രാ​ധം കി​ന്തു ചെ​യ്തേൻ
സൗ​മ്യ​ഗു​ണ​വ​സ​തേ സാ​ര​സ​നേ​ത്ര രാമ
നിൻ​ക​ണ​കൾ മെ​യ്പി​ളർ​ന്നു് നിൻ​ക​നി​വു തകർ​ന്നും
പങ്ക​ജാ​ക്ഷ! കഥ​മി​ന്നു സങ്ക​ടം ഞാൻ സഹി​ക്കു​ന്നു
പാർ​വ​ണ​വി​ധു​വ​ദ​നം താവകം ഞാൻ കാ​ണ്മോ​ളം
പ്രാ​ണ​നെ വെ​ടി​യു​മോ പ്രാ​ണ​വേ​ദ​ന​യും പോമോ?

എന്നി​ങ്ങ​നെ വി​ല​പി​ക്കു​ന്ന താ​ട​ക​യോ​ടു് ശ്രീ​രാ​മൻ

കാ​ളി​മ​മൂർ​ത്തി​യാ​യ് ക്രൂ​ര​സ്വ​രൂ​പി​ണീ
താ​ട​ക​യെ​ന്നു കേ​ട്ടേൻ കണ്ടീല ഞാ​നെ​ങ്കി​ലോ
സൗ​ന്ദ​ര്യ​ത്തി​നൊ​ര​ണി​മ​ന്ദി​ര​മാ​മൊ​രു നീ
ഇന്ന​ത്താ​ട​ക​യെ​ന്നാൽ എങ്ങ​നെ ഞാൻ വി​ശ്വ​സി​പ്പൂ?

എന്നു ചോ​ദി​ച്ച​തി​നു് കാ​ളി​മ​മൂർ​ത്തി​യാ​യ് കണ്ട​തു് അവർ​ക്കു് ഉള്ളിൽ കാ​ണു​ന്ന കാ​ള​കൂ​ട​മാ​ണെ​ന്നും താ​ട​ക​യ​ല്ലെ​ന്നും മറു​പ​ടി പറ​ഞ്ഞ​പ്പോൾ രാ​മ​ച​ന്ദ്രൻ തനി​ക്കു പറ്റിയ അബ​ദ്ധ​ത്തെ ഓർ​ത്തു് ഓരാ​ത്മ​പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങു​ന്നു.

മി. തമ്പി​യു​ടെ ദ്രൗ​പ​ദീ​വി​ജ​യാ​ദി ഇതര കഥ​ക​ളി​ലും ഇതു​പോ​ലു​ള്ള സ്വ​ത​ന്ത്ര​വ്യാ​ഖ്യാ​ന​ങ്ങൾ കാണാം.

പദ്യ​മ​യ​മായ നാടകം ഇദം​പ്ര​ഥ​മ​മാ​യി ഭാ​ഷ​യിൽ നട​പ്പു​വ​രു​ത്തി​യ​തു് മി. തമ്പി​യാ​യി​രു​ന്നു. ധ്രു​വ​ച​രി​തം, ഉർ​വ്വ​ശി ഈ രണ്ടു നാ​ടി​ക​ക​ളും അല്പ​സ​മ​യം​കൊ​ണ്ടു് അഭി​ന​യി​ച്ചു തീർ​ക്കാ​വു​ന്ന​വ​യും പദ്യ​മ​യ​വു​മാ​കു​ന്നു. ഓരോ​ന്നി​ലും മൂ​ന്നു നാലു രം​ഗ​ങ്ങൾ വീ​ത​മേ​യു​ള്ളു. ഉർ​വ്വ​ശി​യിൽ പു​രൂ​ര​വ​സ്സി​ന്റെ വി​പ്ര​ലം​ഭ​ദ​ശ​യെ വർ​ണ്ണി​ക്കു​ന്ന ഒരു ഭാഗം ഉദ്ധ​രി​ക്കാം. പു​രൂ​ര​വ​സ്സ്: (ഒരു മയി​ലി​നെ കണ്ട​താ​യി നടി​ച്ചു് ഉല്ക്ക​ണ്ഠ​യോ​ടു​കൂ​ടി)

കണ്ടാ​യോ വല്ലേ​ട​വും ചെ​ല്ലെ​ടോ സഖേ! നീല-
കണ്ഠ നീ കം​ബു​ക​ണ്ഠി​യാ​കു​മെൻ കാ​ന്ത​യാ​ളേ?
(മയിൽ മി​ണ്ടാ​യ്ക​യാൽ നി​രു​ത്സാ​ഹ​വാ​നാ​യ്)
നർ​ത്ത​ന​ഭം​ഗി​യാ​ലെ തന്നു​ടെ വല്ലഭാനു-​
വർ​ത്ത​ന​ര​ത​നി​വൻ കേൾ​പ്പ​തി​ല്ലെൻ​മൊ​ഴി​കൾ
അന്ന​മ​ന്നവ! ക്ഷണം നി​ന്നൊ​രു വാക്കുരയ്ക്ക-​
യെ​ന്നു​ടെ ദയി​ത​യേ​ക്ക​ണ്ടു​വോ ഭവാ​നെ​ങ്ങാൻ?
(അന്ന​വും മി​ണ്ടാ​യ്ക​യാൽ നിർ​വ്വി​ണ്ണ​നാ​യ്)
ചു​ണ്ടി​നാൽ ബി​സ​ഖ​ണ്ഡം പ്രി​യ​യ്ക്കാ​യ് വഹി​ക്കു​മ്പോൾ
മി​ണ്ടാ​തെ കണ്ട​തു നട​കൊ​ണ്ടി​തു മന്ദം​മ​ന്ദംഒരു കു​യി​ലി​നെ കണ്ട​താ​യി നടി​ച്ചി​ട്ടു്
കോകില! കഥി​ക്കെ​ടോ കാ​ക​ദീ​ക​ള​ഭം​ഗ്യാ
കാ​ത​രാ​ക്ഷി​തൻ കഥ​യേ​താ​നു​മ​റി​വോ​ളം

കഥാ​കാ​ല​ക്ഷേ​പ​ത്തി​നാ​യി ഭാ​ഷ​യിൽ ചില കൃ​തി​കൾ ഇതി​നി​ട​യ്ക്കു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും, വി. കൃ​ഷ്ണൻ​ത​മ്പി അവർ​ക​ളു​ടെ കഥ​കൾ​ക്കു​ള്ള സ്വാ​ര​സ്യം അവ​യ്ക്കൊ​ന്നി​നു​മി​ല്ല. ഇങ്ങ​നെ ബഹു​മു​ഖ​മാ​യി ഭാഷയെ പരി​പോ​ഷി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന ഈ ഭാ​ഷാ​ഭി​മാ​നി ചി​ര​കാ​ലം പൗ​ര​സ്ത്യ​ഭാ​ഷാ​വ​കു​പ്പി​ന്റെ അധ്യ​ക്ഷ​പ​ദം അല​ങ്ക​രി​ച്ചു ജീ​വി​ക്കു​ന്ന​തി​നു പകരം ഈ വിധം നമ്മെ​യൊ​ക്കെ വി​ട്ടു​പൊ​യ്ക്ക​ള​ഞ്ഞ​തു് നമ്മു​ടെ ഭാ​ഗ്യ​ദോ​ഷ​മെ​ന്നേ പറ​യേ​ണ്ടു.

“ദി​ഷ്ട​ക്കേ​ടാൽ വരു​വ​തു പരി​ഹാ​ര​മി​ല്ലാ​ത്ത​ത​ല്ലോ” എന്നു സമാ​ധാ​നി​ക്കാം.

ഈ. വി. കൃ​ഷ്ണ​പി​ള്ള

സര​സ​ഗ​ദ്യ​കാ​ര​നെ​ന്നും ഫലി​ത​സ​മ്രാ​ട്ടെ​ന്നും ചെ​റു​ക​ഥാ​കൃ​ത്തെ​ന്നും സു​പ്ര​സി​ദ്ധ​നായ ഈ. വി. കൃ​ഷ്ണ​പി​ള്ള 1070 ചി​ങ്ങം 3-ാം തീയതി കു​ന്ന​ത്തൂർ ഈഞ്ച​ക്കാ​ട്ടു് പു​ത്തൻ​വീ​ടായ ആല​ത്തൂർ വീ​ട്ടിൽ ജനി​ച്ചു. നാ​ട്ടി​ലു​ള്ള പ്രാ​ഥ​മിക വി​ദ്യാ​ല​യ​ങ്ങ​ളിൽ പഠി​ച്ച​ശേ​ഷം ആല​പ്പുഴ സനാ​ത​ന​ധർ​മ്മ​വി​ദ്യാ​ല​യ​ത്തിൽ ചേർ​ന്നു് മെ​ട്രി​ക്കു​ലേ​ഷൻ പരീ​ക്ഷ​യും, കോ​ട്ട​യം കാ​ളേ​ജിൽ​നി​ന്നു് ഇന്റർ​മീ​ഡി​യ​റ്റു പരീ​ക്ഷ​യും, തി​രു​വ​ന​ന്ത​പു​രം മഹാ​രാ​ജാ​സ് കാ​ളേ​ജിൽ നി​ന്നു് ബി. ഏ. പരീ​ക്ഷ​യും പാ​സ്സാ​യി. സാ​ഹി​ത്യ​കു​ശ​ലൻ സി. വി. രാ​മൻ​പി​ള്ള​യു​ടെ പു​ത്രി​യായ മഹേ​ശ്വ​രി​യ​മ്മ​യെ വി​വാ​ഹം ചെ​യ്തു. കു​റേ​ക്കാ​ലം അസി​സ്റ്റ​ന്റു തഹ​ശീൽ​ദാർ ഉദ്യോ​ഗം വഹി​ച്ചു. പി​ന്നീ​ടു് ബി. എൽ. പരീ​ക്ഷ​യിൽ പാ​സ്സാ​വു​ക​യും കൊ​ല്ല​ത്തു പ്രാ​ക്ടീ​സു തു​ട​ങ്ങു​ക​യും ചെ​യ്തു. അവി​ടെ​നി​ന്നു് തി​രു​വ​ന​ന്ത​പു​ര​ത്തു താമസം തു​ട​ങ്ങി. വീ​ണ്ടും ഒരു വി​വാ​ഹ​ബ​ന്ധ​ത്തിൽ ഏർ​പ്പെ​ട്ടു. ടെ​ക്സ്റ്റു​ബു​ക്കു​ക​മ്മി​റ്റി, ശ്രീ​മൂ​ലം അസം​ബ്ളി മു​ത​ലാ​യ​വ​യിൽ മെ​മ്പ​റാ​യി​രു​ന്നു. സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്റെ സി​ക്ര​ട്ട​റി​യാ​യും ഇരു​ന്നി​ട്ടു​ണ്ടു്. 1113 മീ​ന​മാ​സം 17-ാം തീയതി മരി​ച്ചു.

ഈ. വി. ഒന്നാം​ത​രം നടനും നാ​ട്യ​കാ​ര​നും ആയി​രു​ന്നു. ശ്രീ​ചി​ത്തി​ര​തി​രു​നാൾ വാ​യ​ന​ശാ​ല​ക്കാർ​ക്കു് വർ​ഷം​തോ​റും അഭി​ന​യി​ക്കു​ന്ന​തി​നു​ള്ള നാ​ട​ക​ങ്ങൾ അദ്ദേ​ഹ​മാ​ണു് എഴു​തി​ക്കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​തു്. രാജാ കേ​ശ​വ​ദാ​സ് നാ​ട​ക​ത്തിൽ മാ​ത്തൂർ തര​ക​ന്റെ വേ​ഷം​കെ​ട്ടി പ്ര​സി​ദ്ധി സമ്പാ​ദി​ച്ചി​ട്ടു​ണ്ടു്. ഫലിതം പറ​യു​ന്ന​തി​നും എഴു​തു​ന്ന​തി​നും വലിയ വി​രു​ത​നാ​യി​രു​ന്ന​തി​നാൽ അദ്ദേ​ഹ​ത്തി​നു് ഫലി​ത​സ​മ്രാ​ട്ടു് എന്ന പേർ പതി​ഞ്ഞു. ചെ​റു​ക​ഥാ​പ്ര​സ്ഥാ​ന​ത്തെ പോ​ഷി​പ്പി​ക്കു​ന്ന​തി​നു കേ​ളീ​സൗ​ധം നാ​ലു​ഭാ​ഗം, മറ്റ​നേ​കം ചെ​റു​ക​ഥ​കൾ, ചി​രി​യും ചി​ന്ത​യും, പോ​ലീ​സു​രാ​മാ​യ​ണം ഇത്യാ​ദി ഒട്ടു വളരെ കൃ​തി​കൾ ചമ​ച്ചി​ട്ടു​ണ്ടു്. അദ്ദേ​ഹ​ത്തി​ന്റെ തൂ​ലി​കാ​ചി​ത്ര​ങ്ങ​ളെ​ല്ലാം ഒരു​പോ​ലെ രസാ​വ​ഹ​ങ്ങ​ളാ​യി​രു​ന്നു. രസി​ക​നിൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​ക്കെ​ാ​ണ്ടി​രു​ന്ന ആ ചി​ത്ര​ങ്ങ​ളെ ശേ​ഖ​രി​ച്ചു പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യാൽ കൊ​ള്ളാം. ബാ​ഷ്പ​വർ​ഷം അതി​സ​ര​സ​മായ ഒരു കഥ​യാ​ണു്.

അദ്ദേ​ഹ​ത്തി​ന്റെ നാ​ട​ക​ങ്ങ​ളിൽ പലതും സമു​ദായ ദൂ​ഷ്യ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​യാ​ണു്. രാ​ജാ​കേ​ശ​വ​ദാ​സൻ, സീ​താ​ല​ക്ഷ്മി, കവി​ത​ക്കേ​സ്സു്, ഇര​വി​ക്കു​ട്ടി​പ്പി​ള്ള, രാ​മ​രാ​ജ്യാ​ഭി​ഷേ​കം, ബി. ഏ. മാ​യാ​വി, വേ​ലു​ത്ത​മ്പി​ദ​ള​വാ ഇവ​യെ​ല്ലാം കലാ​ദൃ​ഷ്ട്യാ നോ​ക്കു​മ്പോൾ വി​ക​ല​ങ്ങ​ളാ​യി തോ​ന്നാ​മെ​ങ്കി​ലും സാ​ഹി​ത്യ​ത്തി​നു​ള്ള നല്ല നേ​ട്ട​ങ്ങ​ള​ല്ലെ​ന്നു പറ​യാ​വു​ന്ന​ത​ല്ല. ലോ​ക​ത്തി​ലെ സക​ല​മാ​തി​രി മനു​ഷ്യ​രേ​യും, അവ​രു​ടെ ഭാ​വ​വി​ശേ​ഷ​ങ്ങ​ളേ​യും സം​ഭാ​ഷ​ണ​ങ്ങ​ളേ​യും അദ്ദേ​ഹം ചി​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടു്.

ലോകം അനു​ഭോ​ഗ​യോ​ഗ്യ​മായ ഒരു വസ്തു​വാ​യി​ട്ടാ​ണു് അദ്ദേ​ഹം കരു​തി​പ്പോ​ന്ന​തു്. ഏതു​വി​ധ​ത്തി​ലും അതിൽ​നി​ന്നു സു​ഖ​ത്തെ ഊറ്റി​യെ​ടു​ത്തു് ആവോളം പാനം ചെ​യ്യ​ണ​മെ​ന്ന ഒരു വി​ചാ​ര​മേ അദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു​ള്ളു. അതി​നു​വേ​ണ്ടി എന്തു​ചെ​യ്യാ​നും അദ്ദേ​ഹ​ത്തി​നു മടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തെ ഒരു വൻ​ചി​രി​യാ​യി​ട്ടാ​ണു് അദ്ദേ​ഹം വീ​ക്ഷി​ച്ച​തു്. അതി​നാൽ എല്ലാ​വ​രേ​യും ചി​രി​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ ജീ​വി​തം നയി​ച്ചു. ഈ. വി. യ്ക്കു ഭാ​ഷ​യിൽ ഒരു ഉന്ന​ത​സ്ഥാ​നം എന്നേ​യ്ക്കും ഉണ്ടാ​യി​രി​ക്കും എന്നു​ള്ള​തി​നു സം​ശ​യ​മേ​യി​ല്ല.

സഞ്ജ​യൻ–എം. ആർ. നായർ

പാ​റ​പ്പു​റ​ത്തു സഞ്ജ​യൻ അഥവാ പി. എസ്സ് എന്ന കൃ​ത്രി​മ​പ്പേ​രിൽ അറി​യ​പ്പെ​ടു​ന്ന എം. ആർ. നായർ 1078-ൽ ജനി​ച്ചു. എം. ഏ. പാ​സ്സാ​യ​ശേ​ഷം സ്വ​പി​താ​വി​ന്റെ കാ​ല​ടി​ക​ളെ തു​ടർ​ന്നു് ലേ​ഖ​ന​വ്യ​വ​സാ​യ​ത്തിൽ ഏർ​പ്പെ​ട്ടു. ഫലി​ത​ര​സ​സാ​മ്രാ​ട്ടാ​യി​രു​ന്ന സഞ്ജ​യ​ന്റെ ലേ​ഖ​ന​ങ്ങൾ വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത മല​യാ​ളി​കൾ ഇന്നു​ണ്ടെ​ങ്കിൽ അവ​രു​ടെ അവസ്ഥ വളരെ ശോ​ച​നീ​യ​മെ​ന്നേ പറ​യേ​ണ്ടു. കേ​ര​ള​പ​ത്രി​ക​യു​ടെ എട്ടാം​കാ​ളം അദ്ദേ​ഹ​ത്തി​നാ​യി വി​ട്ടി​രു​ന്നു. പത്രം കി​ട്ടി​യാൽ ആദ്യ​മാ​യി അതാ​ണു് സാ​ധാ​രണ ആളുകൾ വാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്ന​തു്.

കേ​ര​ള​ത്തിൽ ബഹു​ര​സം, ബഹു​ചി​രി, വി​ദൂ​ഷ​കൻ മു​ത​ലായ പലേ വി​നോ​ദ​പ​ത്രി​ക​കൾ മു​മ്പു​ണ്ടാ​യി​ട്ടു​ണ്ടു്. അവയിൽ കാ​ണാ​റു​ണ്ടാ​യി​രു​ന്ന പരി​ഹാ​സ​ലേ​ഖ​ന​ങ്ങൾ പ്രാ​യേണ പു​രു​ഷ​വി​ദ്വേ​ഷ​പ​ര​ങ്ങ​ളാ​യി​രു​ന്നു. സഞ്ജ​യ​നാ​ക​ട്ടേ അത്യുൽ​കൃ​ഷ്ട​മായ ഒരു ആദർ​ശ​ത്താൽ പ്രേ​രി​ത​നാ​യി തൂ​ലി​കാ​ചാ​ല​നം നട​ത്തി, അല്പ​ജീ​വി​ത​ത്തി​നി​ട​യിൽ കേ​ര​ളീ​യ​രു​ടെ സ്നേ​ഹ​ഭാ​ജ​ന​മാ​യി​ത്തീർ​ന്നു.

സ്വാ​ഗ​തം ജഗ​ന്മാ​തൃ​കാ ഹാ​സ്യ​മേ
സ്വാ​ഗ​തം ചിൽ​പ്ര​കാ​ശ​സ്വ​രൂ​പി​ണീ
കണ്ണു​നീ​രി​ലും കാർ​വി​ല്ലു​കാ​ണി​ക്കും
പു​ണ്യ​ര​ശ്മി​നിൻ മന്ദ​ഹാ​സാ​ങ്കു​രം.
കാ​ല​ഭോ​ഗി കടി​ച്ചേ​റ്റ ദുഃ​ഖ​മാം
കാ​ള​കൂ​ടം ഹരി​ക്കു​മ​മൃ​തു നീ;
സമ്യ​ഗീ​ക്ഷ​ണം വീ​ണ്ടും തെ​ളി​യി​പ്പാൻ
സാ​മ്യ​മ​റ്റു​ള്ളി​ള​ന്നീർ​കു​ഴ​മ്പു നീ.
ഭാ​വി​തൻ കരാ​ളാ​ന്ധ​കാ​ര​ത്തെ​യും
ഭാ​സു​ര​മാ​ക്കു​മ​ത​ത്ഭു​ത​ദീ​പ്തി നീ
ത്വൽ​സ​കാ​ശം നി​താ​ന്ത​ശാ​ന്തി​പ്ര​ദം
ത്വൽ​സ​മാ​ഗ​മം ചി​ദ്ര​സാ​സ്വാ​ദ​നം
സ്വാ​ഗ​തം ജഗ​ന്മാ​തൃ​കാ ഹാ​സ്യ​മേ
സ്വാ​ഗ​തം ചിൽ​പ്ര​കാ​ശ​സ്വ​രൂ​പി​ണീ

എന്നി​ങ്ങ​നെ​യാ​ണു് അദ്ദേ​ഹം ഹാ​സ്യ​ദേ​വ​ത​യ്ക്കു സ്വാ​ഗ​തം പറ​ഞ്ഞി​രി​ക്കു​ന്ന​തു്–അദ്ദേ​ഹം പരി​ഹ​സി​ക്ക​യ​ല്ലാ​തെ ആരെ​യും ശകാ​രി​ച്ചി​ട്ടി​ല്ല.

‘പരി​ഹാ​സ​പ്പു​തു​പ​നീർ​ച്ചെ​ടി​ക്കെ​ടോ
ചി​രി​യ​ത്രേ പു​ഷ്പം, ശകാരം മു​ള്ളു​താൻ’

എന്നാ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ മതം.

കര​ളെ​രി​ഞ്ഞാ​ലും തല പു​ക​ഞ്ഞാ​ലും
ചി​രി​ക്ക​ണ​മ​തേ വി​ദൂ​ഷ​ക​ധർ​മ്മം.

വി​ഷാ​ദാ​ത്മ​ക​ത​യിൽ മു​ഴു​കി, വാ​യ​ന​ക്കാ​രെ തൂ​ങ്ങി​മ​രി​ക്കാൻ പ്രേ​രി​പ്പി​ക്കു​ന്ന ജീ​വ​ത്സാ​ഹി​ത്യ​കാ​ര​ന്മാ​രെ നോ​ക്കി അദ്ദേ​ഹം പറ​ഞ്ഞി​രി​ക്കു​ന്ന​തു നോ​ക്കുക:

ചി​രി​ക്കു​വാ​നൊ​രി​ക്ക​ലെൻ സഹജരേ സഖാ​ക്ക​ളേ
ചി​രി​യാൽ താൻ മനു​ഷ്യ​ന്നു മൃ​ഗേ​ത​ര​ത്വം
സാ​ഹി​ത്യ​ത്തെ​പ്പോ​ലും ചളി​ക്കു​ണ്ടി​ലാ​ഴ്ത്തി​ക്കി​ട​ത്തു​വാൻ
മോ​ഹി​ച്ചീ​ടും ജീ​വൽ​സാ​ഹി​ത്യാ​ചാ​ര്യ​ന്മാ​രേ
പരസ്പരസ്പർദ്ധയിലാണുലകത്തിന്നവശതാ-​
പരി​ഹാ​ര​മെ​ന്നു കണ്ടു ക്ഷോ​ഭം ചെ​യ്വോ​രേ
വി​ദ്വേ​ഷ​ക്കാ​റ്റൂ​തി​യൂ​തി വി​പ്ള​വ​ത്തീ ജ്വലിപ്പിക്കാ-​
നു​ദ്യോ​ഗി​ക്കു​മീർ​ച്ച​പ്പൊ​ടി​ത്ത​ല​ച്ചോ​റ​രേ
പട്ടി​ണി​തൻ​പൊ​റു​തി​ക്കാ​യ് നി​ണ​ക്കൊ​ടി പറ​പ്പി​ച്ചു
പട്ട​ണ​പ്ര​ദ​ക്ഷി​ണ​ത്തി​ന്നൊ​രു​ങ്ങു​വോ​രേ
സോ​ദ​ര​രേ! (മഹാ​ക​വി പറ​ഞ്ഞ​പോൽ) ചതി​ക്കൊ​ല്ലേ
‘സ്വോ​ദ​രം​ഭ​രി​ക​ളാ​യി​ത്തി​ര്യ​ഗ്വർ​ഗ്ഗ​ത്തിൽ’
ചി​രി​ക്കു​വിൻ

വി​ഷാ​ദാ​ത്മ​ക​ത്വ​ത്തെ നാ​ട്ടിൽ നി​ന്നു് ആട്ടി​പ്പാ​യി​ച്ചു് തൽ​സ്ഥാ​ന​ത്തു് പ്ര​സാ​ദാ​ത്മ​ക​ത്വ​ത്തെ സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന ഉദ്ദേ​ശം.

സരോ​ജ​ശ്രീ തെ​ളി​യി​ക്കും പൊ​ന്നു​ഷ​സ്സേ കാന്തിപൂര-​
സരോ​ല​സ​ന്മ​രാ​ളി​കേ, പ്ര​സാ​ദാ​ത്മി​കേ!
നിൻ പു​ഞ്ചി​രി​പ്ര​ഭാ​ഝ​രി​ത​ന്നി​ലൊ​രി​ത്തി​രി​നേ​രം
നിൻ​പ​ദാ​ബ്ജം തലോടി ഞാൻ മു​ഴു​കീ​ട​ട്ടെ.
വി​ഷ​മ​യ​മ​നീ​ശ്വ​ര​മു​ല​കെ​ന്നു സമർ​ത്ഥി​പ്പാൻ
വി​ഷാ​ദാ​ത്മ​ക​ന്മാ​രെ​ന്നെ ക്ഷ​ണി​ച്ചു നിൽ​പ്പൂ
അനന്തമാമിരുളിൽനിന്നനന്തമാമിരുളിലേ-​
യ്ക്ക​ന​ന്ത​തൻ ഗതി​യെ​ന്നു സി​ദ്ധാ​ന്തി​ക്കു​വോർ
പരാൽ​പ​ര​വി​ഭൂ​തി​ക​ള​സം​ഖ്യ​താ​രക,ളല്ലിൻ-​
നി​രാ​ശ​തൻ ടി​പ്പ​ണി​യാ​യ് വ്യാ​ഖ്യാ​നി​ക്കു​വോർ
ആശാ​ശ​ത​ശ​രോൽ​പാ​ത​വ്ര​ണി​ത​രാ​യ് പിടയവേ-​
യീ​ശാ​വാ​സ്യ​മി​ദ​മെ​ന്നു വി​സ്മ​രി​ക്കു​വോർ
വേ​ദാ​ന്തം ഞാൻ പറകയല്ലവരോതുമസംബന്ധ-​
മോ​താ​ന​വ​രൊ​ഴി​ച്ചു​ള്ളോർ​ക്ക​സാ​ധ്യ​മ​ല്ലേ?
അവർ​ക്കേ​തും പറഞ്ഞീടാമവരെന്തുപറഞ്ഞാലു-​
മവ​ഭൃ​ത​സ്നാ​തൻ​ഞാ​നി​പ്ര​ഭാ​സി​ന്ധു​വിൽ
അവ​രു​ര​പ്പ​തു സർവം ശരി​യെ​ന്നു തെളിഞ്ഞാലു-​
മി​വ​നാ​ക്കൂ​രി​രുൾ​ക്കു​ഴി​ത​ന്നി​ലേ​ക്കി​ല്ല.
സരോ​ജ​ശ്രീ തെ​ളി​യി​ക്കും പൊ​ന്നു​ഷ​സ്സേ കാന്തിപൂര-​
സരോ​ല​സ​ന്മ​രാ​ളി​കേ പ്ര​സാ​ദാ​ത്മി​കേ
സൂ​ര്യ​കാ​ന്ത​ക്ക​ല്ലു​പോ​ലെൻ പ്ര​തിഭ നിൻപ്രകാശത്തി-​
ലായി സത്യ​ജ്വാ​ല​ക​ളാ​ല​ധൃ​ഷ്യ​മാ​യ്‍പോ​യ്

അദ്ദേ​ഹ​ത്തി​ന്റെ പ്ര​സാ​ദാ​ത്മ​ക​ത്വം വാ​സ്ത​വ​ത്തിൽ അപ്ര​ധൃ​ഷ്യം തന്നെ​യാ​യി​രു​ന്നു. നോ​ക്കുക: (ഗു​ണ​മേ​റും ഭർ​ത്താ​വേ എന്ന മട്ടു്)

കരകാണാക്കണ്ണീർക്കരിങ്കടലി-​
ലൊ​രു​ചി​രി​ത്തോ​ണി​യി​റ​ക്കു​വാ​നാ​യ്
മു​തി​രും ഞാൻ നടു​ഭ്രാ​ന്ത​നെ​ന്നു ലോകം
മു​ഴു​വൻ പഴി​ച്ചാ​ലും കൂ​സ​ലെ​ന്യേ
കട​ലെ​ന്നോ ദുഃ​സ്വ​പ്നം കണ്ടപോലി-​
ങ്ങു​ട​നു​ടൽ ഞെ​ട്ടി ഞര​ങ്ങി​യാ​ലും
നി​ഴ​ലി​ല്ലാ ദീ​പ്തി വമി​ച്ചു വാനം
മി​ഴി​യി​ണ​യ്ക്കാ​ന്ധ്യം വരു​ത്തി​യാ​ലും
കരളിൽ പ്ര​തി​ധ്വ​നി പൊങ്ങുമാറാ-​
ക്ക​രി​മേ​ഘം വാ​വി​ട്ട​ല​റി​യാ​ലും
ചുഴലിക്കാറ്റൂഴിതൻകാൽപിടിച്ച-​
ങ്ങു​യ​രെ​ച്ചു​ഴ​റ്റി​യെ​റി​ഞ്ഞെ​ന്നാ​ലും
പ്രളയപയോദങ്ങളൊത്തുകൂടി-​
പ്പെ​രു​മാ​രി​കോ​രി​ച്ചൊ​രി​ഞ്ഞെ​ന്നാ​ലും
കരകാണാക്കണ്ണീർക്കരിങ്കടലി-​
ലൊ​രു​ചി​രി​ത്തോ​ണി​യി​റ​ക്കു​വാ​നാ​യ്
അമ​ര​ത്തെൻ തമ്പു​രാൻ വാഴുവോള-​
മടി​യ​ന്നു പേടി തരി​മ്പു​മി​ല്ല.

പ്രാ​ചീന മഹാ​ക​വി​ക​ളെ പഴ​ഞ്ച​ന്മാ​രെ​ന്നു വി​ളി​ച്ചു പു​ഛി​ക്കാ​റു​ള്ള പു​രോ​ഗ​മ​ന​ക്കാ​രെ അദ്ദേ​ഹം ഇങ്ങ​നെ പരി​ഹ​സി​ക്കു​ന്നു.

മാ​റി​നി​ല്പിൻ മാ​റി​നി​ല്പിൻ പു​രോ​ഗ​തി തടയുവാ-​
നാ​രു​മാ​രു​മൊ​രു​ങ്ങ​ല്ലേ പഴ​ഞ്ച​ന്മാ​രേ
ഒരു​പാ​റ്റ—കി​റു​ക്കി​ന്റെ മൂർ​ത്തി​മ​ത്താം വക​ഭേ​ദം
തെ​രു​ന്ന​നെ​ത്തീ​യി​ലേ​ക്കു പു​രോ​ഗ​മി​പ്പൂ.
ഒരു ചെ​റു​ചു​ണ്ടെ​ലി​താൻ—ബുഭുക്ഷതന്നവതാര-​
മൊ​രു​ങ്ങു​ന്നു കെ​ണി​നോ​ക്കി​പ്പു​രോ​ഗ​മി​പ്പാൻ
ഒരു മര​ഞ്ചാ​ടി​മൂ​ഢൻ–ചാപല്യത്തിൻതൃക്കോമരം-​
മരം​വി​ട്ടു മാ​ന​ത്തേ​യ്ക്ക​ങ്ങു​യർ​ന്നീ​ടു​ന്നു.
ചി​രി​ക്കൊ​ല്ലേ–പുരോഗതിക്കെതിരായിട്ടൊരക്ഷര-​
മു​ര​യ്ക്കൊ​ല്ലേ പഴ​ഞ്ച​ന്മാ​രെ​ന്ത​റി​യു​ന്നു!
ത്വ​രി​ക്കു​വിൻ ത്വ​രി​ക്കു​വി​നൊ​രു​മാ​ത്ര​പോ​ലും നിങ്ങ-​
ളി​രി​ക്കൊ​ല്ലേ പി​ന്നോ​ട്ടൊ​ന്നു നോ​ക്കി​പ്പോ​ക​ല്ലേ.
പഠി​ച്ച​തു മു​ഴു​വ​നും മു​ഴു​വ​നും മറ​ക്കു​വിൻ
പഴമതൻ പാ​ഠ​ങ്ങ​ളാർ വി​ല​വ​യ്ക്കു​ന്നു?
ഇന്നു​തൊ​ട്ടു ശാ​സ്ത്ര​ങ്ങ​ളും, സാഹിത്യവുമെന്തിനേറെ-​
യൊ​ന്നു​തൊ​ട്ടു​ള്ള​ക്ക​ങ്ങ​ളു​മ​ക്ഷ​ര​ങ്ങ​ളും
മു​ഴു​വ​നു​മൊ​ന്നൊ​ഴി​യാ​തു​ട​ച്ചു​വാർ​ത്തി​ട്ടാ​ണു​ങ്ങൾ
പഴയതു സക​ല​വും ചാ​മ്പ​ലാ​ക്കീ​ടും.
വി​പ്ള​വ​ത്തിൻ​ചാ​ട്ട​മാ​ണി​ക്കാ​ണു​വ​തു നിങ്ങളാരു-​
മാ​പ്ള​വം​ഗ​ലാം​ഗൂ​ലം​പോ​യ് പി​ടി​ച്ചി​ടേ​ണ്ട.
പു​രോ​ഗ​തി പു​രോ​ഗ​തി പു​രോ​ഗ​തി തടയുവാ-​
നൊ​രു​ങ്ങാ​തെ മാ​റി​നി​ല്പിൻ പഴ​ഞ്ച​ന്മാ​രേ.

മി​സ്റ്റിക്‍ കവി​ക​ളോ​ടും അദ്ദേ​ഹ​ത്തി​നു നല്ല കോ​ളാ​യി​രു​ന്നി​ല്ല. ‘കോ​ര​പ്പു​ഴ​യു​ടെ കവി​താ​രീ​തി’ എന്നൊ​രു ലേ​ഖ​ന​ത്തിൽ ചങ്ങ​മ്പു​ഴ​യു​ടെ മി​സ്റ്റിക്‍ രീ​തി​യേ​യും ഓമ​ന​പ്ര​യോ​ഗ​ത്തേ​യും പരി​ഹ​സി​ച്ചി​രി​ക്കു​ന്ന​തു നോ​ക്കുക: ഇങ്ങ​നെ ആരം​ഭി​ക്കു​ന്നു.

‘കേ​ര​ള​ത്തി​ലൊ​ട്ടാ​കെ സു​പ്ര​സി​ദ്ധ​മായ കോ​ര​പ്പുഴ’—യാ​തൊ​രു പുഴ വി​ല​ങ്ങ​നെ മു​റി​ച്ചു തെ​ക്കോ​ട്ടു കട​ന്നു പോയാൽ, ഒരു കാ​ല​ത്തു് വട​ക്കേ മല​ബാ​റി​ലെ പെ​ണ്ണു​ങ്ങൾ ഭ്ര​ഷ്ട​ക​ളാ​യി​ത്തീർ​ന്നി​രു​ന്നു​വോ, ആ കോ​ര​പ്പുഴ—ഈ ഇരു​പ​താം നൂ​റ്റാ​ണ്ടി​ന്റെ താ​രു​ണ്യ​ഘ​ട്ട​ത്തിൽ​പോ​ലും, വട​ക്കൻ കാ​മി​നി​യേ​യും തെ​ക്കൻ കാ​മു​ക​നേ​യും സം​ബ​ന്ധി​ക്കാ​വു​ന്ന തര​ത്തിൽ മനോ​ഭ​വ​ശ​ര​ത്തി​നു​റു​മ്പു​ചാ​ലാ​യി​ക്ക​ഴി​ഞ്ഞി​ട്ടി​ല്ലാ​ത്ത ആ കോ​ര​പ്പുഴ–പൊ​തു​ജ​ന​ക്ഷേ​മ​ക​ര​മായ യാ​തൊ​രു​ദ്ദേ​ശ​വു​മി​ല്ലാ​തെ, ജസ്റ്റീ​സു ഭര​ണ​യ​ന്ത്ര​ത്തി​ന്റെ ഉള്ളി​ലെ തി​രി​പ്പു​ക​ള​റി​യാ​ത്ത ബാ​ഹ്യ​ലോ​ക​ത്തി​നു കണ്ടു​പി​ടി​ക്കാൻ കഴി​യാ​വു​ന്ന യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ, ഏതു പുഴയെ അതിർ​ത്തി​യാ​ക്കി സാ​ക്ഷാൽ ബോ​ബി​ലി​രാ​ജാ​വു് മല​ബാ​റി​നെ വട​ക്ക​നെ​ന്നും തെ​ക്ക​നെ​ന്നും രണ്ടു ഖണ്ഡ​ങ്ങ​ളാ​ക്കി, ബോർ​ഡു​ഭ​ര​ണ​ത്തെ​സ്സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വെ​ട്ടി​മു​റി​ക്കു​വാ​നാ​ലോ​ചി​ക്കു​ന്നു​വോ ആ കോ​ര​പ്പുഴ– അതി​നെ​യാ​ണു് ഈ ലേ​ഖ​ന​ത്തി​ന്റെ തല​ക്കെ​ട്ടു നിർ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു നി​ങ്ങൾ തെ​റ്റി​ദ്ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ നി​ങ്ങൾ, വള്ള​ത്തോ​ളെ​ന്നോ കു​റ്റി​പ്പു​ഴ​യെ​ന്നോ ഉള്ള പേ​രു​കൾ കേൾ​ക്കാ​ത്ത ഒരു ശു​ദ്ധ​സ​ത്വ​മാ​ണെ​ന്നേ ഞാൻ കരു​തു​ക​യു​ള്ളു. വള്ള​ത്തോൾ ഒരു വീ​ടാ​ണു്–ഒരു മഹാ​ക​വി​യു​മാ​ണു്. ഉള്ളൂർ ഒരു ഗ്രാ​മ​മാ​ണു്. ഒരു മഹാ​ക​വി​യു​മാ​ണു്. ചങ്ങ​മ്പുഴ ഒരു പ്ര​ദേ​ശ​മാ​ണു്, ചി​ല​രു​ടെ കണ്ണിൽ ഇന്ന​ത്തേ​യും മറ്റു​ചി​ല​രു​ടെ കണ്ണിൽ നാ​ള​ത്തേ​യും ഒരു മഹാ​ക​വി​യു​മാ​ണു്. എന്റെ ഉപ​ന്യാ​സ​ത്തി​നു ലാ​ക്കായ കോ​ര​പ്പു​ഴ​യും അപ്പോ​ലെ തന്നെ, ഒരു പുഴ മാ​ത്ര​മ​ല്ല ഒരു കവി​കൂ​ടി​യാ​ണു്. എന്റെ കണ്ണിൽ അദ്ദേ​ഹം ഒരു മഹാ​ക​വി​യാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. നി​ങ്ങ​ളു​ടെ കണ്ണി​ലും അങ്ങി​നെ​യാ​ക്കി​ത്തീർ​ക്കു​വാ​നാ​ണു് എന്റെ പ്ര​യ​ത്നം.

മഹാ​ജ​ന​ങ്ങൾ​ക്കു രസിക്കുമെങ്കിലീ-​
മമ ശ്രമം നി​ഷ്ഫ​ല​മ​ല്ല കേവലം.

അന​ന്ത​രം സഞ്ജ​യ​നെ പുതിയ പ്ര​സ്ഥാ​ന​ത്തി​ന്റെ വി​രോ​ധി​യെ​ന്നും ‘പരി​വർ​ത്ത​ന​ങ്ങ​ളു​ടെ മാ​റ്റ​റി​യാ​ത്ത മര​മ​ണ്ടൂ​സ്സെ​ന്നും’ പരി​ഹ​സി​ക്കു​ന്ന​വ​രോ​ടു സമാ​ധാ​നം പറ​യു​ന്നു:

“കൂ​ട്ട​രേ, സഞ്ജ​യൻ ഒരു പ്ര​സ്ഥാ​ന​ത്തി​ന്റേ​യും കാ​ര്യ​മ​റി​ഞ്ഞോ​തു​ന്ന ഗു​രു​നാ​ഥ​ന്മാ​രെ നി​ന്ദി​ക്കു​ക​യോ നല്ല ഭാ​ഗ​ങ്ങ​ളെ പു​ഛി​ക്കു​ക​യോ ചെ​യ്ക​യി​ല്ല. പക്ഷേ ഏതു പ്ര​സ്ഥാ​ന​ത്തി​ന്റേ​യും പി​ന്നാ​ലെ കൂടി, സഹൃ​ദ​യ​ന്മാ​രു​ടെ കർ​ണ്ണ​ശൂ​ല​യെ സം​ബ​ന്ധി​ച്ചു്, ഞങ്ങൾ​ക്കെ​ന്തൊ​രു കു​ന്ത​മ​താ​യ​തിൽ? എന്നു ചോ​ദി​ച്ചു​കൊ​ണ്ടു്, മന​സ്സി​ലാ​വാ​ത്ത​തി​നെ അധി​ക്ഷേ​പി​ച്ചും അതി​ലു​മ​ധി​കം മന​സ്സി​ലാ​വാ​ത്ത​തി​നെ സ്തു​തി​ച്ചും ആർ​ത്തു​വി​ളി​ച്ചു നട​ക്കു​ന്ന സിൽ​ബ​ന്ധി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​യോ കൊ​ള്ള​രു​താ​ത്ത ഭാ​ഗ​ങ്ങ​ളെ സ്വീ​ക​രി​ക്ക​ണ​മെ​ന്നു് അപേ​ക്ഷി​ക്ക​യോ ചെ​യ്യാ​റു​മി​ല്ല.”

പി​ന്നീ​ടു് കോ​ര​പ്പു​ഴ​രീ​തി​യെ ഇപ്ര​കാ​രം കീർ​ത്തി​ക്കു​ന്നു.

“മേൽ വി​വ​രി​ക്കു​വാൻ പോ​കു​ന്ന​തും കോ​ര​പ്പു​ഴ​രീ​തി​യെ​ന്ന പേരിൽ ചങ്ങ​ലം​പ​റ​ണ്ട​യിൽ പ്ര​കീർ​ത്തി​ത​മാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ള്ള​തും നമ്മു​ടെ മഹാ​ക​വി​കൾ ലജ്ജ​കൊ​ണ്ടു​മാ​ത്രം അനു​വർ​ത്തി​ക്കാൻ മടി​ച്ചു നി​ല്ക്കു​ന്ന​തു​മായ ഒരു പു​തി​യ​രീ​തി അദ്ദേ​ഹം കണ്ടു​പി​ടി​ച്ചി​ട്ടു​ണ്ടു്. രൂ​പ​കാ​തി​ശ​യോ​ക്ത്യ​ല​ങ്കാ​ര​ത്തെ ചങ്ങ​മ്പു​ഴ​യു​ടെ സാ​മർ​ത്ഥ്യ​ത്തോ​ടു​കൂ​ടി അദ്ദേ​ഹ​ത്തി​നു് ഉപ​യോ​ഗി​ക്കാൻ കഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കിൽ ചങ്ങ​മ്പുഴ സ്ക്കൂൾ​കാ​രിൽ ചി​ല​രു​ടെ കര​ളു​റ​പ്പോ​ടു​കൂ​ടി അദ്ദേ​ഹം തന്റെ കവി​ത​ക​ളിൽ അതിനെ ആദ്യ​ന്തം എടു​ത്തു വി​ല​ക്കീ​ട്ടു​ണ്ടു്. ഞങ്ങ​ളു​ടെ​യി​ട​യിൽ ചിലർ അദ്ദേ​ഹ​ത്തി​നെ വട​ക്കൻ ചങ്ങൻ​പുഴ എന്നു​കൂ​ടി വി​ളി​ക്കു​ന്നു. എനി​ക്കു് ഒരൊ​റ്റ ഭയമേ ഉള്ളു. ശ്രീ. കോ​ര​പ്പുഴ, പത്രാ​ധി​പ​ന്മാ​രാ​രും തന്റെ കൃ​തി​ക​ളെ സ്വീ​ക​രി​ക്കാ​ത്ത സ്ഥി​തി​ക്കു്, സ്വ​ന്തം ചെ​ല​വി​ന്മേൽ അവയെ അച്ച​ടി​ച്ചു പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കിൽ, അദ്ദേ​ഹ​ത്തി​ന്റെ കവി​താ​രീ​തി കേ​ര​ള​മൊ​ട്ടാ​കെ സു​പ​രി​ചി​ത​മാ​യി​ത്തീ​രു​ക​യാ​ണെ​ങ്കിൽ, ചിലർ ചങ്ങൻ​പു​ഴ​യെ തെ​ക്കൻ കോ​ര​പ്പുഴ എന്നു വി​ളി​ച്ചേ​ക്കു​മോ എന്നു​കൂ​ടി ഞാൻ ഭയ​പ്പെ​ടു​ന്നു. ഭയം അനി​യ​ന്ത്രി​ത​മ​ല്ലോ” അതി​നു​ശേ​ഷം കോ​ര​പ്പു​ഴ​യു​ടെ ഒരു മി​സ്റ്റിക്‍ കവിത ഉദ്ധ​രി​ക്കു​ന്നു.:

(ഓമ​ന​ക്കു​ട്ടൻ ഗോ​വി​ന്ദൻ എന്ന മട്ടു്.)

ഓമ​നേ​യി​ന്നു ചോ​ദി​ച്ചാ​നൊ​രാൾ ഹാ മധു​മ​ഞ്ജു​ഭാ​ഷി​ണീ
ഞാ​നെ​ഴു​തു​ന്ന കാ​വ്യ​ത്തിൻ​സാ​രം താ​ന​റി​വാ​നാ​യ് ചൊ​ല്ലു​വൻ
താരകൾ നീ​ല​വാ​നി​ടം​ത​ന്നിൽ ദൂ​ര​ദൂ​ര​വെ പോകലേ
എന്തി​നെ​ന്നാ​രു​മോ​രാ​തെ​യി​ളം​പൂ​ന്തെ​ന്നൽ മന്ദം വീശവേ
തേൻ​പേ​റും നറും പൂ​ക്കൾ​തോ​റു​മേ പൂ​മ്പാ​റ്റ പറ്റി വീഴവേ
ആഴി​വീ​ചി​ക​ളു​ദ്ദേ​ശ്യ​മെ​ന്യേ​യൂ​ഴി​യെ​ച്ചും​ബി​ച്ചീ​ട​വേ
കൊ​ച്ച​രു​വി​ക​ളർ​ത്ഥ​മി​ല്ലാ​തെ നി​ച്ച​ലു​മോ​ടി​പ്പാ​ട​വേ
കാ​ണ്മ​വ​രേ​റ്റം കോൾ​മ​യിർ​ക്കൊൾ​കെ​യാ​ണ്മ​യിൽ​നൃ​ത്ത​മാ​ട​വേ
ഓമ​നേ​യി​ന്നു ചോ​ദി​ച്ചാ​നൊ​രാൾ ഹാ മധു​മ​ഞ്ജു​ഭാ​ഷി​ണീ
ഞാ​നെ​ഴു​തു​ന്ന കാ​വ്യ​ത്തിൻ​സാ​രം താ​ന​റി​വാ​നാ​യ് ചൊ​ല്ലു​വാൻ.

ഇതു മി​സ്റ്റിക്‍ കവി​ത​യു​ടെ ലക്ഷ​ണം കഴി​യു​ന്നേ​ട​ത്തോ​ളം വി​വ​രി​ക്കു​ന്ന ഒരു മി​സ്റ്റിക്‍ കവി​ത​യാ​ണ​ത്രേ. ഈ ബ്ര​ഹ്മാ​ണ്ഡ​ത്തിൽ നമ്മ​ളാ​രും ഉദ്ദേ​ശ്യ​മോ അർ​ത്ഥ​മോ അറി​യാ​ത്ത എത്ര​യോ കാ​ര്യ​ങ്ങൾ നട​ക്കു​ന്നു​ണ്ടു്. എത്ര​യോ കാ​ഴ്ച​കൾ കാ​ണ​പ്പെ​ടു​ന്നു​ണ്ടു്–എത്ര​യോ ശബ്ദ​ങ്ങൾ പു​റ​പ്പെ​ടു​ന്നു​ണ്ടു്–പക്ഷെ അവ​യ്ക്കൊ​ക്കെ ശരി​യായ അർ​ത്ഥ​മു​ണ്ടു്. അതു പട​ച്ച​വ​നു മാ​ത്ര​മേ അറിയൂ. മി​സ്റ്റിക്‍ കവി​ത​യും അതു​പോ​ലെ​യാ​ണു്.” എന്നു കോ​ര​പ്പു​ഴ​ത​ന്നെ അർ​ത്ഥ​വി​വ​ര​ണ​വും നൽ​കു​ന്നു.

അതു​കേ​ട്ടു് സഞ്ജ​യൻ ചോ​ദി​ക്കു​ന്നു:

“അങ്ങ​നെ​യാ​ണെ​ങ്കിൽ കു​റു​ക്ക​ന്റെ ഓരി​യും, തവ​ള​ക​ളു​ടെ ചണ്ഡാ​ക്ര​ന്ദ​ന​വും, കോ​ഴി​ക്കോ​ട്ടു മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​ടി​യും, മു​നി​സി​പ്പൽ കമ്മീ​ഷ​ണ​രു​ടെ പ്ര​വൃ​ത്തി​പ​ദ്ധ​തി​യും, ബോ​ബി​ലി​രാ​ജാ​വി​ന്റെ ബോർ​ഡു​വി​ഭ​ജ​ന​വും ഒക്കെ മി​സ്റ്റിക്‍ കവി​ത​ക​ള​ല്ലേ? അവ​യു​ടെ അർ​ത്ഥം പട​ച്ച​വ​നു​കൂ​ടി അറി​യു​മോ എന്നു സം​ശ​യ​മാ​ണ​ല്ലോ.”

കോര::
അതേ എല്ലാ​റ്റി​ലും മി​സ്റ്റി​സി​സം ഉണ്ടു്.
സഞ്ജ::
പക്ഷേ ഞാൻ,
‘ഇന്നൊ​രു വി​ദ്വാ​നെ​ന്നോ​ടാ​ണെ​ന്നു​തോ​ന്നു​ന്നൂ ഹന്ത​ചോ​ദി​ച്ചു
താ​നെ​ഴു​തു​ന്ന തോ​ന്ന്യ​വാ​സ​ങ്ങ​ളാ​രാ​നും വാ​യി​ച്ചീ​ടു​മോ?
ആരുമേ കേൾ​പ്പാ​നാ​ഗ്ര​ഹ​മെ​ന്യേ ചാ​രു​മൂ​ങ്ങ​കൾ മൂളവേ
‘ഓഡിയ’നെ​ങ്ങെ​ന്നാ​ലോ​ചി​ക്കാ​തെ പാടവേ ചീ​വീ​ടെ​ങ്ങു​മേ
കണ്ടാ​ലും ലോകർ കണ്ടി​ല്ലെ​ന്നാ​ലും രണ്ടു​മി​ങ്ങൊ​പ്പ​മെ​ന്നോ​ണം
ഞാ​ഞ്ഞൂ​ലെ​ന്നു​ള്ള ജീ​വി​യ​ങ്ങി​ങ്ങാ​യ് നെ​ഞ്ഞൂ​ക്കി​ല്ലാ​തെ പോകവേ
“ഒട്ടു​മ​പ്ളാ​സു”കി​ട്ടാ​തെ​യൊ​രി​പ്പാ​ട്ടു–ഹാ പൊ​ടി​പാ​റ​വേ
അങ്ങേ​തി​ലു​ള്ള പൂച്ച രാ​ത്രി​യി​ലെ​ങ്ങ​നെ​യെ​ന്നു വർ​ണ്ണി​പ്പാൻ
ആവ​തി​ല്ലാ​ത്ത രീ​തി​യി​ലോ​രോ ങ്യാ​വൂ​ഭേ​ദ​ങ്ങൾ നല്ക​വേ
പച്ച​വെ​ള്ള​ത്തിൽ പഞ്ച​സാ​ര​പോൽ ഞാ​ന​ലി​ഞ്ഞ​ലി​ഞ്ഞീ​ട​വേ
ഇന്നൊ​രു വി​ദ്വാ​നെ​ന്നോ​ടാ​ണെ​ന്നു​തോ​ന്നു​ന്നു കഷ്ടം ചോ​ദി​ച്ചു
താ​നെ​ഴു​തു​ന്ന തോ​ന്ന്യ​വാ​സ​ങ്ങ​ളാ​രാ​നും വാ​യി​ച്ചീ​ടു​മോ?’

എന്നെ​ഴു​തി​യാൽ മി​സ്റ്റി​സി​സ​മാ​കു​മോ? ആകു​മെ​ങ്കിൽ ഈ സഞ്ജ​യൻ മൂ​ന്നേ മൂ​ന്നു ദി​വ​സ​ങ്ങൾ​കൊ​ണ്ടു് ഇന്നു​ള്ള മി​സ്റ്റിക്‍ കവി​ക​ളു​ടെ ക്യാ​പ്റ്റ​നാ​വാൻ പ്രാ​പ്ത​നായ ഒരു കവി​യാ​യി​ത്തീ​രും. ഈ രീ​തി​ക്കു് അത്ര എളു​പ്പ​മു​ണ്ടു്. യഥാർ​ത്ഥ​ത്തിൽ ഞാൻ ചൊ​ല്ലിയ വരി​കൾ​ക്കു നാ​ല്ക്കാ​ശി​ന്റെ “തല​ച്ചോർ ശക്തി” ചെ​ല​വാ​യി​ട്ടി​ല്ല–അതു​കൊ​ണ്ടു ചോ​ദി​ക്ക​യാ​ണു്.” കോ​ര​പ്പുഴ ചൊ​ടി​ച്ചി​ട്ടു പറ​ഞ്ഞു:

“താൻ ഈ ജന്മം ഒരു മി​സ്റ്റിക്‍ കവി​യാ​വു​ക​യി​ല്ല. ഒന്നാ​മ​തു് തനി​ക്കു് ഏതൊ​ക്കെ പദാർ​ത്ഥ​ങ്ങ​ളാ​ണു് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന​റി​ഞ്ഞു​കൂ​ടാ. കു​റു​ക്ക​ന്റെ ഓരി​യും പൂ​ച്ച​യു​ടെ കര​ച്ചി​ലും മി​സ്റ്റി​സി​സ​മാ​യെ​ണ്ണു​ന്ന തന്നെ മി​സ്റ്റിക്‍ കവി​കൾ​ക്കു് ഇരു​ട്ട​ത്തു കി​ട്ടി​പ്പോ​യാൽ അവർ മി​സ്റ്റിക്‍ സമ്പ്ര​ദാ​യ​ത്തിൽ തന്റെ കഥ കഴി​ക്കും. പാ​ലൊ​ളി​പ്പൂ​ത്തി​ങ്കൾ, പൈ​ന്തെ​ന്നൽ, പൂ​ന്തേൻ, ചെ​ഞ്ച​മ്മേ, അറ്റ​മി​ല്ലാ​ത്ത വാനം, കയം​കാ​ണാ​ത്ത നീ​ല​ജ​ലാ​ശ​യം, നീ​ല​വാ​ന​ത്തി​ലെ വെൺ​പൂ​ക്കൾ, കളി​യാ​ടും തിരകൾ, വി​ള​യാ​ടും കി​ളി​കൾ—ഇത്യാ​ദി​കൾ മാ​ത്ര​മേ മി​സ്റ്റിക്‍ ലോ​ക​ത്തി​ലു​ള്ളു. തന്റെ അങ്ങേ​തി​ലെ പൂ​ച്ച​യ്ക്കും മറ്റും തന്റെ ഗെ​യി​റ്റിൽ വച്ചു​ത​ന്നെ ഗൽ​ത്താ കൊ​ടു​ക്കും… പി​ന്നെ തന്റെ ഓമ​ന​യെ​വി​ടെ?”

സഞ്ജ​യൻ::
അതു തന്നോ​ടു പറ​ഞ്ഞു​ത​ര​ണോ
കോര::
വങ്ക​ശി​രോ​മ​ണേ അതല്ല ചോ​ദി​ച്ച​തു്. താൻ ഉണ്ടാ​ക്കി​ച്ചൊ​ല്ലിയ മി​സ്റ്റിക്‍ കവി​താ​ഭാ​സ​ത്തിൽ ഓമനേ എന്ന വിളി കേ​ട്ടി​ല്ല.
സഞ്ജ::
എന്റെ ഓമന ഇങ്ങ​നെ പബ്ളി​ക്കാ​യി വി​ളി​ക്ക​പ്പെ​ടാൻ നി​ന്ന​വ​ളോ?
കോര::
പാവമേ! താൻ പി​ന്നെ​യും തെ​റ്റി​ദ്ധ​രി​ക്കു​ന്നു. ഞാൻ അത്ത​രം ഓമ​ന​ക​ളെ​പ്പ​റ്റി​യ​ല്ല പറ​യു​ന്ന​തു്. മി​സ്റ്റിക്‍ കവി​ത​കൾ ഒരു ഓമനയേ ഉദ്ദേ​ശി​ച്ചു് എഴു​ത​പ്പെ​ടു​ന്ന​വ​യാ​യി​രി​ക്ക​ണം. അങ്ങ​നെ​യാ​ണു് ടാഗോർ എഴു​തി​യ​തു്. ചങ്ങ​മ്പു​ഴ​യു​ടെ വി​ഷാ​ദാ​ത്മ​ക​ങ്ങ​ളായ കൃ​തി​ക​ളിൽ രണ്ടാ​യി​ര​ത്തിൽ ചി​ല്വാ​നം ഓമനകൾ പര്യാ​യ​ഭേ​ദ​ങ്ങ​ളിൽ കൂടി വെ​ളി​പ്പെ​ടു​ന്നു​ണ്ടു്.
സഞ്ജയ::
മേ​പ്പ​ടി ഓമനകൾ എന്തു തര​ക്കാ​രാ​ണു്? അവർ ബ്ളൌ​സും സാ​രി​യും ധരി​ക്കു​മോ? നിർ​ബ​ന്ധി​ച്ചാൽ കാ​പ്പി കു​ടി​ക്കു​മോ? ചാ​ക്ക​ല​റ്റു സ്വീ​ക​രി​ക്കു​മോ?
കോര::
ഛീ–ഛീ–സർ​വ്വാ​ബ​ദ്ധം. താൻ നൂറു ജന്മം ജനി​ച്ചാൽ മി​സ്റ്റി​സി​സം എന്താ​ണെ​ന്ന​റി​യു​ക​യി​ല്ല. അവർ മി​സ്റ്റിക്‍ ഓമ​ന​ക​ളാ​ണു്. പക്ഷേ പ്ര​സ്തുത ഓമനകൾ തങ്ങ​ളാ​ണെ​ന്നു് വല്ല ബ്ളൌ​സു​കാ​രും വി​ചാ​രി​ക്കു​വാൻ ഒരു​ക്ക​മു​ണ്ടെ​ങ്കിൽ മി​സ്റ്റിക്‍ കവികൾ ആവ​ലാ​തി​പ്പെ​ടു​ക​യി​ല്ലെ​ന്നേ​യു​ള്ളു. അവർ ആന്ത​ര​മാ​യി ഉദ്ദേ​ശി​ക്കു​ന്ന​തു് മൂ​ല​പ്ര​കൃ​തി​യേ​യോ കവി​ത​യേ​യോ ആഗ്ര​ഹ​ത്തേ​യോ പര​മാ​ത്മാ​വി​നേ​യോ മഹാ​മാ​യ​യേ​യോ ഇന്ത്യാ​ഗ​വ​ണ്മെ​ന്റി​നേ​യോ നാ​ഷ​നൽ​കേ​ാൺ​ഗ്ര​സ്സി​നേ​യോ മാ​തൃ​ഭൂ​മി ആഴ്ച​പ്പ​തി​പ്പി​നേ​യോ കേ​ര​ള​പ​ത്രി​ക​യേ​യോ മറ്റോ മറ്റോ അഥവാ ഇവ​യെ​ല്ലാ​റ്റി​നേ​യും ഒരു​മി​ച്ചോ ആയി​രി​ക്കും.”

ഒടു​വിൽ “ശ്രീ​മാൻ കോ​ര​പ്പുഴ മാ​ലോ​ക​രു​ടെ അമ്മാ​യി​യായ മേ​പ്പ​ടി ഓമ​ന​യെ​പ്പ​റ്റി ഒരു മി​സ്റ്റി​ക് തൊ​ണ്ട​വി​റ​യോ​ടു​കൂ​ടി” ഇങ്ങ​നെ പറ​യു​ന്നു.

”സഞ്ജയ!ഞങ്ങ​ളു​ടെ ആ ഓമന ആരാ​ണെ​ന്നോ, അവ​രു​ടെ അച്ഛ​ന​മ്മ​മാർ ആരെ​ന്നോ ലോകം പ്ര​ള​യം​വ​രെ മന​സ്സി​ലാ​ക്കു​ക​യി​ല്ല. അവൾ മി​സ്റ്റിക്‍ കവി​യു​ടെ ആണി​യും ശക്തി​യും പ്രേ​ര​ണ​യും വെ​ളി​ച്ച​വും അന്ധ​കാ​ര​വും ചി​റ​കും ശക്തി​യും സൗ​ന്ദ​ര്യ​വും സന്തോ​ഷ​വും സന്താ​പ​വും പ്ര​ത്യാ​ശ​യും നി​രാ​ശ​യും പു​ഞ്ചി​രി​യും കണ്ണു​നീ​രും ഉറവും ഗതി​യും പ്രാ​പ്യ​സ്ഥാ​ന​വും ഉദ്ദേ​ശ്യ​വും ശര​ണ​വും പ്ര​ഭ​വ​വും താ​ലി​യും മാ​ല​യും കെ​ട്ടും നടു​ക്കും ഓളവും ചു​ഴി​യും പ്രാ​ണ​നും ആത്മാ​വു​മാ​ണു്. നമ്മു​ടെ സാ​ക്ഷാൽ കണ്ണൻ​ജ​നാർ​ദ്ദ​ന​ന​വർ​കൾ ഈ കാലം വൈകിയ ഘട്ട​ത്തിൽ സ്വീ​ക​രി​ച്ചു​കാ​ണു​ന്ന ആ മധു​ര​മ​ധു​ര​മായ തല​തി​രി​ഞ്ഞ ഗദ്യ​ശൈ​ലി​യിൽ പറ​യു​ക​യാ​ണെ​ങ്കിൽ, മി​സ്റ്റിക്‍ കവി​ത​യി​ല്ല അവ​ളി​ല്ലാ​തെ. വെ​ളി​ച്ച​ത്തി​ന്റെ ഞെ​ങ്ങി​ഞെ​രു​ങ്ങൽ, പൂ​ന്തെ​ന്ന​ലി​ന്റെ ഇളം​തു​ടു​പ്പു്, പൂ​ന്തി​ങ്കൾ പാ​ലൊ​ളി​ക്ക​തി​രി​ന്റെ മൃ​ദു​ല​സൗ​ര​ഭ്യം, അതാ​ണ​വൾ. ആലോ​ചി​ച്ചു​കൂട അവ​ളെ​പ്പ​റ്റി. അവ​ളാ​ണു് പി​ഴി​ഞ്ഞെ​ടു​ത്ത സത്തു്—മഴ​വി​ല്ലി​ന്റെ. ഈ ഇട​ക്കാ​ല​ത്തു് തെ​രു​തെ​രെ ഉണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മി​സ്റ്റിക്‍ കവി​ത​കൾ വാ​യി​ച്ചി​ട്ടു​ള്ള​വർ​ക്കു് ഈ ഖണ്ഡി​ക​യിൽ കൊ​ടു​ത്തി​ട്ടു​ള്ള പദ​ങ്ങ​ളും തല തി​രി​ഞ്ഞ വാ​ക്യ​ങ്ങ​ളും നല്ല​പോ​ലെ പരി​ചി​ത​മാ​യി​രി​ക്ക​ണം. ഏതാ​യി​രു​ന്നാ​ലും വി​ഷാ​ദാ​ത്മ​ക​മായ ഇത്ത​രം മി​സ്റ്റിക്‍ കവി​ത​യോ​ടു തനി​ക്കു് വി​ദൂ​ര​മായ ബന്ധം​പോ​ലും ഉണ്ടാ​യി​രി​ക്ക​യി​ല്ലെ​ന്നു് സഞ്ജ​യൻ ശപഥം ചെ​യ്യു​ന്നു.

“പുതിയ കവി​താ​രീ​തി​യിൽ മു​നി​സി​പ്പാ​ലി​റ്റി​യിൽ ദുർ​ഗ്ഗ​ന്ധ​മെ​ന്ന​പോ​ലെ, ഔദ്യോ​ഗിക റി​പ്പോർ​ട്ടു​ക​ളിൽ അർ​ദ്ധ​സ​ത്യ​ങ്ങ​ളെ​ന്ന​പോ​ലെ, ജല​ദോ​ഷ​ത്തിൽ മൂ​ക്ക​ട​പ്പെ​ന്ന​പോ​ലെ, തളി​ക്കു​ള​ത്തിൽ അഴു​ക്കെ​ന്ന​പോ​ലെ. വേ​പ്പെ​ണ്ണ​യിൽ കയ്പെ​ന്ന​പേ​ാ​ലെ, ഒഴി​ച്ചു​കൂ​ടാ​ത്ത ഒരെ​ണ്ണ​മാ​യി ചേർ​ന്ന​ലി​ഞ്ഞു് ആദ്യ​ന്തം വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഒരെ​ണ്ണ​മാ​ണു് വി​ഷാ​ദാ​ത്മ​ക​ത്വം.

… എനി​ക്കാ​ണെ​ങ്കിൽ ടി വി​ഷാ​ദാ​ത്മ​ക​ത്വ​ത്തേ​പ്പ​റ്റി ഒരു വി​വ​ര​വു​മി​ല്ല. ഞങ്ങൾ ആജ​ന്മ​വൈ​രി​ക​ളാ​ണു്. മു​സ്സോ​ളി​നി​യും ഹെ​ലി​സെ​ലാ​സി​യും തമ്മിൽ സർ​വ്വ​രാ​ഷ്ട്ര​സ​ഖ്യം മുഖേന, ഇന്നും നി​ല​വി​ലു​ള്ള​താ​യി വി​ചാ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന നേരിയ ബന്ധം​കൂ​ടി ഞങ്ങൾ തമ്മി​ലി​ല്ല. വി​ഷാ​ദാ​ത്മ​ക​ത്വം കര​ണ്ടു​കൊ​ണ്ടു് ശാ​പ്പാ​ടു കഴി​ക്കു​ന്ന ഹോ​ട്ട​ലിൽ നി​ന്നു് ഞാൻ ഒരി​റ​ക്കു പച്ച​വെ​ള്ളം​കൂ​ടി കഴി​ക്കാ​റി​ല്ല. അവ​ന്റെ കീ​ഴ്പോ​ട്ടു നോ​ക്കി​യു​ള്ള നട​ത്ത​യും, മേ​ല്പോ​ട്ടു നോ​ക്കി​യു​ള്ള നിൽ​പും, എങ്ങും നോ​ക്കാ​തെ​യു​ള്ള ഇരി​പ്പും, അർ​ത്ഥ​മി​ല്ലാ​ത്ത ദീർ​ഘ​നി​ശ്വാ​സ​വും, അജ്ഞാ​ന​ത്തിൽ നി​ന്നു പു​റ​പ്പെ​ട്ടു് അവി​ശ്വാ​സ​ത്തിൽ ചാടി, ആത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ചാ​ര​ങ്ങ​ളും, ചു​ട​ല​പ്പാ​മ്പി​നു ചേർ​ന്ന പു​ഞ്ചി​രി​യും എന്റെ പര​മ​ശ​ത്രു​ക്ക​ളാ​ണു്. അവ​ന്റെ കാ​ര​ണ​മി​ല്ലാ​ത്ത വി​ഷാ​ദം കാ​ണു​മ്പോൾ “മജി​സ്ത്രേ​ട്ടു​കോ​ട​തി കയ​റേ​ണ്ടി​വ​ന്നാ​ലും അസ്തു, ആ വി​ഷാ​ദ​ത്തി​നു മതി​യായ കാരണം ഉണ്ടാ​ക്കി​ക്കൊ​ടു​ക്ക​ണം.” എന്നെ​നി​ക്കു് പല​പ്പോ​ഴും തോ​ന്നീ​ട്ടു​ണ്ടു്.”

ചങ്ങ​മ്പു​ഴ​യു​ടെ മോ​ഹി​നി എന്ന കാ​വ്യ​ത്തി​നെ പരി​ഹ​സി​ച്ചു് സഞ്ജ​യൻ രചി​ച്ച മോ​ഹി​തൻ​കൂ​ടി ഇവിടെ ഉദ്ധ​രി​ച്ചു​കൊ​ള്ള​ട്ടെ.

അത്യ​ന​ഘ​മാ​മീ മുഹൂർത്തത്തി-​
ലു​ത്ത​മേ നീ മരി​ക്ക​ണം
മാ​മ​കാ​ശ​യം ക്രൂരമാണെങ്കി-​
ലോമനേ നീ പൊ​റു​ക്ക​ണേ.

എന്ന ബഹു​സ​ര​സ​മായ പീ​ഠി​ക​യോ​ടു​കൂ​ടി തന്റെ ഓമ​ന​യു​ടെ മാ​റ​ത്തു കഠാരം കു​ത്തി​യി​റ​ക്കി കൊ​ല്ലു​ന്നു.

ഓമ​ന​ക്കു​ട്ടൻ മട്ടു​ത​ന്നെ

കാ​ണേ​ണ​മെ​ന്നെ​യു​ച്ച​ഭ്രാ​ന്തി​ന്റെ
ചേ​ണെ​ഴും ധാ​മ​മാ​യ​വൾ
സോമൻ ചെ​യ്ത​തു​പോ​ലെ ഞാനുമെ-​
ന്നോ​മ​ന​യെ​പ്പോ​യ്ക്കാ​ച്ചു​വൻ
ആയ​തിൻ​ശേ​ഷം ഡ്രാ​മാ​റ്റി​ക്ലി​റിക
പോ​യ​ട്രി​യൊ​ന്നു തീർ​ക്ക​ണം
പോ​ലീ​സ്സെ​ത്തി​ടും മുൻ​പി​തു വേണം
പോ​ക​ട്ടേ; ഞാ​നൊ​രു​ങ്ങ​ട്ടേ.
II
കോ​മ​ള​കാ​വ്യ​കാ​ര​നാം കോമൻ
കോ​വ​ണി​പ്പ​ടി കേ​റു​ന്നു
കൈ​യി​ലു​ണ്ടൊ​രു കത്തി–ഹാ–കഷ്ടം
നീ​യി​തു കോമാ ചെ​യ്യൊ​ല്ലേ
മോ​ഹി​നീ കാ​വ്യ​ഗൂ​ഢാർ​ത്ഥം തെ​ല്ലും
മോ​ഹി​തൻ നീ​യ​റി​വീല.
അക്കൃ​തി​ത​ന്നിൽ​ച്ചാ​വും തയ്യ​ലാൾ
മി​ക്ക​തു​മൊ​രു പെ​ണ്ണ​ല്ല.
(മി​സ്റ്റി​ക്കർ​ത്ഥം നീ കണ്ട​വ​ന​ല്ല,
മറ്റെ​ന്തോ പി​ണ്ണാ​ക്കാ​ണ​വൾ)
III
കോ​വ​ണി​പ്പ​ടി കേറിയ കോമ-
നീ​വ​ക​യൊ​ന്നു​മോർ​ത്തീല,
ആ മി​സ്റ്റിക്‍കാ​വ്യ​നിർ​മ്മാ​ണ​ലോ​ലൻ
ശ്രീ​മെ​ത്തും മച്ചി​ലെ​ത്തു​ന്നു.
നി​ല്ക്കു​ന്നു​ണ്ട​ങ്ങു കോമൻ തന്നു​ടെ
മൈ​ക്ക​ണ്ണാ​ളാ​കു​മോ​മന
മു​പ്പ​ത്താ​റി​ലേ മാ–ഭൂ–വി–പ്രതി-​
യു​ല്പ​ല​നേ​ത്ര തൻ​ക​യ്യിൽ.
കാ​ണ്മ​തു​ണ്ടെ​ന്തോ ചി​ന്ത​യാൽ മുറ്റു-​
പെ​ണ്മ​ണി​യാർ​ന്നു വൈ​ക്ല​ബ്യം.
IV
കോ​മ​നെ​ക്കാൺ​കെ​യോ​ടി​ച്ചെ​ന്നി​ല്ലാ
തൂ​മ​ന്ദ​സ്മി​തം തൂ​കീ​ലാ
ഓമ​ന​യെ​ന്നാ​ലീ​വി​മു​ഖത
കോ​മ​നൊ​ട്ടും പി​ടി​ച്ചി​ല്ല
ആദ്യ​മേ കാ​ണാ​പ്പാ​ഠ​മാ​ക്കിയ
പദ്യ​മാ​വി​ദ്വാൻ ചൊ​ല്ക​യാ​യ്
“എന്തു കാൺമു ഞാൻ മുന്നിലിക്കാണ്മ-​
തെ​ന്തൊ​ര​ത്ഭു​ത​സ്വ​പ്ന​മോ?
ഓമ​ലാ​ള​ല്ലേ മോ​ഹി​നി​യ​ല്ലേ,
ഹാ മമ മുൻ​പിൽ കാ​ണ്മു ഞാൻ?
വി​ശ്വ​സി​ക്കാ​ന​രു​തെ​നി​ക്കി​ന്നെൻ
വി​ഹ്വ​ല​ന​യ​ന​ങ്ങ​ളെ
മുൻ​പൊ​രി​ക്ക​ലും”…
V
മാത്രത്തോളമ-​
ക്ക​മ്പ​രാ​ശി​താൻ ചെ​ന്ന​പ്പോൾ
ഓമ​ന​യൊ​രു ചൂലെടുത്തേവ-​
മോ​തി​നാൾ രോ​ഷ​രൂ​ക്ഷ​യാ​യ്
“അപ്പ​രി​പ്പി​ങ്ങു വേ​വു​ക​യി​ല്ലാ
കോ​പ്പി​രാ​ട്ടി നീ കാ​ട്ടേ​ണ്ട
മോ​ഹി​നീ​കാ​വ്യ​മി​പ്പോ​ഴാ​ണു ഞാൻ
വാ​യി​ച്ച​തെ​ന്നു​മോർ​ക്ക​ണം.
സോ​മ​നെ​പ്പോ​ലെ തോന്ന്യവാസത്തി-​
ന്നീ​മ​ച്ചിൽ​ത്ത​ഞ്ചാ​നോർ​ക്കേ​ണ്ടാ
ഏറെ​നാ​ളാ​യി പ്രേ​മ​ഗാ​ന​ത്താൽ
ബോ​റു​ചെ​യ്യു​ന്നു താ​നെ​ന്നെ
ആയതു പക്ഷേ ഞാൻ പൊ​റു​ത്തേ​ക്കാം
പേ​യും​കൊ​ണ്ടി​ങ്ങു കേ​റു​കിൽ
സമ്മാ​ന​മു​ണ്ടാ​മെൻ​ക​യ്യാ​ല​തു
ചെ​മ്മേ നീ വാ​ങ്ങി​ച്ചീ​ടൊ​ല്ലേ?
VI
ഓമ​ന​യി​ത്ഥ​മോ​ത​വേ കോമൻ
ഭീ​മ​മാ​യൊ​ന്നു ഞെ​ട്ടി​പ്പോ​യ്
എന്നി​ട്ടും പോകാൻ ഭാ​വ​മി​ല്ലെ​ന്നു
സന്ന​ത​ഗാ​ത്രി കണ്ട​പ്പോൾ
ഒട്ട​ടു​ത്ത​വൾ ചൂ​ലൊ​ന്നോ​ങ്ങി​നാൾ
പെ​ട്ടെ​ന്നു കോമൻ പി​ന്നോ​ക്കം
പേ​ടി​പൂ​ണ്ടേ​റ്റം ചാ​ടി​നാൻ പടി
ഹാ! തട​ഞ്ഞ​യ്യോ കഷ്ട​മേ
“കോവണി പൊ​ക്ക​മേ​റി​യ​തെ​ന്നു
കോ​മ​ന​ന്ന​ത്രേ ജ്ഞാ​ത​മാ​യ്”
VII
മറ്റൊ​ന്നും ചൊ​ല്ലാൻ ബാ​ക്കി​യി​ല്ലി​തി
തെ​റ്റെ​ന്യേ നി​ങ്ങൾ​ക്കൂ​ഹി​ക്കാം
കോ​മ​നി​ന്നോ​ളം പോയിട്ടില്ലത-​
ന്നോ​മ​ലാ​ളു​ടെ ഗേ​ഹ​ത്തിൽ.

ഇനി രീ​തി​ക​ളെ​പ്പ​റ്റി​യു​ള്ള വി​മർ​ശ​ന​ത്തിൽ ഒരു ഭാഗം കൂടി ഉദ്ധ​രി​ച്ചു് ഈ പ്ര​കൃ​തം ഇവിടെ നി​ല്ക്ക​ട്ടെ.

പുതിയ രീ​തി​കൾ

“തല​തി​രി​ഞ്ഞു​പോ​യ​ങ്ങു​ന്നേ എന്റെ വരി​ക​യാ​ണു് ഞാൻ കേ​ട്ടി​ട്ടു്, പുതിയ കവി​താ​രീ​തി​ക​ളേ​പ്പ​റ്റി ശ്രീ കോ​ര​പ്പു​ഴ​യു​ടെ ഒരു ഗം​ഭീ​ര​പ്ര​സം​ഗം. കേ​ട്ടി​ട്ടി​ല്ല ഇങ്ങ​നെ ആവേ​ശ​ജ​ന​ക​മായ ഒരു പ്ര​സം​ഗം ഇതേ​വ​രെ. ഞാൻ കണ്ടി​ട്ടി​ല്ല ഇങ്ങ​നെ​യൊ​രു പ്രാ​സം​ഗി​ക​നെ ഞാൻ ശ്രീ കോ​ര​പ്പു​ഴ​യെ​പ്പോ​ലെ. സാ​ക്ഷാൽ കെ. അച്ചൻ രണ്ടു തല​യ്ക്കും ഒരു​പോ​ലെ മൂർ​ച്ച​യു​ള്ള തന്റെ പ്ര​സം​ഗ​വാൾ ഇടവും വലവും വീശി ഗവ​ണ്മെ​ണ്ടി​നേ​യും കോൺ​ഗ്ര​സ്സി​നേ​യും പാ​ശ്ചാ​ത്യ പരി​ഷ്കാ​ര​ത്തേ​യും പൗ​ര​സ്ത്യ സം​സ്കാ​ര​ത്തേ​യും മാ​റ്റി​യും മറി​ച്ചും, തി​രി​ച്ചും വെ​ട്ടി​മു​റി​ച്ചു ഛി​ന്ന​ഭി​ന്ന​മാ​ക്കി കാ​റ്റിൽ പറ​പ്പി​ക്കു​ന്ന​തു് “ഇയ്യാൾ​ക്കു് എന്തു പറ്റി​പ്പോ​യീ​ശ്വ​രാ” എന്നു അത്ഭു​ത​പ്പെ​ട്ടു​കൊ​ണ്ടു ഞാൻ നോ​ക്കി നി​ന്ന​വ​നാ​ണു്. ഹൈ​ന്ദ​വ​ധർ​മ്മ​വി​ശ​ദീ​ക​ര​ണ​ത്തിൽ​നി​ന്നു് ഐക്യ​നാ​ണ​യ​സംഘ പ്ര​ച​ര​ണ​ത്തി​ലേ​യ്ക്കു് പറ​ന്നു​പോയ ശ്രീ വേ​ലു​ക്കു​ട്ടി​മേ​നോൻ ‘കു​യിൽ​നാ​ദം വേ​ലു​നായ’രുടെ കണ്ഠ​ത്തോ​ടു​കൂ​ടി പഞ്ചാ​ബ്മെ​യി​ലി​ന്റെ സ്പീ​ഡിൽ പ്ര​സം​ഗി​ക്കു​ന്ന​തു ഞാൻ അർ​ത്ഥം മന​സ്സി​ലാ​ക്കാ​തെ കേ​ട്ടു​നി​ന്ന​വ​നാ​ണു്. മഞ്ചേ​രി രാ​മ​കൃ​ഷ്ണ​യ്യ​ര​വർ​ക​ളു​ടെ കവി​തോ​ദ്ധാ​ര​ണ​പ്ര​സം​ഗ​വും, വാ​ഗ്ഭ​ടാ​ന​ന്ദ​ഗു​രു​ദേ​വ​രു​ടെ ആത്മ​വി​ദ്യാ​പ്ര​സം​ഗ​വും, മന്ന​ത്തു​പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ സർ​വ്വീ​സു​സൊ​സൈ​റ്റി പ്ര​സം​ഗ​വും, മി​സ്സ​സ് കു​ട്ടൻ​നാ​യ​രു​ടെ ജന​ന​നി​യ​ന്ത്ര​ണ​പ്ര​സം​ഗ​വും, ടി. നാ​രാ​യ​ണൻ​ന​മ്പ്യാ​ര​വർ​ക​ളു​ടെ സാ​ഹി​ത്യ​പ്ര​സം​ഗ​വും, ജി. ശങ്ക​ര​ക്കു​റു​പ്പ​വർ​ക​ളു​ടെ മി​സ്റ്റി​സി​സ​പ്ര​സം​ഗ​വും, ശ്രീ ആര്യ​ദേ​വ​ന്റെ ശ്രീ​ല​ഗ​ലേ​ല​ജിൽ ജിൽ പ്ര​സം​ഗ​വും, വട​ക്കേ​പ്പാ​ട്ടു നാ​രാ​യ​ണൻ​നാ​യ​ര​വർ​ക​ളു​ടെ ശാ​സ്ത്രീ​യ​പ്ര​സം​ഗ​വും സന്ദർ​ഭോ​ചി​ത​മായ വി​ധ​ത്തിൽ ആന​ന്ദ​ത്തോ​ടും, ബഹു​മാ​ന​ത്തോ​ടും, ചി​രി​യോ​ടും, അത്ഭു​ത​ത്തോ​ടും, അവ​ജ്ഞ​യോ​ടും, ചി​ലേ​ട​ങ്ങ​ളിൽ സമ്മി​ശ്ര​വി​കാ​ര​ങ്ങ​ളോ​ടും​കൂ​ടി ഞാൻ കേ​ട്ടു​നി​ന്ന​വ​നാ​ണു്. എന്തി​ന​ധി​കം? മഞ്ചേ​രി രാ​മ​യ്യ​രു​ടെ അഖി​ല​ബ്ര​ഹ്മാ​ണ്ഡ​കോ​ടി പ്ര​സം​ഗം മുതൽ ശ്രീ കേ​ശ​വ​ദേ​വി​ന്റെ തു​പ്പൽ​ക്കു​ഴി സാ​ഹി​ത്യ​പ്ര​സം​ഗം​വ​രെ സകല എണ്ണ​പ്പെ​ട്ട പ്ര​സം​ഗ​ങ്ങ​ളും ഞാൻ കേ​ട്ടി​ട്ടു​ണ്ടു്. അങ്ങ​നെ​യു​ള്ള ഞാ​നാ​ണു് ശ്രീ. കോ​ര​പ്പു​ഴ​യു​ടെ പ്ര​സം​ഗ​ത്തിൽ ഇങ്ങ​നെ​യൊ​രു സർ​ട്ടി​ഫി​ക്കേ​റ്റു കൊ​ടു​ക്കു​ന്ന​തെ​ന്നു പറ​ഞ്ഞാൽ അതി​ല​ധി​ക​മൊ​ന്നും നി​ങ്ങൾ എന്നെ​ക്കൊ​ണ്ടു പറ​യി​ക്ക​രു​തു്.

ശ്രീ. കോ​ര​പ്പു​ഴ​യു​ടെ ആലിൻ​കൊ​മ്പ​ത്തു തൂ​ങ്ങു​ന്ന വാ​വ​ലു​ക​ളേ​പ്പോ​ലെ, തല കീ​ഴ്പോ​ട്ടാ​യി നിന്ന ഓരോ വാ​ച​ക​ത്തി​ന്റേ​യും നടു​പ്പ​റ​ത്തു് ഓരോ ചവി​ട്ടു പാ​സ്സാ​ക്കി അതിനെ നേരേ നിർ​ത്തു​ക​യാ​ണെ​ങ്കിൽ ആ പ്ര​സം​ഗ​ത്തി​ന്റെ ഏകദേശ റി​പ്പോർ​ട്ടു് ഇങ്ങ​നെ ആയി​രി​ക്കും:

കവി​ത​യു​ടെ പ്ര​വാ​ഹ​ത്തി​ന്നു്, മി​സ്റ്റി​സി​സ​ത്തി​ന്റെ പ്ര​കാ​ശ​ത്തി​ന്നു്, വി​ഷാ​ദാ​ത്മ​ക​ത്വ​ത്തി​ന്റെ ദീർ​ഘ​നി​ശ്വാ​സ​ത്തി​ന്നു യാ​തൊ​രു ചിറയോ, മറവോ, തടവോ ഉണ്ടാ​കാ​ത്ത രീ​തി​കൾ കണ്ടു​പി​ടി​ക്കു​വാ​നാ​ണു് എന്റെ​യും എന്റെ കൂ​ട്ടു​കാ​രു​ടേ​യും പരി​ശ്ര​മം. സം​സ്കൃത വൃ​ത്ത​ങ്ങ​ളിൽ യഥാർ​ത്ഥ കവിത എഴു​തു​ന്ന​തു് അസാ​ദ്ധ്യ​മായ ഒരു ജോ​ലി​യാ​ണെ​ന്നു ഞങ്ങ​ളു​ടെ മുൻ​ഗാ​മി​ക​ളായ ഗു​രു​നാ​ഥ​ന്മാ​രു​ടെ പിൻ​ഗാ​മി​ക​ളായ ശി​ഷ്യ​ന്മാർ പണ്ടേ തീർ​ച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വള്ള​ത്തോ​ളും ഉള്ളൂ​രും ആശാ​നും മറ്റും ഇതു തെ​ളി​യി​ച്ചി​ട്ടി​ല്ല. അവർ സം​സ്കൃ​ത​വൃ​ത്ത​ങ്ങ​ളേ​യും ഭാ​ഷാ​വൃ​ത്ത​ങ്ങ​ളേ​യും ഒരു​പോ​ലെ എടു​ത്തു പെ​രു​മാ​റി, ആ മഹനീയ പരി​വർ​ത്ത​ന​ത്തി​ന്റെ വില കു​റ​ച്ചു കള​ഞ്ഞു. അവർ ഒരി​ക്ക​ലും സം​സ്കൃ​ത​വൃ​ത്ത​ങ്ങ​ളിൽ എഴു​തു​വാൻ പാ​ടി​ല്ലാ​യി​രു​ന്നു. അതു തങ്ങ​ളെ​പ്പോ​ലെ പദ​സൗ​ല​ഭ്യ​മി​ല്ലാ​ത്ത കവി​ക​ളു​ടെ​നേ​രെ കാ​ണി​ക്ക​പ്പെ​ട്ട ക്രൂ​ര​മായ ഒരു കവി​താ​മു​ത​ലാ​ളി മനഃ​സ്ഥി​തി​യാ​ണു്.

“ഉണ്ടു സഞ്ജയ, കവി​ത​യി​ലു​മു​ണ്ടു് മു​ത​ലാ​ളി​ത്ത​വും തൊ​ഴി​ലാ​ളി​ത്ത​വും. ഈ വ്യ​ത്യാ​സ​ത്തെ ഇല്ലാ​യ്മ ചെ​യ്യു​ക​യാ​ണു് എന്റെ ജീ​വി​താ​ദർ​ശ​ങ്ങ​ളിൽ ഒന്നു്. ചില കവി​കൾ​ക്കു് ആവ​ശ്യ​ത്തിൽ കവി​ഞ്ഞ പദ​ങ്ങൾ, മറ്റു ചി​ലർ​ക്കു് അത്യാ​വ​ശ്യ​ത്തി​നു​കൂ​ടി പദ​ങ്ങ​ളി​ല്ലാ​യ്മ; തീർ​ച്ച​യാ​യും ഈ അസ​മ​ത്വം നശി​ക്ക​ണം. എനി​ക്കു സാ​ഹി​ത്യ​ലോ​ക​ത്തിൽ ശി​ക്ഷാ​ധി​കാ​ര​ത്തോ​ടു​കൂ​ടി ഭര​ണാ​ധി​കാ​രം കി​ട്ടി​യി​രു​ന്നു​വെ​ങ്കിൽ ഞാൻ എല്ലാ കവി​കൾ​ക്കും ഒരേ തോതിൽ വാ​ക്കു​ക​ളെ വീ​തി​ച്ചു കൊ​ടു​ക്കും. ഉള്ളൂ​രി​നു് ആയിരം, വള്ള​ത്തോ​ളി​നാ​യി​രം, എനി​ക്കാ​യി​രം, തനി​ക്കാ​യി​രം, ഇവ​യെ​ല്ലാം നാ​ടോ​ടി വാ​ക്കു​ക​ളു​മാ​യി​രി​ക്കും. ഇവയിൽ കവി​ഞ്ഞു് ഒരൊ​റ്റ​പ്പ​ദം, ഉള്ളൂ​രാ​യാ​ലും ശരി, മള്ളൂ​രാ​യാ​ലും ശരി, ഉപ​യോ​ഗി​ച്ചു​പോ​യാൽ അയാ​ളു​ടെ കവി​താ​ലൈ​സൻ​സു റദ്ദു് ചെ​യ്തു അയാളെ സൈ​ബീ​രീ​യാ​യി​ലേ​യ്ക്കു മണ്ണെ​ണ്ണ കു​ഴി​ച്ചെ​ടു​ക്കു​വാൻ അയ​യ്ക്കും. താ​നെ​ന്തു പറ​യു​ന്നു? തന്റെ ആയിരം തനി​ക്കു വേ​ണ്ടെ​ന്നോ? വേണ്ട, പക്ഷേ– അതു മറ്റൊ​രാ​ളെ ഉപ​യോ​ഗി​ക്കു​വാൻ സമ്മ​തി​ക്ക​യി​ല്ല. ഈ ജന്മം സമ്മ​തി​ക്കു​ക​യി​ല്ല. പക്ഷെ അതൊ​ക്കെ പറ​ഞ്ഞി​ട്ടെ​ന്തു കാ​ര്യം? സാ​ഹി​ത്യ​ലോ​കം നി​ര​ങ്കു​ശ​മാ​യി​ത്തീർ​ന്നി​രി​ക്കു​ക​യ​ല്ലേ? അവി​ടെ​യും മു​ത​ലാ​ളി​ത്ത മനഃ​സ്ഥി​തി​യ​ല്ലേ കൂ​ത്താ​ടു​ന്ന​തു്. (ശ്രീ കോ​ര​പ്പു​ഴ​യു​ടെ വക കണ്ണീർ)

ആ സ്ഥി​തി​ക്കു്, സഞ്ജയ, ഗത്യ​ന്ത​ര​മൊ​ന്നേ​യു​ള്ളു. വാ​ക്കു കു​റ​ഞ്ഞ​വ​രു​ടെ സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി രീ​തി​നി​യ​മ​ങ്ങൾ ചു​രു​ക്കുക; കഴി​ഞ്ഞ പ്ര​സ്ഥാ​ന​ത്തി​ന്റെ യഥാർ​ത്ഥ ഗു​രു​നാ​ഥ​ന്മാർ അതി​ന്റെ മു​മ്പിൽ നടന്ന അര​ദ്രാ​വി​ഡ​ക്കാ​രായ ആശാ​നും വള്ള​ത്തോ​ളും ഉള്ളൂ​രും മറ്റു​മ​ല്ല; പി​ന്നിൽ നടന്ന മു​ഴു​ദ്രാ​വി​ഡ​വൃ​ത്ത​ക്കാ​രാ​ണു്. പക്ഷേ ദ്രാ​വി​ഡ​വൃ​ത്ത​ങ്ങൾ ഉപ​യോ​ഗി​ച്ചാ​ലും എല്ലാ​വർ​ക്കും കവി​ത​യെ​ഴു​തു​വാൻ സൗ​ക​ര്യ​മു​ണ്ടാ​വു​ക​യി​ല്ലെ​ന്നു് ഇന്ന​ത്തെ പ്ര​സ്ഥാ​ന​ക്കാർ കണ്ടു​പി​ടി​ച്ചു. കാ​ക​ളി​യു​ടേ​യും, കേ​ക​യു​ടേ​യും, നതോ​ന്ന​ത​യു​ടേ​യും, അന്ന​ന​ട​യു​ടേ​യും, നി​യ​മ​ങ്ങൾ​ക്ക് സം​സ്കൃ​ത​വൃ​ത്ത​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടി​ല്ലെ​ങ്കി​ലും, അവ​യ്ക്കു​മു​ണ്ടു് കു​റ​ച്ചൊ​രു​പ​ണി അതി​ന്നും​വേ​ണം കു​റ​ച്ചൊ​രു പഠി​പ്പു് അതു് യഥാർ​ത്ഥ കവിതാ കമ്മ്യൂ​ണി​സ​മാ​യി​ത്തീ​രു​ക​യി​ല്ല. അതിൽ നമ്മു​ടെ പ്രി​യ​പ്പെ​ട്ട ‘കു​രു​ട​നെ​ന്നൊ​രു കുന്ത’ക്കാ​ര​നും മറ്റും സ്ഥാ​നം കഷ്ടി​യാ​യി​രി​ക്കും. അതു​കൊ​ണ്ടാ​ണു് പി​ന്നീ​ടു വന്ന​വർ കു​റ​ത്തി​പ്പാ​ട്ടും, ഗു​ണ​മേ​റും ഭ....യും മധു​ര​മൊ​ഴി ശാ​രി​ക​യും, ഓമ​ന​ക്കു​ട്ട​നും മറ്റും പഠി​ച്ച​തു്.

സഞ്ജയ, ഇതു് ഇന്ന​ത്തെ പ്ര​സ്ഥാ​ന​മാ​ണു്. ഞാൻ പല സം​ഗ​തി​ക​ളി​ലും ഇന്ന​ത്തെ പ്ര​സ്ഥാ​ന​ക്കാ​ര​ന​ല്ല. ചില സം​ഗ​തി​ക​ളിൽ നാ​ള​ത്തേ​യും മറ്റു ചില സം​ഗ​തി​ക​ളിൽ മറ്റ​ന്നാ​ള​ത്തേ​യും പ്ര​സ്ഥാ​ന​ക്കാ​ര​നാ​ണു്. അതു​കൊ​ണ്ടു് ചി​ല​പ്പോൾ ഇന്ന​ത്തെ പ്ര​സ്ഥാ​ന​ത്തിൽ​പ്പെ​ട്ട എന്റെ ചില സ്നേ​ഹി​ത​ന്മാ​രെ​പ്പോ​ലെ ഓമ​ന​ക്കു​ട്ട​നേ​യും, ഗു​ണ​മേ​റും ഭർ​ത്ത​വി​നേ​യും, കല്യാ​ണീ​ക​ള​വാ​ണി​യേ​യും മാ​റ്റി മാ​റ്റി ഉപ​യോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും, എന്റെ അഭി​പ്രാ​യം പ്ര​സ്തുത രീ​തി​ക​ളു​ടേ​യും കെ​ട്ടു​കൾ കുറെ മു​റു​കി​യ​വ​യാ​ണെ​ന്നാ​ണു്. ഗു​ണ​മേ​റും ഭർ​ത്താ​വി​നെ​ക്കൂ​ടി നേരെ നട​ത്തു​വാ​ന​റി​യാ​ത്ത ചില യുവ കവ​യി​ത്രി​ക​ളേ​യും, കു​ത്തും ചവി​ട്ടു​മി​ല്ലാ​ത്ത ഓമ​ന​ക്കു​ട്ട​നേ​പ്പോ​ലും പി​ടി​ച്ചു കെ​ട്ടു​വാൻ കഴി​യാ​ത്ത യു​വ​ക​വി​ക​ളേ​യും ഞാൻ കണ്ടി​ട്ടു​ണ്ടു്. അവർ​ക്കു് ആശ​യ​ങ്ങ​ളി​ല്ലേ? ആ ആശ​യ​ങ്ങൾ കവി​ത​യി​ലൂ​ടെ പ്ര​വ​ഹി​ക്കേ​ണ്ടേ? ഒരു പ്ര​ഭാ​തം കാ​ണു​മ്പോൾ, കു​രു​ട​നെ​ന്തൊ​രു കു​ന്ത​മാ​ണാ​യ​തിൽ എന്ന പ്ര​സ​ന്ന​ഗം​ഭീ​ര​മായ ആ വരി അവർ​ക്കു് എഴു​തു​വാൻ കഴി​ഞ്ഞി​ല്ലെ​ങ്കി​ലും അതി​ല​ട​ങ്ങിയ ചോ​ദ്യം അവ​രു​ടെ മന​സ്സി​ലും പൊ​ങ്ങി വരി​ക​യി​ല്ലേ? വരും. അവരെ പ്ര​ധാ​ന​മാ​യി ഉദ്ദേ​ശി​ച്ചാ​ണു് ഞാൻ എത്ര​യും പദ​ദാ​രി​ദ്ര്യ​മു​ള്ള കവി​ത്തൊ​ഴി​ലാ​ളി​ക്കു​പോ​ലും മഹാ​ക​വി​ക​ളു​ടെ ധൈ​ര്യ​ത്തോ​ടും സ്വാ​ത​ന്ത്ര്യ​ത്തോ​ടും​കൂ​ടി തന്റെ ആശ​യ​ങ്ങ​ളെ വെ​ളി​പ്പെ​ടു​ത്തു​വാൻ സാ​ധി​ക്കു​ന്ന സമ്പ്ര​ദാ​യ​ത്തിൽ ചില പുതിയ രീതകൾ കണ്ടു​പി​ടി​ക്കു​വാൻ ശ്ര​മി​ച്ച​തു്.”

കു​റ​ച്ചു​കൊ​ല്ലം മുൻ​പു് ചങ്ങ​ലം​പ​ര​ണ്ട​യി​ലെ ഇട​വ​ഴി​ക​ളി​ലും നി​ര​ത്തു​ക​ളി​ലും മു​റി​യൻ കാ​ലൊ​റ​യും, ‘കണ്ണിൽ​ക​ണ്ടൊ​രു ശപ്പു​ചി​പ്പു ചവറു’കൾ നി​റ​ഞ്ഞു് ഇരു​വ​ശ​ത്തും തൂ​ങ്ങു​ന്ന കീ​ശ​ക​ളോ​ടു കൂടിയ ഒരു പഴയ കീ​റി​പ്പ​റി​ഞ്ഞ കോ​ട്ടും, കാ​ല​പ്പ​ഴ​ക്ക​ത്താൽ കാ​ക്ക​യു​ടെ ‘കൂ​കൃ​തി​കു​ന​കൃ​തി’ കൂ​ടു​പോ​ലെ​യാ​യി​ച്ച​മ​ഞ്ഞ ഒരു ഹാ​റ്റും, ഇള​കു​ന്ന വെ​ള്ള​ത്തിൽ കാ​ണു​ന്ന മര​ത്തി​ന്റെ പ്ര​തി​ഛാ​യ​പോ​ലെ വളഞ്ഞ ഒരു വടി​യു​മാ​യി, മദ്ധ്യ​ഭാ​ഗം കു​റ​ച്ചു മു​ന്നോ​ട്ടു തള്ളി ഒരു വശ​ത്തേ​യ്ക്കു തലയും മറ്റും ചരി​ഞ്ഞു്, നൂ​റു​വാര ദൂ​ര​ത്തു​നി​ന്നു തി​രി​ച്ച​റി​യാ​വു​ന്ന കേ​ാ​ങ്ക​ണ്ണോ​ടും തൂ​ങ്ങിയ മീ​ശ​യോ​ടും​കൂ​ടി നട​ക്കു​ന്ന ഒരു പ്രാ​കൃത വേ​ഷ​ത്തെ കാ​ണാ​മാ​യി​രു​ന്നു. ഈ ദേഹം ചങ്ങ​ലം​പ​ര​ണ്ട​യി​ലെ എല്ലാ വീ​ടു​ക​ളി​ലു​മു​ള്ള എല്ലാ കു​ട്ടി​ക​ളു​ടേ​യും ആരാ​ധ​നാ​മൂർ​ത്തി​യാ​യി​രു​ന്ന നി​ര്യാ​ത​നായ ഗായക മഹാ​ക​വി ഡി​ക്രൂ​സ്സാ​യി​രു​ന്നു. ഇദ്ദേ​ഹം പല നൂതന കവി​താ​രീ​തി​ക​ളും കണ്ടു​പി​ടി​ച്ചി​ട്ടു​ണ്ടു്. അവയിൽ ചി​ല​തു് ശ്രീ കോ​ര​പ്പു​ഴ​യു​ടെ സവി​ശേ​ഷ​മായ അഭി​ന​ന്ദ​ന​ത്തി​നും സ്വീ​ക​ര​ണ​ത്തി​നു കൂ​ടി​യും പാ​ത്രീ​ഭ​വി​ച്ചി​ട്ടു​ണ്ടു്.

‘ആട്ടെ കി​ട്ടേ​ട്ടാ—നി​ങ്ങൾ ബന്തോ കി​ട്ടേ​ടാ’ എന്ന മർ​മ്മ​ഭേ​ദ​ക​വും നി​രാ​ശ​യിൽ പര്യ​വ​സാ​നി​ക്കു​ന്ന വി​ഷാ​ദാ​ത്മ​ക​ത്വം തു​ള്ളി​ത്തു​ളു​മ്പു​ന്ന​തു​മായ പ്ര​സി​ദ്ധ​ഗാ​നം കഴി​ച്ചാൽ, മി. ഡി​ക്രൂ​സി​ന്റെ പേ​രു​മാ​യി ബന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​തു്,

‘കറു​ത്താ​ളു​ബേ​ണ്ടി​ല്ല, വെ​ളു​ത്താ​ളു​ബേ​ണ്ടി​ല്ല
പൊ​ന്നു​മൂ​ട്ട​മ്മേ എനി​ക്കെ​ന്റെ ഡൈ​വർ​ത​ന്നെ മതി’

എന്ന മനോഹര കൃ​തി​യാ​ണു്. ഒരു മോ​ട്ടാർ​കാർ ഡ്രൈ​വ​രെ ഉദ്ദേ​ശി​ച്ചു് പ്ര​വ​ഹി​ക്കു​ന്ന തന്റെ ആദ്യാ​നു​രാ​ഗ​ത്ത​ള്ളി​ച്ച​യാൽ വി​ന​ഷ്ട​ല​ജ്ജ​യും ലബ്ധ​ധൈ​ര്യ​യു​മാ​യി​ത്തീർ​ന്ന മു​ഗ്ദ്ധ​യായ നായിക തന്റെ മൂ​ത്ത​മ്മ​യോ​ടു പറ​യു​ന്ന​താ​യി സങ്ക​ല്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഈ വരികൾ രീ​തി​യു​ടെ സു​ഗ​മ​ത​കൊ​ണ്ടും വി​ഷാ​ദാ​ത്മ​ക​ത്വ​ത്തി​ന്റെ അതി​മ​നോ​ജ്ഞ​മായ പ്ര​തി​ഫ​ല​നം​കൊ​ണ്ടും മഹാ​ക​വി പള്ള​ത്തി​ന്റെ ‘ശ്രീ​യാ​ണുർ​വ​ശി​യാ​ണു്’ ഇത്യാ​ദി ശ്ലോ​ക​ത്തെ വളരെ പി​ന്നി​ലാ​ക്കു​ന്നു​ണ്ടെ​ന്നു് ശ്രീ കോ​ര​പ്പുഴ എന്നോ​ടു പല​വു​രു പറ​ഞ്ഞി​ട്ടു​ണ്ടു്.

രീ​തി​യു​ടെ ഉദാ​ഹ​ര​ണ​മി​താ

ആകാശം നോ​ക്കി​യും ഭൂ​മി​യിൽ നോ​ക്കി​യും
പ്രേ​മ​ത്തു​മു​ത്തേ അല്ലും പകലും കഴി​ക്കു​ന്നു ഞാൻ
ഞാ​നൊ​ന്നു ചി​ന്തി​ച്ചു ഞാ​നൊ​ന്നു ചോ​ദി​ച്ചു
ഓമനേ കഷ്ടം—താ​ര​ക​ളു​ത്ത​ര​മോ​തി​യി​ല്ല.
ചി​ല്ലി വി​റ​പ്പീ​ച്ചും പല്ല​വം കോ​ട്ടി​യും
വല്ലി ഹാ നിൽ​പ്പൂ പൂ​മൊ​ട്ടി​ള​ക്കി​യും വല്ലി നിൽപൂ
മാ​രു​ത​നോ? മന്ദ​മാ​രു​ത​നോ? ഹന്ത
മാരുത ലീലകൾ മാ​രു​ത​ധി​ക്കാ​രം—ചൊ​ല്ലാ​വ​ല്ലേ.

നി​ങ്ങ​ളി​തു വാ​യി​ച്ചി​ല്ലേ? നി​ങ്ങൾ​ക്കെ​ന്താ​ണു മന​സ്സി​ലാ​യ​തു്. ഒന്നും മന​സ്സി​ലാ​യി​ട്ടി​ല്ല—അല്ലേ? എനി​ക്കും മന​സ്സി​ലാ​യി​ട്ടി​ല്ല. എഴു​തിയ എനി​ക്കു മന​സ്സി​ലാ​കാ​ത്ത​തു വാ​യി​ക്കു​ന്ന നി​ങ്ങൾ​ക്കു് എങ്ങ​നെ മന​സ്സി​ലാ​കു​വാ​നാ​ണു്? അർ​ത്ഥ​മൊ​ക്ക വേറെ പണി​യൊ​ന്നു​മി​ല്ലാ​ത്ത വ്യാ​ഖ്യാ​താ​ക്ക​ന്മാർ കണ്ടു​പി​ടി​ച്ചു​കൊ​ള്ള​ണ​മെ​ന്നാ​ണു് ഞാൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തു്. രീ​തി​യു​ടെ സുഗമത മാ​ത്ര​മേ ഇവിടെ ദീ​ക്ഷി​ച്ചി​ട്ടു​ള്ളു.

‘ഇന്നെ​ന്റെ മാരൻ വരു​മെ​ന്നു ചൊ​ല്ലി
കാ​മു​റി​ത്തേ​ങ്ങ കടം വാ​ങ്ങി​വ​ച്ചു’

എന്ന രീ​തി​യാ​ണു് ശ്രീ. കോ​ര​പ്പുഴ പു​ക​ഴ്ത്താ​റു​ള്ള മറ്റൊ​രു മട്ടു് സാ​മ്പിൾ ശ്രു​ണു.

“ഇന്നു നീ​യീ​വ​ഴി പോ​മെ​ന്നു വച്ചു
സന്ന​ത​ഗാ​ത്രി! ഞാൻ കാ​ത്തു​നി​ന്നു
പോ​യി​ല്ല, പോ​യി​ല്ല, പോ​യി​ല്ല, നീയോ
വേ​കു​ന്നു, വേ​കു​ന്നു, വേ​കു​ന്നു, ഞാനോ!
പി​ച്ചി, വെൺ​മു​ല്ല, പൊൻചെമ്പകപ്പൂവു-​
മെ​ച്ച​മാർ​ന്നെ​ങ്ങും വി​രി​ഞ്ഞു നിൽ​പ്പൂ!
നിൻ​മു​ഖ​പ​ങ്ക​ജം, നിൻ​മു​ഖ​പ​ങ്ക​ജം,
നിൻ​മു​ഖ​പ​ങ്ക​ജം കൂ​മ്പി​നിൽ​പ്പൂ.
ഏറെ​പ്പ​റ​ഞ്ഞാ​കിൽ ഈയ​ന്തി​ക്കാ​റ്റിൽ
കൂ​റാർ​ന്നു ഞാ​ന​ലി​ഞ്ഞോ​ടി​യെ​ത്തും
നി​ഞ്ചാ​ര​ത്തോ​മ​നേ! നീ​യെ​ന്തു ചെ​യ്യും?
പഞ്ചാ​ര​വാ​ണി! നീ​യെ​ന്തു ചെ​യ്യും?
അല്ലെ​ങ്കിൽ മി​ന്നാ​മി​നു​ങ്ങാ​യി മാറി-
ട്ട​ല്ല​ണി​ക്കൂ​ന്ത​ലിൽ​പ്പ​റ്റി നി​ല്ക്കും,
ആയ​തു​മാ​യ​തി​ല്ലെ​ന്നാ​കി​ലോ ഞാൻ
നേരേ പടി​ഞ്ഞാ​ട്ടു കപ്പ​ലേ​റും!”

ഈ മട്ടു് ആദ്യം കേ​ട്ട​പ്പോൾ ഇതു് പഴയ “കല്യാ​ണ​രൂ​പീ” മട്ടാ​ണെ​ന്നു് ഞാൻ ശങ്കി​ച്ചു​പോ​യി​രു​ന്നു. പക്ഷേ ശ്രീ. കോ​ര​പ്പുഴ എന്റെ ആ ധാരണ നീ​ക്കി. അദ്ദേ​ഹം പറ​യു​ക​യാ​ണു് “ഭാ​ഷാ​രീ​തി​കൾ, ചൊ​ല്ലു​ന്ന സമ്പ്ര​ദാ​യ​ത്തെ ആശ്ര​യി​ച്ചാ​ണു് ഇരി​ക്കു​ന്ന​തു്. ശീ​ലാ​വ​തി​യും പൂ​ര​പ്പാ​ട്ടും മാ​ക​ന്ദ​മ​ഞ്ജ​രി​ത​ന്നെ​യ​ല്ലേ? പക്ഷേ കൃ​ഷ്ണ​ഗാ​ഥാ​രീ​തി​യാ​ണോ?” ഞാൻ സമ്മ​തി​ച്ചു. അവ​രൊ​ക്കെ ബു​ദ്ധി​മാ​ന്മാ​ര​ല്ലേ, ചെ​റു​ശ്ശേ​രി? നമ്മൾ​ക്കു സമ്മ​തി​ക്കാ​തെ കഴി​യു​മോ?

***

പക്ഷെ രീ​തി​ലോ​ക​ത്തിൽ ഒരു പരി​വർ​ത്ത​നം തന്നെ​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന സു​പ്ര​സി​ദ്ധ​മായ “കോ​ര​പ്പു​ഴ​മ​ട്ടു്” ഇതൊ​ന്നു​മ​ല്ല. അതു വരു​ന്ന​തേ​യു​ള്ളു. അതു് എങ്ങി​നെ​യാ​ണു് ചൊ​ല്ലുക എന്നു് ഇതു​വ​രെ ആരും കണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. ശ്രീ കോ​ര​പ്പു​ഴ​യ്ക്കു​ത​ന്നെ അതി​നെ​ക്കു​റി​ച്ചു സ്ഥി​ര​ത​യി​ല്ല. യഥാർ​ത്ഥ​ക​വിത അങ്ങി​നെ​യാ​ണു് വേ​ണ്ട​തെ​ന്നു് അദ്ദേ​ഹം പറ​യു​ന്നു. വി​കാ​ര​ര​സ​ത്തി​ന്ന​നു​സ​രി​ച്ചു രീതി, ഒരു കൃ​തി​യിൽ ചി​ല​പ്പോൾ വരി​തോ​റും, മാ​റി​ക്കൊ​ണ്ടി​രി​ക്ക​ണ​മ​ത്രേ. ആ നി​രു​പ​മ​രീ​തി​യെ പണി​പ്പെ​ട്ട​നു​ക​രി​ച്ചു് ഞാൻ എഴു​തിയ ഒരു കൃ​തി​യാ​ണു് താഴെ ചേർ​ക്കു​ന്ന​തു്.

“എങ്ങു​ന്നോ വന്നീ​ടും എങ്ങോ​ട്ടോ പോ​യീ​ടും
കണ്ടോ​രും കേ​ട്ടോ​രും നാ​സ്തി​യ​ഹോ ലോ​ക​ത്തിൽ
നക്ഷ​ത്രം—നക്ഷ​ത്രം—കാൺമൂ ഞാൻ നക്ഷ​ത്രം
താ​ര​ക​ളേ, നി​ങ്ങൾ തൻ​കാ​ര്യ​മ​ഹോ മോശം താൻ!
മഹാ, മഹാ, മഹാ മോശം!!
നെ​ടു​വീർ​പ്പിൽ—കണ്ണീ​രിൽ—കടുശോകത്തീക്കുണ്ടിൽ-​
എരി​യു​ന്നൂ–മു​ങ്ങു​ന്നൂ–വീ​ഴു​ന്നൂ—കത്തു​ന്നൂ!
നര​ലോ​കം നാ​ര​ക​മാ​യ് മാ​റു​ന്നൂ—മാ​റു​ന്നൂ—
ഉദ്യോ​ഗം–സ്ഥാ​നാ​പ്തി—വ്യർ​ത്ഥ​മ​ഹോ വ്യർ​ത്ഥം!
സ്വാ​ത​ന്ത്ര്യം–സ്വാ​രാ​ജ്യം—ആയ​തി​നെ​ത്തേ​ടുക നാം.
തേടുക, തേടുക, തേടുക നാം!
സം​ഗീ​തം–സാ​ഹി​ത്യം—പൊള്ള, വെ​റു​പൊ​ള്ള!
വൃ​ത്താ​ല​ങ്കാ​ര​ങ്ങൾ പു​ല്ല​ത്രേ പു​ല്ലു്!
വെറും വെറും വെറും പു​ല്ലു്!!

ഇതാ​ണു് കോ​ര​പ്പു​ഴ​മ​ട്ടു്. യു​വ​ക​വി​ക​ളേ, നി​ങ്ങൾ​ക്കു് ഈ മട്ടു പി​ടി​ച്ചു​വോ? ആദ്യ​ത്തെ അരഡസൻ വരി​കൾ​ക്കേ തെ​ല്ലൊ​രു പ്ര​യാ​സ​മു​ള്ളു. പി​ന്നെ നി​രർ​ഗ്ഗ​ള​മാ​യി പ്ര​വ​ഹി​ച്ചു​കൊ​ള്ളും. പഠി​പ്പു വേണ്ട, വാസന വേണ്ട, അദ്ധ്വാ​ന​മി​ല്ല, വി​ഷാ​ദാ​ത്മ​ക​ത്വ​മോ, മി​സ്റ്റി​സി​സ​മോ എന്തും എത്ര​യും അതിൽ ചേരും. നി​ങ്ങ​ളെ​ന്തു പറ​യു​ന്നു? പത്രാ​ധി​പ​ന്മാർ വയറു തട​വു​ന്നു​ണ്ടാ​യി​രി​ക്കും. ഇതു് സ്വ​ത​ന്ത്ര​വൃ​ത്തം (Frea Verse) ആണെ​ന്നു് ശ്രീ. കോ​ര​പ്പുഴ പറ​ഞ്ഞു. എന്തോ! വണ്ടി വലി​ക്കു​ന്ന​വർ പല​പ്പോ​ഴും ഈ രീതി ഉപ​യോ​ഗി​ച്ചു കണ്ടി​ട്ടു​ണ്ടു്. അത്ര​മാ​ത്രം. ആ-10-2-‘36

പാ​റ​പ്പു​റ​ത്തു സഞ്ജ​യൻ വി​നോ​ദ​ന​ത്തി​നു വേ​ണ്ടി മാ​ത്രം ഫലിതം പറ​യു​ന്ന ആളാ​യി​രു​ന്നി​ല്ല. അദ്ദേ​ഹ​ത്തി​ന്റെ ലേ​ഖ​ന​ങ്ങൾ വി​ജ്ഞാ​ന​പ്ര​ദ​ങ്ങൾ കൂ​ടി​യാ​യി​രു​ന്നു. അവ നർ​മ്മ​ബോ​ധം ഇല്ലാ​ത്ത പല​രേ​യും വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ടാ​വാം. എന്നാൽ അവയിൽ ഹാ​സ്യാ​ഞ്ജ​ലി​യു​ടെ പ്ര​സാ​ധ​കൻ പറ​യും​പോ​ലെ “പു​രു​ഷ​പ​ര​മായ കാ​ലു​ഷ്യ​മോ കല്മ​ഷ​മോ അശേഷം ഉണ്ടാ​യി​രു​ന്നി​ല്ല.” അദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം അനീ​തി​യോ​ടും അധർ​മ്മ​ത്തോ​ടും ഉള്ള പട​വെ​ട്ടൽ ആയി​രു​ന്നു. അത്യുൽ​കൃ​ഷ്ട​മായ ഒരു ആദർശം അദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നെ​ന്നും, അതിൽ നി​ന്നും അദ്ദേ​ഹം ഒരി​ക്ക​ലും വ്യ​തി​ച​ലി​ച്ചി​ട്ടി​ല്ലെ​ന്നും സഞ്ജ​യ​ന്റെ ലേ​ഖ​ന​പ​ര​മ്പ​ര​ക​ളിൽ നി​ന്നു് നല്ല​പോ​ലെ വ്യ​ക്ത​മാ​കു​ന്നു. ഭാ​ര​തീ​യ​ജ​ന​ത​യു​ടെ ഉൽ​കൃ​ഷ്ടാ​ദർ​ശ​ങ്ങൾ ഓരോ​ന്നാ​യി ചവു​ട്ടി​ത്തേ​യ്ക്ക​പ്പെ​ടു​ന്ന​തു കണ്ടി​ട്ടു​ണ്ടായ ഹൃ​ദ​യ​ക്ഷ​ത​ത്തിൽ നി​ന്നു ജന്മ​മെ​ടു​ത്തി​ട്ടു​ള്ള​വ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പരി​ഹാ​സ​ക​വ​ന​ങ്ങ​ളെ​ല്ലാം. സാ​ഹി​ത്യം മാ​ത്ര​മ​ല്ല അദ്ദേ​ഹ​ത്തി​ന്റെ വി​മർ​ശ​ന​ത്തി​നു പാ​ത്രീ​ഭ​വി​ച്ച​തു്. രാ​ഷ്ട്രീ​യ​വും സാ​മു​ദാ​യി​ക​വും സാ​ഹി​ത്യ​വും എന്നു​വേ​ണ്ടാ, ജീ​വി​ത​ത്തെ സ്പർ​ശി​ക്കു​ന്ന എല്ലാ വി​ഷ​യ​ങ്ങ​ളും അദ്ദേ​ഹ​ത്തി​ന്റെ ശ്ര​ദ്ധ​യ്ക്കു ഗോ​ച​രീ​ഭ​വി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ​വും സാ​മു​ദാ​യി​ക​വും ആയ കാ​ര്യ​ങ്ങ​ളിൽ അദ്ദേ​ഹം ഉല്പ​തി​ഷ്ണു​വാ​യി​രു​ന്നു. കോ-​മു-വിലാപം അദ്ദേ​ഹ​ത്തി​നു് ജസ്റ്റീ​സ് പാർ​ട്ടി​യോ​ടു​ണ്ടാ​യി​രു​ന്ന മനോ​ഭാ​വ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ന്നു.

പഴു​തി​ലെ​ന്തി​ന്നു ഞാൻ പറ​ഞ്ഞീ​ടു​ന്നു?
പഴ​മ​യു​ള്ള​വർ ജസ്റ്റീ​സു​മ​ന്ത്രി​മാർ
വഴി​ക​ളെ​ല്ലാം ഗ്ര​ഹി​ച്ച നേ​താ​ക്ക​ന്മാർ
പഴു​തിൽ​ച്ചാ​ടു​മോ? ബോ​ബി​ലീ പാ​ഹി​മാം.
കി​ഴി​യു​ന്നാ​കി​ലും ജസ്റ്റീ​സു​ക​ക്ഷി​ക്കു
കി​ഴി​യും​വ​ച്ചു നമ​സ്ക​രി​ച്ചാ​കി​ലും
പിഴകൾ ചെ​യ്തി​ലും കമ്മീഷണർമാരെ-​
ത്തൊ​ഴു​തു വാ​ഴ്കി​ലും ബോ​ബി​ലീ പാ​ഹി​മാം.
യു​വ​തി​മാർ​ക്കെ​ന്തു ചോ​ദ്യ​മെ​ന്നി​ങ്ങ​നെ
ഭു​വ​ന​വീ​ര​ന്മാർ കൗൺ​സി​ലേ​രോ​തി​ടും.

‘രാ​ജാ​ജി​ക്കു് ഒരു പ്ര​ത്യ​ക്ഷ​പ​ത്രം’ എന്ന കവ​ന​ത്തിൽ ക്ഷേ​ത്ര​ങ്ങൾ എല്ലാം ഹരി​ജ​ന​ങ്ങൾ​ക്കു തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ന്റെ അനൗ​ചി​ത്യം സര​സ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കും.

നമ്മു​ടെ മന്ത്രി​യാം കോ​ങ്ങോ​ടൻ വാ​യി​ച്ചു
ചെ​മ്മേ വി​വർ​ത്ത​നം ചെ​യ്യു​മെ​ങ്കിൽ
രാ​ജ​ശ്രീ രാ​ജാ​ജി ബോ​ധി​പ്പാ​നേ​താ​നും
വ്യാ​ജ​ക്ക​ലർ​പ്പെ​ന്യേ ചൊ​ല്ലു​വൻ ഞാൻ.
രാ​ജ​ശ്രീ കോൺ​ഗ്ര​സ്സു വാ​ഴ്ച​യി​ലീ​ഞ​ങ്ങൾ
രാ​ജ​ശ്രീ ദീ​പ്തി​യി​ലെ​ന്ന​പോ​ലെ
ഉള്ളം കു​ളുർ​ത്തു തെ​ളി​ഞ്ഞു നിന്നീടുന്നു-​
യൊ​ള്ള​ല്ലേ, ഭള്ള​ല്ലേ, കള്ള​മ​ല്ലേ
എന്നാ​ലും മു​ള്ളു​പോ​ലു​ണ്ടൊ​രു വേദന-
യി​ന്നെ​ന്റെ ഹൃ​ത്തിൽ കു​ടി​കൊ​ള്ളു​ന്നു.
ആയതു നീക്കുവാനാളാകുമങ്ങുന്നെ-​
ന്നാ​യ​താ​ത്മാ​വേ ഞാൻ വി​ശ്വ​സി​പ്പു.
എങ്കി​ലീ​യ​മ്പ​ല​ക്കാ​ര്യ​ത്തിൽ മന്ത്രി​മാർ
ശങ്കി​ക്കു​ന്നെ​ന്തി​നെ​ന്നെ​ന്റെ ചോ​ദ്യം
മർ​ത്ത്യർ​ക്കു് തങ്ങ​ളിൽ തീ​ണ്ട​ലു​ണ്ടെ​ന്നോ​തും
സ്മൃ​ത്യാ​ഭാ​സാ​ജ്ഞ​യെ മാ​നി​ച്ചി​ട്ടോ?
മാമൂൽപ്പെരുച്ചാഴിക്കൂട്ടത്തിൻകോപത്താ-​
ലാ​മൂ​ല​ധ്വം​സ​നം പേ​ടി​ച്ചി​ട്ടോ?
പെ​ട്ടെ​ന്നി​ക്കാ​ര്യം നട​ക്കു​കി​ലാ​കാ​ശം
പൊ​ട്ടി​പ്പോ​മെ​ന്നൊ​രു ശങ്ക​കൊ​ണ്ടോ?
ഇന്നി​സ്സ​മ​ത്വ​ത്തിൻ​വാ​തൽ തു​റ​ക്കു​കിൽ
ഭി​ന്നി​പ്പു​ണ്ടാ​കു​മെ​ന്നോർ​ക്ക​കൊ​ണ്ടോ?
കാ​ര​ണ​മെ​ന്തു​ത​ന്നാ​യാ​ലു​മാ​യു​ഷ്മൻ
കാ​ല​വി​ളം​ബ​മി​സ്സം​ഗ​തി​യിൽ
തെ​ല്ലു​മ​രു​തെ​ന്നും താമസം നല്ലതി-​
നല്ലെ​ന്നും തോ​ന്നു​ന്നു–സ്വ​ന്തം പി. എസ്സ്.

‘കമ്മ്യൂ​ണി​സം​വ​ഴി’ റഷ്യ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള നേ​ട്ട​ങ്ങ​ളെ അഭി​ന​ന്ദി​ക്കു​ന്ന​തി​നോ​ടു​കൂ​ടി​ത്ത​ന്നെ അദ്ദേ​ഹം ഇന്നാ​ട്ടി​ലെ കമ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ വഴി പി​ഴ​ച്ച ഉദ്യ​മ​ങ്ങ​ളെ ഇങ്ങ​നെ പഴി​ക്കു​ന്നു: ഹി​മ​വാൻ ചോ​ദി​ച്ചു:

ആരി​സ്സ​ഖാ​ക്കൾ നാ​ടെ​ങ്ങും
പ്ര​സം​ഗി​ച്ചു നട​ക്കു​വോർ
ഉദ്ദേ​ശ്യ​മെ​ന്ത​വർ​ക്കെ​ല്ലാം
വി​സ്ത​രി​ച്ചു​ര​ചെ​യ്ക നീ.

ഭാരതം പറ​ഞ്ഞു:

വി​വ​രി​ച്ചു പറഞ്ഞീടാ-​
നി​ട​യി​ല്ല ഗിരി പ്രഭോ!
ചു​രു​ക്കി​ച്ചൊ​ല്ലി​ലോ തെറ്റി-​
ദ്ധ​രി​ക്കു​മ​വി​വേ​കി​കൾ.
എന്നാ​ലു​മ​ങ്ങു​ചോ​ദി​ച്ചാൽ
വയ്യെ​ന്നോ​തു​വ​തെ​ങ്ങ​നെ?
ഏതാ​നും ഞാ​നു​ര​ച്ചീ​ടാം
ഭവാ​നാൽ ബാ​ക്കി​യൂ​ഹ്യ​മാം.
വി​ദ്വേ​ഷ​പ്പ​ട്ട​ട​ത്തീ​യിൽ ജ്ഞാ​ന​മാ​ഹൂ​തി ചെ​യ്യു​വോർ
ഉത്ത​മാം​ഗം മനു​ഷ്യ​ന്നു—വയ​റെ​ന്നു ശഠി​ക്കു​വോർ
ഒരു​നേ​ര​ത്തെ​യൂ​ണി​ന്നു്—സത്യാ​ഹിം​സ​കൾ വിൽ​ക്കു​വോർ
ആസ്തി​ക്യ​ത്തെ​യ​വീ​നെ​ന്നു—ചൊ​ല്ലി​പ്പ​രി​ഹ​സി​ക്കു​വോർ
അവർ​ക്കു ഹി​ത​മ​ല്ലാ​ത്ത—തോ​തു​ന്നോ​രെ​ദ്ദു​ഷി​ക്കു​വോർ
അതോ​ടൊ​ന്നി​ച്ച​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തെ സ്തു​തി​ക്കു​വോർ
മു​ത​ലാ​ളി​ത്ത​മാം​ചൂ​ടിൽ നീ​റു​ന്ന തൊ​ഴി​ലാ​ളി​യെ
വി​പ്ള​വ​ത്തീ​ക്കു​ഴി​ക്കു​ള്ളിൽ—തള്ളി രക്ഷി​ച്ചി​ടു​ന്ന​വർ
അവർ​ക്കോ​രു​പ​മാ​ന​ത്തി​ന്നാ​രെ​യും കാൺ​മ​തി​ല്ല ഞാൻ
അവർ​ക്കു തു​ല്യ​മ​വർ​താൻ രാ​ക്ഷ​സർ രാ​ക്ഷ​സോ​പ​മർ.

‘കൊ​തു​കും മു​ട്ട​യും’ എന്ന പദ്യ​ങ്ങ​ളി​ലും കമ്മ്യൂ​ണി​സം തന്നെ വിഷയം.

മക്കു​ണ​ത്തോ​ടു മൂ​ളു​ന്നു, കൊതു “നീ​യൊ​രു ചൂഷകൻ”
തൊ​ഴി​ലാ​ളി​മ​നു​ഷ്യ​ന്റെ—ചോ​ര​ക​ട്ടു​കു​ടി​ക്കു​വോൻ
സം​ഘ​ടി​പ്പി​ച്ചി​ടും ഞാനെൻ തൊ​ഴി​ലാ​ളി​സ്സ​ഖാ​ക്ക​ളെ
ഇച്ചൂ​ഷ​ണ​ത്തി​നെ​തി​രാ​യി നി​ന്റെ കാ​ല​മ​ടു​ത്തു​പോ​യ്
ഉദ​യം​തൊ​ട്ട​ന്തി​യാ​വോ​ളം വേ​ല​ചെ​യ്തു പൊ​റു​ത്തി​ടും
നര​ന്റെ ചോര ശാ​പ്പി​ട്ടു പു​ല​രും നീ​ച​നാ​ണു നീ
നി​ണ​ക്കൊ​ടി​പ​റ​പ്പി​ച്ചു പാ​റും​ഞാൻ വീ​ടു​തോ​റു​മേ
പ്ര​ക്ഷോ​ഭ​ണം കൂ​ട്ടി​ടും​ഞാൻ പ്ര​സം​ഗം പൊ​ടി​പാ​റ്റി​ടും
നി​ന്നെ​ച്ച​വി​ട്ടി​ത്തേ​പ്പി​ക്കാ​ത​ട​ങ്ങു​ക​യു​മി​ല്ല ഞാൻ
മാർ​ക്സു​ഞാൻ ലെ​നി​നീ​ഞാൻ​താൻ​സ്റ്റാ​ലിൻ​ഞാ​നോർ​ക്ക​ദുർ​മ്മ​തേ”
മു​ട്ട​യൊ​ന്നും പറ​ഞ്ഞീ​ലി​പ്ര​സം​ഗ​ത്തി​ന്നൊ​രു​ത്ത​രം
(അവ​ന്നു ശബ്ദ​മി​ല്ലെ​ന്ന​ത​റി​യാ​ത്ത​വ​നാ​രു​വാൻ?)
അന്നാൾ​തൊ​ട്ടു ഗൃ​ഹം​തോ​റും കൊ​തു​പാ​റി​പ്പ​റ​ക്ക​യാ​യ്
തൊ​ഴി​ലാ​ളി​ച്ചൂ​ഷ​ണ​ത്തി​ന്നെ​തി​രാ​യ് വേ​ല​ചെ​യ്യു​വാൻ
തൊ​ഴി​ലാ​ളി​യു​റ​ങ്ങു​ന്ന തഞ്ചം​നോ​ക്കി​സ്സ​ഖാ​വ​വൻ
കർ​ണ്ണാ​ന്തി​കേ ചെ​ന്നു​ശീ​ഘ്ര​മൂ​തീ സമ​ര​കാ​ഹ​ളം:
“ഉണരൂ മത്സ​ഖാ​വേ നീ​യെ​ഴു​നേ​ല്ക്കുക സത്വ​രം
മു​ട്ട​ത്ത​ത്തെ നശി​പ്പി​പ്പാൻ മു​തിർ​ന്നീ​ട​ണ​മി​ക്ഷ​ണം
സം​ഘ​ടി​ക്ക​ണ​മീ​നി​ങ്ങ​ളെൻ​നേ​തൃ​ത്വ​ത്തി​ലി​ങ്ങി​നി
ഇൻ​ക്വി​ലാ​ബാ​ദ് സി​ന്താ​ബാ​ദ്! റഷ്യ​ജ​യി​ക്ക​ട്ടേ​യു​ഷാർ​സ​ഖേ
അസ​ഹ്യ​മി​യൊ​ച്ച​കേ​ട്ടു തൊ​ഴി​ലാ​ളി​യു​ണർ​ന്നു​ടൻ
തീ​പ്പെ​ട്ടി​ക്കോ​ലു​ര​ച്ചെ​ങ്ങും മു​ട്ട​യെ​ത്തേ​ടി ശയ്യ​യിൽ
മു​ട്ട​ത്ത​ത്തെ നശി​പ്പി​പ്പാൻ മു​ട്ട​യെ​ക്കാ​ച്ചി​പോ​ല​വൻ
സ്വൈ​ര​മാ​യി​നി​യെ​ന്നോർ​ത്തു വീ​ണ്ടും നി​ദ്ര​യ്ക്കൊ​രു​ങ്ങി​പോൽ
ഉടൻ​കാ​തിൻ​സ​മീ​പ​ത്തു തു​ശി​യൊ​ന്നു തറ​ച്ച​പോൽ
ഒരു​വേ​ദ​ന​യു​ണ്ടാ​യി തൊ​ഴി​ലാ​ളി​ക്കു ദു​സ്സ​ഹം.
‘എന്നേ! മാ​ര​ണ​മി​ജ്ജീ​വി’ ചത്താ​ലും ചാ​ക​യി​ല്ല​യോ?
മു​ട്ട​തൻ​പ്രേ​ത​മി​ന്നെ​ന്നെ ദ്രോ​ഹി​പ്പാൻ വന്നു​കൂ​ടി​യോ?
ഇത്യാ​ദി​യോർ​ത്ത​പ്പാ​വ​ത്താൻ ചെ​വി​ലാ​ക്കാ​ക്കി​യ​ക്ഷ​ണം
ആഞ്ഞൊ​ന്ന​ടി​ച്ചാൻ പി​ന്നീ​ടു വി​രി​സൂ​ക്ഷി​ച്ചു, നോ​ക്കി​നാൻ
അയ്യോ കാ​ണ്മ​തെ​ന്ത​ങ്ങു? സഖാ​വാം കൊ​തു​വ​ല്ല​യോ?
നി​ത്യ​നിൎവാ​ണ​മാർ​ന്ന​ത്ര കി​ട​പ്പൂ കരു​ണാ​നി​ധി
തീ​പ്പെ​ട്ടി​ക്കൊ​ള്ളി കത്തി​ത്തീർ​ന്നി​രു​ളാ​യ് മു​റി​യാ​ക​വേ
നി​ശ്ശ​ബ്ദ​മാ​യ് സഖാ​വി​ന്റെ മൂ​ള​ലി​ല്ലാ​ത്ത കാ​ര​ണാൽ
ഒരു പു​ഞ്ചി​രി തൂ​കു​ന്നൂ തൊ​ഴി​ലാ​ളി തെ​ളി​ഞ്ഞ​ലം
അതി​ന്റെ​മി​സ്റ്റി​ക്കർ​ത്ഥ​ത്തെ വ്യാ​ഖ്യാ​നി​പ്പാൻ പരം​പ​ണി

കമ്മ്യൂ​ണി​സം നാ​ട്ടിൽ വ്യാ​പി​ച്ചാ​ലു​ള്ള അവ​സ്ഥ​യെ മിസ് ദു​നി​യാ​വി​ന്റെ കൈയ് എന്ന കൃ​തി​യിൽ ഭം​ഗി​യാ​യി വർ​ണ്ണി​ച്ചി​രി​ക്കു​ന്നു.

ഒരു കു​റ​ത്തി മിസ് ദു​നി​യാ​വി​ന്റെ (ലോ​ക​ത്തി​ന്റെ) കൈ നോ​ക്കി അടു​ത്തു​വ​രാ​നു​ള്ള ഫലം പറ​യു​ന്നു.

നാ​ടു​നീ​ളെ​ക്കു​ട്ടി​ച്ചോ​റാ​യ് ചെ​ന്നി​ണ​മൊ​ഴു​കും
വീ​ടു​ക​ളെ കൊ​ള്ളി​വ​ച്ചു ചാ​മ്പ​ലാ​ക്കി​ത്തീർ​ക്കും
ചെ​ങ്കൊ​ടി​നി​വർ​ന്നു കാ​റ്റി​ലാ​ടു​മൊ​ട്ടു​ദി​ക്കിൽ
ചങ്കു​വെ​ട്ടാൻ ഹാ​ലി​ള​കി​പ്പാ​യു​മൊ​രു​കൂ​ട്ടർ
തോ​ക്കിൽ​നി​ന്നു ചാ​ക്ക​ല​റി​ച്ചാ​ടി​വീ​ഴു​മെ​ങ്ങും
പേ​ക്കി​നാ​വി​ലെ​ന്ന​പോ​ലി​പ്പാ​രി​ടം നടു​ങ്ങും
കൂ​കി​യാർ​ത്തു തീ​പ്പി​ശാ​ചു രാ​ത്രി​തോ​റും പായും
ബാ​ക്കി​നി​ല്ക്കാ​നാർ​ക്കു​മി​ല്ലൊ​രാ​ശ​യെ​ന്നു​മാ​കും
അച്ഛ​നേ​യു​മ​മ്മ​യേ​യും കു​ട്ടി​യേ​യും തന്റെ-​
യി​ച്ഛ​യൊ​ത്ത ഭാ​ര്യ​യേ​യു​മി​ഷ്ട​നേ​യു​മെ​ല്ലാം
വി​സ്മ​രി​ച്ചു പ്രാ​ണ​നും​കൊ​ണ്ടോ​ടു​മെ​ങ്ങും മർ​ത്ത്യർ
വി​സ്മ​യി​ച്ചു നോ​ക്കി​ടേ​ണ്ട തമ്പു​രാ​ട്ടി സത്യം.

സഞ്ജ​യ​നു് ജീ​വി​ത​ത്തോ​ടു​ണ്ടാ​യി​രു​ന്ന മനോ​ഭാ​വ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ന്ന ‘എന്തു​വ​ന്നാ​ലും’ എന്ന പദ്യ​ത്തെ​ക്കൂ​ടി ഉദ്ധ​രി​ച്ചി​ട്ടു് ഇതിൽ​നി​ന്നു വി​ര​മി​ക്കാം.

ഞാൻ:

മധു​മൊ​ഴി​യാ​ളെ മധു​ര​ല​ജ്ജ തൻ
മറ​വി​ലി​പ്പൊ​ഴു​മൊ​ളി​പ്പ​തെ​ന്തു നീ?
വരൂ വരൂ മു​ഗ്ദ്ധേ ഭവതി വേർപെട്ടി-​
ങ്ങി​രി​പ്പ​തി​ലേ​റ്റം മരി​പ്പ​തേ നല്ലു.

പ്ര​സ്തുത മു​ഗ്ദ്ധ:

ഇട​വ​പ്പാ​തി​തൻ പടപ്പെരുമ്പറ-​
യി​ട​യ്ക്കി​ട​യ്ക്കെ​ങ്ങു​മു​യർ​ന്നു​കേൾ​ക്ക​വേ
കരി​മു​കിൽ​കൂ​ന്ത​ല​ഴി​ഞ്ഞു ചി​ന്നി​യും
ഹി​മ​ക​രാ​ന​നം വി​ളർ​ത്തു​മ​ങ്ങി​യും
കര​യു​ന്നു നിശ! കരകാണാതുള്ളോ-​
രി​രുൾ​ക്ക​ട​ലി​ലേ​ക്കി​റ​ങ്ങു​ന്ന ലോകം.

ഞാൻ:

ശരി! എന്നാ​ലേ​തു മഹാ​വി​പ​ത്തി​ലും
ചി​രി​ക്കു​വാ​ന​ല്ലീ വരി​ച്ചു നി​ന്നെ ഞാൻ
വരൂ വരൂ മു​ഗ്ദ്ധേ ചി​രി​ച്ചി​ടാ​തെ നാ-
മി​രി​പ്പ​തി​ലേ​റ്റം മരി​പ്പ​തേ നല്ലു.

ഏതാ​യി​രു​ന്നാ​ലും 1902 ൽ തു​ട​ങ്ങിയ ആ ചിരി 1943 സെ​പ്തം​ബർ 13-ാം തീയതി അവ​സാ​നി​ച്ചു. കേ​ര​ള​ത്തി​നു് ഈ അവ​സ​ര​ത്തിൽ ആ ‘ചിരി’യുടെ ആവ​ശ്യ​മാ​ണു് അധി​ക​മു​ണ്ടാ​യി​രു​ന്ന​തു്. അതി​നു് ഹത​വി​ധി വി​രാ​മ​മി​ട്ടു​ക​ള​ഞ്ഞു. എന്തു​ചെ​യ്യാം!

വെ​ള്ളാ​യ്ക്കൽ നാ​രാ​യ​ണ​മേ​നോൻ

ധി​ഷ​ണാ​ശാ​ലി​യും നി​ശി​ത​നി​രൂ​പ​ക​നും ഗവേ​ഷ​ണ​പ​ടു​വും ആയി​രു​ന്ന വെ​ള്ളാ​യ്ക്കൽ നാ​രാ​യ​ണ​മേ​നോ​ന്റെ പേരു് മല​യാ​ളി​കൾ​ക്കു് മറ​ക്കു​വാൻ സാ​ധി​ക്ക​യി​ല്ല. അദ്ദേ​ഹ​വും തു​ടർ​ന്നു് വെ​ള്ളാ​യ്ക്കൽ നാ​നി​ക്കു​ട്ടി​യും നട​ത്തി​വ​ന്ന ലക്ഷ്മീ​ഭാ​യി മാസിക വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളായ ലേ​ഖ​ന​മാല അണി​ഞ്ഞു് ക്ലി​പ്ത​സ​മ​യ​ത്തു തന്നെ പു​റ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. ഇന്ത്യ​യു​ടെ മഹ​തി​കൾ, കഥ​യു​ള്ള കഥകൾ നാലു ഭാ​ഗ​ങ്ങൾ, ക്ഷേ​ത്ര​മാ​ഹാ​ത്മ്യം രണ്ടു ഭാ​ഗ​ങ്ങൾ, പറ​ങ്ങോ​ടീ​പ​രി​ണ​യം, ഇതി​ഹാ​സ​മാല അഞ്ചു ഭാ​ഗ​ങ്ങൾ ഇത്യാ​ദി നി​ര​വ​ധി വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളായ പു​സ്ത​ക​ങ്ങൾ ലക്ഷ്മീ​ഭാ​യി ഗ്ര​ന്ഥാ​വ​ലി എന്ന പേരിൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. നാ​രാ​യ​ണ​മേ​നോൻ ആരം​ഭി​ച്ചു പൂർ​ത്തി​യാ​ക്കാ​തെ വി​ട്ടി​രി​ക്കു​ന്ന ഭാ​ഷാ​ച​രി​ത്രം തീർ​ന്നി​രു​ന്നു​വെ​ങ്കിൽ ഭാ​ഷ​യ്ക്കു് ഒരു അനർ​ഘ​നി​ധി​യാ​യി​ത്തീ​രു​മാ​യി​രു​ന്നു. ചരി​ത്ര​തോ​ല​നം എന്ന ലേ​ഖ​ന​പ​ര​മ്പര അദ്ദേ​ഹ​ത്തി​ന്റെ വി​പു​ല​മായ സാ​ഹി​ത്യ​പ​രി​ച​യ​ത്തി​നു നി​ദർ​ശ​ന​മാ​യി വി​ള​ങ്ങു​ന്നു.

നന്ത്യേ​ല​ത്തു പത്മ​നാ​ഭ​മേ​നോൻ

ഞങ്ങൾ എറ​ണാ​കു​ളം കാ​ളേ​ജിൽ വച്ചു് സതീർ​ത്ഥ്യ​ന്മാ​രാ​യി​രു​ന്നു. അന്നു് അദ്ദേ​ഹ​ത്തി​നു് കവി​ത​യിൽ വലിയ ഭ്ര​മ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒന്നാ​ന്ത​രം നട​നാ​യി​രു​ന്നു. പു​ത്തേ​ഴ​ത്തു മി. രാ​മൻ​മേ​നോ​ന്റെ സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​രി​ക്ക​ണം അദ്ദേ​ഹ​ത്തിൽ കവി​താ​ഭ്ര​മം ജനി​പ്പി​ച്ച​തു്. പു​ത്തേ​ഴം അന്നേ നല്ല കവി​താ​വാ​സന പ്ര​ദർ​ശി​പ്പി​ച്ചു​വ​ന്നു. അദ്ദേ​ഹ​ത്തി​ന്റെ മാ​തു​ല​നായ ഗോ​വി​ന്ദ​മേ​നോ​നും ഉദ്യോ​ഗ​കാ​ല​ത്തു് ഇട​യ്ക്കി​ടെ ലഭി​ച്ചു​വ​ന്ന വി​ശ്ര​മാ​വ​സ​ര​ങ്ങ​ളെ സാ​ഹി​ത്യ​സേ​വ​നാർ​ത്ഥം വി​നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണി​രു​ന്ന​തു്. അന്നു​ണ്ടായ ഒരു ‘ചേ​രി​പി​രി​യൽ’ കഥ ഇപ്പോ​ഴും ഞാൻ ഓർ​ക്കു​ന്നു. വട​ക്കർ​ക്കു് തെ​ക്കൻ കവി​ത​യേ​പ്പ​റ്റി കുറേ ഒക്കെ പു​ച്ഛ​മാ​ണു​ണ്ടാ​യി​രു​ന്ന​തു്. നി​ത്യ​സ​ഹ​ചാ​രി​ക​ളാ​യി​രു​ന്ന പു​ത്തേ​ഴ​വും നന്ത്യേ​ല​വും കേ​ര​ള​വർ​മ്മ വലി​യ​കോ​യി​ത്ത​മ്പു​രാ​ന്റെ കവി​ത​യേ അപ​ല​പി​ച്ചു​വ​ന്ന​തു് തി​രു​വി​താം​കൂ​റു​കാ​രായ ഞങ്ങ​ളെ ഒട്ട​ധി​കം ക്ഷോ​ഭി​പ്പി​ച്ചു. ഞങ്ങ​ളു​ടെ സം​ഘ​ത്തിൽ അധികം അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. വട​ക്കും​കൂർ കേ​ര​ള​വർ​മ്മ​രാ​ജാ, മു​ല്ല​പ്പ​ള്ളി പത്മ​നാ​ഭ​പ്പ​ണി​ക്കർ, ഞാൻ—ഇങ്ങ​നെ മൂവർ എതിർ​ക​ക്ഷി​യു​ടെ നേ​തൃ​ത്വം വഹി​ച്ചു. ചില കവി​താ​മ​ത്സ​ര​ങ്ങ​ളും മറ്റും തു​ടർ​ന്നു​ണ്ടാ​ക​യും ചെ​യ്തു. ഇപ്പോൾ അതൊ​ക്കെ ഓർ​ക്കു​മ്പോൾ ചി​രി​യാ​ണു വരു​ന്ന​തു്. സാ​ഹി​ത്യ​ര​സി​കാ​ഗ്ര​ണി​യാ​യി​രു​ന്ന കേ​ര​ള​വർ​മ്മ​രാ​ജാ നേ​ര​ത്തേ പര​ലോ​കം പ്രാ​പി​ച്ചു. ഏതാ​നും വർ​ഷ​ങ്ങൾ​ക്കു ശേഷം പത്മ​നാ​ഭ​പ്പ​ണി​ക്ക​രും പത്മ​നാ​ഭ​മേ​നോ​നും ഇഹ​ലോ​കം വെ​ടി​ഞ്ഞു.

എറ​ണാ​കു​ളം വി​ട്ട​തി​നു ശേഷം പത്മ​നാ​ഭ​മേ​നോ​നെ കണ്ട​തു തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു. അന്നും ലാ​ക്കാ​ളേ​ജിൽ വച്ചു ഞങ്ങൾ വീ​ണ്ടും സതീർ​ത്ഥ്യ​ഭാ​വം പൂ​ണ്ടു. അദ്ദേ​ഹം ബി. എൽ. പാ​സ്സാ​യി. എന്നാൽ ദീർ​ഘ​കാ​ലം പ്രാ​ക്ടീ​സു ചെ​യ്യു​ന്ന​തി​നു​ള്ള യോഗം അദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു്, പന്ത​ളം കേ​ര​ള​വർ​മ്മ രാ​ജാ​വി​നോ​ടും മറ്റും ചേർ​ന്നും അല്ലാ​തെ​യും അദ്ദേ​ഹം ചില ഖണ്ഡ​കൃ​തി​കൾ എഴു​തി​യി​ട്ടു​ണ്ടു്. കേ​ര​ള​വർ​മ്മ​പ്ര​സ്ഥാ​ന​ത്തെ ഒരു കാ​ല​ത്തു ദു​ഷി​ച്ച മി​സ്റ്റർ മേനോൻ ഒടു​വിൽ അതി​ന്റെ വലിയ പക്ഷ​പാ​തി​ക​ളിൽ ഒരു​വ​നാ​യി​ത്തീർ​ന്നു. കവി​ത​യു​ടെ മാതൃക കാ​ണി​പ്പാ​നാ​യി ഏതാ​നും വരികൾ ഉദ്ധ​രി​ക്കാം.

കോമൻ
പാ​ലാ​ഴി​മാ​തി​നു​ടെ പൊ​ന്മ​യ​പാ​ദ​ഭൂ​ഷാ
കോ​ലാ​ഹ​ല​ധ്വ​നി ദി​നം​പ്ര​തി കേൾ​പ്പ​താ​യി
ശൈ​ലാ​ബ്ധി​നാ​ഥ​രു​ടെ നി​ത്യ​നി​വാ​സ​ഭൂ​വാ​യ്
ചേ​ലാർ​ന്ന കു​ക്കു​ട​പു​രം വി​ജ​യി​ച്ചി​ടു​ന്നു.
ശ്രീ​മാ​ന​വി​ക്ര​മ​നൃ​പൻ, ശ്രിതലോകശോക-​
സ്തോ​മാ​പ​ഹാ​രി ധര​ണീ​പ​തി​യാ​യി​ത​ന്ദ്രം
സീ​മാ​ധി​കാ​ഭ​യൊ​ടു വാ​ണ​തു​മൂ​ല​മാ​വാം
പൂ​മാ​തു​മ​പ്പു​രി​യിൽ നി​ത്യ​വു​മു​ല്ല​സി​പ്പു.
നാ​ട്ടി​ന്നു വേണ്ട ഭരണക്രമമേർപ്പെടുത്തി-​
ക്കൂ​ട്ടി​ന്നു​കീർ​ത്തി​യെ​യു​മം​ബു​ജ​പു​ത്രി​യേ​യും
കൂ​ട്ടി​ക്ക​ലാ​നി​ധി വസി​ച്ചൊ​രു​വാർ​ത്ത കോഴി-
ക്കോ​ട്ടി​ന്നു​മാ​ളു​കൾ പറ​ഞ്ഞു രസി​ച്ചി​ടു​ന്നു.

സ്വ​ദേ​ശാ​ഗ​മ​നം
ഇവിടത്തിലിനിപ്പതുക്കെപ്പോകുവാ-​
നവി​ളം​ബം നി​ങ്ങ​ള​നു​വ​ദി​ക്ക​ണം
പ്ര​കൃ​തി​ദേ​വി​തൻ​ക​ളി​പ്പ​ന്ത​ലാ​യി
സു​കൃ​തി​കൾ​ക്കെ​ന്നും സു​ഖ​വാ​സ​ഭൂ​വാ​യ്
മമ കണ്ണിൽ സു​ധാ​മ​ഴ​പൊ​ഴി​പ്പ​താ​യ്
വി​മ​ല​കീർ​ത്തി​ക്കു വി​ള​നി​ല​മാ​യി
വി​ള​ങ്ങി​ടും മമ ജനനഭൂവിലുൾ-​
ക്ക​ള​കു​തു​കേന കട​ന്നി​ടും​കാ​ലം
കര​കാ​ണാ​ത്തൊ​രു കടൽ​ക്ക​ണ​ക്കി​താ
കര​ളി​ള​കു​ന്നു വി​കാ​ര​ശ​ക്തി​യാൽ.
Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 6 (ml: കേരള ഭാ​ഷാ​സാ​ഹി​ത്യ​ച​രി​ത്രം ഭാഗം 6).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 6; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാ​രാ​യ​ണ​പ​ണി​ക്കർ, കേരള ഭാ​ഷാ​സാ​ഹി​ത്യ​ച​രി​ത്രം ഭാഗം 6, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 25, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The female ascetics, a watercolor painting by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.