images/rnp-6-cover.jpg
The female ascetics, a watercolor painting by anonymous .
അധുനാതനകാലം

അധുനാതനകാലത്തെ മഹാകവികളുടെ കൂട്ടത്തിൽ അഗ്രഗണ്യന്മാർ വള്ളത്തോളും ഉള്ളൂരും ആണെന്നുള്ളതിൽ അഭിപ്രായവ്യത്യാസത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞുപോയ കാലത്തേയും ആഗാമിയുഗത്തേയും തമ്മിൽ ഘടിപ്പിക്കുന്ന രണ്ടു സാഹിത്യശില്പികളാണു് ഇവർ. അരശ്ശതാബ്ദമായി അവർ രണ്ടുപേരും നിരന്തര സാഹിത്യസേവനംചെയ്തു് കേരളീയരുടെ സവിശേഷമായ ബഹുമാനത്തിനു പാത്രീഭൂതരായിരിക്കുന്നു. ഈ അരശ്ശതാബ്ദത്തിനുള്ളിൽ കേരളീയ സാഹിത്യത്തിലുണ്ടായ പരിവർത്തനങ്ങൾക്കെല്ലാം അവർ സാക്ഷികളാണു്. ആ പരിവർത്തനങ്ങളിൽ അവർ സജീവമായ പങ്കും വഹിച്ചിട്ടുണ്ടു്. അതിനാൽ അവരുടെ ചരിത്രത്തെ ആദ്യമായി എടുത്തു പറയുന്നതിൽ ഇന്നത്തെ യുവമഹാകവികളാരും പരിഭവിക്കയില്ലെന്നു് ഞാൻ വിശ്വസിക്കുന്നു. അഥവാ അവർ പരിഭവിച്ചാലും ഞാൻ അതിനു മടിക്കയുമില്ല. അവർ അത്രയ്ക്കു് എന്റെ നിത്യമാനസപൂജയ്ക്കു പാത്രീഭവിച്ചിട്ടുണ്ട്. മി. പരമേശ്വരയ്യരുടെ ചരിത്ര വിഷയകങ്ങളായ ചില അഭിപ്രായങ്ങളെ ഞാൻ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ന്യൂനതകളെ മറച്ചുവയ്ക്കാതെതന്നെ, എനിക്കു് അദ്ദേഹത്തിനെ ബഹുമാനിക്കാൻ കഴിയും എന്നേ അർത്ഥമുള്ളു. മഹാകവിയുടെ വൈതാളികന്മാരായി നടന്നു് അവസരസേവനം നടത്തുന്ന പലരേയും, എന്നല്ല എല്ലാവരേയുംകാൾ ഞാൻ അദ്ദേഹത്തിനെ ആദരിക്കുന്നു. ഇത്രയും പറയേണ്ടിവന്നതു് അദ്ദേഹത്തിന്റെ ചില കവിതകളെപ്പറ്റി വല്ല വിപരീതാഭിപ്രായവും പ്രസ്താവിച്ചാൽ അതു കേവലം പൗരോഭാഗ്യപദവിയെ അധിരോഹണം ചെയ്തുകൊണ്ടു് ഞാൻ ചെയ്യുന്ന വിമർശമാണെന്നു വിചാരിച്ചുപോകരുതെന്നു മാന്യവായനക്കാരെ മുൻകൂട്ടി ധരിപ്പിക്കുന്നതിനായിട്ടാണു്.

കേരളത്തിലെ മന്ദാകിനിയെന്നു പ്രസിദ്ധമായ ഭാരതപ്പുഴയുടെ വടക്കേത്തീരത്തു പടിഞ്ഞാറുമാറി, ആലത്തൂർ എന്നൊരു ഗ്രാമം സ്ഥിതിചെയ്യുന്നു. വെട്ടത്തുനാടിന്റെ പുണ്യപ്രസരമെന്നോണം വിളങ്ങുന്ന ഈ ഗ്രാമത്തിലാണു് സാക്ഷാൽ രാമാനുജൻ എഴുത്തച്ഛനും അവതരിച്ചിട്ടുള്ളതു് എന്നു പറയുമ്പോൾ തന്നെ അതിന്റെ മാഹാത്മ്യം വെളിപ്പെടുമല്ലോ.

പൊന്നാനിത്താലൂക്കിൽപ്പെട്ട ‘മംഗലം’ അംശത്തിൽ പുല്ലൂണിദേശത്താണു് വള്ളത്തോൾ എന്ന ഗൃഹം സ്ഥിതിചെയ്യുന്നതു്. ഈ ഗൃഹത്തിന്റെ പുരാതനത്വത്തേപ്പറ്റി ഗോപാലമേനോന്റെ ചരിത്രത്തിൽ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു് ഇവിടെ വിവരിക്കുന്നില്ല. ധനസ്ഥിതികൊണ്ടും പാരമ്പര്യമഹിമകൊണ്ടും സാമാന്യത്തിലധികം ഉന്നതിയെ പ്രാപിച്ചിരുന്ന ഈ കുടുംബത്തിൽ മി. നാരായണമേനോൻ 1054 തുലാം 1-ാം തീയതി ജനിച്ചു. കൊച്ചിസംസ്ഥാനത്തു് എയ്യാൽ പ്രവൃത്തിയിൽ കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ എളയതു്, എന്ന സഹൃദയശിരോമണിയായിരുന്നു അദ്ദേഹത്തിന്റെ പിതാവു്. മാതാവായ ശ്രീമതി പാർവ്വതിയമ്മ സൗശീല്യാദി സൽഗുണങ്ങൾക്കു വിളനിലമായിരുന്നതിനു പുറമെ, മഹാഭാഗവത പുരാണ പാരായണത്തിൽ അതിതല്പരയും ആയിരുന്നു. ആ സ്ത്രീരത്നം പതിനൊന്നു കുട്ടികളെ പ്രസവിച്ചുവെങ്കിലും അവരിൽ മൂന്നുപേരെ മാത്രമേ, തന്റെ അന്ത്യനിമിഷത്തിൽ കണ്ടുകൊണ്ടു് അവർക്കു മരിക്കുവാൻ സാധിച്ചുള്ളു. ആ മൂന്നുപേരിൽ ഒരാൾ വള്ളത്തോളിന്റെ ജ്യേഷ്ഠസഹോദരിയായിരുന്നു. അവർ 1087 മേടത്തിൽ കാലഗതിയെ പ്രാപിച്ചു. ജ്യേഷ്ഠൻ പിന്നെയും വളരെക്കാലം ജീവിച്ചിരുന്നു.

വാരിയൻപറമ്പിൽ കുഞ്ഞൻനായർ എന്ന ആളാണു് വള്ളത്തോളിനെ എഴുത്തിനിരുത്തിയതു്. അദ്ദേഹം വലിയ വ്യുല്പന്നനൊന്നും ആയിരുന്നില്ല. അതിനാൽ ശ്രീരാമോദന്തം വരെ അദ്ദേഹത്തിന്റെ അടുക്കൽ പഠിച്ചിട്ടു്, നമ്മുടെ ബാലൻ മാതുലനായ രാമുണ്ണിമേനോന്റെ അടുക്കൽനിന്നു് നാടകാലങ്കാരപര്യന്തവും പിന്നീടു് പാറക്കുളം സുബ്രഹ്മണ്യശാസ്ത്രികളുടെ അടുക്കൽ തർക്കവും അഭ്യസിച്ചു. ഈ ഗുരുക്കന്മാരിൽവച്ചു് ആദ്യനായ രാമുണ്ണിമേനോൻ, വൈദ്യശാത്രനിപുണനും അഭിജ്ഞോത്തമനും ആയിരുന്ന തൃപ്പറങ്ങോട്ടു കിഴക്കേ ഇല്ലത്തു കുഞ്ഞുണ്ണിമൂസ്സതിന്റെ പ്രിയശിഷ്യനായിരുന്നു. നിത്യബ്രഹ്മചാരിയും പരമഭാഗവതനും ആയിരുന്ന ഈ മാതുലൻ 1079 ചിങ്ങം 20-ാം തീയതി ദിവംഗതനായി. മാതുലന്റെ മരണത്തേപ്പറ്റി നമ്മുടെ കവി അന്നു് സാമൂതിരിപ്പാടായിരുന്ന മഹാമഹിമശ്രീ മാനവിക്രമൻ ഏട്ടൻതമ്പുരാനു് അയച്ച കത്തിൽ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.

ത്രിജഗദ്വിജയിസ്ഫുടൗജസാ
വ്യസമാസ്ത്രദ്വിഷദാലയായിതം
സഭിയേവനജാതു ബാധിതം
വശിനോ യസ്യ മനോ മനോഭുവാ

മാതുലന്റെ അടുക്കൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം കുറ്റിപ്പുറത്തു കേശവൻനായർ, കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ, വള്ളത്തോൾ ഗോപാലമേനോൻ മുതലായവർക്കു ചൊല്ലിക്കൊടുത്തുവന്നു. പിന്നീടു് ഇവർ വള്ളത്തോളിനെത്തന്നെ ഗുരുവായി വരിക്കയും പില്ക്കാലത്തു് ‘വള്ളത്തോൾക്കമ്പനിയി’ലെ പ്രധാന കവിമല്ലന്മാരായിത്തീരുകയും ചെയ്തു.

പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ വള്ളത്തോൾ കവിതാപരിശീലനം ചെയ്തുകൊണ്ടിരുന്നെങ്കിലും, ആ ബാല്യ കൃതികളെ പരിശോധിച്ചു കൊടുക്കുന്നതിനു് ആരുമില്ലായിരുന്നു. അങ്ങനെ ഇരിക്കവേ ആണു് അദ്ദേഹത്തിനു് കംസവധം, അഭിമന്യുത്ഭവം മുതലായ നാടകങ്ങളുടെ കർത്താവായിരുന്ന കറുത്തപാറ ദാമോദരൻനംപൂതിരിയുടെ പരിചയം സിദ്ധിച്ചതു്. ആ വിശിഷ്ടകവിയായിരുന്നു വള്ളത്തോളിന്റെ ആദ്യത്തെ സാഹിത്യഗുരു. എന്നാൽ പ്രസ്തുത ഗുരു പിന്നീടു് അധികകാലം ജീവിച്ചിരുന്നില്ല.

വള്ളത്തോൾ വാസനാസമ്പന്നനായിരുന്നെങ്കിലും കവിതക്കളരിയിൽ നല്ലപോലെ പയറ്റിനോക്കിയ ശേഷമേ രംഗപ്രവേശം ചെയ്കയുണ്ടായിട്ടുള്ളു. കവിയ്ക്കു വ്യുല്പത്തിദാർഢ്യവും ലോകപരിചയവും ആവശ്യമില്ലെന്നുള്ള അധുനാതനസിദ്ധാന്തത്തിൽ അന്നുള്ളവർക്കു വിശ്വാസമുണ്ടായിരുന്നില്ല. അതിനാൽ ഉത്തമകാവ്യങ്ങൾ വായിച്ചു വ്യുല്പത്തി സമ്പാദിക്കുന്നതിനോടുകൂടിത്തന്നെ അദ്ദേഹം നിരന്തരാഭ്യാസം വഴിക്കു് കവിതാവാസനയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.

ആപരിതോഷാദ്വിദുഷാം
ന സാധു മന്യേ പ്രയോഗവിജ്ഞാനം
ബലവദപി ശിക്ഷിതാനാ-
മാത്മന്യ പ്രത്യയം ചേതഃ

എന്നു് കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതു് എത്രയോ പരമാർത്ഥം! അങ്ങനെ ഒരു വിശ്വാസം സമ്പാദിച്ചതിനു ശേഷമേ വള്ളത്തോൾ കവിതയെഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയുള്ളു. അദ്ദേഹം, വള്ളത്തോൾ കമ്പനിയിലെ മറ്റൊരു വിശിഷ്ടകവിയും ‘കണ്ണുനീർത്തുള്ളി’, ‘ചക്രവാളം’ മുതലായ സൽക്കാവ്യങ്ങളുടെ കർത്താവുമായ നാലപ്പാട്ടു് നാരായണമേനോനോടു് ഒരിക്കൽ ഇങ്ങനെ ഉപദേശിക്കയുണ്ടായി.

“വരട്ടേ, പതറാതിരിക്കൂ. ഒന്നാമതെടുക്കുന്ന പണിതന്നെ ഒന്നാംതരമായിത്തീരുക എന്നുള്ളതു് ഉണ്ടാവാൻ പാടില്ലാത്തതാകുന്നു. കുറച്ചുകാലം കവിതയെഴുതി ശീലിക്കുന്നതിന്നാണു് നിങ്ങൾ ഒന്നാമതായി ഒരുങ്ങേണ്ടതു്. എന്നാൽ ഒരു നല്ല പദ്യകൃത്തെന്നുള്ള പേരെടുക്കാൻ നിങ്ങൾക്കു് സാധിക്കുമായിരിക്കാം. ആദ്യത്തെ ശ്ലോകംതന്നെ അച്ചിലാക്കിക്കാണുവാൻവേണ്ടി അത്രയധികം കിണയണമെന്നില്ല. ആദ്യം പ്രസിദ്ധപ്പെടുത്തിയ കവിത തന്നെ വായനക്കാരെക്കൊണ്ടു് മനസ്സഴിഞ്ഞു വായിപ്പിക്കാനാണു് കഴിയുന്നതും പ്രയത്നിക്കേണ്ടതു്.”

ഈ ഉപദേശം ഇന്നത്തെ യുവാക്കന്മാർ സ്വീകരിക്കുമോ? അവർക്കു് കാത്തിരിക്കാൻ സമയമെവിടെ? ആദ്യത്തെ കൃതിതന്നെ അവർക്കു് അച്ചടിച്ചു കാണണം. അതിനോടുകൂടി, മഹാകവിപ്പട്ടം അവർക്കു സമ്മതിച്ചുകൊടുക്കാൻ മടിക്കുന്നവരെല്ലാം അവരുടെ ദൃഷ്ടിയിൽ പഴഞ്ചന്മാരുമായിത്തീരുന്നു. പക്ഷെ അവരെ കുറ്റപ്പെടുത്താനില്ല. അണുബാംബിന്റെ കാലമല്ലേ ഇതു്? ‘നാളെ’ നാം കാണുമെന്നു് ആർക്കു് എങ്ങനെ വിശ്വസിക്കാം?

വള്ളത്തോളിന്റെ ആദ്യകൃതികൾ വ്യാസാവതാരം മണിപ്രവാളം, കിരാതശതകം, സല്ലാപപൂരം എന്ന കവനങ്ങളാകുന്നു. അവ രചിക്കുന്ന കാലത്തു് കവിക്കു കഷ്ടിച്ചു പന്ത്രണ്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. അക്കാലത്തെ സാഹിത്യ പ്രവണതകളെല്ലാം ഈ കൃതികളിൽ സ്ഫുടമായി കാണാം. മനുഷ്യരുടെ പുരോഗതിക്കു പ്രേരകമായിരിക്കുന്നതു് അസംതൃപ്തിയാണു്. കേരളത്തിലാകട്ടെ, അങ്ങിനെ ഒരു അസംതൃപ്തിക്കു കാരണമേ ഇല്ലായിരുന്നു. ജനങ്ങൾ ബ്രിട്ടീഷു് കൊടിക്കു കീഴിൽ സംതൃപ്തരായി തങ്ങളുടെ പുരാതന മഹിമകളെ ഓർത്തോർത്തു നിർജ്ജീവസത്വങ്ങളായി കഴിഞ്ഞുകൂടുകയായിരുന്നു. അതിനാൽ പഴയ മദ്യത്തെ പുതിയ കുപ്പികളിലാക്കുന്നതിൽ കവിഞ്ഞു് തങ്ങൾക്കൊരു ചുമതലയും ഇല്ലെന്നു് കേരളീയ കവികൾ വിശ്വസിച്ചുപോയി. ശബ്ദശുദ്ധിയിലും ശബ്ദാഡംബരത്തിലും ആയിരുന്നു അവർക്കു് അധികം നിഷ്ഠ. നമ്മുടെ കവിയും ആ പ്രേരണകൾക്കു വശംവദനായതിൽ അത്ഭുതപ്പെടാനുണ്ടോ? അക്കാലത്തു് അദ്ദേഹം എഴുതിയ ഒരു ശ്ലോകം ഉദ്ധരിക്കാം.

ചാരം ചാർത്തുന്ന മെയ്ചത്തവരെ മറവുചെയ്യുന്ന ദേശങ്ങളിൽസ്സ-
ഞ്ചാരം ചഞ്ചത്തരചെഞ്ചിടയിടയിലിളംചന്ദ്രനിന്ദ്രസ്രവന്തീ
ചാരത്തായിട്ടു ചപ്രത്തലയർ ചില പിശാചങ്ങൾ ചങ്ങാതിമാരാ-
ചാരത്തിന്നൊത്ത ചർമ്മത്തുകിലിവയുടയോൻ ചട്ടമിഷ്ടംതരട്ടേ

ഇങ്ങനെ കാവ്യപരിശീലനവും കവിത എഴുത്തും മുറയ്ക്കു നടന്നുകൊണ്ടിരിക്കവേ 1072-ൽ അദ്ദേഹത്തിനു മാതൃവിയോഗം സംഭവിച്ചു. അക്കാലത്തു് അദ്ദേഹത്തിനു് എത്രമാത്രം ശാസ്ത്രവ്യുല്പത്തി സിദ്ധിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു്, മാതൃവിയോഗത്തെപ്പറ്റി അദ്ദേഹം വിജ്ഞാന ചിന്താമണിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന 21 ശ്ലോകങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവയിൽ ഒന്നു് ഉദ്ധരിക്കാം.

‘ബാഢം യാ നിത്യ’ഭാസിൽ ബഹുലഗുണഗണശാസ്ത്രഗാനീചചന്ദ്ര-
ശ്രീ കീർത്തിർമ്മേ സവിത്രീ കചനിചയധൃത ‘ത്രാസ്നവ്യാ’ബ്ദവൃന്ദാ
സത്യം തൽ സത്യകാദ്യൈഃ ശ്രിതമുനി‘വൃഷ’മാസേവിതംചാനുകമ്പാ-
‘വാർദ്ധിശ്ശർമ്മപ്രദേയം’കലിരസമഗാൽസ്ഥാനമാനന്ദസാന്ദ്രം.

ഇതിൽ നിന്നു് മാതാവിന്റെ മരണം 1825594 എന്ന കലിദിനത്തിനൊത്ത 1072 ഇടവമാസത്തിൽ സംഭവിച്ചു എന്നു വ്യക്തമാണല്ലോ. പിന്നീടു് ഒരു വർഷത്തെ ദീക്ഷാകാലം അദ്ദേഹം പുരാണപാരായണത്തിൽ വിനിയോഗിച്ചു.

1075-ാമാണ്ടിടയ്ക്കുവരെ അദ്ദേഹം കൈക്കുളങ്ങര രാമവാര്യരുടെ അടുക്കൽ തർക്കവും ജ്യോതിഷവും അഭ്യസിച്ചിരുന്നതായി അറിയുന്നു. അക്കൊല്ലത്തിലാണു് ഋതുവിലാസം കാവ്യം കവനോദയം മാസികയിൽ പ്രസിദ്ധീകരിച്ചതു്. വള്ളത്തോളിന്നു് കവികളുടെ കൂട്ടത്തിൽ കാളിദാസനോടും കാവ്യങ്ങളുടെ കൂട്ടത്തിൽ രഘുവംശത്തിനോടും ഉണ്ടായിരുന്ന ബഹുമാനം എത്രമാത്രമായിരുന്നു എന്നു പറഞ്ഞറിവിക്കാൻ പ്രയാസമാണു്. ആ മഹാകാവ്യ പരിശീലനമായിരിക്കണം പ്രസ്തുത കാവ്യത്തിന്റെ രചനയ്ക്കു് അദ്ദേഹത്തിനെ പ്രേരിപ്പിച്ചതു്.

കാർ കന്നിക്കുകയാൽ കറുത്തനിശയിൽ കാന്തന്റെവീട്ടിൽ സ്വയം
പോകും പെൺകൊടിമാർക്കകമ്പടിയതായ്ച്ചെല്ലുന്ന മുല്ലായുധൻ
ആകുംവണ്ണമിടയ്ക്കു മിന്നി വെള്ളിവായ്കാട്ടുന്ന ചൂട്ടാണിതെ-
ന്നേകും സംശയമേവനും വിലസുമിത്തൂമിന്നലിന്നോമലേ.

ഇത്യാദി പല ശ്ലോകങ്ങളും അക്കാലത്തുള്ള യുവജനങ്ങൾ കാണാപാഠം പഠിക്കാറുണ്ടായിരുന്നു.

ഇതിനിടയ്ക്കുണ്ടായ മറ്റൊരു സംഭവവികാസം കവിയുടെ ഭാവിയെ നല്ലപോലെ സ്പർശിക്കയുണ്ടായി. 1073-ാമാണ്ടിടയ്ക്കു് ദാമോദരൻ എളയതവർകളുടെ ആഭിമുഖ്യത്തിൽ മംഗലത്തു സ്ഥാപിക്കപ്പെട്ട നാടകയോഗത്തിൽ പ്രധാന ചുമതലക്കാരനായി നിന്നു പ്രവർത്തിച്ചതു് നമ്മുടെ ഈ യുവകവിയായിരുന്നു. ഏതൽപര്യന്തം അദ്ദേഹത്തിൽ അക്ഷീണമായിക്കണ്ടുവരുന്ന നാട്യകലാ പ്രതിപത്തിക്കു ബീജാവാപം ചെയ്തതു് ഈ പ്രവർത്തനമായിരുന്നു. അതിനിടയിൽ തവണക്കാരൻ മുതല്ക്കു് നായകൻവരേയുള്ള പാട്ടുകൾ അദ്ദേഹം കെട്ടിയിട്ടുണ്ടത്രേ.

1076-ൽ പ്രസ്തുത നാടകയോഗം മൃതിയടഞ്ഞു. അതിന്റെ സ്ഥാനത്തു് മംഗലംദേശത്തിൽ പരിഷ്കാരാഭിവർദ്ധിനി എന്നൊരു സഭ സ്ഥാപിതമായി. ഈ സഭയാണു് അദ്ദേഹത്തിനെ കേരളത്തിലെ ഒന്നാംതരം വാഗ്മികളിൽ ഒന്നാക്കിത്തീർത്തതെന്നു നിസ്സംശയം പറയാം. ഗദ്യരചനയിൽ പരിശീലനം നല്കിയതും ഈ സഭതന്നെ. പഞ്ചതന്ത്രം മണിപ്രവാളകാവ്യം പരിഷ്കാരാഭിവർദ്ധിനിയുടെ പ്രേരണയനുസരിച്ചു് അദ്ദേഹം രചിച്ചിട്ടുള്ളതാകുന്നു, അതേ കൊല്ലത്തിൽതന്നെ പാർവ്വതീപാദാദികേശാന്തസ്തവം എന്ന സംസ്കൃതകാവ്യവും രചിക്കപ്പെട്ടു.

1077-ൽ അദ്ദേഹം പൊന്നാനിത്താലൂക്കിൽ വടക്കേക്കാടംശത്തിൽ ശ്രീമതി ചിറ്റഴി മാധവിഅമ്മയെ വിവാഹംചെയ്തു. കുറ്റിപ്പുറത്തു കിട്ടുണ്ണിനായരുടെ കാദംബിനീപരിണയം ഈ വിവാഹത്തെ വിവരിക്കുന്ന ഒരു കൃതിയാകുന്നു. തന്റെ പത്നി ആദ്യമായി ഗർഭം ധരിച്ച കാലത്തു് അവരുടെ ഉപയോഗാർത്ഥം രചിച്ച കൃതിയാകുന്നു ഗർഭരക്ഷാക്രമം.

1078-ൽ അദ്ദേഹം പിതാവിനോടൊന്നിച്ചു് രാമേശ്വരം മുതലായ പുണ്യക്ഷേത്രങ്ങൾ ദർശിച്ചു. അടുത്ത കൊല്ലത്തിൽ ‘ഭാരതമഞ്ജരി’ എന്ന ബൃഹദ്ഗ്രന്ഥം കടുത്തനാട്ടു് ഇളയതമ്പുരാൻ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിന്റെ അന്ത്യഭാഗത്തിലുള്ള എഴുനൂറോളം ശ്ലോകങ്ങൾ വള്ളത്തോൾ തർജ്ജിമചെയ്തവയായിരുന്നു. ഈ ആണ്ടിൽ അതായത് 1079 കർക്കടകം 18-ാം തീയതി അദ്ദേഹത്തിന്റെ പിതാവു് ഇഹലോകവാസം വെടിഞ്ഞു. ഈ സംഭവം കവിയെ വല്ലാതെ ഒന്നുലച്ചു.

എനിക്കൊരാശ്വാസവുമില്ല രാവിൽ-
പ്പനിക്കുമെന്നല്ലധികം കുരയ്ക്കും
തനിക്കു തൻതാതനുമൊത്തിരിപ്പാ-
നിനിക്കുറേ ദുർഘടമെന്നു വന്നു.

ഇത്യാദി പദ്യങ്ങൾ ആ സംഭവത്തെ ആസ്പദിച്ചു് അദ്ദേഹം രചിച്ചിട്ടുള്ളവയാകുന്നു. അവയെ തൊണ്ടയിടർച്ചകൂടാതെ ആർക്കും വായിക്കാൻ സാധിക്കയില്ല.

ഈ ദാരുണസംഭവത്തെത്തുടർന്നുതന്നെ പ്രിയമാതുലനും പരലോകം പ്രാപിച്ചു. അദ്ദേഹത്തിനെപ്പറ്റി കവി ഇങ്ങനെ സ്മരിച്ചു കാണുന്നു.

ഭസിതോല്ലസിതത്രിപുണ്ഡ്റവ-
ന്നിടിലം ശാന്തഗംഭീരവീക്ഷണം
സുചിരാദപികോനു വിസ്മരേൽ
സകൃദാലോകിതമേ തതന്മുഖം

1080-ൽ വാല്മീകിരാമായണം തർജ്ജമ ആരംഭിച്ചു. ദിവസേന അൻപതു ശ്ലോകം എന്ന കണക്കിനു് എഴുതണമെന്നായിരുന്നു നിശ്ചയം. പക്ഷേ ദ്രുതകവനത്തിൽ ഭ്രമമില്ലാതിരുന്നതിനാൽ തർജ്ജമയുടെ പുരോഗതി അത്ര ശീഘ്രമായിരുന്നില്ല. 1080 കുംഭം 30-ാംതീയതി ആരംഭിച്ച ഈ അനുവാദം 82 കുംഭം 20-ാംതീയതി പൂർത്തിയായി. ഈ തർജ്ജമ നിമിത്തം ചിലർ അദ്ദേഹത്തിനെ കേരളവാൽമീകി എന്നു വിളിക്കാനും തുടങ്ങി. എന്തൊരന്യായമാണെന്നു് നോക്കുക! ഈ മഹാഭാരം വഹിക്കാൻ അദ്ദേഹത്തിന്റെ ചുമലിനു കരുത്തു പോരെന്നു് ഈ കൂട്ടർ അറിയുന്നുണ്ടോ? വള്ളത്തോളിനു ബിരുദങ്ങൾ നല്കാൻ തുനിയുന്നവർ അദ്ദേഹത്തിനെ പരിഹസിക്കയാണു് ചെയ്യുന്നതു്. ബിരുദങ്ങളോടു് അദ്ദേഹത്തിനുള്ള മനോഭാവം എന്തെന്നു് മലയാളികൾ ഇതിനകം ധരിച്ചു കഴിഞ്ഞിട്ടുണ്ടു്. ചിലർക്കു് ബിരുദങ്ങളുടെ ആവശ്യമുണ്ടു്. അവർ അതിനുവേണ്ടി എന്തു വേണമെങ്കിലും ചെയ്യാൻ മടിക്കയുമില്ല. കത്തുകളുടെ അഗ്രഭാഗത്തും അവസാനത്തിലും ഈ ബിരുദങ്ങൾ വാരിവലിച്ചു് എഴുതുന്നതിൽ അവർക്കു് എന്തോ ഒരു സുഖമുണ്ടു്. അതു് ഒരുമാതിരി ‘Inferiority Complex’ (അധരതാബോധം)-ന്റെ ഫലമാണെന്നാണു് എനിക്കു തോന്നുന്നതു്. ബ്രിട്ടീഷ്ഇന്ത്യയിലെ ദേശാഭിമാനികൾ ബിരുദങ്ങളെ പരിത്യജിക്കുമ്പോൾ, നമ്മുടെ ആളുകൾ അവയ്ക്കു വേണ്ടി പ്രാണത്യാഗംപോലും ചെയ്യുന്നു. രാജാക്കന്മാരിൽ നിന്നോ മറ്റോ സ്ഥാനങ്ങൾ ലഭിക്കാത്തവർ കവികോകിലമെന്നോ, സരസകവി എന്നോ, മഹാകവി എന്നോ, സാഹിത്യഭൂഷണമെന്നോ ഉള്ള ബിരുദങ്ങൾ സ്വയം സ്വീകരിക്കുന്നതുപോലും നാം കാണുന്നുണ്ടു്. പക്ഷേ അത്തരം ബിരുദങ്ങളുടെ ആവശ്യം അവർക്കുണ്ടായിരിക്കാം. അവ ഉണ്ടെങ്കിലേ ആളുകൾ തങ്ങളെ ബഹുമാനിക്കയുള്ളു എന്നാണു് അവരുടെ വിശ്വാസം. എന്നാൽ വള്ളത്തോളിനു് ആ മാതിരി ഒരു ബിരുദത്തിന്റെ ആവശ്യമില്ല. അദ്ദേഹം നമ്മുടെ ‘വള്ളത്തോൾ’ ആയി എന്നും ഇരുന്നാൽ മതി. വെറും വള്ളത്തോൾ കല്പാന്തകാലംവരെ മലയാളികളാൽ കൃതജ്ഞതാപൂർവ്വം സ്മരിക്കപ്പെടും. ഈ വെറും ഭാരം ചുമക്കുന്ന കവിവരമ്മന്യന്മാരാകട്ടെ തങ്ങളുടെ ആയുഷ്കാലത്തിനുള്ളിൽതന്നെ വിസ്മൃതിയിൽ ലയിക്കയില്ലെന്നു് ആരറിഞ്ഞു?

വള്ളത്തോളിന്റെ യശസ്സ് രാമായണം തർജ്ജമയെ ആശ്രയിച്ചല്ല നിലനില്ക്കുന്നതു്. ആ ലോകോത്തരമായ മഹാകാവ്യത്തെ മലയാളികൾക്കു വായിച്ചറിയാൻ കഴിയത്തക്ക നിലയിൽ ഭാഷാന്തരീകരിച്ചതിനു് നാം അദ്ദേഹത്തിനോടു കടപ്പെട്ടിരിക്കുന്നു എങ്കിലും, അദ്ദേഹം മഹാകവിയായി ഗണിക്കപ്പെടുന്നതു് അതുവഴിക്കാണെന്നു പറയുന്നതു ശരിയല്ല. ഈ തർജ്ജമയോടുകൂടി വള്ളത്തോളിന്റെ ജീവിതത്തിലെ പ്രഥമ ഘട്ടം അവസാനിക്കുന്നു എന്നു പറയാം. അദ്ദേഹത്തിന്റെ കവിജീവിതത്തിന്റെ പ്രഭാതം ഇവിടെ അവസാനിച്ചു. ഇതുവരെ അദ്ദേഹം എഴുതിയിട്ടുള്ള കവിതകൾ—രാമായണം ഉൾപ്പെടെയുള്ളവ—എല്ലാം നശിച്ചാലും, കൈരളിക്കു വലിയ സങ്കടമുണ്ടായെന്നു വന്നാൽതന്നെയും—അതുകൊണ്ടു് അദ്ദേഹത്തിന്റെ കവിയശസ്സിനു് വലിയ കോട്ടമൊന്നും ഉണ്ടാവാനില്ല.

1080-ൽ ഒന്നു രണ്ടു ദിവസങ്ങൾകൊണ്ടു് രചിക്കപ്പെട്ടതാണു് ഉന്മത്തരാഘവം തർജ്ജമ. അതേ വർഷത്തിൽ തന്നെ അദ്ദേഹം കേരളകല്പദ്രുമത്തിന്റെ മാനേജർസ്ഥാനവും കൈയേറ്റു. മലയാളഭാഷയുടെ ഉന്നമനത്തിനു വേണ്ടി മനഃപൂർവ്വം പ്രയത്നിച്ചിട്ടുള്ള രണ്ടു മുദ്രാലയങ്ങളായിരുന്നു കേരളകല്പദ്രുമവും ഭാരതവിലാസവും. അവയിൽ കല്പദ്രുമം അല്പം ക്ഷീണിച്ചിരുന്ന ഒരു ദശാഘട്ടത്തിലാണു് അതിന്റെ ഭരണകർതൃത്വം ഏല്ക്കാൻ വള്ളത്തോൾ നിർബന്ധിതനായതു്. അഞ്ചുകൊല്ലത്തെ ശോഭനമായ ഭരണത്തിനിടയ്ക്കു് അതു് കേരളത്തിലെ അത്യുത്തമ സ്ഥാപനങ്ങളിൽ ഒന്നായി തീർന്നുവെങ്കിലും 1085-ൽ അതിനെ മംഗളോദയം കമ്പനിക്കു വില്ക്കുവാൻ അതിന്റെ ഉടമസ്ഥന്മാർ തീർച്ചപ്പെടുത്തി. അങ്ങിനെ വള്ളത്തോൾ അതിനോടുള്ള ബന്ധത്തെ വിടർത്തി.

1081-ൽ തപതീസംവരണം വഞ്ചിപ്പാട്ടു് രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തി. അതു് സഹൃദയന്മാരുടെ എല്ലാം സവിശേഷമായ പ്രീതിക്കു പാത്രീഭവിച്ചു എന്നു് നിസ്സംശയം പറയാം. 1085-ൽ ആണു് വള്ളത്തോളിനു ബാധിര്യം ആരംഭിച്ചതു്. ഡാക്ടർ വല്യത്താന്റെയും, ടി. എം. നായരുടേയും, ആലത്തൂർ നമ്പി മുതലായ പ്രസിദ്ധ നാട്ടുവൈദ്യന്മാരുടേയും ചികിത്സകൾകൊണ്ടു യാതൊരു ഫലവുമുണ്ടായില്ല. ഇക്കാലത്തു് എഴുതപ്പെട്ടതാണു് ബധിരവിലാപം. അതു് ആപാദചൂഡം മധുരമായ ഒരു കൃതിയാണെന്നു് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അതു് അത്രയ്ക്കു് പ്രസിദ്ധമായിക്കഴിഞ്ഞിരിക്കുന്നു.

അടുത്ത കൃതി ചിത്രയോഗമാണു്. മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ ഈ കൃതിയെ മലയാളികളെല്ലാം വളരെ കൗതുകപൂർവ്വം സ്വാഗതം ചെയ്തു. പ്രസിദ്ധീകൃതമായ ഉടനേതന്നെ അതിന്റെ ഒരു കാപ്പി വരുത്തി വായിക്കുന്നതിൽ ഞാൻ പ്രകടിപ്പിച്ച ഔൽസുക്യം ഇപ്പോഴും ഞാൻ ഓർക്കുന്നു. അങ്ങിനെ അദ്ദേഹം അന്നത്തെ കവികളുടെ കൂട്ടത്തിൽ ഒരു മഹാകവിയായി ഗണിക്കപ്പെട്ടു. എന്നാൽ വാസ്തവത്തിൽ ഒരു മഹാകവി—അന്നത്തേയും ഇന്നത്തേയും എന്നത്തേയും മഹാകവി ആയിത്തീർന്നതു് അടുത്ത കാലഘട്ടത്തിലാണു്. ഈ കാലഘട്ടത്തിലെ വള്ളത്തോൾ പരിതഃസ്ഥിതികളുടെ ശൃംഖലയിൽപ്പെട്ടു കുഴങ്ങുന്ന ഒരു വള്ളത്തോളാണു്. ജർജ്ജരിതമായിത്തുടങ്ങിയ കവിതാദർശത്തിന്റെ പിടിയിൽനിന്നു മോചനം സമ്പാദിക്കുന്നതിനു് അദ്ദേഹം ഇപ്പോൾ യാതൊരു പ്രയത്നവും ചെയ്തുകാണുന്നില്ലെന്നുള്ളതിനു് ചിത്രയോഗത്തിന്റെ ആവിർഭാവം തന്നെ ഒരു ഉത്തമ തെളിവാണു്.

കഥാസരിൽസാഗരത്തിലെ ശശാങ്കാവതീലംബകത്തിൽ 34-ാം തരംഗം 41-ാം ശ്ലോകംമുതലും മുന്നൂറിൽപരം ശ്ലോകങ്ങളെക്കൊണ്ടു വിവരിക്കപ്പെട്ടിരിക്കുന്ന മന്ദാരവതീസുന്ദരസേനകഥയേ അധികരിച്ചു് രചിതമായ ഈ കൃതി മഹാകാവ്യങ്ങളുടെ മുന്നണിയിൽ തന്നെ വിളങ്ങുന്നു. കവിയ്ക്കു് സജാതീയദ്വിതീയാക്ഷരപ്രാസത്തോടു വലിയ പക്ഷപാതമൊന്നുമില്ലെങ്കിലും അതിൽ ദ്വിപ്രാസനിഷ്കർഷ പരിപൂർണ്ണമായിക്കാണുന്നു.

ശിരസ്സിലാറാഗമമാത്മനിശ്രീ-
കരം സദാചാരമിവറ്റിനാലേ
ഹരന്റെ മട്ടാകിലുമദ്ധരാധീ-
ശ്വരങ്കലില്ലാവിഷമേക്ഷണത്വം
ഈ മട്ടങ്ങുദരാർത്തി തീർത്തു സുമനോവൃന്ദത്തിനാത്മാവിനാൽ
ക്ഷേമം നന്മയിലാണ്ടുനിന്നുതകിയും തേജോഭരം തേടിയും
പ്രേമംകൊണ്ടു ശിരസ്ഥലീധൃതനുമായാര്യാചലാധീശ്വരാ-
ലാമന്നൻ പരമത്രിനേത്രജസമാഭിഖ്യൻ വിളങ്ങീടിനാൻ
പ്രതിദിനമുലകത്തിന്നുൾപ്രമോദം വളർത്തി-
പ്പതിനുതകിനസൂര്യാലോകമേശായ്കമൂലം
അതിമലിനതമസ്സാർന്നാലുമന്യൂനസത്വ
സ്ഥിതിതടവിടുമക്കാടത്ഭുതാകാരമല്ലോ
അടവിയതിലനല്പം വേരുറച്ചും പഴക്കം
തടവിയുമളവില്ലാതുള്ള മാഹാത്മ്യമാർന്നും
സ്ഫുടതരബഹുശാഖാലംബി തുഷ്യദ്ദ്വിജേന്ദ്ര-
ച്ഛടയൊടുവിലസുന്നൂ വേദമട്ടായ്മരങ്ങൾ
കളഭൃംഗനിനാദിഗന്ധമോലും
കളഭംതങ്കലണഞ്ഞിടുമ്പൊഴേറ്റം
മിളദാമയയായ് വിയോഗമാർന്നു-
ള്ളിളകം പത്മിനിയായൊരാക്കുമാരീ.

എന്നിങ്ങനെ രണ്ടും മൂന്നും അർത്ഥങ്ങൾ ഘടിപ്പിച്ചിട്ടുള്ള ശ്ലേഷപ്രയോഗങ്ങളും,

[1] സ്ഫുടമളിരുതവാദ്യം പെൺകുയിൽപാട്ടു മൈലിൻ-
നടനമിതുകളാലാരാജപുത്രൻ സമിത്രൻ
അടവിയിലുമഭംഗം നേടി തൗര്യത്രികത്തെ-
ത്തടവുസുഖനിലയ്ക്കെങ്ങത്തരക്കാർക്കുപറ്റും

എന്ന മാതിരിയുള്ള ഛായാപഹരങ്ങളും മഹാകാവ്യലക്ഷണമൊപ്പിച്ചുള്ള നീണ്ടു നീണ്ട വർണ്ണനകളും ഒക്കെ ഉണ്ടെങ്കിലും, പ്രസാദഗുണസമഗ്രത, ദേശ്യഭാഷ, സന്ധിവിസന്ധ്യാദികൾ, യതിഭംഗം, നിരർത്ഥക പദപ്രയോഗം ഇത്യാദി ദോഷങ്ങളുടെ അഭാവം മുതലായി വള്ളത്തോൾകവിതയ്ക്കുള്ള ചില പ്രധാന ലക്ഷണങ്ങൾ എല്ലാം ഈ മഹാകാവ്യത്തിലും കാണ്മാനുണ്ടു്. വ്യുപൽപിൽസുകൾ അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയെന്നനിലയിൽ ഇതു ഭാഷാസാഹിത്യത്തിൽ എന്നും ശോഭിക്കതന്നെ ചെയ്യും. ഈ കാലഘട്ടത്തിൽ എഴുതപ്പെട്ട മറ്റു കൃതികളാണു് ത്രിയാമം(സംസ്കൃതം) പോർഷ്യാവിവാഹം നാടകം, (Merchant of Venice-ന്റെ തർജ്ജിമ) അർജ്ജുനവിജയം സംസ്കൃത നാടകം, തപതീസംവരണകാവ്യം, വൈദ്യഭൂഷണം, ദേവീസ്തവം ഇവ.

വള്ളത്തോൾ ഇത്രയുമായപ്പൊഴേക്കും കേരളീയ കവികളുടെ മുന്നണിയിൽ എത്തിക്കഴിഞ്ഞു. എന്നാൽ സാക്ഷാൽ വള്ളത്തോൾ ഇനിയും രംഗപ്രവേശം ചെയ്തു കഴിഞ്ഞില്ല. പഴയ രീതിയിലുള്ള കവിതയിലും അദ്ദേഹം അദ്വിതീയസ്ഥാനം പ്രാപിച്ചു എന്നേ അതിനർത്ഥമുള്ളു. അദ്ദേഹം അന്നു് ഏറെക്കുറെ യാഥാസ്ഥിതിക മനോഭാവത്തോടുകൂടിയാണിരുന്നതെന്നു സാഹിത്യവിഹാരം വായിച്ചു നോക്കീട്ടുള്ളവർക്കൊക്കെ അറിയാം.

അടുത്തഘട്ടമാണു് അതിഭാസുരം. ഒരു അമ്പതു വർഷക്കാലമായിട്ടു്, വംഗദേശം സാമുദായികമായും, ധാർമ്മികമായും, രാഷ്ട്രീയമായും ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കയായിരുന്നു. ആ വിപ്ലവ മനോഭാവം അചിരേണ വംഗസാഹിത്യത്തിലൂടെ ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും വ്യാപിച്ചു. കേരളവും അതിനാൽ സ്പർശിക്കപ്പെടാതിരുന്നില്ല. സ്വാമി വിവേകാനന്ദന്റെ പ്രസംഗപരമ്പര, സാമാന്യം എല്ലാ മലയാളികളും വായിച്ചു കഴിഞ്ഞിരുന്നു. ഭാരത മഹാസഭയുടെ നേതൃത്വത്തിൽ ആരംഭിക്കപ്പെട്ട രാഷ്ട്രീയ സ്വാതന്ത്ര്യസമരം അത്യുല്ക്കടദശയെ പ്രാപിച്ചു. അതിന്റെ മാറ്റൊലി നമ്മുടെ നാട്ടിലും കേട്ടുതുടങ്ങി. എന്നാൽ മഹാത്മാഗാന്ധി തന്നേതൃത്വം കൈയേറ്റതിനോടുകൂടിയാണു്, കേരളീയ ജനതയ്ക്കു പൊതുവേ ഒരുണർവുണ്ടായതു്. അദ്ദേഹത്തിന്റെ പ്രേരണാശക്തിക്കു് ആദ്യമായി വശംവദനായതു് മഹാകവി വള്ളത്തോളായിരുന്നു. ഗാന്ധിജിയാണു് വള്ളത്തോളിന്റെ സാക്ഷാൽ ഗുരുനാഥൻ എന്നു പറയുന്നതിൽ തെറ്റില്ല. രവീന്ദ്രനാഥടാഗോറിന്റെ കൃതികളും വിശ്വഭാരതിയും മറ്റൊരു വിധത്തിലാണു് അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്വാധീനശക്തി പ്രയോഗിച്ചതു്. ഈ ഘട്ടത്തിൽ എഴുതപ്പെട്ട കാവ്യങ്ങളാണു് ഉത്തമങ്ങൾ. കേരളഭാഷയ്ക്കു പറ്റിയ വൃത്തങ്ങൾ ചെറുശ്ശേരിയും തുഞ്ചനും കുഞ്ചനും ഉപയോഗിച്ച തനി ദ്രാവിഡവൃത്തങ്ങളാണെന്നു് അദ്ദേഹം കണ്ടുപിടിച്ചു. സമുദായത്തിലെ ജീവൽപ്രശ്നങ്ങളെ പരാമർശിക്കുന്ന കവിതകൾക്കേ മനുഷ്യഹൃദയങ്ങളെ ആവർജ്ജിക്കാൻ കഴിയൂ എന്നും അദ്ദേഹം പൂർണ്ണമായി ഗ്രഹിച്ചു. മർദ്ദിതരും ചൂഷിതരുമായ സാധാരണ ജനങ്ങളുടെ വിലാപധ്വനി, ബാധിര്യത്തിനിടയിലും അദ്ദേഹത്തിനു കേൾക്കാൻ കഴിഞ്ഞു. ഭാരതഖണ്ഡമൊട്ടുക്കു വ്യാപിച്ച അസംതൃപ്തി അദ്ദേഹത്തിന്റെ ഹൃദയത്തേയും ബാധിച്ചു. അദ്ദേഹം ഭാരതലക്ഷ്മിയോടു പറയുന്നതു നോക്കുക.

ഇന്ദിരാതുല്യയാം ദേവിയെ വേട്ടവ-
നിന്നൊരു സമ്പന്നനായിരിക്കാം
എന്നാലിതോർക്കണം മൂടൽമഞ്ഞാർന്നൊരു
കുന്നെങ്ങീ പ്രാലേശശൈലമെങ്ങോ?
കൊള്ളാമോ ശ്രേയസ്സിൽ സംതൃപ്തി നിങ്ങൾക്കു
വെള്ളിനിലാവിൽ കുളിച്ച രാവും
ചെമ്പൊന്നാമാദിത്യരശ്മിയെയാരാഞ്ഞു
മുമ്പോട്ടു പോവതു കാണുന്നില്ലേ?

അസംതൃപ്തിയില്ലാതെ ജീവിതമില്ല, ജീവിതമില്ലാതെ കവിതയുമില്ല. ഭാരതീയജനതയെ പൊതുവെ ബാധിച്ച ഈ അസംതൃപ്തി വള്ളത്തോളിന്റെ നിർമ്മലഹൃദയത്തിന്റെ ഉറവകളെ എല്ലാം തെളിച്ചു. കേരളീയപ്രശ്നങ്ങളെല്ലാം വാസ്തവത്തിൽ അഖിലഭാരതപ്രശ്നങ്ങളാണു്. അയിത്തം തുടങ്ങിയ അനാചാരങ്ങൾ, സ്ത്രീജനങ്ങളുടെ അവശതകൾ, കൃഷീവലന്മാരുടേയും കൂലിവേലക്കാരുടേയും ദരിദ്രാവസ്ഥ, രാഷ്ട്രീയമായ അസ്വാതന്ത്ര്യം—എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ ഇന്നു കേരളീയരെ അഭിമുഖീകരിക്കുന്നു. ആ വക പ്രശ്നങ്ങളെ സംബന്ധിച്ചെല്ലാം ഓരോ സന്ദേശങ്ങൾ കേരളീയർക്കു് അദ്ദേഹം നൽകിയിട്ടുണ്ടു്. ജാതിപ്രാഭവം എന്ന കൃതിയെ പരിശോധിച്ചുനോക്കുക.

‘മേന്മയും സ്വത്തും തിങ്ങിന തറവാടിൽ ജനിച്ചു വളർന്നവ’ളായ ഗൗരി ഹീനവർണ്ണനും കരിക്കട്ടപോലെ കറുത്തിരുണ്ടവനും ആയ ഒരു തോട്ടപ്പണിക്കാരനിൽ അനുരക്തയായിത്തീരുന്നു. കവി അതിൽ അസ്വാഭാവികതയൊന്നും കാണുന്നില്ല.

‘അക്കരിക്കട്ടയേയും വൻവൈരമണിയാക്കി
മൈയ്ക്കണ്ണാളുടെ മനശ്ശില്പസംസ്കാരം ക്രമാൽ
സരസം കാർമേഘത്തോടിണങ്ങിവെള്ളിൽപ്പിട-
യിരുളിൻപിമ്പേ നടകൊൾകയായ് ദീപോദ്ദീപ്തി’

എന്നാണു് അദ്ദേഹത്തിന്റെ സമാധാനം. ഗൗരി ഭൈരവനോടുകൂടി നാടു വിട്ടു. ഈ വിവരം അറിഞ്ഞപ്പോൾ, ജാതിഭ്രംശഭീരുക്കളായ ഗൗരീബന്ധുക്കൾ പല ദിക്കിലും തിരഞ്ഞു. ഒരു ഫലവുമുണ്ടായില്ല. ആ പെണ്ണിന്റെ പേരുപോലും അവർക്കു് നഞ്ചായിത്തീർന്നു. അനുകമ്പാഭരിതനായ കവി പറയുന്നു:

“അസ്വതന്ത്രയാംനാരിയാണുങ്ങൾ തീർത്ത മതി-
ലത്രയും ചാടിക്കടന്നാലതു സഹിക്കാമോ?”

ഒരാണ്ടോളം അവർ സുഖമായിപ്പാർത്തു. അപ്പോഴേയ്ക്കും ദുർഭിക്ഷം അവരെ ബാധിച്ചു. ഭൈരവൻ രോഗശയ്യാഗതനുമായി.

പാവം ഗൗരി വൈദ്യനോ വയറ്റിനോ വല്ലതും കൊടുക്കേണ്ടു എന്ന നിലയിൽ എത്തി. ഒടുവിൽ,

ദാരിദ്ര്യമവളുടെ കൃത്രിമവിഭൂഷക-
ളോരോന്നായ് ചിലനാളാലശിച്ചുകഴികയാൽ
ഒടുവിൽ സഹജമാം ഭാഷണ–സത്സൗന്ദര്യം
കടുവാകണക്കിനെ നിന്നു തിന്നുകയായീ
തന്നുടെ ശരീരത്തെപ്പോലുമത്തപസ്വിനി-
യന്വഹം പ്രേമാഗ്നിക്കു ഹവിസ്സായ് സമർപ്പിച്ചാൾ
വിലസത്താരുണ്യമായിരുന്ന പൂമെയ്യതു
തൊലിയിൽ പൊതിഞ്ഞുള്ളോരസ്ഥികൂടമായ്ത്തീർന്നു.

ഇങ്ങനെ ‘ജാതിപ്രാഭവം’ എന്ന പിശാചിക അവളെ പിച്ച തെണ്ടിച്ചതിനെപ്പറ്റി കവി പറയുന്നതു കേൾക്ക.

‘ജാതി!’ ഹാ നരകത്തിൽനിന്നു പൊങ്ങിയെത്തിയ
പാർ തിന്നും പിശാചിന്റെയേട്ടിലെ രണ്ടക്ഷരം

അവൾ കുറേനാൾ അയൽവീടുകളിൽ ചെന്നു് ഇരന്നു കഴിച്ചു. അവിടെ ‘ദയതൻ തവിടുമില്ലങ്ങിനിക്കിട്ടാനെന്നായ്വന്ന’പ്പോൾ അവൾ പിച്ചതെണ്ടാൻ അകലത്തേയ്ക്കു തിരിച്ചു. കവി ഹൃദയരക്തംകൊണ്ടു് എഴുതിയ ചിത്രമാണു് ഇനിക്കാണുന്നതു്.

പട്ടിണിക്കുഴിയിങ്കൽ പതിച്ചകണ്ണും വിള-
ർത്തൊട്ടിയ കവിളുമെല്ലുന്തിനില്പൊരു നെഞ്ഞും
ദാരിദ്ര്യാനിലധൂമരേഖകൾപോലെ കാറ്റിൽ-
പ്പാറിനചകരിനേർകേശത്തുമ്പുകളുമായി
പാഴ്കീറത്തുണിയുടുത്തിടർതേടീടും തേഞ്ഞ
കാൽകളാലിഴഞ്ഞേതോ സാധുവാം പിച്ചക്കാരി
ഒരുനാൾ ഗൗരീജന്മഗൃഹത്തിൻമുറ്റത്തെത്തീ
പെരുതാമാവീടൊന്നു ഞെട്ടിപ്പോയടിയോളം.

കവി ആങ്ങളമാരോടു പറയുന്നു:

ആരിതാ ചാടിപ്പോയ ചേട്ടയോ–തറവാട്ടിൻ-
പേരിനും പെരുമയ്ക്കും പരിക്കു തട്ടിച്ചവൾ
ആട്ടിയോടിപ്പിൻ ചിക്കെന്നാങ്ങളമാരേ! കരം-
നീട്ടീടായ്കനുകമ്പയെങ്ങോ പോയലിയട്ടേ.
ഭ്രഷ്ടിനെക്കണ്ണീർകൊണ്ടു നനച്ചുവളർക്കയോ?
ദൃഷ്ടിയുമടച്ചല്ല മേവുന്നു പുരോഹിതർ

ആദ്യത്തെ ലോകമഹായുദ്ധവും തുടർന്നുണ്ടായ റഷ്യൻമഹാവിപ്ലവവും, റൂസ്സോ—ജപ്പാൻ യുദ്ധത്തെ തുടർന്നുണ്ടായ പൗരസ്ത്യപ്രബോധനത്തിന്റെ ത്വരയെ വർദ്ധിപ്പിച്ചു. കേരളത്തിൽ ആ ദേശീയ മനോഭാവത്തെ പുലർത്തിയവരിൽ അഗ്രഗണ്യൻ വള്ളത്തോളാണു്. സാഹിത്യമഞ്ജരിയുടെ ആദ്യത്തെ മൂന്നു നാലു ഭാഗങ്ങൾ വായിച്ചു നോക്കുന്ന ഏവനും കേരളീയരുടെ താല്ക്കാലിക നിസ്സഹായാവസ്ഥയേപ്പറ്റി അദ്ദേഹത്തിന്റെ ഹൃദയത്തിൽ അങ്കുരിച്ച അസംതൃപ്തിയെ പൂർണ്ണമായി ദർശിക്കാൻ കഴിയും. അന്നത്തെ നിലയ്ക്കു്, ജനതയെ അവരുടെ വ്യാമോഹജടിലമായ സുഖസ്വപ്നത്തിൽ നിന്നു് ഉണർത്തുന്നതിനുള്ള ഉത്തമമാർഗ്ഗം, ഭാരതത്തിന്റേയും കർമ്മ ഭൂമിയുടേയും പുരാതന മഹിമയെ ചമല്ക്കാരപൂർവ്വം വർണ്ണിച്ചു കേൾപ്പിക്കയാണെന്നു് അദ്ദേഹം വിശ്വസിച്ചു. അതിലേക്കു തിരഞ്ഞെടുത്ത വിഷയങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉദ്ദേശസിദ്ധിക്കു പര്യാപ്തവുമായിരുന്നു. ‘കർമ്മഭൂമിയുടെ പിഞ്ചുകാൽ’ എന്ന പദ്യം നോക്കുക. കാളിയമർദ്ദനമാണു് വിഷയം. അതിനെ ഇതിനു മുമ്പുതന്നെ എത്രയോ കുറി കവികൾ വർണ്ണിച്ചുകഴിഞ്ഞിരിക്കുന്നു! പിന്നെ എന്തിനു് ഈ കവി അതിനു് മുതിർന്നു എന്ന ചോദ്യത്തിനു് നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഒന്നാമതായി പൂർവ കവികൾ കൃഷ്ണപരമായ ഭക്തിയെ ഉദ്ദീപിപ്പിക്കാൻ മാത്രമായിട്ടാണു് പ്രസ്തുത കഥയെ പ്രവചിച്ചിട്ടുള്ളതെന്നു നാം ഓർക്കണം. വള്ളത്തോൾ അതിനല്ല ഉദ്യമിച്ചിരിക്കുന്നതു്. ആത്മശക്തിയിലുള്ള വിശ്വാസം നശിച്ചും കർമ്മവിമുഖരായി തങ്ങളുടെ ദാസ്യത്തിൽ സ്വയം സന്തുഷ്ടരായും കഴിയുന്ന കേരളീയരിൽ ആത്മവിശ്വാസവും ദുഷിച്ച പരിതഃസ്ഥിതികളോടു പടവെട്ടുന്നതിനുള്ള സന്നദ്ധതയും അങ്കുരിപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

‘ആറ്റിലേയ്ക്കച്യുത ചാടൊല്ലേ ചാടൊല്ലേ
കാട്ടിലെപ്പൊയ്കയിൽ പോയി നീന്താം
കാളകൂടോല്ക്കട കാകോളമാകിന
കാളിയൻ പാർപ്പുണ്ടീക്കാളിന്ദിയിൽ’

എന്ന വാക്കുകളോടുകൂടിയാണു് ഗാനം ആരംഭിക്കുന്നതു്. ക്ലേശസഹിഷ്ണുതയും ഉത്ഥാനശക്തിയും ലേശംപോലുമില്ലാത്ത അന്നത്തെ കേരളീയ സമുദായത്തെ ഈ വരികൾ എത്ര സമഞ്ജസമായി ചിത്രീകരിക്കുന്നു. ശ്രീകൃഷ്ണനാകട്ടെ ആ ആലസ്യക്കോമരങ്ങളുടെ വാക്കിനെ വകവയ്ക്കാതെ ആറ്റിലേക്കു കുതിച്ചുചാടുന്നു.

‘To be or not to be that is the question’

എന്ന മാതിരിയുള്ള ഹാംലറ്റ് മനഃസ്ഥി തിക്കാരനു് ലോകത്തിൽ പറയത്തക്ക യാതൊരു കാര്യവും സാധിക്കയില്ല. ഭഗവാൻ ആകട്ടെ,

മുങ്ങുമൊരേടത്തു മറ്റൊരേടത്തു പോയ്
പൊങ്ങുമലകൾ മുറിച്ചുനീന്തും
ഇങ്ങനെ സംസാരനാടകമാടിനാ-
നങ്ങവൻ വാരുണരംഗത്തിങ്കൽ.

ഒടുവിൽ ആയിരം കൊമ്പുള്ള മാമരം എന്നപോലെ, കാളിയൻ അദ്ദേഹത്തിനെ സമീപിച്ചു. അതുകണ്ടു് ആറ്റിന്റെ വക്കിൽ നിന്നിരുന്നവർ,

‘മൂക്കുവിടർന്നുയർന്നുള്ള ശിരസ്സൊടും
നോക്കിനില്പായി പകച്ച കണ്ണാൽ.’

ഈ ഘട്ടം വായിക്കുമ്പോൾ സഹസ്രാധികശീർഷനായ ബ്രിട്ടീഷ് സിംഹത്തിനോടു് എതിരിടാനായി അഹിംസാസ്ത്രവുമേന്തി ശീർണ്ണജീർണ്ണശരീരനായ മഹാത്മജി തനിച്ചു മുന്നോട്ടു പോകുന്നതിനെ അത്ഭുതത്തോടും ഭീതിയോടും നോക്കിക്കൊണ്ടിരിക്കുന്ന ഭാരതീയജനതയുടെ ഓർമ്മ ഉദിക്കുന്നില്ലേ?

ഗാനം ഇങ്ങനെ അവസാനിക്കുന്നു:

‘ധ്വസ്തഭുവനമാം ദൗഷ്ട്യമേ, നിൻതല-
യെത്രപരത്തിയുയർത്തിയാലും
ഇക്കർമ്മഭൂമിതൻ പിഞ്ചുകാൽപോരുമേ
ചിക്കെന്നതൊക്കെ ചവിട്ടിത്താഴ്ത്താൻ’

ഈ മാതിരി ഒരു വിശ്വാസമാണു് അന്നത്തെ കേരളീയർക്കും വേണ്ടിയിരുന്നതു്. ശ്രീകൃഷ്ണനെ നായകനാക്കിയതു് എത്രയോ ഉചിതമായിരിക്കുന്നു. അങ്ങനെ ഒരു മഹാവ്യക്തി വാസ്തവത്തിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്നുള്ളതിനെപ്പറ്റി നമുക്കു ചിന്തിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമകൃഷ്ണാദികൾ പ്രാതിരൂപകസത്തകൾ (Symbolic truths) ആണു്. അതിനാൽ ഇതു് ഒരു പ്രതിരൂപാത്മകഗാനമാണെന്നും പറയാവുന്നതാണു്.

ജീവിതയാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നവരാണു് യഥാർത്ഥകവികൾ. എന്നാൽ എന്താണു് ജീവിതയാഥാർത്ഥ്യങ്ങൾ? അവ കാലന്തോറും മാറിമാറിക്കൊണ്ടിരിക്കും. ഈ ശതാബ്ദത്തിന്റെ ആരംഭത്തിൽ കേരളീയർക്കു് അഭിമുഖീകരിക്കേണ്ടി വന്ന ജീവിതയാഥാർത്ഥങ്ങളിൽ സർവ്വപ്രധാനമായിട്ടുള്ളതു് രാഷ്ട്രീയമായ അസ്വാതന്ത്ര്യമാണു്. രാഷ്ട്രീയസ്വാതന്ത്ര്യം ലബ്ധമായതിനു ശേഷമേ സാമുദായികമായും സാമ്പത്തികമായും മറ്റുമുള്ള അവശതകൾക്കു പരിഹാരമുണ്ടാവൂ. ഇന്നു തൊഴിലാളിയും മുതലാളിയും ഒരുപോലെ അവശരാണു്. ബ്രിട്ടീഷ് സിംഹമാണു് ഇന്നത്തെ ഏറ്റവും വലിയ മുതലാളി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യലബ്ധി ഉണ്ടാവുംവരെ, നമ്മുടെ സ്വയംപര്യാപ്തതയ്ക്കായി മുതലാളികൾ ചെയ്യുന്ന ശ്രമങ്ങളെല്ലാം വ്യർത്ഥമാണു്.വ്യവസായാഭിവൃദ്ധിയുണ്ടാവാതെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ഉപശാന്തിയു ണ്ടാവുകയുമില്ല. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ധാർമ്മികസമരത്തിൽ ബ്രിട്ടീഷ് മുതലാളി എല്ലായ്പോഴും ഭാരതീയമുതലാളികളുടെ പക്ഷം പിടിച്ചേ നില്ക്കയുള്ളു എന്നുള്ളതും പച്ചപ്പരമാർത്ഥമാണു്. ഈ നിലയിൽ ഭാരതീയമുതലാളിയും തൊഴിലാളിയും കർഷകനും എല്ലാം ആദ്യമായി ബ്രിട്ടീഷ്സിംഹത്തിന്റെ നേർക്കു് അണിനിരക്കുകയാണു വേണ്ടതെന്നുള്ള കാൺഗ്രസ് സിദ്ധാന്തം അനപലപനീയമാണു്.

ഭാരതീയപ്രശ്നങ്ങൾ കേവലം ഭാരതീയങ്ങളാകുന്നു. അവയെ അഭിമുഖീകരിക്കുന്നതിനുള്ള ആയുധങ്ങൾ ഫ്രാൻസിൽ നിന്നോ റഷ്യയിൽ നിന്നോ ഇറക്കുമതി ചെയ്യുന്നപക്ഷം ഒരുപക്ഷേ രാഷ്ട്രീയസ്വാതന്ത്ര്യം ലബ്ധമായാൽതന്നെയും അതും സന്ദിഗ്ദ്ധമാണു്–സാംസ്കാരികസ്വാതന്ത്ര്യം നിശ്ശേഷം അസ്തമിച്ചുപോകും. ഈ വസ്തുത ആദ്യമായി ഗ്രഹിച്ചതു് വള്ളത്തോളാണു്. ആ വിഷയത്തിൽ അദ്ദേഹം ഗാന്ധിജിയെ ഗുരുവായി വരിച്ചു.

കൃസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മ ക്ഷോപായവും
ബുദ്ധന്റെയഹിംസയും ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിൻ
സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തുകാണേണമെങ്കിൽ
ചെല്ലുവിൻ ഭവാന്മാരെൻഗുരുവിൻനികടത്തില-
ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിൻ.

കേരളത്തിലെ സകല ജാതിമതസ്ഥരും—സനാതനിയും പതിതനും എന്നു വേണ്ട എല്ലാവരും, നമ്മുടെ സ്വാതന്ത്ര്യലാഭത്തിനു വേണ്ടി, പരസ്പരം അകറ്റിനിർത്തുന്ന ഉപാധികളെ വിസ്മരിച്ചു്, ഏകമനസ്കരായി, മഹാത്മജിയുടെ നേതൃത്വം കൈവരിക്കണമെന്നു് അദ്ദേഹം ഉപദേശിക്കയും ചെയ്യുന്നു.

ഭാരതഭൂമിയുടെ പുരോഗതിയ്ക്കു ബാധകമായിരിക്കുന്ന ഓരോ സംഗതിയേയും ഹൃദയഗ്രാഹിയായ വിധത്തിൽ അദ്ദേഹം ചിത്രീകരിക്കയും ചെയ്തിട്ടുണ്ടു്. കേരളം അനാചാരങ്ങളുടെ ഇരിപ്പിടമെന്ന നിലയിൽ ഒരു വാതുലാലയമായിത്തീർന്നിരുന്നു.

കവി തന്റെ നാട്ടിന്റെ അവസ്ഥയെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.

അന്നന്നായനാചാരവിത്തോരോന്നതാതിടം
വന്നുവീണതുമുളച്ചുയർന്നു തഴയ്ക്കയാൽ
ശ്രേയസ്സു വിളഞ്ഞ നിൻ നാടിതു വെറുംകാടായ്-
പ്പോയതു കണ്ടീലയോ വെണ്മഴുവേന്തുന്നോനേ!
ബലവാനബലന്റെ ചോരയാൽ ദാഹംതീർക്കും
ഖലഹിംസ്രാചാരവുമിങ്ങു വളർന്നുപോയ്
വൈകൊല്ലീ വിന നീക്കാൻ ഹാ! വെറും കാടന്മാരായ്-
പ്പോകയോ ഭഗവാനേ! ഭവദീയന്മാർ ഞങ്ങൾ?

ബലവാന്മാർ ഏതെല്ലാം വിധത്തിലാണു് ബലഹീനന്മാരെ പീഡിപ്പിക്കുന്നതെന്നു് നമുക്കു് ഏവർക്കും അറിയാവുന്നതാണല്ലോ. ആ ശല്യം തീർക്കുന്നതിനു് ശ്രീ ഭാർഗ്ഗവനെപ്പോലുള്ള ഒരാൾതന്നെ വീണ്ടും അവതരിക്കേണ്ടതാണെന്നാണു് കവിയുടെ ആശയം.

കരപ്രതാപാലുലകൊന്നു കൂടി
വരട്ടിയന്നേത്തെ മരീചിമാനും
നിരങ്കുശം പശ്ചിമശൈലസാനു-
പ്പരപ്പിലൂടെ നടകൊണ്ടിതെങ്ങോ

ഈ അസ്തമയവർണ്ണനയിൽ കവി, അടിയ്ക്കടിയുള്ള പൊളിച്ചെഴുത്തും മറ്റും നടത്തി കരം വർദ്ധിപ്പിച്ചു് കുടിയാനവന്മാരെ പീഡിപ്പിച്ചുകൊണ്ടു് കളങ്ങളിൽ അലഞ്ഞു തിരിയുന്ന ജന്മിയുടെ അവസ്ഥയെ ഉപഹസിച്ചിരിക്കുന്നു.

‘ഗ്രാമത്തിലേയ്ക്കു പിന്തിരിയുവിൻ’ എന്നുള്ളതാണല്ലോ ഗാന്ധിജിയുടെ പ്രധാന സന്ദേശങ്ങളിൽ ഒന്നു് ഈ കഴിഞ്ഞ രണ്ടു യുദ്ധങ്ങളും കർഷകന്നു സമുദായമദ്ധ്യത്തിലുള്ള പ്രാധാന്യത്തെ സുതരാം വ്യക്തമാക്കീട്ടുമുണ്ടു്. ഇങ്ങനെ ഒക്കെ ആണെങ്കിലും അഭ്യസ്തവിദ്യരായ മലയാളികൾക്കു് കർഷകന്മാരോടു പുച്ഛമാണു്. വള്ളത്തോൾ കർഷകജീവിതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:

ദേവീ നിൻ ചൈതന്യം ബാഹുസിരകളിൽ-
ജ്ജീവരക്തത്തെയൊട്ടോടിയ്ക്കായ്കിൽ
തൂവൽനടത്തുമോ സാഹിത്യകർത്താവു?
തൂലിക നീട്ടുമോ ചിത്രകാരൻ?
വീണ തൊട്ടീടുമോ ഗായകൻ, മുദ്രകൾ
കാണിപ്പാൻ നോക്കുമോ വേഷക്കാരൻ?
കുമ്പിട്ടു നിൻകാല്ക്കലർപ്പിച്ച പൂൽക്കൊടി
ചെമ്പൊന്നിൻതണ്ടായ്ച്ചമഞ്ഞീടുന്നു
ആ സേവകർക്കേവം ഭൂരിപ്രദാത്രിയായ്
നീ സർവോല്ക്കർഷേണ വർത്തിക്കവേ,
വേറെയോരോന്നിൽ മുതിർന്നുഴന്നു വൃഥാ
ദാരിദ്ര്യം പേറുന്നു മൂഢർ ഞങ്ങൾ.
സ്നേഹിത, കർഷക! മിഥ്യാപരിഷ്കാര-
മോഹിതർക്കങ്ങൊരു മോശക്കാരൻ
എന്നാൽ ഭവാനുടെ നിശ്ശബ്ദയത്നത്തിൽ
നിന്നാണീയന്ത്രത്തിൻഘോഷമെല്ലാം.
ധീരാ! നിൻ തൂവിയർപ്പിറ്റിറ്റു വീഴായ്കിൽ
വൈരക്കല്ലുണ്ടോ വിളങ്ങീടുന്നു?
പാടത്തുനിന്നു ഭവാന്റെ ഗാത്രങ്ങളിൽ-
പ്പാടേ പതിയുന്ന പാഴ്ചേറല്ലോ
മേടപ്പുറങ്ങളിൽ മേവുന്ന ധന്യർതൻ
മേനിക്കു കസ്തൂരിച്ചാറാകുന്നു?

ചുരുക്കിപ്പറഞ്ഞാൽ,

“സാമ്രാജ്യച്ചെപ്പിനു ചെങ്കോലുയർത്താനും
സന്യാസവാഴ്ചയ്ക്കു ദണ്ഡേന്താനും
വാണിജ്യലക്ഷ്മിയ്ക്കു വെള്ളിയും പൊന്നുമാം
നാണയം വേർതിരിച്ചുണ്ണുവാനും”–

ഒക്കെയ്ക്കും കൃഷി തന്നെയാണു് സഹായിക്കുന്നതു്.

കർഷകജീവിതം അഹിംസാപരവും പാവനവുമാണെന്നു് മറ്റൊരു ഗാനത്തിൽ പറഞ്ഞിരിക്കുന്നു.

ചെറ്റുണ്ടാമിരിമ്പിനും കണ്ണുനീരെങ്കിലതി-
ങ്ങിറ്റിറ്റു വീണീയക്ഷരങ്ങളായ്ക്കാണായേനേ
ജീവരക്തത്തെപ്പോറ്റിപ്പുലർത്തും കൃഷിക്കുള്ള
കേവലായുധങ്ങളായ് മേവേണ്ടുമെൻകൂട്ടുകാർ
ജീവരക്തത്തെപ്പോർകൊണ്ടൊഴുക്കിക്കളയുന്ന
കൈവേലയ്ക്കുപയുക്തരാവുകയല്ലോ ചെയ്വൂ!
എങ്ങാനുമൊരു ശിരസ്സൊന്നുയർന്നതായ്ക്കണ്ടാ-
ലങ്ങതിൻനേരേ ചലിച്ചിളിച്ചു കാട്ടും ഖഡ്ഗം
കുതിച്ചു ചാടും കുന്തം, കുരച്ചുതുപ്പും തോക്കെ-
ന്നിവകളാക്കിത്തീർക്കപ്പെട്ടവരവർ നാം.
ദുഷ്പ്രഭുക്കൾക്കായെത്ര പേക്കൊല നടത്തുന്നീ-
ലിപ്പാപക്കറുപ്പെന്നു നീങ്ങുന്നു നമുക്കയ്യോ?

എന്നത്രേ കൃഷിക്കാരുടെ പാട്ടു്.

എളിയവരോടു് ഭാഗ്യശാലികൾക്കും, തൊഴിലാളികളോടു മുതലാളികൾക്കും ഉള്ളതായ അനുകമ്പാരാഹിത്യത്തെപ്പറ്റി കവി ഇങ്ങനെ വിലപിക്കുന്നു.

അതിവൃഷ്ടിനിമിത്തം,

കുടിലുള്ളതൊലിച്ചുപോയടി-
യ്ക്കടിവന്നേന്തിയ മാരിനീരിനാൽ
തടിയിൽകൂറെയെല്ലുമാത്രമി-
പ്പടിയായ് വല്ല മരച്ചുവട്ടിലും
കുളിരാൽ മരവിച്ചു നില്ക്കുമീ-
യെളിയോർതൻകഥയെന്തിറിഞ്ഞിടും?
ലളിതോദ്ഗതധൂപഗന്ധിയാം
തെളിമച്ചിൽ പുലരുന്ന ഭാഗ്യവാൻ.
… … …
അവശം വയർ കാഞ്ഞു വേലചെ-
യ്തിവർ നട്ടെല്ലു വളച്ചതല്ലയോ
വ്യവസായികളാം പ്രഭുക്കളേ!
ഭവതീയോജ്ജ്വലഹർമ്മ്യതോരണം?

തോട്ടങ്ങളിലും ഫാക്ടറികളിലും മറ്റും എല്ലുമുറിഞ്ഞു വേലചെയ്തു ചെയ്തു് അകാല വാർദ്ധക്യവും ദാരിദ്ര്യവും നേടിക്കൊണ്ടു വീട്ടിലേയ്ക്കു മടങ്ങുന്ന—അഥവാ പുകഞ്ഞ കൊള്ളി പുറത്തു് എന്ന മട്ടിൽ നിരാകൃതനാവുന്ന—തിരിച്ചതു നേരേ നാട്ടിലേയ്ക്കാണെങ്കിലും, ചെന്നുചേരുന്നതു പരലോകത്താണു്. കവി അയാളെ ഇങ്ങനെ വർണ്ണിക്കുന്നു:

കുപ്പായമില്ല കുടയില്ല മാറാ-
പ്പില്ല, വിരിപ്പില്ല, ചെരിപ്പുമില്ലാ,
ഇദ്ദീർഘയാത്രോദ്യനുണ്ടരയ്ക്ക-
ലിരുണ്ട കീറത്തുണിയൊന്നുമാത്രം.
പൈശാചതൃഷ്ണയ്ക്കടിപെട്ടൊടുങ്ങാ-
പ്പണിക്കു നിർത്തും മുതലാളിവർഗ്ഗം
ചെഞ്ചോരതീർന്നപ്പൊഴുതിട്ടെറിഞ്ഞ
മനുഷ്യദേഹങ്ങളിലൊന്നിതത്രേ.
സുഖാമൃതം സ്വൈരമശിച്ചു ദിവ്യ-
സൗധേ രമിപ്പൂ മുതലാളിവീരൻ
അയാൾക്കു വിൺതീർത്തവരോ വിശപ്പാൽ
വല്ലേടവും വീണു മരിച്ചിടുന്നു.

ഒരുപക്ഷേ അയാൾക്കു് അച്ഛനുമമ്മയും കുഞ്ഞുങ്ങളും—താമസിക്കാൻ ഒരു ചെറ്റക്കുടിലും ഉണ്ടായിരിക്കാം. ‘അഭാഗ്യവത്താകമതിൻനടുത്തൂൺ’ അയാളായിരുന്നുവെന്നും വരാവുന്നതാണു്. മരണം അയാൾക്കു് ഒരു വിശ്രമം അത്രേ.

ഈ വിശ്രമാവസ്ഥയിലും വിയർത്തി-
ട്ടുണ്ടപ്പണിക്കാരനു ഫാലദേശം
ശ്രമിച്ചുകണ്ഠം കുറുകും കഫത്തിൽ
പ്രാണപ്രയാണവ്യഥ പൂഴ്ത്തിവെപ്പാൻ

ഈ ദയനീയാവസ്ഥയിൽ,

അശക്തമാമത്തല താങ്ങുവാനോ
തണുത്ത മെയ്യൊന്നു തലോടുവാനോ
അങ്ങാരുടേയും കൃപ കയ്യയച്ചീ-
ലെന്തിന്നിവൻ ദീനദരിദ്രനായി?

ധനികനായിരുന്നെങ്കിൽ ശുശ്രൂഷയ്ക്കു് എത്രയോപേർ ആ തീവണ്ടിആഫീസിൽ വച്ചുപോലും തയ്യാറാകുമായിരുന്നു.

എന്തിന്നിവൻ പേർ പുകഴാത്തൊരാളാ-
യെന്തിന്നിവൻ ഹീനകുലേ ജനിച്ചു?

എന്നാണു് കവിയുടെ ഭാവതരളിതമായ ഹൃദയത്തിൽനിന്നെഴുന്ന ചോദ്യം.

അറപ്പുമൂലംചിലർ മാറിനിന്നാ-
രവന്റെ ഗാത്രം മലിനം വിഗന്ധം.
ചിലർക്കു ചിത്താർദ്രത ‘കഷ്ട’മെന്നീ-
യൊരൊറ്റ വാക്കിൽ ചെലവായ്ക്കഴിഞ്ഞു
നോക്കിച്ചിരിച്ചൂ ചില ദവകല്പർ
ചാവാൻ തുടങ്ങീടുകയാണു പാവം
ചിലർക്കുദിച്ചീല വികാരമൊന്നും
മരിയ്ക്ക സാധാരണമല്ല മന്നിൽ.

ഇങ്ങനെ ഒരു ഹൃദയശൂന്യത വരാനെന്തു്? കവി പറയുന്നു:

മരിക്ക സാധാരണമീ വിശപ്പിൽ-
ദ്ദഹിക്കിലോ നമ്മുടെ നാട്ടിൽ മാത്രം
ഐക്യക്ഷയത്താലടിമശ്ശവങ്ങൾ
ഇടിഞ്ഞുകൂടും ചുടുകാട്ടിൽമാത്രം.

നമ്മുടെ ഈ ദുരവസ്ഥയ്ക്കു കാരണം അനൈകമത്യംമൂലം വന്നുകൂടിയ സ്വാതന്ത്ര്യനാശമാണെന്നാണു് കവിയുടെ മതം. ഈ മാതിരി കവിതയെ പുരോഗമന സാഹിത്യ കോടിയിൽ ഗണിക്കാമോ എന്നു് അതിന്റെ അപ്പോസ്തലനായ ശ്രി: ഏ. ബാലകൃഷ്ണപിള്ളയോടു ചോദിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ വിപരീതമായ മറുപടിയായിരിക്കും സിദ്ധിക്കുന്നതു്. ഇപ്പോഴത്തെ അവസ്ഥയിൽ ദാരിദ്ര്യശമനത്തിനുള്ള ഏകൗഷധം ചർക്കയാണെന്നു് ഗാന്ധിജി പറയുന്നതിനെ വള്ളത്തോൾ സർവാത്മനാ സംവദിക്കുന്നു. ഈ ചക്രായുധത്താൽ ബ്രിട്ടീഷ് വാണിജ്യദുഷ്പ്രഭുത്വത്തിന്റെ നട്ടെല്ലൊടിക്കാമെന്നു് അദ്ദേഹം ആദ്യമായി പ്രസ്താവിച്ചപ്പോൾ, എത്ര എത്ര ധനശാസ്ത്രവിദഗ്ദ്ധന്മാർ അദ്ദേഹത്തിന്റെ നേർക്കു് കൊഞ്ഞനം കാണിച്ചു. പക്ഷേ അതു് ശക്തിയേറിയ ഒരായുധമാണെന്നു് അചിരേണ വെളിപ്പെട്ടു. വലിയ വലിയ മാൻചസ്റ്റർമില്ലുകളിൽ പലതും പൊളിഞ്ഞുതുടങ്ങി. ഇപ്പോൾ അവസാനിച്ചിട്ടും, സഖ്യകക്ഷികളുടെ വിസഖ്യമനോഭാവത്താൽ അവസാനിച്ചിട്ടില്ലാത്ത, മഹായുദ്ധത്തിനിടയ്ക്കു് ഖദർ, ഭാരതഭൂമിയ്ക്കു് എത്ര അനുഗ്രഹമായിട്ടാണു തീർന്നതു്! കവി പാടുന്നു:

“ചങ്ങാതിമാർകളേ പഞ്ചപ്പിശാചിനെ-
ച്ചക്രം തിരിയ്ക്ക തിരിയ്ക്ക നമ്മൾ
ജാത്യാ സുദുർബലമാകിയ കൈകൊണ്ടു
ചീർത്ത നരകക്കഴുത്തറുപ്പാൻ
നമ്മളേ ലോകൈകനായകനേല്പിച്ച-
നവ്യസുദർശനചക്രമത്രേ.”

കവിയ്ക്കു് ചർക്കയിലുള്ള വിശ്വാസം താഴെ ചേർത്തിരിക്കുന്ന വരികളിൽ നല്ലപോലെ സ്ഫുരിക്കുന്നു.

കാട്ടിലെ സമ്രാട്ടായ്സർവത്ര കയ്യൂക്കു-
കാട്ടിത്തകർക്കുന്ന കേസരിയെ
നിർത്തിത്തളയ്ക്കുന്നു താമരനൂൽകൊണ്ടേ
നിത്യം തിരിയുന്ന കാലചക്രം.
ആവിധം നിർജ്ജീവരായിക്കിടന്നോരിൽ-
ജ്ജീവസിരയേയും സ്പന്ദിപ്പിപ്പൂ.

വള്ളത്തോൾ ലേശം വിഷാദാത്മകനല്ല. അദ്ദേഹത്തിനു് ഭാരതത്തിന്റെ ഭാവിയിൽ പരിപൂർണ്ണമായ വിശ്വാസമുണ്ടു്.

‘എന്തിന്നു കേരളധരേ കരയുന്നു പാര-
തന്ത്ര്യം നിനക്കു വിധികല്പിത-’

മാണെന്നു’ അദ്ദേഹം വിചാരിക്കുന്നില്ല. നാം തന്നെയാണു് ഈ പാരതന്ത്ര്യത്തിനു ഹേതുഭൂതന്മാർ. അതിനു് നാം തന്നെ പരിഹാരമുണ്ടാക്കണം.

എത്തേണ്ടതാമിടത്തെത്തിയാലും ശരി
മധ്യേ മരണം വിഴുങ്ങിയാലും ശരി
മുന്നോട്ടുതന്നെ നടക്കും വഴിയിലേ
മുള്ളുകളൊക്കെച്ചവുട്ടി മെതിച്ചു ഞാൻ,
പിന്നാലെ വന്നിടും പിഞ്ചുപദങ്ങൾക്കു
വിന്യാസവേളയിൽ വേദന തോന്നീലാ
അല്ലുടൻ വന്നു മറച്ചാൽ മറയ്ക്കട്ടെ
മുല്ലതൻപൂക്കൾ വിരികതാൻ ചെയ്തിടും.
അന്തരീക്ഷത്തിലണയ്ക്കയും ചെയ്തിടു-
മന്തിക്കുളിർകാറ്റവറ്റിൻപരിമളം
എൻകാൽകളിലനാചാരകാളായസ-
ശൃംഖലക്കെട്ടൊന്നു കെട്ടിയിട്ടുള്ളതോ
നേരേ വലിഞ്ഞു മുറിഞ്ഞുപൊയ്ക്കൊള്ളുമി-
ങ്ങാറേഴടി നീട്ടിനീട്ടി വച്ചാൽ മതി.

ഇന്ത്യൻസംസ്കാരം എന്നൊന്നില്ലെന്നും അതു പാരസീകം, മുസ്ലീം, ക്രൈസ്ത്യൻ, ഹിന്ദു എന്നീ സംസ്കാരങ്ങളുടെ സമവായമാണെന്നും വാദിക്കുന്നവർക്കു് ഒരു ഉത്തമമായ മറുപടിയാണു് നെഹ്റുവിന്റെ ‘Discovery of India’ എന്ന ഗ്രന്ഥം. ഈ സംഗതിയേപ്പറ്റി വള്ളത്തോളിനും ഒന്നുരണ്ടു വാക്കുകൾ പറവാനുണ്ടു്.

“ജാതിമതാദി വഴക്കൊരു നാട്ടിനെ
സ്വാതന്ത്ര്യസിദ്ധിയ്ക്കനർഹമാക്കീടുമോ?”

‘യോജിച്ചു വരിൻ! നിങ്ങൾക്കു സ്വാതന്ത്ര്യം നല്കാം’ എന്നാണു് അമേറി—ചർച്ചിൽക്കമ്പനി പറയുന്നതു്. അതിനു സമാധാനമാണിതു്.

“സോദരൻതമ്മിലെപ്പോരൊരു പോരല്ല
സൗഹൃദത്തിന്റെ കലങ്ങിമറിയലാം.
തങ്ങളിൽത്തല്ലിയിരമ്പുന്നു വാസ്തവം
തന്നെ കടലിൽപ്പലതരമൂർമ്മികൾ
എന്നാലതെപ്പൊഴുതന്യോന്യമക്കൂട്ടർ
വെൺനുരച്ചാർത്താൽത്തിമിർപ്പതും കാൺമു നാം”

ബ്രീട്ടീഷുകാർ മാറുമ്പോൾ ഈ വഴക്കും ശമിക്കാതിരിക്കയില്ലെന്നു് അദ്ദേഹത്തിനറിയാം.

ഗോഹത്യ നിർത്താൻ നരഹത്യചെയ്വതു
സാഹസാൽ സാഹസമെന്നു നണ്ണാതെയും
ഗീതസ്വരൂപനാമല്ലാഹിനു വാദ്യ
ഗീതസ്വനം പ്രിയമല്ലെന്നിരിക്കിലോ
പാഥോനിധികൾ പടഹമടിക്കുമോ?
പാടുമോ പൂങ്കുയിലെന്നിതോക്കാതെയും
ഉന്മത്തർ പോലീസു വലമിടംകയ്യുകൾ
തമ്മിൽപ്പൊരുതിയൊഴുക്കും നിണത്തിലും
മൽപ്രിയരാജ്യത്തിനാസന്നമാകിയ
സുപ്രഭാതത്തിൻതുടുപ്പുകാണുന്നു ഞാൻ.

എന്തൊരു ദൃഢവിശ്വാസം!

നിരീശ്വരമതത്തിലും അരാജകത്വത്തിലും അടിയുറപ്പിച്ചു ‘വിപ്ലവം! വിപ്ലവം’ എന്നിങ്ങനെ ഊണിലും ഉറക്കത്തിലും വിചാരിച്ചുകൊണ്ടിരിക്കുന്ന ചിലർക്കു് വള്ളത്തോളിൽ പുരോഗമനപ്രവണത കാണ്മാൻ കഴിഞ്ഞില്ലെന്നു വരാം. എന്നാൽ ഏതു ദീർഘദർശിയോ അപ്പോസ്തലനോ പറഞ്ഞാലും ശരി, വള്ളത്തോൾ പരാജയപ്രസ്ഥാനക്കാരനല്ല. വിഷാദാത്മകത്വം പോയ വഴിക്കെങ്ങും എത്തിനോക്കീട്ടുമില്ല. നമ്മുടെ തീണ്ടലും, തൊടീലും, മതവിദ്വേഷങ്ങളും എല്ലാം താനേ ഒഴിയുന്നവയല്ലെന്നു് അദ്ദേഹത്തിനറിയാം:– അതിനുവേണ്ടി കഠിനമായി പ്രവർത്തിച്ചേ മതിയാവൂ.

എന്മുഖത്തേയ്ക്കൊന്നുറ്റുനോക്കിനാർ, വാനംപുക്ക
ധർമ്മരക്ഷകന്മാർതന്നാത്മാക്കൾ നക്ഷത്രങ്ങൾ
അംബരസ്ഥലമിതാ വടക്കുനിന്നേതാനും
വെൺമുകിലുകളൊപ്പംതെക്കോട്ടു നടകൊണ്ടു
മുന്നിൽവന്നൊത്ത കരിംകാർകളോടവമാനം
ചൊന്നതില്ലവയുമായ്ച്ചേരുകയത്രേ ചെയ്തു
ഗംഗയും കാളിന്ദിയുമൊത്തിണങ്ങിയാലത്തെ-
ബ്ഭംഗിയച്ചേർച്ചയ്ക്കുണ്ടായ് ഐക്യമേ സേവ്യാൽസേവ്യം.

പുരോഗമന വിഷയകമായ പ്രത്യാശയോടും ആവേശത്തോടും ഒപ്പംതന്നെ അതിലുള്ള ദൃഢവിശ്വാസവും അദ്ദേഹത്തിന്റെ ആധുനിക കൃതികളിലെല്ലാം കാണ്മാനുണ്ടു്.

‘ക്ഷുദ്രരായലസരായ് സ്വാർത്ഥൈകപ്രസക്തരാ-
യെത്രനാൾ കരയിക്കും മാതൃഭൂമിയെ നമ്മൾ’

എന്ന വാക്കുകളിൽ സ്ഫുരിക്കുന്ന ഉത്സാഹവും, വികാരതൈക്ഷ്ണ്യവും,

പോരാപോരാ നാളിൽനാളിൽ ദൂരദൂരമുയരേണം
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ
ആകാശപ്പൊയ്കയിൽപ്പുതുതാകുമലയിളക്കട്ടേ
ലോകബന്ധം ഗതിയ്ക്കുറ്റ മാർഗ്ഗം കാട്ടട്ടേ.
ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദരന്മാരേ നമ്മൾ
കൈകഴുകിത്തുടയ്ക്കുകിക്കൊടിയെടുക്കാൻ.
നമ്മൾ നൂറ്റ നൂലുകൊണ്ടു നമ്മൾ നെയ്ത വസ്ത്രംകൊണ്ടു
നിർമ്മിതമിതനീതിയ്ക്കൊരന്ത്യാവരണം
കൃത്യസ്ഥരാം നമ്മുടെയീനിത്യസ്വതന്ത്രതാലത-
സത്യക്കൊടിമരത്തിന്മേൽസ്സംശോഭിക്കട്ടേ.

എന്ന വാക്കുകളിൽ പ്രകാശിക്കുന്ന ആത്മവിശ്വാസനിർഭരമായ ഉത്സാഹവും കേരളീയരുടെ സിരകളിൽക്കൂടി ഒഴുകുന്ന രക്തത്തിനു ചൂടു പിടിപ്പിക്കാൻ പര്യാപ്തമല്ലേ?

ഇത്രയും പറഞ്ഞതിൽനിന്നു് വള്ളത്തോൾ ദേശാഭിമാനി മാത്രമാണെന്നു വായനക്കാർ തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം തനി ദേശീയമല്ല–അന്തർദ്ദേശീയമാണു്. ആ വിഷയത്തിൽ അദ്ദേഹം തന്റെ ഗുരുനാഥനോടു സാദൃശ്യം വഹിക്കുന്നു.

ഏകതയിലൂന്നിനിന്നു കൈകളൊന്നായ്ചേർത്തുപിടി-
ച്ചാകുലിയിൽനിന്നുയർത്തുകസ്മദ്രാജ്യത്തെ

എന്നു പാടിയ കവി ഭാവിയിൽ അതിലും ഉപരിയായ ഒരു ഐക്യത്തെ വിഭാവനം ചെയ്യാതിരിക്കുന്നില്ല.

‘ഭൂതകാലത്തിൻപ്രഭാവതന്തുക്കളാൽ
ഭൂതിമത്താമൊരു ഭാവിയേ നെയ്ക നാം
വാസരാന്തത്തിൻകതിർകളിൽനിന്നല്ലീ
ഭാസുരമാകുമുഷസ്സിന്റെയുത്ഭവം’

ഇങ്ങനെ ഭൂതകാലത്തെ തിരസ്കരിക്കാതെ തന്നെ വർത്തമാനത്തിൽ നിസ്തന്ദ്രം പ്രയത്നിച്ചു ശോഭനമായ ഒരു ഭാവി സൃഷ്ടിക്കണമെന്നാണു് അദ്ദേഹം ഉപദേശിക്കുന്നതു്. അദ്ദേഹം ഉത്ഭാവനം ചെയ്യുന്ന ഭാവിയുടെ സ്വരൂപം ഏതാണ്ടിങ്ങനെയാണു്.

“ചെങ്കോല്കൾതൻപെരുമ താണുതുടങ്ങി മേലിൽ
മർത്ത്യന്നു മർത്ത്യനടിപെട്ടു കിടക്കുകില്ല
ഉദ്ബുദ്ധമായ് പിറുപിറുക്കുവതുണ്ടിവന്റെ-
യാത്മാവു്, ലോകമിതയാൾക്കുമെനിക്കുമൊപ്പം.
വീണ്ടും വെടിപ്പുകകളാലിരുളിച്ചിടായ്വിൻ
ഭ്രാതാക്കളേ വിപുലമായ വിയൽപഥത്തെ
എപ്പേർക്കുമൈകമൊടൊരേ തറവാട്ടിൽ വാഴും
നക്ഷത്രകോടികൾ വിളങ്ങുമതിൻചുവട്ടിൽ.”

കേരളപുരോഗമനസാഹിത്യക്കമ്മിറ്റിക്കാർ പുരോഗമന സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനം വള്ളത്തോളിനു കല്പിച്ചുകൊടുത്തു. യഥാർത്ഥകവികളെ പുരോഗമനപരരായിട്ടല്ലാതെ കാണ്മാൻ കഴിയാത്തവർക്കു് അതിൽ വിസ്മയത്തിനവകാശമില്ല. കേരളത്തിനു് കഴിഞ്ഞ ഇരുപത്തിഅഞ്ചോ മുപ്പതോ കൊല്ലങ്ങൾക്കിടയിൽ സാംസ്കാരികമായോ സാമുദായികമായോ രാഷ്ട്രീയമായോ ഉണ്ടായിട്ടുള്ള നവോത്ഥാനങ്ങളുടെ എല്ലാം പിന്നിൽ നമുക്കു വള്ളത്തോളിനെ കാണാൻ കഴിയും. എന്നാൽ കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരുടെ അപ്പോസ്തലനായ ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ പുരോഗമനശബ്ദത്തിന്റെ ഔദ്യോഗിക നിർവചനത്തിൽ വിപ്രതിപത്തി പ്രകാശിപ്പിച്ചിരിക്കുന്നു. 1936-ൽ ഹിന്ദീസാഹിത്യകാരന്മാരിൽ അഗ്രഗണ്യനായി ഗണിക്കപ്പെട്ടിരുന്ന പ്രേമചന്ദിന്റെ ആദ്ധ്യക്ഷത്തിൽ നടന്ന അഖിലഭാരത പുരോഗമനസാഹിത്യസമ്മേളനത്തിൽ വച്ചു് അംഗീകരിക്കപ്പെട്ട പ്രകടനപത്രികപ്രകാരം “നമ്മുടെ ഇന്നത്തെ ജീവിതത്തെ സംബന്ധിക്കുന്ന മൗലികപ്രശ്നങ്ങളെപ്പറ്റി–അതായതു് പട്ടിണി, നിർദ്ധനത്വം, സാമുദായികമായ അസമതകൾ, രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ അഭാവം ഇവയെപ്പറ്റി പ്രതിപാദിക്കുന്ന സാഹിത്യമെല്ലാം ഈ പേരിനു് അർഹ”മാണെങ്കിലും, ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ “മനുഷ്യനെന്ന ഒറ്റവർഗ്ഗമല്ല, പിന്നെയോ മുതലാളി അഥവാ മർദ്ദിക്കുന്നവൻ എന്നും, തൊഴിലാളി അഥവാ മർദ്ദിതൻ എന്നും തമ്മിൽ പോരാടേണ്ട ഇരുവർഗ്ഗങ്ങളാണു് സമുദായത്തിലുള്ള”തെന്നും അധികാരം കരസ്ഥമാക്കിയിരിക്കുന്ന മുതലാളിവർഗ്ഗത്തിൽ നിന്നു് തൊഴിലാളിവർഗ്ഗം സംഘടിച്ചു് അതു് പിടിച്ചെടുത്താൽ മാത്രമേ തങ്ങളുടെ ദുരിതത്തിനു് അന്ത്യമുണ്ടാകയുള്ളു എന്നും തൊഴിലാളിവർഗ്ഗത്തെ ധരിപ്പിക്കുകയാണു് “പുരോഗമനസാഹിത്യപ്രസ്ഥാനക്കാർ” ചെയ്യുന്നതു്. ഇതിൽ ആദ്യത്തെ നിർവചനമാണു് കേരളീയ പുരോഗമനക്കമ്മറ്റിക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പറയേണ്ടിയിരിക്കുന്നു. അങ്ങിനെ അവർ ബാലാമണിഅമ്മ, ജി. ശങ്കരക്കുറുപ്പു്, പള്ളത്തു രാമൻ, ഉള്ളൂർ, വള്ളത്തോൾ, ഗോപാലമേനോൻ, കുമാരനാശാൻ, കുട്ടമത്തു്, ചങ്ങമ്പുഴ, നാലപ്പാടൻ എന്നിവരുടെ ഓരോ ഗാനങ്ങളെ ചേർത്തു് ശാശ്വതരശ്മികൾ എന്നൊരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ പറയത്തക്ക കേരള കവികളെല്ലാം പുരോഗാമികളാണെന്നു വരുന്നു. എന്തൊരാശ്വാസം! പിന്നെന്തിനാണു് ഈ വഴക്കുകളെല്ലാം‌? “സ്ഥാപനങ്ങളേയും ആചാരങ്ങളേയും യുക്തിയുടെ ദീപ്തിയിൽ പരിശോധിക്കുകയും, പ്രവർത്തിക്കുന്നതിനും, പരസ്പരം സംഘടിക്കുന്നതിനും, പരിവർത്തനം വരുത്തുന്നതിനും നമ്മേ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരൂപണമനഃസ്ഥിതി നമ്മിൽ അങ്കുരിപ്പിക്കുന്ന സകലതും പുരോഗമനാത്മകമാണെന്നു് ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണു് ലൿനൗവിൽവച്ചു ചെയ്ത നിശ്ചയം. അതിൽ അസ്വീകാര്യമായി നാം ഒന്നും കാണുന്നില്ല. അതു കാംക്ഷിക്കത്തക്ക ഒരു സംഗതിതന്നെ. എന്നാൽ ‘തൊഴിലാളികളും മുതലാളികളും പോരാടേണ്ട’വരാണെന്നു് ആരുപദേശിച്ചാലും ശരി—അതു ആപല്ക്കരംതന്നെയാണു്. അവർ പോരാടിക്കൊണ്ടിരിക്കുന്നവരാണെന്നു പറഞ്ഞാൽ അർത്ഥമുണ്ടു്. ഇവിടെയും ചില മത്സരങ്ങൾ നടന്നുകൊണ്ടാണല്ലോ ഇരിക്കുന്നതു്. ഇന്നത്തെ നിലയിൽ തൊഴിലാളികൾ മുതലാളിത്തത്തെ നശിപ്പിച്ചു എന്നിരിക്കട്ടെ. ഫലമെന്തായിരിക്കും? റഷ്യയിലെപ്പോലെ ഒരു സുവർണ്ണദശ ഇവിടെ ഉണ്ടാകുമെന്നാണോ? ഇന്ത്യയുടെ വ്യവസായം നശിക്കും വിദേശികൾക്കു നാം എന്നും കടപ്പെട്ടിരിക്കേണ്ടതായും വരും. റഷ്യയിൽ ഒരു ‘മൂന്നാമൻ’ ഇല്ലായിരുന്നു എന്നു നാം ഓർക്കണം. അതു പോകട്ടെ; തൊഴിലാളി—മുതലാളി മത്സരത്തിനുള്ള പ്രേരണാശക്തികൾ നൽകുക മാത്രമാണു് പുരോഗമന സാഹിത്യത്തിന്റെ കർത്തവ്യമെന്നുതന്നെ വിചാരിക്കുക. അങ്ങിനെ വരുമ്പോൾ സ്ഥിതിസമത്വം സ്ഥാപിതമാക്കുന്നതിനോടുകൂടി പുരോഗമനവും ‘സുല്ലി’ടുമല്ലോ. റഷ്യ ഇപ്പോൾ പുരോഗമിക്കയല്ലെന്നു വരുമോ? കണ്ടിടത്തോളം റഷ്യർ ഞണ്ടിനെപ്പോലെ പിന്നാക്കം പോകുന്നവരല്ലെന്നാണു് തോന്നുന്നതു്.

ഈമാതിരി സംശയങ്ങൾക്കൊന്നിനും സമാധാനം ആ മഹാത്മാവിന്റെ ‘ഇസ’വും ‘ഇദ്ദു’മൊക്കെ നിറഞ്ഞ വാക്യങ്ങൾക്കിടയിൽ നിന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്സരണി എന്റെ ബുദ്ധിക്കു ദുഷ്പ്രവേശമായതുകൊണ്ടായിരിക്കാം. ഏതായിരുന്നാലും ഒരു സംഗതി തീർത്തു പറയാം. ഭാരതഭൂമി അധ്യാത്മരത്നങ്ങൾ വിളയുന്ന പുണ്യപ്രദേശമാണു്. ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും, പാരീസിലെ തെറിച്ചെടിയോ മാസ്കോവിലെ അരാജകത്വച്ചെടിയോ ഇവിടെ നട്ടുപിടിപ്പിക്കാൻ ആർക്കും കഴിയുകയില്ല–പുരോഗമനസാഹിത്യത്തെ കമ്മ്യൂണിസ്റ്റ് സാഹിത്യം എന്ന സങ്കുചിതാർത്ഥത്തിൽ അംഗീകരിക്കുന്ന ഒരു കക്ഷി കേരളത്തിൽ ഉള്ളിടത്തോളംകാലം, അതിന്റെ ആയുര്യോഗശേഷം ചിന്ത്യമാണു്. അവരുടെ കൂട്ടത്തിൽ വള്ളത്തോളിനു് ഒരു സ്ഥാനം നൽകുന്നതു് അദ്ദേഹത്തിനു് ആക്ഷേപകരവുമാകുന്നു.

വള്ളത്തോളിനെ ചിലർ കേരളീയ ടാഗോർ എന്നു വിളിച്ചു കേട്ടിട്ടുണ്ടു്. ഇവർ തമ്മിൽ മഹാകവികളെന്ന നിലയിൽ ഒഴിച്ചു് എന്തു സാദൃശ്യമാണുള്ളതെന്നു് എനിക്കു മനസ്സിലാകുന്നില്ല. രണ്ടുപേരുടേയും കവിതാസരണി വിഭിന്നമാകുന്നു. മികച്ച ദേശഭക്തി, ഉറച്ച ആസ്തിക്യം, സുസംസ്കൃതമായ സൗന്ദര്യാവബോധം, സംഗീതനാട്യവിദ്യാദികലകളിൽ ഉള്ള താല്പര്യം–ഈ സംഗതികളിൽ അവർക്കു് ചില സാദൃശ്യമുണ്ടെന്നു പറയാം. അതുകൊണ്ടു് കവിതകൾക്കു സാദൃശ്യമുണ്ടാവണമെന്നില്ലല്ലോ.

വള്ളത്തോളിന്റെ പ്രധാന കൃതികൾ വാല്മീകിരാമായണം ഭാഷ, ചിത്രയോഗം, പഞ്ചരാത്രം, അനിരുദ്ധൻ, ബധിരവിലാപം, ഗണപതി, ശിഷ്യനും മകനും, ഒരു കത്തു്, ഊരുഭംഗം, മധ്യമവ്യായോഗം, വിലാസലതിക, സാഹിത്യമഞ്ജരി ഏഴുഭാഗങ്ങൾ, ഋതുവിലാസം, ഉന്മത്തരാഘവം, മഗ്ദലനമറിയം, കൊച്ചുസീത, സ്വപ്നവാസവദത്തം, കാവ്യാമൃതം, അഭിജ്ഞാനശാകുന്തളം, അച്ഛനും മകളും, വിഷുക്കണി, സ്ത്രീ, പരലോകം, വീരശൃംഖല, ദിവാസ്വപ്നം, എന്റെ ഗുരുനാഥൻ, ഇന്ത്യയുടെ കരച്ചിൽ ഇവയാകുന്നു.

ഇനി ഉള്ളൂരിനേപ്പറ്റി രണ്ടു വാക്കുകൾ പറഞ്ഞിട്ടു് ഈ പ്രകരണം നിർത്താം. ഉള്ളൂരും വള്ളത്തോളിനെപ്പോലെ പലേ സാഹിത്യപ്രസ്ഥാനങ്ങളുടെ ഉദയാസ്തമയങ്ങൾ വീക്ഷിച്ചിട്ടുള്ള ആളാണു്. മലയാളികളുടെ പ്രീതിക്കു പാത്രീഭവിച്ച ഒരു മഹാകവിയും ആകുന്നു.

ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ 1052 ഇടവം 25-ാംതീയതി രേവതി നക്ഷത്രത്തിൽ ജനിച്ചു. പിതാവായ സുബ്രഹ്മണ്യയ്യർ ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഉള്ളൂരിന്റെ പ്രഥമഗുരു. അഞ്ചാംവയസ്സു മുതല്ക്കു് എട്ടാം വയസ്സുവരെയുള്ള കാലം വാഴപ്പള്ളിലും വയ്ക്കത്തും ആണു് കഴിച്ചുകൂട്ടിയതു്. അപ്പോഴേയ്ക്കും പിതാവായ സുബ്രഹ്മണ്യയ്യർക്കു് പള്ളിക്കൂടം ഇൻസ്പെക്‍ടർജോലി ലഭിക്കയാൽ, അദ്ദേഹം തന്റെ പുത്രനു ട്യൂഷൻ നൽകുന്നതിനായി കള്ളർകോട്ടു ചക്രപാണിവാര്യരെ നിയോഗിച്ചു.

സ്കൂൾപഠിത്തത്തോടുകൂടി ഇങ്ങനെ അദ്ദേഹം സംസ്കൃതവും അഭ്യസിച്ചുതുടങ്ങി. വാരിയരുടെ അടുക്കൽ ശ്രീകൃഷ്ണവിലാസം രണ്ടു സർഗ്ഗംവരെ വായിച്ചു തീർന്നപ്പോൾ, അദ്ദേഹത്തിനെ പിതാവു് ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. അഞ്ചുകൊല്ലത്തോളം ആ പ്രശസ്തഗുരുവിന്റെ അടുക്കൽ പഠിച്ചതുവഴിക്കു് നൈഷധപര്യന്തമുള്ള കാവ്യങ്ങൾ അദ്ദേഹത്തിനു പരിചിതമായി.

1062-ൽ അദ്ദേഹം ചങ്ങനാശ്ശേരി ഡിസ്ത്രിക്ട് ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു. പന്ത്രണ്ടാം വയസ്സു മുതല്ക്കു് നസ്രാണദീപികയിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങിയത്രേ. 1065-ൽ പിതാവു പരലോകം പ്രാപിച്ചു. തൽഫലമായി അദ്ദേഹത്തിനു കുടുംബഭാരംകൂടി വഹിക്കേണ്ടതായി വന്നു. അന്നാണു് ഉള്ളൂർഗ്രാമത്തിലേയ്ക്കു താമസം മാറ്റിയതു്. പിന്നീടു് ഫോർട്ടു് ഹൈസ്കൂളിൽ ചേർന്നു് പഠിത്തം തുടങ്ങി. 1068-ൽ 16-ാം വയസ്സിൽ മെട്രിക്കുലേഷൻ പരീക്ഷയിൽ വിജയം നേടി. മാതാവായ ഭഗവതിഅമ്മയുടെ നിർബന്ധംകൊണ്ടാണു് അദ്ദേഹത്തിനു് ഉപരിവിദ്യാഭ്യാസം ചെയ്വാൻ സാധിച്ചതു്. അത്രയ്ക്കു് സാമ്പത്തികക്ലേശം ആ കുടുംബത്തിനുണ്ടായിരുന്നു. രാമക്കുറുപ്പുമുൻഷിയുടെ പ്രേരണയാൽ സംസ്കൃതം ഐച്ഛികമായെടുത്തു. 1070-ൽ എഫ്. ഏ പരീക്ഷയും 1072-ൽ ‘ഫിലാസഫി’ ഐച്ഛികം എടുത്തു് ബി. ഏ. പരീക്ഷയും ജയിച്ചു.

അതേവർഷംതന്നെ അദ്ദേഹം തിരുവനന്തപുരം ടൗൺഹൈസ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1073-ൽ ഹെഡ്മാസ്റ്റർ ഉദ്യോഗം ഒഴിവുവന്നപ്പോൾ, സ്കൂൾ ഉടമസ്ഥനായ കിളിമാനൂർ രാജരാജവർമ്മകോയിത്തമ്പുരാൻ അദ്ദേഹത്തിനെ ആ സ്ഥാനത്തു നിയമിച്ചു. ആ ഉദ്യോഗത്തിനിടയ്ക്കു് എഫ്. എൽ. ക്ലാസ്സിൽ ചേർന്നു നിയമവും, ഗണപതിശാസ്ത്രികളുടെ അടുക്കൽനിന്നു് വ്യാകരണവും പഠിച്ചുകൊണ്ടിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പ്രീതിയും ഈ കാലത്തിനുള്ളിൽ അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു്, 1073-ൽ കാളേജിൽ മലയാളപണ്ഡിതരുടെ ഒഴിവുവന്നപ്പോൾ ഈ ഉദ്യോഗത്തിനു് സർവഥാ അർഹനായി മി: എസ്സ്. പരമേശ്വരയ്യർ ബി. ഏ. മാത്രമേയുള്ളു എന്നു് അവിടുന്നു ചെയ്ത ശുപാർശ സാക്ഷ്യം വഹിക്കുന്നു. പക്ഷേ പ്രിൻസിപ്പാൾ സായ്പ് ആ ശുപാർശയെ സ്വീകരിക്കയുണ്ടായില്ല. ‘നിർഭാഗ്യവശാൽ’ എന്നു് അദ്ദേഹത്തിന്റെ ചരിത്രകാരന്മാർ പറയുന്നു. പക്ഷെ ആരുടെ? തീർച്ചയായും അദ്ദേഹത്തിന്റെ അല്ല; കുട്ടികളുടെ ആയിരിക്കാം.

1076-ൽ സെൻസസ് കമ്മീഷണരായിരുന്ന ഡാക്ടർ സുബ്രഹ്മണ്യയ്യരുടെ കീഴിൽ ഒരു ഉദ്യോഗം സമ്പാദിച്ചു. 1078-ൽ ബി. എൽ. പരീക്ഷയും അടുത്ത കൊല്ലം എം. ഏ. പരീക്ഷയും തരണം ചെയ്തു. എം. ഏ. യ്ക്കു് മലയാളവും തമിഴുമായിരുന്നു വിഷയങ്ങൾ. മലയാളത്തിൽ ഇദംപ്രഥമമായി എം. ഏ. ബിരുദം സമ്പാദിച്ചതു് അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം പിന്നീടു് അദ്ദേഹം പലതും–മറ്റുള്ളവർ മുൻപു കണ്ടുപിടിച്ചിട്ടുള്ളവപോലും–‘ഇദംപ്രഥമ’മായി കണ്ടുപിടിച്ചുവരുന്നതു്. “ഭാഷാത്രയവിദഗ്ദ്ധനായ ചരിത്രനായകനെ 1079-ൽ ലണ്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ഒരംഗമായി തിരഞ്ഞെടുത്തു”വെങ്കിലും ആ സ്ഥാനം കുറുച്ചുകാലം കഴിഞ്ഞേ അദ്ദേഹം സ്വീകരിക്കയുണ്ടായുള്ളു. നോക്കണേ ബിരുദങ്ങളോടുള്ള വെറുപ്പു്. അയ്യായിരം മൈലിനപ്പുറത്തുവരെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ സുഗന്ധം ഇതിനിടയ്ക്കു് പരന്നുകഴിഞ്ഞു. വല്ലവിധത്തിലും അദ്ദേഹത്തിനെക്കൂടി ഒരു മെംബറാക്കി എടുക്കണമെന്നു് പ്രസ്തുത സൊസൈറ്റിക്കു് മോഹം ജനിച്ചതിൽ അത്ഭുതപ്പെടാനുണ്ടോ? മറ്റു പലരും ഓരോ പവൻ വീതം ചെലവഴിച്ചു് ഈ സ്ഥാനം കൈവശപ്പെടുത്തിയപ്പോൾ, നമ്മുടെ ചരിത്രനായകൻ “വേണ്ട! വേണ്ട! നിങ്ങളുടെ സ്ഥാനവും കൊണ്ടുപോവിൻ” എന്ന ഭാവമാണു് കൈക്കൊണ്ടതു്. ഒടുവിൽ അവരുടെ നിർബന്ധം ഒഴികയില്ലെന്നു വന്നപ്പോൾ അവരെ അനുഗ്രഹിക്കാമെന്നുവച്ചു എന്നേയുള്ളു.

നാഗമയ്യാ സ്റ്റേറ്റുമാനുവൽ എഴുതാൻ നിയുക്തനായപ്പോൾ അതിന്റെ നിർമ്മാണത്തിൽ പല സഹായങ്ങളും ചരിത്രനായകൻ ചെയ്തുകൊടുത്തിട്ടുള്ളതായി ചരിത്രകാരന്മാർ പറയുന്നു. ഒരുപക്ഷേ മുഴുവനും അദ്ദേഹം എഴുതിയതായും വന്നുകൂടായ്കയില്ല. ആർക്കറിയാം?. അതൊക്കെ കണ്ടുപിടിക്കുന്നതിനു് സർവ്വകലാശാലയുടെ ഗവേഷണവകുപ്പു ശ്രമിച്ചാൽ കൊള്ളാം. 1079 മേയ് 11-ാംതീയതി നാഗമയ്യ ചരിത്രനായകനയച്ച ഒരു കത്തു നോക്കു. ‘ബില്ലിനു വേണ്ടി വളരെ വന്ദനം ……ബില്ലിന്റെ ഉദ്ദേശ്യങ്ങളും കാരണങ്ങളും കാണിച്ചു് ഒരു നക്കൽപ്രസ്താവന ദയവായി എഴുതുക. ബ്രിട്ടീഷ്നിയമത്തോടു് ഏതെങ്കിലും കാര്യത്തിൽ എന്തെങ്കിലും കൂടുതൽ ചേർക്കേണ്ടതുണ്ടോ? ഹൈന്ദവധർമ്മസ്ഥാപനങ്ങളെ സംബന്ധിച്ചു പ്രസ്താവിക്കാൻ മറന്നുപോകരുതു്.” നാഗമയ്യാ അവർകൾ ഇംഗ്ലീഷുഭാഷയിൽ അതിനിപുണനായിരുന്നു എന്നാണു് കേട്ടറിവു്. പക്ഷേ അങ്ങിനെ അല്ലായിരുന്നിരിക്കാം. ബ്രിട്ടീഷ്നിയമത്തോടു് എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടോ? എന്നുള്ള ചോദ്യത്തിൽ നിന്നു് ഒരുപക്ഷേ പകർത്തി എഴുത്താണു് വാസ്തവത്തിൽ അവിടെ നടന്നതു് എന്നൊരു സംശയം ചിലർക്കു് ജനിച്ചുപോയെങ്കിൽ, അതു് അവരുടെ കഥയില്ലായ്മകൊണ്ടാണെന്നു് സമാധാനപ്പെടാം.

1080-ൽ മദ്രാസ് ഹൈക്കോടതിയിൽ മലയാളം വിവർത്തകനായി നിയമിച്ചുകൊണ്ടു് ഉത്തരവു കിട്ടി. എന്നാൽ മി: പരമേശ്വരയ്യർ അതു സ്വീകരിച്ചില്ല. ചോദിക്കാതെയും പറയാതെയും ഇങ്ങനെ ഒക്കെ നിയമിച്ചുതുടങ്ങിയാൽ ഫലം ഇതുതന്നെ. ഇതുപോലെ തന്നെ ഹിന്ദുപത്രാധിപത്യം സ്വീകരിക്കണേ എന്നൊരപേക്ഷ വന്നപ്പോഴും അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. തിരുവിതാംകൂറിന്റെ ഭാഗ്യം. ഇതൊന്നുമല്ല അത്ഭുതം! ചരിത്രകാരന്മാർ പറയുന്നു:

1079-ൽ ദിവാൻബഹദൂർ കൃഷ്ണസ്വാമിരായർ ദിവാനുദ്യോഗമൊഴിഞ്ഞുപോകുകയും മി. വി. പി. മാധവരായർ ബി. ഏ, സി. ഐ. ഈ. പകരം നിയമിക്കപ്പെടുകയും ചെയ്തു. പുതിയ ദിവാൻജിയുമായുള്ള പ്രഥമസന്ദർശനാവസരത്തിൽത്തന്നെ പരമേശ്വരയ്യരുടെ വൈദുഷ്യത്തേപ്പറ്റി അദ്ദേഹത്തിനു വലിയ മതിപ്പു തോന്നി. ആ അവസരത്തിൽ കൂടെയുണ്ടായിരുന്ന മലയാളമനോരമപത്രാധിപർ മി. കെ. സി. മാമ്മൻമാപ്പിള ഇതിനെപ്പറ്റി പ്രശംസിച്ചു് ചരിത്രനായകനു് ഒരു കത്തയയ്ക്കയും ഉണ്ടായിട്ടുണ്ടു്. വായനക്കാർക്കു് ഇതിന്റെ സ്വാരസ്യം മനസ്സിലായില്ലെങ്കിൽ, അങ്ങിനെ ഇരുന്നുകൊള്ളട്ടെ.

പുതിയ ദിവാൻജി ചാർജ്ജേറ്റു് അധികം കഴിയുന്നതിനുമുമ്പു് അദ്ദേഹത്തിനു് പരമേശ്വരയ്യരുടെ സഹായംകൂടാതെ കഴികയില്ലെന്നുവന്നു. തിരുവിതാംകൂർപട്ടാളത്തിന്റെ പ്രാചീനചരിത്രം അറിയിക്കണമെന്നു് ബ്രിട്ടീഷ്ഗവർമ്മെന്റു് തിരുവിതാംകൂർഗവർമ്മെണ്ടിനോടു് ആവശ്യപ്പെട്ടു. ചരിത്രം അറിയാവുന്നവരായി ഹജൂരിലോ സ്റ്റേറ്റുമാനുവൽ ആഫീസ്സിലോ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഗവർമ്മെണ്ടു കുഴങ്ങി. ദിവാൻജിക്കു് ഒരു ഭൂതോദയം ഉണ്ടായി. അദ്ദേഹം പരമേശ്വരയ്യരെ വരുത്തി ഒരാഴ്ചയ്ക്കുള്ളിൽ പ്രബന്ധം എഴുതിച്ചുവാങ്ങി. അത്ര ചരിത്രനിഷ്ണാതനായിരുന്നു അദ്ദേഹം. ‘ടിംബക്ടോ’വിന്റെ ചരിത്രം ഇന്നു രാവിലെ ആവശ്യപ്പെട്ടാൻ, വൈകുന്നേരത്തിനു മുമ്പു് അദ്ദേഹം എഴുതി അങ്ങുതള്ളും. ഇതിന്റെ ഫലമായി 1081-ൽ അദ്ദേഹം റവന്യൂസെക്ഷനിൽ സ്ഥിരം ഹെഡ്ക്ലാർക്കായി നിയമിക്കപ്പെട്ടു. ഒരു മാസത്തിനുള്ളിൽ കൊട്ടാരക്കര ആക്ടിംഗ് മജിസ്ത്രേട്ടായി. എന്നാൽ ദിവാൻജി മാറി, തൽസ്ഥാനത്തു് ദിവാൻബഹദൂർ എസ്സ്. ഗോപാലാചാര്യർ വന്നപ്പോൾ തിരിച്ചു് ഹജൂരിലേയ്ക്കു മടങ്ങേണ്ടിവന്നു. പുതിയ ദിവാൻജിക്കു് സന്ദർശനാവസരത്തിൽതന്നെ അദ്ദേഹത്തിന്റെ യോഗ്യതകൾ മനസ്സിലാകാഞ്ഞതിനാൽ ഇങ്ങനെ പറ്റിയതാണു്. ഒടുവിൽ തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കീട്ടു് അദ്ദേഹം പരമേശ്വരയ്യരെ ചരിത്രരേഖാസാരക്ഷണസമിതിയിലെ ഒരംഗമായി നിശ്ചയിച്ചതു് ആ രേഖകളുടെ ഭാഗ്യം. താമസിയാതെ തഹശീൽദാരുദ്യോഗവും നല്കി. 1085-വരെ പല താലൂക്കുകളിൽ ആ ഉദ്യോഗം വഹിച്ചശേഷം അദ്ദേഹം ഡിസ്ത്രിക്ടുമുൻസിഫായി നിയമിക്കപ്പെട്ടു. 1088-ൽ ഹജൂർ ആക്ടിംഗ്സിക്രട്ടറിയായി. ദിവാൻ സർ. എം. കൃഷ്ണൻനായർ ദിവാൻജിയായി വന്നപ്പോൾ, പ്രൈവറ്റുസിക്രട്ടറിയായി നിയമിക്കപ്പെട്ടതു് അദ്ദേഹമായിരുന്നു. 1100-ൽ കൊല്ലം ദിവാൻ പേഷ്കാരുദ്യോഗത്തിൽ പ്രവേശിച്ചു. നാട്ടുരാജ്യങ്ങൾ ഫെഡറേഷനിൽ ചേരുന്നതിനേ സംബന്ധിച്ചുള്ള കാര്യങ്ങളേപ്പറ്റി ആലോചിപ്പാൻ ഹാർക്കോട്ടുബട്ട്ലരുടെ നേതൃത്വത്തിൽ ഒരു കമ്മീഷൻ ഏർപ്പെടുത്തിയപ്പോൾ തിരുവിതാംകൂറിൽനിന്നും സമർപ്പിക്കേണ്ട മെമ്മോറാണ്ഡം തയാറാക്കുന്നതിനു് ദിവാൻ മി. വാട്സ് അദ്ദേഹത്തിനെയാണു് നിയോഗിച്ചതു്. രണ്ടുമാസത്തിനുള്ളിൽ തൃപ്തികരമായ ഒരു റിപ്പോർട്ടു തയ്യാറാക്കിക്കൊടുത്തു. എന്നാൽ ദിവാൻജി അതിനെ തുണ്ടുതുണ്ടായി കീറിക്കളഞ്ഞിട്ടു്, ഇരുന്ന ഇരുപ്പിനു വേറെ ഒന്നു് എഴുതി അയച്ചുവെന്നു് അസൂയാലുക്കൾ പറഞ്ഞുപരത്തി, വാസ്തവം ദൈവത്തിനറിയാമല്ലോ. പരമേശ്വരയ്യരുടെ മഹത്വത്തെപ്പറ്റി ബോധമുള്ളവരാരും അങ്ങിനെ പറയുകയില്ല.

1107-ൽ ലാൻഡ് റവന്യൂക്കമ്മീഷണരായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗത്തിൽ നിന്നും 1107 ഇടവത്തിൽ പെൻഷൻ വാങ്ങി. ഒന്നിലധികം പ്രാവശ്യം ചീഫ്സെക്രട്ടറിയായി ആക്‍ടു ചെയ്തിട്ടുണ്ടെങ്കിലും, അവിടെ അദ്ദേഹത്തിനെ സ്ഥിരപ്പെടുത്തുന്നതിനു് ആ സ്ഥാനത്തിനു് ഭാഗ്യമുണ്ടായില്ല.

പഠിക്കുന്ന കാലത്തുതന്നെ അദ്ദഹം നിരവധി കാവ്യങ്ങൾ എഴുതിയതായും അവ എല്ലാം ഗുരുജനങ്ങളുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചിരുന്നതായും ചരിത്രകാരന്മാർ രേഖപ്പെടുത്തീട്ടുണ്ടു്. എന്നാൽ അവയെല്ലാം കൈരളിയുടെ ദൗർഭാഗ്യത്താൽ നഷ്ടപ്പെട്ടുപോയത്രേ. കെ. രാമകൃഷ്ണപിള്ളയെ പത്രപ്രവർത്തനത്തിലും, ഒടുവിൽ കുഞ്ഞികൃഷ്ണമേനോനെ കവിതഎഴുത്തിലും ഉത്സാഹിപ്പിച്ചതു് അദ്ദേഹം ആയിരുന്നെന്നും, പരിചിതന്മാരെയും സ്നേഹിതന്മാരെയും കൈകൊടുത്തു് സരസ്വതീക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയെന്ന ആ പരിപാവനകർമ്മം ഈ സാഹിതീവല്ലഭൻ വിദ്യാർത്ഥിജീവിതത്തിൽതന്നെ ആരംഭിച്ചുവെന്നും ജീവചരിത്രപ്രണേതാക്കൾ പ്രസ്താവിച്ചുകാണുന്നു. പ്രസ്തുത സാഹിതീസേവകന്മാരുടെ ചരിത്രത്തിൽ ആ വസ്തുത പറഞ്ഞു കാണാത്തതു് തല്ലേഖകന്മാരുടെ വകതിരിവില്ലായ്മകൊണ്ടായിരിക്കാനേ തരമുള്ളു. അദ്ദേഹത്തിന്റെ കരാവലംബത്തോടുകൂടി സാഹിത്യലോകത്തിൽ ഉയർന്നുയർന്നു വന്നിട്ടുള്ളവരുടെ വിപുലമായ സംഖ്യകൂടി ചരിത്രത്തിൽ കാണിച്ചിരുന്നെങ്കിൽ ശങ്കയ്ക്കു വഴിയില്ലാതിരുന്നേനേ. സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്തതിനാൽ ഇതിനെപ്പറ്റി എനിക്കു ഖണ്ഡിതമായ അഭിപ്രായമൊന്നും പറയാനില്ല.

മലയാളിയിൽ പ്രസിദ്ധപ്പെടുത്തിയ ‘മൊട്ടുസൂചി’യാണു് നവീന പ്രസ്ഥാനത്തിനു ബീജാവാപം ചെയ്തതെന്നു ചരിത്രകാരന്മാർ പറഞ്ഞുകാണുന്നു. ആ സൂചി കണ്ടിട്ടില്ലാത്തതിനാൽ ആ അഭിപ്രായം ശരിയാണോ എന്നു നിർണ്ണയിക്കാൻ തരമില്ലാതെ വന്നതിൽ വ്യസനിക്കുന്നു. പിന്നീടു വളരെക്കാലം വരെയ്ക്കുള്ള അദ്ദേഹത്തിന്റെ കവിതകൾ വായിച്ചാൽ, തെളിവു് അവിശ്വാസ്യമെന്നേ പറവാൻ നിവൃത്തി കാണുന്നുള്ളു. അടുത്ത കൃതിയായ വഞ്ചീശഗീതി ഞാൻ പലകുറി വായിച്ചിട്ടുണ്ടു്. അതു് അന്നത്തെ രീതിക്കു് ഒരു നല്ല കവിതയായി ഗണിക്കപ്പെടാം. ഇതു് 1080-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

അതേവർഷം തന്നെ അദ്ദേഹം മയൂരസന്ദേശത്തെ ഇംഗ്ലീഷിലേയ്ക്കു തർജ്ജിമചെയ്തു. അതിനേപ്പറ്റി ടി. രാമലിംഗംപിള്ള അവർകൾ ചെയ്തിട്ടുള്ള വിമർശം മാത്രമേ ഞാൻ വായിച്ചിട്ടുള്ളു. അഥവാ കണ്ടിരുന്നാൽ തന്നെയും ഇംഗ്ലീഷ് കവിതയായതുകൊണ്ടു് അതിനെ വിമർശിക്കാനുള്ള കെല്പു് എനിക്കില്ലതാനും. പക്ഷേ വലിയകോയിത്തമ്പുരാൻ സ്തുതിച്ചിട്ടുള്ള സ്ഥിതിക്കു് മി. രാമലിംഗംപിള്ളയുടെ ഖണ്ഡനത്തിനു് എന്തു വില?

1081-ൽ സജാതോദ്വാഹം എഴുതിത്തീർത്തു. അതിന്റെ ഒരു കാപ്പി കിട്ടിയാൽ കൊള്ളാമെന്നു് എനിക്കാഗ്രഹമുണ്ടായിരുന്നു. ചില ദിക്കിലൊക്കെ എഴുതിഅയച്ചുനോക്കി. ഒരു ഫലവുമുണ്ടായില്ല. ഞാൻ എഫ്. ഏ. ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നകാലത്തു് ബഹുമാനപൂർവം ഒരു കത്തു് ഗ്രന്ഥകാരനുതന്നെ അയച്ചുകൊടുത്തു. ഒരു കാപ്പി വി. പി. അയച്ചു തരണമെന്നായിരുന്നു അപേക്ഷ. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ നിരാശാജനകമായ ഒരു മറുപടിയാണു കിട്ടിയതു്. ഒരു പക്ഷേ ഞാൻ സാഹിത്യാഭിമാനി അല്ലാതിരുന്നതിനാലായിരിക്കാം അദ്ദേഹം സഹായഹസ്തം നീട്ടാതിരുന്നതു്. ആ സങ്കടം എനിക്കുതീർന്നതു് സാഹിത്യചരിത്രം രണ്ടാംഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം കോട്ടയ്ക്കൽ സാഹിത്യപരിഷത്തു കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണു്. തിരൂർ സ്റ്റേഷനിൽവച്ചു് ആ മഹാമനസ്കൻ എന്നെ ആലിംഗനംചെയ്തു. തിരുവനന്തപുരത്തു വന്ന ഉടനേതന്നെ അതേവരെ അദ്ദേഹം എഴുതിയിരുന്ന കൃതികളുടെ കാപ്പികൾ എല്ലാം ഒരു പ്യൂൺവശം എനിക്കു് അയച്ചുതരികയും ചെയ്തു. അതിൽ ഒരു സുജാതോദ്വാഹവും ഉൾപ്പെട്ടിരുന്നു.

സുജാതോദ്വാഹം, ഉഷാപരിണയം ചമ്പുവിന്റെ അനുകരണമായിരുന്നു എന്നു ഹരിശർമ്മപ്രഭൃതികൾ പറയുന്നു. അതിലെ,

മാനംചേരുന്നമല്ലീശരമഹിതജയസ്തംഭശുംഭൽപതാകാ
സ്ഥാനംകൈക്കൊണ്ടു ദൃഷ്ടിക്കമൃതമഴപൊഴിക്കുന്നൊരത്തയ്യലാളെ
ആനന്ദാംഭോധിവീചീകലവികളിലനേകായിരം മജ്ജനംചെ-
യ്താനംഗാസ്ത്രാർത്തരാകും നൃപർമിഴി കുളിരെക്കണ്ടുകൊണ്ടാടിനിന്നാർ

എന്ന ഏറ്റവും മനോജ്ഞമായ ശ്ലോകം മഴമംഗലത്തിന്റെ ഛായതന്നെ എന്നു് വള്ളത്തോളും അഭിപ്രായപ്പെട്ടിട്ടുണ്ടത്രേ. ഈ രണ്ടു പ്രശംസകളിൽ കവിഞ്ഞു് ഒരു കൃതിക്കു് മറ്റെന്തുവേണം? അന്നു് കേരളവർമ്മപ്രാസം ഒപ്പിച്ചേ കവിത എഴുതാവു എന്ന നിർബന്ധം കവിയ്ക്കില്ലായിരുന്നു എന്നു തോന്നുന്നു.

‘പാതിവ്രത്യത്തൊടെന്നെപ്പരിചിലുപചരിച്ചിത്രനാൾ പാർത്ത നവ്യ-
ഖ്യാതിസ്ത്രീയെത്തനൂജാസഹിതമഹിതനാം ധൂർത്തെഴും പൃഥ്വിളേശൻ
ഹാ തിട്ടം കട്ടു കഷ്ടേ ഹരഹരവിധിയന്ത്രത്തിരിപ്പെന്നൊരേർപ്പാ-
ടാധിപ്പെണ്ണിന്നു വേൾപ്പാനശുഭതരമുഹൂർത്തത്തിലാചാര്യനായാൻ’

ഇത്യാദി ശ്ലോകങ്ങളിൽനിന്നു് അതിലുള്ള താല്പര്യം വ്യക്തമായിക്കാണാം. നാലാംപാദത്തിൽ മാത്രമേ പറ്റാതെ വന്നിട്ടുള്ളുവല്ലോ. പക്ഷേ കവിത എന്നതു പ്രാസമാണെന്നുള്ള ബോധം അന്നു് അദ്ദേഹത്തിനു വന്നുകഴിഞ്ഞില്ലായിരിക്കണം. സമഭാവനയാണു് പരമേശ്വരയ്യരുടെ വിശിഷ്ടഗുണം എന്നു് തച്ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതിനോടു് ഞാനും യോജിക്കുന്നു. മുസ്ലീംഭടന്മാരെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.

ഗോക്കളെബ്ഭക്ഷണം ചെയ്വോർ
ചകോരങ്ങൾക്കു തുല്യമായ്
ബ്രഹ്മചാരികളെപ്പോലെ
സമിത്തിൽ കൊതിയുള്ളവർ
ഗ്രാവംപോൽ പോർക്കളത്തിങ്കൽ
ദ്രവം തെല്ലറിയാത്തവർ
മാറിനെന്നതുപോൽ വീതി
കേറാനും വേണ്ടതുള്ളവർ
തുരുഷ്കഭൂമിപാലൻതൻ
കരുത്തുള്ളൊരു സൈനികർ
ഉരുക്കാൽ തീർത്ത മെയ്യുള്ളോ-
രൊരുത്തന്നോർക്കിൽ വർണ്ണ്യരോ?

എന്തോരു തുരുഷ്കജനബഹുമാനം?

ചാരംപൂശുന്നദേഹം ഝടിതി കഷണമായ് വെട്ടി യജ്ഞോപവീതം
പാരംഭഞ്ജിച്ചു കൈവർത്തനു വലയിടുവാൻ നൽകുവിൻ നിർവ്വിശങ്കം
സാരസ്യംപേർന്നൊരിസ്ലാംമതമിളയിൽ മുറയ്ക്കുല്ലസിക്കുന്നതിന്നും
വേരറ്റീഹിന്ദുരാജ്യം മുടിയുവതിനുമായ് വേലചേലോടുചെയ്വിൻ
ചൂഡാലേശംവഹിയ്ക്കും തലകളരിയുവിൻ ഗോക്കളെക്കൊന്നുതിന്മിൻ
പേടാമ് നായങ്ങളെല്ലാം ദഹനനിലെറിവിൻക്ഷേത്രസാർത്ഥം തകർപ്പിൻ നാടാകെത്തീകൊളുത്തിൻ നിലമുടയശിലാലോഹപത്രങ്ങൾ കണ്ടാ-
ലൂഢാടോപം പൊടിപ്പിൻ ത്രിപഥഗയിലമേദ്ധ്യത്തെ നിത്യം കലക്കിൻ

ഈ ശ്ലോകങ്ങളിൽ എനിക്കു് ഒന്നുരണ്ടംശങ്ങളാണു് ഏറ്റവും പിടിച്ചതു്. “യജ്ഞോപവീതം പാരം ഭഞ്ജിച്ചു് കൈവർത്തനു വലയിടുവാൻ നൽകുന്ന”തും “ഗംഗയിൽ അമേദ്ധ്യം കലക്കുന്നതും” കൈവർത്തൻമാരും ഭാരതീയരാണല്ലോ. അവരെ വശപ്പെടുത്താൻ വല്ലതും കൊടുക്കുന്നതു നന്നു്; അതിനാൽ യജ്ഞോപവീതം അവർക്കു് കൊടുത്തേക്കുക വലകെട്ടാനായിട്ടു്–പുത്തൻകൂറ്റുഭാഷയാണു് ക്ഷമിക്കണം. എന്നാൽ അവർ ഹിന്ദുക്കളായതുകൊണ്ടു്, ദത്തവസ്തു അവർക്കു് ഉപയോഗപ്പെടാതിരിക്കണം. അതിനായിട്ടാണു് ‘പാരം’ഭഞ്ജിക്കുന്നതു പൂണൂൽ പോയാൽ പിന്നെ ഹിന്ദുമതം തുലഞ്ഞു എന്നതു്, അനുക്തസിദ്ധമാണല്ലോ. എന്തൊരു ബുദ്ധി നോക്കുക ഗംഗാസ്നാനം ലഭിച്ചാലേ മുക്തി ലഭിക്കൂ അതിൽ അമേദ്ധ്യം കലക്കിയാൽ ഹിന്ദുക്കൾക്കു് മുക്തിയുണ്ടാവുകയില്ല. അങ്ങനെ അവർക്കു് ഇഹവും നാസ്തി; പരവും നാസ്തി എന്ന അവസ്ഥ വന്നുചേരും.

കാലാൾ സംസ്കൃതപദമൊടു
മലയാളം ചേർന്നൊരൊറ്റവാക്കവരിൽ
പാരം സാദികൾ നിർജ്ജര-
വാരപ്രമദാമനഃപ്രസാദികൾപോൽ.

കവിത ഹൃദയത്തെ ആഹ്ളാദിപ്പിക്കാനുള്ള ഒരു വസ്തുവാണെന്നു ചില മഠയന്മാർ പറയുന്നു. പരമേശ്വരയ്യരുടെ അഭിപ്രായമതല്ല. ഈമാതിരി പദ്യങ്ങളുടെ അർത്ഥം കണ്ടുപിടിച്ചു കണ്ടുപിടിച്ചാണു് ബുദ്ധിക്കു തെളിച്ചം ഉണ്ടാകേണ്ടതു്.

പരമേശ്വരയ്യരുടെ അടുത്ത കൃതി അദ്ദേഹത്തിന്റെ ചരിത്രകാരന്മാരുടെ വാക്കിൽ പറഞ്ഞാൽ ‘മലയാളത്തിലെ അദ്വിതീയ മഹാകാവ്യമായ ഉമാകേരളമാണു്. “മാഘത്തെ അനുകരിച്ചു് ഒരു മഹാകാവ്യം പന്തളത്തു കേരളവർമ്മ തമ്പുരാനും നൈഷധത്തെ അനുകരിച്ചു് ഒന്നു ചരിത്രനായകനും എഴുതണമെന്നു് അവരിരുവരുകൂടി തീരുമാനിച്ചുവത്രേ. ശ്രീ രാമചന്ദ്രവിലാസത്തിൽ ‘സംസ്കൃതശ്ലോകങ്ങളുടെ ആശയപരിവർത്തനം അധികമായുണ്ടായിരുന്നതും ശബ്ദാർത്ഥങ്ങൾക്കു നിഷ്കർഷയില്ലാതിരുന്നതും കണ്ടപ്പോൾ ആ ന്യൂനതകൾ കൂടാതെയുള്ള ഒരു മഹാകാവ്യം നിർമ്മിക്കണമെന്നുണ്ടായ അഭിനിവേശമാണു് ഇവരെ പ്രധാനമായി അതിലേയ്ക്കു പ്രേരിപ്പിച്ചതു്. ഇവരുടെ ഉദ്യമമറിഞ്ഞാണു് വള്ളത്തോൾ ചിത്രയോഗമെഴുതാൻ ആരംഭിച്ചതു്. അന്യൂനമായ ഒരു മഹാകാവ്യം രചിക്കണമെന്നേ അവർക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു. പക്ഷേ രണ്ടെണ്ണമായിപ്പോയി. അധികസ്യ അധികം ഫലം. പന്തളത്തിന്റെ മഹാകാവ്യത്തിൽ സംസ്കൃതശ്ലോകങ്ങളുടെ പരിവർത്തനമൊന്നുമില്ലെന്നു് നാം കണ്ടുവല്ലോ; അഥവാ ഒന്നോ രണ്ടോ, അല്ല പത്തോ പതിനഞ്ചോ, പുരോഭാഗികൾ കണ്ടുപിടിച്ചാലും സാരമില്ല. എന്നാലും അന്യൂനം അന്യൂനം തന്നെ. എന്നാൽ കൊട്ടാരക്കര ഇരുന്നു പന്തളവും ഉള്ളൂരും കൂടി നിശ്ചയിച്ചതിനെ മണപ്പിച്ചറിഞ്ഞു് വള്ളത്തോളും ഒരു മഹാകാവ്യരചനയ്ക്കു പുറപ്പെട്ടതു് ക്ഷന്തവ്യമായില്ല. 1089-ൽ ഉമാകേരളം പ്രസിദ്ധീകരിക്കപ്പെട്ടു. വലിയകോയിത്തമ്പുരാൻ ഭാഷാശ്രീഹർഷൻ എന്ന സ്ഥാനവും അദ്ദേഹത്തിനു നൽകി.

ഉമാകേരളം അന്യൂനമാണെന്നു കവിയ്ക്കുതന്നെ നിശ്ചയമുള്ള സ്ഥിതിക്കു്, അതിൽ ന്യൂനത കണ്ടുപിടിക്കാനുള്ള ശ്രമം വ്യർത്ഥമാണു്.

ശ്രീ ഹർഷനെ അനുകരിക്കാൻ പുറപ്പെട്ട മഹാകവിയുടെ ആദ്യശ്ലോകം, ‘ശ്രീക്കേറ്റ’ ഇത്യാദി കർണ്ണപരുഷമായ ശബ്ദങ്ങൾ നിറഞ്ഞതാണെന്നിരുന്നാലും, “അത്യുത്തരസ്യാം ദിശി ദേവതാത്മാ” എന്ന കുമാരസംഭവം ശ്ലോകത്തിന്റേയോ “അസ്തിശ്രിയസ്സത്മസുമേരുനാമാ” എന്ന ശ്രീകൃഷ്ണവിലാസം ശ്ലോകത്തിന്റേയോ അനുകരണംപോലെയാണിരിക്കുന്നതു്. പക്ഷേ ഭ്രമംകൊണ്ടു് അങ്ങിനെ തോന്നുന്നതായിരിക്കാം. കവി സഹ്യാദ്രിയുടെ വർണ്ണനയോടു കൂടിയല്ലാതെ കവിത ആരംഭിക്കുന്നതെങ്ങനെ? വർണ്ണന ‘പൊടിതകൃത’യായിട്ടുണ്ടെന്നേ പറവാനുള്ളു. അവിടവിടെ പൂർവ്വകവികളുടെ ആശയങ്ങൾ പകർന്നിട്ടുണ്ടെന്നു വല്ലവരും പറഞ്ഞാൽ, ഞാൻ അതു വിശ്വസിപ്പാൻ തയ്യാറില്ല. കവിയും തച്ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളതിനെ മാത്രമേ ഞാൻ വിശ്വസിക്കൂ. കവി വശ്യവാക്കാണു്. അദ്ദേഹംതന്നെ അതു സമ്മതിച്ചിട്ടുമുണ്ടു്. ”നല്ല ഗിരീശനായാൽ ഭാഷയ്ക്കുവന്നു കുറവിന്നവകാശമുണ്ടോ?” ഗിരീശൻ പരമേശ്വരനാണല്ലോ. നാം സാധാരണ ആ പേരിൽ അറിയുന്ന പരമേശ്വരനിൽനിന്നു തന്നെ വ്യാവർത്തിപ്പാനായിട്ടായിരിക്കണം ‘നല്ല ഗിരീശൻ’ എന്നൊരു വിശേഷണം കൂടി ചേർത്തിരിക്കുന്നതു്. ഈ കവീശ്വരന്റെ വാചാലത സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ആ വിഷയത്തിൽ ശാസ്ത്രകാരന്മാരെപ്പോലെയാണു്. സസ്യശാസ്ത്രകാരൻ കടുകുമണിയെപ്പോലുള്ള ഒരു സസ്യത്തെ കുറിക്കുന്നതിനു് “ഡഡബഡാലിക്കാ ഇൻഡിക്കാ” എന്നൊക്കെ നീണ്ടു നീണ്ട പേരിടും. അതുപോലെ ഈ കവി ഒരു നിസ്സാരകാര്യത്തെ വർണ്ണിക്കാൻ നീണ്ടു നീണ്ട പദങ്ങൾ തെരുതെരെ പ്രയോഗിക്കുന്നതു കാണാം. ഒരു പ്രസംഗമായാൽ പറയാനുമില്ല. നാമാരും കേട്ടിട്ടില്ലാത്ത പദങ്ങൾ ധാരധാരയായി പ്രവഹിക്കുന്നതു കണ്ടു് ആളുകൾ അമ്പരന്നു പോകാതിരിക്കയില്ല. ആദികവിയായ വാല്മീകിയുടെ കൃതിതൊട്ടു് ഇതേവരെ ഉണ്ടായിട്ടുള്ള പ്രസാധിതങ്ങളും അപ്രസാധിതങ്ങളുമായ ഗ്രന്ഥങ്ങളിൽ നിന്നു് ആയിരക്കണക്കിനുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ചിരിക്കയും ചെയ്യും. ആകെക്കൂടി “അഹോ പാണ്ഡിത്യ! അഹോ വാഗ്മിത!” എന്നു ശ്രോതാക്കൾ വിസ്മയാധീനരായി സാലഭഞ്ജികകൾ പോലെ സ്തംഭിച്ചിരുന്നുപോകുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. അങ്ങിനെയുള്ള ഒരു കവിയുടെ വർണ്ണന ചമല്ക്കാരപൂർണ്ണമല്ലാതെ വരുമോ?

മേട്ടുംപുറത്തു ഹിമമന്തിയിലെത്തിയാന്ധ്യം
കൂട്ടുന്നനേരമനിമേഷർ, തടസ്ഥമെന്യേ
വേട്ടുള്ളൊരോമനകൾ കണ്ണുമിഴിച്ചുനില്ക്കെ-
ക്കാട്ടുന്നു കാടുകൾ പരാംഗനമാരുമായി.
പാരിച്ച ദുഷ്ടമൃഗ പക്ഷിഗണത്തെ വേട്ട-
പ്പോരിൽ ജയിച്ചിവിടെ മേവിന ഭൂതനാഥൻ
ഹാരിത്വമാർന്നമരപങ്ക്തി പൊഴിച്ചിടും പൂ-
മാരിത്തണുപ്പരുവിയിൽ തല കാട്ടിടുന്നു.
വ്യാലം വിഭുതിയിവപൂണ്ടഖിലാഗമങ്ങൾ-
ക്കാലംബമായ്, ഭൃതഗുഹത്വമൊടൊത്തുകൂടി
കോലം ശിവാകലിതമാക്കിടുമിഗ്ഗിരീന്ദ്രൻ
ശ്രീലദ്വിജാധിപനെ മൗലിയിലേന്തിടുന്നു
തിട്ടെമ്പടിക്കുടയ വിന്ധ്യനിൽനിന്നു താൻതാ-
ഴ്പൊട്ടെയ്ക്കിറങ്ങിയലയാഴിയിലെത്തുവോളം
മുട്ടെക്കിടക്കുമിതു ദക്ഷിണഭാരതത്തിൻ-
നട്ടെല്ലുപോലെ വിലസുന്നു നവാഭമായി.

എന്തൊരു പദപ്രവാഹം! ഒടുവിലത്തെ ശ്ലോകം വിശേഷിച്ചു് എത്ര കർണ്ണമധുരം! രണ്ടാംശ്ലോകത്തിൽ “മാരിത്തണുപ്പാണരുവിയിൽ തല കാട്ടിടുന്നതെന്നു്” ആരെങ്കിലും അർത്ഥം പറയുന്നപക്ഷം, അവരോടു് അല്പം വ്യാകരണം പഠിച്ചിട്ടുവരൂ എന്നു പറയാനേ തരമുള്ളു. മലയാളരാജ്യത്തു താമസിക്കുന്ന സ്ത്രീജനങ്ങൾ വല്ലാത്തവരാണു്. അവർക്കു പേടിയേ ഇല്ല. വല്ല പുരുഷന്മാരും ഈ നാട്ടിൽ കാൽകുത്തിപ്പോയാൽ കടന്നുപിടികൂടും. തെരുതെരെ ചുംബിക്കും. പിന്നെ അവർക്കു രക്ഷയില്ല. അതു് അവർക്കു് ഒരു വിനോദമാണു്. നോക്കുക:

ഭീവിട്ടു കൂന്തൽവല, ചുണ്ടിരബാഹുപാശം
ഭൂവില്ലപാംഗവിശിഖം മുഖചന്ദ്രഹാസം
ഈ വിശ്രുതായുധഗണം കലരും വധുക്കൾ
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.

ഇങ്ങനെയുള്ള കേരളത്തിൽ തിരുവനന്തപുരം എന്നൊരു നഗരിയുണ്ടു്. അതിനെ “കണ്ടാൽ വിശപ്പു മറയും” “തണ്ടാർ മകൾ പ്രിയനതിങ്കലുറക്കാണു്.” അതിനാൽ അവിടെ നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നതേ ഇല്ല. വല്ലവരും വല്ല കൊടുമയും കാണിക്കുമ്പോൾ “പത്മനാഭാ! നീ ഉറക്കമാണോ?” എന്നു നാം ചോദിക്കാറില്ലേ? പരമാർത്ഥം അങ്ങനെയാണെന്നു കവി പറയുന്നു.

അങ്ങനെയുള്ള തിരുവനന്തപുരത്തു് ആദിത്യവർമ്മ എന്നൊരു രാജാവു് ബാഹുബലം ഒഴിച്ചുള്ള സകല ഗുണങ്ങളോടുംകൂടി വാണിരുന്നു.

തട്ടിപ്പറിപ്പു കലഹം കൊലതൊട്ടനേകം
മട്ടിന്നു ദുഷ്ടതകൾ ഭൂപബലക്ഷയത്താൽ
നാട്ടിൽ പെരുത്തു മൃഗയയ്ക്കധീനമായ
കാട്ടിന്നകത്തു കടുവന്യമൃഗങ്ങൾപോലെ.

ഇങ്ങനെയുള്ള ദുരവസ്ഥയ്ക്കു കാരണം എട്ടുവീടരായിരുന്നത്രേ. പക്ഷേ അവർ തനിച്ചല്ലായിരുന്നുതാനും.

ആ രാജവൈരികളെയെട്ടരയോഗമെന്നു
പേരാർന്നഗോഷ്ഠിയിലെഴും ദ്വിജർ നാടടക്കാൻ
നേരായ്ത്തുണച്ചു, കടുവേനലിൽ വീടെരിപ്പാൻ
പാരാതെ പാവകനെ മാരുതനെന്നപോലെ.

എട്ടരയോഗക്കാരിൽപെട്ട ദ്വിജന്മാർ നാടടക്കുന്നതിനു് ആ രാജവൈരികളെ സഹായിച്ചു എന്നാണല്ലോ ഇവിടെ പറഞ്ഞിരിക്കുന്നതു്. നാടു് ആർക്കടക്കാൻ–എട്ടുവീടർക്കാണെന്നു് ഉപമ വ്യക്തമായിക്കാണിക്കുന്നു. കവിയുടെ സഹായത്തോടുകൂടി നാഗമയ്യാ എഴുതിയതായി പറയപ്പെടുന്ന ചരിത്രത്തിലും, അക്കാലത്തുണ്ടായിട്ടുള്ള മറ്റു ചരിത്രങ്ങളിലും, എട്ടുവീടർ പോറ്റിമാരുടെ ആൾക്കാരായിരുന്നു എന്നേ പറഞ്ഞിട്ടുള്ളു. ഇന്നത്തെ ചരിത്രകാരന്മാർ അതുപോലും സമ്മതിക്കുന്നുമില്ല. എനിക്കു തോന്നുന്നതു പരമേശ്വരയ്യരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായിത്തീർന്നിരുന്ന രേഖകൾ പുതിയ ചരിത്രകാരന്മാർ കണ്ടിരിക്കാൻ ഇടയില്ലെന്നാണു്. അല്ലെങ്കിൽ ഒരു സപ്താഹത്തിനുള്ളിൽ മറ്റാർക്കും സാദ്ധ്യമാകാത്ത പട്ടാള ചരിത്രനിർമ്മാണം സാധിച്ച ചരിത്രനിഷ്ണാതൻ–ഹരിശർമ്മപ്രഭൃതികൾ പറയുമ്പോലെ മറ്റു ഗവേഷകന്മാരെല്ലാം യാതൊരു മഹാശയന്റെ സന്നിധിയിലാണോ ഗവേഷകമ്മന്യരായി ഭവിക്കുന്നതു്–ആ ഗംഭീര ചരിത്രാന്വേഷി–നാഗമയ്യായ്ക്കു പേരും പെരുമയും ഉണ്ടാക്കിക്കൊടുത്ത മഹാശയൻ—പറയുന്നതിനു് എതിരായി എട്ടുവീടർ എന്നൊരു കൂട്ടരേ ഇല്ലായിരുന്നുവെന്നോ, ആദിത്യവർമ്മമഹാരാജാ തെക്കെങ്ങാണ്ടോ വച്ചു് സ്വാഭാവിക കാരണങ്ങളാൽ നാടുനീങ്ങിയെന്നോ അഭിപ്രായപ്പെടാൻ അവർ മുതിരുമായിരുന്നോ? ചരിത്രഗവേഷണം കുറെ പാടുള്ള കാര്യമാണു്. അതു് നമ്മെപ്പോലുള്ള സാധാരണന്മാർക്കു സാധിക്കുകയും മറ്റുമില്ല. അതു നില്ക്കട്ടെ. ഈ മഹാരാജാവിനു രവിവർമ്മ എന്നൊരു മന്ത്രിയുണ്ടായിരുന്നു.

കൂറ്റന്നു തക്ക ചുമൽ മുട്ടുതൊടുന്ന കൈകൾ
മാറ്റമ്പി നിർഭരമുയർന്ന തടിച്ച മേനി
ഊറ്റംനിറഞ്ഞ മുഖലക്ഷ്മി, വിരിഞ്ഞ വക്ഷ-
സ്സേറ്റംകരുത്തുമവനാണ്ടു രിപ്പുക്കൾഭീയും

“മാറ്റമ്പി” എന്ന പ്രയോഗത്തിന്റെ സ്വാരസ്യം നോക്കുക. വെറുതെ സ്തുതിക്കയാണെന്നു് ആളുകൾ തെറ്റിദ്ധരിക്കരുതു്. അതു് എനിക്കു വശമില്ലാത്ത ഒരു കാര്യമാണു്. പദങ്ങളെ വേണ്ടിടത്തു് അറിഞ്ഞു പ്രയോഗിക്കാൻ വാസ്തവത്തിൽ അദ്ദേഹത്തിനു മാത്രമേ വശമുള്ളു വേണമെന്നുണ്ടെങ്കിൽ വേറെയും ഇത്തരം ചില പ്രയോഗരത്നങ്ങൾ ചൂണ്ടിക്കാണിച്ചുതരാം.

“മൂലത്തെപ്പിന്നിൽ നിർത്തുന്നതിനു വിരുതേറുന്ന പൂരാടനാളിൽ” ഇതൊരു മംഗളപദ്യത്തിലുള്ളതാണു്. മൂലവും പൂരാടവും ഇങ്ങനെ ഘടിപ്പിക്കാൻ മറ്റാർക്കു സാധിക്കും.

അതുപോലെതന്നെ പദങ്ങൾക്കു് ഇല്ലാത്ത അർത്ഥം ഉണ്ടാക്കിക്കൊടുക്കുന്നതിനും അദ്ദേഹത്തിനു കഴിയും. നോക്കുക–എട്ടുവീടരെ വർണ്ണിക്കുന്ന ദിക്കിൽ

ഹുങ്കാളുമപ്പുരുഷർ നല്ലവരെന്നുവച്ചു
മൻ കാക്കുവോനവരെയേറ്റവുമാദരിച്ചു.

‘മൻ’ തമിഴിൽ പോലും ഒരു അശൈച്ചൊല്ലാണു്. അതിനു് ‘മന്നു്’ എന്നർത്ഥമേയില്ല. ‘മൻ’ രാജാവു്. മന്നു് ഭൂമി. ഇങ്ങനെയാണു് തമിഴിലെ അർത്ഥം. മലയാളത്തിലും ‘മൻ’ എന്നു പ്രയോഗിച്ചു കണ്ടിട്ടില്ല. എന്നിട്ടും നമ്മുടെ കവിയ്ക്കു് ഒരു കൂസലുമില്ല.

‘ഋഷീണാം പുനരാദ്യാനാം
വാ ചമർത്ഥോഽനുധാവതി’

എന്നു് അദ്ദേഹത്തിനു് അറിയാം.

യദ്യദാചരതിശ്രേഷ്ഠ-
സ്തത്തദേവേതരോജനഃ

എന്ന പ്രമാണമനുസരിച്ചു് മറ്റുള്ളവർ അദ്ദേഹത്തിനെ പിന്തുടർന്നുകൊള്ളുകയും ചെയ്യും.

മഹാരാജാവിനു് ഒരു പുത്രി ജനിച്ചു.

പൂമാതു പാല്ക്കടലിനെന്നകണക്കമേയ
ഭൂമാവെഴുന്നൊരു കുമാരി നൃപന്നുദിച്ചു
ആ മാന്യതന്നുടലൊക്കളി മൂടിനിന്ന
കൗമാരമാം തിരയെ യൗവനബാഹു നീക്കി.

ഇതു കേട്ടു്, ജനിച്ച ഉടനേതന്നെ ആ കുമാരി യൗവനം പ്രാപിച്ചു എന്നു ധരിക്കത്തക്ക അരസികന്മാർ നമ്മുടെ നാട്ടിലില്ലല്ലോ. ബാല്യകൗമാരങ്ങളിൽ വർണ്ണിപ്പാനെന്തിരിക്കുന്നു? അതുകൊണ്ടു വിട്ടുകളഞ്ഞതാണു്. അതുപോലെതന്നെ,

വർഷർത്തുവൊത്ത നിലമെന്നതുപോലെ സാരോൽ-
ക്കർഷം വസന്തമരുളും മലർവാടിപോലെ
വർഷർത്തു നീങ്ങിവിലസും മുഴുതിങ്കൾപോലെ
ഹർഷത്തെനല്കി ജനതയ്ക്കവൾ യൗവനത്തിൽ.

എന്ന പദ്യത്തിൽ ‘വർഷർത്തു’വിനെ ആവർത്തിച്ചതു ഭംഗിയായില്ലെന്നു പറയുന്നവരുണ്ടെങ്കിൽ ഞാൻ ചോദിക്കും അവരോടു് (പുത്തൻകൂറ്റുഭാഷയിൽ തന്നെ ആകാം):

“ഹേ യോഗ്യ! തനിക്കാഗ്രഹം കൈരളീമഹിളയ്ക്കു മംഗല്യമറ്റുപോകണമെന്നു്; മഹാകവിക്കാഗ്രഹം അങ്ങനെ ഒരു ദുരവസ്ഥ അവൾക്കു വന്നുചേരരുതെന്നു്–ഇതിൽ ഏതാണു് അഭികാമ്യം? ഒരുത്തനെ കൊന്നും ഒരു കുടുംബത്തെ രക്ഷിക്കണം; ഒരു കുടുംബത്തെ നശിപ്പിച്ചും ഒരു കരയെ രക്ഷിക്കണം–എന്നൊക്കെയല്ലേ ധർമ്മശാസ്ത്രം വിധിച്ചിട്ടുള്ളതു്. അതുപോലെ ഒരു വാക്കു് ആവർത്തിച്ചാലും വേണ്ടില്ല. കവിതയുടെ തിരുമംഗല്യത്തെ രക്ഷിച്ചേ കഴിയൂ.”

ആ കുമാരിക്കു് കണ്ണു്, മൂക്കു്, ചുണ്ടു്–ഇത്യാദി എല്ലാം ശരിയായിട്ടു്–എന്നു വച്ചാൽ മഹാകാവ്യറഗുലേഷൻ അനുസരിച്ചുണ്ടായിരുന്നു. ഒന്നു രണ്ടു വിശേഷമുള്ളതു് മാത്രമേ ഇവിടെ ചേർക്കാൻ തരമുള്ളു.

‘അന്നിർമ്മലാംഗിയുടെ കണ്ണുകൾ, മുന്നിൽ മൂക്കു,
പിന്നിൽ ശ്രവസ്സു തടവിങ്ങനെ രണ്ടുപാടും
വന്നിങ്ങുമങ്ങുമുടലും, വിധി വേർപിരിച്ചി-
ട്ടൊന്നിച്ചിടാത്ത, കരിമീനിണപോലെ മിന്നി’

ഇതു് ഒരു വിശേഷമാണു്.

രണ്ടായിരം ജലധരങ്ങൾ തുടർച്ചയായ്ത്തൽ-
ത്തണ്ടാരുകണ്ടടിയിൽവന്നു ജലംതിരക്കി
തിണ്ടാടുമാറമലതൻകുഴൽ നീണ്ടിരുണ്ടു
കൊണ്ടാഭപൂണ്ടിടതിരണ്ടു ചുരുണ്ടുമിന്നി.

രണ്ടായിരം എന്നു വച്ചാൽ–ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിഒൻപതും ഒന്നും– ജലധരങ്ങൾ അവളുടെ കാൽത്തണ്ടാരു കണ്ടിട്ടു് അതിനു താഴെ ജലം ഉണ്ടായിരിക്കണം എന്നു തീർച്ചപ്പെടുത്തിയിട്ടു് ചുമടുണ്ടോ? ചുമടുണ്ടോ? എന്നു് തിരക്കിത്തിണ്ടാടുമാറു് അവളുടെ കേശങ്ങൾ നീണ്ടു്–ഇരുണ്ടു്–ആഭ പൂണ്ടു്–തിരണ്ടു് ചുരുണ്ടങ്ങനെ മിന്നി. ചാലക്കമ്പോളത്തിൽ ആരെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരാൾ ചെന്നാൽ ‘ചുമടുണ്ടോ ചുമടുണ്ടോ’ എന്നു ചോദിച്ചുകൊണ്ടു് അടുത്തുകൂടാറുള്ളതിനെ ഈ പദ്യം അനുസ്മരിപ്പിക്കുന്നു–തലമുടി നീണ്ടുചുരുണ്ടിരുന്നതു് കുടക്കാലുപോലെ ആണോ എന്നു് അരസികന്മാരേ ചോദിക്കൂ. പറ്റുവള്ളികൾ കണ്ടിട്ടുള്ളവർക്കു് ഈ സംശയത്തിനേ വഴിയില്ല–തലമുടിക്കു കുറേ നീളം കൂടുമെന്നു മാത്രം. സാധാരണ പെണ്ണുങ്ങളുടെ തലമുടിയിൽ നിന്നു് ഇവളുടെ കേശത്തിനുള്ള പ്രധാന വ്യത്യാസമിതായിരുന്നു. ഒരുപക്ഷെ തലമുടി നിലത്തു തൊട്ടതിനുശേഷവും പിന്നെയും വളർന്നപ്പോൾ, പടവലങ്ങയുടെ മട്ടിൽ ഒന്നു ചുരുണ്ടു എന്നും വരാം. ‘തിരക്കിത്തിണ്ടാടുമാറു്’ എന്നി ദിക്കിലെ ‘ആറിനു’ അതിന്റെ സാക്ഷാത്തായ എന്നു വച്ചാൽ അംഗീകൃതമായ അർത്ഥം സ്വീകരിച്ചാൽ ദുർഘടം നേരിടും എന്നുകൂടി വായനക്കാർ ഓർത്തുകൊള്ളണം.

രക്താധരോർദ്ധ്വമുഖരശ്മി പതിഞ്ഞഞാത്തിൻ-
മുക്താഫലത്തെ നവദാഡിമബീജമെന്നായ്
കൊത്താൻവരുന്ന ശുകിതന്നുടെ കൊക്കുപോലാ
നൽത്താമരാക്ഷിയുടെ നാസികയുല്ലസിച്ചു.
മന്നാകെ വെന്നു മഹിതദ്ധ്വജപംക്തി നാട്ടാൻ
സന്നാഹമാർന്നരുളിടും സ്മരസാൎവഭൗമൻ
അന്നാൾ വഹിപ്പൊരു മലർക്കുണതീർന്നിടാതാ
പൊന്നാവനാഴിയിവളെന്നു നിനയ്ക്കമാരും.

ഇത്യാദി പലേ ശ്ലോകങ്ങളിലും പൂർവ്വ കവിചുംബിതങ്ങളായ ആശയങ്ങളെ കാണുന്നവർക്കു് മതിവിഭ്രമമോ മറ്റോ പിടിപെട്ടിരിക്കണം. അവർ,

ആ മങ്കതൻ മൊഴിയൊടൊറ്റയിൽ മല്ലടിച്ചുൾ-
പ്പൂമങ്ങിവീണൊരു വിപഞ്ചിയെ മന്നിടത്തിൽ
നാമന്നുതൊട്ടു തടവെന്നിയെ വീണയെന്ന
നാമത്തിലിന്നുമറിയുന്നതിലെന്തു ചരിത്രം.

എന്ന ശ്ലോകം വായിച്ചുനോക്കട്ടെ.

ചുറ്റും ദ്വിജങ്ങളെയടുക്കിയ വക്ത്രമാണ്ടാൽ
പറ്റും ദ്വിജേശമുഖിയെന്നഭിധാനമാർക്കും
മുറ്റും ദ്വിജേശനവനുള്ള നിസർഗ്ഗമാനം
വിറ്റുണ്ടു വക്ത്രമജനേകിയവൾക്കുമാത്രം.

എന്ന ശ്ലോകത്തെ,

ഹൃതസാരമിവേന്ദുമണ്ഡലം
ദമയന്തീവദനായ വേധസാ
കൃതമദ്ധ്യ ബിലം വിലോക്യതേ
ധൃതഗംഭീര ഖനീഖനീലമ.

എന്ന നൈഷധീയശ്ലോകത്തോടു് സാദൃശ്യപ്പെടുത്തി നോക്കട്ടെ–അപ്പോൾ കാണാം അഭിനവ ഹർഷന്റെ മെച്ചം.

അദ്ദേഹത്തിന്റെ ഔചിത്യബോധവും രസികതയും പ്രസ്പഷ്ടമാകുന്നതു് മറ്റൊരു സംഗതിയിലാണു്. ശ്രീ ഹർഷൻ പാദങ്ങൾവരെയുള്ള എല്ലാ അവയവങ്ങളേയും വർണ്ണിക്കുമ്പോൾ, നമ്മുടെ കവിയാകട്ടെ തലമുടി, മുഖം, കുചങ്ങൾ, നാഭി, തുട മുതലായി രസികദൃഷ്ടി പതിയാറുള്ള ഭാഗങ്ങൾ മാത്രമേ കാണുന്നുള്ളു.

ആ യുവതിയുടെ ‘അൻപാകെ’ ‘തമ്പാനെ വിട്ടിതരനിൽ കുടിവച്ചതില്ല’ത്രേ.

വമ്പാർന്നിടുംനദി പയോധിയെവിട്ടു കൂപം-
തൻപാർശ്വമെത്തി നിലനിന്നറിവില്ലയല്ലോ

ഇതും നവമായ ഉല്ലേഖമല്ലെന്നു പറയുന്നവർ പരമേശ്വരയ്യരുടെ ചരിത്രകാരന്മാരെ–അല്ല കവിയത്തന്നെയും–അവിശ്വസിക്കയാണു ചെയ്യുന്നതു്.

തമ്പാന്റെ പേരിൽ ഈ വിധം തന്റെ മകൾക്കുണ്ടായ അഭിനിവേശത്തെ രാജാവു് അഭിനന്ദിക്കാതിരുന്നുമില്ല. എന്നാൽ എട്ടുവീടർ ‘വെൺപട്ടിൽ മൂടിയൊരു പാഴ്ക്കിണറെന്നപോലെ വൻപിട്ടിലല്പഹസിതത്തെ വെളിക്കു കാട്ടി’ക്കൊണ്ടു് രാജസന്നിധിയെ പ്രാപിച്ചു് തമ്പാനെ ഒട്ടുവളരെ ദുഷിക്കയും അവിടുത്തെ ഹൃദയത്തിൽ ദുശ്ശങ്കാബീജം വിതയ്ക്കയും ചെയ്തു. തൽഫലമായി അവിടുത്തെ ഹൃദയത്തിൽ ‘കമ്പിത്തപാലിൽ മൊഴിപോവതിൽ നൂറിരട്ടി’വേഗത്തിൽ പലേമാതിരി ചിന്തകൾ എഴുന്നു. ‘കമ്പിത്തപാലിൽ മൊഴിപോവതു്’ ഹാ എത്ര മനോജ്ഞമായ ഉല്ലേഖം. ഇതാണു് ഒന്നാംസർഗ്ഗത്തിന്റെ ചുരുക്കം.

രണ്ടാം സർഗ്ഗത്തിൽ “ജനത്തെ നിർമ്മിച്ച നിലയ്ക്കു നിർത്തു”ന്ന നിദാഘയുടെ വരവും, രാജമന്ദിരത്തിന്റെ തീവയ്പും, മന്ത്രിയുടെ പതനവും വർണ്ണിക്കപ്പെട്ടിരിക്കുന്നു. നിദാഘയുടെ കാഠിന്യത്താൽ ജനങ്ങൾ സൂര്യനെ അധിക്ഷേപിച്ചുതുടങ്ങി. അവർ,

മിഴിച്ചുനോക്കിത്തരുണീകുചങ്ങളിൽ-
ക്കഴിച്ചുകണ്ടീലൊരു ശൈത്യമെങ്ങുമേ.

ഈ മിഴിച്ചുനോക്കലിന്റെ ഫലമായിട്ടായിരിക്കണം പെണ്ണുങ്ങൾ റൗക്കയും, പിന്നീടു് ജായ്ക്കറ്റും, ഒടുവിൽ ഇവയ്ക്കെല്ലാംപുറമേ ഒരു ജമ്പറും ധരിച്ചുതുടങ്ങിയതു്. ഇനി നിദാഘകാലത്തു് എന്തു ചെയ്യുമെന്നു് ഒന്നു കാണട്ടെ.

പരം ഗവാക്ഷാദിസമീപമെത്തിയാ
നരവ്രജം ലങ്കയിൽ വാനരങ്ങൾപോൽ
നിരന്തരം മാരുതപോതമാശ്രയി-
ച്ചൊരല്പമാശ്വാസമിയന്നിരുന്നുതേ.

ഈ ശ്ലിഷ്ടോപമയുടെ സ്വാരസ്യം എത്ര അനപലപനീയം! ജലക്രീഡാവർണ്ണനയാണു് പൊടിപൂരമായിരിക്കുന്നതു്. ആമാതിരി ക്രീഡകൾ കേരളത്തിൽ മുമ്പു നടപ്പുണ്ടായിരുന്നില്ലെന്നു പറയുന്നവർ ചരിത്രരേഖകൾ സൂക്ഷ്മമായി പരിശോധിച്ചുകാണുകയില്ല. സംസ്കൃതകൃതികളിൽ ഇത്തരം വർണ്ണനകൾ ധാരാളം കാണ്മാനുള്ളതുകൊണ്ടും, സിറിയായിലോ മറ്റേതോ ദിക്കിലോ ഈ മാതിരി ജലക്രീഡ ഇപ്പോഴും കാണാറുള്ളതുകൊണ്ടും, അതു് ഇവിടെയും നടപ്പിലിരുന്നു എന്നു വേണം വിശ്വസിക്കാൻ.

ഒരുത്തി കാന്താനനശങ്കയാൽ പ്രിയം-
പെരുത്തു ചുംബിച്ചൊരു താമരയ്ക്കകം
ഇരുന്ന വണ്ടത്തരളാക്ഷിതൻമുഖ-
ത്തൊരുമ്മവച്ചാനരവിന്ദബുദ്ധിയാൽ (സ്വന്തമാണേ)
വരോരുവാമന്യജലത്തിലാണ്ട തൻ-
ശിരോരുഹം കണ്ടസിതാഹി ശങ്കയാൽ
സരോവരത്തിൻസഖികൾക്കു മുന്നിലും
വിരോധമില്ലാതെ പുണർന്നു കാന്തനെ

അതിനെത്തുടർന്നു് അഗ്നിബാധാവർണ്ണനമാണു്.

അപാരഹേത്യാനനമോടുമസ്സലാ-
മപാണ്ഡൂധൂമോല്ക്കരകുന്തളത്തൊടും
നൃപാലസൗധത്തിലണഞ്ഞു വഹ്നി നി-
സ്ത്രപാലവം കൂത്തുകളാടി ദാസിപോൽ.

ആ അസ്സൽപ്രയോഗം എത്ര അസ്സലായിരിക്കുന്നു എന്നു നോക്കുക.

വയറ്റിനുണ്ടായൊരു തൃപ്തിയെസ്വയം
വയസ്യനാം വാസവനോടുരയ്ക്കുവാൻ
അയത്നമോർത്താ ദഹനൻ കൃതാർത്ഥനായ്
വിയൽപഥത്തോളമുയർന്നു തൽക്ഷണം.

ഈ മാതിരി അപൂർവകവിചുംബിതമായ ഉല്ലേഖങ്ങളാണു് ഉമാകേരളത്തെ മഹാകാവ്യങ്ങളുടെ കൂട്ടത്തിൽ അദ്വിതീയമാക്കിത്തീർത്തതു്. ഓഹോ! വായനക്കാരിൽ ചിലർ പറയുമായിരിക്കാം ഇതേ ആശയം തന്നെ അവർ വേറെയും കണ്ടിട്ടുണ്ടെന്ന്. ഒരുപക്ഷേ, ലങ്കാദഹനാവസരത്തിൽ നിശിചരാലയം വെന്ത വൃത്താന്തം അറിവിക്കാനായി പാവകൻ അംബരാന്തത്തോളം ഉയർന്ന കഥയും ഉദ്ധരിച്ചേക്കാം. എന്നാലും ഇതു് പൂർവകവി ചുംബിതമാണെന്നു പറയാൻ ഞാൻ തയ്യാറില്ല. അങ്ങിനെ പറയുന്നവരേയാണു് നിരൂപകമ്മന്യന്മാരെന്നും മറ്റും ജീവചരിത്രകാരന്മാർ പരിഹസിക്കുന്നതു്. അവർക്കു് അങ്ങിനെതന്നെ സമ്മാനം കിട്ടണം.

പെരുത്തകാലത്തിൽ മയൂരസമ്മദം
വരുത്തുവാനോ ധരണീഗൃഹോപരി
ഉരത്ത മേഘദ്യുതി പൂണ്ടു ധൂമമാം
കറുത്ത മേക്കട്ടി കൃശാനുകെട്ടിനാൻ.

“പെരുത്ത” എന്ന പദത്തിന്റെ അർത്ഥത്തേപ്പറ്റി സംശയം ജനിച്ചാലും, ഉല്ലേഖം ഭംഗിയായിട്ടുണ്ടെന്നു് ആരും സമ്മതിക്കാതിരിക്കയില്ല. തീ വെച്ച ചെമ്പഴന്തിപ്പിള്ളയുടെ കരത്തിൽ നിന്നു് ഊരിയെടുത്ത പന്തവും, തദംഗത്തിലണച്ച വാളും, തമ്പാൻ രാജസമക്ഷം ഹാജരാക്കി. രാജാവു വിശ്വസിക്കാതെ ചെമ്പഴന്തിയുടെ ശരീരം പരിശോധിച്ചുനോക്കി. അയാളുടെ പൊന്നരഞ്ഞാണിന്റെ അടിയിൽ ഒരു ലേഖനം കണ്ടു്, അതിനെ ഇങ്ങനെ വായിച്ചു.

“ഇതാണു തമ്പാൻ തിരുമേനിതൻഗൃഹം
ഹുതാശനേകം നിശ; നിങ്ങൾമൂലമായ്
ധൃതാദരം പന്തമെടുത്ത പാപിപോയ്
കൃതാന്തഗേഹത്തിനിരുട്ടകറ്റണം.”

മഹാരാജാവു് ചരിത്രഗവേഷകനല്ലാതിരുന്നതിനാൽ അതിനെ വിശ്വസിച്ചു് തമ്പാനെ ബന്ധനസ്ഥനാക്കുവാൻ ആജ്ഞയും നല്കി. അങ്ങനെ ആ രാജഭക്തൻ ഇരുട്ടറയ്ക്കുള്ളിലായി.

ജനിച്ചവന്മാലൊടിരുട്ടറയ്ക്കകം
തനിച്ചുമേവും സചിവാഗ്ര്യനേകനേ
അനിച്ഛയാൽ തീണ്ടിയതില്ല ഭാസ്കരൻ
സനിശ്ചയം പഞ്ചമനെ ദ്വിജാതിപോൽ.

എന്നിട്ടും തീണ്ടൽ പഞ്ചമന്മാർക്കാണുപോലും. ദ്വിജന്മാർക്കാണു് വാസ്തവത്തിൽ തീണ്ടലുള്ളതെന്നു കവി എത്രയോ കാലത്തിനു മുമ്പേ പറഞ്ഞിരിക്കുന്നു. പിന്നീടു് എട്ടുവീടരുടെ ഉപദേശമനുസരിച്ചു് രാജാവു മന്ത്രിയെ നാടുകടത്തി. ഈ സംഭവം നടന്നപ്പോൾ പൗരന്മാർ ക്ഷോഭിച്ചു. എങ്കിലും,

തെരുതെരെ ലഹളയ്ക്കൊരുങ്ങുവാൻ രു-
ട്ടരുളുകിലും ദൃഢയായ രാജഭക്തി
അരുതരുതു പിശകെന്നുരയ്ക്കമൂലം
വരുമൊരു മാലൊടു പിന്തിരിഞ്ഞു പൗരർ.

ഇവിടെ രണ്ടാംസർഗ്ഗം അവസാനിച്ചു.

ഈ സംഭവം അറിയുംമുമ്പുതന്നെ രാജസുതയ്ക്കു് വലതുകണ്ണു തുടിച്ചു. അവൾക്കു്,

“വൃത്തം കടുപ്പം, മിഴികൾക്കു കാഴ്ച
ഹൃത്തട്ടിമുത്തെന്നവിധം കുറഞ്ഞു.”

ഈ വൃത്തപ്രയോഗം അതിചതുരമായിട്ടില്ലേ? വൃത്താന്തം അവൾ കേട്ടു കഴിഞ്ഞിട്ടില്ല. ദുർശ്ശകുനങ്ങൾ കണ്ടുതുടങ്ങിയതേയുള്ളു എന്നുകൂടി നാം ഓർക്കണം. അനന്തരം രാജാവു് അവളെ ആളയച്ചു വിവരം ധരിപ്പിക്കയും “പോകട്ടെ പുല്ലപ്പുരുഷൻ നിനക്കു്” എന്നുപദേശിക്കയും “ഇച്ഛയ്ക്കു കൊല്ലും കൊലയും നടത്താമച്ഛന്നവൻ മന്നവനോർമ്മ വേണം” എന്നു പേപ്പിടികാട്ടുകയും ഒക്കെ ചെയ്തു. അതു കേട്ടപ്പോൾ,

സ്ത്രീവർഗ്ഗമുത്തും പിളർമിന്നലേറ്റ
പൂവല്ലിപോൽ വാടി നിലത്തുവീണു.

ക്രമേണ ബോധം വീണപ്പോൾ, തമ്പാൻ യാത്ര ചോദിപ്പാനായി അവിടെ ചെന്നുചേർന്നു.

ധീരത്വമേറീടിന മന്ത്രി വന്ന
നേരത്തു ലജ്ജാഖ്യയെയേകയാക്കി
ദൂരത്തു പിൻമാറി നതാംഗിയാൾതൻ-
ചാരത്തെഴും മറ്റു സഖീകദംബം.

ഈ സഖിമാർ,

സങ്കല്പസംഗമാനുഭവസ്യ തസ്യ-
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീ സകാശാൽ.

എന്ന ശ്ലോകത്തിൽ കീർത്തിതയായിരിക്കുന്ന നിപുണയായ സഖിയെക്കാൾ ഭാഷാനൈഷധചമ്പുവിലെ നിപുണമാരല്ലെന്നു സംശയമുള്ളവർ ഹരിശർമ്മ പ്രഭൃതികളോടോ കവിയോടോ എഴുതിച്ചോദിച്ചുകൊള്ളുക. പൂർവ കവിചുംബിതങ്ങളായ ആശയങ്ങൾ മഷിയിട്ടു നോക്കിയാൽപോലും ഉമാകേരളത്തിൽ കാണുകയില്ലെന്നാണു് എന്റെ വിശ്വാസം.

നായകൻ ഒട്ടു വളരെ കരഞ്ഞശേഷം, “പോകട്ടെ സർവ സ്വമുണക്കുപുല്ലു്” എന്നു പറഞ്ഞുകൊണ്ടു് യാത്ര ചോദിച്ചു. നായിക പറയുന്നു:

“ധീയെന്നുമാർന്നോരവിടുന്നു ശൂദ്ര-
സ്ത്രീയെന്നു ചിന്തിക്കരുതന്യനുള്ള
ഹ്രീയെന്നിയേ നല്കിലുടൻ നശിപ്പാ-
നീയെന്നെ ഞാൻതന്നെ ശപിച്ചിടുന്നു”.

ഈ കവിതയെഴുതിയ കാലഘട്ടത്തെ യുവജനങ്ങൾക്കു നല്ലപോലെ അറിഞ്ഞുകൂടാ. നായന്മാർ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഘടിച്ചു തുടങ്ങിയിരുന്നു. ‘ശൂദ്ര’ശബ്ദത്തെ അവർ യുക്തികൊണ്ടും പ്രമാണം കൊണ്ടും നിഷേധിച്ചു. ‘നായർ’ എന്ന മാസികയുടെ പഴേ ലക്കങ്ങൾ നോക്കുക. മൂലംതിരുനാൾ മഹാരാജാ തിരുമനസ്സിലെ ഭരണദശാരംഭത്തിൽ തുടങ്ങിയ ‘ബ്രാഹ്മണമേധാവിത്വ’ നിരാകരണ പ്രക്ഷോഭണത്തിനു തെല്ലു ശമനമുണ്ടായെങ്കിലും തിരുവനന്തപുരത്തു് ‘നായന്മാരും തമിഴ് ബ്രാഹ്മണരും’ തമ്മിൽ ഉണ്ടായിരുന്ന സ്വൈരക്കേടു പലേ അനാശാസ്യസംഭവങ്ങൾക്കും ഇടവരുത്തി. ചില തീവെയ്പുകളും, കീൽപുരട്ടലുകളുമൊക്കെ നടന്നു. ഇരുകൂട്ടരുടേയും പക്ഷംപിടിച്ചു ജാതീയപത്രങ്ങളും സമരം നടത്തിക്കൊണ്ടിരുന്നു. ആ പശ്ചാത്തലത്തിൽവച്ചു വായിച്ചു നോക്കിയാലേ ഈ ശ്ലോകത്തിന്റെ ആശയം മുഴുവനും മനസ്സിലാകൂ.

“ചേലാളുവോരെൻപുകൾ വെള്ളമേട-
മേലാകവേ താർമഷി കോരിവീഴ്ത്തി”

എന്നതിന്റെ അർത്ഥവും അപ്പോൾ മനസ്സിലാകും.

പൗരവിലാപവും വർഷത്തുവർണ്ണനയുമാണു് ഈ സർഗ്ഗത്തിലെ ശേഷിച്ച അംശം.

വേകുന്നൊരുള്ളാർന്ന ശിവത്തൊടസ്സ-
ലാകുന്ന വഞ്ചിക്ഷിതിവിട്ടു ദൂരെ
പോകുന്ന മന്ത്രിക്കഴലോടു പൗര-
രേകുന്നൊരാശിസ്സുകൾ കൂടെയെത്തി

“അസ്സലാകുന്ന വഞ്ചിക്ഷിതി” ഈ മാതിരി പ്രയോഗങ്ങളെപ്പറ്റി ഒരു നിരൂപകൻ പറയുന്നു:- “അസംഭൂതാർത്ഥവിശേഷണങ്ങളും അവ്യാവർത്തക വിശേഷണങ്ങളും പ്രയോക്താവിന്റെ ശബ്ദപരിചയത്തെ അല്ലാതെ മനോധർമ്മ വൈശിഷ്ട്യത്തെ പ്രകാശിപ്പിക്കുന്നില്ല.” ആ നിരൂപകൻ മരിച്ചുപോയിരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ മറുപടി കൊടുക്കുമായിരുന്നു. “ഹേ! മഠയ! നിങ്ങൾ എന്തറിഞ്ഞു? അന്നു് വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു ജീവിച്ചിരുന്നു. ദ്വിപ്രാസം, കണക്കിനു പറ്റിച്ചില്ലെങ്കിൽ കവിക്കു് എന്തു പറ്റുമായിരുന്നെന്നു തനിക്കറിയാമോ? അർത്ഥഹാനിയെ പേടിച്ചു അന്നത്തെ മലയാളികളിലാരെങ്കിലും തങ്ങളുടെ ബാലികമാർക്കു തിരുമംഗല്യം ചാർത്താതിരുന്നിട്ടുണ്ടോ? പോരെങ്കിൽ പ്രതിദ്വന്ദ്വിയായ കേ. സി–യ്ക്കു ദ്വിപ്രാസമൊപ്പിച്ചു കവിതയെഴുതാൻ ശക്തിയില്ലെന്നു വരുത്തുകയും വേണ്ടേ? വലിയ കോയിത്തമ്പുരാന്റെ കാലഗതിയ്ക്കു ശേഷമുള്ള കവിതകൾ നോക്കുക. രത്നമാലയിൽ സംസ്കൃതവൃത്തത്തിൽ അഞ്ചും, ദീപാവലിയിൽ ഇരുപത്തിഅഞ്ചും, അമൃതധാരയിൽ ഒന്നും, കല്പശാഖയിൽ മൂന്നും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. അവയിലൊന്നിലെങ്കിലും കേരളവർമ്മപ്രാസം ദീക്ഷിച്ചിട്ടുണ്ടോ? ഓ! ആ കൃതികൾ വായിക്കുംമുമ്പേ നിങ്ങൾ ഇഹലോകവാസം വെടിഞ്ഞു–അതാണു് നിങ്ങൾക്കു് ഈ അബദ്ധം പറ്റിയതു്. ഇന്നിപ്പോൾ രാജരാജവർമ്മക്കക്ഷി പറയുമായിരിക്കാം അവരാണു് ഒടുവിൽ ജയിച്ചതെന്ന്–പറഞ്ഞുകൊള്ളട്ടെ. അങ്ങനെ അല്ല സംഭവിച്ചതെന്നു് എഴുതിപ്പിടിക്കാൻ ചരിത്രകാരന്മാരുണ്ടല്ലോ. എന്നാൽ ആ ജീവചരിത്രത്തിലും ഒരു അബദ്ധം പിണഞ്ഞുപോയി.

“തനിക്കു പ്രിയതരമായ ദ്വിതീയാക്ഷരപ്രാസത്തെ ഒരാൾ എതിർത്തതു് അസഹ്യമായിത്തോന്നിയതിനാൽ ആ എതിർപ്പിനെ വളരെപ്പേരുടെ പ്രതിനിധിയായി അദ്ദേഹം ശക്തിയോടുകൂടി പ്രതിഷേധിച്ചുവെന്നേയുള്ളു.” പരമേശ്വരയ്യരുടെ പ്രിയവും അപ്രിയവും ഒക്കെ കാലാനുരൂപമായി മാറി മാറിക്കൊണ്ടിരിക്കുമെന്നാണോ ഇവർ പറയുന്നതു്. അത്രയ്ക്കു പ്രിയതരമായിരുന്നെങ്കിൽ മുകളിൽ പ്രസ്താവിച്ച ഒറ്റ കൃതിയിലെങ്കിലും അതു പ്രയോഗിക്കുമായിരുന്നു.

“അതു തന്നെയും അദ്ദേഹം ചെയ്തിരുന്നില്ല” എന്നു പറഞ്ഞിരിക്കുന്നതാണു് അത്ഭുതമായിരിക്കുന്നതു്. ഒരുപക്ഷേ “ചെയ്യുമായിരുന്നില്ല” എന്നായിരിക്കാം വിവക്ഷിതം. ചരിത്രകാരന്മാർ തുടരുന്നു:

“തന്റെ സർവ്വാഭ്യുദയങ്ങൾക്കും കാരണഭൂതനും താൻ ദൈവത്തെപ്പോലെ ആരാധിച്ചുവരുന്ന ആളുമായ കേരളകാളിദാസനെ ദ്വിതീയാക്ഷരപ്രാസത്തിന്റെ പേരും പറഞ്ഞു് വ്യംഗ്യമായിട്ടെങ്കിലും മറ്റുള്ളവർ–അവർ ആരുതന്നെയാകട്ടെ—ആക്ഷേപിക്കുന്നതു്—അസ്വസ്ഥനാക്കുന്നതു്—കണ്ടുകൊണ്ടിരിക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നുള്ളതാണു് ആ വാദത്തിൽ ഭാഗഭാക്കാകാനുള്ള മുഖ്യ കാരണം.” ആദ്യം പറഞ്ഞിരിക്കുന്ന വാക്കുകൾക്കും ഈ വാക്യത്തിനും തമ്മിലുള്ള പൊരുത്തമില്ലായ്മയും ഇതിൽ പരിസ്ഫുരിക്കുന്ന വികാരതൈക്ഷ്ണ്യവും കാണുമ്പോൾ, പരമേശ്വരയ്യർതന്നെയാണു് ഇവിടെ സംസാരിച്ചിരിക്കുന്നതു് എന്നു തോന്നിപ്പോകാതിരിക്കയില്ല. അതിനാൽ ആ വാക്യത്തിനെ ഒന്നു സൂക്ഷ്മമായി പരിശോധിക്കതന്നെ വേണം. ഒന്നാമതായി ഏ. ആർ. കോയിത്തമ്പുരാന്നു് തന്റെ മാതൃസഹോദരനോടു്—തന്നെ ഒരു പണ്ഡിതപ്രകാണ്ഡമാക്കി, അല്ല ജ്ഞാനവിജ്ഞാനഭണ്ഡാഗാരമാക്കിത്തീർത്ത ആ മഹാപുരുഷനോടു്—പരമേശ്വരയ്യർക്കുണ്ടായിരുന്നിടത്തോളം സ്നേഹാദരങ്ങൾ ഇല്ലെന്നു് ആരെങ്കിലും പറയുന്നതു് നാലുപേരുകേട്ടാൽ നിരക്കുന്ന കാര്യമാണോ? അതിനു് ഒരു തെളിവും ആവശ്യമില്ല. വേണമെങ്കിൽ താമസിയാതെ പ്രസിദ്ധീകൃതമാവാൻ പോകുന്ന “ഏ. ആർ. തിരുമേനിയുടെ ജീവചരിത്രം” വായിച്ചു നോക്കിക്കൊള്ളുക. ഇടയ്ക്കു് ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടേ. ആ മഹാത്മാവിന്റെ ശതാബ്ദപൂർത്തി ആഘോഷിപ്പാൻ ഈ ആരാധകനു് സാധിക്കാതെ വന്നതെന്തു്? തന്റെ സാക്ഷാദ് ഗുരുവിന്റെ ശതാബ്ദാഘോഷം അദ്ദേഹം കൊണ്ടാടിയല്ലോ അതു പോകട്ടെ. വലിയകോയിത്തമ്പുരാന്റെ സ്വസ്ഥതയ്ക്കു വേണ്ടിയാണു് അദ്ദേഹം ആയുധം ധരിച്ചതെങ്കിൽ, തത്വത്തിനു വേണ്ടിയല്ലെന്നു് സിദ്ധിക്കുന്നില്ലേ? മുൻപു് ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ, അദ്ദേഹം പില്ക്കാലത്തു് ദ്വിപ്രാസനിർബന്ധം കൈവെടിഞ്ഞതു് ആ വിചാരത്തിനു് ഉപോദ്ബലകമായിരിക്കുന്നുമില്ലേ? അങ്ങനെ ഒരു ചാപല്യം മി. പരമേശ്വരയ്യർക്കുണ്ടെന്നു് അദ്ദേഹത്തിനെ അറിഞ്ഞിട്ടുള്ളവരാരും വിശ്വസിക്കയില്ല. വാസ്തവത്തിൽ അദ്ദേഹത്തിന്റെ രാഗദ്വേഷാദിദ്വന്ദ്വഭാവങ്ങളെ സംബന്ധിച്ചിടത്തോളം “നല്ല ഗിരീശൻ” തന്നെയാണു് ഒരു ഇളക്കവുമില്ല. തന്റെ കവിതാരീതി മറ്റുള്ളവർക്കു രസിക്കുന്നില്ലെന്നു കണ്ടപ്പോൾ അദ്ദേഹം രീതിയൊന്നു മാറ്റി; ദ്രാവിഡവൃത്തങ്ങളാണു് മലയാളികൾക്കു് രുചിക്കുന്നതെന്നു വന്നപ്പോൾ അവയെ സ്വീകരിച്ചു. ദേശാഭിമാനം പുലർത്തുന്ന ഗാനം യുവജനങ്ങൾക്കു കൂടുതൽ രസിക്കുന്നുവെന്നു ബോധം വന്ന ഉടനെ അവ എഴുതാൻ തുടങ്ങി. സാഹിത്യം പുരോഗമനോന്മുഖമാണെന്നു് പറവൂർ വച്ചു നടന്ന സാഹിത്യപരിഷത്തിലെ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയപ്പോൾ, അദ്ദേഹവും പുരോഗമനപ്രസ്ഥാനത്തിൽ കവിത എഴുതാൻ ശ്രമിച്ചു. പക്ഷേ ഇതിലൊക്കെ അദ്ദേഹത്തിന്റെ ഹൃദയം അല്ല, ബുദ്ധിയാണു് പ്രവർത്തിച്ചിട്ടുള്ളതെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്. നമ്മുടെ യുവജനങ്ങൾ മഠയന്മാരാണെന്നും, ഇതൊന്നും ഗ്രഹിക്കാൻ അവർക്കു് കെല്പില്ലെന്നും അദ്ദേഹം ഭ്രമിച്ചുവശായിരിക്കുന്നു. ഇടപ്പള്ളി രാഘവൻപിള്ളയുടെ കൃതികൾ എല്ലാം ശേഖരിച്ചു് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ രാഘവൻപിള്ള തന്റെ സ്നേഹിതനായ പ്രസാധകനു് അയച്ച ഒരു കത്തിന്റെ ബ്ളാക്കുകൂടി ചേർത്തിട്ടുണ്ടു്. അതിൽ നിന്നു് ഒന്നുരണ്ടു വാക്കുകൾ ഇവിടെ ഉദ്ധരിക്കാം.

“ആയിടയ്ക്കു് ഉള്ളൂരിനെ പബ്ലിക്ക് ലൈബ്രറിയിൽവച്ചു് യാദൃശ്ചികമായി കണ്ടുമുട്ടി. എന്റെ വരവിന്റെ ഉദ്ദേശമെല്ലാം സ്വാമി ചോദിച്ചറിയുകയും കവിതകൾ കാണണമെന്നു് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ചു് കവിതകൾ ഞാൻ അവിടെ കൊണ്ടുചെന്നു കൊടുത്തു. ‘വേണ്ട സഹായങ്ങൾ എല്ലാം ചെയ്തുതരാം’ എന്നുണ്ടായ സ്വാമിയുടെ വാക്കു് ഒരു മുഖവുരയിലാണു് കലാശിച്ചതു്. ……ആരെയും മുഷിപ്പിക്കേണ്ടാ എന്നു വിചാരിച്ചു് മുഖവുര വേണ്ടാ എന്നു ഞാൻ പറഞ്ഞില്ല. മുഖവുര ersona ആയിട്ടാണു് നമ്മെ രണ്ടുപേരേയും കുറിച്ചു് അതിൽ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ടു്. ” എന്താണു് ഈ കത്തിൽ നിന്നും വ്യക്തമാകുന്നതു്? ആ ചെറുപ്പക്കാരനും ബുദ്ധിയുണ്ടായിരുന്നു എന്നല്ലേ?–ഇനി മുഖവുര നോക്കുക:

“ഈ കഴിഞ്ഞ ഏതാനും കൊല്ലങ്ങളിൽ ഈ രാഘവൻപിള്ളയും ഇടപ്പള്ളിതന്നെ സ്വദേശമായ മറ്റൊരു യുവകവി ചങ്ങൻപുഴ കൃഷ്ണൻപിള്ളയും അവരുടെ ലഘുകവിതകൾകൊണ്ടു് യഥാശക്തി പ്രസാധനം ചെയ്യാത്ത പത്രങ്ങളോ മാസികാപുസ്തകങ്ങളോ കേരളത്തിൽ എിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണു്. ഒരേ ഞെട്ടിൽ വികസിക്കാൻ തുടങ്ങുന്ന രണ്ടു വാസനാസമ്പന്നങ്ങളായ കോമളകുസുമങ്ങളായാണു് ഇവർ ആദ്യമായി എന്റെ ദൃഷ്ടിക്കു വിഷയീഭവിച്ചതു്. രണ്ടുപേരുടെ പ്രതിഭയ്ക്കും അഭ്യാസത്തിനും ഉള്ള അസാമാന്യമായ സാദൃശ്യം എന്നെ ആശ്ചര്യപരതന്ത്രനാക്കി. പ്രായത്തിൽ കവിഞ്ഞ പരിപാകം അവരുടെ കൃതികളിൽ പ്രായേണ സുലഭമായിരുന്നു. ശബ്ദത്തിനുള്ള മാധുര്യവും അർത്ഥത്തിനുള്ള ചമല്ക്കാരവും അവയിൽ അക്ലിഷ്ടരീതിയിൽ പരിലസിച്ചിരുന്നു. ചുരുക്കത്തിൽ അവർ രണ്ടുപേരും എന്റെ പ്രത്യേക വാത്സല്യത്തിനു പാത്രീഭവിച്ചു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലൊ.” മുഖവുരയുടെ അവസാനത്തിൽ ഈ കവിയ്ക്കു വ്യുല്പത്തി ഇല്ലെന്നുള്ള ഒരു സൂചനയും കൊടുത്തിട്ടുണ്ടു്.

ഈ മുഖവുരയെ സംബന്ധിച്ചിടത്തോളം പ്രസ്തുത യുവാക്കന്മാരുടെ മനോഭാവം അവരുടെ കൃതികളിൽ നിന്നു് വ്യക്തമാണു്. വ്യുല്പത്തിയേ സംബന്ധിച്ചു് രാഘവൻപിള്ള എന്താണു് പറഞ്ഞിരിക്കുന്നതെന്നു നോക്കുക:

പുസ്തകകീടങ്ങളായിട്ടനാരതം
മസ്തകം താഴ്ത്തി നാം മൗനം ഭജിക്കുകിൽ
സാരഗർഭങ്ങളാമോരോ നിമിഷവും
കൂരിരുൾക്കുള്ളിലടിഞ്ഞുപോം നിഷ്ഫലം
പണ്ടു പഠിച്ചുള്ള പാഠമുരുവിട്ടു
തൊണ്ട വരട്ടുന്ന പണ്ഡിതമമന്യരാൽ
ശിക്ഷണം ചെയ്യും കലാലയാലംബർ നാം
ലക്ഷണംകെട്ടവരായിച്ചമഞ്ഞുപോയ്
വാനവനാകാൻ കൊതിക്കുന്ന മർത്യനെ
വാനരനാക്കും കലാലയാദ്ധ്യയനം

എന്നു തുടങ്ങീട്ടു് ഈ കവികോകിലം പാടിയിരിക്കുന്നു:

മർത്ത്യനറിയേണ്ട പാഠങ്ങളെത്രയോ
വ്യർത്ഥമായ് മാഞ്ഞു മറയുന്നു നിത്യവും
താവുന്ന സംസാരസന്താപമേഘങ്ങൾ
താഴ്‌വാരമെത്രമേൽ മൂടിനിന്നീടിലും
പ്രത്യഗ്രഭാഗത്തിലെപ്പൊഴും മിന്നുന്ന
നിത്യപ്രകാശനിമഗ്നശിരസ്കരായ്
ചിന്താനിരതരചലേന്ദ്രരാം മുനി-
വൃന്ദങ്ങളോതുന്ന ദിവ്യതത്വങ്ങളെ
പാട്ടിൽഗ്രഹിച്ചു പതഞ്ഞൊഴുകീടുന്ന
കാട്ടാറുതന്നുടെ കമ്രഗാനങ്ങളും
ജീവിതപത്രങ്ങൾ മേൽക്കുമേൽ വീഴ്കിലും
ഭാവികരങ്ങളാലെത്ര മാച്ചീടിലും
ഭൂയോപി ഭൂയോപി കായത്തിനോടൊത്തു
സായൂജ്യമാളുന്ന തൻനിഴല്പാട്ടിനെ
ശ്രദ്ധിച്ചു നോക്കിപ്പഠിച്ചരഹസ്യങ്ങ-
ളുദ്ധരിച്ചിദ്ധരതന്നിൽ പരത്തുവാൻ
പാടുപെട്ടീടും പരാർത്ഥശരീരരാം
പാദുപപാളിതന്നാന്ദോളനങ്ങളും
വ്യാകരണത്തിന്നിരുമ്പഴിക്കൂടുവി-
ട്ടാകാശമെങ്ങും ചരിക്കുംകിളികൾതൻ
സ്വാതന്ത്ര്യം സംശുദ്ധഗാനമകരന്ദ-
പൂതകല്ലോലിനീ തന്റെ വിശുദ്ധിയും.

മറ്റും മറ്റും

കണ്ടു പഠിക്കുവിൻ–കേട്ടുപഠിക്കുവിൻ
കണ്ഠംതുറന്നുകൊണ്ടുച്ചരിച്ചീടുവിൻ.

വാസ്തവത്തിൽ ഇങ്ങനെ ചിലരുടെ വാത്സല്യഭാരം താങ്ങാൻ കഴിയാഞ്ഞിട്ടാണു് യൗവനാരംഭത്തിലേ തന്നെ മഹാകവിപ്പട്ടത്തിനു് അർഹനായിത്തീർന്ന ആ ‘വാസനാസമ്പന്നൻ’ ഇഹലോകവാസം വെടിഞ്ഞതു്.

സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ
മിഴി തുറന്നൊക്കെ നോക്കവേ കാരിരു-
മ്പഴികൾ തട്ടിത്തഴമ്പിച്ചതാണു ഞാൻ.

പ്രസക്താനുപ്രസക്തമായി ഇത്രയും പറഞ്ഞുപോയി. ക്ഷമിക്കണം.

ദ്വിപ്രാസം കൈരളീമഹിളക്കു മംഗല്യമാണെന്നു കേരളകാളിദാസൻ; പ്രാസം മുട്ടിയാലും വേണ്ടില്ല അർത്ഥത്തെ ഹനിക്കരുതെന്നു് കേരളപാണിനി. രണ്ടുപേരും ഒരേകുടുംബത്തിലെ അംഗങ്ങൾ. വിശേഷിച്ചു് ഗുരുശിഷ്യന്മാർ. ഈ അവസ്ഥയിൽ മദ്ധ്യസ്ഥന്റെ ചുമതല ഏതഭിപ്രായമാണു ശരി എന്നു കണ്ടുപിടിക്കാനായിരിക്കണം. അതു പോകട്ടെ. കേരളപാണിനിയുടെ അഭിപ്രായഗതികൊണ്ടു് കേരളവർമ്മ വലിയകോയിത്തമ്പുരാനു് അസ്വാസ്ഥ്യത്തിനു് എന്തു ഹേതു? അദ്ദേഹത്തിനു് എതിരായി ആരും ‘കമാ’ എന്നു മിണ്ടിക്കൂടെന്നാണോ? അങ്ങനെ ഒരു സമ്രാട്ടു് സാഹിത്യലോകത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല; ഉണ്ടായാൽ അധികംനാൾ വാഴുകയുമില്ല. ‘പ്രാസത്തിന്റെ പേരും പറഞ്ഞു്’ എന്ന പ്രയോഗത്തിൽ അല്പം കുറുമ്പു കാണുന്നു. ഇതു കേൾക്കുമ്പോൾ രാജരാജവർമ്മ കോയിത്തമ്പുരാനു് തന്റെ മാതുലനെ സാഹിത്യസമ്രാട്ടു് സ്ഥാനത്തു നിന്നു ഭ്രഷ്ടനാക്കണമെന്നു് ഉദ്ദേശമുണ്ടായിരുന്നതായി തോന്നുമല്ലോ.

പ്രാസവഴക്കിൽ ഉൾപ്പെടുന്നതിനു മറ്റൊരു കാരണം പറഞ്ഞിരിക്കുന്നതു് ചരിത്രനായകനു് കുറേക്കൂടി അപകർഷഹേതുകമായിരിക്കുന്നു. പാർഷദന്മാർ ഉണ്ടാക്കിവയ്ക്കുന്ന അപകടം നോക്കുക. അവർ പറയുന്നു:

“മി. പരമേശ്വരയ്യരുടെ പേരിൻപിന്നാലെ ഏതാനും അക്ഷരങ്ങൾ ചേർത്തിട്ടുണ്ടെന്നുള്ളതു മാത്രമേ അദ്ദേഹത്തിനു് ഒരു വിശേഷമായി ഞാൻ കാണുന്നുള്ളു” എന്നും മറ്റും കെ. സി. കേശവപിള്ള പത്രങ്ങളിലെഴുതിയതു് അല്പം അതിരുകടന്നു പോകയും ചെയ്തിരുന്നു. അതും താല്ക്കാലിക കോപത്തിന്റെ ഫലം മാത്രമാണു്.”

ഒന്നാമതായി കെ. സി. ഈ വാക്കുകൾ ഏതു സന്ദർഭത്തിലാണു് ഉപയോഗിച്ചതു്. മുഴുവനും ഉദ്ധരിച്ചിരുന്നുവെങ്കിൽ അദ്ദേഹം പറഞ്ഞതു മുഴുവനും പരമാർത്ഥമാണെന്നു വ്യക്തമാകുമായിരുന്നു. പെട്ടെന്നുണ്ടാകുന്ന കോപത്തെ അടക്കാനുള്ള ശക്തിപോലും ഇല്ലെങ്കിൽ എന്തു വിശേഷമാണു് ഒരു ബിരുദം കൊണ്ടു സിദ്ധിക്കാനുള്ളതു്? ഇതൊക്കെ ഇരുട്ടുകൊണ്ടു ഓട്ട അടയ്ക്കാനുള്ള വിദ്യയാണു്. കെ. സി. യും ഉള്ളൂരും തമ്മിൽ വളരെ സ്നേഹത്തിലാണു് കഴിഞ്ഞുകൂടിയിരുന്നതെന്നുള്ളതിനു പലേ തെളിവുകളുണ്ടെന്നു ചരിത്രകാരന്മാർ പിന്നീടു പറയുന്നു. ഇതാണു് അത്ഭുതം! കെ. സി. മരിച്ചുപോയതിനു ശേഷവും അദ്ദേഹത്തിന്റെ പേരിനു് മാലിന്യമുണ്ടാകത്തക്ക കെട്ടുകഥകളും ചില വ്യംഗ്യവാക്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്ന ആ ജീവചരിത്രം പ്രസിദ്ധപ്പെടുത്താൻ മഹാകവി സമ്മതിച്ചതു തന്നെയായിരിക്കുമോ തെളിവു് നേരേ മറിച്ചു് കെ. സി. യോടു വിദൂരബന്ധമുള്ളവരോടു പോലും അദ്ദേഹത്തിനു രസമില്ലെന്നാണു് ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്. അതിനാണു് തെളിവുകളുള്ളതെന്നു് എനിക്കു തോന്നുന്നു. മി: പരമേശ്വരയ്യരുടെ ചരിത്രത്തിന്റെ ശോഭയ്ക്കു് ഈ മാതിരി പ്രസ്താവങ്ങൾ ഇല്ലാതിരിക്കയായിരുന്നു നന്നു് എന്നു മാത്രമേ തല്ക്കാലം പറവാനുള്ളു. ഇനിയും ഈ വിഷയങ്ങൾ കുത്തിപ്പൊക്കാനാണു ഭാവമെങ്കിൽ–തെളിവുകൾ തെരുതെരെ വന്നു ചാടുന്നതു കാണാം.

പരമേശ്വരയ്യർ മഹാകവിയാണു്–പണ്ഡിതനാണു്–ഇക്കാര്യം ആരും സമ്മതിക്കും; പക്ഷേ അദ്ദേഹത്തിനെ എല്ലാവരുടേയും തലയ്ക്കുമീതേ എടുത്തു കാട്ടണമെന്നുള്ള വിചാരം ഉണ്ടാകുമ്പോൾ, മറ്റു ചിലർ താരതമ്യവിവേചനത്തിനു തുടങ്ങും; ഫലം ചിലപ്പോൾ ദോഷകരമായിട്ടേ ഇരിക്കൂതാനും.

നാം ഇപ്പോൾ ഉമാകേരളത്തിലെ നായികാവർണ്ണനയെപ്പറ്റി പഠിച്ചല്ലോ. ആ ശ്ലോകങ്ങളെ ഒന്നു രണ്ടാവർത്തി കൂടി വായിച്ചിട്ടു്–മീശ കുരുക്കാത്ത പ്രായത്തിൽ ഇഹലോകവാസം വെടിഞ്ഞ അവ്യുല്പന്നനായ രാഘവൻപിള്ളയുടെ താഴെ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളും വായിക്കുക.

ആനന്ദവായ്പാലകതാർ കുളുർത്തി-
ട്ടാനന്ദനീയോത്സവവേളയിങ്കൽ
ഞാനെന്റെ ഗേഹത്തിലണഞ്ഞിടാനായ്
താനേ നടന്നൂ വയൽവക്കിലൂടേ.
ഇളംകുളിർക്കാറ്റിലലംകളിയ്ക്കും
വിളഞ്ഞ നെല്ലിന്നിടയിങ്കലായി
തെളിഞ്ഞുകാണുന്ന വരമ്പിലൂടെ
തളർന്നമെയ്യിൻനിഴലൊന്നുകാൺമൂ.
കായക്കരിക്കാടി കഴിച്ചിടാതെ
കാലത്തു തമ്പ്രാന്റെ പടിക്കലെത്തി
നാലഞ്ചുകെട്ടോല മുടഞ്ഞുപോകും
പുലച്ചിയാണെന്നുടെ മുന്നിലിപ്പോൾ.
കാണുന്ന മർത്ത്യാവലിയാത്തതാപാൽ
കണ്ണീരൊഴുക്കും ദയനീയചിത്രം.
നാരിത്തിടമ്പിന്റെ വിളർത്ത വക്ത്രം
ദാരിദ്ര്യഭൂതക്കൊടുനൃത്തരംഗം
മാനംമറയ്ക്കുന്നതിനായി മാത്ര-
മേണാക്ഷിചാർത്തീടുമിരുണ്ടമുണ്ടിൽ-
ക്കാണുന്ന തുന്നൽപണിയെത്രയെത്ര-
യാണെന്നുരപ്പാനെളുതല്ലൊരാൾക്കും.
മാറത്തു തത്തുന്ന കുചങ്ങളൊട്ടു
കാണാത്തമട്ടൊന്നു മറയ്ക്കുവാനായ്
കീറത്തുണിത്തുണ്ടതുപോലുമന്ന-
ക്കാറൊത്ത കായത്തിലിണങ്ങിയില്ലാ.
തൈലക്ഷയാൽ താമ്രതയാർന്നുചിന്നി-
ക്കാറ്റിൽചലിക്കും കബരീഭരത്തിൽ
സായാഹ്നസൂര്യന്റെ മരീചിതട്ടി-
സ്സുവർണ്ണസങ്കാശമിയന്നിടുന്നു.
ലസിപ്പതുണ്ടക്കരതാരിലന്നു
ലഭിച്ചനെല്ലിൻകിഴിയൊന്നു തുച്ഛം
അന്നത്തെയന്തിക്കു ഗൃഹത്തിലേക്കു-
ള്ളത്താഴമൂണിൻവിഭവം സമസ്തം
അടുത്തഗേഹത്തിലെരിഞ്ഞതീയു-
മെടുത്തുകൊണ്ടത്തരളാക്ഷി വേഗം
ഇടയ്ക്കുകാണും ചെറുചുള്ളി,കുമ്പി-
ട്ടെടുത്തുകൊണ്ടുള്ള നടപ്പുചിത്രം.

ഇവയിൽ ഏതാണു് ഹൃദ്യം എന്നു് ഹൃദയത്തോടു ചോദിക്കുക. അല്ലെങ്കിൽ എന്തിനു ചോദിക്കുന്നു? അങ്ങോട്ടു പാഞ്ഞു കേറുന്നതു് ഏതാണണെന്നു നോക്കിയാൽ മതിയല്ലോ. ഹൃദയത്തിൽ നിന്നു വരുന്നതിനു മാത്രമേ ഹൃദയത്തിൽ പാഞ്ഞു കേറാൻ സാധിക്കൂ.

അല്ലെങ്കിൽ ‘ഒരു കാശു്’ എന്ന പദ്യത്തിലെ ഏതാനും വരികളെ ഏതാണ്ടു് അതുപോലുള്ള ‘രണ്ടപ്പം’ എന്ന ഉള്ളൂരിന്റെ കൃതിയിലെ ചില വരികളുമായി ചേർത്തുവച്ചു നോക്കാം.

‘മദ്ധ്യാഹ്നമാർത്താണ്ഡന്റെ തീവ്രമാം മയൂഖത്താ-
ലിദ്ധരാതലം തപ്തലോഹമായ്ജ്വലിക്കുന്നു
ഉച്ചലന്മരുത്തുമന്നാതപം സഹിയാഞ്ഞു
പച്ചിലക്കുടക്കീഴിൽ നിശ്ചലം നിലകൊൾകെ,
ഹാടകമണിമേടയ്ക്കുള്ളിലായ് ധനാഢ്യന്മാ-
രാടലെന്നിയേ പങ്ക വീശിച്ചു ശയിക്കവേ
ദാരുണം കേൾക്കായാർക്കും ദൈവമേയൊരുകാശു്
ദാരിദ്ര്യപ്പിശാചിന്റെ കണ്ഠസ്ഥ ഘണ്ടാരവം
വിദ്യാലയങ്ങൾ വിട്ടിട്ടുണ്ണുവാൻ ഗമിക്കുന്നോ-
രധ്യാപകാദ്ധ്യേതാക്കൾ പിന്നെയും ശ്രവിക്കയാൽ
ദൈവമേയൊരുകാശീയച്ഛനില്ലാത്തൊരെന്റെ
പൈതലിന്നൊരുകാശു തന്നീടിൻ തമ്പ്രാക്കളേ’

ഇതു് അനാഗതശ്മശ്രുവായ അവ്യുല്പന്നന്റേതാണു്.

അമ്മ രണ്ടപ്പം കൊടുത്തു കയ്യി-
ലമ്മിണിക്കുട്ടന്നുതിന്മാൻ
ചെങ്കതിരോൻ മറയാറായ് വാനിൽ
കുങ്കുമപ്പൊട്ടഴിയാറായ്
ഒന്നവൻ തിന്നു, കളിക്കാൻ–വേറി-
ട്ടൊന്നുമായ് ചെന്നു നിരത്തിൽ
കേറിത്തുളച്ചുടൻ പാഞ്ഞു–കാതിൽ
കൂരമ്പുപോലൊരു ശബ്ദം
കണ്ണും കരളുമുള്ളോരേ!–അയ്യോ
പുണ്യം പുലർന്ന മാലോരേ.
പട്ടിണികൊണ്ടു പൊരിഞ്ഞേ!–പിച്ച-
ച്ചട്ടിയിൽ കാശൊന്നുമില്ലേ.
വല്ലതുമിട്ടേച്ചുപോണേ–തുള്ളി-
ക്കല്ലരിക്കഞ്ഞിനീർ മോന്താൻ.

ഇതു് പ്രൗഢവയസ്കനായ മഹാകവിയുടേതു്. ഇവയിൽ ഏതാണു നിങ്ങൾക്കു് ഉൽകൃഷ്ടതരമായി–എന്നാൽ കൂടുതൽ ഹൃദയസ്പർശകമായി–തോന്നുന്നതെന്നു പറയുക.

വ്യതിയാനം ഇവിടെ നില്ക്കട്ടെ. നമുക്കു് ഉമാകേരളം അഞ്ചാം സർഗ്ഗത്തിലേക്കു കടക്കാം. ഇതിലാണു് രാജാവിനു വിഷം കൊടുക്കുന്ന ഘട്ടം വർണ്ണിച്ചിരിക്കുന്നതു്. രാജാവു് മുരാരിയെ സേവ ചെയ്തിട്ടുള്ള കൊട്ടാരത്തിൽ എഴുന്നെള്ളി അമൃതേത്തിനിരിക്കുന്നു.

അന്നമുണ്ടു കുളമോ? കബന്ധമു-
ണ്ടുന്നതക്ഷിതിപയുദ്ധഭൂമിയോ?
എന്നതല്ല പലഹാരമുണ്ടുനൽ
സന്നതാംഗിയുടെ ചാരുകണ്ഠമോ?
വൃത്തമുണ്ടമലപദ്യമോ? ഫലം
മൊത്തമുണ്ടു ശുഭമായ കർമ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതൻ
പത്രമുണ്ടു സുരനാഥഹസ്തമോ?
കൂറുചേർന്ന ദധിയുണ്ടു ലക്ഷ്മിയോ?
ചാരുവത്സനിയലുന്നു ധാത്രിയോ?
ഏറുമാറുരസമോടുനല്ലസാം-
ബാറുമുണ്ടരിയ കാശിദേശമോ?

ഒരു ഭയങ്കര സംഭവത്തിനു പശ്ചാത്തലം ഒരുക്കിയിരിക്കുന്നതിങ്ങനെയാണു്. എന്നാൽ ചരിത്രകാരന്മാർ പറയും–“ഇതിലെ ഓരോ ഘട്ടവും ഉള്ളൂർ തന്റെ കവിധർമ്മ മർമ്മജ്ഞതയേയും കുവനകലാപാടവത്തേയും പ്രത്യേകിച്ചു പ്രഖ്യാപനം ചെയ്യുന്നുവെന്നു്.” കവിയുടെ ഈ വർണ്ണനയുടെ അനൗചിത്യത്തേപ്പറ്റി പിന്നെ വല്ലവരും മിണ്ടുമോ?

ഏതായിരുന്നാലും ചരിത്രലക്ഷ്യങ്ങൾ ഈ സംഭവത്തെ പാടേ നിഷേധിക്കുന്നു. ശ്രീപത്മനാഭകോവിൽ റിക്കാർഡുകളിൽ കാണുന്നതു് ഇങ്ങനെയാണു്: “നാളതു മുതൽ നയിനാരു് ആതിത്തിയവർമ്മ എഴുന്നരുളിയിരുന്നരുളിയിടത്തിൽ മുപ്പുവാണു് 852-ാമതു മാചിമാതം കർക്കുളത്തു ദർപ്പക്കുളങ്ങര കോയിക്കൽ എഴുന്നരുളിയിരുന്നു മുടിഞ്ഞരുളിയതു്.” മരണശയ്യയിൽവച്ചു് രാജാവു മകളെ വിളിച്ചു്,

മൂലമെന്നിയേ മുഴുത്തപിച്ചിനാൽ
മാലണച്ചു മകളേ നിനക്കു ഞാൻ
കാലരൂപി കമലാക്ഷനീശ്വരൻ
മേലതാറ്റുമതിനില്ല സംശയം.

എന്നു് ആശ്വസിപ്പിക്കാൻ മറന്നുപോയില്ല.

ആറാംസർഗ്ഗം രാജസുതയുടെ വിലാപമാണു്.

വീണയെത്തേടുവോരാളി
വീണയായ് പാട്ടിലാഗ്രഹം
വേണമെന്നരുളും തോഴി- ക്കാണന്നാൾ പാട്ടിൽനിന്നടി.
കുളിക്കുമൂണിനും തീരെ-
ക്കളിക്കും കൊതിയറ്റുപോയ്
വെളിക്കു യാത്രയും തീർന്നു
വിളിക്കുള്ളൊരു മൂളലും.

ഈ സർഗ്ഗത്തിലുള്ള,

വണ്ടേ! നീയെന്റെ വരനെ-
ക്കണ്ടേനെന്നുരചെയ്യുകിൽ
പണ്ടേതിലധികം മാധ്വി-
ക്കുണ്ടേനം തവ നിർണ്ണയം.
മരമേ നായകൻ വാഴും
പുരമേതെന്നുരയ്ക്കുകിൽ
വരമേതും തരാം മൗനം
ചിരമേവം ഭജിക്കൊലാ.

ഇത്യാദി വിലാപം വായിക്കുമ്പോൾ കരയാൻ സാധിക്കാത്തവർ എത്ര കഠിനഹൃദയരായിരുന്നാലും, ഏഴാംസർഗ്ഗത്തിലെ ആരും മുക്കിക്കൊന്നതായി തെളിവില്ലാത്ത രാജകുമാരന്മാരുടെ കവികല്പിതമായ മുക്കിക്കൊല്ലലിനെ തുടർന്നു് എട്ടാം സർഗ്ഗത്തിൽ ഉമയമ്മറാണി ചെയ്തിരിക്കുന്നതായി പറയുന്ന രോദനം വായിച്ചാൽ തീർച്ചയായും കരഞ്ഞുപോകുമെന്നു ജീവചരിത്രകാരന്മാരോ കവിയോ ശപഥം ചെയ്യുന്നു. അവർ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങൾ തന്നെ ഉദ്ധരിച്ചേക്കാം.

അരുതിച്ചതി പൊന്നുമക്കളേ
വരുവിൻ കണ്ണു തുറന്നു നോക്കുവിൻ
ഒരുമിച്ചെഴുന്നേല്പിനോമനി-
പ്പൊരുപെറ്റമ്മ വിളിക്കയല്ലയോ?
ഛവിതൻ സദനങ്ങളേ ഗുണം
കവിയും കല്പമഹീരുഹങ്ങളേ
എവിടേയ്ക്കു ഗമിച്ചു തള്ളയെ-
ബ്ഭുവിവിട്ടെന്നുടെ പൊന്നുമക്കളേ!

അവർ പറഞ്ഞിരിക്കുന്നതു പരമാർത്ഥമല്ലയോ? എന്നിട്ടും വായനക്കാർ കരയാത്തപക്ഷം നിങ്ങൾ പാഷാണഹൃദയന്മാരെന്ന ബിരുദവും പേറി നടന്നുകൊള്ളുവിൻ. ആർക്കു വിരോധം? പക്ഷേ അങ്ങനെ വരില്ലെന്നു് അവർക്കു് നിശ്ചയമുണ്ടു്. അവർ പറയുന്നതു കേൾക്കു: “കണ്ണുനീർ വാർക്കാതെ ഉമാകേരളത്തിലെ എട്ടാംസർഗ്ഗം വായിച്ചു തീർക്കാൻ ഒരു സഹൃദയനെക്കൊണ്ടും സാധിക്കയില്ലെന്നു തീർത്തുപറയാം.”

ഒൻപതാംസർഗ്ഗം യമകസർഗ്ഗമാണു്. മുകിലനായകനോടു് ഒരു ഭടൻ തിരുവിതാംകൂറിന്റെ ധനാതിശയത്തെ വർണ്ണിച്ചുകേൾപ്പിക്കുന്നു.

‘ബുധരടുക്കുകിൽ മിടുക്കൊടടുക്കുമാ-
വിധമെഴും ഗുണമുള്ളൊരു നാടിതിൽ
അധമരാം പല കാഫർകുലങ്ങൾതൻ
നിധനവും ധനവും സുലഭം തുലോം.’

ഇതു വായിക്കുമ്പോൾ സൈനികൻ ഒരു തുരുഷ്കനാണെന്നു വായനക്കാർക്കു സംശയമേ ഉണ്ടാവുകയില്ല. എന്നാൽ അതു് സാധാരണ തുരുഷ്കഭടനൊന്നുമായിരുന്നില്ല. അയാൾക്കു് ഹിന്ദു ശാസ്ത്രങ്ങളും മറ്റും നല്ലപോലറിയാം. പരമേശ്വരയ്യരുടെ തുരുഷ്കഭടനല്ലേ?

പാരമതിങ്കലനന്തപുരാഖ്യയോ-
ടുരപെറുന്നൊരു പത്തനമുണ്ടുപോൽ–

നല്ല നിശ്ചയമില്ല. എങ്കിലും അയാൾ തുടരുന്നു.

തരമൊടും നടനത്തിനു നൂനമ-
പ്പുരമരം രമരംഗമതാക്കിനാൾ
നവയശസ്തരുപൂത്തിടുമപ്പുര-
പ്രവരമെത്തി വസിച്ചു സുഷുപ്തിയാൽ
അവധിവിട്ടു ലയിച്ചുലകങ്ങൾത-
ന്നവനമാവനമാലി നടത്തുവോൻ.
… … …
വിരവിലങ്ങനെ ധർമ്മവുമർത്ഥവും
സരസകാമവുമുത്തമമോക്ഷവും
പരർ കഥിപ്പതുപോലെ ലഭിക്കവേ
സുരതിയാരതിയായിതിലാർന്നിടാ?

ഇങ്ങനെ ഹിന്ദുധർമ്മത്തിൽ ഏതാണ്ടൊരു വിശ്വാസവും അതിലേറെ അതിനോടു വെറുപ്പും ഒക്കെക്കലർന്ന ഒരു ഭടനായിരുന്നു അതു്– നാട്ടുകാർ യുദ്ധംചെയ്തു പരാജയമടഞ്ഞു–അതൊന്നുമല്ല സങ്കടം.

‘അധികമാംവിധമന്തണമുഖ്യരാം
സുധികളാധികളാണ്ടു നിരന്തരം’

മുകിലഭടന്മാരാകട്ടെ,

‘ശരണമേവനുമേകരുതൊന്നുകിൽ
ത്തരണമാരണചാരണമാരണം
ത്വരയൊടാത്തഥവാ ജനമുള്ളതൻ-
ചരണമോരണമോടരുതാരുമേ.’

എന്നിങ്ങനെ ഓർത്തുകൊണ്ടു മുന്നോട്ടു മുന്നോട്ടു കേറി.

ഈ ശ്ലോകം കണ്ടിട്ടായിരിക്കണം കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഉമാകേരളത്തെ ഇതുവരെ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടാവാൻ പോകുന്നതുമായ മഹാകാവ്യങ്ങളുടെ ഒക്കെ നടുനായകമായി വിലസും എന്നു അരുളിച്ചെയ്തതു്. ഇതിന്റെ ഒറ്റിയർത്ഥവും തീറർത്ഥവും ഒക്കെ അദ്ദേഹം ആലോചിച്ചുനോക്കാതിരുന്നിരിക്കയില്ല.

മുകിലന്റെ ആക്രമണംകൊണ്ടു വലുതായ സങ്കടം അനുഭവിച്ചതു് സ്ത്രീജനങ്ങളായിരുന്നു. എന്തുകൊണ്ടെന്നാൽ,

പരർകഥിപ്പൊരു കാഞ്ചനകാശ്യപീ-
ധരസമം പൊരുൾകിട്ടി, മുറയ്ക്കിനി
വിരവിലിന്നുപിടിപ്പിനൊരോമലിൻ-
കരതലം തരതലംപടരാം ഭടർ.

ഇങ്ങനെ ഒരു ഓമലിന്റെ കരതലം പിടിച്ചു് എല്ലാവരും,

“വിരുതിലുള്ളിനിണങ്ങിയ നാലു നൽ-
ത്തരുണിമാരെ വരിച്ചു” യഥാസുഖം

ഒരുമ പൂണ്ടു വസിക്കണമെന്നായിരുന്നു മുകിലാജ്ഞ. ഒരുത്തിയുടെ കരതലം പിടിച്ചിട്ടു് നാലു തരുണിമാരെ വരിക്കുന്നതെങ്ങനെയെന്നു് നിങ്ങൾ സന്ദേഹിക്കുന്നുണ്ടാവാം.–ഇതു വ്യംഗ്യമാണു്. തിരുവനന്തപുരത്തെ ഓരോ പെണ്ണും മറുനാട്ടിലെ നാലു പെണ്ണുങ്ങൾക്കു തുല്യയാണെന്നായിരിക്കാം ഇവിടെ സൂചിപ്പിച്ചിരിക്കുന്നതു്.

മണക്കാട്ടുള്ള ഒന്നിനു നാലായ സ്ത്രീകളുടെ രോദനം കേട്ടു് മഹാറാണി മണക്കാട്ടു തങ്ങളെ വരുത്തി അദ്ദേഹത്തിന്റെ സഹായത്താൽ വിനയൊഴിച്ചുവത്രേ.

പത്താം സർഗ്ഗത്തിൽ വസന്തവർണ്ണനയാണു്. നവംനവങ്ങളായ ഉല്ലേഖങ്ങൾ കാണണമെങ്കിൽ ഈ സർഗ്ഗം വായിച്ചേ മതിയാവൂ.

കാണിയും ഹരിതസൂര്യപടത്തിൽ-
ത്താണിടാതെ വിലസും ദലവായ്പും
‘ഹൂണി’തൻമുഖമൊടൊത്തൊരുപൂവും
ചേണിയന്ന പനിനീർച്ചെടിയെത്തി.

പനിനീർപ്പൂവിനെ ആരു് ഇതിനുമുമ്പു് ഹൂണിയുടെ മുഖത്തിനോടു് ഉപമിച്ചിട്ടുണ്ടു്. മഹാകവികളായാൽ അങ്ങനെയാണു വേണ്ടതു്. നമ്മുടെ മുകിലൻ,

‘ശർമ്മമേന്തുമൊരു മാധവലക്ഷ്മീ
നർമ്മഗേഹമതു പാല്ക്കടൽപോലെ’

കണ്ടിട്ടു് കാമപീഡിതനായി. ഈ കെട്ടിടം കണ്ടപ്പോൾ മാരമാൽ പൂണ്ട അയാൾ, അതിനുള്ളിൽ പാർത്തിരുന്നവളെ കണ്ടാൽ, പിന്നെ കഥയെന്തായിരിക്കും? അയാൾ വിചാരിച്ചു:

‘കള്ളമല്ലിതു മുഗൾപെരുമാക്കൾ-
ക്കുള്ള നല്ലൊരു മഹാലുകളേ’യും പൊള്ളയാക്കും.

‘മഹൽ’ ശബ്ദത്തെ മഹാലാക്കിയതു് കവികൾക്കു ‘നീട്ടാം കുറുക്കാം’ എന്നോ മറ്റോ ഉള്ളതായി പറഞ്ഞുകേട്ടിട്ടുള്ള വിധി അനുസരിച്ചാണു്.

മുകിലൻ ഇങ്ങനെ ചിന്തയിൽ മുഴുകി നില്ക്കേ, ആ മലർവാടിയിൽ ഒരു സുദതി തന്റെ തോഴിയുമായി വന്നുചേരുന്നു.

മുന്നിൽ വന്നു കുസുമങ്ങൾ പറിപ്പാൻ
നിന്നിടും സുദതി പിൻപുറമൊന്നാൽ
തന്നിൽനിന്നു മിഴിയും മനതാരും
തോന്നി യോധനു പറിച്ചതുപോലെ.

അവളുടെ പിൻപുറം കണ്ടിട്ടു്,

അസിദാഘമകന്നുതുഷാര-
ക്കുന്നിൽനിന്നിഹ ജവാലൊഴുകുന്നോ?
പിന്നിൽ മിന്നുമൊരു മിന്നലൊടും മൽ
സന്നികർഷഭുവി കൊണ്ടൽവരുന്നോ?

എന്നിങ്ങനെ പലതും സംശയിച്ചതിനുശേഷം,

‘ശരി കാമിനി’ തന്നെ എന്നു് അയാൾ തീർച്ചപ്പെടുത്തുന്നു. ഇങ്ങനെയുള്ള സംശയവും സംശയനിവാരണവും ഒക്കെ മഹാ കാവ്യത്തിൽ വേണം. അതു് മഹാകവികളുടെ ട്രിക്കാണു്. മാഘത്തിലെ, ‘ഗതം തിരശ്ചീനമനൂരുസാരഥേ’രിത്യാദി ശ്ലോകങ്ങൾ നിങ്ങൾ വായിച്ചിട്ടില്ലേ? പക്ഷെ നാരദന്റെ ആ വരവു് കണ്ണെത്താത്ത ദൂരത്തിൽ നിന്നായിരുന്നു എന്നേ വ്യത്യാസമുള്ളു.

‘മാറിനില്ക്ക കുഴലേ ലവമൊന്നെൻ
ഹൗറിതൻ കനകസന്നിഗോത്രം
കൂറിൽ നോക്കണമെനിക്കു്”

എന്നു് അയാൾ പറഞ്ഞ മാത്രയിൽ, വിരിഞ്ചൻ,

കുന്നുതോറ്റ കുചയാളെ നിബിപ്പൂൺ
പിന്നു നേർക്കു മുഖമാക്കി നിറുത്തി

വിരിഞ്ചൻ പടച്ചവനല്ലേ—ദയാലുവാണു്. ‘കൂറിൽ നോക്കണ’മെന്നു പറഞ്ഞതുകൊണ്ടാണു് അവളെ തിരിച്ചു നിർത്തിയതു്. മുകിലൻ നിബിപ്പൂൺപായതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. ഇക്കവിതന്നെ മറ്റൊരിടത്തു പറഞ്ഞിട്ടുള്ളതുപോലെ ‘അറ്റംവെടിഞ്ഞുള്ള മുസ്ലിമീങ്ങൾ’ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. അവരാണു തീർച്ചപ്പെടുത്തേണ്ടതു്.

ചുരുക്കിപ്പറഞ്ഞാൽ മുകിലൻ കറങ്ങി–അതിനു പരമേശ്വരയ്യർ സമാധാനം പറയുന്നുമുണ്ടു്.

“മൊട്ടയും ശിഖയുമെന്നൊരു ഭേദം
മൊട്ടലർക്കണ വഹിപ്പവനുണ്ടോ?”

അന്നു് ഹിന്ദുക്കളാരും തല ‘മൊട്ട’യടിക്കാറില്ലായിരുന്നു എന്നു കാണിപ്പാനാണു് ഈ ഗവേഷണപടു മുകിലനെ ഇവിടെ ‘മൊട്ട’യാക്കിയിരിക്കുന്നതു്. ‘ട്ട’ പ്രാസത്തിനു വേണ്ടീട്ടായിരിക്കാനും മതി. വലിയ കോയിത്തമ്പുരാനു് ഹൃദയാസ്വാസ്ഥ്യം ഉണ്ടാകാൻ അദ്ദേഹത്തിനെ ഈശ്വരനെന്നു വിചാരിച്ചു് ആരാധിച്ചുപോരുന്ന കവി തുടങ്ങുമോ? അതും അദ്ദേഹം ജീവിച്ചിരുന്ന കാലത്തു്? ഇന്നാണെങ്കിൽ അതു വേറെ കാര്യം.

ഒക്കുമൊക്കുമിവൾ ഭൂപജയാമ-
ത്തൈക്കുരംഗമിഴിയെന്നിവൾമൂലം
മൂക്കുകണ്ണുചെവിയെന്നിവയെപ്പോൽ
ത്വക്കുമെൻ രസനയും സുഖമാളും?

എന്നിങ്ങനെ അവളെ മണപ്പിക്കാനും, നോക്കാനും, കേൾക്കാനും, തൊടാനും, നക്കാനും അയാൾക്കു് ആഗ്രഹം ജനിക്കുന്നു.

കോപ്പിണങ്ങിയ മുറുക്കുനിമിത്തം
ചോപ്പിരട്ടിയെഴുമീയധരോഷ്ഠം
ഷാപ്പിലുള്ളൊരു പറങ്കിവൈൻപോൽ
കാപ്പിയാക്കുവതിനെന്നിടകിട്ടും?

എന്നായി അയാളുടെ വിചാരം. എത്ര മനോജ്ഞമായ ഉല്ലേഖം. കോപ്പിണങ്ങിയ മുറുക്കിനാൽ ചുവപ്പു വർദ്ധിച്ചിരിക്കുന്ന അധരത്ത പറങ്കിവൈൻപോലെ—മഹമ്മദീയർക്കു് വൈൻ നിഷിദ്ധമായതിനാലായിരിക്കണം ഷാപ്പിലുള്ളൊരു എന്ന വിശേഷണം ചേർത്തിരിക്കുന്നതു്—പാനം ചെയ്‍വാൻ മുകിലനു മോഹം ഉദിക്കുന്നു—കാപ്പിയാക്കുക എന്നു പ്രയോഗിച്ചിരിക്കുന്നതു് പ്രാസത്തിനു വേണ്ടി മാത്രമല്ല—കവി ബ്രാഹ്മണനാണെന്നു് പില്ക്കാലത്തു് ആരും മറന്നുപോകാതിരിക്കട്ടേ എന്നു വിചാരിച്ചുകൂടി ആയിരിക്കാം. കവി മഹമ്മദീയനായിരുന്നെങ്കിൽ തീർച്ചയായും ‘ചായ’യാക്കുകയേ ഉണ്ടായിരുന്നുള്ളു.

റൗക്കയാം ഹരിതസൂര്യപടത്താൽ
മേല്ക്കണിഞ്ഞ കുളുർകൊങ്കകൾ രണ്ടും
അർക്കകാന്തിയിൽ വിളങ്ങിന ശീമ-
ച്ചക്കപോലെ ഹൃദയം കവരുന്നു.

ഹ! ഹ! ഹ! ഇതാണു് മനോധർമ്മം. കുചത്തെ ശീമച്ചക്കയോടു് ഇതിനുമുമ്പു് ആരു പ്രയോഗിച്ചിട്ടുണ്ടു്? അവിടേയും ‘ഇദംപ്രഥമ’ത്വം അദ്ദേഹത്തിനു തന്നെ. പില്ക്കാലത്തു് അദ്ദേഹത്തിനെ ‘ഇദംപ്രഥമ’കവി എന്നു മലയാളികൾ വിളിക്കയില്ലെന്നു് ആരറിഞ്ഞു? കുചത്തെ കുന്നിനോടു് ഉപമിക്കുന്നവർ അതിന്റെ വടിവിനേയും കാഠിന്യത്തേയും മാത്രമേ സൂചിപ്പിക്കുന്നുള്ളു. പ്രസ്തുത കവി ഈ ഉപമാനം വഴിക്കു് അതിന്റെ മാധുര്യത്തിനെക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. ശീമച്ചക്ക വേവിച്ചു മർദ്ദിച്ചാൽ അതിമൃദുലമായിപ്പോകുന്നതിനാൽ “ആ കുചകലശങ്ങളെ അധികം മർദ്ദിച്ചുപോകരുതെ! അങ്ങനെ ചെയ്താൽ അതു് ഒഴിഞ്ഞ പണസഞ്ചിപോലെ ആയിത്തീരുമേ” എന്നു് യുവാക്കന്മാർക്കു് ഒരു ഉപദേശവും ഇതിൽ അടങ്ങിയിരിക്കുന്നു.

നായികയുടെ അപഹരണം വരെയുള്ള കഥ ഈ സർഗ്ഗത്തിൽ വിവരിച്ചിരിക്കുന്നു.

വടക്കൻകോട്ടയത്തേയ്ക്കു് തമ്പാൻ സന്ദേശവാഹിയായ് പോകുന്നതിനെ സന്ദേശവൃത്തത്തിൽ വർണ്ണിച്ചിരിക്കുന്നു. മന്ദാക്രാന്തയിൽ–കവിയുടെ ഗുരുനാഥനായി പറയപ്പെടുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ കാവ്യസരണി അനുസരിച്ചു്—എഴുതിയിരിക്കുന്നു.

‘മാർഗ്ഗനിർദ്ദേശം സന്ദേശകഥനം മുതലായ ഭാഗങ്ങൾ ഭാഷയിലെ ഏതു സന്ദേശകാവ്യത്തേയും അതിശയിക്കത്തക്കവിധം മനോഹരങ്ങളായിട്ടുണ്ടു്’ എന്നു കവിയുടെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അനതിഭാവിയിൽ കവിയുടേയും ചരിത്രകാരന്മാരുടേയും കാലത്തെപ്പറ്റി സംശയം ജനിക്കുമ്പോൾ, കാലനിർണ്ണയത്തിനു് ഈ വാക്യം അത്യന്തം ഉപകരിക്കും. വലിയകോയിത്തമ്പുരാന്റെ മരണശേഷമാണു് ഈ ജീവചരിത്രം എഴുതപ്പെട്ടതെന്നു് ആ വാക്യത്തിൽനിന്നൂഹിക്കാം. അല്ലെങ്കിൽ ‘മയൂരസന്ദേശം ഒഴിച്ചുള്ള എല്ലാ സന്ദേശകാവ്യങ്ങളേയും അതിശയിക്കുന്നു’ എന്നാക്കാൻ ഗുരുവിനെ ഈശ്വരനെപ്പോലെ ആരാധിക്കുന്ന പ്രസ്തുത ശിഷ്യോത്തമൻ നിർബന്ധിക്കുമായിരുന്നു.

മങ്ങാതെന്നും മലർമകൾ മനം വച്ചു മാനിച്ചു മാനി-
ച്ചങ്ങാടിക്കൊണ്ടമരുമൊരരങ്ങാകുമങ്ങാടിതന്നിൽ
എങ്ങാനും ചെന്നെതിരിടുവതിന്നേനമെത്തീടിലന്നെൻ-
ചങ്ങാതിക്കദ്ധനപതിസഹസ്രാക്ഷനാകാംക്ഷയുണ്ടാം.

കവിയുടെ വാചാലതയെ പ്രകാശിപ്പിക്കുന്ന എത്രയോ പദ്യങ്ങൾ ഇതിൽ കാണുന്നു മലർമകൾ മനംവച്ചു മാനിക്ക എന്നു പറഞ്ഞിരിക്കുന്നതു് മഹാന്മാർ പോലും ചിലപ്പോൾ മനസ്സിൽ ഒന്നു വച്ചുംകൊണ്ടു് മറ്റൊന്നു പറയാറുണ്ടല്ലോ, അതുപോലെയല്ല എന്നു കാണിപ്പാൻ വേണ്ടി മാത്രം. ‘മലർമകളുടെ കൂത്തരങ്ങായ അങ്ങാടി’ എന്ന ആശയത്തെ കവി എത്ര പരത്തി പറഞ്ഞിരിക്കുന്നു എന്നു നോക്കുക. അത്ര വാചാലത കവിയ്ക്കുണ്ടു്. അതു് മംഗളമഞ്ജരി തുടങ്ങിയ മറ്റു കവിതകളിലും കാണാം. ‘പീയുഷപാല്പായസം’ ‘ധന്യനാമീയവനികുമുദിനീകാമിനീയാമിനീശൻ’ ‘നിഖിലവസുമതീപാലജാലാവലേ പസ്തോമപ്രോദ്യൽസരോജാകര നികരഖിലീകാരനീഹാരപൂരം’ ഇത്യാദി പ്രയോഗങ്ങൾ നോക്കുക.

പന്ത്രണ്ടാംസർഗ്ഗം പുരളീപുരവർണ്ണനകൊണ്ടാരംഭിച്ചു്, കോട്ടയം രാജാവു് അനുജനായ കേരളവർമ്മയെ തിരുവനന്തപുരത്തേക്കയയ്ക്കുന്നതും, ആ വീരാഗ്രണി തിരുവട്ടാറ്റെത്തുന്നതും വർണ്ണിക്കുന്നു. അടുത്ത രണ്ടു സർഗ്ഗങ്ങളിൽ യുദ്ധവർണ്ണനയാണു് പ്രധാന വിഷയം. പതിനഞ്ചാം സർഗ്ഗത്തിലാണു് മുകിലന്റെ ഗർവ്വശമനവും നാശവും ചിത്രിതമായിരിക്കുന്നതു്.

കൊന്നാലും ശരി കതകാരുമേ തുറക്കൊ-
ല്ലെന്നായ് തൻഭടരൊരുപത്തുപേരൊടോതി
തന്നാശച്ചെടിയിലെഴും ഫലം പറിപ്പാൻ
ചെന്നാനക്കുടിലിനകത്തു ദൈന്യമെന്യേ.

ഇങ്ങനെ നായികയുടെ ചാരിത്രഭംഗോദ്യതനായി പ്രവേശിച്ച മുകിലന്റെ വിചാരധാരയെ കവി ദീർഘമായി വിവരിച്ചിട്ടുണ്ടു്.

വഴിപോലെ മന്നനരുളീട്ടുവായ്ക്കിലും
വഴിമേൽ പിടിച്ചുപറിയിൽ കിടക്കിലും
വഴിരണ്ടുമൊന്നു; പണമൊന്നിനെങ്ങുമി-
ന്നഴിയുന്ന കാശൊരറുപത്തിനാലുതാൻ’

കവിയുടെ ഭാഷാപ്രയോഗചാതുരി ഈ പദ്യത്തിൽ സുതരാം വിളങ്ങുന്നു:

ആ നായികയുടെ അടുക്കൽ ബലാല്ക്കാരേച്ഛയോടുകൂടി വന്ന മുകിലനെ കണ്ടു്,

പ്രലയപ്രചണ്ഡപവനങ്കൽ മറ്റുമാ-
ലിലപോലതിങ്കൽ വിറപൂണ്ടിടേണ്ടവ

ളെങ്കിലും അവൾ മന്ദനാം മലയാനിലങ്കൽ മലയെന്നപോലവേ ചിലതെല്ലാം പറഞ്ഞു.

മതിമുഗ്ദ്ധവാണി, ബലമുള്ളതന്യർ വ-
ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം
ഇതിലേയ്ക്കെടുത്തു കളയേണ്ടതൊട്ടുമേ
ചതിയറ്റദിക്കിലടയാളമെന്തിനോ?

എന്ന വാക്കുകൾ കേട്ടു് അയാൾ–

പെറി നീയിരിക്കെയിവനന്യനാരിയിൽ
ക്കുറിദൃഷ്ടിദോഷപരിഹാരമൊന്നിനാം
മറിമാൻ ചലാക്ഷി! ശരറാന്തൽ കത്തിടും
മുറിയാരു ദീപശിഖയാൽ വിളക്കിടും?
മടവാരെനിക്കു ചിലരുണ്ടവറ്റ നിൻ
മടവേല ചെയ്യുമതുപോരയെങ്കിലോ
മടവായിലുള്ള മലിനാംബുപോലെ ഞാൻ
മടൽകൊണ്ടു കുത്തി മറയത്തു തള്ളിടാം.

ഈ മാതിരി അനുനയ വിനയാദികൾ ഫലിക്കയില്ലെന്നായപ്പോൾ അവൻ,

പുഴു നീ, വരട്ടെ മതിവിട്ടു, വല്ലതും
കഴുവേറിടട്ടേ, വിടുകില്ല തെല്ലുഞാൻ
പഴുതേകളഞ്ഞദിവസങ്ങൾ പോട്ടെയി-
പ്പൊഴുതെങ്കിലും പിറവി സാർത്ഥമാക്കുവാൻ

എന്നിങ്ങനെ അവളോടണഞ്ഞു. നായികയാകട്ടെ,

പിടികൂടുമെന്നു സതി കണ്ടനേരമേ
ഞൊടികൊണ്ടു തന്റെ നെടുതാം ചുരുട്ടുവാൾ
മടിയിങ്കൽ നിന്നു മടിയാതെയൂരിയ-
ത്തടിമാടനുള്ള തല നോക്കി വീശിനാൾ

ഇങ്ങനെ,

മണവാളനായ് വരണദാമമാവധൂ-
ഗണമുത്തിൽ നിന്നു പെറുവാൻ കൊതിച്ചവൻ
മണവാട്ടിയോടു ഗളനാളഭൂഷയായ്
നിണമെന്ന കോകനദമാലവാങ്ങിനാൾ

ഇപ്രകാരം മുകിലൻ വധിക്കപ്പെട്ടശേഷം, മൂന്നുപേർ വാതിൽ ചവിട്ടിപ്പിളർന്നു് അകത്തു കേറി.

‘കഥതീർന്നുപോയ ഖലനേയുമായവർ
കഥനീയകാന്തി സതിയേയുമാനില-’

യ്ക്കു കണ്ടിട്ടു് വിസ്മയപരവശരായി. അവരിൽ ഒന്നു് തമ്പാനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

അടുത്ത മൂന്നു നാലു സർഗ്ഗങ്ങളിൽ വിജയാഘോഷം, കല്യാണിയും തമ്പാനുമായുള്ള വിവാഹാഘോഷം, ഇംഗ്ലീഷുകാരും റാണിയുമായുള്ള സഖ്യം മുതലായവ യഥായോഗ്യം മുറയ്ക്കു വർണ്ണിച്ചിട്ടുണ്ടു്.

ചരിത്രകാരന്മാർ ഒരു കഠിനകൈ ചെയ്തിട്ടുള്ളതു പറയാതെ തരമില്ല. ഈ അന്യൂന മഹാകാവ്യത്തിലും കൃഷ്ണഗാഥ, രഘുവംശം, കിരാതാർജ്ജുനീയം തുടങ്ങിയ രണ്ടുമൂന്നു കൃതികളിൽ നിന്നു് ആശയങ്ങൾ കവർന്നിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞുകളഞ്ഞു. ഇതു ശരിയായില്ല. ഇനി എത്രയോ വേണമെങ്കിൽ എടുത്തു കാണിക്കാം. പക്ഷെ അതു കവിക്കു ന്യൂനതയായിരിക്കുമെന്നു വിചാരിച്ചു മാത്രമല്ല നാം അങ്ങനെ ചെയ്യാത്തതു്–കൊട്ടാരക്കരവച്ചു് കേരളവർമ്മ തമ്പുരാനും അദ്ദേഹവും കൂടി ചെയ്ത നിശ്ചയം ഫലിക്കാതെ വന്നുപോയി എന്നു മറ്റുള്ളവരെ ധരിപ്പിക്കാതിരിക്കണം എന്നു വച്ചുകൂടിയാണു്. അതുകൊണ്ടു് മാന്യവായനക്കാരേ! സംസ്കൃതശ്ലോകത്തിന്റെ അനുകരണവും ശബ്ദാർത്ഥങ്ങളുടെ നിഷ്കർഷക്കുറവും മറ്റായിരം കൂട്ടം ന്യൂനതകളും രാമചന്ദ്രവിലാസത്തിലേ ഉള്ളു എന്നു വിചാരിച്ചുകൊള്ളണേ. എന്നാൽ ഒരു കാര്യം പറയാമല്ലോ. ഈ ചരിത്രകാരദ്വയത്തിനും പരമേശ്വരയ്യരെ താഴ്ത്തണമെന്നാഗ്രഹമില്ല. അവർ ഒരു പണി പറ്റിച്ചിരിക്കുന്നതു നിങ്ങൾ കണ്ടോ? ഒട്ടു വളരെക്കാലമായിട്ടു് പരമേശ്വരയ്യരുടെ കൃതികളിലുള്ള ദോഷവശങ്ങളെ അനേകം ചെറുപുസ്തകങ്ങൾ വഴിക്കു് പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളാണു് മി: ടി. രാമലിംഗംപിള്ള എം. ഏ. അദ്ദേഹം തന്നെയും ‘ആലോചനാമൃതവും ശ്രീഹർഷപ്രണീതവുമായ നൈഷധീയചരിതത്തോടു കിട നില്ക്കത്തക്ക ഒരു ഉത്തമമഹാകാവ്യമത്രേ ഇതു്’ എന്നു പറഞ്ഞിട്ടുണ്ടെന്നു കാണിച്ചതു വളരെ നന്നായി. അദ്ദേഹം ഖണ്ഡനവിമർശം രചിച്ചു വരുന്നതിനു നല്ല സമ്മാനം അവർ അന്യത്ര കൊടുത്തിട്ടുമുണ്ടു്. ഇനി മറിച്ചാരും ഒന്നും പറകയില്ലല്ലോ. അതുകൊണ്ടു് ശത്രുമിത്രോദാസീനഭേദമെന്നിയേ സകല ജനങ്ങളാലും പുകഴ്ത്തപ്പെടുന്ന ഈ മഹാകാവ്യത്തിനു് പാഠപുസ്തകമാകാതെ തന്നെ പലേ പതിപ്പുകൾ ഉണ്ടാവട്ടേ എന്നു നമുക്കൊക്കെ പ്രാർത്ഥിക്കാം.

ഒരു നേർച്ച–ശിവന്റെ ‘കമ്പക്കളിക്കു കുഴൽനാട്ടിയ കെട്ടിലമ്മയും, നഞ്ഞാണ്ട മൂപ്പരെ മയക്കിയ കുന്നിൽമാതും’ മറ്റും മറ്റുമായി ദേവിയോടുള്ള ഒരു പച്ചമലായള നേർച്ചയാണിതു്. അതിലെ സംബോധനകൾ കേട്ടു ദേവി മുഷിഞ്ഞു കാണണമെന്നും മറ്റും ചില പുരോഭാഗികൾ പറഞ്ഞു കേട്ടിട്ടുണ്ടു്. അതു ശുദ്ധമേ അസംബന്ധമാണു്. ചേർത്തലയുള്ളവർ സേതുലക്ഷ്മീഭായി തിരുമനസ്സിലെ കാലംവരെ ദേവിയെ ‘ചേർത്തലയമ്മേ മുതുപു…ടി’ എന്നു വിളിച്ചാണല്ലോ പ്രാർത്ഥിച്ചുവന്നതു്. എന്നിട്ടു് ദേവി അവരുടെ അടുക്കൽ പ്രസാദിക്കാതിരിക്കയാണോ? അസംബന്ധം പറയുന്നതിനും ഒരതിരൊക്കെ വേണ്ടേ?

ഇക്കാലത്തുതന്നെ ഇക്കവിയാൽ രചിക്കപ്പെട്ട കൂട്ടുയാദാസ്തുകവിതകൾ പലതുമുണ്ടു്. അതു് ഒരു വിനോദ വ്യവസായമായിരുന്നത്രേ. എന്റെ അഭിപ്രായത്തിൽ ഈ വ്യവസായത്തെ ഒന്നുകൂടി പരിഷ്കരിക്കാമായിരുന്നു. സ്രഗ്ദ്ധരാവൃത്തത്തിലുള്ള ഒരു ഖണ്ഡകാവ്യം രചിക്കാനാണു് ഉദ്ദേശമെന്നു വിചാരിക്കുക. ആദ്യമായി 21 പേർ കൂടി നറുക്കിട്ടു് ഒരു വിഷയം തിരഞ്ഞെടുക്കണം. പിന്നീടു് ആളുകളെ അവരുടെ സ്ഥാനമാനാദികളേയും ബിരുദങ്ങളേയും ഒന്നും നോക്കാതെ പേരുകളുടെ അകാരാദിക്രമത്തിൽ ഇരുത്തണം. അനന്തരം ആദ്യത്തെ ആൾ ഒരക്ഷരം പറയണം. അടുത്തയാൾ അടുത്ത അക്ഷരം–ഇങ്ങനെ നാലുവട്ടം കഴിയുമ്പോൾ ശ്ലോകവും ഒന്നു തികയും. ഒരുപക്ഷെ പണ്ടുള്ളവർ ശ്ലോകങ്ങൾ എഴുതിവന്നതു് ഇങ്ങനെയായിരിക്കണം. അല്ലെങ്കിൽ വൃത്തം എന്നു പേർ വന്നതെങ്ങനെ? മലയാളികളുടെ കഷ്ടകാലംകൊണ്ടു് ഈമാതിരി കവിതകളുടെ ആവിർഭാവത്തിനു മുമ്പുതന്നെ ആശാൻ കൂട്ടാളികൾ കടന്നുകേറി ഇതൊന്നും കവിതയല്ലെന്നും മറ്റും പറഞ്ഞു് പുതിയ പ്രസ്ഥാനം ഏർപ്പെടുത്തിക്കളഞ്ഞു. യുവജനങ്ങൾ അവരുടെ പക്ഷം പിടിച്ചു നില്ക്കാനും തുടങ്ങി.

1084-ൽ തൃശൂർ വച്ചു് ഒരു കവിതാപരീക്ഷ നടന്നു. കുഞ്ഞിക്കുട്ടൻതമ്പുരനായിരുന്നു പരീക്ഷകൻ. പരമേശ്വരയ്യർക്കു് 48 ശതമാനവും കേരളവർമ്മ തമ്പുരാന് 45.75 ശതമാനവും മാർക്കുകൾ ലഭിച്ചു. ആ ശ്ലോകങ്ങളെ ഉദ്ധരിച്ചു് ഞാൻ വായനക്കാരെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നില്ല. ഈമാതിരി പരീക്ഷയും ഒരു മാതിരി വിനോദമാണെന്നാണു് എനിക്കു തോന്നുന്നതു്.

മംഗളമഞ്ജരി: ശബ്ദപരിചയത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാൻ ആഗ്രഹമുള്ളവർ ഈ പുസ്തകം പഠിക്കുന്നതു കൊള്ളാം. ചിലപ്പോൾ ഒരേ ശ്ലോകത്തിൽതന്നെ ഒരു പദത്തിന്റെ പര്യായങ്ങളെല്ലാം പ്രയോഗിച്ചിരിക്കുന്നതു കാണാം. എഴുപത്തിയെട്ടാം ശ്ലോകത്തിൽ, കൂട്ടം എന്ന അർത്ഥത്തിലുള്ള ജാലം, സ്തോമം, നികരം, പൂരം, ഓഘം, ഗ്രാമം എന്നിങ്ങനെ ആറു് ശബ്ദങ്ങൾ പ്രയോഗിച്ചിരിക്കുന്നു. മുഖസ്തുതിയെ ഒരു കലാവിദ്യ എന്നോണം അഭ്യസിക്കുന്നവർക്കും ഇതു് ഉപയോഗപ്രദമാണു്. ‘ശബ്ദഭംഗിയിൽ മലയാളത്തിലെ ഏതു കൃതിയേയും അതിശയിക്കത്തക്ക മേന്മ മംഗളമഞ്ജരിക്കുണ്ടു്’ എന്നു മാത്രം കവിയുടെ ചരിത്രം എഴുതിയ പണ്ഡിതന്മാർ ശപഥംചെയ്തിരിക്കുന്നതിനാൽ, അതിൽ വലിയ കവിത്വമുള്ളതായി അവർക്കും തോന്നിക്കാണുകയില്ലെന്നു് ഊഹിക്കാം. അവർക്കു കാണ്മാൻ സാധിക്കാത്ത ഏതു ഗുണമാണു് അന്യനു ദൃശ്യമാവുക? അസാദ്ധ്യം! അസാദ്ധ്യം!

ഇനി ഖണ്ഡകൃതികളേപ്പറ്റി അല്പം വിമർശിച്ചിട്ടു് ഈ പ്രകരണം നിറുത്താം. കിരണാവലി, താരഹാരം, തരംഗിണി, മണിമഞ്ജുഷ, ഹൃദയകൗമുദി, രത്നമാല, കല്പശാഖി, അമൃതധാര, കർണ്ണഭൂഷണം, പിംഗള, ചിത്രശാല, ചിത്രോദയം, ഭക്തിദീപിക, ചൈത്രപ്രഭാവം ഇവയാകുന്നു അവയിൽ പ്രധാനമായവ.

താരഹാരം: ഇതിൽ പന്ത്രണ്ടു ചെറുകവനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അതിൽ ഒന്നായ ഒരു നേർച്ചയെപ്പറ്റി അധികമൊന്നും പറയാനില്ല.

‘പൂവമ്പനെന്ന തടിമാടനു വായ്ക്കുവോരുൾ
പൂവൻപകറ്റിയവനൻപൊടു വേട്ടതായേ
പൂവൻപഴംതൊഴുതനിൻ തിരുമേനികാണ്മാൻ
പൂവൻപതിട്ടടിമലർക്കു വണങ്ങിടുന്നേൻ.’

ഈ മാതിരി പദ്യങ്ങൾ ആണു് അതിൽ അധികവും. ഭക്തി സ്ഫുരിക്കുന്നവ തുലോം വിരളംതന്നെ. പൂവമ്പനെ തടിമാടനാക്കിയതുതന്നെ വളരെ കഷ്ടം! അങ്ങനെയുള്ള ഒരുവന്റെ വമ്പു് ശമിപ്പിച്ചവനു് എന്തുല്ക്കർഷം? ആവോ. പെരിയാറ്റിനോടു്, ഒരു മഴത്തുള്ളി, സൗഭ്രാത്രഗാനം, എന്റെ സ്വപ്നം ഇവ കവി നവയുഗത്തിലേയ്ക്കു കാലൂന്നി എന്നു കാണിക്കുന്നു. അനുവാചകന്മാരുടെ ഹൃദയത്തെ ദ്രവിപ്പിക്കാൻ ശക്തിയുള്ള ഒരു കവനമാണു് എന്റെ സ്വപ്നം. പക്ഷെ ഒരു കാൽ ഇപ്പോഴും ജീർണ്ണയുഗത്തിൽതന്നെ ഉറച്ചു നില്ക്കുന്നു. മനുഷ്യജീവിതത്തിന്റെ മറുപുറം കാണ്മാൻ കവിയ്ക്കു കണ്ണുണ്ടായതു് അദ്ദേഹത്തിന്റേയും മലയാളഭാഷയുടേയും ഭാഗ്യം.

കിരണാവലി: ഇതിന്റെ അവസ്ഥയും അതുപോലെതന്നെ. അതിൽ വീരമാതാവു്, കാവ്യപ്രഭാവം, വിചാരധാര എന്നു രണ്ടുമൂന്നു കവനങ്ങൾ ദ്വിപ്രാസനിർബ്ബന്ധം കൂടാതെ കാണുന്നുണ്ടു്. ഓമനേ നീയുറങ്ങു്, വിചാരധാര എന്നിങ്ങനെ ഉത്തമകോടിയിൽ ഗണിക്കപ്പെടാവുന്ന ഒന്നുരണ്ടു ഗീതികാവ്യങ്ങൾ ഇതിലുണ്ടെന്നുള്ളതു പ്രത്യേകം സ്മരണീയമാണു്. വിചാരധാര ലോകോത്തരമായ ഒരു കൃതിയാണെന്നു് നിസ്സംശയം പറയാം.

“നീ ചേർക്കു തങ്കക്കുടമാവരുന്ന
നീലിപ്പുലക്കള്ളിയിൽ നിന്റെ നോട്ടം.
കണ്ണിന്നു തീണ്ടോതിടുവാൻ മറന്ന
കാലേയകാലം കനിവറ്റതല്ല.
തടിച്ച പുല്ക്കെട്ടു ശിരസ്സിലൊന്നു
താങ്ങിത്തളർന്നെത്തിടുമിക്കിടാത്തി
തൃണത്തിലും തൻനില താഴെയെന്നു
തീർത്തോതിടുന്നുണ്ടു ജനത്തൊടെല്ലാം
ജനിച്ച നാൾതൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവൾക്കു പാർത്താൽ
ചമ്രത്തലക്കെട്ടയഥാർത്ഥമല്ല
തള്ളയ്ക്കെഴും ദുർഗ്ഗതി പിള്ളകൾക്കും
ഇവൾക്കു ദാരിദ്ര്യഫലത്തിൽ മേന്മേൽ
ചിന്താവ്യഥക്കാളകൾ ചേർത്തുപൂട്ടി
ദൈവം തുടർന്നോരുഴവിന്റെ ചാലു
കാണാം ചുളുക്കാർന്നു കപോലഭൂവിൽ
മുട്ടിന്നുമേലോളമിറക്കമാർന്ന
മുഷിഞ്ഞ മുണ്ടൊന്നിവൾ തന്നരയ്ക്കൽ
ദിങ്നാരി കൊണ്ടൽപ്പൊളിപോലെ ചുറ്റി
മാനംമറയ്ക്കുന്നിതു വല്ലപാടും.

മുഴുവനും ഉദ്ധരിച്ചാലും മതിവരുന്നില്ല. കവിയുടെ പാർഷദന്മാർ എന്തൊക്കെപ്പറഞ്ഞാലും ഉമാകേരളവും മംഗളമഞ്ജരിയും ഒക്കേ കാലഗർത്തത്തിനുള്ളിൽ മറഞ്ഞുപോകതന്നെ ചെയ്യും. ഇത്തരം കൃതികളാണു് കവിയുടെ യശസ്സിനെ നിലനിറുത്താൻ പോകുന്നതു്. മറ്റു കൃതികൾ അദ്ദേഹത്തിനു ചില ബിരുദങ്ങളും മറ്റും സമ്പാദിച്ചുകൊടുത്തിട്ടുള്ളതു വാസ്തവം തന്നെ! പക്ഷേ അനുവാചകന്മാർ ആ വക ബിരുദങ്ങൾക്കൊന്നിനും വലിയ വില കല്പിക്കുന്ന കാലം പോയ്മറഞ്ഞു. ഈമാതിരി കൃതികളിൽനിന്നു്, ചുറ്റും നടന്നുകൊണ്ടിരിക്കുന്ന ത്വരിതഗതിയായ പരിവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തെ ആവരണം ചെയ്തിരുന്ന മാമൂൽഭിത്തികളെ ഭേദിച്ചു കഴിഞ്ഞിരിക്കുന്നു എന്നു നമുക്കു് വ്യക്തമായി കാണാം. അദ്ദേഹവും കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികളോടൊപ്പം മുന്നോട്ടു മുന്നോട്ടു പോകുന്നതിനും ജീവിത യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതിനും തീർച്ചപ്പെടുത്തി എന്നു വ്യക്തമാണു്. ഒരു പുതിയ പരമേശ്വരയ്യരെ–കേരളീയരുടെ ഭക്തിപ്രേമങ്ങൾക്കു ഭാജനമാകാൻ പോകുന്ന ഒരു യഥാർത്ഥ കവിയെ–നാം ഇപ്പോഴാണു് വാസ്തവത്തിൽ കണ്ടു തുടങ്ങുന്നതു്. മഹാകവേ! നമസ്കാരം! ഈ രണ്ടു സമാഹാരങ്ങളും 1100-ൽ പ്രസാധിതങ്ങളായി.

തരംഗിണി: 14 ഖണ്ഡകാവ്യങ്ങളുടെ സമാഹാരമാണിതു്. ഇതിലെ പ്രഭാതഗാഥ–കവി ഉണർന്നുകഴിഞ്ഞിരിക്കുന്നു എന്നു കാണിക്കുന്നു. ‘താമസിയാകുമറുകൊലതുള്ളിനകോമരത്താന്മാ’രായ കൂട്ടുകാരേയും അദ്ദേഹം ഉണർത്തുന്നു.

“കുട്ടിപ്പവനൻ കുതുകിയായ് ചാഞ്ചാടി-
ത്തട്ടിയുണർത്തിത്തളർച്ച മാറ്റി
കണ്മിഴിച്ചാനന്ദിച്ചാർപ്പു വിടപികൾ
മർമ്മരശബ്ദമനോഹരങ്ങൾ
അക്ഷയ്യമോരോന്നും ‘സ്വാതന്ത്ര്യ’മായിടും
ത്ര്യക്ഷരീമന്ത്രമുരുക്കഴിപ്പു
ആ നവ്യ ഗായത്രി മാറ്റൊലിക്കൊള്ളുന്നു
വാനിലും മന്നിലും മേല്ക്കുമേലേ.
ഉത്ഥാനകാംക്ഷികൾക്കുത്സവമുത്സവം
തത്ഥാദൃശമാമിസ്സന്മുഹൂർത്തം
മൂരിനിവരുവിൻ മുന്നോട്ടു പോരുവിൻ
പാരിന്നിതല്ലോ സുവർണ്ണകാലം”– എന്നും,
“കാലപ്പുഴയിലൊഴുകും തരിക്കിന്നു
ചാലിലൊരുന്തുകൊടുക്കുവാനോ
പൂഴിയണയൊന്നു തീർപ്പാനോ ജാത്യന്ധ-
തോഴന്റെ ഹസ്തം വരിച്ചിടുന്നു?
കോട്ട കിടങ്ങിനെ നോക്കിച്ചിരിക്കുകിൽ
കോട്ടമതില്പരമെന്തുവേണം?
നിൻദാഹം തീർത്തിടും നീരോടുകൊണ്ടലേ
നിന്ദാർഹമാണീയിടിമുഴക്കം”–എന്നും,
“ഭിന്നവർണ്ണങ്ങളെക്കൈകോർത്തിണക്കിടു-
മിന്ദ്രധനുസ്സിനാലന്തരീക്ഷം
മിക്ക ദിനത്തിലും മിന്നുമിമ്മന്നിലോ
ശുഷ്കത്തിൽ ശുഷ്കമാം വർണ്ണവാദം”എന്നും,

പാടിയിരിക്കുന്നതു നോക്കുക.

മണിമഞ്ജുഷ: ഇതിലെ പ്രേമസംഗീതം വാസ്തവത്തിൽ പ്രേമദേവതയുടെ ഗാനം തന്നെയാണു്–‘ദിവ്യദർശനം’ മിസ്റ്റിസിസത്തിലേയ്ക്കു കടക്കാനുള്ള പ്രഥമ പ്രയത്നമാണെന്നു് തോന്നുന്നു. കീശസന്ദേശത്തിൽ, പരിതസ്ഥിതികളിൽ അസംതൃപ്തനായ കവി ഒരു പുതിയ ലോകസൃഷ്ടിക്കു കാംക്ഷിക്കുന്നു.

സകലവും ഭദ്രം നരന്നു ചുറ്റുപാ-
ടകക്കാമ്പൊന്നുതാനഭദ്രമത്യന്തം
എതിങ്കൽവേണമോ വികാസമേതുമി-
ല്ലതിങ്കലായതിൻകണികപോലുമേ
പഴയവൻ മർത്ത്യൻ ഹൃദയത്തിൽ പോരാ
പഴയവനേക്കാൾ പതിതൻ മേൽക്കുമേൽ
എവന്നും താൻമാത്രം സുഖിച്ചിരിക്കണ-
മെവന്നും മറ്റുള്ളോർ നശിച്ചു പോകണം
തനിക്കു താണതിൽച്ചവിട്ടിനില്ക്കണം
തനിക്കെളിയതു ചവച്ചുതുപ്പണം
അടുക്കളപ്പണിക്കബലമാർ വേണ-
മടിമകളാകാനശക്തരും വേണം
അധഃസ്ഥരിമ്മട്ടിലിരുന്നുകൊള്ളണ-
മുദധിയൂഴിയെ ഗ്രസിക്കുവോളവും
സ്വതന്ത്രൻ താനൊരാൾ വിജയിതാനൊരാ-
ളിതരർതൻകേളിക്കുപകരണങ്ങൾ

പരമേശ്വരയ്യരുടെ വാചാലതയെല്ലാം പോയി, ഇപ്പോൾ അദ്ദേഹം വാഗ്മിയായിത്തീർന്നിരിക്കുന്നു. ആവശ്യത്തിൽ കവിഞ്ഞ ഒറ്റപ്പദവുമില്ല; ഭാഷ അതിലളിതം. ഹൃദയമാണു് ഇവിടെ സംസാരിക്കുന്നതെന്നു് ഏവനും സമ്മതിക്കും. ഈമാതിരിക്കവിതകൾക്കുള്ള മേന്മ കാണ്മാൻ അദ്ദേഹത്തിന്റെ ചരിത്രകാരന്മാർക്കു് ശക്തിയില്ലാതെ പോയി.

മൃണാളിനി: കരുണരസ സമ്പൂർണ്ണമായ മറ്റൊരു സല്ക്കാവ്യമാകുന്നു.

‘പേയമാകയാലതു പേയനായ് ലോകത്തിനു
ഹേയനായ്പ്പോയോൻ പണ്ടു ഗേയനായ് വാണോരവൻ’

എന്നിങ്ങനെ പൂർവ്വവാസന അനുസരിച്ചുള്ള ശബ്ദജാലവും ആ വഴിക്കുള്ള കൃത്രിമരൂപവും ഇടയ്ക്കിടയ്ക്കു് കടന്നുകൂടീട്ടില്ലായിരുന്നുവെങ്കിൽ, അതു് ഇതിലും മെച്ചമാകുമായിരുന്നു.

ഇതുപോലെ തന്നെ ഐക്യഗാഥ, മാറു്, ഭാവനാഗതി ഇവയെല്ലാം മധുരമായ ഭാവഗീതങ്ങളാകുന്നു. ജർജരകാവ്യയുഗത്തോടു് അദ്ദേഹത്തിനെ ബന്ധിച്ചിരുന്ന ചങ്ങലകൾ എല്ലാം പൊട്ടി. ഇന്നു് ഒരു പ്രാസവാദമുണ്ടായാൽ ഏ. ആർ. ന്റെ വാദഗതിയെ പിന്താങ്ങാൻ അദ്ദേഹമായിരിക്കും ആദ്യമായി കൈ പൊക്കുന്നതു്.

രത്നമാല: ഇതു് ‘മാതൃഭൂമി’ എന്ന ദേശാഭിമാനവിജൃംഭിതമായ കവിതകൊണ്ടു് ആരംഭിക്കുന്നു.

ഹിമവാനെന്നു ചൊല്ലുന്ന
ഹീരനിർമ്മിതമാം മുടി
ചാർത്തിബ്ഭവതി ശോഭിപ്പൂ
സർവ്വദിക്ചക്രവർത്തിനി
ഗിരീശമൗലി കൈവിട്ടു
ഗംഗയാം മൗക്തികാവലി
തായതൻ മാറിൽ മിന്നുന്നു
ധന്യതയ്ക്കണിമുദ്രയായ്
…………
വരദാനോല്ക്കയായങ്ങു
വാഴ്കേ പ്രത്യക്ഷദേവതേ
മക്കൾക്കെന്തിന്നദൃശ്യങ്ങൾ
മറ്റു ദൈവങ്ങൾ കൈതൊഴാൻ
അന്യോന്യം സംഘടിപ്പിപ്പാ-
നല്ലെന്നാലെന്തിനായ്വിധി?
തായയിൽ സംക്രമിപ്പിച്ചു
സർവജാതിമതങ്ങളെ

തത്വോപദേശം: ടാഗോറിന്റെ രീതിയെ അനുകരിച്ചു രചിക്കപ്പെട്ടിട്ടുള്ള ഒരു ഹൃദ്യകവനമാണു്.

‘സുമുഖിയല്ലേ ഞാൻ സുഭഗയല്ലേ ഞാൻ
സുമശരവധൂസമയല്ലേ’

എന്നു് സ്വയം അഭിമാനിക്കുന്ന ഒരുവൾ,

ചമയം തീർന്നിട്ടും ദയിതനെത്തേണ്ട
സമയമെന്തിത്ര വഴുകുവാൻ?
അലർവിരിഞ്ഞിടുമവസരമറി-
ഞ്ഞളി വരാനിത്ര പണിയുണ്ടോ?”

എന്നു് പനിമതി പുല്കുന്ന ഇരവിനോടു് ചോദിക്കുന്നു. അവൾ അങ്ങനെ അവശയായി ശയ്യയ്ക്കരികിൽ നില്ക്കവേ, അകത്തുനിന്നൊരു വാക്കു കേൾക്കുന്നു:

എവിടെ നോക്കുന്നു വെളിയിലോമനേ
സവിധമാർന്ന നിൻപ്രിയനേ നീ
വടിവിൽ നിന്നുള്ളാം മണിയറയുടെ
നടയിൽ നിൽപൂ നിൻ ഹൃദയേശൻ
വളരെ മെച്ചമായ് വെളിവരാന്തയ്ക്കു
പളപളപ്പിപ്പോരുളി നീ
കിടമുറിയങ്ങല്ലകമേയാണെന്ന-
തിടയിലേതുമേ കരുതീല.
…………
അവിടെ മറ്റൊരു കഥ നീ കണ്ടിടു-
മനുകപൂജയ്ക്കു തുനിവോളെ
വഴിയടിച്ചീല; പൊടി തുടച്ചീല
മലിനമാം തറ മെഴുകീല
മശകമക്കുണമയമങ്ങുള്ളൊരു
മഹിമയാർന്നിടും മണിമഞ്ചം
ഇരുളടഞ്ഞൊരമ്മുറിയിലില്ലെങ്ങു-
മൊരുചെറുവിളക്കൊളിപോലും
ഹൃദയവല്ലഭനവിടെയെങ്ങാനും
മുതിരുമോ മുഗ്ദ്ധേ കഴൽവയ്പാൻ

വളരെക്കാലമായി വെളിവരാന്തയുടെ പളപളപ്പു നോക്കിക്കൊണ്ടിരുന്ന കവി, ഇങ്ങിനെ ഉള്ളിലേയ്ക്കു നോക്കിത്തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സ്തുതിപാഠകന്മാരായ പാർഷദമാരെ ഭ്രമിപ്പിച്ചുകൊണ്ടിരുന്ന വാക്‍ശബളതയെല്ലാം അസ്തമിച്ചു. അദ്ദേഹം മിതവാക്കായിത്തീർന്നു; സർഷപത്തെ ഹിമവദാകരത്തിൽ കാണിച്ചുകൊടുക്കുന്ന നേത്രങ്ങളുടെ സ്ഥാനത്തു്, വസ്തുസ്ഥിതികളെ സൂക്ഷ്മമായി കാണിക്കുന്ന ഉൾക്കണ്ണുകൾ തെളിഞ്ഞു. ആ ‘ഭൂതക്കണ്ണാടി’യിലൂടെ,

അപ്പുറം തുച്ഛനാമെന്റെ-
യകമാമാലിലയ്ക്കുമേൽ
ബ്രഹ്മാണ്ഡത്തെ വഹിച്ചീടും
പ്രേമാത്മാവാകുമീശ്വരൻ
ചരാചരസമൂഹത്തെ
സൗഹാർദ്ധപ്പട്ടുനൂലിനാൽ
ചേർത്തിണക്കി വിളക്കുന്ന
ചിത്രമാം കാഴ്ച കണ്ടുഞാൻ
തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം സുധാമയം
മൗനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകീഗണം

എന്നു് അദ്ദേഹം വ്യക്തമായിക്കണ്ടു. ഇതേ മനോഭാവമാണു്,

ജനനീ തോമാര കരുണ ചരണ ഖാനി
ഹേരിനു ആജി ഏ അരുണകിരണ രൂപേ
ജനനീ തോമാര മരണ ഹരണ വാണീ
നീരബ ഗഗനേ ഭരിഉഠേ ചുപേ ചുപേ (ഗീതാഞ്ജലി)

എന്നു പാടിയ കവിയിലും നാം കാണുന്നതു്. എന്നു മാത്രമല്ല,

വെളിമതിൽ കതകടച്ചുപൂട്ടിക്കൊ-
ണ്ടെളിയോരെത്തിരഞ്ഞിറങ്ങി തമ്പുരാൻ
പിറവിയിൽ മാമൂൽക്കുഴിയിൽ വീഴ്ത്തുവോർ
വറുതിയാം ഭൂതം കടിച്ചുതിന്നുവോർ
ഗദപ്പെരുമ്പാമ്പു വരിഞ്ഞിറുക്കുവോർ
കദനക്കൂരമ്പു കരൾ പുണ്ണാക്കുവോർ
മുടവർ ജാത്യന്ധർ, ചെകിടരുന്മത്തർ
ഉടയവനിവർക്കിടയിൽ നില്പായി
ഇവരൊടൊന്നിച്ചേ തിരിച്ചിനിപ്പോരു
ഭവനം ശൂന്യം താൻ തദീയമന്നോളം നടതുറക്കൽ

എന്നുകൂടി അദ്ദേഹം ഗ്രഹിക്കുന്നു. ഈ ഗാനത്തെ രവീന്ദ്രനാഥ ടാഗോറിന്റെ,

ഭജനപൂജന സാധന ആരാധനാ
സമസ്ത ഥാക് പ്ഡേ
രുദ്ധദ്വാരേ ദേബാലയേർ കോണേ
കേന ആച്ഛിസ ഓരേ
അന്ധകാരേ ലൂക്കിയേ ആപനമനേ
കാഹാരേ തുയി പൂജിസ സംഗോപനേ
നയന മേലേ ദേഖ ദേഖിതു ഇചേയേ
ദേവതാ നാഇ ഘരേ
തിനിഗേച്ഛേൻ ജേഥായ് മാടി ഭേങ്ഗ
കരച്ഛേ ചാഷാ ചാഷ
പാഥർഭേംഗേ കാടാച്ഛേ ജേഥായ് പഥ
ഖാടച്ഛേ ബാരോമാസ്
രൗദ്രേജലേ ആച്ഛേന സവാർ സാഥേ
ധൂലാ താംഹാര ലേഗേച്ഛേ ദൂഇഹാതേ
താം രി മതന ശുചിബസന ഛാഡി,
ആയ് രേ ധൂളാർ പരേ.

ഇത്യാദി ഗാനത്തോടു സാദൃശ്യപ്പെടുത്തി നോക്കുക.

പരമേശ്വരയ്യർ യൗവനാരംഭം മുതല്ക്കേ കവിയശസ്സിനു വേണ്ടി പടവെട്ടിക്കൊണ്ടിരുന്നു. ചിലതല്ല, പല ബിരുദങ്ങളും അദ്ദേഹം സമ്പാദിക്കയും ചെയ്തു. പക്ഷേ അദ്ദേഹം ആ അത്യുന്നതസ്ഥാനത്തു നിന്നു് അല്പാല്പം ഇറങ്ങിത്തുടങ്ങിയതിനു ശേഷമേ ബഹുജനങ്ങളുടെ ദൃഷ്ടിയിൽ മഹാകവിയായിത്തുടങ്ങിയുള്ളു. അതാണു് വസ്തുത! സ്തുതിപാഠകന്മാരെന്തൊക്കെ പറഞ്ഞാലും, അവരുടെ കണ്ണുകൾകൊണ്ടല്ല ജനങ്ങൾ അദ്ദേഹത്തെ കാണുന്നതു്.

‘തവതനുവിലിക്കൂട്ടർ വീഴ്ത്തുന്ന പൂഴികൊ-
ണ്ടവരുടെ നിലത്തെഴുത്തന്നു സാധിക്കണം
പരിചിനൊടു ഭാവിയിന്നങ്ങയിൽ തങ്ങുന്ന
കരിമഷിയന്നു നൽക്കസ്തൂരിയാക്കിടും’

എന്നു കവിയശഃപ്രാർത്ഥിയായ ഒരു അധഃകൃത കവിയോടു പറയുന്നു. അങ്ങനെ അല്ല, ഇന്നുള്ളവരും മഹത്വം അറിയാത്തവരല്ല. അവരും ഹൃദയാലുക്കളാണു്. അത്യുന്നതസ്ഥാനത്തിലിരുന്നു്, സാർവഭൗമത്വവും ഭാവിച്ചുകൊണ്ടു്, അവരെ ഉപദേശിക്കാൻ, അവരെ പഠിപ്പിക്കാൻ, കവി ഒരുങ്ങുമ്പോഴാണു്, അവരുടെ ഒക്കെ മട്ടു മാറുന്നതു്. കവി അവരുടെ ഭാഷ–അതായതു് അവർക്കു മനസ്സിലാകുന്ന ഭാഷ–ഹൃദയഭാഷ–സംസാരിക്കണം; അവരെ രസിപ്പിക്കണം–പ്രീണിപ്പിക്കണം; അപ്പോൾ അവർ അയാളെ ആദരിക്കും–സ്നേഹിക്കും–ആരാധിക്കും.

കല്പശാഖി: കുയിൽ, പുരോഗതി ഈ രണ്ടു ഗാനങ്ങളും എല്ലാവരും വായിച്ചിരിക്കേണ്ടതാണു്. അവയിൽ നമുക്കു് ഈ കവിയുടെ ആദർശം തെളിഞ്ഞു കാണ്മാൻ കഴിയും.

പാടുക പാടുക പഞ്ചമരാഗത്തിൽ
പാടവമേറിന കോകിലമേ
മാൺപെഴും തോപ്പിതു കത്തുന്ന ചെന്തീയിൽ
ചാമ്പലായ്പോകുകിൽ പോയിടട്ടേ
ഇമ്മധുവൂറിടും മാവിനെ ഛേദിച്ചു
വെണ്മഴു വീഴ്ത്തുകിൽ വീഴ്ത്തിടട്ടേ
വാരൊളി വായ്ക്കും നിൻമേനിയിൽ വ്യാധന്റെ
കൂരമ്പു കൊള്ളുകിൽ കൊണ്ടിടട്ടേ.

ആ കുയിൽ ‘കഥയില്ലാത്ത മേലത്തെക്കാര്യമോർത്തു്’ ആകുലനാകാതെ,

‘മായമറ്റീമധുമാസത്തിൽ നീയൊരു
ഗായകനാകുവാൻ ജാതനായി
ആയതു പോരും നീ തന്മൂലം തൃപ്തനായ്
സ്വീയമാം കർത്തവ്യമാചരിപ്പൂ’

എന്ന വിശ്വാസത്തോടുകൂടി പാടിയിരുന്നെങ്കിൽ, ‘മാനവർ ദൈവത്താൽ വഞ്ചിത’രെങ്കിലും അതിന്റെ ഗാനത്തെ തീർച്ചയായും കേൾക്കാതിരിക്കയില്ല. പാടിയാൽ മാത്രംപോരാ, താൻ മറ്റാരെയുംകാൾ ഉയരത്തിൽ ഇരുന്നുകൊണ്ടാണു് പാടുന്നതെന്നു് ധരിക്കയും വേണം. ഈ മനോഭാവത്തോടുകൂടി പാടാൻ തുടങ്ങുമ്പോഴാണു് ലോകം അതു കേൾപ്പാൻ ഇഷ്ടപ്പെടാത്തതു്. മധുരവസ്തുക്കളുടെ ഉച്ചനീചത്വങ്ങൾ ആരും നോക്കാറില്ല. അവ മധുരങ്ങളാണെന്നേ ലോകത്തിനറിയാവൂ.

ഉറക്കം മതി ചങ്ങാതിയുത്ഥാനംചെയ്തിടാമിനി
എഴുനേറ്റിട്ടുവേണ്ടേ നാമെങ്ങോട്ടും സഞ്ചരിക്കുവാൻ
നില്ക്കുമീനില്പിൽ നില്ക്കാതെ നീങ്ങി മുന്നോട്ടുപോയിടാം
പിടിച്ചുതള്ളുമല്ലെങ്കിൽ പിന്നിൽനിന്നു വരുന്നവർ
പറന്നിടേണ്ട പക്ഷേ നാം പകലോനെപ്പിടിക്കുവാൻ
എടുത്തുചാട്ടക്കാരന്റെയെല്ലൊടിച്ചേ വിടൂ വിധി
വിപ്ലവംകൊണ്ടു നേടുന്ന വിജയം ക്ഷണഭംഗുരം
അമ്ലതായ്ക്കാഴ്ചയിൽതോന്നുമതു നഞ്ഞാണു നിനയ്ക്കുകിൽ

ഇതാണു പരമേശ്വരയ്യരുടെ ആദർശം. വിപ്ലവം എന്നാൽ നാശമെന്നാണർത്ഥം. ‘Revolution’ വിപ്ലവമല്ല സമൂലപരിവർത്തനമാണു്. ലോകം വിപ്ലവാത്മകമാണെന്നു പറയുന്നവർ, ആ ശബ്ദത്തെ സമൂലപരിവർത്തനമെന്ന അർത്ഥത്തിലേ ഉപയോഗിച്ചിട്ടുള്ളു. ഇന്നത്തെ ഈ നിലയിൽ ഭാരതത്തിനു് ഒരു സമൂല പരിവർത്തനം തന്നെയാണു് ആവശ്യമെന്നു് എനിക്കും തോന്നുന്നു. നമ്മുടെ ആചാരങ്ങളും കെട്ടുപാടുകളും അത്രയ്ക്കു ജർജരിതമായിട്ടുണ്ടു് എന്നാൽ ആ പരിവർത്തനം ‘ശോണ’ന്മാരുടെ രുധിരാക്തമായ മാർഗ്ഗത്തിലൂടെ വേണമോ, നമ്മുടെ ദേശത്തിനും രുചിയ്ക്കും യോജിച്ചിരിക്കുന്ന അഹിംസാമാർഗ്ഗത്തിലൂടെ വേണമോ എന്നാണു് ചോദ്യം. രണ്ടാമത്തെ മാർഗ്ഗമാണു് യുക്തമെന്നു ബുദ്ധിയുള്ളവരെല്ലാം പറയും.

ഈ കാവ്യസമാഹാരത്തിൽ എനിക്കു് ഏറ്റവും ഇഷ്ടമായതു് മഞ്ഞുതുള്ളികളാണു്.

കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക മുതലായ കൃതികൾ വായിക്കാൻ കൊള്ളാവുന്ന നല്ല കവനങ്ങളാണു്. അവയെപ്പറ്റി വിമർശിക്കുവാൻ ഞാൻ ഒരുങ്ങുന്നില്ല. കരുണ, പിംഗള, മഗ്ദലനമറിയം ഇവ മൂന്നും ഒരേ ജാതിക്കവിതകളാണു്. അവയുടെ താരതമ്യവിവേചനം വാസ്തവത്തിൽ അനാവശ്യമാകുന്നു. മൂന്നുപേരും മലയാളത്തിലെ മൂന്നു വിശിഷ്ട കവികളാണു്. ദോഷം കണ്ടുപിടിക്കാനാണെങ്കിൽ മൂന്നു കൃതികളിലും കാണാം. എന്തിനു് ആ വ്യർത്ഥമായ ശ്രമം? പിംഗളയിലെ,

‘പാണിയിൽ തൻകളിപ്പൈതലായ് മേവിന
മാണിക്യവല്ലകിയേന്തി മെല്ലെ
തന്തളിർപ്പൊന്മടി മെത്തമേൽചേർത്തതിൻ-
തന്ത്രികളോരോന്നു മീട്ടി മീട്ടി
കിന്നരകണ്ഠിയാൾ ഗീതത്താലാവീഥീ
കർണ്ണം സുധാപ്ളുതമാക്കിനിന്നാൾ
തേന്മാവിൻചെന്തളിർ തിന്നുതിന്നാരാവി-
ലാമ്മാറും പഞ്ചമം പാടിപ്പാടി
ഉമ്മറപ്പൂങ്കാവിൽ മേവീടുമാൺകുയിൽ-
ത്തന്മനമഗ്ഗാനമാർദ്രമാക്കി.
താഴത്തുവച്ചാൾതൻവീണയെത്തന്നിംഗി
മാഴക്കണ്ണോടിച്ചാൾ വീഥിനീളെ
നിർമ്മർത്യഗന്ധമായ് കണ്ടാളശശൃംഗാടം
തന്മഞ്ചകോശങ്ങൾ പോലെ ശൂന്യം
കോണിയിലൂടേ താൻ തെല്ലൊന്നിറങ്ങിനാൾ
നാണിച്ചുപിന്നെയുമേറിപ്പോയാൾ,
ലാത്തിനാൾ ഹർമ്മ്യത്തിലങ്ങോട്ടുമിങ്ങോട്ടു-
മോർത്തൊന്നും വേണ്ടതു തോന്നീടാതെ
രഞ്ജിതമാക്കിനാൾ നാദത്താൽ നൂപുര
മഞ്ജരീകങ്കണകാഞ്ചികളെ
വാങ്ങിനാൾ പിന്നോട്ടു വാതായനംവിട്ടു;
താങ്ങിനാൾ പൂങ്കവിൾ കൈത്തലത്താൽ
തന്നളകാഭ്രകപാദത്തിലാടിച്ചാ-
ളുന്നമ്രഭുകുടിവീചികളെ
കൺതുറിച്ചീടിനാൾ കൈതിരുമ്മീടിനാൾ
ദന്തങ്ങളർപ്പിച്ചാൾ ചെഞ്ചൊടിയിൽ
താഴോട്ടുനോക്കിനാൾ ധാത്രിതന്നുൾത്തട്ടിൽ
നൂഴുവാൻ താൻ തയ്യാറെന്നപോലെ;
മേലോട്ടുനോക്കിനാളേതൊരു ദൈവത്തിൻ-
മാലതെന്നാരായ്വാനെന്നപോലെ
വീർപ്പിട്ടാൾ മേല്ക്കുമേൽ ദീർഘമായുഷ്ണമായ്
വേർപ്പുമുത്തൊപ്പിനാൾ പട്ടുലേസാൽ’ (പിംഗള)

എത്ര ഭാവമധുരമായ വരികൾ. അതുപോലെ തന്നെ ഭക്തിദീപികയിലെ,

ആ കത്തും കനല്ക്കട്ടയ്ക്കൊപ്പമായ്ത്തുറിച്ച ക-
ണ്ണാക്കൊലക്കട്ടാരിനാക്കാലച്ചുളുക്കാളും ഗളം

എന്ന വരികൾ നോക്കുക. അവയെ ഉദ്ധരിച്ചിട്ടു്, കവിയുടെ ചരിത്രകാരന്മാർ പറയുന്നു:

“ഇംഗ്ലീഷിൽ സ്റ്റാൻസാ എന്നു പറയുന്ന പദ്യഖണ്ഡികാ സംവിധാനം മലയാളത്തിൽ ഇദംപ്രഥമമായി ഏർപ്പെടുത്തിയതു് ഉള്ളൂരും അതു് ഈ കാവ്യത്തിലുമാണു്.”

എന്റെ സ്നേഹിതന്മാരേ! നിങ്ങൾ എന്തിനു പിന്നെയും ‘ഇദംപ്രഥമക്കഥ’ കൊണ്ടുവന്നു് കവിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നു? ‘സ്റ്റാൻസാ’ എന്നാൽ എന്താണു്? മലയാളത്തിൽ ഇതിനുമുമ്പു് അങ്ങനെയൊന്നു് ഇല്ലായിരുന്നോ? പരമാർത്ഥത്തിൽ നിങ്ങൾക്കു് ജീവചരിത്രം രചിക്കാൻ വശമില്ല; സ്തുതിക്കാനേ നിശ്ചയമുള്ളു. നിങ്ങളുടെ ചരിത്രത്തിൽ ത്വങ്മാംസരക്താസ്ഥിമയനായ സാക്ഷാൽ പരമേശ്വരയ്യരെ അല്ല, ദാംഭികത്വംകൊണ്ടു് ഊതി വീർത്തു പൊട്ടാറായ ഒരു കൃത്രിമസത്വത്തേയാണു കാണുന്നതു്. നിങ്ങൾ അദ്ദേഹത്തിനെ സാർവഭൗമനാക്കാൻ നോക്കുന്നു. സാർവഭൗമന്മാരുടെ കാലം കഴിഞ്ഞുപോയ കഥ നിങ്ങൾ അറിയുന്നില്ലേ?

വിജ്ഞാനദീപിക നാലു ഭാഗങ്ങൾ: മി: പരമേശ്വരയ്യർ പലേ അവസരങ്ങളിലായി എഴുതീട്ടുള്ള ഗദ്യലേഖനങ്ങളുടെ സമാഹാരമാണിതു്. വിജ്ഞാനപ്രദമാണെന്നുള്ളതിനു സംശയമേ ഇല്ല.

അംബം: ഒരു നാടകമാണത്രേ. പൗരസ്ത്യമോ പാശ്ചാത്യമോ, പ്രാചീനമോ അർവാചീനമോ ആയ നാടകലക്ഷണങ്ങൾ ഒന്നും ഇല്ലെന്നുള്ളതാണു് ഇതിന്റെ വിശേഷം. അഭിനയിക്കാനും കൊള്ളുകയില്ല. വായിച്ചു രസിക്കാൻ പക്ഷേ നന്നു്.

ഗവേഷണം: മി:പരമേശ്വരയ്യരുടെ ഗവേഷണചാതുരി സുപ്രസിദ്ധമാണു്. ചരിത്രരേഖകൾ തേടിപ്പിടിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്നിടത്തോളം സൗകര്യം മറ്റാർക്കും ഇതേവരെ ഉണ്ടായിട്ടില്ല. അവയെ ചരിത്രഗവേഷണതത്വം അനുസരിച്ചു പരിശോധിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിനുള്ള കെല്പിനെപ്പറ്റി പലർക്കും സംശയമുണ്ടു്. ആദ്യമായി ഒന്നു തീർച്ചപ്പെടുത്തുക; പിന്നീടു് അതിനായുള്ള തെളിവുകൾ ശേഖരിക്കുക ഇതാണു് അദ്ദേഹത്തിന്റെ സമ്പ്രദായം. അദ്ദേഹത്തിനു് ഇതു നിമിത്തം പറ്റിയിട്ടുള്ള അബദ്ധങ്ങൾ ചില്ലറയല്ല. മഹാകവിയുടെ നിത്യസഹകാരിയും മിത്രവുമായ മി: ഈ. വി. രാമൻനമ്പൂതിരി പറഞ്ഞിരിക്കുന്നതു നോക്കുക.

“ഭഗവദ്ഗീതാകർത്താവായ മാധവപ്പണിക്കർ ഭാരതമാലാ കർത്താവായ ശങ്കരപ്പണിക്കരുടെ പിതാവാണെന്നു് 1915-ൽ അഭിപ്രായപ്പെട്ടിട്ടുള്ളതിനെ തിരുത്തി മാധവപ്പണിക്കരും ശങ്കരപ്പണിക്കരും സഹോദരന്മാരാണെന്നും മറ്റും വിജ്ഞാനദീപികാപ്രബന്ധത്തിൽ അഭിപ്രായപ്പെട്ടുകാണുന്നു. ഈവക അഭിപ്രായമാറ്റങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണു് “തന്റെ അമ്മയുടെ അമ്മാവൻ ആയിരുന്നു കണ്ണർശ്ശപ്പണിക്കർ അഥവാ കരുണേശൻ എന്നു് രാമായണത്തിന്റെ അവസാനത്തിൽ താഴെക്കാണുന്ന പാട്ടിൽ പ്രതിപാദിച്ചിരിക്കുന്നു.” (വിജ്ഞാനദീപിക 1-ാംഭാഗം പേജ് 82) എന്നിങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളതിൽ അന്തർഭവിച്ചിരിക്കുന്ന അഭിപ്രായം. 1084-ൽ ആരണ്യകാണ്ഡം പ്രസിദ്ധീകരിച്ചപ്പോൾ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരുടെ അഭിപ്രായത്തോടു വിയോജിച്ചു് കണ്ണശ്ശൻ എന്നതു് രാമപ്പണിക്കരുടെ നാമാന്തരമാണെന്നു സിന്ധാന്തിക്കയും, അനേകം പ്രസിദ്ധീകരണങ്ങളിൽ ആ മതം ആവർത്തിക്കയും, ആ സിദ്ധാന്തത്തിനുവേണ്ടി മി: കൃഷ്ണപ്പിഷാരടിയുമായി വാദം നടത്തുകയും …ചെയ്തതിനു ശേഷം കണ്ണശ്ശനെന്നതു രാമപ്പണിക്കരുടെ മാതാമഹന്റെ നാമം തന്നെയാണു് എന്നിങ്ങനെ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടേയും മി: കൃഷ്ണപ്പിഷാരടിയുടേയും മതത്തിലേയ്ക്കു തിരിച്ചുപോയി മി: പരമേശ്വരയ്യർ എന്നാണല്ലോ പ്രസ്തുത പംക്തി തെളിയിക്കുന്നതു്.”

ചരിത്രരേഖകൾ കൂടുതലായി കിട്ടുമ്പോൾ മതം മാറുന്നതിൽ വലിയ അപാകമില്ല. എന്നാൽ ഇത്ര വലിയ തകിടംമറിച്ചിൽ വേണ്ടിവരുന്നതു് ദ്രുതഗതികൊണ്ടാണു്. വല്ലവരും അദ്ദേഹത്തിനു വന്നുപോയ അബദ്ധം ബഹുമാനപൂർവ്വം ചൂണ്ടിക്കാണിച്ചുപോയാൽ, അയാൾ പിന്നെ അദ്ദേഹത്തിന്റെ ആജന്മശത്രുവുമാണു്.

ഇതുപോലൊരു സംഭവമാണു് നീലകണ്ഠകവിയെപ്പറ്റിയുള്ള വാദപ്രതിവാദം. 1103-ൽ ഞാനാണു് ഈ കവിയുടെ പേർ കണ്ടുപിടിച്ചതു്. ആ കവി 776 മുതൽ 790 വരെ നാടുവാണ ശ്രീ വീരകേരളവർമ്മരാജാവിന്റെ കാലത്തു് ജീവിച്ചിരുന്നു എന്നു് ഞാൻ സാഹിത്യചരിത്രം രണ്ടാം ഭാഗത്തിൽ സ്ഥാപിച്ചിരുന്നു. വളരെക്കാലം പ്രാസവഴക്കിലെന്നപോലെ പരമേശ്വരയ്യർതന്നെ ജയിച്ചുവെന്നു വരുത്തകഴിഞ്ഞു് ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ അദ്ദേഹം നീലകണ്ഠകവിയെ ഇദംപ്രഥമമായി കണ്ടുപിടിച്ചു. പക്ഷേ മഹാരാജാവിന്റെ കാലത്തെ ഒന്നു മാറ്റിക്കളഞ്ഞു. തുടർന്നു് കൊച്ചിയിൽ—പരിഷത്തു മാസിക വഴിക്കാണെന്നു തോന്നുന്നു—വലിയ വാദപ്രതിവാദവും നടന്നു. ഒടുവിൽ പ്രാസവഴക്കിലെന്നപോലെ പരമേശ്വരയ്യർതന്നെ ജയിച്ചുവെന്നു വരുത്തി. എന്നാൽ ഭാഷാചമ്പുക്കൾ എന്ന ഗ്രന്ഥത്തിന്റെ അനുബന്ധത്തിൽ എന്റെ അഭിപ്രായത്തോടു യോജിച്ചിരിക്കുന്നു. ഇങ്ങനെ അദ്ദേഹം ഞാൻ വളരെ മുമ്പേ തന്നെ ചെന്നെത്തിയ സ്ഥാനത്തു് വന്നു നിലകൊണ്ടു.

ഇങ്ങനെ പലതും കാണുമ്പോഴാണു് ചിലർ അദ്ദേഹത്തിന്റെ ‘ഇദംപ്രഥമ’ത്വത്തെ ശങ്കിച്ചു് സ്വാതന്ത്ര്യഗവേഷണങ്ങൾ നടത്തിത്തുടങ്ങുന്നതു്. അവരെ ഗവേഷകമ്മന്യരെന്നു പാർഷദന്മാരെക്കൊണ്ടു് പരിഹസിപ്പിച്ചു എന്നുവച്ചു്, ഉരുകിപ്പോകത്തക്കവണ്ണം അവർ വെണ്ണയും മറ്റുമല്ല; മലയാളികൾ മഠയന്മാരുമല്ല.

ജി. ശങ്കരക്കുറുപ്പു്

പ്രതിരൂപാത്മകങ്ങളായ ഭാവഗീതങ്ങളെ ഭാഷയിൽ പ്രചരിപ്പിച്ച ഒരു മഹാകവിയാണു് ജി. ശങ്കരക്കുറുപ്പു്. വിവക്ഷിതാർത്ഥത്തെ സാധാരണശബ്ദങ്ങൾ പ്രയോഗിക്കാതെ തത്സമാനധർമ്മികളായ സാധനങ്ങളെക്കൊണ്ടോ സംഭവങ്ങളെക്കൊണ്ടോ കല്പനകളെക്കൊണ്ടോ പ്രകാശിപ്പിക്കുന്ന രീതിയ്ക്കാണു് സിംബാളിസം അല്ലെങ്കിൽ പ്രതിരൂപാത്മകത്വം എന്നും നാം നാമകരണം ചെയ്യുന്നതു്. കവി തന്റെ ചേതനാവഴിക്കോ ഉപബോധം വഴിക്കോ ഉണ്ടാകുന്ന അനുഭൂതികളിൽ നിന്നാണു് ഈ പ്രതിരൂപങ്ങൾ വാർത്തെടുക്കുന്നതു്. ചിലപ്പോൾ സാർവജനീനങ്ങളായ അനുഭൂതികളായിരിക്കാം അവയ്ക്കു് ആധാരമായിരിക്കുന്നതും. കവിതയിൽ ഈ മാർഗ്ഗം അവലംബിക്കുന്നതുകൊണ്ടു് പ്രസാദഗുണം ഏറെക്കുറെ നഷ്ടപ്പെട്ടുപോകുമെങ്കിലും, വാഗ്ധോരണിയും അലങ്കാരശബളതയും കൂടാതെ കഴിക്കാം.

‘കുറുപ്പിന്റെ ഭാഷാരീതി ഓജസ്സും മാധുര്യവും പദപ്രയോഗ മിതത്വം കലർന്നതും, പ്രസാദവും വാഗ്മിത്വവും കുറഞ്ഞതുമായ ഒന്നാണു്’ എന്നു് നിമേഷത്തിന്റെ അവതാരികയിൽ ഏ. ബാലകൃഷ്ണപിള്ള അവർകൾ പറഞ്ഞു കാണുന്നു. ഇവിടെ ചില ശബ്ദങ്ങളുടെ പ്രയോഗത്തിൽ നിഷ്കർഷക്കുറവു കാണുന്നു. ഒന്നാമതായി ‘Force’ അഥവാ ശക്തിയും ഓജസ്സും ഒന്നാണെന്നു തോന്നുന്നില്ല. വാഗ്മിതയും വാക്പരിമിതത്വവും ഒന്നാണെന്നു് ആലംകാരികന്മാർ എല്ലാവരും സമ്മതിക്കയും ചെയ്യും.’

‘മിതം ച സാരം ച വചോ ഹി വാഗ്മിതാ’ എന്നാണു് പ്രമാണം. അതിനാൽ വാഗ്മിത വാചാലത അഥവാ വാങ്മുഖരത അല്ല. വാസ്തവത്തിൽ കുറുപ്പു് വാഗ്മിയാണു്; ശക്തിശാലിയാണു്.

ഭാവഗീതങ്ങൾക്കു് ജീവൻ കൊടുക്കുന്നതു് ആത്മാർത്ഥതയാകുന്നു. ഈ ആത്മാർത്ഥതയാണു് വള്ളത്തോളിനെ മലയാളികളുടെ കണ്ണിലുണ്ണിയാക്കിത്തീർത്തതു്. കുറുപ്പു് ആ വിഷയത്തിലും സമ്പന്നനാണെന്നു പറയുന്നതിൽ യാതൊരാക്ഷേപവുമില്ല. ആദർശശുദ്ധിയിലും അദ്ദേഹം മറ്റു ഏതു കവിയോടും തുല്യനാണെന്നു പറയാം. ഇങ്ങനെ ആദർശശുദ്ധി, ആത്മാർത്ഥത, വാഗ്മിത എന്നീ വിധം ഭാവഗീതങ്ങൾക്കു് അത്യന്താപേക്ഷിതങ്ങളായ ഗുണങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നിട്ടും കവിതകൾക്കു് ‘രമണനെ’പ്പോലെയുള്ള മറ്റു ചില കൃതികൾക്കുള്ളിടത്തോളം പ്രചാരം കാണാത്തതു് അവയിൽ വ്യാപിച്ചിരിക്കുന്ന മിസ്റ്റിസിസം കൊണ്ടാണു്. ടാഗോറിന്റെ ആത്മഗീതങ്ങളുടെ അവസ്ഥയും അതുതന്നെയാണു്. ഇങ്ങനെയാണെങ്കിലും അദ്ദേഹത്തിനു് ഇന്നത്തെ പുരോഗമനസാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനം ലഭിച്ചുകഴിഞ്ഞിട്ടുണ്ടു്. അതിനെപ്പറ്റി പലരും അത്ഭുതപ്പെടുന്നുമുണ്ടായിരിക്കണം. അതിനു് ഏ. ബാലകൃഷ്ണപിള്ള അവർകൾ ഇപ്രകാരം സമാധാനം പറയുന്നു:

“കുറുപ്പിന്റെ ഭാഷാരീതിമാഹാത്മ്യവും പ്രകൃതിനിരീക്ഷണത്തിലുള്ള ആന്തരികസത്യദർശനപാടവവും പഴയ കൂറ്റുകാരെ പ്രീണിപ്പിച്ചു; അദ്ദേഹത്തിന്റെ ആദർശമാഹാത്മ്യം, ആത്മാർത്ഥത, സമുദായനിരീക്ഷണത്തിലുള്ള ആന്തരികസത്യദർശനപാടവം എന്നിവ പുത്തൻകൂറ്റുകാരെ സന്തോഷിപ്പിക്കയും ചെയ്തു. ഇതാണു് കുറുപ്പു് ഇരുകൂട്ടരുടേയും കണ്ണിലുണ്ണിയായതിന്റെ രഹസ്യവും.”

“കലാകരന്മാർ കേവലം ആനന്ദദായകർ മാത്രമല്ലെന്നും, വർത്തമാനകാലത്തെ താല്ക്കാലികപ്രശ്നങ്ങൾക്കുകൂടി കലാകൃതികളുടെ വിഷയമാകാൻ യോഗ്യതയുണ്ടെന്നും, ഉത്തമകലാകൃതികൾക്കു സ്വാനുഭവങ്ങളിൽ നിന്നു ജനിക്കുന്ന വികാരതീക്ഷ്ണതയും ആത്മാർത്ഥതയും വേണമെന്നും അദ്ദേഹം തന്റെ സത്യദർശനപാടവം മൂലം കണ്ടുപിടിക്കയുണ്ടായി.”

ഇതു വാസ്തവമാണു്. പഴയ കൂറ്റുകാരുടെ ബന്ധനത്തിൽ നിന്നു സാഹിത്യദേവതയെ മോചിപ്പിക്കുന്ന വിഷയത്തിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. എറണാകുളം സാഹിത്യപരിഷത്തുകാലത്തു് സംഭാഷണമദ്ധ്യേ അദ്ദേഹം ഈ സംഗതിയെ സംബന്ധിച്ചു പ്രകാശിപ്പിച്ച വികാരതീക്ഷ്ണത ഞാൻ ഇപ്പോഴും ഓർക്കുന്നു. നിലമ്പൂർ സാഹിത്യപരിഷത്തിനു് ഒരു പ്രത്യേക കക്ഷി നിർമ്മിച്ചു് അതിന്റെ നേതൃത്വം വഹിക്കാൻപോലും അദ്ദേഹം തയ്യാറായി. പഴയ കൂറ്റുകാരുടെ മർദ്ദനത്താൽ എത്രയെത്ര യുവകവികൾ ഹൃദയം പൊട്ടിത്തകർന്നുപോകുമായിരുന്നു. പക്ഷേ അവരെല്ലാം കീറ്റ്സുകളല്ലാതിരുന്നതിനാൽ, അവർക്കു് യഥാകാലം പഴഞ്ചന്മാരുടെ സലജ്ജോഹാഭിനയത്തിനു വിരാമമിടാൻ സാധിച്ചു.

“സംസ്കാരത്തിന്റെ കടിഞ്ഞാണിട്ട ഭാവനയുടെ പുറത്തുകയറി, ജീവിതസത്യങ്ങളുടെ പാതയിൽക്കൂടി ജീർണ്ണപരിതഃസ്ഥിതികളെ തകർത്തുകൊണ്ടു് മുൻപോട്ടു മുൻപോട്ടു പോകുന്ന ഒരു യുവകവിയേയാണു് നാം സാഹിത്യകൗതുകത്തിന്റെ ഓരോ ഭാഗത്തിലും കാണുന്നതു്.”

അദ്ദേഹം 1902-ൽ ജനിച്ചു പതിനേഴാം വയസ്സിൽ കവിത എഴുതിത്തുടങ്ങി. സാഹിത്യകൗതുകം ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ ഇരുപത്തിയഞ്ചു വയസ്സു തികയുംമുമ്പു് രചിക്കപ്പെട്ടവയാണു്. നാലാം ഭാഗത്തിലെ കവനങ്ങൾ. സൂര്യകാന്തി മുതലായവ ഇരുപത്തിയഞ്ചിനും മുപ്പത്തിരണ്ടിനും ഇടയ്ക്കു് നിർമ്മിക്കപ്പെട്ടു. ഈ കവിതകളിലെല്ലാം കവിയുടെ മാനുഷ്യകപ്രേമം നല്ലപോലെ തെളിഞ്ഞുകാണാം. മറ്റു മഹാകവികൾ ജർജ്ജരയുഗത്തിൽ ജനിച്ചുവളർന്നു. വള്ളത്തോൾ തുടങ്ങിയ അപൂർവം ചിലർക്കു മാത്രമേ ലോകത്തിലെല്ലായിടത്തും വിശേഷിച്ചു ഭാരതഖണ്ഡത്തിലും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരുന്ന പരിവർത്തനങ്ങളെ വീക്ഷിച്ചറിഞ്ഞു് അവയോടു് അനുകമ്പാപൂർവ്വം വർത്തിക്കുവാൻ കഴിഞ്ഞുള്ളു. മറ്റുള്ളവർ കണ്ണുരുട്ടി ഗർജ്ജിച്ചു; ചന്ദ്രഹാസം ഇളക്കി. ഫലിച്ചിട്ടില്ലെന്നുള്ളതു് വേറെ കാര്യം കുറുപ്പാകട്ടെ ഭാരതഖണ്ഡം മഹത്തായ പരിവർത്തനങ്ങളാൽ ആന്ദോളിതമായിരുന്ന കാലത്താണു് ജീവിതം സമാരംഭിച്ചതു്. അതിനാൽ അദ്ദേഹം പരിവർത്തനത്തിന്റെ ശിശുവല്ലെങ്കിൽ സഹജാതനാണെന്നെങ്കിലും പറയാം. പ്രകൃത്യാ അന്തർമുഖനായിരുന്നതിനാൽ രവീന്ദ്രനാഥടാഗോറിന്റെ സന്ധ്യാഗാനങ്ങളാൽ സമാകൃഷ്ടനായി. ആമുഖം എഴുതിയ മഹാകവി അതു കണ്ടില്ലെന്നു പറയുവാൻ നിവൃത്തിയില്ല. ശബ്ദാർത്ഥങ്ങൾക്കു തുല്യഭംഗി ഇത്രമാത്രമുള്ള കൃതികൾ മലയാളത്തിൽ അധികമുണ്ടായിട്ടില്ല എന്നു് സഹജമായ രീതിയിൽ അതിശയോക്തിരൂപേണ പ്രസ്താവിച്ചതിനുശേഷം അദ്ദേഹം പറയുന്നു: “ശങ്കരക്കുറുപ്പവർകളെപ്പോലെ സർവ്വപഥീനമായ വാസനാവൈഭവം തികഞ്ഞ ഏതാനും ചില ചെറുകവികളുടെ തിരപ്പുറപ്പാടു് കാണുമ്പോൾ നമ്മുടെ സാഹിത്യനൗക സങ്കുചിതമായ ഒരു കല്യയെ അതിലംഘിച്ചു് വിസ്തൃതമായ ഒരു ജലാശയത്തെ തരണം ചെയ്വാൻ തുടങ്ങിയിരിക്കുന്ന ശോഭനമുഹൂർത്തമാണു് ഇപ്പോൾ സന്നിഹിതമായിരിക്കുന്നതു്.” പ്രൗഢനിരൂപകനും പണ്ഡിതനുമായ സി. ശങ്കുണ്ണിനായരും ഇതു് വ്യക്തമായി കാണുന്നുണ്ടു്. അദ്ദേഹം പറഞ്ഞിരിക്കുന്നു: “ഗതാനുഗതികത്വംവിട്ടു് നവനവോല്ലേഖകല്പനത്തിൽ നമ്മുടെ കവിലോകം ബദ്ധശ്രദ്ധമായിത്തീർന്നു തുടങ്ങിയിരിക്കുന്നതിനാൽ കേരളഭാഷാസാഹിത്യചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചിട്ടുണ്ടെന്നു കാണുന്നതിൽ സന്തോഷിക്കേണ്ടിയിരിക്കുന്നു …ഈ പരിവർത്തനഘട്ടത്തിൽ മലയാളകവികളുടെ വീക്ഷണഗതിക്കും ആശയഗതിക്കും വ്യക്തമായ ഒരു വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നു സ്പഷ്ടമായി കാണാവുന്നതാണു്. പ്രകൃതിസൗന്ദര്യത്തിന്റെ ചിത്രീകരണം, സ്തോഭജനനം, പ്രകൃത്യനുവർത്തനം, ഔചിത്യദീക്ഷ, എന്നിവയാണു് കേരളസാഹിത്യലോകത്തിലെ ഈ പുതിയ പരിവർത്തനത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നതു്.” വാസ്തവത്തിൽ പ്രകൃതിസൗന്ദര്യം പൂർവകവികളും ചിത്രീകരിച്ചിട്ടുണ്ടു്, ഈ നവയുഗോദയത്തിൽ, ഗരിമകേന്ദ്രം പ്രകൃതിയിൽ നിന്നും മനുഷ്യരാശിയിലേക്കു മാറിയെന്നുള്ളതാണു് യാഥാർത്ഥ്യം. കുറച്ചുകൂടി നിഷ്കൃഷ്ടമായിപ്പറഞ്ഞാൽ, സമുദായത്തിന്റെ ദാസ്യത്തിൽ നിന്നു് ഒഴിഞ്ഞുമാറുന്നതിനു വ്യക്തി ഉല്ക്കണ്ഠപ്രദർശിപ്പിച്ചുതുടങ്ങി. അതിനാൽ സമുദായവും വ്യക്തിയുമായുള്ള പോരാട്ടമാണു് ഈ നവകല്പത്തിന്റെ വ്യാവർത്തക ലക്ഷണം. സ്തോഭമാണു് ഈ നവയോദ്ധാക്കളുടെ ആയുധവും.

സാഹിത്യകൗതുകം ഒന്നാംഭാഗത്തിലെ 23 ഗാനങ്ങളെ പ്രണയവിഷയകം, ചരിത്രവിഷയകം, ലോകതത്വനിരൂപകം, പ്രകൃതിവർണ്ണനാത്മകം, രാഷ്ട്രീയം–എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം.

‘പാവനാംഗി വിമലാന്തിമസന്ധ്യാ
പൂവലംഗരുചി പല്ലവിതാഭ്രേ
സാവധാനമണയുന്ന സമഞ്ജാ-
രാവപക്ഷികളെ നോക്കുകയാവാം’

പൂർവകവിസങ്കേതങ്ങളിൽ നിന്നും, ആദർശങ്ങളിൽ നിന്നും, ബന്ധവിമുക്തനാവാത്ത പ്രസ്തുത ബാലകവി ഈ നാലു വരി ഒപ്പിക്കാൻ എന്തു ക്ലേശിച്ചിരിക്കുന്നു എന്നു നോക്കുക. എന്നാൽ ഈ ഘട്ടത്തിലും,

തരുണൻ തപനൻ കരങ്ങളാലേ
തടവും ശാലി തഴച്ച രാഗമോടേ
തനിയേ തല തെല്ലു ചായ്ച്ചുനില്ക്കും
നില കണ്ണും കരളും കവർന്നിടുന്നു.
ഹഹ! മംഗളദേവതാപദത്താ-
രണിമഞ്ജീരകശിഞ്ജിതം കണക്കേ
മദപേശലശാരികാസമൂഹ-
ധ്വനി പൊങ്ങുന്നു മനോജ്ഞമായതിങ്കൽ.
തലപോലുമഹോ പരാർത്ഥമായി-
ച്ചിലവാക്കാൻ മടിയാത്ത സാധുനെല്ലേ
തവ ചേവടിയിൽ കനിഞ്ഞിടട്ടേ
പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ

ഇത്യാദി വരികളിൽ പ്രപഞ്ച വ്യവസ്ഥിതിയിൽ കവിക്കുള്ള അസംതൃപ്തി സ്ഫുരിക്കുന്നുണ്ടു്. അതേ അതൃപ്തിതന്നെയാണു്,

ദേവിനിൻപള്ളിമാടത്തിൽ കൊളുത്തിയോ
ദേശാഭിമാനമാം രത്നദീപം?
സ്വന്തം കരത്തിനാൽ നെയ്തു ദുകൂലത്താൽ
പൂന്തനു നന്നായലങ്കരിച്ചോ
ജാതിഭേദാദിയാം ചപ്പുചവറുകൾ
നീ തൂത്തുമാറ്റിയോ വീട്ടിൽനിന്നും
സ്വാതന്ത്ര്യമാം നിൻ പഴയ സഖി വന്നു
വാതലിൽ നില്ക്കുന്നു; നീയുണർന്നു
ജാതവേഗം കൈകൊടുത്തകത്തുന്നത
പൂതപീഠത്തിൽ ക്ഷണിച്ചിരുത്തു.

ഇത്യാദി മറ്റു പല പദ്യങ്ങളിലും കാണാം.

സാഹിത്യകൗതുകം രണ്ടാംഭാഗം 1925-ൽ പ്രസിദ്ധപ്പെടുത്തി.

‘നിഗമവ്യോമം തിങ്ങും മന്ത്രതാരകങ്ങൾ തൻ
നിറവെൺകതിരായ നിത്യനാം സത്യാത്മാവി’

ന്റെ വെളിച്ചം കാണ്മാൻ കുതുകിയായിരിക്കുന്ന കവി,

ലോകനിയാമക നിന്റെ ഹിതനദി-
യാകണമെൻ തോണിച്ചാലുമേലും
തെല്ലുമതിൽനിന്നു തെറ്റാതിരിക്കട്ടെ-
യില്ലമേ മറ്റൊരപേക്ഷയിന്നും
താവുമൊഴുക്കിൻചുഴികളിലാപ്പെട്ടു
താണാലുമില്ലെനിക്കല്ലൽ ചൊല്വാൻ
അത്തിരമാലതൻസംഗീതമൊന്നിലേ
നിത്യമെൻചിത്തമേകാവൂ കർണ്ണം.

എന്നു പ്രാർത്ഥിക്കുന്നു;

മാതാവിൻ മടിയിൽകിടന്നു കളിയാടുന്നൂ സദാ ഞാനുമെൻ
ഭ്രാതാവും കുളിരേകിടും തണൽകൊടുംചൂടാളിടും വെയിലുമായ്
മൈതാനസ്ഥലിയിൽ കണക്കവിരതം കാമത്തിനെപ്പിന്തുട-
ർന്നേതായാലുമലഞ്ഞിടേണ്ട പുറമേ കാണും പദാർത്ഥങ്ങളിൽ

എന്നുറയ്ക്കുന്നു.–ആശയങ്ങളുണ്ടു്. അതിനൊപ്പം പദങ്ങൾ കിട്ടാഴികയാൽ വിഷമിക്കുന്ന ഘട്ടങ്ങൾ ഈ കൃതിയിൽ കാണാം.

മൂന്നാംഭാഗം ആയപ്പോഴേക്കും കവി കുറേക്കൂടി പയറ്റിത്തെളിഞ്ഞുകഴിഞ്ഞിരുന്നു. അക്കാലത്തു രചിക്കപ്പെട്ട സൂര്യകാന്തിയിൽ അതിമധുരമായ ചില കവിതകൾ കാണാം. അതു് ഇംഗ്ലീഷിലേയ്ക്കു് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ടു്.

നാലാംഭാഗം 1106-ൽ അച്ചടിക്കപ്പെട്ടു. അതിൽ 31 കവനതല്ലജങ്ങൾ അടങ്ങിയിരിക്കുന്നു. അപ്പൊഴേയ്ക്കു കവിക്കു് വയസ്സും ഏതാണ്ടു ആ സംഖ്യയോടടുത്തായിരുന്നല്ലോ. കവിതാവനിതയും ഏറെക്കുറെ പ്രൗഢവയസ്കതയെ പ്രാപിച്ചുകഴിഞ്ഞു എന്നു പറയാം. ഈ ഘട്ടത്തിലാണു് ശങ്കരക്കുറുപ്പു് പ്രതിരൂപാത്മക കാവ്യാധ്വാവിൽ കാലൂന്നിയതു്.

നിയതിതൻമൃദുനിർമ്മലഹാസമേ!
നയനചുംബിയാം നവ്യപ്രകാശമേ!
വിയതി നിസ്തൂലവിശ്വോത്സവത്തിനാ-
യുയരും നീരാളച്ചെങ്കൊടിക്കൂറ നീ
നിരഘ നിൻദ്യുതി നീരാളിയിൽ ദ്വിജ-
നിരയിളക്കുന്നു നീളവേ വീചികൾ
നുരകൾ ചേർക്കുന്നു നൂതനമാരുത
തരളിതോൽഫുല്ല വെണ്മലർതൊത്തുകൾ
വഴിയും ഹർഷത്താൽ വാനിനു താരക-
മിഴി തവ സ്പർശമീലിതമാകുന്നു
കടലിൻ മാറിടമാനന്ദജൃംഭിത-
മടവിയാപാദചൂഡം പുളകിതം
മുഖമിരുണ്ടു ജീമൂതത്തിനു കവിൾ
സുഖമദരാഗസുന്ദരമാകുന്നു
ദലകുലം ഭവദംശുകതല്ലജ-
ത്തല മുകരുന്നു; താണ്ഡവം ചെയ്യുന്നു. പുഷ്പഗീത

‘ലോകത്തിൽ എവിടെയും ബാധിച്ചിരിക്കുന്ന, ഈ ക്ഷണികജീവിതത്തെ നീ എന്തിനു പാടിപ്പാടി കളയുന്നു’ എന്നു പാന്ഥൻ കുയിലിനോടു ചോദിക്കുന്നു.

“മതിയെന്നതാം ഭാവം ശ്രേയസ്സിൻപ്രതിബന്ധ-
മതിയാമസംതൃപ്തിയൗന്നത്യസൗധദ്വാരം
അഭ്രലക്ഷ്മിയാദിത്യമണ്ഡലചക്രത്തിന്മേൽ
ശുഭ്രനൂൽ നൂറ്റീടുന്നുണ്ടാലസ്യം ഭാവിക്കാതെ
ദിവസം സിതാംഭോദച്ഛേദമാം പുത്തൻപഞ്ഞി-
യവൾതൻ സമീപത്തു നന്നാക്കിവച്ചീടുന്നു
പകലിന്നില്ല നീളം; വെളിച്ചം കക്കും രാത്രി-
യകലത്തല്ലെന്നേയ്ക്കുമായ്പതിച്ചീടും മുമ്പേ
സ്വകപോലാന്തം തുടുപ്പോളവും കണംപോലും
മികവേറീടും ജീവിതാസവം പോയീടാതെ
നുകരുന്നല്ലീപൊൽപനീർപ്പൂവിന്റെ വക്ത്രം
മുകരും സമീരണൻ മന്ത്രിപ്പൂ സനിശ്വാസം
കടൽ തൻ സാമ്രാജ്യത്തെ നീട്ടുവാൻ തിടുങ്ങുന്നു
കര കീഴടങ്ങാതെ നില്ക്കുവാൻ യത്നിക്കുന്നു.”–

ഇതിനു കവികോകിലം മറുപടി പറയുന്നു:

“സാധോ മംഗളം ഭവാൻ ചെന്നു
പൂകുകുദ്ദിഷ്ടസ്ഥാനം പുണ്യമാർഗ്ഗത്തിൽ കൂടി
ലോകലാവണ്യക്കരിംകൂവളപ്പൂവിൻപത്ര-
മാകമ്രസ്വാതന്ത്ര്യശ്രീദേവിതൻപുണ്യക്ഷേത്രം
നാകമണ്ഡലം കാൺകെത്തന്നത്താൻ മറന്നവ-
നാകയാം ഞാനെൻപാട്ടു സാർത്ഥമോ നിരർത്ഥമോ?
തരണിക്കെഴും ഭംഗിയില്ലമേ! കഴുകന്റെ
ദൂരദൃഷ്ടിയുമില്ലീമാമരക്കൊമ്പത്തെങ്ങാൻ
ആകാശത്തിന്റെ നിത്യസൗന്ദര്യം പാടിപ്പാടി-
ശ്ശോകാസ്പൃഷ്ടാത്മാവായി കാലയാപനം ചെയ്വേൻ
ജീവിതപ്പോരിൽ തോറ്റു തോറ്റുള്ളം കീറിക്കീറി
മേവിടും സഹോദരന്മാരിലാർക്കാനും പക്ഷേ
ആനന്ദദാനം ചെയ്വാൻ ശക്തിയായേയ്ക്കുമെന്റെ
ഗാനം ഞാനതിക്ഷുദ്രപക്ഷിയായിരുന്നോട്ടേ.”

പയറ്റിത്തെളിഞ്ഞ ഒരു വിദഗ്ദ്ധകവിയുടെ തൂലികയിൽനിന്നേ ഇത്തരം കവിതകൾ നിർഗ്ഗളിക്കൂ.

നുകരു നുകരു ജീവിതാസവം
സ്വകമുഖമാര്യ! തുടുക്കുവോളവും
അകലുഷസുഖമത്തരായ്മറ-
ക്കുകനിജസത്വരഭംഗുരസ്ഥിതി
ഹിമകണമണിമാല ചാർത്തിടും
സുമധുരരൂപ ഭവാന്റെ പൊന്നുടൽ
ശ്രമവിവശമദാകുലാലസ-
ഭ്രമരികൾതൻപരിരംഭമേല്ക്കുക.

ഇത്യാദി പദ്യങ്ങളിൽ നിന്നു്, ഇതിനിടയ്ക്കു് ഇക്കവി പാരസിക ‘സൂഫിസ’ത്തിനു് അധീനനായിക്കഴിഞ്ഞു എന്നും തെളിയുന്നു.

കവിയുടെ വാക്യത്തിൽ പറഞ്ഞാൽ ‘കാലം എന്റെ ഹൃദയത്തിൽ വിതച്ച അനുഭവങ്ങൾ മുളച്ചുവളർന്നു വിളഞ്ഞവ’യാണു് ചെങ്കതിരുകൾ. അതിലെ പന്ത്രണ്ടു കവനങ്ങളും കവിയുടെ നവനവോന്മേഷ ശാലിനിയായ പ്രതിഭയുടേയും അനുഭൂതികളുടേയും ചെങ്കതിരുകൾ തന്നെയാകുന്നു. ‘ഭാരതഹൃദയം’ എന്ന പ്രതിരൂപാത്മക ഗാനംകൊണ്ടു് അതു് ആരംഭിക്കുന്നു. മുദ്രക്കൈകൾ മനസ്സിലായിട്ടുള്ളവർക്കേ കഥകളി കണ്ടു പൂർണ്ണമാത്രയിൽ രസിക്കാൻ സാധിക്കൂ. അതുപോലെ പ്രതിരൂപാത്മക കാവ്യങ്ങൾ വായിച്ചു രസിക്കാനും അല്പം ചില ഒരുക്കങ്ങൾ എല്ലാം വേണം. സാമ്രാജ്യ ദുർമ്മോഹിയായ ഫാസിസ്റ്റ് ജപ്പാൻ പൗരസ്ത്യ സ്വാതന്ത്ര്യഗാനം മുഴുക്കിക്കൊണ്ടു പെസഫിക്തീരത്തിലുള്ള രാജ്യങ്ങളെ ഓരോന്നായി സ്വാധീനപ്പെടുത്തീട്ടു് ഇന്ത്യയേയും വശപ്പെടുത്താൻ നോക്കുന്നു. അതിനെപ്പറ്റി കവി പ്രതിരൂപഭാഷയിൽ പറയുന്നു:

വേടനായിരുന്നേക്കാം പ്രാകൃതസാമ്രാജ്യത്തിൽ
രൂഢനാം വിശപ്പിനാലായുധമേന്തും ശത്രു
പേടമാനല്ലെന്നാലീബ്ഭാരതം മയങ്ങാനാ-
ക്കാടനാലാപിച്ചീടും സ്വാതന്ത്ര്യഗാനം കേട്ടാൽ;
മോചനം തരുമ്പോലും! ശാന്തസാഗരത്തിന്റെ
മേചകവിരിപ്പിലേയ്ക്കൊന്നു നോക്കിയാൽ കാണാം
തോലുടൽ പൊളിക്കുവാൻ നിരത്തിക്കിടത്തിയ
പോലവേ വിറങ്ങലിച്ചീടിന രാജ്യങ്ങളെ

“പരിഷ്കൃതന്മാരെന്നു സ്വയം അഭിമാനിക്കുന്ന സാമ്രാജ്യദുർമ്മോഹികൾ വാസ്തവത്തിൽ പ്രാകൃതന്മാരാണു്; ‘അവരെ, നിർദ്ദോഷജീവികളെ വേട്ടയാടി നടക്കുന്ന വേടന്മാരായി’ കല്പിച്ചിരിക്കുന്നു. അവരുടെ സാമ്രാജ്യ ദുർമ്മോഹമാണു് വിശപ്പു്. വിശപ്പു് ഏറുമ്പോൾ പ്രാകൃതന്മാർക്കു് ക്രൗര്യം വർദ്ധിക്കുന്നതുപോലെ, സാമ്രാജ്യദുർമ്മോഹം ബാധിക്കുമ്പോൾ ആക്രമകാരി രാജ്യങ്ങൾക്കു നിഷ്ഠൂരതയും വർദ്ധിക്കുന്നു.

വേടന്മാർ മാനുകളെ ആകർഷിച്ചു വരുത്താൻ പാട്ടുകൾ പാടാറുണ്ടല്ലോ. അതുപോലെ സാമ്രാജ്യദുർമ്മോഹിയായ ജപ്പാൻ ഇന്ത്യയെ സ്വാതന്ത്ര്യഗാനത്താൽ വശീകരിക്കാൻ നോക്കിയേക്കാം. പക്ഷേ അതു കേട്ടു ഭ്രമിക്കാൻ ഭാരതം മാനല്ലല്ലോ. ജപ്പാൻ സ്വാതന്ത്ര്യം തരുമ്പോലും, പെസഫിക് സമുദ്രത്തിന്റെ നീലിമ പൂണ്ട ഉപരിതലം ഒന്നു നോക്കുക. അതു എത്ര കലുഷമായിരിക്കുന്നു! അവിടെ ജപ്പാൻ എന്ന വേടൻ കൊന്നു തൊലിയുരിപ്പാൻ ഇട്ടിരിക്കുന്ന മലയാ ഈസ്റ്റിന്റീസ്, ഫിലിപ്പൈൻ തുടങ്ങിയ നിരവധി രാഷ്ട്രങ്ങളാകുന്ന മൃഗങ്ങളെ നിങ്ങൾക്കു കാണാം.” പ്രതിരൂപങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ, കുറഞ്ഞ വാക്കുകൾകൊണ്ടു കവിയ്ക്കു് ഒട്ടുവളരെ കാര്യങ്ങൾ ശക്തിപൂർവം പറവാൻ സാധിച്ചിരിക്കുന്നതു നോക്കുക.

ഇപ്രകാരമുള്ള പ്രതിരൂപാത്മകഭാവന പൂർവകവികളിലും കാണ്മാനുണ്ടു്. രൂപകാതിശയോക്തി, അപ്രസ്തുതപ്രശംസ, സമാസോക്തി, അന്യാപദേശം ഇത്യാദി അലങ്കാരങ്ങളിൽ പ്രതിരൂപകല്പനകളാണു് നാം കാണുന്നതു്. വിഷയപ്രതിപാദനത്തിന്റെ വൈശിഷ്ട്യമാണു് പ്രതിരൂപാത്മകത–അല്ലാതെ, അതു് ഒരു പ്രസ്ഥാനവിശേഷമല്ല. ധ്വനിയാണു് അതിന്റെ ജീവൻ.

രക്തബിന്ദു എന്ന കവനം കവിയെ കേരളീയ കവികളുടെ അഗ്ര്യസ്ഥാനത്തിലും സരോജിനിദേവി തുടങ്ങിയ ഭാരതീയകളുടെ മുന്നണിയിലും കൊണ്ടുചെന്നാക്കിയിരിക്കുന്നു.

ഈ നിണകണം നോക്കു ഗൗരവർണ്ണത്താൽ ധന്യ-
മാനിയായ് മുഖം കനപ്പിച്ചെഴും മുഗ്ദ്ധാത്മാവേ!
സംഗരം മോഹിക്കുന്നില്ലെങ്കിലും ലോകത്തിന്റെ
മംഗളം വളർത്തുവാൻ ധർമ്മത്തിൻവിളി കേൾക്കേ
ഗീതതൻ രാജ്യത്തിങ്കൽ നിന്നുമീ വിദൂരത്തെ-
ബ്ഭൂതലക്കടൽക്കരയിൽ സ്വയമെത്തി-
ജ്ജീവിതയജ്ഞം ചെയ്യും യോദ്ധാവിൻഹൃദന്തമാ-
ണീവിശിഷ്ടമാണിക്യം വിളയും ദിവ്യാകരം.
ഈയകൃത്രിമമായ ചുവപ്പിൽബ്ഭീരുത്വത്തിൻ-
ഛായയോ നൈരാശ്യത്തിൻരേഖയോ കാണ്മീലെങ്കിൽ
ജനിയുമതിനൊപ്പം ലോകപൗരുഷത്തിന്റെ
ഖനിയിൽത്തിരഞ്ഞിട്ടു മറ്റൊന്നു നേടീലെങ്കിൽ
കാന്തി മൽക്കോടീരത്തിൽച്ചാർത്തട്ടേ ജയലക്ഷ്മി
ശാന്തി–ലോകത്തിൻശാന്തിയാണതിൽ വിലസുന്നു.

ഇതുപോലെയുള്ള അവസരത്തിൽ ഇതേവിഷയത്തെ അടിസ്ഥാനപ്പെടുത്തി ശ്രീമതി സരോജിനിനായിഡു രചിച്ചതാണു് The Gift of India എന്ന ഉൽകൃഷ്ട കവിത. രണ്ടുപേരും ബ്രിട്ടീഷുകാരെ, തൊലിയുടെ വെണ്മയിൽ അഭിമാനം കൊള്ളുന്ന വെള്ളക്കാരെ, അഭിസംബോധനം ചെയ്യുന്നു. സരോജിനീദേവി,

When the terror and tumult of hate shall cease
And life be refashinoed on anvils of peace
And your love shall offer memorial thanks
To the Comrades who fought in your dauntles ranks
And you honour the deeds of the deathless ones
Remember the blood of my martyred sons.

എന്നു് അപേക്ഷിക്കുമ്പോൾ, നമ്മുടെ കവി പറയുന്നതു് ഇങ്ങനെയാണു്.

‘ശാന്തി–ലോകത്തിൽ ശാന്തിയാണു് ഇതിൻ വില’ ഇതിലെ ഓരോ വാക്കും അർത്ഥ ഗർഭമാണു്. യൂറോപ്പു് രണ്ടു ചേരികളായി പിരിഞ്ഞു യുദ്ധം ചെയ്യുന്നു ഒരു വശത്തു ജർമ്മനിയും കൂട്ടരും; മറുവശത്തു് ബ്രിട്ടീഷുകാരും സഖ്യരാജ്യങ്ങളും. ഇതിൽ ഫാസിസ്റ്റ് ജർമ്മനി അക്രമകാരിയാണെന്നും, ധർമ്മം ഇംഗ്ലണ്ടിന്റെ പക്ഷത്തിലാണെന്നും ഉള്ള വിശ്വാസത്തിൽ സമാധാനപ്രിയയായ ഭാരതഭൂമി തന്റെ സന്താനങ്ങളെ വിദൂരസ്ഥമായ മദ്ധ്യധരണി പ്രദേശങ്ങളിലേയ്ക്കുപോലും അയയ്ക്കുന്നു–‘ഗീതതൻ രാജ്യത്തിങ്കൽ നിന്നു്’–എന്നും–‘സ്വയം’ എന്നും ഉള്ള ക്രിയാവിശേഷണങ്ങളാൽ, ശ്രീകൃഷ്ണന്റെ ദിവ്യവാണിയെ അക്ഷരംപ്രതി അനുവർത്തിച്ചു വരുന്ന ഇന്ത്യയ്ക്കു് ഈ വിഷയത്തിൽ പരപ്രേരണ ആവശ്യമില്ലെന്നു സൂചിപ്പിക്കുന്നു. അപ്രകാരം ഭാരതമാതാവിനാൽ നിയോഗിക്കപ്പെട്ട പ്രിയസന്താനങ്ങൾ വിശ്വത്തിന്റെ ക്ഷേമത്തിനും സുഖത്തിനും വേണ്ടി തങ്ങളുടെ രക്തം ചൊരിയുന്നു. അതിൽ ഓരോ തുള്ളിയും വിശ്വക്ഷേമമാണു തങ്ങളുടെ ക്ഷേമമെന്നു വിശ്വസിക്കുന്ന ഭാരതീയന്റെ നിർമ്മലഹൃദയഖനിയിൽ വിളയുന്ന മാണിക്യക്കല്ലാണു്–അതിന്റെ–ആ രക്തബിന്ദുവാകുന്ന മാണിക്യത്തിന്റെ ചുവപ്പിൽ ഭീരുത്വത്തിന്റേയോ നൈരാശ്യത്തിന്റേയോ മലിനച്ഛായ കാണുകയില്ല–അതുപോലൊരു രത്നം ഭാരതീയ ഹൃദയഖനിയിലല്ലാതെ മറ്റെങ്ങും വിളയുകയുമില്ല. ജയലക്ഷ്മി അതിനെ കാന്തിമത്തായ കോടീരത്തിൽ ചാർത്തിക്കൊള്ളട്ടെ പക്ഷേ അതിന്റെ വില ശാന്തി–ഭാരതത്തിന്റെ മാത്രമല്ല, യൂറോപ്പിന്റെ മാത്രമല്ല–വിശ്വത്തിന്റെ ശാന്തിയാണു്. ‘ലോകാഃ സമസ്താ സുഖിനോ ഭവന്തു’ എന്നാണല്ലോ ഭാരതീയന്റെ നിത്യപ്രാർത്ഥന.

അടുത്ത ‘കൊച്ചമ്മ’ സാധാരണന്മാർക്കുപോലും സുഗമമായിരിക്കുന്ന ഒരു മനോജ്ഞകൃതിയാകുന്നു. ദരിദ്രനും ധനികനും തമ്മിലുള്ള അകൽച്ചയെ ഇതിനെക്കാൾ ഭംഗിയായി ആർക്കും ചിത്രീകരിക്കാൻ സാധിക്കയില്ല. ഈ ചിത്രത്തിൽ ഉജ്ജ്വലവർണ്ണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണു് അതിന്റെ ആകർഷക ശക്തിയുടെ നിദാനം. ഉച്ചസമയം ഉമ്മറത്തിളംമണിത്തിണ്ണമേൽ ഇരുന്നു് ഒരു കൊച്ചമ്മ തന്റെ ചെറുപൂച്ചയെ താലോലിച്ചും വെള്ളിക്കിണ്ണത്തിലിരിക്കുന്ന പാൽ പ്രയാസപ്പെട്ടു കുടിപ്പിച്ചും സമയം കൊല്ലുന്നു. തത്സമയം അതേവരെ പിച്ച തേടീട്ടു് ഒരുതുള്ളി കഞ്ഞിവെള്ളംപോലും കിട്ടാത്ത,

‘ദുർഭിക്ഷം മാംസം കാർന്നി-’

ട്ടെല്ലുമാത്രമായ്ത്തീർന്ന യാചകകുമാരൻ ഒരുത്തൻ തെല്ലുദൂരത്തു നിന്നു്,

നാവിനാൽ നുഴയുന്നു പാൽ നുകർന്നീടും ധന്യ
ജീവിയെ ക്ഷുധാ ജഡദൃഷ്ടിയാൽ വീക്ഷിക്കുന്നു
മാനവകുലത്തിൽ വന്നെന്തിനു പിറന്നെന്നും
താനവൻ വിചാരിക്കേ കണ്ണുകൾ കലങ്ങുന്നു.

കൊച്ചമ്മ ‘കാറ്റിൽ തണ്ടൊന്നുലയും തണ്ടാർപോലെ’ മുഖം തിരിച്ചു്, പുരികം ചുളിച്ചുകൊണ്ടു്, ‘കടന്നുപോ’ ‘കാരിമോന്തയുംകൊണ്ടെൻ മല്ലിക്കു കൊതിപറ്റും’ എന്നു ഗർജ്ജിക്കുന്നു. ആ യാചകകുമാരനാകട്ടെ,

മോളിലേയ്ക്കവനനൊന്നു നോക്കിനാർ ആ നോട്ടത്തിൽ
കാളിടും ചൂടിൽ ദൈവം ദഹിച്ചു പോയില്ലല്ലീ?
ഒന്നവൻ നെടുതായി വീർപ്പിട്ടാൻ ധർമ്മത്തിന്റെ-
യുന്നതമണിദ്ധ്വജം കുലുങ്ങിപ്പോയീലല്ലീ?

അവൻ അവിടെനിന്നു മറഞ്ഞു; തന്വി തന്റെ കസാലയിലും ചാഞ്ഞു–

“മയങ്ങാൻ വൈകീലല്ലീ?”

ഇതുപോലെ തന്നെ ഇതിലെ മറ്റു കവിതകളും മനോജ്ഞമായിട്ടുണ്ടു്. അവയിലെല്ലാം ഭാവനാസുരഭിലമായ പ്രതിരൂപാത്മകത്വം വ്യാപിച്ചിരിക്കയും ചെയ്യുന്നു.

‘നിമേഷ’ത്തിൽ കവിയുടെ വീക്ഷണകോടി അവതാരികാകാരൻ പറയുംപോലെ ‘പൂർവാധികം സാർവ ലൗകികവും ഏറിയകൂറും സാമ്പത്തിക സമത്വസ്ഥാപനമെന്ന ഏക ലക്ഷ്യത്തിൽ കേന്ദ്രീകൃതവും ക്ഷണികപ്രശ്നോൻമുഖ’വുമായിരിക്കുന്നു. കവി ടാഗോറിന്റേയും പാരസിക കവികളുടേയും പിടിയിൽ നിന്നു നിശ്ശേഷം മുക്തനായിട്ടു് സ്വതന്ത്രമായ ഒരു സരണിയെ അവലംബിച്ചും കാണപ്പെടുന്നു. പ്രതിരൂപങ്ങൾ പണ്ഡിതനും പാമരനും ഒരുപോലെ സുഗ്രഹമായിരിക്കുന്നു എന്നുള്ളതാണു് മറ്റൊരു വിശേഷം.

ജീവിതപ്പൂവിലെത്തേൻ നുകൎന്നങ്ങനെ
താവിന കൗതുകാൽ പാറിപ്പാറി
നീരവംപോകുന്ന കൊച്ചുനിമിഷമേ
ചോരനാം നിന്റെ ചിറകുകളെ
കോൾമയിർക്കോലും തൻകൈകളിലാക്കാനെൻ
കോമളഭാവന മോഹിക്കുന്നു
ചുംബിച്ചുചുംബിച്ചെൻ നെഞ്ചിലടയ്ക്കുവാൻ
വെമ്പുമീമുഗ്ദ്ധയെ വഞ്ചിക്കൊല്ലേ
കാലിണ കെട്ടട്ടേ നേരിയവാക്കിന്റെ
നൂലിനാലോമനേ നോവിക്കാതെ
… … …
… … …
മുന്നിൽനിന്നെത്തുന്നു, പിന്നിൽ മറയുന്നു
മിന്നലും ഞെട്ടുന്ന വേഗമോടെ
എങ്ങുനിന്നെങ്ങുനിന്നേകാന്ത വൈചിത്ര്യം
തങ്ങിമിക്കൊച്ചു നിമിഷമെല്ലാം
എങ്ങുപോയെങ്ങുപോയ്മായുന്നു ഭാവന-
യിങ്ങു പകച്ചു മിഴിച്ചുനില്ക്കേ
നേർമ്മയിൽ തൻവിരൽത്തുമ്പിന്മേലൊട്ടിയോ-
രോർമ്മതൻ സ്നിഗ്ദ്ധമാം രേണുക്കളേ
പുഞ്ചിരിതൂകിയും കണ്ണുനീർവാർത്തുമീ-
വഞ്ചിത നോക്കുന്നു മാറി മാറി
എത്രമേൽ ക്ഷുദ്രമല്ലോരോനിമിഷമാ-
പ്പത്രമടിച്ചതു പാറീലെങ്കിൽ
എണ്ണിയാലെത്താത്ത ജീവിതസ്പന്ദങ്ങൾ
മണ്ണിലും വിണ്ണിലുമുണ്ടാകുമോ?
… … …
… … …
എത്രമേൽ ക്ഷുദ്രമല്ലോരോനിമിഷമ-
പ്പത്രമടിച്ചതു പാറിടുമ്പോൾ
അണ്ഡകടാഹവും മുൻപോട്ടു മുൻപോട്ടു-
ച്ചണ്ഡമാം വേഗത്താൽ നീങ്ങീടുന്നു
ഓരോ ചിറകടി ജന്തുചിത്തങ്ങളി-
ലോരോവിധത്തിൽ പ്രതിദ്ധ്വനിക്കേ
കർമ്മസംസ്കാരത്തിൻമാർഗ്ഗത്തിലൂടവേ
ജന്മമൃതികൾ ചവിട്ടിക്കേറി
ചെന്നീടും ജീവിതഘോഷയാത്രയ്ക്കതു
തന്നെയാണാനകധ്വാനകേളി
… … …
… … …
പിന്നാലെ പിന്നാലെ തൊട്ടുതൊട്ടങ്ങനെ
വന്നീടും മുഗ്ദ്ധചലനങ്ങളെ
നിങ്ങൾ പരത്തും ചിറകിൻനിഴലല്ലീ
ഞങ്ങൾതന്നത്ഭുതമായ വാനം?
നിത്യമായ് നിശ്ചലമായതു കാണുന്നു
സത്യമായ്തോന്നുന്ന മിഥ്യമാത്രം.”

ഈ ഗാനത്തിൽ ജീവിതത്തിലെ ക്ഷണികങ്ങളും ക്ഷുദ്രങ്ങളുമായ നിമിഷങ്ങളെ ‘ജീവിതപ്പൂവിലെ തേൻ നുകർന്നു’ പാറിക്കൊണ്ടിരിക്കുന്ന ചിത്രശലഭങ്ങളായി കല്പിച്ചിരിക്കുന്നു. അവ ചിറകടിച്ചു പാറാതിരുന്നാൽ ജീവിതസ്പന്ദങ്ങൾ എവിടെ? ജനിമൃതിരൂപമായ സംസാരമെവിടെ? ബ്രഹ്മാണ്ഡകടാഹത്തിന്റെ പുരോഗതി എവിടെ? അവ സനാതനത്വം എന്നു പറയപ്പെടുന്നതു് ഈ ചിത്രശലഭത്തിന്റെ നിഴലുകൾ മാത്രമാണത്രേ. ഇങ്ങനെ താല്ക്കാലികങ്ങളും ക്ഷുദ്രങ്ങളുമായ പ്രശ്നങ്ങളെ അധികരിച്ചു് കവിത രചിക്കുന്നതു് അനുചിതമാണെന്നുള്ള വാദത്തെ അദ്ദേഹം നിഷേധിച്ചിരിക്കുന്നു.

ഒരേ തീയ്:

ഇന്നു ഞാൻ വീടിക്കാരൻതൻകടയ്ക്കരികത്തു
നിന്നു ഭാവന മെല്ലെച്ചിന്തമേൽ കൊളുത്തുമ്പോൾ
പകലിൻ വീടിക്കുറ്റിവാനിലേ മുകിൽക്കുപ്പ-
യ്ക്കകമേ കെടാറായിട്ടപ്പൊഴുമെരിയുന്നു
പീടികയുടെ പുറംകോലായിൽച്ചുരുൾനീളൻ
ചൂടിയൊന്നറ്റത്തിങ്കൽ നീറുന്ന ചെന്തീയോടെ
കിടപ്പൂ കനൽക്കണ്ണൻ പാമ്പുപോലതിൽ നിന്നു
മിടയ്ക്കു നാവിന്നൊപ്പം നീളുന്നു പുക കാറ്റിൽ

ഇവിടെ ബീഡി നിസ്വേന്റേയും ബീഡിക്കാരന്റെ എരിയുന്ന കയറിനെ സൗഭ്രാത്രത്തിൽ അടിയുറച്ച രാഷ്ട്രവിധാനത്തിന്റേയും പ്രതിരൂപങ്ങളാക്കിയിരിക്കുന്നു.

വീടിയും വലിച്ചതിൻപുകവിട്ടാകാശത്തിൽ-
ക്കൂടി നല്ലിരുട്ടിന്റെ വള്ളികൾ പടർത്തതിൽ
ഇമകൾ വിരിച്ച തൻകൺകളെ പാറിപ്പിച്ച്-
ഗമയിലിരിക്കയാണന്നേരം കടക്കാരൻ
ലീലയിൽ നിജശ്വാസംകൊണ്ടു ശൂന്യതയിങ്കൽ
ചാലവേ പലതരം മിഥ്യകളുളവാക്കി,
മേവിടും പുരോഹിതകല്പിതദൈവത്തിനും

ഈ വിദഗ്ദ്ധനും തമ്മിൽ ഒരു വ്യത്യാസവുമില്ലത്രേ.

പുരോഹിതമതപ്രകാരം ഈശ്വരൻ ശൂന്യതയിൽനിന്നു് മിഥ്യാജാലമായ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നു. എന്തിനെന്നു ചോദിച്ചാൽ—അതു് ഈശ്വരന്റെ ലീലയാണെന്നു പുരോഹിതൻ പറയും. അതുപോലെ ഈ ബീഡിക്കാരൻ വിനോദാർത്ഥ ബീഡി വലിച്ചു ശൂന്യാകാശത്തിൽ മിഥ്യാരൂപങ്ങൾ ഉളവാക്കുന്നു.

ഈ കടക്കാരന്റെ ചുറ്റും കിടന്നിരുന്ന ബീഡികൾ കണ്ടപ്പോൾ കവിക്കു്, ‘ഭാരതത്തിലെ നിരക്ഷരന്മാരാം നിഃസ്വന്മാരുടെ’ ഓർമ്മ വന്നു. ബീഡിയുടെ പരുപരുത്ത പുറങ്കുപ്പായം, സൗരഭ്യമില്ലായ്മ, ഉള്ളിൽ മാദകവസ്തുവിന്റെ അല്പത്വം, അലക്ഷ്യഭാവത്തിലുള്ള കിടപ്പു് ഈ ഗുണങ്ങളാണു് പ്രസ്തുത സാമ്യബോധം ജനിപ്പിച്ചതെന്നു് അടുത്ത വരികളിൽ നിന്നു് സ്പഷ്ടമാകും.

മല്ലുകുപ്പായംപൂണ്ടുമാങ്ഗലാക്ഷരമാർന്നും
തെല്ലുയർച്ച ഭാവിക്കും സിഗററ്റെല്ലാമെന്തേ
നല്ലകൂടുകൾപോലുമില്ലാത്തൊരീവർഗ്ഗത്തെ-
ച്ചൊല്ലിയിങ്ങനെ ഹസിച്ചകന്നു മേവീടുന്നോ?

ഇവിടെ സിഗററ്റു് സുവേഷനും അഭ്യസ്തവിദ്യനും ദാംഭികനും സുസ്ഥനും ആയ ധനികനെക്കുറിക്കുന്നു. സമ്പന്നനു നിഃസ്വനോടുള്ള വെറുപ്പും ഇവിടെ സമാസോക്തിരീത്യാ പ്രകാശിപ്പിച്ചിരിക്കുന്നു.

കവി സിഗററ്റിന്റെ ഭാവം കണ്ടിട്ടു് വിചാരിക്കുന്നു:

ചാരമൊക്കെയും ചാരമൊടുവിൽ ഗർവെന്തിനു
സാരഹീനരേ! വില്ക്കപ്പെട്ട വർഗ്ഗവുമല്ലേ?

ഇവയ്ക്കു തമ്മിൽ എന്തു മൗലികവ്യത്യാസം? ഇരുകൂട്ടരും സാരഹീനന്മാർ—ദാസർ—ഇരുകൂട്ടരുടെയും അവസാനം ഒന്നുപോലെ തന്നെ.

ഈ വിചാരത്തോടുകൂടി ദുഃഖിതനായി കവി പോകാൻ ഭാവിക്കവേ,

ആവഴിക്കണകയായ് ബീഡിവാങ്ങിപ്പാൻ ചിലർ
നായരീഴവൻ കൃസ്ത്യൻ മുസൽമാനൊരേ തീയാ-
ലായവരുടെ വീടി കൊളുത്തിക്കടന്നുപോയ്

അതു കണ്ടപ്പോൾ,

കേവലമൊരേ ചൈതന്യത്തിനാൽ ജഡത്തിന്മേൽ
ജീവബിന്ദുവേപ്പിടിപ്പിച്ച നാം ജഗത്തിങ്കൽ
എന്തിനു ദുരഭിമാനങ്ങളാലിരുട്ടിൽപ്പെ-
ട്ടുന്തിയും കലഹിച്ചും ജീവിതം കെടുത്തുന്നു?
നാളെ നാം ചിതയുടെ ചുണ്ടിൽ ബീഡിയായ്ക്കത്തി
നാറിടാം പുകയരുതപ്പൊഴും ജ്വലിക്കണം.

എന്നുള്ള വിചാരത്തോടുകൂടി കവി തന്റെ പാട്ടിനുപോയി.

ശങ്കരക്കുറുപ്പിന്റെ കൃതികളിൽ പലതും പുരോഗമനസാഹിത്യത്തിൽ കൊള്ളിക്കാമെങ്കിലും ‘നാളെ’ എന്ന കവനമാണു് അതിനു് സർവഥാ അർഹമായിരിക്കുന്നതെന്നു് ഏ. ബാലകൃഷ്ണപിള്ള അവർകൾ പറഞ്ഞിരിക്കുന്നു.

ശാശ്വതരശ്മികളുടെ കൂട്ടത്തിൽ ‘സ്വാതന്ത്ര്യഗീതവും’ ഉൾപ്പെടുത്തിക്കാണുന്നു.

ഇവയ്ക്കുപുറമേ ‘ഇരുട്ടിനു മുൻപു്’ മുതലായ ഗദ്യനാടകങ്ങളും ചില പാരസീകകൃതികളുടെ തർജ്ജമകളും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

നാലപ്പാട്ടു് നാരായണമേനോൻ

മിസ്റ്റർ മേനോൻ എനിക്കു് പരിചയപ്പെട്ടതു് വള്ളത്തോൾ മുഖേനയാണു്. ആൾ അതികൃശശരീരനെങ്കിലും, നേത്രങ്ങളിൽ അന്തർമുഖത സ്ഫുരിക്കും. അദ്ദേഹം പുകയിലമാഹാത്മ്യം, പൗരസ്ത്യദീപം, പുളകാങ്കുരം, സുലോചന, സാപത്ന്യം, പാവങ്ങൾ, രതിസാമ്രാജ്യം മുതലായ പലേ കൃതികൾ രചിച്ചിട്ടുണ്ടെന്നുവരികിലും അദ്ദേഹത്തിന്റെ കീർത്തി നിലനില്ക്കാൻ പോകുന്നതു് കണ്ണുനീർത്തുള്ളി, ചക്രവാളം മുതലായ കാവ്യതല്ലജങ്ങൾ വഴിക്കാണു്.

നാലപ്പാടൻ 1063 കന്നി 22-ാം തീയതി വന്നേരി നാലപ്പാട്ടേ മാധവിയമ്മയുടേയും മണ്ണൂർ പുരുഷോത്തമൻ നംപൂരിയുടേയും പുത്രനായി ജനിച്ചു. അഞ്ചാം ഫാറംവരെ പഠിച്ചിട്ടു് പഠിത്തം നിർത്തി; പിന്നീടു് ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടേ ഇരുന്നു. കാട്ടുമാടത്തിൽ ഒരു ശാസ്ത്രിയുടെ അടുക്കൽ നിന്നു് കുറേ സംസ്കൃതവും പഠിച്ചു; എന്നാൽ സ്വപരിശ്രമം കൊണ്ടാണു് അതിൽ സാമാന്യം വ്യുല്പത്തി അദ്ദേഹം നേടിയതു്.

കുടുംബക്ലേശങ്ങൾ നിരന്തരം അലട്ടുകയാൽ 27-ാംവയസ്സിൽ അദ്ദേഹം നാടുവിട്ടു. അൽമോറയിൽച്ചെന്നു് സന്യസിക്കാൻ ശ്രമിച്ചെങ്കിലും, സ്വമാതാവിനെ ഓർത്തു തിരിച്ചുപോന്നു. അചിരേണ അദ്ദേഹം ബ്രഹ്മവിദ്യാസംഘത്തിൽ ചേർന്നു. 1096-ൽ മാതാവിന്റെ പ്രേരണാനുസരണം കാളിപുറയത്തു മാധവിഅമ്മയെ വിവാഹം കഴിച്ചു. ആ സ്ത്രീരത്നത്തിന്റെ വിയോഗത്തെ ആധാരമാക്കി രചിച്ചതാണു് കണ്ണുനീർത്തുള്ളി. 1112-ൽ പ്രഥമപത്നിയുടെ അവരജയായ ബാലാമണിഅമ്മയെ വിവാഹം കഴിച്ചു. സന്താനങ്ങൾ ഉണ്ടായില്ല. 63-ാം വയസ്സിൽ മരിച്ചു.

കണ്ണുനീർത്തുള്ളി

കവി, തന്റെ പത്നിയായിരുന്ന കാളിപുറയത്തു ശ്രീമതി മാധവിഅമ്മയുടെ അകാലചരമത്തെപ്പറ്റി വിലപിക്കുന്നതാണു് പ്രസ്തുത കൃതി. അവരുടെ ദാമ്പത്യജീവിതത്തെ അവതാരികാകാരനായ ശ്രീമാൻ കുട്ടികൃഷ്ണമാരാർ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:

“ശ്രീമാൻ നാലപ്പാട്ടു നാരായണമേനോനും പരേതയായ ശ്രീമതി കാളിപുറയത്തു മാധവിഅമ്മയും—ആരുടെ സൗഭാഗ്യമധുരമായ ജീവിതം ഈ വാടാമലർമാലയുടെ അക്ഷയപരിമളമായിരിക്കുന്നുവോ, ആരുടെ പുണ്യാത്മാവു് ഈ സാരസൂക്തങ്ങളുടെ ആരാധ്യദേവതയായിരിക്കുന്നുവോ ആ ഭാഗ്യവതിയും, സമവയസ്കരായ അയൽപക്കക്കാരായിരുന്നു. എന്നിട്ടും അഥവാ അങ്ങനെ ആയിരുന്നതുകൊണ്ടു്, ഇവരുടെ പരസ്പരസമ്മതമായ വിവാഹം തുലോം ദുസ്സാധമായിത്തീർന്നു. ഏറിയ കാലത്തെ ആശകൾക്കും ആശാഭംഗങ്ങൾക്കും ശേഷമാണു് കവിയുടെ കാഴ്ചയിൽ, അവയുടെതന്നെ പരിണാമമായിട്ടാണു്, ഇവർക്കു് അഭിലഷിതസിദ്ധി കൈവന്നതു്. ആവിധം ദുഃഖലുബ്ധമാകയാൽ ആഹ്ളാദൈകമയമായിരുന്ന ആ ദാമ്പത്യം ആചാരപ്രവൃത്തമായ ദൗഹൃദോത്സവത്തിൽ വീണ്ടും കൗതുഹലഭരിതമായിരിക്കെത്തന്നെ, പത്തു മാസത്തിനകത്തു് കവിയുടെ ഈ ദിവ്യസുഖലാഭത്തെ എല്ലാ ഋതുക്കൾക്കും ഓരോ വട്ടം വന്നു കണ്ടുപോകുവാൻ തരപ്പെടുംമുമ്പേ നിരവശേഷം തകർന്നുപോയി.”

കവിതയുടെ സ്വഭാവത്തെ അവതാരികാകാരനെക്കാൾ ഭംഗിയായി ആർക്കും വർണ്ണിക്കാൻ സാധിക്കയില്ല.

“ഒന്നുതല ഉയർത്തി നോക്കു. എന്തൊരു ഹൃദയഭേദകമായ കാഴ്ച കവി തത്വചിന്തയുടെ ഉയർന്ന കൊടുമുടിയിലേറിയിരുന്നുകൊണ്ടു തന്റെ പൊട്ടിത്തകർന്ന ഹൃദയാന്തരാളത്തിന്റെ മുറി കെട്ടുന്നു; ഓരോ ചുറ്റു ചുറ്റുംതോറും രക്തം വീണ്ടും വീണ്ടും വഴിഞ്ഞു തള്ളുന്നു. ആ ഗിരിശിഖരത്തിന്റെ പ്രാന്തഭാഗങ്ങളിൽ ഏറിയ കാലമായി തപസ്സു ചെയ്തരുളുന്ന തല നരച്ച തത്വജ്ഞാനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടുന്നു. എന്നാൽ അവയുടെ പരുഷങ്ങളായ സാന്ത്വനങ്ങൾ ഉണ്ടോ ആ രക്തപ്രവാഹത്തെ തടയുന്നു? നേരേ മറിച്ചു് അവയിൽ ശ്രദ്ധ വയ്ക്കുംതോറും കവിയുടെ ആ മുറികെട്ടൽ അയഞ്ഞുപോവുക മാത്രമാണു്.”

കവി കണ്ണുനീർകൊണ്ടു് ഒരു കോട്ട കെട്ടുന്നു. ‘ചിന്താശകലങ്ങൾ കണ്ണുനീരിൽ പിടിച്ചു’ കെട്ടിപ്പൊക്കിയ ഈ കോട്ട ആരോ ഒരു ഞൊടിക്കിടയിൽ തകർത്തുകളഞ്ഞു.

കടൽപ്പുറത്തെപ്പൊടിമണ്ണടിച്ചു
കൂട്ടുന്നു; തട്ടിക്കളയുന്നിതൊപ്പം
സനാതനം മാരുതനീശ്വരന്റെ
സർഗ്ഗക്രമംകണ്ടു കുറിയ്ക്കയാമോ?
അല്ലെങ്കിലെന്തിന്നമലാംബരാന്തേ
ചിക്കൊന്നൊരാളേറ്റി ചുകപ്പുവർണ്ണം?
എന്തിന്നുടൻതാൻ കരിതേച്ചുമേലേ?
ജഗത്തിതിന്നുത്തരമേകിടട്ടേ

അതുകൊണ്ടു് പ്രപഞ്ചം എന്നും സൃഷ്ടിസംഹാരസ്വരൂപമാണെന്നു കവി പറയുന്നു.

എൻപ്രാണനിശ്വാസമെടുത്തുവേണം
പാഴ്പുല്കളിൽ കൊച്ചുഞരമ്പു തീർപ്പാൻ
ആവട്ടെ–എന്തിന്നു തളിർത്തുനില്ക്കു-
മവറ്റയെച്ചുട്ടുകരിച്ചിടുന്നു?

പ്രപഞ്ചശില്പിക്കു് ഉച്ചനീചത്വബോധമില്ല. അയാൾ കവിയുടെ പ്രാണനിശ്വാസത്തെ എടുത്തു പാഴ്പുല്ലുകൾക്കു ഞരമ്പു തീർക്കാൻ ശ്രമിക്കുന്നു. അതെങ്ങനെയും ആയിക്കൊള്ളട്ടെ. എന്നാൽ ഉത്തരക്ഷണത്തിൽ, ആ പുല്ലുകളേയും തളിർത്തുനില്ക്കുന്ന അവസ്ഥയിൽ അയാൽ ചുട്ടുകരിച്ചുകളയുന്നു. ഇതാണു സഹിക്കവയ്യാത്തതു്. ഇതെല്ലാം ആലോചിച്ചിട്ടു്,

അതോ തടംതല്ലിയലച്ച കണ്ണീ-
ർക്കടല്ക്കകം മുത്തുകളോ കിടപ്പു?
നരൻ കൃമാൽത്തന്റെ ശവം ചവിട്ടി-
പ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?
ദിനൗഘചക്രം കയറിച്ചവുട്ടി-
ച്ചിജ്ജീവിതക്കായലിനൻക്രമത്താൽ
വറ്റിപ്പതെന്തോ വിലകൂട്ടുമൊന്നു
വിതച്ചു കൊയ്തേറ്റുവതിന്നു താനോ?

എന്നിങ്ങനെ സംശയിക്കുന്നു. ആർക്കറിയാം.

അനന്തമഞ്ജാതമവർണ്ണനീയ-
മീലോകഗോളം തിരിയുന്നു മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?

എന്നിരുന്നാലും കവി ശുഭാപ്തിവിശ്വാസിയാണു്;

ഇരുൾക്കരിക്കട്ടകൾ കൂട്ടിയിട്ടു-
നിറച്ചു വൈരപ്പൊടി ചിന്തിടും നീ
മഹത്വമേ, മൃത്യുവിൽനിന്നെനിയ്ക്കെ-
ന്നനശ്വരത്വത്തെയെടുത്തു കാട്ടും.

ഇങ്ങനെയുള്ള തത്വചിന്തയിൽ, മനസ്സു നിശ്ശേഷം ശാന്തമായില്ലെങ്കിലും, തെല്ലൊരു ശുഭാപ്തിവിശ്വാസം വന്നു ചേർന്ന അവസ്ഥയിൽ, കവിക്കു ചില ഓർമ്മകൾ ഉദിക്കുന്നു.

ചെന്താമരത്താരെതിരാം മുഖത്തോ-
ടന്നും ദിനം നിദ്രയിൽനിന്നുണർന്നു
ഇളംതളിർച്ചാൎത്തു തുടൎന്ന നൃത്തം
കണ്ടിട്ടു പൂപ്പുഞ്ചിരിയും പൊഴിച്ചു.
കുളിച്ചുതൈത്തെന്നലിറങ്ങി മേന്മേൽ
ത്തളിച്ചു നീളെപ്പനിനീർക്കണത്തെ
തുളുമ്പുമോമൽത്തിരകൊണ്ടു മന്ദ-
മുണർത്തി പാർശ്വസ്ഥലിയെസ്സരസ്സും.

പൊന്നുംചിങ്ങമാസത്തിലെ അങ്ങനെയുള്ള മനോജ്ഞമായ ഒരു പുലർകാലത്തോടുകൂടി സമാരംഭിച്ച ദിവസം.

ആരോർത്തു സദ്വാസരമേ ബലാൽ നീ
ഹരിക്കുമെൻജീവിതസൗഖ്യമെന്നായ്!

അഥവാ,

അഹോ! ജഗത്തിൻകെടുഭാഗമേന്തും
പൊൻപട്ടുകൊണ്ടിട്ടു പൊതിഞ്ഞതാമോ?

നേരം ഉച്ചയായി. അപ്പോഴാണു് ഈ അനിഷ്ടസംഭവമുണ്ടായതു്.

തപിച്ചുനീയും, വിധിയെൻതലയ്ക്കി-
ട്ടടിച്ചവല്ലാത്തടി കാൺകമൂലം
എന്നാലതിപ്പോഴുമുടഞ്ഞിടാതെ
നിൽപുണ്ടിതാ ദുഃഖഭാരംചുമപ്പാൻ

ഇങ്ങനെ ദുഃഖഭരിതമായ ഹൃദയം വീണ്ടും തത്വചിന്തയിൽ അഭയം പ്രാപിപ്പാൻ നോക്കുന്നു.

ഉരുക്കീടുന്നൂ മിഴിനീരിലിട്ടു
മുക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാൻ.

എന്നിട്ടും ഫലമില്ല. സമസൃഷ്ടങ്ങളുടെ സഹതാപമെങ്കിലും ലഭിച്ചാൽ, തന്റെ ദുഃഖത്തിനു ശമനമുണ്ടാകുമായിരുന്നു എന്നു കവി വിചാരിക്കുന്നു. എന്നാൽ,

കരഞ്ഞുഞാൻ പൈതൽകണക്കു; പേച്ചു
പറഞ്ഞു മാൽപൂണ്ടുകിടന്നുരുണ്ടു
കാണുന്നതാർ–എന്നുമതാതുജോലി-
ത്തിരക്കിൽ നിർമ്മജ്ജിതമല്ലിലോകം?

അഥവാ അവർക്കു ജോലിത്തിരക്കില്ലെങ്കിൽത്തന്നെയും സഹതാപം ജനിക്കുമോ?

എന്നല്ല നിശ്ചേതനജാതിപോലും
സുഖത്തിലേ ദൃഷ്ടി പതിക്കയുള്ളു.

ഈ നിലയിൽ ജഗത്തിനെ അദ്ദേഹം വെറുക്കുന്നു.

അകം വെറും പൊള്ളയിതിൻപുറത്തേ-
പ്പുരട്ടിലേ മർത്ത്യർ മയങ്ങിടുന്നു.

സുഖം അന്തസ്സാരവിഹീനമാണു്; അതിനാൽ,

അണച്ചുകൊൾകെന്റെ ശിരസ്സിലാപ
ത്താവോളമിഷ്ടപ്പടി ദുർവിധേ!

എന്നിങ്ങനെ ഒരു നിർഭീകാവസ്ഥയെ അദ്ദേഹം അവലംബിക്കുന്നു. ഇപ്രകാരം പ്രപഞ്ചത്തോടുള്ള ബന്ധംപോലും അറുത്തു കളയാൻ നിശ്ചയിച്ച കവിയുടെ ഹൃദയത്തിൽ ദുഃഖാഗ്നി നിശ്ശേഷം ശമിച്ചുപോയോ! ഇല്ല—അതു നീറി നീറി അങ്ങനെ കിടന്നതേയുള്ളു.

കഴിഞ്ഞുകമ്രദ്യുതിപൂണ്ടുജന്മ-
പ്രഭാതമെൻ കണ്ണിലിരുണ്ടു കേട്ടു
തട്ടിത്തകർന്നൂ തെളിചായമിട്ടു
നിർമ്മിച്ചതാം നവ്യമനോരഥം മേ!
ചിരന്തനം സ്വർഗ്ഗവുമെന്റെഭാഗ്യ-
വിപര്യയാൽച്ചിന്നിമറഞ്ഞിതെങ്ങോ
എന്നെച്ചുഴന്നുണ്ടൊരു ശുദ്ധശൂന്യ-
ലോകം പിശാചിൻപടി നോക്കിനിൽപൂ
അനങ്ങിടുന്നീലിലകൂടി എന്തോ
വെറുങ്ങലിച്ചു തരുപംക്തി മുറ്റും
നേരറ്റ നൈഷ്ഠൂര്യമുറച്ചു കട്ട-
പിടിച്ചുവോ ലോകഹൃദന്തരക്തം?
ഇരിപ്പിടം തീക്കനൽ, ചുറ്റുപാടും
ഗുഹപ്പിളർപ്പേകനിവൻ വരാകൻ.

ഈ നിലയിൽ ഭാവിയെപ്പറ്റി ചിന്തിക്കാമെന്നുവച്ചാൽ, അവിടത്തെക്കഥ അതിലും ഭയങ്കരം.

കാറിൻകരിക്കട്ടകൾ വക്കിനങ്ങി-
ങ്ങനേകമട്ടാമുസുകാസ്ഥിഖണ്ഡം
ചാരംമുഴുക്കേ–ച്ചുടലക്കുളംപോ-
ലിരുന്നിതാ രാത്രിയിലന്തരീക്ഷം.

ഭാവ്യന്തരീക്ഷത്തിന്റെ സ്ഥിതി ഇതാണു്. ഇനി ഒരു വിവാഹം ചെയ്തു ദാമ്പത്യജീവിതത്തെ പുതുക്കാമെന്നു വിചാരിക്കുക. ആ പത്നിയും ഇതുപോലെ മരിച്ചുപോയേക്കും എന്നു നൈരാശ്യത്തിൽ ആണ്ടുപോയ കവി വിചാരിക്കുന്നു.

വീണ്ടും കവി തത്വചിന്തയെ അഭയം പ്രാപിക്കുന്നു.

അരക്ഷണത്തിന്നകമുമ്പർനാടാ-
യിരുന്നിടംപോയ് നരകാഭമായി
അനിത്യവസ്തുക്കളെയേച്ചുകൂട്ടി-
ത്തീർത്തുള്ളതുണ്ടോ നിലനിന്നിടുന്നൂ?

മനുഷ്യൻ മൂഢനാണു്. അവൻ ആത്മാവിലാണു് നിത്യസുഖമിരിക്കുന്നതെന്നറിയാതെ അനിത്യവസ്തുക്കളെക്കൊണ്ടു് ആനന്ദസൗധം പണിയാൻ ശ്രമിക്കുന്നു. അതു് അരനിമിഷത്തിനുള്ളിൽ തവിടുപൊടി തരിപ്പണമായിത്തീരുകയും ചെയ്യുന്നു.

കവി ഈ നിരാശയ്ക്കിടയിൽ പുനർജ്ജന്മത്തെ ഒരു നേരിയ രേഖപോലെ കാണുന്നു.

കൃതാർത്ഥരീ ഞങ്ങളശേഷജന്മാ-
ന്തരത്തിലും ദമ്പതിമാർ മനസ്സിൽ.

അടുത്ത നിമിഷത്തിൽ ആ ആശയും തകരുന്നു.

ഇങ്ങനെ കരഞ്ഞും ആശ്വസിച്ചും തത്വചിന്തയിൽ മുഴുകിയും, വീണ്ടും കരഞ്ഞും സമാധാനപ്പെട്ടും കവി ഒടുവിൽ ചെന്നെത്തുന്ന സ്ഥാനം നോക്കുക.

വിശ്രാന്തസംശുദ്ധികളെച്ചിരം മൽ-
ച്ചിന്താഗതിയ്ക്കേകിന ദിവ്യഗാനം
നിലച്ചു പൊൻകമ്പി മുറിക്കയാലെ-
ന്നിപ്പോൾ കൃതാന്തൻ കൃതകൃത്യനാവാം
അഹോ നഭസ്സാകെ നടന്നതെങ്ങോ?
ഗോളങ്ങളും കാറ്റിലുലഞ്ഞു പുല്ലും
ഒപ്പം പകർത്തുന്ന വിശുദ്ധരാഗ-
വിസ്താരമെങ്ങെങ്ങു വിനാശശബ്ദം
നാദപ്പൊരുൾച്ചിത്തിനെയൊക്കെയേക
സീൽക്കാരലേശത്തിലൊതുക്കിയന്നാൾ
ഇന്നൊറ്റവീർപ്പാലതിനെപ്പരത്തി
യാതൊന്നതിൻശക്തി ജയിച്ചിടുന്നു.

പരിശുദ്ധവും ദിവ്യവും ആയ പ്രേമംകൊണ്ടു നിറഞ്ഞതാണു് ഈ പ്രപഞ്ചം. പുല്ക്കൊടിമുതൽ ബൃഹദ്ഗോളങ്ങൾവരേയുള്ള സർവചരാചരങ്ങളും പ്രപഞ്ചത്തിന്റെ സ്നേഹാത്മകത്വത്തെ അനുനിമിഷം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ മരണം ആ വസ്തുതയെ എങ്ങനെ അനുഭവപ്പെടുത്തിക്കൊടുത്തു എന്നാണു് ഒടുവിലത്തെ പദ്യം കാണിച്ചിരിക്കുന്നതു്. അന്നു് തന്റെ പത്നി ജീവിച്ചിരുന്ന കാലത്തു്, പ്രേമം പ്രപഞ്ചത്തെ മുഴുവനും ആ പ്രേമഭാജനത്തിൽ ഒതുക്കി നിർത്തിയിരുന്നു. ഇന്നു് തദ്വിയോഗത്തിലാകട്ടെ, പ്രപഞ്ചം മുഴുവനും പ്രേമഭാജനമായി വികസിച്ചു സർവോല്ക്കർഷേണ വിജയിക്കുന്നു.

കവി അന്തർമ്മുഖനാണു്. അദ്ദേഹം പ്രപഞ്ചത്തിന്റെ ബാഹ്യസൗന്ദര്യത്തിൽ ലേശം ഭ്രമിക്കുന്നില്ല. ഈ കവിതയിൽ ഒരിടത്തും നായികയുടെ രൂപലാവണ്യത്തേപ്പറ്റി ഒരക്ഷരം പ്രസ്താവിച്ചിട്ടില്ലാത്തതു് അതുകൊണ്ടാണു്. പ്രകൃതിലാവണ്യത്തിലും അദ്ദേഹം മുഗ്ദ്ധനല്ല. അദ്ദേഹം യഥാർത്ഥ പ്രേമഗായകനാണു്.

ഏതു കവിക്കും ഒരു ആദർശമുണ്ടാകാതിരിക്കയില്ല. നാലപ്പാടന്റെ ആദർശം ‘ഇന്നത്തെ അമ്മ’ എന്ന കൃതിയിൽ വ്യക്തമായിക്കാണാം. ആ അമ്മ തന്റെ പുത്രന്റെ,

“ചേലഞ്ചുമോമനക്കൊച്ചുമുഖം കൺക-
ളാലേ നുകർന്നുകൊണ്ടു”

പറയുന്നു:

പൊന്നുമകനേ നിനക്കു നിരന്തരം
നിന്നമ്മ നേരുന്നു നന്മംഗളം
ചിന്നും രസത്താൽച്ചിരിക്കുമെൻപൈതലീ
മന്നിലെജ്ജീവിതമെന്തറിഞ്ഞു?
പൂവുപോലുള്ള നിൻതൂമെയ് തലോടുമ്പോൾ
നോവുമോ എന്നു ഞാൻ ശങ്കിക്കുന്നു;
ദൈവം നിനക്കു കുറിച്ചുവെച്ചുള്ളോരു
ജീവിതപ്പോരെത്ര നിഷ്ഠൂരമോ?
കള്ളത്തരവും ചതിയും നിറഞ്ഞൊരു
വെള്ളപ്പുറംപൂച്ചാണിപ്രപഞ്ചം
വല്ലതുംകാണിച്ചു ശീലിക്കാത്തോരുടെ
നല്ലൊരുവംശത്തിനങ്കുരം നീ
പൂർവ്വികന്മാരുടെ പുണ്യപദംചേർന്നു
പാവനമായ പന്ഥാവിലൂടെ
പാരിലവരെക്കാളുന്നതസ്ഥാനത്തി-
ലേറിയെന്നുണ്ണിയെക്കാണ്മതോഞാൻ?
പോവുക പോവുകൊരമ്മതന്നർത്ഥന-
യ്ക്കാവതുണ്ടെങ്കിലോ നന്മതാൻ തേ
പേടിപെടുത്തുകിൽ പിന്തിരിഞ്ഞീടാതെ
മാടിവിളിപ്പതും മാനിയാതെ
പട്ടുതാനാകിലും വെട്ടുതാനാകിലും
കിട്ടുന്നവയിൽ മനസ്സുന്നാതെ
നാലുഭാഗത്തുള്ളോരെത്രനിന്ദിച്ചുവെ-
ന്നാലുമെത്രയ്ക്കു പുകഴ്ത്തിയാലും
ആകാശംതന്നെയിറ്റിങ്ങുവീണീടിലു-
മാകാത്തകർമ്മത്തിൽ കൈചെല്ലാതെ
തൂമഞ്ജുകോമളച്ചുണ്ടാൽ നുകർന്നുള്ളോ-
രമ്മിഞ്ഞപ്പാലു ദുഷിപ്പിക്കാതെ
എന്മകനെത്തീടുകെത്തേണ്ടദിക്കിലീ-
യമ്മയെ മുറ്റുമൊരമ്മയാക്കാൻ.
ജീവിതയാത്രയ്ക്കു കയ്യിലിരിക്കേണ്ട-
താവതുമെന്നിലടുപ്പിക്കാതെ
പാവമായുള്ളിക്കുടുംബത്തിലല്ലയോ
ദൈവമെനിക്കു പിറവി തന്നു?
ഏവമെന്നോമനക്കുഞ്ഞിനുകുണ്ഠിത-
ഭാവമുണ്ടാകരുതൊട്ടുപോലും.
കേവലാത്മാവാകുമീശ്വരൻ നിന്നിലു-
മാവിധമേതു മഹർഷിയിലും
രാജ്യംഭരിക്കുന്ന രാജരാജങ്കലും
പൂജ്യനായത്രേ പ്രവർത്തിക്കുന്നു.
… … …
… … …
… … …
… … …
പിച്ചവാങ്ങിച്ച വലംകയ്യല്ലോപര-
ന്നുച്ചമാം സ്വർഗ്ഗത്തെത്തീർത്തുനല്കി
കല്ലിൽച്ചവുട്ടിപ്പതംവന്നകാൽചേർത്ത-
തല്ലോ ലക്ഷ്മീശന്നു വത്സചിഹ്നം
വേണമെന്നുണ്ടെങ്കിലേതുമഹാമേരു-
വാണു നിങ്കയ്യിൽ വരാത്ത കുഞ്ഞേ?
പിന്നിലേയ്ക്കേതും തിരിഞ്ഞുനോക്കില്ലെന്നു
മുന്നിലേയ്ക്കേറും മനുഷ്യനുണ്ടോ
മന്നിലസാദ്ധ്യമായ് വല്ലതുമെന്നല്ലോ
നിന്നിൽ മുതിർന്നവർ കാട്ടിത്തന്നു.
… … …
… … …
അന്യജനത്തിലുമന്യധർമ്മത്തിലു-
മന്യായമായിഭ്രമിച്ചിടാതെ
സന്യാസശീലരാമപ്പണ്ടുള്ളോരുടെ
ധന്യസ്മരണ നിന്നുള്ളിൽനിന്നാൽ
അമ്മതന്നോമനക്കൊച്ചുമിടുക്കനു
നന്മയല്ലാതെ കണ്ടിലയല്ലോ.

ഈ കവിതയിൽ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സ്ത്രീത്വമാണു് ഉണർന്നെഴുന്നേറ്റു സംസാരിക്കുന്നതെന്നുള്ള കാരണത്താൽ ശാശ്വതരശ്മികളുടെ പ്രസാധകന്മാർ ഇതിനെ പുരോഗമനസാഹിത്യകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇതിനെ കമ്മ്യൂണിസ്റ്റ് സാഹിത്യമല്ലെന്നുള്ള കാരണത്താൽ വീരപുരോഗമന സാഹിത്യകാരന്മാർ ഉപേക്ഷിച്ചേക്കാനാണു് അധികം സാംഗത്യം. ബൃഹൽപുരോഗമനസാഹിത്യം, വീരപുരോഗമനസാഹിത്യം എന്നു രണ്ടു വിധത്തിലുണ്ടല്ലോ.

പുളകാങ്കുരം കണ്ണുനീർതുള്ളിക്കു ശേഷം രചിക്കപ്പെട്ടതാണു്. കണ്ണുനീർതുള്ളിയിൽ എന്നതുപോലെ ഇക്കൃതിയിലും കവി സാഹിത്യലോകത്തിലെ ജർജ്ജരിതങ്ങളായ മാമൂലുകളെ നിശ്ശേഷം വിഗണിക്കയും യാഥാസ്ഥിതികർക്കു രുചിക്കാത്ത ഒരു നവസരണിയിലൂടെ കവിതാകാമിനിയേ നയിക്കയും ചെയ്തതിനാൽ അവർ തുറിച്ചുനോക്കാതിരുന്നില്ല. ഇതര കവികളെപ്പോലെ അദ്ദേഹം നവയുഗത്തിൽ സ്ഥിതി ഉറപ്പിച്ചു കഴിഞ്ഞു എന്നാണു് നാം ഇതുകൊണ്ടു മനസ്സിലാക്കേണ്ടതു്.

ചക്രവാളം വാസ്തവത്തിൽ ജീവിതവിമർശമാണു്. അതേ–ഏറെക്കുറെ നിർദ്ദയമായ വിമർശം. അതിൽ അദ്ദേഹം പാരമ്പരികവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നവരുടെ മിഥ്യാഭ്രമങ്ങളെ ഓരോന്നായി തകർക്കുന്നു. അദ്ദേഹത്തിന്റെ വികാരച്ചുഴിയിൽ അനുവാചകന്മാർ അകപ്പെട്ടു നട്ടംതിരിഞ്ഞുപോകുന്നു.

എൻതങ്കക്കുഞ്ഞിളംകൈവിരലായൊരു
മൺതരി നുള്ളിയെൻകയ്യിൽ വച്ചു
ചന്തം തിരളുമച്ചെംകവിൾചുംബിച്ചാ-
നന്തിക്കതിരോനുമെന്നെപ്പോലെ.
കുട്ടിതൻസമ്മാനം ദൃഷ്ട്വാ നുകർന്നതി-
ലൊട്ടിടയ്ക്കച്ഛനും കുട്ടിയായ്പ്പോയ്
ആരെയും കൊച്ചുകിടാങ്ങളെപ്പോലാക്കാൻ
പോരുമിങ്ങേതു പരമാണുവും.

ഒരു നിസ്സാരമണൽത്തരി—അതിനെ വച്ചുകൊണ്ടു് കവി പ്രപഞ്ചത്തെ അളക്കുന്നു—അല്ല, അതിൽ തന്നെ പ്രപഞ്ചത്തെ മുഴുവനും ദർശിക്കുന്നു; പ്രപഞ്ചത്തെ അതുകൊണ്ടളക്കുന്നു. വാലുകദാനത്തിൽ നിർഭരമായിരുന്ന ശിശുസ്നേഹം പിതാവിന്റെ പുത്രഗതമായ വാത്സല്യത്തേയും ജഗൽസാക്ഷിയുടെ വിശ്വഗതമായ പ്രേമത്തേയും യൗഗപദികമായി ഉണർത്തി പ്രപഞ്ചം പ്രേമമയമാണെന്നു അതിൽനിന്നു് കവി കാണുന്നു.

പാരിനിപ്പൈതങ്ങൾ തൻകഴൽതട്ടുമ്പോൾ
കോരിത്തരിപ്പതോ മൺതരികൾ
അപ്പരാശക്തിതൻവാത്സല്യവായ്പിനെ-
ത്തപ്പിക്കുറിച്ചിടുമക്ഷരങ്ങൾ
ബ്രഹ്മാണ്ഡകോടിയെ കൂട്ടിവിളക്കിടും
നിർമ്മാതാവിന്റെ പശപ്പെട്ടികൾ
കാരണരൂപത്തിൻനൽപ്രതിബിംബത്തെ
കാണിക്കുംകണ്ണാടിച്ചിൽത്തരികൾ
എമ്മട്ടുനിങ്ങളെത്തൊട്ടുതലോടേണ്ടു
ചുമ്മാ വലുതായ മൽക്കരങ്ങൾ

ഒടുവിലത്തെ രണ്ടു വരികളിൽ എളിയവയെന്നു നാം വിചാരിക്കാറുള്ളവ വാസ്തവത്തിൽ അങ്ങനെയല്ലെന്നും, അവയെ ആദരിക്കുന്നതിനു പകരം അവയോടു് കഥയില്ലാതെ വലിപ്പം ഭാവിക്കുന്നതു് കഷ്ടമാണെന്നും കവി സൂചിപ്പിക്കുന്നു. ഒരു മണൽത്തരിയിൽ ഒതുങ്ങാത്ത വിശ്വമില്ല; ഒരു നിമിഷത്തിൽ ഒതുങ്ങാത്ത സനാതനത്വവുമില്ല; ആ സ്ഥിതിക്കു്—ഇന്നു് ഈ നിമിഷത്തിൽ നാം ഒരു പരമാണുവിനെ സ്നേഹിക്കുന്നപക്ഷം, പ്രപഞ്ചത്തെ എന്നെന്നേക്കും സ്നേഹിക്കുന്നതുപോലെയാകുന്നു. ഈ മനോഭാവത്തോടുകൂടിയിരുന്നാലോ?

സൂക്ഷിച്ചുനോക്കുന്നു പുഞ്ചിരിക്കൊള്ളുന്നു
കാൽക്ഷണം ഹാ! നെടുവീർപ്പിടുന്നു
ലോകത്തിൻകയ്യിലും കിട്ടിയിട്ടുണ്ടു ഞാ-
നാകുംമണൽത്തരിയൊന്നിവണ്ണം.

ഞാൻ മണൽത്തരിയിൽ വിശ്വത്തെ ദർശിച്ചു് അതിനെ സ്നേഹിക്കുമ്പോൾ വിശ്വം എന്നെയും സ്നേഹിക്കുന്നു.

ഏവർക്കും സുഗമമായ പ്രതിരൂപങ്ങളെ പ്രയോഗിച്ചാണു് കവി ഈ കാവ്യതല്ലജം രചിച്ചിരിക്കുന്നതു്.

പ്രപഞ്ചം ദ്വന്ദ്വാത്മകമാണെന്നും ആ ദ്വന്ദ്വങ്ങളിൽ ഏതാണു് ഉത്തമം എന്ന പ്രശ്നത്തിൽ രണ്ടും സ്വീകാര്യം എന്നേ പറയാവൂ എന്നും അടുത്ത ഖണ്ഡികയിൽ വിവരിക്കുന്നു.

കൂരിരുൾച്ചാർത്തിനെച്ചെങ്കതിർകൈക്കൊണ്ടു
ദൂരത്തു തള്ളിയ വാനംവീണ്ടും
വാരിയെടുത്തു പുൽകുന്നു വെളിപ്പെട്ട
താരകരോമാഞ്ചമാർന്നതിനെ
എന്തിനെപ്പേടിച്ചു സർവ്വചരാചരം
തൻതന്നിഴലിനെപ്പോർത്തുപോർത്തും
ആത്മാവിലേക്കടുപ്പിച്ചുപോന്നു ക്രമാ-
ലപ്പൂർണ്ണതേജസ്സിരുട്ടിൽ മുങ്ങി;
സൗരമാർഗ്ഗത്തിലേയ്ക്കായിപ്പറന്നവ-
യോരോന്നും താനേ മടങ്ങിയെത്തി
ഇത്തമോവായ്പുതൻ ചേലച്ചുളികളിൽ
കുത്തിത്തിരുകുന്നു കൊച്ചുമുഖം
മുറ്റുമഗാധതയ്ക്കുള്ളിലങ്ങങ്ങുപോയ്
പറ്റിപ്പതുങ്ങിയിരുന്ന കൂട്ടർ.
അത്രമേലാഹ്ളാദംകൊണ്ടു തദ്ദൃഷ്ടിക-
ളെത്തിവിളങ്ങിയാവാനിടത്തും
ഇന്നെന്നവസ്തുവേയിന്നലെയാക്കുവാ-
നുന്നിയ കൈമുറുക്കത്തിനുള്ളിൽ
തമ്മിൽപിടിച്ചുപൂട്ടുന്നു ധരിത്രിയു-
മംബരവും പകലല്ലുകളും
ആകെയൊന്നാകെയൊന്നെന്നുരുവിട്ടേവ-
മാത്മാവിൽച്ചെന്നു ലയിച്ചു ലോകം.
രാവിന്റെ ജോലിത്തിരട്ടതും ചെമ്മഷി-
ത്തൂവലാൽച്ചോടേ വരണ്ടു തള്ളി
കാലേ പകലിനുമന്തിയേക്കൊണ്ടിതേ
കൂലിയെന്നാകിയ നിത്യതൃക്കൈ
എന്തിതെന്നിച്ചോദ്യമിട്ടുനിന്നാളശ്രു
ചിന്തിയപുല്കളാലൂഴി വീണ്ടും
ഉത്തരംകിട്ടാഞ്ഞിട്ടിയ്യൊരേച്ചോദ്യമാ-
വർത്തിക്കയല്ലല്ലീ ജീവിതങ്ങൾ
അല്ലെങ്കിലെന്നമ്മ കത്തിക്കും കൈത്തിരി-
യല്ലയോ ലോകവിജ്ഞാനദീപം?
ആരാർ പകലിനും രാവിനും തായമാ-
രാരണ്ടുപേർക്കുമെൻകൂപ്പുകൈകൾ?

ഇതിൽക്കാണുംപോലുള്ള അത്യന്ത സുഗമങ്ങളും ഹൃദ്യങ്ങളും ആയ പ്രതിരൂപങ്ങളാൽ ഈ മനോജ്ഞകാവ്യം വ്യാപ്തമായിരിക്കുന്നു. മാതൃകയ്ക്കായി ഇതിൽ കൂടുതൽ എടുത്തു ചേർക്കാൻ സാധിക്കാത്തതിൽ വ്യസനിക്കുന്നു.

നാലപ്പാടന്റെ കണ്ണുനീർത്തുള്ളിയും ചക്രവാളവും ഇംഗ്ലീഷിൽ തർജ്ജമ ചെയ്തിട്ടുണ്ടു്.

ഈ അവസരത്തിൽ നാലപ്പാട്ടു ബാലാമണിയമ്മയെപ്പറ്റിയും രണ്ടു വാക്കു പറയാതിരിക്കുന്നതു് ഉചിതമല്ല. പുരോഗമനസാഹിത്യകാരുടെ കൂട്ടത്തിൽ അത്യുന്നതമായ പദവി ഇപ്പൊഴേ സമ്പാദിച്ചുകഴിഞ്ഞിട്ടുള്ള ഈ വിദുഷി കൂപ്പുകൈ, അമ്മ, കുടുംബിനി, ധർമ്മാർഗ്ഗത്തിൽ, സ്ത്രീഹൃദയം, ഭാവനയിൽ, പ്രഭാങ്കുരം എന്നിങ്ങനെ ഏഴു് ഉത്തമകൃതികൾ കൈരളിക്കു സംഭാവന ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇതിലും ഉപരിയായ ഭൂഷങ്ങളെ ദേവി ഇനി കൈരളിയെ ചാർത്താതിരിക്കയില്ല. ഒന്നുരണ്ടു പദ്യങ്ങളെ മാതൃകയ്ക്കായി ചേർത്തുകൊള്ളട്ടേ.

ഇനിമേലിൽ
ജയ ജയ ജനയിത്രീ ഭാരതമേദിനീ ധർമ്മ
ജയപ്രദേ ജയിച്ചാലും ജഗൽസംപൂജ്യേ!
ഇന്നു ഞങ്ങളബലമാരൊന്നായ്ചേർന്നു മുതിരുന്നു
നിന്നടിവെപ്പുകൾ വീതപീഡങ്ങളാക്കാൻ
ഉന്നതിമാർഗ്ഗത്തെത്തിങ്ങിനിന്ന മുൾപ്പടർപ്പറുത്തു
നന്നാക്കുവാൻ വിരുതുണ്ടീയിളംകൈകൾക്കും.
ഇനിമേലിൽസ്സവിത്രി, നിൻതനയമാരിവർനിജ-
പ്രയണികൾക്കരിയകാൽക്കെട്ടുകളാകാ
ഇനിമേലിൽപ്പുതുപ്പട്ടിൽ പൊതിഞ്ഞ പൊൻപാവകളാം
മണിമേടപ്പുറത്തിവർ മരുവുകില്ല
മർദ്ദിതരാം പാവങ്ങൾതന്നശ്രുബിന്ദുക്കളാൽ തീർത്ത
മുത്തുമാലചാർത്തിക്കഴുത്തുയർത്തുകില്ല
പട്ടിണിക്കാരുടെ ശ്ലഥപ്രാണങ്ങളാൽ നെയ്ത
പട്ടുടുത്തു പരിഷ്കാരം നടിക്കയില്ല.
നിരവധി സുഖഭോഗത്തിരയടിയേറ്റുലഞ്ഞു
പരമാദർശത്തിൽനിന്നു പതറുകില്ല
അകൃതകാദർശങ്ങളുണ്ടഗാധചിന്തനങ്ങളു-
ണ്ടദമ്യൗജസ്സുണ്ടു് സൗമ്യഹൃദയങ്ങൾക്കു്

ഇത്യാദിവരികൾ കേരളീയ വനിതകളുടെ ഇടയ്ക്കുണ്ടായിട്ടുള്ള നവോത്ഥാനത്തിന്റെ മധുരമുരളീഗാനമാണു്.

ഭാവിപൗരാവലിയുടെ ഭാവനാസമ്പത്തിൽ വിത്തു-
പാവീടുമിക്കൈകളിളംവല്ലികളല്ല
ദേവീ! ഭവൽസേവനമാമാവിശിഷ്ടധ്വരാഗ്നിത-
ന്നാവിയേറ്റാൽ ക്ഷണംകൊണ്ടു തളർന്നു ചായാൻ
പൂക്കളല്ലിക്കാലടികൾ മുഖ്യകർമ്മസരണിയിൽ
വയ്ക്കുപ്പെട്ടാൽപ്പരിക്കേറ്റു കരിഞ്ഞുപോകാൻ.

അങ്ങനെ ഒരു വിശ്വാസം വല്ലവർക്കും ഉണ്ടായിരുന്നെങ്കിൽ മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയോടുകൂടി അതു് തകർന്നുപോയില്ലേ?

കമനിമാരക്കറ്റക്കണിപ്പൂന്തൊത്തുകളെന്നു
കഥയെന്യേ വിജല്പിക്കും കവിസമാജം
കനത്ത ദുർന്നയങ്ങളെക്കിളച്ചു കീഴ്മറിക്കാനും
കരുത്തുള്ളോരിവരെന്നു പുകഴ്ത്തും മേലിൽ

വടക്കുംകൂർ രാജരാജവർമ്മ

മികച്ച പാണ്ഡിത്യം, അതിനുയോജിച്ച വിനയം, ചർച്ചീലിയൻ യാഥാസ്ഥിതികത്വം ഇതാണു് വടക്കുംകൂർ. തനിക്കുചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങളൊന്നും അദ്ദേഹം കാണുന്നതേയില്ല; ലോകം നിന്നിടത്തു തന്നെ ഇപ്പോഴും നില്ക്കുന്നു എന്നാണു് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നതു്. കവി ‘എന്റെ വൈരാഗ്യം’ എന്ന കൃതിയിൽ,

മൽപൂർവ്വന്മാർ മഹാന്മാർ മുനികളമലമാമേതു ദിക്കിങ്കലെത്തി-
ച്ചിൽപൂർണ്ണജ്ഞാനസമ്പർക്കുശലമനുഭവിക്കുന്നു രുക്കൊന്നുമെന്യേ
ഹൃൽപ്പൂവെന്നുംവിളക്കുംപടിയെവിടെ വസന്താപ്തയാൽദീപ്തിയെന്നും
നിൽപ്പൂഞാനസ്ഥലത്തിൽ കുതൂകമൊടു കടന്നീടുവാനാഗ്രഹിപ്പൂ.

എന്നുള്ള അദ്ദേഹത്തിന്റെ യാഥാസ്ഥിതികത്വത്തേയും ‘തത്വവിചിന്തന’ത്തിലെ, ഏതാണീലോകം ഇത്യാദി പദ്യങ്ങൾ അനഹങ്കാരത്തേയും പ്രസ്ഫുടമായി കാണിക്കുന്നു. അദ്ദേഹത്തിന്റെ സംസ്കൃതപക്ഷപാതം അന്യാദൃശം. പ്രപഞ്ചംപോലും സംസ്കൃതമാകുന്ന നാദബ്രഹ്മത്തിൽനിന്നുണ്ടായതാണെന്നു് അദ്ദേഹം വിചാരിക്കുന്നു. ദ്രാവിഡസംസ്കാരത്തിനു് ആര്യപരിഷ്കാരത്തെക്കാൾ ബഹുസഹസ്രവർഷക്കാലത്തേ പഴക്കവും ചില വിഷയങ്ങളിൽ അതിനെക്കാൾ മേന്മയും ഉണ്ടെന്നു് സിന്ധുതടപരിഷ്കാരത്തിന്റെ കണ്ടുപിടിത്തത്തോടുകൂടി സംസ്ഥാപിതമായി. എന്നിട്ടും ദ്രാവിഡഭാഷ സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്നാണു് അദ്ദേഹം പറയുന്നതു്. ഭാഷാകവികളിൽ അദ്ദേഹത്തിനു് ഉള്ളൂരിനോടു മാത്രമേ ബഹുമാനമുള്ളുവെന്നു തോന്നുന്നു. രണ്ടുപേരും ഗവേഷകന്മാരാണു്. അവരുടെ ഗവേഷണരീതികൾക്കും സാദൃശ്യമുണ്ടു്. വടക്കുംകൂറിന്റെ കേരളീയസംസ്കൃതസാഹിത്യചരിത്രം ഒന്നും രണ്ടും ഭാഗങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണചാതുരിക്കു സാക്ഷ്യംവഹിക്കുന്നു. ഒന്നാംഭാഗത്തിൽ ഏറിയ ഭാഗവും എന്റെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കാനാണു് അദ്ദേഹം വിനിയോഗിച്ചിരിക്കുന്നതു് അതിൽ എനിക്കു് വലുതായ സന്തോഷമുണഅടു്. പക്ഷേ അവയിൽ ഒന്നും ഖണ്ഡിതമായിട്ടില്ലെന്നു വന്നതിലേ എനിക്കു സങ്കടമുള്ളു. പുരാതനചരിത്രത്തിൽ എത്രത്തോളം ദീപ്തി ചൊരിയുന്നുവോ അത്രത്തോളം സന്തോഷത്തിനാണു് അവകാശം. ഞാൻ എന്റെ കൈവശം വന്നുചേർന്ന രേഖകളെ വച്ചുകൊണ്ടു് ചില അഭ്യൂഹങ്ങൾ ചെയ്തു. കൂടുതൽ രേഖകൾ കണ്ടുപിടിക്കാനുള്ള സൗകര്യവും സാവകാശതയും ഉള്ള മി: രാജരാജവർമ്മയിൽ നിന്നു പ്രതീക്ഷിച്ചതെല്ലാം ‘മനസ്സിൽക്കണ്ടതെല്ലാം വടികുത്തിപ്പിരിഞ്ഞു’ എന്ന മട്ടിലായി. ശപഥം–വെറും ശപഥം–അതാണു് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണരീതി. ഞാൻ എഴുതാൻ തുടങ്ങുന്ന കേരളീയ സംസ്കൃതസാഹിത്യകാരചരിത്രത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെപ്പറ്റി വിമർശിക്കാമെന്നു വിചാരിക്കുന്നു.

സാഹിതീസർവസ്വം എന്ന ആലംകാരികഗ്രന്ഥമാണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ കൃതി. ‘കന്യാകുമാരി മുതല്’ എന്നു തുടങ്ങി ‘ഇടയ്ക്കു നീണ്ടുകിടന്നിടുന്നു’ എന്നവസാനിക്കുന്ന പ്രഥമശ്ലോകം മുതല്ക്കു് അവസാനംവരെ കാണാതെ ചൊല്ലുവാൻ കഴിവുള്ള ചിലരെ ഞാൻ കണ്ടിട്ടുണ്ടു്. അതിനു് അത്രത്തോളം പ്രചാരമുണ്ടെന്നാണു് തോന്നുന്നതു്. അലങ്കാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ഭാഷയിൽ വളരെ കുറവാണു്. എണ്ണയ്ക്കാട്ടുതമ്പുരാന്റെ അലങ്കാരദീപിക ഇപ്പോൾ കാണ്മാനേ ഇല്ല. അതു മതിയാവുകയുമില്ല. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അപദാനങ്ങളെ കീർത്തിച്ചു് പന്തളം കേരളവർമ്മരാജാ എഴുതിയിട്ടുള്ള ലഘുകൃതിയും വഞ്ചിരാജീയവും അപര്യാപ്തങ്ങളാണു്. ഇപ്പോൾ സാഹിത്യദർപ്പണത്തിന്റെ വിവർത്തനം മലയാളികൾക്കു സാഹായ്യകമായിത്തീർന്നിട്ടുണ്ടു്. സാഹിത്യശിരോമണി കൃഷ്ണൻനായർ എഴുതിയതും മദ്രാസ് സർവകലാശാലയിൽ നിന്നു് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ വിപുലഗ്രന്ഥം ഇപ്പോൾ കിട്ടാതായിരിക്കുന്നു. ഭാഷാഭൂഷണമാണു് പഠിക്കുന്നതിനു് ഏറ്റവും പറ്റിയ ഗ്രന്ഥം. അതു കഴിഞ്ഞാൽ സാഹിതീസർവസ്വമാണെന്നു് നിസ്സംശയം പറയാം.

വടക്കുംകൂർ രാജരാജവർമ്മ രഘുവീരചരിതം, സാഹിത്യമഞ്ജുഷിക, സൂര്യോത്സവം, രാഘവാഭ്യുദയം, ക്ഷേമേന്ദ്രൻ, ശ്രീകാളിദാസർ, മേല്പത്തൂർ ഭട്ടതിരി, വാല്മീകി, ഉള്ളൂരിന്റെ ജീവചരിത്രം മുതലായ മറ്റനേകം കൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടു്. മാതൃകയ്ക്കായി അദ്ദേഹത്തിന്റെ വിലാപം എന്ന ഖണ്ഡകൃതിയിലെ ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

പാരാകെക്കൂരിരുട്ടായ്; സുജനനിര നിരാധാരമായ് ധാരയായി-
ത്തോരാതുള്ളശ്രുപൂരപ്പൂഴയിലുലകിതാറാടുമാറായിവന്നു
ഘോരാടോപാനുഭാവത്തൊടു വിധിപണിയും നീചകൃത്യൗഘമാകു-
ന്നോരാസൗധാഗ്രിമത്തിൻപുതുമകുടമിതാ ധൂർത്തൊടും തീർത്തുവച്ചു-
പീനാമോദേനനിത്യം സുജനനിരയിലപ്പത്മജന്മാവുചെയ്യു-
ന്നീനായാട്ടൊന്നുനിർത്തുന്നതിനിനി നിരുപിക്കുന്നതെന്നായിരിക്കും?
ഹാ നാം കേഴാം നമുക്കുള്ളലഘുതരവിലാപാരവം പാരിലിന്ന-
ന്യൂനാടോപംപയോജോത്ഭവ ജയപടഹദ്ധ്വാനമായ്വന്നിടട്ടേ.

ഇങ്ങനെ ചമ്പൂകാരന്മാരുടെ ശൈലിയിലാണു് അദ്ദേഹത്തിന്റെ കവിതയിൽ നാം സാധാരണ കാണുന്നതു്. തൂലിക കണ്ണീരിൽ മുക്കി എഴുതായ്കയാൽ വായിക്കുന്നവർക്കും കണ്ണീർ വരുന്ന കാര്യം പ്രയാസം.

ഉള്ളൂരിന്റെ ജീവചരിത്രം എന്ന വിപുലഗ്രന്ഥത്തിന്റെ ഏറിയകൂറും സ്തുതിമയമാണെങ്കിലും കേരളഭാഷാസാഹിത്യചരിത്രത്തെപ്പറ്റിയുള്ള അദ്ധ്യായത്തിൽ രാജാവവർകൾ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതു് എല്ലാവരും വായിച്ചിരിക്കേണ്ടതാകുന്നു.

കുറ്റിപ്പുറത്തു കേശവൻ നായർ

വള്ളത്തോൾ കാവ്യാരാമത്തിൽ കൂകിത്തെളിഞ്ഞ ഒരു കവികോകിലമാണു്. എറണാകുളത്തു വെച്ചുനടന്ന സാഹിത്യപരിഷൽക്കാലത്തു് എനിക്കു് അദ്ദേഹത്തിന്റെ പരിചയം സമ്പാദിക്കാനിടയായി. അദ്ദേഹം സ്വഗൃഹത്തിൽവച്ചു് ഞങ്ങളെ സൗഹാർദ്ദപൂർവ്വം സ്വീകരിക്കയും തന്റെ കൃതികളെ പാരിതോഷികമായി നൽകുകയും ചെയ്തു. കാവ്യോപഹാരം, നവ്യോപഹാരം, പ്രതിമാനാടകതർജ്ജമ, പ്രപഞ്ചം മുതലായ പലേ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. മാതൃകയ്ക്കായി ചില പദ്യങ്ങൾ ഉദ്ധരിക്കാം.

സഹകരണഗീതം
ആലോലമാം താരങ്ങളുമാമ്പലുമമ്പിളിയും ശ്രീ-
താലോലിക്കും താമരയും സൂര്യനുമെല്ലാം
ആലോകത്തിലകന്നാലുമൊക്കെയൊന്നിച്ചിണക്കിക്കൊ-
ണ്ടീലോകത്തെ നിലനിർത്തും നിയതി തന്നെ
എന്നും നിങ്ങൾ പരസ്പരം സഹകരിച്ചിരിക്കുവാൻ
എന്നല്ലയോ ചൊല്ലിടുന്നു നമ്മോടു ഗൂഢം.
ഒറ്റതിരിഞ്ഞിരിക്കുമ്പോഴൊക്കവേ ദുർബലം ശൂന്യം
കറ്റയായാൽ കരുത്തായീ കാഴ്ചയും ധന്യം.
തുമ്പനാരുപോലും പലതൊന്നിച്ചായാൽ കൊലയാന-
ക്കൊമ്പനേയുമതുകൊണ്ടു തളച്ചുകൂടെ?
ചായമൊന്നുമാത്രമായാൽ ചിത്രമാമോ ഭൂതങ്ങളിൽ
തോയമൊന്നാൽചമഞ്ഞതോ ചാരുവാംവിശ്വം
ജീവിതത്തിൻസാഫല്യത്തെദ്ദൃഢമായി പ്രതിഷ്ഠിപ്പാൻ
ഭാവികാലശിലാപീഠം താങ്ങിയെടുപ്പാൻ,
കയ്യോടുകൈകോർത്തും നിങ്ങൾ തോളോടുതോളുരുമ്മിയും
മെയ്യോടുമെയ്‍ചേർത്തുനിന്നുമൊത്തുപിടിപ്പിൻ
പരസുഖമിഹത്തിലും പരത്തിലും പരത്തുന്ന
കരുത്തിനും കഴിവിനും പ്രാർത്ഥിച്ചു് നിങ്ങൾ
അവർണ്ണരും സവർണ്ണരും ദരിദ്രരും ധനികരു-
മവർണ്യമാംഭക്തികൈക്കൊണ്ടെല്ലാരുമൊപ്പം
പരസ്പരസഹായത്തിൻശ്രീകോവിലിൻമുമ്പിലേക്കു
ത്വരിക്കുവിൻ! ധരിക്കുവിൻ ധർമ്മമിതത്രേ.

കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ

ഇദ്ദേഹവും വള്ളത്തോൾ കമ്പനിയിലെ ഒരംഗമാണു്. മാതൃകയ്ക്കായി ചില പദ്യങ്ങൾ ഉദ്ധരിക്കാം.

ഒരു മഴത്തുള്ളി
വാനിടത്തിങ്കൽച്ചാരുനീലകംബളച്ഛായ
കാണിച്ചുകൊണ്ടുനില്ക്കും കാർമേഘത്തിങ്കൽനിന്നു
കീഴത്തേയ്ക്കൊരു നറുംഗുളികാകൃതിയായി
വീഴുന്ന വർഷബിന്ദു നിനച്ചു പലതേവം.
“ഹന്തഞാനവലംബമറ്റിഹപതിക്കുവാ-
നെന്തൊരുമഹാപാപം ചെയ്തുവോ ശിവശിവ!
മന്നിലേതൊരു പാറപ്പുറത്തു വീണിദാനീ-
മെന്നംഗം ഛിന്നഭിന്നമാകുമോ ഭഗവാനേ!
കടലിൽപതിച്ചാലും കായലിലായെന്നാലു-
മുടവെന്നുടലിനു പറ്റാതെയിരിക്കുമോ?
ആർക്കാനുമുപയോഗമാമെന്നാലിശ്ശരീരം
പോക്കുവനെനിക്കതിൽ ക്ലേശമില്ലൊരുലേശം
… … …
… … …
ഇത്തരമതുനിർവേദത്തോടോർക്കുമ്പോളൊരു
മുത്തുച്ചിപ്പിയിൽച്ചെന്നു പതിച്ചു ഭാഗ്യവശാൽ
അത്രതൻദേഹത്തിനെസ്സൂക്ഷിപ്പാനഹോതനി-
യ്ക്കത്രനന്നായോരിടംനല്കിയതിന്നു നന്ദ്യാ
ദൈവത്തെസ്തുതിച്ചുകൊണ്ടിരിക്കുംകാലത്തിങ്കൽ
കേവലമൊരുമാറ്റം തന്റെദേഹത്തിൽ കണ്ടു
ശൈത്യവും മൃദുത്വവുമിരട്ടിയായിട്ടുണ്ടു്
നേത്രത്തെക്കുളുർപ്പിക്കും കാന്തിയും കണ്ടീടുന്നു.
… … …
… … …
അക്കാലത്തൊരുദിനം ചിപ്പിയെത്തച്ചുടച്ചു
കൈക്കലാക്കീടിനാനാമുത്തിനെയൊരുവിദ്വാൻ
അന്നേരമതിനുണ്ടായ്വന്നൊരു പരിഭ്രമ-
മിന്നമട്ടെന്നുചൊല്ലാനെന്നെക്കൊണ്ടാകയില്ല
ഇരിക്കും കൂരയുംപോയ് പരന്മാർക്കധീനരാ-
യിരിക്കുന്നവരുടെ സങ്കടമോതാവതോ?
… … …
… … …
ആ വിദ്വാനതു രത്നവ്യാപാരിയായ ഭൂരി-
ശ്രീവായ്ക്കും ചെട്ടിയാർക്കു കൊണ്ടുപോയ്വിറ്റീടിനാൻ
കല്യനാം ചെട്ടിയാരും പട്ടിൽവച്ചതിനെപ്പൊൽ-
ച്ചെല്ലത്തിലാക്കിത്തന്റെ ചില്ലളമാരിയിങ്കൽ
മെല്ലവേവച്ചുപൂട്ടിത്താക്കോലുസൂക്ഷിച്ചപ്പോ-
ളുല്ലാസമതിന്നേറ്റതെന്തോന്നു ചൊല്ലീടാവൂ?
… … …
… … …
അങ്ങനെയിരിക്കുമ്പോളതിനേയൊരുനൃപ-
പൂംഗവനേറ്റം വിലമതിച്ചുവാങ്ങീടിനാൻ
ഐശ്വര്യംകൊണ്ടുപാർത്താൽ വണിക്കിൻമേലെയല്ലോ
വിശ്വഭൂഭാരംചെയ്തുവർത്തിക്കും നരവരൻ
എന്നാലുമായതിന്നാസ്സംഭവംഹിതമെന്നു
തോന്നിയതില്ലതെല്ലുമൌജ്ജിത്യഭേദവശാൽ
രാജസേവയിൽപരം ദുർഘടം മറ്റൊന്നില്ല
വ്യാജത്തെക്കൊണ്ടുമാത്രമായതുസാധ്യമല്ലോ.
ആശയേ നൃപർക്കുതെല്ലപ്രിയംവന്നാൽപിന്നെ
ലേശവും കൃപയില്ല നാശമേ ഗതിയാർക്കും.
… … …
… … …
ഈവിധം വിചാരിക്കും മുത്തിനെക്കയ്യിൽവച്ചു
സാവധാനംനോക്കിത്തൃപ്തിപ്പെട്ടരചനും
സ്വീയമാംകിരീടത്തിൻനായകക്കല്ലായ്വെച്ചാ-
നായതമോദം മുത്തും തത്രവാണിതു ചിരം.
എത്രയോ കോടി മഴത്തുള്ളികളിഹ വീണു
നിത്യവുംനശിക്കുന്നിതവയ്ക്കുമതിനുമായ്
ശ്ലാഘ്യസൽഗുണങ്ങളാൽ ഭേദമെന്തുള്ളു പക്ഷേ
ഭാഗ്യമേ പ്രശസ്തിക്കു മുഖ്യമാംഹേതു മന്നിൽ.

ഞാൻ കണ്ട ചെകുത്താൻ
എരിപൊരിവെയിലിൽ ചണ്ഡരശ്മികോരി-
ച്ചൊരിയുകയാൽ കൊടുതായ വേനലിങ്കൽ
അരിമയൊടതിരാവിലാത്മകാന്താ-
പരിസരമെത്തുവതിന്നു യാത്രയായ് ഞാൻ.
സമയമഹഹ! പാതിരായ്ക്കടുത്തു
സുമഹിതശാന്തത ദിക്കിലൊക്കെയാർന്നു
മമഗമനമതപ്പൊഴായിരുന്നു
സമസുഖദുഃഖസുഹൃൽസമാഗമത്താൽ.
… … …
… … …
പുരുരസമൊടുമിന്നതെന്നതില്ലാ-
ത്തൊരുവക ചിന്തയിൽ മുങ്ങി ഞാൻ നടക്കേ
പെരുമയുമധികം പഴക്കവും ചേ-
ർന്നൊരുഹരഗേഹമതിൻനടയ്ക്കലെത്തി
… … …
… … …
ചെടികൾ ചിലമരങ്ങളങ്ങുമിങ്ങും
മുടിലുകളെന്നിവയാർന്ന രുദ്രഗേഹം
കൊടിയഭയദമൂർത്തിയാലെയെന്നേ
ഝടിതിയുണർത്തി വിചിന്തനത്തിൽനിന്നും!
… … …
… … …
സ്ഫുടമിഹ തല വാനിൽമുട്ടുമാറുൽ-
ക്കടമുടലാർന്ന പിശാചരെത്തുമെന്നും
ഉടനിവനെ വിഴുങ്ങുമെന്നുമോർത്തുൾ-
ത്തടമുഴറീട്ടഥ ദൃഷ്ടിവിട്ടു ചുറ്റും.
… … …
… … …
സരഭസമഥ ഞാൻ പുകഴ്ത്തി നിന്നേൻ
വരകരുണാനിധി ഭൂതനാഥനേ ഞാൻ
പരമഴലിഹ ഭക്തിയെപ്പെറുന്നൂ
കരടുതടഞ്ഞിടുമോ മഹദ്വചസ്സിൽ.
ഭുജംഗഭൂഷാ കമനീയമൂർത്തേ!
രജസ്തമസ്സത്വഗുണത്രയാത്മൻ
അജയ്യ മേന്മേൽ വിജയിക്കദേവ-
വ്രജത്തിനൂന്നാമുഡുരാജമൗലേ.
… … …
… … …
ക്ഷീരാബ്ധിമുന്നം കടയുമ്പൊളുണ്ടാ-
യോരക്കടുംനഞ്ഞു കുടിച്ച ശംഭോ
ആരാണു ഘോരാർത്തിയിലെന്തു ചെയ്തും
പാരാകെരക്ഷിപ്പതിനങ്ങൊഴിഞ്ഞാൽ.
പ്രമാദമാർന്നിയ്യിവനിന്നകാലേ
സമാഗമിച്ചു തവ സന്നിധാനേ
അമായമിത്തെറ്റുപൊറുത്തെനിയ്ക്കി-
ങ്ങുമാപതേ! നിയ്യഭയം തരേണം
ഇതി ഗുരുതരഭക്തിയോടുകൂടി
സ്തുതികളിവൻ ബഹുധാ തുടർന്നനേരം
ശിതിഗളനലിവേറ്റമൂലമാവാം
മതിയിലെനിക്കൊരു ധൈര്യമങ്കുരിച്ചു.
കരുതുകിലുമഹോ വരുന്നതെല്ലാം
വരുമിനിയെന്നു നിനച്ചുറച്ചുടൻ ഞാൻ
ഒരുകടുതരകല്ലെടുത്തെറിഞ്ഞേ-
നുരുതരഭീഷണമാമതിന്റെ നേരേ.
ചെന്നൂക്കിലേറതു പതിച്ചളവാസ്വരൂപ-
മൊന്നൂറ്റമായലറി ഹന്ത പകച്ചുപാഞ്ഞു
നിന്നൂമദിയഭയ,മായതു കൂറ്റനായി-
രുന്നൂപിശാചകഥയൊക്കയുമേവമാമോ?

എം. രാജരാജവർമ്മതമ്പുരാൻ എം. ഏ., ബി. എൽ.

മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ എം. ഉദയവർമ്മരാജാ ബി. ഏ. യുടെ ജ്യേഷ്ഠസഹോദരിയായ മഹാപ്രഭത്തമ്പുരാട്ടിയിൽ അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാനു ജനിച്ച ജ്യേഷ്ഠസന്താനമായി 1047 ചിങ്ങം 10-ാം തീയതി ജനിച്ചു. കണ്ടിയൂർ നാരായണപ്പിഷാരടിയുടെ അടുക്കൽനിന്നു എഴുത്തും വായനയും പഠിച്ചശേഷം കുറേക്കാലം ഒരു ശാസ്ത്രിയുടെ അടുക്കൽ നിന്നും രഘുവംശപര്യന്തമുള്ള സംസ്കൃതാഭ്യാസനം നടത്തി. അനന്തരം മാവേലിക്കര സ്പെഷ്യൽ സ്ക്കൂളിൽ ചേർന്നു് ഇംഗ്ലീഷ് പഠിത്തം തുടങ്ങി. മെട്രിക്കുലേഷൻക്ലാസ്സായപ്പോൾ തിരുവനന്തപുരത്തേക്കു താമസം മാറ്റി. 1060-ൽ തിരുവനന്തപുരം മഹാരാജാസ് ഹൈസ്ക്കൂളിൽനിന്നു മെട്രിക്കുലേഷനും പിന്നീടു് മഹാരാജാസ് കാളേജിൽനിന്നു് എഫ്. ഏ., ബി. ഏ. ഈ പരീക്ഷകളും ജയിച്ചു. തിരുവനന്തപുരത്തേ താമസം അദ്ദേഹത്തിനു പല വിധത്തിൽ ഉപകരിച്ചു. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനോടു ചേർന്നു് വ്യാകരണം, അലങ്കാരം എന്നീ ശാസ്ത്രങ്ങളിൽ അഗാധമായ പാണ്ഡിത്യം നേടുവാൻ അദ്ദേഹത്തിനു അതുനിമിത്തം സാധിച്ചു.

ബി. ഏ. ജയിച്ചിട്ടു് അധികകാലം കഴിയുംമുമ്പു് അദ്ദേഹം പാഠപുസ്തകക്കമ്മറ്റിയുടെ അദ്ധ്യക്ഷനായ കേരളവർമ്മവലിയകോയിത്തമ്പുരാന്റെ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. അതുസംബന്ധിച്ച ജോലികൾക്കിടയിൽ എം. ഏ. പരീക്ഷയിലും, ബി. എൽ. പരീക്ഷയിലും വിജയംനേടി. 1071-ൽ എഡ്യുക്കേഷൻ സിക്രട്ടറിയായിരുന്ന ഡാക്ടർ മിച്ചലിന്റെ കീഴിൽ ഒരു അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. 1075-ൽ അദ്ദേഹം റയിഞ്ച് ഇൻസ്പെക്ടരായി നിയമിക്കപ്പെടുകയും എട്ടുകൊല്ലത്തോളം ആ ഉദ്യോഗം വഹിക്കയും ചെയ്തു. 1083-ൽ ഗവണ്മെന്റു് അണ്ടർസിക്രട്ടറി ഉദ്യോഗം ലഭിച്ചു. 1095-ൽ ദിവാൻപേഷ്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചു. കുറേക്കാലം ആ ജോലിയിൽ ഇരിക്കവേ ചീഫ് സിക്രട്ടറിയുടെ ജോലി പകരം നോക്കാനുള്ള ഭാഗ്യവുമുണ്ടായി. പിന്നീടു് പല ഉദ്യോഗങ്ങളിൽ ഇരുന്ന ശേഷം 1097-ൽ ദേവസ്വംകമ്മീഷണരായി നിയമിക്കപ്പെട്ടു.

തിരുവിതാംകൂർ സർക്കാരിനെ ദീർഘകാലം സേവിച്ചു് പടിപടിയായി ഉയർന്നു് അത്യുന്നതസ്ഥാനങ്ങളെല്ലാം സവിശേഷം അലങ്കരിച്ചശേഷം അദ്ദേഹം പെൻഷൻ പറ്റി അരുമന അമ്മവീട്ടിൽ ആയുരാരോഗ്യത്തോടുകൂടി സസുഖം ജീവിക്കുന്നു. ഈ തിരുമേനിയും ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനും സതീർത്ഥ്യന്മാരായിരുന്നു. രണ്ടുപേരും കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ശിഷ്യന്മാരായിരുന്നുവെന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. എം. രാജരാജവർമ്മതമ്പുരാനു് കവിത എഴുതാൻ നല്ല കഴിവുണ്ടെന്നുള്ളതിനു് ഗരുഡസന്ദേശം, പ്രതിമാനാടകതർജ്ജിമ മുതലായവ സാക്ഷ്യം വഹിക്കുന്നുണ്ടു്. ടെനിസ്സൻ പ്രഭുവിന്റെ In Memorium എന്ന കൃതിയും അവിടുന്നു പ്രിയവിലാപം എന്ന പേരിൽ ഭാഷാന്തരീകരിച്ചിട്ടുണ്ടു്. എന്നാൽ ഗദ്യരചനയിലാണു് അവിടുന്നു സവിശേഷം ശോഭിക്കുന്നതു്. വിജ്ഞാനപരങ്ങളായ വിഷയങ്ങളെ അധികരിച്ചു് അവിടുന്നു രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം അത്യുൽകൃഷ്ടങ്ങളും മലയാളികൾ അവശ്യം വായിച്ചിരിക്കേണ്ടവയും ആകുന്നു. അവിടുത്തെ പ്രധാനകൃതികൾ അർത്ഥനിരൂപണം, അർത്ഥശാസ്ത്രപ്രവേശിക, ധനകാര്യങ്ങളെപ്പറ്റി രണ്ടുവാക്കു്, നവീനശാസ്ത്രപീഠിക, നവീനശാസ്ത്രാഭ്യുദയം, ഭൂവിജ്ഞാനീയം, മതവും ശാസ്ത്രവും, സസ്യശാസ്ത്രം, വിഹായസവിഹാരം, സമുദാചാരവിചാരം, ഉപന്യാസാരാമം, സാപ്തപദീനപാരമ്യം, ലോകാലോകം, ശ്രീവഞ്ചിരാജ്യം ഇവയാകുന്നു. ഇങ്ങനെ സമുദായം, ചരിത്രം, ധനശാസ്ത്രം, ഭൂഗർഭശാസ്ത്രം, രാജ്യതന്ത്രം, സസ്യവിജ്ഞാനീയം, ഖഗോളവിജ്ഞാനീയം എന്നു തുടങ്ങിയ സകല ശാസ്ത്രങ്ങളിലും അവിടുന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതോർക്കുമ്പോൾ നമുക്കു് അവിടുത്തെ വിജ്ഞാനസമ്പത്തിനേയും ഭാഷാപോഷണ വ്യഗ്രതയേയും പറ്റി എന്തൊരത്ഭുതമാണുണ്ടാവുക.

ആറ്റൂർ കൃഷ്ണപ്പിഷാരടി

മഹാപണ്ഡിതനും ധിഷണാശാലിയും ആയ ഒരു സാഹിതീഭക്തനുമാണു് ശ്രീ കൃഷ്ണപ്പിഷാരടി. വടക്കാഞ്ചേരിക്കു സമീപം ആറ്റൂർ പിഷാരത്തു് പാപ്പി പിഷാരസ്യാരുടേയും വടക്കേടത്തു നാരായണൻനമ്പൂരിയുടേയും പുത്രനായി 1054 കന്നി 12-ാം തീയതി ജനിച്ചു. പിതാവു തന്നെയാണു് എഴുത്തിനിരുത്തിയതു്. ഒരു നാട്ടാശാന്റെ അടുക്കൽ നിന്നും പ്രഥമ പാഠങ്ങൾ പഠിച്ചശേഷം ഭരതപ്പിഷാരടി, വിദ്വാൻ നമ്പ്യാത്തൻ നമ്പൂതിരി, രാമുണ്ണിക്കുറുപ്പു് മുതലായവരുടെ അടുക്കൽനിന്നു് കാവ്യങ്ങളും പിന്നീടു് കിള്ളിക്കുറുശിമംഗലത്തു രാമുണ്ണിനമ്പ്യാരുടെ അടുക്കൽ വ്യാകരണവും അഷ്ടാംഗഹൃദയവും, വെങ്ങേരിമനയ്ക്കൽ വാസുദേവൻ നമ്പുരിപ്പാടിന്റെ അടുക്കൽനിന്നു തർക്കവും അഭ്യസിച്ചു. പിന്നീടു് ഒന്നരക്കൊല്ലത്തോളം ചെറുവണ്ണൂർമഠം കാര്യസ്ഥനായി ജോലി നോക്കിയിട്ടു് ചെറുമുക്കു വൈദികന്റെ അടുക്കൽനിന്നു് തർക്കവ്യാകരണാദികൾ കുറേക്കൂടി അഭ്യസിച്ചു. അതുകൊണ്ടു് അദ്ദേഹത്തിന്റെ ജ്ഞാനതൃഷ്ണ അവസാനിച്ചില്ല. 1072-ൽ കൊടുങ്ങല്ലൂർ ഗുരുകുലത്തിൽ ചെന്നു് സകല ശാസ്ത്രങ്ങളിലും സംഗീതത്തിലും അപാരമായ പാണ്ഡിത്യം നേടി.

അനന്തരം കുറേക്കാലം മണ്ണാർക്കാട്ടു മൂപ്പിൽ നായരുടെ സംസ്കൃതഗുരുവായി അവിടെ താമസിച്ചു. അവിടെവച്ചാണു് അദ്ദേഹം വീണവായനയിൽ പ്രാവീണ്യം നേടിയതു്. ഏറെത്താമസിയാതെ പഴയന്നൂർ പിഷാരവുമായി വിവാഹത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ ധർമ്മപത്നിയും വീണവായനയിൽ അതിവിദഗ്ദ്ധയാണു്. അനന്തരം കുറേക്കാലം പാട്ടൂരും പിന്നീടു് കപ്ലിങ്ങാട്ടും ഉള്ള ഏതാനും ബ്രഹ്മണകുമാരന്മാരെ അദ്ദേഹം സംസ്കൃതം പഠിപ്പിച്ചുകൊണ്ടു ജീവിച്ചു. പ്രസിദ്ധപണ്ഡിതനായിരുന്ന വി. കെ. നാരായണഭട്ടതിരി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. പിന്നീടു് തറയ്ക്കൽവാര്യത്തു കുറേക്കാലം തർക്കം പഠിപ്പിച്ചു താമസിച്ചശേഷം ആലത്തൂർ ഹൈസ്കൂളിലെ പണ്ഡിതനായി നിയമിക്കപ്പെട്ടു.

ഒരുകൊല്ലം കഴിഞ്ഞു് തൃശ്ശിവപേരൂർ ഭാരതവിലാസം പ്രസ്സുടമസ്ഥന്റെ ക്ഷണമനുസരിച്ചു് താമസം അങ്ങോട്ടു മാറ്റുകയും പല ഉത്തമഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ പങ്കുകൊള്ളുകയും അചിരേണ സർക്കാർ ഹൈസ്കൂളിലെ ഭാഷാദ്ധ്യാപകനായി നിയമിക്കപ്പെടുകയും ചെയ്തു. അവിടെവച്ചു് മംഗളോദയം മാസികയുടെ പത്രാധിപത്യം അദ്ദേഹം കൈയ്യേറ്റു. മൂന്നുകൊല്ലങ്ങൾക്കു ശേഷം 1086 മിഥുനമാസത്തിൽ, ഞാൻ ബി. ഏ. ക്ലാസ്സിൽ പഠിക്കുന്ന കാലത്താണു് അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കാളേജിൽ മലയാളപണ്ഡിതനായി നിയമിക്കപ്പെട്ടതു്. ഏതാനും വർഷം കഴിഞ്ഞു് അദ്ദേഹം ചിത്തിരതിരുനാൾ തിരുമനസ്സിലെ സംസ്കൃതാദ്ധ്യാപകനായി നിയമിക്കപ്പെട്ടു. ഏകദേശം പെൻഷൻ പറ്റുംവരെ ആ സ്ഥാനം അദ്ദേഹം കാര്യക്ഷമമാംവണ്ണം വഹിച്ചു. ഒടുവിൽ കാളേജിൽ നിന്നാണു് പെൻഷൻ പറ്റിയതു്. അദ്ദേഹം തിരുവിതാംകൂറിൽ വരുന്നതിനു മുമ്പേതന്നെ സാഹിതീസേവനം ചെയ്തുകൊണ്ടാണിരുന്നതു്. ഇവിടെ വന്നതിനുശേഷം ഉണ്ണുനീലിസന്ദേശത്തിന്റെ പ്രസാധനം, ലീലാതിലക പ്രസിദ്ധീകരണം, ഭാഷദർപ്പണം, രസികരത്നം, തിരുവിതാംകൂർചരിത്രം, കേരളചരിതം, ഉത്തരരാമചരിതം (പദ്യം), അംബരീഷചരിതം, കേരളകഥ, വിദ്യാവിവേകം ഇത്യാദി കൃതികൾ രചിച്ചിട്ടുണ്ടു്. ഈയിടയ്ക്കു് ശാകുന്തളത്തിന്റെ ഒരു തർജ്ജിമയും അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവ കൂടാതെ വിദ്യാവിവേകം, ധീരവ്രതം, പുരാണപുരുഷന്മാർ, താരക എന്നീ കൃതികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. ഈ കൃതികളെല്ലാം മലയാളികളുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുള്ളവയാണു്.

ടി. കെ. കൃഷ്ണമേനോൻ

കേരളീയജനതയ്ക്കു്, വിശേഷിച്ചു് അധഃകൃതലോകത്തിനു് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വിശിഷ്ട വ്യക്തിയായിരുന്നു ടി. കെ. കൃഷ്ണമേനോൻ. സമുദായസേവനത്തിനായി അദ്ദേഹം തന്റെ ജീവിതത്തെ മുഴുവനും അർപ്പിച്ചു. വക്കീൽപണിയിൽ നിന്നും അദ്ദേഹത്തിനു് ധാരാളം പണം ലഭിച്ചിരുന്നു എന്നു വരികിലും, ആ ധനത്തെ അധഃകൃതോന്നമനാർത്ഥം മുക്തഹസ്തം വിനിയോഗിച്ചുവന്നതിനാൽ അദ്ദേഹം അവരുടെ ആരാധനാപാത്രമായിത്തീർന്നു.

ഒരു സാഹിത്യകാരൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പ്രചീനാര്യാവർത്തം (തർജ്ജമ), ഇൻഡ്യയിലെ മഹാന്മാർ (തർജ്ജമ), ചന്ദ്രഹാസൻ (നോവൽ), ഭാരതീയ വനിതാദർശങ്ങൾ, ഭൂപ്രകൃതിശാസ്ത്രം, ചില ആട്ടക്കഥകളുടെ വ്യാഖ്യാനങ്ങൾ ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ടി. സി. കല്യാണിയമ്മയും സാഹിത്യത്തിൽ ശാശ്വതമായ പേരു് സമ്പാദിച്ചിട്ടുണ്ടു്.

ടി. സി. കല്യാണിഅമ്മ എം. ആർ. ഏ. എസ്സ്.

ധനപുഷ്ടികൊണ്ടും ആഭിജാത്യംകൊണ്ടും അത്യന്തം പ്രശസ്തമായ തൃശ്ശൂർ തെക്കേകുറുപ്പത്തുവീട്ടിൽ 1055-ൽ ജനിച്ചു. സ്വദേശത്തുള്ള വി. ജി. മെമ്മോറിയൽ ഹൈസ്കൂളിലാണു് വിദ്യാഭ്യാസം നടന്നതു്. സംസ്കൃതം പഠിപ്പിച്ചതു് മാതാമഹിയായ കുഞ്ഞിക്കുട്ടിഅമ്മതന്നെയാണു്.

വീട്ടിൽവച്ചുള്ള ഈ സംസ്കൃതപാഠം കഴിഞ്ഞു് വിദ്വാൻ കൃഷ്ണനെമ്പ്രാന്തിരിയുടെ അടുക്കലും കല്യാണിഅമ്മ കുറേക്കാലം സംസ്കൃതം പഠിക്കയുണ്ടായി. കൈയ്യിൽ കിട്ടുന്ന നല്ല മലയാളപുസ്തകങ്ങളെല്ലാം വായിക്കുന്ന സമ്പ്രദായം ഈ അദ്ധ്യയനകാലത്തുതന്നെ തുടങ്ങിയിരുന്നു. സാഹിത്യകുശലൻ ടി. കെ. കൃഷ്ണമേനവന്റെ ഭാര്യാപദം സ്വീകരിച്ചതോടുകൂടി സാഹിത്യത്തിലുള്ള വാസനയും പരിചയവും പ്രവൃത്തിരൂപത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. “ഈസോപ്പിന്റെ സാരോപദേശകഥകൾ” എന്ന പുസ്തകമാണു് കല്യാണിഅമ്മ ആദ്യമായി എഴുതി അച്ചടിപ്പിച്ചതു്. നമ്മുടെ അമ്മമഹാറാണി, ഒരു കഴുതയുടെ കഥ, ചില പഴയ കഥകൾ എന്നീ മൂന്നു പുസ്തകങ്ങൾ പിന്നീടു പ്രസിദ്ധപ്പെടുത്തി. ഇതെല്ലാം കൊച്ചുകുട്ടികളെ ഉദ്ദേശിച്ചെഴുതിയ കൃതികളായിരുന്നു.

കുറേക്കാലംകഴിഞ്ഞു് വിഷവൃക്ഷം, കൃഷ്ണാകാന്തന്റെ മരണപത്രം, കാദംബരീകഥാസാരം എന്നിങ്ങനെ മൂന്നു പ്രൗഢകൃതികൾ എഴുതി പ്രസിദ്ധീകരിക്കയുണ്ടായി. ഇവയിൽ ആദ്യത്തേതു രണ്ടും ബങ്കിംചന്ദ്രചാറ്റർജിയുടെ നോവലുകളുടെ പരിഭാഷയാകുന്നു.

സാഹിത്യത്തിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി “ശാരദ” എന്ന പേരിൽ ആദ്യമായി ഒരു മാസിക ആരംഭിച്ചതു് കല്യാണിഅമ്മയാണു്. ആ മാസിക എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നിടത്തോളം കാലം പ്രശസ്തമായ നിലയിൽത്തന്നെയാണു് നടന്നിരുന്നതു്.

ഒരു നല്ല പ്രാസംഗിക എന്ന നിലയിലും കല്യാണിഅമ്മ പ്രസിദ്ധയായിട്ടുണ്ടു്. പല സ്ത്രീസമാജങ്ങളിലും അവർ വിജ്ഞേയങ്ങളായ പ്രസംഗങ്ങൾ ചെയ്തിട്ടുണ്ടു്. വൈക്കത്തുവെച്ചു നടന്ന ഭാഷാപോഷിണിസമാജത്തിൽവെച്ചു് കല്യാണിഅമ്മ ചെയ്ത സാരഗർഭമായ പ്രസംഗം അവസാനിച്ച ഉടനേ, അദ്ധ്യക്ഷനായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ,

പരസ്പരതപസ്സമ്പൽഫലായിത പരസ്പരൗ
വിദധാതേ മമാനന്ദം കല്യാണീകൃഷ്ണമേനവൗ

എന്ന പദ്യമുണ്ടാക്കിച്ചൊല്ലി പ്രസംഗകർത്രിയെ അഭിനന്ദിച്ചതു് പ്രസിദ്ധമാണല്ലോ. തിരുവനന്തപുരത്തു വെച്ചു നടന്ന സമസ്തകേരളസാഹിത്യപരിഷത്തിന്റെ പതിനൊന്നാം സമ്മേളനത്തിലെ ഒരു യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചുകൊണ്ടു് കല്യാണിഅമ്മ ചെയ്ത പ്രസംഗം അന്നു സന്നിഹിതമായിരുന്ന ആയിരക്കണക്കിനുള്ള സദസ്യരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിക്കയുണ്ടായി. എറണാകുളത്തുവെച്ചു നടന്ന പരിഷത്സമ്മേളനത്തിൽ വനിതാവിഭാഗത്തിന്റെ സ്വാഗതസംഘാദ്ധ്യക്ഷയായിരുന്നതും കല്യാണിഅമ്മതന്നെയാണു്.

സാമുദായികവും സാമൂഹ്യവുമായ കാര്യങ്ങളിലും കല്യാണിഅമ്മ സജീവമായി പലതും പ്രവർത്തിച്ചിട്ടുണ്ടു്. വനിതകളുടെ പുരോഗതിയെ ഉദ്ദേശിച്ചു് എറണാകുളത്തു സമാരംഭിച്ചിട്ടുള്ള മിക്ക പ്രസ്ഥാനങ്ങളിലും ഒരു കാലത്തു് ഈ മഹതി പങ്കുകൊണ്ടിരുന്നു. സമുദായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മദ്ധ്യവയസ്കകളായ സ്ത്രീകളൊക്കെ കല്യാണി അമ്മയെ ഓരോ ഉപദേശങ്ങൾക്കായി സമീപിക്കാറുണ്ടായിരുന്നു.

എറണാകുളം മഹാരാജകലാശാലയിൽ പ്രിൻസിപ്പാളായിരിക്കുന്ന ടി. സി. ശങ്കരമേനോൻ എം. ഏ.; ഒരു നല്ല എഴുത്തുകാരിയായ ടി. സി. ജാനകിഅമ്മ എം. ഏ. എന്നിവർ ടി. സി. കല്യാണിഅമ്മയുടെ മക്കളത്രെ. ഈ ജാനകിഅമ്മയും മാതാപിതാക്കളും കൂടി തർജ്ജമ ചെയ്തു് പ്രസിദ്ധീകരിച്ചിട്ടുള്ളവയാണു് “ഭാരതീയ വനിതാദർശങ്ങൾ”— “സരോജനളിനി” എന്നീ പുസ്തകങ്ങൾ.

കൊച്ചീമഹാരാജാവു തിരുമനസ്സുകൊണ്ടു് ‘സാഹിത്യസഖി’ എന്ന ബിരുദവും കീർത്തി മുദ്രയും നല്കി കല്യാണിഅമ്മയുടെ സാഹിത്യപരിശ്രമങ്ങളെ അഭിനന്ദിക്കയുണ്ടായിട്ടുണ്ടു്. സ്ഥാനത്യാഗം ചെയ്ത കൊച്ചീമഹാരാജാവു് വേറൊരു സ്വർണ്ണമുദ്രയും, കേരളവർമ്മവലിയകോയിത്തമ്പുരാൻ ഒരു സ്വർണ്ണമോതിരവും കല്യാണിഅമ്മയ്ക്കു സമ്മാനിച്ചിട്ടുണ്ടു്. കേരളീയ വനിതകൾ സാഹിത്യസംരംഭങ്ങളിൽ വളരെ അപൂർവമായി മാത്രം പ്രവേശിച്ചിരുന്ന ഒരു കാലഘട്ടത്തിലാണു് കല്യാണിഅമ്മ സാഹിത്യലോകത്തിൽ പ്രയോജനകരമായി പലതും പ്രവർത്തിച്ചതെന്നുള്ളതും പ്രത്യേകം പ്രസ്താവയോഗ്യമത്രേ.

1956 നവംബർമാസത്തിൽ മരിച്ചു.

കെ. ഏ. പോൾ—എറണാകുളം

ജനനം 1897 ഏപ്രിൽ 8-ാംതീയതി. പത്രാധിപർ, ഗ്രന്ഥകാരൻ, പ്രസാധകൻ, പ്രസംഗകൻ എന്നീ വിവിധ നിലകളിൽ ഇദ്ദേഹം ദീർഘകാലം കൈരളിയെ സേവിച്ചിട്ടുണ്ടു്. ഇപ്പോഴും ‘സാഹിത്യനിലയം’ എന്ന സ്വന്തം പ്രസിദ്ധീകരണശാലയും മുദ്രാലയവും മുഖേന സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. 1920 മുതൽ 1945 വരെ 25 കൊല്ലക്കാലം തുടർച്ചയായി ‘സത്യനാദം’ എന്ന പ്രതിവാരപത്രത്തിന്റെ സഹപത്രാധിപരായിരുന്നു. 1925 മുതൽ 1935 വരെ പത്തുകൊല്ലം ‘ചെറുപുഷ്പം’, ‘തിരുഹൃദയദൂതൻ’ എന്ന രണ്ടു മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ടു്. ഒടുവിൽ വളരെ സങ്കടകരമായ നിലയിൽ ഈ മൂന്നു പ്രസിദ്ധീകരണങ്ങളേയും വിട്ടുപിരിയേണ്ടി വന്നു. ഇതുകൊണ്ടൊന്നും നിരാശനാകാതെ, സാഹിത്യസേവനം തുടർന്നു നിർവ്വഹിക്കുന്നതിനായി കലൂരു് എന്ന ഗ്രാമപ്രദേശത്തു് സ്വഗൃഹത്തിൽ ഒരു മുദ്രാലയം സ്ഥാപിച്ചു; അതാണു് “സാഹിത്യനിലയം പ്രസ്സ്” ശ്രീ പോൾ ഇതേ പേരിൽ 1933-ൽ തന്നെ ഒരു പ്രസിദ്ധീകരണശാല ചുരുങ്ങിയ തോതിൽ സ്ഥാപിച്ചിരുന്നു. പ്രസ്സ് ആരംഭിച്ചതു് 1947-ൽ മാത്രമാണ്.

പത്രാധിപരായിരുന്ന കാലത്തു് മതപരമായ പല ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിരുന്നു. ചെറുപുഷ്പാനുകരണം, കത്തോലിക്കാ കുടുംബം മുതലായവ ഇക്കൂട്ടത്തിൽപ്പെടും. ‘സാഹിത്യനിലയ’ത്തിൽ നിന്നും താഴെപ്പറയുന്ന പുസ്തകങ്ങൾ മി. പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഡാമിയൻ, രാജകേസരി, മാഡംക്യൂറി, അസ്സീസി, വിശ്വകഥകൾ, വീരകഥകൾ, വ്യാകുലാംബിക, സയൻസും മതവും, പാവങ്ങളുടെ പാദ്രി, കത്തോലിക്കാപ്രവർത്തനം, ഓമന, ഫാത്തിമാറാണി, വിശുദ്ധറീത്ത, ജീവിതചിത്രങ്ങൾ, സാമൂഹ്യഭദ്രത, ഏബ്രഹാംലിങ്കൺ.

ഈ പുസ്തകങ്ങളിൽ പലതും കേവലം മതപരങ്ങളാണെന്നുള്ളതു ശരിതന്നെ. പക്ഷേ കൃസ്ത്യാനികളുടെ മതഗ്രന്ഥങ്ങളിലുള്ള വികൃതഭാഷയല്ല ഇവയിൽ കാണുന്നതു്. മി. പോളിന്റെ സാഹിത്യരസികത്വം ഈ കൃതികളിൽ ഉടനീളം കാണാം. മാഡംക്യൂറി, ഏബ്രഹാംലിങ്കൺ എന്നീ ഗ്രന്ഥങ്ങൾ വിസ്തൃതങ്ങളായ രണ്ടു ജീവചരിത്രങ്ങളാണു്. വിശ്വസാഹിത്യത്തിൽപെട്ട ഏതാനും നല്ല കഥകളുടെ സമാഹാരമാണു് ‘വിശ്വകഥകൾ’ ഈ കഥകളുടെ പരിഭാഷ ഹൃദ്യമായിട്ടുണ്ടു്. സ്വതന്ത്രകഥകളെപ്പോലെ തോന്നും വായിച്ചാൽ.

കാലടി രാമൻനമ്പ്യാർ

ഗജേന്ദ്രമോക്ഷം, സീമന്തിനീചരിതം, രുഗ്മിണീസ്വയംവരം തുടങ്ങി അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. എല്ലാറ്റിലും കേരളവർമ്മപ്രാസം കണക്കിനു പറ്റിച്ചിട്ടുണ്ടു്.

മലയാദ്രിവെടിഞ്ഞുവാരണൻതൻ
നിലയായങ്ങമരുമ്പൊളംബുജാക്ഷൻ
വലയാനിടയാക്കിടാതെഭൂമീ
വലയാധീശ്വര! മോക്ഷമേകിടുംതേ. (ഗജേന്ദ്രമോക്ഷം)
മാനവാധിപ മഹാകരോദ്ഗള-
ദ്ദാനവാരിയുടെ നല്ലൊഴുക്കിനാൽ
വാനവർക്കുടയമാമരങ്ങളും
നൂനമാകെയിളകിച്ചമഞ്ഞുതേ. സീമന്തിനീചരിതം ഒന്നാംസർഗ്ഗം
കരളിൽകവിയുന്നതാപരത്നാ-
കരഘോഷത്തിരമാലതള്ളിനീക്കി
കരമൊന്നുപിടിച്ചുവേഗമെന്നെ-
ക്കരകേറ്റീടുക കാന്ത ദീനബന്ധോ! രുഗ്മിണീസ്വയംവരം
മരണംവരുവോളമോർത്തിടാംനിൻ
ചരണംഞാനതുകാലമൊക്കെയുംനീ
വരണം വരനോടുകൂടി മായാ-
വരണം നീക്കണമുള്ളലിഞ്ഞിടേണം. ദേവീദശകം

പെരിഞ്ചേരി രാമൻമേനോൻ
വാളുംവഹിച്ചുശിരൊടക്കുതിരപ്പുറത്തു-
ള്ളാളുംപടിക്കരുളിടുന്ന നരേന്ദ്രരൂപം
കാളുംപ്രതാപമിയലുന്നൊരു ഖൾഗിതന്നെ-
ക്കാളുംഭയങ്കരമതായവർ കണ്ടുഞെട്ടി സീമന്തിനീചരിതം ആറാംസർഗ്ഗം
കാറ്റേറ്റീടുമ്പൊളെല്ലാം സരസിജനിരവെ-
ള്ളത്തിലാടുന്നവണ്ണം
ചെറ്റും ചാഞ്ചല്യമില്ലാതെഴുമമലമക-
ത്താമരത്താരിലെന്നും
തെറ്റെന്നെത്തുന്നു ചിന്താവിവശത സുഖദുഃ-
ഖാദിഭേദങ്ങളെല്ലാ-
മേറ്റം മാറ്റം വരുത്തുന്നിതു ജനതതിയി-
മ്മട്ടു കഷ്ടപ്പെടുന്നു സാരോപദേശം
മന്ദം മന്ദം മനോമോഹിനി മമതയൊടും
നിൻകടക്കണ്ണയച്ചി-
ന്നെന്നെച്ചുറ്റിക്കിലുംഞാൻ ലവവുമവശനാ-
കാതെ വാടാതിരുന്നേൻ
ഒന്നേകാൺമൂ വികാരം മുഖമതിലധുനാ
ഹന്ത നൈരാശ്യമേവം
ചേർന്നിട്ടെന്നാകിലും വന്നതുവരുമിനി-
യുണ്ടായ ശാന്തസ്വഭാവം ഒരു കാമുകന്റെ വിലാപം

തേലപ്പുറത്തു നമ്പി

നിരവധി ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്.

നാലുപാടും ഗഗനത്തിലപ്പൊഴേ
നീലമേഘങ്ങൾമൂടിനിരന്തരം
കാലപുരുഷൻ ചുറ്റുവാനായിട്ടു
നീലപ്പട്ടു നിവർത്തിയമാതിരി
കൂറ്റൻമാമരം തള്ളിയിട്ടുംകൊണ്ടു
കാറ്റടിച്ചു ചടപടാശബ്ദത്തിൽ
മിന്നിയോരിടിവാളിൻവെളിച്ചത്താൽ
കണ്ണുമഞ്ഞളിച്ചമ്പരന്നൂജനം. (ആലിപ്പഴം)
… … …
… … …
വേഗത്തൊടുഴിപടരും കൊടുതാമനർത്ഥ
യോഗത്തെയോർത്തകമഴിഞ്ഞെഴുമാംഗലേശൻ
ആഗസ്വി കൈസരൊടെതിർത്തിതതേമുതല്ക്കീ-
യാഗസ്തുനാലിനുകഴിഞ്ഞിതുരണ്ടുകൊല്ലം.
ചേരുന്നുലോകർ സഭയായ് വിജയാർത്ഥനയ്ക്കെ-
ല്ലാരുംമഹേശനിലയങ്ങളിലെത്തിടുന്നു
കാരുണ്യവാരിനിധി ജോർജ്ജൂനൃപൻജയിപ്പാൻ
നേരുന്നു നേർച്ച പലർ നോമ്പുകൾ നോറ്റിടുന്നു യുദ്ധം
തേജസ്തീക്ഷ്ണത ചേർന്നുമിന്നുമിടിബോ-
മ്പോരോന്നുപൊട്ടിച്ചുകൊ-
ണ്ടോജസ്സാർന്നധികംജനങ്ങളെ വിറ-
പ്പിച്ചും നശിപ്പിച്ചുമേ
വ്യാജത്തോടൊളിവിൽച്ചിലപ്പൊൾ മരുവി-
ക്കൊണ്ടും മഴക്കാലമാം
രാജദ്രോഹിയണഞ്ഞു സമ്പ്രതി ജള-
പ്രായം ജഗത്തൊക്കെയും. മഴക്കാലം
വാക്കേറെമോശമുടലോ കരിതേച്ചവേഷം
നോക്കേണ്ടുനിന്നുടയ നോക്കതിലുംവിശേഷം
കാക്കേ നിനക്കിതു പിണഞ്ഞതു കർമ്മദോഷം
കേൾക്കേണമോ കഥകൾ ഞാൻ പറയാമശേഷം.
സ്രഷ്ടാവുനിന്റെ തലമേലെഴുതുന്നനേരം
കഷ്ടാൽ മഷിബ്ഭരണിനിന്നിൽ മറിഞ്ഞുപോയോ?
ദൃഷ്ടാന്തമാകുമിതുനിന്നുടൽ കാൺകിലാർക്കും
ദിഷ്ടാന്തമെന്തിനിനി വേറെ നിനച്ചിടുന്നു. കാക്ക
നാലുകെട്ടുണ്ടെങ്കിലുമതിൽ
മാളികയൊന്നുമാത്രമുയരുന്നു
മാലനല്പമതിൽക്കേറിച്ചെല്ലുവാൻ
ചാലവേകെട്ടുമൂന്നും കടക്കേണം
എങ്കിലുമാസ്സുഖപ്രദമാം ഹർമ്മ്യ-
ത്തിങ്കലേക്കാരണയാൽ കൊതിക്കാത്തൂ? മോക്ഷപ്പാന

ബങ്കിമചന്ദ്രന്റെ ‘ചന്ദ്രശേഖരൻ’ ഇദ്ദേഹമാണു ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുള്ളതു്. മാധവീകങ്കണവും ഇദ്ദേഹത്തിന്റെ തർജ്ജിമയാണു്.

അമ്പലപ്പുഴ മഹാദേവശർമ്മ

ഞങ്ങൾ സ്വദേശീയരും സതീർത്ഥ്യരും ഏകദേശം സമവയസ്കരുമാണു്. മുഖ്യപരീക്ഷയിൽ ജയിച്ചശേഷം അദ്ദേഹം അല്പകാലം ഇംഗ്ലീഷ് പഠിച്ചു. എന്നാൽ പണത്തിന്റെ ഞെരുക്കത്താൽ പഠിത്തം പൂർത്തിയാക്കാൻ സാധിച്ചില്ല. സ്വപ്രയത്നത്താൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും സാമാന്യം നല്ല പരിജ്ഞാനം സമ്പാദിച്ച ശേഷം കോട്ടയം കാളേജിൽ മുൻഷിപ്പണിയിൽ പ്രവേശിച്ചു. സർദാർ കെ. എം. പണിക്കർ അവർകൾ തന്റെ ക്ലാസ്സിൽ പഠിച്ചിട്ടുണ്ടെന്നു് പലപ്പോഴും അഭിമാനപൂർവ്വം എന്നോടു പറഞ്ഞിട്ടുണ്ടു്. മുൻഷിപ്പണി പല കാരണങ്ങളാൽ അത്ര സുഖകരമായി തോന്നായ്കയാൽ ‘ജേർണ്ണലിസ്റ്റ്’ സ്ഥാനം സ്വീകരിച്ചു. എപ്പോഴും ഗവർമ്മെന്റിനെ താങ്ങിനിന്നതിനാൽ ദാരിദ്ര്യം തെല്ലു ശമിച്ചു എന്നു പറയാം. കൃഷ്ണൻനായർ ദിവാൻജിയായിരുന്ന കാലത്താണെന്നു തോന്നുന്നു—പ്രസ്സ് നിയമം നടപ്പിൽ വന്നു. അന്നു് അതിനെ പിൻതാങ്ങിയവരുടെ കൂട്ടത്തിൽ മുന്നണിയിൽ നിന്നതു് മനോരമപ്പത്രമായിരുന്നു. അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭണത്തിൽ മിക്ക പത്രങ്ങളും ഗവർമ്മെന്റിനു് എതിരായി. ‘ശ്രീപത്മനാഭപിക്‍ചർ’ പാലസിൽ വച്ചു് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള മുതലായ നേതാക്കന്മാരുടെ ആഭിമുഖ്യത്തിൽ ഒരു മഹായോഗം നടന്നു. അന്നു രാഘവയ്യാദിവാൻപദം ഏറ്റു കഴിഞ്ഞു. പത്രനിയമം നിർത്തലാക്കേണ്ടതാണെന്നുള്ള നിശ്ചയം വന്നപ്പോൾ എതിർക്കാൻ ശർമ്മ മാത്രേ ഉണ്ടായിരുന്നുള്ളു. കേവലം കൗതുകത്താൽ ശ്രോതാക്കളുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെട്ടിരുന്നു. അന്നു ശർമ്മ അല്ലായിരുന്നെങ്കിൽ വല്ലാതെ വിഷമിച്ചു പോകുമായിരുന്നു. പരമാർത്ഥത്തിൽ ശർമയ്ക്കു രാഷ്ട്രീയകാര്യങ്ങളിൽ ഒരു പക്ഷപാതവുമുണ്ടായിരുന്നില്ല. പാഠപുസ്തകലാഭം മാത്രമായിരുന്നു ഏകലക്ഷ്യം. ജാത്യഭിമാനവും കുറേ കുടുതലായിരുന്നു എന്നു പറയാം. വിചാരിച്ചതുപോലെ തന്നെ പറ്റി. അക്കൊല്ലം അദ്ദേഹത്തിന്റെ ദാരിദ്ര്യവും നീങ്ങി. ഇങ്ങനെ കുറേക്കാലം കഴിഞ്ഞു് രോഗവും ദാരിദ്ര്യവും വീണ്ടും അദ്ദേഹത്തിനെ ബാധിച്ചു. മിത്രങ്ങൾ പോലും അദ്ദേഹത്തിനെ കൈവെടിഞ്ഞു. തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു താമസമാക്കിയിരിക്കവേ 1121-ൽ അദ്ദേഹം ജീവിതയാത്ര അവസാനിപ്പിച്ചു. ഗദ്യമായും പദ്യമായും അദ്ദേഹം പലതും എഴുതീട്ടുണ്ടു്. വിമല എന്ന കഥ, പാത്രചരിതം (പദ്യം), ശങ്കരാചാര്യർ, രവീന്ദ്രകൃതികൾ രണ്ടുഭാഗം–ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. പദ്യമാതൃക കാണിപ്പാനായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.

നാടാകവേ പുതിയമട്ടുപടർന്നുപാരം
പാടാക്കിടുന്നു പണിചെയ്തു പിഴപ്പവർക്കും
നേടാൻപ്രശസ്തിയതിനാൽ തരമെന്നുറച്ചു
വാടാതെനീയവിടെവന്നുവളർന്നുറോസേ
ജാതീസുമം, സുരഭികേതകി, മുല്ലയുംനിൻ
ജാതീന്നുതാണു തലപൊക്കിനടന്നിടായ്വാൻ.
നീ തീറുപറ്റിയവതൻവിഭവങ്ങളെല്ലാ-
മോതീടവേണ്ട ബലവാനു ജയംലഭിക്കും റോസാപ്പൂവു്
മുൻകാലുരണ്ടുമതികോപമൊടാഞ്ഞിളക്കി-
പ്പിൻകാലിലും തനുവിലും ചെളികോരിയിട്ടും
ഹുങ്കാർന്നുശീർഷമൊരുമട്ടധികംകുനിച്ചും
ശങ്കാവിഹീനമതിമുക്രയിടുന്നു കൂറ്റൻ.
ചീറ്റിച്ചിനച്ചു കൊടുകൊമ്പുകൾകൊണ്ടുമണ്ണു-
മാറ്റിസ്വയം മലിനവേഷമണിഞ്ഞുകൊണ്ടും
ആറ്റിൻകരയ്ക്കുവിലസുന്നൊരു പുൽപുറംനീ
നാറ്റിപ്പതെന്തുനലമോ? വൃഷഭന്നിതെല്ലാം. ഗോശാലക്കൂറ്റൻ

പി. വി.കൃഷ്ണവാരിയർ

കോഴിക്കോട്ടുതാലൂക്കിൽ നന്മണ്ട അംശത്തിൽ പന്നിയമ്പള്ളി വാരിയം ആണു് പി. വി. വാരിയരുടെ പൂർവകുടുംബം. ടിപ്പുവിന്റെ ആക്രമണശേഷമാണു് ആ കുടുംബക്കാർ കോട്ടയ്ക്കലേക്കു താമസം മാറ്റിയതു്. പി. വി. വാരിയർ 1052 ഇടവം 15-ാം തീയതി ശ്രീദേവീവാരസ്യാർക്കു് ചെറുകളപ്പുറത്തു ത്രിവിക്രമൻ നമ്പൂതിരിയിൽ ജനിച്ച ഏക പുരുഷസന്താനമാണു്. ദേശമംഗലത്തു് കുഞ്ഞുകൃഷ്ണവാരിയരാണു് പ്രസ്തുത ബാലനെ അഞ്ചാംവയസ്സിൽ എഴുത്തിനിരുത്തിയതു്. അനന്തരം കോട്ടയ്ക്കൽ പി. എസ്. വാരിയരുടെ മാതാവിന്റെ അടുക്കൽ നിന്നു് കുറേക്കാലം സംസ്കൃതം അഭ്യസിച്ച ശേഷം ഉക്കണ്ടത്തു കൃഷ്ണവാരിയരെ ഗുരുവായി വരിച്ചു. അദ്ദേഹത്തിന്റെ അടുക്കൽ നിന്നു കാവ്യാലങ്കാരാദികളും തർക്കവും വ്യാകരണവും പഠിച്ച ശേഷം ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു് അപ്പർ പ്രൈമറി പരീക്ഷ ജയിച്ചു. പീന്നീടു് ജ്യേഷ്ഠനും പ്രസിദ്ധ വൈദ്യനും ആയ പി. എസ്. വാരിയരുടെ അടുക്കൽ നിന്നു് അഷ്ടാംഗഹൃദയം അഭ്യസിച്ചുകൊണ്ടിരിക്കെ ലോവർ സെക്കണ്ടറി പരീക്ഷയിലും വിജയംനേടി. 1092-ൽ മെട്രിക്കുലേഷൻ പരീക്ഷയിൽ ജയിച്ചു. അനന്തരം കുറേക്കാലം സംഗീതകല അഭ്യസിച്ചു് അതിൽ പ്രശംസാർഹമായ പ്രാവീണ്യം സമ്പാദിച്ചു.

1086-ൽ പ്രസിദ്ധീകരിക്കപ്പെട്ട പലവക കൃതികൾ, രാഗരത്നാവലി, പ്രത്യക്ഷസ്തോത്രം, ചിന്താഗ്രസ്തനായ ശ്രീരാമൻ മുതലായ പദ്യകൃതികളും ആര്യവൈദ്യചരിത്രം എന്ന തർജ്ജിമയും ആണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

നിരന്തര വ്യവസായിയും തികഞ്ഞ ഭാഷാഭിമാനിയും ഉത്തമ സുഹൃത്തുമാണു്. കോട്ടയ്ക്കൽ സാഹിത്യപരിഷത്തിന്റെ വിജയഹേതു വാസ്തവത്തിൽ അദ്ദേഹമായിരുന്നു. അതിഥി സൽക്കരണത്തിൽ അദ്ദേഹത്തിനുള്ള ജാഗരൂകത അന്നു് ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നിരന്തരശ്രമത്താലാണു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ഒറവങ്കര, വി. സി. ബാലകൃഷ്ണപ്പണിക്കർ മുതലായ സാഹിത്യ മഹാരഥന്മാരുടെ കൃതികൾ എല്ലാം മലയാളികൾക്കു സുഖലഭ്യമായിത്തീർന്നതു്. ലക്ഷ്മീവിലാസം എന്ന ധനവിഷയകമായ ഒരു മാസിക അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ഇപ്പോൾ വിപുലമായ രീതിയിൽ ഒരു സാഹിത്യചരിത്രം നിർമ്മിക്കുന്ന വിഷയത്തിൽ വ്യാപൃതനായിരിക്കയാണെന്നു കേൾക്കുന്നു. വളരെക്കാലം കവനകൗമുദി മുടങ്ങാത നടത്തിക്കൊണ്ടിരുന്നതും അദ്ദേഹമാണു്. പദ്യകൃതികളിൽ നിന്നു ചിലവ ഉദ്ധരിക്കുന്നു.

കരിയുന്നു കളേബരം മന-
സ്സെരിയുന്നൂ മറിയുന്നു ബുദ്ധിയും
തിരിയുന്നിതു ലോകമാകവേ
തിരിയുന്നില്ലൊരു വസ്തുപോലുമേ.
ഇവനിത്തരമെത്രകാലമി-
യ്യവനിക്കുള്ളിലൊരർദ്ധജീവനായ്
ശിവനേ വലയേണമെന്തുനീ-
യിവനേ കൈവെടിയുന്നതിങ്ങനെ? ഒരു പ്രാർത്ഥന
അഹോ കിഴക്കെന്തിതു കാണ്മതുർജ്ജിത
മഹോരഗംപോലെ മഹാഭയംകരം
ഗ്രഹോപരോധത്തിനുയർന്നരാഹുവിൻ-
സഹോദരൻ സർപ്പമതുല്പതിപ്പതോ?
ചലിപ്പതുണ്ടിപ്പൊഴിതിൻതലയ്ക്കലാ-
ജ്ജ്വലിപ്പതെന്താണൊരു രത്നമല്ലയോ?
വലിപ്പമേറുന്നൊരു വാലുമുണ്ടിതാ
കലിപ്രയുക്തം ഖലകാലസർപ്പമാം. ധൂമകേതു
അനഘദ്യുതിപൂണ്ടു മിന്നലൊക്കും
കനകോദ്യന്നവഭൂഷണങ്ങൾ ചാർത്തി
ഘനകേശഭരത്തൊടൊത്തുവർഷാം-
ഗനകേളീരസമാർന്നു വന്നുചേർന്നു
അടിയിൽകുളുർവെള്ളമുത്തുവീഴും-
പടിയിപ്പോൾപദമിങ്ങുവച്ചുചുറ്റും
തടിദാസ്യവിലാസമോടുവർഷാ
നടി നൃത്തംതുടരുന്നു നാടകത്തിൽ കാലാവസ്ഥ
മാനത്തിൽ നല്ല ഘനഭാവമൊടേവമുച്ച-
സ്ഥാനത്തിരുന്നു ഞെളിയേണ്ടയി കൊണ്ടലേ നീ
ഊനത്തിനാമതുയിർവിട്ടുഴലും വിളർത്തു
ദീനത്തിൽ നീയുടനലഞ്ഞുവലഞ്ഞുപോകും. മേഘോപാലംഭം
പെരിയൊരുദുരവണ്ടിയിൽക്കരേറീ-
ട്ടരിയമനോരഥവീഥിയിൽ ചരിപ്പോൻ
അരിശമൊടൊരുകുണ്ടിൽ വീണൊടുക്കം
ഹരിഹരിതൻ തലകുത്തിമണ്ണുകപ്പും.
ദുരയുടെ പിടിയിൽപെടുന്ന മൂഢൻ
കരയണയാൻ കഴിയാത്ത കപ്പൽപോലെ
പരമവിടവിടെ ഭ്രമിച്ചുഴന്നി-
ട്ടരമവസാനമണഞ്ഞു താണുപോകും. ദുരാഗ്രഹം
അളികൾ മുകളിൽപാറും പൂവല്ലി മല്ലിക നല്ലിളം-
തളിർ വലിയതാം പൂമൊട്ടോമൽ സരസ്സുലതാഗൃഹം
മിളിതമിവയെല്ലാമീപ്പൂങ്കാവിലെങ്കിലുമെങ്ങുമേ
വെളിവിലതടച്ചിട്ടാണല്ലോ കിടപ്പതു നിഷ്ഫലം അന്യാപദേശപഞ്ചകം

വടക്കുംകൂർ രവിവർമ്മ ഇളയതമ്പുരാൻ

ചില അന്യോക്തികളിൽനിന്നു് രണ്ടു ശ്ലോകം ഉദ്ധരിക്കുന്നു.

ഉലകഖിലമിനോദ്യൽ ശ്രീയിലാറാടിമിന്നും
നിലയിലഹഹ മൂങ്ങേ! കണ്ണുകാണാതിരിപ്പാൻ
തലയിലെഴുതിയല്ലോ പൂർവ്വദുഷ്കാലപുഷ്യൽ
ഫലവിശദവിപാകം നീഭുജിക്കുന്നതാവാം.
ദിനമണിഗതനായിച്ചന്ദ്രതാരങ്ങളെല്ലാം
ഘനതതിയിൽ മറഞ്ഞാലപ്പൊളാഹ്ളാദമേന്തി
തനതു ചെറുവെളിച്ചം തൂകി ലോകം ഭരിപ്പാൻ
മനസി കരുതിടുന്നോ? വിഡ്ഢീ മിന്നാമിനുങ്ങേ?

ശങ്കരാചാര്യർ എന്ന ഒരു ഗദ്യകൃതിയും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്.

വെംബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാടു്

അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. പഴയ രീതിയിൽ, പാകപ്പിഴ വന്നിട്ടില്ലാത്ത നല്ല കവനങ്ങളാണു് മിക്കവയും.

നീരജാക്ഷിയിവളിൽ പിറന്നൊരാ-
ദ്ദാരകൻ ദളിതകാഞ്ചനപ്രഭൻ
മാരമാഥിപരമോമനിച്ചിടും
താരകാരിയുടെ മോടിതേടിനാൻ.
ശ്രീയനല്പമെഴുമക്കുമാരനിൽ
സ്വീയദൃഷ്ടികൾ പതിഞ്ഞ നാട്ടുകാർ
മായമറ്റമിതമോദമായിടും
തോയരാശിയിലിറങ്ങി മുങ്ങിനാർ.
കോമളാകൃതികുമാരനെത്തദാ
വാമലോചനകൾ വന്നെടുത്തുടൻ
പ്രേമമോടു കുതുകാശ്രുധാരയാ-
ലോമനിച്ചു തഴുകീയഥേപ്സിതം.

1091-ൽ ശീവൊള്ളി ദാമോദരൻനംപൂരി എന്ന കവിക്കു് നേത്രരോഗം ബാധിച്ചപ്പോൾ തന്നിവാരണാർത്ഥം ഈ കവി ദേവിയോടു് പ്രാർത്ഥിക്കയും കരുണാശാലിയായ ദേവി ആ പ്രാർത്ഥന സ്വീകരിക്കുകയും ചെയ്തുവത്രേ.

സരസകവികൾചാർത്തും ചാരുമുത്തായ ദാമോ-
ദരസുരുചിരനാമംചേർന്ന ശീവൊള്ളി വിപ്രൻ
ഖരതരമൊരുകണ്ണിൽ ദീനമാർന്നാടലാഴി-
ത്തിരയുടെ നടുവിൽപ്പെട്ടിന്നു കഷ്ടപ്പെടുന്നു
തവരുചിരപദാബ്ജം സന്തതം ചിന്തചെയ്യു-
ന്നിവനിലകമലിഞ്ഞിസ്സങ്കടത്തീകെടുത്തി
ഭവതി ശിവമണയ്ക്കു താമസിക്കുന്നതെന്തി-
ന്നവനവിധിമറന്നോ ഭക്തവാത്സല്യമറ്റോ?
അഹഹ മിഴികൾ രണ്ടും പീളയാൽ മൂടിയും ദു-
സ്സഹനിലയിലുദിക്കും വേദനത്തള്ളലാർന്നും
ഇഹവലയുമൊരിക്ഷ്മാദേവനെക്കണ്ടു പങ്കേ-
രുഹമിഴിയെ മനം ഹൃത്സങ്കടം തങ്കിടുന്നു.
വെടിയരുതവിടുന്നീമർത്ത്യനെത്തോഴനായി-
ട്ടടിയനിവരൊഴിഞ്ഞില്ലാരുമിപ്പാരിടത്തിൽ
നിടിലനയനജായേ നിന്റെ തൃക്കൺകടാക്ഷ-
പ്പൊടിയരുളിയിവന്നുള്ളാർത്തിയെത്തീർത്തു കാക്കൂ.
താണീടാഞ്ഞതിവൈഭവപ്പൊലിമചേർന്നീടും കുമാരാലയ-
ക്ഷോണീമണ്ഡലവാസിയാം ഗിരിജതൻ തൃപ്പാദപത്മങ്ങളിൽ
വീണീവണ്ണമുണർത്തിയപ്പൊളവിടുന്നുൾക്കാമ്പലിഞ്ഞെൻസുഹൃൽ-
ശ്രേണീമുത്തിനണഞ്ഞ നേത്രരുജയെത്തെറ്റെന്നുമാറ്റീടിനാർ.

വി. പി. പത്മനാഭൻ നമ്പൂരിപ്പാടു്
മലർമങ്കയെ മാലയിട്ടയാ-
ളുലകിൽ പണ്ടു പിറന്നപോലവേ
ചലമാൻമിഴിയാൾക്കൊരർഭകൻ
ചിലനാൾക്കുള്ളുളവായി കോമളൻ
ജനനിക്കുമവൻ കുതൂഹലം
ജനകന്നും ജനതയ്ക്കുമൊക്കെയും
മനതാരിലിയറ്റി മേവിനാ-
നനഘംതന്നുടെ ചേഷ്ടിതങ്ങളാൽ
ചൊടിപൂണ്ട നടപ്പുമോഹന-
ച്ചൊടിയൊട്ടൊട്ടു കുഴഞ്ഞവാക്കുകൾ
അടിതെറ്റിയുലഞ്ഞ വീഴ്ചയി-
പ്പടിബാലൻ ബഹുശോഭതേടിനാൻ
വിളയാട്ടുമുടൽപ്പകിട്ടുമ-
ക്കളമന്ദസ്മിതചാരുകാന്തിയും
അളവറ്റ സുഖത്തെയാർക്കുതാ-
നുളവാക്കീല വസുന്ധരയ്ക്കകം
തളയും തരളത്വമാർന്ന കൈ-
വളയും കിങ്ങിണി നൂപുരങ്ങളും
വിളയും തനുവാണ്ടു ബാലകൻ
കളയും ലൗകികദുഃഖമൊക്കെയും. സത്യം ജയിക്കും
കലമാനുകൾ മേയുമദ്രിസാനു-
സ്ഥലപുണ്യാശ്രമവാസിയാം തപസ്വിൻ
വലയുന്നിതു മാർഗ്ഗബോധമെന്യേ
തുലയുന്നൂ തുണയറ്റ ഞാനിദാനീം
പുരുസൽകൃതിപൂർവമുജ്ജ്വലിക്കു-
ന്നൊരുദീപപ്രഭകാണ്മതുണ്ടു ദൂരാൽ
കരുണാരസമാർന്നുകൊണ്ടയാക്കി-
ത്തരുമാറാകണമെന്നയസ്ഥലത്തിൽ. വഴിപോക്കൻ, ഒന്നാംഭാഗം

പെരുന്നയിൽ വെങ്കിടാചലമയ്യർ
പത്മനാഭകൃപകൊണ്ടു കണ്ടൊരി-
സത്മവാസിമുനി ചെയ്ത സൽകൃതി
ഛത്മപാന്ഥനുസുഖം വളർത്തിനാൻ
പത്മജന്റെ ലിഖിതം മഹാത്ഭുതം
കൂട്ടുവിട്ടു വഴിതെറ്റിവൻമൃഗ-
കൂട്ടുകൂടി വനമാണ്ട മന്നവൻ
പാട്ടുപാടി മുനിയൊത്തു രാത്രിയിൽ-
ക്കാട്ടുകായ്കനി ഭുജിച്ചുറങ്ങിനാൻ.

കോയാത്തു കൊച്ചുണ്ണി മേനോൻ

കവിതാരീതി കാണിപ്പാൻ ‘സദ്യുമ്നചരിതം’ മണിപ്രവാളത്തിന്റെ ഒരംശം താഴെ ചേർക്കുന്നു.

പ്രണയകലഹവേളയിൽ ഗിരീശേ-
ക്ഷണജലബിന്ദുപൊഴിഞ്ഞ നിൻപദത്തിൽ
ക്ഷണമനു മുതിരുന്ന ഭക്തിയത്രേ
ഗുണമിഹവരുവാൻ സഹായമമ്മേ!
പവനസുരഭുജദ്വയം ത്രിശംകൂ-
ത്ഭവനുടെ വാക്കുവസിഷ്ഠചിത്തവൃത്തി
ദിവസപതിതനൂജബുദ്ധിയെന്നീ
നവഗുണമൊത്തൊരു മന്നനൂഴികാത്തു
അനുപമസുഷമാഢ്യനായ സുദ്യു-
മ്നനു ബഹുമോദമുദിച്ചു വേട്ടയാടാൻ
അനുഗതപരിവാരനശ്വമാണ്ടാ-
മനുജകുലാധിപനാശു കാടുപുക്കാൻ
കരതളിരിലെടുത്തു വില്ലുമമ്പും
ശരനിരപിന്നിൽനിറച്ചു തുണിതന്നിൽ.
അരയിലൊരുടവാളുമായ് വസന്ത-
സ്ഫുരദടവീതലമൊന്നണഞ്ഞു മന്നൻ
ഇടയിടയിലെഴും കഴൽപ്രണാദം
ചടചടയാം കുതിരക്കുളമ്പുശബ്ദം
മടകളിലിവകൊണ്ടു മാറ്റൊലിക്കൊ-
ണ്ടടവിപിളരുമാറുടൻ നടുങ്ങി.

കോയിപ്പള്ളിൽ പരമേശ്വരക്കുറുപ്പു്
കമലമകൾ കളിക്കും വെങ്കളിബ്ബങ്കളാവായ്
വിമലതരയശസ്സിന്നുല്ലസൽപൂനിലാവായ്
അമരപുരിനമിക്കും കാന്തി കൈക്കൊണ്ടുമോദാ-
ലമരുമൊരുവരേന്ത്യേ! നീ ജയിക്കേണമെന്നും

ഇങ്ങനെ മാതൃഭൂമിയുടെ പുരാതനമഹത്വത്തെ വർണ്ണിക്കാൻ പോകുന്ന കവി അവളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കാണുന്നതേയില്ല; അവൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങളും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെടുന്നില്ല.

കളലളിതവിലാസശ്രീ വിളങ്ങിത്തിളങ്ങും
കളമൊഴിമണിമാർക്കും വാരൊളിക്കേളിഭൂവായ്
വളരുമൊരുഗുണൌഘം ചേർന്നുമിന്നുന്ന നീയി-
ന്നിളയുടെ ഗളഹാരംപോലെ ശോഭിച്ചിടുന്നു.

എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം.

‘അപദയമതിമോദാംഭോധിയിൽക്കാന്തനാകും
നൃപശശിയൊടുമൊന്നിച്ചെപ്പൊഴും നീ ജയിപ്പാ’ മാതൃഭൂമി

നും അദ്ദേഹം പ്രാർത്ഥിക്കുന്നു.

എന്നാൽ ഈ കവിത മുപ്പതിൽപ്പരം കൊല്ലങ്ങൾക്കുമുമ്പു് ഉണ്ടായതാണെന്നു് നാം ഓർക്കേണ്ടതാണു്.

രുഗ്മിണീസ്വയംവരം മണിപ്രവാളത്തിന്റെ ആദ്യത്തെ രണ്ടു സർഗ്ഗങ്ങളും അദ്ദേഹത്തിന്റെ കൃതിയാകുന്നു. കുണ്ഡിനപുരത്തിന്റേയും തദധിപതിയുടേയും വർണ്ണന ഇവിടെ ഉദ്ധരിക്കാം.

നാകത്തിനും വലിയ നാണമണച്ചിടുന്ന
പാകത്തിനൊത്ത വിഭവാദി ഗുണങ്ങൾ തിങ്ങി
ശ്ലോകത്തൊടൊത്തു വിലസീടിന കുണ്ഡിനം ഭൂ-
ലോകത്തിനീശനവനൂക്കൊടടക്കി വാണു.
കണ്ണിന്നുകൗതുകമുയർത്തിടുമംബുരാശി-
പ്പെണ്ണിന്റെ കണ്ണിണകളിച്ചിടുമപ്പുരത്തെ
വിണ്ണിന്നധീശനമരാവതിപോലെയാരും
വർണ്ണിച്ചിടുംപടി ഭരിച്ചു ലസിച്ചു വീരൻ
ഹുങ്കറ്റവർക്കൊരു സുരദ്രുമമായി വിശ്വ-
ത്തിങ്കൽ സ്വശക്തി വെളിവാക്കിയൊരീ നരേന്ദ്രൻ
തിങ്കൾക്കെതിർപ്പുകളൊടിക്ഷിതിമങ്കയാൾതൻ-
കൊങ്കയ്ക്കു തങ്കമണിയായ്വിളയാടി നിത്യം.

രംഭാപ്രവേശം–60 ശ്ലോകങ്ങളുള്ള ഒരു ഖണ്ഡകാവ്യമാണു്.

‘ഭൃശതരഭുജവിക്രമം നിനച്ചാ-
ലശനിധരാദി വിറച്ചിടുന്നവീരൻ’
‘മലർശരപരിതാപമേറ്റു’നില്ക്കവേ അലമമലരുചിപ്രവാഹമായോ-
രലസവിലോചന കണ്ണിൽ വന്നു മുട്ടി.
സുലളിതകളധൌതകോമളശ്രീ
വിലസുമനർഘവിഭൂഷണങ്ങൾ ചാർത്തി
വിലപെരുകിയപട്ടുടുത്ത നാരീ-
കുലമണിയാളവൾ ലീലപൂണ്ടു വന്നാൾ.
… … …
… … …
വരലളിതവിലാസസീമകാട്ടും-
വരെയവളന്നളവറ്റ കൗതുകത്താൽ
സ്ഫുരദമലസുഹാസവെണ്ണിലാവാൽ-
പ്പരമസിതാടവിയൊക്കെയും വിളക്കി.
തളിരിനൊടെതിരായ ചുണ്ടുമപ്പൈ-
ങ്കിളിമൊഴിതന്റെ മുലക്കുടങ്ങൾ രണ്ടും
അളികുലവിലസല്ക്കടാക്ഷമോക്ഷ-
ക്കളികളുമത്ഭുതമെന്തു ചൊല്ലിടേണ്ടു!

ചുരുക്കിപ്പറഞ്ഞാൽ,

കണിമലരൊളിമേനികാന്തിയാൽക്കൺ-
മണികൾ ദശാസ്യനുമേറെ മഞ്ഞളിച്ചു.

നല്ല ദ്രാക്ഷാപാകം–മധുര മധുര പദങ്ങളുടെ സമഞ്ജസമായ വിന്യാസം– പക്ഷേ പുതുമയില്ലെന്നൊരു ദോഷമേയുള്ളു. പഴയ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിനു് അത്യുന്നതമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്.

ബാലേ നീലാളകകളണിയും മാലികേ! മാരലീലാ-
ലോലേ! ബാലാമൃതകരസുഫാലേ ശുഭേ മഞ്ജുശീലേ
മാലേകുന്നൂ മനസിജനെനിക്കിന്നു നിന്നെപ്പിരിഞ്ഞി-
ക്കാലേ വാഴാൻ ഖലവിധി വിധിച്ചെന്ന കാര്യം കടുപ്പം.
കല്യാണക്കുന്നരിയ കുലവില്ലാക്കിയോൻ തൻകടാക്ഷാൽ
കല്യാണംതൊട്ടധികസുഖമോടിത്രനാൾ പാർത്തശേഷം
കല്യാണാംഗീകുലമണി നമുക്കീവിയോഗത്തിലിപ്പോൾ
കല്യാണംവിട്ടമരുവതിനോ വിഷ്ടപേശൻ വിധിച്ചു?
നീഹാരോദ്യൻമൃദുലതപെരുത്തുള്ള നിൻമുഗ്ദ്ധഹാസം
സ്വാഹാജാരാമലകരവിലാസോദയശ്രീവിശേഷം
ഹാഹാ കാണ്മാൻ മമ മിഴികളാകും ചകോരദ്വയം വ-
ന്മോഹാലോർത്തോർത്തനുദിനമഴൽപ്പെട്ടു കഷ്ടപ്പെടുന്നു.
തങ്കക്കൈതപ്പുതുമലരൊളിക്കും തനുശ്രീ തഴയ്ക്കും
നിങ്കൽത്തന്നേ മമ ഹൃദയമർപ്പിച്ചു ഞാനിപ്രകാരം
മങ്കക്കൂട്ടർക്കണിമണി വസിക്കുന്നു ഭാര്യാവിയോഗ-
ത്തിങ്കൽപ്പണ്ടാ നളനുസമമിക്കാലമെൻകാലദോഷാൽ. ഒരു വിരഹി
കന്നിച്ച കുന്ദമുകുളാമലദന്തപംക്തി
മന്നിച്ച നീ പുതിയ പുഞ്ചിരിപൂണ്ടജസ്രം
നന്ദിച്ചു നല്ലളികുലാളകമിട്ടുലച്ചു
നിന്നിച്ഛപോലെ ലതികാംഗി ലസിച്ചിടുന്നു.
പൂവെണ്ണിലാവിലഴകോടു കളിച്ചു നല്ല
തൂവെള്ളയാം സുമദുകൂലമുടുത്തു മെയ്യിൽ
നീവെച്ചു നൽപ്പരിമളപ്പൊടി പൂശിനിന്നു
രാവെന്നുമേ ഗണികപോലെ നയിച്ചിടുന്നു. മുല്ല
ശ്രീമന്നീലിമയാർന്നു നിർമ്മലരണിശ്രേണീവിലാസത്തൊടൊ-
ത്തോമൽപ്പൂങ്കുളുർകാന്തിപൂർത്തി പുലരും പൊന്താമരപ്പൊയ്കപോൽ
ഹാ മഞ്ജുത്വവുമാവിശാലതയുമാർന്നാരാൽ നിസർഗ്ഗപ്രഭാ-
സ്തോമത്തിൻവിലകാട്ടി ഹന്ത വിലസീടുന്നൂ വിയത്തെപ്പൊഴും. ഈശ്വരചൈതന്യം

എന്റെ ഹൃദയം, ഒരു ആകർഷണം, ഒരു പ്രണയകലഹം, പ്രേമം ഇവ ‘Ella Wheeler Wilcox’ ന്റെ കൃതികളുടെ തർജ്ജമയാണു്. അവ സ്വതന്ത്രകൃതികളാണെന്നു തോന്നത്തക്കവണ്ണം മനോജ്ഞമായിരിക്കുന്നു.

ശ്രീവളർന്നിടും നല്ലകാലമാം വസന്തത്തിൽ
സാവധാനമായ്പ്പാടി പറന്നു നടക്കയും
ഉല്ലസൽകാന്തിചിന്തുമുദ്യാനത്തിലും പച്ച-
പ്പുല്ലണിപ്പൂമൈതാനസങ്കേതസ്ഥലത്തിലും
സന്തതം രസംപൂണ്ടുചെന്നു പൂമധുവുണ്ടു
സംതൃപ്തമനസ്സോടെ സമയം വൈകീടുമ്പോൾ
പറന്നു പറന്നു നൽക്കൂട്ടിനുള്ളിൽവന്നോമൽ
ച്ചിറകുനിവർത്തുവാൻ നിവൃത്തിയില്ലാതേറ്റം
പുത്തൻപൂമകരന്ദസ്സത്തുണ്ടു മദോന്മത്ത-
ചിത്തനാകയാലല്പം വിശ്രമിച്ചീടുന്നേരം
പാടില്ലേതുമേ പറന്നീടാനെങ്കിലുമൊന്നു
കൂടിപ്പൂന്തോട്ടം പൂകാൻ വണ്ടത്താൻ പറക്കുന്നു
കാലമിങ്ങനെ കഴിച്ചീടുന്നോരിന്ദിന്ദിരാ
പോലല്ലോ സദാകാലമെൻപ്രിയഹൃദയവും എന്റെ ഹൃദയം

ഒരു കപ്പൽയാത്ര The Ancient Mariner എന്ന ആംഗല കവിതയുടെ അനുവാദമാണു്.

മി: പരമേശ്വരക്കുറുപ്പ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ബാലഗംഗാധരതിലകൻ, സുരേന്ദ്രനാഥബാനർജി, ഗോപാലകൃഷ്ണഗോഖലെ മുതലായവരുടെ ജീവചരിത്രവും രചിച്ചിട്ടുണ്ടു്.

കടത്തനാട്ടു കെ. ശങ്കരവാരിയർ

ഒരു വിദ്വൽക്കവി.

അടിയനെഴുന്നഴൽ നിന്തിരു-
വടിയല്ലാതാരകറ്റുവാനമ്മേ?
നെടിയ തമസ്സു മുടിപ്പാൻ
കൊടിയവിവസ്വാനൊഴിഞ്ഞു കഴിവുണ്ടോ?
ആഹവഹതദൈത്യഗണേ!
മോഹപിശാചാർത്തിതീർത്തു കാത്താലും
സാഹസമുണ്ടോ വനഹുത-
വാഹനു പുല്ലൊന്നു ഭസ്മമാക്കീടാൻ? ആര്യാപഞ്ചദശി
ശിവഗുണമെഴുമാറന്നീലകണ്ഠപ്രസംഗം.
ഭുവനമഹിതമഭ്രോല്ലാസിയാം കൃഷ്ണവർണ്ണം
ഇവപലതുമിണങ്ങിത്താപമാറിക്കുളുർക്കു-
ന്നവനിതലമശേഷം വന്നുചേരുന്നു തോഷം
ഉലകിനസുഖമേറ്റും വേനലാം വൈരിതന്നെ-
ബ്ബലമൊടുശരവർഷംകൊണ്ടുടൻ കൊല്ലുവാനായ്
ജലദഭടരൊടുക്കും ചാപമോ ചാരുവാകും
വലമഥനധനുസ്സോ കാണ്മതെന്തംബരത്തിൽ? പുതുമഴ
കടത്തനാട്ടു കൃഷ്ണവാരിയർ
ആനന്ദമാർക്കുമുളവാക്കിടുമൊന്നിണങ്ങി-
സ്നാനംകഴിക്കുകിലതീവമഹാൻ തടാകം
മീനം തുടർന്ന പലജീവികളേയുമുള്ളിൽ
ദീനംപെടാതിതുമുറയ്ക്കു ഭരിച്ചിടുന്നു.
ലോകത്തിനേറ്റമുപകാരകമായി വേണ്ടും
പാകത്തിലെങ്ങുമവതാരമനേകമാർന്നും
ശ്രീകമ്രമായ്ത്തെളിവൊടും ജനതാപഭാര-
മാകക്കെടുക്കുമതുപങ്കജനേത്രനേത്രേ! ഒരു തടാകം

കിളിമാനൂർ കെ. ശങ്കരവാരിയർ

ഇദ്ദേഹം മാഘം ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തിട്ടുള്ളതിനു പുറമേ ചില ഖണ്ഡകൃതികളും രചിച്ചിട്ടുള്ളതായറിയുന്നു.

തെളിവൊടിരുവശത്തും നൻമൃണാളത്തൊടൊപ്പം
വെളുവെളെ വിലസീടും ചാമരം വീശിടുമ്പോൾ
അളികുലലളിതാംഗൻ ഗംഗ രണ്ടായ്പതിക്കു-
ന്നളവു നടുവിൽമിന്നുന്നബ്ധിപോലുല്ലസിച്ചു.
പലമണികളിണങ്ങിച്ചിത്രമായൂർദ്ധ്വഭാഗേ
വിലസിടുകനിമിത്തം ധാതുരത്നങ്ങളാലേ
പലതരമൊളികാട്ടീടുന്ന ഗോവർദ്ധനാഖ്യം
മലയുടെ സഹജത്വം തൽകിരീടം വഹിച്ചു. മാഘം
തീരം നിറഞ്ഞിരുളടഞ്ഞു പുകഞ്ഞു മറ്റേ-
ത്തീരംമറഞ്ഞു തിരതള്ളിയലഞ്ഞുവലഞ്ഞു
പാരംതെളിഞ്ഞ കടൽകണ്ടൊരുവന്നു തോഷ-
ഭാരംപൊറാഞ്ഞു ചിലതേവമവൻപറഞ്ഞു.
ഗാംഭീര്യമേറ്റമിയലുന്ന ഭവാനിവണ്ണം
വൻപേറിടും ചലനമെന്തിനു കാട്ടിടുന്നൂ?
നിൻപേരിനായതു കുറച്ചു കുറച്ചിലാണെ-
ന്നംഭോനിധേ കരളിൽ നീ കരുതാത്തതെന്തേ? സമുദ്രം

എം. ആർ. കൃഷ്ണവാരിയർ

ഹരിപ്പാട്ടാണു് സ്വദേശം. അദ്ദേഹം 1061 വൃശ്ചികം 6-ാംതീയതി ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കാളേജിൽനിന്നു് ബി. ഏ. ബിരുദം സമ്പാദിച്ചു. പിന്നീടു് എൽ. റ്റി. പരീക്ഷയിലും വിജയം നേടി. അദ്ധ്യാപകൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ, ഹെഡ്മാസ്റ്റർ, ഡയറക്ടരുടെ പേഴ്സനൽഅസിസ്റ്റന്റ്, ഡിവിഷണൽഇൻസ്പെക്ടർ എന്നീ സ്ഥാനങ്ങളെ അലങ്കരിച്ചശേഷം 55-ാം വയസ്സിൽ പെൻഷൻ പറ്റി നാലഞ്ചുകൊല്ലമായി സ്വഗൃഹത്തിൽ വിശ്രമിക്കുന്നു. പഠിക്കുന്ന കാലത്തുതന്നെ കവിത എഴുതിത്തുടങ്ങി. തേവർ, കാകതാലീയം, പ്രകൃതി, ചിത്രനഗരിയിൽ, അണിഞ്ചൻ തുടങ്ങി അനേകം കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്.

ഒന്നിച്ചോളം കിളർന്നിട്ടൊരുവലിയ മല-
യ്ക്കൊപ്പമായങ്ങൊടിഞ്ഞ-
ക്കുന്നിക്കും ശക്തിയോടും കുലുകുലയുടന-
ക്കൂലമെല്ലാം കുലുക്കി
ചിന്നിച്ചിക്കിപ്പരക്കെപ്പതയതു ചിതറി-
ച്ചീറിമാറിച്ചിലയ്ക്കു-
ന്നുന്നിദ്രപ്രാഭവംപൂണ്ടറബിവരമഹാം-
ഭോധി വമ്പോടുകൂടി.
തത്തിച്ചാടിത്തരംഗം തടവതിലിടറി-
ക്കേറി വന്നൊട്ടുമാറി-
ക്കുത്തിപ്പായുന്നനേരം കവടിനിരയിള-
ങ്കംബൂ, കാന്തോപലാദി
കത്തിക്കാളും വിശേഷപ്രഭയൊടു കരയിൽ-
പ്പെട്ടു പിന്നീടൊരോള-
പ്പാത്തിക്കുള്ളില്പതിക്കുന്നതു മനസി മഹാ
കൗതുകം ജാതമാക്കി. ആലപ്പുഴ കടപ്പുറം
ശ്രീമത്താം പ്രകൃതീശ്വരിജയമഹസ്തംഭങ്ങളായാപഗാ
വാമക്ഷോണിയിലങ്ങിണങ്ങിവളരും നാലഞ്ചുസാലങ്ങളിൽ
കാമം കൃത്രിമചിത്രഭംഗിതിരളും നീഡങ്ങളെത്തീർത്തതി-
ക്ഷേമത്തോടുവസിച്ചിടുന്ന കുരുവിക്കുട്ടങ്ങളൊട്ടല്ലഹോ.
കുറ്റിക്കാടഭിരാമകുഞ്ചിതലതാകുഞ്ജാലയം മഞ്ഞലി-
ഞ്ഞിറ്റിറ്റമ്പൊടുവീണിടും നവകദംബശ്രീനിതംബസ്ഥലം
ചുറ്റിപ്പുഷ്പിതവല്ലിയേറിയഴകോടാകാശമാർഗ്ഗാന്തരം
പറ്റിക്കൊണ്ടമരും മരങ്ങളിവയാലിദ്ദേശമുദ്ദീപിതം. കാകതാലീയം

ഈ രണ്ടു കൃതികളും മനോജ്ഞമായിട്ടുണ്ടു്. പ്രാസറഗുലേഷനെ അക്കാലത്തെ മറ്റുപലേ കവികളെപ്പോലെ അദ്ദേഹവും ആദരിച്ചിരിക്കുന്നു. ‘അണിഞ്ചനി’ൽ ഈ കൃത്രിമത്വം കാണുന്നില്ല. അണിയൻ പുലയനും അവന്റെ പുലച്ചിയുമാണു് നായികാനായകന്മാർ.

കൃഷിസ്ഥലത്തമ്പിനൊടങ്ങുമിങ്ങും
പുലച്ചിമാർ പൂത്തു തെഴുത്തമാവിൽ
ഇണങ്ങരോടും കുയിൽമങ്കമാർതൻ
കണക്കുകേറിക്കുടിപാർപ്പുകൊണ്ടാർ.
പുലച്ചിമാർ കൂർത്തരിവാൾ കരത്തിൽ-
ദ്ധരിച്ചുലങ്കാമലർമങ്കപോലെ
പുഴക്കരപ്പുഞ്ചകൾ കാത്തു കൊയ്ത്തി-
ന്നൊരുങ്ങിവാണാർ നിജ മുക്തിനേടാൻ.
‘കഴുത്തറുപ്പേറ്റമടുത്തു’വെന്നീ-
യുദന്തമോർത്തിട്ടഴലോടുകൂടി
കുനിച്ചുനിന്നൂമുഖമത്രനന്നായ്
പഴുത്ത തൂനെല്ലുകളെന്നുതോന്നും. അണിഞ്ചൻ

പമ്പാനദിയും നിഷ്പ്രാസമാണു്.

വിശുദ്ധമാം ജീവനമാർന്നു വീചീ-
വിലാസമോടും വിമലാനനത്തിൽ
നിരർഗ്ഗളാലാപമൊടൊത്തു പമ്പാ-
സരിത്തുവേണാട്ടിൽ വിളങ്ങിടുന്നു.
മഹാമഹീഭൃത്കുലജന്മമാർന്നി-
ട്ടുദാരവഞ്ചിക്ഷിതിപാലനാർത്ഥം
സ്വജീവനത്തെച്ചിലവാക്കിടുന്നി-
സ്രവന്തി നാട്ടാർക്കൊരു രാജ്ഞിയല്ലോ.

കണ്ണങ്ങത്തു രാമൻമേനോൻ ബി. ഏ.
ഇളകിമറിയുമംബുവിൽ കളിക്കു-
ന്നളവിലൊരുത്തനതിപ്രഹൃഷ്ടചിത്തൻ
ഇളയുടെ പതിതൻ ഗുണങ്ങൾ വാഴ്ത്തി-
ക്കളമൃദുനാദമൊടൊത്തുപാട്ടുപാടി.
അരനിമിഷമിളച്ചിടാതെ വീണാ-
സരളമൃദുസ്വനഭംഗിയോടുമന്യൻ
പരഭരതനൃപന്റെ പുത്രിയാകും
പരഭൃതവാണിയെ വാഴ്ത്തിയങ്ങുപാടി ലീല ഒന്നാംഭാഗം

മണത്താഴത്തു നാരായണമേനോൻ ബി. ഏ.
പണമെത്രപൊലിച്ചു, നാട്ടുകാർതൻ
നിണമന്നെത്രപൊഴിച്ചു പോർക്കളത്തിൽ
ഗുണമെന്തവകൊണ്ടുവന്നു ദൈവം
തുണനിന്നേ ഫലമുള്ളു പൗരുഷത്താൽ
നവനീരദനീലവേണിയാമ-
ന്നവനീതാംഗിയെമാത്രമോർത്തജസ്രം
അവനീപതിയെന്നതോർമ്മവിട്ട-
ന്നവനീവണ്ണമധീരനായ് ചമഞ്ഞു. ലീല രണ്ടാംഭാഗം

മരണത്താഴത്തു കൃഷ്ണമേനോനും ചില കവിതകൾ രചിച്ചിട്ടുണ്ടു്.

സി. എസ്. സുബ്രഹ്മണ്യൻപോറ്റി

1051 വൃശ്ചികം 15-ാംതീയതി വെള്ളിമനയില്ലത്തു ശങ്കരൻപോറ്റിയുടെ പുത്രനായി ദേവകിഅന്തർജ്ജനത്തിൽ ജനിച്ചു. അഞ്ചാംവയസ്സിൽ യഥാവിധി എഴുത്തിനിരുന്നിട്ടു് കുറേക്കാലം കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചു. അനന്തരം പടനായർകുളങ്ങരെ മലയാളം പള്ളിക്കൂടത്തിൽ ചേർന്നു് മുഖ്യപരീക്ഷ ജയിച്ചിട്ടു് അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു.

നന്നേ ചെറുപ്പത്തിലേ അദ്ധ്യാപകവൃത്തി സ്വീകരിച്ചു. സ്കൂൾ പരിശോധനാർത്ഥം ചെന്ന പി. അയ്യപ്പൻപിള്ള അവർകൾ അവജ്ഞാസൂചകമായി പറഞ്ഞ ഏതോ വാക്കുകൾ ആ യുവാവിന്റെ പൗരുഷത്തെ ഉണർത്തി. അങ്ങനെ ഇംഗ്ലീഷു പഠിച്ച് 1078-ൽ മെട്രിക്കുലേഷനും 1083-ൽ ബി. ഏ. പരീക്ഷയും ജയിച്ചു. അനന്തരം തിരുവനന്തപുരം മഹാരാജാസ്കാളേജിലെ മുൻഷിയായി നിയമിക്കപ്പെട്ടു. പിന്നീടു് ഹജൂരിൽ അസിസ്റ്റന്റ് ട്രാൻസ്ലേറ്ററായി നിയമിക്കപ്പെട്ടു. 1087-ൽ എം. ഏ. പാസ്സായി വളരെക്കാലം സബ്രജിസ്ത്രാറായും പിന്നീടു് അസിസ്റ്റന്റ് ഇൻസ്പെക്ടറായും പിന്നീടു് കളക്കടെ സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്ററായും ജോലി നോക്കിയ ശേഷം 1110-ൽ പെൻഷൻ പറ്റി. 1112 വരെ കരുനാഗപ്പള്ളി ഹൈസ്കൂൾപണി നോക്കി. ആ അയ്യപ്പൻപിള്ള തന്നെയാണു് അദ്ദേഹത്തിനെ ആദ്യമായി അനുമോദിച്ചതും. ‘ഉത്സാഹീ ലഭതേ കാര്യം’ ‘ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീ!’ ഇത്യാദി സുഭാഷിതങ്ങളെ അദ്ദേഹത്തിന്റെ ജീവിതം ഉദാഹരിക്കുന്നു.

സുബ്രഹ്മണ്യൻപോറ്റി പത്രാധിപർ രാമകൃഷ്ണപിള്ളയുടെ ആപ്തമിത്രമായിരുന്നു. അക്കാലത്തുപോലും ജാതിക്കുറുമ്പു് അദ്ദേഹത്തിനെ തീണ്ടിയിരുന്നില്ല. മാമൂലുകളേയും അദ്ദേഹം വകവയ്ക്കാറില്ലായിരുന്നു. തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിനു് അഭിമാനം പുലർത്തത്തക്കവണ്ണം ചിരകാലം ജീവിച്ചശേഷം അദ്ദേഹം പെൻഷൻപറ്റി. വാർദ്ധക്യദശയിലും അരോഗദൃഢഗാത്രനായിത്തന്നെ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഒരു ‘വിലാപ’മായിരുന്നു ഭാഷയിൽ ആദ്യമായുണ്ടായ യഥാർത്ഥ വിലാപകാവ്യം. കൈരളിയെ നവയുഗത്തിലേക്കു തിരിച്ചു വിട്ടതു് അദ്ദേഹത്തിന്റെ കവിതകളായിരുന്നു എന്നുള്ള പരമാർത്ഥം പലരും വിസ്മരിച്ചുകളഞ്ഞിരിക്കുന്നു.

ആദ്യകാലങ്ങളിലെല്ലാം അദ്ദേഹം ഭാഷാപോഷിണി, കേരളചിന്താമണി മുതലായ പലേ മാസികകൾക്കും ലേഖനസഹായം ചെയ്തിട്ടുണ്ടു്. ഭാഷാപോഷിണിസഭകളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ആദ്രാവതാരം, സൗരഭനും രാഷ്ട്രനും അദ്ദേഹത്തിന്റെ പദ്യകൃതികളാകുന്നു. ദുർഗ്ഗേശനന്ദിനി, താലപുഷ്കരണി എന്നീ കൃതികൾ തർജ്ജിമകൾ വഴിക്കാണു് അദ്ദേഹത്തിന്റെ പ്രശസ്തി ഇപ്പോൾ നിലനില്ക്കുന്നതു്.

പുത്തേഴത്തു രാമൻമേനോൻ

ഞാൻ എറണാകുളം കാളേജിൽ സീനിയർ എഫ്. ഏ. ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം ജുനിയർ ക്ലാസിൽ വന്നുചേർന്നു. അന്നൊക്കെ തിരുവിതാംകൂറിൽ നിന്നു വരുന്നവർക്കാണു് മലയാളഭാഷയോടു കൂടുതൽ പ്രതിപത്തി എന്നോ അതിൽ കൂടുതൽ സാമർത്ഥ്യമെന്നോ ഒരു ധാരണ അവിടത്തെ വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിച്ചിരുന്നു. മലയാള സമാജത്തിന്റെ സിക്രട്ടറിസ്ഥാനം എപ്പോഴും തിരുവിതാംകൂറുകാരനായിരിക്കും. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ ഫലമായിട്ടാണു് ഞാൻ രണ്ടു പ്രാവശ്യം പ്രസ്തുത സമാജത്തിനു് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതും. പുത്തേഴം വന്നുചേർന്നതിനോടു് കാറ്റു തിരിഞ്ഞടിച്ചു. നല്ല കവിതാവാസന; അതിൽകവിഞ്ഞ വാഗ്മിത-‘കൊച്ചി, കൊച്ചിക്കു്’ എന്നുള്ള മനഃസ്ഥിതി–വേണ്ട ഉശിർപ്പു് ഇതായിരുന്നു അന്നത്തെ പുത്തേഴം. അചിരേണ ഈ കൃശഗാത്രൻ ഞങ്ങളുടെ കാളേജിലെ ‘സുരേന്ദ്രബാനർജി’ യായിത്തീർന്നു! ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭണങ്ങളുടെ കാലമായിരുന്നു അതു്. ഇത്തരം പ്രക്ഷോഭണങ്ങൾ വിദ്യാർത്ഥികളേയാണു് ആദ്യമായി ബാധിക്കുന്നതെന്നു് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. പുത്തേഴത്തിന്റെ പ്രസംഗങ്ങളെല്ലാം ദേശാഭിമാനികളെ പുളകംകൊള്ളിക്കത്തക്കവയായിരുന്നു. അങ്ങനെ അദ്ദേഹം ഞങ്ങളുടെ ഒക്കെ കണ്ണിലുണ്ണിയായി.

കവിത എഴുത്തു് അന്നു പ്രയാസമുള്ള കാര്യമായിരുന്നില്ല. കവിതാവാസനയും എനിക്കും തമ്മിൽ സാപത്ന്യഭാവമാണെന്നിരുന്നിട്ടും, ഞാനും ഇരുന്നൂറോളം ശ്ലോകങ്ങൽ പ്രാസറെഗുലേഷൻ ലംഘിക്കാതെ അക്കാലത്തു രചിച്ചിരുന്നു. തെക്കരെ സംബന്ധിച്ചിടത്തോളം വലിയകോയിത്തമ്പുരാനായിരുന്നു മാതൃക; വടക്കർക്കു കുഞ്ഞിക്കുട്ടൻ തമ്പുരാനും. തെക്കർക്കു സംസ്കൃതം കൂടിയേ തീരു; വടക്കർക്കു വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങൾ വർജ്ജ്യമാണു്. ഇങ്ങിനെ ഒരു ചേരിപിരിയലും അന്നു കാളേജിൽ നടന്നു. പുത്തേഴം അന്നേ കവിതകൾ എഴുതി മാസികകളിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. കാലം അങ്ങനെ കഴിഞ്ഞു. അദ്ദേഹം ബി. ഏ. യ്ക്കും പിന്നീടു ബി. എൽ. നും പാസ്സായി വക്കീൽപണിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കവിതകൾ അധികം കാണാതെയായി. ഗദ്യലേഖനങ്ങളും തർജ്ജമകളും ഞാൻ ഔൽസുക്യപൂർവം വായിച്ചുകൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹം സരസനായ ഒരു ഗദ്യകൃത്തായി. സരസനെന്നു പറഞ്ഞാൽ പോരാ—അതിസരസൻ. എല്ലാ ലേഖനങ്ങളും ഫലിതമയമായിരിക്കും മംഗളോദയത്തിലും മറ്റും കപടനാമധേയത്തിൽ പ്രസിദ്ധീകരിച്ചുവന്ന ഫലിതലേഖനങ്ങൾ എന്നെ അത്യന്തം രസിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടു് കോട്ടയ്ക്കൽ പരിഷൽസമ്മേളനക്കാലത്താണു് ഞങ്ങൾ തമ്മിൽ കണ്ടതു്. തിരിച്ചു വരുമ്പോൾ ഞങ്ങൾ രണ്ടാളും ഒരേ കമ്പാർട്ടുമെന്റിലായിരുന്നു. അദ്ദേഹം അന്നു് തൃശൂരിൽ പ്രാക്ടീസ് ചെയ്കയായിരുന്നു. ഞാനും തൃശൂരിൽ ഇറങ്ങി, ഒരാഴ്ചയോളം മിസ്റ്റർ ഗോവിന്ദമേനോന്റെ കൂടെ താമസിച്ചു. അതിനിടയ്ക്കു് അദ്ദേഹത്തിനെ സന്ദർശിക്കയുമുണ്ടായി.

ഈ. വി.–യുടെ പ്രസംഗങ്ങൾപോലെ പുത്തേഴത്തിന്റെ പ്രസംഗങ്ങളും ഫലിതമയമായിരിക്കും.

ദീർഘകാലത്തെ പ്രാക്ടീസിനുശേഷം പുത്തേഴം കൊച്ചീ സർവ്വീസിൽ ഒരു ഉയർന്ന ഉദ്യോഗത്തിൽ (കൊട്ടാരം സർവ്വാധികാര്യക്കാർ) പ്രവേശിച്ചു.

അദ്ദേഹത്തിന്റെ കവിതകളെല്ലാം അന്നത്തെ രുചിക്കു മാത്രം പറ്റിയവയാണു്. ഇപ്പോൾ ആരെങ്കിലും വായിക്കാറുണ്ടോ എന്നു് അറിവില്ല. എന്നാൽ ഗദ്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ യശസ്സു് എന്നെന്നേയ്ക്കും നിലനില്ക്കും. അദ്ദേഹത്തിന്റെ കൃതികൾ ചവറ്റുകുട്ട, ചതുരദ്ധ്യായി, ദാമോദരൻനായരുടെ ഡയറി, ടാഗോർ കഥകൾ രണ്ടുഭാഗങ്ങൾ, ടാഗോർ കണ്ട ഇന്ത്യാ, ലജപതിറായി, വിദ്യുജ്ജിഹ്വന്റെ വിളയാട്ടം, ഷേക്‍സ്പീയർ, ശക്തൻതമ്പുരാൻ, പരിത്യക്ത, ഹരിണാക്ഷി, എണ്ണക്കുടം ഇവയാകുന്നു.

പദ്യത്തിന്റെ മാതൃക കാണിപ്പാനായി ചിലതു് ഇവിടെ ഉദ്ധരിക്കാം.

‘നിശയുടെ വിലവിറ്റു നോറ്റു’ നിദ്രാ-
വശഗതരാക്കിയ മൂഢരാണു മർത്ത്യർ
കൃശമിവരുടെ ബുദ്ധി,യോർത്തുകണ്ടാൽ
കുശമതിമാരിവരെന്നുരച്ചിടാമോ?
ദിനമണിമറയുംവരെപ്പണിപ്പെ-
ട്ടനവധിജോലിനടത്തുമീമഹാന്മാർ
ഇനനുദയഗിരിക്കടുത്തിടുമ്പോൾ
വനഭൂവി ഞങ്ങളൊളിച്ചിടുന്നതില്ലേ? ഒരു കൂമയുടെ മനോരാജ്യം
പനിനീരിനിരിപ്പൂ, രക്തവർണ്ണം
പനിനീരിന്റെ തണുപ്പു, നല്ലഗന്ധം
വനിതാധരമോടി,യീവിധത്തിൽ
പനിനീർപ്പൂവു ജയിച്ചിടുന്നു പാരിൽ.
നരവീരമഹാരഥർക്കു മോദ-
ത്തിരമാലക്കളി കാട്ടിടുന്ന പൂവേ!
പരമേഷ്ടിപടച്ചപൂക്കളിൽ നീ
പരമത്യത്ഭുതഭംഗി ചേർന്നതല്ലോ. (പനിനീർപുഷ്പം)
അധികരുചികലർന്നു പശ്ചിമാംഭോ-
നിധിയുടെ വക്കതിലെന്തുകണ്ടിടുന്നൂ?
വിധിയുടെ കനകഗ്ഗുളോപ്പുതാനോ
നിധിജലധിക്കടിവിട്ടുയർന്നതാമോ?
നിരുപമഗുണവാൻ സുരാധിപന്നു-
ള്ളരുണവിമാനമുദാരഭാവമോടേ
വരുണനു സുരനാടണഞ്ഞിടാനായ്-
ക്കരുണയൊടിഷ്ടനയച്ചിടുന്നതാണോ? (സൂര്യാസ്തമനം എറണാകുളം)

മേലങ്ങത്തു് അച്യുതമേനോൻ

ഞാൻ എറണാകുളം കാളേജിൽ പഠിക്കുന്ന കാലത്താണു് ഇദ്ദേഹത്തിന്റെ പരിചയം സമ്പാദിച്ചതു്. അന്നു് അദ്ദേഹം അതിനോടു ബന്ധിച്ചുണ്ടായിരുന്ന ഹൈസ്കൂളിൻ ജൂനിയർ മുൻഷിയായിരുന്നു. മിസ്റ്റർ കറുപ്പനായിരുന്നു സീനിയർ മുൻഷി. അന്നേ അദ്ദേഹം കവിതകൾ എഴുതിക്കൊണ്ടിരുന്നു. വഞ്ചിരാജീയം അദ്ദേഹത്തിന്റെ കൃതിയാണു്. ഖണ്ഡകവനങ്ങളിൽ നിന്നു് ചിലതിനെ ഉദ്ധരിക്കാം.

മാറ്റേറും മൃദുമാലതീലതയിലും മാനത്തെഴും ഗംഗയോ-
ടേറ്റേറ്റിപ്പൊരുതുന്ന പൊയ്കകളിലും പൊൽത്താമരത്താരിലും
ബീറ്റേവം പതിവായ്ക്കഴിച്ചു കലിതാനന്ദം വരുന്നോരിളം-
കാറ്റേ നിൻകളികാണുവോർക്കു കരളും കണ്ണും കുളിർക്കുന്നുതേ.
തോരാതുള്ളൊരു തൂമരന്ദമൊഴുകും തുണ്ഡങ്ങൾ തമ്മിൽ കടി-
ച്ചാരാലങ്ങിനെ പക്ഷിജോടികളിലലം മാധുര്യഗീതങ്ങളാൽ
വാരാളുന്ന ഭവൽഗുണങ്ങളഖിലം വാഴ്ത്തുന്ന കേട്ടോ കരൾ-
ത്താരാളും തരുതല്ലജങ്ങൾ തലയിട്ടാട്ടുന്നു തോട്ടങ്ങളിൽ. ഇളംകാറ്റു്
ഇന്നപ്പൂമകനുടെ സൃഷ്ടിയിങ്കൽ വച്ചി-
ട്ടെന്നെപ്പോലൊരുസുകുമാരനാരു പാരിൽ
എന്നല്പം കരുതി രതിപ്രിയന്നുതുല്യം
കൊന്നപ്പൂ കുതുകമൊടുല്ലസിച്ചിടുന്നൂ.
കാണുമ്പോൾ കരൾമലർകക്കുമാറുഭാസ്സാം
ഞാണുമ്മൽ തൊഴിമറിയുന്ന പുഷ്പമേ നീ
ചേണുറ്റത്തരുവിലെഴുന്നു, പച്ചരത്ന-
ത്തൂണുമ്മേലവിൽമാത്ര തൂക്കിയോണം. കൊന്നപ്പൂവു്
ശ്രീമാനായ്പകലുൾപ്രമോദമരുളിസ്സൂര്യൻ സമുദ്രാന്തര-
പ്രേമാൽ പോയ്മറയുന്ന കണ്ടുവലയും കോകങ്ങളെപ്പോലവേ
സീമാതീതകലാഗുണത്തൊടു കൊളത്തേരിൽ പ്രകാശിക്കുമി-
ദ്ധീരൻ ശങ്കരമേനവന്റെ വിരഹാൽ മാഴ്കുന്നു നാമേവരും
ഏറ്റംകൊണ്ടു മദിച്ചമോദതടിനീതീരം വരണ്ടുമഹ-
സ്സേറ്റം മൂടൽപിടിച്ചു മങ്ങിയമതിക്കൊത്തുമതിസ്തോമവും
മാറ്റമ്പാടുമുഖപ്രഭയ്ക്കു കുറവായിന്നീമഹാത്മാവുതൻ
മാറ്റംകൊണ്ടെറണാകുളം വിജനമായ്ത്തന്നേ ചമഞ്ഞൂതുലോം. ഒരു വേർപാടു്

പി. കെ. നാരായണൻ നമ്പീശൻ
കേട്ടില്ലയോ കമനി കാഴ്ച തുടങ്ങിയെന്നായ്
വീട്ടിന്നകത്തു വെറുതേ മരുവുന്നതെന്തേ?
നാട്ടിൽ പരിഷ്കൃതി പരത്തുവതിന്നു മാർഗ്ഗം
കാട്ടിത്തരുന്നു കരുണാനിധി മാടഭൂപൻ.
മൂന്നാമതാണിതു കുറച്ചുമിതിങ്കലുള്ള-
മൂന്നാത്തതെന്തു ഭവതിക്കു രുചിപ്പതില്ലേ?
ഞാന്നാളെയും സുമുഖിപോകുവതൊന്നുനോക്കാൻ
തോന്നാത്ത നിന്റെ മിഴി മാന്മിഴി നിഷ്ഫലംതാൻ. തൃശ്ശൂർ പ്രദർശനം

ചങ്ങരങ്കോത കൃഷ്ണൻകർത്താവു്

മാതൃകയായി ഒരു ഐതിഹ്യം എന്ന കൃതിയിൽ ചില ഭാഗം ഉദ്ധരിക്കുന്നു.

പുരാരി കാരുണ്യവിലാസപേശലം
പുരാന്തരം കാപ്പൊരു കുന്നലാധിപൻ

നാടുവാണിരുന്ന കാലത്തു്, ഒരു ദിവസം

നിരാകുലശ്രീ നിതരാം കളിക്കുമാ-
സ്സ്വരാജ്യമൊന്നങ്ങിനെ ചുറ്റിനോക്കുവാൻ

മന്ത്രിയോടുകൂടി പുറപ്പെടുന്നു. തദവസരത്തിൽ,

സ്വരക്ഷിതാവിൻതലമേൽ തദാ സുമോ-
ല്ക്കരം ചൊരിഞ്ഞും തളിരാലെവീശിയും
നിരത്തിലെശ്ശാഖികൾ ശാരികോക്തിയാ-
ലുരച്ചു നൽസ്വാഗതമസ്ഫുടാക്ഷരം.
സ്ഫുരിച്ചരാഗാലപരിഷ്കൃതങ്ങളാ-
യിരിക്കുമുൾനാടുകളെ ക്ഷമാവരൻ
ശരിക്കുനോക്കുന്നതിനായണഞ്ഞിത-
ന്നെരിഞ്ഞ സൂര്യന്നിടഭേദമെങ്ങുവാൻ
അലക്തകശ്രീയണിനാളികേരസൽ-
ഫലങ്ങളേന്തിക്കുലവാഴ തിങ്ങിയും
സ്ഥലങ്ങളെല്ലാം നൃപനെത്തുമെന്നറി-
ഞ്ഞലംകരിച്ചാവിധമുല്ലസിച്ചുതേ.

അങ്ങനെ ഉൾനാടുകളിൽ സഞ്ചരിക്കവേ, ഗ്രാമപ്രദേശങ്ങളുടെ അവ്യാജ മനോഹരത രാജാവിനെ ആകർഷിക്കുന്നു. പ്രകൃതിവിലാസങ്ങൾ, ഓരോന്നു കണ്ടുകൊണ്ടു് അദ്ദേഹം പോകവേ, ഒരു കാഴ്ച കണ്ടു. ‘തിരിച്ചുമുഗ്രം പുരികം ചുളിച്ചു’ മന്ത്രിയോടു ചോദിക്കുന്നു:

ശിരസ്സുകൊണ്ടിന്ധനഭാരമേറ്റുകൈ-
വിരൽക്കൊടുംകത്തിരകൊണ്ടു ഗുഹ്യവും
പരംപിടിച്ചങ്ങിനെ നിന്നു മൂത്രമി-
ത്തരത്തിൽ വീഴ്ത്തുന്നിവനേതു കശ്മലൻ?
അറയ്ക്കുമാറീക്രിയചെയ്കിലും മുഖേ
മുറയ്ക്കുകാണുന്നു മഹസ്സനോപമം
വിരച്ചുരസ്സോടുരസുന്നു പൂണുനൂ-
ലുറച്ചുചൊല്ലാമൊരു വിപ്രനെന്നെടോ.

അതുകേട്ടിട്ടു മന്ത്രി ഉണർത്തിക്കുന്നു: “ഈ കൃത്യം അന്തണാർഹമല്ലാത്തതു നിന്ദ്യവും തന്നെ. എന്നാൽ അയാൾ ശിക്ഷ്യനല്ല.

“ക്ഷിതിക്കുനാഥൻ തിരുമേനിതന്നെയി-
ന്നിതിന്നുമൂലം ദൃഢമെന്നു മന്മതം”

രാജാവു് അതു് തന്റെ തെറ്റല്ലെന്നു ഉറപ്പായി പറഞ്ഞപ്പോൾ, വേണമെങ്കിൽ താൻ ക്രമേണ ബോദ്ധ്യപ്പെടുത്തിക്കൊടുക്കാമെന്നും അതിനു് തന്നെ അനുവദിക്കണമെന്നും മന്ത്രി അപേക്ഷിക്കയും, രാജാവു് ആ അപേക്ഷ സ്വീകരിക്കയും ചെയ്യുന്നു. പിന്നെയും അവർ മുന്നോട്ടു നടന്നു നടന്നു് ഒരു വയലിൽച്ചെന്നു വിശ്രമിച്ചശേഷം നഗരിയിലേയ്ക്കു മടങ്ങുന്നു.

അനേകനാളങ്ങു കഴിഞ്ഞശേഷമാ-
ർജ്ജനേശിതാവും നയമാർന്ന മന്ത്രിയും
ദിനേശനുച്ചസ്ഥിതനായവാറു സ-
ജ്ജനേഢ്യയാകും പുഴപുക്കിതേകദാ.
നുരപ്പുളപ്പുഞ്ചിരിയും നറുമ്മണം
പുരണ്ട പുഷ്പങ്ങളണിഞ്ഞവേണിയും
സ്ഫുരത്സരോജാനനവും കലർന്നൊരാ-
ത്തരംഗിണീമാല കവർന്നു തന്മനം

ഈ കാഴ്ചകൾ കണ്ടുംകൊണ്ടു് രാജാവു് ‘വിശേഷമായ് പടുത്തൊരാറ്റിൻകര പറ്റി’ ലാത്തുന്നു. പുഴവക്കിൽ ഇരുന്നുകൊണ്ടു് വിപ്രന്മാർ മുഴക്കിയ ‘മംഗളവേദനി:സ്വനം’ രാജാവിനെ ആനന്ദിപ്പിക്കുന്നു. അവിടെ പൊരിവെയിലത്തു് ഇരുന്നു ഒരു ബ്രാഹ്മണൻ ജപിക്കുന്നതു നോക്കി അദ്ദേഹം പറയുന്നു:

ഒരത്ഭുതം കാണുക മന്ത്രിവര്യ ഭൂ-
സുരന്നു സൂര്യാംശു മറച്ചൊരംശുകം
പരന്ന മേലാപ്പു, കണക്കു നിൽപ്പു നി-
ർഭരം തപശ്ശക്തിയിതൊന്നു താനെടോ.

അതുകേട്ടു് മന്ത്രി:

“ജിതേന്ദ്രിയബ്രാഹ്മണശക്തിയല്ല, സ-
ന്മതേ! ഭവദ്ധർമ്മവിലാസശക്തിയാം”

എന്നു പറഞ്ഞതു് രാജാവിനു് മനസ്സിലാകുന്നില്ല. അദ്ദേഹം പറയുന്നു:

പുരാ മഹാകുത്സിതവൃത്തിയായിടും
ധരാസുരങ്കൽ പ്രകടിച്ച കുറ്റവും
നിരാകുലം നമ്മളിലാക്കിവച്ചുര-
ച്ചൊരാനിലയ്ക്കിന്നിതുമർത്ഥശൂന്യമാം.

അതു കേട്ടിട്ടു മന്ത്രി:

സ്വരാജ്യമൊക്കുംപടി കാത്തു സോമനിൽ
പരാഭവം ചേർത്ത യശസ്സെഴും പ്രഭോ
പുരാ ഭവാൻ കണ്ട സുനിന്ദ്യവൃത്തിയാം
ധരാസുരൻതാനിവനഗ്ര്യകാന്തിമാൻ.
പരോപകാരോൽസുകമാം ഭവദ്ധനോ-
ല്ക്കരോദയത്താൽ ദ്വിജനിന്ദ്യവൃത്തിയും
നരോത്തമപ്രൗഢ! മുടിഞ്ഞിതാശു ഭാ-
സ്കരോദയത്താലിരുളെന്നപോലെ.
അനർഹകൃത്യത്തിനു തള്ളിവിട്ടൊരാ-
ക്കനത്തദാരിദ്ര്യമൊഴിഞ്ഞുപോകയാൽ
ജനപ്രഭോ വൻപുകൾവിട്ടു തീകണ-
ക്കനർഘതേജോമയനായ് മഹീസുരൻ.

അതിനാൽ,

ജനതതിയുടെ നന്മതിന്മയെല്ലാം
തനതരചസ്ഥിതിയെ പ്രമാണമാക്കി
അനവരതമിയന്നിടുന്നു ലോകാ-
വനപടുവായരുളുന്ന തമ്പുരാനേ.

ഒറവങ്കര ചെറിയ ശങ്കരൻനമ്പൂതിരി
പശുപാലകേശപരമെന്റെ സോദരൻ
ശിശുവാകുമെന്നെയതിദുഷ്ടമാനസൻ
ശിശുപാലനേകുവതിനായുറച്ചു നൽ-
പ്പശുവിന്റെ രക്ഷ പറയൻ ഭരിക്കുമോ?
ഉലയാതുയർന്ന നിജ കൈക്കരുത്തിനാൽ
കലഹിപ്പതിന്നു ശിശുപാലകാദികൾ
നിലവിട്ടു വന്നിഹ വലിഞ്ഞുകേറിയാൽ
തലതട്ടിനീയിഹ തുലച്ചയയ്ക്കണം. രുഗ്മിണീസ്വയംവരം

പാട്ടത്തിൽ പത്മനാഭമേനോൻ
ശിവ ഭവൽച്ചരണാംബുജസേവയിൽ
ധ്രുവമിവന്നതിനിഷ്ഠ ഭവിക്കണേ
ഭുവനമോഹനമാം തവ സല്ക്കഥാ-
വിവരണേ വരണേ ബഹുപാടവം.
ശമനമർദ്ദന നിൻകഴലൊത്തെഴും
വിമലബാലനഖേന്ദു നിരന്തരം
മമ മനസ്സിലുദിച്ചതിശോഭയോ-
ടമരണം മരണംവരെയും വിഭോ. (ശിവസ്തവം)
ദ്യുതിയെഴുമിനനസ്തമിച്ചശേഷം
പുതിയതമസ്സൊടണഞ്ഞ രാത്രിയിങ്കൽ
അതിശയമിതു കാണ്മതെന്തു വാനിൽ
പ്രതിനിമിഷം വളരുന്ന ശോഭയോടേ.
അരുണനുമരണം ഭവിച്ചമൂലം
വരുമിരുളെന്നു ധരിച്ചു ഭൂതനാഥൻ
സുരുചിരരജതപ്രക്ഌപ്തദീപം
പുരുകൃപ പൂണ്ടു കൊളുത്തിവെച്ചതാണോ? (ചന്ദ്രൻ)

പരിയാടത്തു ഗോപാലമേനോൻ

‘ഭക്തപ്രലാപ’ത്തിലെ എല്ലാ പദ്യങ്ങളും നന്നായിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.

ആരും കേട്ടാൽ പൊറുക്കില്ലതുവിധമപരാ-
ധങ്ങളെച്ചൊല്ലിയിന്നാ-
നേരും മര്യാദയും കെട്ടവർ പടഹമടി-
ച്ചാർത്തു കൂത്താടിടുന്നൂ
ഓരുന്നേരത്തെനിക്കുണ്ടഴലതിലഖിലാ-
ലംബയാമംബയല്ലാ-
താരും ചോദിക്കുവാനില്ലവരൊടു പകരം
പർവ്വതപ്പൈതലാളേ!
ഓരോരോചിന്തകൊണ്ടെന്നകതളിരുരുകിക്കാഞ്ഞുകത്തിക്കരിഞ്ഞ-
ന്നാരോഗ്യം തീരെ മങ്ങിത്തനുവിതു വളരെ പ്രാകൃതപ്രായമായീ
ആരോടാണിന്നിതെല്ലാം പറയുവതവിടുന്നെന്നിയേ മറ്റൊരാളി-
ല്ലീരോഗത്തെക്കെടുപ്പാൻവിഷയവിഷഭിഷക്കിന്റെ ഭൈഷജ്യവിത്തേ.

മരുതൂർ കരുണാകരമേനോൻ
ആനന്ദമാർക്കുമരുളുന്നതിസൗകുമാര്യ
ശ്രീനർത്തനത്തിനൊരുമംഗലരംഗഭൂവേ
സുനങ്ങൾതൻതിലകമേ, ഭവദീയമാമ-
ന്യൂനപ്രഭാവമിവനെങ്ങനെ വാഴ്ത്തിടേണ്ടു
മൊട്ടായിരുന്ന നില നീ സുമമേ ക്രമേണ
വിട്ടാകവേ വിശദമായി വിരിഞ്ഞുണർന്നു
ഒട്ടാകെ നിന്നുടലിനെസ്സദനുഗ്രഹത്തി-
ന്മട്ടായതന്ദ്രമൊരുകാന്തി തലോടിടുന്നു.
ആ മാന്യഗന്ധഗുണമാസരസാസവത്തി-
ന്നാമാധുരീമഹിമയാമൃദുസുന്ദരത്വം
സാമാന്യമല്ല ഗുണമിന്നിവ പൂക്കൾതന്നിൽ
പ്രാമാണ്യമിങ്ങിനെ നിനക്കു ഭവിച്ചു ഭാഗ്യാൽ. ഒരു പുഷ്പം
മനതളിരിതതീവചിന്താകദംബം കലർന്നമ്പരന്നീടുമാ-
റാശു തീരാത്ത സംസാരവാരാകരത്തിൽ കിടന്നെത്രനാ-
ളത്തലോടത്ര വാഴേണ്ടു, കാർകൊണ്ടൽപോലന്ധകാരം
കരന്നംബ! കാണേണ്ടതേതാണ്ടുകാണാതെതൽപുരം
കല്പദ്രുമോൽഫുല്ലപുഷ്പാടവീസ്വർവ്വധൂടീജനാസേ-
വ്യപാദദ്വയേ! ദേവി! കാരുണ്യസമ്പൂർണ്ണമാകും കടക്ക-
ണ്ണിടയ്ക്കൊന്നിടാഞ്ഞാലെനിക്കെന്തൊരാധാരമാണി-
ജ്ജഗത്തിങ്കലാധാരമാറുംകടന്നപ്പുറത്താളുമീശ-
പ്രിയേ ഗൗരി, സച്ചിന്മയേ—ഇത്യാദി ദേവീദണ്ഡകം
സ്ത്രീതന്മനസ്സു ലഘുവാം തളിർകൊണ്ടു തീർത്ത
കൈതന്നെയാപ്പുരുഷഹൃത്തു ചമച്ചു കല്ലാൽ
ആതങ്കമെന്തിതിലുമപ്പുറമിന്നുപക്ഷ-
പാതം വിധിക്കുമധികം രമണീയമെന്നോ?
സല്ലാപകേളിയിൽ മയങ്ങിയൊരോമനപ്പൊ-
ന്നല്ലാരൊടൊത്തു മരുവുന്നളവിപ്രകാരം
വല്ലായ്മ ഞാൻ പറവതെൻദയിരുന്നുശാപ-
മല്ലാതെയായ് പരിണമിക്കണമെന്നു മോഹം.
… … …
കാലം കുറച്ചു വര! നിന്നുടെ ഭാഗ്യദോഷം
മൂലം ഭവാനഹഹ! മദ്ദയിതത്വമാർന്നു
മാലപ്പൊഴങ്ങയി സഹിച്ചതറിഞ്ഞിടാത-
ക്കാലത്തെ മുത്തൊടു കഴിച്ചതബദ്ധമായോ?
… … …
ശ്രീമൽഗുണാകര പൊടുന്നനവേ മദീയ
നാമം ഭവാനുടയ നാവിലുദിച്ചുപോയാൽ
ക്ഷേമം കലർന്ന തവ നിർമ്മലകർമ്മഗോഷ്ഠീ-
സാമഗ്രിഭൂഷണമതൊന്നുമറച്ചിടേണം.
എന്നാര്യനാഥ! മമ യൗവനപാവനശ്രീ
നന്നായുണർന്നു കണികണ്ടതു നിന്നെയല്ലോ
ഇന്നാകയാലതിനു നന്മവരേണമിപ്പോ-
ഴെന്നാൽ വരാഞ്ഞതിവൾതന്നുടെ കർമ്മദോഷം.
… … …
നിന്നേ നിനച്ചു ദിവസംപ്രതി വാടി വാഴു-
മെന്നെക്കണക്കു തവ കാന്തയുമേ നിതാന്തം
ഇന്നേവമുള്ളഴലുകൾക്കിരയായിടാതെ
തന്നേ വരേണമതിനായ് കൃപചെയ്യണം നീ ഉപേക്ഷിതയായ ഒരു സ്ത്രീ

ചെറുവറ്റ ഗോവിന്ദൻ നമ്പൂരി
പേരാളും പോലഭൂപാനിയകൃതസുകൃതാംഭോധി സംഭൂതനായു-
ള്ളീരാജശ്രേഷ്ഠനിപ്പോളഖിലകലകളോടൊത്തതൻ ഗോവിലാസാൽ
ആരാൽവന്നിങ്ങുദിച്ചോരളവിലിഹ പരന്നുള്ള ഘോരാന്ധകാരം
തീരാറായത്രയല്ലിക്കുവലയമഖിലം മോദമാർന്നുല്ലസിച്ചു.
പുള്ളിക്കുട്ടിമൃഗാക്ഷികൾക്കു തിലകപ്പൊട്ടുള്ള തമ്പാട്ടികൾ-
ക്കുള്ളിൽക്കട്ടികലർന്നു മോദമൊടുമീഭൂപൻ നടത്തിച്ചതാം
പള്ളിക്കെട്ടിലിയന്നഘോഷമുരചെയ്വാനമ്മുരാരാതിതൻ-
പള്ളിക്കട്ടിലിലിട്ട മെത്തനിരുപിച്ചെന്നാലുമിന്നാവതോ? പള്ളിക്കെട്ടുവർണ്ണന

കുന്നത്തു ജനാർദ്ദനമേനോൻ

കണ്ണൻ ജനാർദ്ദനൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സാഹിത്യ സവ്യസാചി 1060-ൽ പാലക്കാട്ടു തേനാഴി വടശ്ശേരി കണ്ണൻ മേനോന്റേയും കുന്നത്തു കുഞ്ഞിയമ്മയുടേയും പുത്രനായി ജനിച്ചു. നിലത്തെഴുത്തും പ്രാഥമിക വിദ്യാഭ്യാസവും കഴിഞ്ഞു് അദ്ദേഹം ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർന്നു. എന്നാൽ മെട്രിക്കുലേഷൻ പരീക്ഷയിൽ ചേരുംമുമ്പു് പഠിത്തം വിട്ടു. പിന്നീടു് വീട്ടിലിരുന്നുതന്നെ സംസ്കൃതവും തമിഴും ശ്രദ്ധാപൂർവം പഠിച്ചു. അനന്തരം ഒരു ദേശാടനം നടത്തിയ ശേഷം കൊച്ചീ സർക്കാർ സർവീസിൽ പ്രവേശിച്ചു; പക്ഷേ അതിൽ അദ്ദേഹം അധികകാലം ഇരുന്നില്ല.

കേരളചിന്താമണിയുടേയും സുദർശനത്തിന്റേയും അധിപരായി കുറേക്കാലം ഇരുന്ന ശേഷം 1094-ൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടിരുന്ന “സമദർശി”യുടെ പത്രാധിപത്യം കൈയ്യേറ്റു. 1103-ൽ അദ്ദേഹം “സ്വരാട്ടു്” എന്ന പത്രത്തോടുബന്ധപ്പെട്ടു. 1105-നു ശേഷം തൃശൂരിൽനിന്നും പുറപ്പെടുന്ന ഗോമതിയുടെ പത്രാധിപരായും തദനന്തരം എറണാകുളത്തു നിന്നു പുറപ്പെടുന്ന ദീപത്തിന്റേയും, 1120-ൽ തിരുവനന്തപുരത്തുനിന്നും നടത്തപ്പെട്ടിരുന്ന ധർമ്മദേശത്തിന്റേയും പത്രാധിപത്യം വഹിച്ചു. ധർമ്മദേശംവിട്ടു നാട്ടിലേക്കു പോയ ജനാർദ്ദനൻ രോഗശയ്യാവലംബിയായിത്തീർന്നു. പ്രമേഹം ആയിരുന്നു രോഗം. എഴുപതാം വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

ഒരു പദ്യകാരനായിട്ടല്ല സാധാരണ അറിയപ്പെടുന്നതു്. അദ്ദേഹം യൗവ്വനദശയിലേ പത്രപ്രവർത്തനത്തിലേർപ്പെട്ടു. വടക്കും തെക്കുമുള്ള പല പത്രങ്ങൾക്കു് അദ്ദേഹം പത്രാധിപത്യം വഹിച്ചിട്ടുണ്ടു്. ധാരാളം മുറുക്കാനും എന്തെങ്കിലും നല്ല പാനീയവും അടുത്തുണ്ടെങ്കിൽ രാപകലില്ലാതെ ഇരുകൈകൾകൊണ്ടും എഴുതും. അദ്ദേഹം മറ്റൊരു പോത്തൻ ജോസഫാണു്. പക്ഷമൊന്നുമില്ല. താൻ ആധിപത്യം വഹിക്കുന്ന പത്രം ഏതാണോ അതിന്റെ നയത്തെ പാലിച്ചുകൊള്ളും. പ്രാസവഴക്കുകാലത്തു് അദ്ദേഹം ഏ. ആർ. പക്ഷക്കാരനായിരുന്നു. അദ്ദേഹം എഴുതിയിട്ടുള്ള പ്രധാന ഗ്രന്ഥങ്ങളുടെ പേരുമാത്രമേ ഇവിടെ പറവാൻ തരമുള്ളു.

  1. ജീവചരിത്രങ്ങൾ: വി. സി. ബാലകൃഷ്ണപ്പണിക്കർ, അരവിന്ദയോഗി, സിദ്ധാർത്ഥൻ, ശ്രീയേശു.
  2. പൗരാണിക ഗ്രന്ഥങ്ങൾ: കുചേലൻ, ദശരഥൻ, നളോപാഖ്യാനം, പുരാവൃത്തം രണ്ടു ഭാഗങ്ങൾ, പുരാണനായകന്മാർ രണ്ടുഭാഗം, പുരാണ നായികകൾ രണ്ടു ഭാഗം, ഭാരതം ഗദ്യവിവർത്തനം അഞ്ചുഭാഗങ്ങൾ, മാരുതി, രാമാരാമം, രാവണപക്ഷം, ശ്രീമൂല രാമായണം, സീതാവൃത്തം, സൗമിത്രി.
  3. ചെറുകഥകൾ, നോവലുകൾ, സംഗ്രഹങ്ങൾ: ആശാഭംഗം, കഥാരാമം, കള്ളന്റെ കള്ളൻ, കഥാനന്ദിനി, കന്ദനന്ദിനി, ഗുപ്തലക്ഷ്മി, ചിത്രശാല, താലപുഷ്കരം, തിലോത്തമ, നവകുമാരൻ, പഞ്ചശിഖ, പ്രതിക്രിയ, മൈസൂർപുലി, രോഹിണി, ലേഖാവതി, വാസന്തസേനം, വിരഹതാപം, ശാകുന്തളം, ശ്രീരാഗം, സുധാബിന്ദു.
  4. പലവക: മാധ്വോദയം, ലോകമഹായുദ്ധം, ശങ്കരോപാഖ്യാനം.

മാതൃക കാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കുന്നു.

നരച്ചതൻകൂന്തലഴിച്ചു ചിന്നിയും
നിണം പെടും തൻമുഖമൊട്ടുകാട്ടിയും
ഇതാക്ഷണം പാഞ്ഞുവരുന്നതെന്തു ഭീ-
കരം പിശാചോ? ക്ഷതധൂമകേതുവോ?
പുകഞ്ഞെരിഞ്ഞൊട്ടുവളഞ്ഞുനീണ്ടതി-
ക്ഷണം പറന്നെത്തുമിതെന്തു വസ്തുവോ?
കടുപ്പമഗ്ന്യസ്ത്രമയച്ചതാകുമോ?
സുരാരി, ഭൂമിതലമാകെ നീറ്റുവാൻ. (ധൂമകേതു)
സന്താപം കരളിൽക്കടന്നു കവിയുംവണ്ണം പെരുക്കട്ടെ വ-
ഞ്ചിന്താക്ലേശമിയന്നുനിർഗ്ഗതികളായ് ചുറ്റിക്കുഴങ്ങട്ടെ നാം
എന്തായാലുമധൈര്യമറ്റു സമുദായാഭ്യുന്നതിക്കായ്ശ്രമം
താന്താനാവതു ചെയ്തിലാവഴി നമുക്കെത്താം സുഖത്തിൽ ദൃഢം.
ന്യായാന്യായവിവേചനത്തിനറിവും സൗഹാർദ്ദസംതൃപ്തിയും
സ്വായാസേന പരോപകാരരതിയും നിങ്ങൾക്കു വന്നെത്തുവാൻ
മായാലോകമിതിൽ കരഞ്ഞമരുവിൻ, ക്ലേശിക്കുവിൻ കണ്ണുനീർ
പോയാലുൾത്തെളിവേല്ക്കുമെന്നതു വിവേകാനന്ദവാക്യാമൃതം. സുഖദുഃഖങ്ങൾ

പരുത്തിക്കാട്ടു ഗോപാലപിള്ള

പഠിച്ചുകൊണ്ടിരുന്ന കാലത്തേ കവിത എഴുതാറുണ്ടായിരുന്നു. നവ്യയുഗത്തിൽ കവിത എഴുത്തു് ആരംഭിച്ചതിനാൽ ഭാവഗീതങ്ങളാണു് അധികവും. ബി. ഏ. പാസ്സായി തിരുവിതാംകൂർ ദേവസ്വം ഡിപ്പാർട്ടുമെന്റിൽ പ്രവേശിച്ചതിന്റെ ശേഷവും കുറേക്കാലം എഴുതിക്കൊണ്ടിരുന്നു. ഉദ്യോഗത്തിരക്കിന്റെ ചൂടിൽ ഇപ്പോൾ കവിത്വശക്തിയുടെ ഉറവ വറ്റിപ്പോയിരിക്കുമോ എന്തോ?

ഞാനുറങ്ങുമളവിന്നു മുമ്പിലും
നൂനമങ്ങുണരുമക്ഷണത്തിലും
മാനസത്തിൽ വിലസുന്ന പൊന്നു പൂ-
മേനിയേതു? പരമാർത്ഥമോഹനം
ഉന്നതസ്ഥിതി വരേണമേതൊരാൾ-
ക്കെന്നിരന്നു സകലേശനോടു ഞാൻ
തന്വിമാരണിയവൾക്കു് ബോധമായ്
വന്നിടേണമിതു രാഗലക്ഷണം വില്യംകൂപ്പറുടെ കൃതിയിൽനിന്നു തർജ്ജിമ
മനുജരുടെ സുഖാനുഭോഗകാര്യ-
ത്തിനു പലമട്ടിലിണങ്ങിയൊത്തൊരേടം
തനുവിനു പരിപുഷ്ടിയേകുമോരോ
കനികളുമുണ്ടുകിഴങ്ങുമങ്ങു തിന്മാൻ.
ജലധിയഭിമുഖീകരിച്ചു നില്ക്കും
മലനിരതൻഗുഹയോടു ചേർത്തു കേളൻ
പലയിലകൾ മുടഞ്ഞുമേഞ്ഞവീടൊ-
ന്നലമുളവാക്കി വസിച്ചു ശാന്തശീലൻ. ടെനിസന്റെ കൃതികളിൽനിന്നു്
ശ്രീതൻമിഴിവണ്ടിന്നാരാമമിദ്ദിക്കിൽ-
ത്താതമാതാക്കളോടൊത്തു മുന്നം
മാലറിയാതെ ഞാൻ ലീലയാടിസ്സുഖം
ബാലനായ് മേവിന കാലമോർപ്പൂ
കൂട്ടാളരൊത്തു ഞാൻ തോട്ടങ്ങളിൽ പുക്കു-
മട്ടാളും പൂവാർന്നു ചൂടിച്ചൂടി
ഭക്ഷണവസ്തുവിൽ കാംക്ഷ വെടിഞ്ഞാർത്തു
ശിക്ഷയിലോരോ കൂത്താടിയാടി
തൂവെണ്ണിലാവേറ്റു തൂകും ചിരിയോടു
കൈവന്നൊരാഹ്ളാദം കൂടിക്കൂടി
നർമ്മമായോരോന്നു ചൊല്ലി ഫലിപ്പിച്ചു
നിർമ്മലാനന്ദത്തോടോടിച്ചാടി
വാഴയും മാവുമിടതൂർന്നദിക്കിൽ ഞാൻ
ചൂഴവേ നൽഫലം തേടിത്തേടി
കാനലിലുച്ചയ്ക്കു കൂട്ടുകാരൊന്നിച്ചു
വീണാപ്രയോഗങ്ങളോടുകൂടി
കീർത്തനശ്ലോകങ്ങൾ പാട്ടുകളെന്നിവ-
യർത്ഥമറിയാതെപാടിപ്പാടി
അന്ധന്നു രാപ്പകൽപോലെ സാരതത്വ
ചിന്തവെടിഞ്ഞു കഴിച്ചുകാലം
കാലോചിതാഹാരം ചേലോടു നല്കിയും
താലോലമോതിക്കൊണ്ടോമനിച്ചും
ഏകസുതനാമെൻകാമിതമൊക്കെയു-
മേകിയുമെന്നെ വളർത്തി മാതാ
നെഞ്ചകം വഞ്ചിക്കും പുഞ്ചിരിക്കൊഞ്ചലും
വഞ്ചനയറ്റ തേൻചൊല്ലുകളും
ആടിക്കുഴഞ്ഞ നടയും പൂവലംഗ
മോടിപ്പകിട്ടും ജനങ്ങൾ വാഴ്ത്തി. ലാംഗ്ഫെല്ലോവിന്റെ തർജ്ജിമ
ചാടിക്കളിച്ചും ചെറുകൂട്ടരോടൊ-
ത്തോടിക്കിതച്ചും തൃണവും കടിച്ചും
മോടിക്കു മേവുന്നൊരു മാൻകിടാവേ
പേടിക്കവേണ്ടെന്നരികത്തു ചേരാൻ.
നാട്ടിൽപ്പൊറുക്കും നരവീരരാധി-
പ്പെട്ടിങ്ങു നട്ടംതിരിയുന്നപോതും
കാട്ടിൽ പ്രമോദാലലയുന്ന നിന്നെ-
ക്കാട്ടിൽത്തികഞ്ഞാർക്കയി ഭാഗ്യപൂരം? മാൻകിടാവു്

ചുനക്കര രാമവാരിയർ
നൃപപ്രാഭവത്തിന്നുമസ്മൽസ്ഥിതിക്കും
കൃപാഗാരമേ പാർക്കിലൊട്ടല്ല ഭേദം
അപാരവ്യഥാഭാരമുൾച്ചേർന്നിതെല്ലാം
നൃപാഹീനയാം ഞാൻ നിനയ്ക്കുന്നു നിത്യം.
ഭവദ്ധർമ്മദാരങ്ങളായിട്ടിരിക്കാ-
നിവൾക്കില്ലപൂജ്യത്വമംഗാവനീന്ദ്ര!
ഭവദ്ദാസിയായിട്ടിരിക്കാനുമോർത്താ-
ലിവൾക്കില്ലഭാഗ്യം മഹാഭാഗ്യരാശേ!

(ഭാരതീഭായി Chancer -ന്റെ Griselea യുടെ സ്വതന്ത്രാനുവാദം)

ദാരിദ്ര്യഘോര ദവവഹ്നി പടർന്നുവന്നാ-
ലാരിദ്ധരിത്രിയിലൊരത്തലകപ്പെടാതെ?
ഭൂരിപ്രസന്നത കലർന്നിടുമീവിശുദ്ധ-
നാരിക്കുമാത്രമിതിലാടലശേഷമില്ല.
തീണ്ടാടി മറ്റുപലവീട്ടിലണഞ്ഞു പിച്ച-
തെണ്ടാനുമുണ്ടു മടിശീലമതല്ലയല്ലോ
തണ്ടാർദളേക്ഷണ കുലോചിതവൃത്തികൊണ്ടു-
രണ്ടാൾക്കു വേണ്ടവക നേടുവതിന്നുറച്ചു. ഗോപാലശതകം

കെ. വി. രാഘവൻ നായർ

ചില ഖണ്ഡകവനങ്ങളും, ആർഷകഥകൾ, വിവേകാനന്ദസ്വാമികൾ, ചെങ്കുട്ടുവപ്രഭാവം മുതലായ മറ്റു കൃതികളും രചിച്ചിട്ടുണ്ടു്.

കത്തിക്കാളിക്കനൽക്കട്ടകൾ വിതറിവിയത്താർന്ന നാളങ്ങളാളു-
ന്നത്തീയ്യക്കോടു വീട്ടിൻമുകളിൽ മുഴുവനന്നപ്പൊളൊന്നായ്പ്പരന്നൂ
അത്തിയ്യപ്പെൺകൊടിത്തയ്യെരിപൊരിപെരുകം ചൂടുകൊണ്ടാടലോടാ-
വർത്തിച്ചച്ഛന്റെ പേരുച്ചലിതമിതിവിളിച്ചോതി വാവിട്ടുകേണാൾ.
തിയ്യത്തിക്കുട്ടികേഴും നിനദവുമെരിതിയ്യിന്റെ വായ്പും ധരിച്ചി-
“ട്ടയ്യയ്യോ പാപിപറ്റിച്ചിതു ചതി മകളേ”യെന്നുതാനൊന്നുചൊല്ലി
തീയ്യഞ്ചും കണ്ണുരുട്ടിക്കുടിലഹൃദയനാം കോയതൻകണ്ഠമൊറ്റ-
ക്കയ്യല്പം നീട്ടിവെട്ടിപ്പടനടുവിലറുത്തിട്ടു തിയ്യപ്രമാണി.
ആകണ്ഠം തിയ്യിലാഴും സുതയുടെ മരണാവസ്ഥകണ്ടുള്ളിലാളും
ശോകത്തോടപ്പറങ്ങോടനുമുടനടിയത്തിയ്യിൽ–വയ്യോതുവാനായ്
ഹാ! കഷ്ടം ചെന്നുചാടിത്തനയയൊടൊരുമിച്ചന്നു വിണ്ണാർന്നു നാട്ടാ-
രാകപ്പൂജിച്ചിടേണ്ടും പുകളൊടവിടെ വാഴുന്നുപോലിന്നുപോലും. പറങ്ങോടൻ

ഇതുപോലെ “ഞാനും കൈസരും” എന്നൊരു നല്ല ഖണ്ഡകവനവും ഞാൻ വായിച്ചിട്ടുണ്ടു്.

പുതുപള്ളിൽ പി. കെ. പണിക്കർ
അല്ലേ ശിശോ തവ വിചിത്രചരിത്രമോർത്തു
തെല്ലല്ല നിന്നിലിവനിന്നുയരുന്നു ഭക്തി
ഉല്ലാസമാർന്നു വിലസും യതികൾക്കുപോലും
ചൊല്ലാർന്നിടുന്നൊരു പുരോഹിതനല്ലയോ നീ? ശിശു
വെൺതിങ്കൾക്കെതിരായ ഹാരനിരയും കേയൂരവും സ്നാനവും
ചന്തംചിന്തിന ചന്ദനക്കുറികളും പൂവാർന്ന വാർകൂന്തലും
കാന്തിയ്ക്കാവുകയില്ല നല്ലമൊഴിതാനേകുന്നു സൗന്ദര്യമി-
ന്നെന്തിന്നസ്ഥിരഭൂഷണങ്ങളനിശം വാഗ്ഭൂഷണം ഭൂഷണം ഭാഷാഭർത്തൃഹരി

കെ. സി. കുട്ടപ്പനമ്പ്യാർ

പഴയ മുറ അനുസരിച്ചു പയറ്റിത്തുടങ്ങിയ ആളെങ്കിലും, ക്രമേണ നില ഒന്നു മാറീട്ടുണ്ടു്.

പാരം പ്രസന്ന ബഹുവർണ്ണവിലാസിശൌനാ-
സീരം ധനുസ്സിത നഭസ്സിൽ വിളങ്ങിടുന്നു
നീരന്ധ്രനീരദഗണത്തിനുമർക്കദീപ്തി-
പൂരത്തിനും ഗതിയിൽ നല്ലതിരട്ടപോലെ.
തിങ്ങുന്നു ഹന്ത! വിയദന്തരസീമ്നിമേഘം
മങ്ങുന്നു സൂര്യകിരണങ്ങൾ മഹാന്ധകാരം
പൊങ്ങുന്നു രാവുപകലെന്ന വിശേഷമാർക്കു-
മെങ്ങും തിരിച്ചറിയുവാൻ പണിയായിടുന്നു
ഓളം മറിഞ്ഞു ഘന സന്തതി ചക്രവാള-
ത്തോളം പരന്നു മലിനതമണയ്ക്കയാലേ
കാളപ്രഭാന്ധതമസാവൃതമാകുമിബ്ഭൂ-
ഗോളം മഷിക്കടലിൽ മുങ്ങിയമട്ടിലായി മഴക്കാലത്തിന്റെ ആരംഭം
നവാവർണ്യതാരുണ്യഭാസ്സങ്കരിക്കും
സ്വവാത്സല്യസർവസ്വമാം പുത്രിയാളെ
ജവാലന്നൊരുർവ്വീന്ദ്രപുത്രന്നു മോദാൽ
വിവാഹം കഴിച്ചേകിനാൻ ഭൂമണാളൻ.
പരം ഭംഗുരം ഭോഗപുരം ഭുജിപ്പാൻ
കരംഗാക്ഷിയാൾക്കില്ലതിൽകാംക്ഷ പക്ഷേ
സ്ഥിരപ്രേമമാളും പിതാവിൻനിയോഗം
ചിരത്നം പവിത്രം പ്രപഞ്ചൈകധർമ്മം.
ശരിക്കീമഹത്വംപെടും രണ്ടുമംഗീ-
കരിക്കേണ്ടതാണെന്നു സൽബുദ്ധിമൂലം
വരിഷ്ഠാംഗനാമൗലി പാണിഗ്രഹത്തിൽ-
ത്തരിമ്പും തടസ്സം പറഞ്ഞില്ലതന്നെ ഭക്തിമാഹാത്മ്യം
കൈകാൽ കുടഞ്ഞു കരയും നിഭൃതംചിരിക്കും
ഏകാഗ്രഭാവമൊടു നോക്കുമുടൻകളിക്കും
ആകാംക്ഷയില്ലിഹ നിഷേധവുമില്ല ബാല്യ-
മേകാത്മകം പരമഭക്തപദത്തിനൊക്കും. ശൈശവം

ശർമ്മിഷ്ഠ, സർവ്വാലങ്കാരഭൂഷിതയായിട്ടു്, ആരാമത്തിലെത്തുന്നു. ആ അവസ്ഥയെ കവി ഇങ്ങനെ വർണ്ണിക്കുന്നു:-

ഓമനപ്പൂങ്കാവിലെത്തി–യഥാ–കാമമങ്ങിത്തിരി ലാത്തി
തുമ കലർന്ന നിലാവിൽ–ബഹു–കോമളമായ പൂങ്കാവിൽ
ചേതോവികാരമണയ്ക്കും–കാഴ്ച–ശാതോദരീമണിവായ്ക്കും
ഉൽക്കണ്ഠയോടിഹകണ്ടു–ചിന്ത–കല്ക്കണ്ടവാണിയുൾക്കൊണ്ടു
പാരിച്ച നല്ലോരശോക–മരം–ചാരിനിന്നപ്പോളസ്തോകം
മാരന്റെ നീലത്തഴയ്ക്കും–കാന്തി–സാരസ്യസാരം കെടുക്കും
നല്ലവാർകൂന്തലഴിച്ചും–പരം–മെല്ലവേ ചിക്കിയുലച്ചും
നൽത്തൂമചേർന്ന കപോലേ–ചെറു–മുത്തുനിരത്തിയപോലെ
ചെമ്മേവിയർപ്പുപൊടിഞ്ഞും–കണ്ണി–നുന്മേഷമല്പംകുറഞ്ഞും
ശ്വാസാനിലൻ തട്ടി മുറ്റും–നവ–നാസാമണിനൃത്തമേറ്റും
തങ്കമയമാം കലശത്തിന്നു–തങ്കുന്ന ഗർവിൻ കലാശം
പാടേവരുത്തും മനോജ്ഞാ–കൃതി–കൂടുന്ന പോർമുല രണ്ടും
ചേലാഞ്ചലത്താൽ മറച്ചും–തത്ര–ചേലാർന്നുമേന്മേൽവിളങ്ങി
നീലോല്പലാക്ഷിയാളേവം–അതി–വേലം വിചാരം തുടങ്ങി. ചിന്താകുലയായ ശർമ്മിഷ്ഠ

ഉഷയുടെ വർണ്ണന
തങ്കപ്രകാശമയമുഗ്ദ്ധമൃദൂപധാന-
ത്തിങ്കൽസ്സമാലുളിതമായുലയും വിധത്തിൽ
തങ്കമ്രകാന്തികലരും കളകൂന്തൽബന്ധം
തിങ്കൾപ്രസന്നമുഖിമന്ദമഴിച്ചുവിട്ടു.
തിങ്ങും കരിങ്കുഴലിരുട്ടൊളി നീക്കി രോചി-
സ്സെങ്ങും പകർന്ന മുഖചന്ദ്രനുമുന്നിലായി
മങ്ങുന്നനേത്രകമലദ്വയി, നിദ്രപറ്റി-
പ്പൊങ്ങും ശുചാ മിളിതമായ് മുകുളീഭവിച്ചു.
ജാതസ്പൃഹം കനകകാന്തി കവർന്നു; കെട്ടി-
ലാതങ്കമോടഥ കുടുങ്ങിയ കൊങ്കകൾക്കു
ശ്രീതങ്കുമച്ചെറിയ ചട്ടയഴിച്ചു പൂർണ്ണ-
സ്വാതന്ത്ര്യമുല്ക്കടസമൃദ്ധികരംകൊടുത്തു.
‘തീരാത്തതള്ളലിതു വീഴ്ചവരുത്തുമെന്തു-
പോരായ്മ’യെന്നരിയ സഖ്യമണച്ചിടുംപോൽ
പോരാടുമക്കലശചാരുകപദ്വയത്തി-
ലാരാലിളം കരതലത്തളിരേറ്റിവച്ചു.
… … …
… … …
കാമം മനസ്സരിയ നിദ്രയിൽവീണു; ബാഹ്യ-
പ്രേമം വെടിഞ്ഞു പരമുദ്രിതമായി നില്ക്കേ
ശ്രീമഞ്ചമാർന്ന മൃദുശയ്യയിൽ നിർമ്മലാംഗ-
പ്പൂമഞ്ജുവല്ലികളുലഞ്ഞു ബലാൽ കുഴഞ്ഞു
ആ മങ്കയാൾ സുഖനിശാന്തരവേളയിങ്ക-
ലീമട്ടിലായ്മതിമയങ്ങിയുറങ്ങുവേതാൻ
ഹാ! മന്നിലത്ഭുതമദൃഷ്ടമഹത്വമംഗ-
സ്തോകപ്രകമ്പമൊടു ഞെട്ടിയുണർന്നുകേണാൾ. ഉഷാവിഷാദം

നമ്പ്യാർ കവിത്വശക്തി സമ്പന്നനാണെന്നു് ഈ വരികൾ നല്ലപോലെ തെളിയിക്കുന്നു.

ശ്രീമത്താകും ദ്വിജകുലമതിൽ ദിവ്യസൗഭാഗ്യഭാഗ്യ-
ശ്രമത്താളും തരുണശുകമേ കോമളാലാപശാലിൻ!
സാമഞ്ജസ്യാദ്യനുപമഗുണസ്തോമധാമയിതൻ നീ
സാമർത്ഥ്യം പൂണ്ടിഹ കുശലിയായ്ത്തന്നെ വാഴുന്നതില്ലീ?
… … …
കാരാഗാരാവസതി നിയതം ദിവ്യസൗഭാഗ്യലക്ഷ്മീ-
പൂരാധാരായിത! തവ വിധിച്ചീടിനാൻ പത്മജൻതാൻ
നേരായാരാഞ്ഞറിയുകിലിദം ഹന്ത! ലംഘിച്ചുകൊൾവാ-
നാരാണാരാൽ കഥയ സുമതേ! നിഷ്ഫലം നിന്റെ ജന്മം. കൂട്ടിലെക്കിളി

കോന്നിയൂർ ഗോവിന്ദപ്പിള്ള

കെ. സി. കേശവപിള്ളയുടെ ശിഷ്യന്മാരിൽ ഒരാളാണു്. അദ്ദേഹത്തിന്റെ മരണാവസരത്തിൽ മി. ഗോവിന്ദപ്പിള്ളയും അവിടെ ഉണ്ടായിരുന്നത്രേ. ശ്രീചിത്രാവതാരത്തെ അധികരിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള ഒരു പദ്യകൃതിയും ശ്രീരാമന്റെ വനയാത്ര തുടങ്ങിയ ചില ഖണ്ഡകവനങ്ങളും മാത്രമേ ഞാൻ വായിച്ചിട്ടുള്ളു.

നീരന്ധ്രദുഃഖനികരാകരമാണു രാജ്യ-
ഭാരം ധരിക്ക വനവാസമതീവസൗഖ്യം
പാരം പ്രസിദ്ധമിതു താദൃശസത്യസൂക്തി-
സാരങ്ങൾ താനിഹ ഫലങ്ങൾ വെളിപ്പെടുത്തും.
കോപാദിയാൽപ്പെടുമനീതി, യിടയ്ക്കരാതി
ഭൂപാലഭീതി, പരപീഡനപാപകൃത്യം
ഹാ പാർക്കിലില്ലൊരു മനസ്സുഖമീനിലയ്ക്കി-
ങ്ങാപാദചൂഡമഴലാമവനീപതിത്വം.
ഈടാർന്ന സുന്ദരസുമാവലിതൻസുഗന്ധ-
മോടാടലാറ്റിടുമിളംകുളുർകാറ്റടിക്കേ
വാടാതെ വല്ലികൾ മനോഹരനൃത്തമാടും
കാടാർക്കുമുൾക്കുതൂകമുൾക്കടമേകുമല്ലോ.
ആകപ്പഴുത്തൊരു കിടാവിനുപോലുമെത്തും
പാകത്തിനൊത്തു, പലപാദപപംക്തിതോറും
ആകമ്രമാധുരികലർന്നമരും ഫലങ്ങ-
ളാകണ്ഠമാർക്കുമവിടെത്തടവറ്റശിക്കാം.
പറ്റക്കടിച്ചു കറുകത്തല കാർന്നു തിന്നും
പററന്തികഞ്ഞു തകിടിത്തറമേൽ കിടന്നും,
തെറ്റന്നണഞ്ഞിണയെ നക്കിമണത്തുമൊറ്റ-
യ്ക്കൊറ്റയ്ക്കുകൊമ്പുകൾ പിണച്ചുവലംകളിച്ചും.
കൂടുംസുഖത്തൊടമരും മറിമാൻകലത്തി-
നോടും വിടർത്തിചിറകൊത്തതിഭംഗിയോടെ
ആടും മയൂരഗണമോടുമിണങ്ങിടുന്ന
കാടുന്നതപ്രമദമാർക്കുളവാക്കയില്ല? ശ്രീരാമന്റെ വനയാത്ര

സി. പി. ഗോവിന്ദപ്പിള്ള

ചിറയിൻകീഴ് പി. ഗോവിന്ദപ്പിള്ള എം. ആർ. എസ്. എന്റെ ഒരു സഹാദ്ധ്യാപകനും സുഹൃത്തുമായിരുന്നു. ജ്യോതിഗ്ഗർണനത്തിലും ചരിത്രഗവേഷണത്തിലും നല്ല നൈപുണി പ്രകാശിപ്പിച്ചുവന്നു. ‘മാലതി’ എന്നൊരു ഖണ്ഡകാവ്യം എഴുതിയിട്ടുണ്ടു്. കടഞ്ഞെടുത്ത നല്ല നല്ല പദങ്ങളെക്കൊണ്ടു ഗുംഫിതവും നീണ്ടു നീണ്ട ഉജ്ജ്വലവർണ്ണനകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതുമായ ഈ കാവ്യത്തിനു് കൃത്രിമത്വം അല്പം കൂടിപ്പോയതിനാൽ സമ്യക്കായ ഭാവസ്ഫുരണശക്തി ഇല്ലാതെ വന്നുപോയി. ഏതായിരുന്നാലും ഒരു സരസഗദ്യകാരനെന്ന നിലയിലാണു് അദ്ദേഹം സാധാരണ അറിയപ്പെടുന്നതു്. വിശിഷ്ടവും ഫലിതസങ്കലിതവുമായ ഒരു ഗദ്യശൈലി അദ്ദേഹത്തിനു വശമായിരുന്നു. ചരിത്രാന്വേഷണപരമായ അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം വിജ്ഞാനപ്രദങ്ങളാണു്. അദ്ദേഹം ഇവ കൂടാതെ കൃഷ്ണാകാന്തന്റെ മരണപത്രം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. ‘പഴയപാട്ടുകൾ’ സാഹിത്യചരിത്രകാരനു വളരെ ഉപകാരപ്രദമാകുന്നു.

സർദാർ കെ. എം. പണിക്കർ

അമ്പലപ്പുഴത്താലൂക്കിൽ കാവാലത്തു ചാലയിൽ ചെമ്പകനാട്ടിലെ അതിപുരാതനവും ഏറ്റവും ധനാഢ്യവുമായ നായർകുടുംബമാകുന്നു. കാരണവരായിരുന്ന രാമകൃഷ്ണപ്പണിക്കർ ആശാൻ കുടുംബഭരണവിഷയത്തിലും ഒരു ആശാൻതന്നെ ആയിരുന്നു. അഭിജാതകുടുംബങ്ങളിൽനിന്നു് ആരും തങ്ങളുടെ കുട്ടികളെ ശീമയ്ക്കയച്ചു പഠിപ്പിക്ക പതിവില്ലാതിരുന്ന കാലമായിരുന്നു അതു്. അമ്പലപ്പുഴത്താലൂക്കിനെ സംബന്ധിച്ചിടത്തോളം, മാത്തൂർ ശങ്കരനാരായണൻ കുഞ്ഞുപണിക്കരാണു് ഈ മാമൂലിനെ ആദ്യമായി ലംഘിച്ചതു്. അദ്ദേഹം മുമ്പിരുന്ന കാരണവന്മാരെപ്പോലെ ആഡംബരപ്രിയനോ പണം ചെലവാക്കുന്ന വിഷയത്തിൽ മുക്തഹസ്തനോ ആയിരുന്നില്ല. ഒരു ഭൃത്യനെപ്പോലും കൂടാതെ തന്നെത്താൻ വെറ്റിലച്ചെല്ലവും തൂക്കിക്കൊണ്ടാണു് തിരുവനന്തപുരത്തും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നതു്. ഇങ്ങനെ ഒക്കെ ഇരുന്നിട്ടും നാരായണപ്പണിക്കർ എന്ന യുവാവിനെ അദ്ദേഹം ശീമയ്ക്കയച്ചു. ആ അവസരത്തിൽ എന്റെ കാര്യദർശിത്വത്തിൽ തിരുവനന്തപുരത്തു നടന്നുകൊണ്ടിരുന്ന അമ്പലപ്പുഴ ‘യുവജന’സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒരു യാത്രയയപ്പു സല്ക്കാരം നടന്നതു് ഞാൻ ഇപ്പോഴും ഇന്നലത്തെപ്പോലെ ഓർക്കുന്നു. അമ്പലപ്പുഴ ആർ. കൃഷ്ണപിള്ളയായിരുന്നു അദ്ധ്യക്ഷം വഹിച്ചതു്. നൂറില്പരം അമ്പലപ്പുഴക്കാർ അന്നു യോഗത്തിൽ ഹാജരായിരുന്നതു കണ്ടപ്പോൾ അന്നാട്ടുകാരായ ഞങ്ങൾ പുളകംകൊണ്ടു. അത്ര സങ്കുചിതമായിരുന്നു അന്നത്തെ ദേശാഭിമാനം. ഇന്നാകട്ടെ ഞാൻ അന്നാട്ടുകാരനാണെന്നു് അവിടെ ഉള്ളവരാരും സ്മരിക്കാറേയില്ല; എനിക്കോ വിശ്വം മുഴുവനും ഇല്ലെങ്കിലും ഭാരതഖണ്ഡം എന്റെ സ്വദേശമായി വളർന്നിരിക്കുന്നു.

ശങ്കരനാരായണൻകുഞ്ഞുപണിക്കർ തന്റെ ഭാഗിനേയൻ തിരിച്ചു വരുമ്പോൾ താമസിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക കെട്ടിടവും പണിയിക്കയുണ്ടായി. കടൽ കടന്നാൽ ജാതി പോയി എന്നായിരുന്നു അന്നത്തെ ധാരണ എന്നുള്ളതിനു് അതു് ഉത്തമ ലക്ഷ്യമായിരുന്നു. ഏതായിരുന്നാലും ആ നാരായണപ്പണിക്കർ തിരിച്ചു വന്നില്ല; അദ്ദേഹം ഡാക്ടർ ബിരുദം നേടി, ഒരു മദാമ്മയെ കല്യാണം കഴിച്ചു ശീമയിൽത്തന്നെ പ്രാക്ടീസു ചെയ്തുവരുന്നു. കുടുംബത്തിലേയക്കു് അതു വലിയ നഷ്ടമായിപ്പോയെന്നും പറയാനില്ല. എന്തുകൊണ്ടെന്നാൽ അദ്ദേഹം തന്റെ കുടുംബത്തിലെ മറ്റു ചില അംഗങ്ങളെ അവിടെ വരുത്തി യഥോചിതം പഠിപ്പിച്ചു തിരിച്ചയച്ചുവല്ലോ.

ചാലയിൽ മാധവപ്പണിക്കരെ [2] ശീമയ്ക്കയച്ച അവസരത്തിൽ, എന്റെ പരേതയായ പ്രഥമ പത്നിയുടെ മാതുല ഗൃഹത്തിൽ വച്ചു നടന്ന വിരുന്നിലും ഞാൻ ഭാഗഭാക്കായിരുന്നു. അന്നത്തെ മാധവപ്പണിക്കർ ഒരു കൃശഗാത്രനായിരുന്നു എന്നാണു് എന്റെ ഓർമ്മ. ഇപ്പോൾ മട്ടൊക്കെമാറി. കോട്ടയം സി. എം. എസ്സ്. കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തും ചാലയിൽ മാധവപ്പണിക്കർ സാഹിത്യവ്യവസായം ചെയ്തുകൊണ്ടിരുന്നതായിട്ടാണു് അറിവു്. അദ്ദേഹം ആക്സ്ഫോർഡിൽ പഠിച്ചുകൊണ്ടിരിക്കവേ ആദ്യത്തെ ജർമമൻയുദ്ധം ആരംഭിച്ചു. അന്നു് എഴുപതുമിനിട്ടുകൊണ്ടു് തീവണ്ടിയിൽ വച്ചു് എഴുതിയതാണു് ‘ഒരപകടം’ എന്ന നിമിഷ കൃതി. അതു് വാസ്തവസംഭവവുമായിരുന്നു.

പരിസ്ഫുരിച്ചുള്ള വിനോദചിന്തയാൽ
വരിഷ്ഠരാം സ്നേഹിതരേ വെടിഞ്ഞു ഞാൻ
ഒരിക്കലേകാകി കുതുഹലേന സം-
ചരിച്ചു ലണ്ടന്റെ വിശാലവീഥിയിൽ.
അശക്തരെക്കൊല്ലുവതിന്നു സെപ്പളിൻ
നിശയ്ക്കശകം വരുമെന്ന ഭീതിയാൽ
കൊളുത്തിടാതുള്ള വിളക്കുമൂലമായ്
പെരുത്തിരുട്ടാം നഗരം ഭയങ്കരം.
രസിച്ചുമന്ദം സുഖമായ് നടന്നു സു-
പ്രസിദ്ധമാപ്പട്ടണമദ്ധ്യമെത്തവേ
ചെവിക്കടുത്തമ്പുകലർന്നവാചകം
ശ്രവിക്കയാലൊന്നു തിരിഞ്ഞുനോക്കിഞാൻ.

അപ്പോൾ,

നിശാധിനാഥൻ പരിപൂർണ്ണഭംഗിയായ്
ദിനാന്തകാലത്തിലുദിച്ചപോലവേ
പ്രശാന്തമായ്‍കോമളമായ പെണ്മണി-
ത്തിടമ്പിനൊക്കുന്ന മുഖപ്രസാദവും,
വസന്തകാലത്തു വിടർന്ന പൂക്കളിൽ
പരം നറുന്തേൻ നിറയുന്നതിൻവിധം
പ്രസന്നമായ്ക്കാമരസം തുളുമ്പിടും
മനോഹരം ചെഞ്ചൊടി തന്റെ കാന്തിയും
അലക്ഷ്യമായാരെയുമൊറ്റനോക്കിനാ-
ലുലയ്ക്കുമാറുള്ള മിഴിപ്രയോഗവും
സലക്ഷണം കാണുകയാൽ പകച്ചുടൻ
മലച്ചു ചിത്തം ചിതറിക്കുഴഞ്ഞു ഞാൻ.

അവൾ,

‘സ്മരിച്ചൊരോമൽമൃദുഹാസഭംഗിവി-
സ്മരിക്കുവാനായിട നല്കിടാതെ’

മധുരസ്ഫുടാക്ഷരം ഇങ്ങനെ പറഞ്ഞു:

“അഹോ! സഹായിക്കുക നിസ്സഹായയായ്
സഖേദമിപ്പോളുഴലുന്ന മങ്കയെ
അഹേതുകം ദുർഘടദിഷ്ടശക്തിയാൽ
സഖേ! സുഖംവിട്ടു കുഴങ്ങിടുന്നു ഞാൻ”

യുവാവാകട്ടെ, ഒരു ടാക്സി വിളിച്ചു് ‘കരംഗശാബാക്ഷി വസിക്കുമഗ്ഗൃഹം’ തിരഞ്ഞു് ആ രാത്രിയിൽ യാത്ര തുടങ്ങി.

സ്വരാജ്യമല്ലോർക്കുകിലർദ്ധരാത്രി; താൻ
വരാംഗിയാണില്ല സഹായമാരുമേ
ഒരാളടുത്തുള്ളവനന്യനീവിധം
മരാളസഞ്ചാരിണി വാണിടും സ്ഥിതി.

എന്നിട്ടും അവൾ അതൊന്നും വകവയ്ക്കാതെ ഒരു കഥ പറയാൻ തുടങ്ങി. കഥ ഇതാണു്.

മലപുറത്തു് ‘അലഘുഗുണമിയന്നു് ശക്തിചേരും’കുലമതിൽ–ഒരു തന്വി പിറന്നു. മാർജ്ജരി എന്നായിരുന്നു പേർ. പ്രായമായപ്പോൽ പിതാവു് അവൾക്ക് ഒരു വരനെ നിശ്ചയിച്ചിരുന്നു. അങ്ങനെയിരിക്കെ,

അതുസമയമൊരിക്കലപ്രദേശ-
ത്തതുലഗുണാന്വിതനാം യുവാവൊരുത്തൻ
പുതുശശി നിശയിങ്കലെന്നപോലെ
കുതുകസുഖപ്രദനന്നു വന്നുചേർന്നു.

അയാളുടെ,

‘അനുപമിതവചോവിലാസവായ്പും
തനുസുകുമാരതയും പ്രഭുത്വമട്ടും’

ഒക്കെക്കണ്ടിട്ടു് അവൾക്കു് അയാളിൽ അനുരാഗം ജനിച്ചു. അയാളോ?

പല പല മൃദുചാടുവാക്കുകൊണ്ടും
ബലമനുരാഗമഹോ നടിച്ചുകൊണ്ടും
ഖലനവനവളോടടുത്തുകൂടി
മലർശരദേവനസാദ്ധ്യമെന്തു പിന്നെ?

ഇങ്ങനെ അവളുടെ സതീവ്രതത്തെ ഹരിച്ചിട്ടു് അയാൾ കടന്നുകളഞ്ഞപ്പോൾ, മാർജ്ജരിയുടെ സ്ഥിതി വലിയ പരുങ്ങലിലായി. കഥയുടെ അവസാനഘട്ടത്തിൽ,

‘അവളുമിവളുമൊന്നുതന്നെ ഞാനാ-
ണവമതിയേറ്റു ഗൃഹംവെടിഞ്ഞ ബാലാ
ദിവസവുമഭിസാരവൃത്തി കൈക്കൊ-
ണ്ടവനിയിലിങ്ങനെ ജീവിതം കഴിപ്പൂ.’

എന്നു് അവൾ ഉച്ചരിച്ചപ്പോൾ നമ്മുടെ യുവാവിനു് തന്റെ ദുർഘടസ്ഥിതി മനസ്സിലായി.

ഭയാനകം ഭൂതഗണങ്ങൾ കൂട്ടമായ്
കിനാവിലുൾത്തട്ടിലണഞ്ഞതിൻവിധം
അപാരമായ് ഞെട്ടി വളർന്ന ഭീതിയാ-
ലൊരാലിലയ്ക്കൊത്തു വിറച്ചുപോയി ഞാൻ.
കൊഞ്ചിക്കൊണ്ടരികത്തു വാണ കുലടപ്പെണ്ണിന്റെ വാക്യങ്ങളാൽ
വഞ്ചിച്ചീവിധമന്നു പെട്ട വലുതാമദ്ദുർഘടാവസ്ഥയിൽ
എഞ്ചിത്തത്തിലുദിച്ച കോപമൊരുമട്ടന്നാളടക്കീട്ടു പൊൻ-
സഞ്ചിക്കെട്ടു ‘പൊലി’ച്ചു നല്കി ഹതസന്തോഷം മടങ്ങീടിനേൻ.

കവനകൗമുദിയിലെ നിർജ്ജീവ കവിതകളുടെ ഇടയ്ക്കു് ദ്വിപ്രാസശൂന്യമായ ഈ മനോജ്ഞകവിതയ്ക്കു് ഒരു സ്ഥാനം അനുവദിക്കപ്പെട്ടതു് എന്തുകൊണ്ടാണെന്നു് അറിഞ്ഞുകൂട.

അക്കാലത്തെ കവികളുടെ ‘കാമിനി’മാരെല്ലാം ഒരേ കരുവിൽ വർത്തെടുക്കപ്പെട്ട ചൈതന്യശൂന്യമായ പാവകളായിരുന്നു. അവർ പ്രായേണ തളിരും ചെന്താരും, കാറും കരിഞ്ചണ്ടിയും, മാനും മദയാനയും–ഒക്കെ ചരിക്കുന്ന പ്രദേശങ്ങൾ മാത്രമായിരുന്നെന്നു പറയാം. ഈ യുവകവിയുടെ ‘എന്റെ പ്രേയസി’യെ ഒന്നു നോക്കൂ.

കൃതികൾ ചൊന്നൊരു നന്മകളില്ല കാ-
ണ്മതിനു ‘സുന്ദരി’യല്ലവളെങ്കിലും
അതിരുവിട്ടിതുപോൽ മമ ചിത്തതാ-
രവളിലെന്തലിയുന്നിതനാരതം
തളിരൊടൊത്തു തുടുത്തതിഭംഗിയായ്
തെളിവിലാണ്ട രദച്ഛദകാന്തി ഞാൻ
ലളിതയാം പ്രിയയിൽ ബത! കണ്ടതി-
ല്ലവൾ ‘മനോഹരി’യാവതുമെങ്ങനെ?
കരകവിഞ്ഞ വികാരബലത്തിനെ-
സ്സരസമായ്പറയും നയനദ്വയം
സരസിജത്തൊടു സന്നിഭമല്ല നി-
ശ്ചയമവയ്ക്കു കുറച്ചിലതല്ലയോ?
കരികൾ പോവതുപോൽ സുഖമായ് മനോ-
ഹരികൾ പോകണമെന്നറിവെങ്കിലും
ത്വരിതമായ് ദൃഢപാദമിയന്നുതാ-
നയനമെൻ പ്രിയ ചെയ്വതുനിത്യവും
മുലയവൾക്കു വളർന്നവയെങ്കിലും
മലകളോടുപമിക്കുക ദുർഘടം
അലസലോചനയാൾക്കതിനാലെഴും
കുറവു കഷ്ടമുരയ്ക്കുക സാദ്ധ്യമോ?
ലളിതമാധുരിയാർന്നതി സൗഹൃദം
തെളിയുമായവൾതന്നുടെ വാക്കുകൾ
കിളിചിലപ്പതിനോടൊരു സാമ്യവും
പറയുവാൻ പണിയെന്നു നിനപ്പുഞാൻ.
കൃതികൾ ചെന്നൊരു നന്മകളില്ല കാ-
ണ്മതിനു സുന്ദരിയല്ലവളെങ്കിലും
അതിരുവിട്ടു ബലാൽ മമചിത്തതാ-
രവളിലന്നലിയുന്നിതനാരതം.

മാമൂലുകളോടു പടവെട്ടാൻ തുടങ്ങിയ ഈ യുവകവിയെ ഒരു ശല്യമായി കവനകൗമുദീപ്രവർത്തകന്മാർ കരുതിയിരിക്കണം. അദ്ദേഹത്തിന്റെ പുതിയ പ്രാസഘടന നോക്കുക. നാലാമത്തേയും എട്ടാമത്തേയും വരികളിലെ ദ്വിതീയാക്ഷരങ്ങൾക്കും–പന്ത്രണ്ടാമത്തേയും പതിനാറാമത്തേയും വരികളിലെ ദ്വിതീയാക്ഷരങ്ങൾക്കും–ഇരുപതാമത്തേയും ഇരുപത്തിനാലാമത്തേയും ദ്വിതീയക്ഷരങ്ങൾക്കും തമ്മിലാണു് പ്രാസം ഘടിപ്പിച്ചിരിക്കുന്നതു്. ഒരു സ്വപ്നം, വിമാനസന്ദേശം ഇവയും അക്കാലത്തു്, വിദേശത്തുവച്ചു രചിക്കപ്പെട്ടവയാകുന്നു. അന്നു് അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ ലഫ്റ്റനന്റു് പത്മനാഭപ്പണിക്കർ സൈനികസേവനം ചെയ്കയായിരുന്നു. ഡാക്ടർ പണിക്കർ പടയ്ക്കു പോയതിനെക്കുറിച്ചു് അനുജൻ അദ്ദേഹത്തിനയച്ച കത്തിൽ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം.

പ്രിയമേറിയൊരമ്മ, കീർത്തിപൂ-
ണ്ടുയരും ഗേഹമനല്പമാം ധനം
സ്വയമായിവയെ ത്യജിച്ചു പോർ-
ക്കളമാണിന്നു ഭവാൻ വരിച്ചതും.
പതിവായഴലൊന്നറിഞ്ഞിടാ-
തതിസൗഖ്യത്തൊടുതാനിരിപ്പതിൽ
മതിവന്നതുമൂലമോ ഭവാ-
നുളവായ്ഘോരരണാകണാഗ്രഹം.
കടുതാം വിഷമാരുതാസ്ത്രവും
ചുടുവെള്ളക്കൊടുമാരിയും പരം
പടുഭീകരമാം വിമാനവും
ബത! ചേരും സമരം ഭയങ്കരം.
എതിരായണയുന്ന സേനയെ-
പ്പതിർപ്പാറ്റുംപടിയാക്കിടും വെടി
പതിവായ് കുളുർഗാനമേല്പതാം
ചെവികൾക്കിന്നു സുഖം തരുന്നതോ?
മലർമെത്തയിൽവെച്ചുപോന്ന നി-
ർമ്മലമാം തൻ മൃദുമേനി കഷ്ടമേ
നിലമായതണച്ചു ഹാ ഭവാൻ
നിശയോരോന്നു കഴിപ്പതെങ്ങനെ
ദിവസംപ്രതി പായസാദി ന-
ല്ലവചേരുന്ന സുമൃഷ്ടഭോജനം
ശവപൂരിതമാമടർക്കള-
ത്തഹഹ ജ്യേഷ്ഠ ലഭിപ്പതോ തവ?
പുതുതേൻമൊഴി കാന്തയൊത്തുനൽ-
ക്കുതുകാൽ മേടയിൽ വാണിരുന്നുതേ
ഇതുനാൾ ശവപൂർണ്ണമാമട-
ർക്കളമാഹന്ത സഹിപ്പതെങ്ങനെ?
അഥവാ ശരി ലോകനന്മതാൻ
പ്രഥമം ജീവിതകാമകോടിയിൽ
ശതധാ സ്വസുഖാദിയൊക്കെയും
പൊതുധർമ്മത്തിനധീനമല്ലയോ?
ബലമാണ്ട തുരുഷ്കരേറ്റു തൽ-
കുലമെല്ലാം മുറിയേറ്റു വീഴ്കിലും
കൊലചെയ്വതിലല്ല രക്ഷചെ-
യ്‍വതിലല്ലോ തവ യത്നമുത്തമം.
അടരാടി മരിച്ചിടുന്നൊരാ-
ബ്ഭടവർഗ്ഗത്തിനു രക്ഷയേകുവാൻ
സ്ഫുടധൈര്യമിയന്നുപോവതിൽ-
പ്പരമായെന്തപരം മഹത്തരം?

1092-ൽ ഇംഗ്ലണ്ടിൽ വച്ചു് എഴുതിയ ‘വിഷാദകാരണം’ ഒരു ഒന്നാംതരം ഭാവഗാനമാണു്.

മദന്തരംഗം തവ കൈവശത്തിലായ്
ത്വദന്തരംഗം പണയം നമുക്കുമായ്
ഇദം മനസ്സിന്നു മനസ്സുവാങ്ങി നാം
സുഖത്തൊടന്നാളിൽ വസിച്ചതില്ലയോ?
മടങ്ങിവാങ്ങിച്ചു തവാന്തരംഗമ-
ന്നുടഞ്ഞുകാണായ് മമ ചിത്തമത്തലാൽ
മടങ്ങിവാങ്ങിച്ചു തവാന്തരംഗമ-
ന്നനന്തരം ശൂന്യഹൃദന്തനായ ഞാൻ.
വരാംഗി നീയെന്നെയിവണ്ണമായ് വെടി-
ഞ്ഞൊരാമഹാദുഃഖമെനിക്കസഹ്യമേ
വരാംഗിനീയെന്നെയിവണ്ണമായ് വെടി-
ഞ്ഞതാശു മേ ജീവിതശക്തി കൊല്ലുമേ.
സ്മരിക്കുമോ നീ കളവാണി പണ്ടുനാ-
മൊരിക്കലന്തിക്കു തനിച്ചിരിക്കവേ
സ്മരിക്കുമോ നീ കളവാണി ചിന്ത സം-
ചരിച്ച ഗന്ധർവ്വപുരങ്ങളൊക്കവേ?
മറന്നുപോവാനിടയാകുമോ മനം-
തുറന്നു നാമന്നുപറഞ്ഞ വാക്കുകൾ
മറന്നുപോകാനിടയാകുമോ രസി-
ച്ചറിഞ്ഞു നാം ചെയ്ത വിശിഷ്ടവൃത്തികൾ?
എനിക്കതെല്ലാം സ്മൃതിയിങ്കലുണ്ടു ഞാ-
നിനിക്കുരംഗാക്ഷി വസിപ്പതെന്തിനായ്
എനിക്കതെല്ലാം സ്മൃതിയിങ്കലുണ്ടു ഞാൻ
കഴിഞ്ഞതോർത്തിട്ടു വസിക്കയോ? ശരി.

വികാരത്തിന്റെ തള്ളലിന്നു് അനുകൂലമായ പദവിന്യാസം, ലാളിത്യം, അനലംകൃതത്വം–ഇവയാണു് ഈ കവിതയുടെ മനോഹാരിതയ്ക്കു കാരണം.

വിലാസമഞ്ജരിയും ഇക്കാലത്തു രചിക്കപ്പെട്ടതാണു്. ഒന്നുരണ്ടു മനോഹര പദ്യങ്ങൾ ഉദ്ധരിക്കാം.

ഓമൽ പൂന്തനു ഞാൻ പരാതിപറക-
ല്ലെന്തൊന്നു ചിന്തിക്കിലും
നീ മദ്വാസഗൃഹത്തിലെന്നൊടൊരുമി-
ച്ചല്ലേ വസിക്കേണ്ടതും?
ഈമട്ടമ്മയൊടൊത്തു നിത്യവുമിരു-
ന്നീടാൻ നിനച്ചീടുകിൽ
പ്രേമപ്പൂച്ചെടി പൂക്കുമെന്നുവരുമോ?
പൂക്കിൽ ഫലിച്ചീടുമോ?
കൂടും കൗതുകമാർന്നു പക്ഷികളിണകൂടുന്നതായ്ക്കണ്ടു ചാ-
ഞ്ചാടും കൺമുനയാൽ ജനങ്ങൾനടുവിൽ കാമംപ്രിയൻചൊല്കവേ
പാടേ കാമിനിയാൾക്കെഴുന്ന പുളകസ്വേദോദ്ഗമത്താൽ തെളി-
ഞ്ഞീടും കേളികുതൂഹലം നതമുഖാബ്ജത്താൽ മറച്ചാളവൾ.

ഇപ്രകാരം, പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ നിസ്സ്വാർത്ഥമായി നിരന്ത സാഹിത്യസേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ചാലയിൽ കെ. മാധവപ്പണിക്കർ സർദാർ കെ. എം. പണിക്കർ എന്ന നിലയിൽ കേരളീയർക്കെല്ലാം അഭിമാനസ്തംഭമായിത്തീർന്നതിനു ശേഷവും–മുറയ്ക്കു് പാട്യാലമന്ത്രി പദാനന്തരം ബിക്കാനീർ പ്രഥമമന്ത്രി എന്ന കാമ്യപദത്തിൽ എത്തി രാജ്യതന്ത്രാലോചനകളാൽ തലപുണ്ണാക്കിക്കൊണ്ടിരിക്കുന്ന അവസരത്തിലും–കവിതാകാമിനിയെ ഉപേക്ഷിച്ചിട്ടില്ലെന്നു കാണുന്നതു് എത്ര ചാരിതാർത്ഥ്യജനകം!

പ്രസ്തുത കവിയുടെ കൃതികൾ–

പദ്യം: ചിന്താതരംഗിണി, ഭൂപസന്ദേശം, സന്ധ്യാരാഗം, അപക്വഫലം, കുരുക്ഷേത്രത്തിലെ ഗാന്ധാരി, ചാടുക്തിമുക്താവലി, പ്രേമഗീതി, ഹൈദർനായ്ക്കൻ, രസികരസായനം (ഓമർഖയ്യാമിന്റെ തർജ്ജിമ), ബാലികാമതം, പങ്കീപരിണയം.

നോവലുകൾ: കല്യാണമൽ, പറങ്കിപ്പടയാളി, പുണർകോട്ടുസ്വരൂപം, ധൂമകേതുവിന്റെ ഉദയം, കേരളസിഹം ഇവ.

നാടകങ്ങൾ: മണ്ഡോദരി, ധ്രുവസ്വാമിനി, ഭീഷ്മർ, നൂർജഹാൻ.

ഉപന്യാസങ്ങൾ: ഉപന്യാസമാല, കവിതാതത്വനിരൂപണം.

ഇവയിൽ ഓരോന്നിനെപ്പറ്റിയും സവിസ്തരം വിമർശിക്കാൻ സൗകര്യമില്ലാത്തതിൽ വ്യസനിക്കുന്നു.

ചിന്താതരംഗിണി:

“ആഴമുള്ള പുഴയുടെ അടിത്തട്ടിൽ ഒരു പ്രക്ഷോഭം; ഒരാവേശം; അതിൽനിന്നുയർന്ന ഒരു നെടുവീർപ്പു്; അതിൽ നിന്നു് വിചാരത്തിന്റെ തിരപുറപ്പാടു്; അതിനെത്തുടർന്നു് ചിന്താനദിയിൽ ഉരുണ്ടുകൂടുന്ന കല്ലോലപരമ്പര; തടം തട്ടിത്തകർത്തുകൊണ്ടുള്ള പ്രവാഹകലഹം; തടസ്ഥലങ്ങളിൽ തട്ടിമറിഞ്ഞു ചുറ്റിത്തിരിഞ്ഞുള്ള ഗതി; നദീമുഖത്തു തങ്ങിക്കൂടുന്ന നുരയും പതയും; ആഴിയോടുള്ള സംഗമം–അപാരപാരാവാരപ്പരപ്പിൽ ചെന്നുചേർന്നുള്ള വിശ്രാന്തി–വിഷയാഭോഗം; ക്ലേശാനുഭവം; അനുഭവവിരക്തി; ജിജ്ഞാസാബോധം; നിർവ്വേദം; ശാന്തി ഇതാണു് ചിന്താതരംഗിണി” എന്നു് അവതാരികാകർത്താവായ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് അവിടുത്തെ നിസർഗ്ഗഭാഷാശൈലിയിൽ പ്രസ്താവിച്ചിട്ടുള്ളതിൽക്കവിഞ്ഞു് എന്താണു പറയുക.

‘കഴിഞ്ഞൊരെൻജീവിതമെങ്ങു മുന്ന-
മാശിച്ചതാം ശോഭനഭാവിയെങ്ങോ
വളഞ്ഞുനീണ്ടുള്ളൊരു ജീവിതാദ്ധ്വാ-
വളന്നുനോക്കീടുകിലെന്തു പുണ്യം’എന്നു്,
ചെറുപ്പകാലത്തു കൊളുത്തിവച്ചോ-
രത്യുന്നതാദർശവിളക്കു കഷ്ടം!
സുസ്ഥൈര്യമാമെണ്ണ കുറഞ്ഞമൂലം
നഷ്ടപ്രഭം കത്തിയെരിഞ്ഞിടുന്നു.

ഈ അവസ്ഥയിൽ ചിന്തകന്റെ ‘നിരന്തരാശ്രുക്കൾ നനച്ച’തായ ചിത്തത്തിൽ വിതയ്ക്കപ്പെട്ട ചിന്താകൃതമായ ‘ബീജം’ ക്രമത്തിൽ മുളച്ചുയർന്നുവന്നിട്ടു് ‘മണംപെറും പൂക്കൾ’ വിരിഞ്ഞു നില്ക്കുന്ന കാഴ്ചയാണു് ഈ കൃതിയിൽ കാണുന്നതു്. ആദ്യമായി അയാൾ സ്വാഭാവികമായി ഒന്നു പിന്തിരിഞ്ഞു നോക്കുന്നു.

ദൂരത്തുനില്ക്കുമ്പൊഴതീവഭംഗി
തെളിഞ്ഞു കാണും കമനീയദേശം
പാരംപണിപ്പെട്ടണയുമ്പൊൾ മറ്റു-
ള്ളിടങ്ങളെപ്പോലൊരു ഭൂമിതന്നെ.
താണും കുഴിഞ്ഞും ചിലെടം പരന്നും
പുല്ലാൽമറഞ്ഞും വെയിലിൽ പൊരിഞ്ഞും
എത്രയ്ക്കുയർന്നുള്ളൊരു ശൃംഗവും നാ-
മടുത്തുകാണുമ്പൊഴുതേവമല്ലൊ.
സമ്പ്രാപ്യമാം സ്ഥാനമണഞ്ഞിടാതെ
ജയേച്ഛതൻപദ്ധതിയിങ്കലെങ്ങും
വിശ്രാന്തിഗേഹങ്ങളുമില്ല; കൂട്ടു-
കാരും ചതിപ്പാൻ വഴിനോക്കി നില്പോർ.

ഇനി എന്തു നിവൃത്തി? ജീവിതാരംഭത്തിലെ സുഖസ്വപ്നങ്ങളെല്ലാം തകർന്നു് യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ചിലർക്കെന്നല്ല പലർക്കും ഈമാതിരി ഒരു നിർവ്വേദം ജനിക്കാം. അവരിൽ ചിലർ–അവരെ ഭീരുക്കളാണെന്നാണു് ഞാൻ പറയുന്നതു്–ആത്മഹത്യയിൽ രക്ഷ നേടുന്നു; മറ്റുചിലർ ഭക്തിമാർഗ്ഗത്തെ അവലംബിക്കുന്നു; മൂന്നാമതൊരു കൂട്ടത്തിൽ കർമ്മസമുദ്രത്തിലേക്കു് കുതിച്ചു ചാടുന്നു. നമ്മുടെ ചിന്തകൻ ഭക്തിമാർഗ്ഗത്തെപ്പറ്റിയാണു് ആദ്യമായി സ്മരിക്കുന്നതു്—എന്നാൽ അവിടെയും രക്ഷ കാണുന്നില്ല. ദൈവഭക്തി,

ക്ഷീണിച്ച ദേഹത്തിനു മദ്യമെന്ന-
പോലല്പനേരം സുഖമേകിയേക്കാം.

എന്നല്ലാതെ, അതിൽനിന്നും സുഖം ലഭിക്കുന്നതല്ല.

സർവ്വജ്ഞനാമീശ്വരനുള്ളലിഞ്ഞു
സന്തോഷമുണ്ടായ്വരമേകുമെന്നായ്
നിനപ്പതിന്നെങ്ങനെ? കാഴ്ചവച്ചാൽ
മോദിക്കുമോ ജന്മികണക്കു നാഥൻ?

ചിന്തകൻ ദർശിക്കുന്ന ദൈവംകണക്കു നാഥനായ ജന്മിയാണു്. ‘കൃഷിപ്പിഴ വന്നുപോയി; പാട്ടം ഇളച്ചുതരണേ’! എന്നു് കൃഷീവലൻ അപേക്ഷിച്ചാൽ ജന്മി വകവച്ചുകൊടുക്കുമോ? അയാൾക്കു് കണക്കു കണക്കു തന്നെ. ഇനി കീർത്തിനേടാൻ ശ്രമിച്ചാലോ?

നിണത്തിലാറാടി നരന്റെ മാംസം
ഭുജിച്ചു, മാറിൽ കുടർമാല ചാർത്തി
മദാന്ധനൃത്തം ഭുവി ചെയ്തിടുന്നോ-
രക്കീർത്തിയാംരാക്ഷസി സേവ്യയാണോ?

അങ്ങനെയുള്ള കീർത്തിയെ ചിന്തകൻ വെറുക്കുന്നു.

“കല്ലിൽകുറിക്കും ചിലർ കാരിരുമ്പിൽ
സ്തംഭങ്ങൾ നാട്ടും ചിലരന്യകാവ്യം
പണംകൊടുത്തിട്ടെഴുതിച്ചിടും തൻ-
പ്രഖ്യാതി മേലും നിലനിർത്തുവാനായ്”

അതിനാൽ,

ഓരോ തടത്തിൽ തലപൊക്കിനില്ക്കും
ജയദ്ധ്വജങ്ങൾക്കടിവാരമെന്താം?
അക്കീർത്തിയാംദേവത തിന്നെറിഞ്ഞ
നരാസ്ഥികൂടങ്ങളൊഴിഞ്ഞു വേറെ.

എന്നാണു് ചിന്തകൻ ചോദിക്കുന്നതു്. അനന്തരം ചിന്തകൻ തത്വചിന്തയിലേയ്ക്കു് കടക്കുന്നു.

നിനപ്പു മർത്ത്യൻ വിധിസൃഷ്ടിതന്നിൽ
ഞാനാണു മുഖ്യൻപ്രകൃതിക്കധീശൻ
എന്നാജ്ഞയിൻകീഴിലടങ്ങിടുന്നു
മറ്റുള്ള ജന്തുക്കളിതാകമാനം.
ഈലോകമാം കാവിലസംഖ്യപുഷ്പ-
ഗണങ്ങൾ പൂത്തുണ്ടുല്ലസിച്ചിടുന്നു
അവയ്ക്കൊരോന്നിന്നുമൊരോതരത്തിൽ
പ്രത്യേകഭാവം നിയമിച്ചു ദൈവം.
മുല്ലയ്ക്കെഴും സൗരഭമല്ല പിച്ചി-
യ്ക്കംഭോജമോ മറ്റുമണംവഹിപ്പൂ
ഏവം നിനച്ചാലുലകത്തിലുള്ള-
തെല്ലാം വിജാതീയത ചേർന്നതത്രേ.
നാനാത്വമല്ലോ പ്രകൃതിക്കു തത്വം
വിഭിന്നമായ് കാണ്മതു സർവ്വരൂപം
ചൊല്ലുന്നതിന്നെങ്ങനെയൊന്നിൽ മെച്ചം
മറ്റൊന്നിതെന്നായുലകത്തിലിപ്പോൾ.

ഈ ചോദ്യം യുക്തിയുക്തമല്ലേ?

മനോജ്ഞമാം പീലി പരത്തി നൃത്ത-
മാടും മയൂരത്തിനുചേർന്നകാന്തി
കാകിയ്ക്കെഴും ചിത്തമിളക്കിടുന്നി-
ല്ലതിന്നനംഗൻ ബലിഭുക്കുതന്നെ.

ഇങ്ങനെയുള്ള പ്രപഞ്ചത്തിന്റെ എല്ലാം അധിനായകൻ മനുഷ്യനാണെന്നു് അവർ അഭിമാനിക്കുന്നു. എന്നാൽ ചിന്തകൻ ചോദിക്കുന്നു:

“സാധിപ്പതോവാദമിതീജ്ജഗത്തി-
ന്നൂരാണ്മ ദൈവം നരനേകിയെന്നായ്
നിനപ്പതിന്നെങ്ങനെ കൈക്കരുത്തു
ചെയ്യുന്നതെല്ലാം വിധിചെയ്തതായി.

ഇങ്ങനെ സകല ചരാചരങ്ങളിലും സമഭാവന ഉദിച്ചതിനോടുകൂടി ചിന്തകന്നു്,

എല്ലാസ്ഥലത്തിന്നുമനന്തമായ
സൗഭാഗ്യമൻപിൽ തെളിയുന്നതായി
എല്ലാത്തിനും പട്ടുടയാടചേർന്നു
സംഗീതമാധുര്യമിയന്നതായി”

തോന്നുന്നു. അപ്പോൾ പ്രപഞ്ചം ചിരി പൂണ്ടിരിക്കുന്നതായും അനുഭവപ്പെടുന്നു. അതിന്റെ സർവാംഗീണ സൗന്ദര്യം അയാൾ ആസ്വദിക്കുന്നു.

വൃക്ഷാഗ്രമേറിച്ചിരിപൂണ്ടുതത്തി-
യന്യോന്യമോരോകളഭാഷണങ്ങൾ
ഉരച്ചിരിക്കുന്നൊരുപക്ഷിജാല-
മെന്നുള്ളിലന്നാൾ പുരുമോദമേകി
വിടർന്നുനില്ക്കുന്നൊരു പൂക്കൾതമ്മിൽ
ചിരിച്ചു രാഗം വിതറിക്കളിച്ചു
ഫലങ്ങളാൽചാഞ്ഞൊരുവൃക്ഷവൃന്ദം
മന്ത്രിച്ചുതമ്മിൽ സുഖവാർത്തയെല്ലാം
നിലാവൊളിച്ചാർത്തുവഹിച്ചപാടം
സുഗന്ധമാർന്നുള്ളൊരു വാതപോതം
അനന്തനിശ്ശബ്ദത രാത്രിപോലും
മനോജ്ഞമാം ഭാഷണമെന്നൊടോതി

ഇങ്ങനെ ഒരു പ്രസന്നമാർഗ്ഗത്തിൽ മനസ്സു പ്രവേശിച്ചു് അതിലൂടെ തെല്ലു ദൂരം പോയപ്പോൾ, പ്രപഞ്ചത്തിന്റെ ഈ ചിരി, ഈ സൗന്ദര്യം, അസ്ഥിരമാണല്ലോ എന്നൊരു തോന്നൽ ഉദിക്കുന്നു.

കാലം ഗമിക്കുന്നു; ഗമിപ്പതുണ്ടോ
നാമാണു പോകുന്നതു; കാലമല്ല
സുനിശ്ചലംനില്ക്കുമിനൻധരിത്രി
ചുറ്റുന്നപോലുള്ളൊരുതോന്നൽമാത്രം
… … …
ലോകത്തിലെല്ലാത്തെയുമാഹരിക്കും
കാലത്തിരശ്ശീല കവർന്നെടുപ്പൂ
ഓരോനിമേഷത്തെയുമായതോടൊ-
ത്തുണ്ടായസർവത്തെയുമൊന്നുപോലെ

ഇങ്ങനെ എല്ലാം തോന്നൽ—വെറും ഭ്രമം—മിഥ്യാ—എന്നുവന്നു. —ഈശ്വരൻ എന്തിനു് ഇങ്ങനെ ഒരു ലോകത്തെ സൃഷ്ടിച്ചു?

മനുഷ്യചിത്തത്തിനു മാറ്റുകൂട്ടും
ജയേച്ഛതൊട്ടുള്ള ഗുണങ്ങളെല്ലാം
നിസ്സാരമായ്കാണുകിലെന്തു പിന്നെ
സാഫല്യമിജ്ജീവനു നല്കിടുന്നു?

ഈ ചിന്താഗതി അദ്ധ്യാത്മസൗന്ദര്യത്തിലേക്കു വഴി തെളിക്കുന്നു. ഇത്രയും പറഞ്ഞതിൽനിന്നു് ഇതു് ആദ്ധ്യാത്മികമായ ഒരു ഭാവഗീതമാണെന്നു വ്യക്തമാണല്ലൊ. ഇതിനെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശ്രീപത്മനാഭപദപത്മശതകത്തിനോടു ചേർത്തുവച്ചു പരിശോധിക്കുക. അപ്പോൾ ഇതിന്റെ മെച്ചം വായനക്കാർക്കു പ്രത്യക്ഷപ്പെടും.

ഇതു് 1111-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതിയാണു്. ഈ നിലയിൽ എത്തുംമുമ്പു് നാം കവിയെ കണ്ടിരുന്നതു് ഒരു പ്രേമഗായകനെന്ന അവസ്ഥയിലാകുന്നു. ബാലികാമതവും പ്രേമഗീതിയും വായിച്ചു നോക്കുക.

ബാലികാമതത്തിൽ, ഒരു ബാലിക തന്റെ തോഴിയോടു ചോദിക്കുന്നു:

എന്തോഴിയെന്തുകൊണ്ടെന്നെയിന്നാരുമേ
സന്തോഷത്തോടഹോ നോക്കുന്നില്ല?
സ്വൈരംകളിച്ചുഞാൻ കോവിലിൽപോകുമ്പോൾ
ആരുമെൻപിൻപിൽ വരുന്നതില്ലാ.

അതിനു്,

“മുൻപിൽവിടർന്നത-
ല്ലൂഴിയിലാദ്യംപറിപ്പു ബാലേ”

എന്നായിരുന്നു തോഴിയുടെ മറുപടി.

“അന്തിയിലമ്പലനീരാഴിതന്നിൽഞാൻ
ചന്തത്തിൽ സ്നാനത്തിനെത്തീടവേ
എന്തൊരുവിസ്മയമെൻതോഴി കൺമുമ്പിൽ
ചെന്താർശരൻതന്നെ വന്നുനിന്നു
രണ്ടുവാക്കെന്നോടുമിണ്ടി നൽപുഞ്ചിരി-
പൂണ്ടു തൻനീണ്ടുനിവർന്നകണ്ണാൽ
എന്മേനിയാപാദമസ്തകംനോക്കിയ-
ന്നുണ്മയിൽ പിന്നെയും പുഞ്ചിരിച്ചു.
ചൊല്ലാവതല്ല മേ ലജ്ജയും മോദവു-
മെല്ലാമെനിക്കപ്പോഴുണ്ടായതു
ചൊല്ലുക മേ സഖി! കന്യയാമെന്നില-
ക്കല്യാണശീലൻ കനിഞ്ഞീടുമോ?
ബാലിക ഞാനഹോ പ്രൗഢമാം ശൃംഗാര-
ലീലകളൊന്നുമറിയുന്നില്ല
പ്രേമരഹസ്യങ്ങൾ കാമവിലാസങ്ങൾ
തൂമധുതൂകുന്ന സല്ലാപങ്ങൾ
ചഞ്ചലദൃഷ്ടിതൻ കേളീവിശേഷങ്ങൾ
പുഞ്ചിരിബ്ഭാഷതൻ നാനാർത്ഥങ്ങൾ
ഏതുമറിയാത്തൊരെന്നിലക്കല്യന്റെ
ചേതസ്സുതെല്ലുമലിയുന്നിതോ?
മൂഢകൗമാരമേ! നിന്നുടെ കൈയിൽനി-
ന്നേതൊരുനാളിൽ ഞാൻ രക്ഷപ്പെടും?

എന്നിങ്ങനെ, കൗമാരത്തിൽ അക്ഷമ തോന്നിയിരുന്ന ബാലികയോടു്,

തോഴി പറഞ്ഞിതു “പാതിവിടുർന്നുള്ള
പൂവിലേ തേനിനു സ്വാദുകൂടും”

ആ കാമുകഭ്രമരം പ്രസ്തുത ബാലികാകഡ്മളത്തെ സമീപിച്ചിട്ടു് താൻ കണ്ട കിനാവിനെ,

അല്ലിടഞ്ഞുള്ള നിൻധമ്മില്ലമെൻഗള-
മെല്ലാം മറച്ചു കിടന്നിരുന്നു
ലോലാളകനിരയെൻകവിളത്തഹോ
നീലോല്പലദളംപോലിണങ്ങി
നീണ്ടുചുരുണ്ട നിൻവാർമുടിയെന്മേനി-
പൂണ്ടിതു ചന്ദനച്ചാറുപോലെ
മന്ദംഞാനായവ തൊട്ടു തലോടി നിൻ
സുന്ദരച്ചെഞ്ചുണ്ടു ചുംബിച്ചപ്പോൾ
ഭിന്നതവിട്ടു നാമൊന്നായിത്തീർന്നപോൽ
അന്നെനിക്കോമനേ തോന്നിയല്ലോ.

എന്നറിയിച്ചിട്ടു് അവളെ ഒന്നു കടാക്ഷിച്ചു.

അടുത്ത രംഗത്തിൽ ആ ബാലിക ഏകാകിനിയായി പൂഞ്ചോലയുടെ തീരത്തു ചെന്നുകിടക്കവേ;

ശാന്തമാമന്നിശ തന്നുടെ ഭംഗിയും
ചന്ദനഗന്ധിയാം മാരുതനും
മന്ദമിളകുന്ന ചോലതൻമർമ്മരം–

ഇവയുടെ ഫലമായി ഉറങ്ങുന്നതും, ആ ഭ്രമരൻ അവളുടെ കന്യാത്വത്തെ നശിപ്പിക്കുന്നതും നാം കാണുന്നു. ആ വിവരം അവൾ തന്റെ തോഴിയോടിങ്ങനെ പറയുന്നു:

“എന്നിഷ്ടതോഴി ഞാനെന്തുചൊല്ലുന്നിതെൻ
കന്യകാത്വക്കോട്ട രക്ഷിക്കുവാൻ
ഞാൻപെട്ട പാടുകൾ തന്നുടെ ലക്ഷ്യങ്ങൾ
സാമ്പ്രതം കാൺക ഹാ പാടുകളായ്”

അടുത്ത ദിവസം രാവിലെ ആ വിടൻ അവളുടെ അടുത്തുചെന്നിട്ടു് സമാശ്വസിപ്പിക്കുന്നു:

“ഭീരുതയെന്തിനു കാതരലോചനേ
ആരുതാൻ നമ്മുടെ ലീല കണ്ടു
ശാരദചന്ദ്രനും രാത്രിയുമല്ലാതെ
വേറെയതിന്നൊരു സാക്ഷിയില്ല.”

ആ വാക്കുകൾ കേട്ടിട്ടു് അവൾക്കു തെല്ലുപോലും ആശ്വാസം വരുന്നില്ല. എങ്ങനെ അവൾ ആശ്വസിക്കും? അവൾ തോഴിയോടു പറയുന്നു:

“സാദരം ചൊല്ലി ഞാൻ ചന്ദ്രനച്ചോലയോ-
ടോതിപോൽ നമ്മുടെ ദുശ്ചരിത്രം”
ചോലയും തോണിയോടൊട്ടുപറഞ്ഞതു
വാലൻതാൻ സ്വപ്നത്തിൽകേട്ടുപോലും
അച്ഛനുമമ്മയും പിന്നെയറിഞ്ഞീടും
നിശ്ചയമെല്ലാരും കേൾക്കുന്നാളെ.”

ഈ സമാഗമം ഇങ്ങനെ മുറയ്ക്കു നടക്കുന്നു. അവളുടെ സങ്കോചമെല്ലാം പമ്പ കടക്കുന്നു.

നിമ്നഗ കുന്നിലേയ്ക്കെന്നൊഴുകുന്നുവോ
അർണ്ണവമെന്നുതാൻ പുഞ്ചയാകും
ചന്ദനംവെള്ളത്തിലംബുജംപാറമേൽ
എന്നുതാനുണ്ടായിശ്ശോഭതേടും
അന്നേ ഞാൻ നിന്നെവിട്ടന്യയാംനാരിയെ
സുന്ദരീ സ്വീകരിച്ചീടുകുള്ളു”

എന്നുള്ള നായകവാക്യം വേദവാക്യമായിഗ്ഗണിച്ചു്,

“സൂര്യനെബ്ഭൂഗോളംചുറ്റാതെയാവട്ടെ
കൂരിരുട്ടാകവെ മൂടിടട്ടെ
എൻപ്രിയനോതിയവാക്കുകൾ വൈകുണ്ഠ-
മിങ്ങുതാൻതീർക്കുമെനിക്കുനിത്യം.”

എന്നു് അവൾ ഉറയ്ക്കുന്നു.

അടുത്ത രണ്ടുമൂന്നു ഖണ്ഡികകളിൽ അവൾ ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദ രസത്തെ’ എന്ന ഇരയിമ്മൻതമ്പി വർണ്ണിച്ച മാതിരി സംഭോഗവർണ്ണന മുറയ്ക്കു നടത്തുന്നു.

“പ്രേമപുരസ്സരംമൻകാന്തൻ കൈകളാ-
ലോമനിച്ചുള്ള പൊൻകുംഭകളും
താലോലിച്ചെന്നുംഞാൻഹാരമണിയിച്ചു
ലാളിക്കും നല്ലൊരു തൈക്കിടാങ്ങൾ
കന്ദർപ്പസത്തായമാദ്ധ്വിനിറഞ്ഞുള്ള
ചെന്താരിൻമൊട്ടുകൾ സുന്ദരങ്ങൾ–”

ഏതെല്ലാം മട്ടിലാണു് തന്റെ വല്ലഭൻ ലാളിക്കുന്നതെന്നു് അവൾക്കു പറവാൻ സാധിക്കയില്ലത്രേ. മലയാളഭാഷയിൽ ഇതിനെ അതിശയിക്കത്തക്ക ഒരു സംഭോഗ വർണ്ണന ഉണ്ടായിട്ടില്ലതന്നെ. ഇപ്രകാരം സംഭോഗശൃംഗാരത്തിന്റെ പരകോടിയിൽ എത്തിയ അവസ്ഥയിൽ പൂർവഭാഗം അവസാനിക്കുന്നു. ആ സാധു–കഥയില്ലാത്ത ബാലിക–തന്റെ സ്വപ്നസൗധത്തിന്റെ ഏഴാംനിലയിലെത്തിയിരിക്കുന്നു.

ആ സൗധം തകർന്നു വീഴുന്നതാണു് അടുത്ത ഭാഗത്തിൽ വിവരിക്കുന്നതു്. അവൾ പ്രാണനാഥനെ കാത്തുകാത്തിരിക്കുന്നു–

ഇന്നലെരാത്രിവിരിച്ചിട്ടമെത്തതാ-
നിന്നുംകിടക്കുന്നു ഭംഗിയായി
കോമളമായിഞാൻതന്നെവിതാനിച്ച
പൂമച്ചിതിന്നു മാം കാത്തിരിപ്പൂ
ഉള്ളമിളകുന്നു മൽപ്രാണനാഥനു
വല്ലോരപകടംവന്നതാമോ?”

അതിനു്,

പേടിപറഞ്ഞിതു “പ്രേയാനോ ഭർത്താവായ്
മാറിവരുന്നതു ലോകരീതി”

അവൾ പിന്നെയും കാത്തു കാത്തിരിക്കുന്നു. നായിക,

‘കാണുമ്പോൾ കോപിച്ചു ചൊല്ലു’വാനെന്തൊക്കെയോ ഓർമ്മിച്ചു വയ്ക്കുന്നു. മാലോകർ ഓരോന്നു പറഞ്ഞുതുടങ്ങുന്നു. എന്നിട്ടും,

“മാലോകർചൊല്ലട്ടേ താവുമസൂയതൻ
മാലിന്യംചേരുന്ന ദുഷ്പ്രവാദം
അന്യാംഗനയിലെൻകാന്തൻതൻമാനസം
നന്നായ്മയങ്ങിവസിപ്പുപോലും
വിശ്വസിക്കുന്നില്ല തോഴീ ഞാനീവാർത്ത
നിശ്ചയം ലോകാപവാദംമാത്രം.”

എന്നു് അവൾ ഉറയ്ക്കുന്നു. പിന്നെയും ദിവസങ്ങൾ കഴിയുന്നു. ക്രമേണ,

“പാരിടംമാറ്റിപ്പണിതോരു രാഗമോ-
ടാരംഭിച്ചുള്ളോരാസുപ്രാഭാതം
ഇന്ദ്രധനുസ്സിന്റെ വർണ്ണവൈചിത്ര്യമാ-
ർന്നന്നുവിളങ്ങിയോരന്തരീക്ഷം
ഫുല്ലപുഷ്പങ്ങൾതൻമന്ദസ്മിതത്തിനാ-
ലുല്ലസത്തായോരാരാമദേശം
പ്രേമഗീതങ്ങളാലുള്ളംകുളുർപ്പിച്ചോ-
രോമനവാസന്തകാലഭാഗം”

ഘോരനിരാശാജനകമായി മാറുന്നു–‘അയാളെ ഒന്നു കണ്ടാൽമാത്രം മതിയായിരുന്നു’ എന്നായി അവളുടെ വിചാരം. അവൾ ഉന്മത്താവസ്ഥയെ പ്രാപിച്ചു് തെന്നലിനോടും വല്ലിയോടുമൊക്കെ തന്റെ കാമുകന്റെ വിവരങ്ങൾ ചോദിക്കുന്നു.

വേറൊന്നുംവേണ്ട മൽക്കാന്തന്റെ തൃപ്പാദ-
താരുതാൻ സേവനംചെയ്കയെന്യേ
അശ്രുബിന്ദുക്കളാൽ കാൽത്താരിണയെ ഞാൻ
ശുശ്രൂഷചെയ്യാവു പുണ്യഹീന!
… … …

ഈ നിലയിൽ മൂന്നാംഭാഗം ആരംഭിക്കുന്നു–കാലം വ്രണത്തിലെ വേദന തെല്ലൊന്നു ശമിപ്പിക്കുംപോലെ തോന്നുന്നു.

പോയകാര്യത്തെ നിരൂപിച്ചു ഹന്ത ഞാൻ
വ്യാകുലപ്പെട്ടിട്ടു കാര്യമെന്തോ?
സാഫല്യംചേരാത്ത പ്രേമത്തെയോർത്തു ഞാൻ
ചാപല്യമെന്തിനായ് തേടിടുന്നു?

എന്നായി അവളുടെ നില. അവൾ തോഴിയോടു പറയുന്നു:

ഓർക്കുക തോഴിയെൻകാന്തനെയെങ്ങനെ-
യൊക്കെഞാൻ മുന്നെസമാദരിച്ചു
തന്നാമംമാത്രം ഞാനെന്നുടെ മാനസം-
തന്നിലേ സർവദാ സംസ്മരിച്ചു
ഓരോരോലാളനമന്നന്നു ചെയ്തതു
പാരമനുഗ്രഹമെന്നുമോർത്തു.
ഉദ്യൽസ്മിതരശ്മിമാത്രമെൻചിത്തമാ-
മുദ്യാനം പുഷ്പിതമാക്കിത്തീർത്തു
തത്ഭാഷണമൊന്നുമാത്രമെൻകാതിനു
നല്പെഴും ഗാനമാധുര്യം ചേർത്തു
അക്കാലമെങ്ങുപോയ്–ഓർക്കുമ്പോഴെന്നുമേ-
യുൾക്കാമ്പിൽ വിസ്മയം തോന്നുന്നുമേ
എന്തു ഞാൻകണ്ടതുമെന്തൊരു ശക്തിയാൽ
അന്തരം മാറിപ്പകർന്നു ചിത്രം
തോഴിപറഞ്ഞിതു–കാമന്റെ കൺകെട്ടിൽ
തോന്നുന്നവിശ്വാസമപ്പോൾമാത്രം.

അവൾക്കു പ്രേമത്തിലുള്ള വിശ്വാസമേ നശിക്കുന്നു.

സ്നേഹാനുരാഗങ്ങളെന്തുതാൻ തോഴിയി-
ദ്ദേഹത്തെയാശ്രയിച്ചല്ലാതഹോ?
നിഷ്കളപ്രേമത്തെ വാഴ്ത്തും കവികുലം
ഭോഷ്കുതാൻ ചൊല്ലുന്നു തർക്കമില്ല
വാരിളംകൊങ്കകൾ ബിംബാധരം മനോ-
ഹാരിയാം ചില്ലിയക്കേശപാശം
എത്രയും ദിവ്യമാം പ്രേമത്തിനുമിവ-
മാത്രമാണിന്നവലംബമായി
എല്ലാ മുലകളുമൊന്നുതാൻ സംഭോഗ-
മെല്ലാത്തിനും ഫലമൊന്നുതന്നെ.
ആസ്വാദനോൽസുകർ കാണ്മൊരു വൈവിധ്യം
ആശ നിർമ്മിച്ചിടും മിഥ്യാനാകം.
തോഴിപറഞ്ഞിതു: സംതൃപ്തി ചേർന്നെന്നാൽ
പായസത്തോടും വെറുപ്പുതോന്നും.

കാമുകന്മാരുടെ സ്നേഹം എന്നു പറയുന്നതു് ‘പൊന്നേ!, തങ്കമേ!’ തുടങ്ങിയ മധുരവാക്കുകളല്ലാതെ മറ്റൊന്നില്ലെന്നു് അവൾ പറഞ്ഞപ്പോൾ തോഴി മറുപടി പറയുന്നു:

ആളിപറഞ്ഞിതു “കേൾക്കുവാൻ നല്ലതു
ലാളനവാക്കുകൾ തന്നെയല്ലോ.”

അതിൽ മിരണ്ടുപോയില്ലെങ്കിൽ എത്ര എത്ര ബാലികമാർക്കു് ഈ മാതിരി ദുരവസ്ഥ വന്നുചേരാതെ ഇരിക്കുമായിരുന്നു!

കെ. എം. പണിക്കരവർകളുടെ ‘പ്രേമഗീതി’ മലയാളഭാഷയ്ക്കു് ഒരു അമൂല്യസമ്പത്താണു്. ഇതു് പലേ ഭാവഗീതങ്ങൾ മനോജ്ഞമായി കോർത്തിണക്കിയ ഒരു രത്നമാല്യമാണു്. ഓരോന്നും സ്വതന്ത്രവും ഭാവസുരഭിലവുമാണു്.

അന്യോന്യഭാഷണംചെയ്തിളംപുഞ്ചിരി-
യെന്നുമേ തൂകുന്ന നക്ഷത്രങ്ങൾ
പാരിടത്തിങ്കലീമാനുഷർ കാട്ടുന്ന
കാര്യങ്ങൾ കണ്ടു ചിരിക്കയല്ലീ?
ആയവർ തങ്ങളിൽ ചൊല്ലുന്ന ഭാഷതൻ
വ്യാകരണങ്ങളിന്നാർക്കറിയാം?
പാണിനിയാലുമിന്നജ്ഞേയമയൊരാ
വാണിതൻമാഹാത്മ്യമെന്തുതന്നെ?
കാളിദാസന്റെ നൽക്കാവ്യരസത്തിനെ-
ക്കാളും വിശേഷമാം രീതിതന്നിൽ
താരങ്ങളേ നിങ്ങൾ പാടുന്ന പദ്യങ്ങ-
ളാരാനുമിന്നറിഞ്ഞീടുന്നുവോ?
ഓമനയാമവൾതൻവിയോഗാഗ്നിയാ-
ലാമയംപൂണ്ടു വസിക്കുമെന്നിൽ
ആയൊരു ഭാഷതൻഭംഗികളേതാണ്ടു
രാവുകൾ തോറും തെളിഞ്ഞുതോന്നി
മറ്റു പഠിച്ചതിന്നൊക്കെ മറക്കട്ടേ
കുറ്റമറ്റെന്നെയും ഞാൻ മറക്കാം
കറ്റവാർവേണിനിൻ മേന്മയേ വാഴ്ത്തുമാ-
നക്ഷത്രഭാഷ ഞാൻ വിസ്മരിക്കാം.

എന്നിങ്ങനെ വിപ്രലംഭദശയിൽ കവിത തുടങ്ങുന്നു.

കാതരേ! നിന്മൂലമിന്നുമിത്തീയുപോൽ
ചേതസ്സു വെന്തു വെണ്ണീറാകിലും
ഏതുമൊന്നോതാതെ നിൻസമീപത്തു ഞാൻ
വാഴുകിൽ സാമ്രാജ്യസിദ്ധിയായി.
നിൻകരതാരിൽനിന്നൻപോടു തിന്നുന്ന
പൈങ്കിളിയായിരുന്നാകിലോ ഞാൻ
പൊഞ്ചെവി രണ്ടും കുളുർക്കുന്നപോലവെ
പഞ്ചമരാഗങ്ങൾ പാടിയേനേ
നന്മയിലിഷ്ടമാർന്നിന്നു വളർത്തുന്ന
നന്മയിലായിരുന്നാകിലോ ഞാൻ
ചേലിയന്നെപ്പൊഴും നിന്നുടെ ചാരവേ
വാലും നിവർത്തിനിന്നാടിയേനേ
കഷ്ടമെൻജന്മമീമാനുഷജാതിയിൽ
നിഷ്ഠൂരൻ സ്രഷ്ടാവു തീർച്ചയാക്കി

എന്നു കാമുകൻ വിലപിക്കുന്നു.

നായികാ നായകന്മാരുടെ സമാഗമത്തെ നായകൻ തോഴരോടു വർണ്ണിക്കുന്നതു നോക്കുക:

തോഴരേ വർണ്ണിപ്പതെങ്ങനെയാണു ഞാൻ
കേഴമിഴിയുടെ സല്ക്കാരത്തെ
മല്ലക്കൺപൂക്കളെച്ചുറ്റും വിതറിനാൾ
വെള്ളരി സുസ്മിതം നീളെത്തൂകി
തോഷാശ്രുപൂരമാമർഘ്യപാദ്യങ്ങളും
ഭൂഷാക്വണിതമാം വാദ്യങ്ങളും
നിശ്വാസസൗഗന്ധവെഞ്ചാമരക്കാറ്റു-
മച്ചാരുഗാത്രിയാളപ്പൊഴേകി
നീട്ടിയകൈകളാം നീരജമാലയെ
ഗാഢം ഗളത്തിങ്കൽ ചേർത്തുനിന്നു
അവ്യാജസ്നേഹം തുളുമ്പുന്ന ദൃഷ്ടിയാൽ
ഭവ്യമെനിക്കവളോതി മെല്ലേ
ഉൾക്കാമ്പിൽ സമ്പൂർണ്ണപ്രേമയാം തന്വിതൻ
സല്ക്കാരഭംഗികൾ ചിത്രമത്രേ.

അനുകൂലയും ലജ്ജാവതിയും ആയ നായിക നല്കിയ രാജകീയസല്ക്കാരം വാസ്തവത്തിൽ ചിത്രമെന്നേ പറയേണ്ടു.

നായിക അനലംകൃതയാണു്. കണ്ണെഴുതിയിട്ടില്ല. താലിയും മാലയും ധരിച്ചിട്ടില്ല. തലയിൽ പൂവു ചൂടീട്ടില്ല.

എന്തിനിതൊക്കെയുമെൻപ്രിയയ്ക്കോർക്കുകിൽ
പൊന്നിൻകുടത്തിനു പൊട്ടു വേണോ?

എന്നു മാത്രമല്ല, ‘യൗവനം പോലൊരു ഭൂഷയുണ്ടോ? നായികയെ സമീപിച്ചപ്പോഴേയ്ക്കും ഉള്ളിലെ ചിന്തകളെല്ലാം വിസ്മൃതമായി.

ആഗ്രഹമൊക്കെയുമന്നു ഞാനെന്നുടെ
ഭാഗ്യമില്ലായ്മയാൽ ചൊല്ലിയില്ല
മന്ദതയാൽ പ്രിയതന്നെയെടുത്തണ-
ച്ചുമ്മവയ്പാനും മറന്നുപോയി.

എന്നാൽ,

താമരക്കണ്ണുകൾതന്നിലവളുടെ
പ്രേമമാം പൂന്തേൻ തുളുമ്പിനിന്നു
ചെറ്റിളകീടുന്ന കുത്തുമുലകളാൽ
മുറ്റൂമാശ്ലേഷത്തെയഭ്യർത്ഥിച്ചു
തെല്ലു വിടർന്നുള്ള ചോരിവാകൊണ്ടുതാൻ
ചൊല്ലാതെ ചോദിച്ചാൾ ചുംബനത്തെ
മൂഢതകൊണ്ടുതാനാഗ്രഹമോതുവാൻ
പാടവമില്ലാതെ നിന്നുപോയി.

കോപനയായ നായികയെ അഭിസംബോധനം ചെയ്തു നായകൻ പറയുന്നു.

കോപത്തിലും പ്രിയേ നിന്നുടെ വക്ത്രത്തിൻ
കോമളിമാവൊന്നു വേറെ തന്നെ
ആമയം വിട്ടുനിൻപ്രേമവുംമാനവു-
മോമനേ, യിന്നെനിക്കൊന്നുപോലെ
കണ്ണിണകോപിച്ചിളക്കിനോക്കുന്നതും
വെണ്ണപോലൂറിച്ചിരിക്കുന്നതും
ഒന്നുപോൽതന്നെയെൻചിത്തം ചിരിക്കുന്നു
നിർണ്ണയം നിന്നുടെ ലീല രണ്ടും
ഉൾക്കൊണ്ട കോപേന ചില്ലിക്കൊടി ചുളി-
ച്ചക്കുംഭമൊക്കും മുല കുലുക്കി
നില്ക്കുന്നനിൽപുതാനെന്നേ! നമോജ്ഞമ-
ച്ചൊല്ക്കൊണ്ടപുഞ്ചിരിക്കൊഞ്ചലേക്കാൾ.
മാരിപെയ്തീടാനൊരുങ്ങുന്ന കാറുപോൽ
ശാരദമേഘം മനോഹരമോ?
കാറണിവേണി നീ കോപിച്ചിരിക്കിലും
വീറോടെൻമാനസം കട്ടിടുന്നു.

ഗർവിഷ്ഠയായുള്ള നായികയുടെ മനോഭാവം കവി വർണ്ണിക്കുന്നു.

‘പൂന്തിങ്കളേക്കാൾ തെളിഞ്ഞുവിളങ്ങുന്ന-
തെന്താണിതെന്നു ഞാൻ ചോദിച്ചപ്പോൾ
എങ്കവിളെങ്കവിളെന്നുതാനെന്നവൾ
മന്ദമായ് പുഞ്ചിരിപൂണ്ടുചൊല്ലി
താരിൽത്തേൻ തോറ്റൊരു മാധുര്യമേതിനെ-
ന്നാരോമലോടു ഞാൻ ചോദിക്കവേ
എഞ്ചൊടിയെഞ്ചോടിയെന്നുതാനായവൾ
പുഞ്ചിരിപൂണ്ടവൾ ചൊല്ലിനിന്നു
കണ്ണിനുകണ്ടാൽ മതിവരാതുള്ളതായ്
നിർണ്ണയമേതുതാൻ ലോകത്തിങ്കൽ
ലാവണ്യസാരമാമെന്മേനിതാനെന്നു
കാർവ്വേണിഗർവ്വിയന്നന്നുചൊന്നാൾ
ഏതൊന്നുകൊണ്ടുതാൻ മാനസം വെന്തിട്ടു
മാനസം ചാകുവാൻ നോറ്റിടുന്നു?
എൻവിയോഗാഗ്നിതാനായതിൻകാരണ-
മൊന്നതുമാത്രം പൊറുത്തുകൂടാ.
‘ഈശനേക്കാളുമേതാരാധിച്ചീടേണ്ടു?’
‘പേശലമായുള്ളോരെന്റെ രൂപം’
ഓങ്കാരമൊത്തതായേതുള്ളു വാചിക?-
മോതിടാമെന്നുടെ പേരു മാത്രം
ആരെടോ നീ ഗിരികന്യകയെപ്പോലെ
പാരിടത്തിങ്കൽ ജയിച്ചിടുന്നു
സല്ക്കവിഭാവന നിർമ്മിച്ചുകൊണ്ടിടും
ചൊല്ക്കൊണ്ട ഭാമിനിയാണു ഞാൻ കേൾ.

ഭാവനാസമ്പന്നനായ ഈ കവി സാഹിതീദേവിക്കു ചാർത്തിയ ഒരു സുരഭിലകവിതാമലർമാല്യംതന്നെയാണിതു്.

ചാടൂക്തിമുക്താവലി–ഇതു് അമരുശതകംപോലെയുള്ള ഒരു ശൃംഗാരകാവ്യമാണു്.

ഹൈദർനായ്ക്കൻ–ഇതു് ചരിത്രകഥയെ അധികരിച്ചു ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ ചമ്പുവെങ്കിലും ഗുണംകൊണ്ടു്, ഒന്നാമത്തേതെന്നു പറവാൻ എനിക്കു ലേശം മടിയില്ല.

കപ്പം നൽകുന്ന ഭൂമീപതികളുടെ കിരീടങ്ങളിൽ ഭംഗിപൂർവ്വം വിഭ്രാജിക്കുന്ന നാനാമണികൾ വിതറിടും കാന്തിയാൽ ദീപ്തപാദനായ ഹൈദർ അലിഖാൻ, “ദക്ഷിണാപഥത്തിലുള്ള തൻപ്രതിപക്ഷികളെയെല്ലാം അക്ഷീണം ജയിച്ചു് കൗണപവിക്രമന്മാരായ ഹൂണവീരരുടെ രണത്രാണിയെ സമുന്മൂലനം ചെയ്തു് സാമന്തകര ചാമരമരുൽസംസേവ്യമാനനായി മാനനീയഗുണഗണധാമമായി, വൈരിനൃപമഹിഷിമാരാൽ ഗീയമാനാപദാനനായി മേഘനാദതുല്യപരാക്രമനായ പുത്രനോടും പ്രഹസ്തകുംഭനികുംഭസന്നിഭന്മാരായ സേനാനിമാരോടും കൂടി ഉന്നതങ്ങളായ മണിപ്രാസാദങ്ങളാലും ദുർദ്ധർഷങ്ങളായ കോട്ടകൊത്തളങ്ങളാലും പരിരക്ഷിക്കപ്പെടുന്ന ശ്രീരംഗപട്ടണത്തിൽ നാടു വാണുകൊണ്ടിരിക്കേ” കോലത്തുനാടു് ഉദയവർമ്മാ എന്നൊരു രാജാവു ഭരിച്ചുപോന്നു.

സ്വാദിഷ്ഠങ്ങൾ ഭുജിച്ചുമിച്ഛയിലഹോ തൻസേവകന്മാരുമായ്
മേളിച്ചും ലളിതങ്ങളാം കലകളിൽത്തന്മാനസം മുങ്ങിയും
നീലക്കണ്ണികളിൽ ഭ്രമിച്ചുമനിശം കാലം കഴിച്ചുള്ളൊരാ-
ക്കോലക്ഷ്മാധവനന്നു രാജ്യഭരണം മാത്രം പ്രമാദത്തിലായ്

ആ രാജാവിനു് ഒരു പുത്രിയുണ്ടായി. ‘രംഭാദിനിലിയനിതംബിനിമാരും കുമ്പിടുന്ന തനുകാന്തി ചിന്തിയിരുന്ന’ ആ ബാലികയ്ക്കു് ‘മാധവി’ എന്നു മേധാവിയായ പിതാവു നാമകരണം ചെയ്തു. അവൾ ഗുരുജനങ്ങളുടെ ലാളനസുഖം അനുഭവിച്ചു. ‘വസന്തകാലത്തിലെ മാധവീലതപോലെ സുകുമാരപ്രകൃതിയായി വളർന്നുവന്നു.’

സ്നിഗ്ദ്ധാപാംഗതരംഗകേളിലളിതം സുസ്മേരഭാവാഞ്ചിതം
നിർമ്മാലാപമനോഹരം സരസമാം ചേഷ്ടാസഹസ്രോജ്ജ്വലം
സാന്ദ്രപ്രേമരസായനം കലിതസൗഭാഗ്യം വിലാസാങ്കുരം
തന്വംഗീനവയൗവനോദയമഹോ ശോഭിച്ചിതന്നേറ്റവും
മേളംകോലുന്ന ഗാനോത്സവകലവിചെവിക്കായുമക്ഷിദ്വയത്തി-
ന്നോലും പീയൂഷമായും സുഭഗത കളിയാടുന്ന പൂവാടിയായും
കോലക്ഷോണീധവൻതൻപ്രണയമധു തുളുമ്പുന്ന പൊൻപാത്രമായും
നീലക്കണ്ണാൾ വിളങ്ങി സ്മരനു ശരമൊടുങ്ങാത്ത തൂണീരമായും.

‘ഇങ്ങനെ ആ മംഗലഗാത്രി ലാവണ്യാർണ്ണവത്തിൽനിന്നുയർന്നുവന്ന കുളുർമതിപോലെയും യൗവനദ്വിപത്തിന്റെ ക്രീഡാശൈലംപോലെയും വിലാസകല്ലോലജാലങ്ങളുടെ പാരാവാരം പോലെയും ശൃംഗാരമന്ദാരത്തിന്റെ പുതുപ്പൂങ്കുലപോലെയും’ സകല ജനങ്ങളുടേയും നേത്രങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടു് സ്വഭർത്താവായ രാമൻമേനവനുമായി സുഖമായി വസിച്ചുകൊണ്ടിരിക്കെ, ഹൈദർ തന്റെ മന്ത്രിപ്രമുഖരെ വിളിച്ചുകൂട്ടീട്ടുണ്ടു് ഇങ്ങനെ പറഞ്ഞു:

ജയിച്ചു കർണ്ണാടകഭൂപനേ നാ-
മടക്കി ഹൂണപ്പടതന്റെ ഗർവ്വം
പെരും മഹാരാഷ്ട്രബലത്തിനെപ്പിൻ-
തിരിച്ചയച്ചുത്തരഭൂമി വെന്നു
മമ കരബലമാം ദ്വിപേന്ദ്രനിഷ്ട-
പ്പടി കളിയാടുവതിന്നു ചേർന്നരംഗം
മലയഗിരിതടങ്ങൾതന്നെയിസ്ലാം-
കൊടി മലയാളമതിൽ പറന്നിടട്ടേ.

മന്ത്രിമാർ ആ അഭിപ്രായത്തോടു യോജിച്ചു. അനന്തരം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വിപുലസൈന്യം മലയാളക്കരയിലേയ്ക്കു പറപ്പെട്ടു. താമസമെന്യേ ആ മ്ലേച്ഛവാഹിനി കേരളത്തിന്റെ അതിർത്തിയായ താമരശ്ശേരിപ്പാതയേയും ചിത്രഭാനു അസ്താചലത്തേയും പ്രാപിച്ചു.

ഏണാങ്കാസ്യവുമസ്സരോജമുകുളപ്പോർകൊങ്കയും പിൻപിലായ്
ചേണാർന്നോരിരുൾവേണിയും മലയജക്കാറ്റായ നിശ്വാസവും
ശോണാംഭോധരചോരിവായുമിവചേർന്നുൾത്താർ മയക്കീടുമാ-
റേണപ്പെണ്മിഴിയായ സന്ധ്യനൃപനെപ്രാപിച്ചിതന്നാൾ സ്വയം.
മധുലഹരിനിമിത്തം ഭൂപവക്ത്രംകണക്ക-
ന്നഹിമകിരണബിംബം രക്തമായ് കണ്ടിതേറ്റം
അരികിലവിടെ നില്ക്കും സേവകന്മാർ മുഖംപോൽ
സരസിജഗണമേറ്റം വാടിയുൾത്താപമോടേ.
അമ്പിൽശ്ശീകരശീതശാലി മലയത്തൈത്തെന്നൽ സൗരഭ്യമാം
സമ്പത്താകെ വഹിച്ചു ചന്ദനമരത്തോപ്പിൽക്കളിച്ചാദരാൽ
ജംഭദ്വേഷിയൊടൊത്തൊരാ യവനഭൂപാലന്നു കാണിക്കയായ്
മുമ്പിൽച്ചെന്നു നമിച്ചു: പോരിൽ വിജിതന്മാരായ രാജാക്കൾപോൽ.

അടുത്ത ദിവസം രാവിലെ ഹൈദർ സൈന്യത്തെ അഭിമുഖീകരിച്ചു് അവരുടെ കർത്തവ്യങ്ങളെപ്പറ്റി പ്രസംഗിച്ചിട്ടു് അവർക്കു് ഉത്സാഹം ജനിപ്പിച്ചു. എന്നാൽ ഒരു കാര്യം അദ്ദേഹം പ്രത്യേകം ഊന്നിപ്പറയാതിരുന്നില്ല.

പറഞ്ഞീടുവതൊന്നുതാൻ പൊരുതീടുന്നതീനാം രിപു-
ക്ഷിതീശരൊടുമാത്രമാണിവനു വൈരമില്ലാരിലും
നിരായുധർ ശിശുക്കൾ ഗോദ്വിജജനങ്ങളും സ്ത്രീകളും
മറക്കരുതു രക്ഷ്യരാണവനിപാലനെല്ലായ്പൊഴും

അനന്തരം ഹൈദരും സൈന്യവും കേരളക്കരയിൽ പ്രവേശിച്ചു. കേരളവർണ്ണന സാധാരണ ചമ്പൂകാരന്മാരുടെ രീതിയിൽ വൃത്തഗന്ധിയായ ഗദ്യത്തിൽ പൊടിപൊടിച്ചിട്ടുണ്ടു്.

ഹര ഹര ശിവ ശിവ ഭൂപൻ കണ്ടൊരു
ധരയുടെ മഹിമ പുകഴ്ത്തീടാമോ?
അലർമകൾ തന്നുടെ ലാസ്യത്തിന്നല-
മഴകൊടു തീർത്തൊരു രംഗംപോലെ
അമരാവതിയുടെ നൽപ്രതിബിംബം
ക്ഷിതിമുകുരത്തിൽക്കാണുംപോലെ
ഇച്ഛയിലുലകിടമിന്നണിയുന്നൊരു
പച്ചക്കല്ലു കഴുത്തിലപോലെ
… … …
… … …
… … …
സഹ്യമഹീധരമുടലിൽ ചാർത്തിയ
മോഹനകഞ്ചുകമെന്നതുപോലെ
സുസ്ഥിരമാക്കിയൊരിന്ദ്രധനുസ്സുക-
ളൊത്തൊരുമിച്ചു കിടപ്പതുപോലെ
… … …
… … …
… … …
ചന്ദ്രികചന്ദനനീരിൽ ചാലി-
ച്ചെന്നും നന്നായ്തൂകിയപോലെ
വാരിവിതച്ചൊരു രത്നഗണങ്ങൾ
കംബളമായിളമൂടിയപോലെ
കേരളദേശം നൃപനുടെ കണ്ണിൽ
ചാരുതയോടെ കാണായ്വന്നു.

ഇതൊക്കെയായിട്ടും ഉദയവർമ്മരാജാവിനു് ഒരു കുലുക്കവുമുണ്ടായില്ല. അദ്ദേഹം അന്തഃപുരത്തിൽ ‘വാമാക്ഷീമണിമാരൊടൊത്തു രസമായി’ ക്രീഡിച്ചുകൊണ്ടിരുന്നു. നിരവധി ബ്രാഹ്മണർ തങ്ങളുടെ ഗൃഹങ്ങൾ വെടിഞ്ഞു കോലനൃപനെ പ്രാപിച്ചിട്ടു്–

പാരിച്ച സൈന്യത്തൊടു വൈരിവർഗ്ഗം
പോരിന്നു കോപ്പിട്ടണയുന്ന നേരം
ഹാ കഷ്ടമന്തഃപുരമൊന്നിലത്ര
പ്രാഗത്ഭ്യമേറ്റം തവ കാണ്മതിപ്പോൾ

എന്നു ഭത്സിച്ചു. അതെല്ലാം കേട്ടപ്പോൾ രാജാവിന്റെ ഭാവം ആകപ്പാടെ ഒന്നു പകർന്നു.

തൂകിത്തീപ്പൊരി കണ്ണുരണ്ടുമരിശത്താലേ തുടുത്തൂ മുഖം
ദേഹം തെല്ലു വിറച്ചു ഫാലഫലകം വേർപ്പാലഹോ മ്ലാനമായ്

അദ്ദേഹത്തിന്റെ പൗരുഷം ഉണർന്നു; അദ്ദേഹം ഇങ്ങനെ ഗർജ്ജിച്ചു:

ആരീനാരായണൻ തൻ ചരണമൊഴികെ മറ്റൊന്നു വന്ദിപ്പതില്ലി-
ന്നാർതൻ കൈയൂക്കിനാലേ മലയഗിരി വഹിപ്പില്ല ദുർഗ്ഗാഭിമാനം
പേരാളും കേരളക്ഷ്മാപതികൾ, തിരുമുടിക്കെട്ടിലാളുന്നൊരോമൽ-
ചൂഡാരത്നങ്ങളാലാരൊരുവനുടെ പദം നിത്യമർച്ചിച്ചിടുന്നു.
ആ നാം പേരാണ്ടവണ്ണം വിപുലതരഭുജാവിക്രമാൽ ചക്രവർത്തി-
സ്ഥാനത്തേ സിദ്ധമാക്കിദ്ധരയുടെ ഭരണംചെയ്തു വാഴുന്നപോതിൽ
ആരാണിപ്പുണ്യഭൂമിതലമൊരുവനെതിർത്താക്രമിക്കുന്നു; കാലാ-
ഗാരം കാരാഗൃഹം രണ്ടിവയിലൊരിടമാണായവൻതന്റെവാസം.

യുദ്ധമാരംഭിച്ചു. കേരളം ഇസ്ലാമിനു കീഴടങ്ങി. രാജാവു് ഓടി ഒളിച്ചു–അനന്തരം രാജാവിനെ പിടിച്ചെടുക്കുന്നതിനും രാജധാനി കൈവശപ്പെടുത്തുന്നതിനുമായി ഹൈദർനായ്ക്കൻ സേനാധിപനായ കമുറുദ്ദീനെ നിയോഗിച്ചു. ഇവിടെ ഒന്നാംഭാഗം അവസാനിക്കുന്നു.

രണ്ടാംഭാഗം രാജധാനിയുടെ ആക്രമണത്തോടുകൂടി ആരംഭിക്കുന്നു. അതു് നിഷ്പ്രയാസം കമറുദ്ദീൻ കീഴടക്കി. അനന്തരം അയാൾ സസൈന്യം കോട്ടയ്ക്കകത്തു കുറേക്കാലം താമസിച്ചു.

ആയിടയ്ക്കു് ഒരു ദിവസം കമുറുദ്ദീൻ സന്ധ്യാസമയത്തു് പ്രച്ഛന്നവേഷനായി ചുറ്റിനടക്കവേ, അരമനയ്ക്കടുത്തുള്ള ഒരു ദേവീക്ഷേത്രത്തിൽ ആരാധന നടക്കുന്നതു കണ്ടിട്ടു് അതിനെ തടയേണ്ടതു് തന്റെ കർത്തവ്യമാണെന്നുള്ള ധാരണയോടുകൂടി അകത്തേയ്ക്കു കടന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച അയാളുടെ കണ്ണും കരളും ഒരുമിച്ചു കവർന്നു. ഒരു ലാവണ്യവതിയായ യുവതി ദേവീധ്യാനത്തിൽ മുഴുകി നില്ക്കുന്നതു് അയാൾ കണ്ടു.

വരവർണ്ണിനിതന്റെ നേത്രയുഗ്മം
ചെറുപൂമൊട്ടുകൾപോലടഞ്ഞിരുന്നു
മുകുളീകൃതമായ പങ്കജംപോൽ
കരതാർ കൂപ്പിയിരുന്നു ഭക്തിപൂർവം.

ആ കന്യക ആരെന്നും മറ്റും അറിഞ്ഞുവരാൻ ആളുകളെ നിയോഗിച്ചിട്ടു് അയാൾ അരമനയിലേയ്ക്കു മടങ്ങി. പിറ്റേദിവസം കമറുദ്ദീൻ ചാരന്മാർ മുഖേന സംഗതികളുടെ പൂർണ്ണ സ്വരൂപം ഗ്രഹിച്ചിട്ടു് കോലരാജാവിന്റെ മന്ത്രിയെ വരുത്തിപ്പറഞ്ഞു:

വൃദ്ധാമാതൃ! സുകേരളാംഗനകൾ തൻസൗന്ദര്യസമ്പത്തിതൻ
സദ്ധാമത്തിനെയന്നൃപേന്ദ്രസുതയെക്കണ്ടേനിവൻ ചാരവേ
അദ്ധാത്രീശസുതയ്ക്കുസർവ്വസുഖസൗഭാഗ്യങ്ങളോലുന്നൊരെൻ-
ശുദ്ധാന്തത്തെയലങ്കരിക്കുവതിനുണ്ടുൽകൃഷ്ടഭാഗ്യോദയം.

അതിനാൽ അവളെ തന്റെ അവരോധത്തിലേയ്ക്കു് അയയ്ക്കാത്തപക്ഷം,

പുരമിതറിക കൊള്ളിവയ്ക്കുവാനും,
ചെറുതുമഹോ മടിയില്ല തീർച്ചതന്നെ

എന്നു് അയാൾ ഭയപ്പെടുത്തി. ആ കർണ്ണാരുന്തുദമായ വാക്കു കേട്ടു മന്ത്രിശ്രേഷ്ഠൻ തെല്ലുനേരം നിർജ്ജീവസാലഭഞ്ജിക പോലെ നിന്നുപോയി. ഒടുവിൽ നൃപാലപുത്രീസമീപം ചെന്നിട്ടു പറഞ്ഞു:

ബാലേ സച്ചരിതേ! ശുഭാംഗി പുരുവാത്സല്യത്തൊടെൻപുത്രിയെ-
പ്പോലേ നിന്നെയുമോർത്തു ഞാനിതുവരെയ്ക്കെന്താവതിപ്പോൾ ശുഭേ!
താലോലിച്ചുവളർത്തെടുത്തൊരു കരംകൊണ്ടിന്നു ദുർമ്മൃത്യുതൻ-
മാലാധാരണവൃത്തിയും പരമനുഷ്ഠിക്കേണ്ടതായ്‍വന്നു ഞാൻ.

അനന്തരം കമുറുദ്ദീന്റെ അഭിലാഷത്തെ അദ്ദേഹം അറിയിച്ചു. അതു കേട്ടു് അവൾ ദീനദീനം വിലപിച്ചു് ഒടുവിൽ ഇങ്ങനെ ഉറച്ചു:

അവിതർക്കിതമെന്റെ ചിത്തനാഥൻ
പടയിൽത്തന്നെ ദിവം ഗമിച്ചിരിക്കും
അറിവുണ്ടിതു തൻപ്രതാപധൈര്യ-
ത്തികവെന്നുള്ളതു സർവ്വമിജ്ജഗത്തിൽ
രണഭൂമിയിൽ നിന്നു തോറ്റുപോന്നീ-
ടുകയില്ലെൻകണവൻ സുധീരചിത്തൻ
പുരുവീര്യമെഴുന്ന രക്തമല്ലോ
സിരകൾക്കുള്ളൊഴുകുന്നു വീതശങ്കം
സുരനാട്ടിലണഞ്ഞു ഹന്ത സർവ്വോ-
ത്തരഭോഗങ്ങൾ ഭുജിച്ചിടുന്നു കാന്തൻ
ഗതഭാഗ്യ വസിച്ചിടുന്നു ഞാൻ ഭൂ-
വിതിനോ ദുസ്സഹഭാരമായുമിപ്പോൾ
ഹൃദയേശ്വരനെപ്പിരിഞ്ഞു വാഴു-
ന്നതുചാരിത്രഗുണത്തിനൊത്തതല്ല
ഹതജീവനിതും വെടിഞ്ഞു കാന്ത-
ന്നരികിൽ ചേരുകതന്നെയെന്റെ കൃത്യം.

അവൾ കമറുദ്ദീന്റെ വാസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.

നാരിത്തയ്യലിവണ്ണമൻപിനൊടുതൻ ദുർല്ലംഘ്യമാമാജ്ഞയെ
മാനിച്ചെത്തിടുമെന്നവാർത്ത വിരവിൽ ശ്രോത്രേന്ദ്രിയംപൂകവേ
ഭൂതപ്രാഭവമാർന്ന ജോനകനമന്ദാനന്ദജൃംഭന്മഹാ-
പാരാവാരതരംഗസന്തതികളിൽ ചാടിക്കളിച്ചീടിനാൻ.
ചേരും പട്ടുടയാടചാർത്തിയുടലിൽ പൂശീ സുഗന്ധദ്രവം
മൈരേയം ചെറുതാസ്വദിച്ചു മദനക്രീഡാരസോത്തേജകം
സ്വൈരം തൻമുകുരത്തിൽ നോക്കിയഭിനന്ദിച്ചു സ്വയം വേഷശൃം-
ഗാരങ്ങൾ വിടസാർവഭൗമനവനോ മാരന്റെ പാഴ്പാവയായ്.
അന്നേരം മലയാദ്രി പെറ്റൊരു കുളുർത്തൈത്തെന്നൽ വീശീസുഖം
ചിന്നും വെണ്മതിപൂനിലാവു വിതറിപ്പൊങ്ങീ നഭോവീഥിയിൽ
കന്ദർപ്പൻ നിശിതാസ്ത്രപാളി ചിലയിൽ ചേർത്തീജഗന്മണ്ഡലം
വെന്നമ്പോടു നടന്നു മേന്മകൾ നടിച്ചന്യാദൃശപ്രാഭവാൽ.
അഥ സമയമതിക്രമിക്കവേയ-
ക്ഷമയോടുദീപ്തിമനോജദുർവ്വികാരൻ
അവളുടെ വരവുംകൊതിച്ചു ധൂർത്ത-
പ്രഭു യവനൻ പല ഗോഷ്ടി കാട്ടി വാണൂ.
ഇരിക്കുമൊട്ടക്ഷമ പൂണ്ടെഴീക്കും
നടക്കുമുൾശ്ശാന്തി വെടിഞ്ഞൊരല്പം
ഇടയ്ക്കു കണ്ണാടിയിൽ നോക്കുമേവം
മിടുക്കുവിട്ടാപ്രഭു കാട്ടി ജാള ്യം.

ഇങ്ങനെ ‘വിഷലിപ്തശരപംക്തിയേറ്റുതാൻ വിഷമി’ച്ചിരിക്കുന്ന കമുറുദ്ദീന്റെ സമീപത്തു മാധവി ചെന്നണഞ്ഞു.

പരിമളമിളകുന്ന മുല്ലമാല്യം
തലമുടി കെട്ടിയതിൽ സുഖാലണിഞ്ഞും
ഇളകുമളകപംക്തി ചാരുനെറ്റി-
ത്തടമതിനുറ്റൊരു ഭംഗിചേർത്തണച്ചും
സുഖലളിതവിലാസകാന്തിയോലും
മിഴികളിലഞ്ജനമിട്ടു ശോഭ ചേർത്തും
മരതകമണിചേർന്ന തോടയാടി-
ക്കവളിണ നീലിമ തെല്ലു പൂണ്ടുകൊണ്ടും
ഒളി വിതറിയ യാവകത്തിനാൽ ചെം-
ചെടി സവിശേഷമഹോ പരിഷ്കരിച്ചും
മൃദുഹസിതവിലാസഭംഗിയാലേ
സുമഹിതചന്ദിക ചുറ്റുമേ പൊഴിച്ചും
നിറകുടമണിയായ കൊങ്കരണ്ടും
കസവണിനേരിയ മുണ്ടുകൊണ്ടു മൂടി
അടിയിലണിയുമശ്മഹാരകാന്തി
പ്രചുരിമകൊണ്ടു തിളക്കമേറ്റിവച്ചും
രസികത ചിതറുന്ന ചാരുചേഷ്ടാ-
ശതരുചിരംഗതിയാൽ മനസ്സലിച്ചും
കുസുമവിശിഖവൈജയന്തിപോലാ-
യുവതിയണഞ്ഞു തുരുഷ്കസന്നിധാനം.

കമുറുദ്ദീൻ ‘ലളിതമായ ഉപചാരവാക്കുകൾകൊണ്ടു് അഭിവാദ്യം ചെയ്തു നിരത്തിവച്ചിരുന്ന ഭക്ഷണപാനീയാദികളിൽ തന്നോടൊന്നിച്ചു പങ്കുകൊള്ളുന്നതിനു്’ അവളെ ക്ഷണിച്ചു. ഒരു മറുപടിയും കിട്ടായ്കയാൽ അനുനയവാക്കുകൾ പ്രയോഗിച്ചു. എന്നിട്ടും ഫലമില്ല. അയാൾ ഉടനെതന്നെ അവളെ ബലാല്ക്കാരമായി പുൽകാൻ ഉദ്യമിച്ചു. അവളുടെ അരയിൽ ഒളിച്ചുവച്ചിരുന്ന ഖഡ്ഗം,

‘അന്നാഗത്താൻകണക്കന്നവളുടെ കരതാരിങ്കൽ മിന്നിത്തിളങ്ങി’യതു കണ്ടു് അവൻ തെല്ലുനേരം ഛന്നധൈര്യനായി നിന്നുപോയി.

ചീളും കോപമിയന്നു രാജസുതയാൾ വീശുന്ന കായങ്കുളം
വാളിൻവായ്ത്തലയാമഹമ്മദചമൂനാഥന്റെ കണ്ഠത്തെയും
മായംവിട്ടു പരന്ന കേരളമഹീഖണ്ഡത്തിനുണ്ടായൊരാ-
മാനക്കേടിനെയും ജവാലുടനറുത്തൊന്നോടെയിട്ടു ദൃഢം.

അനന്തരം അവൾ തന്റെ വാളിനെ തന്റെ മാറിടത്തിൽ കുത്തിയിറക്കി. കമുറുദ്ദീന്റെ പടയാളികൾ മരിച്ചുവീണ ആ ചാരിത്രശാലിനിയുടെ മേൽ, ഓടിത്തളർന്നുവീണ മാൻപേടയുടെ മേൽ ചെന്നായ്ക്കളെന്നപോലെ, പാഞ്ഞടുക്കവേ അവിടെ ഒരു കാഷായവസ്ത്രധാരി ആവിർഭവിച്ചു. അദ്ദേഹം തന്റെ വേഷത്തിനു യോജിക്കാത്ത രൂക്ഷസ്വരത്തിൽ, വിധികല്പിതമെന്നപോലെ അനിർവ്വാര്യമായുള്ള ഒരു ശാസനയാൽ അവരെ വിലക്കിനിർത്തി. അനന്തരം അദ്ദേഹം തന്റെ സന്യാസവേഷം ദൂരെ എറിഞ്ഞുകളഞ്ഞപ്പോൾ അതു് ഹൈദർനായ്ക്കനാണെന്നു് എല്ലാവരും ധരിച്ചു. അദ്ദേഹം ആ സാധ്വിയുടെ ഫാലഫലകത്തിൽ സ്നേഹാദരപൂർവം ചുംബിച്ചശേഷം, മുട്ടുകുത്തി സർവേശ്വരനായ അള്ളാവിനോടു് അവളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതു് എല്ലാവർക്കും കാണാറായി.

ജയിക്കട്ടേ ധർമ്മം പെരുകി മലയാളക്ഷിതിതലം
ലസിക്കട്ടേ തന്വീമണികളുടെ ചാരിത്രമനിശം

എന്ന നാന്ദീവാക്യത്തോടുകൂടി ചമ്പു അവസാനിക്കുന്നു.

പങ്കീപരിണയം: ഒരു പരിഹാസകവനമാണു്.

മലയാളമഹിമക്കു പൊട്ടുപോലെ വിലസുന്ന ബബ്ബില പട്ടണത്തിൽ മാധവമേനോൻ എന്നൊരു വക്കീലിനു് പങ്കി എന്നൊരു പുത്രിയുണ്ടായി. അവൾ,

ക്ഷോണീതലത്തിനൊരു ജംഗമകല്പവല്ലി
വാനിങ്കൽനിന്നു നിപതിച്ചൊരു താരകാംശം

എന്നപോലെ വിളങ്ങി. തന്റെ പുത്രിക്കു യോജിച്ച ഒരു ഭർത്താവിനെ ഈ ലോകത്തിലെങ്ങും കാണുകയില്ലെന്നു് മേനവൻ വിചാരിച്ചു.

മാനം ചേർന്ന മഹീശനോ മഹിമയാർന്നുള്ളാ മനയ്ക്കൽപ്പെടും
ക്ഷോണീദേവരിൽ മുൻപനോ പ്രഭുതപൂണ്ടുള്ളാഢ്യനാം സ്ഥാനിയോ
ചേലാളും മദിരാശിയിൽ ജഡിജിയായ്‍വാഴുന്ന കെങ്കേമനോ
നാലാലാരിലൊരുത്തനേ മമ സുതയ്ക്കിന്നർഹനായ്ക്കാൺമുഞാൻ.

എന്നായിരുന്നു വക്കീലിന്റെ മനോഗതം. അദ്ദേഹം സ്വപത്നിയെ വിളിച്ചു അഭിപ്രായം ചോദിച്ചു. അവൾ പറഞ്ഞു:

പേരാളുന്ന പരീക്ഷവേണമതുമല്ലുദ്യോഗമുണ്ടാകണം
പോരാ സല്ക്കുലമാകണം ധനദനേക്കാളും പണംകാണണം
താരാർബാണനുതുല്യരൂപഗുണമുണ്ടാകേണമെന്നാകിലേ
പാരാതിപ്പൊഴുതുള്ള മങ്കകൾ തിരിഞ്ഞൊന്നെങ്കിലും നോക്കിടൂ.
അതല്ല സർക്കാർപണിയിൽ പ്രവേശി-
ച്ചിരിക്കുമുൽകൃഷ്ടകുലീനനേകൻ
വരാംഗിയാൾക്കിന്നനുരൂപനായ
വരൻ വിതർക്കം മമ ലേശമില്ല.
ഇക്കാലത്തു പരം പ്രതാപമിയലുന്നുദ്യോഗമില്ലാത്തവൻ
മുക്കാലും തൃണമാണു മറ്റുഗുണമിന്നെല്ലാമിരുന്നീടിലും
അക്കാര്യത്തെ നിനച്ചു പങ്കിയെ വരിക്കുന്നോനു തെല്ലെങ്കിലും
സർക്കാർശമ്പളമായിരിക്കണമതാണെന്നുള്ളിലുള്ളാഗ്രഹം

ഈ അഭിപ്രായത്തോടു വക്കീലദ്ദേഹം യോജിച്ചില്ല.

സർക്കാർജീവനമെത്രതുച്ഛമുലകിൽത്തന്വംഗിസമ്പത്തുതാ-
നിക്കാലത്തു വലിപ്പമുള്ളതതിനാലെൻപുത്രിയേ വേൾക്കുവാൻ
ചൊല്ക്കൊള്ളുന്നൊരു ജന്മിയോജഡിജിയോപേർകേട്ടബാരിസ്റ്റരോ
വക്കീലോ ബത വേണമെന്നു മതിമാൻമേനോൻ പറഞ്ഞീടിനാൻ.

ഏതായാലും പുത്രിയുടെ മനോഭാവം അറിവാൻ അവർ തീർച്ചപ്പെടുത്തി. അവളുടെ അഭിപ്രായപ്രകാരം ഒരു സ്വയംവരം നടത്താൻ അവർ ഒടുവിൽ നിശ്ചയിച്ചു. ഇതാണു് ഒന്നാംസർഗ്ഗം.

രണ്ടാംസർഗ്ഗം ഒരുക്കങ്ങളെ വിവരിക്കുന്നു.

ആനക്കാൽച്ചുവടൊത്തെ പർപ്പടകമന്നെണ്ണൂറുകെട്ടമ്പെഴും
ഞാലിപ്പൂവനൊരായിരം കുല, പടറ്റിക്കായൊരയ്യായിരം
നേന്ത്രക്കാ പതിനായിരം കറിവകയ്ക്കുപ്പേരിയുണ്ടാക്കുവാൻ
വേറിട്ടൊമ്പതിനായിരം വരവിതേ മട്ടായ് കറിക്കോപ്പുകൾ
മത്തൻവെള്ളരികുമ്പളം പടവലം തൊട്ടുള്ളതാം കായ്കളും
പുത്തൻചേനകൾ ചേമ്പു കാച്ചിൽ മുതലായുള്ളോരു മൂലങ്ങളും
പ്രത്യേകം ഗുണമുള്ള മാങ്ങകൾ വരിക്കച്ചക്കയെന്നൊക്കെയും
സദ്യയ്ക്കായളവറ്റു “കക്ഷികൾ” മുദാ കാഴ്ചയ്ക്കുകൊണ്ടെത്തിനാർ.

ക്ഷണമനുസരിച്ചു് ഓരോരുത്തർ വന്നുതുടങ്ങി.

അപ്പോൾ കാണായി ഹാഹാരവമൊടു ചിലർമാറുന്നു കൈരണ്ടുമൊപ്പം
കൂപ്പീടുന്നുണ്ടു മറ്റുള്ളവർ; ചിലരെഴുനേല്ക്കുന്നു മര്യാദയോടെ
ഉൾപ്പൂവിൽ രോഷമോടിന്നലസമിഴികൾ മന്ദാക്ഷമോലുന്നുദൂരെ-
ക്കേൾപ്പായീ വേങ്ങനാട്ടേ നൃപവരനെഴുന്നെള്ളുന്നതാം വാദ്യഘോഷം.
ധാരാളമായ് കസവുവച്ചൊരു തൊപ്പി തങ്ക-
നീരാളകഞ്ചുകമണിഞ്ഞൊരു തങ്കമാല്യം
പാരാതെപുഞ്ചിരിയെഴും മുഖഭാവമോർത്താ-
ലാരാജവര്യനുടെ ഗോഷ്ടികളെന്തു ചൊൽവൂ?
ഉച്ചത്തിൽച്ചിലവാക്കുസേവകജനത്തോടായിടയ്ക്കോതിയും
സ്വച്ഛന്ദം തല മന്ദമാട്ടിരസികശ്രീഹന്തകൊണ്ടാടിയും
പച്ചക്കാമനുചേർന്നനാട്യമൊടുതാനങ്ങിങ്ങുനോക്കിപ്പരം
മെച്ചം പൂണ്ടുടനെത്തിയപ്രഭുവരൻ മാലോകരാൽ ശ്ലാഘിതൻ.

അക്കൂട്ടത്തിൽ നമ്മുടെ മഹാകവികളേയും അവതരിപ്പിക്കാതിരുന്നിട്ടില്ല.

വെള്ളത്തിൽ തിരപോലെ വാക്കുകളനായസേന നൃത്തം കഴി-
ച്ചുള്ളത്തിൽ പുരുമോദമാർക്കുമുളവാക്കീടുന്ന പുണ്യാശയൻ
കള്ളംവിട്ടൊരു കേരളീയകവികൾക്കെല്ലാം ഗുരുസ്ഥാനികൻ
വള്ളത്തോൾക്കവി ശിഷ്യരൊത്തതിമുദാ വന്നെത്തിനാനസ്ഥലേ
വിദ്വാന്മാരെന്നു ഭാവിപ്പവർ ചിലർ കളവിൽ കാര്യസാദ്ധ്യത്തിനായി-
ട്ടുൽഘോഷിച്ചന്നുവാഴ്ത്തും സ്തുതികൾചെവിയിലേറ്റീട്ടുശീർഷംകുലുക്കി
ഉദ്യോഗപ്രൗഢിവാച്ചങ്ങനെ ഞെളിയുമൊരുള്ളൂരെഴും പദ്യകൃത്തും
വിദ്യൂജ്ജിഹ്വൻകണക്കങ്ങരസികതരബീഭത്സനായ് വന്നുചേർന്നു.

മൂന്നാംസർഗ്ഗത്തിൽ സ്വയംവരം വർണ്ണിക്കുന്നു—തോഴി ഓരോരുത്തരെ ചൂണ്ടിക്കാണിച്ചു് അവരുടെ ഗുണഗണങ്ങളെ വാഴ്ത്തുന്നു.

ആകപ്പാടെ നമുക്കു രണ്ടുവിധമായ് രണ്ടാൾവഴിക്കായഹോ
ലോകത്തിൽ തിരുകേരളക്ഷിതിതലം കീർത്തിക്കൊരാധാരമായ്
യോഗജ്ഞാനമിയന്നു ലോകഗുരുവാം ശ്രീശങ്കരാചാര്യരും
ലോകജ്ഞാനമിയന്നു കേളികലരും സർ ശങ്കരൻനായരും
മുഷ്കാളും ദിതിജർക്കു ശുക്രമുനിയായ് ശ്രീ ഗാന്ധിയോടുല്ക്കടം
വക്കാണത്തിനൊരുങ്ങിനില്ക്കുമിവനെത്താൻ മാലയിട്ടിടു നീ
തല്ക്കാലം പല മേന്മയുണ്ടു തവ ബന്ധുക്കൾക്കു വമ്പാർന്നെഴും
സർക്കാർജീവനമെത്രവേണമവ സമ്പാദിച്ചുകൊള്ളാമെടോ.
തോറ്റാലെന്തു വിരോധിയോടു പണമൊക്കെപ്പോകിലെന്താണതിൽ
കൂട്ടാക്കാതെ പഴിച്ചിടട്ടെ വെറുതേ സർക്കാരൊടേറ്റീടുവോർ
മാറ്റാനാവുകയില്ല നല്ലൊരു ഗവണ്മെണ്ടിന്റെ സംപ്രീതിയാ-
രേറ്റാലെന്തതുകൊണ്ടു വേൾക്കിലിവനെത്തന്വംഗിതേ മേന്മയാം.
ഉള്ളൂരെഴും കവിവരൻ പരമേശ്വരയ്യ-
നുള്ളൂരിലൊക്കെയറിയുന്ന മഹാനുഭാവൻ
ഉള്ളിൽക്കവിഞ്ഞരസമോടവനേ വരിച്ചാൽ
പുള്ളിക്കുരംഗമിഴി തേ പുരുസൗഖ്യമാളും.
അമ്യാരുണ്ടാക്കി നൽകും പല പല പലഹാരങ്ങൾ തിന്നും പ്രബന്ധം
നിർമ്മിക്കും രാജരാജാദികളുടെ സതതസ്തോത്രസല്പാത്രമായും
അമ്മട്ടുദ്യോഗലബ്ധിക്കടിതൊഴുമവർതൻ സേവയാൽ പ്രീതയായും
സമ്മോദിക്കാം പരുക്കൻകവിത വിതറുമീപ്പട്ടർതൻപത്നിയായാൽ.

ഇങ്ങനെ അവിടെ കൂടിയിരുന്നവരെയെല്ലാം തോഴി കാണിച്ചുകൊടുത്തിട്ടും,

ത്രിജഗൽപ്രഭുവായൊരംഗജൻതൻ
വിജയസ്തംഭമതായനേകവർഷം
ബത പങ്കി വിളങ്ങിയെങ്കിലും താ-
നവൾ കന്യാസ്ഥിതി വിട്ടതില്ലപോലും.

കെ. എം. പണിക്കരുടെ നോവലുകളെല്ലാം ചരിത്രകാല സ്ഥിതികളെ വ്യക്തമാക്കി കാണിക്കുന്നവയും ദേശാഭിമാനം വളർത്താൻ ഉപകരിക്കുന്നവയുമാണു്. പഴശ്ശിരാജാവായ കേരളവർമ്മയുടെ അപദാനങ്ങളെ വർണ്ണിക്കുന്ന കേരളസിംഹം അക്കൂട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നു.

കെ. എം. പണിക്കർ മഹാകവിയാണോ? അതിനു ഞാനെങ്ങനെ ഉത്തരം പറയും? കേരളവർമ്മ വലിയകോയിത്തമ്പുരാനോ ശ്രീ ഏ. ബാലകൃഷ്ണപിള്ളയോ ആയിരുന്നെങ്കിൽ ബിരുദങ്ങൾ വാരി നാലുപാടും എറിഞ്ഞുകൊടുക്കുമായിരുന്നു. എന്നാൽ കവിത്വശക്തിയുടെ തള്ളിച്ചകൊണ്ടാണു് ഒരാൾ മഹാകവിപട്ടത്തിനു് അർഹനായിത്തീരുന്നതെന്നുണ്ടെങ്കിൽ കെ. എം. പണിക്കരും മഹാകവിയാണെന്നു പറയാം.

പള്ളത്തു രാമൻ

1067 കന്നി 22-ാം തീയതി പള്ളത്തു് ഇക്കോരന്റേയും ലക്ഷ്മിയുടേയും ദ്വിതീയപുത്രനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ്തോമസ് സ്കൂളിൽ ചേർന്നു മെട്രിക്കുലേഷൻക്ലാസ്സുവരെ പഠിച്ചു. പക്ഷേ പരീക്ഷയിൽ ജയിക്കാൻ സാധിച്ചില്ല. പിന്നീടു് വിദ്വാൻ പരീക്ഷയ്ക്കു പഠിച്ചു് അതിൽ വിജയം നേടുകയും താൻ പഠിച്ച പള്ളിക്കൂടത്തിൽ തന്നെ മലയാളപണ്ഡിതരായി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീടു് പല സ്കൂളുകളിലും അല്പാല്പകാലം അദ്ധ്യാപകവൃത്തിയിൽ ഇരുന്നിട്ടു് 1092-ൽ മംഗലാപുരം ഗവണ്മെന്റുകാളേജിൽ പണ്ഡിതരായി നിയമിക്കപ്പെട്ടു. അവിടെ അഞ്ചുകൊല്ലം ജോലി നോക്കിയശേഷം പാലക്കാട്ടു വിക്ടോറിയാ കാളേജിലേക്കു മാറ്റപ്പെട്ടു. അവിടെനിന്നാണു് അദ്ദേഹം 1118-ൽ അടുത്തൂൺ പറ്റിയതു്. 1119-ൽ പ്രഥമപത്നിയായ ദേവകിയമ്മ മരിച്ചു. മൂന്നുകൊല്ലം കഴിഞ്ഞു് സുഗുണ എന്ന തരുണീരത്നത്തെ വിവാഹം ചെയ്തു.

1124-ൽ തിരുവനന്തപുരത്തു വച്ചു് പുരോഗാമി എന്ന ഒരു പത്രിക തുടങ്ങാൻ യത്നിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം കലാനിധി ആഫീസിൽവച്ചു് എന്നെ സന്ദർശിച്ചപ്പോൾ അരോഗദൃഢഗാത്രനായിട്ടാണു് എനിക്കു തോന്നിയതു്. എന്നാൽ 1950 ജൂലൈ 28-ാംതീയതി രാത്രി പെട്ടെന്നു് ഒരു ഛർദ്ദി ഉണ്ടാവുകയും അദ്ദേഹം ജനറലാശുപത്രിയിൽ വെച്ചു മരണം പ്രാപിക്കയും ചെയ്തു.

ഒരു മഹാകവിയെന്നു പൊതുജനസമ്മതി ലഭിച്ചിട്ടുള്ള മറ്റൊരു ജീവല്ക്കവിയാണു്. ആദ്യഘട്ടങ്ങളിൽ അദ്ദേഹവും, അന്നത്തെ കാവ്യറഗുലേഷൻ അനുസരിച്ചു് കവിത എഴുതിവന്നു. ഒന്നുരണ്ടു് ഉദാഹരണങ്ങൾ എടുത്തുകാണിക്കാം.

കുളിർതെന്നിലിലാഞ്ഞുലഞ്ഞിളം-
തളിരിൻമോടി കലർന്നുവാടിയിൽ
കളിയാടി വിഭാതവേളയിൽ
തെളിയും കോരകമേ ജയിക്ക നീ.
സുകുമാരസുമാഭയേന്തുമേ
മുകുളം നീയോരു മൂന്നുനാൾക്കകം
മകുടോപരിയും മനോഹരീ
ചികുരക്കെട്ടിലുമന്നുമിന്നുമേ.
വനസീമനി വെൺനിലാവുപോൽ
വിനശിക്കാ വികസിച്ചു നീ വൃഥാ
അനഘം തവ വാസനാഗുണം
ജനമാനന്ദമൊടാസ്വദിക്കുമേ.
തവ സൗരഭസാരവും മഹോ-
ത്സവമേകുന്ന മരന്ദപൂരവും
നവമായിവരാസ്വദിക്കുവാൻ
ദിവസം കാത്തു ലസിക്കയാണയേ.
വിടപാളികണക്കണഞ്ഞു നീ
വിടരുമ്പോൾ മധുപാളിചുറ്റുമേ
അടവിൽ സ്തുതിഗീതിപാടിടാ-
നിടയാം കുഗ്മളമേ കുഴങ്ങുമേ. ഒരു മുല്ലമൊട്ടിനോടു്

അക്കാലത്തും കവിക്കു് വേഡ്സ്വർത്തു തുടങ്ങിയ ഉത്തമ കവിതകളാണു് ആദർശമായിരുന്നതെന്നു് അദ്ദേഹത്തിന്റെ ചില കവിതകൾ വായിച്ചു നോക്കിയാൽ സൂക്ഷ്മമായി കാണാം. വേഡ്സ്വർത്തിന്റെ ചില കൃതികൾക്കു് അദ്ദേഹം അനുകരണവുമെഴുതിയിട്ടുണ്ടു്. അതിലൊന്നാണു് ഒരു കൃഷിക്കാരൻ–

ആകവേ നരച്ചുള്ള മുടിയും ശരീരമാ-
മേകവിത്തവുമായി കോമപ്പൻകൃഷിക്കാരൻ
ലോകയാത്രയിൽ പലേ തൊഴിലും പരീക്ഷിച്ചു
ശോകമെന്നിയേ വാണാൻ സുചിരം നഗരത്തിൽ
ഇത്തരം സ്ഥിതി വന്നുചേരുകിൽ മനുഷ്യനു
ചിത്തരംഗത്തിനുണ്ടാമിടിവെന്നിരിക്കിലും
അത്തവ്വിലൊരു പത്തുവയസ്സു കുറഞ്ഞ മ-
ട്ടുത്തമനവൻ ശക്തിയുക്തനായ് കാണപ്പെട്ടു
ഇരട്ടിച്ചിതു ചോരയോട്ടവും മുഖത്തോരോ
നരച്ച രോമത്തിനും പുതിയോരുയിർ വീണു
തിരക്കും തേനീച്ചകൾ തേൻകൂട്ടിലെന്നപോലെ
വിരലൊക്കെയും ചൊടിപൂണ്ടിതു പണ്ടേതിലും
ചേതസ്സിനാശ്ചര്യത്തെജ്ജനിപ്പിക്കുന്നതായ
നൂതനവസ്തുക്കളെക്കാൺകയാലനുദിനം
ആതങ്കമുണ്ടായതില്ലെന്നല്ലാ ചെറുപ്പത്തിൽ
ജാതമാമാഹ്ളാദവും കണ്ടിതു കോമപ്പനിൽ
ഉരുകും വേനലെന്തു, കൊടുങ്കാറ്റവനേതു്
പെരുകും ശ്രദ്ധയോടെ നോക്കിനില്പതു കണ്ടാൽ
കരുതും പത്തു കൊയ്ത്തുകാരവനുണ്ടെന്നാരും
വാട്ടംതട്ടാതെയുള്ള പൂക്കളും താഴും ഫല-
ക്കൂട്ടവും മഴക്കാലശ്രേഷ്ഠത വെളിവാക്കി
തോട്ടത്തിൽ നില്ക്കും നിലകണ്ടിതു തട്ടുണ്ടാക്കാൻ
പെട്ടപാടോർത്തു സാധു കോമപ്പൻ ചിരിച്ചീടും
ചിലപ്പോൾ ചന്തയില്പോയൊരുകൈ വയ്ക്കോൽവാരി
ബലവായ്മനം കക്കുംമട്ടതു മണപ്പിക്കും
പലകാലവും കൊയ്ത പൂഞ്ചോലക്കരക്കൃഷി-
സ്ഥലവും കളവും തങ്കരളിൽ സ്മരിച്ചീടും.

പ്രാസനിഷ്കർഷ വേഡ്സ്വർത്തിന്റെ സ്വാഭാവികമനോഹാരിതയെ ഭാഷയിലേയ്ക്കു പകർത്തുന്ന വിഷയത്തിൽ പ്രതിബന്ധമായിത്തീർന്നിട്ടുണ്ടെന്നിരുന്നാലും, തർജ്ജമ നന്നായിട്ടുണ്ടെന്നുതന്നെ പറയാം.

‘ഇന്ത്യയുടെ ദാനം’ സരോജിനിനായിഡുവിന്റെ ‘The Gift of India’ എന്ന മനോജ്ഞഗാനത്തിന്റെ തർജ്ജിമയാണു്. മൂലകൃതിയിൽ കാണുന്ന വികാരത്തള്ളിച്ച ദീർഘമായ സംസ്കൃതത്തിൽ കേരളവർമ്മപ്രാസമൊപ്പിച്ചെഴുതിയ തർജ്ജമയിൽ നിശ്ശേഷം ചോർന്നുപോയിരിക്കുന്നു. മൂലവും തർജ്ജിമയും ചുവടെ ചേർക്കുന്നു.

മൂലം:
Is there aught you need that my hands withhold,
Rich gifts of raiment or grain or gold
Lo! I have fiung to the east and west
Priceless treasures torn from my breast,
And yielded the sons of my stricken womb
To the drum beats of duty, the sabres of doom.

തർജ്ജിമ:
സന്മാർഗ്ഗത്തീൽ ചരിച്ചീടിന മമ മുറയെക്കാത്തു രക്ഷിക്കുവാനാ-
യെന്മാറിൽച്ചേർന്ന ഭൂഷാവലികളിവൾ പടിഞ്ഞാട്ടു പൊട്ടിച്ചെറിഞ്ഞു
വന്മാലെല്ലാം സഹിച്ചുൾപ്രണയമൊടു വളർത്തുള്ള മൽപുത്രരേയും
സമ്മാനിച്ചു മനസ്സോടിതിലുമധികമായെന്തു ഞാൻ ഹന്ത വേണ്ടു.

മൂലം:
Gathered like pearls in their alien graves
Silent they sleep by the Persian waves
Scattered like shells on Egyptian sands
They lie with pale brows and brave broken hands
They are strewn like blossoms mown modn by chance
On the dead brown meadows of Flanders and France.

തർജ്ജിമ:
തീരംതല്ലിപ്പിളർക്കും തിരയിളകിടും പേർഷ്യനംഭോധിമദ്ധ്യേ
സ്വൈരംദൂരശ്മശാനസ്ഥലിയിലവരുറങ്ങുന്ന രത്നങ്ങൾപോലെ
പീരങ്കിക്കുള്ള തീയുണ്ടകൾ ചിതറിയപോൽ മക്കളീജിപ്റ്റുമണ്ണിൽ,
ധീരശ്രീപൂണ്ടു വക്ത്രം വളരെ വിളറിയും കൈമുറിഞ്ഞും കിടപ്പൂ.
വീരന്മാർ പൂർവ്വികന്മാരുടെ മഹിമകളെ സ്പഷ്ടമാക്കിക്കൊടുക്കും
ധീരന്മാർ കാലഖഡ്ഗത്തിനു പരമിരയായ്ത്തീർന്നു പുഷ്പങ്ങൾപോലെ
ചോരച്ചോപ്പാർന്നൊരാഫ്രാൻസ്പടനിലനടുവിൽഗാഢമായ് നിദ്രകൊൾവു
പാരം സന്താപവന്തീപ്പൊരിയിലെരിയുമെൻകണ്ണുനീരാരളക്കും.

മൂലം:
Canye measure the grief of the tears I weep
Or compass the wee of the watch, I keep
Or the price that thrills thro’ my heart’s despair
And the hope that comforts the anguish of prayer
When the terror and tumult of hate shall cease
And life be refashioned on anvils of peace
And your love shall offer memorial thanks
To the comrades who fought in your dauntless ranks
And you honour the deeds of the deathless ones
Remember the blood of my martyred sons.

തർജ്ജിമ:
നൈരാശ്യം സംഭവിച്ചീടിലുമുപരിവിളങ്ങുന്നിതാത്മാഭിമാനം
തോരാതശ്രുക്കൾ തൂകും മതിരുജയെ മറയ്ക്കുന്നിതാശാപ്രവാഹം
പാരാഹ്ളാദിക്കുമാറായ് പരമജയപതാകാളിയാകാശദേശ-
ത്താരാൽ പാറിക്കളിക്കുന്നതു മനമിഴിയാൽ കണ്ടുഞാനാശ്വസിപ്പൂ.
പാരാകെക്കീർത്തിപാറുമ്പടിപടയിൽമടങ്ങാത്ത നെഞ്ഞൂക്കുകാട്ടി-
പ്പോരാടിപ്പോന്നസേനാനിരകളെ മുറപോൽ നിങ്ങൾ മാനിച്ചിടുമ്പോൾ
സ്വരാജ്യംപൂകിയോർതൻസ്മരണയെ നിലനിർത്തീടുവാൻ നോക്കിടുമ്പോൾ
പേരാളും മൽസുതന്മാരുടെ കഥ ഹൃദയത്തിങ്കലൊന്നോർമ്മവേണം.

ഇതുപോലെ വേഡ്സ്വർത്തു തുടങ്ങിയ ആംഗല കവികളുടെ മറ്റു ചില കവിതകളും അദ്ദേഹം ചെറുപ്പത്തിൽ തർജ്ജിമ ചെയ്തിരുന്നു. മൂലകൃതികളുടെ നിസർഗ്ഗമായ കമനീയത അവയ്ക്കു വരാതിരുന്നതിനു് ഒരു കാരണമേ ഞാൻ കാണുന്നുള്ളു. കവി അന്നു തന്റെ മാർഗ്ഗദർശികളായി ഗണിച്ചിരുന്നതു്, ഒടുവും, ഉള്ളൂർ, പന്തളം മുതലായ പ്രാസപ്രിയന്മാരെയായിരുന്നു. അവരിൽ ഉള്ളൂർ മാത്രമേ ഭാഷാസാഹിത്യത്തിലെ ആധുനികയുഗം കണ്ടിട്ടുള്ളു. അതു് എത്രയോ കാലത്തിനു ശേഷവുമായിരുന്നു. ഒരു ‘നിതാന്ത ചിന്ത’യിൽ പ്രസ്തുത കവി തന്റെ പക്ഷപാതത്തെ ഇങ്ങനെ പ്രകാശിപ്പിച്ചു കാണുന്നു.

മതിമോഹനമന്ദഹാസവും
ശ്രുതിപീയൂഷവചോവിലാസവും
അതിനിർമ്മലമായ് പൊഴിക്കുമാ-
കൃതിയൊന്നെൻസ്മൃതിയിൽ പതിഞ്ഞുതേ.
വിനയത്തൊടു ചേർന്ന വിദ്യയാൽ
കനകക്കട്ട സുഗന്ധമാർന്നപോൽ
ജനമോദമണച്ചുവാണൊരീ-
യനഘാത്മാവൊടുവിൽക്കവീന്ദ്രനാം.
കവിതേ! കരയേണ്ട നീ; മഹാ-
കവിയുള്ളൂർ പരമേശ്വരയ്യരും
ഭുവി വിശ്രുതപന്തളാദ്യരും
കവിയും കൈതുകമാർന്നു കാക്കുമേ

‘വാനമ്പാടി’യെ അതിന്റെ മൂലവുമായി സാദൃശ്യപ്പെടുത്തി നോക്കുക. തർജ്ജിമ മാത്രം താഴെ ചേർക്കുന്നു.

വാനമ്പാടി! വിഹംഗവീര! കുതുകം പൂണ്ടെന്നെയുംകൊണ്ടു നീ
മാനത്തേക്കു മനോജ്ഞഗായകമണേ! മന്ദം പറന്നീടെടോ
ഗാനത്തിന്നതിനുണ്ടു ശക്തി–നിയതാനന്ദം നിനക്കേകുമാ-
സ്ഥാനം കണ്ടണയുംവരയ്ക്കു വഴിമേ കാട്ടിസ്സഹായിക്ക നീ.
ഹാ കാടും മലയും കടന്നു നടകൊള്ളാറുണ്ടു പണ്ടൊക്കെ ഞാ-
നാകാതായതിനൊന്നുമിന്നു; ഹൃദയം വല്ലാതെ വാടുന്നുമേ
ലോകാഹ്ളാദക രണ്ടു പൂഞ്ചിറകെനിക്കുണ്ടായിരുന്നെങ്കിലി-
ന്നാകാശത്തയി നിന്നൊടൊപ്പമുടനീ ഞാനും പറന്നെത്തുമേ.
ഗാനം നീയമൃതോപമം ഖഗപതേ ചെയ്തീടവേ ദിവ്യമാ-
മാനന്ദാനുഭവം മനസ്സിലുളവായീടുന്നു മന്ദേതരം
മാനത്തേക്കു മമത്വമോടിവനെയും പൊക്കിപ്പറക്കൂസുഖ-
സ്ഥാനം നീ തിരയുന്നതെങ്ങവിടെയിന്നെന്നേയുമെത്തിക്കണേ.
ശ്രീലാളിച്ച പുലർച്ചപോലെ മഹിതോന്മേഷസ്വഭാവംപെടാ-
നീ ലാക്കോടുലകിന്റെ പോക്കുകളറിഞ്ഞെന്തോ ഹസിക്കുന്നതോ
ലീലാലാലസനാം ദ്വിജോത്തമ നിനക്കിഷ്ടംപെടുംകാന്തയും
ചേലാളുന്നൊരു കൂടുമുണ്ടു കുശലം ഹാ നിൻ ഗൃഹസ്ഥാശ്രമം!
സ്വാതന്ത്ര്യത്തൊടു സർവ്വലോകപതിയെ സ്വാന്തം കുളുർപ്പിച്ചിടും
ഗീതത്താൽ സ്തുതിചെയ്തു വാനിൽ വിഹരിച്ചീടും വിഹംഗോത്തമ!
സ്ഫീതശ്രീ കലരുന്ന നിന്റെ ചരിതം ചിന്തിച്ചു ചേതസ്സിലി-
ങ്ങാതങ്കം മമ ജീവിതം കഴിയവേ വാഞ്ഛിച്ചിടാം വൻസുഖം.

ലോകഗതിയെപ്പറ്റി കവിത എഴുതുമ്പോൾ, വാസ്തവത്തിൽ ലോകത്തിൽ നടക്കുന്നതൊന്നും കാണുന്നില്ല.

പലരും പലതും കഥിക്കുമീ-
നില നാം കാണ്മതുതന്നെ നിത്യവും
മലപോലെയിളക്കമറ്റുതാ-
നുലകിൽ ജീവിതയാത്രചെയ്യണം.
മതിമോഹനമന്ദഹാസവും
ശ്രുതിപീയൂഷവചോവിലാസവും
അതിനിർമ്മലതയ്ക്കു ലക്ഷ്യമോ
ചതിതൻചാതുരിയോ വിവേകമോ!

അടർക്കളത്തിലെ രാജ്ഞി–ഇതു് ഒരു കൂട്ടു കവിതയാണു്–പൂർവഭാഗം കുമരപുരത്തു രവിവർമ്മ രാജാവും, ഉത്തരഭാഗം പള്ളത്തു രാമനുമാണു് രചിച്ചതു്. രണ്ടു ഭാഗത്തുനിന്നും ഏതാനും വരികൾ ഉദ്ധരിക്കാം.

ഘോരതപം ചെയ്യും മുനിവീരരുടെ ജന്മഭൂവാം
ഭാരതഭൂഖണ്ഡമുണ്ടു പാരം ജയിപ്പു
സ്വരാജ്യത്തെക്കൂടക്കൂടെ പോരാടുവാൻവിളിച്ചീടു-
മാരാജ്യത്തിലൊരുഭാഗമർഗ്ഗളമല്ലോ
ഭൂതലത്തിൻപുരുപുണ്യക്കാതലെന്ന കണക്കിങ്ങു
ഗൗതമനെന്നൊരു ഭൂപൻ ജയിച്ചിരുന്നു
പൂമങ്കയാളുടെ കേളീധാമമായ നൃപാലക-
സോമനുള്ള കാന്തയാണിക്കഥാനായിക
ആ മഹാറാണിയുടെ കോമളമാം മുഖം കണ്ടാൽ
സോമദേവൻ നിറംകെട്ടു നാണിച്ചൊളിക്കും
കളായപുഷ്പവും നല്ല കാളാംബുദങ്ങളെക്കാൾ
കളകാന്തി കലരുന്ന കലാപങ്ങളും
അളികളുമന്ധകാരപാളികളും പരിമള-
മിളിതമാം മുടിയോടു കിടനില്ക്കില്ല രവിവർമ്മരാജ
അംഗലക്ഷ്മിവിളയാടുംശൃംഗസ്തനിമണിമന്ദിരം
ഗംഗയുടെ തീരത്തേയ്ക്കു ഗമനംചെയ്തു
മന്ദവായുവടിക്കുമ്പോൾ സുന്ദരങ്ങളായ വീചീ-
വൃന്ദങ്ങളൊത്തിളകുന്ന മന്ദാകിനിയിൽ
ബാലസൂര്യകിരണത്താൽ ലോലപ്രഭമാകുമുഷാ-
കാലം പുഷ്കരാക്ഷി പുണ്യസ്നാനം തുടങ്ങി
മധുപാനം ചെയ്തുമണ്ടും മധുപന്മാരവളുടെ
വിധുരമ്യമായ മുഖവിലോകനത്താൽ
കുളിരിളം കാറ്റുതട്ടി ലളിതമായുല്ലസിക്കും
നളിനമെന്നോർത്തു ചുറ്റും നടനംചെയ്തു.

ഇങ്ങനെ ശബ്ദഭംഗിയിൽ മാത്രം മനസ്സുവച്ചുകൊണ്ടിരുന്ന പ്രസ്തുത കവി കുറേക്കഴിഞ്ഞപ്പോൾ തളിരിനോടും, തണ്ടാരിനോടും, ചക്രവാകത്തോടും ഒക്കെ കലഹിച്ചു പിരിഞ്ഞു; മാമൂലുകളുടെ നേർക്കു് അദ്ദേഹം പടവെട്ടാൻ ഒരുമ്പെട്ടു. പുരോഗമനോന്മുഖരായ ഇതര കവികളെപ്പോലെ അദ്ദേഹവും ചുറ്റുപാടും നടക്കുന്ന സംഗതികളെ കണ്ടുതുടങ്ങി. ചക്രവർത്തിമാരുടെ അപദാനങ്ങളെ ചിത്രണം ചെയ്തുവന്ന തൂലിക പുൽമാടത്തിന്റെ ചിത്രം വരയ്ക്കാൻ തയ്യാറായി.

കാമിനീ! നിൻകണ്ഠം കല്ലുമലിയിക്കും
കാട്ടിലെക്കോകിലപ്പാട്ടുപോലെ
ഓമനപ്പെങ്ങളെ സംഗീതസമ്പത്തിൻ
ധാമമേ പോരുമേ നിശ്വാസങ്ങൾ
കണ്ണീരണിഞ്ഞ നിൻ പ്രാർത്ഥനാഗാനങ്ങൾ
വിണ്ണോർക്കുമുൾക്കാമ്പു വെണ്ണയാക്കും
അന്തിപ്പൂന്തെന്നലിൽ കൂടിച്ചിലപ്പൊഴെ-
ന്നന്തികത്തെത്തുമാറുണ്ടാക്കണ്ഠം
ആയതിലാരെയുമെൻകർണ്ണം കേൾക്കാറു-
ണ്ടായതയാതനാമർമ്മരങ്ങൾ
പാടുക പാടുക, കൊത്തുന്ന ദുഷ്കാല-
പ്പാമ്പും ചുരുക്കും വിടർത്തി പത്തി.

അദ്ദേഹവും,

സമ്പത്തുള്ളോരല്ല, സാഹിത്യശാസ്ത്രാദി
വമ്പത്തമില്ല, വലിപ്പമില്ല
എന്നാലും സത്യം പുലരുന്ന സൽസ്നേഹ-
പ്പൊന്നുവിളയുന്നു പുൽമാടത്തിൽ.

എന്നു ഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. ഭാഷയുടെ നല്ലകാലം.

ഉദയരശ്മി, രാജസ്ഥാനപുഷ്പം, അമൃതപുളിനം, വനമാല, രാവണപുത്രൻ, അരിവാളും ചുറ്റികയും, ചിത്രാശോകൻ, നിരവധി ഗാനങ്ങൾ ഇവയാണു് പള്ളത്തുരാമന്റെ പ്രധാന കൃതികൾ.

സി. പി. പരമേശ്വരൻപിള്ള

ഇദ്ദേഹം ദീർഘകാലത്തെ സർക്കാർസേവനം കഴിഞ്ഞു് ഇപ്പോൾ തിരുവനന്തപുരത്തു് സ്വഗൃഹത്തിൽ സസുഖം ജീവിക്കുന്നു. ഒരു നല്ല ഭാഷാകവിയാണു്. ഗദ്യമായും പദ്യമായും പല കൃതികൾ രചിച്ചിട്ടുണ്ടു്. ഹേമ അദ്ദേഹത്തിന്റെ പദ്യകൃതികളിൽ ഒന്നാകുന്നു.

കെ. ആർ. കൃഷ്ണപിള്ള

1042 ധനുമാസം വിശാഖം നക്ഷത്രത്തിൽ കീരിക്കാട്ടു കുടുംബത്തിലെ അംഗമായി ജനിച്ചു. ബാല്യത്തിൽ തന്നെ എഴുത്തും വായനയും പഠിച്ചിട്ടു് സംസ്കൃതം അഭ്യസിക്കാൻ തുടങ്ങി. താഴവന ആശാനായിരുന്നു അദ്ദേഹത്തിന്റെ സംസ്കൃതഗുരു. പിന്നീടു് കായങ്കുളം ഇംഗ്ലീഷ് മിഡിൽസ്കൂളിൽ ചേർന്നു് അവിടത്തേ പഠിത്തം പൂർത്തിയാക്കിയിട്ടു്, മാവേലിക്കരയിൽ ചെന്നു് മെട്രിക്കുലേഷൻ പരീക്ഷയും, അതിനുശേഷം തിരുവനന്തപുരത്തു താമസിച്ചു് എഫ്. ഏ., ബി. ഏ. മുതലായ പരീക്ഷകളും ജയിച്ച ശേഷം 1070-ൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. ആദ്യമായി തിരുവനന്തപുരം കാളേജ് മുൻഷിയായിട്ടാണു നിയമിക്കപ്പെട്ടതു്. അനന്തരം അട്ടക്കുളങ്ങര മലയാളം ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി കുറേക്കാലം ജോലിനോക്കിയ ശേഷം രജിസ്ത്രേഷൻവകുപ്പിൽ പ്രവേശിച്ചു. അവിടത്തേ ആഫീസ് മാനേജരായിരിക്കുന്ന കാലത്തു് പല പ്രാവശ്യം നിയമപരീക്ഷയിൽ ചേർന്നു് ഒടുവിൽ ബി. എൽ. ബിരുദവും കരസ്ഥമാക്കി. അവിടെനിന്നു് അദ്ദേഹം ഹജൂർ ഹെഡ്ട്രാൻസ്ലേറ്റരായി നിയമിക്കപ്പെട്ടു. 53-ാം വയസ്സിൽ അസിസ്റ്റന്റ് സെക്രട്ടറിയായി കയറ്റം കിട്ടി. രണ്ടു വർഷംകഴിഞ്ഞു് പെൻഷൻ പറ്റുംമുമ്പു് പല പ്രാവശ്യം സിക്രട്ടറിയായി പകരം ജോലി നോക്കുകയും ഉണ്ടായിട്ടുണ്ടു്.

നല്ല ഗദ്യകാരന്മാരുടേയും വിമർശകന്മാരുടേയും മുൻപന്തിയിലായിരുന്നു അദ്ദേഹത്തിന്റെ നില. നേതാജിപാൽക്കർ, ഉപന്യാസമാല, പാശ്ചാത്യശാസ്ത്രവൃത്താന്തം, വിജ്ഞാനശകലങ്ങൾ, സൃഷ്ടിചരിതം, കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ആമുഖം, സാഹിത്യനിരൂപണം മുതലായ ഉത്തമകൃതികൾ ആ പണ്ഡിതകേസരി ഭാഷയ്ക്കു നൽകിയിട്ടുണ്ടു്.

പെൻഷൻ പറ്റിയതിനു ശേഷം അദ്ദേഹം കൃഷ്ണപുരത്തിനും കായങ്കുളത്തിനും മധ്യേ ശ്രീരംഗഭവനത്തിൽ വാതരോഗബാധിതനായി താമസിക്കവേ പലതവണ സന്ദർശിക്കാൻ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടു്. അദ്ദേഹം 1953 ജൂൺ 15-ാം തീയതി അന്ത്യവിശ്രമം തേടി.

പടിഞ്ഞാറേപ്പാട്ടു് മാധവൻ നമ്പ്യാർ

പൊന്നാനിത്താലൂക്കിലെ പടിഞ്ഞാറേപ്പാട്ടു കുടുംബക്കാർ കോഴിക്കോട്ടു സാമൂതിരിപ്പാട്ടിലെ സാമന്തന്മാരായിരുന്നു. ആ പ്രശസ്തകുടുംബത്തിൽ 1079 ഇടവമാസത്തിലെ ഭരണി നക്ഷത്രത്തിൽ മാധവൻനമ്പ്യാർ ജനിച്ചു. ഇന്റർമീഡിയറ്റുപരീക്ഷയ്ക്കു ഇരുന്ന നമ്പ്യാർ ചോദ്യങ്ങൾക്കു ഉത്തരം എഴുതുന്നതിനുപകരം ഒന്നു രണ്ടു മണിക്കൂർകൊണ്ടു് ഇരുപതുശ്ലോകങ്ങൾ നിർമ്മിച്ചു. അപ്പോഴാണു് സമയം തീരാറായ കഥ മനസ്സിലായതു്. അങ്ങനെ പരീക്ഷയിൽ തോറ്റ കഥയാണു് ‘പരീക്ഷാഫലം’ എന്ന പേരിൽ കവനകൗമുദിയിൽ പിന്നീടു് ചേർക്കപ്പെട്ടതു്. നമ്പ്യാർ അതിനുശേഷം പഠിത്തം തുടരുകയുണ്ടായില്ല.

പുനസ്സന്ദർശനം, ഗുലാലബീഗം, മുതലായി മറ്റു ചില ഖണ്ഡകവനങ്ങളും പ്രസ്തുത മാസികയിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ളവയാകുന്നു.

‘അയ്യപ്പനോടു്’ എന്നൊരു പച്ചമലയാളകൃതിയും അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. ഒരു ശ്ലോകം ഉദ്ധരിക്കാം.

കെട്ടിക്കൊടുപ്പതിനെഴുന്നൊരു പെൺകിടാങ്ങൾ
പട്ടിട്ടുമൂടി കരുനൊന്തു കിടപ്പതാകും
വീട്ടിന്റെ കാരണവരെന്നൊരുപട്ടമെന്നും
കെട്ടിക്കൊലാ കനിയണം ‘മലയാളി’യെന്നിൽ

ആർ. എം. പവമാൽ എന്ന തൂലികാനാമധേയത്തിൽ മാതൃഭൂമി, മിതവാദി മുതലായ പത്രങ്ങളിൽ തുടരെ ലേഖനങ്ങളും ചെറുകഥകളും എഴുതിയിട്ടുള്ളതിനു പുറമേ കുറേക്കാലം “കൊച്ചിൻപൈലറ്റ്” എന്ന വാരികയുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ടു്.

ഫാദർ ജോസഫ് നെടുഞ്ചിറ

കോട്ടയത്തിനു സമീപം ചെങ്ങളംകരെ നെടുഞ്ചിറ എന്ന കുടുംബത്തിൽ 1094 ഡിസംബർ 21-ാംതീയതി ജനിച്ചു. പ്രൈമറിസ്കൂളിലെ പഠിത്തം പൂർത്തിയാക്കിയിട്ടു് ഒളശ്ശ മിഡിൽസ്കൂളിൽ ചേർന്നു. തദനന്തരം കോട്ടയം എം. സി. ഹൈസ്കൂളിൽ വച്ചു് ഹൈസ്കൂൾ പഠനം നിർവഹിച്ചു. പിന്നീടു് ഉപരിപഠനം തുടരാതെ കോട്ടയം സേക്രഡ്ഹാർട്ടു് മൗണ്ടു് സെമിനാരിയിൽവച്ചു് വൈദികവിദ്യാഭ്യാസം നടത്തിയശേഷം 1931-ൽ വൈദികപട്ടം സ്വീകരിച്ചു.

പഠിക്കുന്ന കാലത്തുതന്നെ കവിത എഴുത്തിലും ഉപന്യാസരചനയിലും നടനവിദ്യയിലും താല്പര്യം പ്രദർശിപ്പിച്ചുപോന്നു. നടനകലയിലുള്ള താല്പര്യംനിമിത്തം വിദ്യാർത്ഥിജീവിതകാലത്തുതന്നെ രചിക്കപ്പെട്ട നാടകമാണു് സത്യാത്മജൻ.

1934-ൽ ബാധിര്യം ബാധിച്ചു. അതിനുശേഷമാണു് ഫാദറിന്റെ കൃതികളിൽ ഏറിയകൂറും നിർമിക്കപ്പെട്ടതു്.

കോട്ടയം സേക്രഡ്ഹാർട്ടു് മൗണ്ടിൽതന്നെ വൈദികജീവിതം നയിച്ചുപോന്നു. കുറേക്കാലം കോട്ടയം കാത്തൊലിക്ക്മിഷ്യൻപ്രസ്സിന്റെ ഭരണം നിർവ്വഹിക്കാനും ഇടയായിട്ടുണ്ടു്. ഇപ്പോൾ സ്വദേശത്തുള്ള ഇടവകപ്പള്ളിയിൽ വിശ്രമിച്ചുപോരുന്നു. എന്നാൽ സാഹിത്യപരിശ്രമത്തിൽനിന്നു വിരമിച്ചിട്ടില്ല.

പ്രധാന കൃതികൾ–സത്യാത്മജൻ, മേരീദാസൻ (നാടകം), നാഗമർദ്ദിനി (ഖണ്ഡകാവ്യം), സുകൃതീന്ദ്രൻ (നാടകം), രക്തകാന്തി (കാവ്യം), ധർമ്മപത്നി അഥവാ ദീനാമ്മ (നാടകം), ധർമ്മധീരൻ (നാടകം), കരുണാങ്കുര (ഖണ്ഡകാവ്യം), സുകൃതനിധി (പ്രാർത്ഥനാഗ്രന്ഥം), പുളകം (നാടകം), അഭഗ്നമുദ്ര അഥവാ അദ്ദിതനായ വൈദികൻ (നാടകം), കാനനസൂനം (ഖണ്ഡകാവ്യം), വിജയം (നാടകം), എസ്തർ (ഖണ്ഡകവനം) ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.

കൃതികളിൽ ഏറിയകൂറും ക്രൈസ്ത്യപുരാണപ്രതിപാദകങ്ങളാകുന്നു.

പുരോഗമനസാഹിത്യം

ജീവത്സാഹിത്യമെന്നപേരിൽ ആരംഭിച്ച ഈ പ്രസ്താനം ആ പേരു കൈവെടിഞ്ഞിട്ടു് ഇപ്പോൾ പുരോഗമനം എന്ന പേരു സ്വീകരിച്ചിരിക്കുന്നു. അതാതു കാലത്തുണ്ടായിട്ടുള്ള സല്ക്കവികളെല്ലാം അവരവരുടെ ശക്തികൾക്കും പരിതഃസ്ഥിതികൾക്കും അനുരൂപമായി സാഹിത്യത്തെ പുരോഗമിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, പുരോഗമനം എന്ന പദം ഒരു സാങ്കേതികാർത്ഥത്തിലാണു് ഉപയോഗിച്ചുവരുന്നതെന്നു് ആദ്യമായി പറഞ്ഞുകൊള്ളട്ടെ. പ്രസ്തുത പദം യോഗരൂഢിയാണു്. ജലത്തിൽ ഉത്ഭവിക്കുന്നതെല്ലാം ജലജമാകാത്തതുപോലെ, പുരോഗമിക്കുന്നതെല്ലാം പുരോഗമനമല്ല. “എനിക്കു ദ്വേഷ്യ വന്നു. ഞാൻ കുറെ പുരോഗമനം (തെറി കലർന്ന ശകാരം) തട്ടിവിട്ടു” എന്നൊക്കെ ഇക്കാലത്തു ചിലർ തട്ടിവിടാറുള്ളതു് ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥമായ ഉദ്ദേശത്തെ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടും പുരോഗമനസാഹിത്യകാരന്മാർ എന്നു സ്വയം അഭിമാനിക്കുന്നവരും അവരുടെ ഇടയ്ക്കു യാതൊരു സ്ഥാനവും ഇല്ലാത്തവരുമായ ചിലർ എഴുതിത്തള്ളുന്ന അസഭ്യങ്ങളെല്ലാം ആ വകുപ്പിൽപ്പെട്ടവയാണെന്നുള്ള മിഥ്യാധാരണ കൊണ്ടുമാണു്. പുതിയ പ്രസ്ഥാനങ്ങളും പ്രസ്ഥാനാഭാസങ്ങളും ഉത്ഭവിക്കുന്ന കാലത്തെല്ലാം ഈമാതിരി ഒരു ‘വിരുദ്ധ മനോഭാവം’ വായനക്കാരുടെ ഇടയിൽ അങ്കുരിക്കുക സാധാരണമാണു്. ഭാവഗീതങ്ങൾ പ്രചരിച്ചു തുടങ്ങിയപ്പോഴും ഭാഷാവൃത്തങ്ങൾ ലഘുകാവ്യങ്ങൾക്കായി ഉപയോഗിക്കാൻ ആരംഭിച്ചപ്പോഴും എന്തൊരു ഹാലിളക്കമാണു് കേരളത്തിലുണ്ടായതു്. ഭാഷാവൃത്തങ്ങളിൽ പദ്യം എഴുതാൻ എളുപ്പമുണ്ടെന്നുകണ്ടു് ചില–അല്ല–പല കവിവേഷധാരികൾ കണ്ടമാനം ക്ഷുദ്രകൃതികൾ എഴുതിത്തള്ളിയതു നിമിത്തം സാഹിത്യപഞ്ചാനൻ തുടങ്ങിയ പ്രസിദ്ധ സാഹിത്യകാരന്മാർക്കു്, അന്നത്തെ ഉത്തമ ഭാവഗീതങ്ങളെപ്പോലും അവധാനപൂർവം പരിശോധിക്കാൻ മനസ്സുണ്ടായില്ലെന്നുള്ളതാണു പരമാർത്ഥം. ഈമാതിരി വിപുലവും ശക്തവുമായ എതിർപ്പുകളുണ്ടായിട്ടും ഭാവഗീതങ്ങൾക്കോ, ഭാഷാവൃത്തങ്ങളുടെ പ്രചാരത്തിനോ–എന്തെങ്കിലും കോട്ടമുണ്ടായോ? ഇന്നു് സംസ്കൃതവൃത്തം ഉപയോഗിക്കുന്ന കവികളാണു് വിരളമായിരിക്കുന്നതു്. അതു ശോഭനമാണെന്നും പറയാവുന്നതല്ല. ചില സംസ്കൃതവൃത്തങ്ങൾ ഭാവാവിഷ്കരണത്തിനു ദ്രാവിഡവൃത്തങ്ങളെക്കാളും പറ്റിയവയാണെന്നാണു് എനിക്കു തോന്നുന്നതു്.

ഇനി ‘പുരോഗമനം’ എന്നതു് എന്താണു്? അങ്ങിനെ ഒരു പ്രസ്ഥാനം ആവിർഭവിക്കാനുള്ള ഹേതുവെന്തു്? ഇത്യാദി സംഗതികളെപ്പറ്റി ചിന്തിക്കാം.

Progressive Litereture എന്നൊരു പ്രസ്ഥാനം യൂറോപ്പിൽ ആരംഭിച്ചിട്ടു് വളരെക്കാലമായി. 1914-ൽ സമാരംഭിച്ച ലോകമഹായുദ്ധം രാഷ്ട്രീയമായും സാമുദായികമായും സാമ്പത്തികമായും ധാർമ്മികമായും സാംസ്കാരികമായുമുള്ള പലേ പ്രശ്നങ്ങളെ ലോകത്തിൽ അവതരിപ്പിച്ചു. നാം ഓരോ വസ്തുക്കൾക്കു കല്പിച്ചുപോന്ന വിലകൾ നിയതമല്ലെന്നും അവ പരിവർത്തനാധീനമാണെന്നുമുള്ള ബോധം പരക്കെ ഉണ്ടായി. ഏറ്റവും നിസ്സാരമായി ഗണിക്കപ്പെട്ടുപോന്ന പദാർത്ഥങ്ങൾ വിലയേറിയവയായും, അമൂല്യങ്ങളായി കരുതപ്പെട്ടവ ഒന്നിനും കൊള്ളരുതാത്തവയായും രൂപാന്തരപ്പെട്ടു പുരോഹിതന്റേയും കൂലിവേലക്കാരന്റേയും കാര്യം തന്നെ ആലോചിക്കുക. പ്രാചീനകാലം മുതല്ക്കേ പുരോഹിതനു് സമുദായം വലിയവില കല്പിച്ചു വന്നിരുന്നു. അതിനു മതിയായ കാരണവുമുണ്ടായിരുന്നു. ഈശ്വരന്റേയും സാധാരണ മനുഷ്യന്റേയും മദ്ധ്യവർത്തിയായിട്ടായിരുന്നു അയാളുടെ ഭദ്രമായ നില. ജനിക്കുന്ന അന്നു മുതല്ക്കു് മരണംവരേയ്ക്കും പുരോഹിതനെക്കൂടാതെ കഴികയില്ല. യുദ്ധമോ ക്ഷാമമോ നാട്ടിൽ ബാധിച്ചാൽ, തന്നിവാരണത്തിനു് അയാളാണു് ഈശ്വരനോടു് പ്രാർത്ഥിക്കുന്നതു്. അനാവൃഷ്ടിയുണ്ടായാൽ പുരോഹിതനെക്കൊണ്ടു് യജ്ഞം നടത്തിച്ചാൽ മതി–മഴ പെയ്തുകൊള്ളുമെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. ഇപ്പൊഴോ? പുരോഹിതന്മാരുടെ ദൈവത്തിൽ ആർക്കും വിശ്വാസമില്ല. അതുപോലെ തന്നെ കൂലിവേലക്കാരനെ ഒരു നിന്ദ്യവസ്തുവായിട്ടാണു് എല്ലാവരും ഗണിച്ചുപോന്നതു്. യുദ്ധം അവരുടെ പ്രാധാന്യത്തെ സവിശേഷം വെളിപ്പെടുത്തി. ഇങ്ങനെ നോക്കിയാൽ സംസ്കാരം എന്നതു തന്നെയും മൂല്യസമവായം ആണെന്നു തോന്നിപ്പോകും.

സാമുദായികമായ പരിവർത്തനങ്ങൾ സാഹിത്യത്തെ സ്പർശിക്കാതിരിക്കയില്ല. വാസ്തവത്തിൽ പരിവർത്തനേച്ഛപോലും സാഹിത്യംവഴിക്കാണു് ആദ്യമായി പ്രകാശിക്കുന്നതു്. യുദ്ധപരിതഃസ്ഥിതികൾ, സമുദായം അസമത്വത്തിലും അനീതിയിലുമാണു് സമധിഷ്ഠിതമായിരിക്കുന്നതെന്നു പരക്കേ ഒരു ബോധം ജനിപ്പിച്ചുവെങ്കിലും, മൂക ലക്ഷങ്ങൾക്കു് തങ്ങളുടെ അസംതൃപ്തിയെ പ്രകാശിപ്പിക്കാൻ തെല്ലുപോലും ശക്തിയുണ്ടായിരുന്നില്ല. അവർ സംഘടിച്ചു പ്രവർത്തിച്ചുതുടങ്ങി; പ്രവർത്തനമാണു് അവരുടെ രംഗം. സമുദായത്തിന്റെ ജീർണ്ണാവസ്ഥയെ ലോകത്തിനു ബോദ്ധ്യപ്പെടുത്തി. അതിനെ പരിവർത്തനോന്മുഖമാക്കിത്തീർക്കാനുള്ള പ്രേരണാശക്തികൾ നല്കുന്നതിനു് സാഹിത്യകാരന്മാർക്കേ കഴിവുള്ളു. അവർ അതിനായി മനഃപൂർവം ഉദ്യമിച്ചപ്പോൾ പുതിയ പുതിയ പ്രസ്ഥാനങ്ങൾ രംഗപ്രവേശം ചെയ്തു. നാം കേരളവർമ്മപ്രസ്ഥാനം, രാജരാജവർമ്മ പ്രസ്ഥാനം, വള്ളത്തോൾ പ്രസ്ഥാനം എന്നൊക്കെ പറയാറുണ്ടെങ്കിലും വാസ്തവത്തിൽ അവ പ്രസ്ഥാനങ്ങളേ അല്ല. പുതുമകാണുന്നിടത്തൊക്കെ പ്രസ്ഥാനഭേദം കാണുന്നതു് നമ്മുടെ ഇടയ്ക്കു് ഒരു പതിവായിത്തീർന്നിരിക്കുന്നു. സമൂലപരിവർത്തനമുള്ള ദിക്കിലേ പ്രസ്ഥാനഭേദം കല്പിക്കാൻ പാടുള്ളു. സാഹിത്യത്തിൽ, ക്ലാസികം, റോമാന്തികം, യാഥാതഥ്യാത്മകം എന്നു പ്രധാനമായി മൂന്നു പ്രസ്ഥാനങ്ങളേ മുമ്പു് ഉണ്ടായിരുന്നുള്ളു. Classic എന്നതിനു് ഉത്തമം എന്നർത്ഥം. ഗ്രീക്കു്, റോമൻ, സംസ്കൃതം, പെർഷ്യൻ മുതലായ പ്രാചീനഭാഷകളിലെ ഉത്തമ കാവ്യങ്ങളെ മാതൃകയായി കല്പിക്കുന്നതാണു് ക്ലാസിക പ്രസ്ഥാനത്തിന്റെ ലക്ഷണം. നമ്മുടെ മഹാകാവ്യങ്ങളും ഒട്ടു വളരെ ഖണ്ഡകൃതികളും ആ ഇനത്തിൽപ്പെട്ടവയാണു്. അതിനെ ‘പിൻനോക്കി’ പ്രസ്ഥാനം എന്നു ചിലർ വിളിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ. ഇവിടെ നാം ഒരു സംഗതി വിസ്മരിച്ചു കളയരുതു്. വാല്മീകിരാമായണം ഒരു ക്ലാസികകാവ്യമാണെങ്കിലും അതു പിൻനോക്കിയല്ല; ആ കാവ്യത്തെ അനുകരിച്ചു് അതിന്റെ മാതൃക പിടിച്ചു് ഇപ്പോഴും നാം കാവ്യങ്ങൾ രചിച്ചു തുടങ്ങിയാൽ, നാം പിൻനോക്കികളായി ഗണിക്കപ്പെടും.

എഴുത്തച്ഛനെ ‘തേവർ വാഴ്ത്തി’യെന്നും നമ്പ്യാരെ ‘തേവർ വീഴ്ത്തി’യെന്നും രണ്ടുപേരേയും ചേർത്തു് സാങ്കേതികപ്രസ്ഥാനക്കാരെന്നു് ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ വിളിക്കുന്നു. വിളിച്ചുകൊള്ളട്ടെ.

ക്ലാസികപ്രസ്ഥാനം–ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ഭാഷയിൽ സാങ്കേതിക പ്രസ്ഥാനം–മാമൂലുകൾക്കും സർവോപരി സമുദായത്തിനും പ്രാധാന്യം കല്പിക്കുന്നു. ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ കാല്പനിക പ്രസ്ഥാനത്തിന്റെ കാലം 1600 മുതല്ക്കു 1889 വരേയാണു്. 1600-നു മുമ്പു് ജീവിച്ചിരുന്ന കവികളോ? ചെറുശ്ശേരിയും നിരണം കവികളും ഒരുപക്ഷേ ഒരു വകുപ്പിലും പെടാത്തവരായിരിക്കുമോ? ചെറുശ്ശേരിയും ചില ചമ്പൂകാരന്മാരും എഴുത്തച്ഛനു മുമ്പു ജീവിച്ചിരുന്നവരായിരുന്നു എന്നുള്ളതു തീർച്ചയാണു്.

റോമാന്തികപ്രസ്ഥാനം അഥവാ കാല്പനിക പ്രസ്ഥാനത്തിൽ സമുദായത്തിന്റെ പ്രാധാന്യം വ്യക്തിയിലേയ്ക്കു പകർന്നിരിക്കുന്നതായി നാം കാണുന്നു. ഈ പ്രസ്ഥാനക്കാർ വ്യക്തിഗതമായ കഴിവുകളുടെ നിസ്സീമതയിൽ വിശ്വസിക്കുന്നു; എന്നാൽ അവർ സമുദായത്തിന്റെ ജീർണ്ണതയെ കാണാതെ, അതിന്റെ ശോഭനമായ വശം മാത്രമേ ചിത്രണം ചെയ്യുന്നുള്ളു. സമുദായവ്യവസ്ഥിതിയിൽ ഇപ്രകാരം അവർക്കുണ്ടായ സംതൃപ്തി അവരുടെ കൃതികൾക്കു് ഒരുമാതിരി പ്രസാദാത്മകത്വം നല്കിയിരിക്കുന്നു. പ്രപഞ്ചത്തിനെപ്പറ്റി അവർക്കുള്ള വീക്ഷണകോടി കർത്തൃനിഷ്ഠമായിരുന്നതിനാൽ, ആത്മാർത്ഥത എല്ലായ്പോഴും ഉണ്ടായിരുന്നുവെന്നു വരികയില്ല. ഈ പ്രസ്ഥാനം 1078-ൽ മാർത്താണ്ഡവർമ്മയുടെ പ്രസിദ്ധീകരണത്തോടുകൂടി ആരംഭിച്ചതായി ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള പറയുന്നു. വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പു്, നാലപ്പാടൻ, കുറ്റിപ്പുഴ, പള്ളത്തു രാമൻ, കെ. എം. പണിക്കർ എന്നീ കവികളും അപ്പൻതമ്പുരാൻ, അമ്പാടി നാരായണപ്പുതുവാൾ മുതലായ ആഖ്യായികാകാരന്മാരും കാല്പനിക സാഹിത്യത്തെ വികസിപ്പിച്ചവരാണു്. ഏ. ബാലകൃഷ്ണപിള്ള അവർകൾ വിചാരധാരയെ കാല്പനിക സാഹിത്യമായി ഗണിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ മഹാകവികളുടെ കൂട്ടത്തിൽ ഉള്ളൂരിനെ ഉൾപ്പെടുത്തുന്നില്ല. നേരേ മറിച്ചു് പുതിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകന്മാരെല്ലാം മഹാകവികളാണെന്നുള്ള ന്യായത്തിന്മേൽ, മലയാളത്തിൽ ഇതേവരെ പേരെടുത്തിട്ടില്ലാത്ത പലരേയും അദ്ദേഹം മഹാകവികളായി പറഞ്ഞിട്ടുമുണ്ടു്.

ഇന്നു പ്രചാരത്തിൽ ഇരിക്കുന്നതായ ഭാവഗീതങ്ങളിൽ ഒട്ടു വളരെ എണ്ണം ഈ ഇനത്തിൽപ്പെടുന്നവയാണു്. അവ പല സംഗതികളിൽ മുമ്പു നടപ്പിലിരുന്ന കാല്പനികകൃതികളിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രതിപാദനരീതിയിലാണു് വലുതായ വ്യത്യാസം കാണുന്നതു്. കഥയെ നടുക്കുവച്ചു തുടങ്ങുക, കവിതകൾക്കു് പുതിയ ഛന്ദോരൂപങ്ങൾ നൽകുക, അല്പാക്ഷരങ്ങളെക്കൊണ്ടു് അനല്പാർത്ഥങ്ങളെ പ്രകാശിപ്പിക്കുക, ശബ്ദചിത്രങ്ങളുടെ സ്ഥാനത്തു് അർത്ഥചിത്രങ്ങൾ രചിക്കുക, അപുഷ്ടാർത്ഥങ്ങളും അത്യന്തം അലസങ്ങളുമായ പദങ്ങൾ പ്രയോഗിക്കാതിരിക്കുക, സംസ്കൃതശബ്ദങ്ങൾ കഴിയുന്നത്ര വർജ്ജിച്ചിട്ടു് ഹൃദയത്തിലേയ്ക്കു പാഞ്ഞുകേറാൻ കരുത്തുള്ള നാടൻപദങ്ങളൊ പ്രതിരൂപങ്ങളൊ പ്രയോഗിക്കുക, സൗന്ദര്യാവബോധത്താൽ മധുരിമ പൂണ്ട ഭാവനാശക്തിയെ ഉത്തേജിപ്പിച്ചു് നവംനവങ്ങളും എന്നാൽ സ്വാഭാവികങ്ങളുമായ ആശയതല്ലജങ്ങളെ ഉല്ലേഖനം ചെയ്ക, പ്രകൃതിയുടെ അകൃത്രിമരാമണീയകത്തിൽ അനുവാചകഹൃദയങ്ങളെ മുഗ്ദ്ധമാക്കുക, ഭാവപരിപോഷണത്തിനു് അനുകൂലമായ അലങ്കാരങ്ങളെ മിതമായി പ്രയോഗിക്കുക, സ്തോഭതരളിതമായ ഹൃദയത്തെ വിചാരപഥത്തിലേയ്ക്കു കടത്തിവിടുന്നതിനു് ഉതകുന്ന മട്ടിൽ ഭാവങ്ങളെ നിവേശിപ്പിക്കുക—ഈ വിശിഷ്ടലക്ഷണങ്ങൾ എല്ലാം അവയിൽ കാണ്മാനുണ്ടു്.

യാഥാതഥ്യപ്രസ്ഥാനം ഇന്ദുലേഖയുടെ ആവിർഭാവത്തോടുകൂടി ഭാഷയിൽ അവതരിച്ചു എന്നു ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ പറയുന്നു. വാസ്തവത്തിൽ ആ കൃതി ഒരു കാല്പനികനോവലാണെന്നാണു് എനിക്കു തോന്നുന്നതു്. സമുദായത്തിന്റെ സ്ഥിതിഗതികളെ ഏറെക്കുറെ യാഥാർത്ഥ്യത്തോടുകൂടി അതിൽ ചിത്രണം ചെയ്തിട്ടുള്ളതു വാസ്തവംതന്നെ. എന്നാൽ സമുദായത്തിന്റെ പീഡനത്താൽ വ്യക്തി ഞെരുങ്ങി ശ്വാസം മുട്ടുന്ന അവസ്ഥയല്ല നാം അതിൽ കാണുന്നതു്. പ്രസാദാത്മകത്വം അതിൽ അടിമുതൽ മുടിവരെ വ്യാപിച്ചിരിക്കയും ചെയ്യുന്നു. ചന്തുമേനവന്റെ ജീവിതം വാസ്തവത്തിൽ ഒരു നീണ്ട വഞ്ചിരി ആയിരുന്നു. ആ ചിരിയുടെ മാറ്റൊലിയാണു് നാം ആ കാവ്യത്തിൽ കേൾക്കുന്നതു്.

സമുദായവ്യക്തിയോടു കാണിക്കുന്ന കടുംകൈകൾ അവരിൽ ജനിപ്പിച്ച അസംതൃപ്തിയാണു് ഇത്തരം കൃതികളുടെ ആവിർഭാവത്തിനുള്ള പ്രധാന ഹേതു. ബലവാന്മാർ സമുദായത്തിന്റെ പിന്നിൽ നില ഉറപ്പിച്ചുകൊണ്ടു്, സമുദായത്തിന്റെ പേരിൽ ബലഹീനന്മാരെ മർദ്ദിക്കുക, പലേമാതിരി അനീതികൾ പ്രവർത്തിക്കുക മുതലായവ കണ്ടു കണ്ടു സഹിപ്പാൻ കഴിയാതെ വരുന്ന ഹൃദയാലുക്കൾ എല്ലാവരും ഒരേ വിധത്തിൽ പ്രവർത്തിച്ചു എന്നു വരുന്നതല്ല. ചിലർ തങ്ങളുടെ ദുസ്സഹമായ വേദനയെ ഭാവമധുരങ്ങളായ ഗാനങ്ങൾ വഴിക്കു മറ്റുള്ളവരെ അറിയിച്ചു് അല്പം മനശ്ശാന്തി സമ്പാദിക്കുവാൻ നോക്കുന്നു. മറ്റു ചിലർ സമുദായവൈകല്യങ്ങളെ ഹാസ്യത്തിൽ പൊതിഞ്ഞു് നിർദ്ദയം ചൂണ്ടിക്കാണിച്ചിട്ടു് സമുദായഹൃദയത്തിനു് ക്ഷതം ഉണ്ടാക്കാൻ ശ്രമിക്കും; മൂന്നാമത്തെ കൂട്ടർ സാമുദായികമായ അനീതികളുമായി മല്ലിട്ടു മല്ലിട്ടു്, ക്ഷീണചിത്തരായി ആത്മഹത്യ ചെയ്കയോ, ഭ്രാന്തന്മാരായിത്തീരുകയോ ചെയ്യുന്നു. അവരെല്ലാവരും ജീവിതയാഥാർത്ഥ്യങ്ങളെ അവയുടെ നഗ്നരൂപത്തിൽ കാണുന്നവരും സമുദായത്തെ ഹൃദയപൂർവ്വം സ്നേഹിക്കുന്നവരും അതിനു ശോഭനമായ ഭാവിയെ കാംക്ഷിക്കുന്നവരുമായിരിക്കാം. ചിലരുടെ കർക്കശമായ സമുദായചിത്രണം കാണുമ്പോൾ, അവരെല്ലാം മനുഷ്യവിദ്വേഷികളാണെന്നു് വായനക്കാർക്കു് ഒരു തോന്നലുണ്ടായേക്കാം. വാസ്തവം അങ്ങനെയല്ല.

പീഡിതമനുഷ്യരാശിയോടുള്ള നിസ്സീമസ്നേഹം, സമുദായത്തിന്റെ ജീർണ്ണോദ്ധാരണത്തിലുള്ള തീവ്രമായ അഭിവാഞ്ഛ—ഇവയാൽ പ്രേരിതരായിട്ടാണു് അവർ പ്രായേണ പ്രവർത്തിച്ചിട്ടുള്ളതും പ്രവർത്തിച്ചുപോരുന്നതും. കാല്പനികപ്രസ്ഥാനക്കാർ തങ്ങളുടെ ദേശത്തിലും സമുദായത്തിലും അഭിമാനം കൊള്ളുമ്പോൾ, യഥാൎത്ഥ പ്രസ്ഥാനക്കാരുടെ പ്രേമപാത്രം മനുഷ്യരാശിയാണു്. കാല്പനികന്മാർ സമുദായത്തിന്റെ ശോഭനമായ വശം മാത്രം കാണുമ്പോൾ, യഥാർത്ഥ പ്രസ്ഥാനികർ അതിന്റെ ഇരുവശങ്ങളും ഒരുപോലെ കാണുന്നുണ്ടു്. പക്ഷേ അതിൽ മികച്ചുനില്ക്കുന്ന ക്രൗര്യവും അനീതിയുമാണു് അവരുടെ ശ്രദ്ധയ്ക്കു് കൂടുതൽ വിഷയീഭവിക്കുന്നതെന്നേയുള്ളു. അതിനാൽ അവരുടെ കൃതികളിൽ വിഷാദത്തിന്റെ മലിനച്ഛായ സർവ്വത്ര വ്യാപിച്ചിരിക്കുന്നതായി കാണാം.

പ്രതിപാദനരീതിയിലും വ്യത്യാസമുണ്ടു്. കാല്പനികന്മാർ ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുമ്പോലെ ഒരു ഒറ്റ പ്രവാഹത്തിൽ സാംഗോപാംഗഘടന നിർവഹിക്കുമ്പോൾ, പരാജയ പ്രസ്ഥാനികർ, സാകല്യാത്മകമായ ഒരു പശ്ചാത്തലത്തിൽ പ്രത്യേക ചിത്രങ്ങളെ സന്നിവേശിപ്പിച്ചു് അവയെ പരസ്പരം കൂട്ടിയിണക്കുന്നു. രസങ്ങളിൽ കരുണ ബീഭത്സ ഹാസ്യങ്ങൾക്കു മാത്രമേ അവർ പ്രാമുഖ്യം നൽകുന്നുമുള്ളു. ഈ സംഗതികൾ നോക്കിയാലും, ഇന്ദുലേഖ പ്രസ്തുത വകുപ്പിൽപ്പെട്ടതല്ലെന്നു വ്യക്തമാണു്. അതിലെ അംഗിയായ രസം ശൃംഗാരമാണു്. കഥയുടെ സ്വാഭാവികമായ പുരോഗതിയെ സഹായിക്കാത്ത ഒരു ഘടനയും അതിൽ ഇല്ല—ബാലകൃഷ്ണപിള്ള അവർകളുടെ അഭിപ്രായപ്രകാരം, പരാജയപ്രസ്ഥാനത്തിനു് ശാലീന കലുഷോർജ്ജ്വസ്വലരീതികളും നാളീകേരദ്രാക്ഷാപാകങ്ങളിൽ ഒന്നും സ്വീകരിക്കാം. അദ്ദേഹം ഈ പ്രസ്ഥാനത്തിനു പറഞ്ഞിട്ടുള്ള ലക്ഷണങ്ങളെ ചുവടെ ചേർക്കുന്നു:

  1. വ്യക്തിയുടെ പുരോഗമനപരമായ കഴിവുകൾക്കു സീമയില്ലെന്നുള്ള വിശ്വാസം. ഈ സംഗതിയിൽ ഈ പ്രസ്ഥാനം കാല്പനികാപ്രസ്ഥാനക്കാരോടു പൂർണ്ണമായി യോജിക്കുന്നു. ക്ലാസിക പ്രസ്ഥാനക്കാർക്കു് ഈ വിശ്വാസം തെല്ലുപോലും ഉണ്ടായിരിക്കുകയില്ല.
  2. പരാജയകവിക്കു് തന്റെ മനഃസ്ഥിതിയെ താൻ ഹൃദയപൂർവം സ്നേഹിക്കുന്ന സമുദായത്തിനു തുറന്നു കാണിച്ചുകൊടുപ്പാൻ കൗതുകമുണ്ടു്. ഈ വിഷയത്തിൽ അയാൾ പുരോഗമനസാഹിത്യകാരന്റെ സമകക്ഷ്യയിൽ നില്ക്കുന്നു. ഇതിനു് ഭാവാവിഷ്കരണ കൗതൂഹലം എന്നു നാമകരണം ചെയ്തുകൊള്ളട്ടേ. കാല്പനികന്മാർക്കു ജിജ്ഞാസയാണു് മുന്നിട്ടു് നില്ക്കുന്നതു്.
  3. പരാജയ കവികൾ ചിലപ്പോൾ തങ്ങളുടെ യഥാർത്ഥ സ്നേഹത്തിനു പാത്രമായ സമുദായത്തെ വേദനപ്പെടുത്തുന്നതിൽ സന്തോഷം പ്രകാശിപ്പിക്കുന്നു—ഈ വിഷയത്തിലും ഈ പ്രസ്ഥാനത്തിനു് പുരോഗമനപ്രസ്ഥാനത്തോടു സാദൃശ്യമുണ്ടു്. എന്നാൽ കാല്പനികന്മാർക്കു് സ്വയം വേദന ജനിപ്പിക്കുന്നതിലാണു് സന്തോഷം.
  4. കാല്പനികപ്രസ്ഥാനക്കാർ ഒരു ഒറ്റ പ്രവാഹത്തിൽ സാംഗോപാംഗഘടന നിർവഹിക്കുമ്പോൾ, പരാജയപ്രസ്ഥാനക്കാർ സാകല്യാത്മകമായ ഒരു പശ്ചാത്തലത്തിൽ പ്രത്യേക ചിത്രങ്ങൾ സന്നിവേശിപ്പിച്ചു് പരസ്പരം രഞ്ജിപ്പിക്കുന്നു.
  5. റോമാന്തിക കവികളുടെ അഹംബുദ്ധി പ്രകൃതിയുടെ യാഥാതഥ്യത്തിനു കീഴടങ്ങാതെ അത്യഹംബുദ്ധിക്കും—അതായതു് മനസ്സാക്ഷി, മതവിശ്വാസം മുതലായവയ്ക്കും ഉപബോധത്തിന്റെ അധസ്ഥലത്തിനും വഴങ്ങിക്കൊടുക്കവേ പരാജയപ്രസ്ഥാനികർ, പ്രകൃതിക്കു വശംവദരായിരിക്കുന്നു.
  6. റോമാന്തിക കവികൾ ദേശീയ മനഃസ്ഥിതി മികച്ചു നില്ക്കവേ പരാജയ കവികളിൽ പൊന്തിനില്ക്കുന്ന സാർവദേശീയ മനഃസ്ഥിതിയിൽ നിന്നു് അങ്കുരിക്കുന്ന മാനുഷ്യകസ്നേഹമാകുന്നു.
  7. കാല്പനികന്മാർ നവരസങ്ങൾക്കും തുല്യപ്രാധാന്യം കല്പിക്കുന്നു; എന്നാൽ പരാജയ കവികൾ കരുണ ബീഭത്സ ഹാസ്യങ്ങൾക്കു മാത്രമേ പ്രാമുഖ്യം നൽകുന്നുള്ളു.
  8. ശാലീന കലുഷോർജ്ജ്വസ്വല രീതികൾ, നാളീകേരദ്രാക്ഷാപാകങ്ങൾ
  9. വിഷാദാത്മകത്വം.
  10. സമുദായത്തിന്റെ ജീർണ്ണതയെപ്പറ്റിയുള്ള ബോധം. ഇതിനു് ഏ. ബാലകൃഷ്ണപിള്ള അവർകൾ തത്വഭ്രമം എന്നും പേർ നല്കിയിരിക്കുന്നു എന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടേ.

യഥാതഥാപ്രസ്ഥാനം 1889 മുതല്ക്കു് ഏതൽപര്യന്തം നിലനില്ക്കുന്നതായും, അതിനെ വികസിപ്പിച്ചവർ ചന്തുമേനോൻ, ബോധേശ്വരൻ, ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ, തകഴി ഇവരും മറ്റു യാഥാതഥ്യ കവികൾ, ദവത്ത്രാതൻ നമ്പൂരിപ്പാടു്, വൈക്കം മുഹമ്മദ് ബഷീർ, പൊറ്റക്കാടു്, പാലാ നാരായണൻ നായർ, മുണ്ടശ്ശേരി (ചെറുകഥകൾ വഴി), കെ. രാമകൃഷ്ണപിള്ള (നിഴലുകൾ, ബാഷ്പവർഷം ഇവ വഴി), പി. കേശവദേവ് (ഓടയിൽനിന്നു്), പൊൻകുന്നം വർക്കി, സരസ്വതിഅമ്മ, ടി. സുബ്രഹ്മണ്യൻ തിരുമുമ്പു്, പി. സി. കുട്ടിക്കൃഷ്ണൻ, എൻ. വി. കൃഷ്ണവാരിയർ, കാരൂർ നീലകണ്ഠപ്പിള്ള, പുളിമാന പരമേശ്വരൻപിള്ള, എം. പി. ഭട്ടതിരിപ്പാടു് ഇവരാണെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു.

വള്ളത്തോളിന്റെ ഒരു മാപ്പു്, വെണ്ണിക്കുളത്തിന്റെ ‘പശുവും പൈതലും’ പരാജയകവിതകളാണെന്നു സമ്മതിച്ച ഈ നിരൂപകവരേണ്യൻ അവരെ ഈ പട്ടികയിൽ ചേർക്കാഞ്ഞതെന്താണാവോ? ഒരുപക്ഷെ അദ്ദേഹത്തിനെ ഇവിടെ പ്രസ്താവിക്കപ്പെട്ട മറ്റുകവികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതു് അവർക്കു് ആക്ഷേപകരമായി തോന്നിയേക്കാമെന്നു വിചാരിച്ചായിരിക്കാൻ അവകാശമില്ലല്ലോ.

1936-ൽ ലൿനൗവിൽ വച്ചു കൂടിയ ഒന്നാമത്തെ അഖിലപുരോഗമന സാഹിത്യസമ്മേളത്തിന്റെ പ്രകടനപത്രികയിൽ, പ്രസ്തുത പ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങളെ ഇങ്ങനെ നിർവചിച്ചു കാണുന്നു.

“ക്ഷുൽബാധ, ദാരിദ്ര്യം, സാമുദായികപതിത്വം, രാഷ്ട്രീയ സ്വാതന്ത്ര്യശൂന്യത, നമ്മുടെ ആധുനികജീവിതത്തിലെ ഈ മൗലികപ്രശ്നങ്ങളെപ്പറ്റി ഭാരതഖണ്ഡത്തിലെ നവ്യസാഹിത്യം പ്രതിപാദിക്കേണ്ടതാണെന്നു് ഞങ്ങൾ വിചാരിക്കുന്നു.

സാമൂഹ്യവ്യവസ്ഥിതികളേയും ആചാരങ്ങളേയും യുക്തിയുടെ ദീപ്തിയിൽ പരിശോധിക്കുകയും, നമ്മെ പ്രവൃത്ത്യുൻമുഖരാക്കുന്ന, പരസ്പരം സംഘടിക്കുന്നതിനു പ്രേരിപ്പിക്കയും നമ്മിൽ പരിവർത്തനേച്ഛ അങ്കുരിപ്പിക്കയും ചെയ്യുന്ന ഒരു വിമർശനമനോഭാവം ജനിപ്പിക്കുന്ന സകലതും പുരോഗമനപരമാണെന്നു് ഞങ്ങൾ വിശ്വസിക്കുന്നു.”

ഈ ഉദ്ദേശ്യനിർവ്വചനത്തെ കേരളപുരോഗമനസാഹിത്യക്കമ്മിറ്റി അംഗീകരിക്കയും, ആ കമ്മിറ്റി വള്ളത്തോൾ, ശങ്കരക്കുറുപ്പു്, നാലപ്പാടു്, ആശാൻ, ബാലാമണിഅമ്മ, ചങ്ങമ്പുഴ, കുട്ടമത്തു്, പള്ളത്തു രാമൻ, ഉള്ളൂർ, വള്ളത്തോൾ ഗോപാലമേനോൻ എന്നീ പത്തു കവികളുടെ ഓരോ കൃതി ഉൾപ്പെടുത്തി ശാശ്വതരശ്മികൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രസാധകന്മാർക്കു വേണ്ടി, എം.എ̇സ്സ്. ദേവദാസ് പറയുന്നു: “ഇതിൽ ഓരോന്നും ഇക്കഴിഞ്ഞ ഒരു കാൽനൂറ്റാണ്ടിനുള്ളിൽ (അടുത്ത ഒരഞ്ചാറുകൊല്ലം മുമ്പുവരെ) മലയാളകവിതയ്ക്കുണ്ടായിട്ടുള്ള അന്യാദൃശമായ മുന്നേറ്റത്തിനു തെളിവാണു്. മലയാളഭാഷയുടേയും മലയാളി ജനതയുടേയും ഈ തേജശ്ശലകങ്ങൾ നമ്മുടെ കവിതയുടെ മാത്രമല്ല, നമ്മുടെ നാട്ടിന്റേയും ജനതയുടേയും ഭിത്തിയാൽ നില്ക്കാത്ത മുന്നേറ്റത്തെ കുറിക്കുന്നു; നമ്മുടെ ചിന്താഗതിയുടേയും സംസ്കാരത്തിന്റേയും സൃഷ്ടിപരമായ കഴിവുകളുടേയും ക്രമപ്രവൃദ്ധമായ അഭ്യുന്നതിയെ തെളിയിക്കുന്നു. അടിമത്തം, അഭിപ്രായസ്വാതന്ത്ര്യമില്ലായ്മ, ബഹുജനങ്ങളുടെ നിരക്ഷരകുക്ഷിത്വം, നാട്ടുകാർക്കെതിരായ ഒരു ഉദ്യോഗസ്ഥ മേൽക്കോയ്മ മേല്ക്കുമേൽ കെട്ടിവരിയുന്ന ചങ്ങലക്കെട്ടുകളുടെ ദുർഭരമായ ചിന്താമർദ്ദനം ഇതെല്ലാമുണ്ടായിട്ടു കൂടി നമ്മുടെ കവികൾക്കു് നമ്മുടെ നാട്ടിനെ ഇത്രമേൽ പരിപോഷിപ്പിക്കാമെങ്കിൽ, അവരെ പ്രസവിച്ച മേന്മയേറിയ നാട്ടിന്റെ സ്വാതന്ത്ര്യപ്രയാണത്തെ സംസ്കാരികജൈത്രയാത്ര ഏതു സാമ്രാജ്യത്വത്തിനാണു്, ഏതു ഷാപീസ്റ്റാക്രമണത്തിനാണു്, ഏതു ക്ഷാമബാധയ്ക്കാണു്, പട്ടിണിപ്പിശാചിനാണു് തടയാൻ കഴിയുക”

ഈ പ്രസ്താവന മുകളിൽ ഉദ്ധരിച്ചിരിക്കുന്ന പ്രകടനപത്രികയോടു പൂർണ്ണമായി യോജിക്കുന്നുണ്ടു്. എന്നാൽ ശ്രീ: ഏ. ബാലകൃഷ്ണപിള്ള അവർകൾ ഇതൊന്നുമല്ല പുരോഗമനമെന്നു പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പുരോഗാമികൾ മനുഷ്യരിൽ തൊഴിലാളി എന്നും മുതലാളി എന്നും രണ്ടു ജാതികളേ കാണുന്നുള്ളു. അവ തമ്മിൽ സമത്വം സ്ഥാപിക്കുക എന്നുള്ളതാണു് അവരുടെ ഉദ്ദേശം. അതിനായി അവർ മുതലാളികളുടെ സ്വർഗ്ഗീയസുഖവും തൊഴിലാളികളുടെ നാരകീയ യാതനകളും ഒന്നുപോലെ ഓരേ സമയത്തു വർണ്ണിക്കുന്നു. അതിനാൽ അവരുടെ കവിതയ്ക്കു് വിഷയവ്യാപ്തി കുറവായിരിക്കും; കരുണയായിരിക്കും ഏകരസം. വർഗ്ഗീയതയെ അവർ വെറുക്കുകയും തൽസ്ഥാനത്തു് വർഗ്ഗശൂന്യമായ ഒരു സമുദായത്തെ സൃഷ്ടിക്കാൻ ശ്രമിക്കയും ചെയ്യുന്നു. വിദേശിഭരണമാണു് പരമസങ്കടം എന്നു കാല്പനികന്മാർ വിശ്വസിക്കുമ്പോൾ, സമുദായൈക്യത്തിൽ ആണത്രേ പുരോഗാമികൾ വിശ്വസിക്കുന്നതു്.

ആധുനികഭാരതത്തെ അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളുണ്ടെങ്കിലും, ഇതിനു മാത്രം പ്രാധാന്യം നൽകിയിരിക്കുന്നതിന്റെ അർത്ഥമാണു് ദുരവഗാഹമായിരിക്കുന്നതു്. റഷ്യന്മാരോ ഫ്രഞ്ചുവാമപക്ഷക്കാരോ സ്വീകരിച്ചിരിക്കുന്ന സങ്കുചിതാർത്ഥത്തെ സ്വീകരിക്കേണ്ട ആവശ്യം നമുക്കെന്തു്? അടിമത്തം, അഭിപ്രായസ്വാതന്ത്ര്യമില്ലായ്മ, ബഹുജനങ്ങളുടെ നിരക്ഷരകുക്ഷിത്വം, ദാരിദ്ര്യം—ഇത്യാദി ജീവിതയാഥാർത്ഥ്യങ്ങളിൽ അസംതൃപ്തി ജനിക്കയാൽ അവയെപ്പറ്റി തീവ്രവികാരത്തോടുകൂടി പാടുന്നതു് മതംനോക്കിപ്രസ്ഥാനമാവുകയും അതേ സമയത്തുതന്നെ തൊഴിലാളിയുടെ ദയനീയാവസ്ഥയെ ചിത്രണം ചെയ്യുന്നവർ പുരോഗാമികളാവുകയും ചെയ്യുന്നതു് യുക്തിക്കു യോജിച്ചതാണോ? മതംനോക്കികൾക്കു സമുദായവ്യവസ്ഥിതിയിൽ സംതൃപ്തിയാണുള്ളതെന്നും അതുമൂലം അവരുടെ കവിതകൾ പ്രസാദാത്മകമായിരിക്കുന്നെന്നും പറഞ്ഞ ശ്വാസത്തിൽതന്നെ തീവ്രമായ അസംതൃപ്തിയിൽനിന്നു കുരുത്ത ദേശീയഗീതങ്ങളോ സൗഭ്രാത്രഗാനങ്ങളോ മതംനോക്കികളാണെന്നു പറഞ്ഞാൽ നിരക്കുമോ? അസംതൃപ്തിയിൽ നിന്നാണു് പുരോഗമനം ഉണ്ടാവുന്നതെന്നു പറയുന്നതിനോടു് ആരും യോജിക്കും. അതല്ല, തൊഴിലാളി മുതലാളിമാരുടെ അസമത്വത്തിലുള്ള അസംതൃപ്തി മാത്രമേ സമുദായത്തെ പുരോഗമിപ്പിക്കയുള്ളു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കാനാണു്. പുരോഗമനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നു് അതാണെന്നേ പുരോഗമനസാഹിത്യക്കമ്മിറ്റിക്കാർ സൂചിപ്പിക്കുന്നുള്ളു. അവരുടെ നിലയാണു് ശരിയെന്നു് എനിക്കു തോന്നുന്നു.

ഇതൊന്നുമല്ല വളരെ രസകരമായി തോന്നുന്നതു്. അദ്ദേഹം പറയുന്നു:

തന്റെ സഹോദരസംഘത്തിന്റെ രൂപവല്ക്കരണകാലമായ 1092-ൽ തന്നെ ശ്രീമാൻ കെ. അയ്യപ്പൻ മതംകൊല്ലി അഥവാ നാസ്തികപ്രസ്ഥാനം ഭാഷാപദ്യത്തിൽ സ്ഥാപിക്കയുണ്ടായി. അനന്തരം 1098-ൽ ദുരവസ്ഥയുടെ പ്രസിദ്ധീകരണം മുഖേന കുമാരനാശാൻ ഭാഷാപദ്യസാഹിത്യത്തിലെ ജാതികൊല്ലി പ്രസ്ഥാനത്തിന്റെ സ്ഥാപകനായി ഭവിച്ചു. ഈ രണ്ടു പ്രസ്ഥാനങ്ങളേയും റഷ്യയിൽ നിന്നു പുറപ്പെട്ട പുരോഗമനക്കാറ്റാണു് ഇവിടെ ജനിപ്പിച്ചതു്.

റഷ്യൻകാറ്റു വീശുന്നതിനു മുമ്പേ അങ്ങനെ ഒരു പ്രസ്ഥാനം ഉണ്ടെങ്കിൽ നാസ്തികപ്രസ്ഥാനം ഭാരതഖണ്ഡത്തിൽ ഉണ്ടായിരുന്നു. ശ്രീമാൻ അയ്യപ്പന്റെ നാസ്തികപ്രസ്ഥാനത്തിനും മറ്റു ചിലരുടെ മതംമാറ്റപ്രസ്ഥാനത്തിനും ഹേതു ജാതിഏർപ്പാടിന്റെ കാർക്കശ്യമാണു്. അതു് റഷ്യൻകാറ്റു വീശുന്നതിനു വളരെ മുമ്പുതന്നെ ഇവിടെ തുടങ്ങുകയും ചെയ്തു. റഷ്യൻകാറ്റു് 1092 കഴിഞ്ഞു് വളരെ കാലത്തിനു ശേഷമേ കേരളത്തിൽ വീശാൻ തുടങ്ങിയുള്ളുതാനും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് എന്നു് ഉപദേശിച്ചുകൊണ്ടിരുന്ന ശ്രീനാരായണഗുരുദേവന്റെ ശിഷ്യനു് ജാതികൊല്ലിപ്രസ്ഥാനം തുടങ്ങാൻ റഷ്യൻകാറ്റിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. ബംഗാളിൽ ദീർഘകാലം ജീവിച്ചിരുന്ന ആശാനു് സ്വാമി വിവേകാനന്ദന്റെ ജാതികൊല്ലിപ്രസ്ഥാനം സുപരിചിതമായിരുന്നിരിക്കാനും ഇടയുണ്ടു്. എല്ലാറ്റിനും പുറമേ ‘അയിത്ത’ജാതിയിൽ ഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തിക്കു് ആത്മാഭിമാനം ഉണ്ടാവാൻ ബാഹ്യപ്രേരണകളൊന്നും ആവശ്യമുണ്ടായിരുന്നു എന്നും തോന്നുന്നില്ല. അതുപോകട്ടേ; മതംകൊല്ലി പ്രസ്ഥാനവും ജാതികൊല്ലിപ്രസ്ഥാനവും പുരോഗമനസാഹിത്യത്തിലേയ്ക്കു വഴി തെളിക്കുമെങ്കിൽ, അടിമത്തംകൊല്ലിപ്രസ്ഥാനത്തിനു് അതു സാധ്യമല്ലെന്നു വരുമോ? തൊഴിലാളി വാസ്തവത്തിൽ മുതലാളിയുടെ ഒരുമാതിരി അടിമ എന്ന നിലയിലാണല്ലോ മുമ്പൊക്കെ ഗണിക്കപ്പെട്ടിരുന്നതു്. വാസ്തവം ഇതൊന്നുമല്ല. ഏ. ബാലകൃഷ്ണപിള്ള അവർകൾ കുറേക്കാലം ഫ്രഞ്ചുസാഹിത്യകാരന്മാരിൽ ചിലരുടെ പ്രേരണാവലയത്തിൽ ഇരുന്നിട്ടു് ഇപ്പോൾ കമ്മ്യൂണിസ്റ്റ് സാഹിത്യത്തിന്റെ പിടിയിൽ കുടുങ്ങിയിരിക്കുന്നു. കേരളത്തിനെ സംബന്ധിച്ചിടത്തോളം, ഈ ബാഹ്യപ്രേരണകളൊന്നുംകൂടാതെ കഴികയാണു ഭേദം; കേരളം കേരളമായിട്ടു് പുരോഗമിക്കട്ടേ; അതിനാണു് അതിന്റെ ശ്രമവും.

കുമാരനാശാന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും ശ്രീ: ഏ. ബാലകൃഷ്ണപിള്ളയുടെ പുരോഗമനകാവ്യങ്ങളായി ഗണിച്ചിരിക്കുന്നതിലും വിപ്രതിപത്തിക്കവകാശമുണ്ടു്. അവയിൽ കവി, തൊഴിലാളി–മുതലാളി സമത്വപ്രശ്നത്തെ സംബന്ധിച്ചു് ഒരക്ഷരംപോലും പറഞ്ഞിട്ടുള്ളതായി കാണുന്നില്ലല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശുദ്ധപുരോഗമനസാഹിത്യത്തിന്റെ സ്ഥാപകൻ കെടാമംഗലം ശ്രീ. പപ്പുക്കുട്ടിയാണു്. “സാഹിത്യപ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നവർ നിയമേന യഥാർത്ഥ മഹാകവികളായിരിക്കുമെന്നു് ഈ ലേഖകൻ 1120-ലെ മംഗളോദയം മാസികയിൽ സ്ഥാപിച്ചിരുന്നു. തന്നിമിത്തം ഭാഷാസാഹിത്യത്തിൽ ശുദ്ധപുരോഗമന സഹിത്യപ്രസ്ഥാനം സ്ഥാപിച്ച ശ്രീ. കെടാമംഗലം പപ്പുക്കുട്ടിയും ഒരു യഥാർത്ഥ മഹാകവിയാണെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. അടുത്ത ഭാവിയിൽ ഇതു് സർവ്വകേരളീയരും സമ്മതിക്കുന്നതുമാണു്.” എന്തിനു് അടുത്ത ഭാവിവരെ കാത്തിരിക്കുന്നതു്, എന്നാണു് എന്റെ ചോദ്യം. സ്ഥാപിതമായ കാര്യം വിശ്വസിക്കാൻ ഇത്ര വിഷമമോ? ഒരു കാര്യം മാത്രമേയുള്ളു ദുർഘടം. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ മുൻ വിവരിച്ച ഒടുവിലത്തെ മൂന്നു പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുള്ളവരെല്ലാം പ്രസ്ഥാന സ്ഥാപകരും അവരെല്ലാം മഹാകവികളുമാണു്—മഹാകവി അല്ലാതെ ഉള്ളൂരു മാത്രമേയുള്ളു. അദ്ദേഹത്തിനു് അതു് മാറാസ്ഥാനപ്പേരായിരിക്കുന്നുമുണ്ടു്. പുതിയ സാഹിത്യസാമ്രാജ്യത്തിൽ എല്ലാവരും മഹാകവികളായിരിക്കുമ്പോൾ, മഹാകവിപ്പട്ടത്തിനു വിശേഷിച്ചു് എന്തു വില?

അതു നില്ക്കട്ടേ. ഏ. ബാലകൃഷ്ണപിള്ള അവർകളുടെ അഭിപ്രായത്തിൽ ‘ശുദ്ധപുരോഗമനപ്രസ്ഥാനം’ സ്ഥാപിച്ച മഹാകവികൾ ശ്രീമാന്മാരായ കെടാമംഗലം പപ്പുക്കുട്ടി, പി. കേശവദേവ്, കെ. ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണു്. ചങ്ങമ്പുഴയുടെ ‘ആ കൊടുങ്കാറ്റും തീപ്പൊരിയും’ പുരോഗമന കൃതികളാണെന്നു് അന്യത്ര അദ്ദേഹം തന്നെ പ്രസ്ഥാവിച്ചിട്ടുണ്ടെങ്കിലും, ഈ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതിനു മതിയായ കാരണം കാണാതിരിക്കയില്ല—പക്ഷെ ആരു കൂട്ടിയാലെന്തു്? കൂട്ടിയില്ലെങ്കിലെന്തു്? ചങ്ങമ്പുഴയെ പുരോഗമന സാഹിത്യകാരനായി ഗണിക്കുന്നവർ ഇന്നു നിരവധിയാണു്.

ചങ്ങമ്പുഴയെ പരാജയ പ്രസ്ഥാനത്തിൽ മി: ഏ. ബാലകൃഷ്ണപിള്ള ഉൾപ്പെടുത്തിയിരുന്നല്ലോ. 1117-ൽ ‘ഉന്മാദത്തിന്റെ ഓടക്കുഴൽ’ എന്ന കൃതി വഴിക്കു് അദ്ദേഹം ഭാഷാ സാഹിത്യത്തിൽ സ്വപ്നപ്രസ്ഥാനം സ്ഥാപിച്ചു എന്നു കൂടി അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. സ്വപ്നപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമെന്നു് അറിയണമെന്നാഗ്രഹമുള്ളവർ കടത്തുവഞ്ചിയുടെ അവതാരിക വായിച്ചു നോക്കുക. പരാജയപ്രസ്ഥാനത്തിന്റെ ഒരു ശാഖയാണിതു്. അതിന്റെ ഒന്നും മൂന്നും ഒമ്പതും അക്കമിട്ടിരിക്കുന്ന ലക്ഷണങ്ങൾ സ്വപ്നപ്രസ്ഥാനത്തിനു യോജിക്കും. മറ്റുള്ളവ താഴെ പറയുന്നവയാണത്രേ.

  1. ഉപബോധമനസ്സിന്റെ സ്ഥിതി അന്യനു കാട്ടിക്കൊടുക്കുന്നതിൽ സന്തോഷം.
  2. സ്വപ്നത്തിലെന്നതുപോലെ സ്ഥലകാലവ്യത്യാസങ്ങളെ വിഗണിച്ചുകൊണ്ടുള്ളതും പ്രത്യക്ഷമായ പരസ്പരബന്ധങ്ങൾ ഒന്നും ഇല്ലാത്തതും പരോക്ഷമായ ഒഴുക്കു മാത്രം ഘടിപ്പിച്ചിട്ടുള്ളതുമായ പ്രത്യേക ചിത്രങ്ങൾ മാത്രം വരയ്ക്കണമെന്നുള്ള സിദ്ധാന്തം.
  3. ഉപബോധത്തിന്റെ അടിത്തട്ടിലൂടെ കടന്നു പോകുന്നതിനെ മാത്രമേ വർണ്ണിക്കാവു എന്ന സിദ്ധാന്തം.
  4. വിശ്വത്തെപ്പോലെ സ്ഥലകാലവ്യത്യാസമില്ലായ്മ.
  5. നവരസങ്ങൾക്കും തുല്യപ്രാധാന്യം.
  6. ബാലിശരീതിയും പ്രതിരൂപാത്മകഭാഷയും.
  7. തത്വഭ്രമമില്ലായ്മ.

മി: ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായങ്ങളോടു നാം പൂർണ്ണമായി യോജിക്കുന്നില്ലെന്നിരുന്നാലും, അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യത്തെ ആദരിക്കാത്തവർ ചുരുക്കമാണു്. അദ്ദേഹം രൂപമഞ്ജരിവഴിക്കും ആധുനിക ഗ്രന്ഥങ്ങളുടെ അവതാരികകൾ വഴിക്കും, കാമുകൻ, പ്രേതങ്ങൾ മുതലായ തർജ്ജമകൾ വഴിക്കും ഭാഷയ്ക്കു ചെയ്തിട്ടുള്ള ഗുണങ്ങൾ വിലമതിക്കത്തക്കവയല്ല. ഇംഗ്ലീഷിൽ ചിന്തിച്ചിട്ടു് ആ ചിന്തകളെ മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്യുന്ന രീതി വിട്ടുകളഞ്ഞിരുന്നുവെങ്കിൽ, അവ കുറേക്കൂടി മലയാളികൾക്കു് സുഗമമായിത്തീരുമായിരുന്നു എന്നേയുള്ളു. ആധുനിക സാഹിത്യ പ്രവണതകളേപ്പറ്റി അദ്ദേഹം ശാസ്ത്രീയമായി ചെയ്തിരിക്കുന്ന ചർച്ചകളെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.

ഇടപ്പള്ളിക്കവികൾ

‘ഒരേ ഞെട്ടിൽ വികസിക്കുവാൻ തുടങ്ങുന്ന രണ്ടു വാസനാസമ്പന്നങ്ങളായ കോമള കുസുമങ്ങളാ’ണു് ഇടപ്പള്ളി രാഘവൻ പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും എന്നു് ഉള്ളൂർ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാണു്. “രണ്ടുപേരുടെ പ്രതിഭയ്ക്കും അഭ്യാസത്തിനും ഉള്ള അസാമാന്യ സാദൃശ്യം എന്നെ ആശ്ചര്യപരതന്ത്രനാക്കി. പ്രായത്തിൽ കവിഞ്ഞ പരിപാകം അവരുടെ കൃതികളിൽ പ്രായേണ സുലഭമായിരുന്നു. ശബ്ദത്തിനുള്ള മാധുര്യവും അർത്ഥത്തിനുള്ള ചമല്ക്കാരവും അവയിൽ അക്ലിഷ്ടരീതിയിൽ പരിലസിച്ചിരുന്നു.” എന്നു് മഹാകവി അഭിപ്രായപ്പെട്ടിട്ടുള്ളതു ശരിയാണു്. അവർ തമ്മിലുള്ള വ്യത്യാസവും അതുപോലെതന്നെ നമ്മെ വിസ്മയാധീനമാക്കാതിരിക്കയില്ല. രാഘവൻ പിള്ളയുടെ ഹൃദയം തൊട്ടാവാടിപോലെ ക്ഷിപ്രസ്പർശിയായിരുന്നെങ്കിൽ, ചങ്ങമ്പുഴയുടെ ഹൃദയം അചഞ്ചലവും വിമർശകവാൿശരങ്ങൾക്കു് അപ്രധൃഷ്യവുമായിരിക്കുന്നു.

രാഘവൻപിള്ള ചിരിക്കാനായി ജനിച്ചു; കരയാൻ പഠിച്ചു; മരണത്തിൽ ജീവിക്കുന്നു. അദ്ദേഹത്തിനു പാണ്ഡിത്യമുണ്ടായിരുന്നില്ല; എന്നാൽ വാസനാ സമ്പന്നനായിരുന്നതിനാൽ പ്രപഞ്ചത്തിന്റെ ഏടുകളെ വായിക്കുന്നതിനു് പണ്ഡിതന്മാരേക്കാൾ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. “രൂക്ഷമായ ലോകനീതിയോടുള്ള പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടു് ഏതോ പോർവിളിയെ വിദ്യോതിപ്പിക്കുന്ന ഒരന്വേഷണഭാവത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ശിരസ്സു്; ലോകയാതനകളുടെ തീപ്പൊരി പാറുന്ന ജീവത്തായ നയനങ്ങൾ–പുഞ്ചിരികൾ പൊഴിഞ്ഞിരുന്നു്, തേങ്ങിക്കരയുവാൻ വയ്യാഞ്ഞിട്ടു് സ്നേഹസമ്പൂർണ്ണമായിരുന്ന ഹൃദയത്തിനു് ഇത്തരമൊരു കണ്ണാടിയുണ്ടായതാണത്ഭുതം.” ഇതാണു് അദ്ദേഹത്തിന്റെ ഒരു സുഹൃത്തായ തട്ടായത്തു് ശ്രീ. പരമേശ്വരപ്പണിക്കർ അദ്ദേഹത്തിനെ ചിത്രണം ചെയ്തിരിക്കുന്നതു്.

ഈ കവികോകിലം അല്പകാലമേ പാടിയുള്ളു; എന്നാൽ ആ മധുരഗാനങ്ങൾ ഇന്നും മലയാളികളുടെ കർണ്ണപുടങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. 1111-മിഥുനം ഇരുപത്തിഒന്നാം തീയതി ശനിയാഴ്ച രാത്രി അദ്ദേഹം ആത്മഹത്യ ചെയ്തു. ആ ദാരുണ സംഭവത്തിന്റെ ഹേതു എന്തെന്നു നിശ്ചയമില്ല. ലോകത്തിൽ ഇപ്പോൾ കാണുന്ന അനീതികളും അസമത്വങ്ങളും ക്രൂരതകളും സ്പർശിക്കാത്ത ഒരു സ്വർഗ്ഗീയ സാമ്രാജ്യത്തെ സ്വന്തഭാവനകൊണ്ടു നിർമ്മിച്ചു. സങ്കല്പ സുഖസമൃദ്ധമായ ആ സ്വർഗ്ഗസാമ്രാജ്യവും ഇന്നത്തെ മാനുഷ്യക ലോകവും തമ്മിലുള്ള അന്തരം അദ്ദേഹത്തിനെ നിരാശാഭരിതനാക്കിത്തീർത്തിരിക്കണം. അദ്ദേഹത്തിന്റെ സ്നേഹിതൻ പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം:

“ചരിത്രപുരുഷൻ ഭാവനയിൽ കണ്ടിരുന്ന ആ സ്വർഗ്ഗസാമ്രാജ്യം സമാഗതമാകുന്നതാണോ? സമ്പത്തിന്റേയും സമുദായത്തിന്റേയും കിങ്കരന്മാരായ അസമത്വങ്ങളും അസ്വാതന്ത്ര്യങ്ങളും വ്യക്തികളെ ശ്വാസം മുട്ടിക്കാതിരുന്നെങ്കിൽ, ധിഷണാവിലാസത്തിനു മുമ്പിൽ പാരമ്പര്യമഹിമ വിലങ്ങടിച്ചു നില്ക്കാതിരുന്നുവെങ്കിൽ, മനുഷ്യത്വത്തിനു മാനവസമുദായത്തിന്റെ ഉപരിതലത്തിലേയ്ക്കു് ഉയരുവാൻ കഴിവുണ്ടായിരുന്നുവെങ്കിൽ, രാഘവൻപിള്ള ഇന്നു മലയാളസാഹിതിക്കു നഷ്ടപ്പെടുകയില്ലായിരുന്നു.” അദ്ദേഹം പിന്നെയും പറയുന്നു.

ജീവിതഭാരങ്ങൾ പേറി തളർന്നു തകർന്നതല്ല ആ ആത്മാവു്. ലോകത്തിലെ അനീതികളോടു പൊരുതുവാൻ, വേണമെങ്കിൽ ഏകനായി നില്ക്കുവാൻ അദ്ദേഹത്തിനു ശക്യമായിരുന്നു. കരഞ്ഞുകൊണ്ടു പിരിയുവാൻ ആ കാമുകനെ പ്രേരിപ്പിക്കുന്നതിനു് പ്രണയവഞ്ചന ഹേതുകമായിരുന്നോ എന്നു് മണിനാദം വ്യക്തമാക്കുന്നില്ല.

അവളപങ്കില ദൂരെയാണെങ്കിലും
അരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്
നിഹതനാമെന്നെയോർത്താമുരളിയിൽ
നിറവതുണ്ടൊരു നിശ്ശബ്ദരോദനം

അപങ്കിലമായ പ്രേമസർവസ്വത്തെ ധീരോദാത്തനായ ഒരു നായകന്റെ പൗരുഷത്തോടുകൂടി എന്തുകൊണ്ടു് സ്വായത്തമാക്കിയില്ല? ഈദൃശമായ ചിന്താവീഥിയിലൂടെ ഞാൻ സഞ്ചരിക്കുമ്പോൾ, ഓർക്കുമ്പോൾ ഞെട്ടുന്ന ആ സംഭവത്തിനു കാരണം കാണുന്നതു് ഇങ്ങനെയാണു്. ആദർശങ്ങൾ അലതല്ലിക്കൊണ്ടിരുന്ന ആ രാഘവൻപിള്ളയുടെ മൃദുലഹൃദയത്തെ നിഷ്ഠൂരമായ ലോകയാഥാർത്ഥ്യങ്ങൾ ശോകാത്മകമായി രൂപാന്തരപ്പെടുത്തി തന്നിമിത്തമുണ്ടായ പരാജയ മനോഭാവത്തിന്റെ പശ്ചാത്തലത്തിൽ സ്വഭാവ വിരചിതവും കൃത്രിമവും ആയ ഒരു അന്തരീക്ഷത്തിൽ വിഹരിച്ചുകൊണ്ടിരിക്കെ, പെട്ടെന്നുണ്ടായ പ്രണയനൈരാശ്യത്താൽ ക്ഷീണചിത്തനായി നീറിപ്പൊരിഞ്ഞു് ഓമനിച്ചു വളർത്തിയിരുന്ന ആദർശങ്ങളുടെ യജ്ഞവേദിയിൽ അദ്ദേഹം ആത്മാവിനെ സമർപ്പിച്ചു.”

രാഘവൻപിള്ളയുടെ അന്ത്യസന്ദേശം ഈ അഭ്യൂഹത്തെ നല്ലപോലെ വ്യക്തമാക്കുന്നുണ്ടു്.

“എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നവ സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷെ ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരേയും മർദ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണു് തീരുന്നതു്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണു്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലടിക്കുന്നവയാണു്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണു്.”

“പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലുമുണ്ടായിരിക്കുക ഈ മൂന്നിലുമാണു് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നതു്. ഇവയിലെല്ലാം എനിക്കു നിരാശയാണു് അനുഭവം. എനിക്കു് ഏകരക്ഷാമാർഗ്ഗം മരണമാണു്—അതിനെ ഞാൻ സസന്തോഷം വരിക്കുന്നു.”

പ്രണയവഞ്ചന ഉണ്ടാകാതെ ഇരുന്നെങ്കിൽ ഈ നിരാശകൾക്കിടയിലും അദ്ദേഹം ജീവിക്കുമായിരുന്നു എന്നു് ഈ വാക്കുകളിൽ നിന്നു വ്യക്തമാകുന്നുണ്ടു്. ആ വഞ്ചനയാണു് അദ്ദേഹത്തിന്റെ ഒടുവിലത്തെ ജീവിതേച്ഛാതന്തു അറുത്തുകളഞ്ഞതെന്നു സ്പഷ്ടം. അതുകൊണ്ടുതന്നെയാണു് രമണൻവഴിക്കു്, അദ്ദേഹത്തിന്റെ പ്രിയസുഹൃത്തായ ചങ്ങമ്പുഴ പ്രസ്തുത യുവതിയെ ഇങ്ങനെ ഭത്സിച്ചിരിക്കുന്നതു്.

ചന്ദ്രികേ കഷ്ടമക്കിനാവിനെ-
യെന്തിനേവം ചതിച്ചു നീ?
സുന്ദരമായൊരാ മുരളിക-
യെന്തിനേവം തകർത്തു നീ?
കഷ്ടമിന്നു നിൻലക്ഷ്യമെന്തൊരു
ശുഷ്കമാകുമാസ്വാദനം
നെഞ്ഞിടിപ്പിൽ തളർന്നു തോരാത്ത
കണ്ണുനീരിൽ കുളിച്ചിതാ
നിൽക്കയാണു നിൻപിന്നിലായിതാ
നിഷ്കളങ്കനിരാശതാ!
കാഴ്ചവച്ചു സമസ്തവും നിന്റെ കാൽത്തളിരിലജ്ജീവിതം
ലോകഭാവനയോമനിക്കുമൊരാകുലാർദ്രസംഗീതകം
മന്നൊരിക്കലും വിസ്മരിക്കാത്ത മഞ്ജുനീഹാരഹാരകം
നീയതയ്യോ ചവിട്ടിനീക്കയോ നീരസം നടിച്ചീവിധം
കാമത്തിൻസർപ്പക്കാവിൽ നിൻകണ്ണുകാണാതിന്നലയുന്നു നീ
ഗൽഗദം ചൊരിയുന്നു, നിൻപിന്നിൽ ചുട്ടുനീറുമൊരാദർശം
എത്ര ലോകം തപസ്സുചെയ്താലും കിട്ടിടാത്തൊരാ നൈർമ്മല്യം
എന്നൊടുവിൽ ഞെരിക്കുകയെന്നോ നൊന്തുകേഴുമതിനെ നീ.

ഈ പ്രണയവഞ്ചനയ്ക്കു താങ്ങായിത്തീർന്ന–അഥവാ പ്രേരകമായിത്തീർന്ന ലോകത്തേയും പഴിക്കുന്നു.

നാണയത്തുകനോക്കി മാത്രമാ വേണുഗോപാലബാലനെ
തൽപ്രണയവൃന്ദാവനത്തിൽനിന്നാട്ടിയോടിച്ച ലോകമേ
നിഷ്കൃപത്വം പതിയിരിക്കുന്ന ശുഷ്കവിത്തപ്രതാപമേ!
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ നിന്നുടലപ്പരാപരൻ
മണ്ണുതാനതും നിർണ്ണയം വെറും മണ്ണിൽത്താനതടിഞ്ഞുപോം
നിന്റെ ധർമ്മവും നീതി ബോധവും കണ്ടറിയുവോനാണു ഞാൻ
ഭാഗ്യവാതമടിച്ചുപൊങ്ങിയ നേർത്തുജീർണ്ണിച്ച പഞ്ഞിയും
തെല്ലുയരുമ്പോൾ ഭാവിക്കാമൊരു ഫുല്ലതാരകമാതിരി
വന്നടിഞ്ഞിടും പിന്നെയുംകാറ്റു നിന്നിടുമ്പോളതൂഴിയിൽ
ഉച്ചത്തിലല്പമെത്തിയാൽ പിന്നെത്തുച്ഛതയായി ചുറ്റിലും
നീയും കൊള്ളാം നിൻനീതിയുംകൊള്ളാം നീചവിത്തപ്രതാപമേ.

രാഘവൻപിള്ളയുടെ എൺപതു കൃതികളെ സമാഹരിച്ചു് തൽസുഹൃത്തായ ചങ്ങമ്പുഴ പ്രസിദ്ധീകരിച്ചിട്ടുള്ളതിലേയ്ക്കു വായനക്കാരുടെ ശ്രദ്ധയെ ആകർഷിച്ചുകൊള്ളുന്നു.

എന്റെ ജീവിതം എന്ന ആദ്യത്തെ കവനത്തിൽ തന്നെ കവിയുടെ വിഷാദാത്മകത്വം പൂർണ്ണമായി പ്രകാശിക്കുന്നുണ്ടു്.

കനലെതിർച്ചുടു വെയിലേറ്റു നില്ക്കും
പനീരലർസമം മദീയജീവിതം
പ്രദോഷവേളതൻ പ്രഭ നശിക്കുമ്പോൾ
പിടഞ്ഞുവീണതു കൊഴിഞ്ഞുമണ്ണാകും
അനർഘമാകുമീയലരിനേശിയോ-
രനിത്യതകണ്ടിട്ടതിൻദലങ്ങളിൽ
വിഷാദവായ്പിനാൽ നിരാംഗനാനദി
തുഷാരമാം കണ്ണീർ പൊഴിച്ചിടുമെന്നാൽ
ധരാതലംതന്നിലൊരുവനുമെന്റെ
വിരഹത്താൽ ബാഷ്പം പൊഴിക്കുകയില്ല.

കവിയുടെ ജീവിതാശയ്ക്കുള്ളിലെ നൈരാശ്യം, ജീവിതത്തിന്റെ ക്ഷണികതാബോധം, പ്രകൃതിയുടെ അനുകമ്പാർദ്രഭാവം, മനുഷ്യപ്രകൃതിയുടെ നൈഷ്ഠൂര്യം—ഇവയെല്ലാം ഈ പദ്യത്തിൽ പരിസ്ഫുരിക്കുന്നു.

കവിയുടെ ഭാവിയിലേയ്ക്കുള്ള നോട്ടം—സങ്കല്പസുഷമാപൂർണ്ണമായ എല്ലായിടത്തും സമത്വവും സാഹോദര്യവും സുഭിക്ഷതയും കളിയാടുന്ന ഭാവിയിലേയ്ക്കുള്ള ഒരു ഉളിഞ്ഞുനോട്ടമാണു് ‘പോവല്ലേ പോവല്ലേ പൊന്നോണമേ’ എന്ന കൃതി.

ആനന്ദമാനന്ദം കൂട്ടുകാരേ!
ഹാ നമ്മൾക്കോണമിങ്ങെത്തി ചാരേ!
വിണ്ണോളം മന്നിനെ പൊക്കും നാളെ
പൊന്നോണം നാളേ ജയിക്ക നീളേ
വർഷംകഴിഞ്ഞു കൊയിത്തുതീർന്നൂ കർഷകരെല്ലാം ഹർഷമാർന്നൂ
സസ്യലതാദികൾ സൽഫലത്താ–ലുത്സവം കണ്ണിന്നരുളിയാർക്കും
കാർമുകിൽമാലമറഞ്ഞുവാനം ശ്യാമളകോമളമാകമാനം
ഓരോരോ രാവും കുളുർമയേന്തുമോണനിലാവിതാവോളം നൽകും
അത്തമടുത്തുപോയ് ബാലകന്മരത്തലെന്നുള്ളതറിയാതായി
മെത്തിനകൗതുകാൽ കൂട്ടരുമായെത്തുന്നു പൂങ്കാവിൽ പൂവറുക്കാൻ
ഓമനക്കുഞ്ഞുങ്ങളൊത്തുകൂടി ഓണപ്പാട്ടോരോന്നു പാടിപ്പാടി
തൂമലർ തേടി നടക്കുന്നേരം കോൾമയിർഭൂവിന്നും കൊള്ളുംപാരം
ചിറ്റാടചേമന്തി ചെങ്കുറിഞ്ഞി, ചെത്തിനൽചെട്ടിച്ചി ചെമ്പരുത്തി
മന്ദാരം മാലതി മുക്കുറ്റിയും ബന്ധുരമായ പവിഴമല്ലി
തുമ്പതുടങ്ങിയ പൂക്കളിലക്കുമ്പിളിലാവോളം ശേഖരിച്ചു
കറ്റക്കിടാങ്ങൾ കുളിച്ചുവന്നു മുറ്റത്തു പൂവിട്ടു വെള്ളം ചുറ്റി
നീളത്തിൽ കൂകുമ്പോളാർക്കു കണ്ഠനാളം തനിയെത്തുറക്കുകില്ല
ഓണപ്പുടവയുടുത്തണിഞ്ഞിട്ടൂണുകഴിച്ചതി തുഷ്ടരായി
ഇട്ടോടിതട്ടാൻ കളിക്കോപ്പുകളിട്ടോടിപ്പോകുന്നു ബാലകന്മാർ
കൊച്ചനുജത്തിമാർ തുമ്പിതുള്ളാൻ പിച്ചകത്തോപ്പിലൊരുമിക്കുന്നു
അമ്മമാർ പണ്ടത്തെപ്പാട്ടുപാടി കുമ്മിയടിച്ചു കളിച്ചിടുന്നു
ഉത്സാഹമാരുതമീവിധത്തിലുത്സവപ്പൊൻകൊടി പാറിക്കുമ്പോൾ
‘മാവേലി’ തന്നുടെ നാടുകാണ്മാൻ താവുംമുദമോടെഴുന്നെള്ളുന്നു
ദാനവവീരനുദാനശീലനാനന്ദനൃത്തങ്ങളാടിടുന്നു
പോവല്ലേ പോവല്ലേ പൊന്നോണമേ പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു

ഇടപ്പള്ളിയുടെ കവിതയ്ക്കുള്ള പ്രധാന ഗുണം അതിൽ വ്യാപിച്ചിരിക്കുന്ന പ്രതിരൂപാത്മകത്വമാണു്. ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കവി തന്റെ വികാരത്തെ ധ്വനിപ്പിക്കുന്നതിനു തെരഞ്ഞെടുക്കുന്ന കായികസത്താവത്തായ സാധനങ്ങൾക്കും ഭൂതാർത്ഥങ്ങൾക്കും രംഗങ്ങൾക്കും കായികസത്താശൂന്യമായ ഗുണങ്ങൾക്കും സംഭാവ്യതകൾക്കും കൂടിയുള്ള പൊതുപ്പേരാണു് സിംബോളിസം അല്ലെങ്കിൽ പ്രതിരൂപം. ഭൗതികസത്തയുള്ള ഇന്ദ്രിയഗോചരവസ്തുക്കളാണു് കായികസത്താവത്തായ പദാർത്ഥങ്ങൾ. അത്തരം ഉണ്മ കാണാത്തവ സത്താശൂന്യങ്ങൾ. ഇടപ്പള്ളിയുടെ പ്രതിരൂപങ്ങളെല്ലാം സുഗമങ്ങളാണു്. ബാലകൃഷ്ണപിള്ള അവർകൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നു രണ്ടു് ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കാം:

പകലിൻ പകുതിയിൽ പാതിരാവിനെക്കണ്ടു
പതറിപ്പകച്ചു ഞാൻ നോക്കുന്നു നിരുന്മേഷം
അസ്വാസ്ഥ്യമലതല്ലുമന്തരംഗത്തിൽ തപ്ത-
നിശ്വാസം പാളിക്കുന്നെൻപട്ടടച്ചെന്തീയയ്യോ
ഇരുളാണിരുളാണെങ്ങുമെങ്ങനെ തുടങ്ങും ഞാ-
നിനിയും തീർക്കേണ്ടൊരെൻതീർത്ഥയാത്രതൻശേഷം
മാർഗ്ഗദർശനം ചെയ്വാനേന്തിയ മണിദീപം
മാറ്റിനിർത്തിയതേതെൻ സ്വാർത്ഥാന്ധകാരത്തെ നൽ-
ക്കാറ്റുവന്നൂതിക്കെടുത്തീടാതെ വസ്ത്രാഞ്ചലാൽ
കാത്തു ഞാൻ സൂക്ഷിക്കയാൽ കെട്ടിതദ്ദീപാങ്കുരം. ഞാനിതാ വിരമിപ്പു

ഈ പദ്യഖണ്ഡത്തെ ബാലകൃഷ്ണപിള്ള അവർകൾ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു. “ഇതിലെ സിംബളിനു കേരളത്തിലെ സമുദായജീവിതത്തിൽ നിന്നു സാഹിത്യജീവിതത്തിലേയ്ക്കും ലോകജീവിതത്തിലേയ്ക്കും വ്യാപിക്കുന്ന ഒരു ധ്വനിയുണ്ടു്. പകൽ കേരളത്തിലെ സമുദായജീവിതം, ഇവിടത്തെ പ്രസാദാത്മകരായ റോമൻറിക്‍ സാഹിത്യലോകം, ലോകത്തിലെ സമുദായജീവിതം എന്നീ മൂന്നിന്റേയും സിംബളും; പാതിരാവു് കേരളത്തിലെ സമുദായ ജീവിതത്തിന്റെ ജീർണ്ണിപ്പു്, ഇവിടത്തെ റോമന്റിൿ സാഹിത്യകാരന്മാരുടെ ഹൃദയമില്ലായ്മ, ലോകത്തിലെ സമുദായ ജീവിതത്തിന്റെ ജീർണ്ണിപ്പു് എന്നീ മൂന്നിന്റേയും സിംബളും, മണിദീപം കേരളീയ സമുദായപരമായി പ്രേമം, കേരളസാഹിത്യപരമായി ശുദ്ധകവിത, ലോകപരമായി ആദർശങ്ങൾ എന്നീ മൂന്നിന്റേയും സിംബളും, കാറ്റു് കേരളസമുദായ ജീവിതത്തിന്റെ സ്വാർത്ഥത, ഇവിടത്തെ പുരോഗമന സാഹിത്യത്തിന്റെ പ്രത്യക്ഷമായ പ്രചാരകോദ്ദേശ്യം, ലോകത്തിലെ രാഷ്ട്രീയമായ വിപ്ലവങ്ങൾ എന്നീ മൂന്നിന്റേയും സിംബളുമാകുന്നു.”

ഉണരുക എന്ന കവിതയിൽ കവി തന്റെ ചിത്തവിഭാതമാകുന്ന “ആരോമൽ പൈതങ്ങളെ” ഉണർത്താൻ ശ്രമിച്ചിട്ടു തന്നെത്താൻ ചോദിക്കുന്നു:

പ്രകൃതിതന്നകൃതവിലാസം കാണ്മാൻ
പ്രാപ്തനായ്ത്തീർന്നോരീ മർത്ത്യനെന്തേ?
അദൃശ്യമായീടും മറ്റൊരമരലോക-
മാരാഞ്ഞു ജീവിതം പാഴാക്കുന്നു.

ഇതു് ഒരു റോമാന്തിക കവിതപോലിരിക്കുന്നെങ്കിലും, കവിക്കു ചുറ്റുപാടും കാണുന്ന അസമത്വത്തിലുള്ള അസംതൃപ്തി അതിലും സ്ഫുരിക്കുന്നുണ്ടു്.

മരതകവിരിപ്പിട്ട മലമുകളിൽ
മാർത്താണ്ഡബിംബമുദിച്ചുയർന്നു
പുരന്ദരദിശിക്കാർന്ന പുളകപൂരാൽ
പൂങ്കവിളേറ്റം തുടുത്തുപോയി
ഇളവെയിലിളകുമീയിളാതലത്തി-
ന്നീദൃശസൗന്ദര്യമെത്ര രമ്യം.
പുതുമണമിളകുന്ന പൂക്കളേന്തിപ്പൂവല്ലിജാലംനിരന്നുനിൽപൂ
മുദിതരായ് മധുവുണ്ണുമളിനിരകൾ മൂളിപ്പാട്ടോരോന്നു പാടിടുന്നു
തളിർവല്ലി തലയാട്ടിരസിച്ചിടുമ്പോൾ താളംപിടിക്കുന്നിളംതെന്നലും
കളകളമൊഴികളാൽകിളിനിരകൾ കാല്യക്കടലിന്നലകൾചേർപ്പൂ
മഴവില്ലിന്നൊളിചിന്നുംശലഭജാലം മാമരത്തോപ്പിൽ പറന്നീടുന്നു
അധികനാളവനിയിലധിവസിപ്പാനാകയില്ലെന്നുള്ളതത്വബോധാൽ
അതുകൾക്ഷണികമാംജീവിതത്തെയാനന്ദച്ചാറിൽകുളിപ്പിക്കുന്നു
തൃണതതിയണിയുന്ന ഹിമമണികൾ മാണിക്യഖണ്ഡമായ്മാറിടുന്നു
ദിനമണിചൊരിയുന്നകരങ്ങൾക്കൊട്ടും ദീനനും വമ്പനും ഭേദമില്ല
ശിശുക്കളുമതുവിധം സമത്വബോധം ശീലിച്ചുജീവിതംപോക്കിടേണം

‘കഴിഞ്ഞ കാലം എത്ര ശോഭനമായിരുന്നു’ എന്നു വിചാരിച്ചു യാഥാസ്ഥിതികന്മാർ കേഴുമ്പോൾ, യുവജനങ്ങൾ നവലോകത്തിന്റെ ഉദയത്തിനെ ‘ധന്യ‘വാദം ചെയ്യുന്നു. ഇതു് സാധാരണമാണു്. ഈ രണ്ടു സാഹിത്യദർശങ്ങൾ തമ്മിൽ കൂട്ടിമുട്ടി ചില ഒച്ചപ്പാടുകൾ ഉണ്ടായേയ്ക്കാമെന്നു വരികിലും അതു ക്ഷണികമാണു്. ലോകം അതിന്റെ പുരോഗമന പ്രവണത ഉപേക്ഷിക്കുമോ? പുതിയ യുഗത്തിൽ കർഷകനും ഇടയനും വേലക്കാരനും ദരിദ്രനും തെല്ലാശ്വാസം ലഭിക്കാതെ വരികയില്ലെന്നാണു പ്രതീക്ഷ—ഒരു മങ്ങിയ പ്രതീക്ഷ മാത്രം.

“ചരമാർക്കദാഹംകഴിച്ചുകൊണ്ടെത്തുംനിന്നോ-
ടരവിന്ദനിരകൾക്കൊരരിശമുണ്ടാം
ചെറുതുമില്ലിതിൽത്തെറ്റീയുലകത്തിലഖിലർക്കു-
മരുമക്കുഞ്ഞായിരിക്കാനേവനുസാദ്ധ്യം?
തകർന്നീടുമെത്രയെത്രതരുണർതൻഹൃദയത്തിൽ
പകർത്തീടുന്നില്ല നീയും പരമാനന്ദം
ഗരിമാവുകലരുംനിന്നിരുളിലെവെളിച്ചത്തിൽ
പരമതത്വങ്ങളെത്ര തെളിവതില്ല
പകലിന്റെപാല്ക്കളിയിലൊളിയറ്റതാരകങ്ങൾ-
ക്കകതളിർകുളിർപ്പൂനിൻകഴലുകാൺകെ
ത്വച്ചേവടിത്തളിരിണതലോടുകമൂലമല്ലോ
കൊച്ചുമിന്നാമിനുങ്ങിനു തെളിച്ചമുണ്ടായ്
മന്നിലേക്കുപോന്നനിന്നെത്തിരഞ്ഞുകൊണ്ടന്തിവാനിൽ
സുന്ദരതാരകമൊന്നുപകച്ചുനില്ക്കെ
ആടുമേച്ചിട്ടാവഴിയിൽ നടക്കുമോരിടയനും
കൂടുതേടിപ്പറക്കുന്ന വിഹഗങ്ങളും
കരിക്കാടി കുടിക്കാതെ കരംപൊട്ടിദ്ധനാഢ്യർതൻ
നിരയ്ക്കു വിൺതുണ്ടുതീർക്കാൻ പ്രയത്നിപ്പോരും
ജനനിതൻതുണിത്തുമ്പിൽ തൂങ്ങിനിന്നുകരയുമൊ-
രനഘവിലാസമോലുമിളംകിടാവും
അവനിയിലമിതാഭമണഞ്ഞു കൂത്താടീടുന്ന
ഭവതിതൻ തണൽ പറ്റിത്തളർച്ചതീർപ്പു
പകലിനെയിരുളുമായ് കലഹങ്ങളടിയ്ക്കാതെ
പരമപാവനേ നീയും പറഞ്ഞയയ്ക്കേ,
അദ്ധനതയിലാണ്ടുപോകുമടിയങ്ങൾക്കകതാരി-
ലംബികേ നിന്നൊളിയൊരു കുളിരു ചേർപ്പൂ.” സന്ധ്യാസംഗീതം

സന്ധ്യാനതാംഗിയുടെ വരവിനെ വർണ്ണിക്കുന്ന വരികൾ കവിയുടെ സജീവചിത്രരചനാപാടവത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായിരിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രനിർമ്മാണചാതുരിക്കു് മറ്റൊരുദാഹരണം ചുവടെ ചേർക്കുന്നു.

മഹിയുടെ മങ്ങുംവദനത്തിലൊരു മഹിതസൗന്ദര്യം കളിയാടി
അഖിലവും സ്വപ്നസമമായ് വിസ്മരിച്ചവികലാനന്ദഭരിതയായ്
വിരഹതാപത്താൽ ശിഥിലമാക്കിയോരനഘതാരകവളർമാല്യം
അകലത്തൊക്കെയും ചിതറിയതാരുമറിയാതെ വാരിമറവാക്കി
ഇരുളാകും കചഭാരമൊതുക്കിക്കൊണ്ടൊരുവിധം പിന്നിൽതിരുകിയും
ഇളകിയാലോലനയനത്തിൽ വീഴുമളകാളിമന്ദം തടവിയും
ഇളവെയിൽച്ചെമ്പട്ടുടയാടയണിഞ്ഞിളകിപ്പൊൽതളയൊലിചിന്നി
പിരിയാതെയെന്നുംപരിചര്യചെയ്യും ചെറുതെന്നൽതോഴിയൊരുമിച്ചു്
എതിരേയെത്തുമക്കതിരോനെയവളെതിരേല്ക്കുംരംഗം കമനീയം എതിരേൽപ്

ഒന്നാം ഭാഗമായ നവസൗരഭത്തിൽ പതിനേഴു ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടാംഭാഗം ഹൃദയസ്മിതമാണു്. അതിൽ പതിനഞ്ചു ഗാനങ്ങളുണ്ടു്. അവയിൽ മിക്കതും പ്രേമഗാനങ്ങളാകുന്നു കവി പാവനവും നിസ്സ്വാർത്ഥവുമായ പ്രേമത്തിൽ പരിപൂർണ്ണമായി വിശ്വസിച്ചിരുന്നു. ഓരോ വരിയിലും ആത്മാർത്ഥത തെളിഞ്ഞുകാണാം. ഈ ആത്മാർത്ഥതയാണു് അദ്ദേഹത്തിനെ കേരളത്തിലെ പ്രേമഗായകന്മാരിൽ അഗ്രഗണ്യനാക്കിത്തീർത്തതു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.

കുടിലകുളുർകുന്തളം കെട്ടഴിഞ്ഞങ്ങിനെ
കുറുനിരകൾ തെന്നലിൽതത്തിയുമങ്ങിനെ
നിടിലമതിൽ വേർപ്പണീമുത്തണിഞ്ഞങ്ങിനെ
തൊടുകുറിയൊരല്പം പൊടിഞ്ഞുമാഞ്ഞങ്ങിനെ
കളരുചിരകണ്ഠമിടറുമാറങ്ങിനെ
കടമിഴികളശ്രുവാലാർദ്രമായങ്ങിനെ
വിവിധതരചിന്തയാൽ വീർപ്പുവിട്ടങ്ങിനെ
വിമലതരഹാരമിളകുമാറങ്ങിനെ
കവിയുമൊരുതാപം സ്ഫുരിക്കുമാറങ്ങിനെ
കവിളിലൊരു കാർനിഴലേശിയുമങ്ങിനെ
അധരപുടമല്പം വിറകലർന്നങ്ങിനെ
അവയെയൊരുമട്ടിലമർത്തിയുമങ്ങിനെ
തുടുകവിളിലശ്രുബിന്ദുക്കൾ വീണങ്ങിനെ
പുടവയുടെ തുമ്പിനാൽ തൂത്തുതൂത്തങ്ങിനെ
അപരരതുകണ്ടുവെന്നോർത്തുകൊണ്ടങ്ങിനെ
അകമുഴറിയേറ്റം പരിഭ്രമിച്ചങ്ങിനെ
വിഷമമിനി നില്ക്കുവാനെന്നപോലങ്ങിനെ
വിരവിലൊരു മാൻപേടപോൽ വിരണ്ടങ്ങിനെ
ചിലഞൊടിയിലേറ്റം നിഗൂഢമായങ്ങിനെ
ചിരവിരഹിയെന്നെക്കടാക്ഷിച്ചുമങ്ങിനെ
കദനമൊരു രൂപമെടുത്തപോലങ്ങിനെ
കതകിനുടെ പിന്നിൽ മറഞ്ഞുനിന്നങ്ങിനെ
കരളുമമ പാരം തകർക്കുമാറങ്ങിനെ
സരളയുടെ നിൽപു മറക്കുവതെങ്ങിനെ പിരിഞ്ഞപ്പോൾ
സത്യപ്രകാശമേ! യെന്നെയുമാ
നിത്യതയിങ്കലേക്കൊന്നുയർത്തു
കണ്ണീർക്കണങ്ങൾ തുളുമ്പിനില്ക്കും
സുന്ദരമാമീപ്പളുങ്കുപാത്രം
ഘോരനിരാശാ ശിലാതലത്തി—ലാരുമറിയാതുടയും മുന്നിൽ
ബന്ധുരമായ നിൻപ്രേമപൂർണ്ണ—ചന്ദ്രികതന്നിലലിഞ്ഞുവെങ്കിൽ അർത്ഥന
ഗുണഗണമിണങ്ങുമപ്പൂമേനിയല്ലതിൻ-
പ്രണയസുധമാത്രമാണാശിപ്പതോമനേ!
പരിമൃദുലചുംബനമല്ല ഞാൻ നാഥന്റെ
കരചരണദാസ്യമാണാശിപ്പതെപ്പൊഴും
കവിയുമൊരുമോദമോടപ്പൂമാൻ നിത്യവും
കവനകലയായിട്ടു സല്ലപിക്കുന്നതാം
മലർനിരയുതിർത്തിടും മാമരത്തോപ്പിൽ ഞാ-
നൊരു ലതികയാകുവാൻ ഭാഗ്യമുണ്ടാവുകിൽ
അമൃതരസമൂറിയും പ്രേമഗീതങ്ങളാ-
ലമരപുരസംഗീതമെങ്ങും ചിതറവെ,
സുരഭിലസുനിർമ്മലാലോലമായ് മിന്നുന്ന
സുമനിര പൊഴിച്ചുഞാൻ സ്വാഗതമോതിടും
വിരവിലതിവിസ്തൃതമാകുമാനെറ്റിയിൽ
വിവിധതരചിന്തയാൽ വേർപ്പുപൊടിയവേ
ചലദലവിമോഹന താലവൃന്തത്തിനാൽ
വിലയമിയലാതെ ഞാൻ വീശിനില്ക്കുംദൃഢം
രജനികളിൽ നാഥന്റെ വായനമച്ചിലാ-
രജതകമനോഹരദീപികയാവുകിൽ
ഇതരകരമായതിൽ സ്നേഹം പകർന്നിടാ-
തിവളമിതകൗതുകം നിന്നു ജ്വലിച്ചിടും. രാഗിണി

മൂന്നാംഭാഗമായ തുഷാരഹാരത്തിൽ 29 ഗാനങ്ങളും, സുധ എന്നൊരു ചെറുകഥയും, ചില്ലിക്കാശിന്റെ ആത്മഗാനവും (ഗദ്യം) അടങ്ങിയിരിക്കുന്നു. അന്ത്യഭാഗങ്ങളായ മണിനാദത്തിലും അവ്യക്തഗീതത്തിലും കൂടി പതിനേഴു ഗാനങ്ങളേ ഉള്ളുവെങ്കിലും, ഇവയാണു് അത്യുൽക്കൃഷ്ടമെന്നു പറയാം.

കവി ഭാവനകൊണ്ടു രചിച്ച സ്വർഗ്ഗീയസാമ്രാജ്യം ദുഷ്പ്രാപ്യമാണെന്നു് ഇപ്പോൾ വ്യക്തമായിരിക്കുന്നു; അദ്ദേഹം നിരാശാഗർത്തത്തിൽ ആണ്ടുപോകുന്നു.

പിരികയാണിതാ ഞാനോരധഃകൃതൻ
കരയുവാനായ് പിറന്നൊരു കാമുകൻ
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീമൺപ്രദീപകം

ജീവിതയാത്രാക്ഷീണമാറ്റാൻ കവി ഉന്നി വച്ചിരുന്ന ഏകതാവളം കഴുകുമരമായി തീർന്നിരുന്നുവത്രേ.

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാൾ
സുഖദസുന്ദരസ്വപ്നശതങ്ങൾതൻ
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞു തുളുമ്പിടും
പ്രണയമാധ്വീലഹരിയിൽ ലീനമായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹര സുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ, മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ
മിഴിതുറന്നൊന്നുനോക്കവേ കാരിരു-
മ്പഴികൾ തട്ടിത്തഴമ്പിച്ചതാണുഞാൻ
തടവെഴാപ്രേമദാരിദ്ര്യബാധയാൽ
തടവുകാരനായ്ത്തീർന്നവനാണു ഞാൻ
കുടിലുകൊട്ടാരമാകാനുയരുന്നു
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാൻ
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും.

നൈരാശ്യത്തിന്റെ ഈ അഗാധതയിൽ പ്രണയകവനത്തോടും പ്രേമത്തോടും ജീവിതത്തോടുതന്നെയും കവി യാത്ര പറയുന്നു.

ചിരികൾതോറുമെൻപട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി
വിടതരു, മതി, പോകട്ടെ ഞാനുമെൻ
നടനവിദ്യയും മൂകസംഗീതവും
വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിയ്ക്കാടുവാൻ പാടുവാൻ
നവരസങ്ങൾ സ്ഫുരിക്കണമൊക്കെയു-
മവരവർക്കിഷ്ടമായിട്ടിരിക്കണം
അരുതരുതെനിക്കീരീതി തെല്ലുമി-
ച്ചരിതമെന്നുമപൂർണ്ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാൻ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്
പലദിനവും നവനവ രീതികൾ
പരിചയിച്ചു ഫലിച്ചില്ലൊരല്പവും
തവിടുപോലെ തകരുമെൻമാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം
ചിരിചൊരിയുവാനായെന്റെ ദേശികൻ
ശിരസി താഡനമേറ്റീ പലപ്പൊഴും
ഹ ഹ ഹ വിസ്മയം വിസ്മയം ലോകമേ
അതിവിചിത്രമീനൃത്തശിക്ഷാക്രമം.

ജീവിതത്തെ ഇവിടെ ഒരു നൃത്തവിദ്യാലയമായി കല്പിച്ചിരിക്കുന്നു. ഏ. ബാലകൃഷ്ണപിള്ള അവർകളുടെ താഴെ വിവരിച്ചിരിക്കുന്ന മാതിരിയുള്ള വ്യാഖ്യാനം എഴുതാപ്പുറം വായനയാണെന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹം പറയുന്നു:-‘നവരസങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യകൃതികൾ രചിക്കുന്നവർ റോമാന്റിക്പ്രസ്ഥാനക്കാരാണു്. പരാജയപ്രസ്ഥാനക്കാർ കരുണം, ഹാസ്യം, ബീഭത്സം എന്നീ മൂന്നു രസങ്ങളെ മാത്രവും പുരോഗമനസാഹിത്യപ്രസ്ഥാനക്കാർ കരുണരസത്തെ മാത്രവും മുൻനിർത്തി കൃതികൾ രചിക്കും’ അതിനാൽ റോമന്റിക് പ്രസ്ഥാനവും പരാജയപ്രസ്ഥാനവും കൈവെടിഞ്ഞു് പുരോഗമന ഗാനങ്ങൾ പാടണമെന്നു് കവി സൂചിപ്പിക്കുന്നുവെന്നാണു് അദ്ദേഹം പറയുന്നതു്.

പ്രണയത്തിൽ കവിക്കുണ്ടായിരുന്ന വിശ്വാസം തകരുന്ന അവസ്ഥയാണു്

ഹൃദയമൺഭിത്തി ഭേദിച്ചു തീരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയിൽ
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണർവിയറ്റുമോ?യേറ്റാൽ ഫലിക്കുമോ! മണിനാദം

എന്ന വരികളിൽ നാം കാണുന്നതു്.

നവീനരീതിയിലുള്ള കവിതകൾ വെളിക്കു വരുമ്പോൾ വിപ്ലവം വിപ്ലവം എന്നധിക്ഷേപിക്കുന്ന യാഥാസ്ഥിതികന്മാരെപ്പറ്റി ഇക്കവി പറയുന്നതെന്താണെന്നു നോക്കാം.

ലോകത്തിനുണ്ടൊരു കാഞ്ചനകഞ്ചുകം
ലോലം സദാചാരമെന്ന നാലക്ഷരം
ആയതിന്നുള്ളിലടയ്ക്കുന്നതില്ലെത്ര
മായാത്ത ഭീഭത്സനഗ്നചിത്രം നരൻ
സത്യംതിരയുമെന്നാത്മാവതിന്നുടെ
സത്തുമസത്തും തുറന്നുകാട്ടീടവേ
ആട്ടിൻതുകലിട്ട ചെന്നായ്ക്കളൊക്കെയു-
മാർത്തുവിളിക്കുന്നു ‘വിപ്ലവം വിപ്ലവം’
ആദർശജീവിതം പാടിനടക്കുന്ന
മാദൃശരെത്രമേൽ സുസ്ഥിരരാകിലും
മർത്ത്യൻ സമുദായജീവിയാണെങ്കിലോ
മറ്റഭിപ്രായങ്ങളാദരിച്ചീടണം
കാരുണ്യമറ്റ പരിതഃസ്ഥിതികൾതൻ
ക്രൂരദംഷ്ട്രയ്ക്കും വിധേയനായീടണം
ആഴമേറീടുന്നോരാഴി കടക്കിലു-
മാഴക്കുവെള്ളത്തിൽ മുങ്ങി മരിക്കണം.

ഇനി നമുക്കു ചങ്ങമ്പുഴയുടെ കൃതികളിലേയ്ക്കു കടക്കാം.

ചങ്ങമ്പുഴ ‘ബാഷ്പാഞ്ജലി’യുമായിട്ടാണു് ആദ്യമായി സാഹിത്യരംഗത്തിൽ ആവിർഭവിച്ചതു്.

ജീവിതത്തിന്റെ കീഴത്തെ പടികളിൽ നില്ക്കുന്നതേയുള്ളു; എന്നിട്ടും, ഈ യുവാവു പറയുന്നു:

ഹതഭാഗ്യനിന്നു ഞാൻ കണ്ടതെല്ലാം
പരിതാപാച്ഛാദിതമായിരുന്നു
സതതമെൻകാതിൽ പതിച്ചതെല്ലാം
കരുണതൻരോദനമായിരുന്നു
എരിയുമെന്നാത്മാവിലേറ്റതെല്ലാം
ചുടുനെടുവീർപ്പുകളായിരുന്നു
… … …
… … …
ഒരു യുവമാനസമെങ്കിലുമെൻ
മിഴിനീരിലല്പമലിഞ്ഞുവെങ്കിൽ

ഈ പ്രസ്താവത്തോടുകൂടി തുടങ്ങുന്ന കവിത വിഷാദാത്മകമല്ലാതെ വരാൻ തരമില്ലല്ലോ. “വിലക്ഷണങ്ങളായ ശാരീരിക ബന്ധങ്ങളിലേയ്ക്കു് ഒരിക്കലും താഴാതെ പ്രൗഢമധുരമായി നില്ക്കുന്ന പ്രണയപ്രതിപാദനങ്ങൾ, യാതൊരു ഹൃദയത്തിനും നോവു തട്ടാതെ ആരെയും ആകർഷിക്കുമാറുള്ള ലോകചര്യാനിരൂപണങ്ങൾ, പതിതമെങ്കിലും നൈസർഗ്ഗികബന്ധം കൊണ്ടു ദൈവികത്വത്തോടു സംഘടിതമായ മനുഷ്യത്വത്തിന്റെ അന്തർലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങൾ, സകല കഷ്ടതകൾക്കും പ്രഥമപരിഹാരം നൽകുന്ന സാക്ഷാൽ കാവ്യസ്വരൂപിണിയോടുള്ള ദയനീയാർത്ഥനകൾ, അപ്രമേയവും എന്നാൽ അതിമോഹനവുമായ ചിൽപ്രകാശത്തിന്റെ പരിപൂർണ്ണാനുഗ്രഹത്തിനു വേണ്ടിയുള്ള ആക്രന്ദനങ്ങൾ ഇവയെല്ലാം രമണീയതമമാക്കുന്ന കോമളപദാവലികൾ ഇതാണു് ഇതുവരെ വെളിയിൽ വന്നിട്ടുള്ള ചങ്ങമ്പുഴ കൃതികളുടെ സ്വഭാവങ്ങളെന്നു്” തദവാതാരികാകാരനായ ഈ. വി. കൃഷ്ണപിള്ള അവർകൾ പറയുന്നു. വാസ്തവം പറഞ്ഞാൽ രാഘവൻപിള്ളയെപ്പോലെതന്നെ അതിസുന്ദരവും ഭാസുരവുമായ ഒരു സങ്കല്പലോകത്തെ സൃഷ്ടിച്ചിട്ടു്, സമസൃഷ്ടങ്ങളുടെ സ്നേഹശീതളമായ പെരുമാറ്റത്തെ കാംക്ഷിച്ചു് വ്യർത്ഥമായി അലഞ്ഞുതിരിഞ്ഞ ശേഷം, ജീവിതയാഥാർത്ഥ്യങ്ങളുമായി കൂട്ടിമുട്ടി, നിരാശാഗർത്തത്തിൽ പതിച്ചു്, മരണത്തിന്റെ മോഹനാകാരത്തെ വാഴ്ത്തുന്ന ഒരു അനാഗതശ്മശ്രുവാണു് ഈ കവിതകളിൽ നമുക്കു അഭിമുഖമായി നില്ക്കുന്നതു് പക്ഷെ കവി സാധാരണ വാക്കുകളാലല്ല, ഭാവനകൾ ഉടലെടുത്ത പ്രതിരൂപങ്ങളെക്കൊണ്ടാണു് തന്റെ ഹൃദയാന്തർഭാഗത്തുള്ള പ്രതീക്ഷകളേയും പ്രത്യാശകളേയും നിരാശകളേയും ഒക്കെ പ്രകാശിപ്പിക്കുന്നതെന്നു മാത്രമേയുള്ളു.

ഈ കവിത പ്രസിദ്ധീകരിക്കുന്ന കാലത്തു് കവിക്കു കഷ്ടിച്ചു് 20 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. യൗവനാരംഭം ഒരു ദശാപരിവർത്തനകാലമാണു്. രവീന്ദ്രനാഥടാഗോർ തന്റെ അനുഭൂതികളെ ‘ജീവനസ്മൃതി’യിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “ആകപ്പാടെ നോക്കിയാൽ ഈ കാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം ഒരു ഉന്മത്തതയുടെ ദശയായിരുന്നു. എത്രയോ രാത്രികൾ ഉറങ്ങണമെന്നു് ആശയുണ്ടായിരുന്നിട്ടും ഞാൻ ഉറങ്ങാതെ കഴിച്ചുകൂട്ടി. വല്ല പ്രയോജനവും ഉദ്ദേശിച്ചു് അങ്ങനെ ചെയ്തതല്ല. രാത്രി ഉറങ്ങാനുള്ള സമയമായിരുന്നിട്ടും അതിനെ പകലാക്കുകയായിരുന്നു എന്റെ പ്രവൃത്തിയുടെ ഫലം. ഞാൻ വായനമുറിയിലെ മങ്ങിയ വെളിച്ചത്തിൽ വായിച്ചുകൊണ്ടിരിക്കും. ദൂരെയായിട്ടു് പതിനഞ്ചുമിനിട്ടിടവിട്ടു് പള്ളിമണി ഡം ഡം എന്നു മുഴക്കിക്കൊണ്ടിരിക്കും. പ്രഹരങ്ങൾ ഓരോന്നായി കടന്നുപോകും; ചിൽപുരീതീരത്തിൽ നിമിതലാഘാടത്തിലേയ്ക്കു പോകുന്ന വഴിയാത്രക്കാരുടെ കണ്ഠത്തിൽ നിന്നു ക്ഷണം ക്ഷണം ‘ഹരി ബോലോ’ധ്വനി ഉദ്ഗമിച്ചുകൊണ്ടിരിക്കും. ഗ്രീഷ്മകാലത്തിലെ എത്രയെത്ര ഗംഭീരരാത്രികൾ മൂന്നാംനിലയിലെ മട്ടുപ്പാവിൽ വലിയ വലിയ വൃക്ഷങ്ങളുടെ ഛായാപാതങ്ങളിലൂടെ പ്രവഹിക്കുന്ന വിചിത്രമായ ചന്ദ്രികാലോകത്തിൽ ഞാൻ തനിച്ചു് ഒരു പ്രേതമെന്നോണം കാരണമൊന്നും കൂടാതെ ഉലാത്തിക്കഴിച്ചുകൂട്ടിയിരിക്കുന്നു. ഇതൊക്കെ കേവലം കവിസങ്കല്പമാണെന്നു് ആരെങ്കിലും വിചാരിക്കുന്നെങ്കിൽ, അതില്പരം പ്രമാദം മറ്റൊന്നില്ല. വലിയ വലിയ ഭൂകമ്പങ്ങളും അഗ്നിസമുച്ഛ ്വാസങ്ങളും ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലഘട്ടം. പൃഥിവീദേവിയുടെ ജീവിതദശയിൽ ഉണ്ടായിരുന്നു. പ്രൗഢാവസ്ഥയെ പ്രാപിച്ചുകഴിഞ്ഞ ഇന്നത്തെ പൃഥിവിയിൽ ഇടയ്ക്കിടയ്ക്കു് ആ മാതിരി ചാപല്യത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ലോകം ആശ്ചര്യപ്പെട്ടുപോയേക്കാം. എന്നാൽ ആവരണത്തിനു് അത്ര കട്ടിയില്ലാതിരിക്കയും, ഉള്ളിലെ ബാഷ്പങ്ങൾ അനേകം മടങ്ങ് അധികമായിരിക്കയും ചെയ്തിരുന്ന അക്കാലത്തു്, അഭാവനീയങ്ങളായ ഉല്പാതങ്ങൾ സർവ്വദാ താണ്ഡവം ചെയ്തുകൊണ്ടാണിരുന്നതു്. മനുഷ്യജീവിതത്തിലും, താരുണ്യാരംഭത്തിൽ ഈ മാതിരി ഒരു ദശാപരിവർത്തനം ഉണ്ടാകുന്നു.”

അനേകം രാത്രികൾ ഇങ്ങനെ നിർന്നിദ്രമായി അദ്ദേഹം കഴിച്ചു. മാന്മഥദശകൾ എന്നു് ആലംകാരികന്മാർ പറയുന്ന പത്തു അവസ്ഥകളെപ്പറ്റി വായനക്കാർ കേട്ടുകാണുമല്ലോ. ആ ദശകളാണു് ടാഗൂറിൽ പ്രത്യക്ഷപ്പെട്ടതു്. എന്നാൽ കേവലം നായികാഗതമായ രതിയായിരുന്നില്ല ആ അവസ്ഥകൾക്കു് കാരണം. പ്രകൃതിയുടെ ആകാരസുഷമ അദ്ദേഹത്തിന്റെ ഹൃദയത്തെ കവർന്നു. ആ വിശ്വൈകമോഹിനിയാണു് അദ്ദേഹത്തിനു നിദ്രാഭംഗം വരുത്തിയതു്. നേരം വെളുക്കുംമുമ്പേ പ്രകൃതി ഉഷാദേവിയുടെ രൂപത്തിൽ ആവിർഭവിക്കും; അവളുടെ തൃക്കരപല്ലവത്തിൽ സുവർണ്ണപത്രരചിതമായ ഒരു തിരുവെഴുത്തു് ഇരിക്കുംപോലെ ബാലനു തോന്നും. അതു തുറന്നു വായിക്കാനാണു് അയാളുടെ മോഹം. പകലാണെങ്കിൽ ഗൃഹസമീപത്തു് ഒരു പുഷ്കരണി ഉണ്ടു്. അതിനപ്പുറം ഗംഗാദേവിയുടെ വിളയാട്ടം. സൂര്യന്റെ ഇളംകതിരുകൾ അണിഞ്ഞു തങ്കമയമായി വിളങ്ങുന്ന ഗംഗയെ കാണുമ്പോഴൊക്കെ ഒരുമാതിരി ആവേശം ആ ബാലനുണ്ടായിക്കൊണ്ടിരുന്നു. അദ്ദേഹം അപ്പോൾ വിചാരിക്കും “വല്ല ദിക്കിലും ഓടിപ്പോയിരുന്നെങ്കിൽ ഹാ! എത്ര സുഖമായിരിക്കാം…”

ഹൃദയ് ഹമാരാ ക്രന്ദൻ കരേ
മാനവഹൃദയേ മിലിതേ
നിഖിലേർ സാഥേ മഹാരാജപോഥേ
ഖേലിതേ ദിവാസ നിശിതേ

“മനുഷ്യഹൃദയങ്ങളുമായി കലർന്നു് ഉറവാടുന്നതിനു് എന്റെ ഹൃദയം അഴലുന്നു. രാപകൽ മഹാരാജപഥത്തിൽ ലോകത്തോടു ചേർന്നു കേളിയാടുന്നതിനു് ഹൃദയം ഉഴലുന്നു.” ബാഹ്യലോകത്തോടു കവിയ്ക്കുണ്ടായിരുന്ന മനോഭാവത്തെ കവി മറ്റൊരു പദ്യം വഴിക്കു വ്യക്തമാക്കീട്ടുണ്ടു്.

ഖാൻചാർ പാഖീ ഛിൽ സോനാർ ഖാഞ്ചാടിതേ
ബോനേർ പാഖീ ഛിൽ ബോനേ
ഏകദാ കീ കരിയാ മിലൻ ഹല് ദോം ഹേ
കീ ഛിൽ വിധാതാർ മോനേ
ബോനേർ പാഖീ ബോലേ “ഖാഞ്ചാർ പാഖീ ആയ
ബോനേതേ ജാഇ ദോംഹേ മിലേ”
ഖാംചാർ പാഖി ബോലേ “ബോനേർ പാഖീ ആയ
ഖാഞ്ചായ് ഥാകി നിരിബിലേ”
ബോനേർപാഖീ ബോലേ “നാ
ആമി ശികലേ ധരാ നാഹി ദിബ്”
ഖാഞ്ചാർ പാഖീ ബോലേ “ഹായ്
ആമി കേമനേ ബോനേ ബാഹിരിബ്”

കൂട്ടിലെ പക്ഷി സ്വർണ്ണക്കൂട്ടിൽ ഇരുന്നു; വനത്തിലെ പക്ഷി വനത്തിലും. ഒരിക്കൽ ദൈവഗത്യാ എങ്ങിനെയോ രണ്ടു പക്ഷികളും കണ്ടുമുട്ടി. വനത്തിലെ പക്ഷി പറഞ്ഞു: “ഹേ കൂട്ടിലെ കിളീ! വരൂ! വനത്തിൽ നമുക്കു് ഒരുമിച്ചു പാർക്കാം.” കൂട്ടിലെ കിളി പറഞ്ഞു: “വനത്തിലെ കിളി! വരൂ! ഈ കൂട്ടിൽ വന്നു പാർക്കുക.” വനപക്ഷി പ്രതിവചിച്ചു: “ഇല്ല ഞാൻ പിടികൊടുക്കയില്ല” കൂട്ടിലെ കിളി പറഞ്ഞു: “കഷ്ടം ഞാൻ എങ്ങനെ വെളിക്കുവരും.”

ഏതാണ്ടു് ഈ മാതിരി ഒരു അവസ്ഥയാണു് ബാഷ്പാഞ്ജലിയിലും നാം കാണുന്നതു്. അനിയന്ത്രിതമായ വികാരതാരള ്യം, വിശ്വവിമോഹിനിയായ പ്രകൃതിയുടെ ലാവണ്യത്തിൽ ഉള്ള മുഗ്ദ്ധത, കവിയശസ്സിലുള്ള അക്ഷമ, തന്റെ കീർത്തിയുടെ പ്രസരത്തിനു പ്രതിബന്ധമായി നില്ക്കുന്നതു് പണ്ഡിതകവികളാണെന്നുള്ള മിഥ്യാബോധത്തിൽനിന്നു സംജാതമായ വാക്‍പാരുഷ്യം, തന്റെ അനുഭൂതികൾക്കും അസ്വാതന്ത്ര്യത്തിനും ലോകത്തെ പഴിക്കുന്ന മനസ്ഥിതി, അപ്രതിഹതമായ കവിത്വശക്തി—ഇവയെല്ലാം ആദ്യകാലത്തെ കൃതികളിൽ കാണ്മാനുണ്ടു്. ബാഷ്പാഞ്ജലിയുടെ ആദ്യത്തെ ഗാനത്തിൽ തന്നെ, ഈ യുവകവിയുടെ കവിതാകാമിനി തന്റെ സർവ്വാംഗീണമായ ലാവണ്യം പൂർണ്ണമായി വെളിയിൽ കാണുമാറു് മധുരഭാവനാമയമായ ലൂതാതന്തുകൊണ്ടു് നിർമ്മിതമായ മഞ്ജുനിചോളവും ധരിച്ചു് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.

“ആരുവാങ്ങുമിന്നാരുവാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം”

എന്നിങ്ങനെ ടാഗൂറിയൻമട്ടിലാണു് അവളുടെ പുറപ്പാടു്. ഈ പുതിയ വേഷവും രീതിയും ഒക്കെ കണ്ടു് സഞ്ജയപ്രഭൃതികൾ “ഭാഷാകവിത തുലഞ്ഞു” എന്നു് ആക്രോശിക്കാനും തുടങ്ങി. എന്താണു് ഈ പരിഭ്രമത്തിനു കാരണം? അസൂയയാണു് ഈ വിപരീത വിമർശനത്തിനു ഹേതുവെന്നു് സഞ്ജയനെപ്പറ്റി അറിവുള്ളവരാരും പറകയില്ല. അദ്ദേഹം ശുദ്ധ യാഥാസ്ഥിതികനായിരുന്നോ? അതുമല്ല. വാസ്തവത്തിൽ സഞ്ജയനു് രണ്ടു സംഗതികളാണു് രസിക്കാതിരുന്നതു്. ഒന്നു് മിസ്റ്റിസിസം രണ്ടു് ശുദ്ധ നാടോടി വൃത്തങ്ങളുടെ സ്വീകരണം. മിസ്റ്റിസിസത്തെ പൗരസ്ത്യരിൽ നിന്നു് ഒഴിച്ചു നിർത്താൻ ആർക്കും ഒരു കാലത്തും സാധിക്കയില്ല. അതു ദിവ്യമായ ആത്മാനുഭൂതിയുടെ സ്വന്ത ഭാഷയാണു്. ഭാരതീയരുടെ സുപ്രസിദ്ധ കാവ്യങ്ങളിലെല്ലാം അതു വ്യാപിച്ചിട്ടുണ്ടു്. ഗീതാഞ്ജലി ആണല്ലോ രവീന്ദ്രനാഥ ടാഗൂറിനെ വിശ്വമഹാകവികളുടെ മുന്നണിയിൽ കൊണ്ടുവന്നതു്. അതിലെ ഓരോ ഗാനവും മിസ്റ്റിക്‍ കവിതയാണു് ടാഗൂർ തന്നെ ഒരിടത്തു ഇങ്ങിനെ പറഞ്ഞിരിക്കുന്നു.

“അർത്ഥം ഗ്രഹിപ്പിക്കാനായിട്ടു് ആരും കവിത രചിക്കാറില്ല. ഹൃദയത്തിലെ അനുഭൂതികൾ കവിതാദ്വാരാ ഉടൽ പൂണ്ടു് ബഹിർഗ്ഗമിക്കാൻ നോക്കുകയാണു് ചെയ്യുന്നതു്. അതിനാൽ കവിത കേട്ടിട്ടു് അർത്ഥം മനസ്സിലായില്ല എന്നു പറഞ്ഞാൽ ഞാൻ വിഷമിക്കയേയുള്ളു. പുഷ്പത്തെ എടുത്തു മണപ്പിച്ചിട്ടു്, ഗന്ധം മനസ്സിലായില്ല എന്നു പറയുന്നതു ശരിയാണോ? അതിൽ വിശേഷിച്ചു് ഗ്രഹിക്കാനെന്തിരിക്കുന്നു? കേവലം ഗന്ധമെന്നു മാത്രമേ അതിനെ പറയാവൂ. ‘ഓഹോ അതു മനസ്സിലായി. എന്നാൽ ഗന്ധം അതിൽ എങ്ങനെ വന്നു? എന്താണു് അതിന്റെ അർത്ഥം’ എന്നു് അയാൾ ചോദിച്ചാൽ മറുപടി മുട്ടിപോകയേ ഉള്ളു. വേണമെങ്കിൽ പ്രകൃതിയുടെ ഉള്ളിൽ ഇരിക്കുന്ന ആനന്ദം ഇങ്ങനെ ഗന്ധരൂപേണ പ്രകാശിക്കുന്നു എന്നോ മറ്റോ വളച്ചുകെട്ടിപ്പറയാം.”

ദിവ്യാനുഭൂതിയിൽ നിന്നാണു് മിസ്റ്റിക് കവിതയുടെ ഉല്പത്തി. ടാഗൂറിന്റെ ഒരു അനുഭൂതിയും അതിൽനിന്നു നിർഗ്ഗളിച്ച ഒരു ഗാനവും ഇവിടെ ഉദ്ധരിക്കാം.

ശുക്ലപക്ഷത്തിലെ ഒരു ഗോധൂളിവേല ഒരു ചെറുനൗകയിൽ കയറി ടാഗൂർ രണ്ടു മിത്രങ്ങളോടുകൂടി നദിയിലൂടെ ശിവാജിയുടെ ഒരു പ്രാചീന ഗിരിദുർഗ്ഗത്തിലേയ്ക്കു വിനോദയാത്ര ചെയ്തു. നിസ്തബ്ധമായ വനത്തിന്റേയും ഗിരികളുടേയും, നിർജ്ജനമായ നദീതലത്തിന്റേയും മുകളിൽ, ജ്യോൽസ്നാമയിയായ നിശീഥിനീദേവി, ധ്യാനാസനത്തിൽ ഇരുന്നു് ചന്ദ്രാലോകത്തിന്റെ വശീകരണമന്ത്രം ഉച്ചരിക്കുംപോലെ ടാഗൂറിനു തോന്നി. അവർ നദീതീരത്തു ഇറങ്ങി. ഒരു കൃഷീവലന്റെ കുടീരത്തിലെ മതിൽക്കെട്ടിനകത്തുള്ള അങ്കണത്തിൽ കടന്നിട്ടു്, നിലാവെളിച്ചത്തിരുന്നു് ആഹാരം കഴിച്ചപ്പോഴേക്കും തിരിച്ചു പോകാൻ സമയമായി. അങ്ങനെ വഞ്ചി തിരിച്ചുവിട്ടു. നദീമുഖത്തു് എത്തുന്നതിനു് ഒട്ടുവളരെ സമയം വേണ്ടിവന്നു. അവർ മണൽപ്പുറത്തുകൂടി കാൽനടയായി വീട്ടിലേയ്ക്കു തിരിച്ചു നിശീഥരാത്രി! സമുദ്രം നിസ്തരംഗം ഗോക്ഷുരവനത്തിന്റെ നിയതമർമ്മരരൂപമായ ചാഞ്ചല്യം നിശ്ശേഷം അസ്തമിച്ചിരിക്കുന്നു. ബഹുദൂരം പരന്നുകിടന്നിരുന്ന വാലുകാരാശിയുടെ പ്രാന്തത്തിൽ തരുശ്രേണിയുടെ ഛായാപുഞ്ജം നിഷ്പന്ദം വർത്തിക്കുന്നു. ദിക്ചക്രവാളത്തിൽ, നീലാഭമായ ശൈലമാല പാണ്ഡൂരനീലമായ ആകാശതലത്തോടു സമ്മിളിതമായി വർത്തിക്കുന്നു. ഈ ഉദാരശുഭ്രതയ്ക്കും നിബിഡസ്തബ്ധതയ്ക്കും മധ്യത്തിലൂടെ തങ്ങളുടെ കാളച്ഛായകൾ പതിപ്പിച്ചുംകൊണ്ടു് അവർ വീട്ടിലേയ്ക്കു നടന്നു. ആ രാത്രിയിലെ സ്മരണകൾ കവിഹൃദയത്തിൽ നിന്നു് ഇങ്ങനെ ബഹിർഗ്ഗമിച്ചു.

“ജാഈ ജാഈ ഡൂബേ ജാഈ ആരോ ആരോ ഡൂബേ ജാഈ
ബിഹ്വല അബശ അചേതൻ
കോൻ ഖാനേ കോൻദൂരേ നിശീഥേർ കോൻ മാഝേ
കോഥാ ഹോയേ ജാഈ നിമഗൻ
ഹേധോരണീ! പോദ തോലേ ദിയോ നാ ദിയോ നാ ബാധാ
ദാഓ മേരേ ദാഓ മേ ഛേഡേ ദാഓ”

ഈ കവിത വായിച്ചാൽ സഞ്ജയൻ എന്തു പറയുമായിരുന്നോ എന്തോ? പ്രസ്തുത ഗാനത്തിൽനിന്നു് നമുക്കു് ഒരു സംഗതി പ്രത്യക്ഷമായിക്കാണാം. കവിയല്ല–അദ്ദേഹത്തിന്റെ വികാരങ്ങളാണു് അവയ്ക്കുചിതമായ ഛന്ദസ്സിനേയും ഭാഷയേയും തിരഞ്ഞെടുത്തിരിക്കുന്നതു്. കഴിഞ്ഞ തലമുറകളിലെ കവിതകൾ വായിച്ചുതഴക്കം വന്നിട്ടുള്ളവർക്കു കവിയുടെ വികാരാവേശത്തിനും വൃത്തത്തിനും തമ്മിൽ ബന്ധമുണ്ടെന്നുള്ള സംഗതി സുഗ്രഹമേ അല്ല. പൂർവഭാഷാകവികളിൽ അപൂർവം ചിലരൊഴിച്ചു മറ്റാരും പ്രകൃതിലാവണ്യത്തിൽ മുഗ്ദ്ധരായിട്ടില്ല; അവരുടെ പ്രകൃതി കാളിദാസപ്രഭൃതികൾ ചവച്ചുതുപ്പിയ പ്രകൃതിക്കൊത്താണു്. കണ്ണുണ്ടായിരുന്നിട്ടും അവർ കണ്ടില്ല; ഹൃദയമുണ്ടായിരുന്നിട്ടും അവർ അനുഭവിച്ചറിഞ്ഞില്ല. അതുകൊണ്ടു് അജ്ഞതയാണു്, അസൂയയല്ല, സഞ്ജയാദികളുടെ പൗരോഭാഗ്യത്തിന്റെ ഹേതു ചങ്ങമ്പുഴ പറഞ്ഞിട്ടുള്ളതു പോലെ,

ഭാവനയ്ക്കുണ്ടതിൻസ്വന്തമായിട്ടൊരു ഭാഷയും ഭാസുരശൈലികളും
അപ്രമേയാനർഘസൗന്ദര്യചിത്രണമപ്രാപ്യമാണിന്നവയ്ക്കുപോലും
യുക്തിതൻ, ബുദ്ധിതൻ, വാസ്തവികത്വമല്ലുത്തേജിതമാം വികാരസത്യം
വാസ്തുസ്ഥിതികൾതന്നർത്ഥവലയത്തിലെത്തിനില്ക്കുന്നൊരുച്ശൃംഖലത്വം
ഉണ്ടതിൻവ്യാപാരയാനത്തിലായതു കണ്ടിടാൻ കണ്ണുകൾ വേറെ വേണം

“പാറപ്പുറത്തു കയറിനിന്നു വികൃതമായ വിശ്വരൂപം കാണിച്ചുകൊണ്ടു് ചില പേക്കോലങ്ങൾ അവളുടെ (ചങ്ങമ്പുഴയുടെ കവിതയുടെ) നേർക്കു് പലപ്പോഴും പല്ലിളിച്ചു കാട്ടാറുണ്ടു്. ആവക പേക്കൂത്തുകൾ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരിയേ ഉണ്ടാകാറുള്ളു.”

ഈ വാക്കുകളിൽ നിന്നു് അത്തരം ആക്ഷേപങ്ങളോടു കവിക്കുണ്ടായിട്ടുള്ള മനോഭാവം വ്യക്തമാണല്ലോ. എന്നാൽ ഓണപ്പൂക്കളിലെ ‘അശ്രുപൂജ’ സഞ്ജയനെ മഹാമനസ്കന്മാരുടെ മുന്നണിയിൽ കൊണ്ടുചെന്നു നിറുത്തുന്നു. അതിൽ സഞ്ജയനെപ്പറ്റി കവി ഇങ്ങനെ വിലപിക്കുന്നു:

ഒരു നെടുവീർപ്പുവിടാതെ, കണ്ണി-
ലൊരുതുള്ളിക്കണ്ണീർ വരാതെ,
അകലെ സ്വതന്ത്രമായ് പൊട്ടിച്ചിരി-
ച്ചവിടുന്നു നിന്നൂ മഹാത്മൻ! എരിയുംമനസ്സിലമൃതം പെയ്തു
പരിചിൽതവോജ്ജ്വലഹാസം
അവിടുന്നൊരക്ഷരംമിണ്ടുമ്പൊഴേ-
യ്ക്കഖിലരും പൊട്ടിച്ചിരിച്ചൂ
ദുരിതങ്ങളെല്ലാം മറന്നൂ ഹർഷ-
ഭരിതമായ് മുന്നിൽ നിരന്നൂ
അറിവീലിതെന്തിന്ദ്രജാലം മുന്നി-
ലവിടുന്നു കാണിച്ച ലോകം
ചിരിയുടെ ലോകം–ആ ലോകത്തേക്കു
ചിറകുവിടർത്തുന്നു ചിത്തം
ഫലമെന്തതെല്ലാംകഴിഞ്ഞു വെറും
ചലനചിത്രംപോൽ മറഞ്ഞു
സ്ഫുരിതഹർഷാർദ്രമച്ചിത്തംപോലു-
മൊരുപിടിച്ചാമ്പലായ്ത്തീർന്നൂ
ഹതഭാഗ്യരയ്യോ കുതിർത്തീടുന്നി-
തതുപോലുംഞങ്ങൾകണ്ണീരിൽ
മിഴിനീരുകൊണ്ടെന്തുകാര്യം മാഞ്ഞ-
മഴവില്ലതെന്നേക്കും മാഞ്ഞൂ
അതുലമാംശാന്തിതൻനിത്യോത്സവ-
മതിനിനി നേരുക നമ്മൾ.
… … …
മലയാളത്തിന്റെ ഫലിതം ചാർത്തും
മണിമാലകൾക്കുനടുവിൽ
മരതകപ്പച്ചപ്പതക്കംതൂക്കി
മഹനീയ സഞ്ജയനാമം
വിമലദ്യുതിവീശിമേന്മേലതു
വിലസിടട്ടാകല്പകാലം.

ഇതാണു മഹാമനസ്കത! കുറേക്കാലംകൂടി ജീവിച്ചിരുന്നുവെങ്കിൽ സഞ്ജയനും ചങ്ങമ്പുഴയുടെ കവിതകളിൽ നിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള വലിയ നേട്ടത്തെ സൂക്ഷ്മമായി കണ്ടറിഞ്ഞു് അദ്ദേഹത്തിനെ യഥോചിതം ആദരിക്കുമായിരുന്നു.

ഇതുപോലെ തന്നെ പണ്ഡിത കവികളോടു് കവിയ്ക്കുണ്ടായിരുന്ന മനോഭാവവും കാലക്രമേണ മാറി എന്നു കാണുന്നതിൽ സന്തോഷിക്കുന്നു.

അമ്മഹാന്മാരവർ പണ്ഡിതന്മാർ
ബിംബിതാലങ്കാരഡംബരന്മാർ
സൽകൃതസദ്വൃത്തസത്തമന്മാർ
സംസ്കൃതസമ്മോഹനാശയന്മാർ
അക്കാമുകന്മാർ പിണക്കമായാൽ
സൽക്കാവ്യലക്ഷ്മിപിന്നെന്തുചെയ്യും?
… … …
… … …
വിപുലപാണ്ഡിത്യച്ചുമടുതാങ്ങികൾ
വിഗതചേഷ്ടരായ്നിലകൊൾകെ
അവരിലെന്തൊക്കെപ്പകയുണ്ടായാലു-
മണുവുംചാഞ്ചല്യംകലരാതെ
വിഹരിക്കുമോടക്കുഴലുമായ് ഞങ്ങൾ
വിമലസാഹിതീയവനികയിൽ ഇന്നത്തേ കവിത 1110

എന്നും,

“ആധുനിക ഭാഷാസാഹിത്യത്തിലെ കനകനക്ഷത്രമായി ആകല്പകാലം വെൺകതിർവീശി പരിലസിക്കുന്ന ഏകകവി കുമാരനാശാൻ മാത്രമാണു്. മറ്റുള്ളവരുടെ കൃതികൾ അവർ ജീവിക്കുമ്പോൾ തന്നെ മരിച്ചുതുടങ്ങി. ഇനി അവരുടെ കാലം കഴിഞ്ഞാൽ അവയുടെ പേർപോലും വല്ലവരും ഓർമ്മിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. വള്ളത്തോൾ കൃതികളിൽ ചിലതിനു മാത്രം അകാലമൃത്യു സംഭവിക്കയില്ലെന്നു സമാധാനിക്കാം”. “സുധാംഗദയുടെ അവതാരിക” എന്നു പറഞ്ഞിട്ടുള്ള കവി തന്നെയും ഉള്ളൂരിനെക്കൊണ്ടു് ‘സങ്കല്പകാന്തി’യ്ക്കു അവതാരിക എഴുതിപ്പിക്കയും “ഈ ഗ്രന്ഥം പരിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതിത്തരുവാനും കാരുണ്യമുണ്ടായ അഭിവന്ദ്യ മഹാകവിയോടു്” അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ ആ മഹാകവിയുടെ ബുദ്ധിസാമർത്ഥ്യമോർത്തു ഞാൻ വിസ്മയിച്ചുപോകുന്നു. സുധാംഗദയിലാണല്ലോ അദ്ദേഹത്തിന്റെ പേരു നിലനില്ക്കുന്ന കവിതകളുടെ കർത്താക്കന്മാരുടെ കൂട്ടത്തിൽ സ്മരിക്കാതെ വിട്ടുകളഞ്ഞതു്. അതിനാൽ അദ്ദേഹം പറഞ്ഞിരിക്കുന്നതു നോക്കുക. “ശ്രീമാൻ കൃഷ്ണപിള്ള ഇതിനു മുൻപുതന്നെ ‘സുധാംഗദ’ മുതലായി ദീർഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഓർക്കുന്നു.” ഇതു് 1117-ലാണു്. ബാഷ്പാഞ്ജലി 1110-ൽ പ്രസിദ്ധീകൃതമായി. 1110-നും 1117-നും ഇടയ്ക്കു് എത്രയോ കൃതികൾ ചങ്ങമ്പുഴ പ്രസിദ്ധീകരിച്ചിരിക്കുന്നു. എന്നിട്ടും ‘സുധാംഗദ’യുടെ പേരാണു് അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്നതു്. എന്താണു് ഇതിന്റെ അർത്ഥം? “നിങ്ങൾ അന്നു് എന്നെ ധിക്കരിച്ചു; ഇന്നോ?” എന്നൊരു ചോദ്യം അതിൽ അന്തർഭവിച്ചിരിക്കുന്നു.

ഇതൊക്കെ പ്രായക്കുറവുനിമിത്തം ഉണ്ടാകുന്ന അക്ഷമയുടെ ഫലമാണു്–“വിജയലക്ഷ്മിവന്നെന്നെത്തലോടുവാ”നുള്ള അക്ഷമ.

കവനസ്വരൂപിണി നീയും–കഷ്ടം
നിഹതനാമെന്നെ മറന്നോ?
വെറുമൊരു ചുംബനംമാത്രം–തന്നാ-
ലമലേ നിനക്കെന്തു ചേതം? ബാഷ്പാഞ്ജലി

വാസ്തവത്തിൽ വിജയലക്ഷ്മി കവിയെ സ്വയം വരിച്ചില്ലേ? അല്പകാലത്തിനുള്ളിൽ അദ്ദേഹം യുവജനങ്ങളുടെ വാത്സല്യപാത്രമായിത്തീർന്നുകഴിഞ്ഞു. അതുകൊണ്ടു പോരാ, ഈ പണ്ഡിതമഹാകവികളുടേയും ബഹുമാനത്തിനു താൻ പാത്രമായേ തീരൂ. ഈ ഗർവ്വവും ഈ അക്ഷമയും വാസ്തവത്തിൽ യൗവനത്തിളപ്പിൽനിന്നുണ്ടായതാണു്. കവിത്വത്തിന്റെ പ്രഭാതത്തിൽ, ടാഗൂർ പ്രസ്താവിച്ചിട്ടുള്ളതുപോലെ വസ്തുജാതം, യഥാർത്ഥരൂപത്തിൽ സമീക്ഷിതമാകുന്നതിനു പകരം, “അപരിസ്ഫുടതയുടെ ഛായാമൂർത്തികളായിട്ടാണു്” ദൃശ്യമാകുന്നതു്. ഏതാണ്ടു് ഇതേ പ്രായത്തിൽ രവീന്ദ്രനാഥടാഗൂറിനുണ്ടായ ഒരു അനുഭൂതിയെ അദ്ദേഹം രേഖപ്പെടുത്തീട്ടുമുണ്ടു്. അന്നു് അദ്ദേഹത്തിനു് പത്തു പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. ഭാരതി എന്നൊരു വംഗപത്രിക ആയിടയ്ക്കു ആരംഭിച്ചു. അതിന്റെ ആദ്യലക്കത്തിൽ തന്റെ ‘മേഘനാദവധം’ എന്ന സുപ്രസിദ്ധകൃതിയുടെ ഒരു ഖണ്ഡനവിമർശം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളതിനെത്തന്നെ ഉദ്ധരിക്കാം:

“പാകം വരാത്ത മാങ്ങയ്ക്കെന്നപോലെ ബുദ്ധിക്കു പക്വത സിദ്ധിച്ചിട്ടില്ലാത്ത യൗവനദശയിലെ വിമർശത്തിനും പുളിപ്പു കൂടും. ഇതരശക്തികളുടെ അഭാവത്തിൽ ഹിംസ്രശക്തിക്കു തൈക്ഷ്ണ്യം വർദ്ധിക്കുന്നു ഈ അമരകാവ്യത്തിൽ നഖരാഘാതം ഏല്പിക്കുന്നതു് അമരകീർത്തിലാഭത്തിനുള്ള സുലഭോപായമെന്നു ഞാൻ വിചാരിച്ചു. ഇങ്ങനെ ഒരു ദാംഭികലേഖനവുംകൊണ്ടാണു് ഞാൻ ഭാരതിയിൽ ഇദംപ്രഥമമായി പ്രത്യക്ഷപ്പെട്ടതു്.” ഉദ്ധതമായ അവിനയം, അത്ഭുതാവഹമായ അതിശയം, ഉജ്ജ്വലമായ കൃത്രിമത്വം—ഇവ ബാല്യകാലകൃതികളിൽ കാണാവുന്ന സാധാരണ ലക്ഷണങ്ങളാണു്. തന്റെ അന്നത്തേ കൃതികളേപ്പറ്റി അദ്ദേഹം ഇങ്ങിനെ പറഞ്ഞിരിക്കുന്നു:

“ഞാൻ അന്നു് എഴുതിയിട്ടുള്ളതിൽ അധികാംശവും ലജ്ജാകരമായി തോന്നുന്നെങ്കിലും, അവയെ രചിച്ചുകൊണ്ടിരുന്ന അവസരത്തിൽ എന്റെ മധ്യേ സഞ്ചാരിതമായ മഹോത്സാഹത്തിന്റെ വിഷ്ഫാരം നിസ്സാരമായിരുന്നില്ല. അതിന്റെ വില അസാമാന്യമായിരുന്നു. ബാല്യം തെറ്റു പറ്റാനുള്ള കാലമാണു്; എന്നാൽ വിശ്വസിക്കാനും പ്രത്യാശിക്കാനും ഉല്ലസിക്കാനും ഉള്ള കാലവും അതുതന്നെ. ആ പ്രമാദരൂപമായ ഇന്ധനത്തെ എരിച്ചു് ഉത്സാഹാഹ്നി സമുജ്ജ്വലിപ്പിച്ചാൽ ചാമ്പലാവാനുള്ളതെല്ലാം അതിൽ ചാമ്പലായിക്കൊള്ളും. എന്നാൽ ആ അഗ്നി ഒരിക്കലും വ്യർത്ഥമായിപ്പോകുന്നതല്ല.”

രവിന്ദ്രനാഥടാഗൂറിനും ചങ്ങമ്പുഴയ്ക്കും തമ്മിലുള്ള ഒന്നു രണ്ടു സാദൃശ്യങ്ങളെ ഇവിടെ ചൂണ്ടിക്കാണിക്കാതിരിക്കാൻ തരമില്ല. വിശ്വത്തെക്കുറിച്ചുള്ള പ്രേമം രണ്ടു പേരിലും ചെറുപ്പത്തിലേതന്നെ ദൃഢമായി വേരൂന്നി.

ഹാ വിത്തവല്ലരി വേരുറയ്ക്കാൻ
പാവങ്ങൾതൂകുമക്കണ്ണുനീരിൽ
ഞാനെന്റെ ശോകവിവർണ്ണമാകും
മാനസസൂനം തെളിഞ്ഞുകാൺമൂ
ലോകസിംഹാസനമൊത്തുതാങ്ങും
സാധുഗളങ്ങൾതൻഗദ്ഗദത്തിൽ
ഞാനിത്രനാളും തിരഞ്ഞിരുന്ന
ഗാനശകലം തെളിഞ്ഞുകേൾപ്പൂ
ആയതിനോടൊത്തുപാടാനാഞ്ഞെ-
ന്നന്തരാത്മാവിനുള്ളഭ്യാസം.” ബാഷ്പാഞ്ജലി

രണ്ടു കവികളും വിശ്വത്തിന്റെ ലാവണ്യാതിശയത്താൽ വശീകൃതരായി–രണ്ടുപേരും ലാവണ്യാരാധകരാണു്.

ഭ്രാന്തൻ ഞാൻ ഭ്രാന്തൻ ഞാൻ ഹന്ത സൗന്ദര്യമേ
താന്തനാമെന്നെ നീ ഭ്രാന്തനാക്കീ
എങ്കിലും നീയെനിക്കേകുമീബ്ഭ്രാന്തിനാ-
ലെൻകരൾ കോൾമയിർകൊൾവിതെന്നും സങ്കല്പകാന്തി
നീയതിയ്ക്കധീനൻ ഞാൻ
നിസ്സാരനാകാം പക്ഷെ
നിയതം സൗന്ദര്യമെ
നിന്നെ ഞാൻ ആരാധിപ്പൂ.
അത്രമേൽ പരിചിതമാണു നിൻപാദന്യാസ-
മത്തലാൽ മുറിപ്പെട്ടോരെന്നാത്മാവിനുപോലും
അതു കേൾക്കുമ്പോൾ ശിരസ്സുയർത്താതിരുന്നിട്ടി-
ല്ലിതുനാൾവരെ നിന്റെ പാദസേവകൻ ദേവി
ഹൃദയം രക്തം വാർത്തു പിടയ്ക്കുമ്പോഴും നിന്റെ
മൃദുശിഞ്ജിതം കേൾക്കേ കോൾമയിർ കൊള്ളുന്നുഞാൻ. കലാകേളി

പ്രകൃതി ദൃശ്യങ്ങൾ രണ്ടു കവികളേയും വികാരതരളിതരാക്കുന്നതായി നാം കാണുന്നു.

ജീവിതമോഹംകൊളുത്തുന്ന കാന്തമാം
താവകസ്മേരം തണുത്ത നിരാശയിൽ
നിശ്ശബ്ദമേതോ മുരളികാസംഗീത
നിർഝരത്തിങ്കലലിഞ്ഞലിഞ്ഞങ്ങിനെ
ലോകം മുഴുവനും വ്യാപരിക്കുന്നു നി-
ന്നാകർഷകത്വമൊരത്ഭുതംമാതിരി
ജാതാദരംനിന്നെ നോക്കിനില്ക്കുമ്പൊളി-
ന്നേതല്ലലും ഹാ മറന്നുപോകുന്നുഞാൻ
ഒട്ടും മനസ്സുവരുന്നീലയേ നിന്നെ
വിട്ടുപിരിയാനെനിക്കു തേജോമയേ! സങ്കല്പകാന്തി
പുലരിത്തുടമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെക്കിതച്ചെത്തും പകലിൻദീർഘശ്വാസം,
ഇരുളിലിതേവരെത്തലചാച്ചുറങ്ങിയ
തരുവല്ലരികളെയുണർത്തി തെരുതെരേ
വാനമണ്ഡപത്തിലെത്താരകത്തുമ്പപ്പൂക്കൾ
വാരിക്കൊണ്ടെങ്ങോ പോയാൾ താമസി വേലക്കാരി.
ഇളവെയിലണിത്തങ്കപ്പൊടി പൂശിയ പാട-
ത്തിളകീ പഴുപ്പേലുമോണേട്ടൻകതിരുകൾ
മഞ്ഞനെല്ലോലത്തുമ്പാൽ പാറിവീണിരുന്നോമൽ
കുഞ്ഞാറ്റക്കിളിയൂഞ്ഞാലാടിനാൻ കൂകിക്കൂകി
തുമ്പയും മുക്കുറ്റിയും പുതുകിയാനന്ദിച്ചു
തുമ്പിയും പൂമ്പാറ്റയും തുള്ളുവാനാരംഭിച്ചു.
നവവത്സരാഗമ മംഗളരംഗം ഹാഹാ,
കവിയും സന്തോഷത്താൽക്കണ്ണുനീർ വരുന്നല്ലോ. രക്തപുഷ്പങ്ങൾ
കണ്ടിട്ടുണ്ടവിടുത്തെപ്പലപ്പോഴും ഞാനിപ്പൂ-
ച്ചെണ്ടണിത്തോപ്പിൽ കൊച്ചുകുരുന്നായിരുന്നപ്പോൾ
അന്നെന്നെക്കറയറ്റ വാത്സല്യംവഴിയുന്ന
കണ്ണിനാൽ നോക്കുംനോട്ടമിപ്പൊഴും ഞാനോർക്കുന്നു.
കാണാറുണ്ടാനോട്ടത്തിലെന്നും ഞാനൊരു നരൻ
വേണുഗാനത്തിൽപ്പൊതിഞ്ഞുള്ളതാമേതോ നാകം. ലതാഗീതാ

രണ്ടുപേരും പ്രേമഗായകന്മാരാണു്; രവീന്ദ്രന്റെ പ്രേമം ആധ്യാത്മികമാണെങ്കിൽ ചങ്ങമ്പുഴയുടേതു് ഏതാണ്ടു് അതിനോടു സമീപിക്കുന്ന ലൗകികപ്രേമമാണെന്നേയുള്ളു.

എന്നിട്ടും വന്നീലെൻ കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ തോഴീ
എന്മലർക്കാവിൽനിന്നൊന്നും പറയാതെ
പിന്നെയുംപൂങ്കൂയിൽ പോയി.
ഉന്നിദ്രഹർഷം ലസിച്ച ലതകളിൽ
പിന്നെയും പൂങ്കുല വാടി
ഭീമാതപം ചൊരിഞ്ഞെത്തിയ വേനലിൽ
ത്താമരപ്പൊയ്കകൾ വറ്റി
ചേതോഹരങ്ങളാം പച്ചിലക്കാടുകൾ
പ്രേതോപമങ്ങളായ്മാറി
ശപ്തമെൻജീവിതമൂഴിയിലീവിധം
തപ്തബാഷ്പാകുലമായി. സ്പന്ദിക്കുന്ന അസ്ഥിമാടം
പാവനപ്രകാശത്തെ പുണരാൻ കൈനീട്ടുന്ന
ജീവിതസ്വപ്നത്തിന്റെ പുളകോൽഗമംപ്രേമം
കർമ്മയോഗത്തിൽ പർണ്ണശാലയിൽ സ്വാർത്ഥത്യാഗ
നൈർമ്മല്യസിദ്ധിക്കായുള്ളാത്മാവിൻയജ്ഞം പ്രേമം സങ്കല്പകാന്തി

കവിത ചിന്താമധുരവും സംഗീതം ശ്രവണസുഖദവും ആണെന്നു പറയപ്പെടുന്നു. ഇവ രണ്ടും തമ്മിൽഉള്ള അകൽച്ചയെ നിശ്ശേഷം ഇല്ലാതാക്കിയ മഹാകവിയാണു് രവീന്ദ്രനാഥടാഗോർ. അദ്ദേഹത്തിന്റെ ഹൃദയം സംഗീതമയമായിരുന്നു എന്നു പറയാം. ഗീതാഞ്ജലിയിലെ പദ്യങ്ങൾ ബംഗാളി അറിഞ്ഞുകൂടാത്തവനും കേൾപ്പാൻ രസമായിരിക്കും. ഒരു ഗാനം ഉദ്ധരിക്കാം.

ആജ ബാരി ഝരേ ഝരഝര
ഭരാ ബാദരേ.
ആകാശ ഭാംഗാ ആകുലധാരാ
കോഥാ ഓ ധരേ
ശാലേർ ബനേ ഥേക്കേ ഥേക്കേ-
ഝഡ്ദേലാദേയ് ഹേങ്കേ ഹേങ്കേ-
ജല ഛ്ശുടേജായ് എങ്കേബേങ്കേ
മാഠേർ പരേ.
ആജ മേഘേർ ജടാ ഉഡിയേ ദിയേ
നൃത്യ കേ കോരേ.
ഓരേ ഹൃഷ്ടിതേ മോർ ച്ഛുടേച്ഛേ മൻ
ലൂടേ ച്ഛ ഏ ഝഡേ
ബുക ച്ഛാപിയേ തരംഗമോർ
കാഹാർ പായേ പഡേ.
അന്തരേ ആജ കീ കലരോള്
ദ്വാരേ ദ്വാരേ ഭാംഗല ആഗല്
ഹൃദയമാഝേ ജാഗ്വല പാഗല്
ആജിഭാ ദരേ.
ആജ് ഏമന കോരേ കേ മേതേച്ഛേ
ബാഹിരേ ഘരേ.

മധുര മധുരങ്ങളായ ഭാവങ്ങൾ അവയ്ക്കു ഉചിതങ്ങളായ പദങ്ങളിലൂടെയോ പ്രതിരൂപങ്ങളിലൂടെയോ ബഹിർഗ്ഗളിക്കുന്നതിനാലാണു് കവിത സംഗീതാത്മകമായിത്തീരുന്നതു്. ഈ സംഗീതാത്മകത്വം ചങ്ങമ്പുഴയുടെ ഏതു കൃതിയിലും സുലഭമാണു്.

മന്ദഹസിതാർദ്രമാം വിൺമുഖത്തിൽ
ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു
തങ്കരുചി തങ്കിന താരകങ്ങൾ
പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു
സഞ്ജനിതസൗരഭസാന്ദ്രമാകും
തെന്നലലതല്ലിത്തളർന്നിരുന്നു. ബുഷ്പാഞ്ജലി
മഴയെല്ലാം പോയപ്പോൾ മാനം തെളിഞ്ഞപ്പോൾ
മലയന്റെ മാടത്ത പാട്ടു പാടി
മരമെല്ലാം പൂത്തപ്പോൾ കുളിർകാറ്റു വന്നപ്പോൾ
മലയന്റെ മാടവും പൂക്കൾ ചൂടി രക്തപുഷ്പം
മഞ്ഞവർണ്ണയവനികയിന്മേൽ
മഞ്ജുളമഴവില്ലുകളായി
മന്ദമന്ദമതങ്ങനെ നീങ്ങി
മന്ദഭാഗ്യന്റെ കണ്ണുകൾ മങ്ങി
ശിഞ്ജിതദുകൂലാഞ്ചലനാദ
രഞ്ജിതസ്വപ്നരൂപിണിയായി
സർവസന്താപഭഞ്ജകമാകും
നിർവൃതിതൻ പരിമളം വീശി
ദേവദുർല്ലഭമാകുമൊരാർദ്ര
ഭാവസാന്ദ്രമൃദുസ്മിതം പൂശി
നിന്നതാ ദിവ്യകല്യാണരശ്മി
മുന്നിൽ നില്ക്കുന്നു സൗന്ദര്യലക്ഷ്മി യവനിക
മതികവരും മധുരിമവാർന്നൊഴികിടുമിപ്പാട്ടിൽ
മതിമറന്നാത്തരുനിരയിൽ തലകുലുക്കീ കാട്ടിൽ
പാരിജാതച്ചെന്തണലിൽ ചെമ്പകം സുഖിക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പേടയോടുകൂടിയോരോ ചാടുഗാനം പാടി
കോടരകുടീരമൊന്നിലാടലാടലറ്റു കൂടി
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
പ്പൊൻകിനാക്കൾ കണ്ടുനില്ക്കും ചെമ്പകത്തെ കാൺകെ!
അനുചിതമെന്നറിയുകിലുമലിയുകയായ്‍ക്കഷ്ട-
മരുതരുതെന്നൊഴിയുകിലുമതിനു നിജചിത്തം? ഒരു കഥ

രവീന്ദ്രനാഥടാഗൂറിന്റെ കാലംവരെ വംഗഭാഷ സംസ്കൃതശബ്ദബഹുലമായിരുന്നു. ടാഗൂറാകട്ടേ ദേശ്യപദ്യങ്ങളെപ്പോലും നിസ്സങ്കോചം പ്രയോഗിച്ചു് തന്റെ ഭാഷയെ സംസ്കൃതത്തിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. അതുപോലെ തന്നെ ചങ്ങമ്പുഴയും കേരളത്തിൽ പ്രചുരപ്രചാരമുള്ള ഗാനവൃത്തങ്ങൾ ധൈര്യപൂർവ്വം സ്വീകരിക്കയും കഴിയുന്നത്ര ശുദ്ധഭാഷാപദങ്ങൾ പ്രയോഗിക്കയും ചെയ്തുവരുന്നു.

ഇതുപോലെ ദേശാഭിമാനം, അന്തർദേശീയ മനഃസ്ഥിതി, കർഷകന്മാരോടും പതിതജനതയോടും ഉള്ള അനുകമ്പാർദ്രമനോഭാവം, സുഖാഭിലാഷം, അസമത്വത്തോടും അനീതിയോടും ഉള്ള വിദ്വേഷം, പ്രതിരൂപാത്മകത്വം ഈ സംഗതികളിലും പ്രസ്തുത കവികൾക്കു തമ്മിൽ സാദൃശ്യമുണ്ടു്. എന്നാൽ ടാഗോറിന്റെ ആത്മീയാനുഭൂതിയുടെ ആഴവും ആത്മാർത്ഥതയും ചങ്ങമ്പുഴയിൽ കാണ്മാനില്ലെന്നുകൂടി പറയേണ്ടിരിക്കുന്നു.

ദേശാഭിമാനം:

മതത്തിൻപേരുംപറഞ്ഞയ്യയ്യോ പടിഞ്ഞാറു
മനുഷ്യൻ മനുഷ്യനെ കൊന്നുകൊന്നൊടുക്കുമ്പോൾ
ഭാരതത്തിലെ നീണ്ട താടിക്കാർ കാട്ടാളന്മാർ
പോരെങ്കിൽ പരിഷ്കാരശൂന്യന്മാർ കറമ്പന്മാർ
നേരിന്റെ നാടുംതേടി സ്നേഹത്തിൻപാട്ടു പാടി
ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി
ഭൂതലമജ്ഞാനാന്ധകാരത്തിൽ കിടന്നപ്പോൾ
ഗീതയാം വാടാവിളക്കീനാട്ടിലാളിക്കത്തി.
ഇന്നിപ്പോൾ വിമാനത്തിൽക്കയറി ലോകംചുറ്റി
വന്നിടും വെള്ളപ്പരിഷ്കാരത്തിൻമുത്തച്ഛന്മാർ
പച്ചമാംസവുംകടിച്ചുറ്റുവെള്ളവുംകുടി-
ച്ചാശ്രമംഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ
ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു-
മുൽകൃഷ്ടസംസ്കാരത്തിൻസ്പന്ദനമോളംവെട്ടി.

ഇങ്ങനെ കവി നമ്മുടെ പുരാതന മഹിമയെപ്പറ്റി അഭിമാനം കൊള്ളുന്നുവെങ്കിലും നമ്മുടെ ഇന്നത്തെ അവസ്ഥയിൽ സംതൃപ്തനല്ല.

കഷ്ടമെൻനാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞു
കെട്ടുതാലിയൊഴിച്ചവൾക്കയ്യോ
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും
രത്നഗർഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാരെൻനാടുമാത്രം.
മാനുഷരെന്നുമോണമായ്‍വാണ
മാബലിയുടെ നാട്ടിലാണോർക്കുനീ
ഇന്നിതാ ചിലർ നായ്ക്കുളെപ്പോലെ
ചെന്നുനക്കുന്നിതെച്ചിലിലകൾ
ഭാവശുദ്ധകൾ മുഗ്ദ്ധകൾ കാന്ത-
ദേവതകൾതൻ പാവനഭൂവിൽ
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടിൽ
ഭദ്രകല്യാണദായകമാകു-
മദ്രിജാരാധനോൽസവനാളിൽ
പാടിയാടിസ്സുദതികൾ ചൂടും
പാതിരാപ്പൂക്കൾ തൻജന്മഭൂവിൽ
ജീവനും ജീവനായെനിക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടിൽ
കെട്ടഴിവു ചാരിത്രത്തിനയ്യോ
കൊറ്റിനാഴക്കരിക്കിന്നു കഷ്ടം
മദ്യപിക്കുമാസ്സമ്പൽപ്രതാപ-
മർക്കടത്തിൻനഖക്ഷതം തട്ടി
ഘോരദാരിദ്ര്യസുരാതപത്തിൽ-
ച്ചോരവറ്റിച്ചുളുക്കേറ്റു വാടി
നെഞ്ചിടിപ്പോടടർന്നാപതിപ്പു
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ
മംഗലാദ്വൈതമൂർത്തിയാം സാക്ഷാൽ
ശങ്കരനെ പ്രസവിച്ച മണ്ണിൽ
വീരപത്നികൾ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണിൽ
അത്ര സംപൂതമായൊരീമണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ.
അബ്ധിയോടിതു വാങ്ങിയകാല-
ത്തല്പമാസ്ഥിതി ശങ്കിച്ചിരിക്കിൽ
ആഞ്ഞെറിയാതിരുന്നെനേ നൂന-
മാമഴു വന്നു ഭാർഗ്ഗവരാമൻ.

ലോകത്തിന്റെ ഇന്നത്തെ നില കണ്ടിട്ടു് കവി ഇതികർത്തവ്യതാമൂഢനെന്നപോലെ കാണപ്പെടുന്നു.

പൂമണിമേടയിൽബ്ഭാഗ്യവാന്മാരവർ
കോൾമയിർക്കൊണ്ടു കഴിയുന്നിതെപ്പൊഴും
ഇന്നവർ തൻധീരകൃത്യങ്ങളോരോന്നു
വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകൻ
ആയവർ തൻഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ
ചേലിലെഴുതും സുവർണ്ണലിപികളിൽ
നാളെച്ചരിത്രമവരുടെ പേരുകൾ
ഞങ്ങളോ! ഹാ! മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ! കഷ്ടം വെറും നിഴല്പാടുകൾ
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ-
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾ തൻ

സമാധാനദേവതയോടു കവി ചോദിക്കുന്നു:

സംഗ്രാമഭൂവിലോ കഷ്ടമണഞ്ഞു നീ?
ഞങ്ങളെക്കാണാൻ സമാധാനദേവതേ.
… … …
… … …
ഭൂതകാലത്തിന്റെ വർണ്ണാശ്രമത്തിൽനി-
ന്നേതുത്സവത്തെക്കൊതിച്ചു നീയെത്തിയോ
ആ മഹാക്ഷേമമൊരേടവും കാണാതെ
നീ മടങ്ങാനാണിടവന്നതെങ്കിലും
ഇത്രയ്ക്കു ലോകം ദുഷിച്ചതായങ്ങു ചെ-
ന്നെത്തി നീയാരോടുമോതരുതംബികേ
വിശ്രമിക്കട്ടേ സമാധാനപൂർവകം
വിശ്രുതന്മാരാം പിതാമഹന്മാരവർ

നവീനശാസ്ത്രത്തിന്റെ പുരോഗമനപ്രവണതയിലും കവിയ്ക്കു വിശ്വാസം നശിക്കുന്നു.

മുന്നോട്ടു നോക്കിയാം ശാസ്ത്രം ചൊരിയുമീ-
ച്ചെന്നിണച്ചോലകൾ വറ്റില്ലൊരിക്കലും
ലോകത്തെയൊന്നാകെ മാർവ്വോടു ചേർത്തണ-
ച്ചേകയോഗത്തിലണയ്ക്കാൻ കൊതിപ്പു നീ
ആവേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു-
മാവോളമാർജ്ജിപ്പൂ യുദ്ധസാമഗ്രികൾ.

വിപ്ലവത്തിൽ വിശ്വാസമുണ്ടോ?

ഏകാധിപത്യം ചിറകെട്ടി നിർത്തിലും
ലോകമഹാവിപ്ലവാബ്ധിയടങ്ങുമോ?
ക്ഷുദ്രനിയമച്ചിലന്തി നൂല്ക്കെട്ടിതിൽ
മർത്ത്യഹൃദയം കുതിക്കാതിരിക്കുമോ?
നിഷ്ഫലവിഭ്രമം, നിഷ്ഫലവ്യാമോഹ-
മിപ്രയത്നം ഹാ! നടക്കട്ടെ വിപ്ലവം.
എന്നാൽ മനുഷ്യൻ മനുഷ്യനെത്തിന്നുമീ-
ദുർന്നയം—യുദ്ധം—മൃഗത്വം പുലരിലോ
ഇല്ല—ഫലമില്ല—മനുഷ്യരെന്നാകിലും
തല്ലാതിരിക്കില്ല തങ്ങളിൽത്തങ്ങളിൽ

അതിനാൽ,

ഭൂതകാലത്തിന്റെ വർണ്ണാശ്രമത്തിലേ-
യ്ക്കേതും മടിക്കാതെ പോക തിരിച്ചു നാം

എന്നാണു് കവി സമാധാനദേവതയോടു ഉപദേശിക്കുന്നതു്. 1113-ലെ ഈ വിഷാദാത്മകത്വം 1120 ആയപ്പോഴേക്കു് നിശ്ശേഷം മാറി.

വിത്തനാഥന്റെ ബേബിക്കു പാലും
നിർദ്ധനച്ചെറുക്കന്നുമിനീരും
ഈശ്വരേച്ഛയല്ലാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ
ദൈവനീതിതൻ പേരിലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം
ലോകമെന്നാൽ ധനത്തിന്റെ ലോകം
ലോകസേവനം ഹാ രക്തപാനം
മത്തുകണ്ണിലിരുട്ടടിച്ചാർക്കും
മർദ്ദനത്തിനു സമ്മാനദാനം
നിർത്തുകിത്തരം നീതി നാം നമ്മൾ-
ക്കൊത്തൊരുമിച്ചുനിന്നു പോരാടാം
വിപ്ലവത്തിന്റെ വെണ്മഴുവാലാ-
വിത്തഗർവ്വവിഷദ്രുമം വെട്ടി
സൽസമതസനാതനോദ്യാനം
സജ്ജമാക്കാൻ നമുക്കുദ്യമിക്കാം
ഒക്കുകില്ലീയലസതമേലി-
ലൊത്തുചേരു സഖാക്കളേ മേലിൽ!

രവീന്ദ്രനാഥനും ചങ്ങമ്പുഴയും തമ്മിൽ ചില സാദൃശ്യങ്ങൾ നാം ചൂണ്ടിക്കാണിച്ചുവെങ്കിലും, അവ കേവലം ഉപരിപ്ലവങ്ങളാണു്. ജീവിതത്തെ സംബന്ധിച്ച വീക്ഷണഗതിയിൽ അവർക്കു വലിയ അന്തരമുണ്ടു്. രവീന്ദ്രൻ മിസ്റ്റിക്കുകളിൽവച്ചു് മിസ്റ്റിക്കാണു്. ശൈശവദശയിൽ അദ്ദേഹത്തിനു വിശ്വപ്രകൃതിയുമായി ഒരുമാതിരി സഹജവും നിബിഡവുമായ ബന്ധം അഥവാ യോഗം ഉണ്ടായിരുന്നു. “യൗവനത്തിന്റെ പ്രഥമോന്മേഷത്തിൽ ഹൃദയം അതിന്റെ ഉപസ്കരം ആവശ്യപ്പെട്ടു തുടങ്ങിയപ്പോൾ എന്റെ ജീവിതത്തിനുണ്ടായിരുന്ന സാഹജയോഗം ബാധാഗ്രസ്തമായിത്തീർന്നു. അക്കാലത്തു് ഞാൻ വ്യഥിതമായ ആ ഹൃദയത്തെ ചുറ്റി അതിന്റെ പരിധിക്കുള്ളിൽ തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇങ്ങനെ രുഗ്ണമായിത്തീർന്ന ഹൃദയത്തിന്റെ ചപലാവസ്ഥയിൽ അതിനു് ബാഹ്യപ്രകൃതിയുമായുണ്ടായിരുന്ന സാമരസ്യം ശിഥിലമായിപ്പോയി. വളരെക്കാലത്തേക്കു് അനുഭവിച്ചുവന്ന ആനന്ദവും അസ്തമിച്ചു.” ഏതാണ്ടു് ഇതേമാതിരി ഒരു അവസ്ഥയാണു് ചങ്ങമ്പുഴയിലും നാം ഇപ്പോൾ കാണുന്നതു്. രവീന്ദ്രൻ ക്രമേണ ആ ദശയെ തരണംചെയ്തു. ഒരു ദിവസം പ്രഭാതത്തിൽ അദ്ദേഹം താൻ താമസിച്ചിരുന്ന ഗൃഹത്തിലെ വരാന്തയിൽ നിന്നുകൊണ്ടു കിഴക്കോട്ടു നോക്കി. വൃക്ഷപല്ലവാന്തരാളങ്ങളിലൂടെ സൂര്യോദയം ദർശിച്ചപ്പോൾ അദ്ദേഹത്തിനു് ഒരു ഭാവാവേശമുണ്ടായി. അതിനെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു: “എന്റെ നേത്രങ്ങൾക്കുമുന്നിൽനിന്നു് ഒരു മുഹൂർത്തത്തിനുള്ളിൽ തിരശ്ശീല നിശ്ശേഷം നീങ്ങി. ഒരു അപരൂപജ്യോതിസ്സിനാൽ വിശ്വംസമാച്ഛന്നമായിരിക്കുന്നതായും സർവ്വത്രആനന്ദവും സൗന്ദര്യവും തിരതല്ലുന്നതായും ഞാൻ കണ്ടു. ഹൃദയത്തിന്റെ തട്ടുകൾതോറും വ്യാപിച്ചിരുന്ന വിഷാദക്കൂരിരുളുകളെ ആട്ടിപ്പായിക്കുന്ന വിശ്വമംഗലജ്യോതിസ്സു് അവിടെ എല്ലായിടത്തും പരന്നു. അന്നു് ആ അവസ്ഥയിൽ ‘നിർഝരേർ സ്വപ്നഭംഗ’ എന്ന കവിത ഒരു നിർഝരിക എന്നപോലെ എന്റെ ഹൃദയത്തിൽ ഊറിവന്നു. കവിത എഴുതിത്തീർന്നിട്ടും ജഗത്തിന്റെ ആ ആനന്ദരൂപത്തിന്മേൽ പിന്നീടു യവനിക വീണിട്ടേ ഇല്ല.”

ടാഗൂറിന്റെ ജീവിതം വിശ്വശില്പിയുടെ ആരാധനയ്ക്കുള്ള നിരന്തരഗാനമായിരുന്നു.

ആമി ഹേഥായ് ഥാകി ശുധൂ
ഗാഇതേ തോമാർ ഗാൻ.
ദി യോ തോമാർ ജഗൽസഭായ്
ഏ ഇ ടുകൂ മോർ സ്ഥാൻ

അദ്ദേഹത്തിന്റെ സങ്കല്പത്തിനു കാലദേശാദി പരിധികളൊന്നും ഉണ്ടായിരുന്നില്ല. വിശ്വത്തേയും ഒരു മഞ്ജുഗാനമാക്കി പരിവർത്തനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. അപ്പൊഴേ അവിടെ സമത്വസഹോദര്യാദി ഭാവങ്ങൾ കൊണ്ടുള്ള സാമരസ്യം ഉദയം ചെയ്കയുള്ളു. അദ്ദേഹം പരമഭക്തനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈശ്വരൻ പുരോഹിതന്മാരുടെ ഈശ്വരനല്ല. സർവസംഗ പരിത്യാഗംകൊണ്ടു മുക്തി ലഭിക്കുന്നതായും അദ്ദേഹം വിശ്വസിക്കുന്നില്ല.

മുക്തി? ഓരേ മുക്തി കോഥായ് പാബി,
മുക്തി കോഥായ് ആച്ഛേ
ആപനി പ്രഭു സൃഷ്ടി ബാന്ധൻ പോരേ
ബാന്ധാ സബാർ കാച്ഛേ
രാഖോ രേ ധ്യാൻ ഥാക് രേ ഫൂ ലേർഡാലി
ഛീസുക വസ്ത്ര ലാഗുക ധൂലാവാലീ
കർമ്മയോഗേ താർ സാഥേ ഏകഹോയേ
ധർമ്മ പഡുക ഝരേ.

ഈശ്വരാരാധനയ്ക്കു ക്ഷേത്രമോ പുഷ്പഫലാദികളോ ആവശ്യമില്ല. അദ്ദേഹം ചോദിക്കുന്നു:

അന്ധകാരേ ലുക്കിയേ ആപന മോനേ
കാഹാരേ തുളീ പൂജിസ സംഗോപനേ?
നയനമേലേ ദേഖ് ദേഖി തുഇ ചേയേ
ദേവതാ നാ ഇ ഘോരേ

ഈശ്വരനെ കാണണമെങ്കിൽ,

“തിനി ഗേ ഛേൻ ജേഥായ് മാടി ഭേംഗേ
കരച്ഛേ ചാഷാ ചാഷ്
പാഥർ ഭേംഗേ കാടച്ഛേ ജേഥായ് പഥ
ഖാടച്ഛേ ബാരോമാസ്”

‘ഈശ്വരനെ കാണണമെങ്കിൽ കൃഷീവലൻ നിലം ഉഴുതു മറിക്കുന്ന ദിക്കിലേക്കു്–പന്ത്രണ്ടു മാസം വേലക്കാരൻ പാറകൾ വെട്ടി നിരത്തുകൾ നിർമ്മിക്കുന്ന ദിക്കിലേക്കു പോവുക’ എന്നാണു് അദ്ദേഹം ഉപദേശിക്കുന്നതു്.

നുകവും തോളത്തേന്തിക്കാളയ്ക്കുപിമ്പേ പോകും
സുകൃതസ്വരൂപമേ നിന്നെ ഞാൻ നമിക്കുന്നു
പൊരിവെയ്‍ലിലീനിന്റെയുഗ്രമാം തപസ്സല്ലേ
നിറയക്കതിർക്കുല ചൂടിപ്പു നെല്പാടത്തെ
മണ്ണിൽനിന്നുയർത്തുന്നു നിൻദയാവാത്സല്യങ്ങൾ
കണ്ണഞ്ചും മരതകപ്പച്ചയിൽ പവിഴങ്ങൾ
താവകത്യാഗം താലികെട്ടിക്കാതിരുന്നെങ്കിൽ
ഭൂവിലൈശ്വര്യം ചുമ്മാതിരുന്നു നരച്ചേനെ!
ഇന്നവൾ സുമംഗളയായിതാവനികളിൽ-
പ്പൊന്നണിത്തരിവള കിലുക്കിക്കളിക്കുന്നു
കുഞ്ഞാറ്റക്കിളികളെക്കൂടിയും കൂകിച്ചല്ലോ
നെഞ്ഞലിഞ്ഞുതിരും നിൻകനിവിൻനിശ്വാസങ്ങൾ
തത്തകൾ പച്ചച്ചിറകടിച്ചു, പാടത്തുനി-
ന്നുത്തമഗുണങ്ങളെ നിതരാം കീർത്തിക്കുന്നു
ചെണ്ടുകൾ നിന്മാനസം വിടുർത്തിക്കാണിക്കവേ
വണ്ടുകൾ മൂളുന്നിതാ നിന്നപദാനം മേന്മേൽ,
എന്നിട്ടും ലോകം മാത്രം കണ്ണടച്ചിരുന്നുംകൊ-
ണ്ടിന്നിതാ കഷ്ടം നിന്നെ മർദ്ദിപ്പൂ ദയാഹീനം
നിർവ്യാജസ്നേഹത്തിന്റെ വെളിച്ചം വിതയ്ക്കുന്നു
ദിവ്യതാപസ! നീയാണെന്നുമെൻഗുരുനാഥൻ.

എന്നിങ്ങനെ ചങ്ങമ്പുഴയും കൃഷീവലന്റെ മാഹാത്മ്യത്തെ കീർത്തിക്കുന്നുണ്ടു്.

ടാഗൂർ ജീവാവസാനംവരെ റോമാന്തിക കവികളുടെ കക്ഷ്യയിലാണു സ്ഥിതിചെയ്തതു്. അദ്ദേഹം വിപ്ലവത്തിനു വിപരീതമായി നിലകൊണ്ടു. സർവലോക സാഹോദര്യവും സമത്വവും സ്ഥാപിക്കുന്നതിനു് വിപ്ലവംകൊണ്ടേ സാധിക്കൂ എന്നു് അദ്ദേഹത്തിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ ഗംഭീരങ്ങളും പലപ്പൊഴും ദുരവഗാഹങ്ങളും ആയിത്തീർന്നിട്ടുണ്ടു്. അതിൽ അത്ഭുതപ്പെടുവാനുമില്ല. അദ്ദേഹം തന്റെ അനുഭൂതികളിലൂടെ വ്യക്തമായി ദർശിച്ച അപരൂപജ്യോതിസ്സിനെ കേവലം ശബ്ദങ്ങൾകൊണ്ടു എങ്ങനെ വ്യക്തമാക്കും? പ്രതിരൂപങ്ങളെക്കൊണ്ടു് ആ ദിവ്യജ്യോതിസ്സിനെ കഴിയുന്നത്ര വ്യക്തമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതു സഫലമാവുകയും ചെയ്തു.

ചങ്ങമ്പുഴയുടെ അനുഭൂതികൾ സുവ്യക്തങ്ങളാണെങ്കിലും, ആ അനുഭൂതികളുടെ വൈവിധ്യത്തെ അനുരഞ്ജിപ്പിക്കുന്ന ഏകസുവർണ്ണസൂത്രം ഇപ്പോഴും വിദൂരമായിരിക്കുന്നതേയുള്ളു. ആ ഏകത്വത്തിലേക്കു് അദ്ദേഹം ചിലപ്പോഴൊക്കെ ഒളിഞ്ഞു നോക്കുന്നുണ്ടുതാനും.

ഞാനനശ്വരം സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻക്രമീകൃതഗതിഭേദങ്ങൾ മാത്രം
വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്‍വിൻ
സീമയില്ലെനിക്കപ്രമേയമാണെന്നാകാരം
സസ്പൂഹം മമ ഗാനമാസ്വദിച്ചെന്നാൽപോരും
നിഷ്ഫലം വ്യാഖ്യാനിയ്ക്കാനുദ്യമിക്കായ്‍വിൻനിങ്ങൾ. ജീവിതം
എന്നെ പ്രതിഷ്ഠിച്ചു പൂജിച്ചു സേവിക്കു-
കൊന്നായി നിങ്ങൾ മനസ്സിന്റെ കോവിലിൽ
ഞാനുതിർത്തീടും വെളിച്ചത്തു കണ്ടിടാം
മാനവത്വത്തിൻമഹിമാവിശുദ്ധികൾ
എന്റെ കണ്ണാടിയിൽക്കൂടി നോക്കീടുകിൽ
കണ്ടിടാമൊന്നായ് വിഭിന്നരാം മർത്ത്യരെ!
എന്തിനു മാപ്പു കൊടുക്കാൻ, കരുണയാ-
ർന്നെന്തും മറക്കാൻ പഠിപ്പിച്ചിടുന്നു ഞാൻ
ശാന്തികിടക്കുന്നതൈക്യത്തിലാണാത്മ-
കാന്തി വർദ്ധിപ്പു സമഭാവസക്തിയിൽ രക്തപുഷ്പങ്ങൾ

ഈ വരികൾ വായിക്കുമ്പോൾ ലക്ഷ്യം പ്രസ്തുത കവിക്കു ദുഷ്പ്രാപമല്ലെന്നു നമുക്കു കാണാം. എന്നാൽ,

ഈശ്വരൻ! നിരർത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങൾതന്നടിമത്തം
ശിലയെപ്പൂജിക്കാനുമീശ്വരനിടയ്ക്കിടെ-
ച്ചില കൈക്കൂലിയേകി നിർവ്വാണം പിടുങ്ങാനും
ലോകത്തിൽ പുരോഹിതൻ വിലയ്ക്കു വിറ്റീടുന്ന
നാകലോകത്തേയ്ക്കുള്ള പാസ്പോർട്ടു നേടീടാനും
ഭാവിച്ചിട്ടില്ല ഞങ്ങൾ പാവനസ്വാതന്ത്ര്യത്തിൻ
ഭാസുരപ്രഭാതംവന്നണഞ്ഞാൽ പോരും വേഗം
തകരും കിരീടത്തിൻശകലങ്ങളെക്കൊണ്ടു
നികരാൻ വൈകി കാലം പാരതന്ത്ര്യത്തിൻഗതി. നവവർഷനാന്ദി

എന്നിങ്ങനെ സർവ്വതന്ത്രസ്വാതന്ത്ര്യോദയത്തെ ഉദ്ഭാവന ചെയ്യുന്ന ഏതാനും വരികളും,

എന്തെന്തു മാറ്റം! ഞൊടിയിൽജ്ജഗത്തി-
നെന്തന്തരം! വിപ്ലവധൂമഘോഷം!
പഠിച്ചിടട്ടേ പതിതർക്കുപോലും
പരാക്രമം സാധ്യമിതെന്നു ലോകം. തീപ്പൊരി
ചെന്നിണംപെയ്തെങ്ങെങ്ങും വിപ്ലവക്കനൽ മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാൽ മതിയെന്നോ?
ഒന്നതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പൊഴേക്കും ത്യാഗ-
തുന്ദിലേ ഭാരതാംബേ നീ മുഖം പൊത്തുന്നെന്തേ?
പണ്ടത്തെശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനില്ലിന്നെങ്ങും വേനർ മാത്രമേയുള്ളു
സ്വന്തസോദരന്മാർ തൻഹൃദ്രക്തമൂറ്റിക്കുടി-
ച്ചന്തസ്സിൽ തലപൊക്കുമന്തകന്മാരേയുള്ളു!
പാടത്തു പണിചെയ്യും പട്ടിണിക്കാരെപ്പേർത്തും
പാദത്താൽ ചവിട്ടുന്ന പാപിഷ്ഠന്മാരേയുള്ളു!
അവർ നിൻസുതന്മാരാണെങ്കിലന്നാദ്യം ഞങ്ങൾ-
ക്കവരെക്കുറച്ചിട കണ്ണടച്ചാലും മാതേ!
ആ രക്തക്കളമെല്ലാം വറ്റിപ്പോം ഞൊടിക്കുള്ളി-
ലാരമ്യാമൃതസരസ്സാഗരിമാമങ്ങെല്ലാം
മുന്നിലക്കാണും കുന്നുംകുഴിയും നീങ്ങിപ്പച്ച
മിന്നിടും സമതലമുയരും സസ്യാഢ്യമായ്. ആ കൊടുങ്കാറ്റു്

എന്നിങ്ങനെ വിപ്ലവത്തിനു് സ്വാഗതം അരുളുന്ന വരികളും,

അദ്ദേഹത്തിനെ വീരപുരോഗമന സാഹിത്യകാരന്മാരുടെ മുന്നണിയിൽ നിർത്തുന്നതായി ഏ. ബാലകൃഷ്ണപിള്ള അവർകൾ കരുതുന്നു. “……സ്വന്ത പാപസമ്മതവും ലൗകികജീവിതത്തോടുള്ള കയ്പും, വെറുപ്പും കൊടിയ നൈരാശ്യവും, വേദാന്തചിന്തയിലേക്കു പോകുവാനുള്ള ഭാവവും” പ്രകൃതഗ്രന്ഥത്തിൽ (സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽ) പൊന്തിച്ചു നില്ക്കുന്നു. ഈ മനഃസ്ഥിതി ചങ്ങമ്പുഴയിൽ സ്ഥിരമായി നില്ക്കുകയില്ലെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഈ പ്രത്യാശ അസ്ഥാനത്തിലാണെന്നാണു് എനിക്കു തോന്നുന്നതു്. നിർമ്മലപ്രേമത്തിന്റെ മുരളിയും വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ഗായകനു് വിപ്ലവത്തെ ഒരുനിമിഷനേരത്തേക്കുപോലും സഹിച്ചുകൊണ്ടിരിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. കുശാഗ്രബുദ്ധിയായ ശ്രീ: വക്കം അബ്ദുൽഖാദർ ചങ്ങമ്പുഴയുടെ തൂലികാചിത്രത്തിൽ പറഞ്ഞിട്ടുള്ളതാണു് വാസ്തവം. “അദ്ദേഹം ചൂടില്ലാത്ത ഒരു പ്രകാശമാണു്. പൂനിലാവു പൊഴിക്കുമ്പോൾ ദ്രവിക്കുന്ന തന്റെ മാനസത്തിൽ നിന്നു വിപ്ലവാഗ്നിയുടെ ഊഷ്മാവു് ഉയരുന്നില്ല; അദ്ദേഹം നിർദ്ദയ നിയമത്തിന്റെ നേർക്കയയ്ക്കുന്ന വെടിയുണ്ടകൾ അലറുകയല്ല, പാടുകയാണു് ചെയ്യുന്നതു്. അദ്ദേഹത്തിന്റെ ഖഡ്ഗം ഖഡ്ഗമല്ല, മധുവും മണവും നിറഞ്ഞ പുഷ്പമാണു്.” യൗവ്വനത്തിളപ്പുകൊണ്ടുണ്ടാകുന്ന വികാരതൈഷ്ണ്യത്തിൽ കവിയുടെ ഭാവനകൾക്കു് കടിഞ്ഞാണറ്റുപോയി. അതാണു് ചങ്ങമ്പുഴയുടെ കവിതയ്ക്കുള്ള ഒരു ന്യൂനതയും. ‘വാഴക്കുല’ എന്ന കൃതിതന്നെ നോക്കുക. ഇതിനെക്കാൾ ഹൃദയസ്പർശകമായ ഒരു ഭാഷാകവനം ഉണ്ടായിട്ടേ ഇല്ല. എന്നാൽ അതിലെ,

അഴിമതിയക്രമമത്യന്തരൂക്ഷമാ-
മപരാധം നിശിതമാമശനിപാതം
കളവെന്തെന്നറിയാത്ത പാവങ്ങൾ പൈതങ്ങൾ
കനിവറ്റ ലോകം, കപടലോകം!
നിസ്സ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം,
നിസ്സഹായത്വം, ഹാ! നിത്യദുഃഖം
നിഹതനിരാശാതിമിരം ഭയങ്കരം
നിരുപാധികോഗ്രനിയമഭാരം
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങൾതൻ പിന്മുറക്കാർ

ഇത്യാദി വരികൾ അഭിജ്ഞോത്തമനായ റവ: ഡോക്ടർ ഏബ്രഹാം വടക്കേൽ പറഞ്ഞിട്ടുള്ളതുപോലെ ‘അതിഭാഷണം’ തന്നെയാണു്. അതു കടിഞ്ഞാണറ്റ ഭാവനയുടെ ഫലമാകുന്നു.

ചങ്ങമ്പുഴയുടെ കവിതകൾ സദാചാരഭ്രംശകങ്ങളാണെന്നു ഒരുകൂട്ടർ പറയാറുണ്ടു്; മഹാത്മാ വായനാശാലക്കാർ കവിക്കു് ഒരു ‘ഇഞ്ജംക്ഷൻ’ ആർഡറും കൊടുത്തുവത്രേ.

ആചാര്യന്മാർ നിങ്ങൾ നെയ്തുതന്നോ-
രാചാരമാകും നനഞ്ഞവസ്ത്രം
മാറിയുടുക്കാതിരിക്കുവോളം
മാമൂൽപതിയെങ്ങു വിട്ടുമാറാൻ

‘സദാചാര’ത്തിന്റെ മറവിൽ നിന്നുകൊണ്ടു് ലോകം വികൃതഗോഷ്ടികൾ കാണിച്ചു തുടങ്ങുമ്പോഴാണു് കാല്പനിക സാഹിത്യത്തിന്റെ ആധിപത്യത്തെ തകർത്തുകൊണ്ടു് വാസ്തവിക പ്രസ്ഥാനക്കാർ രംഗപ്രവേശം ചെയ്യുന്നതു്. അതു സ്വാഭാവികമാകുന്നു. ധർമ്മാലയങ്ങൾ അധർമ്മകേന്ദ്രങ്ങളായി വർത്തിക്കുക, അസത്യവാദികൾ ഹരിശ്ചന്ദ്രരെന്നു ഭാവിക്കുക, കുലടകൾ സതീത്വം അഭിനയിക്കുക, അനീതിയിൽ കളിക്കുന്നവർ നീതിനിഷ്ഠരുടെ മട്ടു കാണിക്കുക ഇതൊക്കെയാണു് ഇന്നത്തേ സമുദായരീതി. അതും സഹിക്കാമായിരുന്നു. അവർ സച്ചരിതന്മാരെ ചാരിത്രഹീനന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. കവികളുടെ സ്ഥിതിയോ? പുംശ്ചലികളുടെ പിന്നാലെ നടക്കുന്നവൻ വ്യഭിചാരത്തിന്റെ ഗർഹണിയതയെ അതിവർണ്ണനം ചെയ്തു് തന്റെ നിന്ദ്യജീവിതത്തിന്നു മറയിടുന്നു; ദാനശീലം എന്നതു് എന്തൊരു വസ്തു എന്നറിയാത്തവർ കർണ്ണന്റെ മുക്തഹസ്തതയെ വാഴ്ത്തി, താനും ഒരു കർണ്ണനാണെന്നു ലോകത്തെ ധരിപ്പിക്കുന്നു. പതിതരെ അരക്കാതം അകലെ നിർത്തുന്നവൻ അസ്പൃശ്യതയുടെ കഠോരതയ്ക്കു കടുനിറം കൊടുക്കുന്നു. സ്വപത്നിയെ നിത്യവും കണ്ണുനീരിൽ കുളിപ്പിക്കുന്ന മഹാപാപി ദാമ്പത്യ പ്രേമത്തിന്റെ വിശുദ്ധ ഗായകനായി ശോഭിക്കുന്നു. വാസ്തവിക പ്രസ്ഥാനക്കാർ ഈ കള്ളത്തരങ്ങളെയെല്ലാം നിർദ്ദയം പുറത്താക്കുന്നതിൽ എന്തത്ഭുതം! ചില മലിനവസ്ത്രങ്ങളെ വെളിയ്ക്കെടുത്തിട്ടു അലക്കാതെ സമുദായശോധനം സാധ്യമല്ലെന്നു അവർക്കറിയാം. സദാചാരനിഷ്ഠയിൽ അഗ്രഗണ്യനായ ഇബ്സൻ പ്രേതങ്ങൾ, സമുദായസ്തംഭങ്ങൾ മുതലായ നാടകങ്ങളിൽ ഇതുതന്നെയാണു് ചെയ്തിട്ടുള്ളതു്. മാമുൽപ്രിയന്മാർ എന്തൊക്കെ പറഞ്ഞാലും ആത്മാർത്ഥതയോടുകൂടി പ്രവർത്തിക്കുന്ന യഥാർത്ഥപ്രസ്ഥാനക്കാർ കൂസുകയില്ല. ചങ്ങമ്പുഴ തന്നെ പറയുന്നതെന്താണെന്നു നോക്കുക.

എത്രനാൾ നിഗൂഢമാം നിർല്ലജ്ജപ്രചരണ-
ബുദ്ബുതവ്രാതം നില്ക്കും പുഴതന്നൊഴുക്കുത്തിൽ
വിണ്ണിൽവച്ചീശൻ നിന്നെയഭ്യസിപ്പിച്ചു, നീയീ-
മന്നിൽവന്നേവം വീണ വായിക്കാൻ നൃത്തംചെയ്‍വാൻ
ആരോടുമനുവാദം ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതുമിത്രനാളതു തുടർന്നതും
അതിനാലേതോ ചില കോമാളിവേഷക്കാർവ-
ന്നരുതെന്നാജ്ഞാപിച്ചാൽ കൂസുകില്ലെള്ളോളം നീ.

ഇങ്ങനെ സമത്വത്തിന്റെ പേരിൽ വിപ്ലവകാഹളം മുഴക്കുന്ന കവി തന്റെ ചില കവനങ്ങളെ ധനാഢ്യന്മാർക്കും ഉദ്യോഗസ്ഥപ്രഭുക്കന്മാർക്കും സമർപ്പിച്ചിരിക്കുന്നതു കാണുമ്പോൾ അദ്ദേഹത്തിന്റെ ആത്മാർത്ഥതയിൽ വായനക്കാർക്കുള്ള വിശ്വാസം തകർന്നുപോകുന്നതിൽ അത്ഭുതപ്പെടാനില്ല.

‘ചങ്ങമ്പുഴ ഭാഷാസാഹിത്യത്തെ വിദേശസാഹിത്യത്തിനടിമപ്പെടുത്തിക്കളഞ്ഞു’ എന്നാണു് അദ്ദേഹത്തിന്റെ പേരിൽ സാധാരണ ആരോപിച്ചുവരുന്ന ഒരു അപരാധം. ഷെല്ലി, ബ്രൗണിങ്ങു്, ബൈറൺ തുടങ്ങിയ കവികൾ പ്രസ്തുത കവിയിൽ കുറേ അധികം പ്രേരണാശക്തി പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതു പ്രത്യക്ഷമാണു്. അതു് കവിതന്നെയും സമ്മതിക്കുന്നുണ്ടു്. അദ്ദേഹം അതിനു് ഇങ്ങനെ സമാധാനം പറയുന്നു:

“കാളിദാസനോടൊപ്പം ഷേക്സ്പീയറേയും, ഭവഭൂതിയോടൊപ്പം ഹ്യൂഗോവിനേയും, എഴുത്തച്ഛനോടൊപ്പം ഷെല്ലിയേയും, ചെറുശ്ശേരിയോടൊപ്പം സ്ത്രിൻഡ്ബർഗ്ഗിനേയും, തുളസീദാസനോടൊപ്പം മാക്സിംഗോർക്കിയേയും മനസ്സിലാക്കുവാനും അഭിനന്ദിക്കുവാനുമുള്ള ഹൃദയവിശാലതയും സംസ്കാരസംപുഷ്ടിയുമാണു് നമുക്കുണ്ടാകേണ്ടതു്.

വിശ്വസാഹിത്യം അനുദിനമല്ല, അനുനിമിഷം വളർന്നുകൊണ്ടിരിക്കയാണു്. പ്രസ്ഥാനഭേദങ്ങളും ആശയാദർശങ്ങളും സമുദ്രത്തിലെ തിരകൾപോലെ ഒന്നിനുപുറകേ ഒന്നായങ്ങനെ മാറി മറിഞ്ഞും കേടു പിണഞ്ഞും വന്നുപൊയ്ക്കൊണ്ടിരിക്കുന്നു…”

“എത്രയൊക്കെ അണകെട്ടി നിർത്തിയാലും മനുഷ്യഭാവന അവയെ എല്ലാം തട്ടിത്തകർത്തു് സദാ മുന്നോട്ടുതന്നെ ത്വരിതപ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന വിശ്വസാഹിത്യസമുദ്രത്തിലെ ഒരു കൊച്ചു ജലബിന്ദു മാത്രമാണു് മലയാളസാഹിത്യം. ആ അലയാഴിപ്പരപ്പിൽ അടിക്കടി കോളിളക്കമുണ്ടായിക്കൊണ്ടിരിക്കുമ്പോൾ, ആ ചലനം അല്പമായിട്ടെങ്കിലും ആ ജലബിന്ദുവിനേയും എങ്ങനെ ബാധിക്കാതിരിക്കും. സംസ്കൃതപക്ഷപാതികളായ യാഥാസ്ഥിതികപണ്ഡിതന്മാരുടേയും, നിരൂപകന്മാരുടേയും സങ്കുചിതമനോഭാവദ്യോതകങ്ങളായ മർക്കടമുഷ്ടികൾക്കു വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ നമ്മുടെ സാഹിത്യം എത്രയോ നാൾ മുൻപുതന്നെ മുരടിച്ചുപോയേനേ! ഇന്നതു തളിരുപൊടിച്ചു വരുന്നുണ്ടെന്നും ഒരു കാലത്തു് പുഷ്ഫലാവകീർണ്ണമായി പരിലസിക്കുമെന്നും നമുക്കു് ആശിക്കാം.”

കവി ‘കാന്താസമ്മിതയായ’ എന്ന കാവ്യധർമ്മത്തെപ്പോലും പഴിക്കുന്നു. അതു് എന്താണാവോ പിഴച്ചതു്? ആരുടെ കവിതയായിരുന്നാലും അതു് കാന്താസമ്മിതത്വേന ധർമ്മോപദേശം ചെയ്യുന്നുണ്ടെന്നുള്ളതു പരമാർത്ഥമാണു്. ‘വാഴക്കുല‘ എന്ന പദ്യവും കാന്താസമ്മിതയായ രീതിയിൽ അനുവാചകരിൽ വിപ്ലവേച്ഛ അങ്കുരിപ്പിക്കുന്നുണ്ടല്ലോ.

ഭാഷാസാഹിത്യം ആംഗലഭാഷാസാഹിത്യത്തിന്റെ പ്രേരണയ്ക്കു വശപ്പെടുന്നതും ഇപ്പോൾ ഇദംപ്രഥമമായിട്ടല്ല. നമ്മുടെ ഗദ്യത്തിന്റെ വികാസത്തിനു തന്നെയും നാം ആംഗലഭാഷയോടാണു് കടപ്പെട്ടിരിക്കുന്നതു്. പ്രസ്ഥാനങ്ങൾ ഏതു നാട്ടിൽ ജനിച്ചതായാലും, നമുക്കു് സ്വീകാര്യമാണു്; അന്തരീക്ഷം അകേരളീയമാകാതെ സൂക്ഷിച്ചാൽ മതി. സംസ്കൃതം പഠിച്ചേ പണ്ഡിതനാകാവൂ എന്നുമില്ല. അതിനാൽ ചങ്ങമ്പുഴ വരുത്തിയിട്ടുള്ള വ്യതിയാനങ്ങളിൽ ആക്ഷേപയോഗ്യമായി ഞാനൊന്നും കാണുന്നില്ല.

ഇത്രയും പറഞ്ഞതിൽനിന്നു് എനിക്കു് ഈ കവിയോടു തോന്നിയിട്ടുള്ള ബഹുമാനാതിരേകം വ്യക്തമായല്ലോ. എന്നാൽ അദ്ദേഹമാണു് ഇന്നത്തേ ഏക മഹാകവി; വള്ളത്തോളും ഉള്ളൂരും വിസ്മൃതരായിക്കഴിഞ്ഞു എന്നൊക്കെ പറയുന്നതു് ‘തല മറന്നു് എണ്ണ തേയ്ക്കുക’യാണു്. ആ പണ്ഡിതമഹാകവികൾ ഭാഷയ്ക്കു നേടിത്തന്നിരിക്കുന്ന സാഹിത്യസമ്പത്തു് അനല്പമാണു—അതിവിപുലമാണു്—അനർഘമാണു്. കമ്മ്യൂണിസ്റ്റുകാർ സ്വപ്നം കാണുന്ന രക്തപ്രളയത്തിൽ അവ ആണ്ടുപോകുമെന്നു വിശ്വസിക്കുന്നവർ റഷ്യയിൽ എന്താണു ചെയ്യുന്നതെന്നു നോക്കട്ടെ. അവർ പ്രാചീനസാഹിത്യത്തെ സർവാത്മനാ ആദരിച്ചു വരുന്നു എന്നാണു് എന്റെ അറിവു്.

ചങ്ങമ്പുഴയുടെ ചില തർജ്ജമകളെപ്പറ്റിയും ഇവിടെ രണ്ടു വാക്കു പറയുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. അദ്ദേഹം വാഗ്മിത കുറഞ്ഞവനാണെന്നു്–അതായതു് യഥാർത്ഥ വാഗ്മിത ഉള്ളവനാണെന്നു–ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ പറയുന്നു. എന്നാൽ പദങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നതിനുള്ള കൗതുകമാണു് തർജ്ജമകളിൽ പ്രത്യക്ഷപ്പെടുന്നതു്. കവി പറയുന്നതെന്തെന്നു നോക്കുക:

“കവിതകൾ തർജ്ജിമ ചെയ്യുമ്പോൾ അതിലും കവിഞ്ഞ സ്വാതന്ത്ര്യം ചിലപ്പോഴൊക്കെ ഞാൻ കാണിച്ചേക്കാം. എന്നാൽ അതൊരിക്കലും അതിരു കവിഞ്ഞു പോകുവാൻ ഞാൻ എന്നെ അനുവദിക്കാറില്ല. ഇംഗ്ലീഷിലെ ഒരു വരിക്കു പത്തു വരി ഉപയോഗിച്ചേക്കാമെങ്കിലും–അവയിൽ എന്റെ സ്വന്തമായ ചില പൊടിക്കൈകളും ചായംപിടിപ്പിക്കലും കണ്ടേക്കാമെങ്കിലും–ആ പതിരുകളൊക്കെ പാറ്റിക്കളഞ്ഞാൽ മൂലഗ്രന്ഥകാരന്റെ ധാന്യം അത്ര വലിയ തേയ്മാനമൊന്നും സംഭവിക്കാതെതന്നെ അവിടെ കിടക്കുന്നുണ്ടാവും.” പിന്നെയും പറയുന്നു:–

“മൂലഗ്രന്ഥകാരന്റെ ആശയത്തെ വ്യഭിചരിപ്പിക്കുകയോ വികൃതപ്പെടുത്തുകയോ ചെയ്യുന്നതു് എനിക്കു് വലിയ സങ്കടമാണു്.”

ഈ അഭിപ്രായത്തെ മനസ്സിൽ വച്ചുകൊണ്ടു് ഗീതാഗോവിന്ദത്തിന്റെ തർജ്ജമയെ നമുക്കു അല്പമൊന്നു പരിശോധിച്ചു് നോക്കാം. “മൃദുലപദസരണി ലളിത”വും “രുചിരാർത്ഥസംഹതിബഹുല”വും ‘സരസരാഗനബദ്ധവും’ ആയ ഈ കാവ്യതല്ലജത്തെ ഭാഷയിലേക്കു് ഇദംപ്രഥമമായി തർജ്ജമചെയ്തതു് മഹാകവി രാമപുരത്തു വാരിയരായിരുന്നു. അദ്ദേഹം ആ സാഹസകൃത്യത്തിൽ പ്രവേശിച്ചതു തന്നെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സുഗ്രീവാജ്ഞ നിമിത്തമാണു്.

ആ കൃതി ഇപ്പോഴും പ്രചാരത്തിലിരിക്കുന്നുണ്ടു്. അതിനെപ്പറ്റി സാഹിത്യചരിത്രം നാലാംഭാഗത്തിൽ വിമർശിച്ചിട്ടുള്ളതിനാൽ ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. ഈ തർജ്ജമ നോക്കാം.

വാചഃ പല്ലവയത്യുമാപതിധരഃ സന്ദർഭശുദ്ധിം ഗിരാം
ജാനീതേ ജയദേവ ഏവ ശരണഃ ശ്ലാഘ്യോ ദുരൂഹാദൃതേ
ശൃംഗാരോത്തരസൽപ്രമേയരചനൈരാചാര്യഗോവർദ്ധന
സ്പർദ്ധീ കോപി ന വിശ്രുതഃ ശ്രുതിധരോ ധോയീ കവിക്ഷ്മാപതിഃ

ഈ ശ്ലോകത്തിൽ ജയദേവർ ലക്ഷ്മണസേനന്റെ സദസ്യരായ ആറു കവികളെ (താനുൾപ്പെടെ) സ്മരിക്കുന്നു. അവരിൽ ഉമാപതിധരൻ വാക്‍വൈചിത്ര്യംകൊണ്ടു ശോഭിക്കുന്നു; വാങ്മാധുര്യരഹിതവും ശബ്ദാർത്ഥശൂന്യവുമായതിനാൽ തൽകവിത സഹൃദയഹൃദയാഹ്ളാദകമല്ലെന്നു ഭാവം. ശരണൻ ദുരൂഹമായ കാവ്യത്തിന്റെ രചനയെ സംബന്ധിച്ചിടത്തോളം മാത്രം ശ്ലാഘ്യനായിരിക്കുന്നു. ഗൂഢാർത്ഥത്വാദി ദോഷസംയുതവും പ്രസാദാദി ഗുണവിഹീനവും ആയിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കവിത വിദഗ്ദ്ധമനോവിനോദക്ഷമമല്ലെന്നു ഭാവാർത്ഥം. ശൃംഗാരോത്തര സൽപ്രമേയരചനകളേ സംബന്ധിച്ചാണെങ്കിൽ ഗോവർദ്ധനാചാര്യരോടു മത്സരിക്കാൻ ആരുമില്ല. എന്നാൽ രസാന്തര വർണ്ണനയിലും അലൗകിക ശൃംഗാരവർണ്ണനയിൽ തന്നെയും വിശേഷിച്ചു്, വർണ്ണനീയാർത്ഥത്തിന്റെ ശുദ്ധി, മാധുര്യഗുണസമ്പന്നമായ പദരചന ഇവയിലും അദ്ദേഹം അശക്തൻ ആണെന്നു ധ്വനി. ശ്രുതിധരൻ വിശ്രുതനാണു്–തന്റെ പേരിനാൽ സൂചിപ്പിക്കപ്പെടുന്ന ഗുണത്തിൽ മാത്രം പ്രസിദ്ധനാകുന്നു. അതായതു് കേവലം ഗ്രന്ഥഗ്രാഹി മാത്രമാണത്രേ. ധോയി കവിക്ഷ്മാപതിയാണു്–കവിരാജനാണു്. എന്നാൽ കവിതയെഴുത്തിലല്ല കവികളെ ഉപദേശിക്കുന്ന വിഷയത്തിലും വൈദ്യശാസ്ത്രത്തിലും ആണു് അദ്ദേഹത്തിനു വൈദഗ്ദ്ധ്യം. ജയദേവൻ മാത്രമേ വാക്കുകളുടെ സന്ദർഭശുദ്ധി അറിയുന്നുള്ളു. ഇത്രയും അർത്ഥം ഈ ഒറ്റ ശ്ലോകത്തിൽ നിന്നു പ്രതീയമാനമായിരിക്കുന്നു. അനുവാദകൻ രണ്ടു ശ്ലോകങ്ങളാൽ ഇതിന്റെ അർത്ഥം വ്യക്തമാക്കാൻ നോക്കുന്നു.

ശബ്ദാഡംബരനാണുമാപതിധരൻ, സംശ്ലാഘ്യനാണെങ്കിലും
ശബ്ദത്തിങ്കൽ ദുരൂഹ്യതയ്ക്കിടകൊടുത്തീടുന്നു ഹാ ചാരണൻ
സ്പർദ്ധിപ്പു കവിവര്യനാം ശ്രുതിധരൻ ഗോവർദ്ധനാചാര്യരോ-
ടിദ്ധഖ്യാതി വഹിപ്പതില്ലനുപമശൃംഗാരകാവ്യാപ്തിയിൽ.
കവികുലനൃവരൻ ധോയി-
യ്ക്കവികലമല്ല യശസ്സു ലവലേശം
സുവിശദശബ്ദാവലിത-
ന്നവസരശുദ്ധിയറിവോൻ ജയദേവൻ.

തർജ്ജമ പറ്റിയില്ലെന്നാണു് തോന്നുന്നതു്. ‘കേ. വി. എം. ന്റെ ഭാവപ്രിയ’യാണു് തർജ്ജമയ്ക്കാധാരമെന്നു വ്യക്തമാണു്. കുംഭരാജാവിന്റെ രസിക പ്രിയയും മഹാമഹോപാദ്ധ്യായ ശങ്കരമിശ്രന്റെ രസമഞ്ജരിയും ‘ശരണ’ കവിയെ ചരണനാക്കീട്ടില്ല; തർജ്ജമക്കാരൻ ചരണനെ ചാരണനാക്കി നീട്ടിയിട്ടുണ്ടെന്നേയുള്ളു. കെ. വി. എം. ശൃംഗാരോ ……രചനൈഃ ആചാര്യഗോവർദ്ധന സ്പർദ്ധികോപി ന എന്നന്വയിക്കാതെ ശൃംഗാരപ്രധാനങ്ങളായ ഉത്തമപ്രബന്ധങ്ങളുടെ നിർമ്മാണംകൊണ്ടു് ഗോവർദ്ധനാചാര്യരോടു മത്സരിക്കുന്നവനാകയാൽ ശ്രുതിധരൻ അപ്രസിദ്ധനായിത്തീർന്നു എന്നു വ്യാഖ്യാനിക്കുന്നു. തർജ്ജമക്കാരനും അതേ അർത്ഥം തന്നെ സ്വീകരിച്ചു കാണുന്നു. ഈ വ്യാഖ്യാനം സമഞ്ജസമേ അല്ല “കവികുലനൃവരൻ ധോയിയ്ക്കവികലമല്ല യശസ്സു്” എന്ന അർത്ഥം എവിടെ നിന്നു കിട്ടി? ‘ലവലേശം’ എന്ന പദം ഇവിടെ ഘടിക്കുന്നുമില്ല. ദുരൂഹ്യതയും വേണ്ടായിരുന്നു. ദുരൂഹതയാണു ശരി–അതു പോകട്ടെ–ശബ്ദശുദ്ധിയെ ഇന്നു് ആരു വക വയ്ക്കുന്നു?

മൂലം—പ്രളയപയോധിജലേ ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം
കേശവധൃതമീനശരീര ജയജഗദീശഹരേ

ഹേ! ഹരേ! ധൃതമീനശരീരനായ കേശവ, ജഗദീശ ജയിച്ചാലും. അങ്ങു് പ്രളയപയോധിയുടെ ജയത്തിൽ വിഹിതവഹിത്ര ചരിത്രമാകുംവണ്ണം അഖേദം വേദത്തെ ധരിച്ചവനായി—അതായതു് പോതചേഷ്ടിതം അംഗീകരിച്ചു് അനായാസം വേദത്തെ ഉദ്ധരിച്ചു.

തർജ്ജമ—ജ്ഞാനമാർഗ്ഗമായ് മുക്തിയിങ്കലേ-
യ്ക്കാനയിക്കുമാ വേദങ്ങൾ
ഉൽക്കടപ്രളയാബ്ധിയിങ്കൽനി-
ന്നുദ്ധരിച്ചു വഹിപ്പു നീ

ഇവിടെ വിഹിതവഹിത്രചരിത്രമെന്നും അഖേദം എന്നും ഉള്ള വിശേഷണങ്ങളെ വിട്ടുകളഞ്ഞിട്ടു് ‘ജ്ഞാനമാർഗ്ഗമായ് മുക്തിയിങ്കലേയ്ക്കാനയിക്കും’ എന്നു് വേദങ്ങൾക്കു് ഒരു വിശേഷണം കൂട്ടിയിരിക്കുന്നു. ഈ ‘പൊടിക്കൈ’ അനുചിതമായിരിക്കുന്നു എന്നു പറയാതെ തരമില്ല. മുക്തിയ്ക്കു് ജ്ഞാനമാർഗ്ഗം, കർമ്മമാർഗ്ഗം, ഭക്തിമാർഗ്ഗം എന്നിങ്ങനെ ത്രിവിധമാർഗ്ഗങ്ങളുണ്ടു്. ഈ മൂന്നു മാർഗ്ഗക്കാർക്കും പ്രമാണം വേദംതന്നെ. എന്നാൽ ഭക്തിമാർഗ്ഗാവലംബിയായ ജയദേവരുടെ കൃതിയിൽ ആ വിശേഷണം എങ്ങനെ സംഗതമാവും?

മൂലം—ക്ഷിതിരതിവിപുലതരേ തവ തിഷ്ഠതി പൃഷ്ഠേ
ധരണിധരണകിണചക്രഗരിഷ്ഠേ
കേശവധൃതകച്ഛപരൂപജയജഗദീശഹരേ

ഇവിടെ ‘തിഷ്ഠതി’ എന്നു വർത്തമാനകാലം നിർദ്ദേശിച്ചിരിക്കുന്നതു് കച്ഛപാവതാര പ്രയോജനം സർവലോക പ്രസിദ്ധമാണെന്നു കാണിപ്പാൻ വേണ്ടി മാത്രമാണു്. അതിനാൽ,

തർജ്ജമ–നിത്യഭൂധാരണത്തിനാൽത്തഴ-
ച്ചൊത്തുചുറ്റുംഗരിഷ്ഠമായ്
വിസ്തൃതമാം നിൻ പൃഷ്ഠവേദിയിൽ
വർത്തിപ്പൂ വിശ്വമണ്ഡലം
ജയധൃതകമഠകരൂപ ഹരേ
ജയ കേശവ ജഗദീശ! ഹരേ.

എന്ന തർജ്ജമയിലെ ‘നിത്യ’ ശബ്ദം പ്രാസത്തിനു വേണ്ടി ഉപയോഗിച്ചതാണെന്നു വരുന്നു.

മൂലം—വസതി ദശനശിഖരേ ധരണീ തവ ലഗ്നാ
ശശിനികളങ്കകലേവതിമഗ്നാ
കേശവധൃത ശൂകരരൂപ ജയ ജഗദീശ ഹരേ.
തർജ്ജമ—ഉഗ്രമായ നിൻദംഷ്ട്രയിൽച്ചേർന്നു
പറ്റിവിട്ടിടാതങ്ങനെ
ഉല്ലസിപ്പിതിക്ഷോണി, ചന്ദ്രനി-
ലുള്ളൊരാപ്പങ്കരേഖപോൽ
ജയ ധൃത സൂകരരൂപഹരേ
ജയ കേശവ ജഗദീശ ഹരേ.

ഈ തർജ്ജമ അന്യൂനമാണെന്നു പറയാം.

മൂലം—തവ കരകമലവരേനഖമത്ഭുതശൃംഗം
ദലിതഹിരണ്യകശിപുതനുഭൃംഗം
കേശവ ധൃത നരഹരിരൂപ ജയ ജഗദീശ ഹരേ.
തർജ്ജമ—ആ ഹിരണ്യകശിപുതൻ ലൂനദേഹമാം മത്തഭൃംഗകം
തങ്ങിനില്ക്കും നഖങ്ങൾ മേളിക്കുമങ്ങുതൻപാണിപങ്കജം
അപ്രതിമമതുല്ലസിക്കുന്നിതത്ഭുതോഗ്രമായന്വഹം
ജയധൃതനരഹരിരൂപഹരേ ജയ കേശവ ജഗദീശ ഹരേ.

ഈ തർജ്ജമ വായിച്ചാൽ ഹിരണ്യകശിപുവിന്റെ ശരീരം ഇപ്പോഴും നരസിംഹത്തിന്റെ പാണിയിൽ തങ്ങിയിരിക്കുന്നതായി തോന്നുന്നില്ലേ? ആ അർത്ഥം മൂലത്തിനില്ല. നിന്റെ കരകമലത്തിൽ ദലിതഹിരണ്യകശിപു തനുഭൃംഗമായ—അതായതു് ഹിരണ്യകശിപുവിന്റെ ശരീരമാകുന്ന ഭൃംഗത്തെ വിദലനം ചെയ്തതും അത്ഭുതശക്തിയോടുകൂടിയ മുനയുള്ളതുമായ നഖം ശോഭിക്കുന്നു എന്നാണർത്ഥം.

ഇതുപോലെ ഏഴാമത്തെ ചരണത്തിലും തർജ്ജമ വികലമായി കാണുന്നു.

രണ്ടാമത്തെ ഗാനം തർജ്ജമയേയല്ല. മൂലത്തെ വൃഥാ സ്ഥൂലമാക്കീട്ടേയുള്ളു.

മൂലം—ശ്രിതകമല കുചമണ്ഡല ധൃതകുണ്ഡല-ഏ
കലിത ലലിത വനമാല ജയജയ ദേവഹരേ.
തർജ്ജമ—ശ്രിതകമലാ കുചോർജ്ജ്വലമണ്ഡല
ധൃതമകരമനോഹരകുണ്ഡല
കലിതകല്പകമാലികോരസ്ഥല
ജയ ഹരേ ജയദേവ സുനിർമ്മല.

വനമാല കല്പകമാലയല്ലെന്നാണു് തോന്നുന്നതു്. അതു പോകട്ടെ.

മൂലം—ദിനമണിമണ്ഡലമജ്ജനഭവഖണ്ഡന–ഏ-
മുനിജനമാനസഹംസ ജയ ജയ ദേവ ഹരേ.
തർജ്ജമ—ജയ ദിനമണിമണ്ഡലമണ്ഡന
ജയ നിയത ഭവഭയഖണ്ഡന
മുനിമാർമാനസഹംസജനാർദ്ദന
ജയ ഹരേ ജയ ഹേ മധുസൂദന.

ഇതുപോലെ തന്നെ മറ്റു ചരണങ്ങളും തർജ്ജമയാണെന്നു പറയാൻ നിവൃത്തിയില്ല.

പത്മാപയോധരതടീ പരിലംഭലഗ്ന
കാശ്മീരമുദ്രിതമുരോ മധുസൂദനസ്യ
വ്യക്താനുരാഗമിവ ഖേലദനംഗഖേദ
സ്വേദാംബുപുരമനുപൂരയതു പ്രിയംവഃ.

എന്ന ശ്ലോകത്തിന്റെ തർജ്ജമ നോക്കുക.

അന്തസ്ഥോജ്ജ്വലരാഗദീപ്തി വെളിവായ്‍ക്കാണുംവിധം പത്മജൻ
പന്തൊക്കുന്ന പയോധരങ്ങൾ പകരും കാശ്മീരമാർന്നങ്ങനെ
ചെന്താർബാണശരാർത്തിമൂലമുതിരും സ്വേദങ്ങളാൽ സൗഭഗം
ചിന്തീടും മധുവൈരിതൻമഹിതമാം മാർത്തട്ടു നൽകും ശുഭം.

മൂലശ്ലോകാർത്ഥം ഇങ്ങനെയാണു—ലക്ഷ്മീദേവിയുടെ സ്തനപ്രസൂനത്തിന്റെ പരിരംഭണാവസരത്തിൽ, പ്രതീയമാനമായ അനുരാഗമാണോ എന്നു തോന്നുമാറു്, പതിഞ്ഞ കാഷ്മീരമുദ്രയോടുകൂടിയതും, സുരതശ്രമജാതമായ വിയർപ്പുതുള്ളികളോടുകൂടിയതുമായ മധുസൂദനവക്ഷസ്തടം നിങ്ങൾക്കു് അഭീഷ്ടം നൽകട്ടെ. മധുസൂദനന്റെ ഹൃദയം തന്റേതാണു്, അന്യയുടേതല്ല എന്നു സ്ഥാപിക്കാനായി ലക്ഷ്മി തന്റെ സ്തനതടത്തിൽ ലിപ്തമായിരുന്ന കാഷ്മീരപങ്കമാകുന്ന വ്യക്തരാഗമുദ്രയെ അദ്ദേഹത്തിന്റെ മാറിടത്തിൽ പതിച്ചതായിരിക്കുമോ എന്നുള്ള ഉൽപ്രേക്ഷയുടെ സ്വാരസ്യം തർജ്ജമയിൽ നിന്നു് എത്ര ക്ലേശിച്ചാലും സിദ്ധിക്കയില്ല. അതുപോലെ തന്നെ ചെന്താർബാണശരാർത്തിമൂലമുതിരും സ്വേദം എന്നു പറഞ്ഞാൽ അനംഗക്രീഡയിലുള്ള ശ്രമത്തിൽനിന്നുണ്ടായ വിയർപ്പു് എന്ന അർത്ഥവും കിട്ടുകയില്ല. ‘ഖേലൽ’ എന്ന പദം വിട്ടുകളഞ്ഞതുകൊണ്ടാണു് ഇവിടെ അബദ്ധം പറ്റിയതു്.

ലളിതലവംഗലതാപരിശീലനകോമളമലയസമീരേ
മധുകരനികരകരംബിതകോകിലകൂജിതകുഞ്ജകുടീരേ
വിഹരതി ഹരിരിഹ സരസവസന്തേ
നൃത്യതിയുവതിജനേനസമംസഖിവിരഹിജനസ്യ ദുരന്തേ

എന്നു തുടങ്ങുന്ന എട്ടു ചരണങ്ങളോടുകൂടിയ ഗാനത്തെ ചങ്ങമ്പുഴ തന്റെ സ്വതന്ത്രരീതിയിൽ 56 ഈരടികളിലായി പരത്തി; വാരിയരാകട്ടെ, അതേ വൃത്തത്തിലും അതേ താളത്തിലും അതിനെ ഒതുക്കി നിർത്തി. അതുകൊണ്ടു് ശബ്ദസുഖത്തിനും അർത്ഥത്തിനും ഏറെക്കുറെ കോട്ടം സംഭവിച്ചുപോയി. വാരിയർ ആദ്യത്തെ ചരണമിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.

ചന്ദനപർവതമന്ദമരുത്തും ചഞ്ചലവണ്ടുകളുടെ ഝംകൃതിയും
സുന്ദരികുയിലുകളുടെസൂക്തികളും സുഖമേകുമിഹ വസന്തേ
ശൃണു സഖി കൃഷ്ണൻ ക്രീഡിക്കുന്നൂ സതൃഷ്ണരാകും
സഖിമാരൊടു സാകം കൃപയുള്ളിൽ വളർന്നു്.

തർജ്ജമ എന്ന നിലയിൽ ഈ മാതിരി ന്യൂനതകൾ സുലഭമാണെങ്കിലും, വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഒരു കൃതി തന്നെയാണിതും. അതിമനോജ്ഞമായ ഘട്ടങ്ങൾ ഇതിൽ പലതുമുണ്ടു്. നല്ല വ്യാഖ്യാനങ്ങളുടെ സഹായത്തോടുകൂടിയും കുറേക്കൂടി ദത്താവധാനനായും തർജ്ജമ ചെയ്തിരുന്നെങ്കിൽ, ആ ന്യൂനതകളെ നിശ്ശേഷം പരിഹരിക്കാമായിരുന്നു. അത്ര തിടുക്കത്തിനു കാര്യമൊന്നുമില്ലായിരുന്നു. ഏതായിരുന്നാലും അഷ്ടപദിക്കു് ഇങ്ങനെ രണ്ടും, തിരുവാതിരപ്പാട്ടുകളുടെ രൂപത്തിൽ ഒന്നും—ആകെക്കൂടി മൂന്നു തർജ്ജമകൾ ഭാഷയ്ക്കു ലഭിച്ചിട്ടുണ്ടു്. തർജ്ജമ എന്നതുതന്നെ സുദുഷ്കരമാണു്. പിന്നെ ജയദേവകൃതിപോലെ ശബ്ദാർത്ഥസുഭഗമായ ഒരു കാവ്യത്തിന്റെ കാര്യം പറവാനുമില്ല. അതിനാൽ അനുവാദകനു വന്നുകൂടിയ തെറ്റുകൾ ക്ഷന്തവ്യങ്ങൾ തന്നെയാണ്.

ചങ്ങമ്പുഴയുടെ ജീവചരിത്രസംക്ഷേപംകൂടി ചേർത്തിട്ടു് ഈ പ്രകരണത്തെ അവസാനിപ്പിച്ചുകൊള്ളട്ടെ.

1089 കന്നി 24-ാംതീയതി ഇടപ്പള്ളി ചങ്ങമ്പുഴവീട്ടിൽ കൊച്ചി തെക്കേടത്തു നാരായണമേനോന്റെയും സി. പാറുക്കുട്ടി അമ്മയുടേയും പുത്രനായി ജനിച്ചു. അദ്ദേഹത്തിനു് പ്രഭാകരപ്പണിക്കർ, അച്ചുതപ്പണിക്കർ എന്നു രണ്ടു സഹോദരന്മാരും ഇന്ദിരാദേവി എന്നൊരു സഹോദരിയും ഉണ്ടു്. ഇടപ്പള്ളിയിൽ വച്ചു തുടങ്ങിയ വിദ്യാഭ്യാസം തിരുവനന്തപുരത്തു് ആർട്ട്സ് കാളേജിൽ വച്ചു പൂർത്തിയായി. ഇതിനിടയ്ക്കു് ആലുവാ, എറണാകുളം എന്നീ സ്ഥലങ്ങളിലും അദ്ദേഹം പഠിക്കുകയുണ്ടായിട്ടുണ്ടു്. 1115-ൽ ഇടപ്പള്ളിയിൽ ഇലവുങ്കൽ ശ്രീമതി എസ്. കെ. ശ്രീദേവിയെ വിവാഹം ചെയ്തു. ആ ശ്രീമതിയും ചില കവിതകൾ രചിച്ചിട്ടുണ്ടു്. നവഭാവന എന്ന കൃതിയിൽനിന്നു് ചില ഭാഗങ്ങൾ ഉദ്ധരിക്കാം.

ഭാവനാതീതസത്യപ്രകാശമേ
നീ വരികെന്റെ മൺകുടിൽവാതലിൽ
സുസ്മിതങ്ങളല്ലശ്രുവാണെങ്കിലെ-
ന്തസ്മദർച്ചനമത്യന്തപാവനം
സദ്രസമതു കൈക്കൊൾക വന്നു നീ
സത്യസാമ്രാജ്യനിത്യചൈതന്യമേ
അന്ധകാരമകന്നകന്നുജ്ജ്വല
ബന്ധുരാഭയിൽ മുങ്ങി മുങ്ങി സ്വയം
ലാലസിക്കണം വ്യാമോഹലൂതകൾ
നൂലുപാകുമീ മൃണ്മയമന്ദിരം
കാലദേശാദിസീമകൈവിട്ടുനിൻ
കാലടിപ്പാട്ടിൽ വീണലിഞ്ഞാവു ഞാൻ
എന്നിലേ ഞാനകന്നു നീയാകുമാ-
റെന്നെനീവന്നുണർത്തു വെളിച്ചമേ!

ചങ്ങമ്പുഴയുടെ വിദ്യാഭ്യാസജീവിതം ക്ലേശകരമായിരുന്നു എന്നാണറിവു്. ആ ക്ലേശങ്ങൾ അക്കാലത്തെ കൃതികളിൽ നല്ല പോലെ നിഴലിച്ചിട്ടുണ്ടു്. വടശ്ശേരി പത്മനാഭൻ തമ്പി അവർകൾ തുടങ്ങിയ സമ്പന്നന്മാരുടെ സഹായം തനിക്കു ലഭിച്ചിരുന്നതായി കവിതന്നെ രേഖപ്പെടുത്തീട്ടുണ്ടു്. കമ്മ്യൂണിസ്റ്റ്കാർ ഉല്പാദിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള രക്തപ്രളയത്തിൽ ധനികന്മാരെല്ലാം ഒഴുകിപ്പോവുമ്പോൾ, നേതാക്കന്മാരുടെ വസ്തുവകകൾ ഒഴിച്ചു് ശേഷമുള്ളവ വീതിച്ചുകിട്ടുന്ന പതിമ്മൂന്നര സെന്റിലെ ഛായാവൃക്ഷച്ചുവട്ടിൽ ഇരുന്നു് സുഖസ്വപ്നം കാണുന്ന അവസരത്തിൽ ആരെങ്കിലും, ഒരുകാലത്തു് സാധുക്കളെ സഹായിച്ചിട്ടുള്ള ഇത്തരം സമ്പന്നന്മാരുടെ കഥയെങ്കിലും സ്മരിക്കുമോ? ഇല്ല–ഇല്ല–അവിടെ എല്ലാം ഒരു യന്ത്രത്തിൽ വാർത്തെടുത്ത വസ്തുക്കളെപ്പോലെ തുല്യമായിരിക്കും. നേതാക്കന്മാർക്കു മാത്രമേ വ്യത്യസ്തനില ഉണ്ടായിരിക്കയുള്ളു–അതു വേറെ കാര്യം. അല്ലെങ്കിൽ പിന്നെ അവർ എന്തിനു് ഇത്ര വളരെ ബുദ്ധിമുട്ടി? ഈ റേഷൻകാലത്തുപോലും സുഖമായി ജീവിച്ചുകൊണ്ടു് അവർ എത്ര തൊഴിലാളികളെ ബലിദാനം ചെയ്തു? എത്ര തീവണ്ടികളെ മറിച്ചു. ഇതു നിസ്സാരത്യാഗമാണോ? എത്ര ഗൃഹങ്ങൾക്കു കൊള്ളിവയ്പിച്ചു. കമ്മ്യൂണിസ്റ്റ് മനോഭാവമുള്ളവർക്കും ചിലപ്പോഴൊക്കെ മനുഷ്യത്വം കണ്ടുകൂടെന്നില്ലല്ലോ. ചങ്ങമ്പുഴ ചിലപ്പോഴൊക്കെ പി. കെ. നാരായണപിള്ളയെപ്പോലള്ള ‘പാണ്ഡിത്യച്ചുമടുതാങ്ങി’കളേയും, ചിലപ്പോഴൊക്കെ വി. പി. തമ്പി അവർകളെപ്പോലുള്ള ധനാഢ്യന്മാരേയും, മറ്റു ചില അവസരങ്ങളിൽ, കമ്മ്യൂണിസ്റ്റുകളുടെ അസ്ഥികൾ എണ്ണി നോക്കുന്നതിൽ കുതുകിയായ ‘നല്ലമുട്ടം’ കൂട്ടരേയും വാഴ്ത്തിയിട്ടുള്ളതിനാലായിരിക്കണം അദ്ദേഹത്തെ ചിലർ ‘വീരപുരോഗമനസാഹിത്യകാര’ന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ വിട്ടുകളഞ്ഞതു്.

ചങ്ങമ്പുഴയുടെ ദാമ്പത്യജീവിതത്തിന്മേൽ സ്വല്പകാലത്തേക്കു് ഒരു കരിനിഴൽ വ്യാപിക്കയുണ്ടായെന്നു് സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ അവതാരികയിൽ ഏ. ബാലകൃഷ്ണപിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നു. ഒരു കഥയിൽ പറഞ്ഞിട്ടുള്ളതുപോലെ,

മഴമുകിലിൻകരിനിഴലാമലർവനിക മൂടി
മനമുരുകിപ്പരവശയായ് സുമലതിക വാടി
ആർദ്രമാമാപ്പാരിജാതമാർത്തമായിത്തീർന്നു
പേർത്തുമന്നാപ്പെൺകുയിലിൻമാനസം തകർന്നു

ഏതു മാതിരി പെൺകുയിലായിരുന്നെന്നോ അതു്? ആ പെൺകുയിൽതന്നെ പറയട്ടെ.

ഭാവനയിങ്കൽ ഭവൽ കലാകൗതുകം
ഭാവചിത്രങ്ങൾ രചിച്ചു രമിക്കവേ
മായാതവയ്ക്കു നിറപ്പകിട്ടേകിയ
ചായങ്ങൾ ചാലിച്ചതെൻകൈകളല്ലയോ?
ആകില്ലെനിക്കതെന്നാശങ്കമൂലമ-
ന്നാകമ്പിതങ്ങളായെൻവിരൽതുമ്പുകൾ
ധ്യാനഭംഗാസ്പദഭീതിയാൽ മൽപദ
സ്വാനം നിയതം നിയന്ത്രിച്ചുനിന്നു ഞാൻ
എങ്ങാനുമങ്ങൊന്നനങ്ങിയാലപ്പൊഴേ-
യ്ക്കെങ്ങോ മറയും തടിൽകൊടിപോലെ ഞാൻ

ആ പെൺകുയിൽ ഇങ്ങനെ സ്വയം അഭിമാനിക്കുന്നു.

നിത്യനിർഗ്ഗന്ധമാമിക്കാട്ടുപൂവിനെ
നിസ്തുലതാരമായ് കാണുന്നു ഹാ! ഭവാൻ
പ്രേമംവഴിയുന്ന കൺകളാലങ്ങെന്നെ-
യോമനിച്ചീടുന്നതാണതിൻകാരണം
എന്നും കൃതാർത്ഥ ഞാൻ താവകസങ്കല്പ-
മെന്നെപ്പുണരുമിപ്പുണ്യഹർഷാബ്ധിയിൽ

വിയോഗാവസരത്തിൽ ആ പെൺകുയിൽ വിചാരിക്കുന്നു:

കൃത്യശതങ്ങളാൽ ജീവിതസിദ്ധികൾ
ക്കസ്ഥിവാരംകെട്ടി ദൂരെനിൽപൂഭവാൻ
ഞാനോ കുടുംബിനി ദൂരെ ഗൃഹാന്തര-
സ്ഥാനത്തൊഴിഞ്ഞിരുന്നേല്ക്കുന്നു വിശ്രമം
കർമ്മാതപത്തിലാനെറ്റിയിൽ പറ്റുന്ന
ഘർമ്മാംബുവോർത്തോർത്തു നീറുന്നു മന്മനം

ഇതു ‘മനംനോക്കി’ പ്രസ്ഥാനത്തിൽപ്പെട്ട കവിതയായിപ്പോയതിനാൽ അബദ്ധം! സർവ്വാബദ്ധം! നിന്ദ്യം. അതിനിന്ദ്യം. എന്നാൽ പെൺകുയിൽ ഈ നിലയിൽ ഇരുന്നു വ്യസനിക്കവേ,

ശാന്തിവായ്ക്കും പൂവനത്തിലൊന്നിൽവന്നൊരോമൽ
കാന്തിയേന്തും ചെമ്പനിനീർചെമ്പകം കിളർന്നു
ചില്ലുകളിൽ പല്ലവങ്ങളുല്ലസിച്ചതാർക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.
സന്തതം പരിസരത്തിൽ പൂന്തെന്നൽവിരിച്ച-
ന്നന്തികത്തൊരാർദ്രമാകും പാരിജാതംനിന്നു
ഒരുശിശിരനിശയിലേതോ പവനഗതിമൂലം
പരിചിയലും ലതികചാഞ്ഞാത്തരുവരനിൽ ചേർന്നു
പാവനമാം വിൺവെളിച്ചം നിത്യവുംനുകർന്നു
പാരിജാതഛായയിലാച്ചെമ്പകംവളർന്നു
കാറ്റടിയുംപേമഴയും തീവെയിലുംമെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു. ഒരു കഥ

ആ ചെമ്പകത്തിൽ ആൺകുയിൽ പറന്നെത്തി:-

ദിവ്യാത്മബന്ധംലോകംമറ്റൊന്നായ് വ്യാഖ്യാനിക്കാം
ദൈവത്തിൻമുന്നിൽപക്ഷേതെറ്റുകയില്ലല്ലോനാം
അതിനാലധീരമല്ലെൻമനമൊട്ടും ലോക-
ഗതികണ്ടിട്ടിടയ്ക്കിടയ്ക്കല്ലലിലടിഞ്ഞാലും
ഭൂവിൽഞാൻനിന്നെക്കണ്ടുമുട്ടീടാതിരുന്നെങ്കിൽ
ജീവിതസൗന്ദര്യംഞാനറിയാതിരുന്നേനെ
നിസ്സ്വാർത്ഥസ്നേഹാമൃതമാധുര്യംനീയാണാദ്യം
നിസ്സ്വനമെന്നെസ്വദിപ്പിച്ചതീപ്രപഞ്ചത്തിൽ, ഓണപ്പൂക്കൾ

എന്നു് ആൺകുയിൽ ആ പരകീയ ഗൃഹലക്ഷ്മിയോടു് പെൺകുയിൽ കേൾക്കെത്തന്നെ പറയുന്നു.

“എൻജീവിതത്തോപ്പിലെങ്ങുനിന്നെത്തിനീ വാസന്തമഞ്ജീരമേ?”

എന്നു് കുറേക്കാലം മുമ്പേ തന്റെ പെൺകുയിലിനോടു ചോദിച്ച കഥ ഇപ്പോൾ മറന്നു. ഇതാണു് ദിവ്യപ്രേമത്തിന്റെ സ്വഭാവം. അതു് അങ്ങനെ പറന്നു പറന്നു് നടക്കും. അതിനു് പ്രതിബന്ധമായി നനഞ്ഞു നാറിയ ആചാരവുമായി നടക്കുന്ന ലോകം നിലകൊണ്ടാൽ എന്തു കഷ്ടമാണു്! വെറുതേ ആണോ കവികൾ വിപ്ലവകാഹളം മുഴക്കുന്നത്?

ദൈവഗത്യാ ആൺകുയിൽ വീണ്ടും തന്റെ പെൺകുയിലിന്റെ സമീപത്തുതന്നെ എത്തി. കവി പറഞ്ഞിട്ടുള്ളതു് എത്ര പരമാർത്ഥം!

ഒന്നല്ലപത്തല്ലൊരായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ
ലാലസിച്ചീടുന്നിതായിരംവേശ്യകൾ
ശീലാവതീകഥ പാടിപ്പാടി
ജീവൻമദിപ്പുസുഖമദിരാപ്തിയിൽ
നാവിലോ ഗീത തപസ്സുചെയ്‍വൂ. മനുഷ്യൻ

പ്രസ്തുത “പ്രണയകഥയുടെ ദുരന്തം കണ്ടു്” ഏ. ബാലകൃഷ്ണപിള്ള അവർകൾ ഖേദിക്കുന്നു. ബാൾസാക്കിന്റെ Droll Stories വായിച്ചാൽ, അക്കാലത്തു് ഫ്രാൻസിലെ സ്ഥിതി ഏതാണ്ടിതുപോലെ ആയിരുന്നു എന്നു തോന്നും. എന്നാൽ കമ്മ്യൂണിസ്റ്റു് റഷ്യയിൽ അങ്ങനെ അല്ലെന്നുള്ള കാര്യം തീർച്ചയാണു്. ബോൾഷെവിസം നടപ്പിൽ വന്ന ഘട്ടത്തിൽ ദാമ്പത്യജീവിതത്തിനു് സ്ഥൈര്യമില്ലായിരുന്നു എന്നു് അക്കാലത്തുത്ഭവിച്ച സോവിയറ്റുനാടകങ്ങളിൽ നിന്നു വ്യക്തമാണു്. കാലത്തു വിവാഹം; വൈകുന്നേരം വിവാഹമോചനം. ഇതായിരുന്നു അവിടുത്തെ മട്ടു്. എന്നാലും പരകീയാഗമനം നിയമവിരുദ്ധവും ശിക്ഷാർഹവുമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നതു്. ഇന്നാകട്ടേ റഷ്യയിലെ ഏറ്റവും സമ്പന്നന്മാരിൽ ഒരുവനും മഹാ പ്രതാപശാലിയുമായ സർവ സൈന്യാധിപതിക്കുപോലും വിവാഹമോചനത്തിനു സാധിക്കാതെ വന്നിരിക്കുന്നു. അതാണു് കാലം റഷ്യയിൽ വരുത്തിയിരിക്കുന്ന മാറ്റം. “പ്രണയത്തെക്കാൾ അധികം ആപല്ക്കരമായി ഭവിക്കുന്നതു് അതു് ഇട്ടുംവച്ചു പോകുന്ന നഷ്ടാവശിഷ്ടങ്ങളാണു്” എന്നു് റോമായ് റോളായ് പറഞ്ഞിട്ടുണ്ടത്രേ. പക്ഷേ പ്രണയം എന്നതു് എന്താണു്? ഭ്രമരത്വമാണോ?

ഈ പ്രണയകഥയ്ക്കുശേഷം കവിയിൽ അങ്കുരിച്ച ‘വേദാന്തചിന്തയിലേക്കു പോകുവാനുള്ള ഭാവം’ ക്ഷണികമായിരിക്കയേയുള്ളു എന്നാണു് ഏ. ബാലകൃഷ്ണപിള്ള അവർകളുടെ പ്രതീക്ഷ; എന്നാൽ അതു് ഉത്തരോത്തരം വളർന്നു് അദ്ദേഹം വിശ്വമഹാകവികളുടെ മുന്നണിയിൽ എത്തട്ടേ എന്നു് അസ്മാദൃശന്മാർ ഈശ്വരനോടു് പ്രാർത്ഥിക്കും. ജീവിതത്തിൽ തെറ്റുപറ്റുക എന്നുള്ളതു് മനുഷ്യസാധാരണമാണു്. അതിനെ തുറന്നു പറയുന്നതും അതിനെപ്പറ്റി പശ്ചാത്തപിക്കുന്നതും വീരോചിതവുമാകുന്നു. ഈ രണ്ടു സംഗതികളിലും കവി അഭിനന്ദനീയനായിരിക്കുന്നു.

എങ്ങനെ ഇരുന്നാലും കവിയുടെ ദാമ്പത്യ ജീവിതത്തിന്മേൽ വീശിയ ആ കരിനിഴൽ നീങ്ങി. ആ വിശിഷ്ട ദമ്പതികൾക്കു് ശ്രീകുമാരൻ, അജിതകുമാരി എന്നു രണ്ടു സന്താനങ്ങൾ ഇപ്പോൾ ഉണ്ടു്.

ചങ്ങമ്പുഴ എം. ഏ. ബിരുദം ധരിച്ചശേഷം രണ്ടു വർഷത്തോളം പൂനാ, കൊച്ചി എന്നീ സ്ഥലങ്ങളിൽ ‘മിലിട്ടറി അക്കൗണ്ടു്സ്’ വകുപ്പിൽ ഉദ്യോഗം വഹിക്കയുണ്ടായി. അനന്തരം കുറേക്കാലം മദ്രാസിൽ നിയമപഠനാർത്ഥം താമസിച്ചു. അതു് ഉപേക്ഷിച്ചിട്ടു് ഇപ്പോൾ സ്വഗൃഹത്തിൽ പാർക്കുന്നുവത്രേ. കേരളീയജനതയുടെ വാത്സല്യഭാജനമായ ഈ കവികോകിലം സ്വകീയമായ ആദർശമണ്ഡലത്തിൽതന്നെ പാറിപ്പറന്നു് തന്റെ കളകൂജനങ്ങൾകൊണ്ടു്, നിരവധി വിശ്രാന്തചേതസ്സുകൾക്കു ചിരകാലം നിർവൃതി അരുളട്ടെ.

അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ബാഷ്പാഞ്ജലി, ആരാധകൻ, ഹേമന്തചന്ദ്രിക, രമണൻ, കാല്യകാന്തി, ഉദ്യാനലക്ഷ്മി, സുധാംഗദ, കലാകേളി, അമൃതവീചി, മാനസേശ്വരി, മയൂഖമാല, സങ്കല്പകാന്തി, തിലോത്തമ, വത്സല, മോഹിനി, ശ്രീതിലകം, ചൂഡാമണി, ഓണപ്പൂക്കൾ, ദേവത, സ്പന്ദിക്കുന്ന അസ്ഥിമാടം, യവനിക, അനശ്വരഗാനം (നാടകം), ദിവ്യഗീതം, ദേവഗീത, കളിത്തോഴി (നോവൽ) ഇവയാകുന്നു.

വെണ്ണിക്കുളം ഗോപാലക്കുറുപ്പു്

തിരുവല്ലാ എം. ജി. എം. സ്ക്കൂളിൽ മുൻഷിയായിരിക്കുന്നു. സരസങ്ങളായ അനേകം ഗീതികാവ്യങ്ങൾ ഭാഷയ്ക്കു നല്കീട്ടുണ്ടു്. തുളസീദാസരാമായണം എന്ന വിശ്വോത്തരകാവ്യത്തെ ദ്രാവിഡവൃത്തത്തിൽ തർജ്ജമചെയ്തുവന്നിരുന്നു. പൂർത്തിയായതായി അറിവില്ല. ഇംഗ്ലീഷിലെ ‘Sonnet’ ന്റെ സമ്പ്രദായത്തിൽ ഒരു ദ്രാവിഡവൃത്തം അദ്ദേഹം നടപ്പിലാക്കിയെങ്കിലും കാലചക്രത്തിരിപ്പിൽ അതിനു് അവകാശി വേറൊരാളായിത്തീർന്നുപോയി. കോമളകാന്തപദാവലി, പ്രയോഗസൗഷ്ഠവം, പ്രസന്നമായ രീതിവിശേഷം, ചിന്താമാധുരി മുതലായ വിശിഷ്ടഗുണങ്ങളാൽ പ്രസ്തുത കവി മിക്ക ഇദാനീന്തനകവികളിൽ നിന്നും വേർതിരിഞ്ഞു നില്ക്കുന്നു. ചില മാതൃകകളെ ഉദ്ധരിക്കുന്നു.

ജലദലസദംബരേ നീലരത്നാകരേ
ജയ ജയ വസുന്ധരേ, സർവചേതോഹരേ!
ഭൃഗുതനയബാലികേ, ഭൂലോകമാലികേ
ഭഗവതി തൊഴാംതൊഴാമംബികേ നിൻപദം
പ്രകൃതിരമണീയതേ! ഞങ്ങൾതന്നംബയാം
സുകൃതിനിയെയെത്രയ്ക്കനുഗ്രഹിച്ചീലനീ
മഴമുകിലലിച്ചലിച്ചിങ്ങുപെയ്യിയ്ക്കവേ
പഴയപടി പിന്നെയും കാർമേഘമൊക്കവേ
മലയുമലയാഴിയും മത്സരിക്കുന്നു നി-
ന്മധുരതനുകാന്തിക്കു മാറ്റു കൂട്ടീടുവാൻ. കേരളഗാനം

കവികാഹളത്തിൽ സേനാനി കവികളെ സ്വപ്നലോകാടനത്തിൽനിന്നു് ഉണർത്തിയിട്ടു്,

പശ്ചിമാശയിൽ കത്തിയ പാവകൻ
ദുശ്ചരിതൻ പടർന്നു പലേടവും
അല്പനേരം കഴിഞ്ഞു പൗരസ്ത്യമാ-
മഗ്നിശൈലവും പൊട്ടിത്തെറിക്കയായ്
രണ്ടുമൊപ്പമടുക്കുന്നു നാമിനി-
ക്കണ്ടുപേടിച്ചു മിണ്ടാതിരിക്കയോ?

എന്നു് ചോദിക്കുന്നു. അതിനു് കവിയുടെ മറുപടി ഇങ്ങനെയാണു്.

മിത്രരത്നമേ! കേട്ടേൻ ഭവാനിലു-
മെത്രയോമുമ്പു ഞാനീരണാരവം
ഞാനുറങ്ങുന്നതെന്തിനെന്നോ? സഖേ!
മാനവന്മാരെയെല്ലാമുണർത്തുവാൻ
ഞാനുണരുന്നതെന്തിനെന്നോതിടാം
മാനവന്മാരെയെല്ലാമുറക്കുവാൻ
കൂമ്പിനില്ക്കുന്ന പൂവല്ല, പൂക്കളിൽ-
ത്തേമ്പകർത്തുന്ന ചൈത്രർത്തുവാണു ഞാൻ
തീപ്പൊരിയല്ല, തീപ്പൊരിച്ചാർത്തിനെ-
ച്ചീർത്ത തീയാക്കി മാറ്റുന്ന കാറ്റു ഞാൻ
ഊർമ്മിയല്ല ഞാനൂർമ്മിലക്ഷങ്ങളിൽ
പോർമ്മദമേറ്റിവയ്ക്കും നിലാവു ഞാൻ
യോധവീര്യം പുലർത്തുമെൻനൂതന
ഗാഥയോരോന്നുമെന്നെൻമനോഗതം
എൻകഥാഖണ്ഡമോരോന്നുമാഹവ-
ച്ചെങ്കനലിന്നു തൈലം പകർന്നിടും
ജന്മഭൂമിയെസ്സേവിപ്പൂ, ഞാനെന്റെ
കർമ്മമണ്ഡലംതന്നിൽനിന്നീവിധം.

മോഹനഗാനത്തിൽ ‘പൂവണിമാസവും ശുക്ലപക്ഷേന്ദു’വും ലാവണ്യമേറ്റിയ കാലത്തു് കന്യാമഠത്തിൽ, ഇദംപ്രഥമമായി ഒരു ഗാനം എത്തുന്നു.

‘താരകേ വന്നാലും ചാരുമരാളികേ
താമസമെന്തെൻ ബാലേ’

എന്ന പല്ലവി പിന്നെയും പിന്നെയും വായുവിൽ കല്ലോലമേറ്റി.

നിത്യവും മദ്ധ്യാഹ്നവിശ്രമവേളയിൽ
നിർഗ്ഗളിച്ചീടുമീപ്രേമം
ഗീതികാമാതിന്റെ കാൽച്ചിലമ്പൊച്ചപോൽ
പാതിരാപ്പാടിയുമാകും
കർണ്ണാഭിരാമമാഗ്ഗാനംമുഴങ്ങവേ
കന്യകാമന്ദിരംമൂകം
താൽപര്യമോടതുകേൾപ്പാൻ കുമാരിമാർ
വീർപ്പുമടക്കിനില്പാകും
കോലക്കുഴൽവിളികേട്ടവർക്കൊക്കെയും
കോരിത്തരിച്ചുപോയ്‍മേനി
ചിന്തുമഗ്ഗീതത്തിൻമാദകസൗരഭ-
മന്തരാത്മാവിലുംതിങ്ങി

അങ്ങനെ അവർക്കു് “വേപമാനാക്ഷരോദര സംഗീതനീ വേണുഗോപാലനാരോ?” എന്നു ജിജ്ഞാസ വർദ്ധിച്ചു വർദ്ധിച്ചു്,

കന്യകാവൃന്ദത്തിലാളിപ്പരന്നൊരു
മിന്നലകത്തു പുളഞ്ഞു
വിണ്ണിന്മനോഹരനീലിമകോലുമ-
ക്കണ്ണുകളൊന്നുതെളിഞ്ഞു
രാവുംപകലുംമനന്യസാമാന്യമാം
രാഗം തിളച്ചു പതഞ്ഞു
ആ വരഗായകദർശനവാഞ്ഛയാൽ
ഭാവങ്ങളെല്ലാം പകർന്നു
ചിത്തവും നേത്രവും ചൊല്ക്കീഴിലാകാത്ത
പുത്രരെന്നോണമായ്‍ത്തീർന്നു
ചായലാൾക്കൊക്കെയും ഗായകാരാധ്യയാം
നായികതാനെന്നുതോന്നി

ഇങ്ങനെ,

ആരബ്ധതാരുണ്യമാർക്കു നിശിതമാം
കൂരമ്പു ലക്ഷ്യത്തിൽകൊണ്ടു
സങ്കല്പകാമനെക്കല്യാണധാമനെ-
സ്സംഗീതാരാമനെക്കണ്ടു
അങ്ങെങ്ങോദൂരെനിന്നായിടയ്ക്കെത്തിയോ-
രന്ധനാം യാചകവൃദ്ധൻ
തൻകുഴൽപാട്ടിന്നു മാധുര്യമുണ്ടെന്നു
ശങ്കയേ തോന്നാത്ത ശുദ്ധൻ
കെട്ടുപോകാറായോരാളില്ലാവീട്ടിന്റെ
തട്ടിൻപുറത്തങ്ങുതാനേ
ഊതുന്നു നേരംകടന്നുപോകായ്കയാൽ
ഊഹിച്ചുകൊള്ളുവിൻ ശേഷം

എഴുത്തുകളരിയിൽ കവി കഴിഞ്ഞ കാലത്തെ എഴുത്തുകളരിയിലേക്കു് ഒന്നു് ഒളിഞ്ഞു നോക്കീട്ടു്,

കലകളൊടു ശാസ്ത്രങ്ങൾ കൈകോർത്തുവാണൊരാ-
ക്കളരിയുടെകാലം തിരിച്ചുവന്നീടുമോ?

എന്നു് തന്നെത്താൻ ചോദിക്കുന്നു. കുഞ്ഞുരാമൻനായനാരുടെ എഴുത്താശാനെ അല്ല ഇക്കവി അവിടെ കാണുന്നതു്.

നരകളങ്ങിങ്ങു മിന്നിത്തിളങ്ങിടും
തലമുടിയൊരല്പം ചുളിഞ്ഞനെറ്റിത്തടം
കുളികഴികെയീശ്വരപ്രീതിയുംതെച്ചിയും
തുളസിയുമണിഞ്ഞുള്ള കർണ്ണാഗ്രയുഗ്മകം
കരുണകണികാണാതെ ചെങ്ങിച്ചമഞ്ഞതാ-
മിരുമിഴികളൗന്നത്യമേറുന്നനാസിക
പരികലിതരുദ്രാക്ഷമാല്യമാം കന്ധരം
പരിചിലൊരുനാരായമേന്തുംവലങ്കരം
പലമൊഴികളെന്തിന്നുചൊൽവുഞാനീവിധം
പഴയഗുരുനാഥനാമാശാന്റെരൂപമായ്

കുറുപ്പവർകളെ ഇത്തരം കവിത എഴുതിപ്പോയതിനാലാണു് “നായ്ക്കും നരിക്കും” ഒക്കെ മഹാകവിപട്ടം വാരി എറിഞ്ഞുകൊടുക്കാൻ ഒരു കൂസലും ഇല്ലാത്ത ആളായിരുന്നിട്ടുപോലും ഏ. ബാലകൃഷ്ണപിള്ള അവർകൾ അദ്ദേഹത്തിനു് ആ ബിരുദം നല്കാതിരുന്നതു്. ‘പശുവും പൈതലും’ എന്നൊരു പരാജയകൃതി ‘റീയലിസ്റ്റു’മാർഗ്ഗത്തിൽ അദ്ദേഹം രചിച്ചിട്ടുണ്ടെന്നു് ശ്രീ. ഏ. ബാലകൃഷ്ണപിള്ള അവർകൾ സമ്മതിക്കുന്നുണ്ടു്. അതു ഭാഗ്യമായി അതുകൊണ്ടു് പരാജയപ്രസ്ഥാനക്കാരുടെ ഇടയിൽ ഒരു മൂലയ്ക്കെങ്കിലും പോയിരിക്കുന്നതിനു് അദ്ദേഹത്തിനു് ഒരു അവകാശം ലഭിച്ചല്ലോ.

നാദപീയൂഷം എന്ന ഗാനംകൂടി ഉദ്ധരിക്കാൻ ആഗ്രഹം തോന്നുന്നു.

തെറ്റിപ്പുതുക്കാടു പൂത്തപോലംബരം
മുറ്റുമാരക്തമായ് മിന്നുന്നൊരന്തിയിൽ
പെറ്റമ്മതന്മനം തുള്ളിച്ചു തുള്ളിച്ചു
മുറ്റത്തുകൊച്ചുകാൽവച്ചുലാത്തീടവേ
ഒട്ടുദൂരത്തുനിന്നെത്തുമെന്നെക്ഷണാ-
ലൊറ്റനോട്ടംകൊണ്ടു കണ്ടുപോലെന്മകൻ
പെട്ടെന്നൊരയ്യയ്യയെന്ന നാദാമൃതം
പൊട്ടിപ്പുറപ്പെട്ടിതാഹ്ളാദഭേരിയായ്
ഒട്ടൊന്നു താണു, തൻശീർഷംചരിച്ചു, കൈ-
കൊട്ടിച്ചിരിച്ചാർത്തു പാഞ്ഞിതങ്ങിങ്ങവൻ
എന്താണുചെയ്യേണ്ടതെന്താണുരയ്ക്കേണ്ട-
തെങ്ങാണൊളിക്കേണ്ടതെന്നു വെമ്പുംവിധം
ബാലഹൃത്തിൽ താതദർശനം ചേർത്തിടും
വേലിയേറ്റം കണ്ടു വിസ്മയപ്പെട്ടു ഞാൻ
പാവിതോന്മേഷമക്കണ്ണിൽനിന്നെൻനേർക്കു
ജീവചൈതന്യം തുളുമ്പീ നിരർഗ്ഗളം
അക്കൊച്ചുകള്ളന്റെ പൂവൽക്കളേബരം
ചിക്കെന്നു കൈക്കുള്ളിലാക്കിക്കഴിഞ്ഞു ഞാൻ
ചെമ്പനീർത്താരിതൾച്ചേലൊത്ത ചുണ്ടത്തു-
മമ്പിളിത്തെല്ലൊളി തൂനെറ്റിയിങ്കലും
പമ്പരം മെല്ലെക്കറക്കുംകരത്തിലു-
മമ്പിൽസമർപ്പിച്ചിതായിരം ചുംബനം
ജോലിക്കു വിദ്യാപ്രചാരണത്തിന്നു ഞാൻ
കാലത്തുപോയതിൽപ്പിന്നെ വൈകുംവരെ
കണ്ടതും കേട്ടതുമോർമ്മയാംകുമ്പിളിൽ
കണ്മണി സൂക്ഷിച്ചിരുന്നൂ പിതാവിനായ്
ഒക്കത്തിരുന്നുകൊണ്ടോതിനാൻ കഷ്ടമ-
സ്സ്വർഗ്ഗീയഭാഷ ഞാനെന്നേ മറന്നുപോയ്
തക്കവാക്കില്ലാതെ തപ്പുന്ന വേളയിൽ
വിക്കലും മൂളലുംകൊണ്ടായിപൂരണം
ദുർഗ്രഹസാരമെന്നാലുമസ്സൂക്തി മേ
നിഷ്കന്മഷപ്രേമതീർത്ഥാഭിഷേചനം
ആനന്ദരാഷ്ട്രമൊന്നീവണ്ണമഞ്ജസാ
ഞാനുമെന്നുണ്ണിയുംകൂടി നിർമ്മിക്കവേ
അന്തികേനിന്നൊരെൻകാന്തതൻ പൂങ്കവി-
ളന്തിമേഘത്തിനെക്കാളും തുടുത്തുപോയ്.

ഇതിൽ തീപ്പൊരിയില്ല, കൊടുങ്കാറ്റില്ല—അതിനാൽ ഇതു പുരോഗമനസാഹിത്യത്തിൽ ഉൾപ്പെടുകയില്ലായിരിക്കാം. തെറിയില്ല, വിഷാദാത്മകത്വമില്ല—അതിനാൽ പരാജയപ്രസ്ഥാനത്തിലും പെടുന്നില്ല. ‘വെറും മനംനോക്കി’—ശുദ്ധമേ മനംനോക്കി പക്ഷേ വായിക്കുന്ന ആളുടെ മനസ്സിൽ എന്തോ ചില ചലനമൊക്കെ ഉണ്ടാകുമെന്നാണ് എനിക്കു തോന്നുന്നതു്.

കെടാമംഗലം പപ്പുക്കുട്ടി

ഇനി വീരപുരോഗമനകവികളുടെ ചില പേരുകൾകൂടി പറഞ്ഞിട്ടു് അധുനാതനകവിതാവിമർശത്തിൽനിന്നു തല്ക്കാലം വിരമിക്കാം. ശുദ്ധപുരോഗമനപ്രസ്ഥാനം സ്ഥാപിച്ച ഏക മഹാകവി കെടാമംഗലം പപ്പുക്കുട്ടിയാണെന്നാണു് ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ ശപഥം ചെയ്യുന്നതു്. മറ്റു ചിലരുടെ പേരുകൾ അദ്ദേഹം പ്രസ്താവിക്കുന്നുണ്ടെങ്കിലും അവരെല്ലാം ഗദ്യകാരന്മാരാണു്; അതിനാൽ പപ്പുക്കുട്ടി അവർകളുടെ കവിതയെപ്പറ്റി മാത്രം പ്രസ്താവിച്ചാൽ മറ്റാർക്കും പരിഭവത്തിനു കാര്യമില്ല. അഥവാ പരിഭവിക്കാനാണു് ഭാവമെങ്കിൽ, അതു ബാലകൃഷ്ണപിള്ള അവർകളോടാണു് വേണ്ടതു്. (കടത്തുവഞ്ചിയുടെ അവതാരികയുടെ 63-ാംവശം 20-ാംവരി നോക്കുക)

ശ്രീമാൻ പപ്പുക്കുട്ടിയെ ആലുവായിൽവച്ചു് ഞാൻ ഒരിക്കൽ കണ്ടു. ഉത്സാഹശീലനായ ഒരു യുവാവു്. ഭാവത്തിലും പെരുമാറ്റത്തിലും സൗജന്യനിധി. എപ്പോഴും കയ്യിൽ ഒരു കുട്ടിബുക്കും പെൻസിലോ പേനയോ ഏതെങ്കിലും ഒന്നും കാണും. ചില കവിതകൾ അദ്ദേഹം എന്നെ വായിച്ചു കേൾപ്പിച്ചു. അവ എനിക്കു് വളരെ രസിക്കുകയുംചെയ്തു. മഹാകവിപ്പട്ടത്തിൽ അദ്ദേഹത്തിനു വലിയ കാംക്ഷയുള്ളതായി എനിക്കു തോന്നിയില്ല. ഇപ്പോൾ മുപ്പത്തിആറു വയസ്സേ അദ്ദേഹത്തിനു ആയിട്ടുള്ളു. പറവൂരിൽ, വാണിജ്യസംബന്ധമായ ഭാഗ്യവിപര്യയത്താൽ നിർദ്ധനാവസ്ഥയെ പ്രാപിച്ചുപോയ ഒരു ഈഴവകുടുംബത്തിൽ ജനിച്ചു. യൗവനാരംഭത്തിലേ ശ്രീ: അയ്യപ്പന്റെ സഹോദരപ്രസ്ഥാനത്തിലെ അംഗമായി. കുറേക്കാലം കൊച്ചിയിലെ ‘കിസാൻ’ പ്രവർത്തനത്തിൽ പങ്കെടുത്തു. 20 വയസ്സു് ആയപ്പോൾ മുതല്ക്കു് ആലപ്പുഴയിൽ നിന്നു പുറപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളിപ്പത്രത്തിൽ പദ്യലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. 1111-ൽ പതിനൊന്നാമത്തെ അഖില തിരുവിതാംകൂർ തൊഴിലാളി മഹാസമ്മേളനം അദ്ദേഹത്തെ തങ്ങളുടെ തൊഴിലാളിക്കവിയായി അംഗീകരിച്ചു് ഒരു മെഡലും സമ്മാനിച്ചു. സ്റ്റേറ്റുകാൺഗ്രസ് പ്രസ്ഥാനം തുടങ്ങിയ കാലത്തു് അതിൽ സജീവമായ പങ്കു വഹിക്കയാൽ, അദ്ദേഹത്തിനു ജയിൽവാസം അനുഭവിക്കേണ്ടതായും വന്നിട്ടുണ്ടു്. തൊഴിലാളി, സഹോദരൻ, നവജീവൻ മുതലായ പത്രങ്ങളിൽ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഈ വിവരങ്ങളെല്ലാം കടത്തുവഞ്ചിയുടെ അവതാരികയിൽ നിന്നു സംഗ്രഹിച്ചതാണെന്നു കൂടി പറഞ്ഞുകൊള്ളട്ടേ.

ഈ കവി പുരോഗമനക്കാരനാകാൻ ഇടയാക്കിയ സംഗതികളും അവതാരികാകാരൻ വിവരിച്ചിട്ടുണ്ടു്. അവയെ അക്കമിട്ടു ചുവടേ ചേർക്കുന്നു.

  1. “ശ്രീ: കെടാമംഗലം തൊഴിലാളികളെപ്പോലെ അവശതകൾ അനുഭവിക്കുന്ന ഈഴവവർഗ്ഗത്തിൽപെട്ട ദേഹമാണു്. സവർണ്ണരുടെ പെരുമാറ്റം നിമിത്തം ഇതുതന്നെ അദ്ദേഹത്തിൽ കാവ്യപരമായ അനുഭൂതികൾ ജനിപ്പിച്ചിരിപ്പാനിടയുണ്ടു്.”
  2. പിതൃകുടുംബം ക്ഷയിച്ചും മാതുലകുടുംബം ധനികാവസ്ഥയിലും ഇരുന്നു. കുചേലത്വവും കുബേരത്വവും തമ്മിലുള്ള ഈ അന്തരം ബാല്യത്തിലേ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിത്യകാവ്യാനുഭവങ്ങൾ ജനിപ്പിച്ചിരുന്നു.
  3. തൊഴിലാളികളോടു ചേർന്നുള്ള പ്രവർത്തനം മുൻപറഞ്ഞ രണ്ടുതരം കാവ്യാനുഭവങ്ങളെക്കാൾ പ്രബലമായ വികാരങ്ങൾ ജനിപ്പിക്കത്തക്ക പുതിയ കാവ്യാനുഭൂതികൾ നേടിക്കൊടുത്തു.

“ഇപ്രകാരം ലഭ്യമായ നവദർശനകോടിയിലൂടെ കെടാമംഗലം കേരളീയസമുദായത്തെ നിരീക്ഷിച്ചപ്പോൾ അതിന്റെ ജീർണ്ണിപ്പും അതിനു കാരണമായ തൊഴിലാളിമർദ്ദനവും അദ്ദേഹം കണ്ടുപിടിക്കയുണ്ടായത്രേ.”

കെടാമംഗലത്തിന്റെ കവിതയ്ക്കുള്ള ഗുണങ്ങളേയും അവതാരികാകാരൻ വിവരിച്ചിട്ടുണ്ടു്.

  1. “താൻ സ്വദേശത്തിൽ തല്ക്കാലം ദർശിച്ച ‘എടുപ്പി’നെ,–അതായതു് സാമുദായിക ജീർണ്ണതയേയും മർദ്ദനത്തേയും–വർണ്ണിക്കുവാൻ കെടാമംഗലം പ്രയോഗിച്ചിട്ടുള്ള പ്രതിരൂപങ്ങൾക്കു് ഔചിത്യവും അവയിൽ പലതിനും വ്യാപകമായ ധ്വനിയുമുണ്ടു്.” ജനങ്ങളുടെ കണ്ണിൽ മണ്ണിട്ടു് ‘മഹാകവി’പ്പട്ടം തട്ടിയെടുത്തിട്ടുള്ള ചില മാറ്റൊലിക്കവികളിൽനിന്നു് അദ്ദേഹത്തിനെ വേർതിരിക്കുന്നതു ഈ ഗുണമാണത്രേ. ഈ മാറ്റൊലിക്കവികൾ ആരാണെന്നു വ്യക്തമായി പറയാഞ്ഞതു കഷ്ടമായിപ്പോയി. ജനങ്ങൾ കണ്ടുപിടിച്ചുകൊള്ളട്ടേ എന്നു വിട്ടുകളഞ്ഞതു് ഉചിതമായില്ല. എന്തുകൊണ്ടെന്നാൽ അവരുടെ കണ്ണിലെ മണ്ണുകൾ നിശ്ശേഷം പോയതായി കാണുന്നില്ലല്ലോ.
  2. അന്തരീക്ഷസൃഷ്ടിയിലുള്ള കെല്പ്.
ദൂഷ്യങ്ങൾ:
  1. ശ്രവണമാധുര്യക്കുറവു്.
  2. സിംബോളിസത്തിന്റെ അസ്പഷ്ടത.

ഇനി നമുക്കു് കവിതയുടെ സ്വഭാവം പരിശോധിക്കാം. ‘കടത്തുവഞ്ചി’ എന്ന ഒരു കൃതിയേ ഞാൻ വായിച്ചിട്ടുള്ളു. അതിൽ 24 ഖണ്ഡകവനങ്ങൾ ഉൾക്കൊള്ളുന്നു. അവയിൽ ചിലതിനെ മാത്രമേ ഇവിടെ വിമർശിക്കാൻ സാധിക്കൂതാനും. ദാരിദ്ര്യം അതിഭയങ്കരമെങ്കിലും ഭൂരിഭാഗം ജനങ്ങളെ സംയോജിപ്പിച്ചു് സമുദായത്തിൽ അവശ്യം വരേണ്ടതായ വിപ്ലവം സൃഷ്ടിക്കുന്നതിനു് അവരെ ശക്തരാക്കിത്തീർക്കുമെന്നു് കവി വെളിപ്പെടുത്തുന്നു. ആദ്യമായി അദ്ദേഹം ദാരിദ്ര്യത്തെ ചെങ്കോൽ ധരിച്ച ഒരു രാജാവായി ഇങ്ങനെ രൂപണം ചെയ്യുന്നു.

‘കണ്ണുനീർചാലിൽ കുളിച്ചു, വിയർപ്പായ
വെൺമുത്തു കോർത്തുള്ള മാലചാർത്തി,
തപ്തനിശ്വാസമാം തന്തുക്കളാൽ നെയ്ത
പുത്തൻപുളകപ്പൂവാടചുറ്റി
ദുസ്സഹദുഃഖം കിരീടമായ് ചൂടി, വൻ–
ദാസ്യവിലങ്ങുവളയണിഞ്ഞു്
അസ്വാസ്ഥ്യച്ചെങ്കോലുമേന്തിക്കിതച്ചതാ
അസ്ഥികളൂരിത്തുഴഞ്ഞൊരുത്തൻ
പൊട്ടക്കുടിലിലും പാടത്തും പാവങ്ങൾ
നട്ടെല്ലു പൊട്ടിപ്പണിയെടുക്കും
പുഷ്ടസമൃദ്ധമാം പട്ടണഭാഗത്തും
വിട്ടൊഴിയാതെയലഞ്ഞീടുന്നു’

രാജാവു് എളിയവനെന്നും വലിയവനെന്നും ഉള്ള വ്യത്യാസംകൂടാതെ എല്ലാ പ്രജകളുടെ ഇടയിലും സഞ്ചരിച്ചു്, അവർക്കു് ഐക്യബോധം നൽകുന്നതുപോലെ ദാരിദ്ര്യവും എല്ലാ ദിക്കിലും അലഞ്ഞുതിരിഞ്ഞു് പലവിധത്തിലുള്ള അസ്വാസ്ഥ്യം വഴിക്കു് സംഘടനേച്ഛ അങ്കുരിപ്പിക്കുന്നു! ദാരിദ്ര്യം എങ്ങനെയാണു് വിപ്ലവസൃഷ്ടിക്കു് ഉപകരിക്കുന്നതെന്നു് മറ്റൊരു ഖണ്ഡികയിൽ കാണിച്ചിരിക്കുന്നു:

നൈരാശ്യം തട്ടിയുണർത്തിയാൽ ജീവിത-
വൈരാഗ്യം തൊട്ടു തലോടിയെന്നാൽ
നല്ലകാലത്തിന്റെ നാന്ദിയായ്ത്തീർന്നവൻ
നന്മ ചൊരിഞ്ഞു നടനമാടും
അല്ലിൻകറുപ്പു കഴുകി വെടിപ്പാക്കി
ഫുല്ലപ്രകാശം പരത്തിയെങ്ങും
സത്യംവിതച്ചും സമത്വംകൊയ്തും ശുദ്ധ
സൗഹാർദ്ദസൗഖ്യമവൻ ഭുജിക്കും
പൊട്ടക്കുടിലിനെ പൂമേടയാക്കാനും
നട്ടെല്ലുയർത്തി നടക്കുവാനും
കണ്ണുനീരെല്ലാം തടഞ്ഞുനിറുത്താനും
മണ്ണൊരു വിണ്ണാക്കി മാറ്റുവാനും
കെല്പെഴും കയ്യും കഴിവുമതുല്യമാം
കല്പനാശക്തിയും ശേമുഷിയും
എല്ലാമവനിലുറങ്ങിക്കിടപ്പതു,
മെല്ലെയുണർന്നു പറന്നുപൊങ്ങും.

ദാരിദ്ര്യത്തിന്റെ രോദനം വിപ്ലവം വരുത്തുന്നതിനും അതുവഴിക്കു് ഒരു സുവർണ്ണയുഗം സൃഷ്ടിക്കുന്നതിനും പര്യാപ്തമാണെന്നുള്ള കവിയുടെ ശുഭാപ്തിവിശ്വാസം അടുത്ത രണ്ടു ഈരടികളിൽ സ്ഫുരിക്കുന്നു.

സന്തോഷസംതൃപ്തസംശാന്തമാകിയ
സൗവർണ്ണനവ്യയുഗം വരുത്താൻ
ദാരിദ്യ്രരോദനം യാന്ത്രികത്തോക്കണി
ഘോരാട്ടഹാസമാണേഴകൾക്കു്

‘ഏതൊരു കൈ’ എന്ന പദ്യത്തിൽ, സമുദായമദ്ധ്യേ തൊഴിലാളിക്കുള്ള പ്രാധാന്യത്തെ ഹൃദയസ്പർശകമാംവണ്ണം വർണ്ണിച്ചിട്ടു്, അവന്റെ ഉദ്ധാരണവിഷയത്തിൽ താല്പര്യമില്ലാത്തവർ കഠിനഹൃദയന്മാരാണെന്നു് പറയുന്നു.

വാനോടുരുമ്മുന്ന വെണ്മണിമേടയ്ക്കു
വാർകൂന്തൽ വാർന്നലർചൂടിയതും
കാൽക്കരിപ്പാതാളപാദത്തിൻസ്വേദത്താൽ
മൗക്തികഹാരങ്ങൾ ചാർത്തിയതും
വഹ്നിയും പേടിക്കും വന്മരുഭൂവിനെ
മഞ്ഞുമൈതാനമായ് മാറ്റിയതും
ആകാശപ്പൊയ്കയ്ക്കരയന്നക്കുഞ്ഞുങ്ങ-
ളാകും വിമാനങ്ങളേകിയതും
ഏതൊരു കൈയതാ നിത്യവും നീട്ടുന്ന
നീതിയിരക്കുന്ന ക്ഷീണഹസ്തം
അക്കരമൊന്നെത്തിനോക്കാതെ നില്ക്കുന്ന
കർക്കശരൊക്കെയും മാന്യരത്രെ.

അതിനാൽ,

മഞ്ജുളമഞ്ജരികുഞ്ജത്തെ ലാളിക്കും
മഞ്ഞൊത്തകയ്യിൽ മനംമയങ്ങി
ഭൂതലം ഭൂതിയാൽ മോഹനമാക്കുമാ
സാധുകരത്തെ നാം സന്ത്യജിച്ചാൽ
സ്വേദനിമഗ്നമാമക്കൈ തലോടിയാ-
വേദനമാറ്റുവാനാരു പിന്നെ?

എന്നാണു് കവി ചോദിക്കുന്നതു്.

സ്വാതന്ത്ര്യപ്പൂവിതളോരോന്നുതിർത്തു നാം
പൂതപ്രണയത്തിൽ മുക്കി മുക്കി
ചേതസ്സുകൊണ്ടാക്കരത്തിലങ്ങർപ്പിച്ചു
മോദം വളർത്തി മിഴിതുറന്നാൽ
ഭാസുരഭാവിതൻഫാലക്കുറിയായ
ഭാഗ്യനക്ഷത്രമുദിച്ചുകാണാം.

ഒരേ അന്തരീക്ഷത്തിൽ രണ്ടു ചിത്രങ്ങൾ: ഒരിടത്തു് ധനികന്മാർ ഓണംകൊള്ളുന്നു—മറ്റൊരിടത്തു്,

‘ജീവനെപ്പുലർത്താനായ് ജീവരക്തത്തെ വിറ്റു
ജീവിതസന്ധ്യയോളം കഴിച്ച വേലക്കാരി’
ഒടുവിൽ പിച്ചപ്പാള പേറിയും മൃതിഹസ്തം
തേടിയും നടകൊണ്ടു ജന്മത്തെ ശപിച്ചവൾ
ഇന്നലെയീവീഥിയിൽ, നിശയിൽ, വൃക്ഷച്ചോട്ടിൽ
പിന്നത്തെ പ്രഭാതത്തെക്കാണുവാൻ ശയിച്ചവൾ

മരിച്ചു കിടക്കുന്നു. അവളോടു സഹതപിക്കാൻ ആരുമില്ല.

കാറ്റാടിമരം മാത്രം കാര്യമോർത്തുൾത്താപത്താ-
ലിറ്റിറ്റുവീഴ്ത്തീ ബാഷ്പബിന്ദുക്കളാമേനിയിൽ
ക്ഷോണിയിലോണം കാണ്മാൻ പൊങ്ങിയ ദിനേശനും
ക്ഷീണംപൂണ്ടിക്കാഴ്ചയാൽ മുഖവും കറുപ്പിച്ചു.

ഇതാണു് ഓണക്കാഴ്ച.

തൊഴിലാളിയുടെ ദുരവസ്ഥയെ ചിത്രീകരിക്കുന്ന ഒരു മനോജ്ഞകവനമാണു് ‘വരുമിപ്പോഴച്ഛൻ.’ കവി തന്റെ ഭാവനയേ കടിഞ്ഞാണിട്ടു പിടിച്ചു നിർത്തിയിരിക്കുന്നതിനാൽ, പറയാനുള്ളതിനെ മാത്രം മിതമായ വാക്കുകളെക്കൊണ്ടു പറഞ്ഞു തീർത്തിരിക്കുന്നു. കവി ഗർജ്ജിക്കുന്നില്ല—ഉപദേശിക്കുന്നില്ല—പ്രസംഗിക്കുന്നില്ല. എന്നാലും കവി ഉദ്ദേശിക്കുന്ന മാതിരിയുള്ള ഒരു മനോഭാവം വായനക്കാരിൽ ഉല്പാദിപ്പിക്കുവാൻ ഈ കവിത പര്യാപ്തമായിരിക്കുന്നു. ഇതാണു് ചങ്ങമ്പുഴ പലപ്പോഴും അപലപിക്കാറുള്ള ‘കാന്താസമ്മിതയ’ത്വം. ഒരു ദീർഘമായ പ്രസംഗംകൊണ്ടോ പ്രാർത്ഥനകൊണ്ടോ മറ്റുള്ളവർക്കു സാധിക്കാത്ത കാര്യം ‘കാന്ത’ ഒരു കണ്ണീർകണംകൊണ്ടോ ഒരു നോട്ടംകൊണ്ടോ സാധിക്കുന്നതായി നാം കാണാറില്ലേ?

‘തിരിതീരത്തീർന്ന കരിവിളക്കു്
മരണമണഞ്ഞുപോൽ മങ്ങിനില്ക്കേ’

ഗൃഹനായിക ‘വിശന്നു തെരുതെരെ നോക്കിക്കൊണ്ടിരുന്ന അരുമക്കുമാരിയെ തഴുകിക്കൊണ്ടു്’ ‘വരുമിപ്പോളച്ഛൻ’ എന്നു പറയുന്നു. അപ്പോഴേക്കും ഒരു കുഞ്ഞുണർന്നു് ‘ഇനിയെപ്പോളാണമ്മേ കഞ്ഞി’യെന്നു് അലട്ടിത്തുടങ്ങുന്നു. അപ്പൊഴും അവളുടെ പല്ലവി ‘വരുമിപ്പോളോമനേ അച്ഛൻ’ എന്നുതന്നെ. ‘പൊരിയും വയറിന്റെ വൈഭവത്താൽ’ കരയാൻ തുടങ്ങിയ മൂത്ത പയ്യനേയും അവൾ ആ മന്ത്രത്താൽതന്നെ സമാധാനപ്പെടുത്തുന്നു. ഈ ചിത്രത്തിന്റെ കരുണരസത്തെ കവി ഒരു പൊടിക്കൈപ്രയോഗത്താൽ സഹസ്രഗുണം ഇങ്ങനെ വർദ്ധിപ്പിക്കുന്നു.

എരിയാത്തടുപ്പിന്നടുക്കലെല്ലാം
ശരിയായ്ത്തിരഞ്ഞുകഴിഞ്ഞപൂച്ച
പരിഭവത്തോടെ ‘പിറുപിറു’ത്തി-
ട്ടൊരുകോണിൽചെന്നു മുനിഞ്ഞിരുപ്പായ്
അതിശുദ്ധയായവൾക്കായതുംതാൻ
അതിരറ്റ സങ്കടഹേതുവായി.

എന്തിനാണു് പ്രസംഗം? ഈ വാക്കുകൾ കുറിക്കുകൊണ്ടില്ലേ?

കവിളും കവിഞ്ഞു കണ്ണീർക്കണങ്ങൾ
കഴുകിത്തുടങ്ങീ നിറവയറും
കുളുർകാറ്റവൾക്കു പുതയ്ക്കുവാനായ്
പുളകപ്പൂവാടയെറിഞ്ഞുപോയി
കഴുകിക്കമഴ്ത്തിയ മൺകലത്തിൽ
വലകെട്ടാൻ നൂലിട്ടു ലൂതജാലം.

ചിത്രം പൂർണ്ണമായില്ലേ?

‘വരുമിപ്പോളച്ഛനെന്നോതിയോതി
വഴിയിലേയ്ക്കെത്തിച്ചു നോക്കിനോക്കി
വഴിയും മിഴികളുമൊപ്പിയൊപ്പി
കഴിയുമാഗർഭിണി കണ്ടു കാഴ്ച’

വർണ്ണിക്കാൻ കഴിവില്ലാതെ വരികയാൽ, അതിനെ ഇങ്ങനെ ചുരുക്കിപ്പറയുന്നു:

ഇരുപേർ ചുമന്നെന്തോ വന്നുചേർന്നു
പുരമുറ്റത്തായതിറക്കിവച്ചു

എന്താണെന്നോ?

പുലർകാലേ മക്കളെ മാറി മാറി-
പ്പലവട്ടം മുത്തിപ്പണിക്കുപോയ
ഗൃഹനാഥനന്തിയിൽ തുണ്ടുതുണ്ടായ്
ഗൃഹമെത്തുമെന്നുതാനാരറിഞ്ഞു?
തൊഴിൽചെയ്യുംനേരത്തു കാൽ വഴുതി-
ത്തിരിയുന്ന യന്ത്രത്തിൽപ്പെട്ടു പാവം.

ഇങ്ങനെയാണു് കവിതയുടെ അവസാനം.

ഇത്തരം കവിത എഴുതുന്നയാൾ തീർച്ചയായും ശക്തിസമ്പന്നൻതന്നെയാണു്.

പ്രസ്തുത കവിയ്ക്കു് ശബ്ദമാധുര്യം കുറവാണെന്നു് ഏ. ബാലകൃഷ്ണപിള്ള അവർകൾ ശപഥം ചെയ്യുന്നു. അവിടവിടെ അപൂർവം ചില കുസന്ധികൾ ഒഴിച്ചാൽ കവിത മധുരമായിട്ടുണ്ടെന്നാണു് എനിക്കു തോന്നുന്നതു്.

“വാരനാരിയാം വാരിധീമാനസ-
ചോരനായ നിശാകരജാരന്റെ
വ്യോമയാനം വരുന്നകണ്ടീർഷ്യയാൽ
യാമിനീമുഖം മെല്ലെ വിളറിപ്പോയ്
കള്ളനിദ്ര നടിച്ചു കടൽകിട-
ന്നുള്ളിലുള്ള വികാരമടക്കവേ
സുസ്മിതാഢ്യൻ സുധാകരൻ ചെയ്തൊരു
മാസ്മരവിദ്യ വിസ്മയനീയം താൻ”

‘വാരനാരിയാം വാരിധീമാനസചോരൻ’ എന്ന പ്രയോഗം വ്യാകരണവിരുദ്ധമാണെന്നു് ചിലർ പറഞ്ഞേക്കും. എന്നാൽ എഴുത്തച്ഛനിലും മറ്റും ഇത്തരം പ്രയോഗങ്ങൾ സാധാരണമാണല്ലോ.

അംബികേ ജഗദംബികേയെന്നനു-
കമ്പയോടെ പുലമ്പിയും മാഴ്കിയും
വെമ്പിയും മനം കമ്പിതമായ്ത്തല-
കുമ്പിടുന്നു കടന്നുവന്നങ്ങൊരാൾ.
വന്നുനിന്നൊരു വള്ളിപ്പടർപ്പിന്റെ
പിന്നിൽ നിശ്ചലനായവനെങ്കിലും
ഊന്നി കണ്മിഴിയെന്തിലോ തൽക്ഷണം
ചോർന്നുപോർന്നൊരു ഗൽഗദമിങ്ങനെ:
പൂമണം കുളുർമാരുതൻ നൽകിടും;
പൂനിലാവെനിക്കേകുമിപ്പുഞ്ചിരി
ഓമലേ നിന്റെ നിർമ്മലമാനസ-
പ്രേമദീപ്തി ഞാനെന്നു ദർശിച്ചിടും?
നീലനീരദം നിൻമുടി കാണിക്കും
ലോലമാമൊഴി കോകിലം വർണ്ണിക്കും
വഞ്ചന കണികാണാത്തൊരിത്തരം
നെഞ്ചകമെനിക്കാരു തരും പ്രിയേ?” അംബിക

ഈ മാതിരി പദ്യങ്ങളിൽ ശബ്ദമാധുരി ഇല്ലെന്നു പറവാൻ എനിക്കു ധൈര്യമില്ല.

‘ഗോപി’ എന്ന പ്രഭുകുമാരനു് അംബിക എന്ന സാധുബാലികയിൽ അഭിനിവേശം ജനിക്കുന്നു.

കാമക്കാട്ടിൽ പരിമളമേറുമീ
പ്രേമപുഷ്പം വിരിയുന്ന സംഗതി
ആരറിഞ്ഞു? പ്രഭുസുതൻ ഗോപിക്കു
പാരമാരാധ്യയായിത്തീർന്നംബിക.

അങ്ങനെ,

അന്തിനേരത്തൊരുദിനമംബിക
ചാന്തുപൊട്ടൊന്നു ഗോപിക്കു ചാർത്തവേ
കണ്ടു ഞെട്ടിക്കുനിഞ്ഞു പ്രഭുപത്നി
തണ്ടൊടിഞ്ഞൊരു തണ്ടലർപോലവേ
കോപകോമരമായവരക്കൊടും
പാപകൃത്യം പഴിച്ചലറീടവേ
കാലംവൈകയാലംബിക ചൂടിയ
മാലമുത്തി മടങ്ങിനാൻ ഗോപിയും
പാഞ്ഞു പെൺപുലിപോലവേ പ്രഭ്വി ക-
യ്യാഞ്ഞുയർത്തിക്കൊണ്ടംബികയ്ക്കന്തികേ
എന്തിനോതുന്നൊരഞ്ചുമാത്രയ്ക്കകം
ഹന്ത! വീണു ശവമൊന്നു തോട്ടത്തിൽ.
പറ്റിപ്പോയോരബദ്ധം മറയ്ക്കുവാൻ
കുറ്റിക്കാട്ടിലാപ്രേതമെറിഞ്ഞേയ്ക്കാൻ
കറ്റക്കാർവേണി കല്പിച്ചു–ഭൃത്യരാ-
ക്കുറ്റംമൂടീ നിഗൂഢമായ് രാത്രിയിൽ.

സാധുക്കളുടെ ജീവനു് പ്രഭുജനങ്ങൾ കല്പിച്ചിരിക്കുന്ന വിലയെ ഇതിൽപരം ഭംഗിയായി എങ്ങനെ ചിത്രീകരിക്കും? ഇങ്ങനെ എത്ര എത്ര സംഭവങ്ങൾ ഉണ്ടായിരിക്കുന്നു! ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു! നീതിയുണ്ടു്—നിയമമുണ്ടു്—പക്ഷേ എല്ലാം പണക്കാരനുവേണ്ടി മാത്രമാണെന്നേയുള്ളു. കവി ഇതൊന്നും വ്യക്തമായി പറയുന്നില്ല. പറഞ്ഞിരുന്നുവെങ്കിൽ കവിതയുടെ ശക്തി നിശ്ശേഷം ചോർന്നു പോകുമായിരുന്നു. ‘അന്യൂനമായ ഒരു പശ്ചാത്തലം ഒരുക്കി അതിൽ മനോജ്ഞമായ ചിത്രം ഘടിപ്പിക്കുക’ എന്ന ജോലിയേ കവി ചെയ്യുന്നുള്ളു.

‘പോക്കും വരവും’ എന്ന ഗാനം ശബ്ദമാധുരികൊണ്ടും അർത്ഥമാധുരികൊണ്ടും ഒരുപോലെ ഹൃദ്യമായിരിക്കുന്നു. അതിൽ കവി പശ്ചാത്തലം ഒരുക്കിയിരിക്കുന്നതെങ്ങനെ എന്നു നോക്കുക.

മണിമന്ദിരത്തിലെ മഞ്ജുഷയിൽ
മരണക്കിടക്ക വിരിച്ച പൂവിൻ-
മധുവുണ്ണാനെത്തിയ മത്തഭൃംഗം
മധുരമായെന്തോ മൊഴിഞ്ഞിടുമ്പോൾ,
പുലർകാലവേലയ്ക്കു വന്നു ഭൃത്യ
മലർമേനി രാധ മണിയറയിൽ
കിളിവാതിലൂടെ കടന്നുചെന്ന
ക്കളിമേടയ്ക്കുള്ളിലൊളിച്ചരാഗി
അരുണകിരണമരുണമാമ-
ത്തരുണീകപോലംനുകർന്നുമന്ദം.

ദിവസേന രാവിലെ വേലയ്ക്കു പ്രഭുഗേഹത്തിൽ എത്തുന്ന ഒരു ബാലികയുടെ ഹൃദയഭേദകമായ ചരിത്രം ഇതിൽ ചിത്രിതമായിരിക്കുന്നു. അവൾ പ്രഭുസുതന്റെ മിരട്ടുകൾക്കു വശപ്പെട്ടു്, അയാളുടെ കൈയിലെ ഒരു പാവയായിത്തീർന്നു–അവൾ ക്രമേണ ഗർഭവും ധരിച്ചു. ഫലമെന്തായി?

വിരവിലൊളിച്ചുകളിച്ചുപോന്നോ-
രിരവുംപകലും നിറഞ്ഞവർഷം
തെരുവിലെ പഞ്ഞപ്പടനിലത്തി-
ലൊരുകണ്ണെറിയുവാൻ വീണ്ടുമെത്തി
നരകാഗ്നിതിന്നുകരളെരിഞ്ഞു
കരയുവാൻ കണ്ണീർപൊടിച്ചിടാതെ
കരിയുംജനങ്ങളിലശ്രു വാർക്കാൻ
കരിമുകിൽകൂട്ടവും വന്നുനിന്നു
ദയനീയദുസ്സഹദുഃഖരംഗം
നയനവിധേയമായ്ത്തീർന്നമൂലം
അലിവറ്റ മർത്ത്യരോടാത്തകോപം
അലറിക്കൊടുങ്കാറ്റു കൂത്തടിച്ചു
വികലമാം പ്രേമം ചതിച്ച രാധ
വിമലവസന്തം വെടിഞ്ഞ വാടി,
ഒളിയേറും മാനത്തിൽ മാതൃത്വത്താൽ
ചെളിവാരിത്തേച്ചു വിരൂപിയായോൾ
കരയുന്ന കുഞ്ഞിനെ മുത്തിയന്നും
തെരുവിന്നരികിലിരുന്നിരുന്നു.

അങ്ങനെ ഇരിക്കേ, ഒരു ദിവസം,

പരമരസികനൊരു സുമുഖൻ
പരിജനസേവിതനന്നതിലെ
അലസം നടന്നു കടന്നുപോകെ
അടിതെറ്റിനിന്നു, നടുങ്ങിമങ്ങി

ഇത്രമാത്രം—അവളുടെ ചാരിത്രദൂഷകനായ ആ പ്രഭുകുമാരനു് ഉണ്ടായ വികാരം ഇത്രമാത്രം.

ഒരുനോട്ടം തമ്മിലിടഞ്ഞു, പോക്കും
വരവും തന്നന്തരം വ്യക്തമായി
ഗുണവതി ഭൃത്യയാപ്രേമദാസി
ഗണികയായ്ത്തെണ്ടും നരകവാസി
വിഷമിച്ചുകാത്തൊരക്കല്പവൃക്ഷം
വിഷമേറും കാഞ്ഞിരമായിക്കണ്ടു.

ഇതാണു് നമ്മുടെ ഇടയിലെ സദാചാരം; ഇതാണു് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നീതിവിചാരം. പലവിധത്തിലുള്ള പ്രലോഭനങ്ങളാൽ ആ ദാസിയെ വശീകരിച്ചു ദുഷിപ്പിച്ച പ്രഭുകുമാരൻ ബഹുമാന്യൻ; എന്നാൽ,

പ്രഭുസുതനുന്നതഭാഗ്യശാലി
പ്രതിദിനം കീർത്തി വളർന്ന മാന്യൻ
നിരുപമസന്തോഷലീനനായി
മരുവുന്നുണ്ടിന്നുമാമന്ദിരത്തിൽ
പ്രണയം പല പല രംഗമിന്നു
പണിയുന്നുണ്ടാമണിമന്ദിരത്തിൽ.

എന്നാൽ സദാചാരനിഷ്ഠമായ സമുദായം ആ സാധുബാലികയെ ഗണികയായ് ഗണിച്ചു് അവഹേളിച്ചു; ഭുവനവാസത്തെ നരകാഗ്നിയാക്കിത്തീർത്തു.

അഴകേറുമാദ്യത്തെ സൂനമിന്നോ
പുഴവക്കിൽ പുല്ലായ് പൊടിച്ചുനിൽപൂ.

പ്രകൃതിയുടെ ദൃഷ്ടിയിൽ ധനികനും നിസ്സ്വനും തുല്യാരാണെന്നും ബുദ്ധിമാനെന്നു സ്വയം അഭിമാനിക്കുന്ന മർത്ത്യൻ മാത്രം ‘ദുരയും ദുർമ്മോഹവും’ കൈയിലേന്തി പരഹിംസ ചെയ്തു ജീവിക്കുന്നു എന്നും “സതിയും സുമതിയും” എന്ന ഗാനം വ്യക്തമാക്കുന്നു.

സതിയും സുമതിയും ശൈശവത്തിൽ
ലതികയിലൊപ്പം വിടർന്നുനിന്നു
അരുമക്കിടാങ്ങളെയൊന്നുപോലെ
പരമവിശുദ്ധിവന്നങ്ങു പുല്കി
നറുമലർ മാനസത്തേനൊഴുക്കാം
ചെറുപുഞ്ചിരിയവർക്കാഭയേറ്റി
പുതുപുഷ്പസൗരഭ്യം വാരിവീശി
പുലരി കിഴക്കുനിന്നെത്തിടുമ്പോൾ
കദളിപ്പഴവും തിളച്ചപാലും
കണികണ്ടുണരും സുമതി നിത്യം
പഴകിപ്പൊടിഞ്ഞു കുടിലിടിഞ്ഞ
പഴയോലത്തുണ്ടുകൾ തട്ടിമാറ്റി
പൊരിയുംവയറിൻപരാതിപാരം
പെരുകിപ്പിടഞ്ഞു സതിയുണരും
കളിയാടി വാടി വിയർപ്പണിഞ്ഞാൻ
കുളുർകാറ്റതൊപ്പം തുടച്ചുവിട്ടാൽ
കുടിലിൻമടിയിൽ കുഴഞ്ഞിരുന്നു
നെടുവീർപ്പിടാനായ് സതി നടക്കും
സുമതിയോ സൗധത്തിലാടി നില്ക്കും
സുമശയ്യയൊന്നിൽ കുതിച്ചു ചാടും
മണിമേടയ്ക്കന്തിക്കതിർമുടിയൊ-
ന്നണിയിക്കാൻ സായാഹ്നം വന്നുചേർന്നാൽ
വിലയറ്റ പൂമ്പട്ടുടുത്തു ചിത്ര-
ശലഭസമാനം സുമതി മണ്ടും
കളമൊഴി തൂകിയൊരാളി പിമ്പേ
കളിവണ്ടിയുന്തിക്കൊണ്ടോടിയെത്തും
സതിയതു കണ്ടുമിഴിതുടച്ചു
കുതികൊള്ളുംമാടത്തിൽ ചെന്നുവീഴാൻ

ഇങ്ങനെ,

പരിസരവ്യത്യാസമാതൃകയ്ക്കായ്
പരിരമ്യശൈശവശില്പമേവം
വിരചിച്ചു രണ്ടുവിധത്തിലാക്കി
നരധാർഷ്ട്യം സന്തുഷ്ടി പൂണ്ടിരിക്കെ
ഒരുകൊച്ചുകാറ്റിലാമൺകുടങ്ങൾ
ഒരുപോലെ പൊട്ടിത്തകർന്നു കഷ്ടം
സതിയും സുമതിയുമൊന്നുപോലെ
ചിതവിട്ടുയർന്നു വിടർന്നുപൊങ്ങി
വിമലാംബരത്തിൻവിരിഞ്ഞ മാറിൽ
സുമഹാരംചാർത്തി പുകച്ചുരുളാൽ
ചിറകടിച്ചാർത്തു പറന്നു ചുറ്റി
ചെറുകിളിക്കൂട്ടമക്കാഴ്ച വാഴ്ത്തി.

ഒന്നാം ഭാഗത്തിലെ ഈ പദ്യങ്ങളിലെല്ലാം ഒന്നാംതരം ഒരു കലാശില്പിയുടെ തൂലികാപ്രയോഗം നാം കാണുന്നു. പിച്ചക്കാരന്റെ പ്രേമം വായിച്ചു നോക്കുക.

ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ഭാഷയിൽ പറഞ്ഞാൽ “പ്രസ്തുത നരകജീവിതത്തിൽനിന്നു മോചിപ്പിച്ചു് തൊഴിലാളിവർഗ്ഗത്തെ സ്വർഗ്ഗസദൃശമായ ഒരു പുതിയ സമുദായഘടനയിൽ കൊണ്ടെത്തിക്കുന്ന കടത്തുവഞ്ചിയായ സംഘടിതവിപ്ലവത്തെപ്പറ്റി മായാകോവസ്കിയുടെ രീതിയിൽ പാടുന്ന കാവ്യങ്ങളാണു് രണ്ടാംഭാഗത്തിൽ അടങ്ങിയിരിക്കുന്നതു്.”

‘കടത്തുവഞ്ചി’ എന്ന ഗാനം കവിയുടെ വിപ്ലവകാഹളമാണു്. കവി തൊഴിലാളികളെ അഥവാ ദരിദ്രജനതയെ,

മടിച്ചുനില്ക്കാതെ കുതിച്ചു ചാടിയീ
കടത്തുവഞ്ചിയിൽ കേറിൻ

എന്നു ക്ഷണിക്കുന്നു. ഇന്നത്തെ ജീർണ്ണിച്ച സാമുദായിക സ്ഥിതിക്കും കവി സങ്കല്പിക്കുന്ന സമത്വസാഹോദര്യാദി ഭാവസമ്പന്നമായ സ്വർഗ്ഗീയസ്ഥിതിക്കും ഇടയ്ക്കു് ഒരു നദിയേയുള്ളു. അതിനെ തരണം ചെയ്യുന്നതിനുള്ള കടത്തുവഞ്ചി വിപ്ലവമാണു്. നദിയുടെ ഇക്കര, ‘ദുരിതഭീകരനരകനർത്തനഭൂമി’. മറുകരയോ? “മതി കുളുർത്തിടും മധുരസുന്ദരസ്വർഗ്ഗം.” നദിയുടെ മധ്യത്തിൽ ചില ദിക്കിൽ കടത്തുകാരന്റെ കരം കഴയ്ക്കുന്ന നീർച്ചുഴിച്ചാട്ടവുമുണ്ടു്.

ആനദീനടുവിലൂടെ ഫേനഹാസം തൂകി
ഭൂതകാലഭൂതിവാഴ്ത്തുംനീതിവാദംപോലെ
അന്ധമായഹങ്കരിച്ചിട്ടാർത്തിരമ്പിലാണ്ടു
കടത്തുവഞ്ചിതൻതലതിരിക്കുന്ന കടുത്തനീർച്ചുഴിച്ചാട്ടം.

വഞ്ചിയുടെ പുരോഗമനത്തെ തടയുന്നതിനായി ഭൂതകാലസ്തോത്രകാരന്മാരായ പിന്തിരിപ്പൻ നയക്കാർ നില കൊള്ളുന്നു. അവരെ സൂക്ഷിക്കണം എന്നു സാരം.

സംഘടിതവിപ്ലവമാകുന്ന വഞ്ചിയുടെ ആഗമത്തെ കണ്ടപ്പോൾ, നിരാശാഭരിതരായിരുന്ന തൊഴിലാളികളുടെ മനം കുളുർത്തു.

കദനച്ചൂളയിൽ കരളുരുകുന്ന
കവിതൻകാഹളംപോലെ
കരുണശോകങ്ങൾ ചിറകടിക്കുന്ന
കവനകാകളിപോലെ
കടത്തുവഞ്ചിതന്നമരഭാഗത്തു തുടർന്നുവീണ്ടുമാഭേരി:
“മടിച്ചുനില്ക്കാതെകുതിച്ചുചാടിയീക്കടത്തുവഞ്ചിയിൽക്കേറിൻ”

എന്നാൽ അസ്ഥിശേഷരും അസ്വതന്ത്രരുമായ സാധുക്കൾക്കു പൂർണ്ണധൈര്യം വരുന്നില്ല.

“ഉള്ളിലൊളിഞ്ഞാക്കിനാവുവള്ളിയുണ്ടുവാഴ്‍വൂ
വെള്ളമതുതൊട്ടുപോയാലള്ളിയാഴ്ത്തും കള്ളൻ”

അന്ധമായ മതവിശ്വാസം–ആ പേക്കിനാവു്–അവരെ തടഞ്ഞുനിർത്താൻ നോക്കുന്നു. അതു മാത്രമോ?

“അനങ്ങിപ്പോയെകിലരിഞ്ഞുതള്ളുവാനറുപ്പുവാളുകളേന്തി
ഉറച്ചുനില്ക്കുന്നുവിരുതൻശ്രാവൊന്നങ്ങുറങ്ങിൻനിങ്ങളെന്നോതി”

‘നിയമവും വ്യവസ്ഥിതിയും’ (Law and Order) എന്ന ശ്രാവു് സംതൃപ്തരായിരിക്കുവാൻ അവരെ ഉപദേശിക്കയും, സംഘടിച്ചു പ്രവർത്തിച്ചാൽ കാരാഗൃഹദുരിതമനുഭവിക്കേണ്ടിവരും എന്നു ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇവ കൂടാതെ,

“വരുവിനെല്ലാമെൻവയറ്റിലേക്കെന്നു
ദുരയോടെ ചൊല്ലി നിൽപൂ”

എന്നു പറഞ്ഞുകൊണ്ടു് “കടിച്ചുചെഞ്ചോര കുടിച്ചുതഞ്ചത്തിൽ തടിച്ചു ചീർത്തൊരു നക്രവും” ഇരിക്കുന്നു. അതായതു് സാധുക്കളുടെ അധ്വാനത്താൽ പണക്കാരായിത്തീരുന്ന മുതലാളിവർഗ്ഗമാണു് മറ്റൊരു പ്രതിബന്ധം. പിന്നെ അവർ,

‘പുഴയിൽ ചാടിയാൽ കഴിഞ്ഞല്ലോ കഥ തുലയുന്നെങ്ങനെ ഞങ്ങൾ’ എന്നു സംഭ്രമിച്ചുനില്ക്കാതെന്തു ചെയ്യും? ഇങ്ങനെ മടിച്ചു നില്ക്കുന്ന ഏഴകളെ നോക്കി അമരക്കാരൻ പറയുന്നു:

“ഏഴകളല്ലൊത്തുചേർന്നാൽ തോഴർകളെ നമ്മൾ
സംഘടിച്ചിടും നിമിഷം സങ്കടം പറക്കും”

അതിനാൽ,

പേടിവേണ്ടചാടിനീന്തിയോടിയിൽകരേറിൻ
ഒത്തുതുഴഞ്ഞക്കരയിലെത്തിടാംസുഖത്തിൽ

അതു കേട്ടു് അവർ അക്കരയിലേയ്ക്കു് സതൃഷ്ണംനോക്കുന്നു. അവിടെ,

മാടമില്ല, മേടയില്ല, കാടുമേടുമില്ല
മോടിയില്ല, ധാടിയില്ല, മാടുമർത്ത്യരില്ല
ചൂഷണവും ദൂഷണവും മോഷണവുമില്ല
മർദ്ദിതരും നിർദ്ധനരും നിർദ്ദയരുമില്ല
അവിടെക്കണ്ടവരതിവിശാലമാംനവസമതലഭൂമി
അതുലനിർമ്മലമമരനിർമ്മിതമഴകൊഴുകുന്നഭൂമി
അവിടെക്കണ്ടവരനഘസത്യങ്ങളവതരിക്കുന്ന ലോകം
അനശ്വരസുഖസമൃദ്ധി വാഴുന്ന—അജിതസൗഹൃദലോകം
അവിടെക്കണ്ടവരചലധർമ്മത്തിനമലവിശ്രമവാടി
അവശലക്ഷങ്ങൾക്കഭയം നൽകുന്ന അവികലാനന്ദവാടി

ഇതാണു് വിപ്ലവഫലമായിട്ടു് ഉണ്ടാവുമെന്നു് കവി സങ്കല്പിക്കുന്ന പുതിയ ലോകം.

‘പോരും സഹിച്ചതു്’ എന്ന കാവ്യത്തിൽ ‘പ്രതിരൂപങ്ങൾ ഉപയോഗിക്കാതെ വ്യക്തമായ ഭാഷയിൽ കവി, സഹജരെ’ വിപ്ലവത്തിനു പ്രേരിപ്പിക്കുന്നു.

കാലം പറയുന്നു നമ്മളോടൊക്കെയും
കാലൊന്നുറപ്പിച്ചു കൈകോർത്തു നില്ക്കുവാൻ
മുമ്പോട്ടു പോകേണ്ട മാർഗ്ഗം തെളിഞ്ഞുപോയ്
വമ്പാർന്ന വിപ്ലവത്തീവണ്ടി പാഞ്ഞതാ-
പോരിൻസഖാക്കളേ പാരം വിശന്നിടും
പോരും സഹിച്ചതീപ്പാരിന്റെ ക്രൂരത.

ചിലർ വഴിയിൽ തങ്ങിയേക്കാം. അവരെ പ്രതിരൂപാത്മകമായി കവി വർണ്ണിക്കുന്നു:

“സമരകാഹളത്തിരകൾ ജീവിതസിരയിലാഞ്ഞടിച്ചലറുമ്പോൾ
പരിവ്രജാചാര്യവരവേഷംകെട്ടിപ്പരലോകത്തിന്റെ പടികാണ്മാൻ
പുകയുംതീമലത്തലയിൽമഞ്ജുളമൃദുലനീലപ്പുൽത്തറയിന്മേൽ
വിജനകന്ദരംതിരയുംസാധുക്കൾ സ്വജനക്ലേശങ്ങളറിയാത്തോർ
അവിടെനിന്നോട്ടേ നിഴലാംശൂന്യതയ്ക്കവസാനമൊന്നു കളിയാടാൻ
മരുഭൂമധ്യേയിച്ചെറുകുറ്റിക്കാട്ടിലിരതേടിക്കൂടുമുരഗവും
എരിയുംകാട്ടുതീനടുവിൽ തേനുണ്ടു മുരളും സ്വാർത്ഥിയാംകരിവണ്ടും
മലിനമായ ചേർക്കുഴിയേസ്സംതൃപ്തനിലയമായ്ക്കാണും കൃമികളും
പഴമയെപ്പാടിത്തഴുകും പാമരർക്കൊഴിയാതാശ്വാസത്തണലേകി
വഴിയിൽനിന്നോട്ടേ തടയട്ടേ മുന്നോട്ടൊഴുകുംകാലത്തിന്നടിയേല്ക്കാൻ”

ഇത്രയും കാലത്തിനുള്ളിൽ ഇതേമാതിരി സൽക്കാവ്യങ്ങൾ പലതും എഴുതി കൈരളിയെ അനുഗ്രഹിച്ച കെടാമംഗലംസാഹിത്യത്തിനു് ഒരു കെടാമംഗലമായി ശോഭിക്കട്ടെ!

ബോധേശ്വരൻ

യഥാതഥപ്രസ്ഥാനത്തിൽ നിരവധി ഭാവഗീതങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ധനഗീത, ആദർശാരാമം, ഹൃദയാങ്കുരം മുതലായവ സൽക്കാവ്യങ്ങളാണു്. യൗവനാരംഭംമുതല്ക്കേ സാമുദായികമായും ധാർമ്മികമായും രാഷ്ട്രീയമായുമുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. കവി എന്ന നിലയിൽ, ചിലപ്പോൾ സമുദായോത്തേജകനാണെങ്കിൽ, ചിലപ്പോൾ പ്രേമഗായകനാണു്. ഒരിക്കൽ സമത്വവാദിയായി പ്രത്യക്ഷപ്പെട്ടാൽ, മറ്റൊരിക്കൽ ശുദ്ധ ദേശീയവാദിയായി കാണപ്പെടും. ഇന്നു് ഹിന്ദുധർമ്മത്തിന്റെ മഹത്വത്തെപ്പറ്റി പാടിയാൽ, നാളെ സർവ്വധർമ്മസമത്വമായിരിക്കും വിഷയം. എന്നാൽ ഏതവസരത്തിൽ നോക്കിയാലും—ഏതു വിഷയത്തെപ്പറ്റിയായാലും—വികാരതരളിതനായിട്ടേ ഗാനം ചെയ്യു.

ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. ‘ഒരു ഭഗിനി’യോടു് കവി ഉപദേശിക്കുന്നു:-

സത്യം സമത്വമഹിംസയീവല്ലികൾ
ചിത്തിൽപടർത്തി വളർത്തിമെല്ലെ
ഉത്തമപല്ലവമാർന്നു ഫലിച്ചീടാൻ
എത്രയും ശ്രദ്ധ പതിച്ചിടേണം
ആര്യമാംധർമ്മവും ഭാരതവർഷവും
നായർകുലവും നിനക്കു നിത്യം
ആരാധനയ്ക്കുപകാരമായുള്ളൊരു
നാരായണൻ തന്റെ ഭാവത്രയം
വീര്യംവിളഞ്ഞൊരു നായർസമുദായ-
ചാരുതചേരും സിരകളെല്ലാം
പാരമുണങ്ങിവരണ്ടു വിഷാദിക്കും-
നേരമെന്നാകിലുമായതിപ്പോൾ
ധീരചരിത്രമനുസ്മരിച്ചീടുവാൻ
പോരുമെന്നോതി വിളങ്ങി നിൽപൂ
നായർകുലം തവ പ്രാണനെന്നോർത്തു നി-
ർമ്മായപ്രണയപ്രമുഖമായി
നായകനോടുമനാരതം യത്നിപ്പാ-
നായല്ലോ നിന്നെ സമർപ്പിക്കുന്നു.

ഇവിടെ കവി സ്വസമുദായാഭിമാനിയായ തനി നായരാണു്; എന്നാൽ ആ സമുദായത്തിലുള്ള അവാന്തര ജാതിവ്യത്യാസത്തെയും ആലസ്യാദി ദോഷങ്ങളെയും ചൂണ്ടിക്കാണിക്കാൻ മടിക്കുന്നുമില്ല.

ഇല്ലം സ്വരൂപം കിരിയം കരുവല-
മെല്ലാമനർത്ഥസങ്കേതജാലം
നായർസമുദായമൂലവിഛേദനോ-
പായമാ ദാസ്യവിചാരവീഥി

ആർഷഗീതത്തിൽ, ‘തീണ്ടൽ, തൊടീൽ’ ഇത്യാദിയായ അനാചാരങ്ങളെപ്പറ്റി വികാരതൈക്ഷ്ണ്യത്തോടുകൂടി ഇപ്രകാരം പറയുന്നു:

ബന്ധുവൃന്ദത്തെക്കൊല്ലാനായുധം നല്കീടൊല്ലെ
ഹിന്ദുധർമ്മത്തെക്കൊന്നു കൊള്ളിവയ്ക്കൊല്ലേനിങ്ങൾ
സനകൻ മനു സാക്ഷാൽ ജനകൻ യുധിഷ്ഠിര-
നിനിയോരോരോ ശാന്തമാമുനിജനങ്ങളും
തനിയേ ചിന്തിച്ചുള്ളംതെളിയിച്ചുരച്ചതാം
ധനമല്ലയോ നമുക്കാർജ്ജനം ചെയ്യേണ്ടതും
ഇനിയെങ്കിലുമുണർന്നല്പാല്പം സനാതന-
സ്വനമേകുന്നകേൾപ്പാനാഗ്രഹമുൾക്കൊള്ളുവിൻ
ഇക്കാണുംചരാചരമൊക്കെയ്ക്കുമേകത്വത്തെ
ധിക്കാരംവിട്ടുകാണ്മാനോതിയുമനുഷ്ഠിച്ചും
ചൊല്ക്കൊള്ളുംമുനീന്ദ്രന്മാർ നമ്മുടെ ഗുരുഭൂതർ
ശ്വാവിനുംപശുവിനുമൊക്കെയ്ക്കുംമീതെ നര-
നേവനുമെന്നുചൊന്ന വചസ്സു മറക്കൊല്ലേ
ശ്വാവിനേക്കാളുംനരൻ നീചനെന്നുരയ്ക്കുന്നോർ
ശ്വാവിനേക്കാളും നീചയോനിയിൽജനിച്ചിടും.

കവി എപ്പൊഴും വികാരതരളിതൻ എന്നു പറഞ്ഞാൽ പോരാ—വികാരത്തിന്റെ കൊടുമുടിയിലാണു് അദ്ദേഹത്തിന്റെ ഇരിപ്പു്. വിധവകളുടെ ദുരിതങ്ങളെ വർണ്ണിക്കുന്ന ഗാനത്തിനു് ‘കീറുവിൻ സ്മൃതികളെ നൂറുതുണ്ടാക്കീടുവിൻ’ എന്നാണു നാമകരണം ചെയ്തിരിക്കുന്നതു്. അദ്ദേഹം അന്തണരെ ഇങ്ങനെ ശപിക്കുന്നു.

“അന്തണസ്മൃതികളേ! ഹൈന്ദവാരാമത്തിന്റെ
ചന്തമേറുന്ന പുഷ്പവൃന്ദങ്ങളനാരതം
ചെന്തീയ്ക്കുസമർപ്പിച്ചു ജയിക്കും നിങ്ങൾക്കിനി
ബന്ധുക്കളില്ലാതാകുമൂർവിയിലനുക്രമം”

ഹൃദയാങ്കുരം ഏകദേശം ഒരു വ്യാഴവട്ടം കഴിഞ്ഞു് എഴുതപ്പെട്ടതാണു്. കവിത്വശക്തിയും അത്രയ്ക്കു വളർന്നിട്ടുണ്ടു്. മിസ്റ്റിസിസത്തോടുള്ള ഒരു ചായ്‍വും നാം ഇവിടെ കാണുന്നു. കവി ജാതിമതഭേദകോപാധികൾക്കെല്ലാം അതീതനായി സർവജനസൗഭ്രാത്രനായി ഇങ്ങനെ ഗാനം ചെയ്യുന്നു:

‘ലോകങ്ങളയുതങ്ങൾ തിങ്ങുമീവിശ്വത്തിങ്ക-
ലേകമാംധരയെങ്ങോ ഭ്രമണംചെയ്തീടവേ
ആയതിലൊരു കോണിലങ്ങനെപറ്റിച്ചേർന്നു
മായുന്നമണൽത്തരിയല്ലയോ മർത്ത്യാ നീയും?
നിൻകൈകൾ നീട്ടീടുന്നോ വിശ്വത്തിന്നടിത്തട്ടിൽ
നിൻകരൾ കൊതിക്കുന്നോ കാരണം ഗ്രഹിക്കുവാൻ?
പോരുംനിൻപ്രയത്നങ്ങൾ പോരുംനിൻവിശ്വാസങ്ങൾ
ആരു നീ! ശലഭമേയർക്കബിംബത്തെത്തൊടാൻ
നില്ക്കുക! നിമേഷം നീ ജന്തുവേ! വിശ്വത്തിന്റെ
നിത്യനാംകർത്താവിനെക്കണ്ടതാരെന്നാണോതിൻ
ക്രിസ്തുവോ നിബിതാനോ വ്യാസനോ മനുവാമോ
നിസ്തർക്കമറിഞ്ഞതാരവ്യാജപ്പൊരുളിനെ?
രക്ഷകരെന്നായ്‍വന്ന പ്രാണികളിവരെന്നും
സൂത്രത്തിലല്ലോ ചൊല്ലി കണ്ടെന്നും കേട്ടീലെന്നും
ദീർഘദർശികളിവരാകവേ വിശ്വത്തിന്റെ
ദൈർഘ്യവിസ്തൃതിയെല്ലാം കുറിച്ചുകല്പിച്ചാർപോൽ!
ഹാ കഷ്ടം മനുജാ നിൻമാനദണ്ഡങ്ങളോർക്കി-
ലെത്രകണ്ടഗണ്യങ്ങൾ ഹ്രസ്വങ്ങൾ നിരർത്ഥങ്ങൾ!
വൈദികവിജ്ഞാനീയഭണ്ഡാരപ്പുരകളെ
മേദിനിക്കുളവായോരാപത്തിൻനിലകളെ
ഇരുട്ടിൽത്തപ്പിത്തല്ലും ഭീതരാം മനുജർക്കു
പതിച്ചു ചാകാനുള്ളോരന്ധമാം കൂപങ്ങളെ
പിരിഞ്ഞുപോകിൻ നിങ്ങൾ മറഞ്ഞുപോകിൻ വേഗം
മർത്ത്യനീ ക്ഷമാതലം സ്വർഗ്ഗമാക്കീടും നൂനം
മാതൃഭൂവായീടട്ടേ മേദിനി നമുക്കെല്ലാം
ഭ്രാതാക്കളായീടട്ടേ മാനവരശേഷവും
അന്തരം പാരാവാരം ഭൂതലമിവ മൂന്നു-
മന്തരാമോദാലെന്നും സ്വാതന്ത്ര്യം വളർത്തട്ടേ
ഞങ്ങളി പ്രഭാതംതൊട്ടന്തിയിൽ വിളിപ്പോളം
പാടിയും കരഞ്ഞുമീവാടിയിലലഞ്ഞീടാം

ഒന്നു രണ്ടു ഗാനങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.

ചന്ദ്രികയിലെ ചെറുവഞ്ചി:

അന്നാളൊരന്തി കഴിഞ്ഞു നിശയിങ്ക-
ലെന്മിഴി രണ്ടും തിരഞ്ഞുനടക്കവേ,
തേന്മാവു പൂത്തു പരിമളം ചുഴുന്ന
നിർമ്മലവാടിയിലങ്ങിങ്ങുലാത്തവേ,
ഒരു പെൺകൊടിത്തയ്യലാൾ
കാട്ടിൻനടുവിൽ രജനിയിൽ രാജിക്കും
കാട്ടുവല്ലിക്കുസമാനയായങ്ങനെ
വന്നണയുന്നു.
ആരോമലാളേ! നീയാരാണീരാവിങ്കൽ-
ആരും തുണയില്ലാതിങ്ങു വന്നീടുവാൻ.

എന്നുള്ള ചോദ്യത്തിനു് അവൾ വികാരതൈക്ഷ്ണ്യത്തോടു മറുപടി പറയുന്നു:

ഇക്കാണും വൻപുഴയ്ക്കക്കരെയുണ്ടൊരു
ചൊല്ക്കൊള്ളും സൗധം മദീയം മനോഹരം
ആചാരമൂഢരാം കേരളവർഗ്ഗത്തിൽ
ചെമ്മേ ജനിച്ചു വളർന്നോരു ബാല ഞാൻ
പാരാതെ പാഴ്‍മരമൊന്നിലായ്‍പിച്ചകം
നേരെ പടരാൻ സ്വജനങ്ങൾ കല്പിച്ചു

അബലയായ അവൾ എന്തു ചെയ്യും?

ചന്ദ്രികച്ചാറും കുളുർവാരി തൂവുന്ന
മന്ദമരുത്തുമാമുല്ലപ്പൂഗന്ധവും
ഏകാന്തമാകും നിശയും പരിമൃദു-
പാകത്തിലുള്ളൊരു ശയ്യയുമെന്നിലായ്
പാരം വിഷാദം വളർത്തിനെടുനാളായ്
സ്വൈരമാം മാർഗ്ഗങ്ങളാരാഞ്ഞുപോന്നു ഞാൻ

ഭർത്താവു് വൃദ്ധൻ—അരസികൻ—അതിനാൽ അവൾ ചോദിക്കുന്നു:

നാമജപവും കുളിയുമുറക്കവു-
മാമോ എനിക്കവനോടു രമിക്കുവാൻ
ജാതിയെപ്പോറ്റാൻ പ്രഭുത്വം നിലനിർത്താൻ
മേദിനിക്കുള്ളിൽ നരകം വിളയിക്കാൻ
ചിന്താവിഹീനരാമാഢ്യരൊരുങ്ങിയാൽ
വെന്തെരിയുന്നിതബലകൾമാനസം.
ലോകസ്രഷ്ടാവു ചമച്ചതാം വാടിയിൽ
മോഹനമായ മുകുളമാമംഗന
സൂര്യാതപത്തിൽ വിടർന്നു പവനനു
സൗരഭ്യമേകിപ്പതിക്കാൻ ജനിച്ചതോ?

അതിനാൽ അവൾ പ്രാർത്ഥിക്കുന്നു:

ഇഷ്ടമുണ്ടെങ്കിൽ ഗ്രഹിക്കു മനോഹര!
ആരെന്നുമെന്തെന്നുമോരേണ്ടതിലൊരു
നേരമില്ലങ്ങോ സുഭഗനുമല്ലയോ?
ചന്ദ്രനുദിക്കാറായ് ശാന്തമായ് ലോകവും
നിദ്രാവിലീനമായീടുന്നു സർവ്വവും
സ്ഫാടികനിർമ്മലവാരികടക്കുവാ-
നോടമൊന്നുണ്ടു കപോതികപോലവേ!

ഇത്രയും പറഞ്ഞിട്ടു്: അവൾ മൗനം പൂണ്ടു.

പാരം പരിമളം പേറും പനിമലർ
പാരാതെവന്നിങ്ങപേക്ഷിച്ചു നില്ക്കുമ്പോൾ
ആരാണു ചുംബിച്ചു ചുംബിച്ചെടുത്തുടൻ
നേരായണച്ചങ്ങണിയാത്ത മാനുഷൻ
മാമകപാണികൾ മെല്ലവേ നീട്ടിയെ-
ന്നോമലേയെന്നു തരളമായ്ച്ചൊല്ലവേ
പൊന്മണിക്കങ്കണക്വാണത്താൽ വാങ്ങിയെൻ
ഹൃന്മലരിങ്കലൊരുമ്മയും നല്കിനാൾ
കാഞ്ചനം കോരിത്തളിച്ചു വിൺമുറ്റത്തു
പുഞ്ചിരി പാരം പരന്നുവെന്നാകിലും
നിൻമൃദുഗാനം മുരണ്ടു തരംഗിണീ
തന്മയമായി രജനിയിലെങ്കിലും
ഏകാന്തമാകുമാരാത്രിതൻയാമങ്ങൾ
ശോകവിഹീനങ്ങളായീലെനിക്കഹോ.

കാരണം, പ്രതിരൂപാത്മകമായി രണ്ടു വരിയിൽ, കവി പറയുന്നു.

അങ്ങിങ്ങു പൊങ്ങും കരിമ്പനക്കൂട്ടത്തിൽ
തങ്ങിയിരുന്നങ്ങൊലിയിട്ടു ക്രോഷ്ടാക്കൾ

എന്നാൽ,

ആറ്റിൻകരയിലരയാലിൻചോട്ടിലായ്
കെട്ടിയിരുന്ന ചെറുവഞ്ചിതന്നിലായ്
വെണ്മതിപ്പാലിലിളകുന്ന വാരിയിൽ
മന്ദമായ്ത്താഴോട്ടു തള്ളിത്തുഴയവേ
പ്രാണലതപോലെ മാർത്തട്ടിലെന്നുടെ
പ്രാണപ്രിയയും ലയിച്ചുറങ്ങീടവേ
ശാന്തമായ്കീഴ്പോട്ടൊഴുകിച്ചെറുവഞ്ചി
സൗന്ദര്യവാരാന്നിധിയിൽ വിലീനയായ്

ചേറിബ്ളോസം ബോധേശ്വരന്റെ പ്രണയഗാനങ്ങളിൽ ഒന്നാണു്.

കവി,

സാർവലൗകികസ്നേഹസംഗീതവും
സർവസൗഭാഗ്യസാഹിതീഭംഗിയും
ഒത്തുചേർന്നു പൊടിച്ചു പിണഞ്ഞു ഹാ
നൃത്തമാടിപ്പടർന്നു വളർന്നതോ

എന്നു തോന്നുമാറു്,

ആംഗലമഹിക്കുള്ള മനോജ്ഞമാ-
മംഗസൗഷ്ഠവസൗഗന്ധികാമൃതം
സംഗതമാക്കി നില്ക്കുന്ന കാമിനീ-
സംഘസംഗമശ്രീയെഴും വല്ലിക-

യെ അഭിസംബോധനം ചെയ്തുകൊണ്ടു പറയുന്നു:

പിച്ചിയും ചെറുമുല്ലയും കാൺകെ നിൻ
കൊച്ചുപൂക്കളിറുത്തു മണക്കുവാൻ
അല്പമുണ്ടൊരു കുണ്ഠിതമെങ്കിലും
അല്പമല്ലയെന്നാസക്തി നിന്നിലായ്
മാമകാത്മപ്രണയം പൊലിഞ്ഞതാം
പ്രാണവല്ലിയായല്ലീ പടർന്നു നീ
ലോലമോഹനപല്ലവമാർന്നനു-
വേലമാഞ്ഞുലഞ്ഞിങ്ങു ലസിപ്പതും
ശീതമാരുതനോതും രഹസ്യമോ
കാതു നല്കി ശ്രവിച്ചു കുലുങ്ങിയും
ബാലഭാസ്കരകൈത്തലംതന്നിലാ-
ലോലമോടിയോടാടി രസിക്കയും

ഒക്കെ,

പാർത്തുനിന്നു ഞാൻ കണ്ടറിഞ്ഞോമലേ

വ്യാകരണനിയമത്തിലും മറ്റും കവിക്കു വലിയ നിഷ്ഠയൊന്നുമില്ല വികാരങ്ങൾ അടിക്കുന്ന വഴിക്കു് ഭാഷ പൊയ്ക്കൊള്ളണമെന്നാണു് വച്ചിരിക്കുന്നതു്. കവി ഒടുവിൽ പ്രാർത്ഥിക്കുന്നു:

വൃത്തശുദ്ധി നടനചതുരയാ-
യെത്രയെത്ര തരുവിൽ പടർന്നതും
കൃത്രിമങ്ങളാം വേലികളാകവേ
എത്രമാത്രം വളർച്ച തടഞ്ഞതും
വെൺചിതൽ തിന്ന പാഴാമഴികളിൽ
നെഞ്ചു നല്കിപ്പടർന്നു പതിച്ചതും
നൊന്തുലഞ്ഞ മനസ്സാലറിവു ഞാ-
നെന്തു കഷ്ടം നിനക്കു ഭവിപ്പതും
ഭൂതലമലച്ചോളം തകർത്തിടും
കൈതവങ്ങളും പാപസമൂഹവും
ഏതനിഷ്ടവും കണ്ണീർപുഴകളും
ഭേദമന്യേ മറച്ചുകൊണ്ടീടുവാൻ
ശീതളമിളംതെന്നലേറ്റാടിയും
പൂതമാം മൃദുചേതസ്സിളക്കിയും
എത്ര നല്ല ലതാതരുജാലമോ
ചിത്രമായിദ്ധരിയിലുണ്ടെങ്കിലും
നിത്യവും മമ സൗഹാർദ്ദപാത്രമായ്
ഒത്തുനില്ക്കുന്ന വല്ലികയൊന്നു നീ.

എൻ. ഗോപാലപിള്ള എം. ഏ.

പ്രശസ്ത പണ്ഡിതൻ—സഹൃദയാഗ്രേസരൻ—എരി ധാരാളം കലർത്തി ഫലിതം പറയുന്നതിൽ വിരുതൻ. ഇപ്പോൾ സംസ്കൃതമഹാപാഠശാലയുടെ അധ്യക്ഷപദം അലങ്കരിക്കുന്നു. അദ്ദേഹം പലപ്പോഴായി എഴുതിയിട്ടുള്ള ഏതാനും ഗാനങ്ങൾ, നവമുകുളം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിലെ ആദ്യത്തെ ഗാനം രാജശ്ലാഘാപരമാണെങ്കിലും, അതു വെറും സ്തുതിയല്ല.

ഉന്നതാദർശങ്ങളാർന്ന ധർമ്മസക്തി കർമ്മശക്തി-
യെന്നിവയാർന്നൊരുകരമുയർന്നീടുന്നു
കുലശേഖരാൾവാർ തന്റെ കുലധർമ്മം പുലർത്തുന്ന
തുലയറ്റ തിരുവാളൊന്നിളകീടുന്നു
തെറിച്ചു വീഴുന്നു ദുരെത്തകരുന്നു സഹസ്രാബ്ദം
മുരടിച്ച കാരിരുമ്പുചങ്ങലയെല്ലാം
തെളിഞ്ഞു കത്തുന്നു വീണ്ടുമൊളിഞ്ഞു മങ്ങിയ ദീപം
തെളുതെളെയൊളിചിന്നിയുലകിലെല്ലാം
മലയാദ്രിസാനുമുതൽ ഹിമാലയംവരെജ്ജയ
കളകളം സ്വർഗ്ഗത്തോളം കിളർന്നീടുന്നു
എഴുന്നേല്പിൻ പരസ്പരം പുണരുവിൻ ഭ്രാതൃസ്നേഹ-
മസൃണമാം ബഹുലക്ഷം കരങ്ങൾ വീശി.

ചിത്തിരതിരുനാൾ പൊന്നുതമ്പുരാൻ അസ്പൃശ്യതാശൃംഖലയെ പൊട്ടിച്ചെറിഞ്ഞു്, മങ്ങി മങ്ങിയിരുന്ന ഭാരതീയ സംസ്കാരത്തിന്റെ ദീപ്തി വർദ്ധിപ്പിച്ചതിൽ കവിക്കുണ്ടായ ആഹ്ളാദമാണു് കവിതാരൂപേണ ഇവിടെ ബഹിർഗ്ഗമിച്ചിരിക്കുന്നതു്. അചിരേണ കേരളീയജനത ദൃഢമായ സൗഭ്രാത്രത്താൽ പരസ്പരം ബന്ധിക്കപ്പെടുമെന്നു് കവി പ്രത്യാശിക്കുന്നു. അടുത്ത പദ്യമായ പൈങ്കിളിക്കൊഞ്ചൽ ഒരു പ്രതിരൂപാത്മകഗാനമാണു്.

പ്രകൃതിസൗന്ദര്യാവലോകനത്താൽ തരളിതചിത്തനായി ആ ലാവണ്യത്തിൽ തല്ക്കാലം ലയിച്ചുപോയ കവി അഥവാ കഥകാരനെ ആണു് പൈങ്കിളി ഇവിടെ ഉപലക്ഷിക്കുന്നതു്. ആ കിളി പറയുന്നു:

ബാലസമീരണൻ മർമ്മരനിസ്വാന-
ലോലതരംഗം പരത്തിടുമ്പോൾ
നീലദ്രുമങ്ങൾ മേൽ നിന്നു ഞാൻ തൂവുന്ന
കേവലലീലാകളനാദങ്ങൾ
മർമ്മരധാവള ്യലക്ഷ്മിമേൽ പൊൻവളർ
മിന്നൽപോൽ നീന്തി നീളുന്നു നീളെ
വാനോളം വീശിവരുന്ന ലോകപ്രാണൻ
സ്വാതന്ത്ര്യകാഹളമൂതിടുമ്പോൾ
നിർവൃതിയാളും ഞാൻ പിഞ്ചുഗളംപൊക്കി-
ത്തൂവിപ്പോം തോരാതെ മൗനധാര

ലാവണ്യധ്യാനത്തിൽ കലാകാരന്റെ ഹൃദയത്തിൽ സമുദിതമാകുന്ന കേവലാനന്ദത്തിന്റെ ബഹിഃസ്ഫുരണമാണു കല എന്നു് ഇവിടെ കാണിച്ചിരിക്കുന്നു. പാശ്ചാത്യ കവികളുടെ കൃതികൾ വായിച്ചു പഠിച്ചിട്ടില്ലാത്തവർക്കു് ഇതിലെ ചില കല്പനകൾ സുഗമമായിരിക്കയില്ലെന്നുകൂടി പറയേണ്ടിയിരിക്കുന്നു. കിളിയുടെ കേവല ലീലാകളനാദങ്ങൾ, വായുവിന്റെ ചലനത്താലുണ്ടാകുന്ന മർമ്മരങ്ങളുടെ ധാവള ്യലക്ഷ്മിയിൽ പൊൻവളർമിന്നൽപോലെ പതിച്ചു്, അവ രണ്ടുമായി സമ്മേളിച്ചിട്ടു നീളുന്നതായുള്ള കല്പന നോക്കുക. നാദം നാദത്തോടു കലരും; വർണ്ണം വർണ്ണത്തോടു കലരും. ഇതാണല്ലോ സ്വാഭാവികം. ഇവിടെ കിളിക്കൊഞ്ചലും മർമ്മരവും നാദങ്ങളാണു്; അവ സമ്മേളിച്ചതു് വെണ്മയും പൊന്മയും കലർന്നതുപോലെയാണെന്നു ഭാവന. നീന്തുന്നു എന്ന ശബ്ദത്താൽ ആ സമ്മിളിതമായ ശബ്ദത്തിനു ചൈതന്യവും കല്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള മഞ്ജുഭാവനകളെക്കൊണ്ടു് ഈ ഗാനം അത്യന്തം ഹൃദ്യമായിരിക്കുന്നു. പൈങ്കിളിക്കൊഞ്ചൽ എന്ന വ്യാജേന ഈ ഗാനത്തിൽ മനുഷ്യജീവിതത്തെ വർണ്ണിക്കയാണു് കവി ചെയ്തിരിക്കുന്നതു്. എന്നാൽ റോമാന്തിക കവികളുടെ പംക്തിയിലാണു് കവിയുടെ ഉറച്ച നില എന്നുകൂടി പറയേണ്ടിയിരിക്കുന്നു.

ഭൗതികഭൂരിപരിഷ്കാരഭൂതിയെ-
ങ്ങെങ്ങുവാനദ്ധ്യാത്മശാന്തിഭൂതി
വൈദ്യുതവിദ്യയാൽ സൂര്യചന്ദ്രന്മാരെ
മാനുഷനമ്മാനയാടിയേയ്ക്കാം
വിശ്വസ്നേഹാർദ്രാത്മജ്ഞാനപ്രഭാവത്തിൻ
ശാന്തശുഭ്രാഭയെന്നന്നു കാണാം.

എന്നാണു് പൈങ്കിളി പാടി നിർത്തുന്നതു്. വിസ്തൃതവും സുന്ദരവും ആയ ഈ പ്രപഞ്ചത്തെ സ്നേഹാത്മകനായ ഈശ്വരൻ സർവ്വ ജീവജാലങ്ങൾക്കുംവേണ്ടി സൃഷ്ടിച്ചു. മനുഷ്യൻ മാത്രം അതിന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നതിനു പകരം അതിനെ പങ്കിട്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി ധനികരെന്നും നിസ്സ്വരെന്നും ഉള്ള വ്യത്യാസം ജനിച്ചു. സ്വാതന്ത്ര്യമസ്തമിച്ചു. സ്വാതന്ത്ര്യമില്ലെങ്കിൽ സുഖമെവിടെ?–പൈങ്കിളി പറയുന്നു:

ആടേണ്ട പാടേണ്ടെനിക്കു നിരർഗ്ഗള-
സ്വാതന്ത്ര്യസൗഭാഗ്യമൊന്നുപോരും

മനുഷ്യനു് ഈ സ്വാതന്ത്ര്യമെങ്ങനെ നശിച്ചു? അനാഡംബരവും ലളിതവുമായ ജീവിതം വെടിഞ്ഞു് സമഭാവന കൈവിട്ടു് ലോകത്തെ പങ്കിട്ടെടുക്കാൻ കൊതിക്കുന്നതുകൊണ്ടു തന്നെ; സംതൃപ്തിശൂന്യതയാണു് അതിനു് ഹേതു. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻ മായാവിമോഹിതനായിത്തീർന്നു് അധഃപതിച്ചു.

നിന്നെ നാണിപ്പിക്കും ലീലാവിമാനങ്ങ-
ളന്തരീക്ഷത്തിൽ പറന്നിടുമ്പോൾ
രാജ്യംപ്രതിനവവാർത്തകൾ കൊണ്ടുപോം
കിങ്കരരായ് വിഹായസ്സു നില്ക്കേ
നിർജ്ജീവയന്ത്രങ്ങൾ താനസ്ഫുടാക്ഷര
ഗീതങ്ങൾ വായുവിൽ ചിന്നിടുമ്പോൾ
വൈദ്യുതശക്തി തപസ്സുചെയ്തീടുവാൻ
മർത്ത്യന്റെ പാദമൂലം ഭജിക്കെ
മിഥ്യാഭ്രമവശരെന്നോയീമാനുഷർ
തഥ്യസ്ഥിതികളോ ചൊല്ലുന്നു നീ

എന്നു് മനുഷ്യൻ കിളിയോടു ചോദിച്ചാൽ അവയൊന്നുമല്ല സുഖത്തിനും സ്വാതന്ത്ര്യത്തിനും ഉതകുന്നതു് അധ്യാത്മശാന്തിയാണു് എന്നു് അതു സമാധാനം പറയും.

‘പരമാനന്ദം’ രവീന്ദ്രനാഥടാഗൂറിന്റെ ‘ഫലോപചയം’ എന്ന കൃതിയിൽനിന്നെടുത്തതാണു്. തേജോബീജത്തിൽ പ്രപഞ്ചോല്പത്തി മുതല്ക്കുള്ള പരിണാമദശകളെ അതിസുന്ദരമായി ആധുനികശാസ്ത്രസിദ്ധാന്തമനുസരിച്ചു വിവരിച്ചിരിക്കുന്നു.

ആകാശദേശത്തിലെങ്ങുനിന്നോ ഒരു
തേജസ്സിൻവിത്തു തെറിച്ചുവീണു
ആ വിത്തിനുള്ളിൽനിന്നങ്കുരകോടിക-
ളാവിർഭവിച്ചു്, പടർന്നു വീണു
അപ്പടർപ്പിന്റെ തലപ്പിൽ പിടിച്ചിതു
പൊൽപ്പൂക്കൾ കോടാനുകോടിയപ്പോൾ
അമ്മലർകോടികൾ മുറ്റും മുതിർന്നു ഹാ
നിർമ്മലകന്ദവൃന്ദങ്ങളായി.

ഇങ്ങനെ ‘Nebula’യിൽ തൊട്ടു് ഭൂമിയുടെ ഉല്പത്തിവരെ പറഞ്ഞിട്ടു് ജീവോല്പത്തി വർണ്ണിക്കുന്നു.

ആഴിയോളത്തിൽ ഞാനന്നോരണുവായി-
പ്പാഴിലെങ്ങുന്നോ പറന്നു വീണു
മീനായും പിന്നെക്കരയേറിപ്പാമ്പായും
മാനത്തു പറ്റിപ്പറവയായും
മാനായും മെല്ലെ മരഞ്ചാടിയായും ഞാൻ
നാനാജന്മങ്ങൾ കടന്നു നീന്തി
കോടിക്കണക്കിനും സംവത്സരങ്ങളും
ഓടിക്കടന്നുപൊയ്ക്കൊണ്ടിരുന്നു.
… … …
… … …
വാനരൻ മൂത്തു ഞാൻ വാൽപോയ് നരനായി
വാനവനാകാൻ മുതിരുകയായ്

കവിത ഇങ്ങനെ പോകുന്നു. സ്ഥലച്ചുരുക്കത്താൽ മറ്റു ഗാനങ്ങളെപ്പറ്റി വിമർശിക്കാൻ തരമില്ലാതെ വന്നതിൽ വിരമിക്കുന്നു.

മേരി ജാൺ

ഈ പേരിൽ രണ്ടു കവയിത്രികളുണ്ടു്. ഒന്നു് മേരി ജാൺ തോട്ടം. ഈ കവയിത്രി ‘ഗീതാവലി’ എന്ന പേരിൽ അനേകം ഗാനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഇപ്പോൾ സന്യാസാശ്രമം കൈക്കൊണ്ടിരിക്കുന്നു. മേരി ജാൺ കൂത്താട്ടുകുളവും പലേ ഖണ്ഡകവനങ്ങൾ രചിച്ചിട്ടുണ്ടു്. ആ ശ്രീമതി ഇപ്പോൾ സർക്കാർസർവ്വീസിലിരിക്കുന്നു. ഗീതാവലിയിൽനിന്നു് (മേരി ജാൺ തോട്ടം) ‘ഇതല്ലേ പറുദീസ’ എന്ന ഗാനത്തിന്റെ ഏതാനും ഭാഗം ഉദ്ധരിക്കാം.

പേരെടുത്തുള്ളൊരു ദേശസഞ്ചാരിക-
ളാരുമേയിന്നോളം കണ്ടിടാതെ
ദണ്ഡിതൊട്ടുള്ള കവിപ്രവീരന്മാർക്കും
വർണ്ണനാവസ്തുവായ് തീർന്നിടാതെ
ഉത്തമന്മാരായ ചിത്രകാരന്മാർക്കും
നേത്രത്തിലിന്നോളമെത്തിടാതെ
ശക്തന്മാരായുള്ള ലോകസമ്രാട്ടുകൾ-
ക്കാർക്കുമൊരിക്കലും കീഴ്‍പെടാതെ
ഭൂമിശാസ്ത്രജ്ഞന്മാരാരുമന്വേഷിച്ചാൽ
ഭൂമിയിൽ കണ്ടെത്താൻ സാധിക്കാതെ
നൂതനമായി ഞാൻ കണ്ടുപിടിച്ചൊരു

പറുദീസയാണതു്. അവിടെ,

ആനന്ദസാഗരവീചിപരമ്പര-
മാനത്തിലങ്ങു കളിച്ചിടുമ്പോൾ
ക്ഷീണതയറ്റു ഞാനായതിന്മേലേറി
ച്ചേണുറ്റഗാനങ്ങളാലപിപ്പു.
മാനുഷനാസകൾ ഘ്രാണിച്ചിട്ടില്ലാത്തോ-
രാ നല്ലദിവ്യമാം സൗരഭ്യത്തെ
തന്നിൽ വഹിച്ചെങ്ങും മന്ദമായ് വീശുന്ന
തെന്നലണഞ്ഞെന്നെത്താരാട്ടുന്നു
സൃഷ്ടിക്കപ്പെട്ടുള്ള വസ്തുക്കളൊക്കെയെ-
ന്നിഷ്ടത്തിനൊത്തങ്ങു വർത്തിക്കുന്നു.
ആകവേയാസ്ഥലത്തുള്ള വിശേഷങ്ങൾ
ലോകസാധാരണമല്ല തെല്ലും
കണ്ണു തുറന്നു ഞാൻ നോക്കുന്ന ദിക്കെല്ലാം
വിണ്ണിലേക്കാളും വിശിഷ്ടമത്രേ
കാളുന്ന കൗതുകം കാതിന്നു ചേർക്കുന്ന
താളമേളങ്ങളിടവിടാതെ
മന്ദം മുഴങ്ങി മുഴങ്ങിയാദിക്കെല്ലാ-
മെന്നും സദിരെന്നേ ചൊല്ലിടേണ്ടു

അവർ പാടുന്ന ഗാനത്തിന്റെ പല്ലവി ഇതാണു്.

സ്നേഹിപ്പിൻ സ്നേഹിപ്പിൻ സ്നേഹിപ്പിൻ ശാശ്വത-
സ്നേഹത്തെ സ്വർഗ്ഗവും വെല്ലുകില്ല
ദേഹം നശിച്ചാലും സ്നേഹം നശിച്ചിടാ
സ്നേഹിപ്പിൻ സ്നേഹിപ്പിൻ നിഷ്കളങ്കം.

ഗീതാവലിയുടെ അവതാരികയിൽ മഹാകവി പരമേശ്വരയ്യരവർകൾ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.–“എന്റെ യുവസഹോദരി ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ ശാശ്വതമായ കവിയശസ്സിനു് അവകാശിനിയായി പരിണമിച്ചിരിക്കുന്നു. ഇത്ര വാസനാവൈഭവമുള്ള യുവതികളെ ഹിന്ദുസമുദായത്തിൽപോലും വളരെ വിരളമായി മാത്രമേ ഞാൻ കാണുന്നുള്ളു. അതിനാൽ നിരന്തരമായി കാവ്യകലയിൽ പരിശീലനം ചെയ്യുകയാണെങ്കിൽ ഈ കവയിത്രിക്കു ഭാവിയിൽ ലഭിക്കാവുന്ന സ്ഥാനം ഏറ്റവും ഉൽകൃഷ്ടമായിരിക്കുമെന്നുള്ളതിനു സംശയമില്ല. കൈരളീദേവിയുടെ ഒരു പ്രധാന പരിചാരികയായും ക്രിസ്തീയവനിതകൾക്കു് ഒരു ദിവ്യദീപികയായും ശ്രീമതി മേരി ജാൺ മേൽക്കുമേൽ വിജയം പ്രാപിക്കുന്നതിനു് ജഗദീശ്വരനെ പ്രാർത്ഥിച്ചുകൊണ്ടു് ഈ അവതാരികയെ ഇവിടെ ഉപസംഹരിച്ചുകൊള്ളുന്നു.” ഈ പ്രാർത്ഥന മുഴുവനും ഫലിച്ചെന്നു പറവാൻ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ പ്രസ്തുത യുവതി കൈരളിയുടെ പരിചാരികാപദം കൈവിട്ടിട്ടു് ക്രൈസ്തവധർമ്മത്തിന്റെ പരിചര്യയിൽ മുഴുവനും ചെലവിടുകയാണു് ഇപ്പോൾ ചെയ്യുന്നതു്. തത്സഹോദരനായ പീറ്റർ ജാൺതോട്ടവും മണക്കാട്ടുമാടമ്പി, ചണ്ഡാലപുത്രി മുതലായ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

മേരി ജാൺതോട്ടത്തിന്റെ പ്രധാന കൃതികൾ—കവിതാരാമം, ഗീതാവലി, ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണ, ഈശപ്രസാദം, ആത്മാവിന്റെ സ്നേഹഗീത ഇവയാകുന്നു.

മുതുകുളം പാർവതിഅമ്മ

തിരുവനന്തപുരത്തു വച്ചു നടന്ന ആദ്യത്തെ സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കവിതാപരീക്ഷയുണ്ടായിരുന്നു. അന്നു് ഈ ശ്രീമതിയും ഭാഗഭാക്കായിരുന്നു. അന്നാണു് ഈ കവയിത്രി എനിക്കു പരിചിതയായതു്. പിന്നീടു വളരെക്കാലം കഴിഞ്ഞു് വർക്കല ശിവഗിരിയിൽവച്ചു് ഒരു സാഹിത്യ സമ്മേളനത്തിൽ പ്രസംഗകർത്രിയായി ക്ഷണിക്കപ്പെട്ടിരുന്നു. ഉപക്രമപ്രസംഗത്തിൽ, കവിതാവാസനയില്ലാത്തവർ കവിത എഴുത്തിൽ നിന്നു വിരമിക്കണമെന്നു ഞാൻ ഉപദേശിച്ചു. ഏതെങ്കിലും വിധത്തിൽ സാഹിത്യസേവനം നടത്തുന്നവരോടു് എനിക്കു് ബഹുമാനവും സ്നേഹവുമാണുള്ളതു്. ഞാൻ ആരെയും ഭഗ്നോത്സാഹരാക്കാറുമില്ല. എന്നാൽ മറ്റു ജോലികൾ ധാരാളമുള്ള സ്ഥിതിക്കു് വാസനാശൂന്യരായ യുവാക്കന്മാർ കവിതക്കൃഷിയിൽ ഏർപ്പെടുന്നതു് കവിതയ്ക്കും തങ്ങൾക്കും ദോഷകരമാണെന്നു ഞാൻ ചൂണ്ടിക്കാണിച്ചതേയുള്ളു. ഈ ശ്രീമതി വല്ലാതെ ക്ഷോഭിച്ചു. ഞാൻ എന്തുചെയ്യാനാണു്? യുദ്ധം എന്നു കേട്ടാൽ എനിക്കു പേടിയൊന്നും ഉണ്ടാകാറില്ലെങ്കിലും, സ്ത്രീജനങ്ങളോടു് വാക്‍സമരം ചെയ്‍വാൻ എനിക്കു കൗതുകം ഇല്ല. ഞാൻ ആ കവയിത്രിയെ ഒരുവിധം സമാധാനപ്പെടുത്തി എന്നു പറഞ്ഞാൽ മതിയല്ലോ.

മുതുകുളം പാർവതിഅമ്മ ഇതിനിടയ്ക്കു് സാമാന്യം നല്ല കവിയശസ്സു സമ്പാദിച്ചു കഴിഞ്ഞുവെന്നാണു തോന്നുന്നതു്. ‘ഉദയപ്രഭ’ മുതലായ ചില കൃതികൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. മാതൃക കാണിപ്പാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം.

പറന്നു സ്വച്ഛന്ദസുഖേന വിണ്ണിൽ
തുറന്ന ലാവണ്യവിലാസദേശേ
പരിസ്ഫുരിക്കും പികമേ നിനക്കു
തരുന്നു ഞാൻ സ്വാഗതമൊട്ടനേകം
പരാശ്രയംചെറ്റുമെഴാതെ ജന്മം
നിരാമയം നിർഭയമായ് നയിക്കാൻ
നിരന്തരോന്മേഷസ്വതന്ത്രഭാവം
കലർന്നിടും നീയതിധന്യധന്യൻ

ഇതു് ഒരു ‘സ്വതന്ത്രജീവി’ എന്ന ഖണ്ഡകവനത്തിൽ നിന്നു് എടുത്തതാണു്. സ്വതന്ത്രജീവിയെപ്പറ്റി വർണ്ണിക്കുന്ന കവിത ആയിരിക്കുന്നതിനാലായിരിക്കണം രണ്ടാമത്തെ പദ്യത്തിന്റെ മൂന്നാം പാദത്തിൽവൃത്തത്തെ സംബന്ധിച്ചു് അല്പം സ്വാതന്ത്ര്യം കാണിച്ചിരിക്കുന്നതു്. സ്വതന്ത്ര എന്നതു് ‘സൊതന്ത്ര’ എന്നു വായിച്ചാൽ മതിയല്ലോ. നന്നേ ചെറുപ്പത്തിൽ എഴുതിയ കവിത ആയതിനാൽ ഇത്തരം സ്വാതന്ത്ര്യം ക്ഷന്തവ്യവുമാണു്.

മംഗളാശംസ–

വേദവേദാന്തവേദ്യനാമഖിലേശൻ തന്റെ
പൂതമാം പൂങ്കാവനപ്പൊന്മയ‘വിഹായസ്സിൽ’
വൈരാഗ്യവാർ ‘തെന്ന’ലേറ്റകതാർ കുളുർപ്പിച്ചു-
മാരാധ്യമാകും ധ്യാനത്തളിർത്തൊത്താസ്വദിച്ചും
കാലകല്ലോലങ്ങളിൽ വിലയം പ്രാപിച്ചേറെ-
ക്കാലമായ് ധ്വനി മങ്ങിപ്പൊലിഞ്ഞ പൗരസ്ത്യമാം
വിശ്വവിഖ്യാതമാർഷഗാനസങ്കീർത്തനങ്ങ-
ളശ്രാന്തമേറ്റു നന്നായ് ‘പാടി’യുമുല്ലസിക്കും
യോഗസാമ്രാജ്യച്ചെങ്കോൽ പവിത്ര ‘പക്ഷ’മേന്തും
കോകിലതിലകമേ! തവ കാകളീപാളി
ഭൂസ്വർഗ്ഗസരണിയിൽ പുളകമുളവാക്കി
ഭാസുരതരമായിജ്ജയിക്കുന്നനുവേലം

ഒരു പ്രാർത്ഥന

പ്രപഞ്ചവൻനാടകസൂത്രധാര-
പദം യഥായോഗ്യമലങ്കരിക്കും
മഹേശഭാവല്കകൃപാകടാക്ഷ-
രസത്തിനായ്‍ത്താണുതൊഴുന്നിതാ ഞാൻ.
അണഞ്ഞു ഞാൻ ദേവ മനോജ്ഞമാം പൂ-
വനത്തിൽ നീന്തിയിരുളിൻനിരത്തിൽ
അമേയമാം കാലമഹാപ്രവാഹ
ദുരന്തദുർവാരതരംഗവേഗാൽ
മറഞ്ഞു നിഷ്കൈതവമാം മഹസ്സിൻ
സുദീപ്തിയെങ്ങോ ജവമെൻപഥത്തിൽ
നിവർന്നു തുങ്ങുന്നു മഹാന്ധമാം കാർ-
മുകിൽപ്പെരും പാഴ്‍മറ നാലുപാടും.

‘കർമ്മഫലം’ എന്ന പേരിൽ ഒരു ഗദ്യകൃതിയും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.

കെ. കെ. രാജാ

ഇദ്ദേഹത്തിന്റെ കൃതികളായി ബാഷ്പാഞ്ജലി, ഹർഷാഞ്ജലി, തുളസീദാമം, വെള്ളിത്തോണി മുതലായ ചിലതു മാത്രമേ ഞാൻ കണ്ടിട്ടുള്ളു. കവിത്വശക്തിസമ്പന്നനായ ഒരു വിശിഷ്ടകവിയാണു്. ചില പദ്യങ്ങൾ ഉദ്ധരിക്കുന്നു.

പ്രകാശം
ദ്യോവാകുമമ്പലംതന്നിലരുളുമ-
ദ്ദൈവത്തിൻചാരുകിരീടമായും
ജന്തുവിൻജീവിതയാത്രോത്സവത്തിലേ
ബന്ധുരകാഞ്ചനദീപമായും
നിത്യവുമുജ്ജ്വലിച്ചീടുമെൻനിശ്ചല
സത്യപ്പൊരുളേ! നിൻ പൊന്നൊളികൾ
പ്രേമാഞ്ജനത്താൽ ചുടുനീരൊഴുകിന
തൂമിഴി കണ്ടു തെളിഞ്ഞിടട്ടേ.
ചോരന്റെ നിശ്ശബ്ദമാകിന കാൽവെപ്പും
ജാരന്റെ ഭീയാളും നെഞ്ചിടിപ്പും
നിന്നൊളി മിന്നിത്തിളങ്ങുമൊരാനന്ദ-
ബിന്ദുവേത്താനല്ലീ തേടിടുന്നു?
ധൂർത്തനാമെന്റെയിസ്സാഹസവാക്കിനു
മർത്ത്യവിവേകമേ മാപ്പു നല്ക.
ത്രൈലോക്യസുന്ദരിയാകുമുഷസ്സിന്റെ
ചേലുറ്റപൊന്നിൻപതക്കത്തിലും
ഘോരമായീടും പരേതവനത്തിന്റെ
മാറിലെഴും കരിക്കൊള്ളിയിലും
നിത്യം തെളിഞ്ഞുമൊളിഞ്ഞു വിളങ്ങുന്ന
സത്യപ്രകാശമേ വെൽവൂതാക.

പരോപകാരം
വല്ലീമതല്ലീനിരചെന്തളിർപ്പ-
ട്ടൊളിപ്രസൂനച്ചെറുകപ്പിലാക്കി
മനുഷ്യഭീയാലുയരെപ്പറക്കും
പക്ഷിക്കു മാധ്വീരസമേകിടുന്നു.

വി. ഉണ്ണിക്കൃഷ്ണൻനായർ ബി. ഏ.

തന്റെ ഔദ്യോഗികജീവിതത്തിനിടയ്ക്കു് യഥാശക്തി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷാഭിമാനിയാകുന്നു. വനമാല, ഗീതാഞ്ജലി (തർജ്ജമ), വിനോദിനി (തർജ്ജമ), മൃണാളിനി (തർജ്ജമ), മാലതീമാല മുതലായ കൃതികൾ അദ്ദേഹത്തിന്റേതാണു്. ഭിക്ഷാംദേഹി എന്ന പദ്യത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കുന്നു.

ഗോവിന്ദൻ കൂട്ടുകാരോടൊത്തു മേയ്ക്കുന്ന
ഗോവൃന്ദമാലയം പൂകുകയാൽ
കേവലം ശൂന്യമായ്‍ത്തീർന്ന വൃന്ദാവന-
ബ്ഭൂവിലെപ്പുല്ലിൻപരപ്പിലൂടേ
ശാന്തിയാം തങ്കച്ചഷകത്തിൽ പാടല-
കാന്തി കലർന്ന മധുവുമേന്തി
സന്ധ്യാസുമംഗലി വന്നണഞ്ഞാൾ മൃദു-
സംഗീതസാന്ദ്രമായപ്രദേശം
വാടിയോരാനനത്താരുമായാമലർ-
വാടിയിലങ്ങൊരു കൽത്തറമേൽ
ചേടികളാശ്വസിപ്പിക്കിലുമുൾപ്പൂവിൽ
പേടികലർന്നു വിവർണ്ണയായി
വാണിരുന്നാളതുനേരമഗ്ഗോകുല-
റാണിയാം രാധികയാധിയോടെ
വാസന്തത്തൈക്കുളിർത്തെന്നലിലേതുമു-
ല്ലാസമവൾക്കന്നാൾ തോന്നീലല്ലീ?

പി. കുഞ്ഞുരാമൻ നായർ

ഭാവനാസമ്പന്നനായ ഒരു നല്ല കവിയാണു്. സ്വപ്നസൗധം, നിർമ്മല, അമരസിംഹൻ, നാഗാനന്ദം, രാജസ്ഥാനസിംഹം, രവീന്ദ്രനാഥടാഗോർ, രമാബായി, വീരാഹുതി, സ്വാതന്ത്ര്യസമരം, നിശാഗാനം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണു്. മാതൃകയ്ക്കായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.

ജയിച്ചു ജയിച്ചു നാം ചിരകാലത്താലിതാ
സ്വയമിങ്ങെഴുന്നള്ളി പൊയ്പ്പോയ കതിരവൻ
ഇന്നലെത്തഞ്ചം നോക്കി വന്ന രാവേതോ പുക-
യൊന്നുവിട്ടില്ല ഹാ ഹാ നാട്ടാർതൻമുഖത്തേയ്ക്കായ്
തലചാഞ്ഞന്തംവിട്ടു മയങ്ങിപ്പോയാരവ-
രുലകാ മറിമായക്കാരനു കീഴായുംപോയ്!
അത്തിമിരാക്രാന്തിയാമാപത്തിൽ തരംകെട്ടു
ചത്തപോലായിത്തീർന്നു നമ്മുടെയാത്മാവെല്ലാം
വെവ്വേറേ നിഴലിച്ചതായിരിക്കണം വാനിൽ
സുവ്യക്താകൃതികളായ് വർത്തിച്ച നക്ഷത്രങ്ങൾ
അവയ്ക്കു തെളിവേറുംതോറുമാമറവിൽനി-
ന്നടുത്തുവരികായായ് നൂനമത്തേജോരൂപം

കല്ലന്മാരുതൊടി രാമുണ്ണിമേനോൻ

‘ഈറ്റില്ലത്തെ മൈതാനം’ എന്ന കവിതയിൽ നിന്നും ഒരു പദ്യം ഉദ്ധരിക്കുന്നു.

നീളം നിഴല്പാടിനു മാറ്റി മാറ്റി
ക്രമത്തിലോരോന്നടയാളമാക്കി,
കൂക്കങ്ങുകേട്ടാലടിനോക്കുവാനാ-
യിത്തന്തമാവും ചെവിയോർത്തു നിൽപൂ.

പിച്ചതെണ്ടി നടക്കുന്ന ഒരു സ്ത്രീ ഗർഭം ധരിക്കുന്നു. വഴിയരികിലുള്ള ഒരു പുരയിടത്തിൽ കയറി അവൾ പ്രസവിക്കാൻ ഭാവിക്കവേ, ശിശുവിന്റെ പിതൃസ്ഥാനീയനായ മാവു് ജാതകക്കുറിപ്പിനു് സമയം അറിവാനായി ചുവടു് അളന്നുനോക്കുന്നുവത്രേ.

സി. വി. കുഞ്ഞുരാമൻ

ഒരു കവി എന്ന നിലയിലല്ല നാം ഇദ്ദേഹത്തിനെ അറിയുന്നതെങ്കിലും, അദ്ദേഹം ‘കാർത്തികോദയം’ മുതലായ പദ്യകൃതികളും രചിച്ചിട്ടുണ്ടു്. ‘കാർത്തികോദയം’ അത്ഭുതമായ കവിത്വശക്തി പ്രകാശിപ്പിക്കുന്നു. സരസ ഭാഷകൻ, നിശിത നിരൂപകൻ, ചരിത്രഗവേഷകൻ, ഗദ്യകാരൻ, പത്രപ്രവർത്തകൻ, സമുദായോദ്ധാരകൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിനു് അത്യുന്നതമായ സ്ഥാനമുണ്ടു്. സി. വി-യുടെ ഗദ്യശൈലി ഒന്നു പ്രത്യേകമാണു്. അതിനെ അനുകരിക്കാൻ ആർക്കും സാധിക്കയില്ല. അദ്ദേഹത്തിന്റെ ‘ഫലിത’ ലേഖനങ്ങളും ഫലിതോക്തികളും ഒക്കെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തിയാൽ അതുതന്നെ ഭാഷയ്ക്കു് ഒരു വലിയ നേട്ടമായിരിക്കും.

1046 മകരം, മകം നക്ഷത്രത്തിൽ, കല്ലുംപുറത്തു കുഞ്ഞിച്ചാളിയുടേയും ഞാറയ്ക്കൽ വേലായുധന്റേയും പുത്രനായി ജനിച്ചു. കുടിപ്പള്ളിക്കൂടത്തിലെ പഠിത്തം പൂർത്തിയാക്കീട്ടു് ഫോർത്തുഫാറംവരെ ഇംഗ്ലീഷ് അഭ്യസിച്ചശേഷം വിദ്യാലയം വിട്ടുവെങ്കിലും സ്വന്തപരിശ്രമത്താൽ ആംഗല ഭാഷയിൽ സാമാന്യം നല്ല പരിജ്ഞാനം സമ്പാദിച്ചു. പരവൂർ കേശവനാശാന്റേയും കേ. സി. കേശവപിള്ളയുടേയും സഹവാസവും മൈത്രിയും അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനത്തിന്റേയും കവിതാവാസനയുടേയും വളർച്ചയ്ക്കു വളരെ ഉപകരിച്ചു. കേശവനാശാന്റെ സുജനാനന്ദിനി പത്രമായിരുന്നു സി. വി. യുടെ വിഹാരരംഗം. 1068-ൽ അദ്ദേഹത്തിനു് സഞ്ചായംവകുപ്പിൽ ഒരു ഗുമസ്ഥപ്പണി ലഭിച്ചു; പക്ഷേ ആ ജോലി ഒരു കൊല്ലത്തിനുള്ളിൽ ഉപേക്ഷിച്ചുകളഞ്ഞു. 1070-ൽ മയ്യനാട്ടു സ്ഥാപിക്കപ്പെട്ട ഒരു പ്രൈമറിസ്ക്കൂളിൽ അദ്ദേഹം ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. ആ സ്ക്കൂൾ സർക്കാരിലേക്കു വിട്ടുകൊടുത്തപ്പോൾ ശമ്പളം 6 രൂപയിൽ നിന്നു് 15 രൂപയായും പിന്നീടു് 30 രൂപയായും വർദ്ധിച്ചു.

ഇതിനിടയ്ക്കു് മുഖ്യപരീക്ഷയിൽ വിജയം നേടുകയാൽ കൊല്ലം ഹൈസ്ക്കൂളിൽ ഒരു കൊല്ലം മുൻഷിപ്പണി വഹിച്ചു. എന്നാൽ വീണ്ടും പഴയ സ്ക്കൂളിലേക്കു പോന്നു. 1088-ൽ ആ ഉദ്യോഗം രാജി വച്ചിട്ടു് വക്കീൽപരീക്ഷയിൽ ചേർന്നു ജയിച്ചു. കുറേക്കാലം പരവൂർ മജിസ്ട്രേട്ടു കോടതിയിൽ ക്രിമിനൽവക്കീലായിരുന്നു. അന്നു് അവിടത്തേ മജിസ്ട്രേട്ടുകോടതി വക്കീലന്മാരുടെ കൂട്ടത്തിൽ, സി. വി. യും, മയ്യനാട്ടു വി. ജോസഫും മാത്രമായിരുന്നു മികച്ച സാഹിത്യവാസനയുണ്ടായിരുന്നവർ. വി. ജോസഫ് നേരത്തേ മരിച്ചുപോയി. സി. വി. കേരളകൗമുദി, മലയാളരാജ്യം മുതലായ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്ന കാലം ആ പത്രങ്ങളുടെ അത്യന്തശോഭനഘട്ടമായിരുന്നെന്നു പറയാം. അഭിപ്രായം ‘ഇരിമ്പുലക്ക’യല്ലെന്നാണു് അദ്ദേഹത്തിന്റെ മതം. തല്ക്കാലം ഏതഭിപ്രായമാണോ തനിക്കു് സ്വീകാര്യമായി തോന്നുന്നതു്, അതിനെ, സർവശക്തികളും പ്രയോഗിച്ചു് സ്ഥാപിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ തൂലികയ്ക്കു നല്ല സാമർത്ഥ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരിൽ മി. കെ. ദാമോദരൻ ബി. ഏ., കെ. സുകുമാരൻ ബി. ഏ. (കേരളകൗമുദി പത്രാധിപർ) ഇവർ രണ്ടുപേരും നല്ലപോലെ എഴുതാൻ വശമുള്ളവരാണു്. മി. ദാമോദരൻ ഈഴവസമുദായചരിത്രത്തെ അധികരിച്ചു രചിച്ചിട്ടുള്ള വിപുലഗ്രന്ഥം വിജ്ഞാനപ്രദമാണു്. അദ്ദേഹം അതു കൂടാതെ, പ്രണയപാശം മുതലായ നോവലുകളും രചിച്ചിട്ടുണ്ടു്.

സി. വി. യുടെ പ്രധാന കൃതികൾ സോമനാഥൻ, കാർത്തികോദയം, രാമായണം (ഗദ്യം), ഭാരതം (ഗദ്യം) നിരവധി ചിന്തോദ്ദീപകങ്ങളായ ഉപന്യാസങ്ങൾ ഇവയാണു്. അദ്ദേഹം 1949-ൽ ദിവംഗതനായി.

കെ. ശങ്കരപ്പിള്ള

എന്റെ പ്രിയ സുഹൃത്തായിരുന്ന കെ. ശങ്കരപ്പിള്ള കൊല്ലവർഷം 1056 ഇടവം 15-ാംതീയതി കൊല്ലത്തു ദീർഘകാലം പ്രാക്ടീസു ചെയ്തിരുന്ന സി. എൻ. കേശവപിള്ളയുടെയും തൽപത്നിയായ പാർവ്വതിയമ്മയുടെയും ഏകപുത്രനായി ജനിച്ചു. മാതൃഗൃഹം മാവേലിക്കരെയും പിതൃഗൃഹം തിരുവല്ലയിലും ആയിരുന്നെങ്കിലും ശങ്കരപ്പിള്ള ജനിച്ചതും വളർന്നതും മെട്രിക്കുലേഷൻവരെ പഠിച്ചതും കൊല്ലത്തുവച്ചായിരുന്നു. അനന്തരം കോട്ടയം സി. എം. എസ്. കാളേജിൽ ചേർന്നു. 1078-ൽ എഫ്. ഏ. പരീക്ഷയിൽ ജയിച്ചു. പിന്നീടു് ഏതാനും വർഷങ്ങൾക്കു ശേഷം ബി. ഏ. ക്ലാസ്സിൽ പഠിക്കാനായി മദ്രാസിൽ പോയി. 1085-ൽ ബി. ഏ. പാസ്സായിട്ടു് ലാക്കാളേജിൽ ചേരാനായി തിരുവനന്തപുരത്തു താമസിക്കുന്ന കാലത്താണു് ഞങ്ങൾ തമ്മിൽ ഇദംപ്രഥമമായി കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തതു്. സുമുഖനും സുവേഷധാരിയും ആയിരുന്ന ആ യുവാവിനെ ഞാൻ ഇന്നും ഓർക്കുന്നു. അക്കാലത്തു് ഞങ്ങൾക്കു തമ്മിൽ അങ്കുരിച്ച സൗഹൃദം അദ്ദേഹത്തിന്റെ അന്ത്യനിമിഷംവരെ നിലനിന്നു.

ലാ പഠിച്ചുവെങ്കിലും പരീക്ഷയിൽ ജയിച്ചില്ല. അന്നു് എഫ്. ഏ. ക്ലാസ്സുവരെ ഉണ്ടായിരുന്ന ബാലികാമഹാപാഠശാലയിൽ ട്യൂട്ടറായിരുന്നുകൊണ്ടാണു് ലാക്കോഴ്സ് തീർത്തതെന്നുകൂടി പ്രസ്താവയോഗ്യമാകുന്നു. ഇതിനിടയ്ക്കു് ദാമ്പത്യജീവിതം ആരംഭിച്ചുകഴിഞ്ഞുവെങ്കിലും വിദ്യാർത്ഥിനിയായിരുന്ന സി. തങ്കമ്മയിൽ അനുരക്തനാവുകയും അവരെക്കൂടി വിവാഹം കഴിക്കയും ചെയ്തു.

1912-ൽ പ്രസ്തുത ഉദ്യോഗം രാജിവച്ചിട്ടു് പോലീസ് ഇൻസ്പെക്ടരായി വീണ്ടും സർവ്വീസിൽ പ്രവേശിച്ചു. എന്നാൽ തന്റെ സ്വഭാവത്തോടു തീരെ പൊരുത്തമില്ലാതിരുന്ന ആ ഉദ്യോഗം 1090-ൽ രാജി വച്ചിട്ടു് സി. എം. എസ്സ്. കാളേജിൽ ലക്ചറർ ഉദ്യോഗം സ്വീകരിച്ചു. 1100-ാമാണ്ടുവരെ അദ്ദേഹം ആ ഉദ്യോഗത്തിൽ തന്നെ ഇരുന്നു. അതിനുശേഷം പതിനഞ്ചു വർഷങ്ങളോളം സെന്റ് ബർക്കമാൻസ് കാളേജിലെ പൗരസ്ത്യഭാഷാവകുപ്പിന്റെ ആദ്ധ്യക്ഷം വഹിച്ചു. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞശേഷം അദ്ദേഹം വീണ്ടും എന്റെ സമീപവാസിയായിത്തീർന്നു. തിരുവനന്തപുരത്തു് പെരുന്താന്നിയിൽ മകളോടുകൂടി താമസിക്കവേ 1955-ൽ മരണം പ്രാപിച്ചു.

ശങ്കരപ്പിള്ളയെപ്പോലെ ശിഷ്യസമ്പത്തുള്ളവർ തുലോം ചുരുക്കമാണു്. ആദ്യപത്നിയായ നാണിയമ്മയിൽ ജനിച്ച പി. എസ്. അച്യുതൻപിള്ള എം. ഏ; എം. എൽ നിയമശാസ്ത്രപാരംഗതനെങ്കിലും വിനീതന്മാരിൽവച്ചു വിനീതനായ ഒരു മാന്യസുഹൃത്താണു്. നാണിയമ്മയിൽ ജനിച്ച ഒരു പുത്രിയാണു് ഇന്നു് വനിതാകാളേജിൽ ലൈബ്രേറിയൻപദം അലങ്കരിക്കുന്ന ജാനകിഅമ്മ ബി. ഏ. ഒടുവിലത്തെ പുത്രി എസ്. ശാരദാമ്മ എം. ഏ. പാസ്സായിട്ടു് ദാമ്പത്യജീവിതം നയിക്കുന്നു. ദ്വിതീയപത്നിയായ തങ്കമ്മയിൽ നാലു പുത്രിമാർ ജനിച്ചു. അവരെല്ലാവരും ഉന്നതബിരുദധാരിണികളുമാകുന്നു.

കെ. ശങ്കരപ്പിള്ള ഒരു നല്ല നിരൂപകനെന്ന നിലയിലാണു് കേരളീയരാൽ അറിയപ്പെടുന്നതു്. തുള്ളൽകഥകൾക്കു് അദ്ദേഹം എഴുതീട്ടുള്ള അവതാരികകൾ ഭാഷയ്ക്കു് അമൂല്യസമ്പത്തുകളാണു്. വിശ്വാമിത്രൻ എന്ന ഭാഷാപ്രബന്ധവും ഉണ്ണിരവി എന്ന നാടകവും ആണു് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.

പി. ശങ്കരൻനമ്പ്യാർ

1067 ഇടവം 31-ാം തീയതി തൃശ്ശിവപേരൂർ വെളിയനൂർ പുഷ്പകത്തു പരമേശ്വരൻ നമ്പ്യാരുടേയും പാർവതി ബാഹ്മണി അമ്മയുടേയും പുത്രനായി ഭൂലോകജാതനായി. പ്രാഥമികപാഠങ്ങൾ പഠിച്ചശേഷം കുറെ സംസ്കൃതം അഭ്യസിച്ചിട്ടു് പന്ത്രണ്ടാം വയസ്സിൽ ഇംഗ്ലീഷ്സ്ക്കൂളിൽ ചേർന്നു. 1910-ൽ മെട്രിക്കുലേഷനു് ഒന്നാംക്ലാസ്സിൽ ജയിച്ചു. അതിനു മുമ്പു രചിച്ചതാണു് പാലാഴിമഥനംചമ്പു. ഇന്റർമീഡിയറ്റിനും ബി. ഏ. ആണേഴ്സിനും പ്രസിഡൻസിയിൽ ഒന്നാം സ്ഥാനം തന്നെ നേടി 1090-ൽ കോട്ടയം സി. എം. എസ്. കാളേജിൽ ഇംഗ്ലീഷ് ലക്ചറർ സ്ഥാനത്തു നിയമിക്കപ്പെട്ടു. ഒൻപതു കൊല്ലം ആ സ്ഥാനം അലങ്കരിച്ചശേഷം തൃശ്ശൂർ സെന്റ്. തോമസ് കാളേജിൽ ഇംഗ്ലീഷ് പ്രൊഫസരായി നിയമിക്കപ്പെട്ടു. 1100-ൽ എറണാകുളം കാളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർസ്ഥാനം കയ്യേറ്റു. അവിടെ മൂന്നുകൊല്ലം ഇരുന്നപ്പൊഴേയ്ക്കു് അദ്ദേഹം സെന്റു് ബർക്ക്മാൻസ് സ്ക്കൂളിലേക്കു ക്ഷണിക്കപ്പെട്ടു. അവിടെ ആറു കൊല്ലം ജോലി നോക്കിയശേഷം വീണ്ടും സർക്കാർ സർവ്വീസിലേക്കു തിരിച്ചുപോന്നു. 1116-ൽ അദ്ദേഹം കാളേജ് പ്രിൻസിപ്പാളായി. 1122-ൽ പെൻഷൻ പറ്റി എങ്കിലും പിന്നെയും ആറുവർഷം കേരളവർമ്മകാളേജിന്റെ അധ്യക്ഷപദത്തിൽ ഇരുന്നു. അനന്തരം ഒരു കൊല്ലത്തിനുള്ളിൽ, അതായതു് 1129-ൽ ഇഹലോകവാസം വെടിഞ്ഞു.

മഹാ പണ്ഡിതൻ, സാഹിത്യരസികൻ, വിമർശകൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു. പാലാഴിമഥനം ചമ്പുവിനു പുറമേ സുവർണ്ണമണ്ഡലം എന്ന പദ്യസമാഹാരവും, ചാണക്യൻ, സാഹിത്യപ്രകാശിക, മലയാളസാഹിത്യചരിത്രസംഗ്രഹം, സാഹിത്യനിഷ്കുടം, മകരന്ദമഞ്ജരി, നമ്മുടെ ഇന്ത്യ, പ്രസ്ഥാനത്രയം, സാഹിത്യവും സംസ്കാരവും, ജവഹർലാലിന്റെ കഥ എന്നീ കൃതികളും അഭിനവകാവ്യദർശം എന്ന ഹാസ്യകൃതിയും അദ്ദേഹത്തിന്റെ ഉത്തമസംഭാവനകളായി കൈരളിയ്ക്കു ലഭിച്ചിട്ടുണ്ടു്.

പി. അനന്തൻപിള്ള എം. ഏ.

1086-ൽ ഞാൻ തിരുവനന്തപുരത്തു ബി. ഏ. ക്ലാസ്സിൽ പഠിക്കാൻ വന്ന കാലം മുതല്ക്കാണു് ഞങ്ങൾ തമ്മിൽ പരിചയം. അന്നു് അദ്ദേഹം ഹൈസ്ക്കൂൾവകുപ്പിൽ അധ്യാപകനായിരുന്നു. കുറേക്കാലം ആ ഉദ്യോഗത്തിൽ ഇരുന്നിട്ടു് അദ്ദേഹം ഇന്റർമീഡിയറ്റു, ബി. ഏ; എം. ഏ. ഈ പരീക്ഷകളിൽ മുറയ്ക്കു വിജയം നേടി. അതിനുശേഷം മഹാരാജാസ് കാളേജിൽ പണ്ഡിതനായി നിയമിക്കപ്പെട്ടു. പെൻഷൻ പറ്റുന്നതിനു കുറേക്കാലം മുമ്പു് ഭാഷാവകുപ്പിന്റെ സൂപ്രണ്ടായി. ഇപ്പോൾ ജഗതിയിലുള്ള സ്വഭവനത്തിൽ വിശ്രമസുഖം അനുഭവിക്കുന്നു.

സരസ സംഭാഷകനും സരസ ഗദ്യകാരനുമാണു്. ഏ. ആർ. തിരുമേനിയുടെ അന്തേവാസിയും വാത്സല്യഭാജനവുമായിരുന്നു. സാഹിത്യപ്രസംഗമാല, നിരഭ്രമേദിനി, ആംഗലഭൂമി, സ്വർണ്ണക്കിളി, അംശുമതി, ബാലാർക്കഭൂമി, മാനസോല്ലാസം, കേരളപാണിനി (ഏ. ആർ ന്റെ ജീവചരിത്രം), സിംഹളചരിതം, സമുദ്രധീരൻ, ഭീഷ്മർ മുതലായ പലേ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.

എ. ഗോപാലമേനോൻ എം. ഏ.

എന്റെ ഗുരുനാഥനായിരുന്ന ഈ മഹാപുരുഷനെ അറിയാത്തവർ കേരളക്കരയിൽ കാണുമെന്നു തോന്നുന്നില്ല. അത്ര വിപുലമാണു് അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തു്.

ഗോപാലമേനോൻ പിണ്ടിയത്തു അച്യുതമേനോന്റെയും ഇടപ്പള്ളി കൃഷ്ണത്തുരാമൻപിള്ളയുടെ മകളായ കുഞ്ഞിപ്പിള്ളയുടേയും പുത്രനായി 1064 കർക്കടകം 13-ാംതീയതി ജനിച്ചു. പിതാവു് നിർദ്ധനനായിരുന്നെങ്കിലും അതിവ്യുല്പന്നനും കവിത്വശക്തിസമ്പന്നനുമായിരുന്നു. അദ്ദേഹം സുന്ദരീസ്വയംവരം എന്നൊരു ആട്ടക്കഥ രചിച്ചിട്ടുമുണ്ടു്.

രണ്ടു കൊല്ലത്തോളം പ്രാഥമികവിദ്യാഭ്യാസം നടത്തീട്ടു് 7-ാംവയസ്സിൽ പറവൂർ ഇംഗ്ലീഷ് സ്ക്കൂളിലെ ഒന്നാംക്ലാസ്സിൽ ചേർന്നു. 1900-ൽ പിതാവിന്റെ അകാലവിയോഗം സംഭവിക്കയാൽ വളരെ ക്ലേശിച്ചാണു് ഹൈസ്ക്കൂൾവിദ്യഭ്യാസം പൂർത്തിയാക്കിയതു്. മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാംക്ലാസ്സിൽ ജയിക്കയാൽ സർക്കാരിൽനിന്നു സ്കാളർഷിപ്പു ലഭിച്ചു. എഫ്. ഏ. പരീക്ഷയിലും ഒന്നാംക്ലാസ്സിൽതന്നെ വിജയം നേടുകയാൽ അദ്ദേഹത്തിനു് കല്ലൻസ്കാളർഷിപ്പും ലഭിച്ചു. 1909-ൽ ചരിത്രം ഐച്ഛികമെടുത്തു് പ്രസിഡൻസിയിലെ ഒന്നാംക്ലാസ്സിൽ ഒന്നാം സ്ഥാനവും മറ്റു രണ്ടു വിഷയങ്ങളിൽ രണ്ടാംക്ലാസ്സിൽ വളരെ ഉയർന്ന സ്ഥാനവും നേടിക്കൊണ്ടു് അദ്ദേഹം ബി. ഏ. പരീക്ഷയിൽ പാസ്സായി. മൂന്നു വിഷയങ്ങളിലും സുവർണ്ണമെഡലുകൾ നേടി. അക്കൊല്ലംതന്നെ അദ്ദേഹം 20-25 വരെ സ്കെയിലിൽ ഒരു ക്ലാർക്കായി ഉദ്യോഗത്തിൽ പ്രവേശിച്ചു. ആ ജോലിയിൽ ഇരിക്കവേ ലപ്പർസായ്പ് അവധിക്കുപോയ ഒഴിവിൽ അദ്ദേഹത്തിനു് തിരുവനന്തപുരം മഹാരാജാസ് കാളേജിൽ ട്യൂട്ടർ ഉദ്യോഗം കിട്ടി. ആ അവസരത്തിലാണു് ഞാൻ ബി. ഏ. ക്ലാസ്സിൽ ചേർന്നതും അദ്ദേഹത്തിന്റെ ശിഷ്യത്വം നേടാൻ എനിക്കു് സാധിച്ചതും. ആറേഴുമാസം ആ ജോലിയിൽ ഇരുന്നു. പിന്നീടു് കുറേക്കാലം ജോലി ഒന്നും ഇല്ലാതിരിക്കെ പുണ്യശ്ലോകനും പ്രാതഃസ്മരണീയനുമായ കെ. വി. രംഗസ്വാമിഅയ്യങ്കാരുടെ ഉപദേശമനുസരിച്ചു് ലപ്പൻധ്വര അദ്ദേഹത്തെ വീണ്ടും കാളേജിൽതന്നെ നിയമിച്ചു. അന്നുമുതല്ക്കു് ദീർഘകാലം അദ്ദേഹം അസിസ്റ്റന്റ് പ്രൊഫസ്സർ, പ്രിൻസിപ്പാൾ എന്നീ നിലകളിൽ അവിടത്തന്നെ സേവനം നടത്തി. അതിനിടയ്ക്കു് എം. ഏ. പാസ്സാവുകയും ചെയ്തിരുന്നു. രാഘവയ്യായുടെ കാലത്തു് അതായതു് 1921-ൽ അദ്ദേഹം സർക്കാർചിലവിൽ ഇംഗ്ലണ്ടിലേക്കു തിരിച്ചു. അവിടെ വച്ചു് ബി. കോം പരീക്ഷയിൽ ജയിച്ചിട്ടു് അദ്ദേഹം ഫ്രാൻസ്, ബൽജിയം, ഹോളണ്ടു് എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തി. മൂന്നു വർഷങ്ങൾക്കുശേഷം മടങ്ങിയെത്തി. അപ്പൊഴേക്കു് അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന വ്യവസായഡയറക്ടരുദ്യോഗം മറ്റൊരാൾക്കു നല്കപ്പെട്ടുകഴിഞ്ഞു. 1923-ൽ പ്രൊഫസ്സറായി കയറ്റം കിട്ടി. 12 വർഷങ്ങൾക്കു ശേഷം 1935-ൽ പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടു. മൂന്നുകൊല്ലം അദ്ദേഹം ആ ഉദ്യോഗത്തിൽ ഇരുന്നു. 1937 മുതല്ക്കു് 1945 വരെ വിദ്യഭ്യാസഡയറക്ടരുദ്യോഗം പ്രശസ്തമാംവണ്ണം വഹിച്ചിട്ടു് പെൻഷൻ പറ്റി എങ്കിലും 1948 ജൂൺവരെ ഫ്രാഞ്ചൈസ് കമ്മിഷണരുടെ ഉപദേഷ്ടാവായിരുന്നു. അനന്തരം മൂന്നുകൊല്ലം ആലപ്പുഴ എസ്സ്. ഡി. കാളേജിന്റെ പ്രിൻസിപ്പാളുദ്യോഗംവഹിച്ചു 1951-ൽ കോഴിക്കോട്ടു സാമൂതിരികാളേജ് പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടു. 1954-ൽ ഗുരുവായൂരപ്പൻകാളേജിൽ അധ്യക്ഷനായിരിക്കവേ 1954 ഫെബ്രുവരി 12-ാംതീയതി രക്തസമ്മർദ്ദംനിമിത്തം അദ്ദേഹം നിര്യാതനായി.

ഏ. ഗോപാലമേനോൻ ഒരു പ്രശസ്ത സാഹിതീഭക്തനായിരുന്നു. സാമ്രാജ്യപരമ്പര, ബ്രിട്ടീഷ് സാമ്രാജ്യം, പാശ്ചാത്യ ചരിത്രകഥകൾ, ജീവിതക്രമം, പുരാണകഥകൾ, ജീവിതമഹത്വം, പുരാണലോകം, ദേശകഥകൾ ഇൻഡ്യാചരിത്രകഥകൾ, സരളയുടെ പെട്ടി, വരുണദേവൻ, ഇൻഡ്യാചരിത്രപ്രവേശിക, നീതികഥകൾ, ചരിത്രതത്ത്വം, പാശ്ചാത്യകഥകൾ, സമുദായോല്ക്കർഷം, സ്തോത്രരത്നാവലി എന്നിങ്ങനെ നിരവധി വിശിഷ്ടസാഹിത്യഗ്രന്ഥങ്ങൾ അദ്ദേഹം കൈരളീദേവിക്കു സമർപ്പിച്ചിട്ടുണ്ടു്.

മള്ളൂർ ഗോവിന്ദപ്പിള്ള ബി. ഏ. ബി. എൽ.

ഇദ്ദേഹവും എന്റെ ഗുരുനാഥനാണു്. അഭിഭാഷകവൃത്തിയിൽ അഗ്രഗണ്യനായി വിലസുന്ന ഈ മാന്യദേഹം ഒരു ഭാഷാഭിമാനികൂടി ആണെന്നു് അറിയാത്തവർ ഇന്നു് കേരളത്തിലില്ല. ഏതെങ്കിലും ഒരു മഹാകാര്യം നിർവിഘ്നം നടത്തണമെങ്കിൽ മള്ളൂരിനെ ചുമതലപ്പെടുത്തിയേച്ചാൽ മതി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന തിരുവനന്തപുരം സാഹിത്യപരിഷത്തു് (ആദ്യത്തേതു്) അതിനു സാക്ഷ്യം വഹിക്കുന്നു. ഏതു മഹാസംരംഭങ്ങളുടേയും മുൻപിലും പിൻപിലും പാർശ്വങ്ങളിലും മള്ളൂരിനെ കാണാം. എത്ര അനാഥബാലന്മാർക്കു ചെവിക്കുചെവി അറിയാതെ അദ്ദേഹം വിദ്യാഭ്യാസസഹായം ചെയ്തിരിക്കുന്നു! എത്ര പ്രോത്സാഹനീയന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു! കോട്ടയ്ക്കൽ സാഹിത്യപരിഷത്തിലും മറ്റു ചില പരിഷത്തുകളിലും അദ്ദേഹം അഗ്രാസനാധിപത്യം വഹിച്ചിട്ടുള്ളതിനു പുറമേ പലേ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

കീഴ്‍കുളം രാമൻപിള്ള ​എം. ഏ.

ഒരു വാസനാകവിയാണു്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കാളേജിൽ പണ്ഡിതനായിരുന്നു……അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. മാതൃക കാണിപ്പാൻ ‘പ്രേമലഹരി’ എന്ന പദ്യത്തിലെ ഏതാനും വരികൾ ഉദ്ധരിക്കാം.

പ്രേമമാം വൃന്ദാവനത്തിലെന്നാണഹോ
വാമതീർത്ഥാടനം ചെയ്‍വതീ ഞാൻ
ആനന്ദസാരമയമായെഴും ദിവ്യ-
ജ്ഞാനമാമൗഷധവാരിയാലേ
പാരാതെൻകണ്ണിലുള്ളന്ധതിമിരത്തെ-
ദ്ദുരീകരിക്കപ്പെടുവതെപ്പോൾ?
പേർത്തും മദീയവപുസ്സായ് കണ്ടീടുമീ
ചീർത്തിരിക്കുന്നോരയസ്സു പാർത്താൽ
എന്നാണാദിവ്യനികഷത്തിൻസ്പർശത്താ-
ലൊന്നു സുവർണ്ണമായ് മാറ്റപ്പെടും.

പാട്ടത്തിൽ നാരായണൻ വൈദ്യൻ

അനേകം ഖണ്ഡകാവ്യങ്ങൾ ഭാഷാദേവിക്കു സമർപ്പിച്ചിട്ടുണ്ടു്. ഒന്നു രണ്ടു പദ്യങ്ങളെ ഉദ്ധരിക്കാം.

മകനോടു്,

കുളിരിളം തളിർമെയ് തഴുകിപ്പുകൾ-
പ്പുളകമിങ്ങുളവാക്കിയനർഗ്ഗളം
മിളിതചന്ദനസൗഭഗവിഭ്രമം
കളകിലും ശരി കാര്യമിതല്ലെടോ
അരിയതാമരതാമസലക്ഷണം
ഹരിയെവിട്ടു വണങ്ങിന വൈഭവം
ചൊരിയുമാസ്യമണച്ചുരുചുംബനം
പെരിമയാൽ പതറിക്കിലുമെന്തുവാൻ

പ്രാസഭ്രമത്തിൽ സ്വാഭാവികത നിശ്ശേഷം വിലുപ്തമായിരിക്കുന്നതു നോക്കുക.

വർഷമറ്റ കർഷകനോടു്:

ധാരധാരയായ് വീഴും വൃഷ്ടിപാതങ്ങളോടും
സാരമാക്കാതെ നിന്നിങ്ങുഴുതു ചാലെത്തിച്ചീടും
ധീരകർഷക! നിന്റെ നിയമനിവൃത്തിക്കു
വാരമേതറിയുന്നതാരു നിൻപരമാർത്ഥം?
നീ നനഞ്ഞീടിലെന്തു? നിർഭരതാപമേറ്റു
ശ്യാനയാം സർവ്വംസഹതന്നകം കുളുർപ്പിപ്പാൻ
വാനമുണ്ടാക്കി വയ്പൂ-ഭൗതികപിണ്ഡത്തിന്നു
മാനമെന്തുപകാരമാപന്നർക്കരുളായ്കിൽ?
സർവ്വവും സഹിച്ചന്ത്യനന്മയ്ക്കാത്മാർപ്പണം
ഗർവ്വമെന്നിയേ ചെയ്തു പുലരും ധന്യന്മാരെ
സർവഥാ സേവിക്കേണ്ടതാവശ്യം, ശീതോഷ്ണാദി
ഖർവഹേതുവാൽ ധീരൻ മുടക്കാ സൽക്കർമ്മത്തെ

പുഷ്പരാഗം
അതുലഗന്ധരസപ്രഥതിങ്ങിടും
പുതുമലർക്കുടമേ, സ്ഫുടരാഗമേ
പൊതുവിലേവരെയും വശമാക്കുവാൻ
ചതുരമാം സുഭഗത്വമുതിർപ്പു നീ.

കെ. കെ. രാഘവപ്പണിക്കർ

എന്റെ ശിഷ്യനായിരുന്ന കാലത്തുതന്നെ മൊട്ടിട്ട കവിതാവാസന ക്രമേണ വികസിച്ചു. രവികുമാരൻ, മലർവാടി മുതലായ ചില ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. രവികുമാരനിൽ നിന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കുന്നു.

ശാശ്വതപ്രണയസാരബദ്ധമീ
വിശ്വമെന്നു വിശദീകരിക്കുവാൻ
ആശ്രിതർക്കനുപദം തുണച്ച നിൻ-
വിശ്വജിൽപ്രഭയഹോ വിമോഹനം
താവകീയ നിഗമാഗമാദ്യമാം
ഭാവുകോത്തരവിശിഷ്ടരശ്മികൾ
ഭൂവിലാണ്ടു തെളിവായ് പ്രബുദ്ധമായ്
ദ്യോവനന്തപരിദീപ്തമാക്കിനാൻ
കല്യാണമാക്കിക്കലാശിപ്പിക്ക
ഉത്തുംഗശൈലത്തിന്നുത്തമാംഗത്തിന്മേ-
ലെത്തിനോക്കുന്നിതാ ചിത്രഭാനു
മന്ദപവനൻ പരിമളധോരണി
തന്നുമിതാ പരമുല്ലസിപ്പൂ
പാടിത്തുടങ്ങീ വിഹംഗമങ്ങൾ ഹാ ചാ-
ഞ്ചാടിത്തുടങ്ങി നല്ലേണവൃന്ദം
വാടികൾതോറും വളർന്ന പൂവല്ലിയിൽ
മോടിതേടുമതിൻചേവടിയിൽ
പാടവം തെല്ലുമേ കാട്ടുകയല്ലവ-
യ്ക്കാടലേശീട്ടില്ലെന്നോതുകയാം
കോകിലവൃന്ദങ്ങൾ കൂഹുരവം തുട-
ർന്നേകാന്തമേലാതിണകളൊത്തു
സന്തതം സന്തോഷമാർന്നു രമിക്കുന്നു
സന്തപ്തചിത്തമേലാതെ തന്നെ.

എം. പി. അപ്പൻ എം. ഏ., എൽ. റ്റി.

ഒരു സരസകവിയാണു്. അശ്രുധാര, സൈനികഗാനം, വെള്ളിനക്ഷത്രം, തരംഗലീല, സുവർണ്ണോദയം, ജീവിതോത്സവം എന്നീ പദ്യകൃതികളും ദിവ്യദീപം എന്നൊരു ഗദ്യകൃതിയും രചിച്ചിട്ടുണ്ടു്. ഈ യുവാവിൽനിന്നു് കൈരളിക്കു് ഇനിയും ഈ മാതിരി ഉൽകൃഷ്ടങ്ങളായ ഗ്രന്ഥതല്ലജങ്ങൾ പ്രത്യാശിക്കാൻ ധാരാളം വകയുണ്ടു്. ജീവിതോത്സവം ഉമർഖയാമിന്റെ തർജ്ജമയാണു്. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.

ചിന്താവീചിയിൽ വീണുതാണു ചിലരി-
ങ്ങിന്നേയ്ക്കൊരുങ്ങീടവേ-
യന്തർഭീതിയൊടന്യർ നാളെയെ നിന-
ച്ചേറ്റം വിഷാദിക്കവേ
പൊങ്ങും കൂരിരുൾ മച്ചിൽനിന്നുമൊരുവൻ
ചൊല്ലുന്നു ഹേ മൂഢരേ,
നിങ്ങൾക്കൂഴിയിലില്ലഹോ പ്രതിഫലം
സ്വർഗ്ഗത്തിലും നാസ്തിയാം.
ശോകത്തിന്റെയണുക്കളാൽ രചിതമാ-
മിജ്ജീവിതത്വോല്ക്കരം
ലോകം തീർത്തൊരു കൈയിൽ നിന്നു ദയിതേ
നാം കൈക്കലാക്കീടുകിൽ
ആകെക്കീറിനുറുക്കിയിട്ടു മനമി-
ന്നാശിച്ചിടും രീതിയിൽ
പാകംപോലിതുടച്ചുവാർത്തു സുഖമായ്-
ത്തീർക്കാൻ ശ്രമിക്കില്ലയോ?

പദ്യശാലയുടെ ‘പള്ള’ യഥാർത്ഥ കവികളുടെ പോഷകശക്തിയുള്ള അല്പം കവിതച്ചോറും സ്ത്രീപുംസമത്വാധായങ്ങളും വ്യഭിചാരമാഹാത്മ്യപ്രശംസകങ്ങളും ‘ഈതിബാധാ’ പ്രോത്സാഹകങ്ങളും ആയ ധാരാളം ശുദ്ധ പു. സാ. മരച്ചീനിപ്പുഴുക്കും പഴഞ്ചനും പുതുഞ്ചനും ആയ നിരവധി മാറ്റൊലിക്കവികളുടെ രക്താതിസാരകൃത്തായ കാവ്യച്ചോളപാകങ്ങളുംകൊണ്ടു് ഒരു മാതിരി വീർത്തു കഴിഞ്ഞിട്ടുണ്ടു്. അത്തരം എല്ലാ കവികളുടേയും കാവ്യങ്ങളുടേയും പേരുകൾ പറവാൻ സാധിക്കാതെ വന്നതിൽ വലിയ മനസ്താപം ഇല്ലാതെയും ഇല്ല. ഒരു ​എളുപ്പ വഴി പറയാം. കഴിഞ്ഞ സെൻസസ്സിലെ ജനസംഖ്യയോടു് അരവാശി കൂട്ടി അതിന്റെ മുക്കാൽ ഭാഗം എടുത്താൽ കവികളുടെ എണ്ണം കിട്ടും. അതിന്റെ എഴുപത്തിഅഞ്ചു ശതമാനം മഹാകവികളായിരിക്കും. ഈ സംഖ്യയിൽ നിന്നു് ജ്യൗതിഷികന്മാരുടെ നിലയിൽ ഒരു ശോധന നടത്തുന്നതു കൊള്ളാം. “പൊതുജനങ്ങളുടെ കണ്ണുകളിൽ മണ്ണു വാരിയിട്ടു് മഹാകവിപ്പട്ടം തട്ടിയെടുത്തവരായി പു. സാ. ക്കാർ വർണ്ണിക്കുന്ന ഒന്നു രണ്ടെണ്ണം ആദ്യമായി കുറച്ചു കളയണം. അപ്പോൾ മഹാകവികളുടെ ‘ശുദ്ധപിണ്ഡം’ ലഭിക്കും. ഏതു കവിയുടെ പേരുകളെ സംബന്ധിച്ചും വലിയ വിഷമമൊന്നുമില്ല. സ്ഥൂലനാമങ്ങളുടേയും വയലുകളുടേയും കുറ്റിക്കാടുകളുടേയും മരുഭൂമികളുടേയും പേരുകൾ കണ്ടുപിടിച്ചു് അവയിൽ ഓരോ പേരിലും നൂറു നൂറു മഹാകവികൾ ഉണ്ടെന്നു വിചാരിച്ചാൽ അധികം തെറ്റില്ല. ഏതു മഹാകവിയാണോ തന്റെ സ്വന്തം ഉല്പത്തിയേ സംബന്ധിച്ചു് സംശയാവിഷ്ടനായി മാതാവിനെ പ്രശ്നശതങ്ങളാൽ ശ്വാസം മുട്ടിക്കുന്നതു് അയാളെ കവിസമ്രാട്ടായ് അഭിഷേകം ചെയ്യണം. സ്വച്ഛന്ദവ്യഭിചാരത്തിനു് പ്രതിബന്ധമായി നില്ക്കുന്ന സമുാദായാചാരങ്ങളുടെ കണ്ഠത്തിൽകോടാലി വയ്ക്കുക, സ്വസഹോദരിമാരുൾപ്പെടെ ചുറ്റുമുള്ള സകല വനിതകളും വ്യഭിചാരിണികളാണെന്നു സ്ഥാപിക്കുക, എതിരേ വലിയ എടുപ്പുകളിൽ കൊള്ളി വച്ചിട്ടു് അതുപോലുള്ള എടുപ്പുകൾ തങ്ങളുടെ വീടുകളിൽ ഉണ്ടാക്കണമെന്നു് സ്വപ്നം കണ്ടുകണ്ടു് നിരാശാപരവശരായി പലമാതിരി യാതനകൾ അനുഭവിക്കുക ഇങ്ങനെയൊക്കെ ചെയ്യുന്നവർ ഉൾപ്പെട്ടവർ മന്ത്രിസഭാംഗങ്ങളാണു്. സകല സമുദായ നിയമങ്ങളേയും ലംഘിക്കുന്നതിൽ ശില്പവൈദഗ്ദ്ധ്യം കാണിച്ചിട്ടുള്ളവരും പാരീസ്, മാസ്ക്കോ, ന്യൂയോർക്കു് എന്നീ നഗരങ്ങളിലെ വിപ്ലവ സാഹിതീകാരന്മാരുടെ ലേഖനങ്ങൾ സമാഹരിച്ചു്, നോട്ടുകൾ കുറിച്ചു്, അവരുടെ ശൈലിയിലും ഭാഷയിലും അവയെ മലയാളീകരിച്ചു്, എന്നുവച്ചാൽ, അതു റഷ്യനാണോ, ഫ്രഞ്ചാണോ, ഇംഗ്ലീഷാണോ, മലയാളമാണോ എന്നു് ആർക്കും തിരിച്ചറിയാൻ പാടില്ലാത്ത വിധത്തിലും, എന്നാൽ പൂസാക്കാർക്കു് എളുപ്പം ധരിക്കാൻ കഴിയുമാറും എഴുതി, മലയാളഭാഷാസാമ്രാജ്യത്തിലേക്കു് ഒരു നിയമസംഹിതി നിർമ്മിക്കാൻ കഴിവുള്ള ഒരാളെ എവിടെയെങ്കിലും കാണുന്നപക്ഷം, അയാളായിരിക്കും സാഹിത്യാചാര്യർ ഇങ്ങനെ വായനക്കാരുടെ ബുദ്ധി ഉപയോഗിച്ചു മഹാകവികളുടെ സംഖ്യയും പേരുകളും നിർണ്ണയിക്കുന്നതാണു് ഉചിതം. പ്രതിപാദ്യവിഷയം നോക്കിയും ഒരാൾ മഹാകവിയോ അല്ലയോ എന്നും എളുപ്പത്തിൽ നിർണ്ണയിക്കാം. ഉച്ഛൃംഖലവും സർവതരുണീഗതവുമായ പ്രേമം, ശ്മശാനത്തിൽ കാണുന്ന മാതിരിയുള്ള സമത, മുതലാളികളെ ധ്വംസനം ചെയ്തു് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം തങ്ങളിലേക്കു പകർത്തുന്നതിനു ക്ഷമതയുള്ള നേതൃത്വം, തീവെയ്പ്, കൂട്ടക്കൊല ഇവയുടെ ആവശ്യകത, ജീവിതാരാമത്തിലെ ഓടകളിലേ സൗരഭ്യമുള്ളൂ എന്ന മനോഭാവം–ഈ മാതിരി വിഷയങ്ങളെ അധികരിച്ചു് ഒരേ ഒരു വരിയേ എഴുതീട്ടുള്ളുവെങ്കിലും, അയാൾ മഹാകവിയാണെന്നു നിസ്സന്ദേഹം പറയാം.

കുറിപ്പുകൾ
[1]

വിലാസവാപീതടവീചിവാദനാൽ
പികാളിഗീതേ ശിഖിലാസ്യലാഘവാൽ
ഇത്യാദി നൈഷധീയ ശ്ലോകം‌ നോക്കുക.
[2]

രാമകൃഷ്ണപ്പണിക്കരുടെ ഏകസഹോദരിയായ കുഞ്ഞിക്കുട്ടിക്കുഞ്ഞമ്മയുടേയും മലബാറിൽ ചിറയ്ക്കൽ താലൂക്കിൽ വെള്ളച്ചാലുദേശത്തെ പുതിയില്ലത്തു് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടേയും രണ്ടാമത്തെ പുത്രനാകുന്നു. ജ്യേഷ്ഠൻ ക്യാപ്റ്റൻ കെ. പി. പണിക്കർ എം. ബി. സി. എച്ച്. ബി. ഡി. റ്റി. എം. ആൻഡ് എച്ച്. കേരളീയർക്കു സുപരിചിതനാണു്. ഏകസഹോദരി കുഞ്ഞുലക്ഷ്മിക്കുഞ്ഞമ്മയാണു്.

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 6 (ml: കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 6).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 6; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാരായണപണിക്കർ, കേരള ഭാഷാസാഹിത്യചരിത്രം ഭാഗം 6, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 25, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The female ascetics, a watercolor painting by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.