SFNസാ​യാ​ഹ്ന ഫൌ​ണ്ടേ​ഷൻ
images/rnp-6-cover.jpg
The female ascetics, a watercolor painting by anonymous .
ഗദ്യ​സാ​ഹി​ത്യം

ഗദ്യ​സാ​ഹി​തീ​ന​താം​ഗി​യു​ടേ​യും വയറു വീർ​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ടു്. ഗദ്യ​സാ​ഹി​ത്യ​ത്തെ നോ​വ​ലും ചെ​റു​ക​ഥ​ക​ളും, നാടകം, നി​രൂ​പ​ണം, മറ്റു പ്ര​ബ​ന്ധ​ങ്ങൾ എന്നു നാ​ലാ​യി തരം​തി​രി​ച്ചു് ഓരോ​ന്നി​നെ​പ്പ​റ്റി​യും അല്പം ചിലതു പ്ര​സ്താ​വി​ക്കാം.

നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും

ഉജ്ജ്വ​ല​വർ​ണ്ണ​നാ​ത്മ​ക​ങ്ങ​ളായ കഥകൾ—കാ​ദം​ബ​രി തു​ട​ങ്ങി​യവ—സം​സ്കൃ​ത​ത്തി​ലും ഉണ്ടാ​യി​രു​ന്നു. എങ്കി​ലും നോ​വൽ​പ്ര​സ്ഥാ​നം ഭാ​ഷ​യി​ലേ​ക്കു സം​ക്ര​മി​ച്ച​തു് ആം​ഗ​ല​ഭാ​ഷ​യിൽ​നി​ന്നാ​ണെ​ന്നു പറ​യ​പ്പെ​ടു​ന്നു. നോ​വൽ​പ്ര​സ്ഥാ​നം ശുദ്ധ പാ​ശ്ചാ​ത്യ​മാ​ണോ? അല്ലെ​ന്നു കാ​ണി​പ്പാൻ വേ​ണ്ടി, അതി​ന്റെ വി​കാ​സ​ത്തെ ചുവടേ സം​ക്ഷേ​പി​ച്ചു ചേർ​ക്കു​ന്നു.

നോവൽ എന്ന പേരു്, ബൊ​ക്കാ​ക്സി​യൻ​സ​മ്പ്ര​ദാ​യ​ത്തെ അനു​ക​രി​ച്ചു് കഥകൾ രചി​ച്ച എലി​സ​ബ​ത്തി​യൻ​ഗ്ര​ന്ഥ​കാ​ര​ന്മാ​രാ​ണു് ഇദം​പ്ര​ഥ​മ​മാ​യി സ്വീ​ക​രി​ച്ച​തു്. ഇപ്പോ​ഴാ​ക​ട്ടേ, ക്ലി​പ്ത​ദൈർ​ഘ്യ​വും ഏറെ​ക്കു​റെ ജടി​ല​മായ കഥാ​ബ​ന്ധ​വും ഇല്ലാ​ത്ത കഥ​കൾ​ക്കു് നോവൽ എന്ന പേർ നല്കാ​റി​ല്ല. എന്നാൽ നോ​വ​ലെ​ഴു​ത്തു​കാർ പ്ര​തി​പാ​ദ്യ​വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സീമകൾ കല്പി​ച്ചി​ട്ടി​ല്ല താനും. ചരി​ത്രം, സാ​മു​ദാ​യി​ക​പ്ര​ശ്ന​ങ്ങൾ, ധർ​മ്മം (മതം), ആധു​നി​ക​ശാ​സ്ത്രം, വി​ക്ര​മം, രാ​ജ്യ​നീ​തി, ധന​ശാ​സ്ത്രം എന്നു​വേ​ണ്ട ഭൂ​മി​ശാ​സ്ത്ര​പ​ഠ​ന​ത്തെ​പ്പ​റ്റി​പ്പോ​ലും നോ​വ​ലു​കൾ രചി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. വാ​സ്ത​വ​ത്തിൽ നോ​വ​ലി​ന്റെ യഥാർ​ത്ഥ​മായ ധർ​മ്മം സമു​ദാ​യാ​ചാ​ര​ങ്ങ​ളേ​യും ജീ​വി​ത​ക്ര​മ​ങ്ങ​ളേ​യും ചി​ത്രീ​ക​രി​ക്ക​യാ​ണു്.

ഇം​ഗ്ല​ണ്ടിൽ നോവൽ എന്നും ‘റോ​മാൻ​സ്’ എന്നും കഥകളെ രണ്ടാ​യി ചിലർ വി​ഭ​ജി​ക്കാ​റു​ണ്ടു്. ആ വി​ഭ​ജ​നം അനു​സ​രി​ച്ചു് നമ്മു​ടെ ചില വി​മർ​ശ​ക​ന്മാ​രും അവയെ നോവൽ എന്നും ആഖ്യാ​യിക എന്നും രണ്ടാ​യി വേർ​തി​രി​ച്ചു​കാ​ണു​ന്നു. ഈ വി​ഭ​ജ​നം നി​ഷ്കൃ​ഷ്ട​മ​ല്ലെ​ന്നു പറ​യേ​ണ്ടി​യി​രി​ക്കു​ന്നു. അല​ക്സാ​ണ്ഡർ, ചാർ​ലി​മെ​യിൻ, ആർതർ തു​ട​ങ്ങിയ മഹാ​ര​ഥ​ന്മാ​രു​ടെ അപ​ദാ​ന​ങ്ങ​ളെ വർ​ണ്ണി​ച്ചു് മാ​തൃ​ഭാ​ഷ​യിൽ രചി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കഥ​ക​ളാ​ണു് വാ​സ്ത​വ​ത്തിൽ റോ​മാൻ​സ്.

ഗ്രീ​സിൽ പ്ര​സ്തുത വകു​പ്പിൽ ചേർ​ക്കാ​വു​ന്ന കഥ ആദ്യ​മാ​യി രചി​ച്ച​തു് സെ​നോ​ഫൺ ആയി​രു​ന്നു. അദ്ദേ​ഹം വി​ദ്യാ​പ്ര​ച​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു തനി​ക്കു​ണ്ടാ​യി​രു​ന്ന സി​ദ്ധാ​ന്ത​ത്തെ ഉദാ​ഹ​രി​ക്കാ​നാ​യി രചി​ച്ച ‘സൈ​ക്ലോ​പ്പീ​ഡിയ’ ആയി​രു​ന്നു ആദ്യ​ത്തെ ഗ്ര​ന്ഥം. പി​ന്നീ​ടാ​യി​രു​ന്നു പ്ലേ​റ്റോ​വി​ന്റെ അറ്റ്ലാ​ന്റി​സ് റോ​മാൻ​സി​ന്റെ ആവിർ​ഭാ​വം. വാ​സ്ത​വ​ത്തിൽ ബേ​ക്ക​ന്റെ ന്യൂ അറ്റ്ലാ​ന്റി​സ്, സർ തോമസ് മൂ​റി​ന്റെ ‘ഉറ്റോ​പ്പിയ’, കമ്പാ​നെ​ല്ലാ​വി​ന്റെ ‘സൂ​ര്യ​ന​ഗ​രി’ ഇവ​യു​ടെ പി​താ​മ​ഹൻ പ്ലേ​റ്റോ​വാ​യി​രു​ന്നു.

പി​ന്നീ​ടു് മൈ​ലേ​ഷ്യൻ സമ്പ്ര​ദാ​യ​ത്തി​ലു​ള്ള ഫലി​ത​മ​യ​വും ഉച്ഛൃം​ഖ​ല​വു​മായ കഥാ​രീ​തി നട​പ്പിൽ​വ​ന്നു. അതിൽ നി​ന്നാ​ണു് ഇറ്റാ​ലി​യൻ നോ​വ​ലി​ന്റെ ഉല്പ​ത്തി. എന്നാൽ ഉത്ത​ര​പ്ര​ബോ​ധ​ന​ക​ല്പ​ത്തി​ലെ (Later Renaisance Period) ആഖ്യാ​യി​കാ​കാ​ര​ന്മാ​രിൽ വലു​തായ ശക്തി പ്ര​യോ​ഗി​ച്ച​തു് അല​ക്സാൺ​ഡ്രി​യൻ​ദ​ശ​യി​ലെ കഥാ​കാ​ര​ന്മാ​രാ​ണു്. അന്ന​ത്തേ ലത്തീൻ​ക​ഥ​ക​ളിൽ പലതും യവ​ന​ഭാ​ഷ​യിൽ​നി​ന്നു​ള്ള തർ​ജ്ജ​മ​ക​ളാ​യി​രു​ന്നു​വെ​ന്നു​ത​ന്നെ പറയാം.

ബൈ​സാ​ന്റ​യിൻ കാ​ല​ഘ​ട്ട​ത്തിൽ ക്രൈ​സ്ത​വ​ഗ്ര​ന്ഥ​കാ​ര​ന്മാർ ധർ​മ്മ​പ്ര​ച​ര​ണാർ​ത്ഥം ദാർ​ഷ്ടാ​ന്തി​ക​ങ്ങ​ളും അർ​ത്ഥ​വാ​ദാ​ത്മ​ക​ങ്ങ​ളു​മായ കഥകൾ എഴു​താൻ തു​ട​ങ്ങി എന്നു​ള്ള​തും പ്ര​സ്താ​വ​യോ​ഗ്യ​മാ​ണു്.

റോ​മാ​സാ​മ്രാ​ജ്യ​ത്തി​ന്റെ അധഃ​പ​ത​നാ​ന​ന്ത​രം മധ്യ​കാ​ലം സമാ​രം​ഭി​ച്ച​പ്പോ​ഴേ​ക്കും യവ​ന​സാ​ഹി​ത്യം കു​റേ​ക്കാ​ല​ത്തേ​ക്കു് വി​സ്മൃ​തി​യിൽ ആണ്ടു. അന്നു് പാ​ശ്ചാ​ത്യ​ലോ​ക​ത്തി​നു സാ​ഹി​ത്യോ​ന്മേ​ഷം ലഭി​ച്ച​തു് പൗ​ര​സ്ത്യ​ലോ​ക​ത്തു നി​ന്നു​മാ​യി​രു​ന്നു. സം​സ്കൃ​ത​ത്തിൽ​നി​ന്നു​ള്ള അനു​ക​ര​ണ​ങ്ങ​ളും തർ​ജ്ജ​മ​ക​ളു​മായ ‘കലീ​ലാ​ഹും’ ദി മ്‍നാ​ഹു്, സപ്ത​ഗു​രു​ക്ക​ന്മാർ, ജസ്റ്റാ​റോ മാ​നോ​റം ഇത്യാ​ദി​കൾ പൗ​ര​സ്ത്യ​ലോ​ക​ത്തു​നി​ന്നു് അറ​ബി​കൾ വഴി റോ​മാ​ക്കാർ​ക്കു ലഭി​ച്ചി​ട്ടു​ള്ള ജന​കീ​യ​ക​ഥ​ക​ളാ​കു​ന്നു. ബോ​ക്കാക്‍സി​യൻ​ക​ഥ​ക​ളിൽ​ത​ന്നെ​യും പലതും ഇങ്ങ​നെ പൗ​ര​സ്ത്യ​ദേ​ശ​ത്തു് ഉത്ഭ​വി​ച്ച​താ​ണു്. ഗദ്യ​രൂ​പ​ത്തിൽ കഥ പറ​യു​ന്ന സമ്പ്ര​ദാ​യം ഇം​ഗ്ലീ​ഷു​കാർ​ക്കു ലഭി​ച്ച​തു് അദ്ദേ​ഹ​ത്തിൽ​നി​ന്നാ​യി​രു​ന്നു എന്നു മുൻ​പു് പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട​ല്ലോ. അതി​നാൽ നോ​വൽ​പ്ര​സ്ഥാ​ന​ത്തി​നു് ഭാ​ര​ത​ഖ​ണ്ഡ​വു​മാ​യി ഒരു വി​ദൂ​ര​സം​ബ​ന്ധ​മെ​ങ്കി​ലും ഉണ്ടെ​ന്നു​ള​ള​തു് വി​സ്മ​രി​ക്കാ​വു​ന്ന​ത​ല്ല.

ഇനി അതു് ഇം​ഗ്ല​ണ്ടിൽ എങ്ങ​നെ​യാ​ണു് വി​കാ​സ​ദ​ശ​യെ പ്രാ​പി​ച്ച​തെ​ന്നു നോ​ക്കാം. ‘റോ​മൻ​സ്’ എന്നു പറ​യ​പ്പെ​ടു​ന്ന കഥകൾ പതി​ന​ഞ്ചാം ശത​ക​ത്തി​ലേ ഇം​ഗ്ല​ണ്ടിൽ ആവർ​ഭ​വി​ച്ചു കഴി​ഞ്ഞി​രു​ന്നു. അവ ഏറെ​ക്കു​റെ നമ്മു​ടെ വി​ക്ര​മാ​ദി​ത്യൻ കഥകൾ പോലെ ആണി​രു​ന്ന​തു്. സേർ​വാ​ന്റീ​സി​ന്റെ ‘ഡാൺ ക്വി​ക്സോ​ട്ടു്’ എന്ന ഗ്ര​ന്ഥം അത്ത​രം കൃ​തി​ക​ളെ യു​റോ​പ്പിൽ നി​ന്നു നി​ഷ്കാ​സ​നം ചെ​യ്തു​ക​ള​ഞ്ഞു. സെർ​വാ​ന്റീ​സു് തൽ​സ്ഥാ​ന​ത്തു് ഗാ​ന​ങ്ങൾ ഇട​ക​ലർ​ന്ന അജ​പാ​ല​പ്രേ​മ​ക​ഥ​കൾ പ്ര​ച​രി​പ്പി​ച്ചു. സർ. ഫി​ലി​പ്പ്സി​ഡ്നി​യു​ടെ ‘ആർ​ക്കേ​ഡിയ’ അത്ത​രം ഒരു വി​ശി​ഷ്ട കൃ​തി​യാ​ണു്. ക്ര​മേണ ആ രീ​തി​യും അസ്ത​മി​ച്ചു. അജ​പാ​ല​ക​ഥ​ക​ളു​ടെ ഉല്പ​ത്തി സ്പെ​യി​നി​ലാ​യി​രു​ന്നെ​ങ്കിൽ വീ​ര​ക​ഥാ​ക​ലി​ത​മായ പ്രേ​മ​ക​ഥ​ക​ളു​ടെ ഉത്ഭ​വം ഫ്രാൻ​സി​ലാ​യി​രു​ന്നു. ഉജ്ജ്വ​ല​വും ദീ​പ്ര​വു​മായ ഭാഷ, ദി​വ്യ​ശ​ക്തി​യു​ടെ അത്ഭു​ത​ക​ര​മായ ഇട​പെ​ട​ലു​കൾ, അസം​ഭാ​വ്യ​മായ സം​ഭ​വ​ങ്ങൾ ഇവ​യാ​യി​രു​ന്നു ഇത്ത​രം കഥ​ക​ളു​ടെ പ്ര​ധാന ലക്ഷ​ണം. അവ അന്ന​ത്തെ പ്ര​ഭു​കു​ല​ത്തി​ന്റെ ഏതാ​ണ്ടൊ​രു മങ്ങിയ പ്ര​തി​ച്ഛാ​യ​യാ​യി​രു​ന്നു​വെ​ന്നു പറയാം. ഇം​ഗ്ല​ണ്ടിൽ ആ രീതി അനു​സ​രി​ച്ചു​ണ്ടായ കൃ​തി​കൾ, റോജർ ബോ​യി​ന്റെ ‘പാർ​ത്തേ​നി​സ്സാ’, സർ ജാർ​ജ്ജു​മ​ക്കേൻ​സി​യു​ടെ ‘അരേ​റ്റി​നാ’, ജാൺ ക്രൗ​ണി​ന്റെ ‘പാർ​ഡി​യൺ’, കാൺ​ഗ്രേ​വി​ന്റെ ‘ഇൻ കാ​ഗ്നി​റ്റോ’ ഇവ​യാ​കു​ന്നു.

ഈ രീ​തി​യും അചി​രേണ അസ്ത​മി​ച്ചു. അതി​ന്റെ സ്ഥാ​നം സ്പെ​യി​നിൽ ആവിർ​ഭ​വി​ച്ച ‘തോ​ന്ന്യാ​സി​ക്കഥ’ അപ​ഹ​രി​ച്ചു. ആ പ്ര​സ്ഥാ​നം ഇം​ഗ്ല​ണ്ടിൽ ഡീഫോ, സ്മോ​ള​റ്റ് ഇവരിൽ തു​ട​ങ്ങി താ​ക്ക​രേ​യു​ടെ ‘ബാ​രി​ലിൻഡ’ന്റെ ആവിർ​ഭാ​വം​വ​രെ നി​ല​നി​ന്നു.

അതി​നു​ശേ​ഷം പലേ പ്രേ​രക ശക്തി​കൾ​ക്കു വഴി​പ്പെ​ട്ടു് നോ​വൽ​പ്ര​സ്ഥാ​നം വിവിധ രൂ​പ​ങ്ങ​ളെ അവ​ലം​ബി​ച്ചു. സാ​മു​വൽ റി​ച്ചേ​ഡ്സൺ ‘ഗാർ​ഹ്യ​നോ​വൽ’ രീ​തി​യും, ഹോ​റേ​സ് വാൽ​പോൾ തു​ട​ങ്ങി​യ​വർ ഭീ​ക​ര​ക​ഥാ​സ​മ്പ്ര​ദാ​യ​വും, സർ വാൾ​ട്ടർ​സ്കാ​ട്ടു് ചരി​ത്രാ​ഖ്യാ​യി​ക​യും, ജെയിൻ ആസ്റ്റിൻ ഫലിതം കലർ​ന്ന സാ​മു​ദാ​യി​കാ​ഖ്യാ​യി​ക​യും സമാ​രം​ഭി​ച്ചു. ഈ ഓരോ ശാ​ഖ​യും ക്ര​മേണ പു​ഷ്ക​ല​മാ​യി​ത്തീർ​ന്നു. ഈ കഴി​ഞ്ഞ ഒരു ശത​ക​ത്തി​നു​ള്ളിൽ ഫ്രാൻ​സിൽ, വി​ക്റ്റർ ഹൂഗോ, ജാർ​ജ്ജു് സാൻ​ഡു്, ബാൽ​സാ​ക്കു്, ഡ്യൂ​മാ​സ്, പ്രാ​സ്പർ മെ​രി​മി ഇവരും ഇം​ഗ്ല​ണ്ടിൽ താ​ക്ക​രേ, ഡി​ക്കൻ​സ്, ജാർ​ജു് എലി​യ​ട്ട്, വി​ല്ക്കി കൊ​ള്ളിൻ​സ്, ട്രോ​ലോ​പ്പ്, കിം​ഗ്സ്ലി, സ്റ്റീ​വൻ​സൻ, താമസ് ഹാർഡി, റു​ഡ്യാ​ഡ് ക്ലി​പ്ലി​ങ്ങു് ഇവരും റഷ്യ​യിൽ ടർ​ജ​നീ​ഫ്, ടാൾ​സ്റ്റോ​യി, മാ​ക്സിം ഗോർ​ക്കി ഇവരും നോ​വൽ​പ്ര​സ്ഥാ​ന​ത്തി​നു് അത്യു​ന്ന​ത​മായ സ്ഥാ​നം സമ്പാ​ദി​ച്ചു​കൊ​ടു​ത്തു.

ഈ കഴി​ഞ്ഞ രണ്ടു യു​ദ്ധ​ങ്ങ​ളു​ടെ ഫല​മാ​യി നോ​വൽ​പ്ര​സ്ഥാ​ന​ത്തിൽ വേ​റെ​യും ചില വ്യ​തി​യാ​ന​ങ്ങൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടു്. സാ​ങ്കേ​തിക മാർ​ഗ്ഗ​ത്തി​ലും പ്ര​തി​പാ​ദന രീ​തി​യി​ലും വലു​തായ മാ​റ്റ​ങ്ങൾ വന്നു​ചേർ​ന്നി​രി​ക്കു​ന്നു. മനോ​വി​ജ്ഞാ​നാ​ത്മ​ക​നോ​വൽ ഈ ഘട്ട​ത്തിൽ ആണു് ഉദയം ചെ​യ്ത​തു്. ഡാ​സ്റ്റോ​വ്സ്കി​യു​ടെ കു​റ്റ​വും ശി​ക്ഷ​യും എന്ന വി​ശി​ഷ്ട​ഗ്ര​ന്ഥം ആ ഇന​ത്തിൽ ഉൾ​പ്പെ​ടു​ന്നു.

പ്ര​തി​പാ​ദ്യ​വി​ഷ​യ​ത്തെ അനു​സ​രി​ച്ചു് നോ​വ​ലു​ക​ളെ സം​ഭ​വ​ചി​ത്രാ​ത്മ​കം, സമു​ദായ ചി​ത്രാ​ത്മ​കം, മനോ​വി​ജ്ഞാ​നാ​ത്മ​കം എന്നു മൂ​ന്നാ​യി വേർ​തി​രി​ക്കാം. സംഭവ ചി​ത്രാ​ത്മ​ക​നോ​വ​ലു​ക​ളു​ടെ കൂ​ട്ട​ത്തിൽ പ്രേ​മ​ക​ഥ​കൾ അഥവാ ശൃം​ഗാ​ര​ര​സ​പ്ര​ധാ​ന​മായ കഥകൾ, അപ​സർ​പ്പക കഥകൾ, വി​ക്ര​മ​ക​ഥ​കൾ ഇവ​യെ​ല്ലാം ഉൾ​പ്പെ​ടു​ന്നു. ഇന്ദു​ലേഖ, ഭാ​സ്ക​ര​മേ​നോൻ, വി​രു​തൻ ശങ്കു ഇവയെ മു​റ​യ്ക്കു് ഉദാ​ഹ​ര​ണ​ങ്ങ​ളാ​യെ​ടു​ക്കാം. അപ്ഫ​ന്റെ മകൾ, ശാരദ ഇവ സമു​ദായ ചി​ത്രാ​ത്മ​ക​വും എന്റെ ഗീത മനോ​വി​ജ്ഞാ​നാ​ത്മ​ക​വും ആണു്.

ഗ്ര​ന്ഥ​കാ​ര​ന്റെ വീ​ക്ഷ​ണ​കോ​ടി അനു​സ​രി​ച്ചു് കാ​ല്പ​നി​കം, വാ​സ്ത​വി​കം, പു​രോ​ഗ​മ​നാ​ത്മ​കം എന്നു മൂ​ന്നാ​യി അവയെ വേർ​തി​രി​ക്കാ​വു​ന്ന​താ​ണു്.

നോ​വ​ലി​ന്റെ പ്ര​ധാന അം​ശ​ങ്ങൾ പ്ലാ​ട്ടു് (കഥാ​ബ​ന്ധം) പാ​ത്ര​ങ്ങൾ, വർ​ണ്ണന, സം​ഭാ​ഷ​ണം ഇവ​യാ​കു​ന്നു. ഭാ​വാ​ത്മക നോ​വ​ലു​ക​ളിൽ ആദ്യം പ്ലാ​ട്ടു നി​ശ്ച​യി​ച്ചി​ട്ടു് അതിനു യോ​ജി​ച്ച പാ​ത്ര​ങ്ങ​ളെ നി​ശ്ച​യി​ക്കു​ന്നു. പ്ലാ​ട്ടു് മാർ​ത്താ​ണ്ഡ​വർ​മ്മ​യി​ലെ​പ്പോ​ലെ ജടി​ല​മാ​യോ ഇന്ദു​ലേ​ഖ​യി​ലെ​പ്പോ​ലെ സര​ള​മാ​യോ ഇരി​ക്കും. സം​ഭ​വ​ബ​ഹുല കഥ​ക​ളിൽ വർ​ണ്ണ​ന​കൾ കൂ​ടി​യി​രി​ക്കും. സം​ഭ​വ​ങ്ങൾ​ക്കു സ്ഥ​ല​കാ​ല​ങ്ങൾ ഒരു​ക്കു​ന്ന​തി​നും ചി​ല​പ്പോൾ വി​ശ​ദീ​ക​ര​ണ​ത്തി​നും ആയി​ട്ട​ല്ലാ​തെ കേവലം വർ​ണ്ണ​ന​കൾ​ക്കാ​യി​ട്ടു മാ​ത്രം വർ​ണ്ണി​ക്കു​ന്ന​തു് നീ​ര​സ​ജ​ന​ക​മാ​ണു്. കഥാ​കൃ​ത്തു​ക​ളു​ടെ ശ്ര​ദ്ധ കൂ​ടു​ത​ലാ​യി പതി​യേ​ണ്ട​തു് പാ​ത്ര​സൃ​ഷ്ടി​യി​ലാ​കു​ന്നു. ഓരോ പാ​ത്ര​വും തന്റെ സ്വ​ഭാ​വ​ഗ​തി​യെ​വെ​ളി​പ്പെ​ടു​ത്തു​ന്ന​തു് ചേ​ഷ്ടി​ത​ങ്ങൾ വഴി​ക്കോ സം​ഭാ​ഷ​ണം വഴി​ക്കോ ആയി​രി​ക്കു​മ​ല്ലോ. അതി​നാൽ ഗ്ര​ന്ഥ​കാ​രൻ നേ​രി​ട്ടു സ്വ​ഭാ​വ​വർ​ണ്ണ​നം ചെ​യ്യാ​തെ ചേ​ഷ്ടാ​സം​ഭാ​ഷ​ണാ​ദി​കൾ മുഖേന അതിനെ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണു് ഉചിതം. ഇതിനു ഗ്ര​ന്ഥ​കാ​ര​നു് വി​പു​ല​മായ മനു​ഷ്യ​ഹൃ​ദ​യ​ജ്ഞാ​നം അത്യ​ന്താ​പേ​ക്ഷി​ത​മാ​കു​ന്നു. ഒരു മനു​ഷ്യൻ ഓരോ അവ​സ്ഥ​യി​ലും വി​കാ​രാ​ധീ​ന​നാ​യി​ത്തീ​രു​മ്പോൾ ഇന്ന​തേ പറയൂ, ഇന്ന​തേ പ്ര​വർ​ത്തി​ക്കൂ എന്നു് അയാൾ അറിഞ്ഞിരിക്ക​ണം. അതാതു ഭാ​വ​ങ്ങൾ​ക്കു യേ​ാ​ജി​ച്ച ഭാ​ഷ​യും പ്ര​യോ​ഗി​ക്ക​ണം. ദീർ​ഘ​ദീർ​ഘ​ങ്ങ​ളായ പ്ര​സം​ഗ​ങ്ങൾ, തത്വോ​പ​ദേ​ശ​ങ്ങൾ ഇവ​യെ​ല്ലാം നീ​ര​സ​പ്ര​ദ​ങ്ങ​ളാ​ണു്. ഇന്ദു​ലേ​ഖ​യി​ലെ പതി​നെ​ട്ടാം അദ്ധ്യാ​യം പ്ര​സി​ദ്ധ​മാ​ണ​ല്ലോ. നി​ല​ത്തു പാ​കു​ന്ന വി​ത്തു് കു​രു​ത്തു​വ​ളർ​ന്നു് വൃ​ക്ഷ​മാ​യി ഫലോ​ന്മു​ഖ​മാ​യി​ത്തീ​രു​ന്ന​തു​പോ​ലെ കഥാ​ബി​ജം അനു​ക്ര​മം സ്വാ​ഭാ​വി​ക​മാ​യി വി​ക​സി​ച്ചു് പരി​ണാ​മ​ദ​ശ​യെ പ്രാ​പി​ക്കു​ന്ന രീ​തി​യിൽ ആയി​രി​ക്ക​ണം കഥോ​പ​ച​യം. ചി​ല​പ്പോൾ ആഖ്യാ​യി​കാ​കാ​ര​ന്മാർ അവാ​ന്ത​ര​ക​ഥ​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു് അവയെ പര​സ്പ​രം കൂ​ട്ടി​യി​ണ​ക്കു​ന്ന​താ​യും കാണാം.

മല​യാ​ള​ത്തിൽ സ്വ​ത​ന്ത്രാ​ഖ്യാ​യി​ക​കൾ ഇപ്പോൾ വി​ര​ള​മാ​യി​രി​ക്കു​ന്ന​തേ​യു​ള്ളു. ചരി​ത്രാ​ഖ്യാ​യി​ക​ക​ളു​ടെ കൂ​ട്ട​ത്തിൽ സി. വി. യുടെ കൃ​തി​ക​ളാ​ണു് ഉത്ത​മ​ങ്ങൾ. അവയെ ഒഴി​ച്ചാൽ അപ്പൻ​ത​മ്പു​രാ​ന്റെ ഭൂ​ത​രാ​യർ, നമ്പീ​ശ​ന്റെ കേ​ര​ളേ​ശ്വ​രൻ, നാ​രാ​യ​ണ​പ്പു​തു​വാ​ളി​ന്റെ കേ​ര​ള​പു​ത്രൻ, എൻ. കെ. കൃ​ഷ്ണ​പി​ള്ള​യു​ടെ വീ​ര​മാർ​ത്താ​ണ്ഡൻ, കെ. എം. പണി​ക്ക​രു​ടെ പറ​ങ്കി​പ്പ​ട​യാ​ളി, പു​ണർ​കോ​ട്ടു​സ്വ​രൂ​പം, ധൂ​മ​കേ​തു, കേ​ര​ള​സിം​ഹം ഇവയും, ഡി. പത്മ​നാ​ഭൻ ഉണ്ണി​യു​ടെ പ്ര​താ​പ​സിം​ഹൻ, റാണി ഗം​ഗാ​ധ​ര​ല​ക്ഷ്മി, കു​ഞ്ചു​ത്ത​മ്പി​മാർ, കു​റു​പ്പം​വീ​ട്ടിൽ കെ. എൻ. ഗോ​പാ​ല​പി​ള്ള​യു​ടെ ‘പോർ​ക്ക​ള​ത്തി​നു പി​ന്നിൽ’ ഇങ്ങ​നെ ഏതാ​നും കൃ​തി​കൾ പ്ര​ശ​സ്ത​ങ്ങ​ളാ​ണു്.

സാ​മു​ദാ​യി​ക​നോ​വ​ലു​ക​ളിൽ ഇന്ദു​ലേഖ, ശാരദ, പ്രേ​മാ​മൃ​തം, അപ്ഫ​ന്റെ മകൾ ഇവ പ്രാ​ധാ​ന്യം വഹി​ക്കു​ന്നു. എൻ. കെ. കൃ​ഷ്ണ​പി​ള്ള​യു​ടെ കന​ക​മം​ഗ​ലം, ബി. കല്യാ​ണി അമ്മ​യു​ടെ കർ​മ്മ​ഫ​ലം, നീ​ലം​പേ​രൂർ എൻ. പി. പണി​ക്ക​രു​ടെ ലോ​ലി​ത​യും വി​ച്ഛി​ന്ന​ഹാ​ര​വും, ചങ്ങ​മ്പു​ഴ​യു​ടെ കളി​ത്തോ​ഴി, റ്റി. എൻ. ഗോ​പി​നാ​ഥൻ​നാ​യ​രു​ടെ സുധ, സി. മാ​ധ​വൻ​പി​ള്ള​യു​ടെ ദേ​ശ​സേ​വി​നി, ജ്ഞാ​നാം​ബിക, ആന​ന്ദ​സാ​ഗ​രം, സി. എസ്. നാ​യ​രു​ടെ ‘പന​യ്ക്കൽ മാദു’ ഇവയും പ്ര​സ്താ​വ​യോ​ഗ്യ​മാ​ണു്. എൻ. കെ. കൃ​ഷ്ണ​പി​ള്ള, നാ​യ​ന്മാ​രു​ടെ ഇട​യ്ക്കു​ള്ള തൊ​ഴി​ലി​ല്ലാ​യ്മ സര​സ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു. എൻ. പി. പണി​ക്കർ ഉൽ​കൃ​ഷ്ട നാ​യർ​കു​ടും​ബ​ത്തിൽ ജനി​ച്ച ഒരു യു​വാ​വാ​ണു്. ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​രം വരു​ന്ന​തി​നു് അനേ​ക​വർ​ഷ​ങ്ങൾ​ക്കു മു​മ്പിൽ എഴു​ത​പ്പെ​ട്ട ലോലിത എന്ന കൃ​തി​വ​ഴി​ക്കു്, പതി​ത​ജ​ന​ത​യോ​ടു് സവർ​ണ്ണർ അനു​വർ​ത്തി​ച്ചു​വ​ന്ന ദുർ​ന്ന​യ​ത്തി​ന്റെ കാ​ഠി​ന്യ​ത്തേ​യും അനാ​ശാ​സ്യ​ത​യേ​യും ഹൃ​ദ​യ​സ്പർ​ശ​ക​മാ​വും​വ​ണ്ണം അദ്ദേ​ഹം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. നാ​യി​കാ​നാ​യ​ക​ന്മാർ തന്നെ​യും ഈഴ​വ​ജാ​തീ​യ​രാ​ണു്. കഥ​യ്ക്കു സ്ഥൗ​ല്യം കു​റ​ച്ചു കു​റ​യ്ക്കാ​മാ​യി​രു​ന്നു. വി​ച്ഛി​ന്ന​ഹാ​ര​വും നാ​ട​ക​ക്കാ​രി​യും വാ​യി​ക്കാൻ കൊ​ള്ളാ​വു​ന്ന മറ്റു കഥ​ക​ളാ​ണു്.

കെ. സു​കു​മാ​രൻ ബി. ഏ.

മല​ബാ​റി​ലെ കാ​ഥി​ക​ന്മാ​രിൽ​വ​ച്ചു് ഏറ്റ​വും പ്രാ​യം​കൂ​ടിയ സാ​ഹി​ത്യ​കാ​ര​നായ കെ. സു​കു​മാ​രൻ 84-ാം വയ​സ്സിൽ (1956-ൽ) ഈയി​ട​യ്ക്കാ​ണു് മരണം പ്രാ​പി​ച്ച​തു്. ഇത്ര വളരെ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും രചി​ച്ചി​ട്ടു​ള്ള​വർ നന്നേ ചു​രു​ക്ക​മാ​ണു്. ഐഹി​ക​ജീ​വി​തം സു​ഖാ​നു​ഭോ​ഗ​ത്തി​നു​ള്ള​താ​ണെ​ന്നു വി​ശ്വ​സി​ച്ചി​രു​ന്ന ഈ കാ​ഥി​ക​ന്റെ കൃ​തി​ക​ളിൽ ശൃം​ഗാ​ര​ര​സം കുറേ കവി​ഞ്ഞു​പോ​യി എന്നൊ​രാ​ക്ഷേ​പം പര​ക്കേ ഉണ്ടെ​ങ്കി​ലും അവ രസാ​വ​ഹ​ങ്ങ​ള​ല്ലെ​ന്നു പറവാൻ ആർ​ക്കും ധൈ​ര്യ​മു​ണ്ടാ​വു​ക​യി​ല്ല. ചെ​റു​ക​ഥ​കൾ രണ്ടു ഭാ​ഗ​ങ്ങ​ളാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്. അസൂ​യാ​മ​യം, ആ വല്ലാ​ത്ത നോ​ട്ടം, ഒരു പൊ​ടി​ക്കൈ (കഥകൾ), ആരാ​ന്റെ കു​ട്ടി (കഥകൾ), വിധി, അഴ​കു​ള്ള പെ​ണ്ണു്, ഇതു ചതിയോ, ശപി​ക്ക​പ്പെ​ട്ട ശപ​ഥ​ങ്ങൾ, ഗദ്യ​മ​ഞ്ജ​രി (ലേ​ഖ​ന​ങ്ങൾ), പാ​പ​ത്തി​ന്റെ ഫലം, മയൂ​ര​കാ​ഹ​ള​കാ​ലം, വി​വാ​ഹ​ത്തി​ന്റെ വില, ഇണ​ക്ക​വും പി​ണ​ക്ക​വും, കു​ടും​ബ​പ​രി​ധി, കട കൊ​ണ്ടു കി​ട്ടിയ മുതൽ (കഥകൾ), ഭീഷണി (നാടകം), മി​ശ്ര​യി​ലെ റാണി (നാടകം), ജാ​ത​യു​ടെ ജയം (തർ​ജ്ജമ) ഇവ​യാ​ണു് പ്ര​ധാന കൃ​തി​കൾ. ജന്തു​ശാ​സ്ത്ര​പ​ര​മാ​യി ഭാ​ഷാ​പോ​ഷി​ണി മു​ത​ലായ മാ​സി​ക​ക​ളിൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഉപ​ന്യാ​സ​ങ്ങ​ളിൽ വി​ജ്ഞാ​ന​ത്തെ വി​നോ​ദ​ത്തോ​ടു സര​സ​മാ​യി രഞ്ജി​പ്പി​ച്ചി​രി​ക്കു​ന്നു. ജന്തു​ശാ​സ്ത്രം, ജ്യോ​തി​ശാ​സ്ത്രം, എന്നു രണ്ടു ശാ​സ്ത്ര​ഗ്ര​ന്ഥ​ങ്ങ​ളും അദ്ദേ​ഹ​ത്തി​ന്റെ വക​യാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. ഭാ​സാ​വി​ലാ​സം എന്ന കാ​വ്യ​ത്തിൽ ശൃം​ഗാ​രം എല്ലാ പരി​ധി​ക​ളേ​യും അതി​ലം​ഘി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ‘ചി​രി​യോ ചിരി’ എന്ന ഹാ​സ്യ​കൃ​തി സു​കു​മാ​ര​ന്റെ പരി​ഹാ​സ​ര​സി​ക​ത്വ​ത്തി​നു് ഉത്ത​മ​ദൃ​ഷ്ടാ​ന്ത​മാ​കു​ന്നു.

സി. മാ​ധ​വൻ​പി​ള്ള

സി. മാ​ധ​വൻ​പി​ള്ള ബി. ഏ. ദാ​രി​ദ്ര്യ​ത്തിൽ നി​ന്നു് സ്വ​ന്ത പരി​ശ്ര​മം​കൊ​ണ്ടു് ഉയർ​ന്നു​വ​ന്ന ഒരു യു​വാ​വാ​ണു്. ‘വി​ജ​യ​ഭാ​നു’ എന്ന ഹാ​സ്യ​മാ​സി​ക​യു​ടേ​യും വി​ജ​യ​ഭാ​നു ബു​ക്ക്ഡി​പ്പോ​വി​ന്റേ​യും ഉട​മ​സ്ഥ​നെ​ന്ന നി​ല​യി​ലും ദേ​ശ​സേ​വി​നി, ആന​ന്ദ​സാ​ഗ​രം, ജ്ഞാ​നാം​ബിക, യാ​ച​ക​മേ​ാ​ഹി​നി (നാടകം), സ്ത്രീ​ധ​നം (നാടകം) കു​മാ​രി​ക​മല, (നാടകം), വീ​രാം​ഗന (നാടകം), വെ​ണ്ണി​ലാ​വു് (നാടകം), ചി​ത്ര​സൗ​ധം ഇവ​യു​ടെ കർ​ത്താ​വെ​ന്ന നി​ല​യി​ലും കേ​ര​ളീ​യർ​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​ണു്. സി. മാ​ധ​വൻ​പി​ള്ള​യു​ടെ നോ​വ​ലു​കൾ​ക്കു​ള്ള പ്ര​ചാ​രം മറ്റൊ​രു കഥ​കൾ​ക്കും ഇല്ല. എന്താ​ണു് ഇതി​ന്റെ കാരണം? കലാ​ശി​ല്പ​മൊ​ന്നും അദ്ദേ​ഹ​ത്തി​ന്റെ കൃ​തി​കൾ​ക്കു് ഉണ്ടെ​ന്നു് ഞാൻ ശപഥം ചെ​യ്യു​ന്നി​ല്ല; പലേ ന്യൂ​ന​ത​കൾ അവ​യ്ക്കു് ഉണ്ടാ​വാം. എന്നാൽ അദ്ദേ​ഹം പറ​ഞ്ഞി​ട്ടു​ള്ള​തു് ഒട്ടു മു​ക്കാ​ലും പര​മാർ​ത്ഥ​മാ​ണു്. ഉന്ന​ത​സ്ഥാ​ന​ങ്ങ​ളിൽ ഇരി​ക്കു​ന്ന​വ​രെ​ന്നു് സ്വയം അഭി​മാ​നി​ക്കു​ന്ന​വർ ആചാ​ര​ത്തി​ന്റേ​യും നി​യ​മ​ത്തി​ന്റേ​യും മറ​വിൽ​നി​ന്നു​കൊ​ണ്ടു ചെ​യ്യു​ന്ന ഓരോ മാ​തി​രി ജന​പീ​ഡ​ന​ങ്ങ​ളെ അദ്ദേ​ഹം വാ​യ​ന​ക്കാ​രു​ടെ മു​മ്പിൽ​കൊ​ണ്ടു​വ​ന്നു നി​ര​ത്തു​ന്നു. അവ​രോ​ടു് ഗ്ര​ന്ഥ​കാ​ര​നു ലേശം ദയ​യി​ല്ല. അവർ ദയയേ അർ​ഹി​ക്കു​ന്നു​മി​ല്ല. പ്ര​സ്തുത കൃ​തി​കൾ​ക്കു​ള്ള മറ്റൊ​രു ആകർ​ഷ​ണം അവയിൽ വ്യാ​പി​ച്ചി​രി​ക്കു​ന്ന ഫലി​ത​മാ​ണു്.

സി. മാ​ധ​വൻ​പി​ള്ള​യു​ടെ ഫലിതം പരി​പൂർ​ണ്ണ​മാ​യി ആസ്വ​ദി​ക്ക​ണ​മെ​ങ്കിൽ അദ്ദേ​ഹ​ത്തി​ന്റെ ‘ചി​ത്ര​സൗ​ധം’ തന്നെ വാ​യി​ക്ക​ണം. കു​ഞ്ഞി​രാ​മൻ നാ​യ​നാർ, പൂ​ത്തേ​ഴം, സഞ്ജ​യൻ, ഈ. വി. എന്നീ ഫലി​ത​ര​സി​ക​ന്മാ​രു​ടെ അണി​യിൽ​ത​ന്നെ ഇരി​ക്കാൻ അദ്ദേ​ഹ​ത്തി​നു് യോ​ഗ്യ​ത​യു​ണ്ടെ​ന്നു​ള്ള​തി​നു് ഈ പു​സ്ത​കം​ത​ന്നെ ഉത്ത​മ​സാ​ക്ഷ്യം വഹി​ക്കു​ന്നു. ഈ. വി. പറ​ഞ്ഞി​ട്ടു​ള്ള​തി​നെ ഇവിടെ ഉദ്ധ​രി​ക്കാം:

“ഈ ചി​ത്ര​സൗ​ധ​ത്തിൽ ഏതാ​നും മാ​തൃ​ക​ക​ളെ അപ​ഹാ​സ്യ​മാ​യി കാ​ണി​ക്കു​ക​യാ​ണു് ചെ​യ്യു​ന്ന​തു്. ചി​ത്ര​കാ​ര​ന്റെ സാ​ഹി​ത്യ വൈ​ദ​ഗ്ദ്ധ്യ​വും കലാ​നൈ​പു​ണി​യും ഇതിലെ ഓരോ വരി​യും തെ​ളി​ച്ചു കാ​ണി​ക്കു​ന്നു​ണ്ടു്. ഹൃ​ദ​യം​കു​ളിർ​ക്കു​മാ​റു് ചി​രി​ക്കാ​തെ ഇതിലെ ഒരു പേ​ജെ​ങ്കി​ലും വാ​യി​ച്ചു തീർ​ക്കുക അത്ര സു​സാ​ധ്യ​മ​ല്ല​ത​ന്നെ. ശ്രീ​മാൻ മാ​ധ​വൻ​പി​ള്ള​യു​ടെ സര​സ​തൂ​ലിക ഏതൊരു വർ​ഗ്ഗ​ത്തി​നെ പി​ടി​കൂ​ടു​ന്നോ അവ​രാ​ണു് ഏറ്റ​വും കൂ​ടു​തൽ രസി​ക്കു​ന്ന​തെ​ന്നു​ള്ള​താ​ണു് അദ്ദേ​ഹ​ത്തി​ന്റെ ഫലിത സാ​ഹി​ത്യ​ത്തിൽ ആദ്യ​ന്തം പ്ര​ശോ​ഭി​ക്കു​ന്ന പ്ര​ത്യേക വൈ​ശി​ഷ്ട്യം. വാ​ക്കു​ക​ളും വാ​ക്യ​ങ്ങ​ളും കൊ​ണ്ടു് അമ്മാ​ന​മാ​ടു​വാൻ ഈ യു​വ​ഗ്ര​ന്ഥ​കാ​ര​നു് പ്ര​ത്യേക രസ​മാ​ണു്. കലാ​ദേ​വി ഹൃദയം തു​റ​ന്നു തന്നെ​യാ​ണു് ഇദ്ദേ​ഹ​ത്തെ അനു​ഗ്ര​ഹി​ച്ചി​ട്ടു​ള്ള​തു്.”

ഒന്നു രണ്ടു ഉദാ​ഹ​ര​ണ​ങ്ങൾ ഇവിടെ ഉദ്ധ​രി​ക്കാം:

“ബീ-​ഏ-ക്കാരിയേ ചൊ​ല്പ​ടി​ക്കു കൊ​ണ്ടു​വ​രാൻ ഞാൻ ഒരു നല്ല പൊ​ടി​ക്കൈ വച്ചു​ത​രാം. നി​ങ്ങൾ അവ​ളു​ടെ കാ​മു​ക​പ​ദം കാം​ക്ഷി​ക്കു​ന്നു എന്നു വി​ചാ​രി​ക്കുക. നേ​രെ​ചെ​ന്നു് സങ്ക​ടം പറ​ഞ്ഞാൽ ഹജൂ​രി​ലാ​ണെ​ങ്കിൽ “ആലോ​ചി​ക്കാം അല്ലെ​ങ്കിൽ അന്വേ​ഷി​ക്കാം” എന്നു ഫല​ശൂ​ന്യ​മായ ഒരു മറു​പ​ടി​യെ​ങ്കി​ലും ലഭി​ക്കും. പക്ഷേ നമ്മു​ടെ ബി. ഏ. അപ്സ​ര​സ്സി​ന്റെ മഹ​നീ​യ​ത​യെ​പ്പ​റ്റി അവൾ​ക്കു​ള്ള ബോ​ദ്ധ്യം ഇപ്ര​കാ​ര​മൊ​രു മറു​പ​ടി​യെ​ങ്കി​ലും നൽ​കു​ന്ന​തി​നു് അവളെ അനു​വ​ദി​ക്ക​യി​ല്ല. ആ നി​മി​ഷ​ത്തിൽ നി​ങ്ങ​ളെ ഒരു യാ​ച​ക​നോ മര്യാ​ദ​യി​ല്ലാ​ത്ത നി​കൃ​ഷ്ട​ജീ​വി​യോ ആയി അവൾ കരു​തു​ന്നു. ആ കരു​ത​ലി​നു് മാ​റ്റം വരു​ത്തുക കാ​ലാ​ന്ത​രം​കൊ​ണ്ടും സാ​ദ്ധ്യ​മ​ല്ല​താ​നും.

അതൊ​ന്നു​മ​ല്ല വേ​ണ്ട​തു്. നി​ങ്ങൾ വെ​റു​മൊ​രു നപും​സ​ക​ന്റെ രംഗം അഭി​ന​യി​ക്കു​ക​ത​ന്നെ വേണം. അഭി​ന​യ​മ​ല്ലേ, യഥാർ​ത്ഥ​മ​ല്ല​ല്ലോ. ഒരു പ്ര​ഹ​സ​ന​ത്തിൽ കള്ളൻ​പാർ​ട്ടു് അഭി​ന​യി​ക്കു​ന്ന​തു​കൊ​ണ്ടു് നി​ങ്ങൾ കള്ള​നാ​കു​ന്നു​ണ്ടോ? ഇല്ല. അതു​പോ​ലെ തന്നെ ആ ബി. ഏ. ക്കാ​രി​യെ കറ​ക്കു​വാൻ വേ​ണ്ടി നി​ങ്ങൾ ഒരു ചെറിയ രൂ​പ​ഭേ​ദം നി​ങ്ങ​ളു​ടെ സ്വ​ഭാവ ഭേ​ദ​ത്തി​ലും, ആശ​യാ​ദർ​ശ​ങ്ങ​ളി​ലും കൈ​ക്കൊൾ​ക​ത​ന്നെ വേണം. ആദ്യ​മാ​യി വേ​ണ്ട​തു് നി​വൃ​ത്തി​യു​ള്ളി​ട​ത്തോ​ളം സകല സ്ത്രീ​സ​മാ​ജ​ങ്ങ​ളി​ലും പ്രാ​സം​ഗി​ക​നാ​യി ഹാ​ജ​രാ​കു​ക​യെ​ന്നു​ള്ള​താ​ണു്. സ്ത്രീ​യും പു​രു​ഷ​നും ഒരേ കാ​ര​യിൽ വാർ​ത്തെ​ടു​ത്ത രണ്ടു ഉണ്ണി​യ​പ്പ​ങ്ങ​ളാ​ണെ​ന്നും, ഒന്നി​നെ അപേ​ക്ഷി​ച്ചു് മറ്റൊ​ന്നി​നു് മേ​ന്മ​യു​ണ്ടെ​ന്നു ഘോ​ഷി​ക്കു​ന്ന​വ​ന്റെ തല​മ​ണ്ട നി​ല​ന്ത​ല്ലി​കൊ​ണ്ട​ടി​ച്ചു പൊ​ളി​ക്ക​ണ​മെ​ന്നും കൂ​സ​ലെ​ന്യേ തട്ടി​വി​ട്ടേ​യ്ക്ക​ണം. പു​രു​ഷ​ന്റെ ഹൃദയം പു​ണ്ണാ​ക്കു​കൊ​ണ്ടു നിർ​മ്മി​ച്ച​താ​ണെ​ന്നും, എന്നാൽ സ്ത്രീ​യു​ടേ​താ​ക​ട്ടെ അസ്സൽ പത്ത​ര​മാ​റ്റു തങ്ക​ത്തിൽ വാർ​ത്തെ​ടു​ത്ത​താ​ണെ​ന്നും പറ​യു​മ്പോൾ, സദ​സ്യർ പൊ​ട്ടി​ക്കു​ന്ന ഹസ്താ​ര​വ​ത്തെ​പ്പോ​ലും വക​വ​യ്ക്കാ​തെ, സ്ത്രീ​ക​ളു​ടെ സഹ​ന​ശ​ക്തി, ബു​ദ്ധി​ശ​ക്തി, കു​തി​ര​ശ​ക്തി മു​ത​ലായ ശക്തി​ക​ളെ ശത​ഗു​ണം വർ​ണ്ണി​ച്ചു വർ​ണ്ണി​ച്ചു് ഒടു​വിൽ ഒരു പു​രു​ഷൻ നൂ​റു​ജ​ന്മം കൊ​ണ്ടു​പോ​ലും ഒരു സ്ത്രീ​യ്ക്കു വേണ്ട യോ​ഗ്യ​ത​കൾ ആർ​ജ്ജി​ക്കു​വാൻ ശക്ത​നാ​ക​യി​ല്ലെ​ന്നു സ്ഥാ​പി​ക്ക​ണം. അവ​ളു​ടെ തല​യോ​ട്ടി​ക്ക​ക​ത്തു് പള്ളി​വാ​സൽ സ്കീം ഇരി​പ്പു​ണ്ടെ​ന്നു പറയണം. നി​ങ്ങ​ളു​ടെ സഹോ​ദ​രി​ക​ളെ നി​ങ്ങൾ പൂ​ച്ചു​വി​ല​ങ്ങി​ട്ടു് വീ​ട്ടി​ന​ക​ത്തു​ള്ള നാ​ലു​കെ​ട്ടി​ന്റെ തൂണിൽ തള​ച്ചി​രി​ക്ക​യാ​യി​രി​ക്കും; സാ​ര​മി​ല്ല. എങ്കി​ലും സ്ത്രീ​സ​മാ​ജ​ത്തിൽ പ്ര​സം​ഗി​ക്കു​മ്പോൾ “മല്ലാ​രി​പ്രി​യ​യായ ഭാമ സമരം ചെ​യ്തീ​ല​യൊ?” എന്നു തു​ട​ങ്ങി, സ്ത്രീ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ആവ​ശ്യ​ക​ത​യെ​പ്പ​റ്റി ഉച്ചൈ​സ്ത​രം ഉൽ​ഘോ​ഷി​ച്ചു​കൊൾക. ലോ​ക​ത്തി​ലെ ഏറ്റ​വും വലിയ മനു​ഷ്യ​നായ മഹാ​ത്മാ​ഗാ​ന്ധി​യെ ഒരു സ്ത്രീ​യാ​ണു്, അല്ലാ​തെ പു​രു​ഷ​ന​ല്ല പ്ര​സ​വി​ച്ച​തെ​ന്നു പറയുക ഇട​യ്ക്കി​ട​യ്ക്കു് പു​രു​ഷൻ നി​ഷ്ഠൂ​ര​നാ​ണെ​ന്നും രാ​ക്ഷ​സ​നാ​ണെ​ന്നും വെറും തേ​ക്കു​ത​ടി​യാ​ണെ​ന്നും അവ​ന്റെ സ്വേ​ച്ഛാ​പ്ര​ഭു​ത്വം​കൊ​ണ്ടു മാ​ത്ര​മാ​ണു് അവൻ സ്ത്രീ​ക​ളെ അട​ക്കി​ബ്ഭ​രി​ക്കു​ന്ന​തെ​ന്നും പക്ഷേ ഈ വി​ദ്യ​യൊ​ന്നും ഇന്ന​ത്തെ കൊ​ച്ചു പെ​ണ്ണു​ങ്ങ​ളോ​ടു പറ്റു​കി​ല്ലെ​ന്നും പറ​ഞ്ഞാൽ മതി. പി​ന്നീ​ടു് ഏതു സ്ത്രീ​സ​മാ​ജ​ത്തി​ലും പ്ര​സം​ഗി​ക്കു​വാൻ നി​ങ്ങൾ​ക്കു ക്ഷണം ലഭി​ച്ചു​കൊ​ണ്ടി​രി​ക്കും. പൂവൻ പഴ​ത്തൊ​ലി പൊ​തി​ഞ്ഞ ലാ​വ​ണ്യ​വി​ഗ്ര​ഹ​ങ്ങൾ നി​ങ്ങ​ളെ ക്ഷ​ണി​ച്ചു് സല്ക്ക​രി​ച്ചു കൊ​ണ്ടു​പോ​കും. അക്കൂ​ട്ട​ത്തിൽ നി​ങ്ങൾ ആരാ​ധി​ക്കു​ന്ന ബി. ഏ.ക്കാ​രി തീർ​ച്ച​യാ​യും ഉണ്ടാ​യി​രി​ക്ക​യും ചെ​യ്യും.”

പത്രാ​ധി​പ​രു്—“ദി​വാൻ​ജി എന്ന വാ​ക്കി​ന്റെ പ്ര​യോ​ജ​നം പത്രാ​ധി​പർ​ക്കു നല്ല​വ​ണ്ണ​മ​റി​യാം. വലിയ തി​ടു​ക്ക​ത്തിൽ അദ്ദേ​ഹം ബാർ​ബർ​ഷാ​പ്പിൽ കയ​റി​ച്ചെ​ല്ലും. “എടോ വേ​ഗ​ത്തിൽ ഒന്നു ഷേ​വു​ചെ​യ്യ​ണം. പതി​നൊ​ന്നു​മ​ണി​ക്കു ദി​വാൻ​ജി​യെ കാണാൻ പോ​വേ​ണ്ട​താ​ണു്. മു​ഖ​ത്തെ​ങ്ങും ഒരു കു​റ്റി നി​ല്ക്ക​രു​തു്.” ഇതു കേ​ട്ടാൽ ദി​വാൻ​ജി തന്നെ​ക്കാ​ണാൻ ചെ​ല്ലു​ന്ന​വ​രു​ടെ​യെ​ല്ലാം മുഖം തപ്പി​നോ​ക്കു​മെ​ന്നാ​ണു തോ​ന്നുക.”

ഇൻ​ഷ്വ​റൻ​സ് ഏജ​ന്റു്

“വേ​ഷ​വി​ധാ​ന​ത്തിൽ ഇൻ​ഷ്വ​റൻ​സ് ഏജ​ന്റി​നെ ജയി​ക്കു​വാൻ ഒരു വൈ​ശ്ര​വ​ണൻ ഈ ലോ​ക​ത്തിൽ ഇതു​വ​രെ ഉണ്ടാ​യി​ട്ടി​ല്ല. ഉണ്ടാ​വു​ക​യു​മി​ല്ല. ആ കു​മ്മാ​യം തേച്ച ഹാ​റ്റും, ബ്ളൂ​സർ​ജു​കോ​ട്ടും, അതി​ന​ടു​ത്ത സൂ​ട്ടും, ടൈ​യ്യും, വാ​സ്ലൈ​നും, ഗ്ലി​സ​റി​നും, ത്രീ​കാ​സി​ലും, ചീ​പ്പും, കണ്ണാ​ടി​യും എന്നു വേണ്ട, അയാ​ളു​ടെ ശരീ​ര​ത്തി​ലെ ഓരോ അവ​യ​വ​വും പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യും, ഒക്കെ​ക്കൂ​ടി​യും കാ​ണി​ക​ളു​ടെ നയ​ന​ങ്ങ​ളേ​യും ഹൃ​ദ​യ​ത്തേ​യും ഹഠാ​ദാ​കർ​ഷി​ക്കു​ക​ത​ന്നെ ചെ​യ്യും. ആയി​ര​വും രണ്ടാ​യി​ര​വും അള​ന്നു​വാ​ങ്ങി​ക്കു​ന്ന ഉദ്യോ​ഗ​സ്ഥൻ പോലും അല​ക്കി​ത്തേ​ച്ച കോ​ട്ടും സൂ​ട്ടു​മാ​ണു​പ​യോ​ഗി​ക്കു​ന്ന​തു്. എന്നാൽ നമ്മു​ടെ ഇൻ​ഷ്വ​റൻ​സ് ഏജ​ന്റാ​ക​ട്ടെ, കോ​ട്ടും സൂ​ട്ടും ശരീ​ര​ത്തിൽ ധരി​ച്ച ശേഷം, തറയിൽ മലർ​ന്നു കി​ട​ന്നു കൊ​ടു​ക്കു​ന്നു. ആ കി​ട​പ്പി​ലാ​ണു് ഡോബി ആ വസ്തു​വി​ശേ​ഷ​ങ്ങ​ളെ ഇസ്തി​രി​പ്പെ​ട്ടി​യാ​കു​ന്ന ചി​ന്തേ​രു​കൊ​ണ്ടു മി​നു​ക്കി മോടി പി​ടി​പ്പി​ക്കു​ന്ന​തു്. ഇപ്ര​കാ​രം ശരി​യാ​യി തേ​ച്ചു​ണ​ക്കി എടു​ത്ത ഒരു ഇൻ​ഷ്വ​റൻ​സ് ഏജ​ന്റി​നെ ആ നി​ല​യിൽ ഏതു ബാ​ങ്കിൽ വേ​ണ​മെ​ങ്കി​ലും ഒരു പതി​നാ​യി​രം രൂ​പാ​യ്ക്കു് ജാ​മ്യം കൊ​ടു​ക്കാം. പോരേ?”

… … … ………

“ഈ കു​ട്ടി​കൾ എല്ലാം നി​ങ്ങ​ളു​ടേ​തു​ത​ന്നെ​യാ​ണ​ല്ലോ?” ഇൻ​ഷ്വ​റൻ​സ് ഏജ​ന്റു് കട​ന്നു ചോ​ദി​ക്കു​ക​യാ​ണു്. “ഞാൻ അവ​ന്റെ മു​ഖ​ത്തു സൂ​ക്ഷി​ച്ചു​നോ​ക്കി. എങ്ഹേ! യാ​തൊ​രു ചാ​ഞ്ച​ല്യ​വു​മി​ല്ല. എന്റെ കു​ട്ടി​കൾ എന്റേ​തു​ത​ന്നെ​യാ​ണ​ല്ലോ എന്നു്! എന്റെ മു​ഖ​ച്ഛായ ഒരു ഒന്നാം​ത​രം രജി​സ്ത്രേർ​ഡ് ട്ര​യി​ഡ്മാർ​ക്കു​പോ​ലെ ആ പതി​ന്നാ​ലെ​ണ്ണ​ത്തി​ന്റേ​യും മു​ഖ​ത്തു തെ​ളി​ഞ്ഞു കാ​ണു​ന്നു​ണ്ടു്. ആ ഓമ​ന​ക്കു​ഞ്ഞു​ങ്ങൾ എന്റേ​തു തന്നെ​യാ​ണോ എന്നു്, ശവ​ത്തി​നെ അടി​ച്ചി​റ​ക്കി​യാ​ലൊ എന്നു് എനി​ക്കു തോ​ന്നി. പക്ഷെ എന്തു ചെ​യ്യാം. കോ​ട്ടും സൂ​ട്ടും കണ്ടി​ട്ടു പേ​ടി​യാ​കു​ന്നു.”

അസൂയ

ചാ​ക്കോ​ച്ച​ന്റെ സ്വ​ത്തു് ആയി​ര​ത്തിൽ നി​ന്നു് രണ്ടാ​യി​രം ആകു​മ്പോൾ, അരോ​ഗ​ദൃ​ഢ​ഗാ​ത്ര​നായ മാർ​ക്കോ​സ് മു​ത​ലാ​ളി​ക്കു് ഒരു ചെറിയ കു​ളി​രും പനി​യു​മാ​രം​ഭി​ക്കു​ന്നു. സാ​ര​മി​ല്ല. 100 ഡി​ഗ്രി വരും. അതേ​യു​ള്ളു. ഉടൻ ചാ​ക്കോ​ച്ച​നു് കു​രു​മു​ള​കു കച്ച​വ​ട​ത്തിൽ നി​ന​ച്ചി​രി​ക്കാ​തെ കി​ട്ടു​ന്നു ഒരു രണ്ടാ​യി​രം. മാർ​ക്കോ​സി​ന്റെ പനി ജ്വ​ര​മാ​യി 102 ഡി​ഗ്രി ചൂ​ടു​ണ്ടെ​ങ്കി​ലും അപ​ക​ട​സീ​മ​യി​ലെ​ത്തി​യി​ട്ടി​ല്ല. ഉടൻ അറി​യു​ന്നു, ചാ​ക്കോ​ച്ച​ന്റെ മകൻ കു​ഞ്ഞോ​ത​യ്ക്കു് സി​ക്ര​ട്ടേ​റി​യേ​റ്റിൽ 40 രൂപാ ശമ്പ​ള​ത്തിൽ ഒരു ക്ലാർ​ക്കു​ദ്യോ​ഗം കി​ട്ടി​യെ​ന്നു്. ഒരു ചെറിയ വി​മ്മി​ട്ടം, ശ്വാ​സ​ത്തി​നു് അല്പം തട​സ്സം, 104 ഡി​ഗ്രി. എങ്കി​ലും ഡാ​ക്ടർ​മാർ ആശ വി​ടു​ന്നി​ല്ല. അപ്പോൾ കേൾ​ക്കാം കു​ഞ്ഞോ​ത​യെ​ക്കൊ​ണ്ടു്, റബ്ബർ മു​ത​ലാ​ളി മത്താ​യി​ത്ത​ര​ക​ന്റെ മകൾ അന്ന​ക്കു​ട്ടി​യെ കെ​ട്ടി​ക്കാൻ 50000 രൂപാ പറ​ഞ്ഞു സമ്മ​തി​പ്പി​ച്ചു വച്ചി​രി​ക്കു​ന്നു എന്നു്. മാർ​ക്കോ​സ് മു​ത​ലാ​ളി​ക്കു കൂ​ട​ക്കൂ​ടെ ബോ​ധ​ക്ഷ​യം, പി​ച്ചും പേയും പറ​ച്ചിൽ, 106 ഡി​ഗ്രി, ഡാ​ക്ടർ കയ്യൊ​ഴി​യു​ന്നു…ഇതി​നു് വല്ല കാ​ര്യ​വു​മു​ണ്ടോ?

മാ​ധ​വൻ​പി​ള്ള​യു​ടെ നോ​വ​ലു​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും ഒക്കെ ഈ മാ​തി​രി ഫലി​തോ​ക്തി​കൾ കാ​ണ്മാ​നു​ണ്ടു്. മല​യാ​ള​ഭാ​ഷ​യിൽ ഇപ്പോ​ഴു​ള്ള നാ​ട​ക​ങ്ങ​ളിൽ ഏറി​യ​കൂ​റും തർ​ജ്ജ​മ​ക​ളോ, അനു​ക​ര​ണ​ങ്ങ​ളോ, ചോ​ര​ണ​ങ്ങ​ളോ ആണു്. തർ​ജ്ജ​മ​ക​ളിൽ തന്നെ​യും വാ​യി​ക്കാൻ കൊ​ള്ളാ​വു​ന്നവ തുലോം വി​ര​ള​ങ്ങ​ളാ​യി​ട്ടാ​ണി​രി​ക്കു​ന്ന​തു്.

ചെ​റു​ക​ഥ​കൾ

ചെ​റു​ക​ഥ​ക​ളു​ടെ നില അതല്ല. ആ ശാഖ ഏറെ​ക്കു​റെ പു​ഷ്ക​ല​മാ​യി​രി​ക്കു​ന്നു കഥ കേൾ​പ്പാ​നു​ള്ള കൗ​തു​കം മനു​ഷ്യ​നു സഹ​ജ​മാ​യി​ട്ടു​ള്ള​താ​ണു്. ശി​ശു​വാ​യി​രി​ക്കു​മ്പോൾ​ത​ന്നെ നാം കഥാ​ശ്ര​വ​ണ​കൗ​തു​കം പ്ര​ദർ​ശി​പ്പി​ച്ചു​തു​ട​ങ്ങു​ന്നു. ശി​ശു​ക്കൾ​ക്കു് ബാ​ഹ്യ​ലോ​കം ഒരു അത്ഭു​ത​വ​സ്തു​വാ​യി​രി​ക്കു​ന്ന​തി​നാൽ, അത്ഭു​ത​ക​ഥ​കൾ കേൾ​പ്പാ​നാ​ണു് അധികം ആഗ്ര​ഹം. വി​ദ്യാ​ല​യ​ജീ​വി​ത​കാ​ല​ത്തു് നാം സ്വ​പ്ന​ലോ​ക​ത്തിൽ ജീ​വി​ക്കു​ന്നു. കാ​ണു​ന്ന​തെ​ല്ലാം പൊ​ന്നാ​ക്ക​ണ​മെ​ന്നാ​ണു് നമ്മു​ടെ മോഹം. ആ ഘട്ട​ത്തിൽ ആദർ​ശ​ജീ​വി​ത​ത്തെ ചി​ത്രീ​ക​രി​ക്കു​ന്ന കഥകൾ നമു​ക്കു കൂ​ടു​തൽ രസി​ക്കും. ദു​ര​ന്ത​ക​ഥ​കൾ കേൾ​പ്പാൻ​പോ​ലും നാം ഇഷ്ട​പ്പെ​ടു​ന്നി​ല്ല. ജീ​വി​ത​യ​ഥാർ​ത്ഥ്യ​ങ്ങ​ളോ​ടു മല്ലി​ട്ടു തു​ട​ങ്ങു​മ്പോ​ഴാ​ണു് നമ്മു​ടെ സങ്ക​ല്പ​സൗ​ധം ഇടി​ഞ്ഞു​പോ​കു​ന്ന​തു്. അപ്പോൾ വാ​സ്ത​വിക കഥകൾ നമു​ക്കു് അത്യ​ന്തം രസി​ക്കു​ന്നു. വാർ​ദ്ധ​ക്യ​ത്തി​ലാ​ക​ട്ടെ ചി​ന്താ​മ​ധു​ര​ങ്ങ​ളായ കഥ​കൾ​മാ​ത്ര​മേ നമ്മെ ആകർ​ഷി​ക്കൂ. വ്യ​ക്തി​കൾ​ക്കെ​ന്ന​പോ​ലെ സമു​ദാ​യ​ത്തി​നും ശൈ​ശ​വാ​ദ്യ​വ​സ്ഥ​ക​ളു​ണ്ടു്. വി​ക്ര​മാ​ദി​ത്യൻ കഥകൾ, മദ​ന​കാ​മ​രാ​ജൻ​ക​ഥ​കൾ, ശു​ക​സ​പ്ത​തി മു​ത​ലാ​യ​വ​യെ​ല്ലാം അക്കാ​ല​ത്തു​ണ്ടാ​യ​വ​യാ​ണു്. പി​ന്നീ​ടു് ഒടു​വി​ലി​ന്റെ നാലു കഥ​ക​ളു​ടെ മട്ടി​ലു​ള്ള കഥകൾ നട​പ്പിൽ വന്നു. ഒടു​വിൽ കു​ഞ്ഞി​ക്കൃ​ഷ്ണ​മേ​നോ​ന്റെ കഥകൾ ചെറിയ ഉപാ​ഖ്യാ​ന​ങ്ങ​ളോ ചെ​റു​നോ​വ​ലു​ക​ളോ ആണെ​ന്നു പറയാം. ഒരു സം​ഭ​വ​ത്തേ​യോ, വ്യ​വ​സ്ഥി​തി​യേ​യോ, ദൃ​ശ്യ​ത്തേ​യോ, മനോ​ഭാ​വ​ത്തേ​യോ സ്ഥ​ല​കാ​ല​ക്രി​യൈ​ക്യ​ദീ​ക്ഷ​യോ​ടും മനോ​നി​യ​ന്ത്ര​ണ​ത്തോ​ടും കൂടി അന​തി​വി​സ്ത​ര​മാ​യി, ലളി​ത​വും ഹൃ​ദ​യ​സ്പർ​ശ​ക​വും ആയ ഭാ​ഷ​യിൽ വർ​ണ്ണി​ക്കു​ന്ന​തി​നേ​യാ​ണു് ചെ​റു​ക​ഥ​യെ​ന്നു് നാം ഇപ്പോൾ വ്യ​വ​ഹ​രി​ച്ചു പോ​രു​ന്ന​തു്. ചെ​റു​ക​ഥ​ക​ളിൽ വലിയ വർ​ണ്ണ​ന​ക​ളോ പാ​ത്ര​ങ്ങ​ളു​ടെ വൈ​വി​ധ്യ​മോ ജടി​ല​മായ പ്ലാ​ട്ടോ ആവ​ശ്യ​മി​ല്ല. നോ​വ​ലി​ന്റെ ഘട​കാം​ശ​ങ്ങ​ളായ പ്ലാ​ട്ടു്, പാ​ത്രം, വർ​ണ്ണന, സം​ഭാ​ഷ​ണം ഇവ നാലും ചെ​റു​ക​ഥ​യി​ലും ഉണ്ടാ​യി​രി​ക്കു​മെ​ങ്കി​ലും അവ​യ്ക്കു് നോ​വ​ലി​ന്റേ​തിൽ നി​ന്നു വ്യ​ത്യാ​സ​മു​ണ്ടാ​യി​രി​ക്കും. ഈ മാ​തി​രി​യു​ള്ള ചെ​റു​ക​ഥ​കൾ ഭാ​ഷ​യിൽ ആദ്യ​മാ​യി പ്ര​ച​രി​പ്പി​ച്ച​വർ സി. ഗോ​പാ​ല​പ്പ​ണി​ക്ക​രും കെ. സു​കു​മാ​ര​നും ഏ. നാ​രാ​യ​ണ​പ്പു​തു​വാ​ളു​മാ​ണു്. എന്നാൽ അവ​രു​ടെ എല്ലാ കഥ​ക​ളി​ലും സ്ഥ​ല​കാ​ലൈ​ക്യ​ദീ​ക്ഷ​യി​ല്ലെ​ന്നു് ഒരു ദോഷം പറയാം.

സി. കു​ഞ്ഞു​രാ​മൻ മേനോൻ എം. ആർ. കെ. സി.) മറ്റൊ​രു പ്ര​സി​ദ്ധ കാ​ഥി​ക​നാ​യി​രു​ന്നു. ഈ കാ​ഥി​ക​ന്മാ​രിൽ എം. ആർ. കെ. സി-​യും, നാ​രാ​യ​ണ​പ്പു​തു​വാ​ളും ചരി​ത്ര​ക​ഥ​കൾ രചി​ച്ചു്, കേ​ര​ളീ​യ​രു​ടെ ദേ​ശീ​യാ​ഭി​മാ​ന​ത്തെ പു​ലർ​ത്താ​നാ​ണു നോ​ക്കി​യ​തു്. ചി​ലർ​ക്കു് അത്ത​രം കഥകൾ രസി​ക്കാ​തെ വന്നേ​ക്കാ​മെ​ങ്കി​ലും, മനു​ഷ്യർ പ്ര​ത്യേക ജന​ത​ക​ളാ​യി പി​രി​ഞ്ഞു്, തങ്ങ​ളു​ടെ സ്വാ​ധീ​ന​മ​ണ്ഡ​ല​ത്തി​നു വ്യാ​പ്തി വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും പ്രാ​ബ​ല്യം വർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം അവ വാ​യി​ച്ചു രസി​ക്കാൻ ആളു​ക​ളും ഉണ്ടാ​യി​രി​ക്കും. സ്വ​ത​ന്ത്ര​രാ​ഷ്ട്ര​ങ്ങൾ പര​സ്പ​രം മത്സ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അടി​മ​ത്വ​ത്തിൽ നി​ന്നു് ഇനി​യും വി​മു​ക്ത​രാ​യി​ട്ടി​ല്ലാ​ത്ത നാം സർ​വ​ലോ​ക​മൈ​ത്രി​ക്കും ‘വസു​ധൈവ കു​ടും​ബ​ത്വ’ത്തി​നും ആയി നി​ല​കൊ​ള്ളു​ന്നു എന്നു പറ​ഞ്ഞാൽ അപ​ഹാ​സ്യ​രാ​വു​ക​യേ​യു​ള്ളു.

ഞാൻ പഠി​ച്ചു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു് സു​കു​മാ​ര​ന്റെ കഥകൾ അധികം വാ​യി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും അദ്ദേ​ഹം നമു​ക്കു് നി​ത്യ​പ​രി​ചി​ത​ങ്ങ​ളായ തി​ര്യ​ക്കു​ക​ളെ​പ്പ​റ്റി എഴു​തി​ക്കൊ​ണ്ടി​രു​ന്ന ഫലി​ത​മ​യ​ങ്ങ​ളും വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളു​മായ ലേ​ഖ​ന​ങ്ങ​ളെ​ല്ലാം തേ​ടി​പ്പി​ടി​ച്ചു വാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു. അത്ര​യ്ക്കു രസ​ക​ര​ങ്ങ​ളാ​യി​ട്ടാ​ണു് അവ എനി​ക്കു തോ​ന്നി​യി​രു​ന്ന​തു്. വള​രെ​ക്കാ​ല​ങ്ങൾ​ക്കു ശേഷം അദ്ദേ​ഹ​ത്തി​ന്റെ ചെ​റു​ക​ഥ​ക​ളു​ടെ സമാ​ഹാ​രം (രണ്ടു ഭാ​ഗ​ങ്ങൾ) എന്റെ കൈവശം വന്നു​ചേർ​ന്നു ഫലി​ത​ത്തി​നു് ഒരു കു​റ​വും ഉണ്ടാ​യി​രു​ന്നി​ല്ല. ഓരോ വരി​യി​ലും ഫലിതം നി​റ​ഞ്ഞി​രു​ന്നു. എന്നാൽ കഥ​ക​ളി​ലെ​ല്ലാം വ്യാ​പി​ച്ചി​രു​ന്ന അസ​ഭ്യത എന്നെ വല്ലാ​തെ മു​ഷി​പ്പി​ച്ചു എന്നു പറ​യാ​തി​രി​ക്കാൻ നി​വൃ​ത്തി​യി​ല്ല. ബാൾ​സാ​ക്കി​ന്റെ ‘Droll Stories’ എന്നൊ​രു കൃതി ഞാൻ പണ്ടു വാ​യി​ച്ചി​രു​ന്നു. പാ​ശ്ചാ​ത്യർ​ക്കും പച്ച​ത്തെ​റി പറവാൻ സാ​ധി​ക്കു​മെ​ന്നു് വാ​സ്ത​വ​ത്തിൽ അന്നാ​ണു് എനി​ക്കു മന​സ്സി​ലാ​യ​തു്. എച്ചു്. സി. ബാൾ​സാ​ക് (1799–1850) പത്തൊൻ​പ​താം ശതാ​ബ്ദ​ത്തി​ന്റെ പൂർ​വാർ​ദ്ധ​ത്തിൽ ജീ​വി​ച്ചി​രു​ന്ന ഒരു സരസ കാ​ഥി​ക​നാ​യി​രു​ന്നു. അദ്ദേ​ഹം പല​പ്പോ​ഴും സഭ്യ​ത​യു​ടെ സീമയെ ഉല്ലം​ഘി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അന്ന​ത്തെ ഫ്ര​ഞ്ചു​ജീ​വി​ത​ത്തി​ന്റെ​യും ആചാ​ര​ങ്ങ​ളു​ടെ​യും സൂ​ക്ഷ്മ​നി​രീ​ക്ഷ​ക​ന്മാ​രിൽ അഗ്ര​ഗ​ണ്യ​നും മനു​ഷ്യ​സ്വ​ഭാവ വ്യ​വ​ച്ഛേ​ദ​ന​ത്തി​ലും ചരി​ത്ര ചി​ത്ര​ണ​ത്തി​ലും അതി​വി​ദ​ഗ്ദ്ധ​നും വാ​സ്ത​വി​കാ​ഖ്യാ​യി​ക​യു​ടെ സ്ഥാ​പ​ക​നും ആയി​രു​ന്നു. വി​ശ്വ​സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ മു​ന്ന​ണി​യിൽ അദ്ദേ​ഹം ഒരു മഹനീയ സ്ഥാ​ന​വും സമ്പാ​ദി​ച്ചി​ട്ടു​ണ്ടു്. സു​കു​മാ​ര​നിൽ ഇതൊ​ന്നും ഇല്ല. അദ്ദേ​ഹം ജീ​വി​ത​ത്തി​ന്റെ ഒരു ദു​ഷി​ച്ച വശം മാ​ത്ര​മേ കണ്ടി​രു​ന്നു​ള്ളു. മകാ​ര​ത്ര​യ​ത്തി​ന്റെ പി​ടി​യിൽ അക​പ്പെ​ട്ട ഒരു ചാർ​വാ​ക​നേ​യാ​ണു് നാം ഈ കഥ​ക​ളിൽ കാ​ണു​ന്ന​തു്. അദ്ദേ​ഹ​ത്തി​ന്റെ കഥകൾ ആറു ഭാ​ഗ​ങ്ങ​ളാ​യി ഇപ്പോൾ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടു്. അദ്ദേ​ഹ​മാ​ണു് ചെ​റു​ക​ഥ​യെ വാ​സ്ത​വി​ക​പ്ര​സ്ഥാ​ന​ത്തി​ലേ​യ്ക്കു കട​ത്തി​വി​ട്ട​തെ​ന്നു പറയാം. മി: ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ യു​ക്തി അനു​സ​രി​ച്ചാ​ണെ​ങ്കിൽ അദ്ദേ​ഹ​ത്തി​നെ മഹാ​ക​വി​യാ​യും കല്പി​ക്കാ​വു​ന്ന​തു​മാ​ണു്.

പി​ന്നീ​ടു് നമ്മു​ടെ ദൃ​ഷ്ടി​യിൽ​പ്പെ​ടു​ന്ന പ്ര​ധാന കാ​ഥി​കൻ ഈ. വി. കൃ​ഷ്ണ​പി​ള്ള​യാ​ണു്. കേ​ളീ​സൗ​ധം (4 ഭാ​ഗ​ങ്ങൾ) ഈ. വി.-യെ അന്ന​ത്തെ കാ​ഥി​ക​ന്മാ​രു​ടെ മു​ന്ന​ണി​യിൽ എത്തി​ച്ചു. ഈ. വി കഥ​ക​ളിൽ മി​ക്ക​തി​ലും കു​ഞ്ചൻ​ന​മ്പ്യാ​രു​ടെ മനോ​ഭാ​വ​മാ​ണു മു​ന്നി​ട്ടു നി​ല്ക്കു​ന്ന​തു്. ചി​രി​പ്പി​ക്കു​ന്ന​തി​നു് ഒരു ഉപാ​ധി​യാ​ണു് അദ്ദേ​ഹ​ത്തി​നു് കഥ. ഈ. വി​യു​ടെ ജീ​വി​തം തന്നെ​യും ഒരു നാ​ട​ക​മാ​യി​രു​ന്ന​ല്ലോ.–ഒരു ദി​വ​സ​മേ ജീ​വി​ച്ചി​രു​ന്നു​ള്ളു​വെ​ങ്കി​ലും സു​ഖ​മാ​യി​രി​ക്ക​ണം എന്ന​താ​യി​രു​ന്നു അദ്ദേ​ഹ​ത്തി​ന്റെ ആദർശം. എന്നി​ട്ടും അദ്ദേ​ഹം ജീ​വി​ത​ത്തി​ന്റെ ദുഃ​ഖ​വ​ശം കാ​ണാ​തി​രു​ന്നി​ല്ലെ​ന്നു് അദ്ദേ​ഹ​ത്തി​ന്റെ ദുഃ​ഖ​പ​ര്യ​വ​സാ​യി​ക​ളായ ചില കഥ കാ​ണി​ക്കു​ന്നു. ചെ​റു​ക​ഥ​ക​ളെ നോ​വ​ലി​ന്റെ രീ​തി​യിൽ പ്ലാ​ട്ടു​ക​ളിൽ​നി​ന്നു വി​ക​സി​പ്പി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തു യു​ക്ത​മ​ല്ല. കഥ വാ​യി​ച്ചു തീ​രു​മ്പോൾ നമ്മു​ടെ ഹൃ​ദ​യാ​ങ്ക​ണ​ത്തിൽ അതു മു​ദ്രി​ത​മാ​ക​ണ​മെ​ങ്കിൽ, ഒരു അവ​സ്ഥി​തി​യേ​യോ രം​ഗ​ത്തേ​യോ ഭാ​വ​ത്തേ​യോ ഏകാ​ഗ്ര​ത​യോ​ടു​കൂ​ടി വർ​ണ്ണി​ക്കു​ക​യാ​ണു വേ​ണ്ട​തു്. ഓരോ പദവും സ്ഥാ​ന​സ്ഥി​ത​വും കഥാ​ഗ​തി​യെ ത്വ​രി​പ്പി​ക്കു​ന്ന​തി​നു പര്യാ​പ്ത​വു​മാ​യി​രി​ക്ക​ണം. അനാ​വ​ശ്യ​ക​മായ പാ​ത്ര​ങ്ങ​ളു​ടേ​യോ സം​ഭാ​ഷ​ണ​ങ്ങ​ളു​ടേ​യോ സന്നി​വേ​ശം കഥ​യു​ടെ ഏകാ​ഗ്ര​ത​യെ ഭഞ്ജി​ച്ചു് ‘മു​ദ്ര​ണൈ​ക്യം’ എന്ന ഗു​ണ​ത്തെ ധ്വം​സി​ച്ചു​ക​ള​യും. ഈ സം​ഗ​തി​ക​ളി​ലൊ​ന്നും ഈ. വി-​യ്ക്കു ദൃ​ഷ്ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

വേ​റെ​യും പലേ കഥ എഴു​ത്തു​കാർ അക്കാ​ല​ത്തു് നമ്മു​ടെ ഇടയിൽ ഉണ്ടാ​യി എങ്കി​ലും അവ​രു​ടെ കഥ​ക​ളിൽ ഏറി​യ​കൂ​റും അനു​വാ​ദ​ങ്ങ​ളോ അനു​ക​ര​ണ​ങ്ങ​ളോ ചോ​ര​ണ​ങ്ങ​ളോ ആയി​രു​ന്നു. അധു​നാ​ത​ന​ന്മാ​രായ പ്ര​ധാന കാ​ഥി​ക​ന്മാ​രിൽ പ്ര​സി​ദ്ധ​ന്മാ​രെ​ല്ലാം ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള അവർ​ക​ളു​ടെ ശി​ഷ്യ​ന്മാ​രാ​ണെ​ന്നു തോ​ന്നു​ന്നു. അദ്ദേ​ഹം ആദ്യ​മാ​യി മോ​പ്പ​സാ​ങ്ങി​ന്റേ​യും മറ്റും കഥകൾ കേ​സ​രി​പ​ത്രം വഴി​ക്കു് പ്ര​സി​ദ്ധീ​ക​രി​ക്ക​യും ഒരു പുതിയ സാ​ഹി​ത്യാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ലേ​യ്ക്കു നി​ര​ന്ത​രം പ്ര​യ​ത്നി​ക്ക​യും ചെ​യ്തു. ആ പ്രേ​ര​ണാ​വ​ല​യ​ത്തിൽ​പ്പെ​ട്ട അധു​നാ​തന കാ​ഥി​ക​ന്മാർ തകഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള, കേ​ശ​വ​ദേ​വു്, പൊ​റ്റ​ക്കാ​ടു്, പൊൻ​കു​ന്നം വർ​ക്കി, പു​ളി​മാന പര​മേ​ശ്വ​രൻ​പി​ള്ള ഇവ​രാ​ണു്. തക​ഴി​ക്കു് കഥ പറയാൻ അറി​യാം. മി​ത​മാ​യും ഹൃ​ദ​യ​ത്തി​ലേ​യ്ക്കു പാ​ഞ്ഞു​കേ​റ​ത്ത​ക്ക വണ്ണം ആർ​ജ്ജ​വ​ത്തോ​ടു​കൂ​ടി​യും പദ​ങ്ങൾ പ്ര​യോ​ഗി​ക്കും. പാ​ത്ര​ങ്ങ​ളു​ടെ താ​ല്ക്കാ​ലി​ക​മ​നോ​ഭാ​വ​ത്തെ ശാ​സ്ത്ര​ജ്ഞ​ന്റെ വൈ​ദ​ഗ്ദ്ധ്യ​ത്തോ​ടു വ്യ​വ​ച്ഛേ​ദി​ച്ചു ചി​ത്ര​ണം ചെ​യ്യു; പക്ഷേ അതി​നോ​ടു തെ​ല്ലു​പോ​ലും അനു​ക​മ്പ ഉണ്ടാ​യി​രി​ക്കും എന്നു സം​ശ​യി​ക്ക​യേ വേണ്ട. മന​ശ്ശാ​സ്ത്ര​ജ്ഞ​ന്റെ വീ​ക്ഷ​ണ​കോ​ടി​യി​ലൂ​ടെ​യാ​ണു് അദ്ദേ​ഹം ലോ​ക​ത്തെ വീ​ക്ഷി​ക്കു​ന്ന​തു്. ഒരു കണ്ണീർ​ക്ക​ണം ഹൃ​ദ​യാ​ലു​വായ ഒരു സാ​ധാ​രണ മനു​ഷ്യ​നേ​യും ശാ​സ്ത്ര​ജ്ഞ​നേ​യും രണ്ടു വി​ധ​ത്തി​ലാ​ണ​ല്ലോ ബാ​ധി​ക്കു​ന്ന​തു്. സാ​ധാ​ര​ണ​ന്റെ ഹൃദയം അലി​യും; ശാ​സ്ത്ര​ജ്ഞ​നു് അതിനെ അപ​ഗ്ര​ഥി​ച്ചു് പാ​ക്യ​ജ​ന​കാ​ദി എന്തെ​ല്ലാം ഘട​ക​പ​ദാർ​ത്ഥ​ങ്ങൾ അതിൽ അട​ങ്ങി​യി​രി​ക്കു​ന്നു എന്നു കണ്ടു​പി​ടി​ക്കാ​നാ​യി​രി​ക്കും അധികം കൗ​തു​കം.

തക​ഴി​യു​ടെ ഒട്ടു​വ​ള​രെ കഥകൾ സാ​ഹി​ത്യ​ലോ​ക​ത്തിൽ ചി​ര​കാ​ലം ജീ​വി​ക്കു​ന്ന​വ​യാ​ണു്. ഇന്ന​ത്തെ കാ​ഥി​ക​ന്മാ​രു​ടെ മു​ന്ന​ണി​യിൽ അദ്ദേ​ഹം നി​ല്ക്കു​ന്നു. ഭാ​വ​ദീ​പ്തി​ക്കു സർവഥാ യോ​ജി​ക്കു​ന്ന അന്ത​രീ​ക്ഷ​സൃ​ഷ്ടി​യി​ലും മനു​ഷ്യ​ഹൃ​ദ​യ​ത്തി​ന്റെ ഇരു​ള​ട​ഞ്ഞ കോ​ണു​ക​ളിൽ പ്ര​കാ​ശം ചൊ​രി​യു​ന്ന വി​ഷ​യ​ത്തി​ലും കലാ​പാ​ട​വ​ത്തി​ലും അദ്ദേ​ഹം അദ്വി​തീ​യ​നാ​ണു്. എന്നാൽ ചില കഥ​ക​ളിൽ സഭ്യ​ത​യു​ടെ സീ​മ​ക​ളെ എല്ലാം ഉല്ലം​ഘി​ച്ചു കാ​ണു​ന്ന​തിൽ വ്യ​സ​നി​ക്ക​യേ നി​വൃ​ത്തി​യു​ള്ളു. അദ്ദേ​ഹം ധീ​ര​നാ​ണു്. കൂ​സ​ലി​ല്ലാ​ത്ത​വ​നാ​ണു്. പക്ഷേ അതി​ന്റെ ഫലം സ്വ​സ​മു​ദാ​യം അനു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​തു് കഷ്ട​മാ​കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​വ​ച്ചു നടന്ന രണ്ടാ​മ​ത്തെ സാ​ഹി​ത്യ​പ​രി​ഷ​ത്തി​നി​ട​യ്ക്കു് ശാ​കു​ന്ത​ള​ത്തി​ലെ സു​പ്ര​സി​ദ്ധ ചതുഃ​ശ്ലോ​ക​ങ്ങ​ളി​ലൊ​ന്നു് ഉദ്ധ​രി​ച്ചി​ട്ടു് ഇതെ​ഴു​തിയ ആളും ഒരു മഹാ​ക​വി​യാ​ണ​ത്രേ എന്നു പ്ര​സം​ഗി​ക്കാൻ കഴി​ഞ്ഞ ആൾ​ക്കു് ധൈ​ര്യ​മി​ല്ലെ​ന്നു് ആരു പറയും? കാ​ളി​ദാ​സൻ മരി​ച്ചി​ട്ടു് എത്ര​യോ കാലം കഴി​ഞ്ഞി​രി​ക്കു​ന്നു; എന്തെ​ല്ലാം പരി​വർ​ത്ത​ന​ങ്ങൾ ലോ​ക​ത്തിൽ ഉണ്ടാ​യി. എന്നി​ട്ടും അദ്ദേ​ഹം ഒരു കവി​യ​ല്ലെ​ന്നു പറവാൻ ആർ​ക്കെ​ങ്കി​ലും ധൈ​ര്യ​മു​ണ്ടാ​യി​ട്ടു​ണ്ടോ? ആരു് എന്തൊ​ക്കെ പറ​ഞ്ഞാ​ലും തക​ഴി​ക്കു കൂ​സ​ലി​ല്ലെ​ന്നു​ള്ള​തും പര​മാർ​ത്ഥ​മാ​ണു്. അദ്ദേ​ഹ​ത്തി​നു് ആരോ​ടും വി​രോ​ധ​വു​മി​ല്ല. ഇതൊ​ക്കെ നല്ല ഗു​ണ​ങ്ങൾ​ത​ന്നെ. എല്ലാം തു​റ​ന്നു​പ​റ​ഞ്ഞാ​ലേ മനു​ഷ്യ​നു പു​രോ​ഗ​തി​യു​ണ്ടാ​വു​ക​യു​ള്ളു എന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ സി​ദ്ധാ​ന്തം. മാ​താ​പി​താ​ക്ക​ന്മാർ തങ്ങ​ളു​ടെ പു​ത്രി​യെ അരി​കിൽ വി​ളി​ച്ചു് “കു​ഞ്ഞേ! നീ എങ്ങ​നെ ഉണ്ടാ​യ​താ​ണെ​ന്നു് നി​ന​ക്ക​റി​യാ​മോ? ഞങ്ങ​ളു​ടെ സം​ഗ​മ​വേ​ള​യിൽ ഉണ്ടായ നി​ര​തി​ശ​യാ​ന​ന്ദ​ത്തി​ന്റെ ഫല​മാ​ണു് നീ” എന്നു പറ​യേ​ണ്ട​താ​ണെ​ന്നു് ഒരി​ക്കൽ അദ്ദേ​ഹം എന്നോ​ടു പറ​യു​ക​യു​ണ്ടാ​യി. ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള അവർകൾ ഇങ്ങ​നെ ഏതാ​ണ്ടൊ​ക്കെ അക്കാ​ല​ത്തു് കേസരി പത്ര​പം​ക്തി​ക​ളിൽ നി​യ​മേന പ്ര​സി​ദ്ധീ​ക​രി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യും ഓർ​ക്കു​ന്നു​ണ്ടു്. ലൈം​ഗി​ക​ബ​ന്ധം ഇല്ലാ​ത്ത ഒരു പേജും അന്നു് ആ പത്ര​ത്തിൽ ഉണ്ടാ​യി​രു​ന്നി​ല്ല. അദ്ദേ​ഹ​ത്തി​നു് ബാൾ​സാ​ക്കും ഫ്ളാ​ബർ​ട്ടും മാ​പ്പ​സാ​ങ്ങും ആയി​രു​ന്നു സാ​ഹി​ത്യാ​ചാ​ര്യ​ന്മാർ. മനഃ​ശാ​സ്ത്ര​ഗു​രു ഫ്രാ​യി​ഡും. ബാൾ​സാ​ക്കു് തെ​റി​പ​റ​യു​ന്ന​തിൽ അഗ്ര​ഗ​ണ്യ​നാ​യി​രു​ന്നു​വെ​ന്നു മു​മ്പു പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട​ല്ലോ. കഥാ​കാ​ര​ന്റെ സാ​മ​ഗ്രി​ക​ളായ ബാ​ഹ്യ​വ​സ്തു​ക്കൾ–മറ്റു​ള്ള​വ​രു​ടെ വി​കാ​ര​ങ്ങൾ ഉൾ​പ്പെ​ടെ​യു​ള്ള സക​ല​തും–ആശ​യ​ങ്ങ​ളു​ടെ ഏതോ പ്ലേ​റ്റോ​ണി​യൻ പ്ര​ദേ​ശ​ത്തു് പ്ര​കാ​ശ​പാ​ര​മ്യം പ്രാ​പി​ക്കു​ന്നു. എന്നാ​ണു് അദ്ദേ​ഹ​ത്തി​ന്റെ സി​ദ്ധാ​ന്തം. അതി​നാൽ ബാ​ഹ്യ​വ​സ്തു​ക്ക​ളിൽ നി​ന്നു​ള്ള മനോ​മു​ദ്ര​ക​ളെ (Impressions) അഭ്യു​പ​ഗ​മി​ക്കു​ന്ന​തി​നു​ള്ള സൂ​ക്ഷ്മോ​പ​ക​ര​ണ​മാ​യി സ്വയം പരി​ണ​മി​ച്ചു് ആ മാ​ന​സിക മു​ദ്ര​ക​ളെ ഏറ്റ​വും സമു​ചി​ത​മായ ഭാ​ഷ​യിൽ പ്ര​കാ​ശി​പ്പി​ക്കാൻ കഴി​വു​ള്ള​വ​ന​ത്രേ മഹാ​ക​വി. ഇങ്ങ​നെ കവി​യു​ടെ ഭാ​വ​ന​യി​ലൂ​ടെ പ്ര​കാ​ശ​ദ​ശ​യെ പ്രാ​പി​ക്കു​ന്ന ബഹിർ​വ​സ്തു സർ​വ​സാ​ധാ​ര​ണ​മോ ഗ്രാ​മ്യ​മോ ആയി​പ്പോ​യെ​ന്നു വച്ചു് ഒന്നും വരാ​നി​ല്ല. സാ​ഹി​ത്യ​ത്തിൽ ഗ്രാ​മ്യാ​ഗ്രാ​മ്യ​വ​സ്തു​വി​വേ​കം ഇല്ല​ത്രേ. അതു​പോ​ലെ വർ​ണ്ണ്യ​വ​സ്തു ചരി​ത്ര​വി​ഷ​യ​ക​വും വി​ദൂ​ര​സ്ഥ​വും ആയി​പ്പോ​യെ​ന്നു​വ​ച്ചും കു​റ്റം പറ​യാ​നി​ല്ല. ഇതാ​ണു് സാ​ഹി​ത്യ​വി​ഷ​യ​ക​മാ​യി ഫ്ളാ​ബർ​ട്ടി​നു​ണ്ടാ​യി​രു​ന്ന സി​ദ്ധാ​ന്ത​ത്തി​ന്റെ സം​ക്ഷേ​പം. 1880-ൽ ഫ്ളാ​ബർ​ട്ടു് മരി​ച്ചു അതു​വ​രെ അദ്ദേ​ഹ​ത്തി​ന്റെ ശി​ഷ്യ​ത്വം വഹി​ച്ചു്, ഏക​ദേ​ശം നി​ത്യ​സ​ഹ​ചാ​രി എന്ന​പോ​ലെ ജീ​വി​ച്ച ആളാ​യി​രു​ന്നു മോ​പ്പ​സാ​ങ്ങു്. ഇങ്ങ​നെ സോ​ളാ​ക്ക​മ്പ​നി​യിൽ​പ്പെ​ട്ട ഏതാ​നും പേർ മാ​ത്ര​മേ ഫ്ര​ഞ്ചു​സാ​ഹി​ത്യ​ത്തി​ലു​ള്ളു​വെ​ന്നു വി​ചാ​രി​ക്കു​ന്ന​തി​ല്പ​രം അബ​ദ്ധം മറ്റൊ​ന്നു​ണ്ടോ? അവർ തു​ട​ങ്ങി​യ​തും ഏറെ​ക്കു​റെ പു​ഷ്ക​ല​മാ​ക്കി​ത്തീർ​ത്ത​തു​മായ വാ​സ്ത​വി​ക​പ്ര​സ്ഥാ​നം ഇന്നും ഫ്രാൻ​സിൽ അക്ഷ​യ​ഭാ​സ്സോ​ടെ അജ​യ്യ​മാ​യി നി​ല​കൊ​ള്ളു​ന്നു എന്നു വി​ചാ​രി​ക്കാൻ തര​മി​ല്ല. അതു് ഫ്ര​ഞ്ചു​സാ​ഹി​ത്യ​ത്തി​ലെ ഒരു പ്ര​ത്യേക സ്ക്കൂൾ മാ​ത്രം. അതൊ​ന്നു​മാ​ത്ര​മേ നമ്മു​ടെ ചില കാ​ഥി​ക​ന്മാർ​ക്കു് അനു​ക​ര​ണ​യോ​ഗ്യ​മാ​യി കാ​ണ്മാൻ സാ​ധി​ച്ചു​ള്ളു എന്നു വന്ന​തു് മല​യാ​ളി​ക​ളു​ടെ ദൗർ​ഭാ​ഗ്യം തന്നെ.

മന​ശ്ശാ​സ്ത്ര​ത്തിൽ ഈ സ്ക്കൂ​ളു​കാ​രു​ടെ ഗുരു ഫ്രാ​യി​ഡാ​ണു്. ഈ ഫ്രാ​യി​ഡ് ആരു്? സദാ​ചാ​ര​ബോ​ധം പാടെ ക്ഷ​യി​ച്ചി​രു​ന്ന ഒരു കാ​ല​ഘ​ട്ട​ത്തിൽ വി​ഷ​യ​ലോ​ലു​പ​ന്മാ​രായ ജന​ങ്ങ​ളെ​ക്കൊ​ണ്ടു നി​ബി​ഡ​മാ​യി​രു​ന്ന വി​യ​ന്നാ​ന​ഗ​ര​ത്തിൽ ജീ​വി​ച്ചി​രു​ന്ന ഒരു ഡാ​ക്ടർ. ചി​കി​ത്സ​യ്ക്കാ​യി തന്റെ സമീ​പ​ത്തു വരാ​റു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​ല്ലാം മേ​ഹ​ബാ​ധി​ത​രാ​യി​രു​ന്നു. അവ​രു​ടെ അനു​ഭൂ​തി​ക​ളിൽ​ക്കൂ​ടി നോ​ക്കി​യ​പ്പോൾ മനു​ഷ്യ​ചേ​ത​ന​യു​ടെ ഉമ്മ​റ​പ്പ​ടി​ക്കു കീ​ഴു​ള്ള​ഭാ​ഗം തമോ​ഗു​ണ​മ​യ​മാ​ണെ​ന്നു് അദ്ദേ​ഹം അഭ്യൂ​ഹി​ച്ചു സഭ്യ​ജ​ന​ത​യു​ടെ ചേ​ത​ന​യ്ക്കു കീ​ഴി​ലും മലി​ന​ങ്ങ​ളായ ആശ​യ​ങ്ങൾ പലതും തങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടാ​വാം അതിനെ ആരും വി​വ​രി​ക്കു​ന്നി​ല്ല. അവയെ ദമ​ന​ശ​മ​ന​വി​ധി​ക​ളാൽ ചേ​ത​നാ​മ​ണ്ഡ​ല​ത്തി​നു താ​ഴെ​ത്ത​ന്നെ വച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ണു് സമു​ദാ​യ​ത്തി​ന്റെ ശ്രമം. വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ലക്ഷ്യ​വും അതു​ത​ന്നെ. നേ​രേ​മ​റി​ച്ചു് അവയെ വെ​ളി​ച്ച​ത്തു കൊ​ണ്ടു വന്നു കു​ട​ഞ്ഞി​ടു​ന്ന​തു് പൊ​തു​ജ​ന​ദ്രോ​ഹ​മാ​കു​ന്നു. Sir John Adams പറ​യു​ന്ന​തു നോ​ക്കുക:

“Nothing could alarm society more than the discovery of a method by which the full content of the unc could be accurately laid bore.”

ഫ്രാ​യി​ഡി​ന്റെ സി​ദ്ധാ​ന്ത​ങ്ങ​ളെ​ല്ലാം മന​ശ്ശാ​സ്ത്രം ഇതേ​വ​രെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല​താ​നും. എല്ലാ​റ്റി​നും പുറമേ കാ​ഥി​ക​നു് മന​ശ്ശാ​സ്ത്രാ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി എന്തു ബന്ധം? ശാ​സ്ത്ര​ജ്ഞ​ന്റേ​യും കല്കാ​കാ​ര​ന്റേ​യും വീ​ക്ഷ​ണ​കോ​ടി​കൾ ഭി​ന്ന​ങ്ങ​ള​ല്ലേ? ഫ്ളാ​ബർ​ട്ടി​ന്റെ അഭി​പ്രാ​യം സ്വീ​ക​രി​ക്കു​ന്ന​പ​ക്ഷം കഥ​കൾ​ക്കു് തന്റെ ചു​റ്റും നട​ക്കു​ന്ന​തോ, പണ്ടു നട​ന്നി​ട്ടു​ള്ള​തോ ആയ ഏതു സം​ഭ​വ​വും വി​ഷ​യ​മാ​ക്കാം. അനു​ഭൂ​തി​യാ​യി​രി​ക്ക​ണം അയാ​ളു​ടെ പ്ര​ധാന കരു എന്നേ​യു​ള്ളു.

ശ്രീ ഗു​പ്തൻ​നാ​യർ പറ​ഞ്ഞി​ട്ടു​ള്ള​തു​പോ​ലെ “എല്ലു മു​റി​യെ പണി​യെ​ടു​ക്കു​ന്ന പു​ല​യ​രു​ടേ​യും നെ​ല്ലു വി​ള​ഞ്ഞു പര​ന്നു കി​ട​ക്കു​ന്ന കു​ട്ട​നാ​ടൻ​പാ​ട​ങ്ങ​ളു​ടേ​യും പ്ര​തി​നി​ധി”യാ​യി​ട്ട​ല്ല നാം തക​ഴി​യെ കാ​ണു​ന്ന​തു്. അങ്ങ​നെ ആയി​രു​ന്നു​വെ​ങ്കിൽ എത്ര നന്നാ​യി​രു​ന്നു. ബാൽ​സാ​ക്കി​ന്റെ ‘Dooll Stories’ അന്ന​ത്തെ ഫ്ര​ഞ്ചു​സൊ​സൈ​റ്റി​യു​ടെ സാ​ന്മാർ​ഗ്ഗി​ക​മായ അധഃ​പ​ത​ന​ത്തെ​പ്പ​റ്റി എന്തൊ​രു ബോ​ധ​മാ​ണോ വാ​യ​ന​ക്കാ​രു​ടെ മന​സ്സിൽ ഉദി​പ്പി​ക്കു​ന്ന​തു് അതേ ബോധം തന്നെ തകഴി കു​ട്ട​നാ​ടൻ​പ്ര​ദേ​ശ​ത്തി​ലെ ‘അഴി​ഞ്ഞ നില’യെ​പ്പ​റ്റി​യും അങ്കു​രി​പ്പി​ക്കു​ന്നു. അദ്ദേ​ഹ​ത്തി​ന്റെ കഥ​ക​ളിൽ മനു​ഷ്യ​ചി​ത്ത​ത്തി​ന്റെ പ്ര​വ​ണ​ത​ക​ളെ അതി​സൂ​ക്ഷ്മ​മാ​യി ചി​ത്ര​ണം​ചെ​യ്തി​ട്ടു​ണ്ടെ​ന്നു​ള്ള വസ്തുത സർ​വ്വാ​ത്മ​നാ സമ്മ​തി​ക്കു​ന്ന​തി​നോ​ടു​കൂ​ടി, ‘ഇത്ര​യ്ക്കു വേ​ണ്ടാ​യി​രു​ന്നു’ എന്നു​കൂ​ടി പറ​യാ​തി​രി​ക്കാൻ നി​വൃ​ത്തി​യി​ല്ല. ‘ചങ്ങാ​തി’ എന്ന കഥാ​സ​മാ​ഹാ​ര​ത്തി​ലെ ‘സാ​ഹോ​ദ​ര്യം’ എന്ന കഥ വാ​യി​ച്ചു നോ​ക്കുക. ആ നി​ല​യിൽ ഉള്ള മധ്യ​വ​യ​സ്ക​നും കു​ട്ട​നും തമ്മിൽ ആ മാ​തി​രി​യു​ള്ള ‘ഒരു സാ​ഹോ​ദ​ര്യം’ അതി​വി​ചി​ത്ര​മായ ‘ഒരു സഹോ​ദ​ര​ബ​ന്ധം’ ഉണ്ടാ​യേ​ക്കാ​വു​ന്ന​തു​ത​ന്നെ. പക്ഷേ അതു വി​ളി​ച്ചു​പ​റ​ഞ്ഞ​തു കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം? ആവോ ആർ​ക്ക​റി​യാം? ഫ്രാ​യി​ഡി​നു് അറി​യാ​മാ​യി​രി​ക്കാം. ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള അവർ​കൾ​ക്കും അറി​യാ​മാ​യി​രി​ക്കാം—തക​ഴി​ക്കും അറി​യാ​മാ​യി​രി​ക്കാം—സാ​ധാ​രണ ജന​ത​യ്ക്കു നി​ശ്ച​യ​മി​ല്ല. ചങ്ങാ​തി​കൾ, പു​തു​മ​ലർ, അടി​യൊ​ഴു​ക്കു​കൾ, പര​മാർ​ത്ഥ​ങ്ങൾ, നി​ത്യ​ക​ന്യക—ഇങ്ങ​നെ പലേ കഥാ​സ​മാ​ഹാ​ര​ങ്ങൾ അദ്ദേ​ഹം കൈ​ര​ളി​ക്കു നൽ​കി​യി​ട്ടു​ണ്ടു്.

മറ്റൊ​രു സര​സ​കാ​ഥി​ക​നാ​ണു് കേ​ശ​വ​ദേ​വ്, ജാ​തി​വ്യ​ത്യാ​സം, സാ​മ്പ​ത്തി​ക​മായ അസ​മ​ത്വം, രാ​ഷ്ട്രീ​യ​മായ അടി​മ​ത്തം എന്നി​ങ്ങ​നെ കേ​ര​ളീ​യ​രെ വ്യ​ഥി​ത​രാ​ക്കു​ന്ന പല സം​ഗ​തി​ക​ളും കേ​ര​ള​ത്തി​ലു​ണ്ടു്. അവയിൽ ആദ്യ​ത്തെ രണ്ടു കാ​ര്യ​ങ്ങ​ളു​മാ​ണു് കേ​ശ​വ​ദേ​വി​ന്റെ ഹൃ​ദ​യ​ത്തെ കൂ​ടു​ത​ലാ​യി സ്പർ​ശി​ച്ചി​ട്ടു​ള്ള​തു്. നാ​യ​രാ​യി ജനി​ച്ചു; എന്നാൽ ആ പേരു പോലും പറവാൻ അദ്ദേ​ഹ​ത്തി​നി​ഷ്ട​മി​ല്ല. നി​ങ്ങ​ളു​ടെ ജാതി എന്തെ​ന്നു ചോ​ദി​ച്ചാൽ ‘മനു​ഷ്യ​ജാ​തി’ എന്നാ​യി​രി​ക്കും അദ്ദേ​ഹ​ത്തി​ന്റെ മറു​പ​ടി. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ത്തിൽ ഒരാ​ള​ല്ല അദ്ദേ​ഹം; എന്നാ​ലും അവ​രു​ടെ യാ​ത​ന​കൾ അദ്ദേ​ഹ​ത്തി​ന​റി​യാ​വു​ന്നി​ട​ത്തോ​ളം മറ്റാ​രും അറി​ഞ്ഞി​ട്ടി​ല്ല. കമ്മ്യൂ​ണി​സ്റ്റ് സം​ഘ​ത്തി​ലെ അം​ഗ​മാ​ണെ​ന്നും തോ​ന്നു​ന്നി​ല്ല. എന്നാൽ കമ്മ്യൂ​ണി​സ്റ്റ്കാ​രെ​ന്നു് അഭി​മാ​നി​ക്കു​ന്ന പല​രേ​യും​കാൾ മാർ​ഷ്യൻ​ഗ്ര​ന്ഥ​ങ്ങൾ അദ്ദേ​ഹം വാ​യി​ച്ചി​ട്ടു​ണ്ടു്. ഉന്ന​ത​വി​ദ്യാ​ഭ്യ​സം ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അഭ്യ​സ്ത​വി​ദ്യ​ന്മാർ​ക്കു പലർ​ക്കും കാ​ണ്മാ​നി​ല്ലാ​ത്ത ഭാ​ഷാ​പ​രി​ച​യ​വും വാ​ഗ്മി​ത​യും നാം അദ്ദേ​ഹ​ത്തിൽ കാ​ണു​ന്നു. ഭം​ഗി​യാ​യി സം​സാ​രി​ക്കും; വി​കാ​രാ​വേ​ശ​ത്തോ​ടു​കൂ​ടി സം​സാ​രി​ക്കും. പ്ര​തി​പ​ക്ഷ​ബ​ഹു​മാ​നം​പോ​ലും ചി​ല​പ്പോൾ വി​കാ​രാ​വേ​ശ​ത്തിൽ ഒഴു​കി​പ്പോ​യെ​ന്നു​വ​രാം. എന്നാൽ അദ്ദേ​ഹ​ത്തി​നു് ആരോ​ടും വി​രോ​ധ​മി​ല്ല. അസ​മ​ത്വം, ദാ​രി​ദ്ര്യം, ദാ​സ്യം ഇവ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ നി​താ​ന്ത​ശ​ത്രു​ക്കൾ. അവ​യോ​ടാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പോ​രാ​ട്ടം.

കലാ​സൗ​ന്ദ​ര്യം നശി​പ്പി​ക്കാ​തെ, സഭ്യ​ത​യു​ടെ സീമയെ ഉല്ലം​ഘി​ക്കാ​തെ, കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക​ദു​ര​വ​സ്ഥ​ക​ളേ​യും കു​ടും​ബ​ജീ​വി​ത​ത്തേ​യും ചി​ത്ര​ത്തി​ലെ​ന്ന​പോ​ലെ പരി​സ്ഫു​ട​മാ​യി കാ​ണി​ച്ചു​ത​രു​ന്ന ഒരു വി​ദ​ഗ്ദ്ധ​ശി​ല്പി​യാ​ണു് കേ​ശ​വ​ദേ​വ്. സാ​ധാ​ര​ണ​ജീ​വി​ക്കും ഹൃ​ദ​യ​മു​ണ്ടു്; അവ​രു​ടെ ജീ​വി​ത​ത്തി​ലും സൗ​ന്ദ​ര്യ​മു​ണ്ടു് എന്നു​ള്ള ബോധം അദ്ദേ​ഹ​ത്തി​ന്റെ കഥകൾ വാ​യി​ക്കു​ന്ന ഏവനും ഉണ്ടാ​കാ​തി​രി​ക്ക​യി​ല്ല. വൈ​രൂ​പ്യ​ത്തി​ലും സൗ​ന്ദ​ര്യം കാ​ണ്മാൻ—ഒരു സം​ഗീ​താ​ത്മ​ക​മായ പ്ര​തിഭ കാ​ണ്മാൻ—അദ്ദേ​ഹ​ത്തി​ന്റെ കഴി​വു​ണ്ടു്. അതാ​ണു് ഒരു കലാ​കാ​ര​നു​ണ്ടാ​യി​രി​ക്കേ​ണ്ട പ്ര​ധാന ഗുണം. ആത്മാർ​ത്ഥത, വി​ശാ​ല​മായ സഹാ​നു​ഭൂ​തി, സൗ​ന്ദ​ര്യാ​വ​ബോ​ധം, വാക്‍ചി​ത്ര​നിർ​മ്മാ​ണ​ചാ​തു​രി, നി​യ​ന്ത്ര​ണാ​ധീ​ന​മായ ഭാവന ഇത്യാ​ദി സകല ഗു​ണ​ങ്ങ​ളും കേ​ശ​വ​ദേ​വി​ന്റെ കഥ​കൾ​ക്കു​ണ്ടു്. അന്ന​ത്തെ നാടകം, നാ​ട​ക​കൃ​ത്തു്, നടി, പ്ര​വാ​ഹം, ഓട​യിൽ​നി​ന്നു്, ജീ​വി​ത​ച​ക്രം, ദീ​നാ​മ്മ ഇവ​യാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന കൃ​തി​കൾ.

വൈ​ക്കം മു​ഹ​മ്മ​ദു​ബ​ഷീർ

അനർ​ഘ​നി​മി​ഷം, ജന്മ​ദി​നം, കഥാ​ബീ​ജം, പ്രേ​മ​ലേ​ഖ​നം, ബാ​ല്യ​കാ​ല​സ​ഖി ഇങ്ങ​നെ അനേകം സര​സ​കൃ​തി​കൾ ഈ യു​വാ​വു് ഭാ​ഷ​യ്ക്കു നല്കീ​ട്ടു​ണ്ടു്. ബഷീ​റി​ന്റെ കഥ​കൾ​ക്കു് തക​ഴി​യു​ടേ​യോ കേ​ശ​വ​ദേ​വി​ന്റേ​യോ കൃ​തി​കൾ​ക്കു​ള്ള​തു​പോ​ലു​ള്ള വ്യാ​പ്തി​യി​ല്ല. ദാ​രി​ദ്ര്യ​ത്തി​ന്റെ പരി​ദേ​വ​ന​മാ​ണു് അദ്ദേ​ഹ​ത്തി​ന്റെ മിക്ക കഥ​ക​ളി​ലും നാം കേൾ​ക്കു​ന്ന​തു്. അവ വാ​യി​ച്ചു​തീർ​ന്നാൽ, പി​ന്നെ മന​സ്സിൽ നി​ന്നു മാ​ഞ്ഞു​പോ​കു​ന്ന​കാ​ര്യം പ്ര​യാ​സ​വു​മാ​ണു്. ചെറിയ ചെറിയ ശക്തി​യേ​റിയ വാ​ക്യ​ങ്ങൾ, വി​കാ​രാ​ഗ്നി​യിൽ ചു​ട്ടു​പ​ഴു​ത്ത കന​ക​ശ​ലാ​ക​കൾ​പോ​ലെ ഇട​യ്ക്കി​ട​യ്ക്കു കാണാം. ഭാ​വ​ന​യു​ടെ കടി​ഞ്ഞാ​ണു് ചി​ല​പ്പോ​ഴെ​ന്ന​ല്ല പല​പ്പോ​ഴും കൈ​യിൽ​നി​ന്നു വി​ട്ടു​പോ​യെ​ന്നു വരാം. അത്ര​യ്ക്കു ദീ​പ്ര​മാ​ണു് വി​കാ​രാ​ഗ്നി. അത്ത​രം നി​യ​ന്ത്രി​ത​മായ ഭാവന കലാ​സൗ​ന്ദ​ര്യ​ത്തെ ചില ദി​ക്കി​ലൊ​ക്കെ നശി​പ്പി​ച്ചി​ട്ടു​മു​ണ്ടാ​യി​രി​ക്കും എന്നാൽ അതു് അപൂർ​വ്വ​മാ​ണു്. “ദുഃ​ഖ​ത്തി​ന്റെ തീ​ച്ചൂ​ള​യിൽ വെ​ന്തു പൊ​രി​യു​ന്ന” ഒരു മനു​ഷ്യാ​ത്മാ​വി​ന്റെ രോ​ദ​ന​മാ​ണു് നാം ആ കഥ​ക​ളിൽ കേൾ​ക്കു​ന്ന​തു്. അവ നമ്മു​ടെ ഹൃ​ദ​യ​ങ്ങ​ളെ ദ്ര​വി​പ്പി​ക്കു​ന്നു. മധു​ര​മായ ശോ​കാ​ത്മ​ക​ത്വം. എന്നാൽ കാ​ഥി​കൻ അതി​ന്നു നി​ശ്ശേ​ഷം വഴ​ങ്ങു​ന്നോ? ഇല്ല. അതി​നോ​ടു് നി​ര​ന്ത​രം പോ​രാ​ട്ടം നട​ത്തു​ന്നു.

പൊ​റ്റ​ക്കാ​ടു്

തകഴി മനു​ഷ്യ​ജീ​വി​യു​ടെ ചേ​ത​ന​യ്ക്കു കീഴിൽ തങ്ങി​ക്കി​ട​ക്കു​ന്ന ദുർ​വ്വാ​സ​ന​ക​ളെ ഓരോ​ന്നാ​യി പൊ​തു​ജ​ന​സ​മ​ക്ഷം നി​ര​ത്തു​ന്നു; കേ​ശ​വ​ദേ​വു് കേ​ര​ളീയ ജന​ത​യു​ടെ ജീ​വി​ത​ത്തെ തന്മ​യ​ത്വ​ത്തോ​ടും കലാ​ഭം​ഗി​ക്കു കോ​ട്ടം വരു​ത്താ​തേ​യും ചി​ത്രീ​ക​രി​ക്കു​ന്നു. പൊ​റ്റ​ക്കാ​ടി​ന്റെ പ്ര​വർ​ത്ത​ന​മ​ണ്ഡ​ലം കു​റേ​ക്കൂ​ടി വി​പു​ല​മാ​ണു്. ശ്രീ​മാൻ ഗു​പ്തൻ​നാ​യർ പറ​ഞ്ഞി​ട്ടു​ള്ള​തു​പോ​ലെ “അദ്ദേ​ഹ​ത്തി​ന്റെ കഥ​ക​ളിൽ എട്ടൊൻ​പ​തെ​ണ്ണം അടു​പ്പി​ച്ചു വാ​യി​ച്ചാൽ പല നാ​ടു​ക​ളി​ലും സഞ്ച​രി​ച്ചു് പല പുതിയ ആളു​ക​ളേ​യും പരി​ച​യ​പ്പെ​ട്ടു മട​ങ്ങു​ന്ന ഒരു പ്ര​തീ​തി നമു​ക്കു​ണ്ടാ​വും. എന്തു വി​വി​ധ​ങ്ങ​ളായ രം​ഗ​ങ്ങ​ളാ​ണു് ഈ കഥ​ക​ളിൽ​ക്കൂ​ടി നാം കാ​ണു​ന്ന​തു്. ഒന്നു് കാ​ശി​യി​ലു​ള്ള ഒരു സത്ര​ത്തിൽ വച്ചാ​ണു നട​ക്കു​ന്ന​തെ​ങ്കിൽ മറ്റൊ​ന്നും ബാം​ബെ​യി​ലെ ചോ​വർ​ബ​സാ​റി​ന്റെ ഇടു​ങ്ങിയ റോ​ഡു​ക​ളി​ലൊ​ന്നി​ലാ​ണു്. ഇനി​യൊ​ന്നു് ചോ​ട്ടാ നാ​ഗ​പ്പൂ​രി​ലെ കല്ക്ക​രി​ഖ​നി​യി​ലാ​ണു്.”

രംഗം എവി​ടെ​യാ​യി​രു​ന്നാ​ലും ശരി, മനു​ഷ്യ​പ്ര​കൃ​തി—അല്ല—അതി​ന്റെ നി​ഷ്ഠൂ​ര​വും അനു​ക​മ്പ​നീ​യ​വും പരി​ഹാ​സ്യ​വും ആയ വശ​ങ്ങൾ മാ​ത്ര​മാ​യി​രി​ക്കും അദ്ദേ​ഹ​ത്തി​ന്റെ തൂ​ലി​ക​യ്ക്കു വി​ധേ​യ​മാ​കു​ന്ന​തു് പൊ​റ്റ​ക്കാ​ടും ചി​ല​പ്പോൾ സഭ്യ​ത​യു​ടെ സീമയെ അതി​ലം​ഘി​ക്കു​ന്ന​താ​യി നമു​ക്കു കാണാം. എന്നാൽ മനു​ഷ്യ​നെ വേ​ദ​നി​പ്പി​ച്ചു് അതിൽ നി​ന്നു് ഒരു രസം അനു​ഭ​വി​ക്ക​ണ​മെ​ന്നു​ള്ള മനോ​ഭാ​വ​ത്തിൽ നി​ന്ന​ല്ല, മനു​ഷ്യ​രാ​ശി​യോ​ടു​ള്ള വി​ശാ​ല​മായ സ്നേ​ഹ​ത്തിൽ നി​ന്നു്—പീ​ഡി​ത​ജ​ന​ങ്ങ​ളോ​ടു​ള്ള സഹാ​നു​ഭൂ​തി​യിൽ നി​ന്നു്—ജന്മ​മെ​ടു​ത്തി​ട്ടു​ള്ള​വ​യാ​ണു് മിക്ക കഥ​ക​ളും. സാ​മാ​ന്യ​ത്തി​ല​ധി​കം ദീർ​ഘി​ച്ചു പോ​കു​ന്നു എന്നു​ള്ള​താ​ണു് അദ്ദേ​ഹ​ത്തി​ന്റെ കഥ​കൾ​ക്കു​ള്ള പ്ര​ധാന ദൂ​ഷ്യം. നീ​ണ്ടു നീണ്ട വർ​ണ്ണ​ന​ക​ളാ​ണു് ഈ ദൈർ​ഘ്യ​ത്തി​നു കാരണം. പൊ​റ്റ​ക്കാ​ടു് മനു​ഷ്യ​സ്നേ​ഹി​യാ​ണു്; അവ​രു​ടെ ചാ​പ​ല്യ​ങ്ങ​ളെ ചി​ല​പ്പോൾ നിർ​ദ്ദ​യം ചി​ത്രീ​ക​രി​ക്കു​ന്നു; ചി​ല​പ്പോൾ പരി​ഹാ​സ​ത്തിൽ പൊ​തി​ഞ്ഞു് അവയെ നമ്മു​ടെ മു​മ്പിൽ നിർ​ത്തു​ന്നു. എന്നാൽ ഈ ചാ​പ​ല്യ​ങ്ങൾ ഒഴി​ഞ്ഞു് മനു​ഷ്യ​സ​മു​ദാ​യ​ത്തി​നു് ഒരു സു​വർ​ണ്ണ​ദ​ശ​വ​ന്നാൽ കൊ​ള്ളാ​മെ​ന്നു് അദ്ദേ​ഹ​ത്തി​നാ​ഗ്ര​ഹ​മു​ണ്ടു്. കാ​ല്പ​നിക പ്ര​സ്ഥാ​ന​ത്തിൽ നി​ന്നു് ഒരു കാൽ ഇപ്പോ​ഴും അദ്ദേ​ഹം എടു​ത്തി​ട്ടു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല. അതി​നാൽ ആയി​രി​ക്ക​ണം എം. എസു്. ദേ​വ​ദാ​സ്, ‘ശ്രീ. പൊ​റ്റ​ക്കാ​ടു് ഇപ്പോ​ഴും ഇരി​ക്കു​ന്ന​തു് വെ​ണ്ണ​ക്ക​ല്ലു​കൊ​ണ്ടു​ണ്ടാ​ക്കിയ ഒരു ഉപ​രി​ത​ല​ത്തിൽ​ത്ത​ന്നെ​യാ​ണു്’ എന്നു് പ്ര​സ്താ​വി​ക്കാൻ ഇട​യാ​യ​തു്. ജല​ത​രം​ഗം, മണി​മാ​ളിക, നി​ശാ​ഗ​ന്ധി, ചന്ദ്ര​കാ​ന്ത, രാ​ജ​മ​ല്ലി, പു​ള്ളി​മാൻ, അച്ഛൻ, നാ​ടൻ​പ്രേ​മം ഇവ​യ​ത്രേ പ്ര​ധാന കഥാ​സ​മാ​ഹാ​ര​ങ്ങൾ.

പെ​ാൻ​കു​ന്നം വർ​ക്കി

ഒരു കമ്മ്യൂ​ണി​സ്റ്റ് പ്ര​ചാ​ര​ക​ന്റെ മട്ടു് മി: വർ​ക്കി​യു​ടെ കഥ​ക​ളിൽ കാ​ണു​ന്നു. സാ​മു​ദാ​യി​ക​മാ​യും ധാർ​മ്മി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ജന​ങ്ങൾ അനു​ഭ​വി​ക്കു​ന്ന അസ​മ​ത​ക​ളെ അദ്ദേ​ഹം കാ​ണു​ന്നു​ണ്ടു്; അവയെ വെ​റു​ക്കു​ക​യും ചെ​യ്യു​ന്നു. എന്നാൽ അവയെ കഥാ​രൂ​പേണ പ്ര​കാ​ശി​പ്പി​ക്ക​ണ​മെ​ങ്കിൽ കലാ​ബോ​ധം കൂ​ടി​യേ തീരൂ. വി​കാ​ര​തൈ​ക്ഷ്ണ്യം കൊ​ണ്ടു് ആളു​ക​ളെ തല്ക്കാ​ലം ഇള​ക്കി മറി​ക്കാൻ സാ​ധി​ച്ചു​വെ​ന്നു വരാം; എന്നാൽ ഏകീ​കൃ​ത​മായ മനോ​മു​ദ്ര​ണം സാ​ധി​ക്ക​യി​ല്ല—അതാ​ണു് ചെ​റു​ക​ഥ​കൾ​ക്കു് അവ​ശ്യം ഉണ്ടാ​യി​രി​ക്കേ​ണ്ട ഏക​ഗു​ണം. അതു് വർ​ക്കി​യു​ടെ ചെ​റു​ക​ഥ​കൾ​ക്കി​ല്ല. അനി​യ​ന്ത്രി​ത​മായ ഭാ​വാ​വേ​ശം—കടി​ഞ്ഞാ​ണി​ടാ​ത്ത ഭാവന—അതാ​ണു് അദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാന ദൂ​ഷ്യം. അണിയറ, ആരാമം, പൂജ, ഹൃ​ദ​യ​നാ​ദം, ഏഴകൾ, വി​കാ​ര​സ​ദ​നം, പ്രേ​മ​വി​പ്ല​വം, നി​വേ​ദ​നം, തി​രു​മുൽ​ക്കാ​ഴ്ച ഇവ​യ​ത്രേ പ്ര​സി​ദ്ധ കഥകൾ.

നാ​ഗ​വ​ള്ളി ആർ. എസു്. കു​റു​പ്പു്

നെ​ടു​വീർ​പ്പു​കൾ, മി​ന്നാ​മി​നു​ങ്ങു​കൾ മു​ത​ലാ​യി രണ്ടു മൂ​ന്നു കൃ​തി​കൾ ഞാൻ വാ​യി​ച്ചു നോ​ക്കീ​ട്ടു​ണ്ടു്. കഥ​ക​ളിൽ ചി​ല​തു് അനു​ക​ര​ണ​ങ്ങ​ളാ​ണു്, ഗ്ര​ന്ഥ​കാ​രൻ തന്നെ പറ​ഞ്ഞി​ട്ടു​മു​ണ്ടു്. മിക്ക കഥ​ക​ളും വാ​യി​ക്കാൻ കൊ​ള്ളാ​വു​ന്ന​വ​യും “നി​ങ്ങ​ളു​ടെ ചു​റ്റും പര​ന്നു കി​ട​ക്കു​ന്ന ലോ​ക​ത്തി​ന്റെ ജ്ഞാ​ത​ങ്ങ​ളും അജ്ഞാ​ത​ങ്ങ​ളു​മായ പര​മാർ​ത്ഥ​ങ്ങ​ളെ ശക്തി​യും ഓജ​സ്സു​മു​ള്ള വാ​ച​ക​ങ്ങ​ളിൽ വര​ച്ചു കാ​ണി​ച്ചു വ്യാ​ഖ്യാ​നി​ക്കു​ന്ന​വ​യു​മാ​ണു്.”

നാ​ട​ക​ങ്ങൾ

ചെ​റു​ക​ഥ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നമ്മു​ടെ സാ​ഹി​ത്യം ശോ​ഭ​ന​മായ നി​ല​യിൽ എത്തീ​ട്ടു​ണ്ടെ​ങ്കിൽ, നാ​ട​ക​ത്തെ സം​ബ​ന്ധി​ച്ചു​ള്ള അവസ്ഥ നേരെ വി​പ​രീ​ത​മാ​ണു്. നാ​ട​ക​ക്ക​മ്പ​നി​ക്കാ​രു​ടെ സംഖ്യ വർ​ദ്ധി​ച്ച​തു​കൊ​ണ്ടോ എന്തോ? നാടകം എന്ന പേരിൽ തെ​രു​തെ​രെ പു​സ്ത​ക​ങ്ങൾ ഇറ​ങ്ങി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. അവയിൽ ലക്ഷ​ണ​മൊ​ത്ത​തു് ഒന്നോ രണ്ടോ എങ്കി​ലും ഉണ്ടോ? ഇല്ലെ​ന്നാ​ണു തോ​ന്നു​ന്ന​തു്. പ്രാ​ചീ​ന​രീ​തി അവ​ലം​ബി​ച്ചു് പര​മേ​ശ്വ​ര​യ്യ​രു​ടെ ‘അംബാ’, ഡാ​ക്ടർ ഗോ​ദ​വർ​മ്മ​യു​ടെ ‘കാ​ദം​ബ​രി’ എന്ന രണ്ടു സ്വ​ത​ന്ത്ര​കൃ​തി​കൾ ഉണ്ടാ​യി​ട്ടു​ണ്ടു്. അവ വാ​യി​ക്കാൻ കൊ​ള്ളാ​വു​ന്ന​തു​ത​ന്നെ. ഇന്ന​ത്തെ രു​ചി​ക്കു് അഭി​ന​യ​യോ​ഗ്യ​മാ​ണോ എന്നു സം​ശ​യ​മാ​ണു്. ആധു​നിക സമ്പ്ര​ദാ​യ​ത്തി​ലു​ള്ള നാ​ട​ക​ങ്ങൾ ആണു് നമ്മു​ടെ ഇന്ന​ത്തെ ആവ​ശ്യം. പാ​ശ്ചാ​ത്യ നാ​ട്യ​കാ​ര​ന്മാ​രു​ടെ കൂ​ട്ട​ത്തിൽ മീ​റ്റർ ലിംക്, ഇബ്സൻ, ചെ​ക്കോ​വു്, സ്റ്റി​റിൻ​ഡ് ബർ​ഗ്ഗ്, ബർ​ണാ​ഡ്ഷാ എന്നി​ങ്ങ​നെ പലേ പ്ര​സി​ദ്ധ നാ​മ​ങ്ങൾ പറ​വാ​നു​ണ്ടു്. ഭാ​ര​തീ​യ​രിൽ ഡി. എൽ. റായി, ഘോഷ്, ശര​ച്ച​ന്ദ്രൻ, രവീ​ന്ദ്ര​നാ​ഥ​ടാ​ഗൂർ എന്നി​വർ പ്ര​സി​ദ്ധ​ന്മാ​രാ​ണു്.

പാ​ശ്ചാ​ത്യ മത​പ്ര​കാ​രം ആധു​നിക നാ​ട​ക​ങ്ങൾ​ക്കു് അവ​ശ്യം ഉണ്ടാ​യി​രി​ക്കേ​ണ്ട ഗു​ണ​ങ്ങൾ ചുവടേ ചേർ​ക്കു​ന്നു. [1]

  1. “നാ​ട​ക​ത്തി​ന്റെ വിഷയം നമ്മു​ടെ ദേ​ശ​ത്തു​നി​ന്നും കാ​ല​ത്തു​നി​ന്നും വി​ദൂ​ര​സ്ഥ​മാ​യി​രി​ക്കാൻ പാ​ടി​ല്ല.” പ്ര​ഖ്യാത വി​ഷ​യ​ങ്ങൾ​ക്കു ഇനി സ്ഥാ​ന​മി​ല്ലെ​ന്നു് അർ​ത്ഥം. ഭാ​ര​തീ​യർ ഇപ്പോൾ ആ നി​ല​യിൽ എത്തീ​ട്ടി​ല്ലെ​ന്നു പറ​യേ​ണ്ടി​യി​രി​ക്കു​ന്നു. നമു​ക്കു് ചരി​ത്ര​പു​രു​ഷ​ന്മാ​രോ​ടു​ള്ള ബഹു​മാ​നം ഇനി​യും നശി​ച്ചു കഴി​ഞ്ഞി​ട്ടി​ല്ല. രാമൻ, കൃ​ഷ്ണൻ മു​ത​ലായ ഐതി​ഹാ​സിക പു​രു​ഷ​ന്മാ​രെ​പ്പ​റ്റി​യാ​ണെ​ങ്കിൽ, അവർ നമു​ക്കു പ്രാ​തി​രൂ​പ​സ​ത്ത​ക​ളാ​യി ഇന്നും ജീ​വി​ക്കു​ന്നു.
  2. നി​ത്യ​ദൈ​ന​ന്ദി​ന​ജീ​വി​ത​ത്തിൽ നി​ന്നേ ഇതി​വൃ​ത്ത​ങ്ങൾ എടു​ക്കാ​വൂ എന്നു വന്ന​തി​നോ​ടു​കൂ​ടി, കായിക ക്രി​യാം​ശ​ത്തി​നെ​ക്കാൾ മാ​ന​സിക പ്ര​യ​ത്ന​ങ്ങൾ​ക്കു​പ്രാ​ധാ​ന്യം സി​ദ്ധി​ച്ചു. അതാ​യ​തു് പു​രാ​ത​ന​നാ​ട​ക​ങ്ങൾ കാ​യി​ക​യ​ത്ന​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​മ്പോൾ ആധു​നിക നാ​ട​ക​ങ്ങൾ ആശ​യ​ങ്ങ​ളെ അഥവാ ചി​ന്ത​ക​ളെ പ്ര​കാ​ശി​പ്പി​ക്കു​ന്നു.
  3. ഈ ആശ​യ​ങ്ങൾ മാ​മൂ​ലു​ക​ളു​ടേ​യും ആചാ​ര​ങ്ങ​ളു​ടേ​യും സാ​ധു​ത്വ​ത്തെ പ്ര​ശ്നം ചെ​യ്യു​ന്ന​വ​യാ​യി ഭവി​ച്ചു. അങ്ങ​നെ മു​മ്പു വർ​ജ്ജ്യ​മാ​യി ഗണി​ക്ക​പ്പെ​ടു​ന്ന സം​ഗ​തി​കൾ ഇപ്പോൾ പ്ര​യോ​ഗ​യോ​ഗ്യ​ങ്ങ​ളാ​യി ഗണി​ക്ക​പ്പെ​ട്ടു.
  4. പഴയ നാടകം ചല​നാ​ത്മ​ക​മാ​ണെ​ങ്കിൽ ആധു​നിക നാടകം ചല​ന​ര​ഹി​ത​മാ​ണു്. സം​ഭ​വ​ങ്ങ​ളെ വി​വ​രി​ക്കു​ന്ന​തി​നു പകരം ആശ​യ​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്ന​തു നി​മി​ത്ത​മാ​ണു് ഈ വ്യ​ത്യാ​സം വന്നു​ചേർ​ന്ന​തു്. ഇത്ത​രം നാ​ട​ക​ങ്ങൾ ഇന്ന​ത്തെ മല​യാ​ളി​കൾ​ക്കു് രു​ചി​ക്കാ​തെ വരു​ന്ന​തി​നു​ള്ള കാ​ര​ണ​വും അതു​ത​ന്നെ.
  5. മാ​ന​സിക വ്യാ​പാ​ര​ങ്ങ​ളേ​യും മാ​ന​സിക ദ്വ​ന്ദ്വ​ത്തേ​യും സാ​ധാ​രണ വാ​ക്കു​കൾ കൊ​ണ്ടു് പ്ര​കാ​ശി​പ്പി​ക്കാൻ നിർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാൽ പ്ര​തി​രൂ​പ​ങ്ങൾ നട​പ്പിൽ വന്നു. ഇങ്ങ​നെ ചി​ഹ്ന​രൂ​പ​മായ പ്ര​തി​പാ​ദ​നം ക്ര​മേണ ഭാ​വാ​വി​ഷ്ക​ര​ണാ​ത്മ​ക​പ്ര​സ്ഥാ​ന​ത്തി​ലേ​യ്ക്കു വഴി തെ​ളി​ച്ചു.
  6. മാ​ന​സിക വ്യാ​പാ​ര​ങ്ങൾ​ക്കു പ്രാ​ധാ​ന്യം സി​ദ്ധി​ച്ച​പ്പോൾ, നാ​ട​കീയ വ്യ​ക്തി​ക​ളു​ടെ സ്ഥാ​ന​ത്തു് പു​രു​ഷൻ സ്ത്രീ എന്നീ പേ​രു​കൾ മാ​ത്ര​മാ​യി​ത്തു​ട​ങ്ങി. അദൃ​ശ്യ​ശ​ക്തി​ക​ളേ​യും നാ​ട​ക​കർ​ത്താ​ക്കൾ കഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ത്തു​ട​ങ്ങി.
  7. നാ​ട​ക​ര​ച​ന​യിൽ പുതിയ സാ​ങ്കേ​തിക മാർ​ഗ്ഗ​ങ്ങൾ ഏർ​പ്പെ​ട്ടു.

ഈ വ്യ​ത്യാ​സ​ങ്ങൾ എല്ലാം വരു​ത്തി ഒരു നാടകം നിർ​മ്മി​ക്കു​ന്ന പക്ഷം മല​യാ​ളി​ക​ളു​ടെ ഇന്ന​ത്തെ നി​ല​യ്ക്കു പ്ര​ചാ​രം സി​ദ്ധി​ക്കു​മോ എന്നു സം​ശ​യ​മാ​ണു്. ക്ര​മി​ക​മായ വ്യ​തി​യാ​ന​മാ​ണു് ഉത്ത​മ​മെ​ന്നു് എനി​ക്കു തോ​ന്നു​ന്നു.

ഭാ​വാ​വി​ഷ്ക​ര​ണ​നാ​ട​ക​ങ്ങ​ളിൽ ജീ​വി​ത​ത്തി​ലെ നഗ്ന​യാ​ഥാർ​ത്ഥ്യ​ങ്ങ​ളാ​ണു് നാ​ട​ക​നിർ​മ്മി​തി​ക്കു​ള്ള അസം​സ്കൃ​ത​സാ​ധ​ന​ങ്ങൾ. എന്നാൽ നാ​ട്യ​കാ​ര​ന്മാർ അവയെ അപ്പാ​ടെ സ്വീ​ക​രി​ക്കാ​തെ,അവയെ അപ്പാ​ടെ മഥി​ച്ചു് അന്ത​സ്സാ​ര​ന​വ​നീ​ത​ത്തെ മാ​ത്രം എടു​ക്കു​ന്നു. അങ്ങ​നെ ചെ​യ്യു​ന്ന​തി​നാൽ നാടകം ഒരു നാ​ട്ടി​നേ​യോ കാ​ല​ത്തേ​യോ ജന​ത​യേ​യോ ചി​ത്രീ​ക​രി​ക്കാ​തെ മനു​ഷ്യ​ലോ​ക​ത്തെ ചി​ത്ര​ണം​ചെ​യ്യു​ന്നു​വെ​ന്നു പറയാം. സർ​വ്വ​ലോ​ക​സാ​ധാ​ര​ണ​ങ്ങ​ളായ സ്ഥാ​യീ​ഭാ​വ​ങ്ങൾ​ക്കു് കാ​ല​ദേ​ശാ​ദി​പ​രി​മി​തി​ക​ളൊ​ന്നു​മി​ല്ല​ല്ലോ. ഭാ​വ​പ്ര​ധാ​ന​ങ്ങ​ളാ​യ​തി​നാൽ ദു​ഷ്യ​ന്ത​നും ശകു​ന്ത​ള​യും ഒന്നു​മാ​യി​രി​ക്ക​യി​ല്ല. പാ​ത്ര​ങ്ങൾ—അവ വ്യ​ക്തി​ക​ളു​ടെ​യ​ല്ല, വർ​ഗ്ഗ​ത്തി​ന്റെ പ്രാ​തി​നി​ധ്യ​മാ​ണു് വഹി​ക്കു​ന്ന​തു്. പാ​ത്ര​ങ്ങ​ളു​ടെ ക്രി​യ​കൾ അവ​യു​ടെ മാ​ന​സി​ക​ദ​ശ​ക​ളെ പരി​സ്ഫു​രി​പ്പി​ക്കു​ന്ന​തി​നു​ള്ള പശ്ചാ​ത്ത​ലം മാ​ത്ര​മാ​യി​രി​ക്കും. ശി​ഥി​ല​വും ക്ര​മ​ര​ഹി​ത​വു​മാ​യി​രി​ക്കും ഭാഷണം. ഈ മാ​തി​രി നാടകം കാ​ണു​മ്പോൾ നാം യഥാർ​ത്ഥ​ലോ​ക​ത്തിൽ നി​ന്നു് ഏതോ ഒരു അഭൗ​മ​ലോ​ക​ത്തി​ലേ​യ്ക്കു താനെ ഉയ​രു​ന്നു.

ഭാ​വാ​വി​ഷ്ക​ര​ണാ​ത്മ​ക​നാ​ട​ക​ങ്ങൾ ആവിർ​ഭ​വി​ക്കു​ന്ന​തി​നു് നാം ഇനി​യും ഒട്ടു വള​രെ​ക്കാ​ലം കാ​ത്തി​രി​ക്കാ​തെ തര​മി​ല്ല. പുതിയ സാ​ങ്കേ​തി​ക​മാർ​ഗ്ഗ​ത്തെ അവ​ലം​ബി​ച്ചു് സമു​ദാ​യ​ത്തി​ലെ ജീ​വൽ​പ്ര​ശ്ന​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​ന്ന നാ​ട​ക​ങ്ങൾ നിർ​മ്മി​ക്ക​യാ​ണു് നാം ആദ്യ​മാ​യി ചെ​യ്യേ​ണ്ട​തു്. മുഖം, പ്ര​തി​മു​ഖം, ഗർഭം, വി​മർ​ശം, നിർ​വ്വ​ഹ​ണം എന്നി​ങ്ങ​നെ അഞ്ചു സന്ധി​കൾ പ്രാ​ചീന സം​സ്കൃ​ത​നാ​ട​ക​ങ്ങ​ളിൽ കാണാം. പാ​ശ്ചാ​ത്യർ വി​വൃ​തി, സന്ദേ​ഹം, നിർ​വ​ഹ​ണം എന്നി​ങ്ങ​നെ മൂ​ന്നെ​ണ്ണ​മേ സ്വീ​ക​രി​ക്കാ​റു​ള്ളു. ഹൈ​ന്ദ​വ​നാ​ട്യ​കാ​ര​ന്മാർ യവ​ന​രു​ടെ സ്ഥ​ല​കാ​ല​ക്രി​യൈ​ക്യ​ങ്ങ​ളിൽ ക്രി​യൈ​ക്യം മാ​ത്ര​മേ അം​ഗീ​ക​രി​ച്ചി​രു​ന്നു​ള്ളു. എന്നാൽ ഒരു അങ്ക​ത്തിൽ ഒരു ദിവസം ഒരേ സ്ഥ​ല​ത്തു​വ​ച്ചു നടന്ന സം​ഭ​വ​മേ വർ​ണ്ണി​ക്കാ​വൂ എന്നു നിർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഭാസനെ ഒഴി​ച്ചു് മറ്റാ​രും ദുഃ​ഖ​പ​ര്യ​വ​സാ​യി​ക​ളായ കഥകൾ രചി​ച്ചി​ട്ടു​മി​ല്ല. ഇതി​വൃ​ത്തം ഖ്യാ​ത​മോ സങ്ക​ല്പി​ത​മോ ആകാ​മാ​യി​രു​ന്നു. എന്നാൽ നാ​യി​കാ​നാ​യ​ക​ന്മാർ​ക്കു് ഇന്നി​ന്ന വി​ശി​ഷ്ട​ല​ക്ഷ​ണ​ങ്ങൾ ഉണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നിർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പാ​ശ്ചാ​ത്യ​നാ​ട്യ​കാ​രൻ ഇക്കാ​ര്യ​ങ്ങ​ളിൽ പൗ​ര​സ്ത്യ​രിൽ​നി​ന്നു വ്യ​ത്യ​സ്ത​മായ ഒരു മാർ​ഗ്ഗ​മാ​ണു സ്വീ​ക​രി​ച്ചി​രു​ന്ന​തു്.

നാ​ട്യ​ക​ര​ച​ന​യു​ടെ സാ​ങ്കേ​തി​കാം​ശ​ത്തി​നു വലു​തായ മാ​റ്റ​ങ്ങൾ ആദ്യ​മാ​യി വരു​ത്തി​യ​തു് ഇബ്സൻ ആയി​രു​ന്നു. വി​വൃ​തി​സ​ന്ധി​യിൽ, പാ​ത്ര​ങ്ങ​ളു​ടെ സ്ഥി​തി​യെ വി​വ​രി​ക്കുക, സന്ദേ​ഹ​സ​ന്ധി​യിൽ ആ സ്ഥി​തി​യിൽ​നി​ന്നു​ണ്ടാ​വു​ന്ന സം​ഭ​വ​ങ്ങ​ളെ വർ​ണ്ണി​ക്കുക, നിർ​വ്വ​ഹ​ണ​ത്തിൽ പ്ര​സ്തുത സം​ഭ​വ​ങ്ങ​ളു​ടെ പരി​ണ​തി വർ​ണ്ണി​ക്കുക ഇതാ​യി​രു​ന്നു പഴയ ചട​ങ്ങു്. ഇബ്സ​നാ​ക​ട്ടെ സന്ദേ​ഹ​സ​ന്ധി​യു​ടെ അവ​സാ​ന​ത്തി​ലോ, നിർ​വ​ഹ​ണ​സ​ന്ധി​യു​ടെ ആരം​ഭ​ത്തി​ലോ കഥ തു​ട​ങ്ങി​യി​ട്ടു് അതീ​ത​സം​ഭ​വ​ങ്ങ​ളേ​യും ചരി​ത്ര​ത്തേ​യും സം​ഭാ​ഷ​ണം മുഖേന പ്ര​കാ​ശി​പ്പി​ക്കു​ന്ന യവ​ന​രീ​തി നട​പ്പിൽ വരു​ത്തി. ആത്മ​ഗ​ത​ങ്ങൾ, സ്വ​ഗ​ത​ങ്ങൾ ഇവയെ അദ്ദേ​ഹം നി​ശ്ശേ​ഷം ഉപേ​ക്ഷി​ച്ചു. ഈ പരി​ഷ്കാ​ര​ങ്ങൾ നമു​ക്കും സ്വാ​ഗ​താർ​ഹ​മാ​ണു്.

നമ്മു​ടെ നാ​ട്യ​കാ​ര​ന്മാർ​ക്കു് അങ്ക​വി​ഭാ​ഗം ചെ​യ്‍വാൻ പോലും പരി​ച​യ​മി​ല്ല. നാ​ട്യം ഒരു കല​യാ​ണു്. ഓരോ കല​യ്ക്കും ഓരോ സാ​ങ്കേ​തി​ക​മാർ​ഗ്ഗം ഉണ്ടാ​യി​രി​ക്കും. അതു നി​ശ്ച​യ​മി​ല്ലാ​തെ കുറെ രം​ഗ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും എഴു​തി​ക്കൂ​ട്ടി​യാൽ നാ​ട​ക​മാ​യെ​ന്നാ​ണു് മല​യാ​ളി​ക​ളു​ടെ ധാരണ. ഇപ്പോൾ നല്ല നാ​ട​ക​ങ്ങൾ ചി​ല​തു​ള്ള​തു് തർ​ജ്ജ​മ​ക​ളാ​ണു്. ഡി. എൽ. റാ​യി​യു​ടെ മിക്ക നാ​ട​ക​ങ്ങ​ളും തർ​ജ്ജമ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടു്. ഘോ​ഷി​ന്റെ ഒന്നു രണ്ടു കൃ​തി​കൾ​ക്കു മാ​ത്ര​മേ തർ​ജ്ജമ കണ്ടി​ട്ടു​ള്ളു. ശര​ച്ച​ന്ദ്ര​ന്റെ രമ മല​യാ​ള​ത്തിൽ വന്നി​ട്ടു​ണ്ടു്. പാ​ശ്ചാ​ത്യ​കൃ​തി​ക​ളിൽ നാ​ല​ഞ്ചു നല്ല നാ​ട​ക​ങ്ങൾ തർ​ജ്ജമ ചെ​യ്തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഞാൻ തന്നെ​ഷി​ല്ല​രു​ടേ​യും ലേ​സിം​ഗി​ന്റേ​യും ഓരോ കൃ​തി​ക​ളും മീ​റ്റർ ലി​ങ്കി​ന്റെ ബീ​യാ​റ്റ്റീ​സും ഇബ്സ​ന്റെ സമു​ദാ​യ​സ്തം​ഭ​ങ്ങ​ളും ഭാ​ഷ​യി​ലേ​യ്ക്കു് പരി​വർ​ത്ത​നം ചെ​യ്തി​ട്ടു​ണ്ടു്. മി. ഏ. കെ. ഗോ​പാ​ല​പി​ള്ള​യും മി. ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യും ചേർ​ന്നെ​ഴു​തിയ ‘പ്രേ​ത​ങ്ങ​ളും’ സി. നാ​രാ​യ​ണ​പി​ള്ള അവർ​ക​ളു​ടെ ‘മു​ല്ല​യ്ക്കൽ ഭവ​ന​വും’ ഇബ്സ​ന്റെ തർ​ജ്ജ​മ​ക​ളാ​കു​ന്നു. എൻ. കൃ​ഷ്ണ​പി​ള്ള അവർ​ക​ളു​ടെ ഭഗ്ന​ഭ​വ​ന​വും ‘കന്യക’യും ഇബ്സ​ന്റെ സാ​ങ്കേ​തി​ക​മാർ​ഗ്ഗം അവ​ലം​ബി​ച്ചു രചി​ക്ക​പ്പെ​ട്ട സ്വ​ത​ന്ത്ര​കൃ​തി​ക​ളാ​ണു്.

ഇപ്പോൾ പ്ര​ചാ​ര​ത്തി​ലി​രി​ക്കു​ന്ന മറ്റു നാ​ട്യ​പ്ര​ബ​ന്ധ​ങ്ങൾ ഈ. വി-​യുടെ രാ​ജാ​കേ​ശ​വ​ദാ​സൻ, വി​സ്മൃ​തി, ഇര​വി​ക്കു​ട്ടി​പ്പി​ള്ള, ബി. ഏ, മാ​യാ​വി, മാ​യാ​മാ​നു​ഷൻ ഇവയും എൻ. പി. ചെ​ല്ല​പ്പൻ​നാ​യ​രു​ടെ കർ​ണ്ണൻ, പ്രേ​മ​വൈ​ചി​ത്ര്യം, ശശികല, ലഫ്ട​ന​ന്റു നാണി ഇവയും, വി. നീ​ല​ക​ണ്ഠ​പ്പി​ള്ള​യു​ടെ ഇര​വി​ക്കു​ട്ടി​പ്പി​ള്ള, വേ​ലു​ത്ത​മ്പി​ദ​ള​വാ ഇവയും കൈ​നി​ക്കര പത്മ​നാ​ഭ​പ്പി​ള്ള​യു​ടെ വേ​ലു​ത്ത​മ്പി ദള​വ​യും, കൈ​നി​ക്കര കു​മാ​ര​പ്പി​ള്ള​യു​ടെ മോ​ഹ​വും മു​ക്തി​യും, സി. മാ​ധ​വൻ​പി​ള്ള​യു​ടെ യാ​ച​ക​മോ​ഹി​നി, സ്ത്രീ​ധർ​മ്മം ഇവയും, റ്റി. എൻ. ഗോ​പി​നാ​ഥൻ​നാ​യ​രു​ടെ നി​ലാ​വും നി​ഴ​ലും, പൂ​ക്കാ​രി, തകർ​ന്ന മുരളി ഇത്യാ​ദി​യും, കെ. രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ഴ​ലു​ക​ളും, വേ​ലു​പ്പി​ള്ള​ശാ​സ്ത്രി​യു​ടെ വി​ലാ​സ​ലീ​ല​യും, മുൻഷി പര​മു​പി​ള്ള​യു​ടെ രണ്ടു​മൂ​ന്നു നാ​ട​ക​ങ്ങ​ളു​മാ​ണു്. ഡാ​ക്ടർ സി. അച്യു​ത​മേ​നേ​ാൻ ഭാഷയെ നി​ര​ന്ത​രം പരി​പോ​ഷി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒരു പ്ര​ശ​സ്ത പണ്ഡി​ത​നാ​ണു്. അദ്ദേ​ഹ​വും പു​ത്തി​രി​യ​ങ്കം, കോ​മൻ​നാ​യർ, തച്ചോ​ളി ചന്തു, പു​ഞ്ചി​രി മു​ത​ലായ മനോ​ഹ​ര​ങ്ങ​ളായ പ്ര​ഹ​സ​ന​ങ്ങൾ രചി​ച്ചി​ട്ടു​ണ്ടു്. ‘കാ​ളീ​പൂജ’ ‘വട​ക്കൻ പാ​ട്ടു​കൾ’ ഇവയേ സം​ബ​ന്ധി​ച്ചു് അദ്ദേ​ഹം പ്ര​സി​ദ്ധ​പ്പെ​ടു​ത്തീ​ട്ടു​ള്ള വിപുല ഗ്ര​ന്ഥ​ങ്ങൾ അദ്ദേ​ഹ​ത്തി​ന്റെ പാ​ണ്ഡി​ത്യ​ത്തി​നും ഗവേ​ഷ​ണ​പാ​ട​വ​ത്തി​നും നി​ക​ഷോ​പ​ല​ങ്ങ​ളാ​യി വി​ള​ങ്ങു​ന്നു. കൂ​ടു​തൽ വി​വ​ര​ങ്ങൾ താ​മ​സി​യാ​തെ പു​റ​പ്പെ​ടു​ന്ന അനു​ബ​ന്ധ​ത്തിൽ ചേർ​ക്കു​ന്ന​താ​ണു്.

നി​രൂ​പ​ണം

അടു​ത്ത കാ​ലം​വ​രെ നി​രൂ​പ​ണം എന്നു​വ​ച്ചാൽ കൃ​തി​ക​ളി​ലേ വാ​ക്യ​ശു​ദ്ധി, ആശ​യ​ശു​ദ്ധി, അല​ങ്കാ​ര​ങ്ങ​ളു​ടെ ഔചി​ത്യം ഇവ​യു​ടെ പരി​ശോ​ധ​ന​മാ​ത്ര​മാ​യി​രു​ന്നു. പ്ര​സി​ദ്ധ​നി​രൂ​പ​ക​ന്മാ​രായ കെ. രാ​മ​കൃ​ഷ്ണ​പി​ള്ള, പി. കെ. നാ​രാ​യ​ണ​പി​ള്ള മു​ത​ലാ​യ​വ​രെ​ല്ലാം നി​രൂ​പ​ണം ചെ​യ്തു​വ​ന്ന​തു് ആ രീ​തി​യി​ലാ​യി​രു​ന്നു. ഒരു ഗ്ര​ന്ഥം വാ​യി​ക്കാൻ കൊ​ള്ളാ​വു​ന്ന​താ​ണോ അല്ല​യോ എന്നു് മധ്യ​സ്ഥ​ന്റെ നി​ല​യിൽ നി​ന്നു​കൊ​ണ്ടു ചെ​യ്യു​ന്ന വി​മർ​ശ​മാ​ണു് നമു​ക്കു വേ​ണ്ട​തു്. ഒരു ഗ്ര​ന്ഥം വാ​യി​ക്കു​മ്പോൾ ഒരു മാ​തൃ​കാ സഹൃ​ദ​യ​നു് എന്ത​ഭി​പ്രാ​യ​മാ​ണു് ഉണ്ടാ​വു​ന്ന​തെ​ന്നു് വാ​യ​ന​ക്കാ​രെ ധരി​പ്പി​ക്കു​ന്ന​തി​നാ​യി​രി​ക്ക​ണം സമാ​ലോ​ച​ക​ന്റെ യത്നം. അങ്ങ​നെ വരു​മ്പോൾ, സ്വാ​ഭി​പ്രാ​യ​ങ്ങ​ളിൽ ചി​ല​തി​നെ അയാൾ​ക്കു് അട​ക്കി നിർ​ത്തേ​ണ്ട​താ​യി വരും. അതി​നു​ള്ള ശക്തി ആരി​ലാ​ണോ സമ​ഗ്ര​മാ​യി​രി​ക്കു​ന്ന​തു് അയാ​ളാ​ണു് ഉത്തമ നി​രൂ​പ​കൻ.

ഒരു ഗ്ര​ന്ഥ​ത്തെ രണ്ടു വി​ധ​ത്തിൽ വി​മർ​ശി​ക്കാം. ഒരു നാ​ട​ക​മാ​ണു് വി​മർ​ശ​ന​ത്തി​നു വി​ഷ​യ​മെ​ന്നു വി​ചാ​രി​ക്കുക. പ്രാ​ചീ​നാ​ചാ​ര്യ​ന്മാർ ഒരു നാ​ട​ക​ത്തി​നു് ഇന്നി​ന്ന ലക്ഷ​ണ​ങ്ങൾ വേ​ണ​മെ​ന്നു നി​ശ്ച​യി​ച്ചി​ട്ടു​ണ്ടു്. ആ ലക്ഷ​ണ​ങ്ങൾ അതിനു യോ​ജി​ച്ചി​ട്ടു​ണ്ടോ എന്നു നോ​ക്കുക. അതാ​യി​രു​ന്നു അടു​ത്ത​കാ​ലം​വ​രെ നമ്മു​ടെ നാ​ട്ടിൽ നട​പ്പിൽ ഇരു​ന്ന നി​രൂ​പ​ണ​രീ​തി. അതു് ഇപ്പോൾ ആരും സ്വീ​ക​രി​ക്കാ​റി​ല്ല. വി​മർ​ശ​ന​ത്തി​നു വി​ധേ​യ​മാ​യി​രി​ക്കു​ന്ന ഗ്ര​ന്ഥ​ത്തി​ന്റെ ഉദ്ദേ​ശ​മെ​ന്തു്? ആ ഉദ്ദേ​ശം സാ​ധു​വോ അസാ​ധു​വോ? ഉദ്ദേ​ശ​നിർ​വ​ഹ​ണാർ​ത്ഥം പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള രച​നാ​പ്ര​ണാ​ളി, ഫലാ​യ​ത്ത​മാ​യി​ട്ടു​ണ്ടോ? ഉണ്ടെ​ങ്കിൽ എത്ര​ത്തോ​ളം? രച​നാ​പ്ര​ണാ​ളി കല​യു​ടെ മൗലിക നി​യ​മ​ങ്ങൾ​ക്കു് അനു​രൂ​പ​മാ​യി​രി​ക്കു​ന്നോ? ഇത്യാ​ദി പ്ര​ശ്ന​ങ്ങ​ളാ​ണു് ഇപ്പോൾ വി​മർ​ശ​ക​ന്റെ മന​സ്സിൽ ഉദി​ക്കു​ന്ന​തു്.

ഉത്തമ നി​രൂ​പ​ണ​ങ്ങൾ ഇനി​യും ഭാ​ഷ​യിൽ ഉണ്ടാ​കേ​ണ്ട​താ​യി​ട്ടാ​ണി​രി​ക്കു​ന്ന​തു്. വ്യ​ക്തി​പ​ര​മായ നി​രൂ​പ​ണ​ങ്ങ​ളാ​ണു് ഇപ്പോൾ അധി​ക​വും. ഇന്ന​ത്തേ വി​മർ​ശ​ക​ന്മാ​രു​ടെ കൂ​ട്ട​ത്തിൽ ‘സ്നേ​ഹ​പ്ര​വാ​ഹ​കാ​ലു​ഷ്യം’ തു​ട​ങ്ങിയ ആഖ്യാ​യി​ക​ക​ളു​ടേ​യും, നി​ര​വ​ധി വ്യാ​ഖ്യാ​ന​ങ്ങ​ളു​ടേ​യും കർ​ത്താ​വായ കെ. ശങ്ക​ര​പ്പി​ള്ള, ശങ്കു​ണ്ണി​നാ​യർ, കു​ട്ടി​ക്കൃ​ഷ്ണ​മാ​രാർ, മു​ണ്ട​ശ്ശേ​രി, എം. പി. പാൾ, ഡി. പത്മ​നാ​ഭ​നു​ണ്ണി, സി. ഐ. രാ​മൻ​നാ​യർ, ഡാ​ക്ടർ ഗോ​ദ​വർ​മ്മ, ശങ്ക​രൻ​ന​മ്പ്യാർ, ശൂ​ര​നാ​ട്ടു കു​ഞ്ഞൻ​പി​ള്ള, വേ​ലു​പ്പി​ള്ള​ശാ​സ്ത്രി, ഈ. വി. രാ​മൻ​ന​മ്പൂ​രി (ജ്യോ​തീ​ര​ഥ​ത്തി​ന്റേ​യും മറ്റും കർ​ത്താ​വു്) ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള ഇവ​രു​ടെ പേ​രു​കൾ പ്ര​ത്യേ​കം പ്ര​സ്താ​വ​യോ​ഗ്യ​മാ​കു​ന്നു. ശങ്കു​ണ്ണി​നാ​യ​രും കു​ട്ടി​ക്കൃ​ഷ്ണ​മാ​രാ​രും പല​പ്പോ​ഴാ​യി വി​ജ്ഞാ​ന​പ്ര​ദ​ങ്ങ​ളായ വി​മർ​ശ​ന​ലേ​ഖ​ന​ങ്ങൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്. പി. ശങ്ക​രൻ​ന​മ്പ്യാർ ഭാ​ഷാ​ത്ര​യ​പ​ണ്ഡി​ത​നാ​ണു്. അദ്ദേ​ഹം പലേ ലേ​ഖ​ന​ങ്ങൾ വഴി​ക്കും സാ​ഹി​ത്യ​ച​രി​ത്ര സം​ഗ്ര​ഹം വഴി​ക്കും തന്റെ വി​മർ​ശ​ന​പാ​ട​വം സവി​ശേ​ഷം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ്രാ​ചീന ചമ്പു​ക്ക​ളോ​ടു​ള്ള പക്ഷ​പാ​ത​ത്തി​നൊ​പ്പം പു​രോ​ഗ​മന പ്ര​തി​പ​ത്തി​യും അദ്ദേ​ഹ​ത്തിൽ ഒരേ സമ​യ​ത്തു കാ​ണു​ന്നു; പ്രാ​ചീന രീ​തി​യും ശൈ​ലി​യും വി​ടാ​തെ പാർ​വ്വ​തീ​പ​രി​ണ​യം എന്നൊ​രു ചമ്പു​വും രചി​ച്ചി​ട്ടു​ള്ള​താ​യി ഓർ​ക്കു​ന്നു.

എം. പി. പാൾ

പു​രോ​ഗ​മന പ്ര​സ്ഥാ​ന​ത്തി​നു പൗ​രോ​ഹി​ത്വം വഹി​ക്കു​ന്ന ഒരു ഭാ​ഷാ​ഭി​മാ​നി​യാ​ണു്. നോവൽ പ്ര​സ്ഥാ​ന​ത്തെ​പ്പ​റ്റി​യും ചെ​റു​ക​ഥാ​പ്ര​സ്ഥാ​ന​ത്തെ​പ്പ​റ്റി​യും വി​പു​ല​മായ ഗ്ര​ന്ഥ​ങ്ങൾ രചി​ച്ചി​ട്ടു​ണ്ടു്.

ജോസഫ് മു​ണ്ട​ശ്ശേ​രി

ഒരു പ്ര​സം​ഗ​കാ​ര​നെ​ന്നും നി​രൂ​പ​ക​നെ​ന്നും ഉള്ള നി​ല​യിൽ വി​ഖ്യാ​ത​നാ​ണു്. വി​മർ​ശം എല്ലാ​യ്പോ​ഴും നി​ഷ്പ​ക്ഷ​മാ​യി​രി​ക്ക​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു വച്ചു നടന്ന ആശാൻ​ദി​ന​ത്തിൽ ആദ്ധ്യ​ക്ഷം വഹി​ച്ചു​കെ​ാ​ണ്ടു് ചങ്ങ​മ്പു​ഴ​യെ​പ്പ​റ്റി കർ​ക്ക​ശ​മാ​യി അധി​ക്ഷേ​പി​ച്ചെ​ങ്കി​ലും, പി​ന്നീ​ടു് രമ​ണ​ന്റെ അവ​താ​രിക എഴു​തി​യ​പ്പോൾ കാ​റ്റു മറി​ച്ചു​വീ​ശി. അതു​പോ​ലെ ഉള്ളൂ​രി​നെ​പ്പ​റ്റി ചെ​യ്തി​ട്ടു​ള്ള വി​മർ​ശം മു​ഴു​വ​നും നി​ഷ്പ​ക്ഷ​മാ​ണോ എന്നു സം​ശ​യ​മാ​ണു്. ഇങ്ങ​നെ​യൊ​ക്കെ ഇരു​ന്നാ​ലും അദ്ദേ​ഹ​ത്തി​ന്റെ അന്ത​രീ​ക്ഷം, മാ​റ്റൊ​ലി, മാ​ന​ദ​ണ്ഡം, കാ​വ്യ​പീ​ഠിക എന്നിവ നി​രൂ​പ​ണ​സാ​ഹി​ത്യ​ത്തെ പോ​ഷി​പ്പി​ച്ചി​ട്ടു​ള്ള സദ്ഗ്ര​ന്ഥ​ങ്ങ​ളാ​കു​ന്നു. കടാ​ക്ഷം എന്ന ഒരു ചെ​റു​ക​ഥാ​സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടു്.

ഡി. പത്മ​നാ​ഭ​നു​ണ്ണി

ഒരു സാ​ഹി​ത്യ​ര​സി​ക​നാ​ണു്. കൊ​ള്ളി​മീൻ, പ്ര​താ​പ​സിം​ഹൻ മു​ത​ലായ കഥ​കൾ​ക്കു പുറമേ, ‘വി​മർ​ശ​വി​ഹാ​രം’ എന്ന ഗ്ര​ന്ഥ​നി​രൂ​പ​ണാ​ത്മ​ക​മായ ഒരു ഗ്ര​ന്ഥ​വും പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടു്.

ഡാ​ക്ടർ ഗോ​ദ​വർ​മ്മ

‘ഗോദ’ശബ്ദ​ത്തെ​പ്പ​റ്റി, ഉള്ളൂ​രി​നോ​ടു് എതി​രി​ട്ടു​കൊ​ണ്ടാ​ണു് ഡാ​ക്ടർ ഗോ​ദ​വർ​മ്മ സാ​ഹി​ത്യാ​യോ​ധ​ന​രം​ഗ​ത്തിൽ ആദ്യ​മാ​യി പ്ര​വേ​ശി​ക്കു​ന്ന​തു്. പ്ര​തി​ദ്വ​ന്ദി​യെ കൊ​മ്പു​കു​ത്തി​ക്കു​ന്ന​തി​നു് അദ്ദേ​ഹം എല്ലാ അട​വു​ക​ളും പ്ര​യോ​ഗി​ച്ചു; പക്ഷെ പര​മേ​ശ്വ​ര​യ്യർ തോ​ല്ക്കു​മോ? ഇതേ​വ​രെ തോ​റ്റി​ട്ടു​ണ്ടോ? അഥവാ തോ​റ്റാൽ​ത​ന്നെ​യും അദ്ദേ​ഹം തോ​റ്റ​താ​യി പാർ​ഷ​ദ​ന്മാർ സമ്മ​തി​ക്കു​മോ? എന്നാൽ ഒന്നു പറ​യേ​ണ്ട​താ​യി​ട്ടി​രി​ക്കു​ന്നു. ‘കോതൈ’ ശബ്ദ​ത്തി​നു് കോതി മി​നു​ക്കു​ന്ന​തി​നാൽ യുവതി എന്നു് അദ്ദേ​ഹം നിർ​ദ്ദേ​ശി​ച്ച അർ​ത്ഥം സം​ഗ​ത​മ​ല്ല, ചേ​ര​നാ​ടൻ, ചേ​ര​രാ​ജാ​വു് എന്നാ​ണു് അതി​ന്റെ അർ​ത്ഥം എന്നു് ‘മു​ത്തൊ​ള്ളാ​യി​രം’ മു​ത​ലായ പ്രാ​ചീന തമി​ഴ്‍കൃ​തി​കൾ വാ​യി​ച്ചു​നോ​ക്കി​യാൽ അറി​യാം. പെ​ണ്ണു് എന്ന അർ​ത്ഥ​വും അതി​നി​ല്ലെ​ന്നി​ല്ല. പ്ര​തി​ഭാ​ശാ​ലി​യും നി​ര​ന്ത​ര​വ്യ​വ​സാ​യി​യും ആയ ഡാ​ക്ടർ ഗോ​ദ​വർ​മ്മ പ്ര​ബ​ന്ധ​ല​തിക, കാ​ദം​ബ​രി തു​ട​ങ്ങിയ പലേ വി​ശി​ഷ്ട​ഗ്ര​ന്ഥ​ങ്ങൾ ഭാ​ഷ​യ്ക്കു സമ്മാ​നി​ച്ചി​ട്ടു​ണ്ടു്.

എം. ആർ. വേ​ലു​പ്പി​ള്ള​ശാ​സ്ത്രി ബി. ഏ.

ഒരു വി​മർ​ശ​ക​വീ​ര​നാ​ണു്. പേരു കേ​ട്ടാൽ ചില മഹാ​ക​വി​കൾ​ക്കു പനി​ക്കു​മാ​യി​രു​ന്നു. പു​രോ​ഗ​മ​ന​വൈ​രി​യ​ല്ലെ​ങ്കി​ലും പു​രോ​ഗ​മ​ന​പ്ര​സ്ഥാ​ന​ക്കാ​രോ​ടു് അദ്ദേ​ഹ​ത്തി​നു വലിയ കോ​ളി​ല്ല. പ്രേ​മ​ഹോ​മം, പ്ര​ബ​ന്ധ​മാ​ല്യം, ജീ​വി​ത​ദീ​പം, വി​ക്ര​മ​വീ​ചി, കരു​ണാ​ല​യം, വി​ലാ​സ​ലീല (നാടകം), കാൺ​ഗ്ര​സ് വിജയം (നാടകം), രാ​ധാ​റാ​ണി, ബാ​ങ്കു​വി​ഴു​ങ്ങി (നോവൽ) മു​ത​ലാ​യി അനേകം സദ്ഗ്ര​ന്ഥ​ങ്ങൾ അദ്ദേ​ഹ​ത്തിൽ നി​ന്നു നമു​ക്കു ലഭി​ച്ചി​ട്ടു​ണ്ടു്. 1132 കന്നി​മാ​സ​ത്തിൽ മരി​ച്ചു.

ജി. രാ​മൻ​മേ​നോൻ

അദ്ദേ​ഹ​ത്തി​ന്റെ നളിനീ നി​രൂ​പ​ണം ഉത്ത​മ​മായ നി​രൂ​പ​ണ​ത്തി​നു് മറ്റൊ​രു മാ​തൃ​ക​യാ​ണു്. മിൽ​ട്ട​ന്റെ Paradise Lost എന്ന കൃ​തി​യും പറു​ദീ​സാ​ന​ഷ്ടം എന്ന പേരിൽ തർ​ജ്ജമ ചെ​യ്തി​ട്ടു​ണ്ടു്.

കെ. ശങ്ക​ര​മേ​നോൻ

കൊ​ള​ത്തേ​രി ശങ്ക​ര​മേ​നോൻ ധി​ഷ​ണാ​ശാ​ലി​യായ ഒരു മഹാ​പ​ണ്ഡി​ത​നും ഭി​ഷ​ഗ്വ​ര​നും ആയി​രു​ന്നു. നി​രൂ​പ​ണ​പ​ര​മായ നി​ര​വ​ധി പ്ര​ബ​ന്ധ​ങ്ങൾ രചി​ച്ചി​ട്ടു​ണ്ടു്.

ജി. രാ​മ​കൃ​ഷ്ണ​പി​ള്ള

ഒരു സര​സ​കാ​വ്യ​കൃ​ത്തും നി​രൂ​പ​ക​നും ഗദ്യ​കാ​ര​നു​മാ​കു​ന്നു. സ്യ​മ​ന്ത​കം കഥ​ക​ളി​യും, ഉമാ​ദേ​വി, പ്ര​തി​ക്രിയ മു​ത​ലാ​യി അഞ്ചാ​റു് ആഖ്യാ​യി​ക​ക​ളും രചി​ച്ചി​ട്ടു​ണ്ടു്.

സി. നീ​ല​ക​ണ്ഠ​പ്പ​ണി​ക്കർ

നെ​യ്യാ​റ്റിൻ​ക​ര​ത്താ​ലൂ​ക്കിൽ​പ്പെ​ട്ട വെ​ള്ളാ​യ​ണി എന്ന ദി​ക്കി​ലേ ഒരു പു​രാ​തന ഈഴ​വ​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി 1064 മക​ര​ത്തി​ലെ തി​രു​വാ​തിര നക്ഷ​ത്ര​ത്തിൽ ജനി​ച്ചു. പി​താ​വായ കു​മാ​രൻ വൈ​ദ്യ​നും മാ​തു​ല​നായ കൊ​ച്ചു​മാ​യി​റ്റി ആശാ​നും സം​സ്കൃ​താ​ഭി​ജ്ഞ​ന്മാ​രും ജ്യോ​തി​ഷം, ആയു​ധ​വി​ദ്യ ഇവയിൽ നി​പു​ണ​ന്മാ​രും ആയി​രു​ന്നു. ഇം​ഗ്ലീ​ഷ് വി​ദ്യ​ഭ്യാ​സം ചെ​യ്തു​കൊ​ണ്ടി​രു​ന്ന കാ​ല​ത്തു തന്നെ പണി​ക്കർ സം​സ്കൃ​തം അഭ്യ​സി​ച്ചു​കൊ​ണ്ടി​രു​ന്നു എന്നു മാ​ത്ര​മ​ല്ല സു​ജ​നാ​ന​ന്ദി​നി​യ്ക്കു ലേ​ഖ​ന​സ​ഹാ​യം ചെ​യ്തു​പോ​രി​ക​യും ചെ​യ്തു. ശ്രീ നാ​രാ​യ​ണ​ഗു​രു​വി​നു് പണി​ക്ക​രോ​ടു് അള​വ​റ്റ വാ​ത്സ​ല്യം ഉണ്ടാ​യി​രു​ന്ന​തി​നാൽ അദ്ദേ​ഹം വർ​ക്കല ശി​വ​ഗി​രി​യിൽ താ​മ​സി​ച്ചു് വേ​ദാ​ന്ത​വും സം​സ്കൃ​ത​വും പഠി​ച്ചു. മൂ​ന്നാം​ഫാ​റം വരെ അഞ്ചു​തെ​ങ്ങി​ലെ സെ​ന്റു് ജോ​സ​ഫ്സ് മി​ഡിൽ​സ്ക്കൂ​ളി​ലും അതി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മഹാ​രാ​ജാ​സ് ഹൈ​സ്ക്കൂ​ളി​ലും പഠി​ച്ചു് മെ​ട്രി​ക്കു​ലേ​ഷൻ ജയി​ച്ചി​ട്ടു് കാ​ളേ​ജിൽ ചേർ​ന്നു; എന്നാൽ പഠി​ത്തം പൂർ​ത്തി​യാ​കും മു​മ്പു് എക്സൈ​സ് വകു​പ്പിൽ ഒന്നാം​ഗ്രേ​ഡ് പെ​റ്റി ആഫീ​സ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ടു. അന്നു് പതി​നെ​ട്ടു വയ​സ്സേ പ്രാ​യം ഉണ്ടാ​യി​രു​ന്നു​ള്ളു. അതി​നാ​ലാ​ണു് ഇൻ​സ്പെ​ക്ടർ ഉദ്യോ​ഗം നല്ക​പ്പെ​ടാ​തി​രു​ന്ന​തു്. പി​ന്നീ​ടു് കു​റേ​ക്കാ​ലം അരൂ​ക്കു​റ്റി അസി​സ്റ്റ​ന്റു എക്സൈ​സ് കമ്മീ​ഷ​ണ​രാ​ഫീ​സിൽ ക്ലാർ​ക്കു​പ​ണി വഹി​ച്ച​ശേ​ഷം ഇൻ​സ്പെ​ക്ട​രാ​യി നി​യ​മി​ക്ക​പ്പെ​ടു​ക​യും കാ​ര്യ​ശേ​ഷി​യും സത്യ​സ​ന്ധ​ത​യു​മു​ള്ള ഒരു നല്ല ഉദ്യോ​ഗ​സ്ഥ​നെ​ന്ന പേരു സമ്പാ​ദി​ക്ക​യും ചെ​യ്തു. അന​ന്ത​രം തി​രു​വ​ന​ന്ത​പു​രം പോർ​ട്ടു​ക​സ്റ്റം​സ് ആഫീ​സ​റാ​യി കു​റേ​ക്കാ​ലം ജോലി നോ​ക്കി. തു​റ​മു​ഖ​ത്തെ സം​ബ​ന്ധി​ച്ച പരി​ഷ്കാ​ര​ങ്ങൾ പലതും ചെ​യ്യാൻ സാ​ധി​ച്ച​തി​നാൽ, അദ്ദേ​ഹ​ത്തി​ന്റെ പടം ട്രാ​വൻ​കൂർ ടൈംസ്, കേ​ര​ള​കൗ​മു​ദി, ദക്ഷി​ണ​ഭാ​ര​തി മു​ത​ലായ പത്ര​ങ്ങ​ളിൽ, “ഈഴ​വ​രി​ലെ ആദ്യ​ത്തെ എക്സൈ​സ് ഇൻ​സ്പെ​ക്ടർ” എന്ന കു​റി​പ്പോ​ടു​കൂ​ടി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഈ ജോ​ലി​ത്തി​ര​ക്കു​കൾ​ക്കി​ട​യി​ലും പണി​ക്കർ കവി​ത​കൾ എഴു​തി​ക്കൊ​ണ്ടി​രു​ന്നു. ദക്ഷി​ണ​ഭാ​ര​തി​ക്കു് അയച്ച ഒരു മം​ഗ​ള​പ​ദ്യം താഴെ ചേർ​ക്കു​ന്നു.

കൂ​ട്ടാ​ളു​കൾ​ക്കു കു​തു​ക​ത്തെ വളർ​ത്തി വി​ഘ്നം
കൂ​ട്ടാ​തെ ബോ​ധ​മ​ക​താ​രി​ലു​ദി​ക്കു​വാ​നാ​യ്
കൂ​ട്ടാ​യി​നി​ന്നു കു​ല​ശൈ​ല​സു​താ​ക​ടാ​ക്ഷം
കൂ​ട്ടാർ​ന്നു വാഴ്ക ദക്ഷി​ണ​ഭാ​ര​തീ നീ.

പണി​ക്കർ വർ​ക്ക​ലെ താ​മ​സി​ക്കു​ന്ന കാ​ല​ത്തു് സു​പ്ര​സി​ദ്ധ പണ്ഡി​ത​നായ പര​വൂർ​കേ​ശ​വ​നാ​ശാൻ ശി​വ​ഗി​രി സന്ദർ​ശി​ച്ചു് സു​ജ​നാ​ന​ന്ദി​നി​യിൽ ചേർ​ക്കാൻ ഒരു മം​ഗ​ള​പ​ദ്യം സ്വാ​മി​യോ​ടു് ആവ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു് അദ്ദേ​ഹം ചൊ​ല്ലിയ,

നിർ​മ്മ​ത്സര പ്ര​മോ​ദായ
ജി​യാ​ന്നി​ത്യ​മി​ദം ഭുവി
പത്ര​മ​ശ്വ​ത്ഥ​ജ​മിവ
സു​പ്ര​സം​ഗൈ​ര​ലം​കൃ​തം

എന്ന പദ്യ​ത്തെ മി. പണി​ക്കർ എഴുതി ആശാനെ ഏല്പി​ക്ക​യും ഉടൻ​ത​ന്നെ,

അഭിമതഫലമെല്ലാമാസ്വദിച്ചാശ്രുവൈകാ-​
തഭി​ന​വ​ശു​ഭ​വാർ​ത്താ​മാർ​ത്തി​ഹീ​നം പര​ത്തി
പ്ര​ഭു​ത​യൊ​ടി​ട​ചേർ​ന്നി​പ്പ​ത്ര​മെ​ങ്ങും ചരി​പ്പാൻ
വിഭു കൃ​പ​യ​രു​ള​ട്ടേ നി​ത്യ​വും നീ​തി​യാ​യി

എന്നൊ​രു പദ്യം സ്വ​ന്ത​മാ​യി നിർ​മ്മി​ച്ചു് സ്വാ​മി​യേ കാ​ണി​ച്ച​തിൽ, അദ്ദേ​ഹം അഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു​വ​ത്രേ.

അതി​നോ​ട​ടു​ത്ത കാ​ല​ത്തു് ലക്ഷ്മീ​വി​ലാ​സം അച്ചു​ക്കൂ​ടം ഉട​മ​സ്ഥ​ന്റെ അപേ​ക്ഷാ​നു​സാ​രം, സന്യാ​സീ​ശ്വര ശതകം എന്നും, പു​ഷ്പ​ബാ​ണ​വി​ലാ​സം—ഒരു സ്വ​ത​ന്ത്ര വി​വർ​ത്ത​നം—എന്നും രണ്ടു പു​സ്ത​ക​ങ്ങൾ രചി​ച്ചു. പു​ഷ്പ​ബാ​ണ​വി​ലാ​സ​ത്തി​ലെ ഒന്നു രണ്ടു പദ്യ​ങ്ങൾ ഉദ്ധ​രി​ക്കാം.

മാ​നേ​ലും​മി​ഴി മാ​ല​തീ​മ​ല​രി​നാൽ
നിർ​മ്മി​ച്ച പൂ​മാ​ല​യേ
മാ​നി​ച്ചൻ​പൊ​ടെ​നി​ക്കു നൽകുവതിനാ-​
യെ​ഞ്ചാ​രെ വന്നീ​ട​വേ
ഞാ​നാ​മാ​ല​യു​മോ​മ​ന​ക്ക​ര​മ​തും തൊട്ടി-​
ല്ലതിൻമുമ്പുതാൻ-​
താ​നേ​ത​ന്നെ​യ​ഴി​ഞ്ഞ​വൾ​ക്കു വസനം
ബന്ധി​ച്ചി​രു​ന്നെ​ങ്കി​ലും
ക്രുദ്ധിച്ചെന്നരികത്തുനിന്നവൾഗമി-​
ച്ചീടാനൊരുങ്ങീടുമ-​
ബദ്ധ​പ്പാ​ടി​ലു​മി​ല്ല നോട്ടമബല-​
യ്ക്കെ​ന്നിൽ കവി​ഞ്ഞൊ​ന്നി​ലും
മു​ഗ്ദ്ധാം​ഗീ​മ​ണി മുക്തഹസ്തയതുതാ-​
നാകാൻ തു​നി​ഞ്ഞെ​ങ്കി​ലും
ശ്ര​ദ്ധി​ച്ചൊ​ട്ടു നി​ജാ​സ്യ​മെ​ന്നു​ടെ കവിൾ
ത്ത​ട്ടൊ​ന്നു തൊ​ട്ടീ​ടു​വാൻ

ഉദ്യോ​ഗ​കാ​ല​ത്തു രചി​ക്ക​പ്പെ​ട്ട പല ഖണ്ഡ​കൃ​തി​ക​ളിൽ ചി​ല​തു് ‘എന്റെ സാ​വി​ത്രി​യിൽ’ കാണാം. ആശാ​ന്റെ ‘സാ​വി​ത്രി’യിൽ നി​ന്നു തുലോം വി​ഭി​ന്ന പ്ര​കൃ​തി​യാ​ണു് ‘എന്റെ സാ​വി​ത്രി’. ആ കവിത പണി​ക്ക​രു​ടെ സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​ക്കും വി​മർ​ശക പടു​ത​യ്ക്കും കവ​ന​ശ​ക്തി​ക്കും നി​ക​ഷോ​പ​ല​മാ​യി​ത്തി​ള​ങ്ങു​ന്നു. പെൻഷൻ പറ്റി​യ​തി​നു ശേഷം നിർ​മ്മി​ക്ക​പ്പെ​ട്ട​താ​ണു് നിർ​വാ​ണ​ദർ​ശ​നം. ആ ഖണ്ഡ​കൃ​തി അനേകം പത്ര​ങ്ങ​ളു​ടെ സവി​ശേ​ഷ​മായ പ്ര​ശം​സ​യ്ക്കു പാ​ത്രീ​ഭ​വി​ച്ചു.

ഇവ കൂ​ടാ​തെ രാ​ഷ്ട്രീ​യ​മാ​യും അദ്ദേ​ഹം കവി​ത​കൾ എഴു​തി​ക്കൊ​ണ്ടി​രു​ന്നു. അവയിൽ ഒന്നാ​ണു് ‘വഞ്ചി​നാ​ട്ടിൽ’

പാ​രാ​തെ വൃ​ദ്ധ​നൊ​രു​വി​പ്ര​ന​ഹോ ഭരി​ച്ചൂ
പേ​രാർ​ന്ന രാ​ജ്യ​മി​തു; മന്ത്രി​കൾ മൂ​ന്നു​പേ​രാ​യ്
നേരേ ഭരി​ക്കു​വ​തി​നാ​യ് കഴിയാതെയേഴു-​
പേ​രാ​യ്‍വ​ളർ​ന്ന നവ​മ​ന്ത്രി​സ​ഭേ നമ​സ്തേ.
വർ​ഗ്ഗീ​യ​ചി​ന്ത പണ​മെ​ന്നൊ​രു ചിന്ത പി​ന്നെ
സ്വർ​ഗ്ഗ​ത്തി​നൊ​ത്ത പദ​വി​ക്കു​മ​തീവ വാഞ്ഛ
ഉദ്യോ​ഗ​വൃ​ന്ദ​മി​വ​യൊ​ക്കെ വെടിഞ്ഞിടാതെ-​
യു​ദ്ദി​ഷ്ട​മാം ഭര​ണ​മെ​ങ്ങ​നെ കൈ​വ​രു​ത്തും?

“പദ്യ​ശൈ​ലി​യിൽ യു​ക്തി​വാ​ദം ചെ​യ്യാൻ ഗ്ര​ന്ഥ​കാ​ര​നു് അസു​ല​ഭ​മായ കഴി​വു​ണ്ടെ​ന്നും വാ​യ​ന​ക്കാ​രെ രസി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം പ്ര​ബു​ദ്ധ​രാ​ക്കാൻ ആത്മാർ​ത്ഥ​മാ​യി ശ്ര​മി​ക്കു​ന്ന ഈ എഴു​ത്തു​കാ​ര​നു് ഭാ​വു​കം ആശം​സി​ച്ചു​കൊ​ള​ളു​ന്നു” എന്നും പ്രൊ​ഫ​സ്സർ മു​ണ്ട​ശ്ശേ​രി നിർ​വാ​ണ​ദർ​ശ​ന​ത്തെ​പ്പ​റ്റി പ്ര​ശം​സി​ച്ചി​ട്ടു​ണ്ടു്.

മി. പണി​ക്കർ​ക്കു് വൈ​ദ്യം, ജ്യോ​തി​ഷം എന്നീ ശാ​സ്ത്ര​ങ്ങ​ളി​ലെ​ല്ലാം വി​പു​ല​മായ ജ്ഞാ​നം ഉണ്ടു്. ഇപ്പോൾ 67 വയ​സ്സു കഴി​ഞ്ഞി​ട്ടും ആരോ​ഗ്യ​ത്തി​നോ ഉന്മേ​ഷ​ത്തി​നോ യാ​തൊ​രു കു​റ​വു​മി​ല്ല. നി​ര​ന്ത​രം ലേ​ഖ​ന​ങ്ങ​ളും കവി​ത​ക​ളും എഴു​തി​ക്കൊ​ണ്ടേ ഇരി​ക്കു​ന്നു; എന്നാൽ പ്ര​ശ​സ്തി നേ​ട​ണ​മെ​ന്നു​ള്ള വി​ദൂ​ര​ചി​ന്ത​പോ​ലും അദ്ദേ​ഹ​ത്തി​നെ സ്പർ​ശി​ച്ചി​ട്ടി​ല്ല.

ടി. കെ. കൃ​ഷ്ണ​മേ​നോ​നും സാ​ഹി​ത്യ​സ​ഖി ടി. സി. കല്യാ​ണി​അ​മ്മ​യും

പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​നും സമു​ദായ പരി​ഷ്കാ​ര​ക​നും അഭി​ഭാ​ഷ​ക​നും ആയി​രു​ന്നു ടി. കെ. കൃ​ഷ്ണ​മേ​നോൻ. അദ്ദേ​ഹം പ്രാ​ചീ​നാ​ര്യാ​വർ​ത്തം മു​ത​ലായ കൃ​തി​കൾ രചി​ച്ചി​ട്ടു​ണ്ടു്. തൽ​പ​ത്നി​യായ ടി. സി. കല്യാ​ണി​അ​മ്മ 1055-ൽ ജനി​ച്ചു. സമു​ദാ​യ​സേ​വ​ന​വി​ഷ​യ​ത്തിൽ സ്വ​ഭർ​ത്താ​വി​നോ​ടൊ​പ്പം ഹൃ​ദ​യ​പൂർ​വ്വം പ്ര​വർ​ത്തി​ച്ചു​പോ​ന്ന ഈ മഹതി സാ​ഹി​ത്യ വി​ഷ​യ​ത്തി​ലും ഒട്ടു വളരെ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ടു്. ബങ്കി​മ​ച​ന്ദ്ര​ന്റെ ബം​ഗാ​ളി​നോ​വ​ലു​ക​ളിൽ ഉത്ത​മ​ങ്ങ​ളെ​ന്നു പ്ര​സി​ദ്ധ​മായ കൃ​ഷ്ണ​കാ​ന്ത​ന്റെ മര​ണ​പ​ത്രിക, വി​ഷ​വൃ​ക്ഷം ഇവയെ ഭാ​ഷ​യി​ലേ​ക്കു തർ​ജ്ജ​മ​ചെ​യ്തി​ട്ടു​ള്ള​തി​നു പുറമേ നമ്മു​ടെ അമ്മ​മ​ഹാ​റാ​ണി എന്നൊ​രു സ്വ​ത​ന്ത്ര​കൃ​തി​യും ആ വി​ദു​ഷി രചി​ച്ചി​ട്ടു​ണ്ടു്. ഭാഷ അതി​സ​ര​ള​വും അനാ​ഡം​ബ​ര​യു​ക്ത​വു​മാ​കു​ന്നു. കൊ​ച്ചീ ദി​വാൻ​ജി​യാ​യി​രു​ന്ന സി. പി. കരു​ണാ​ക​ര​മേ​നോൻ ഈ മഹ​തി​യു​ടെ ജാ​മാ​താ​വാ​യി​രു​ന്നു. 1132 തുലാം 11-​ാംതീയതി രാ​ത്രി ദി​വം​ഗ​ത​യാ​യി.

ജീ​വ​ച​രി​ത്രം

ജീ​വ​ച​രി​ത്ര​നിർ​മ്മാ​ണം ഇപ്പോൾ ഒരു ‘കല’യുടെ രൂപം അവ​ലം​ബി​ച്ചി​രി​ക്കു​ന്നു. മൂ​ന്നു വി​ധ​ത്തി​ലു​ള്ള ജീ​വ​ച​രി​ത്ര​ങ്ങൾ ഇപ്പോൾ നട​പ്പി​ലു​ണ്ടു്.

1. കേ​വ​ല​ജീ​വി​ത​ച​രി​ത്രം

ചരി​ത്ര​നാ​യ​ക​നെ സം​ബ​ന്ധി​ച്ച പലവിധ രേഖകൾ ശേ​ഖ​രി​ച്ചു്, അവയെ തരം തി​രി​ച്ചു്, തള്ളേ​ണ്ടവ തള്ളി, ബാ​ക്കി​യു​ള്ള​വ​യെ സൂ​ക്ഷ്മ​മാ​യി പഠി​ച്ചു്, ഗ്ര​ന്ഥ​കാ​രൻ സ്വ​ന്ത​ഭാ​ഷ​യിൽ രേ​ഖ​ക​ളൊ​ന്നും ഉദ്ധ​രി​ക്കാ​തെ എഴു​തു​ന്ന ചരി​ത്ര​മാ​ണു് കേ​വ​ല​ജീ​വ​ച​രി​ത്രം, നാ​ല​പ്പാ​ടൻ എഴു​തി​യി​ട്ടു​ള്ള ‘വള്ള​ത്തോ​ളി​ന്റെ ജീ​വ​ച​രി​ത്രം’ കേ​വ​ല​ച​രി​ത്ര​ത്തി​നു​ദാ​ഹ​ര​ണ​മാ​ണു്.

2. സങ്കീർ​ണ്ണം

ചരി​ത്ര​നാ​യ​ക​നെ സം​ബ​ന്ധി​ച്ച ചരി​ത്ര​ത്തെ വി​വ​രി​ക്കു​ന്ന​തി​നി​ട​യ്ക്കു് ഗ്ര​ന്ഥ​കാ​രൻ ചരി​ത്ര​രേ​ഖ​ക​ളെ അവി​ട​വി​ടെ ഉദ്ധ​രി​ച്ചി​രു​ന്നാൽ അതു സങ്കീർ​ണ്ണ​മാ​ണു്. ദീർ​ഘ​ദീർ​ഘ​ങ്ങ​ളായ ഉദ്ധാ​ര​ണ​ങ്ങൾ പല​പ്പോ​ഴും നീ​ര​സ​ജ​ന​ക​മാ​യി​ത്തീ​രു​ന്നു. ​​എം. ആർ. ബാ​ല​കൃ​ഷ്ണ​വാ​രി​യ​രു​ടെ കേ​ര​ള​വർ​മ്മ​ദേ​വൻ, കൃ​ഷ്ണ​പി​ള്ള മു​തൽ​പേ​രു​ടെ ‘ശ്രീ നീ​ല​ക​ണ്ഠ​തീർ​ത്ഥ​പാ​ദർ’, കെ. ഗോ​പാ​ല​പി​ള്ള​യു​ടെ ‘ചട്ട​മ്പി​സ്വാ​മി​കൾ’, സി. നാ​രാ​യ​ണ​പി​ള്ള​യു​ടെ ‘ചങ്ങ​നാ​ശ്ശേ​രി’, പി. കെ. പര​മേ​ശ്വ​രൻ​നാ​യ​രു​ടെ ‘സാ​ഹി​ത്യ​പ​ഞ്ചാ​നൻ’ സി. വി. രാ​മൻ​പി​ള്ള മു​ത​ലായ ഇത്ത​രം ജീ​വ​ച​രി​ത്ര​ങ്ങ​ളിൽ പ്രാ​ധാ​ന്യം വഹി​ക്കു​ന്നു. ഇവ കൂ​ടാ​തെ മൂർ​ക്കോ​ത്തു കു​മാ​ര​ന്റെ ചന്തു​മേ​നോൻ, കേസരി, കു​മാ​ര​നാ​ശാൻ, നാ​ണു​ഗു​രു​സ്വാ​മി​കൾ ഇവയും പ്ര​സ്താ​വ​യോ​ഗ്യ​ങ്ങ​ളാ​ണു്. എൻ. ബാ​ല​കൃ​ഷ്ണൻ​നാ​യ​രു​ടെ ‘വി. കൃ​ഷ്ണൻ​ത​മ്പി കെ. ചി​ന്ന​മ്മ’, സി. വി. രാ​മൻ​പി​ള്ള എന്നീ രണ്ടു ജീ​വ​ച​രി​ത്ര​ങ്ങ​ളും വി​ഷ​യ​ത്തി​ന്റെ മാ​ഹാ​ത്മ്യം​കൊ​ണ്ടും പ്ര​തി​പാ​ദ​ന​രീ​തി​യു​ടെ വൈ​ശി​ഷ്ട്യം​കൊ​ണ്ടും വളരെ നന്നാ​യി​രി​ക്കു​ന്നു.

3. വി​ചി​ത്രം

ഈ മാ​തി​രി ജീ​വ​ച​രി​ത്ര​മാ​ണു് ഉത്ത​മം. ഗ്ര​ന്ഥ​കാ​രൻ, ചരി​ത്ര​ത്തി​ലെ അപ്ര​ധാ​നാം​ശ​ങ്ങ​ളെ​ല്ലാം ഉപേ​ക്ഷി​ച്ചു്, നാ​യ​ക​ന്റെ വ്യ​ക്തി​ത്വ​ത്തി​ന്റെ ക്ര​മി​ക​മായ വി​കാ​സ​ത്തെ ഒരു നോ​വ​ലി​ലെ​ന്ന​പോ​ലെ പരി​സ്ഫു​ട​മാ​ക്കി പ്ര​കാ​ശി​പ്പി​ക്കു​ന്നു. ആദ്യ​ത്തെ രണ്ടു മാ​തി​രി ചരി​ത്ര​ങ്ങ​ളി​ലും ഗ്ര​ന്ഥ​കാ​രൻ ചരി​ത്ര​നാ​യ​ക​ന്റെ സ്വ​ഭാ​വ​ത്തെ സ്വയം രേ​ഖ​പ്പെ​ടു​ത്തു​മ്പോൾ, വി​ചി​ത്ര​ജീ​വ​ച​രി​ത്ര​ത്തിൽ, അത് ആഖ്യാ​യി​ക​യി​ലെ നാ​യ​ക​ന്റേ​തെ​ന്ന​പോ​ലെ സ്വയം വി​കാ​സ​ദ​ശ​യെ പ്രാ​പി​ക്കു​ന്നു. വി​ചി​ത്ര ജീ​വ​ച​രി​ത്ര​മാ​ണു് ഏറ്റ​വും ആകർ​ഷ​കം. അതു് ഭാ​ഷ​യിൽ ഇനി​യും ഉണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.

Works by the same authors
ചരി​ത്രം 34. ആദൎശരമണി
1. തി​രു​വി​താം​കൂർ​ച​രി​ത്രം 35. മനോരമ
2. കേ​ര​ള​ച​രി​ത്രം 36. സതീ​ശ​ച​ന്ദ്രൻ
3. മു​കി​ല​സാ​മ്രാ​ജ്യോ​ദ​യം 37. വലിയ ചേ​ച്ചി
4. മു​കി​ല​പ്ര​ഭാ​വം നാ​ട​ക​ങ്ങൾ
5. മു​കി​ലാ​സ്ത​മ​യം 38. സീ​താ​നിർ​വാ​സം
6. മാ​തൃ​കാ​രാ​ജ്യം 39. ദേ​വി​കാ​റാ​ണി
7. ആയുർ​വേദ ചരി​ത്രം 40. പ്രേ​മോ​ല്ക്കർ​ഷം
8. മഹ​മ്മ​ദ്ന​ബി 41. രമ
9. ആര്യ​ച​രി​തം Part I 42. മീന
10. ആര്യ​ച​രി​തം Part II 43. മൗ​ര്യ​വി​ജ​യം
11. മഹ​ച്ച​രി​ത​മാ​ലിക 44. ഏകാ​ങ്ക​നാ​ട​ക​ത്ര​യം
12. അശോകൻ 45. മേ​വാർ​പ​ത​നം
13. ധർ​മ്മ​രാ​ജാ പ്ര​ബ​ന്ധ​ങ്ങൾ
14. അയ്യ​പ്പൻ​മാർ​ത്താ​ണ്ഡ​പി​ള്ള 46. ഹൈ​ന്ദ​വ​നാ​ട്യ​ശാ​സ്ത്രം
15. രാ​ജാ​കേ​ശ​വ​ദാ​സൻ 47. പ്ര​ബ​ന്ധാ​വ​ലി
16. ശ്രീ​രാ​മാ​നു​ജൻ​എ​ഴു​ത്ത​ച്ഛൻ ഗാ​ന​കൃ​തി​കൾ
17. കു​ഞ്ചൻ​ന​മ്പ്യാർ 48. ഗാ​ന്ധി​ഗീ​ത​ങ്ങൾ Part I
18. മാ​തൃ​കാ​ഭൃ​ത്യൻ 49. ഗാ​ന്ധി​ഗീ​ത​ങ്ങൾ Part II
19. ഭരതൻ 50. ഗാ​ന്ധി​ഗീ​ത​ങ്ങൾ Part III
20. മഹാ​ത്മാ​ഗാ​ന്ധി 51. ദേ​ശീ​യ​ഗാ​ന​മ​ഞ്ജ​രി
21. നേ​താ​ജി 52. ശ്രീ​രാ​മ​കൃ​ഷ്ണ​ഗാ​നാ​വ​ലി
22. ചൈ​ത്ര​രാ​ജ​ര​ത്നം നി​ഘ​ണ്ടു​ക്കൾ
നോ​വ​ലു​ക​ളും കഥ​ക​ളും 53. ആം​ഗ​ല​മ​ല​യാള
23. യു​ഗ​ളാം​ഗു​ലീ​യ​കം ബൃ​ഹൽ​കോ​ശം
24. അമൃ​ത​വ​ല്ലി 54. നവ​യു​ഗ​ഭാ​ഷാ​നി​ഘ​ണ്ഡു
25. മൃ​ണാ​ളി​നി (രണ്ടു ഭാ​ഗ​ങ്ങൾ)
26. സര​സ്വ​തി 55. ഇം​ഗ്ലീ​ഷ് മല​യാ​ള​നി​ഘ​ണ്ഡു
27. മഹാ​രാ​ഷ്ട്രാ ജീവന പ്ര​ഭാ​വം 56. സാ​ങ്കേ​തിക നി​ഘ​ണ്ഡു
28. ചന്ദ്ര​നാ​ഥൻ സാ​ഹി​ത്യ​ഗ്ര​ന്ഥ​ങ്ങൾ
29. അന്ന​പൂൎണ്ണാ​ല​യം 57. സാ​ഹി​ത്യ​ച​രി​ത്രം Part I
30. ലളിത 58. സാ​ഹി​ത്യ​ച​രി​ത്രം Part II
31. ആത്മ​സമൎപ്പണം 59. സാ​ഹി​ത്യ​ച​രി​ത്രം Part III
32. അനു​രാധ 60. സാ​ഹി​ത്യ​ച​രി​ത്രം Part IV
33. അമ്മ​യെ​ത്തേ​ടി 61. സാ​ഹി​ത്യ​ച​രി​ത്രം Part V
62. സാ​ഹി​ത്യ​ച​രി​ത്രം Part VI മറ്റു വ്യാ​ഖ്യാ​ന​ങ്ങൾ
63. സാ​ഹി​ത്യ​ച​രി​ത്രം Part VII 73. ഭീ​ഷ്മപൎവം
വ്യാ​ഖ്യാ​ന​ങ്ങൾ 74. ഇരു​പ​ത്തി​നാ​ലു​വൃ​ത്തം
കഥകളി സം​സ്കൃത വ്യാ​ഖ്യാ​ന​ങ്ങൾ
64. നള​ച​രി​തം ഒന്നാം​ദി​വ​സം 75. അനം​ഗ​രം​ഗം
65. നള​ച​രി​തം രണ്ടാം​ദി​വ​സം 76. രതി​മ​ഞ്ജ​രി
66. നള​ച​രി​തം മൂ​ന്നാം​ദി​വ​സം പലവക
67. നള​ച​രി​തം നാ​ലാം​ദി​വ​സം 77. ഉർ​ദു​ശി​ക്ഷ​കൻ
68. ഉത്ത​രാ​സ്വ​യം​വ​രം 78. ഹി​ന്ദീ​ബാ​ല​ബോ​ധി​നി
69. രു​ക്മി​ണീ​സ്വ​യം​വ​രം 79. ഹി​ന്ദി​മ​ഹോ​പാ​ദ്ധ്യാ​യൻ
70. നിവാത കവച കാ​ല​കേ​യ​വ​ധം 80. മു​ത്തൊ​ള്ളാ​യി​രം
തു​ള്ളൽ​വ്യാ​ഖ്യാ​ന​ങ്ങൾ (കേ​ര​ള​ത്തേ സംബന്ധിച്ച-​
71. പാ​ത്ര​ച​രി​തം ഭാ​ഗ​ത്തി​ന്റെ തർ​ജ്ജമ)
72. കി​രാ​തം 81. വി​ജ്ഞാ​ന​വീ​ഥി
82. മാ​തൃ​കാ​രാ​ജ്യം
ശൂ​ര​നാ​ട്ട് കു​ഞ്ഞൻ​പി​ള്ള എം. ഏ. അവർ​ക​ളാൽ രചി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങൾ
വിവരം രൂ. ണ. പൈ.
മാ​തൃ​പൂജ 1 8 0
വീ​ര​രാ​ഘ​വ​ശാ​സ​നം 1 0 0
ഉണ്ണു​നീ​ലി​സ​ന്ദേ​ശം 5 0 0
രത്ന​സാ​മ്രാ​ജ്യം 0 10 0
പു​ഷ്പാ​ഞ്ജ​ലി 1 8 0
ശ്രീ​അം​ബാ​ദേ​വി 2 8 0
കല്യാ​ണ​സൗ​ധം 2 4 0
സാ​ഹി​ത്യ​പ്ര​വേ​ശിക 2 0 0
സാ​ഹി​ത്യ​ഭൂ​ഷ​ണം 1 8 0
തി​രു​മു​ല്കാ​ഴ്ച 1 8 0
തി​രു​വി​താം​കൂ​റി​ലെ മഹാ​ന്മാർ 1 0 0
സൗരഭൻ 1 0 0
നി​വാ​ത​ക​വ​ച​കാ​ല​കേ​യ​വ​ധം
കഥകളി വ്യാ​ഖ്യാ​ന​സം​ഹി​തം 0 12 0
ലീ​ലാ​തി​ല​കം 5 0 0
ജി. രാ​മ​കൃ​ഷ്ണ​പി​ള്ള എം. ഏ. അവർ​ക​ളാൽ രചി​ക്ക​പ്പെ​ട്ട​തു്
വിവരം രൂ. ണ. പൈ.
സു​കേ​ശി​നി 1 8 0
ദൈ​വ​വി​ലാ​സം 1 2 0
യശോധര 1 8 0
കഥാ​ര​ത്ന​ങ്ങൾ 0 12 0
ചന്ദ്ര​ലേഖ—എൻ. ശി​വ​ശ​ങ്ക​ര​പി​ള്ള
ബി. ഏ., എൽ. റ്റി 1 8 0
കണ്ണ​ശ്ശ​ന്മാ​രും എഴു​ത്ത​ച്ഛ​നും—വി​ദ്വാൻ
കെ. ഇ. നാ​രാ​യ​ണ​പി​ള്ള 1 8 0
അനു​രാ​ഗോ​ല്ക്കർ​ഷം—
കി​ളി​യൂർ കേ​ശ​വൻ​നാ​യർ 1 4 0
ഔവ്വ​യാർ—പി. എസ്. പി. പിള്ള 0 9 0
സം​ഗീ​ത​സ​ഹാ​യി 0 12 0
വിവരം രൂ. ണ. പൈ.
തി​രു​വി​താം​കൂർ ചരി​ത്രം 1 8 0
ഗൗ​ത​മ​ബു​ദ്ധൻ—
സി. എസ്. ബാ​ല​കൃ​ഷ്ണ​വാൎയ്യർ 0 12 0
ചി​ത്ര​ന​ഗ​രം—
എം. ആർ. കൃ​ഷ്ണ​വാൎയ്യർ
ബി. ഏ. എൽ. റ്റി. 1 0 0
മണി​മേ​ഖല—
സി. ഐ. ഗോ​പാ​ല​പി​ള്ള എം. എ 1 2 0
ഗള്ളി​വ​രു​ടെ സഞ്ചാ​ര​ക​ഥ​കൾ
ഒ. എം. ചെ​റി​യാൻ 0 12 0
ശ്രീ​ബു​ദ്ധൻ—കെ. ചി​താ​ന​ന്ദ​സ്വാ​മി 0 6 0
സന്മാർ​ഗ്ഗ​ദീ​പം—
കെ. ഗോ​പാ​ല​പി​ള്ള ബി.ഏ. 0 6 0
മാർ​ത്താ​ണ്ഡവൎമ്മ​ച​രി​തം—
കെ. വേ​ലു​പ്പി​ള്ള ബി. ഏ. ബി. എൽ. 0 6 0
നാ​ഗാ​ന​ന്ദം—
കെ. ശി​വ​ശ​ങ്ക​ര​പ്പി​ള്ള ശാ​സ്ത്രി 0 12 0
പൗ​ര​ജീ​വി​തം—
ആറ്റു​കാൽ നീ​ല​ക​ണ്ഠ​പ്പി​ള്ള 0 12 0
സ്വ​ഭാ​വ​ര​ചന—കെ. പര​മു​പി​ള്ള എം. എ 0 5 0
സന്മാൎഗ്ഗോ​പ​ദേ​ശ​ങ്ങൾ—
കെ. ചി​താ​ന​ന്ദ​സ്വാ​മി 0 6 0
തു​ള​സീ​ദാ​സ​ച​രി​ത്രം—കെ. വേ​ലു​പ്പി​ള്ള 1 0 0
പു​രാ​ണ​ക​ഥ​കൾ—ജി പി പിള്ള 0 9 0
പരി​ശ്ര​മ​ശീ​ലം—കെ. ആർ. കൃ​ഷ്ണ​പി​ള്ള
ബി. ഏ. ബി. എൽ 0 8 0
ഔഷ​ധ​ശ​ബ്ദ​ച​ന്ദ്രി​കാ നി​ഘ​ണ്ടു. 1 8 0
ജാ​ത​ക​സി​ദ്ധാ​ന്ത​ങ്ങൾ 2 4 0
താ​മ്ര​ചൂ​ടൻ—എം. രാ​മൻ​മേ​നോൻ 0 6 0
വി​ലാ​സ​ലീ​ലാ (ഗദ്യ​നാ​ട​കം)
എം. ആർ. വേ​ലു​പ്പി​ള്ള ശാ​സ്ത്രി 2 0 0
രാ​ധാ​റാ​ണി 1 0 0
സ്റ്റേ​റ്റു കോൺ​ഗ്ര​സ് വിജയം 3 0 0
ബാ​ങ്കു​വി​ഴു​ങ്ങി 1 4 0
ധ്രു​വ​ച​രി​തം ടി 0 10 0
വിവരം രൂ. ണ. പൈ.
കാളിയ മൎർദ്ദ​നം ടി 0 8 0
ദേ​വ​ദാ​സൻ
എൻ. പര​മേ​ശ്വ​രൻ​പി​ള്ള ബി. ഏ. 0 9 0
ഇരു​ട്ട​ടി​കൾ—ഈ. വി. പിള്ള 1 4 0
രാ​ക്കി​ളി​കൾ—നാ​ലാ​ങ്കൽ 1 0 0
അറു​കൊല—കെ. സു​കു​മാ​രൻ നായർ 1 8 0
മല​നാ​ടി​ന്റെ മക്കൾ—പ്ര​സ​ന്നൻ ജി. 1 4 0
കു​റി​പ്പു​കൾ
[1]

ഏ. ബാ​ല​കൃ​ഷ്ണ​പി​ള്ള അവർകൾ ‘പ്രേ​ത​ങ്ങൾ’ക്കു് എഴു​തിയ അവ​താ​രിക നോ​ക്കുക.

Colophon

Title: Kēraḷa bhāṣāsāhitya caritṛam Vol. 6 (ml: കേരള ഭാ​ഷാ​സാ​ഹി​ത്യ​ച​രി​ത്രം ഭാഗം 6).

Author(s): R Narayana Panicker.

First publication details: Sayahna Foundation; Trivandrum, Kerala; Vol. 6; 2022.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, ആർ നാ​രാ​യ​ണ​പ​ണി​ക്കർ, കേരള ഭാ​ഷാ​സാ​ഹി​ത്യ​ച​രി​ത്രം ഭാഗം 6, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 25, 2022.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The female ascetics, a watercolor painting by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.