രണ്ടായിരത്തിപ്പത്തിൽ ഒക്കിനാവോയിലെ തുറമുഖത്തു് നിന്നു്
പുറപ്പെട്ടപ്പോൾ
ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ
എല്ലാം കൃത്യമായി എഴുതിയിട്ടിരുന്നു.
വിശാലലോകത്തിലേക്കുള്ള
പ്രവേശനപാത
ശാന്ത സമുദ്രത്തിന്റെ സൗമ്യതയിലൂടെ
ചെറി വസന്തവും നീലപൊൻവെട്ടവും
ഓർമ്മകൾക്കു് വിട്ടു കൊടുത്തു.
കടന്നു പോകലിന്റെ മുദ്ര പതിപ്പിച്ചു
പസിഫിക്കിനെ നൊമ്പരപ്പെടുത്തിയുമില്ല
പൊടുന്നനെ മുറികൂടിയ ജലപ്പിളർപ്പു്.
മേലെ പറക്കുന്ന ദേശാന്തരഗാമികൾ
വാലു് കുത്തി മറിയുന്ന ഡോൾഫിനുകൾ
പ്രയാണത്തിനു് സാക്ഷിയായി
ഇരുളും വെളിച്ചവും.
സൗത്ത് ചൈന വഴി
മലാക്ക കടലിടുക്കു് കടന്നു്
ഇന്ത്യൻ മഹാസമുദ്രത്തിന്റെ
ആലിംഗനത്തിലമർന്നു്
അങ്ങനെ
പേർഷ്യൻ ഗൾഫിന്റെ തീരത്തു്.
ഒരിടത്തു്
ഒന്നിരിക്കാൻ കൊതിച്ചു.
ഒറ്റയിരുപ്പിനു് അനുവദിച്ചു കിട്ടിയതു്
പത്തു് വർഷം.
കോർണിഷിലെക്കു് തുറക്കുന്ന
പച്ച ജനാലകളുള്ള വീടു്.
അറേബ്യൻ ഊദിന്റെയും
ലെബനീസ് ഫലഫിലിന്റെയും
ഗന്ധം പേറുന്ന വഴികൾ
അടുക്കളയോടു് ചേർന്നു്
വീടെന്ന കൂട്ടിച്ചേർക്കലിൽ
അലക്കെന്ന മഹാദൗത്യം.
അതിൽ ഉടൽമർമ്മരം ആടിയുലഞ്ഞു
15,
30,
45
അക്കങ്ങളിൽ ജലനിരപ്പു്
ക്രമീകരിച്ചിരുന്നു
അതിൽ കർത്തവ്യങ്ങൾ
വെളിപ്പെട്ടു.
ചെറുതു്
വലുതു്
മിനുസമുള്ളതു്
പരുപരുത്തതു്
കടും നിറങ്ങൾ
ഇളം നിറങ്ങൾ
സന്ദർഭമനുസരിച്ചു ആടിത്തീർത്തും
കറങ്ങിയടിച്ചും
കിതച്ചൂതിയും
ഒറ്റബിന്ദുവിൽ
വിശ്രാന്തി.
ആ താളത്തോടു് ജീവിതം സമരസപ്പെട്ടു
മനോവിചാരങ്ങൾക്കൊത്തു്
കേൾവിയെ മുറിക്കാതെ
ചരടു് പൊട്ടാതെ
കൊളുത്തുകൾ കുരുങ്ങാതെ
നാണയങ്ങൾ ചളുക്കാതെ…
ഔപചാരികമായതൊക്കെ വിട്ടു നിന്നു.
മേന്മയേറിയതു് അകന്നും.
മരുക്കാറ്റു് വെള്ളയെ
ചുവപ്പിച്ചു
നേർത്തതിനെ എതിർദിശയിലേക്കു് പറത്തി
ക്ലിപ്പുകളിൽ നിന്നു് വേർപ്പെടാതെ നിന്നവയെ
ഒരുവൾ “സ്വന്തം” എന്നു് വിളിച്ചു.
പെട്ടന്നൊരു ദിനം
അറബിക്കടലിന്റെ തീരത്തു്
പലവകയിൽ ഒന്നായി
ട്രാൻസ്ഫർ ഓഫ് റെസിഡൻസ്
എന്നൊരു മുദ്രയിൽ
ദൂരങ്ങൾ, വർഷങ്ങൾ
ജീവിതാവേഗങ്ങളുടെ ചുവടുകൾ വച്ചു.
ക്ഷീണം, ഞരക്കം,
കാര്യക്ഷമതയിൽ പിന്നോക്കം
ഓർമ്മക്കുറവു്
അവർ അമർത്തുന്ന അക്കങ്ങളിൽ
എന്നിലെ പ്രവാഹം നിലക്കുന്നു
എനിക്കാവുന്ന അക്കങ്ങളിലേക്കു്
അവരിറങ്ങാൻ മടിക്കുന്നു
ലോകം ഉറങ്ങട്ടെ.
കളി എത്ര കണ്ടിരിക്കുന്നു.
പാറ്റകൾ വട്ടം ചേർന്നു.
പെട്ടെന്നു്,
വളരെ പെട്ടെന്നു്
ഒക്കിനാവോയിലെ തലച്ചോറിൽ
കിരുകിരുപ്പു്, മന്ദത
പ്രതിനിധി ബുള്ളെറ്റിനിൽ കുറിച്ചിട്ടു.
നാഡീശോഷണം
ചാവേർ ആയവരെപ്പറ്റിയുള്ള ഓർമ്മ
അലമാരകൾക്കുള്ളിലിരുന്നവരെ
വിറപ്പിച്ചു,
എങ്കിലും
രാത്രിയാകാൻ, സംഘം കൂടാൻ
അവർ പകൽപ്പോളകൾക്കുള്ളിൽ
പതുങ്ങിയിരുന്നു.
നൊടിയിടയിൽ ചിതറാൻ പാകത്തിൽ
ജാഗ്രതയോടെ
പ്രപഞ്ചത്തെ തൂണിലും തുരുമ്പിലും
അറിഞ്ഞു കൊണ്ടു്
ഇപ്പോഴും
തന്നാലാവുന്നതു് ചെയ്തു കൊടുത്തു്
ഊരിയും പിഴിഞ്ഞും
ഒറ്റയ്ക്കൊരു മൂലയിൽ
പതുങ്ങുന്ന 15 എന്ന അക്കത്തിൽ
നിലംപറ്റിച്ചേർന്നു് മുതുകു് കൂനിയ ബാലൻ.
തുരങ്കത്തിനുള്ളിലേക്കു് എടുക്കപ്പെടുമ്പോൾ
ലോ(ഹ)മോഹങ്ങൾ വിട്ടുനിന്നു.
സാദൃശ്യപ്പെടാൻ
കടലിൽ നിന്നൊരു
ആമ
അകമ്പടി വന്നു
നിമിഷനേരം കൊണ്ടു്
അരയ്ക്കു് മേലോട്ടു് മേഘാവൃതമായി
ജീവിതവും മരണവും
വെളുപ്പും കറുപ്പും
ഇതൊന്നുമല്ലാത്ത ചാരനിറവും
കൂടിക്കലരുന്നു.
ആമ വലിച്ചുകൊണ്ടുവന്ന കടൽ
അരക്കെട്ടിന്റെ കല്പനയാൽ
അതിരുകൾക്കു് കാവൽ നിന്നു
ആരും വസിക്കാത്തൊരു ദ്വീപ്
ജൈവ സമൃദ്ധിയിൽ
ഉള്ളം കാലിനടിയിൽ ഇളകാത്ത
താങ്ങു തന്നു
ശേഷം
പേടകത്തിനുള്ളിൽ
ശബ്ദവീചികൾ അരങ്ങു് വാണു.
രംഗവേദിയിലെന്നപോലെ
കൊട്ടും കുരവയും.
അവ താളത്തിൽ ചുവടുവച്ചു്
മസ്തിഷ്കത്തിനുള്ളിൽ
അരിച്ചു പെറുക്കി
“ഇവിടെ ശബ്ദമാണു് ഭാഷ
പ്രാചീനവും പുരാതനവുമായ
ഇടുക്കുകളിലൂടെ അന്വേഷണം നീളുന്നു
കൂർത്ത ശബ്ദച്ചീളുകൾ കൊണ്ടു്
ഫലകങ്ങൾ ഇളക്കുന്നു
ശേഷം
നീ അറിയാത്ത നിന്നെ
വിവർത്തനം ചെയ്യുകയാണു്”
ആമ പറഞ്ഞു
ഞാനതു് കേട്ടു വ്യാകുലപ്പെട്ടു.
കീഴ്മേൽ മറിയുന്ന പ്രപഞ്ചം!!
ആഗ്രഹങ്ങൾ ബാക്കിയും
ഇതാണു് നേരം…
വേഗം എഴുതൂ
ചുരുളുകൾ നിവർന്നു
ആമുഖവും പിൻകുറിപ്പും
അവയിൽ
ഞെരുങ്ങിയമർന്നു് ജീവിതത്തിന്റെ താളുകളും.
പുസ്തകം പൂർത്തിയായി
ശബ്ദം നിലച്ചു
കൈത്തണ്ട മനുഷ്യസ്പർശം അറിയുന്നു
ഞരമ്പുകളിലൂടെ മഷി മലകയറുകയാണു്
അനങ്ങരുതു്
കൂടുതൽ വ്യക്തതക്കായി
കളറാവുകയാണു് കാര്യങ്ങൾ
മുഖം തരാതെ
ഒരു ശബ്ദം കല്പനയാകുന്നു
ചിത്രങ്ങളിലേക്കു്
മഷി, ചാന്തു് കൂട്ടി
പൊട്ടു് കുത്തുന്നു
അതു് ഗൗനിക്കാതെ
ആമ
അച്ചടി മഷി പുരണ്ട
ഗ്രന്ഥം വച്ചു നീട്ടുന്നു
കയ്യൊപ്പു്
ഓഥേഴ്സ് കോപ്പിയുമായി
ഒരാൾ ജീവിതത്തിലേക്കു്
ഊർന്നിറങ്ങുന്നു
അഴിഞ്ഞു നീങ്ങുന്ന
കടലിലേക്കൂളിയിട്ടു്
മറ്റൊന്നു് തിരയുന്നു ആമ.
(*MRIഅനുഭവം.)
വെങ്കിടഗിരിയിലെ
നെയ്ത്തുഗ്രാമത്തിൽ
സുബ്രഹ്മണ്യം ഗാരു ധ്യാനത്തിലാണു്
ചിറ്റുമഗ്ഗത്തിൽ നീണ്ടു് നിവർന്നു്
ആറു് മുഴം ചേല
അതിൽ
ഗാരുവിന്റെ വിരലുകൾ
ഞൊടിഞ്ഞു നിവർന്നു
മനതാരിലതു് കൂട്ടിക്കിഴിച്ചു.
ശേഷം
മാറത്തേക്കു് വീഴുന്ന ഇഴകളിൽ
നിറയെ
ഹൃദയബൂട്ടികൾ
താളം തുള്ളി പിറന്നു വീണു.
യേതു് ആടെമനീഷിക്കു
മാ മഗമനീഷി
വേല ചെയ്വു…
അതു് കണ്ടു് പരിഭ്രമിച്ച നേർപാതി
ഭരതമ്മ
പടിയിറങ്ങിപ്പോയി
വീടവിടുണ്ടു്
അവിടെത്തന്നെയുണ്ടു്
ഭോജനത്തിനു്
നാരങ്ങാ ചോറു്, പെരുഗ്,
ഗോങ്കൂര പച്ചടി, ഗുത്തി വെങ്കായ താളിപ്പു്
പഞ്ചാമൃതം
സുബ്രഹ്മണ്യംഗാരു
ധ്യാനത്തിൽ നിന്നുണർന്നു.
ഇഴകളിലേക്കു്
ചോർന്നു് പോയിക്കൊണ്ടിരിക്കുന്ന ഹൃദയം
ഭരതമ്മയുടേതും കൂടിയാണു്
ഉണർച്ചയിൽ, പൂർണ്ണബോധത്തിൽ
അവബോധത്തിൽ
ഗാരു ആകാശനീലിമയിൽ മത്സ്യങ്ങളെ
നെയ്തെടുത്തു
മൺ ചുവപ്പിൽ മരങ്ങളെയും
കറുകറുപ്പിൽ വെൺതാരകങ്ങളെയും
ഭരതമ്മ വീണ്ടും പടി കയറി വന്നു
ചോർന്നു് പോയിടമെല്ലാം
നികന്നു നികന്നു വന്നു
അകന്നു മാറിയതൊക്കെ
ശേഷം
അടുത്തടുത്തുമായി.
ആ സമയത്തു്
കണ്ണിറുക്കി കൂർപ്പിച്ചു്
വല്ലാതെ ഉലഞ്ഞൊരു നൂൽത്തുമ്പിനെ
അരുമയായി തലോടിക്കൊണ്ടു്
സൂചിക്കുഴയിലൂടെ ദൂരേക്കു്
കടത്തി വിടാനുള്ള ജാഗ്രത്തിലായിരിക്കും ഞാൻ.
അതുമല്ലെങ്കിൽ,
ടൈലുകൾക്കിടയിൽ പകച്ചു
പതറിയ ജലകണങ്ങൾ
ചുവർചിത്രം വരക്കുന്നത്തു നോക്കി
അമ്പരപ്പെടുകയാവും
നിരവധി മുറിപ്പാടുകളുള്ള വിരലുറ,
അതിലേറെ ക്ഷതം പേറുന്ന കട്ടിങ് ബോർഡ്
പാളിയുലയുന്ന തീനാളങ്ങൾ
കാറ്റു് വന്നു മറിക്കുന്ന പുസ്തകത്താളുകൾ
അങ്ങനെ
സാധാരണമായതിനെയെല്ലാം
നിശ്ചലമാക്കിക്കൊണ്ടു്
ഈ നഗരമധ്യത്തിൽ
ടവറുകളെ ഭേദിച്ചു്
ഉച്ചഭാഷിണിയിലൂടെ
ആ അറിയിപ്പു് കടന്നു പോകും
അതൊരു ജീവനാണെന്നു് എനിക്കറിയാം
ഭൂമിയിൽ എന്നോടൊപ്പം
ഉണ്ടായിരുന്നതും
എനിക്കു് അജ്ഞാതമായിരുന്നതുമായ
ശ്രേഷ്ഠ സാന്നിധ്യം
സൃഷ്ടിയിൽ ബഹുരൂപത്തിലുള്ള
അതിന്റെ വെളിപ്പെടലുകളിൽ
ഏതെങ്കിലുമൊന്നു്.
ആരുടെതെന്നു് തിരയാറില്ല
നിഗൂഢതയിൽ ഉരുവാക്കപ്പെട്ട
ആ കുതിപ്പിനു് ഭാവുകങ്ങൾ നേരും.
ദുർഗ്രഹമായതിനെ അതിന്റെ വഴിക്കു് വിടും
നിഴലിൽ ഞാൻ എന്നെ തൊടാൻ
ശ്രമിക്കാത്തതുപോലെ
പാഴാകുന്ന വിഫല ശ്രമം.
ശേഷം
തിരികെ വരികയെന്നതു് അതിലും
സാധാരണമായിരിക്കുന്നു.
യാത്ര പൂർത്തിയാക്കിയ
ചെറുനൂലൊന്നിനെ കൂട്ടികെട്ടി
ഒരിടത്തു്
തളക്കുന്നതുപോലെ.
ശേഷം ചുംബനം കൊടുത്തു്
വേർപ്പെടുത്തുന്നതു് പോലെ
ഹെയർപിൻ വളവുകളിലൂടെ
അവർ മലമുകളിലെത്തി.
ഉയരങ്ങളിൽ ആഹ്ലാദം
എത്തിപ്പിടിക്കാമെന്ന കേവല ധാരണ.
മഞ്ഞു പെയ്തുകൊണ്ടിരുന്നു.
വിശപ്പു് കത്തിയെരിഞ്ഞു.
ആളുന്ന തീയിൽ ബാർബി ക്യു
ജ്വലനത്തെ വേവിൽ തളച്ചിടാൻ
വീശു മുറം, ചെകിളപ്പൂക്കൾ വിടർത്തി
ഹമൂർ മൽസ്യം.
കുബ്ബൂസ്, ഹമ്മുസ്,
സിരകളെ ഉണർത്തും
ഗാർലിക് പേസ്റ്റ്.
എല്ലാത്തിനും ശേഷം
മലയിറങ്ങി.
ഇറക്കത്തിൽ ഉയരം താനേ ഉരിഞ്ഞു മാറി.
പിന്നെ,
താഴ്‌വാരത്തെ തെളിനീർ ചോലയിൽ
കാലുകൾ താഴ്ത്തി ഇരുന്നു.
ദൃശ്യതയുടെ ലെൻസിൽ
ഡിലീറ്റ് ചെയ്യാനാവാത്ത
റീലുകൾ കിടന്നു പിടച്ചു
കാൽപ്പാദങ്ങൾക്കു ചുറ്റും
ചെറുമീൻ പെരുക്കങ്ങൾ
മൃതകോശങ്ങളുടെ ഭോജനത്തിൽ
പ്യൂമിസ് സ്റ്റോണിനെ ലജ്ജിപ്പിക്കും
ജീവശക്തിയുടെ സംഘടിതയത്നം
മലമുകളിൽ നിന്നു് താഴ്‌വാരത്തോട്ടു്
ഒരു കാറ്റു് വീശി.
സമർപ്പണത്തിന്റെ കാറ്റു്
ഞാൻ ഇപ്പോൾതാമസിക്കുന്ന
P എന്ന പ്രദേശത്തേക്കു്
ഞാൻ വിട്ടുപോന്ന
K എന്ന നഗരത്തിൽ നിന്നും സന്ദേശമെത്തി
A എന്ന മുത്തശ്ശൻ മരിച്ചു പോയിരിക്കുന്നു
92 വർഷങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ടു്
എനിക്കോ അമ്പത്തി ഒന്നും
ആയതു്, പ്രകടിപ്പിക്കാൻ അക്കങ്ങളെ
അനുവദിക്കാതെ അക്ഷരങ്ങൾ
പിടഞ്ഞുവീഴുന്നു, കണ്ടില്ലേ??
നടപ്പാതകളിൽ ഞങ്ങൾ
നേർക്കു് നേർ വന്നു
അദ്ദേഹത്തിനു് ഞാൻ വെറും
നിഴലായിരുന്നു
മങ്ങിയ കാഴ്ച്ചയിൽ
എന്റെ അഭിവാദ്യങ്ങളും കുശലങ്ങളും
കൂട്ടിച്ചേർത്താവാം
അദ്ദേഹമെന്നെ രൂപപ്പെടുത്തിയതു്
“ആരാ?”
“ഞാനാ”
എത്ര എളുപ്പമാണു് ചില ചോദ്യോത്തരങ്ങൾ
ലിപികൾ പിണങ്ങരുതു്
പഴിചാരുകയുമരുതു്
ഇതു് ജീവിതമാണു്
പരിചിത ശബ്ദങ്ങൾ
പലതും
A-യുടെ വഴി തെളിച്ചു
വിറയലുള്ള കരങ്ങൾ
ദേഹത്തെ മുന്നോട്ടു് കൊണ്ടുപോയി
നടപ്പാതയിലെ ഇലയനക്കങ്ങളും
പറവകളും, ചെറുപ്രാണികളും
ഇനി ആർക്കു് വേണ്ടിയാണു്?
മുറുകാത്ത ആ ജലധാര
ഒറ്റത്തുള്ളി ക്രമത്തിൽ
ഇടവിട്ടിടവിട്ടു് A-യുടെ
ചുവടുകൾ എണ്ണിയില്ലേ?
P എന്ന പ്രദേശത്തു്
കടലും തീരവുമുണ്ടു്
k-യിലും അങ്ങനെ തന്നെ
ഇവിടെ കടൽ ശാന്തമാണു്
പക്ഷേ,
K-യിൽ നിന്നെത്തിയ സന്ദേശത്തിൽ
മനസ്സു് പ്രക്ഷുബ്ധമാണു്
മഴ പെയ്തു് നടപ്പു് മുടങ്ങിയ സായാഹ്നങ്ങൾ
വിരുന്നുകാർ
മുടന്തൻ ന്യായങ്ങൾ
92 വർഷങ്ങൾ കയ്യിലൊതുക്കി
A എന്ന മുത്തശ്ശൻ പോയിരിക്കുന്നു
അമ്പത്തൊന്നു് വർഷങ്ങൾ കെട്ടിപ്പിടിച്ചു
ഞാനതു് കേൾക്കുമ്പോൾ
എന്റെ കാഴ്ച്ചയിൽ
A മങ്ങിയ നിഴലാകുന്നു.
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാംപസില്‍നിന്നും പൊളിറ്റിക്കൽ സയന്‍സിൽ എം. ഫിൽ. Bitter Almonds, Ether Ore എന്നീ English ആന്തോളജികളിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഡോക്ടർ മിനി ബാബുവിന്റെ ഷോർലൈൻസ് എന്ന ആംഗലേയ കാവ്യസമാഹാരത്തിന്റെ സ്വതന്ത്ര വിവർത്തനം ‘ഒരേ പകൽ’ എന്ന പുസ്തകത്തിലൂടെ നിർവ്വഹിച്ചിട്ടുണ്ടു്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. വായനയും സാഹിത്യവും എഴുത്തും ഏറെ പ്രിയം.
ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.